തവള
അപ്പൻ തൂങ്ങിച്ചത്തു. പെരേടെ കിഴക്കുഭാഗത്ത്, റെയിൽവേ കോളനിക്കപ്പുറം നീണ്ടുകിടക്കുന്ന മീറ്റർഗേജിൽനിന്നു നടുക്കണ്ടം കിട്ടുമെന്നും, ബാക്കി തൊട്ടാവാടിപ്പൊന്തകളിലും വട്ടയിലകളിൽനിന്നുമെല്ലാം നിക്കറു പോലീസുകാർ വടിച്ചുകൂട്ടി പായിൽ കൂട്ടിക്കെട്ടിത്തരും എന്നൊക്കെയായിരുന്നു അമ്മച്ചീടെ പ്രതീക്ഷ. പക്ഷേ ഒത്തില്ല. പുള്ളി തൂങ്ങി. സാധാരണ ‘‘അപ്പനെ കാണുന്നില്ല. പോയി...
Your Subscription Supports Independent Journalism
View Plansഅപ്പൻ തൂങ്ങിച്ചത്തു. പെരേടെ കിഴക്കുഭാഗത്ത്, റെയിൽവേ കോളനിക്കപ്പുറം നീണ്ടുകിടക്കുന്ന മീറ്റർഗേജിൽനിന്നു നടുക്കണ്ടം കിട്ടുമെന്നും, ബാക്കി തൊട്ടാവാടിപ്പൊന്തകളിലും വട്ടയിലകളിൽനിന്നുമെല്ലാം നിക്കറു പോലീസുകാർ വടിച്ചുകൂട്ടി പായിൽ കൂട്ടിക്കെട്ടിത്തരും എന്നൊക്കെയായിരുന്നു അമ്മച്ചീടെ പ്രതീക്ഷ. പക്ഷേ ഒത്തില്ല. പുള്ളി തൂങ്ങി.
സാധാരണ ‘‘അപ്പനെ കാണുന്നില്ല. പോയി തപ്പടാ...’’ എന്നൊക്കെ പറഞ്ഞാണ് അമ്മച്ചി എന്റെ മുറിയുടെ വാതിൽ തുറന്നുതന്നിരുന്നത്. പക്ഷേ ഇന്നു രാവിലെ ‘‘തീർന്നടാ’’ എന്നുപറഞ്ഞ് മുറിയിലേക്ക് ഓടിക്കയറി. ജനാലക്കൽ കളസം മാത്രമിട്ടുനിന്ന് ചീവീടുകളുടെ മുരടുരക്കലിനു താളംപിടിക്കുകയായിരുന്ന എന്നെ നോക്കി അമ്മച്ചി ഒന്നുനിന്നു. ഒളിവെട്ടം വഴിക്കുന്ന രൂപക്കൂട്ടിലെ മാതാവ്! ഉണ്ണീശോയെപ്പോലെ ഞാൻ ഒക്കത്ത് കയറിക്കോട്ടെ എന്നു ചോദിച്ചപ്പോൾ മാതാവ് എന്നെ പച്ചത്തെറി പറഞ്ഞു; തെറ്റുപറയാൻ പറ്റില്ല, പിതാവിനെക്കൊണ്ട് മാതാവ് അതുപോലെ സഹിച്ചിട്ടുണ്ട്.
വറീത് കൈക്കാരൻ എന്ന എന്റെ അപ്പന്റെ ചാവോടെ, അമ്മച്ചിക്ക് ടപ്പേന്ന് മനസ്സമാധാനം കിട്ടിക്കാണണം. ചീഞ്ഞുകുത്താറായ കപ്പളത്തണ്ടുപോലെ വിള്ളലുവീണ ജീവിതത്തിന്റെ കൂടെ അപ്പന്റെ കള്ളടി ദേശംവിട്ടതോടെ അമ്മച്ചിയുടെ പൊറുതിക്കേട് പുണ്യാളന്റെ തലക്കൽ പാതിരാപ്രാക്കായി. അമ്മച്ചിയുടെ ദീർഘശ്വാസത്തിന്റെ ബാക്കി എടുത്തുകൊണ്ട് ഞങ്ങൾ പറമ്പിലൂടെ നടന്നു.
അപ്പൻ തൂങ്ങിനിൽക്കുന്ന കാഴ്ച ഞാൻ കണ്ടു. രണ്ടേക്കറോളം വരുന്ന പുരയിടത്തിന്റെ തെക്കുഭാഗത്ത് പുതിയതായി കുഴിച്ചുകൊണ്ടിരുന്ന കിണർ. മണ്ണു വലിക്കാൻ കപ്പി കെട്ടുന്ന മുക്കാലിയേലാണ് പുള്ളി തലേൽക്കെട്ടും കെട്ടി കിണറ്റിലേക്ക് കാലുനീട്ടി നിന്നിരുന്നത്. വെളുത്ത ഒറ്റമുണ്ട് മുറുക്കിക്കുത്തിയിരുന്നു. വിരളിന്റെ അറ്റത്ത് വെപ്രാളമൂത്രം പനപ്പുപോലെ ഊർന്നിറങ്ങി ഇറ്റിനിന്നിരുന്നു. സാധാരണ തൂങ്ങിച്ചാവുന്ന ആളുകളുടെ നാക്കും, കണ്ണും മുഖവും കയ്യും കാലുമൊക്കെയായിരുന്നു എന്റെ അപ്പനും.
‘‘...എന്നാലു സേവ്യറേ, പുണ്യാളന്റെ സ്വർണക്കുന്തം..!’’ എന്ന പറച്ചിലുമായി അപ്പൻ തുറിച്ചുനോക്കി നിൽക്കുന്നത് ഞാൻ കണ്ടു. അണപ്പല്ലിലെ പോടുകൾക്കിടയിൽനിന്നൊരു പുളിപ്പ് നാക്കിലേക്കരിച്ചു കയറി. പുളിപ്പുവട്ടം ഞൊട്ടി അപ്പൻ തൂങ്ങിനിൽക്കുന്ന കാഴ്ച ഞാൻ കണ്ടു...
