ഷോഗോമാൻ 2 *ഒരു നിയോനോയർ സിനിമ
രാധിക്പൂര്‍ 1984, നവംബര്‍ 20 1984ല്‍ നവംബര്‍ 20ന് പ്രിയ കവി ലാഹോറില്‍ അന്തരിച്ച ദിവസം, ഗുജറാത്തിലെ രാധിക്പൂര്‍ ആശുപത്രിയില്‍ ഇല്യാസ് ഫൈസിയുടെ ഭാര്യ ഖദീജ പ്രസവിച്ചു. പ്രിയ കവി മരിച്ച അന്ന് ജനിച്ച മൂത്ത മകന് ആരാധ്യനായ കവിയുടെ പേരിട്ട കഥ ഇല്യാസ് ബാബ പറയുന്നത്, പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ കേട്ടത് മുതലാണ് കാര്‍ത്തികക്ക് ഇല്യാസ് ബാബയുടെ കൂടെ കൂടാന്‍ തോന്നിയത്. അതുവരെ അയാള്‍ മുത്തനൊപ്പം ചെസ് കളിക്കാനും പുസ്തകങ്ങള്‍ കൈമാറാനും ഈവനിങ് വാക്കിങ്ങിനും വരുന്ന...
Your Subscription Supports Independent Journalism
View Plansരാധിക്പൂര്‍
1984, നവംബര്‍ 20
1984ല്‍ നവംബര്‍ 20ന് പ്രിയ കവി ലാഹോറില്‍ അന്തരിച്ച ദിവസം, ഗുജറാത്തിലെ രാധിക്പൂര്‍ ആശുപത്രിയില്‍ ഇല്യാസ് ഫൈസിയുടെ ഭാര്യ ഖദീജ പ്രസവിച്ചു. പ്രിയ കവി മരിച്ച അന്ന് ജനിച്ച മൂത്ത മകന് ആരാധ്യനായ കവിയുടെ പേരിട്ട കഥ ഇല്യാസ് ബാബ പറയുന്നത്, പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ കേട്ടത് മുതലാണ് കാര്‍ത്തികക്ക് ഇല്യാസ് ബാബയുടെ കൂടെ കൂടാന്‍ തോന്നിയത്. അതുവരെ അയാള്‍ മുത്തനൊപ്പം ചെസ് കളിക്കാനും പുസ്തകങ്ങള്‍ കൈമാറാനും ഈവനിങ് വാക്കിങ്ങിനും വരുന്ന ഒരാള്‍ മാത്രമായിരുന്നു. കൂടുതല്‍ അടുത്തപ്പോഴാണ് ഇല്യാസ് ബാബക്ക് ഗുജറാത്തിയും ഇംഗ്ലീഷും ഹിന്ദിയുമല്ലാതെ ഉർദുവും അറബിക്കും ജസ്രിയും അടക്കം ഏഴ് ഭാഷകളറിയാമെന്ന് മനസ്സിലാക്കുന്നത്. ലക്ഷദ്വീപുകാരുടെ ജസ്രി ഭാഷയിലുള്ള ഡോലിപ്പാട്ട് ഇല്യാസ് ബാബ പാടുന്നത്, അർഥമറിയില്ലെങ്കിലും കേട്ടിരിക്കുന്നത് കാര്‍ത്തികയുടെ ശീലമായി മാറി.
സ്ഥിരമായി പാടുന്ന പാട്ടിനെ കുറിച്ചൊരിക്കല്‍ അവള് ചോദിച്ചു. മറുപടിയായി ഉബൈദുള്ളയുടെയും ഹലീമത്ത് ബീവിയുടെയും പ്രണയകഥ പറഞ്ഞുകൊടുത്തു. ബാബക്കറിയാവുന്ന മറ്റു ഭാഷകളിലെ പാട്ടുകള്‍കൂടി കേട്ടപ്പോള്‍ അവള്‍ക്ക് ബാബക്കറിയാവുന്ന പാട്ടുകളും ഭാഷകളും പഠിക്കണമെന്ന് തോന്നി. അങ്ങനെ ഇക്കാര്യം മുത്തച്ഛന്റെ മുന്നിലവതരിപ്പിച്ച് അനുമതി വാങ്ങിയാണ് കാര്‍ത്തിക ആദ്യമായി ഖദീജ മന്സിലിലെത്തുന്നത്. അന്നാണ് സമപ്രായക്കാരനായ, ഇല്യാസ് ബാബയുടെ രണ്ടാമത്തെ മകന് ജസ്രിയെ കാര്‍ത്തിക കാണുന്നത്. തല നരച്ചെങ്കിലും മുത്തച്ഛന്റെ കൂട്ടുകാരന് തന്റെ അച്ഛന് അഭിനവിന്റെ പ്രായമേ ഉള്ളൂവെന്ന് കാര്‍ത്തികക്ക് അന്നാണ് മനസ്സിലായത്.
ഇല്യാസ് ബാബ കാര്യമായി സ്കൂളിലൊന്നും പോയി പഠിച്ചിട്ടില്ലെന്ന് അവളോട് പറഞ്ഞെങ്കിലും അവളത് വിശ്വസിച്ചില്ല. ജസ്രിയുടെ ഉപ്പ ഇല്യാസ് ഫൈസി സൂറത്തിലെ ഒരു വാടകകെട്ടിടത്തില് ആരംഭിച്ച ഖദീജ ടെക്സ്റ്റൈല്‍സ് ഇപ്പോള്‍ F4 FASHION ആണ്. ജസ്രിയും തന്നെക്കാള്‍ 13 മിനിറ്റ് ഇളപ്പമുള്ള ഇരട്ട സഹോദരന് അലിയും ചേര്‍ന്ന് കോളേജില്‍ പഠിക്കുന്ന കാലത്തേ കുടുംബത്തിന്റെ ബിസിനസ് ഏറ്റെടുത്തിരുന്നു. ഉപ്പാക്ക് വയ്യാണ്ടായി ചേട്ടന് ഫൈസ് അഹമ്മദ് ഫൈസ് കച്ചവടം നോക്കിനടത്തുന്ന കാലത്ത് ഖദീജ ഗ്രൂപ്പ് ആണുടുപ്പുകള് വിപണിയിലിറക്കാന്‍ തുടങ്ങിയിരുന്നു. ഉപ്പയില്‍നിന്നും ക്രിക്കറ്റിനോടും ചരിത്രത്തോടുമുള്ള കമ്പം ജസ്രിക്ക് കിട്ടിയിട്ടുണ്ട്. ചരിത്രത്തോടുള്ള ഇഷ്ടമാണ് ജസ്രിയെ നിയമം പഠിക്കാന്‍ പ്രേരിപ്പിച്ചത്. ജസ്രിയുടെ പ്രേരണയാലാണ് അലി നിയമം പഠിക്കാന്‍ തീരുമാനിക്കുന്നത്.
