പെയ്ത്ത്
വെള്ളത്തിന്റെ വിടവില്‍ മുറിച്ചൊഴുകുമ്പോള് ആദ്യം തണുപ്പിന്റെ ഒരു ഓര്‍മയുണ്ടാവും. പതിയെ ശരീരവും വെള്ളവും ഒന്നാവും. വെള്ളത്തിന്റെ അണുവില്‍ ശരീരം മീന്മുറിവായി പൊങ്ങുകയും താഴുകയും ചെയ്യും. ഇപ്പോള്‍ പച്ചയും നീലയും കൂടിക്കലര്‍ന്ന നിറം കണ്ണിലേക്കൊഴുകും. അവള് ഇത്രയും കാലം എടുക്കാത്ത ശ്വാസം മുഴുവനെടുക്കുക അപ്പോഴാണ്.ശ്വാസം അടക്കിപ്പിടിച്ചു ഈയിടെ കുറെ നേരം...
Your Subscription Supports Independent Journalism
View Plansവെള്ളത്തിന്റെ വിടവില്‍ മുറിച്ചൊഴുകുമ്പോള് ആദ്യം തണുപ്പിന്റെ ഒരു ഓര്‍മയുണ്ടാവും. പതിയെ ശരീരവും വെള്ളവും ഒന്നാവും. വെള്ളത്തിന്റെ അണുവില്‍ ശരീരം മീന്മുറിവായി പൊങ്ങുകയും താഴുകയും ചെയ്യും. ഇപ്പോള്‍ പച്ചയും നീലയും കൂടിക്കലര്‍ന്ന നിറം കണ്ണിലേക്കൊഴുകും. അവള് ഇത്രയും കാലം എടുക്കാത്ത ശ്വാസം മുഴുവനെടുക്കുക അപ്പോഴാണ്.
ശ്വാസം അടക്കിപ്പിടിച്ചു ഈയിടെ കുറെ നേരം വെള്ളത്തില്‍ പതുങ്ങാനാവുന്നുണ്ട്. സ്ത്രീകളുടെയും പുരുഷന്മാരുടെയും നഗ്നമായതും, അല്ലെങ്കില്‍ പാന്റില്‍ പൊതിഞ്ഞതുമായ കാലുകള്‍ ചുറ്റും ഒഴുകിപ്പരന്നു നടക്കുന്നു. അവയില്നിന്നകന്നു ചെറുതായി കാലുകള്‍ ചലിപ്പിച്ചു അവള് കൂടുതല്‍ ആഴത്തിലേക്ക് ഊളിയിടും. ഇനിയും കുറച്ചുനേരം കൂടി ശ്വാസംപിടിക്കാനാവും. അതിനൊടുവില്‍ വെള്ളത്തിന്റെ തോലുരിഞ്ഞു ആകാശത്തിനും ഭൂമിക്കും ഇടയിലുള്ള വിടവിലേക്കു പൊങ്ങിയുയരും. അവള്‍ക്ക് ചുറ്റും ശബ്ദങ്ങളും ജീവിതവും തിരിച്ചുവരുന്നതിനു മുന്നേ അവള് പിന്നെയും വെള്ളത്തിലേക്കു ഊളിയിടും. മൂന്നുമാസം മുന്നേ മഴ മാറിനില്‍ക്കുന്ന ഒരു വൈകുന്നേരം സതിയേച്ചിയുടെ കൂടെ മക്കളെയും കൂട്ടി കുളക്കരയില്‍ വന്നതായിരുന്നു അവള്.
“അയാളേടെ?” സതിയേച്ചി കണ്ണ് ചുളിച്ചു. വലിയ കുളം. ചുറ്റും കല്ലുകള്‍ കെട്ടി ഉയര്‍ത്തിയിരിക്കുന്നു. രണ്ടു ഭാഗത്തും പടവുകളുണ്ട്. കവുങ്ങും തെങ്ങും നിറഞ്ഞ തൊടിയാണ് ചുറ്റും. വൈകുന്നേരമായിത്തുടങ്ങിയതിനാല് ഇരുട്ടു മുളച്ചിരിക്കുന്നു. കുളത്തില്‍ നിറയെ ആളുകളാണ്. സ്ത്രീകളും പുരുഷന്മാരും കുട്ടികളും. സ്ത്രീകളെ കണ്ടതും അവള്‍ക്ക് അത്ഭുതമായി. ആ നീല നൈറ്റി ശ്യാമളേടത്തിയുടെ വീട്ടിലെ വീണയല്ലേ.