എന്റെ നോട്ടത്തെ ഞെട്ടിച്ചുകൊണ്ട് അമ്മച്ചി പറഞ്ഞു.
‘‘എടാ, നീ പെട്ടന്ന് പോയി നമ്മടെ അരുവാ കെട്ടിയ തോട്ടിഎടുത്തോണ്ട് വാ. ആരേലും കാണുന്നതിനു മുമ്പ് എറക്കണം. കട്ടിലേൽക്കൊണ്ട് കെടത്തിയിട്ട് ഒറക്കത്തിൽ മരിച്ചതാണെന്ന് പറയാം.’’
‘‘അമ്മച്ചീ അതു വേണോ?’’
അമ്മച്ചിയുടെ നീട്ടിയുള്ള ആട്ട് തീരും മുമ്പ് പരപരാ വെട്ടത്തിൽ ഇഞ്ചക്കാട് താണ്ടിയ ഞാൻ എരിത്തിലിൽ എത്തി. ചക്കരക്കയറ് പിരിച്ചുണ്ടാക്കിയ താങ്ങിയഴിച്ചു. തോട്ടിയുടെ അറ്റത്ത് ഒരു പാതാളത്തവള! കഴുത്തിലൊരു കുടുക്കുണ്ട്. ആരോ എറിഞ്ഞ പച്ചീർക്കിൽ കുടുക്ക് പൊട്ടിച്ചുപോന്നതാണ്. പണ്ടത്തെ ബന്ധം ഞാനൊന്നു പുതുക്കി.
‘‘മഴയൊന്നുമില്ലല്ലോ? പിന്നെ എന്തോത്തിനാ മണ്ണിനടിയിൽനിന്നു വെളിലോട്ട്?’’
ചോദ്യം ഇഷ്ടപ്പെടാത്തതുകൊണ്ട് തവള എന്നെ നോക്കി കണ്ണുരുട്ടിക്കാണിച്ചു. ചെറുപ്പത്തിൽ ഞാനും ഇതുപോലെ കുടുക്കിട്ട് മാക്രി പിടിച്ചിട്ടുണ്ട്. പച്ചമടലിന്റെ കീഴെയുള്ള നീളമുള്ള ഓലക്കാൽ ഇരിയും. ഓല പൊളിച്ച് അറ്റത്ത് കുടുക്കിടും, പതുക്കെ വളരെപ്പതുക്കെ മാക്രിയുടെ പിന്നിലൂടെ നടന്നടുത്തിട്ട് കുടുക്ക് നീട്ടും. പിന്നെ മണ്ണനക്കി ബഹളം കൂട്ടും. മാക്രി രക്ഷപ്പെടാൻ ചാടും. നേരെ കുടുക്കിനകത്തേക്ക്. കഴുത്തേൽ കെട്ടു വീെണന്നറിയാതെ മാക്രി കയ്യുംകാലുമടിക്കും. വെപ്രാളപ്പെടുംതോറും കുടുക്ക് താനേ മുറുകും. മുറുകിക്കഴിഞ്ഞാൽ തൊട്ടടുത്ത കല്ലിലേക്ക് മാക്രിയെ വീശി ഒറ്റയടി. പണ്ടം പൊട്ടിയതറിയാതെ മലർന്നു കിടന്നു ആകാശത്തേക്കു ചാടാനെന്നോണം കാലിട്ടടിക്കും. പെട്ടന്ന് തവള മുന്നോട്ടാഞ്ഞു, ഞാൻ പിന്നോട്ടും. ഒന്ന് മറ്റൊന്നിനെ തിന്നാൻ തയാറായി നിന്നപ്പോഴാണ് ദൂരെ നിന്നു അമ്മച്ചിയുടെ തെറിവിളി കേട്ടത്. ഞാൻ, തോട്ടി തോളിൽ താങ്ങി. വേഗത്തിൽ തിരികെ നടന്നു. തവള തൊട്ടുപിന്നാലെ...
എന്റപ്പനും, അപ്പന്റയപ്പനും പള്ളീലെ കൈക്കാരനായിരുന്നു. അങ്ങനെയാണ് വറീത് കൈക്കാരൻ എന്ന പേര് അപ്പന് കിട്ടിയത്. പള്ളീലെ വീഞ്ഞ് കുപ്പീലാക്കി കൊണ്ടുവന്ന്, വൈകിട്ട് ഒന്നരയടിക്കും എന്നതൊഴിച്ചാൽ അപ്പന് മറ്റു ദുശ്ശീലങ്ങൾ ഒന്നുമില്ലായിരുന്നു. പക്ഷേ സംഗതി മാറിമറിഞ്ഞത് എട്ടു വർഷം മുമ്പാണ്. അന്നു രാവിലെ, പള്ളി വിട്ട് എങ്ങും പോകാത്ത റമ്പാച്ചൻ പുതുതായി വാങ്ങിയ രാജദൂത് വീട്ടിലേക്ക് ഓടിച്ചു കയറ്റി. പള്ളിവട്ടം കഴിഞ്ഞ് വീട്ടിൽ വന്ന് കഞ്ഞി കുടിച്ചോണ്ടിരുന്ന അപ്പന്റെ ചങ്കത്തെ രോമം കൂട്ടി റമ്പാച്ചൻ ഇടംകൈക്ക് ഒരു പിടിപിടിച്ചു പൊക്കിയെടുത്ത് വലതുക്കൈക്ക് കരണം നോക്കി അറഞ്ഞു. വലതുകരം കൊടുത്തത്, ഇടതുകരവും നാട്ടിലുള്ള സകലമാന കരങ്ങളും അറിഞ്ഞു.