അലി ഉമ്മയെപ്പോലെ നല്ലൊരു ഡിസൈനറും ഉപ്പയെപ്പോലെ ഫൈസ് അഹമ്മദ് ഫൈസിന്റെ ആരാധകനുമാണ്. ജസ്രിയും അലിയും ചേട്ടനില്‍നിന്നും ബിസിനസിന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുകയും F4 FASHION എന്ന പേരില്‍ കമ്പനിയെ റീ ബ്രാന്‍ഡ് ചെയ്യുകയും ചെയ്തു. 1999ലെ ഡിസംബറിലായിരുന്നു റീ ബ്രാന്‍ഡിങ് ചടങ്ങ്. ആ ചടങ്ങില്‍ വെച്ചാണ് ജസ്രിക്ക് കാര്‍ത്തികയോട് പ്രേമം തോന്നുന്നത്. അക്കാര്യം അവനാദ്യം അലിയോട് പറഞ്ഞു. മറുപടിയായി മൂളിക്കൊണ്ട് വര്‍ണ ന്യൂ-ഇയറിന് നീ ചെന്ന് പ്രൊപ്പോസ് ചെയ്യ്, അവളെക്കൊണ്ട് നിന്നെ പ്രേമിപ്പിക്കാനുള്ള വഴി ഞാനുണ്ടാക്കാമെന്നുള്ള ഉറപ്പ് നല്കി. ഉമ്മയില്‍നിന്ന് കിട്ടിയ അസാധ്യമായ കഴിവ് ഉപയോഗിച്ചു രണ്ടാഴ്ചകൊണ്ട് അലി കാര്‍ത്തികക്ക് ചേരുന്നൊരു ഗൗണ്‍ ഡിസൈന്‍ ചെയ്തു തുന്നിയെടുത്തു. ഗൗണിന്റെ കൈമടക്കില്‍
“In the hand of time is not the rolling of my fate
In the hand of time roll just the days, that is all
A day will come for sure when I will see the truth
My beautiful beloved is behind a veil, that is all
The night is young, start saying a Ghazal
A storm of emotions is raging inside, that is all”
എന്ന് അര്‍ഥം വരുന്ന ഫൈസ് അഹമ്മദ് ഫൈസിന്റെ വരികള്‍ ഉർദു, പേര്‍ഷ്യന്‍, ഗുജറാത്തി തുടങ്ങിയ ഭാഷകളിലായി തുന്നി ചേര്‍ത്തിരുന്നു. അലി ഡിസൈന്‍ ചെയ്ത ആ ഗൗണ്‍ പുതിയ നൂറ്റാണ്ട് പിറക്കുന്നതിന്റെ ആഘോഷം പൊടി പൊടിക്കുന്നതിനിടയില്‍ ജസ്രി കാര്‍ത്തികയ്ക്ക് നല്കി, അവളെ പ്രൊപ്പോസ് ചെയ്യുന്നു. അങ്ങനെ അവര്‍ പ്രണയത്തിലായ അന്നാണ് കാര്‍ത്തിക വരുന്ന വാലന്റൈന്‍സ് ഡേ ദ്വീപില്‍ ആഘോഷിക്കാന്‍ പ്ലാനിടുന്നത്.
മോഹന്‍ദാസിന്റെ കൊച്ചുമകന് ഹരേഷിന് മുത്തശ്ശനോ അച്ഛനോ ഇല്യാസ് ബാബയുടെ കുടുംബത്തോട് കാണിക്കുന്ന അടുപ്പമില്ല. ഒരകല്ച്ചയും പുച്ഛവുമുണ്ട്. എന്നാല്‍ ഏട്ടനില്നിന്നും വിഭിന്നമായി അനിയത്തി കാര്‍ത്തികക്ക് ഇല്യാസ് ബാബയുടെ കുടുംബത്തോട് പ്രത്യേകിച്ച് ജസ്രിയോടും വലിയ കാര്യമാണ്. അവര്‍ പ്രണയത്തിലാണ്. ലക്ഷദ്വീപ് ടൂറോടെ അക്കാര്യം എല്ലാവരുമറിഞ്ഞു. ജസ്രിയുമായുള്ള കാര്‍ത്തികയുടെ പ്രണയം അവളുടെ വീട്ടിലറിഞ്ഞതും അമ്മ രേഖയും പപ്പ അഭിനവും ചേട്ടന് ഹരേഷും അവളെ തല്ലുകയും മുറിയില്‍ അടച്ചിടുകയും ചെയ്തു. അതോടൊപ്പം ഖദീജ മന്‍സിലിലേക്കുള്ള പോക്കുവരവ് റദ്ദാക്കി. എന്നാല്‍ മകന്റെയും കുടുംബത്തിന്റെയും തീരുമാനത്തെ എതിര്‍ക്കുന്ന ഒരാളായിരുന്നു മോഹന്‍ദാസ്. അയാള്‍ക്ക് കാര്‍ത്തികയെ മനസ്സിലാകുമായിരുന്നു.
വീട്ടുതടങ്കലിലായ കൊച്ചുമകളെ കാമുകന്റെ കയ്യിലേല്‍പ്പിച്ച് നാടുവിടാന്‍ വേണ്ട ഒത്താശകള്‍ ചെയ്തതും, കൊച്ചിയില്‍ അവര്‍ക്ക് താമസിക്കാന്‍ വേണ്ട ഫ്ലാറ്റ് തയാറാക്കി കൊടുത്തതും അദ്ദേഹമായിരുന്നു. അങ്ങനെയാണ് 2000 ഡിസംബര്‍ 25ന് കാര്‍ത്തികയും ജസ്രിയും കൊച്ചിയിലെത്തുന്നത്. 2002 ഫെബ്രുവരി മാസം വരെയുള്ള അവരുടെ കൊച്ചിയിലെ ജീവിതം ഒരു ഗാനംപോലെ കടന്നുപോകുന്നു. കാര്‍ത്തിക ഇപ്പോള്‍ എട്ടു മാസം ഗര്‍ഭിണിയാണ്. ഡോക്ടറെ കണ്ട് പരിശോധന കഴിഞ്ഞ് മടങ്ങുമ്പോഴാണ് സിനിമ കാണാന്‍ തോന്നുന്നത്. അവളാ കാര്യം ജസ്രിയോട് പറഞ്ഞു.
അവന് കാര്‍ ലിസി ഹോസ്പിറ്റല്‍ റോഡില്‍നിന്നും ഫ്ലാറ്റിലേക്കുള്ള വഴിക്ക് തിരിച്ചിരുന്നുവെങ്കിലും, യൂ ടേണ്‍ എടുത്ത് വന്ന വഴി തിയറ്റര്‍ ലക്ഷ്യമാക്കി ഓടിച്ചുപോയി. സരിത തിയറ്ററില്‍ ‘കന്നത്തില്‍ മുത്തമിട്ടാല്‍’ സിനിമ കണ്ടുകൊണ്ടിരിക്കെയാണ് കാര്‍ത്തികയുടെ മുത്തശ്ശന് മരിച്ചു എന്നുള്ള വിവരമറിയിച്ചുള്ള ഉപ്പയുടെ ഫോണ്‍കോള്‍ ജസ്രിക്ക് കിട്ടുന്നത്. സിനിമ മുഴുവനാക്കാന്‍ നിൽക്കാതെ വീട്ടിലേക്ക് പോകാന്‍ ജസ്രി തിരക്ക് കൂട്ടുന്നതും വെപ്രാളപ്പെടുന്നതും കണ്ടപ്പോള്‍ അവള് ഊഹിച്ചു, പ്രിയപ്പെട്ടവര്‍ക്ക് ആര്‍ക്കെങ്കിലും എന്തെങ്കിലും അത്യാപത്ത്?
മോഹന്‍ദാസിന്റെ മരണവാര്‍ത്ത അറിഞ്ഞ് ജസ്രിയും കാര്‍ത്തികയും കൊച്ചിയില്‍നിന്നും രാധിക്പൂരിലേക്ക് തിരിച്ചുപോയി.
