Begin typing your search above and press return to search.
proflie-avatar
Login

മേരീവിജയം

story
cancel
camera_alt

ചിത്രീകരണം: വിനീത്​ എസ്.​ പിള്ള

ഞാനെ​ന്റെ പഠന,ലൈബ്രറിയൻ സർവീസ്​ കാലത്ത് പാഠപുസ്​തകങ്ങൾക്കും കേരള സർവീസ്​ റൂളിനും പുറമെ വായിച്ചിരുന്ന ഏക ഗ്രന്ഥം സത്യവേദപുസ്​തകമാണ്. അതിനു കാരണം ആവർത്തിച്ചു കാണുന്നയൊരു കിനാവാണ്. അതിപ്പോഴുമൊപ്പമുണ്ട്. കടലാസു കത്തുന്ന മണമാണ് സ്വപ്നത്തിന്. ഉണർന്നാലും പ്രജ്ഞയിൽനിന്നതൊട്ടും മായില്ല. ആ നൊമ്പരക്കിനാവിൽ രണ്ട് കഥാപാത്രങ്ങൾമാത്രം. കപ്യാരായ അപ്പനും അമ്മച്ചിയും. സ്വപ്നത്തിൽ വരുന്നത് പഴയ അമ്മച്ചിയാണ്; വെള്ളമുണ്ടും ജമ്പറുമിട്ട അമ്മച്ചി. കപ്യാരുടെ വീടായ കുശിനിപ്പുരയിലാണ് സംഭവങ്ങളെല്ലാം അരങ്ങേറുന്നത്.

അപ്പനെഴുതിയ മേരീവിജയം എന്ന കാവ്യപുസ്​തകം വായിച്ച് അമ്മച്ചി നെഞ്ചത്തടിക്കുന്നു. പിന്നെ പത്തിരുന്നൂറു പുസ്​തകങ്ങളുടെയൊരു തീക്കുണ്ഠം. കവർപേജിലെ മേരീവിജയം, ഗ്രന്ഥകർത്താവ് സാധുകുഞ്ഞപ്പി എന്നീ അച്ചടികൾ തീയിൽ വെന്തുപുളയുന്നത് സുവ്യക്തമായി കാണാം. ആ കാവ്യക്കുന്ന് നിമിഷങ്ങൾക്കുള്ളിൽ തൊട്ടാൽ പൊടിയുന്ന കരിക്കൂനയായി മാറുന്നു. മേരീവിജയത്തി​ന്റെ കൈയിലിരുന്ന പ്രതിയെ ഏറ്റവും ഒടുവിലാണ് അമ്മച്ചി തീയിലിടുന്നത്. ഒരു പൊട്ടലോടെ അത് വെന്തുപിളർന്നു. കുശിനിയുടെ ഉത്തരത്തിൽ തൂങ്ങിയാടുന്ന അപ്പൻ. പുസ്​തകത്തി​ന്റെ മണമടിക്കുമ്പോഴെല്ലാം എ​ന്റെയുള്ളിലീ കാഴ്ചകളുടെ വേവു പടരുന്നതാണ്. രാവിലെയെന്നും ലൈബ്രറി തുറക്കുമ്പോൾ മൂക്കിലടിക്കുന്ന പുസ്​തകപ്പുരയുടെ പൂതലിച്ച മണം, തൊഴിലിടത്തിലും നീയാരുമല്ല. ഇതാണ് നി​ന്റെ പൂർവകാലമെന്നതു ഓർമിപ്പിച്ചുകൊണ്ടേയിരിക്കും.

