Begin typing your search above and press return to search.
proflie-avatar
Login

മണികണ്ഠനും 'മണികണ്ഠന്‍ മദിരശ്ശേരി'യും

മണികണ്ഠനും   മണികണ്ഠന്‍   മദിരശ്ശേരിയും
cancel

സ്ഥലത്തെ പെരുമകേട്ട ആശാരി രൈരുവിന്റെ മകന്‍ മണികണ്ഠന്‍ ‘മണികണ്ഠന്‍ മദിരശ്ശേരി’ ആയതില്‍ പിന്നെ രമേശന് അയാള്‍ പഥ്യമല്ലാതായിത്തുടങ്ങി. രൈരു മരിച്ചതോടെ മണികണ്ഠനാണ് ദേശത്തെ ആശാരിമാരില്‍ പ്രമുഖന്‍. അയാള്‍ വിദഗ്ധനായ മരപ്പണിക്കാരനാണ്. വാസ്തുശാസ്ത്രവും അറിയാം. സമൂഹത്തിന്റെ ആ ഒരു പരിഗണന രമേശനും ആള്‍ക്ക് കൊടുക്കുന്നുണ്ടായിരുന്നു. എന്നാല്‍, ആശാരിക്ക് കവിതയുടെ അസ്‌ക്യത തുടങ്ങിയിട്ടുണ്ടെന്നറിഞ്ഞതില്‍ പിന്നെ സമീപനം ഈര്‍ഷ്യയായി മാറുകയായിരുന്നു. പത്താംക്ലാസ് തോറ്റ, പഠിപ്പും വിവരവും കുറഞ്ഞവന്‍ കവിതയിലും സാഹിത്യത്തിലുമൊന്നും ഇടപെടേണ്ട. ഓരോരുത്തര്‍ക്ക് ഓരോന്ന് പറഞ്ഞിട്ടുണ്ട്. ആശാരി അവന്റെ പണി...

Your Subscription Supports Independent Journalism

View Plans

സ്ഥലത്തെ പെരുമകേട്ട ആശാരി രൈരുവിന്റെ മകന്‍ മണികണ്ഠന്‍ ‘മണികണ്ഠന്‍ മദിരശ്ശേരി’ ആയതില്‍ പിന്നെ രമേശന് അയാള്‍ പഥ്യമല്ലാതായിത്തുടങ്ങി. രൈരു മരിച്ചതോടെ മണികണ്ഠനാണ് ദേശത്തെ ആശാരിമാരില്‍ പ്രമുഖന്‍. അയാള്‍ വിദഗ്ധനായ മരപ്പണിക്കാരനാണ്. വാസ്തുശാസ്ത്രവും അറിയാം. സമൂഹത്തിന്റെ ആ ഒരു പരിഗണന രമേശനും ആള്‍ക്ക് കൊടുക്കുന്നുണ്ടായിരുന്നു. എന്നാല്‍, ആശാരിക്ക് കവിതയുടെ അസ്‌ക്യത തുടങ്ങിയിട്ടുണ്ടെന്നറിഞ്ഞതില്‍ പിന്നെ സമീപനം ഈര്‍ഷ്യയായി മാറുകയായിരുന്നു. പത്താംക്ലാസ് തോറ്റ, പഠിപ്പും വിവരവും കുറഞ്ഞവന്‍ കവിതയിലും സാഹിത്യത്തിലുമൊന്നും ഇടപെടേണ്ട.

ഓരോരുത്തര്‍ക്ക് ഓരോന്ന് പറഞ്ഞിട്ടുണ്ട്. ആശാരി അവന്റെ പണി ചെയ്യുക. ഇതായിരുന്നു മണികണ്ഠന്റെ കവിതാകമ്പത്തെ ചൊല്ലിയുള്ള രമേശന്റെ നിലപാട്. ഇരുപേരും സഹപാഠികളും അയല്‍വാസികളും കൂടിയാണ്. മണികണ്ഠന്‍ പത്തില്‍നിര്‍ത്തി തച്ചിനിറങ്ങിയപ്പോള്‍ രമേശന്‍ ബിരുദവും ബിരുദാനന്തരബിരുദവുമൊക്കെ കഴിഞ്ഞ് ആദ്യം ട്രഷറിയില്‍ ഉദ്യോഗസ്ഥനും അതു മാറ്റിപ്പിടിച്ച് ഏജി ഓഫീസില്‍ അക്കൗണ്ടന്റുമായി. ഒരിക്കലും കൂട്ടിമുട്ടാത്ത സമാന്തര രേഖകളായിരുന്നു മണികണ്ഠന്റെയും രമേശിന്റെയും ജീവിതം. അതില്‍ വൈവിധ്യങ്ങള്‍ മണികണ്ഠന്റെ ജീവിതത്തിനായിരുന്നു. രമേശന്റേത് തടസ്സങ്ങളേതുമില്ലാത്ത സ്വാഭാവികപ്രവാഹം.

ആദ്യം മണികണ്ഠനാണ് കെട്ടിയത്. രമേശനെ സംബന്ധിച്ച് സഹപാഠിയുടെ ഭാര്യ കറുമ്പി, മണ്ടി, ദരിദ്ര. രമേശന്‍ പിന്നെയും ആറുകൊല്ലം കഴിഞ്ഞാണ് വിവാഹം കഴിച്ചത്. ഭാര്യ സുന്ദരി, വിദ്യാസമ്പന്ന, അയാളെപ്പോലെ ഗവണ്‍മെന്റ് ഉദ്യോഗസ്ഥയും. മണികണ്ഠന് ഒന്നരവയസ്സിന് വ്യത്യാസത്തില്‍ തുടരെ മൂന്ന് കുട്ടികള്‍ പിറന്നു. എല്ലാം പെണ്‍കുഞ്ഞുങ്ങള്‍. പ്രാരബ്ധമേറ്റണ്ട, ഇനി നിര്‍ത്തിക്കോ എന്ന് രമേശന്‍ അയല്‍വാസിയെ ഉപദേശിച്ചു. ആ വാക്ക് മാനിച്ചതുകൊണ്ടോ എന്തോ പിന്നീട് മണികണ്ഠന് മക്കളുണ്ടായില്ല. രമേശന് ഒരാണും ഒരുപെണ്ണും. അതും അതിലപ്പുറവും അയാള്‍ക്കാകാമായിരുന്നു. ഭാര്യക്കും ഭര്‍ത്താവിനും സുരക്ഷിത ജോലിക്കു പുറമെ പാരമ്പര്യമായുള്ള ഭൂസ്വത്ത്. അച്ഛന്റെ പെന്‍ഷന്‍. രമേശനാണെങ്കില്‍ ഒറ്റമകനും.