“അമ്മേ, ബൈജുവേട്ടന് വിളിക്ക്ന്നാ. ഞാന്‍ അങ്ങോട്ട് പോട്ടെ?” കുഞ്ഞുമോന് സാരിപിടിച്ചു വലിച്ചതും, ഓടിയതും ഒരുമിച്ചാണ്. നിക്കെടാ എന്ന് പറയുന്നതിന് മുന്നേ അവന്റെ പിന്നാലെ മോളും ഓടി. കുളത്തിന്റെ അങ്ങേ തലക്കല്‍ ബൈജു അവരെ നോക്കി ചിരിക്കുന്നത് കാണാം. “റീനേ, ഈടെ ഇരിക്ക, ഓനിപ്പോ വരും. ഇല്ലെങ്കില്‍ ഈ തെരക്കില് ഓനെ കാണാമ്പറ്റില്ല.” പടവുകളില്‍ ഒന്നില്‍ സതിയേച്ചി ഇരുന്നു. “എന്നാലും ഓന് ഈടേ തന്നെ ണ്ടാവണ്ടതല്ലേ? ഏടെ പോയിനി?” അവള്‍ക്കൊന്നും മനസ്സിലായില്ല. സതിയേച്ചി ആരെയാണ് തിരയുന്നത്. കുളത്തിന് മുകളിലേക്കു കുറെ പടവുകള്‍ കയറിയാല്‍ കാവാണ്.
കാളിയാണ് പ്രതിഷ്ഠ. മേടത്തില് തെയ്യമുണ്ടാകും. കല്യാണം കഴിഞ്ഞുവന്ന കാലത്ത് ഇവിടെക്ക് ഇപ്പോ കാണുന്ന ഒറ്റയടിപ്പാത ഇതിലും കാടുപിടിച്ചാണ് കിടന്നത്. ഇപ്പോള്‍ കുറച്ചു തെളിച്ചം വന്നിരിക്കുന്നു. അതിന്റെ ഇരുവശവും കനത്ത പൊന്തകളാണ് ഉള്ളത്. വഴി എന്നൊന്നും വിളിക്കാന്‍ ഇനിയും ആയില്ല. വക്കിലുള്ള മരങ്ങളുടെ വേരുകള്‍ പാതയുടെ കുറുകെ ഓടുന്നു. ആളുകള്‍ നടക്കുന്നതു കൊണ്ടുമാത്രം പതിഞ്ഞുപോയ പുല്ലും, തേഞ്ഞുപോയ ചരല്‍ക്കല്ലുകളും. ഈ വഴി വന്നാല്‍ കുളത്തിലേക്ക് എളുപ്പം വരാം. പാടം മുറിച്ച് നേരെ കയറിയാല്‍ മതി. ഇവിടന്നു ചെറിയ പറമ്പിനപ്പുറത്താണ് പടവുകളും കാവും. കാവിലേക്ക് അപ്പുറത്തെ ഭാഗത്തുകൂടി വലിയ റോഡില്‍നിന്നും ചെറിയ ഒരു ടാറിട്ട റോഡ് ഇപ്പോള്‍ ഉണ്ടാക്കിയിട്ടുണ്ട്. കാറിനും ടെമ്പോ വാനും ഒക്കെ വരാന്‍ പറ്റുന്നത്ര വലിപ്പം ഉള്ളത്.
“അദോനാ?”, സതിയേച്ചി പെെട്ടന്നു പറഞ്ഞപ്പോ അവള് ചിന്തയില്‍നിന്നുണര്‍ന്നു. അവര്‍ കണ്ണു ചുളിച്ചു. “എല്ല.”