സ്വപ്നക്കാഴ്ചക്ക് പിന്നാലെ എ​ന്റെ പ്രജ്ഞയിൽ തുടർന്നു തെളിയുന്നത് ഒരുദിവസം മുഴുവനും നീണ്ട അന്നത്തെ യാത്രയാണ്. അപ്പ​ന്റെ ശവമടക്ക് കഴിഞ്ഞതിനു പിറ്റേന്നു രാവിലെ അമ്മച്ചീടപ്പൻ, അമ്മച്ചീടെ പൊറകെ ഞങ്ങൾ നടക്കാൻ തുടങ്ങി. എ​ന്റെ തലയിലും ചൊമടുണ്ടായിരുന്നു. അമ്മച്ചി അതിനു പൊറമെ ഒരു തുണിക്കെട്ട് നെഞ്ചടക്കിപ്പിടിച്ചിരുന്നു. ഞാനാണ് മണിക്കുട്ടിയുടെ കയറിൽ പിടിച്ചിരുന്നത്. ആദ്യമാദ്യം അവൾ ഉത്സാഹത്തോടെ മുമ്പിൽക്കയറി നടന്നു. ഒടുവിൽ നടയാടെ എന്നു പറഞ്ഞ് ആടി​ന്റെ ചട്ടത്തിൽ അച്ചാപ്പീ വീക്ക് കൊടുക്കാൻ തുടങ്ങി. അവള് ബേ... ബേ... എന്ന് നെലവിളിച്ചുകൊണ്ടിരുന്നു. നേരം വൈകും വരെ, അമ്മച്ചിയുടെ വീടെത്തും വരെ, അവരതിനെ വലിച്ചിഴച്ചു. ഞാനും അമ്മച്ചീം രാവിലെ മുതല് കണ്ണീരൊഴുക്കിയും അല്ലാതെയും കരയുവായിരുന്നു. മേരീവിജയത്തി​ന്റെ ഗ്രന്ഥകാരന്റെ മോനെ അമ്മച്ചി ലാളിച്ചതേയില്ല.

അമ്മച്ചീടെ പന്നിക്കൂട് ആ പിശാചി​ന്റെ സന്താനം കഴുകി. നാട്ടിമ്പുറത്തുനിന്നും തീട്ടമടക്കം പന്നിത്തീറ്റ ചുമന്നു. അമ്മച്ചീടെ പശൂന് പുല്ലറുത്തു. വേദനകളെല്ലാം മറക്കാൻ നിരന്തരം പാഠപുസ്​തകങ്ങൾ വായിച്ചുകൂട്ടി. പുസ്​തകം താഴെവെച്ചാൽ ഞാൻ സാധുകുഞ്ഞപ്പീടെ മോനായാലോ? കൂട്ടുകാർ ബാലരമയിലും പൂമ്പാറ്റയിലും രസിച്ചപ്പോൾ, പഠിച്ചതും പഠിക്കാനുള്ളതുമായ പാഠങ്ങളിലൂടെ വീണ്ടും വീണ്ടും ഞാൻ കടന്നുപൊയ്ക്കൊണ്ടിരുന്നു. മുകളിൽനിന്നും താഴേക്ക്. അടിയിൽനിന്നും മുകളിലേക്ക്. ഞാൻ തലങ്ങും വെലങ്ങും വായിച്ചു. അവരൊക്കെ ചിത്രങ്ങൾ വരച്ച നേരത്ത് ഞാൻ സയൻസിലെയും സോഷ്യൽ പുസ്​തകത്തിലെയും കറുത്തവരകൾ വീണ്ടും വീണ്ടും കോപ്പിയെടുത്തുകൊണ്ടിരുന്നു.

വല്ലപ്പോഴും പഴയ നാട്ടുകാരെ തെറ്റിയും തെറിച്ചും കണ്ടാൽ, അവരെന്നെ തിരിച്ചറിഞ്ഞാൽ! ഓ. നമ്മുടെ മേരീവിജയമെഴുതിയ സാധുകുഞ്ഞപ്പീടെ മോൻ. എന്നവർ പറയുമായിരുന്നു. അത് നല്ല വിചാരത്തിലോ? അതോ? നല്ല രീതിക്കായിരുന്നെങ്കിൽ പുസ്​തകത്തിന് തീയിട്ട് അപ്പനെന്തിന് ഉത്തരത്തിൽ തൂങ്ങി? ഞാനൊരിക്കലും അതമ്മച്ചിയോട് ചോദിച്ചില്ല. അതെ​ന്റെ മനസ്സിൽക്കിടന്നങ്ങനെ വെന്തു. പഴങ്കാലം മുഴുവനും പൊഴിച്ചിട്ട് അമ്മച്ചി പതുക്കെപ്പതുക്കെ ആരോടും മിണ്ടാതായി. അപ്പച്ചിയുടെയും അടുത്തുതന്നെ താമസിച്ചിരുന്ന അവരുടെ സഹോദരങ്ങളുടെയും അടുക്കളയിൽ രാപ്പകൽ മാടുമാതിരി വേലയെടുത്തു.

