ക്രിമിനൽ താമസിച്ചിരുന്ന വീട്
കടലിലൂടെ കപ്പലുകളും ചെറു ബോട്ടുകളും ഒഴുകി നീങ്ങുന്നത് കാണാം. രാത്രിയുടെ നീല പശ്ചാത്തലത്തിൽ ആഴിയുടെ നേരിയ തിരയിളക്കങ്ങൾക്കു മീതെ ബോട്ടുകളിലെ അലംകൃത ദീപങ്ങൾ. അതിന് മുമ്പായി വലിയ ശ്മശാനമാണ്. പണ്ട് പോർചുഗീസുകാരോട് യുദ്ധംചെയ്ത പടയാളികളുടെ ഖബറിടങ്ങളും ശ്മശാനത്തിലുണ്ട്. സ്മാരകശിലകളിൽ പേരുകൾ ആലേഖനം ചെയ്തിരിക്കുന്നു.താരിഖ് ബിൻ നജ്ജാർ, മാജിദ് അൽ...
Your Subscription Supports Independent Journalism
View Plansകടലിലൂടെ കപ്പലുകളും ചെറു ബോട്ടുകളും ഒഴുകി നീങ്ങുന്നത് കാണാം. രാത്രിയുടെ നീല പശ്ചാത്തലത്തിൽ ആഴിയുടെ നേരിയ തിരയിളക്കങ്ങൾക്കു മീതെ ബോട്ടുകളിലെ അലംകൃത ദീപങ്ങൾ. അതിന് മുമ്പായി വലിയ ശ്മശാനമാണ്. പണ്ട് പോർചുഗീസുകാരോട് യുദ്ധംചെയ്ത പടയാളികളുടെ ഖബറിടങ്ങളും ശ്മശാനത്തിലുണ്ട്. സ്മാരകശിലകളിൽ പേരുകൾ ആലേഖനം ചെയ്തിരിക്കുന്നു.
താരിഖ് ബിൻ നജ്ജാർ, മാജിദ് അൽ ഖൽഫാൻ ഇവരൊക്കെ മുന്നണിപ്പോരാളികളായിരുന്നു. ഒരു കാലത്ത് ബൂഖത്ര റൗണ്ട് എബൗട്ടിനടുത്തുള്ള മരക്കൂട്ടങ്ങൾക്കിടയിൽ രാത്രികാലങ്ങളിൽ ഭജനയിരിക്കുന്നവരുണ്ടായിരുന്നു. പുലരുംവരെ അവിടെ വെളിച്ചം കാണാം, പ്രാർഥനയിൽ മുഴുകിയ ആളുകളെയും. ഒരിക്കൽ അവിടത്തെ ഖബറുകൾ പൊളിച്ച് റോഡ് വികസിപ്പിക്കാൻ വന്നപ്പോൾ ഖബറിനോട് ചേർന്നുള്ള പാറക്കല്ലിൽ പിക്കാസ് തട്ടിയപ്പോൾ ചോരയൊലിച്ചുവെന്ന് ജോലിക്കാർ പറഞ്ഞത്രേ. സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതിയ മുന്നണിപ്പോരാളികളിൽ ഒരാളുടെ ഖബറായിരുന്നു. തൊഴിലാളി അവിടെ ബോധംകെട്ടു വീണു. പണിക്കാർ അതോടെ നിർത്തി.
വാതിലിൽ ആരോ മുട്ടി. ആരാണീ അസമയത്ത്? രാത്രി 12.30 കഴിഞ്ഞുകാണും. തുറക്കണോ വേണ്ടയോ? ലെനിൻ ഒന്ന് കൂടി ആലോചിച്ചു. ഓ വെറുതെ തോന്നുന്നതാവും. തനിച്ചാവുമ്പോൾ ഇങ്ങനെ ഓരോന്ന് തോന്നും. ഫ്ലാറ്റിന്റെ മുകളിലത്തെ നിലയിലെ മുറിയിൽനിന്ന് ചില അപശബ്ദങ്ങൾ. കട്ടിൽ വലിച്ചുനീക്കുന്നതുപോലെ. ചിലങ്കയുടെ കിലുക്കം. കോവിഡ് കാലമല്ലേ. എല്ലാം ഒരുതരം തോന്നലാണ്. അല്ലെങ്കിൽ വിഭ്രാന്തിയാണ്. ഭാര്യയും മകനും നാലു മാസങ്ങൾക്കു മുമ്പാണ് നാട്ടിൽ പോയത്. അവിടെ ക്വാറന്റൈനിൽ കുടുങ്ങി. മട്ടുപ്പാവിൽനിന്ന് നോക്കുമ്പോൾ സെലിനെ അയൽവാസികൾ അവജ്ഞയോടെയാണ് വീക്ഷിക്കുന്നത്. ആളുകൾക്ക് ഒരുതരം വെറുപ്പ്, ഭീതി, അകൽച്ച.
ഇപ്പോൾ കാളിങ് ബെൽ ശക്തമായി അടിക്കുന്നുണ്ട്. ഏത് ഡ്രാക്കുളയായിരിക്കും ഈ പാതിരാത്രിയിൽ? തുറക്കാൻ അൽപം ഭയമുണ്ടെങ്കിലും പീപ് ഹോളിലൂടെ നോക്കി. പ്രേതവും ചെകുത്താനുമൊന്നുമല്ല, സുന്ദരിയായ ഒരു യുവതി. ഒരു തുർക്കിയ യുവതിയുടെ സൗന്ദര്യവും ശരീരവടിവും. വെണ്ണപോലെ വെളുപ്പ്. ചുരുണ്ട മുടിയിഴകൾ. നീല ജീൻസും വെളുത്ത ടീ ഷർട്ടും.
വാതിൽ അൽപം തുറന്ന് ചോദിച്ചു. ‘‘ആരാണ് നിങ്ങൾ?’’
‘‘പറയാം, വാതിൽ തുറക്കൂ.’’ അത് ഒരു ആജ്ഞാശബ്ദംപോലെ തോന്നി. അതനുസരിക്കാതിരിക്കാൻ അയാൾക്കായില്ല.