‘‘ഏതോ വലിയ വിശ്വാസി പള്ളിക്ക് കൊടുത്ത ഗീവർഗീസ് പുണ്യാളന്റെ ഒരു കിലോയുള്ള സ്വർണപ്രതിമയുടെ കയ്യിൽ വ്യാളിയെ കുത്താൻ ഓങ്ങിയ അഞ്ചു പവന്റെ ചെറിയ സ്വർണക്കുന്തം കാണുന്നില്ല.’’ പുണ്യാളന് വ്യാളിയെയോ, വ്യാളിക്ക് പുണ്യാളനെയോ കൊല്ലാൻ പറ്റാത്ത അവസ്ഥയോർത്ത് എനിക്കന്ന് ചിരി വന്നു. ഇന്നും!
‘‘എന്താടാ, തൊലിക്കുന്നേ?’’ അമ്മച്ചി തോട്ടിയുടെ അറ്റം കിണറ്റുംകരയിലക്ക് വലിച്ചുകൊണ്ടു ചോദിച്ചു.
‘‘ഒന്നൂല്ല... കുന്തമില്ലാതെ വിശ്വാസികളുടെ മുന്നിൽ നിൽക്കുന്ന പുണ്യാളന്റെയും ചാകാൻ കിടക്കുന്ന വ്യാളീടേം കാര്യം ഓർത്തപ്പോ...’’ ഞാനും തവളയും ചിരിച്ചു. തല കുലുക്കിക്കൊണ്ട് അമ്മച്ചി പറഞ്ഞു.
‘‘ഉവ്വ... പുണ്യാളന്റെ കുന്തം! അതൊരൊറ്റ സാധനമാ എന്റേം നിന്റെ പെങ്ങടേം ജീവിതം മൂഞ്ചിച്ചത്. കുര്യച്ചനെപ്പോലെ, പല്ലും മാംസവും തിരിച്ചറിയാൻ മേലാത്ത ഒരു വട്ടന് എന്റെ കുഞ്ഞിനെ കൊടുത്തില്ലേ ഇങ്ങേര്. കുര്യന്റെ കുടുംബക്കാർക്ക് കാശൊണ്ടായിരുന്നതു കാരണം പള്ളിക്കാർക്ക് പുതിയ സ്വർണക്കുന്തം കിട്ടി. എനിക്കോ?.. എന്റെ കുഞ്ഞിനോ?.. നിങ്ങളാണുങ്ങടെ അഭിമാനം പൊങ്ങുന്നെടത്തെല്ലാം ഓട്ടവീഴുന്നത് ഞങ്ങള് പെണ്ണുങ്ങടെ ജീവിതത്തിനാ... ഞാനൊന്നും പറയുന്നില്ല. പയ്യെ കെട്ടഴിക്ക്... ഞാൻ വലിക്കാം.’’
എട്ടൊമ്പതു വർഷത്തെ അമ്മച്ചിയുടെ വിഷമോം തലപ്രാക്കും. എന്റെ വാ പിന്നേം പുളിച്ചു. പള്ളീലേക്ക് പുതിയ സ്വർണക്കുന്തം വാങ്ങിവെക്കാമെന്നും, അരപ്പിരിയുള്ള കുര്യനെക്കൊണ്ട് ജാൻസിയെ കെട്ടിക്കണമെന്നും റമ്പാച്ചൻ പറഞ്ഞപ്പോ അപ്പൻ അതിനു ചുമ്മാ തലകുലുക്കി. കുര്യച്ചൻ ജാൻസിയെ കെട്ടി. മാസം ഒന്നു തികയും മുന്നേ പള്ളിക്ക് എട്ടു പവന്റെ പുതിയ സ്വർണക്കുന്തവും കിട്ടി. കൊട്ടും പാട്ടും അകമ്പടിയുമൊക്കെ ആയിട്ട് വല്ല്യ ആഘോഷമായിരുന്നു കുര്യന്റെ വീട്ടിൽ. ആദ്യമായിട്ടും അവസാനമായിട്ടും ഞങ്ങടെ പള്ളിയിൽ കോളാമ്പി വെച്ചത് ആ പരിപാടിക്കാണ്. കുന്തം റമ്പാച്ചന്റെ കയ്യിൽ കൊടുക്കുന്ന സമയമായപ്പോൾ ജാൻസിയെ കണ്ടില്ല. പരിപാടി നടന്നു. ജാൻസിയെ എല്ലാരും തപ്പി. ഇടക്കുവെച്ച്, കള്ളുകുടിച്ച് വെളിവില്ലാത്ത ഒരുത്തൻ മൈക്കിലൂടെ ഒറ്റ അലറലായിരുന്നു.
‘‘കുര്യച്ചന്റെ പെമ്പിള ജാൻസിപ്പെണ്ണ് നാടുവിട്ടേ പൂയ്...’’
കോളാമ്പിത്തലേൽ കുറേ ചൊറിത്തവളകൾ ഇണചേരുന്നത് ഞാൻ ആദ്യമായി കാണുന്നത് അന്നാണ്. മൈക്കും കോളാമ്പീം എല്ലാം കൂടെ വലിച്ചുപറിച്ച് മുറിയാപ്പാലത്തിന്റെ കീഴെ ഒഴുകുന്ന തോട്ടിലേക്ക് ഞാൻ വലിച്ചെറിഞ്ഞു. സെമിത്തേരി പറമ്പിന്റെ കിഴക്കുള്ള ഔതാ മാപ്ലയുടെ തെങ്ങിൽ കയറി മടലു വലിച്ചിട്ടു. പതിനാറു ഈർക്കിലി കുടുക്കുകളുമായി ഞാൻ തോട്ടിലേക്കു ചാടി. ഓരോ തവളേയും വാരി കല്ലിലടിച്ചു. എന്നിട്ടൊന്നും ജാൻസി വന്നില്ല. അവള് ചത്തോ ജീവിച്ചോ എന്നൊന്നും എനിക്കറിയില്ല. ഞാൻ തപ്പിയില്ല. അവളെത്തപ്പാൻ അമ്മച്ചി എന്നെ വിലക്കി എന്നതാണ് ശരി. അന്നു രാത്രിക്കു ശേഷം, തൂങ്ങുന്നതു വരെ അപ്പൻ കുടുംബക്കാരോട് മിണ്ടീട്ടില്ല. ഞാൻ എപ്പോഴൊക്കെ പള്ളീൽ ചെന്നാലും, പുണ്യാളന്റെ കയ്യിലെ ഈർക്കിൽകുടുക്കിൽ ജാൻസി തൂങ്ങിക്കിടക്കുന്നതു കാണാം.