എനിക്ക് ജോലികിട്ടി ഞങ്ങൾ പുതിയ വീട്ടിലേക്ക് മാറിയപ്പോൾ താനീ ജീവിതത്തിൽ ഒരുതവണപോലും കിടന്നിട്ടില്ല എന്ന മട്ടിൽ അമ്മച്ചി ഒരു കിടപ്പങ്ങ്് കിടന്നു. പാങ്കെട. ആ പ്രാന്തിയെ നോക്കാനല്ലേ! അവനെക്കൊണ്ട് അതിനായിട്ടെ​ന്റെ മോളെ കെട്ടിക്കണില്ല. അവൻ നല്ല ഉദ്യോഗസ്​ഥനൊക്കെ തന്നെ. സമ്മതിച്ചു.എന്നാൽ കെട്ടണില്ല. ഞാനും തീരുമാനിച്ചു. ചെറുക്ക​ന്റെ വീടുകാണാൻ വന്ന രണ്ടു കല്യാണക്കൂട്ടർ അങ്ങനെ പറഞ്ഞൊഴിഞ്ഞതോടെ ആ വഴിക്കുള്ള അന്വേഷണം ഞാൻ നിർത്തി.

2

ഞാനൊരു ദിവസം അപ്പൻ പണിയെടുത്ത ആ പള്ളിയിലേക്കു പോയി. പണ്ടു ഞങ്ങൾ താമസിച്ചിരുന്ന വെറും കുശിനിയായിരുന്ന കപ്യാർവീട്? അതി​ന്റെ ലാഞ്ഛനപോലുമവിടെയെങ്ങുമില്ല. പരിമിതമായ സൗകര്യങ്ങളുള്ള പുതിയ കപ്യാർവീടിന്റെ വാതിലിൽ ഞാൻ മുട്ടി. നീയപ്പം കുഞ്ഞപ്പിയണ്ണ​ന്റെ മോനാ. വാ നമക്ക് പള്ളിയിലോട്ട് ​െപായ്യീ, അച്ചനെ ചെന്നുകാണാം. അപ്പനുശേഷം വന്ന കപ്യാർ. അയാൾക്ക് ഏറെ പ്രായമായി, എന്നിട്ടും എ​ന്റൊപ്പം മേടയിലേക്കു വന്നു. മേരീവിജയത്തി​ന്റെ ഒരു കോപ്പി ഇവിടുണ്ട്. അച്ച​ന്റെ വാക്കുകൾ കേട്ടപ്പോൾ രണ്ടാമതൊരെണ്ണം കൂടി? എ​ന്റെ മനസ്സങ്ങനെ പറഞ്ഞു.അതീ പുസ്​തകക്കൂട്ടത്തിൽ കാണും.

പ്രാർഥനാപുസ്​തകങ്ങളുടെ കൂട്ടത്തിൽനിന്നും ഞാനതു തപ്പിയെടുത്തു. സ്വന്തം അപ്പനെഴുതിയ പുസ്​തകമാണ് ഞാനാദ്യമായി വായിക്കുന്ന കാവ്യമെന്ന നിർവൃതിയോടെ. തട്ടും തടവുമില്ലാതെ മേരീവിജയത്തിലൂടെ ഞാൻ നീങ്ങിക്കൊണ്ടിരുന്നു. തെളിഞ്ഞ ഭാഷ. സുവ്യക്തമായ ആഖ്യാനം. ലൈബ്രറിയിൽ വരുന്നവരൊക്കെ പുസ്​തകങ്ങൾ വായിച്ച് പരസ്​പരം ചർച്ചചെയ്യുന്നതു മാതിരി ഒരുത്തമ ഗ്രന്ഥത്തി​ന്റെ കർത്താവാണ് അപ്പൻ എന്നെനിക്ക് തീർച്ചവന്നു. പിന്നെന്തിന് അപ്പൻ മരിച്ചു? സാത്താനെ ഒഴിക്കാൻ മാതിരി മേരീവിജയത്തെ കൂമ്പാരംകൂട്ടി തീയിട്ടു?