-cut to-
രാധിക്പൂര്‍, 2002, ഫെബ്രുവരി 17
മോഹന്‍ദാസിന്റെ വീടും പരിസരവും
കരഞ്ഞു പറഞ്ഞു കാലുപിടിച്ചെങ്കിലും മുത്തച്ഛന്റെ മൃതദേഹം കാര്‍ത്തികയെ കാണിക്കാന്‍ ചേട്ടനും അച്ഛനും അനുവദിച്ചില്ല. അമ്മയും അവരുടെ വാശിക്കൊപ്പമായിരുന്നു. നിരാശപ്പെട്ട് ഏറെ സങ്കടത്തോടെ അവള്‍ക്ക് അവിടെ നിന്നും മടങ്ങേണ്ടി വന്നു. ജസ്രിക്കൊപ്പം ഖദീജ മന്സിലിലെത്തുമ്പോള് മുത്തച്ഛനെ ഓര്‍ത്തവള്‍ എണ്ണി പെറുക്കി ഓരോന്ന് പറഞ്ഞു കരയുകയായിരുന്നു.
സബര്‍മതി എക്സ്പ്രസ് എന്ന തീവണ്ടി 2002 ഫെബ്രുവരി 27ാം തീയതി രാവിലെ എട്ടര മണിക്ക് ഗോധ്ര സ്റ്റേഷന് വിട്ട് അധികനേരം കഴിയും മുമ്പ് അമ്പതിനും നൂറിനുമിടക്കു വരുന്ന ഒരു അക്രമിക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയായി. S6 എന്ന കോച്ച് കത്തിനശിച്ചു. 23 പുരുഷന്മാരും 15 സ്ത്രീകളും 20 കുട്ടികളുമടക്കം 58 തീർഥാടകര്‍ ജീവനോടെ ചുട്ടെരിക്കപ്പെട്ടു. അച്ഛന് മോഹന്‍ദാസിന്റെ ചിതാഭസ്മം ഗംഗയിലൊഴുക്കി തിരിച്ച് വീട്ടിലേക്ക് വരുന്ന അഭിനവടക്കമായിരുന്നു, ഗോധ്രയില്‍ ചുട്ടെരിക്കപ്പെട്ട ആ 58 പേര്!..
പപ്പ മരിച്ചതറിഞ്ഞതും കാര്‍ത്തികയ്ക്ക് പ്രസവവേദന വന്നു. തലചുറ്റി വീണ അവളെയുംകൊണ്ട് ജസ്രി ജില്ലാ ആശുപത്രിയിലേക്ക് പോകുമ്പോഴാണ് രാധിക്പൂര്‍ കവലയില്‍ വെച്ച് ഹരേഷും സംഘവും കാര്‍ തടയുന്നത്. കാര്‍ത്തികക്ക് കൂട്ടായി കാറില്‍ കയറിയ ഉമ്മയാണ്, അക്രമികളോട് വഴിമാറാന്‍ പറഞ്ഞ് ആദ്യം കാറില്‍നിന്നും ഇറങ്ങുന്നത്. വഴി തടഞ്ഞവരുടെ കാലുപിടിച്ചു കരഞ്ഞ് വഴിമാറാന്‍ പറഞ്ഞെങ്കിലും അവര്‍ കൂട്ടാക്കിയില്ല. ഉമ്മയെ തട്ടിത്തെറപ്പിച്ചു വെട്ടിവീഴ്ത്തുന്നത് കണ്ടാണ് ജസ്രി കാറില്‍നിന്നും ഇറങ്ങിയത്, ഞൊടിയിടയില്‍ അവനെയും അരിഞ്ഞു വീഴ്ത്തി അക്രമിസംഘം തൊട്ടടുത്തുള്ള ഖദീജ മന്‍സിലിലേക്ക് ആക്രോശിച്ച് പാഞ്ഞു. ടിന്നുകളില്‍ നിറച്ച പെട്രോള്‍ അവിടമാകെ തൂവിയൊഴിച്ച്, അവരാ വീടിന് തീയിടുന്നു. ഖദീജ മന്‍സില്‍ കത്തിക്കൊണ്ടിരിക്കുമ്പോള്‍, ചേട്ടന്റെ അക്രമിസംഘത്തിലെ ആളുകള്‍ ഓരോരുത്തരായി കാര്‍ത്തികയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഖദീജ മന്‍സില്‍ പൂർണമായും കത്തിനശിക്കുമ്പോഴേക്കും നേരം പുലര്‍ന്നിരുന്നു. ആ നശിച്ച ദിവസം അലി വീട്ടിലുണ്ടായിരുന്നില്ല. പുതുതായി വിപണിയില്‍ ഇറക്കാന്‍ പോകുന്ന ടീഷര്‍ട്ടിന്റെ മെറ്റീരിയല്‍ പര്‍ച്ചേസിങ്ങിനായി അവന് ഡല്‍ഹിയിലായിരുന്നു.
രാധിക്പൂരില് തിരിച്ചെത്തിയ അലി കാര്‍ത്തികയെ കണ്ടെത്തുന്നത് 2002 മാര്‍ച്ച് ഇരുപതിനാണ്. അന്ന്, അവളുടെ കൂടെ കാസിം ഉണ്ടായിരുന്നു. അവര്‍ ഒരു ബൺ പങ്കിട്ട് കഴിക്കുകയായിരുന്നു. അന്നേരം, അവള് പേര് ചോദിച്ചപ്പോള്‍ അവന് കാസിം എന്ന് മറുപടി പറഞ്ഞു. പേരല്ലാതെ അവനൊന്നും പറയാന്‍ പറ്റിയിരുന്നില്ല. അവള്‍ക്ക് ചോദിക്കാനും.
അസ്ലമായിരുന്നു അന്നത്തെ രാധിക്പൂര്‍ പ്രദേശമടങ്ങുന്ന ജില്ലയുടെ കമീഷണര്‍. മലയാളിയും മുസ്ലിമുമായ ഒരു ഓഫീസര്‍ക്ക് തങ്ങളെ മനസ്സിലാകുമെന്നും നമുക്ക് പരാതി കൊടുക്കാമെന്നും പറഞ്ഞ്, അലി നിര്‍ബന്ധിച്ചിട്ടാണ് അസ്ലം സാറിന്റെ ഓഫീസിലേക്ക് കാര്‍ത്തികയെത്തുന്നത്. തന്റെ ഭര്‍ത്താവിന്റെ ഉപ്പയെയും ഉമ്മയെയും ഭര്‍ത്താവിന്റെ ചേട്ടനെയും കുടുംബത്തെയും തന്റെ ഉദരത്തില്‍ വളര്‍ന്നിരുന്ന കുഞ്ഞിനേയുമടക്കം എട്ട് പേരെ തന്റെ ചേട്ടന് ഹരേഷും സംഘവും കൊന്നെന്നും തന്നെ റേപ്പ് ചെയ്തെന്നും കാര്‍ത്തിക അസ്ലം സാറിനോട് പരാതിപ്പെട്ടു. കാര്‍ത്തിക പറഞ്ഞ പരാതിയെ തുടര്‍ന്ന് ഹരേഷിനെയും സംഘത്തെയും അസ്ലം അറസ്റ്റ് ചെയ്ത് F.I.R ഇട്ടതിന്റെ തൊട്ടടുത്ത ദിവസം അദ്ദേഹം കൊല്ലപ്പെട്ടു.