ഒരിക്കല്‍ പത്രത്തിലെ പ്രാദേശിക കോളത്തില്‍ മണികണ്ഠന്റെ പേരും പടവും അച്ചടിച്ചുവന്നു. ദേശത്തെ ക്ഷേത്രപടിപ്പുരയില്‍ മണികണ്ഠന്‍ ചെയ്ത കൊത്തുപണികളും അലങ്കാരവും ഫോക്കസ് ചെയ്തതായിരുന്നു വാര്‍ത്ത. നാടിനെ സംബന്ധിച്ചത് അഭിമാനകരമായ സംഗതിയായിരുന്നു. നന്നായിട്ടുണ്ട്. സുഹൃത്തിന്റെ കരവിരുതിനെ അംഗീകരിച്ച് രമേശന്‍ വിലയിരുത്തി.

പിന്നീട് അത്തരം സംഭവങ്ങളൊന്നും മണികണ്ഠന്റെ ജീവിതത്തില്‍ ഉണ്ടായില്ല. അയാള്‍ ശരിക്കും പ്രാരബ്ധങ്ങളില്‍പെട്ടുഴറി. ഒരു കുട്ടിക്ക് എന്നും ദീനം. പെങ്ങളുമായും അളിയനുമായുമുള്ള വസ്തുതര്‍ക്കത്തിന്റെ പ്രശ്‌നങ്ങള്‍. പരിധി വിട്ടുകൊണ്ടിരിക്കുന്ന അയാളുടെ മദ്യപാനം. മറിച്ച് എംപ്ലോയീസ് യൂനിയന്റെ സംഘാടക പ്രവര്‍ത്തനവും പിതാവുവഴി കിട്ടിയ രാഷ്ട്രീയ പാരമ്പര്യം ഒന്നുകൂടി ഉഷാറാക്കിയെടുക്കുകയും ചെയ്തപ്പോള്‍ നാട്ടില്‍ അനിഷേധ്യനായി രമേശന്‍. എല്ലാം ഒത്തിണങ്ങിയ ഭാഗ്യവാന്‍.

വര്‍ഷങ്ങള്‍ കഴിഞ്ഞുപോകവെ കൂട്ടുകാരന്റെ ജീവിതത്തില്‍ ചില മാറ്റങ്ങളൊക്കെ വരുന്നത് രമേശന്‍ ശ്രദ്ധിച്ചു. മൂത്ത കുട്ടിയുടെ അസുഖം ശാശ്വതമായി മാറി. അമ്മ മരിക്കുകയും ജ്യേഷ്ഠത്തിയുമായുള്ള പ്രശ്‌നം രമ്യതയിലെത്തി വീട് മണികണ്ഠന്റെ സ്വന്തമാവുകയും ചെയ്തു. മണികണ്ഠന്‍ ഭാര്യയെ പ്രീപ്രൈമറി ടീച്ചര്‍ കോഴ്‌സിന് ചേര്‍ത്തു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അവര്‍ക്ക് നാട്ടിലെ സ്‌കൂളില്‍ പി.ടി.എ കമ്മിറ്റി വക നഴ്‌സറി ടീച്ചര്‍ തസ്തികയായി. ഭാര്യക്ക് ജോലിയായതില്‍ പിന്നെ മണികണ്ഠന്‍ മരപ്പണി ഏര്‍പ്പാട് നിര്‍ത്തി. കുറ്റിയടിക്കാനും വാസ്തുനോക്കാനുമായി ആരെങ്കിലും വിളിച്ചാല്‍ പോകും. അത് വല്ലപ്പോഴുമേയൂള്ളൂ.

ബാക്കി സദാസമയവും അയാള്‍ മുറിയടച്ചിരിപ്പാണ്. മണികണ്ഠന്‍ വെള്ളമടിച്ച് നശിക്കുന്നുവെന്നാണ് രമേശന്‍ വിചാരിച്ചത്. വളര്‍ന്നു വരുന്ന മൂന്ന് പെണ്‍മക്കള്‍, ഭാര്യയുടെ നക്കാപ്പിച്ച ശമ്പളം, പണിക്കു പോകാന്‍ കുഴിമടി കാണിക്കുകയും അതിനൊപ്പം മദ്യപാനവും! കുടുംബം കോഞ്ഞാട്ടയാവാന്‍ പിന്നെ എന്തുവേണം? മണികണ്ഠനെ ഒന്ന് ശാസിച്ചു തിരുത്തണം. ഒരു പ്രത്യേക സുഖമുള്ള ഏര്‍പ്പാടാണത്. അങ്ങനെ കരുതിയെങ്കിലും അതിനുള്ള സാഹചര്യമൊത്തുവന്നില്ല. കൂട്ടുകാരനെ തഞ്ചത്തില്‍ കിട്ടണ്ടേ. മണികണ്ഠന്‍ ചുറ്റുപാടുകളുമായുള്ള ആശയവിനിമയം കുറച്ചു എന്നതും നല്ല ലക്ഷണമല്ല. ഉപദേശിക്കാന്‍ വലിയ സാധ്യതകളുള്ള വിഷയമാണത്. സമൂഹ ബന്ധമില്ലാത്ത മനുഷ്യന്‍ മനുഷ്യനാണോ?

