നിസ്സഹായൻ
ആകാശത്തോളം തീ ഉയർന്നു. പ്രതിരോധിക്കാനാവാതെ ഭയന്ന ജനങ്ങൾ പരിഭ്രാന്തിയോടെ ചിതറിേയാടി. ജീവശ്വാസം നഷ്ടപ്പെടുമെന്ന ആശങ്ക. തീയെത്താത്ത, പുക കാണാത്ത വഴികൾ തേടി മനുഷ്യൻ അലഞ്ഞു.
കാറ്റ് ചീറിയടിച്ചു. തീ ആളിക്കത്തി. മാലിന്യം കത്തിയമർന്നു. പുക ഇരമ്പി ഉയർന്നു. ഒരിടം ബാക്കിയില്ല. ചുറ്റാകെ തീ പടർന്നു. ആർത്തിപൂണ്ട തീറ്റക്കാരനെപ്പോലെ വിഴുങ്ങുകയാണ്, കത്തിപ്പടരുകയാണ്.
ജനം നില വിളിച്ചു, ‘‘തീ... തീ...’’
തീയും പുകയും ഒരു നാടിനെ ഒന്നാകെ വിഴുങ്ങിക്കഴിഞ്ഞു.
പക്ഷികൾ മരച്ചില്ലകളെ തനിച്ചാക്കി ജീവനുവേണ്ടി ചിതറിപ്പറന്നു. മരച്ചില്ലകൾ രക്ഷപ്പെടാനൊരു വഴിയും കാണാതെ പ്രതികാരത്തോടെ കത്തുന്ന തീയിൽ അലറിക്കരഞ്ഞ്, തലയടിച്ചു വീണ് ചാരമായി...
കാറ്റ് പുകയെ ചേർത്തുപിടിച്ചു. തീ മനുഷ്യനെ പിന്നെയും പിന്നെയും ആക്രമിച്ചു. കഠിനമായ ചൂടിൽ വാടിത്തളർന്ന ജനത്തിന് ഇത് മറ്റൊരാഘാതമായി. പുക കണ്ട് സന്തോഷത്തോടെ പറന്നെത്തിയ കഴുകൻ അന്തരീക്ഷത്തിൽ വട്ടമിട്ട് പറന്ന് തനിക്കായി കാത്തുസൂക്ഷിച്ച ഇരയെത്തേടി...
അയാൾ ഏകൻ. വയോധികൻ. ശ്വാസകോശ രോഗി. ഒരിറ്റ് ശ്വാസമെടുക്കാൻ അയാൾ ഏറെ വിഷമിച്ചു.
പുക. ചുറ്റും കറുത്ത പുക. കാർ മേഘത്തെ തോൽപിച്ച് പുക അന്തരീക്ഷത്തിന്റെ അധിപതിയായി. സൂര്യൻ പുകച്ചുരുളുകളുടെ ഒളിത്താവളമായി. തീ നാളങ്ങൾക്കുള്ളിലെ ഉലയിൽ വെന്തുരുകാതെ പുറത്തിറങ്ങാൻ കഴിഞ്ഞെങ്കിലെന്ന് അയാൾ മോഹിച്ചു. വല്ലാത്ത ശ്വാസതടസ്സം. എവിടെയാണ് വാതിലെന്നറിയാതെ അന്ധനെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും കൈകൾ വീശി. പകയോടെ വന്നു പൊതിയുന്ന പുകയെ അകറ്റാൻ ശ്രമിച്ചു. പുക മനഃപൂർവം താളത്തിലും ഓളത്തിലും അയാളെ കബളിപ്പിക്കുന്നു. ശർക്കര പൊതിയുന്ന ഉറുമ്പെന്നപോലെ കറുത്ത കട്ടിപ്പുക അയാളെ പൊതിഞ്ഞു. അയാളാകട്ടെ വാതിൽ തിരയുകയാണ്. ശത്രു സൈന്യത്തിന്റെ ആക്രമണത്തെ ചെറുക്കാൻ തന്ത്രം മെനയുന്ന സേനാതലവനെപ്പോലെ അയാൾ പുകയിൽനിന്നും രക്ഷപ്പെടാനുള്ള വഴി തിരയുന്നു. പക്ഷേ, പരാജയത്തോടെ പിൻവാങ്ങി, ജീവവായുവില്ലാതെ അമർഷത്തോടെ, അസ്വസ്ഥതയോടെ രക്ഷാമാർഗത്തിനായുള്ള അന്വേഷണം.
‘മാസ്ക് ധരിക്കുക. വാതിലും ജനാലകളും അടയ്ക്കുക’ എന്ന സർക്കാർ വിളംബരം പ്രാവർത്തികമാക്കാൻ വൃദ്ധനായ അയാൾക്ക് കഴിയാത്തകാര്യം പുറംലോകം അറിയുന്നില്ല. ശ്വാസകോശ അറകളിൽ വിഷപ്പുക നിറഞ്ഞ് അയാളുടെ കണ്ണുകൾ ചുവന്നു. സിരകളുടെ ശക്തി ക്ഷയിച്ചു. പുകയെ ഊതി അകറ്റാനുള്ള മാന്ത്രിക സിദ്ധി ലഭിച്ചിരുന്നെങ്കിൽ..! അയാൾ ആഗ്രഹിച്ചു. ഒരുവിധം മൊബൈൽ ഓണാക്കി ആംബുലൻസിനായി. ശ്വാസം കിട്ടാതെ ശരീരം തളർന്ന് കൈകൾ കുഴഞ്ഞ് മൊബൈൽ താഴെ വീണു. ‘ഹലോ... ഹലോ...’ എന്ന ചിലമ്പിച്ച ശബ്ദം അപ്പോഴും കേട്ടുകൊണ്ടിരുന്നു...