അവൾ സോഫാസെറ്റിയിൽ ബാക്ക്പാക്ക് ഊരിവെച്ച് ഇരുന്നു. ‘‘എവിടെ ആ കിളിക്കൂട്?’’ അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു.
‘‘കിളിക്കൂടോ, ഏത് കിളിക്കൂട്?’’ ലെനിൻ അലസമായി ചോദിച്ചു.
‘‘ബാൽക്കണിയിൽ ഒരു അസാധാരണ പക്ഷി കൂടുവെച്ചിട്ടില്ലേ?’’
‘‘അസാധാരണ പക്ഷിയോ? അത് നിങ്ങൾക്കെങ്ങനെ അറിയാം?’’
‘‘ഓ, ആരോ പറഞ്ഞുകേട്ടു.’’
‘‘ആര്?’’ ലെനിൻ ചോദിച്ചുതീരും മുമ്പേ അവൾ ബാൽക്കണിയുടെ വാതിൽ തുറന്നു.
‘‘തള്ള ഉപേക്ഷിച്ചുപോയ ഒരു കടൽക്കാക്ക. കാപ്പി നിറത്തിൽ ക്രീം പുള്ളികളുള്ള, വലിയ ശരീരമുള്ള അസാധാരണ കടൽപക്ഷി. ഏകദേശം ഒരു ആൽബട്രോസ് പക്ഷിയോളം വലിപ്പം വരും.’’
‘‘ഇതൊക്കെ നിങ്ങൾക്കെങ്ങനെ അറിയാം?’’
‘‘ആരോ പറഞ്ഞു?’’
‘‘ആര് പറഞ്ഞു?’’
‘‘അതൊക്കെ പോട്ടെ, നിങ്ങളുടെ ഭാര്യയും കുഞ്ഞും നാട്ടിലാണ് അല്ലേ? എനിക്കിവിടെ കുറച്ചു ദിവസത്തേയ്ക്ക് തങ്ങാൻ ഒരു മുറി തന്നുകൂടെ? വെറുതെ വേണ്ട, പൈസ തരാം.’’
‘‘മുറിയൊന്നുമില്ല.’’ മുറി ഒഴിഞ്ഞുകിടപ്പുണ്ടെങ്കിലും കള്ളം പറഞ്ഞു. അപരിചിതയായ ഒരു യുവതിയെ എങ്ങനെ പേയിങ് െഗസ്റ്റായി കൂടെ താമസിപ്പിക്കാനാകും? ഇവർ ഏത് തരക്കാരിയാണെന്ന് എങ്ങനെ അറിയാം, അതും ഭർത്താവ് കൂടെയില്ലാതെ?
‘‘ആട്ടെ, നിന്റെ കെട്ടിയോൻ എവിടെ?’’
‘‘അദ്ദേഹം നാട്ടിലാണ്’’, അവൾ പറഞ്ഞു.
മൊബൈൽ ഫോൺ ചിലച്ചു. ആരാണീ അസമയത്ത്?
‘‘അപ്പാ, ഇത് ഞാനാണ്. അമ്മയ്ക്ക് അസുഖം കൂടുതലാണ്. ബ്രീതിങ്ങിന്റെ പ്രശ്നമുണ്ട്. ശ്വസിക്കാൻ നന്നേ ബുദ്ധിമുട്ടുന്നു.’’
‘‘സംസാരിക്കാമോ?’’
‘‘ഇല്ലെന്ന് തോന്നുന്നു.’’ സെലിൻ ഫോൺ വാങ്ങിച്ചു.
‘‘എന്താ നിങ്ങളുടെ വിശേഷം?’’
‘‘വിശേഷമൊന്നുമില്ല.’’
‘‘ജോലിക്ക് പോകാൻ കഴിയുന്നുണ്ടോ?’’
‘‘റോഡുകളെല്ലാം പോലീസ് ബ്ലോക്ക് ചെയ്തിരിക്കുകയാണ്. അത്യാവശ്യ സർവീസിന് പെർമിറ്റെടുത്ത് പോണം. അതും മെഡിക്കൽ, വളണ്ടിയർ കാര്യങ്ങൾക്ക് മാത്രം.’’
മറുതലക്കൽ അവളുടെ ചുമ വർധിച്ചു.
‘‘നീ മരുന്ന് എടുത്തോ?’’
‘‘അസിത്രോമൈസിൻ കഴിച്ചു. രണ്ടു ദിവസമായി എടുക്കുന്നുണ്ട്. ഇന്നത്തോടെ കഴിയും’’ അവൾ ചുമക്കാൻ തുടങ്ങി.
വീണ്ടും ഫോൺ അടിച്ചപ്പോൾ എടുക്കുന്നുമില്ല.
ബാത്റൂമിൽ ഷവറിന്റെ ശബ്ദം കേൾക്കുന്നു. അൽപം കഴിഞ്ഞ് അവൾ പുറത്തുവന്നു ബാത്റൂം ഡ്രെസാണ് ധരിച്ചിരിക്കുന്നത്. അർധനഗ്നമായ മേനി.
‘‘നിന്നോടാരാ ബാത്റൂമിൽ കയറാൻ പറഞ്ഞത്?’’
‘‘ഞാൻ വളരെ ടയേർഡ് ആണ്. ഒന്ന് കുളിച്ചാൽ ചിലപ്പോൾ ശരിയാകും എന്ന് കരുതി’’, അവൾ പറഞ്ഞു, ‘‘പുറത്തെ ക്ലൈമറ്റ് വളരെ മോശം.’’
ഓഫീസിൽ പോകാൻ കഴിയുന്നില്ല. മിക്കപ്പോഴും വർക്ക് ഫ്രം ഹോം ആണ്. അതി പുലർച്ചെ കാളിങ് ബെല്ലടിച്ചു. തുറന്നു നോക്കുമ്പോൾ അസ്ട്രോനോട്ടുകളെപ്പോലെ രണ്ടുപേർ മുന്നിൽ നിൽക്കുന്നു. കോവിഡിനെ പ്രൊട്ടക്ട് ചെയ്യാനുള്ള വസ്ത്രം ധരിച്ചിരിക്കുകയാണ്, മാസ്കും.