അവിടെനിന്നും കുറേക്കഴിഞ്ഞാണ് രമേശനും അയല്‍പക്കക്കാര്‍ക്കും തിരിഞ്ഞത്. മണികണ്ഠന്‍ കവിതയെഴുതുകയാണ്. തച്ച് വിട്ടത് വെറുതെയല്ല. എഴുത്തുകാരനായി പേരെടുക്കാനാണ് അയാളുടെ ശ്രമം. മനഃപൂര്‍വം കാര്‍ക്കിച്ചെടുത്ത ദുര്‍ഗന്ധ കഫംപോലെ രമേശനില്‍നിന്ന് അസഹിഷ്ണുത പുറത്തുവന്നു: ഹും, കവിതയെഴുതാന്‍ പറ്റിയ ഒരു ചരക്ക്. അവന് വൃത്തമറിയുമോ, വ്യാകരണമറിയുമോ? വേണ്ട, അക്ഷരതെറ്റില്ലാതെ ഭാഷ ശരിക്കെഴുതാനാവുമോ? നാട്ടില്‍ പണിക്കിപ്പോ നല്ല ആശാരിമാരെ കിട്ടാനില്ല. തന്ത ചത്തപ്പോള്‍ ചാര്‍ത്തിക്കിട്ടിയ ഉത്തരവാദിത്തം മറന്ന് ഭാര്യയെക്കൊണ്ട് ജോലിയെടുപ്പിച്ച് ഒരുത്തന്‍ സാഹിത്യകാരനാകാന്‍ നോക്കുന്നു.

തെണ്ടി... അല്ലെങ്കിലും മുറിയടച്ചിരുന്ന് എന്തെങ്കിലും കുത്തിക്കുറിച്ചാല്‍ കവിതയാകുമോ? അതൊക്കെ ആര് പ്രസിദ്ധീകരിക്കാന്‍. ഇനി അച്ചടിച്ചാല്‍ തന്നെ ആര് വായിക്കാന്‍? വായനയുടെ കാലം തന്നെ കഴിഞ്ഞുപോയില്ലേ! കണ്ട അണ്ടനും അടകോടനും മേയാനുള്ള മേഖലയല്ല സാഹിത്യം. അതിനൊക്കെ അതിനായി ജനിക്കുന്ന മഹദ് വ്യക്തികളുണ്ട്. ഇനിയീ പരിഷയെ ഒരുതരത്തിലും ഗൗനിക്കരുത്. അര്‍ഹിക്കാത്തത് എത്തിപ്പിടിക്കാന്‍ ശ്രമിച്ച് കുടുംബം തുലച്ച കൂട്ടത്തിലിനി മണികണ്ഠനും. അത്രേയുള്ളൂ. നശിച്ചുപോട്ടെ, തനിക്കെന്ത് ?

ഫേസ്ബുക്കില്‍നിന്ന് മണികണ്ഠനെ അണ്‍ഫ്രണ്ട് ചെയ്തുകളയുകയും ചെയ്തു രമേശന്‍. പിന്നീട് പലവുരു മുഖാമുഖം വരുന്ന സന്ദര്‍ഭമുണ്ടായെങ്കിലും രമേശന്‍ മണികണ്ഠനോടോ, തിരിച്ചോ ഉരിയാട്ടമുണ്ടായില്ല. താനവനെ മനഃപൂർവം അവഗണിക്കുമ്പോള്‍ അതേ മനോഭാവം അവന്‍ തനിക്കിട്ടും പ്രയോഗിക്കുന്നതായി രമേശന് അനുഭവപ്പെട്ടു. അത് കലിപ്പ് കൂട്ടുകയാണ് ചെയ്തത്. അത്രക്കായോ? ഇതംഗീകരിക്കാനാവില്ല. താനെവിടെ, കാല്‍ക്കാശിന് ഗതിയില്ലാത്ത ആ പീറയെവിടെ ? ഇക്കണക്കിനാണെങ്കില്‍ ഇനി മണികണ്ഠനോട് ഒരു കാലത്തും ബന്ധത്തിനില്ല. അവനനുഭവിക്കും.

അപ്രകാരം വര്‍ഷം കുറച്ചുകഴിഞ്ഞുപോയി. മണികണ്ഠന്‍ തൊഴില്‍ നിര്‍ത്തിയിട്ടും അയാളുടെ കുടുംബം രമേശന്‍ പ്രതീക്ഷിച്ചപോലെ അവതാളത്തിലായില്ല. അല്ലലില്ലാതെ അവര്‍ ജീവിക്കുന്നതുകണ്ട് അത്ഭുതമായി. എന്നാലും രമേശന്‍ ആശ്വസിച്ചു. കവി എന്ന നിലയില്‍ അവന്‍ വട്ടപ്പൂജ്യന്‍ തന്നെ. ഒരുതവണ യൂനിയന്‍ സംസ്ഥാന സമ്മേളനത്തിന് രമേശന്‍ തലസ്ഥാനനഗരിയില്‍ പോയപ്പോള്‍, അവിടെവെച്ച് പരിചയപ്പെട്ട വ്യക്തിയോട് സ്ഥലപ്പേര് സൂചിപ്പിക്കവെ അയാള്‍ തിരക്കി. ‘‘അവിടെയൊരു കവിയുണ്ടല്ലോ, മണികണ്ഠന്‍ മദിരശ്ശേരി, അറിയുമോ?’’

ഒരു മിന്നല്‍ ഹൃദയത്തിലൂടെ തുളഞ്ഞുപോയപോലെയാണ് രമേശനിലത് ഏറ്റത്. എന്ത്?! അങ്ങനെയൊരാളെപ്പറ്റി കേട്ടിട്ടേയില്ലായെന്ന് കട്ടായം പറഞ്ഞു. അപരന്‍ അപ്പോള്‍ മണികണ്ഠന്റെ കവിതയെപ്പറ്റി വാചാലനാവുകയാണുണ്ടായത്. ‘‘മമ്പണി എന്നൊരു കവിതയുണ്ട്. പരാമര്‍ശിക്കുമ്പോലെ ശരിക്കും മണ്ണിന്റെ മണമുള്ള രചന?’’