മൈക്കിളച്ചൻ മരിച്ചപ്പോൾ വീട്ടുകാർ വന്ന് സാമഗ്രികളൊക്കെ എടുത്തു കൊണ്ടുപോയി. ഒരു ട്രങ്കുപെട്ടിയൊഴികെ. അതു നെറയെ വഷളൻ പുസ്​തകങ്ങളായിരുന്നു. ആ ട്രങ്കുപെട്ടി മുകളിലിരിപ്പൊണ്ട്. വാ, കാണിക്കാം. മേരീവിജയം വായിച്ച ഉത്സാഹം നെഞ്ചിടിപ്പായി എന്നിൽ പരിവർത്തനം ചെയ്യപ്പെട്ടു. ഇത്രയും ദൈവവിശ്വാസിയും എളിമക്കാരനുമായ കുഞ്ഞപ്പിയണ്ണന് വിധിച്ചത് തെമ്മാടിക്കുഴി. അതുപറഞ്ഞ് കപ്യാരണ്ണൻ ആ പെട്ടി തുറന്നു​െവച്ചു. കല്ലറക്കുള്ളിൽ കൈയിട്ട് തെരയും മാതിരിയെനിക്ക് തോന്നി. ഭാരപ്പെട്ട് മേരീവിജയത്തിനെ ഞാൻ പൊക്കിയെടുത്തു. അതിനു തൂവലിന്റത്ര കനം മാത്രമേയുണ്ടായിരുന്നുള്ളൂ.

മൈക്കിളച്ച​ന്റെ തെമ്മാടിപ്പേടകത്തിനുള്ളിൽ പത്തുമുപ്പത്തിയഞ്ചാണ്ടുകളായി ഉറങ്ങിക്കിടന്ന സാധു കുഞ്ഞപ്പിയുടെ മേരീവിജയത്തി​ന്റെ ആ നാൽപത്തിരണ്ടു പേജുകൾ ഞാൻ മൊബൈലിൽ പകർത്തിയെടുത്തു.

‘‘നിലാവൊളി ചിതറുമാ രാവിൽ

കർത്തൻ മാതാതൻ മാന്തോപ്പിൽ

മാനത്തുനിന്നും മാലാഖ തേരിറങ്ങി.’’ പന്ത്രണ്ടാമത്തെ പേജിലെ അവസാനത്തെ വരിവരെ കഴിഞ്ഞ ദിവസം പള്ളിമേടയിൽ ഞാൻ വായിച്ച പുസ്​തകത്തിലേതുമായി ഒരക്ഷരംപോലും വ്യത്യാസമുണ്ടായിരുന്നില്ല. ശവപ്പെട്ടിക്കുള്ളിൽ കിടന്നിരുന്ന മേരീവിജയത്തി​ന്റെ പതിമൂന്നു മുതലുള്ള രണ്ട് പേജിൽ മട്ടങ്ങ് മാറി.

‘‘വെന്നീസ്​ വധുതൻ ചന്ദനനിറ മാർക്കച്ച നീക്കി,

പന്തുരുണ്ട മാതിരി കൊങ്കകൾ രണ്ടു തെളിഞ്ഞേ

............