‘‘സാർ, ഞങ്ങൾ എമിഗ്രേഷനിൽനിന്നാണ്. നിങ്ങളുടെ കമ്പനിയുടെ രണ്ട് സ്റ്റാഫിന്റെ വിസയടിച്ച പാസ്പോർട്ടാണ്. കമ്പനി അടഞ്ഞുകിടക്കുന്നത് കണ്ട് ഇങ്ങോട്ട് പോന്നു.’’
ദൽജിത്തിന്റെയും അനീഷിന്റെയും പാസ്പോർട്ടാണ്. ദൽജിത്തിന്റെ അച്ഛൻ സുഖമില്ലാതെ നാട്ടിൽ പോകാൻ നിൽക്കുകയാണ്. ഈ കോവിഡിന് എന്തെങ്കിലും അയവുവരാതെ ൈഫ്ലറ്റുകൾ സർവീസ് തുടങ്ങുമോ എന്തോ?
കഴിഞ്ഞ രണ്ടാഴ്ചയായി ഓഫീസ് അടഞ്ഞു കിടക്കുകയാണ്. ആരും ഓഫീസിൽ വരുന്നില്ല. ആളുകൾ പാനിക് സിറ്റുവേഷനിലാണ്. ചിലരൊക്കെ വർക്ക് ഫ്രം ഹോം. വിസയും വർക്ക് പെർമിറ്റുമൊക്കെ കാലാവധി കഴിയുന്നുമുണ്ട്. വൈകിയാൽ എമിഗ്രേഷന്റെ ഭാഗത്തുനിന്നും ലേബർ മിനിസ്ട്രിയുടെ ഭാഗത്തുനിന്നും ഫൈൻ ഉറപ്പ്. ഓൺലൈനിൽ ഓഫീസിൽ പോകാനുള്ള പെർമിറ്റിന് അപേക്ഷിച്ചു. ചൊവ്വാഴ്ച രാവിലെ 10.30നാണ് പോലീസ് പെർമിഷൻ ലഭിക്കുന്നത്. അതും തക്കതായ കാരണമില്ലാതെയാണ് യാത്ര ചെയ്യുന്നതെന്ന് അവർക്ക് തോന്നിയാൽ പിഴ ഉറപ്പ്. അത് എത്രയാണെന്ന് അവർക്ക് തന്നെയറിയില്ല. ഇടക്കിടെ റൂൾസ് മാറിക്കൊണ്ടിരിക്കുന്നു. അമ്പതിനായിരം ദിർഹം വരെയാണത്രെ ഫൈൻ. ദുബായിലേക്കുള്ള ഏക പാത അടച്ചിരിക്കുകയാണ്. അജ്മാനിലേക്ക് റൂട്ട് മാറ്റി. വ്യവസായമേഖല വഴിക്ക് തിരിച്ചുവന്ന് നാഷനൽ പെയിന്റ് റോഡ് വഴി ദുബായിലേക്ക് കടക്കാമെന്നാണ് കരുതിയത്. അവിടെയും ബാരിക്കേഡ് വെച്ച് പോലീസ് തടഞ്ഞിരുന്നു, അടുത്ത് തന്നെ പോലീസ് വാഹനവുമുണ്ട്.
ഇനിയിപ്പോൾ എന്തുചെയ്യും? കിട്ടിയ പെർമിറ്റിന്റെ സമയം കഴിയാൻ 15 മിനിറ്റേ ബാക്കിയുള്ളൂ. ഏതാനും അക്കേഷ്യാ മരങ്ങളും ഗാഫ് മരങ്ങളും തണൽ വിരിച്ചുനിൽക്കുന്ന ഭാഗത്തേക്ക് കാർ ഒതുക്കി. അത് പാർക്ക് ചെയ്യാനുള്ള ഒരിടമല്ല. ഫൈൻ ലഭിക്കാനുള്ള സാധ്യതയുണ്ട്. ശ്വാസമടക്കിപ്പിടിച്ചാണ് വണ്ടിയിലെ ഇരിപ്പ്. 15 മിനിറ്റ് കഴിഞ്ഞപ്പോൾ പുതിയ പെർമിറ്റിന് വീണ്ടും അപേക്ഷിച്ചു. ഭാഗ്യത്തിന് അത് അപ്പോൾതന്നെ പാസായി. വീണ്ടും റൂട്ട് മാറ്റിപ്പിടിച്ച് ഒരുവിധം ബിസിനസ് ബേയിലുള്ള ഓഫീസിലെത്തി. അതിപ്പോൾ ഒരു പ്രേതഭവനമാണ്, എങ്ങും ഒച്ചയനക്കങ്ങളില്ല.
ഒരു പൂച്ചയുടെ കരച്ചിൽ കേട്ടു. വൈരക്കല്ലുകൾപോലെ തിളങ്ങുന്ന കണ്ണുകളുള്ള കറുത്ത പൂച്ച. വാ തുറക്കുമ്പോൾ മുന്നിലെ കൂർത്ത ദംഷ്ട്രങ്ങൾ നീണ്ടുവരുന്നു. നാവിൽനിന്ന് ചോരയിറ്റുന്നുണ്ടോ? ഏതെങ്കിലും ചെറുജീവികളെപ്പോലും വേട്ടയാടാൻ ഈ കെട്ടിടത്തിൽ അങ്ങനെയൊന്നും തന്നെയില്ല. പൂച്ച തുറിച്ചു നോക്കുകയാണ്, അടുത്ത നിമിഷം അത് തന്റെ നേരെ ചാടിവീഴുമെന്ന് ഭയപ്പെട്ടു. ഓഫീസ് മുറിയുടെ വാതിലടച്ചിട്ട് അത്യാവശ്യം ചെയ്തുതീർക്കാനുള്ള ജോലിയിൽ മുഴുകി.