‘‘ഫേസ്ബുക്കില്‍ വായിച്ചതാവും.’’

‘‘ഏയ് കഴിഞ്ഞകുറി പാര്‍ട്ടിയുടെ യുവജന വിഭാഗത്തിന്റെ മാസികയില്‍ വന്നതാ.’’

സത്യത്തില്‍ ആ മാസിക രമേശനും വരുത്തുന്നുണ്ടായിരുന്നു. പാര്‍ട്ടി ബന്ധത്തിന്റെ പേരില്‍ വരിക്കാരനായതാണ്. അതയച്ചുകിട്ടിയാല്‍ രമേശന്‍ ഒന്നു മറിച്ചുനോക്കും. ചിലപ്പോള്‍ റാപ്പര്‍പോലും പൊട്ടിക്കാതെ ബെര്‍ത്തിലേക്കെറിയും. സമയക്കുറവിനേക്കാള്‍ അയാള്‍ സാഹിത്യം വായിക്കാത്തതിന് കാരണം വേറെയായിരുന്നു.

ഏഴ് ജില്ലക്കപ്പുറത്തുള്ള ഒരാളില്‍നിന്ന് മണികണ്ഠന്റെ കവിതയെപ്പറ്റി കേട്ടപ്പോള്‍ മുതല്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന്റെ സകല ഉത്സാഹവും രമേശനില്‍ കെട്ടു. വീട്ടിലേക്ക് മടങ്ങിയെത്തിയ ഉടനെ പൊടിപിടിച്ച കൂട്ടത്തില്‍നിന്നും ആ മാസിക തപ്പിയെടുത്ത് മണികണ്ഠന്റെ സൃഷ്ടി തിരഞ്ഞു. നേരാണ്, ഫോട്ടോയൊക്കെ വെച്ചാണ് അച്ചടിച്ചിരിക്കുന്നത്. അസ്വാസ്ഥ്യം അധികരിച്ചുവന്നു.

താനിത്രമാത്രം പ്രാധാന്യത്തോടും ചങ്കിടിപ്പോടുംകൂടി മണികണ്ഠന്‍ മദിരശ്ശേരിയുടെ ജീവിതത്തെ നിരീക്ഷിക്കുന്നതെന്തിനെന്ന് പലവട്ടം അയാള്‍ സ്വയം ചോദിച്ചു. അവനെ വിട്ടുകളയുക. പുതിയ കാലത്തില്‍ ഒരു പുതുകവിക്ക് യാതൊരു സ്ഥാനവും സമൂഹത്തിലില്ല. എന്നാലും മണികണ്ഠന്റെ കവിത വായിക്കാതിരിക്കാന്‍ രമേശന് കഴിഞ്ഞില്ല. നാടന്‍ പദക്കൂട്ടങ്ങള്‍ നിരത്തിയ വിഷാദം ധ്വനിപ്പിക്കുന്ന ഹൃദയസ്പര്‍ശിയായ ഗദ്യകവിത! വായനാനന്തരം സ്വന്തം മനഃസാക്ഷിയോട് സമ്മതിക്കാതെ രമേശന് തരമില്ലായിരുന്നു. ഒരുതരം തച്ചുഭാഷ. അയാള്‍ക്ക് മാത്രം കഴിയാവുന്നത്. എന്താണ് ഖിന്നിച്ചിരിക്കുന്നതെന്ന് ഭാര്യ തിരക്കിയപ്പോള്‍ രമേശന്‍ മണികണ്ഠന്റെ കവിതയുടെ കാര്യം പറഞ്ഞില്ല. ഇനി താനായിട്ട് പബ്ലിസിറ്റി കൊടുക്കണ്ട. അൽപം മദ്യപിച്ചാല്‍ സമാധാനം വരുമെന്ന് തോന്നി അതിനുള്ള ഏര്‍പ്പാട് നോക്കി.

കുറേക്കാലത്തിനുശേഷം കൂട്ടുകാരന്റെ ഫേസ്ബുക്കില്‍ രമേശന്‍ ചെന്നുനോക്കി. മാസികയില്‍ വന്ന കവിത പോസ്റ്റ് ചെയ്തിട്ടുണ്ട്. 69 ലൈക്കും, 31 കമന്റും. റീച്ച് കുറവാണല്ലോ എന്ന് സമാധാനിച്ചു. അതേസമയം താന്‍ പോസ്റ്റ് ചെയ്ത തൊഴില്‍ വകുപ്പുമന്ത്രിയുമായുള്ള സെല്‍ഫിക്ക് ഇതിന്റെ അഞ്ചിരട്ടി ലൈക്കുണ്ട്. മണികണ്ഠന്റെ പേജില്‍ പിന്നോട്ടുപോയപ്പോള്‍ അയാളുടെ കവിതകള്‍ വേറെയും വെളിച്ചം കണ്ടിട്ടുണ്ടെന്ന് രമേശനറിയാന്‍ കഴിഞ്ഞു. അധികവും ഇടതുപക്ഷ പ്രസിദ്ധീകരണങ്ങളിലാണ്. നാട്ടുകാര്‍ പലരും അതിനോട് പ്രതികരിച്ചിട്ടുമുണ്ട്. എന്തോ ആയ്‌ക്കോട്ടെ. താന്‍ ഒന്നും അറിഞ്ഞതായ് ഭാവിക്കേണ്ട.