അതോടെയാണ്, ദുരിതാശ്വാസ ക്യാമ്പില്‍നിന്നും കാസിമിനെയും കൂട്ടി അലിക്കൊപ്പം കാര്‍ത്തിക വീണ്ടും കൊച്ചിയിലേക്കെത്തുന്നത്. കൊച്ചിയിലെത്തി ജീവിതത്തിന്റെ സ്വാഭാവികതയിലേക്ക് ചലിച്ചു തുടങ്ങിയതോടെ കാര്‍ത്തികയും അലിയും അസ്ലം സാറിനെ കുറിച്ച് അന്വേഷിക്കുകയും പൊന്നാനിയിലുള്ള അദ്ദേഹത്തിന്റെ വീട് കണ്ടെത്തുകയുംചെയ്തു. അങ്ങനെയാണ് അസ്ലം സാറിന്റെ വീട്ടിലേക്ക് കാസിമിനെയുംകൊണ്ട് അവര്‍ യാത്രയാകുന്നത്. മദ്രസ അധ്യാപനവും അല്‍ അമീന് യതീംഖാനയുടെ നടത്തിപ്പുമായി കഴിയുന്ന അസ്ലം സാറിന്റെ ഉപ്പ ഹനീഫ് ഉസ്താദിനെ കാര്‍ത്തിക പരിചയപ്പെടുന്നു. അദ്ദേഹമാണ് മരിച്ചുപോയ മകന്റെ സ്ഥാനത്ത് വളര്‍ത്തിക്കോളാമെന്നും പറഞ്ഞ് കാസിമിനെ അവിടെ നിര്‍ത്താന്‍ നിര്‍ബന്ധിച്ചത്. ഉസ്താദിന്റെ ആ സ്നേഹ നിര്‍ബന്ധമാണ് കാസിമിനെ ബിയ്യത്തെ അല്‍ അമീന് യതീംഖാനയിലെ അന്തേവാസിയാക്കിയത്.
കാസിമിനെ യതീംഖാനയിലാക്കി മടങ്ങിയശേഷം ഒന്നര വര്‍ഷം അലിയും കാര്‍ത്തിക ദീദിയും കൊച്ചിയില്‍ താമസിച്ചു. അഡ്വക്കേറ്റ് ഭാസ്കരപിള്ള മുഖേന തങ്ങളുടെ അവശേഷിക്കുന്ന സ്വത്തുക്കളെല്ലാം ഇരുവരുടെയും പേരിലാക്കിയ ശേഷം അലി ലക്ഷദ്വീപിലേക്ക് പോയി. അവിടെ ഉപ്പാന്റെ നാട്ടില്‍ വല്ല്യുമ്മ ഉറങ്ങുന്ന മണ്ണില്‍, അലി F4 FASHION എന്ന വസ്ത്ര നിർമാണശാല ആരംഭിച്ചു.
കൊച്ചിയില്‍ ഒറ്റക്കായതോടെ കാര്‍ത്തികക്ക് കാസിമിനെ കാണാന്‍ തോന്നി. അങ്ങനെ അവനെ പോയി കണ്ട് മടങ്ങിവരണ ഒരു ന്യൂ-ഇയര്‍ ദിനത്തിലാണ്, കാര്‍ത്തികക്ക് മതം മാറിയാലോ എന്നുള്ള തോന്നലുണ്ടാകുന്നത്. തിരികെ ബിയ്യത്തേക്ക് തന്നെ കാറോടിച്ചു പോയി അവളക്കാര്യം ഹനീഫ് ഉസ്താദിനോട് പറഞ്ഞു. എല്ലാം കേട്ട് തലകുലുക്കിയൊന്നു മൂളി മന്ദഹസിച്ചശേഷം അദ്ദേഹം അവളോട് അന്നവിടെ തങ്ങിക്കോളാന്‍ പറഞ്ഞു.
നേരം പുലര്‍ന്ന പാടേ കാര്‍ത്തികയെയും കൂട്ടി ഹനീഫ് ഉസ്താദ് പൊന്നാനി വലിയ പള്ളിയില്‍ ചെന്ന് ഖത്തീബിനെ കണ്ട് കാര്യം പറഞ്ഞു. മതപാഠശാലയില്‍ ചേര്‍ന്ന് ഇസ്ലാം മതം പഠിച്ചവള്‍, കാര്‍ത്തിക ഖദീജ ജസ്രി ഫൈസ് എന്ന പേര് സ്വീകരിച്ചു. പുതിയ പേരും മതവും സ്വീകരിച്ചതിന്റെ രേഖകള്‍ ശരിയാക്കി കാര്‍ത്തിക പാസ്പോര്‍ട്ട് പുതുക്കുന്നു. തുടര്‍ന്ന് പാരീസില്‍ ഉള്ള സുഹൃത്ത് ബിനോയ് ശരിയാക്കി നല്കിയ വിസയില്‍ 2005 ഒക്ടോബറില്‍ കാര്‍ത്തിക പാരീസിലേക്ക് വിമാനം കയറുന്നു.
Cut
മാന്റ്റെസ് - ല - ജോളി
കാര്‍ത്തികയുടെ ഫ്ലാറ്റ്
2023 മെയ് 15
നമ്മുടെ പ്രതികാരത്തിനുള്ള ആയുധം കാസിമാണെന്ന് അലി കാര്‍ത്തികയോട് പറഞ്ഞ് ബോധ്യപ്പെടുത്തി. ആദ്യമൊന്നും അവള് ഈ തീരുമാനത്തെ പിന്തുണച്ചില്ല. എന്നാല്‍, ഓർമയുടെ കെടാത്ത തീയിലേക്ക് പ്രതികാരത്തിന്റെ കനലൂതാന്‍ അയാള്‍ക്ക് കഴിഞ്ഞതോടെ അവള് സമ്മതം മൂളി.
2018ല്‍ കാസിമിനെയുംകൊണ്ട് പൊന്നാനിയില്‍നിന്ന് പാരീസിലെത്തി നാലഞ്ചു മാസം കഴിഞ്ഞതോടെ കാര്‍ത്തിക എങ്ങനെയാണ് അവന്റെ സ്പോണ്‍സറും ഉമ്മിയുമായതെന്ന് പറഞ്ഞുകൊടുത്തു. ജസ്രിക്കൊപ്പം അവസാനം കണ്ട് പൂര്‍ത്തിയാക്കാതെ പോയ 'കന്നത്തില്‍ മുത്തമിട്ടാല്‍' എന്ന സിനിമ കൂടെയിരുത്തി കാണുകയും ചെയ്തു. അന്നു മുതല്‍ അവന് അവര്‍ ഉമ്മിയാണ്. മനസ്സറിഞ്ഞു അപ്പോള്‍ മുതല്‍ കാസിം അവരെ പെറ്റുമ്മയായി കണ്ടുപോന്നു.
നാഷനല്‍ ഫുട്ബോള്‍ ടീമിന്റെ ഭാഗമാകാന്‍ കഠിനശ്രമം നടത്തിവരികയാണ് കാസിം. സ്വാഭാവിക ജീവിതവും സ്വപ്നങ്ങളും മാറ്റിവെച്ച് അവന് പ്രതികാരത്തിന് ഇറങ്ങുമോ ഇല്ലയോ എന്ന് ഉറപ്പിക്കാനാണ് കാര്‍ത്തിക അലിയെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയിട്ടുള്ളത്. ഇശാഹ് നിസ്കാരത്തിനുശേഷം അത്താഴം കഴിച്ചു കഴിഞ്ഞു മുഖവുരയോടെ കാസിമിന്റെ വിശേഷങ്ങള്‍ തിരക്കിക്കൊണ്ട് കാര്‍ത്തിക പറഞ്ഞുതുടങ്ങി, “എല്ലാ വര്‍ഷവും മെയ് 23ന് ഉമ്മ അര്മേനിയിലായിരിക്കുമെന്ന് അറിയാലോ, നീ വരണുണ്ടോ ഇത്തവണ? നാളെ ഞാന്‍ പോകും.”
“അവിടെ എന്താ ഇത്ര കാണാനുള്ളത്?”
“20 ലക്ഷം അര്‍മേനിയക്കാരില്‍ 18 ലക്ഷം അര്‍മേനിയക്കാരെ തുര്‍ക്കിയിലെ ഇസ്ലാമിസ്റ്റ് ഭരണകൂടം കൊന്നുകളഞ്ഞ വംശഹത്യ സ്മാരകം കാണാന്‍.”