പൂച്ചയുടെ കരച്ചിൽ കേൾക്കുന്നുണ്ട്. അത് പുറത്തുതന്നെയുണ്ടാകണം. വീണ്ടും ജോലികൾ തുടർന്നു. 70 നിലകളുള്ള കെട്ടിടമാണ് വെല്ലിങ്ടൺ ടവർ. തൊട്ടടുത്ത് ഹോട്ടൽ ഒബ്റോയ്. നാൽപതാമത്തെ നിലയിലാണ് കനേഡിയൻ എയർലൈൻസിന്റെ ദുബൈയിലെ ഓഫീസ്. ഓഫീസിലിപ്പോൾ ലെനിനൊഴികെ മറ്റാരുമില്ല. കെട്ടിടത്തിലെ ലൈറ്റുകളെല്ലാം ഓഫായതുകൊണ്ട് ഇരുട്ടിന്റെ കടലാണ്. തന്റെ ഓഫീസ് മുറിയിൽ മാത്രമേ ഇപ്പോൾ പ്രകാശമുള്ളൂ. എതിർഭാഗത്തെ ചില്ലുജാലകത്തിലൂടെ നോക്കുമ്പോൾ റോഡുകളിൽ വാഹനങ്ങളില്ല. 24 മണിക്കൂറും അണമുറിയാത്ത, ഒഴുകുന്ന വാഹനങ്ങളായിരുന്നു. ആറുവരിപ്പാതയാണ്. മറുവശത്തും കൂടിയാൽ 12 വരിപ്പാത.
എല്ലാം ശൂന്യം. അങ്ങിങ്ങ് ഒറ്റപ്പെട്ട പോലീസ് വാഹനങ്ങളും ആംബുലൻസുകളും മാത്രം. ഈ നഗരം ഇത്രയും വിജനമായി മുമ്പ് കണ്ടിട്ടില്ല. വാഹനങ്ങൾ മാത്രമല്ല ആളുകളെയും പുറത്തു കാണുന്നില്ല. എല്ലാവരും വീടിനകത്ത് അടച്ചുപൂട്ടിയിരിപ്പാണ്. എന്തെങ്കിലും അസുഖങ്ങൾ വന്നാലും ആരെങ്കിലും ക്ലിനിക്കിൽ പോവുകയോ ഡോക്ടറെ ഫോണിൽ വിളിച്ച് ടെലികൺസൽട്ടേഷൻ നടത്തുകയോ ചെയ്യുന്നില്ല. കോവിഡ് സംശയിച്ചാൽ ഉടനെ പോലീസും ആംബുലൻസും വന്ന് അന്യഗ്രഹ ജീവിയെ ലഭിച്ചതുപോലെ കൂട്ടിക്കൊണ്ടുപോകും.
അങ്ങകലെ ജുമൈറ ബീച്ച് കാണാം. ബീച്ച് ശൂന്യമാണ്. കടൽത്തീരത്ത് ആരും തന്നെയില്ല. ചെറിയ ബോട്ടുകളോ കപ്പലുകളോ കാണാനില്ല. ഇതെന്താണ്? ലോകാവസാനമാണോ? കോവിഡ് മഹാമാരി ലോകമൊട്ടാകെ എല്ലാ രാജ്യങ്ങളിലും അതിന്റെ പിടിമുറുക്കിയിരിക്കുകയാണ്. ഒരു ചെറിയ വൈറസിന് പടയും പട്ടാളവുമൊന്നുമില്ലാതെ തന്നെ ഒരു മനുഷ്യനെ എങ്ങനെ കീഴടക്കാം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം. അതല്ലെങ്കിൽ ലോകം എങ്ങനെ കൈപ്പിടിയിലൊതുക്കാം എന്നതിന്റെ നഗ്നമായ ഉദാഹരണം.
‘‘പ്രതിരോധശേഷി കുറഞ്ഞ ഒരു മനുഷ്യനെ വൈറസ് കീഴടക്കുന്നു’’, ഡോക്ടർ അലക്സിന്റെ വാക്കുകൾ. ‘‘നിങ്ങൾ ഒരു ആസ്ത്മ രോഗിയാണെങ്കിൽ നിങ്ങളുടെ ശ്വാസകോശത്തെയോ ബ്രോങ്കയ്സിനെയോ വൈറസ് നശിപ്പിക്കുന്നു. ഏത് രോഗാവസ്ഥയെയും തിരിച്ചറിഞ്ഞു വൈറസ് എളുപ്പത്തിൽ ആക്രമിക്കുന്നു. അതുകൊണ്ടാണ് ചിലർ പറയുന്നത് കോവിഡ് അല്ല ആളുകളെ കൊല്ലുന്നത് മറിച്ച് ഒരാളിലുള്ള മറ്റു രോഗമാണ് രോഗിയെ കൊല്ലുന്നതെന്ന്.’’
അഡ്വക്കറ്റ് ഫസൽ റഹ്മാൻ, ആറ്റുപുറത്തുകാരൻ അബ്ദുൽ ഗഫൂർ. അങ്ങനെ എണ്ണിയാലൊടുങ്ങാത്ത നമ്പറുകൾ. അകാല മരണങ്ങൾ. ഫ്ലാറ്റിലെത്തിയപ്പോഴേ രാത്രി ഒമ്പതു മണി കഴിഞ്ഞിരുന്നു. തൊട്ടപ്പുറത്ത് കടലാണ്, കടലിന്റെ കൈവഴി വന്ന് ഒരു തടാകം രൂപപ്പെട്ടിരിക്കുന്നു. ഇതുപോലെ നിരവധി ഉൾക്കടലുകൾ ഇവിടെയുണ്ട്. അതുകൊണ്ടാകാം ഗൾഫ് എന്നറിയപ്പെടുന്നത്. വിശാലമായ സെമിത്തേരിയാണ്. സെമിത്തേരിയിൽ നിരവധി സ്മാരകശിലകളുണ്ട്. ഓരോ ശിലകളിലും പരേതന്റെ പേരും ജനന മരണ തീയതികളും രേഖപ്പെടുത്തിയിരിക്കുന്നു. ഈയിടെയായി സ്മാരക ശിലകൾ കൂടിവരുന്നു. പണ്ട് പോർചുഗീസുകാരോട് പോരാടി രക്തസാക്ഷികളായവരുടെ ഖബറുകളും അവിടെയുണ്ട്.