മദിരശ്ശേരിയിലെ സുവർണ ജൂബിലിയിലെത്തി നിൽക്കുന്ന റെഡ്സ്റ്റാര്‍ ക്ലബിന്റെ വാര്‍ഷികം ഇക്കുറി ഗംഭീരമാക്കണമെന്ന് നിശ്ചയിക്കപ്പെടുന്നു. സ്വാഗതസംഘം ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടത് രമേശനായിരുന്നു. സന്തോഷത്തോടെ ആ സ്ഥാനം അയാള്‍ സ്വീകരിച്ചു. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സാംസ്‌കാരിക സമ്മേളനവും ഒരുക്കുന്നുണ്ട്. പ്രശസ്ത സാംസ്‌കാരിക നായകനെ അത് ഉദ്ഘാടനംചെയ്യാന്‍ കൊണ്ടുവരാന്‍ തീരുമാനമായി. അതിനൊപ്പം കമ്മിറ്റിയില്‍നിന്നൊരാവശ്യം ഉയര്‍ന്നുവന്നു. ഗ്രാമത്തിലെ യുവകവി മണികണ്ഠന്‍ മദിരശ്ശേരിയെ സമ്മേളനത്തിലേക്ക് വിളിക്കണം. കവിത ചൊല്ലിക്കണം. പ്രസംഗിപ്പിക്കണം. അവിടെ മുതല്‍ രമേശന്റെ താളംതെറ്റി. നാട്ടിലെ ഗംഭീരമായൊരു ചടങ്ങില്‍ കവിയെന്ന നിലയില്‍ മണികണ്ഠന്‍ അംഗീകരിക്കപ്പെടുക!

അതും താന്‍ അധ്യക്ഷത വഹിക്കുന്ന വേദിയില്‍. അതിലും ഭേദം താന്‍ തൂങ്ങിച്ചാകുകയല്ലേയെന്ന് രമേശന് തോന്നി. പക്ഷേ, ഉള്ളിലിരുപ്പ് പുറത്തുകാണിക്കാതെ തന്ത്രപൂർവം മണികണ്ഠനെ നിരാകരിക്കാന്‍ ആവുന്നതും അയാള്‍ ശ്രമിച്ചു. സാംസ്‌കാരിക സമ്മേളനം തന്നെ റദ്ദ് ചെയ്യാന്‍ നോക്കി. രക്ഷയുണ്ടായില്ല. ദലിത് വിഭാഗത്തിലെ മെംബര്‍മാരെല്ലാം മണികണ്ഠനുവേണ്ടി വാശിപിടിച്ചു. പഴയപോലെയല്ല, പുതിയ തലമുറയിലെ പിള്ളാര്‍. ഒരുപരിധി വിട്ട് അവരോട് തര്‍ക്കിച്ചാല്‍ വിവരമറിയും. ‘‘മണികണ്ഠന്‍ മദിരശ്ശേരിയോട് സഖാവിനെന്താണിത്ര വിരോധം?’’ എന്നൊരു ചോദ്യം ഉയര്‍ന്നാല്‍ തീര്‍ന്നു.

ഒടുവില്‍ ഗത്യന്തരമില്ലാതെ രമേശന് വഴങ്ങേണ്ടിവന്നു. മണികണ്ഠന്‍ തന്നെ നീറ്റാന്‍വേണ്ടി ജനിച്ച അന്തകനാണെന്ന് രമേശനില്‍ വിചാരമുളവായി. യോഗത്തില്‍ വെച്ചുതന്നെ ഉത്തരവാദിത്തങ്ങള്‍ ഷെയര്‍ ചെയ്‌തെടുത്തു. ബ്രാഞ്ച് സെക്രട്ടറികൂടിയായ കണ്‍വീനര്‍ മണികണ്ഠനെ ക്ഷണിക്കും. നോട്ടീസ് തയാറാക്കേണ്ട ചുമതല രമേശന്‍ ഏറ്റെടുത്തു. നോട്ടീസില്‍ ചില വിക്രസുകള്‍ രമേശന്‍ ഒപ്പിക്കുകയുംചെയ്തു. കവി എന്നൊരിടത്തും മണികണ്ഠനെ പരാമര്‍ശിച്ചില്ല. ആശംസാപ്രസംഗകരുടെ ഏറ്റവും ഒടുക്കം കൊണ്ടിട്ടു. പേരിലെ സ്ഥലപ്പേര് ഒഴിവാക്കി. ബോധപൂര്‍വം അക്ഷരത്തെറ്റ് വരുത്തിച്ച് വികൃതമാക്കുകയുംചെയ്തു. ‘മാണിക്കണ്ഠന്‍’. അതുമതി. ഡി.ടി.പി മിസ്റ്റേക് സർവസാധാരണയാണല്ലോ. ആവുംവിധം അവനെ ഒതുക്കുകയും അവഗണിക്കുകയും വേണം.

പ്രോഗ്രാമിന് വന്ന മണികണ്ഠനെ കണ്ടഭാവം നടിക്കാതെ തിരക്ക് ഭാവിച്ച് രമേശന്‍നിന്നു. അതേസമയം മറ്റുള്ള അതിഥികളെ കൈകൊടുത്തും നമസ്‌കാരം പറഞ്ഞും ഹൃദ്യമായി സ്വീകരിക്കുകയും ചെയ്തു. ‘രണ്ടാം പന്തിയിലല്ല, മൂന്നാം പന്തിയില്‍പോലും നിനക്ക് ഞാന്‍ സദ്യ വിളമ്പില്ലടാ തെണ്ടീ’ എന്ന് ഉള്ളില്‍ പലവട്ടം രമേശന്‍ ക്ഷോഭിച്ചു. വേദിയിലേക്ക് മണികണ്ഠനെ വിളിച്ചിരുത്താതെ സദസ്സില്‍തന്നെ മനഃപൂർവം ഇരുത്തി. കണ്‍വീനര്‍ക്ക് സഭാകമ്പം മൂലമുള്ള വിറയലുള്ളതിനാല്‍ വേദിയിലെ കടിഞ്ഞാണ്‍ പൂർണമായും രമേശന് തന്നെയായി. രമേശനാണെങ്കില്‍ നന്നായി പ്രസംഗിക്കാനുമറിയാം. പരിഭ്രമംമൂലം കണ്‍വീനര്‍ ഔപചാരിക സ്വാഗതംചെയ്യലില്‍ മണികണ്ഠനെ വിട്ടുപോവുകയും ചെയ്തു. രമേശന് ബഹുസന്തോഷമായി.