പെെട്ടന്ന് എന്റെ കൈയിൽനിന്ന് കയറു തെന്നി. അമ്മച്ചിയുടെ രൂക്ഷമായ നോട്ടത്തിൽനിന്നു ഞാനും തവളയും ഒന്നുപമ്മി... ഒന്നുകൂടിയൊക്കെ മുറുക്കെപ്പിടിച്ച് തൂക്കുകയറിന്റെ ഒരറ്റം മെല്ലെ അഴിച്ചു. അമ്മച്ചി അരുവാതോട്ടിയുടെ അറ്റം തിരിച്ചുപിടിച്ച് ഓമക്കാ കുത്തുന്നതുപോലെ അപ്പനെ ഒന്നു കുത്തി നോക്കി. പിന്നെ വടത്തിന്റെ ഇരുമ്പു കൊളുത്തിൽ വലിച്ച് മൺകൂനയിലേക്ക് അടുപ്പിച്ചു.
പണിപ്പെട്ട് കയറുകളുടെ കുരുക്കഴിച്ച് ഞങ്ങൾ അപ്പനെ താങ്ങി. കെട്ടുവലിഞ്ഞ് കയർ അപ്പന്റെ താടിയെല്ലിന്റെയും കഴുത്തിന്റെയും അകത്തേക്ക് കയറിപ്പോയി. വലിയ മരങ്ങളിലെ കെട്ടുകളിൽ മരത്തോല് വന്നു മൂടുന്നതുപോലെ അപ്പന്റെ തൊലി കെട്ടിനെ മൂടിയിരുന്നു. അമ്മച്ചി തോട്ടിയുടെ അറ്റത്തെ മൂർച്ചയുള്ള ഇരുമ്പിൽ ഉരച്ച് കെട്ടു പൊട്ടിച്ചു. കഴുത്തൊടിഞ്ഞ അപ്പന്റെ തല തണ്ടൊടിഞ്ഞ ചീരപോലെ മാനം നോക്കി തൊലിയിൽ തൂങ്ങി പിന്നിലേക്കു കിടന്നു. അതു കണ്ടപ്പോൾ വായിൽ മാത്രം കുത്തിക്കളിച്ചുകൊണ്ടിരുന്ന പുളിപ്പ് തലയിലേക്കും അടിവയറ്റിലേക്കും ആഴ്ന്നിറങ്ങി. ഓക്കാനിച്ച് വാ പൊത്തുന്ന എന്നെ കണ്ട് അമ്മച്ചി മുടി പൊക്കിക്കെട്ടിക്കൊണ്ടു പറഞ്ഞു,
‘‘ഇന്നൂടെ മതിയല്ലോ. നീ ഇങ്ങേരേ താങ്ങി കിണറ്റുംകരയിലെ മറപ്പുരക്കകത്ത് വെക്ക്. നല്ലോണം കുളിപ്പിച്ചേച്ച് പെരക്കകത്തക്ക് കൊണ്ടു പോയിക്കെടത്ത്. ഞാനീ കയറു കെട്ടിയിട്ട് വരാം.’’
ഞാൻ അപ്പനെ തോളിൽ തൂക്കി. പുള്ളി വടി പോലെയായിത്തുടങ്ങിയിരുന്നു. തടമെടുത്ത വാഴകൾക്കിടയിലെ പുല്ലു തെളിഞ്ഞ നടവഴി. നടന്നുതീർന്ന വഴിയിലെല്ലാം ചവിട്ടേറ്റ പഴുതാരകളായി പുളഞ്ഞു. വാഴക്കൂട്ടങ്ങൾക്കിടയിലൂടെ വെട്ടം ഞങ്ങളെ നോക്കി മുരണ്ടു. തക്കം നോക്കി കഴുത്തിൽ കുടുക്കു വീണ ഒരുപറ്റം പാതാളത്തവളകൾ മനസ്സിന്റെ ചേറ്റിൽനിന്നു പുറത്തേക്കിറങ്ങി.
സ്വർണക്കുന്തം കാണാതെ പോയി എട്ടാം പക്കം, എനിക്ക് കലശലായ ശർദിയും തൂറ്റും പിടിപെട്ടു. ദേഹം മുഴുവൻ ചുവന്ന പാടുകൾ. അതോടെ അയൽവാസികളും നാട്ടുകാരും സംഭവങ്ങളെ അവർക്ക് ചേരുംപടി ചേർത്തുതുടങ്ങി. വീടിന്റെ മൂലക്ക് ചാകാറായിക്കിടന്ന എനിക്ക് മരുന്നു തരാൻ വൈദ്യൻമാരെ ഇടവകയിലെ പ്രമാണികൾ വിലക്കിയിരുന്നു. ക്ഷേമ കേന്ദ്രത്തിൽനിന്നു കേട്ടറിഞ്ഞു വന്ന വെള്ളക്കുപ്പായക്കാരെ വീടിന്റെ വളവു തിരിയുന്നിടത്ത് ചിലർ ചേർന്ന് തടയുകയും കല്ലെറിഞ്ഞോടിക്കുകയും ചെയ്തു.