-Cut-
എരവന്‍ പട്ടണം
അര്‍മേനിയ
2023 മെയ് 23
എരവന്‍ പട്ടണത്തില്‍ ഷമാഹീര് എന്ന ആളുടെ വീട്ടിലാണ് കാസിമും കാര്‍ത്തികയും ഗസ്റ്റുകളായി തങ്ങുന്നത്. ഉമ്മി നേരത്തേയും അവിടെ സന്ദര്ശിച്ചിട്ടുള്ളതിനാല് ഷമാഹീര് പറയുന്നതെല്ലാം തന്നോടാണെന്ന് കാസിമിനറിയാമായിരുന്നു. ഷമാഹീര് എന്ന തന്റെ അതേ പേരുകാരനായ ഗ്രേറ്റ് ഗ്രേറ്റ് ഗ്രാന്‍ഡ് ഫാദര്‍ വംശഹത്യയെ അതിജീവിച്ച് മദ്രാസിലെത്തിയതും അവിടെ െവച്ച് അര്‍മേനിയന്‍ ഭാഷക്ക് ലിപി ഉണ്ടാക്കി ‘അസ്കരാര്’ എന്ന പത്രം തുടങ്ങിയതിനെക്കുറിച്ചുമാണ് ചെന്നു കയറിയ ഉടനെ അയാള്‍ പങ്കുവെച്ച ചരിത്രം. ഷമാഹീറിനും ഉമ്മിയുടെ മറ്റൊരു സുഹൃത്തായ എഫ്രയിം റഫാലിനുമൊപ്പം കാസിം എരവന്‍ പട്ടണത്തിലെ വംശഹത്യ സ്മാരകം കാണാന്‍ പോയി. മണ്‍നിരപ്പില്‍നിന്നും താഴേക്കായി നരകത്തിലെ ആകൃതിയിലാണ് സ്മാരകം പണിതിട്ടുള്ളത്. ഓരോ നിലകളും താഴേക്കിറങ്ങും തോറും കോണ്‍സ്റ്റാന്റിനോപ്പിളിന്റെ സാമ്പത്തിക അധികാരം തങ്ങളുടെ കൈപ്പിടിയിലൊതുക്കാന്‍ ഓട്ടോമന്‍ സാമ്രാജ്യത്തിലെ മൂന്നു മന്ത്രിമാര്‍ നടത്തിയ ക്രൂരമായ വംശഹത്യയുടെ ചരിത്രം തെളിഞ്ഞുവരും.
-Cut to flashback-
കോണ്‍സ്റ്റാന്റിനോപ്പിള്‍
1900
തലാത്ത് പാഷ, ഐവര്‍ പാഷ, ഇസ്മായില്‍ പാഷ എന്നീ യുവതുര്‍ക്കികള്‍ ഓട്ടോമന്‍ സാമ്രാജ്യം അടക്കിവാഴുന്ന കാലം. പരാതിക്കാരായും പ്രതികളായും തങ്ങളുടെ വാദം കോടതിയില്‍ അര്‍മേനിയന്‍ വംശജര്‍ക്ക് ബോധിപ്പിക്കാന്‍ കഴിയില്ലെന്ന നിയമം നിലനിന്നിരുന്ന കാലം. അര്‍മേനിയക്കാരെ മൃഗവാഹനങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കിയ കാലം. യുവതുര്‍ക്കികളുടെ പട്ടാളം പിടിച്ചുകൊണ്ടുപോയ ഷോഗോമാന്റെ പിതാവിനെ കൊന്നുകളയുകയും ഷോഗോമാനേയും അമ്മയെയും സഹോദരങ്ങളേയും സിറിയന്‍ മരുഭൂമിയിലൂടെ ഡെത്ത് മാര്‍ച്ച് നടത്തി, ഡെത്ത് ക്യാമ്പിലേക്ക് കൊണ്ടുപോവുകയുമാണ്. 80 ശതമാനം ആളുകളും ക്യാമ്പിലെത്തുന്നതിന് മുമ്പ് മരിച്ചുവീണു. ഒന്നൊന്നര ആഴ്ച നീണ്ടുനില്‍ക്കുന്നതാണ് ഡെത്ത് മാര്‍ച്ച്. പ്രിയപ്പെട്ട ഓരോരുത്തരായി കുഴഞ്ഞുവീണ് മരിച്ചുകൊണ്ടിരിക്കുന്നു. അമ്മക്കൊപ്പം നാലു വയസ്സുകാരന് ഷോഗോമാനുമുണ്ട്.
ഡെത്ത് മാര്‍ച്ചിനിടയില്‍ അവന്റെ അമ്മ കുഴഞ്ഞുവീണു മരിക്കുന്നു. ശേഷിക്കുന്നവരെയുംകൊണ്ട് പട്ടാളക്കാര്‍ അവരെ ഉപേക്ഷിച്ചു കടന്നുപോകുന്നു. ഡെത്ത് മാര്‍ച്ചില്‍ മരിച്ചുവീഴുന്നവരുടെ സ്വർണപ്പല്ലുകള്‍ മോഷ്ടിക്കാനെത്തുന്നവരുടെയും പട്ടാളക്കാരുടെയും കണ്ണില്‍പെടാതെ നാലുദിവസം അമ്മയുടെ മൃതദേഹത്തിന് ചുറ്റും ഷോഗോമാന്‍ കഴിച്ചുകൂട്ടി. എല്സങ്കര് പട്ടണത്തിലേക്ക് ആവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോയ ഖദീജ എന്നൊരു കുര്‍ദ് സ്ത്രീയാണ് ഷോഗോമാനെ അവന്റെ അമ്മയുടെ മൃതദേഹത്തിനടുത്തുനിന്നും കണ്ടെടുക്കുന്നത്. അവര്‍ അവനെ മാതാവിന്റെ വാത്സല്യത്തോടെ ചേര്‍ത്തുപിടിച്ചു ചുംബിക്കുന്നു. അര്‍മേനിയന്‍ വംശക്കാര്‍ക്ക് അഭയം നല്‍കരുതെന്ന് നിയമമുള്ള കാലമായിരുന്നെങ്കിലും ആ സ്ത്രീ ഭയന്നില്ല. അവര്‍ ഷോഗോമാനെ തന്റെ വീട്ടിലേക്ക് കൂട്ടി. തന്റെ മകന്റെ ഉടുപ്പുകള്‍ നല്കി, ഭക്ഷണം നല്കി. അങ്ങനെ അവര്‍ ഏതാനും നാള് കുഞ്ഞു ഷോഗോമാന്‍ ടെലീരിയനെ സംരക്ഷിച്ചു.