കാമൻതൻ വിരലിൽ വിരുതുകൾ (മട്ടു മാറി)’’

തനി അശ്ലീലം. ഒരു കള്ളക്കാമുകൻ ഒരു പ്രഭുപത്നിയെ അവളുടെ തോട്ടത്തിലെ വള്ളിക്കുടിലിൽ വെച്ച് രഹസ്യമായി പ്രാപിക്കുന്നതി​ന്റെ വിശദമായ വർണനകൾ. ഞാൻ തരിച്ചുപോയി. പള്ളിമേടയിലെ ലൈബ്രറിയിൽ കണ്ട വിശുദ്ധിയുള്ള മേരീവിജയമോ? ഇതിലേതാണ് സാധുകുഞ്ഞപ്പിയുടെ പുസ്​തകം? ഞാൻ നിരവധിതവണ സംശയം മാറ്റാൻ മൊബൈൽ സ്​ക്രീൻ വിരലാൽ വലുതും ചെറുതുമാക്കി നെറ്റിചുളിച്ചു. അപ്പനെനിക്ക് വീണ്ടും വലിയ വേവായി. ജീവിതം മുഴുവനും ഞാൻ ചുമക്കുന്ന വേവ്.

3

സാധുകുഞ്ഞപ്പി ത​ന്റെ മേരീവിജയം അച്ചടിപ്പിച്ച ജനതാ പ്രസ് തേടി ഞാനിറങ്ങി. ജനതാ പ്രിന്റേഴ്സ്​ അടച്ചുപോയി. അവര് അടുത്തുതന്നെയാണ് താമസമെന്നറിഞ്ഞ് ഞാൻ ശേഖർജിയുടെ വീട്ടിലേക്ക് നടന്നു. ഇരിക്കൂ. കുലീനയായ ആ സ്​ത്രീ പറഞ്ഞു. വെള്ളയുടുത്ത ആ അമ്മയെ എനിക്കിഷ്​ടമായി. തൂവെള്ളത്തുണിയൊക്കെ അണിഞ്ഞാൽ അമ്മച്ചിയും കാണാൻ ഇതേമാതിരിയാവും എന്നെനിക്ക് തോന്നിപ്പോയി. ശേഖർജി മരിച്ചു. പ്രസ് പൂട്ടിയിട്ട് വർഷം പത്തുപതിനഞ്ചായി. അതിനു മുമ്പുതന്നെ ​െലറ്റർപ്രസായതിനാൽ കമ്പോസിറ്റർമാരെ കിട്ടാതായി. അച്ചടിയുടെ രീതികളൊക്കെ മാറിയിട്ടും കുറച്ചുകാലം ഞാനും ചേട്ടനും ചേർന്ന് അതോടിച്ചു. ഒടുവിൽ തീരെ നിവൃത്തിയില്ലാതെ വന്നപ്പോൾ അടച്ചു.

അച്ചടിശാലയുടെ കഥകേൾക്കാൻ ഒരാളെത്തിയെന്ന മട്ടിലെന്നോട് ആ അമ്മ പറഞ്ഞുകൊണ്ടിരുന്നു. വരൂ. നമുക്ക് ഓഫീസ്​ കോപ്പികൾ പരിശോധിക്കാം. അപ്പനോട് ചതിവുകാട്ടിയ ആ പ്രസുകാര​ന്റെ ഭാര്യ​ക്കൊപ്പം ഞാൻ അകത്തേക്ക് നടന്നു. അതിനുള്ളിൽ മരിച്ച പ്രസിന്റെ മണം കെട്ടുപോയിരുന്നില്ല. അച്ചടിമഷിയുടെ അവശേഷിപ്പ് മൂക്കിൽ കുത്തി, പൊടിമാറാല ഗന്ധം. ചുവരിൽ കറുപ്പ്, ചുവപ്പ്, നീല, മഞ്ഞ മഷി വരകൾ. പൊട്ടിയതും വശം പിളർന്നതുമായ കെയ്സുകളിൽനിന്നും തറയിൽ ചിതറിയ അച്ചുകളെ കവച്ചു ഞാൻ നടന്നു. മൂലയിൽ കിടന്ന മഷിടിന്നുകൾ. ലിവർ ഒടിഞ്ഞ ചവിട്ടുപ്രസ്... അക്ഷര ​േപ്രതലോകത്തിലെ അകത്തെ മുറിയിൽ ഞങ്ങളെത്തി. ജനതാ പ്രസിൽ അച്ചടിച്ച പുസ്​തകങ്ങൾ അടുക്കിയ രണ്ടു റാക്കുകൾ ചുവരിനോട് ചേർത്തുവെച്ചിരുന്നു. അവക്കിടയിൽനിന്നും എനിക്ക് മേരീവിജയത്തെ വേഗത്തിൽ തപ്പിയെടുക്കാൻ കഴിഞ്ഞു. അതിനോട് ചേർന്നിരുന്നത് സ്വഹാബാക്കളുടെ ചരിത്രം എന്ന തടിയൻ ഗ്രന്ഥമായിരുന്നു.