വേദിയിലെ ഇരിപ്പിടത്തിലേക്ക് മണികണ്ഠന്റെ കണ്ണുകള്‍ നീളുന്നത് രമേശന്‍ അറിയുന്നുണ്ടായിരുന്നു. പരിപാടികള്‍ പുരോഗമിക്കവെ താന്‍ അവഗണിക്കപ്പെടുകയാണെന്ന് ഉറപ്പായപ്പോള്‍ മണികണ്ഠന്‍ തന്ത്രപൂർവം സ്ഥലം കാലിയാക്കുന്നത് നിഗൂഢമായ ആനന്ദത്തോടെ രമേശന്‍ കണ്ടു. മണികണ്ഠന്‍ മദിരശ്ശേരി അങ്ങനെ ആ ചടങ്ങില്‍നിന്ന് ബഹിഷ്‌കൃതനായി. അയാളുടെ പേരില്ലാത്ത ഒരു നോട്ടീസ് രമേശന്‍ പ്രത്യേകം അടിപ്പിച്ചിട്ടുണ്ടായിരുന്നു. അതാണ് പ്രസംഗപീഠത്തില്‍ വെച്ചത്. ഉദ്ഘാടകനും മറ്റു വ്യക്തിത്വങ്ങളും നോട്ടീസിലെ പേര് വായിച്ച് അഭിസംബോധന ചെയ്യുന്ന പതിവുണ്ട്. ആ തരത്തിലൊന്നും മണികണ്ഠന്‍ പരാമര്‍ശിക്കപ്പെടാതിരിക്കാനായിരുന്നു അത്.

പ്രോഗ്രാം കഴിയാന്‍ ഇനി നന്ദിപ്രസംഗം മാത്രമേയുള്ളൂ. എല്ലാം താന്‍ കരുതിയപോലെ നടന്നു എന്ന് രമേശന്‍ ചാരിതാര്‍ഥ്യം കൊണ്ടിരിക്കുമ്പോഴാണ് അവസാനത്തെ ആശംസാകാരന്‍ വെടിപൊട്ടിച്ചത്. ‘‘കവി മണികണ്ഠന്‍ മദിരശ്ശേരി എവിടെ?’’ മണികണ്ഠന്റെ അഭാവം അങ്ങനെ സ്റ്റേജിലും സദസ്സിലും ചര്‍ച്ചയായി. ആ മാന്യദേഹം സംഘാടകരുടെ ശ്രദ്ധക്കുറവിനെ കണക്കിന് കുത്തി. അബദ്ധം പറ്റി മണികണ്ഠനെ ഒന്നു ഫോണ്‍ വിളിച്ചുനോക്കിയാലോ എന്നായി കണ്‍വീനറും മറ്റും. ‘‘ഏയ് ഇനിയിപ്പോ അതിനൊന്നും സമയമില്ല. പ്രോഗ്രാം വൈന്‍ഡപ് ചെയ്യാനായി’’ -രമേശന്‍ ഒരുവിധം അവരെ അടക്കി.

അങ്ങനെ രമേശന്റെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി അസാന്നിധ്യംകൊണ്ട് അയാളുടെ ശത്രു ശ്രദ്ധേയനായി. പ്രസ്തുത വിഷയത്തില്‍ അവലോകന യോഗത്തില്‍ താന്‍ വിയര്‍ക്കേണ്ടിവരുമെന്ന് രമേശന് ഉറപ്പായിരുന്നു. മുറിച്ചിട്ടാലും മുറികൂടുന്ന പ്രത്യേക ജനുസ്സാണല്ലോ മണികണ്ഠന്‍ എന്ന ഭീതിയും അയാളില്‍ വേരുറച്ചു. മണികണ്ഠനും അയാളുടെ കവിത്വവും അലോസരമായി തന്നെ രമേശനെ പിന്തുര്‍ന്നു. തൊട്ടതിനും പിടിച്ചതിനുമൊക്കെ ദേഷ്യംപിടിക്കുന്ന തരത്തിലേക്ക് തന്റെ ഭര്‍ത്താവ് മാറിയപ്പോള്‍ രമേശന്റെ ഭാര്യക്ക് ആധിയായി. എന്താണിത്ര ടെന്‍ഷന്‍ എന്ന ചോദ്യത്തിനവള്‍ക്ക് ഉത്തരം കിട്ടിയതേയില്ല.

രാവിലെ പത്രം വായിക്കുന്നതിന് മുമ്പേ വാട്‌സാപ്പും എഫ്.ബിയുമാണ് രമേശന്‍ നോക്കാറ്. നാട്ടില്‍ വേണ്ടപ്പെട്ട ആരെങ്കിലും മരിച്ചാല്‍പോലും ആരുമിന്ന് പരസ്പരം അറിയിക്കാറില്ല. വിവരം ‘മദിരശ്ശേരി’ വാട്‌സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യും. സമൂഹം ആ രീതിയിലേക്ക് പരിവര്‍ത്തനപ്പെട്ടു. അന്ന് ഗ്രൂപ്പില്‍ നോക്കിയപ്പോള്‍ കണ്ട പത്രക്കട്ടിങ് രമേശനെ അടപടലം തളര്‍ത്തിക്കളയുന്നതായിരുന്നു.