എരവന്‍ പട്ടണത്തില്‍നിന്നും മടങ്ങി മാന്റ്റെസ് - ല - ജോളിയില്‍ മടങ്ങിയെത്തിയ ശേഷം, കാസിം തന്റെ പേര് മാറ്റി ഷോഗോമാന്‍ 2, എന്നാക്കുന്നതിനെ കുറിച്ചും അദ്ദേഹത്തെപ്പോലെ തന്റെ ഉറ്റവരുടെ അകാരണമായ മരണങ്ങള്‍ക്ക് പ്രതികാരം ചെയ്യുന്നതിനെക്കുറിച്ചും ഗഹനമായി ചിന്തിച്ചു. ഈ ചിന്തക്കുള്ള വളമെന്നോണം അവനെ കണ്ടുമുട്ടിയ ദിവസത്തെക്കുറിച്ച് കാര്‍ത്തിക പറയാന്‍ തുടങ്ങി. നിനക്കും എനിക്കും നമ്മുടെ ഉറ്റവര്‍ക്കും നേരെ നടന്ന ആക്രമണത്തിന് സമാനമായ ആക്രമണം നേരിട്ട രാധിക്പൂരിലെ ബില്‍ക്കീസ് ബാനു കേസിനെ പറ്റിയും അവര്‍ പറഞ്ഞു. ആ കേസിലെ പ്രതികളെ ആസാദി കാ അമൃത് വര്‍ഷത്തില്‍ ശിക്ഷ ഇളവ് ചെയ്ത് വിട്ട വാര്‍ത്ത യൂട്യൂബില്‍ പ്ലേ ചെയ്ത് കൊടുത്തുകൊണ്ടാണ്, കാസിമിന്റെ ഉപ്പക്കും ഉമ്മക്കും എന്ത് സംഭവിച്ചു എന്നുള്ള തന്റെ കണ്ടെത്തലുകള്‍ അടങ്ങുന്ന ഫയല്‍ കാര്‍ത്തിക അവനെ ഏല്‍പ്പിക്കുന്നത്.
-cut to-
Hotel Montalembert
പാരീസ്
2023 ആഗസ്റ്റ് 15
1919ല്‍ അമേരിക്കയിലെ ഹൂസ്റ്റണിലെ ഒരു ഹോട്ടലില്‍ 11 അര്‍മേനിയക്കാര്‍ യോഗം ചേര്‍ന്നതിന് സമാനമായി 11 ഇന്ത്യക്കാര്‍ പാരീസിലെ Montalembert ഹോട്ടലിലെ 786ാം മുറിയില്‍ യോഗം ചേര്‍ന്നു. അലിക്കൊപ്പം യോഗത്തിനെത്തിയ കാര്‍ത്തിക ഖദീജ ജസ്രി ഫൈസി സംഘത്തലവന് അബ്ദുല്‍ നാസര്‍ സാഹിബിന് ആയുധം തയാറാണെന്നുള്ള ഉറപ്പുകൊടുത്തു.
-cut-
എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം!..
ന്യൂയോര്‍ക് നഗരം, 2031
ലുഗര്‍ P08 പിസ്റ്റളിന്റെ മാക്രോ ക്ലോസ് ഷോട്ടില്‍ ക്ലൈമാക്സ് സീക്വന്‍സ് ആരംഭിക്കുന്നു. പിസ്റ്റളില്‍ ബുള്ളറ്റ് നിറച്ചശേഷം കൈയ്യുറയും മേശമേല്‍ ഇരുന്നിരുന്ന വട്ടത്തൊപ്പിയുമെടുത്ത് ധരിച്ച്, ഫ്ലവര്‍വെയ്സില്‍ െവച്ചിരുന്ന റോസാപ്പൂക്കളുടെ ബൊക്കെയുമെടുത്ത് മുറി പൂട്ടി, മുപ്പത്തഞ്ചിനോടടുത്ത് പ്രായം വരുന്ന ഒരാള്‍ പുറത്തേക്കിറങ്ങുന്നു. പിസ്റ്റള്‍ അരയില്‍ തിരുകി വീട് പൂട്ടിയശേഷം ബുള്ളറ്റിന് നേരെ നടക്കുന്നു. ബുള്ളറ്റിന്റെ കാരിയറില്‍ റോസാപ്പൂക്കളുടെ ബൊക്ക വെക്കുന്നു. തുടര്‍ന്ന് അയാള്‍ ബുള്ളറ്റ് സ്റ്റാര്‍ട്ട് ചെയ്തു മുന്നോട്ട് എടുക്കുന്നു. അന്നേരമാണ്, പ്രേക്ഷകര്‍ അയാളുടെ മുഖം വ്യക്തമായി കാണുന്നത്. മേപ്പിള്‍ മരങ്ങള്‍ക്കിടയിലൂടെ സായാഹ്നവെളിച്ചം അനുഗ്രഹം ചൊരിഞ്ഞെന്നോണം കാസിമിന്റെ തലയിലും കവിളിലും തലോടി. കാസിമിന്റെ ബുള്ളറ്റ് ഏറെദൂരം മുന്നിട്ട് മെട്രോപൊളിറ്റന്‍ ഒപ്പേര ഹൗസിനു മുന്നില്‍ എത്തിനില്‍ക്കുന്നു. ഒപ്പേര കഴിഞ്ഞിറങ്ങുന്ന ആള്‍ക്കൂട്ടത്തിനിടയില്‍ കാസിമിന്റെ ശ്രദ്ധ ഒരു എഴുപതുകാരനിലേക്ക് നീങ്ങുന്നു.
രാഷ്ട്രീയജീവിതം അവസാനിപ്പിച്ച് കഴിഞ്ഞ ഒരു വര്‍ഷമായി അമേരിക്കയില്‍ കഴിയുകയാണ് മുന്‍ ഇന്ത്യന്‍ ആഭ്യന്തര മന്ത്രി അങ്കിത് പ്രാചി. കഴിഞ്ഞ ആറുമാസമായി കാസിം അയാളെ നിരീക്ഷിച്ചുവരുന്നു. എല്ലാ ഞായറാഴ്ചകളിലും അംഗരക്ഷകരെ ഒഴിവാക്കി വൈകുന്നേരം മെട്രോപൊളിറ്റന്‍ ഒപ്പേറ ഹൗസില്‍ അയാള്‍ എത്താറുണ്ടെന്ന് കാസിം മനസ്സിലാക്കിയിട്ടുണ്ട്. സസൂക്ഷ്മം അയാളെ വീക്ഷിച്ചുകൊണ്ട് ഒപ്പേര ഹൗസിനോട് ചേര്‍ന്നുള്ള ചെസ് നട്ട് മരത്തിനു കീഴെ കാസിം ബുള്ളറ്റ് ഒതുക്കുന്നു. ബുള്ളറ്റില്‍നിന്നും ഇറങ്ങുന്നതിനോടൊപ്പം കാരിയറില്‍ വെച്ചിരുന്ന റോസാപ്പൂക്കളുടെ ബൊക്കെയെടുക്കുന്നു. തുടര്‍ന്ന് അയാള്‍ എഴുപതുകാരനെ ലക്ഷ്യമാക്കി ചുവടുകള്‍വെക്കുന്നു.
അടുത്തെത്തി കൈകൂപ്പി വണങ്ങിയ ശേഷം, ‘‘നിങ്ങള്‍ അങ്കിത് പ്രാചി അല്ലേ, മുന്‍ ആഭ്യന്തര വകുപ്പ് മന്ത്രി?’’ കാസിമിന്റെ ചോദ്യത്തിന് എഴുപതുകാരന് മറുപടി പറഞ്ഞുവോ ഇല്ലയോ എന്ന് വ്യക്തമാക്കുന്നതിന് മുമ്പ്, ലുഗര്‍ P08 പിസ്റ്റളിന്റെ കാഞ്ചിയില്‍ നായകന്റെ വിരലുകള്‍ അമരുന്നു. എഴുപതുകാരന് അങ്കിത് പ്രാചി വെടിയേറ്റ് നിലം പതിക്കുന്നു. തറയില്‍ ഒലിച്ചു പടരുന്ന ചോര അയാള്‍ മരിച്ചെന്ന് ഉറപ്പ് വരുത്തി. കയ്യില്‍ കരുതിയിരുന്ന റോസാപ്പൂക്കളുടെ ബൊക്ക കാസിം മൃതദേഹത്തിന്റെ നെഞ്ചില്‍ െവച്ചു. ആ ബൊക്കയില്‍ ‘ഷോഗോമാന്‍ 2’ എന്ന് രേഖപ്പെടുത്തിയിരുന്നു.
ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികള്‍ക്ക് I.N.D.I.A മുന്നണി രൂപവത്കരിച്ച് അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം, മൃഗീയ ഭൂരിപക്ഷത്തോടെ ലോക്സഭയിലേക്കും രാജ്യസഭയിലേക്കും അംഗങ്ങളെ എത്തിക്കാന്‍ കഴിഞ്ഞു. ഇതോടെ ബട്ടർഫ്ലൈ എഫക്ട് എന്നോണം മുന്‍ ആഭ്യന്തര വകുപ്പ് മന്ത്രി പ്രതിയായ ജസ്റ്റിസ് യാഷ് വധക്കേസ് പുനര്‍ അന്വേഷിക്കാന്‍ തീരുമാനമായി. ഇതോടെ, 2014 ഡിസംബര്‍ ഒന്നിന് നാഗ്പൂരില്‍ െവച്ച് കൊലചെയ്യപ്പെട്ട ജസ്റ്റിസ് യാഷിന്റെ മരണത്തിന്റെ കാണാപ്പുറങ്ങള്‍ നിഷ്പക്ഷമായ അന്വേഷണത്തില്‍ വെളിച്ചത്തുവരാന്‍ തുടങ്ങി.
പ്രസ്തുത കേസില്‍ പ്രതിയായ അങ്കിത് പ്രാചിയെ സി.ബി.ഐ അറസ്റ്റ് ചെയ്യുമെന്ന ഘട്ടത്തിലെത്തി. ഈയൊരു സാഹചര്യത്തിലാണ് 2030 ജനുവരി 30ന് അങ്കിത് പ്രാചിയും കുടുംബവും അമേരിക്കയിലേക്ക് ചേക്കേറുന്നത്. ഗുജറാത്ത് വംശഹത്യ നടന്ന കാലത്ത് അവിടത്തെ ആഭ്യന്തരവകുപ്പ് മന്ത്രിയും പിന്നീട് ഏറെക്കാലം ഇന്ത്യയുടെ ആഭ്യന്തരവകുപ്പ് മന്ത്രിയുമായിരുന്ന അങ്കിത് പ്രാചി കൊല്ലപ്പെട്ടു. കാസിം Alias ഷോഗോമാന്‍ 2, എന്ന തീവ്രവാദിയുടെ വെടിയേറ്റ് ആണ് അങ്കിത് പ്രാചി വീരമൃത്യു വരിച്ചതെന്ന് ഇന്ത്യന്‍ മാധ്യമങ്ങളടക്കം സകല അന്താരാഷ്ട്ര മാധ്യമങ്ങളും ഒരുപോലെ റിപ്പോര്‍ട്ട് ചെയ്തു.
-cut to-
Supreme Court of the United States
Washington, Dc 20543
2031, ഏപ്രില്‍ 4
കാലത്തിന്റേയും ചരിത്രത്തിന്റേയും ചില യാദൃച്ഛികതകള്‍ നീതിയുക്തമായ വിധികളിലെത്തിക്കാന് നമ്മളെ സഹായിക്കുമെന്ന് ഞാന്‍ കരുതുന്നു. 106 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതുപോലെ ഏപ്രില്‍ നാലിന് ബര്‍ലിന്‍ ഹൈകോടതിയില്‍ തുര്‍ക്കിയിലെ ഉപ പ്രധാനമന്ത്രിയായിരുന്ന തലാത്ത് പാഷയെ വധിച്ച കുറ്റത്തിന് ഷോഗോമാന്‍ ടെലീരിയനും വിചാരണ നേരിട്ടിരുന്നു. അന്ന് അദ്ദേഹത്തിനുവേണ്ടി വാദിച്ച അര്‍മേനിയന്‍ പുരോഹിതനായ മാര്‍ ഗ്രിഗോറിയസ് കോടതിയെ ധരിപ്പിക്കാന്‍ ശ്രമിച്ചത് അര്‍മേനിയന്‍ വംശഹത്യയില്‍ പ്രിയപ്പെട്ടവര്‍ മരണപ്പെട്ടത് കുഞ്ഞുന്നാളിലെ ഷോഗോമാന്റെ മനോനിലയെ തകരാറിലാക്കിയതുകൊണ്ടാണ്, പ്രതി കുറ്റം ചെയ്തതെന്നും വെറുതെ വിടണമെന്നുമായിരുന്നു. എന്നാല്‍, തന്റെ അഡ്വക്കേറ്റിനെ തള്ളിപ്പറഞ്ഞുകൊണ്ട് പൂര്‍ണബോധ്യത്തോടെയാണ് തലാത്ത് പാഷയെ കൊന്നതെന്നും താനല്ല അയാളാണ് കുറ്റവാളിയെന്നും ഷോഗോമാന്‍ മൊഴി നല്കി.
ഷോഗോമാന്റെ ജീവിതം കേട്ട് അരമണിക്കൂര്‍ കൂടിയോലോചനക്കായി പിരിഞ്ഞ്, അരമണിക്കൂര്‍ ചര്‍ച്ചക്കൊടുവില്‍ കോടതി വീണ്ടും കൂടി. അന്ന്!.. ബര്‍ലിന്‍ ഹൈകോടതി ചരിത്രപ്രസിദ്ധമായ ഒരു വിധി പുറപ്പെടുവിച്ചു, ‘പ്രതിയുടെ കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടു. പക്ഷേ, പ്രതി ശിക്ഷാര്‍ഹനല്ല.’ ഷോഗോമാന്‍ ടെലീരിയനെ പോലെ തന്റെ വളര്ത്തുമകന് കാസിമിനെയും വെറുതെ വിടണമെന്ന് കാര്‍ത്തിക ഖദീജ ജസ്രി ഫൈസ് വാദിച്ചു. ഹിറ്റ്ലറിന് മുമ്പുള്ള ജർമനിയിലെ കോടതി അര്‍മേനിയന്‍ വംശഹത്യക്ക് ഇരയായവരോട് കാണിച്ച ഉന്നതമായ നീതിബോധം, അമേരിക്കയിലെ കോടതിയില്‍നിന്നും താന്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.1925 ഏപ്രില്‍ 4ന് ഷോഗോമാനെ വെറുതെവിട്ട വിധിന്യായമെടുത്തു കാര്‍ത്തിക ഉദ്ധരിച്ചു. ജര്‍മന്‍, ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകളിലായി ആ വിധി പകര്‍പ്പിന്റെ വായന കാര്‍ത്തികയുടെ ശബ്ദത്തില്‍ ഏറെനേരം അവിടമാകെ തങ്ങിനിന്നു.
ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് അങ്കിത് പ്രാചി മുസ്ലിം വംശഹത്യക്ക് നേതൃത്വം നല്കി അധികാരം ദുര്‍വിനിയോഗം ചെയ്തെന്നും 2010ല്‍ ശിഹാബുദ്ദീന് ശൈഖ്, ഭാര്യ കൗസര്‍, കൂട്ടാളി ശാന്താറാം പ്രജാപതി എന്നിവരെ നിയമവിരുദ്ധമായി കൊലപ്പെടുത്തിയിട്ടുണ്ടെന്നും വാദത്തിനിടെ കാര്‍ത്തിക ഖദീജ ജസ്രി ഫൈസ് വ്യക്തമാക്കി. പ്രസ്തുത കേസ് വിചാരണ ചെയ്തിരുന്ന ജസ്റ്റിസ് യാഷിനെ കൊലപ്പെടുത്തിയെന്നതും തലാത്ത് പാഷയെ പോലെ കൊല്ലപ്പെടേണ്ട കുറ്റവാളിയാണ് അങ്കിത് പ്രാചിയും എന്ന കാസിമിന്റെ വാദത്തെ Supreme Court of the United States അംഗീകരിക്കാനുള്ള കാരണങ്ങളായി മാറി. 1925 ഏപ്രില്‍ നാലിന് ബര്‍ലിന്‍ കോടതി ഷോഗോമാനെ വെറുതെ വിട്ട പോലെ 2031 ഏപ്രില്‍ നാലിന് കാസിം Alias ഷോഗോമാന്‍ രണ്ടാമനെ Supreme Court of the United States വെറുതെ വിടുന്നു.