‘‘നമ്മടെ വീട്ടിൽ ആരേലും ചാകണമെന്ന് ദൈവത്തിനെക്കാളും നിർബന്ധം മനുഷ്യർക്കാണല്ലോ...’’ അപ്പൻ അമ്മച്ചിയോടും ജാൻസിയോടും പറയുന്നത് കേട്ടപ്പോൾ ഞാൻ ആകെ വിറച്ചു. പുണ്യാളൻ എന്നെ കുന്തത്തിന്റെ അറ്റത്ത് കോർത്തെടുക്കുന്ന സ്വപ്നം ഇടക്കിടെ കണ്ടു ഞെട്ടിവിറച്ച എന്നെ അപ്പൻ അന്നു രാത്രി തൂക്കിയെടുത്ത് തോളിലിട്ടു. വലത്തേക്കയ്യിൽ വാക്കത്തിയും, ഇടത്തേ തോളിൽ ഞാനും.
അപ്പൻ നടന്നു. ആരും തടഞ്ഞില്ല. തോളിൽ കടന്ന് പാതിമയക്കത്തിൽ ഇടുങ്ങിയ കാഴ്ചകൾ ഇടക്കിടെ ഞാൻ കണ്ടു. പടിക്കെട്ടുകൾ, കയറ്റങ്ങൾ, കൈത്തോടുകൾ, ഇടവഴികൾ. ഇരുട്ട് എന്നെ അതിന്റെ ആഴങ്ങളിലേക്ക് പിടിച്ചു വലിക്കുന്നതുപോലെ തോന്നിത്തുടങ്ങിയപ്പോൾ ഞാൻ കണ്ണു മുറുക്കിയടച്ച്, അപ്പന്റെ കഴുത്തിലൂടെ വട്ടംപിടിച്ചു കിടന്നു. എല്ലാ നടത്തങ്ങൾക്കുമൊടുവിൽ ഞങ്ങൾ എത്തിയത് കല്ലുകെട്ടുന്ന തമ്പൻ മേസ്തിരിയുടെ വീടിന്റെ പിന്നാമ്പുറത്താണ്. അലക്കുകല്ലിന്റെ വശത്തുള്ള തെങ്ങിൽ വാക്കത്തി വെട്ടി നിർത്തിയ ശേഷം എന്നെ നിലത്തിറക്കിയ അപ്പൻ ഒച്ചയെടുത്തു.
‘‘മേസ്തിരീ... വറീതാ... വറീത് കൈക്കാരൻ.’’
‘‘കെടന്നലക്കണ്ട അച്ചായാ... ഞാൻ നിങ്ങളെ നേരത്തെ കണ്ടതാ.’’
അപ്പനും ഞാനും ഞെട്ടി. തൊട്ടു പിന്നിൽ ബീഡി കത്തിച്ചു കൊണ്ടു തമ്പൻ മേസ്തിരി നിൽക്കുന്നു. ചുണ്ടിനു മുകളിൽ കെട്ടുകമ്പി പിടിപ്പിച്ചതുപോലെയുള്ള നീളൻ മീശ. വെളുത്ത കുറ്റിത്താടി. കഷണ്ടിത്തല. നെഞ്ചാകെ വെളുത്തു മഞ്ഞച്ച രോമം. കയ്യിൽ ആകമാനം ഞരമ്പുകൾ. തടിച്ചുമലർന്ന കീഴ്ചുണ്ട്. അയാൾ എന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ടു താടി തിരുമ്മി. കുറ്റി രോമത്തിൽ കൈ തിരുമ്മുമ്പോൾ കരകരാന്നുള്ള ശബ്ദം കേട്ടപ്പോഴാണ് എന്റെ വായിൽ ആദ്യമായി പുളിപ്പനുഭവപ്പെടുന്നത്... തമ്പൻ മേസ്തിരി തീപ്പെട്ടി കത്തിച്ചു. മഞ്ഞ വെട്ടത്തിൽ അയാളുടെ മുഖം എന്റെ കണ്ണിനടുത്തേക്ക് വന്നു. ഞാൻ പേടിച്ച് മുഖം വെട്ടിച്ചു.
‘‘പുണ്യാളന്റെ കുന്തമാണോ, ചെറുക്കനാണോ?’’
അപ്പൻ കുറ്റബോധത്തോടെ പറഞ്ഞു,
‘‘രണ്ടും വേണം മേസ്തിരീ...’’
അയാൾ വീടിനകത്തേക്ക് കയറി പെട്രോമാക്സ് തെളിച്ചശേഷം അപ്പനും എനിക്കും കുടിക്കുവാൻ വെള്ളം തന്നശേഷം അയാൾ ചോദിച്ചു,
‘‘പരുപ്പുങ്കലം കമത്തിയ പോലയാ ചെക്കൻ തൂറ്റുന്നത് അല്ലേ?.. അവന്റെ ദേഹത്ത് ചോരേം വെള്ളോം ഇല്ലല്ലോ കൈക്കാരാ.’’
‘‘മേസ്തിരിക്കേ എന്നെ സഹായിക്കാൻ പറ്റൂ. കരക്കാര്, കഴുവേറികള് വായീത്തോന്നുന്ന കഥ പറയുവാ. കുന്തോം, ചെറക്കനും. രണ്ടും വേണം...’’
അപ്പന്റെ തൊണ്ടയിടറുന്നത് ആദ്യമായിരുന്നു. നിറഞ്ഞ കണ്ണുകളോടെ അപ്പൻ മുണ്ടിന്റെ തെറുപ്പിൽനിന്നു വെറ്റയും പാക്കും ഒരു രൂപയും തമ്പൻ മേസ്തിരിയുടെ കാൽക്കൽ വെച്ചു. പതിവില്ലാത്തതാണെങ്കിലും, വെച്ച മണ്ണു കൂട്ടി തമ്പൻ മേസ്തിരി അത്രയും അള്ളിയെടുത്തു. ബീഡി കുത്തിയൊടിച്ചശേഷം അയാൾ പറഞ്ഞു,
‘‘ഇന്നലെ നിങ്ങടെ റമ്പാച്ചൻ വിട്ട കക്ഷിയും വന്നിരുന്നു. ഏതായാലും കൈക്കാരൻ പതീലോട്ടു വാ...’’