‘‘നിലാവൊളി ചിതറുമാ രാവിൽ

കർത്തൻ മാതാതൻ മാന്തോപ്പിൽ

മാനത്തുനിന്നും മാലാഖാതേരിറങ്ങി...’’

‘‘മറിയമേ ലോകമാതാവേ നീയെന്നും

കന്യയായി കർത്തൻ തൻ പ്രിയമാതാവായി...’’

‘‘അനുഗ്രഹങ്ങൾ ഏറെച്ചൊരിഞ്ഞ് ആ മാലാഖ

തൻ തേരിലേറി മാനത്തേയ്ക്ക് മാഞ്ഞു.’’ അതായിരുന്നു പതിന്നാലിലെ ഒടുവിലത്തെ വരി.

ക്രമത്തിലും ഇടക്കു കയറിയും തലങ്ങും വിലങ്ങും ഞാനാ പതിമൂന്നും പതിനാലും പേജുകൾ നിരവധി തവണ വായിച്ചുനോക്കി. നാൽപത്തിരണ്ട് പേജ് കാവ്യത്തിലൂടെ കമ്പോടുകമ്പ് ഞാൻ കണ്ണുകൾ പായിച്ചു. ഇതെന്തൊരു മായ! അച്ച​ന്റെ ട്രങ്കിൽനിന്നും കിട്ടിയ മേരീവിജയത്തിലെ തെറിപ്പേജുകൾ ഇവിടൊരിടത്തും കാണുന്നില്ല. ആ വായിക്കാൻ പാടില്ലാത്ത കോപ്പി അച്ചനെവിടെനിന്നും കിട്ടി?

പത്തുമുപ്പതു വർഷങ്ങൾക്കുമുമ്പ് ഒരു പള്ളീലച്ചൻ ഇവിടെ വന്നു ചേട്ടനോട് ദേഷ്യപ്പെട്ട് സംസാരിച്ചിരുന്നതായി, ഒരു ചെറിയ ഓർമയെനിക്കുണ്ട്. സമയത്തിനും കാലത്തിനും വർക്കുകൾ തീരാത്തതുകൊണ്ടാവും എന്നാണ് ഞാനന്നു കരുതിയത്. പ്രായം ശ്ശീയായില്ലേ! ശരിയാണ് അതിനുശേഷമാണ് രത്നാകരൻ പണിക്ക് വരാതെയായത്. അവൻ കൂലിപോലും തീർത്തുവാങ്ങിച്ചില്ല. മൈക്കിളച്ചനല്ല. ശേഖർജി, അതോ രത്നാകരനോ? ആരാണ് സാധുകുഞ്ഞപ്പിയെന്ന കവിയുടെ മരണത്തിനുത്തരവാദി?