‘മണികണ്ഠന്‍ മദിരശ്ശേരിക്ക് വള്ളത്തോള്‍ കാവ്യപീഠ പുരസ്‌കാരം.’ സൂം ചെയ്ത് വാര്‍ത്ത വായിച്ചു. വീട്ടിലെ പത്രം തുറന്ന് അത് സ്ഥിരീകരിക്കുകയും ചെയ്തു. പ്രസിദ്ധീകരിക്കാത്ത കവിതാസമാഹാരത്തിനാണ് പുരസ്‌കാരം. മുപ്പതിനായിരം രൂപയുമുണ്ട്. ഇനി ട്രസ്റ്റുതന്നെ അത് പുസ്തകമായിറക്കും. ഗ്രന്ഥകാരനാകാനുള്ള വഴിയും മണികണ്ഠന് തുറന്നുകിട്ടിയിരിക്കുന്നു. രമേശന്‍ കസേരയിലേക്ക് ചാഞ്ഞിരുന്ന് കിതച്ചു. ഭാര്യ വന്ന് പത്രം നോക്കി സംഗതി വായിച്ചു നോക്കി. ആരും മരിച്ചതല്ല! അവള്‍ക്ക് ഭര്‍ത്താവിന്റെ ‘അസുഖം’ ഏതാണ്ട് പിടികിട്ടി. അന്ന് രാത്രി കിടപ്പറയില്‍ വെച്ച് നയത്തില്‍ അവള്‍ ഒരു കാര്യം അവതരിപ്പിച്ചു.

‘‘രമേശേട്ടന്‍ വൈകാതെ ഒരു കൗണ്‍സലറെ കാണണം.’’

പ്രതീക്ഷിച്ചപോലുള്ള ദേഷ്യമോ, കടുത്ത പ്രതികരണമോ രമേശനില്‍നിന്ന് ഉണ്ടായില്ല. കാരണം അങ്ങനെയൊരു ചിന്ത അയാളില്‍ രൂപപ്പെട്ടുകഴിഞ്ഞിരുന്നു. അനാരോഗ്യകരമായ തലത്തിലേക്ക് തന്റെ മനസ്സ് തുലനം തെറ്റിയിട്ട് കുറേയായി. ഇനിയും ഈ സ്ഥിതി തുടരാന്‍ വയ്യ! നാട്ടില്‍ തന്നെ എത്ര കലാകാരന്‍മാരും പേര് കേട്ടവരുമുണ്ട്. അതൊന്നും തനിക്ക് പ്രശ്‌നമല്ല. മണികണ്ഠന്‍ മദിരശ്ശേരി സാഹിത്യകാരനാകുന്നതുമാത്രം സഹിക്കാനാവുന്നില്ല.

പിറ്റേന്ന് ജോലിക്ക് പോകുമ്പോള്‍ നാട്ടിലെ പൊതുയിടങ്ങളില്‍ മണികണ്ഠന്റെ ഫോട്ടോയൊക്കെ വെച്ച പോസ്റ്ററുകള്‍ രമേശന്‍ കണ്ടു. സാഹിത്യപുരസ്‌കാരം നേടിയ നാടിന്റെ അഭിമാനം കവി മണികണ്ഠന്‍ മദിരശ്ശേരിക്ക് ആദരം.അംഗീകരിക്കുക, അല്ലാതെ നിവര്‍ത്തിയില്ല. രമേശന്‍ തന്നത്താന്‍ പറഞ്ഞ് അനുനയപ്പെടാന്‍ നോക്കി. പക്ഷേ, ഉള്ളിലെ വിരാഗി അതനുസരിക്കാന്‍ കൂട്ടാക്കാതെ മുരണ്ടു.

ഓഫീസിലെത്തിയപ്പോള്‍ വിശേഷം. രമേശന് ട്രാന്‍സ്ഫര്‍ വന്നിരിക്കുന്നു. കുറച്ച് ദൂരെയാണ്. എന്നാലും നിത്യവും പോയിവരാം. ഒരു കണക്കിന് നന്നായി. അന്തരീക്ഷവും പരിചയക്കാരുമൊക്കെ ഒന്നു മാറുന്നതു ഗുണം ചെയ്യും. വൈകീട്ട് പ്രശസ്ത ഹോസ്പിറ്റലിലെ മനോരോഗ വിദഗ്ധനെ ബുക്ക് ചെയ്തു. പുതിയ ഓഫീസിലെത്തുമ്പോള്‍ താന്‍ പുതിയ ഒരാളായിരിക്കണം. ഒരുദിവസം അവധിയെടുക്കാം. പക്ഷേ, ബുക്ക് ചെയ്ത പ്രകാരം ഹോസ്പിറ്റലിലേക്ക് പോകാനിറങ്ങി കാര്‍ സ്റ്റാര്‍ട്ട് ചെയ്തു നോക്കിയപ്പോള്‍ വണ്ടി അനങ്ങുന്നില്ല. പരിശോധനയില്‍ തന്റെ പരിധിയില്‍ വരുന്ന കുഴപ്പമല്ലാന്ന് രമേശന് ഉറപ്പായി. മെക്കാനിക്കിനെ വരുത്തണം.

ഉച്ചയോടെ മെക്കാനിക്കെത്തി കാര്‍ ശരിയാക്കിക്കൊടുത്തു. അപ്പോഴേക്കും ഹോസ്പിറ്റലിലെത്തേണ്ട സമയം കഴിയുകയുംചെയ്തു. ഭാര്യയും മക്കളുമില്ലാതെ രമേശന്‍ മാത്രം വീട്ടില്‍. അങ്ങനെയിരുന്നോരോന്നാലോചിച്ചപ്പോള്‍ ഡോക്ടറെ കാണാതെ തന്നെ സ്വയം ശ്രമിച്ചാല്‍ തന്റെ പ്രശ്‌നം പരിഹരിക്കപ്പെടില്ലേ എന്നൊരു ചിന്തവന്നു. മണികണ്ഠനോടുള്ള അസൂയക്കും അസഹിഷ്ണുതക്കും കാരണമെന്താണ്? തന്നേക്കാള്‍ താഴ്ന്ന നിലയിലുള്ള സമപ്രായക്കാരനായ അയല്‍വാസി പ്രശസ്തനാകുന്നതിലുള്ള ചൊരുക്ക്? സവർണബോധം? വരേണ്യചിന്താഗതി..? അല്ല! മണികണ്ഠന്‍ മറ്റേതെങ്കിലും മേഖലയിലാണ് അറിയപ്പെടുന്നതെങ്കില്‍ തനിക്ക് അസ്വാസ്ഥ്യമുണ്ടാകുമായിരുന്നോ? ഇല്ല എന്നുറപ്പാണ്.