മേസ്തിരിയുടെ വീടിന്റെ കരോട്ടെ പതിയിലേക്കുള്ള പടവുകൾ ഞങ്ങൾ കയറി. ഞങ്ങൾ അവിടെ ചെല്ലുന്നതിനു മുമ്പേ തമ്പൻ മേസ്തിരിയുടെ ശിങ്കിടി കുട്ടച്ചൻ കളത്തിൽ എത്തിയിരുന്നു. ഞങ്ങൾ നോക്കിനിൽക്കേ കുട്ടച്ചൻ വാരിക്കമ്പിൽ തുണിച്ചുറ്റി, തീ കൊളുത്തി. അക്ഷരങ്ങൾ എഴുതിയ ചുവന്ന കുങ്കുമ ത്രികോണങ്ങളിലേക്ക് കുട്ടച്ചൻ പന്തം കുത്തിയിറക്കി. ഇരുട്ടിനെ മഞ്ഞവെളിച്ചം തള്ളിമാറ്റി. കറുത്ത പട്ട് ചുറ്റി തമ്പൻ മേസ്തിരി കളത്തിലിരുന്നുകൊണ്ടലറി,
‘‘കുട്ടച്ചാ, കരിംകോഴി പോരാ... പാതാളത്തവള വേണം. എട്ടു കളം പോരാതെ വരും.!!’’
ഇത് കേട്ടയുടനെ കുട്ടച്ചൻ പറമ്പിലേക്ക് പെട്രോമാക്സുമായി ഓടി. മേസ്തിരി പിറുപിറുത്തു. കളത്തിനു നടുക്ക് വെച്ചിരുന്ന വാളിൽ പന്തം ആളിക്കത്തുന്നതു കണ്ട ഞാൻ അപ്പന്റെ അരയിൽ കെട്ടിപ്പിടിച്ച് മുഖമൊളിപ്പിച്ചു. കുട്ടച്ചൻ കറുത്തു തടിച്ച ഒരു തവളയെ നൂൽക്കുടുക്കിൽ കൊണ്ടുവന്ന് കളത്തിലേക്കു വെച്ചു.അതു കണ്ടതോടെ തമ്പൻ മേസ്തിരിയുടെ ശബ്ദം ഉറക്കെയായി. ‘‘കണ്ണു മിഴിച്ചു കാണണം!’’ എന്നെ നോക്കി അലറിക്കൊണ്ട് അയാൾ ചൊല്ലിത്തുടങ്ങി.
‘‘ആട തക്കടം, അരിന്തം, പരിന്തം, ചരിന്തം...
മാടാ... ചാത്താ... പിശാചാ...
പാതാളവാതിൽ തുറന്ന്, ഇഹപരലോകം നടന്നു വാ...
കനക ബീജേ... മണ്ണെറിഞ്ഞു ചോര തുപ്പി വാ...
ദിഹടാ... ഷടാ... ദിഹടാ... ഷടാ...
ബാ... എന്റെ നോട്ടത്തിൽ ബാ...’’
മേസ്തിരിയുടെ ഭാവം മാറി. അയാൾ ആദ്യം മുട്ടിലും പിന്നെ മുഴുവനായും ഇഴഞ്ഞു. കളം മെഴുകി. ഇഴഞ്ഞിഴഞ്ഞ് പതിയെ കാലുകെട്ടിയ പാതാളത്തവളയുടെ അടുത്തെത്തി. കുട്ടച്ചൻ കറുത്ത തവളയെ എടുത്ത് മേസ്തിരിക്കു നേരേ നീട്ടി. തല കുലുക്കി കണ്ണുകൾ മേൽപ്പോട്ടാക്കി തമ്പൻ മേസ്തിരി തവളയുടെ തലക്ക് കടിച്ചുകുടഞ്ഞു. ഒരു പാമ്പിന്റെ വായിലെന്നപോലെ പാതാളത്തവളയുടെ കറുത്ത കാലുകൾ ആകാശത്തേക്കു നോക്കി ചാടാനെന്നോണം വിറച്ചുകൊണ്ടിരുന്നു. പെെട്ടന്ന് എല്ലാം നിശ്ചലമായി. കുട്ടച്ചൻ പന്തം എറിഞ്ഞു. തീഗോളങ്ങൾ ആകാശത്തേക്ക് ഉരുണ്ടുപൊങ്ങി. എന്നെ ഞെട്ടിച്ചുകൊണ്ട് തമ്പൻ മേസ്തിരി ചുവപ്പ് നിറത്തിൽ ചാടി എണീറ്റലറി.
‘‘വള്ളിപിശാശ് ചപ്പിയതാ!.. നിന്നെ വള്ളിപിശാച് ചപ്പിയതാ...’’
തവളയുടെ വഴുവഴുപ്പ് എന്റെ നെറ്റിയിൽ തൂത്തുകൊണ്ട് അയാൾ പറഞ്ഞു.
‘‘മാറും... ദീനം മാറും... പൊന്ന് കിട്ടും... അടുത്തു തന്നെയുണ്ട്... ഇരുണ്ട പൊത്തിൽ... വട്ടത്തിനകത്ത്... ഇരുട്ടിൽ... നീ... നീ... എടുക്കണം...’’
അയാൾ ബോധക്ഷയനായി കളത്തിലേക്ക് വീണു. എന്റെ പല്ലുകൾക്കിടയിലെ പുളിപ്പ് കൂടി വന്നു. അത് തൊണ്ണയിലേക്കും പിന്നെ തലച്ചോറിലേക്കും ഇഴഞ്ഞുകയറി. പിന്നിലേക്കു വീണ എന്നെ അപ്പനും കുട്ടച്ചനും കൂടെ താങ്ങി. കാഴ്ച മങ്ങി...