അതിനുമപ്പുറത്ത് രാത്രിയുടെ നീല പശ്ചാത്തലത്തിൽ കപ്പലുകളുടെയും ബോട്ടിന്റെയുമൊക്കെ വിളക്കുകൾ കാണാം. എണ്ണത്തിൽ വളരെ കുറവാണ്. ആൽബട്രോസ് പക്ഷികൾ വലിയ ചിറക് വീശി ഉരുക്കളോടൊപ്പം സഞ്ചരിക്കുന്നു. തങ്ങളുടെ യാനത്തിനെ ആൽബട്രോസുകൾ അനുഗമിക്കുന്നത് ഭാഗ്യമായി കരുതുന്ന കപ്പിത്താന്മാർ. മുറിയിൽ വെളിച്ചമൊന്നും കാണുന്നില്ല. അവൾ വന്നില്ലേ? കുളിച്ച് ഷേവിങ് കഴിഞ്ഞു വലിയ കണ്ണാടിക്ക് മുന്നിൽ മുടി ചീകാൻ തുടങ്ങി. പുറകിൽ ആരോ ഉണ്ട്. അതെ അവൾതന്നെ. പേയിങ് ഗസ്റ്റ് തുർക്കിയയിലെ മാദക സുന്ദരി. എത്ര പെട്ടെന്നാണ് അവളുടെ കണ്ണുകൾ ചുവന്ന് വിടർന്നത്. ദംഷ്ട്രങ്ങൾ നീണ്ടുവന്നു. ഒരു കടവാതിലിനെപ്പോലെ അവൾ തന്റെ കഴുത്തിൽ പതിച്ചു. കോമ്പല്ലുകൾ ആഴ്ത്തി. രക്തം കിനിഞ്ഞൊഴുകാൻ തുടങ്ങി. ആർത്തിയോടെ അവൾ രക്തം കുടിക്കുന്നത് ലെനിൻ കണ്ണാടിയിലൂടെ കണ്ടു.
‘‘ഹേയ്, ദിലാറാ നീയെന്താണീ കാണിക്കുന്നത്?’’ അയാൾ അവളുടെ രണ്ടു കൈകളും കൂട്ടിപ്പിടിച്ചു. ആ കൈകൾക്ക് ഉരുക്കിന്റെ ശക്തിയുള്ളതായി തെറപ്പിസ്റ്റ് കൂടിയായ ലെനിന് ബോധ്യമായി. നിമിഷങ്ങൾകൊണ്ട് അവൾ മാറിനിന്നു. സുന്ദരിയായ ഒരു പെൺകുട്ടിയെപ്പോലെ ചിരിച്ചു.
‘‘ഹേയ്, വാട്ട് ഹാപ്പെൻഡ്? നിനക്കിതെന്ത് പറ്റി?’’
‘‘എനിക്കറിഞ്ഞൂടാ. എന്താണ് സംഭവിച്ചതെന്ന് എനിക്കറിഞ്ഞൂടാ. ഞാൻ നിനക്കെന്തെങ്കിലും പ്രശ്നമുണ്ടാക്കിയോ? സോറി ലെനിൻ...’’
നാട്ടിൽനിന്ന് കാൾ വന്നു. വീഡിയോ കാൾ ആണ്. ‘‘അപ്പാ, അമ്മയുടെ സംസ്കാര ചടങ്ങാണ്.’’ ജെറോം, സെലിനുവേണ്ടി തീർത്ത ശവക്കല്ലറയും ശരീരം അതിലേക്ക് അടക്കം ചെയ്യുന്നതും കാണിക്കുന്നു. അയാൾ പൊട്ടിക്കരഞ്ഞു. ഇരുകൈകളുംകൊണ്ട് തലക്കടിച്ചു. ‘‘ഹോ ദൈവമേ, എത്ര നശിച്ച ജന്മമാണ് എന്റേത്?’’ ശവസംസ്കാര ചടങ്ങുകൾ ഏറെനേരം കണ്ടുനിൽക്കാൻ അയാൾക്കായില്ല. അവളുടെ മൂക്കിലെ വെളുത്ത പഞ്ഞിയിൽ ലെനിന്റെ ബോധാവസ്ഥ തകിടം മറിഞ്ഞു. ജീവിതം എത്ര നിസ്സാരമാണെന്ന് ചിന്തിക്കാൻ തുടങ്ങുന്നതിനുമുമ്പേ അയാളുടെ കാഴ്ചകൾ ശൂന്യമായി. ആരോ തന്നെ താങ്ങുന്നതായി അയാൾക്ക് തോന്നി.
തണുത്ത വെള്ളം മുഖത്ത് വീണപ്പോൾ ബോധം പതിയെ തെളിഞ്ഞു. മുന്നിൽ സുന്ദരിയായ ദിലാറയുടെ രൂപം. തണുത്ത വെള്ളം അൽപം കുടിക്കാൻ തന്ന ശേഷം അവൾ വീണ്ടും ജ്യൂസുമായി വന്നു. അയാൾ ചിന്തിക്കുകയായിരുന്നു. എന്താണ് ജീവിതത്തിന്റെ അർഥം. മരിക്കണമെന്ന് വിചാരിക്കും, മരിക്കില്ല. ജീവിക്കണമെന്നാഗ്രഹിക്കും പക്ഷേ, ജീവിക്കുകയുമില്ല. ഇത് വല്ലാത്തൊരു പ്രതിസന്ധിതന്നെ, ഒരുതരം ഞാണിന്മേൽ കളി. പിറ്റേന്ന് അവളെ കണ്ടില്ല. അവൾക്കിതെന്തുപറ്റി? അടുക്കളയിൽ സിങ്കിനടുത്ത് വലിയ ഉണങ്ങിയ രക്തപ്പാടുകൾ കാണുന്നുണ്ട്. ഈ ഫ്ലാറ്റിൽ താമസം തുടങ്ങിയപ്പോഴേ അത് ശ്രദ്ധിച്ചതാണ്. മീൻ വെട്ടുമ്പോൾ ചുമരിലേക്ക് ചോര തെറിച്ചതാകാം എന്നാണ് ആദ്യം വിചാരിച്ചത്.