മന്ത്രവാദികളൊക്കെ പറയുമ്പോലെ പണ്ട് കയറിയ ഒരു ബാധ തന്റെ മേലുണ്ട്. നിശ്ശബ്ദമായുള്ളില്‍ ഉറങ്ങിക്കിടന്നിരുന്ന അത് മണികണ്ഠന്‍ എഴുതാന്‍ തുടങ്ങിയിട്ടുണ്ടെന്നറിഞ്ഞതില്‍ പിന്നെ കർമനിരതമായി. അതുച്ചാടനം ചെയ്തുകളയണം. അതാണ് ഉചിതമായ മാര്‍ഗം. അപഗ്രഥിച്ചാല്‍ ഡോക്ടര്‍ നിർദേശിക്കുകയും അതുതന്നെയായിരിക്കും. അതിന്..!

രമേശന്‍ തട്ടിന്‍മുകളിലേക്ക് കയറി. അലമാരിക്കുള്ളില്‍നിന്നും പെട്ടിക്കുള്ളില്‍നിന്നും മുപ്പത് വര്‍ഷത്തിലേറെ പഴക്കംചെന്ന അടുക്കിവെച്ചിരുന്ന കടലാസു കെട്ടുകള്‍ പുറത്തേക്കെടുത്തിട്ടു. മഞ്ഞനിറമോടിയ കുറച്ച് ലിറ്റില്‍ മാഗസിനുകളും അക്കൂട്ടത്തില്‍ ചേര്‍ത്തു. പിന്നെ സ്‌കൂള്‍–കോളജ് പഠനകാലത്തു കിട്ടിയ സമ്മാനപത്രങ്ങളും. എല്ലാം കൂടി പെറുക്കിക്കെട്ടി രണ്ടുതവണയായി പിന്നാമ്പുറത്തെ ചവറുകള്‍ കത്തിക്കുന്ന കുഴിയിലേക്ക് കൊണ്ടിട്ടു. ആ ഗണത്തില്‍ വേറെയൊന്നും അവശേഷിക്കുന്നില്ലായെന്ന് തീര്‍ച്ചപ്പെടുത്തി. ശേഷം കടലാസ് കൂമ്പാരത്തിന് അയാള്‍ തീകൊളുത്തി. അരികില്‍ ഒരു കസേരയിട്ട് ആ കാഴ്ച നോക്കിനിന്നു. മുഴുവന്‍ കത്തി ചാരമായപ്പോള്‍ കാര്യപ്പെട്ട ഭാരമൊഴിഞ്ഞപോലെ പൊറുപ്പ് കിട്ടി. ഹോ, എന്തൊരു സമാധാനം. ആശ്വാസം. രമേശന്‍ ഒന്നുരണ്ട് ദീര്‍ഘനിശ്വാസമുതിര്‍ത്തു.

 

അപ്പോള്‍ അയ്യപ്പന്‍കാവില്‍നിന്ന് ഭക്തിഗാനമുയരുന്ന സമയമായി. ക്ഷേത്രത്തില്‍പോയിട്ടെത്ര കാലം? പുരോഗമനവാദിയായതില്‍ പിന്നെ ആരാധനാലയങ്ങളില്‍ പോകുന്നത് കുറച്ചിലായിതോന്നിയിരുന്നു. ഉള്ളില്‍ വിശ്വാസമുണ്ട്. എന്നാലും കാപട്യം! ആ കള്ളത്തരത്തേയും ഒഴിപ്പിക്കണം. ഒന്ന് മനമുരുകി പ്രാർഥിക്കുക കൂടി ആയാല്‍ ഇപ്പോഴത്തേതിനേക്കാള്‍ തെളിച്ചം കിട്ടും.

രമേശന്‍ കുളിച്ച് വൃത്തിയായി ക്ഷേത്രത്തിലേക്ക് നടന്നു. അവിടെനിന്ന് മടങ്ങിയെത്തുമ്പോള്‍ മണികണ്ഠന്റെ വീട്ടില്‍ അയാള്‍ ഉമ്മറത്തിരിക്കുന്നത് കണ്ടു. പുരസ്‌കാരലബ്ധിയില്‍ അയാളെ ഒന്നഭിനന്ദിക്കണം. ആത്മാർഥമായി നിന്റെ നേട്ടത്തില്‍ സന്തോഷിക്കുന്നുവെന്ന് പറയണം. ഇപ്പോള്‍ കന്മഷമൊന്നുമില്ലാതെ തനിക്കതിന് കഴിയും. മന്ദഹസിച്ചുകൊണ്ട് രമേശന്‍ അവിടേക്ക് നീങ്ങി.

ഠഠഠ

പുതിയ ഓഫിസറെ പരിചയപ്പെടാന്‍ സഹപ്രവര്‍ത്തകര്‍ വന്നു.

‘‘ഓ, ആ നാട്ടിലൊരു എഴുത്തുകാരനുണ്ടല്ലോ, അറിയുമോ?’’

അതു തിരക്കിയ വ്യക്തിയോട് രമേശന്‍ പ്രതികരിച്ചു:

‘‘ഉവ്വ്, അദ്ദേഹം എന്റെ അയല്‍വാസിയും സുഹൃത്തുമാണ്. ഞങ്ങളുടെ നാടിന്റെ അഭിമാനം കവി മണികണ്ഠന്‍ മദിരശ്ശേരി.’’

News Summary - weekly literature story