ബോധം വന്നപ്പോൾ അപ്പൻ എന്നെ താങ്ങിയെടുത്ത് നടക്കുകയായിരുന്നു. ബോധം വീണതറിഞ്ഞ അപ്പൻ എന്നെ നിലത്തു നിർത്തി. നടക്കുവാൻ പറഞ്ഞു. ഒരു യന്ത്രത്തെപ്പോലെ ഇരുട്ടത്ത് ഞാൻ വീട്ടിലേക്ക് നടന്നു. വയറിളകിയൊലിച്ചു... ശർദിച്ചു. പനിച്ചു... അപ്പന്റെ വാക്കത്തി വീശിയുള്ള നടത്തത്തിനൊപ്പമെത്താൻ ശ്രമിച്ച് നന്നേ വിയർത്തു. എങ്ങെനയോ വീട്ടിൽ ചെന്ന് പായിലേക്ക് കമഴ്ന്ന് വീണു. ചാകാതെ ചത്ത് ഞാൻ ജീവിച്ചു... തമ്പൻ മേസ്തിരിയാണ് എന്നെ ജീവിപ്പിച്ചത് എന്ന് അപ്പൻ ഉറച്ചുവിശ്വസിച്ചു. പിന്നെ പതിയെ സ്വർണക്കുന്തം തപ്പുവാനായി പെരക്കു ചുറ്റും വട്ടത്തിലുള്ള ഇരുണ്ടതുകളിലെല്ലാം കൈയിട്ടു. ആദ്യമാദ്യം പുരക്ക് ചുറ്റുമായിരുന്ന തപ്പൽ മാസങ്ങൾ നീണ്ടുനിന്നു.
രണ്ടു വർഷത്തോളം അപ്പൻ മുറ്റത്തെ കിണറ്റിൽ പലതവണ ഇറങ്ങിത്തപ്പി. കുന്തം കിട്ടിയില്ല. പിന്നെ രണ്ടര ഏക്കറോളം വരുന്ന പുരയിടത്തിലെ പൊത്തുകൾ മൺവെട്ടിക്ക് മാന്തിത്തപ്പി. ഫലമുണ്ടായില്ല. അതോടെ കൈയിടീൽ വീടിനകത്തേക്കായി. പകലു മാത്രം നടന്നിരുന്ന തപ്പൽ രാത്രിയിലും അപ്പൻ തുടർന്നു. അടുക്കളയിലും പത്തായത്തിലും ചായിപ്പിലും എരിത്തിലിലുമൊക്കെ തുടർന്ന് ഒടുക്കം അത് കിടപ്പുമുറിയിലെത്തി. തപ്പൽ ദേഹത്തെ തുളകളിലായതോടെ രാത്രി അപ്പനെ അമ്മച്ചി കെട്ടിയിട്ടു. കെട്ടുപൊട്ടിച്ച അപ്പൻ പിറ്റേന്നും, നാലാം നാളും അങ്ങനെവേണ്ട തപ്പൽ തുടർന്നുകൊണ്ടേയിരുന്നു. പക്ഷേ അന്നോടെ അപ്പന്റെ കൂടെയുള്ള കിടപ്പ് അമ്മച്ചി നിർത്തി.
ഇതിനിടെയാണ് കുര്യച്ചൻ ജാൻസിയെ കെട്ടുന്നതും പള്ളിക്ക് പകരമുതൽ കിട്ടുന്നതും അവൾ എങ്ങോട്ടോ പോകുന്നതും. മിണ്ടാട്ടം മുട്ടിയിട്ടും എന്റെ അപ്പൻ തപ്പൽ നിർത്തിയില്ല. ‘‘ഇനി പള്ളീൽക്കേറുന്നേൽ പോയ മുതലും കൊണ്ടേയുള്ളൂ’’ എന്ന് ഞായറാഴ്ച കുർബാന ദിവസങ്ങളിൽ പള്ളിമുറ്റത്തു നിന്ന് അപ്പൻ അലറിവിളിച്ചു. വഴിയിൽ കാണുന്നവരോടൊക്കെ പത്തും നൂറും പുണ്യാളന്റെ പേരുപറഞ്ഞ് എരക്കി വാങ്ങിയ അപ്പൻ പുതിയ കിണറു കുത്താൻ പദ്ധതിയിട്ടു. മുക്കാലിയും വടവും കൊളുത്തും തയാറാക്കി. ഒന്നരക്കോല് സ്വയം വെട്ടിയിറക്കിയതിന്റെ പിറ്റേന്നാണ് അപ്പന്റെ ചാവ്.
നടവഴി താണ്ടി ഞങ്ങൾ കിണറ്റുംകരയിലെത്തി. അപ്പനെ തോളിൽനിന്നിറക്കി മറപ്പുരയിൽ ഇരുത്തിയശേഷം ചാവുകുളി തുടങ്ങി. ഒടിഞ്ഞുതൂങ്ങിയ അപ്പന്റെ കഴുത്ത് വിറക്കുന്ന കൈകളോടെ ഞാൻ മറപ്പുരയുടെ ഓലയിൽ താങ്ങി നേരെ വെച്ചു. അപ്പന്റെ തലയിൽകെട്ടഴിച്ചു. മൂത്രക്കറ പറ്റിയ മുണ്ടുരിഞ്ഞ് കല്ലിൽ വെച്ചു. കിണറ്റിൽനിന്നു വെള്ളം കോരാൻ പുറത്തേക്കിറങ്ങിയ ഞാൻ ഒന്നൂടെ തിരിഞ്ഞുനോക്കി. അപ്പൻ എന്നെ അർഥംവെച്ചു നോക്കുന്നു. ഓരോ കുടം വെള്ളം കോരിക്കൊണ്ടുവന്ന് അപ്പന്റെ തലയിൽ ഒഴിക്കുമ്പോഴും അപ്പന് ജീവൻ വെക്കുന്നുണ്ടോ എന്ന് സംശയം.