ഒരു അക്രമി അയാളുടെ ഭാര്യയുടെ നെഞ്ചിൽ കഠാരയാഴ്ത്തിയത് ആയിക്കൂടെ. അവളുടെ രക്തം ചിതറിത്തെറിച്ചുകാണില്ലേ? ഒരു നിലവിളി ആ ഫ്ലാറ്റിൽ മറ്റാരും കേൾക്കാതെ അലയടിച്ചു കാണില്ലേ? തനിക്ക് മുമ്പേ ഈ ഫ്ലാറ്റിൽ താമസിച്ചിരുന്നവൻ ഒരു ക്രിമിനൽ ആയിരുന്നോ? ഒന്നുകിൽ ഭാര്യ, അല്ലെങ്കിൽ അയാളുടെ കാമുകി. രണ്ടായാലും ഒരു ദുർമരണം അവിടെ നടന്നിരിക്കണം. വാച്ച്മാൻ യാക്കൂബാണ് പറഞ്ഞത് 143-എൻ നമ്പർ ഫ്ലാറ്റിൽ (അതായത് ഇപ്പോൾ ലെനിൻ താമസിക്കുന്ന ഫ്ലാറ്റിൽ) താമസിച്ചിരുന്നയാളെ പോലീസ് വിലങ്ങുവെച്ച് കൊണ്ടുപോകുന്നത് കണ്ടിരുന്നുവെന്ന്. വെളുത്ത് വീതികൂടിയ ചുമലുകളുള്ള ആജാനുബാഹുവായ ഒരാൾ. മുടി നീട്ടിവളർത്തി ചുരുട്ടിക്കെട്ടി റബ്ബർ ബാൻഡിട്ടിരിക്കുന്നു. ഒരു കാതിൽ വെള്ളിയുടെ വളയം. കൊണ്ടുപോകാൻ വന്ന പോലീസുകാരേക്കാൾ ഉയരമുണ്ടായിരുന്നു അയാൾക്ക്.
വലതു കൈത്തണ്ടയിൽ വലിയ ഡ്രാഗൺ രൂപം പച്ച കുത്തിയിട്ടുണ്ട്. മൊബൈൽ ഫോണിന്റെ ശബ്ദം ഓർമകളിൽ നിന്നുണർത്തി.
‘‘ഹെലോ, ഞാനാണ് ജയൻ. ഫ്ലാറ്റിന് താഴെയുണ്ട്.’’
‘‘ശരി, ഞാൻ ഫ്ലാറ്റിൽ തന്നെയുണ്ട്.’’
‘‘ഓക്കേ.’’
പതിവുപോലെ ഫ്ലാറ്റിലേക്ക് വരുമ്പോൾ ജയന്റെ ചുമലിൽ കറുത്ത റഷ്യൻ പൂച്ചയുമുണ്ട്. ലിങ്ക്സിന്റെ (Lynx) ബ്രീഡാണ്. അസ്സൽ വേട്ടക്കാരൻ. കൂർത്ത് വലിയ ചെവികളാണ്. നല്ല തിളങ്ങുന്ന ബ്രൗണിഷ് മഞ്ഞനിറം. പ്രബലമായ പേശികൾ. ജയൻ തലയിൽനിന്ന് നീളൻ തൊപ്പി വലിച്ചൂരി. ‘‘പുറത്ത് കഠിനമായ തണുപ്പ്’’ അവൻ കൈകൾ കൂട്ടിത്തിരുമ്മി.
‘‘നീ എങ്ങനെയാണ് വന്നത്?’’
‘‘അബുദാബിയിൽനിന്ന് ഡ്രൈവറില്ലാ ടാക്സിയിൽ. ആപ്പുവഴി മെസേജ് ചെയ്തപ്പോൾ കാർ തുറക്കാനുള്ള പാസ് കോഡ് കിട്ടി. വണ്ടിയിൽ കയറിയിരുന്നു ലൊക്കേഷൻ സെറ്റ് ചെയ്തു. സീറ്റ് ബെൽറ്റിട്ടു. പിന്നെ എല്ലാം സേഫ്. ADCB ബാങ്കിന്റെ കാർഡ് വഴി പേയ്മെന്റും അടച്ചു.’’
‘‘കൊള്ളാം, നന്നായി. നീ എന്തേലും കഴിച്ചോ?’’
‘‘ഒരു ഡബിൾ ഓംലെറ്റ് വേണം, ബ്രെഡ്ഡും. തൽക്കാലം അത് മതി.’’
ജയൻ ഫ്രിഡ്ജ് തുറന്ന് ഹെയ്നെകെൻ ബിയർ എടുത്ത് പൊട്ടിച്ചു. ‘‘എടാ, നീ വിശേഷമറിഞ്ഞോ? അബുദാബിയിൽ നിന്നിപ്പോൾ ‘ജെറ്റ്മാൻ’ വഴിയും വരാം. കാർബൺ ഫൈബർ ചിറകുകൾ, അതിന് പവർ കൊടുക്കാൻ നാല് മിനി ജെറ്റ് എൻജിനുകൾ. എടുത്ത് ഘടിപ്പിക്കുക, പ്രവർത്തിപ്പിക്കുക. പറക്കാം. ഉയർന്നു പറന്ന് പക്ഷികളെപ്പോലെ ഉല്ലസിച്ച് നിന്റെ ദുബായിലെ ഫ്ലാറ്റിൽ വന്നിറങ്ങാം.’’
‘‘അതിന് പരിശീലനം വേണ്ടേ? നല്ല പൈസയും വേണ്ടിവരില്ലേ?’’