-cut to-
2031 ഏപ്രില്‍ 5
ആനപ്പടി.
നസീറയുടെ വീടും പരിസരവും
മുന്‍ ഇന്ത്യന്‍ ആഭ്യന്തര വകുപ്പ് മന്ത്രി അങ്കിത് പ്രാചിയെ വധിച്ച ഷോഗോമാന്‍ രണ്ടാമനെ Supreme Court of the United States, ചീഫ് ജസ്റ്റിസ് പാട്രിക്കിന്റെ ബെഞ്ച് വെറുതെ വിട്ടു. ഈ വാര്‍ത്ത ടെലിവിഷനില്‍ നസീറ കാണുകയാണ്. വാര്‍ത്തയിലെ ദൃശ്യങ്ങളില്‍ കണ്ട ചെറുപ്പക്കാരനെ മുമ്പ് എപ്പളോ കണ്ട് മറന്നതായൊരു തോന്നല്‍ അന്നേരം അവളില്‍ ശക്തമാകുന്നു. അവള്‍ക്ക് അപ്പോള്‍ കാസിം മൂളാറുള്ള ഫൈസ് അഹമ്മദ് ഫൈസിന്റെയൊരു കവിത ഓർമ വന്നു!..
“ദില്‍ നാം നീദ് നഹി, കുച്ച് ബിനാം മുംകിന് നഹി
ഹുദാസ് ശാം ബദ് രഹീഹേ
ലേകിന് യേ സിര്‍ഫ് ഏക് ശാം ഹേ.
ഹൃദയം പ്രതീക്ഷയറ്റതല്ല.
ഒന്നിനും കഴിയാഞ്ഞിട്ടാണ്.
വിഷാദസായാഹ്നം നീണ്ടുകിടക്കുന്നു.
എങ്കിലും വെറുമൊരു സായാഹ്നമാണിതും.”
Anticlimax
2031 ഏപ്രില്‍ 10
പ്രസ് ക്ലബ് ഡല്‍ഹി
മുന്‍ കശ്മീര്‍ ഗവര്‍ണര്‍ ആനന്ദ് മാലിക് വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് അങ്കിത് പ്രാചിയുടെ കൊലപാതകത്തിന്റെ ആന്റിക്ലൈമാക്സിലെ രഹസ്യങ്ങളുടെ ചുരുള്‍ അഴിയുന്നത്. അങ്കിത് പ്രാചി കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത്, ആനന്ദ് മാലിക് ആയിരുന്നു കശ്മീര്‍ ഗവര്‍ണര്‍. ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കാലത്ത് അവിടത്തെ ഗവര്‍ണറായിരുന്ന അദ്ദേഹത്തെ പുല്‍വാമ ഭീകരാക്രമണത്തിന്റെ അണിയറ കഥകള്‍ പുറത്തുവിട്ടതോടെയാണ് തല്‍സ്ഥാനത്ത് നിന്നും നീക്കംചെയ്യുന്നത്.
പത്രസമ്മേളനത്തില്‍ തെളിവുകള്‍ നിരത്തി അദ്ദേഹം വാദിച്ചത്, അങ്കിത് പ്രാചിയുടെ കൊലപാതകത്തില്‍ മുന്‍ പ്രധാനമന്ത്രി സുരേന്ദ്രനാഥ് മയൂരിനും അദ്ദേഹത്തിന്റെ പാർട്ടിക്കും പങ്കുണ്ടെന്നാണ്. 2028ല്‍ മൃഗീയ ഭൂരിപക്ഷത്തോടെ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് നയിക്കുന്ന I.N.D.I.A മുന്നണി അധികാരത്തിലെത്തി. ഇതോടെ ഭരണം നഷ്ടപ്പെട്ട ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ നാഗ്പൂരില്‍നിന്നും ആസൂത്രണംചെയ്ത് നടപ്പാക്കിയതാണ് അങ്കിത് പ്രാചി വധം എന്നതാണ് ആനന്ദ് മാലികിന്റെ ആരോപണം. അദ്ദേഹത്തിന്റെ ആരോപണത്തെ അടിസ്ഥാനമാക്കിയ ആന്റി ക്ലൈമാക്സോടെ ഷോഗോമാന്‍ 2; എന്ന നിയോനോയര് സിനിമ അവസാനിക്കുന്നു. സുരേന്ദ്രനാഥ് മയൂരിന്റേയും അങ്കിത് പ്രാചിയുടേയും പാർട്ടിയിലെ പ്രമുഖനായിരുന്ന ആനന്ദ് മാലിക്കിന്റേതായി പുറത്തുവന്ന പഴയൊരു അഭിമുഖമാണ് ആന്റിക്ലൈമാക്സിലെ ഈ സാധ്യതയെ ബലപ്പെടുത്തുന്ന കോണ്‍സ്പിരസി തിയറിക്ക് കാരണം.
മണിപ്പൂരിലും ഹരിയാനയിലുമായി ഗവണ്മെന്റ് സ്പോണ്‍സേഡ് കലാപം നടന്നിരുന്ന പശ്ചാത്തലത്തില്‍ 2023 ആഗസ്റ്റ് ഒന്നിന് ആനന്ദ് മാലിക് എന്ന മുന്‍ കാശ്മീര്‍ ഗവര്‍ണര്‍, ഇന്ത്യന്‍ എക്സ്പ്രസിന് കൊടുത്ത അഭിമുഖത്തില്‍, 2024ലെ തെരഞ്ഞെടുപ്പിന് മുമ്പ് അയോധ്യയിലെ രാമക്ഷേത്രത്തിന് നേരെ ഒരു ആക്രമണം നടക്കുമെന്ന് പ്രവചിച്ചിരുന്നു. ആ ആക്രമണത്തില്‍ ഭരണകക്ഷിയിലെ പ്രമുഖനായ ഒരു നേതാവ് കൊല്ലപ്പെടുമെന്നും വെളിപ്പെടുത്തിയിരുന്നു. അന്ന് നടക്കാതെ പോയ ആ പ്ലാന്‍ 2031ല്‍ നടപ്പാക്കിയെന്നാണ് കോണ്‍സ്പിരസി തിയറിക്കാരുടെ വാദം. അടുത്തവര്‍ഷം നടക്കാനിരുന്ന തെരഞ്ഞെടുപ്പില്‍ ഫാഷിസ്റ്റുകള്‍ക്ക് ജയിക്കാന്‍ ഇതല്ലാതെ വേറെ മാർഗമിെല്ലന്നാണ് ഈ ഗൂഢാലോചന സിദ്ധാന്തക്കാരുടെ കണ്ടെത്തല്‍.
-THE END-
* പ്രത്യേക നന്ദി
ഷോഗോമാന്‍ ടെലീരിയനെ കുറിച്ച് സജി മാര്‍ക്കോസ് ട്രൂകോപ്പി തിങ്ക് വെബ്സീനില്‍ സ്ട്രീം ചെയ്ത യാത്രാവിവരണ പരിപാടിക്ക്!