അത് കൂടിവന്നതോടെ ഞാൻ മറപ്പുര വിട്ട് പുറത്തിറങ്ങി. തവളയുടെ കുറുകൽ!.. അതും തൊട്ടടുത്ത്. ഞാൻ പരിസരം നോക്കി. കഴുത്തിൽ കുടുക്കുവീണ തവള തൊട്ടിയേൽ നാക്കും നീട്ടി ഇരിക്കുന്നു. ഒറ്റക്കുടച്ചിലിന് അവൻ കഴുത്തിലെ കുടുക്കു പൊട്ടിച്ചു. അവനെന്നെ ഇപ്പോ നാക്കിനു ചുരുട്ടി വിഴുങ്ങും. എന്നിട്ട് ചേറ്റുംകുഴിയിലേക്കു താഴും. ഞാൻ മുണ്ടുരിഞ്ഞു. കളസത്തിന്റെ വള്ളി അഴിക്കാൻ നോക്കി. കടുംകെട്ടു വീണിരിക്കുന്നു. പേനാക്കത്തിയെടുക്കുവാൻ അകത്തേക്കു കയറണം. പതുക്കെ വളരെപ്പതുക്കെ ഞാൻ പിന്നോട്ടുനടന്നു. അലക്കുകല്ലിൽ കാലു തെന്നി പിന്നോട്ട് അടിച്ചുകെട്ടി വീണ എന്റെ മുന്നിൽ അപ്പൻ തൂങ്ങിക്കിടക്കുന്ന തലയുമായി ചിരിച്ചുകൊണ്ടുനിൽക്കുന്നു. മറപ്പുരയിൽ ഇരുത്തിയ അപ്പൻ മുണ്ടുകുത്തുന്നു. പായലിൽ തെന്നി കിണറ്റിൻ കരയിൽ ഞാനിഴഞ്ഞു. അപ്പൻ എന്റെ പുറത്തേക്ക് ചാടിക്കയറി. കളസത്തിന്റെ പോക്കറ്റിൽ കടന്നുപിടിച്ചു. എന്റെ ശബ്ദം അടിവയറ്റിലെവിടയോ ഉടക്കിപ്പോയി.
‘‘സേവ്യറേ... പുണ്യാളന്റെ സ്വർണക്കുന്തം. നീ അൽത്താര ബാലൻ അല്ലായിരുന്നോടാ... എനിയേലും പറേടാ...’’
തവളയുടെ വലുപ്പം കൂടിവന്നു. നാക്കു നീട്ടി എന്നെ എപ്പോൾ വേണമെങ്കിലും അത് എറ്റാം... എന്റെ പല്ലിലെ പുളിപ്പ് കലശലായി. അതു തൊണ്ടയിലേക്കിറങ്ങുവാൻ തുടങ്ങി. ഞാൻ നാക്കുകൂട്ടി പല്ലുകടിച്ചു. അപ്പനെ വട്ടംപിടിച്ച് ഞാൻ കിണറ്റിലേക്ക് തള്ളിയിട്ടു. കിണറ്റിലേക്ക് എന്തോ വീഴുന്ന ശബ്ദം കേട്ട് ഓടിവന്ന അമ്മച്ചി കയ്യിൽ സ്വർണക്കുന്തവുമായി നിൽക്കുന്ന എന്നെക്കണ്ട് പ്രതിമപോലെ നിന്നു. അതുകണ്ട ഞാൻ പറഞ്ഞു.
‘‘നെയ്മുറ്റിയ വ്യാളിയൊണ്ടോ? ഇപ്പത്തന്നെ കൊന്നേക്കാം. ഒരണ്ണത്തിനെ കൊണ്ടുവാടീ പെമ്പിളേ!’’
കേട്ടപാടേ കുട്ടച്ചൻ പണ്ട് തവളയെ പിടിക്കാനോടിയതുപോലെ അമ്മച്ചി ഓടി. ഇതെല്ലാം കണ്ടപ്പോൾ എന്നെ വിഴുങ്ങാനടുത്ത പാതാളത്തവള ഒന്നടങ്ങി. കടുംകെട്ട് വലിച്ചുപൊട്ടിച്ച ഞാൻ കളസമൂരി. കളസത്തിന്റെ വള്ളിയിൽ മാക്കാച്ചിക്കുടുക്കിട്ടു. തവളയെ പിടിക്കുവാനായി ഞാനാഞ്ഞതും അത് തെന്നിമാറി. മണ്ണിനടിയിലേക്ക് അത് കൂടുതലാഴത്തിൽ പുളഞ്ഞിറങ്ങുവാൻ തുടങ്ങി. പുളിപ്പ്... അതെന്റെ ദേഹമാസകലം അകാരണമായി ഇരച്ചുകയറി. വിരളുകളുടെ അറ്റം തരിച്ചു. ഞരമ്പുകൾ മുറുകിവലിഞ്ഞു. തല നടുവേ പിളരുന്നു. ഇതിനെല്ലാം കാരണക്കാരനായ പാതാളത്തവളയെ കുഴിച്ചെടുത്ത് കടിച്ചുപറിക്കണം. കുഴിവെട്ടുവാനുള്ള തൂമ്പയും പാരയും എടുക്കുവാൻ ഞാൻ എരിത്തിലിലേക്ക് കയറി.
പെരുവഴിയിൽ അമ്മച്ചിയുടെ നിലവിളി കേട്ട എനിക്ക് കുന്തമില്ലാത്ത പുണ്യാളനെ ഓർമവന്നു. ഉറക്കെയുറക്കെച്ചിരിച്ചുകൊണ്ടു കട്ടപ്പാര എടുക്കുന്നതിനിടെ പുളിപ്പു കാർക്കിച്ചു തുപ്പിക്കൊണ്ടു ഞാൻ അലറി,
‘‘ബഹളംവെക്കാതെ പെമ്പിളേ... ഈ പണ്ടാരത്തവളയെ ഒന്നു വീശിയടിച്ചേച്ച് പെട്ടന്നുവരാം..!’’