ചെറിയ പരിശീലനമൊക്കെ വേണം. വാടക അൽപം കൂടുതലാണ്. അതൊക്കെ കമ്പനി പേ ചെയ്തോളും. ങാ, പിന്നെ നിന്റെയീ കടൽക്കാക്കയുടെ കുഞ്ഞ് ഇതുവരെയും പറന്നുപോയില്ലേ? ഒത്തിരിയായല്ലോ കൂട്ടിൽ തന്നെയിരിക്കാൻ തുടങ്ങിയിട്ട്. ഇപ്പോൾ തള്ളപ്പക്ഷി വരാറുണ്ടോ?’’
ജയൻ താടി തടവിക്കൊണ്ട് ബാൽക്കണിയുടെ വാതിൽ തുറന്നു. വള്ളിക്കോളാമ്പി പൂത്തുലഞ്ഞു നിൽക്കുന്നു. അരളിപ്പൂക്കളും. അതിനിടയിൽ ചെറിയ ചുള്ളിക്കമ്പുകൾകൊണ്ട് തീർത്ത കൂട്. രണ്ടു കുട്ടികളിൽ ഒന്ന് കഴിഞ്ഞ മാസംതന്നെ പറന്നുപോയിരുന്നു.
‘‘ചിറകുകൾക്ക് നല്ല ബലമുണ്ട്.’’ ജയൻ പക്ഷിക്കുഞ്ഞിന്റെ കാപ്പിനിറത്തിൽ ക്രീം പുള്ളികളുള്ള ചിറക് നിവർത്തിപ്പിടിച്ചുകൊണ്ട് പറഞ്ഞു. ‘‘ഗ്രേറ്റ് ഗൾ ഇനത്തിൽപെട്ട കടൽക്കാക്കയുടെ കുഞ്ഞാണ്. സാധാരണ ഇവ കടലിലെ ചെറുദ്വീപുകളിലും പാറകളിലുമൊക്കെയാണ് മുട്ടയിടുന്നത്. ചിലപ്പോൾ ആളൊഴിഞ്ഞ പുൽമേടുകളിലും കൂട് വെക്കാറുണ്ട്. ആൾപ്പാർപ്പുള്ള ഒരിടത്ത് അപൂർവമാണ്.’’
‘‘കടൽ അടുത്തായതുകൊണ്ടായിരിക്കും’’, ലെനിൻ ചിരിച്ചു.
ബാൽക്കണിയിലൂടെ കടൽക്കര കാണാം. പല വർണങ്ങളിൽ ഒഴുകുന്ന ചെറുബോട്ടുകൾ. ആകാശം നക്ഷത്രഖചിതമായ ഒരു നീലക്കമ്പളം വിരിച്ചിരിക്കുന്നു. കടൽത്തീരത്തിന് മുമ്പായുള്ള സെമിത്തേരിയിൽ, നേരിയ നിലാവിൽ മീസാൻ കല്ലുകൾ അവ്യക്തമായി കാണാം. ഒരു പുള്ളിനത്ത് ഗാഫ് മരത്തിന്റെ ചില്ലയിൽ വന്നിരുന്ന് കൂവി വിളിക്കാൻ തുടങ്ങി. അത് അന്തരീക്ഷത്തിൽ ഭീതിയുണർത്തി. ഈ സെമിത്തേരിയിൽ കുറുക്കന്മാർ, ലിങ്ക്സ് (Lynx), കോക്കാൻ തുടങ്ങി നിരവധി വന്യജീവികൾ പാർക്കുന്നതായി നേരത്തേ ഒരു ഇംഗ്ലീഷ് പത്രം ഫീച്ചർ എഴുതിയിരുന്നു.
ഞരക്കം കേട്ടാണ് മുറിയിലേക്ക് ചെന്നത്. ജയൻ ബെഡിൽ മുഖം കുത്തിക്കിടക്കുന്നു. ആ കാഴ്ച വളരെ ഭീതിദമായിരുന്നു. ലെനിൻ അത് കണ്ട് ഞെട്ടി പുറകോട്ട് മാറി. കഴുത്തിലെ മുറിവിൽനിന്ന് ചോരയൊഴുകി ബെഡ്ഷീറ്റിൽ തളംകെട്ടിയിരിക്കുന്നു. ആരായിരിക്കും ഇത്? ഇത് അവൾതന്നെയാകും. അല്ലാതെയാര്? പക്ഷേ, അവിടെയൊന്നും ആരെയും കണ്ടതുമില്ല. ജാലകത്തിലൂടെ രാത്രിയുടെ നീല കാൻവാസും കാണാം. നത്തിന്റെ നിലവിളി ഇടവിട്ടുയരുന്നുണ്ട്. തലതെറിച്ച കാറ്റ് തുറന്നിട്ട ജാലകത്തിലൂടെ വന്ന് ജനൽവിരികൾ ഉലക്കുന്നുണ്ട്. കാറ്റിന് ഉപ്പിന്റെ ഗന്ധം. പുറത്ത് ഒരു രൂപം അനങ്ങിയോ? നോക്കി പേടിച്ചപോലെ കരഞ്ഞു.