4

അറ്റകുറ്റപ്പണികളില്ലാതെ മുടിഞ്ഞുപോയ വീടി​ന്റെ ഇറയത്ത് കടുംശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കുറ്റവാളി. അയാളെ കണ്ടപാടെയെനിക്കങ്ങനെ തോന്നി. തീർത്തും ശപിക്കപ്പെട്ട വീടും ചുറ്റുപാടുകളും. അവിടെ കാണുന്നതിലെല്ലാം ഏതോ കടുത്ത ശാപക്കറ പുരണ്ടുകിടന്നിരുന്നു. ഞാൻ മേരീവിജയം കാവ്യത്തി​ന്റെ കർത്താവ് സാധുകുഞ്ഞപ്പിയുടെ മകനാണെന്നു കേട്ടതും കണ്ണുകൾ തീരെ കാണാത്ത രത്നാകരൻ ഞെട്ടി. ഏറെ സമയമെടുത്ത് വിരലുകളാൽ പരതി അയാൾ ഓർമക്കെട്ടിൽനിന്നും ഒരു താള് പറിച്ചെടുത്തു. മാപ്പാക്കണം. ഞാനൊരു വലിയ തെറ്റാണ് ആ പാവത്തിനോടു ചെയ്തത്. ആരും പൊറുക്കാത്ത തെറ്റ്. വെള്ള ഒറ്റമുണ്ടും മല്ലുജൂബായുമിട്ട് ആ പാവം എഴുത്തുകാരൻ മുന്നിൽ നിൽക്കുന്നത് എനിക്ക് കാണാം.

കമ്പോസിറ്റർ, പ്രൂഫ് റീഡർ, പ്രിന്റർ, ബൈൻഡർ... എന്നെ കിട്ടിയാൽ മുതലാളിമാർക്ക് കുശാലായിരുന്ന കാലം. പണിക്ക് മറ്റാരും വേണ്ട. ഞാനങ്ങനെ നടക്കുന്ന ഒരു പ്രസായി വാഴണ കാലം. കിട്ടണതെല്ലാം വായിക്കേം ചെയ്തിരുന്നു. ശുദ്ധ അഹങ്കാരിയെന്നു ചുരുക്കം. ഷേക്സ്പിയറുടെ കൃതികളിൽ ഒന്നോ രണ്ടോ കോപ്പികളിൽ ചില വരികൾ, വാക്യങ്ങളൊക്കെ വിരുതരായ പ്രസുകാർ മാറ്റിയിരുന്നതായി ഞാനെവിടെയോ വായിച്ചിരുന്നു. കുറ്റവും കുറവും തെറ്റുകളുമുള്ള അത്തരം കോപ്പികൾക്ക് പിൽക്കാലത്ത് വമ്പിച്ച വില കിട്ടിയിരുന്നെന്നും... അയാൾ കൈകൾ നിവർത്തി ചുറ്റിലും പരതിക്കൊണ്ടിരുന്നു. ജനതാപ്രസിൽനിന്നും മൂക്കിൽക്കയറിയ അച്ചടിമഷിമണം, അയാളുടെ ലുങ്കിയിൽനിന്നുള്ള മൂത്രഗന്ധവുമായി കലർന്നവിടെ പരക്കുന്നതായി എനിക്ക് തോന്നി.

ഓണം, ക്രിസ്​മസ്, ഈസ്റ്റർ കാലത്ത് ഒരാഴ്ച പ്രസ് അടച്ചിട്ട് ശേഖർജി ഭാര്യയെയും മക്കളെയും കൂട്ടിയൊരു പോക്കുണ്ട്. പളനി, തിരുപ്പതി, തിരുപ്പറം കുണ്ട്റം, കന്യാകുമാരി അങ്ങനെ തീർഥയാത്രകൾ. അടിയന്തരമായി വർക്ക് വല്ലതും വന്നാൽ ചെയ്തുകൊടുക്കാൻ പ്രസി​ന്റെയൊരു താക്കോൽ എ​ന്റെ കയ്യീ തരുമായിരുന്നു. ഒരിക്കൽ പത്തി​ന്റെ ഒരു ബ്ലോക്ക് വന്നു. പന്ത്രണ്ട് കള്ളനോട്ടുകൾ ഞാൻ അച്ചടിച്ച് മാറുകയും ചെയ്തു. അത്ര ധൈര്യമുള്ള കാലം. എനിക്കെന്തര് അഹങ്കാരമായിരുന്നു!