ലെനിന്റെ വലത് ചുമലിൽ ആരോ തൊട്ടു. ഭയപ്പാടോടെ തിരിഞ്ഞുനോക്കുമ്പോൾ, അതെ അവൾ തന്നെ. കണ്ണുകൾക്ക് എന്തൊരു പ്രകാശം! തീപ്പന്തങ്ങൾപോലെ. കോമ്പല്ലുകൾ നീണ്ട് വളർന്നിരിക്കുന്നു. ചോരയിറ്റുന്നുണ്ട്. ‘‘അതെ, ഞാനവനെ കൊന്നു. എത്രയോ നാളായി ഞാനവനെ തേടി നടക്കുകയായിരുന്നു. ബാൽക്കണിയിലൂടെ പറക്കാൻ കഴിയാതെയിരിക്കുന്ന കടൽക്കാക്കയുടെ കുഞ്ഞിനടുത്തുകൂടെ, മഞ്ഞ കോളാമ്പി പൂക്കൾ തലോടിക്കൊണ്ട് അവൾ പതിയെ താഴോട്ട് ചാടി. പിന്നീട് മീസാൻ കല്ലുകൾക്ക് മുകളിലൂടെ ഒരു കാറ്റായി അവൾ ഒഴുകിനീങ്ങുന്നത് ലെനിൻ തെല്ലമ്പരപ്പോടെ നോക്കിനിന്നു. അൽപം കഴിഞ്ഞു ജയൻ കിടന്ന മുറിയിലേക്ക് ചെന്നു. ശ്വസിക്കുന്നുണ്ട്. പതിയെ എഴുന്നേറ്റിരുത്തി തണുത്ത വെള്ളം കൊടുത്തു. കഴുത്തിലെ ചോര തുടച്ചുകളഞ്ഞു. ‘‘എന്താണിത്? എന്താ പറ്റിയത്?’’ ഭയന്ന് വിറയാർന്ന ശബ്ദത്തിൽ ജയൻ ചോദിച്ചു.
‘‘പറയാം എല്ലാം പറയാം. ലെനിൻ കറുത്ത പൂച്ചയുടെ നേരെ നോക്കി. മരതകക്കല്ലുകൾപോലെ കണ്ണുകൾ തിളങ്ങുന്നു. ജയൻ അതിന്റെ നേരെ കൈനീട്ടിയെങ്കിലും പൂച്ച മുന്നോട്ടു കുതിച്ചു, ബാൽക്കണിയിലെത്തി. അൽപനേരം പറക്കാൻ കഴിയാതെയിരിക്കുന്ന കടൽക്കാക്കയുടെ കുഞ്ഞിനെ തുറിച്ചുനോക്കി. കിളി പതിയെ കൊമ്പിൽനിന്ന് ചാടി അഗ്രഭാഗത്തേക്ക് നീങ്ങി. അപ്പോൾ ലെനിന് അൽപം ഭയം തോന്നി, പ്രയാസവും.
ഇനിയും മുന്നോട്ടുനീങ്ങിയാൽ പക്ഷിക്കുഞ്ഞ് പതിനാലാമത്തെ നിലയിൽനിന്നും താഴോട്ട് പതിക്കും. അതോടെ ഛിന്നഭിന്നമാകും. കാരണം അതിന്റെ ചിറകുകൾക്ക് പറക്കാനുള്ള കരുത്തില്ല. അതുകൊണ്ടാകാം ഏതാനും മാസങ്ങളായി കൂട്ടിൽതന്നെ ഇരിക്കുന്നത്. അതല്ലെങ്കിൽ കിളിക്കുഞ്ഞിന് താഴോട്ട് നോക്കുമ്പോൾ ഉണ്ടാകുന്ന ഭയംകൊണ്ടാണോ? തള്ളപ്പക്ഷിക്ക് കുഞ്ഞിനെ പറക്കൽ പഠിപ്പിക്കാനുള്ള സൗകര്യം കുറവാണ്. ഒരു മരത്തിന്റെ ചില്ലയിൽനിന്ന് മറ്റു ചില്ലയിലേക്കോ തൊട്ടടുത്ത മരത്തിലേക്കോ ചെറുതായി പറന്നാണ് ഇവ പരിശീലിക്കുന്നത്. ഒരു ബിൽഡിങ്ങിന്റെ ഫ്ലാറ്റിൽ പക്ഷികൾക്ക് പരിമിതിയുണ്ട്.
പൂച്ച കടൽക്കാക്കയുടെ കുഞ്ഞിന് നേർക്ക് കുതിച്ചുചാടി. ചെടിയുടെ ചില്ലകൾ ആടിയുലഞ്ഞു. കിളി താഴോട്ട് ചാടി. ചുരുട്ടി കൂട്ടിയെറിഞ്ഞ കടലാസ് കഷണം കണക്കെ അത് താഴോട്ട് മെല്ലെ മെല്ലെ പൊയ് ക്കൊണ്ടിരുന്നു. കുറച്ചുകഴിഞ്ഞപ്പോൾ ചിറകടിച്ചു പറക്കാനുള്ള ശ്രമം നടത്തി, ഫലിച്ചില്ല. അൽപംകൂടി കഴിഞ്ഞാൽ തറയിൽ ചെന്നിടിച്ചു തകരും. പൊടുന്നനെ ആരോ ചിറകുകൾക്ക് കരുത്തു പകരുന്നതുപോലെ ഉയർന്നു പറക്കാൻ തുടങ്ങി. പിന്നീട് കിളി ആവേശത്തോടെ മീസാൻ കല്ലുകൾക്ക് മുകളിലൂടെ നീല ആകാശത്തിലൂടെ അനായാസം പറന്നുകൊണ്ടിരുന്നു. അനേകം അനേകം നക്ഷത്രങ്ങൾ കണ്ണ് ചിമ്മുകയും തുറക്കുകയും ചെയ്തുകൊണ്ടിരുന്നു. ശാന്തമായ ഒരു കടൽക്കാറ്റ് ചിറകുവീശിയെത്തി. ഉപ്പിന്റെ മണം പകർന്നു.
മുറിയിൽ വീണ്ടും തിരികെ ചെന്നപ്പോൾ ചലനമറ്റപോലെ കിടക്കുന്ന ജയന്റെ ശരീരമാണ് കണ്ടത്. അവന്റെ പൂച്ച മൂക്കിൽ മണംപിടിക്കുന്നുണ്ട്. കരയുന്നുണ്ട്. ശ്വാസം നിലച്ചിരിക്കുന്നു. കണ്ണുകൾ അടഞ്ഞിട്ടില്ല. എന്തോ പറയാൻ ബാക്കിവെച്ചതുപോലെ. ചുണ്ടുകൾ എന്തോ പറയാൻ തുടങ്ങുന്നതുപോലെ. പൂച്ച അവന്റെ കവിളിൽ തട്ടിയുണർത്താൻ ശ്രമിക്കുന്നുണ്ട്.