അങ്ങനെയൊരു ഓണക്കാലത്ത് ഒരു കമ്പിപ്പുസ്​തകത്തി​ന്റെ പണിചെയ്യാൻ ഞാൻ തീരുമാനിച്ചു. പണത്തി​ന്റെ മുട്ടു മാത്രമല്ല. അയാളും ഒരെഴുത്തുകാരനാണല്ലോ? തൊഴിൽപരമായി ഞാനയാളെയും സഹായിക്കണമല്ലോ! എന്ന ദുർചിന്തയും മനസ്സിൽ ആലുമാതിരി പടർന്നു. വെനീസിലെ പൊതുവധു എന്നായിരുന്നു വെട്ടത്തു കാണിക്കാൻ കൊള്ളാത്തയാ പുസ്​തകത്തിന്റെ പേര്. അതിലെ രണ്ടു പേജുകൾ ഹെഡറും ഫോഡറുമില്ലാതെ പകുതി ബയന്റിങ് കഴിഞ്ഞിരുന്ന മേരീവിജയത്തിലും സ്വഹാബാക്കളുടെ ചരിത്രത്തിലും കേറ്റിവെച്ചു. രണ്ടേരണ്ടു കോപ്പികളിൽ മാത്രമേ തിരിമിറി നടത്തിയുള്ളൂ.

വെനീസിലെ വധു എന്ന കാവ്യത്തിലൊരു കൈക്രിയയും നടത്താതെ മൂന്നുദിവസം കൊണ്ടത് ഒറ്റക്കിറക്കി. മാറ്ററിലെ അക്ഷരങ്ങൾ ഡിസ്​ട്രിബ്യൂട്ട് ചെയ്തു. വേസ്റ്റ് മുഴുവനും കത്തിച്ചും കളഞ്ഞു. ജനതായിൽ അതടിച്ചതി​ന്റെ ഒരു തെളിവുമില്ല. എനിക്കന്നെന്തു അഹങ്കാരമായിരുന്നു. ഗൾഫിലെ പള്ളികളിൽ മലയാളികൾക്ക് വിതരണം ചെയ്യാനായി സ്വഹാബാക്കളുടെ ചരിത്രം കെട്ടിപ്പൊതിഞ്ഞ് കൊണ്ടുപോകുന്ന നേരത്ത് രണ്ടറബികളും പ്രസിൽ വന്നിരുന്നു. അവരെ കണ്ടതും എനിക്കൊരു പേടി വന്നു. ഗൾഫിലൊക്കെ ഇത്തരം കുറ്റങ്ങൾക്ക് കൈവെട്ടാണ് ശിക്ഷ.

നാലഞ്ചു ദിവസങ്ങൾ കഴിഞ്ഞു. ഒരു പള്ളീലച്ചൻ വന്നു വഴക്കുണ്ടാക്കിയതിനു പിന്നാലെ ശേഖർജി വാടിക്കുഴഞ്ഞു. അന്നത്തെ ദിവസം മുഴുവനും മേരീവിജയത്തി​ന്റെ ഓഫീസ്​ കോപ്പിയും വായിച്ച് തളർന്നിരുന്നു. അന്നു വൈകുന്നേരത്താണ് മേരീവിജയം എഴുതിയ കുഞ്ഞപ്പി തൂങ്ങിയ വിവരം ഞാനറിഞ്ഞത്. കൈകൾകൊണ്ട് എ​ന്റെ കാലുകളുടെ സ്​ഥാനം നിർണയിക്കാൻ അയാൾ ശ്രമിച്ചു. അതെ​ന്റെ കാൽക്കൽ വീഴാനാണെന്നു തോന്നിയപാടേ ഞാൻ ചാടിയെഴുന്നേറ്റ് പുറത്തിറങ്ങി. അകത്ത് സ്​ത്രീകൾ പാത്രങ്ങളിൽ തട്ടുകയും മുട്ടുകയും ചെയ്യുന്നതി​ന്റെ ഒച്ചവന്നിരുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു.

ആരാണ് പുറത്തുവന്നത്? അതറിയാൻപോലും അവരാരും ഒന്നെത്തി നോക്കിയതുപോലുമില്ല. രത്നാകരൻ നേരിടുന്ന കൊടിയ അവഗണനയെക്കുറിച്ചാണ് തിരികെ നടക്കുമ്പോൾ ഞാൻ ചിന്തിച്ചത്.

Show More expand_more
News Summary - weekly literature story