“അല്ല സതിയേച്ചീ, ഇതെപ്പെനൂ ഇങ്ങന്യല്ലം ആയിന്? ഇത്രപ്പാട് ആള്ക്കാറ് വെരാന്‍ തൊടങ്ങിയെ? ഞാന്‍ അറീല്ലേനൂ.”
“ഇനിക്കിത് അറീല്ലാന്നു എനക്കറീല്ലേനൂ. ഇല്ലെങ്കില്‍ ഞാന്‍ മുന്നേ പറയൂല്ലേനോ... കൊറേ കാലയപ്പാ... എപ്പ്ളാന്നു എനക്ക് ശരിക്കും ഓര്‍മയില്ല. ഇഞ്ഞി കൊറേ കാലായിറ്റ് ആമ്മേന്റാടെ അല്ലെനോ. ആട പോയപ്പോളാറ്റം തുടങ്ങീനു. എടക്കു കൊളം ചളിയാവുന്നൂ പറഞ്ഞ് കൊറേ ആള്ക്കാറ് സമ്മേയിച്ചില്ലെനൂ... ഇതിപ്പോ പിന്നേം തൊടങ്ങിയദാന്ന്.”
അവര്‍ പെെട്ടന്ന് സംസാരം നിര്‍ത്തിയിട്ട് വെള്ളത്തിലേക്ക് നോക്കി. അവള് മക്കള്‍ നില്ക്കുന്ന ഇടത്തേക്കും. ബൈജു തോര്‍ത്തുടുത്തു പടവുകളില്‍ ഇരുന്നു അവരോടു എന്തോ പറയുകയാണ്. മക്കള്‍ അടുത്തു നില്‍ക്കുന്നുണ്ട്. അവരെ കൈകാട്ടി വിളിച്ചപ്പോ, ഇപ്പൊ വരാമ്മേന്ന്, മോള് വിളിച്ചു പറഞ്ഞു.
“ഐന്‍ നീ എപ്പളാണേ കാവിലു വരല്...” സതിയേച്ചി പറഞ്ഞു. “ആമ്മേന്റാടെ പോയിറ്റ് വന്നിറ്റു പിന്നെ ഈടെ വന്നിനാ?” അവള് പിന്നേം മക്കള്‍ നില്ക്കുന്ന ഇടത്തേക്ക് നോക്കി. “ഞ്ഞി പേടിക്കണ്ട റീനേ, ബൈജു ആടെണ്ടല്ലോ... ഈടെ ഇരിക്ക്.” അവള്‍ക്ക് ഇരിക്കാന്‍ തോന്നിയില്ല. വീണ ഒരുവട്ടം കുളം മുറിച്ചു കടന്നു തിരിച്ചുവരികയാണ്.
“ഇവളെപ്പാ നീന്താന്‍ പഠിച്ചിന്? അമ്മോപ്പാ... ഇത്രേം പെണ്ണ്ങ്ങള് ഈടെ നീന്താന്‍ വര്ന്നദ് ഞാന്‍ അറിഞ്ഞില്ല.” അവള് പിന്നേം പറഞ്ഞു.
“ഓനെ കാണുന്നെ ഇല്ലല്ലോപ്പാ. ഓന് ഏടെ?” സതിയേച്ചി പിന്നേം ആളുകള്‍ക്കിടയില്‍ പരതി. കുളം നിറച്ചും ആളുകള്‍. കണ്ടുനിൽക്കുംതോറും അവള്‍ക്കു അത്ഭുതം കൂടിവന്നു. നാട്ടിലിങ്ങനെ ഒക്കെ ആയിട്ടും അവള് അറിഞ്ഞില്ലല്ലോ.
“അതോനല്ലേ? ആ വെര്ന്നു...” അവര്‍ തലതിരിച്ചു നോക്കിക്കൊണ്ട് പറഞ്ഞു.
അവള് തിരിഞ്ഞു നോക്കുമ്പോള്‍ കറുത്ത് കൊലുന്നനെ ഉള്ള ഒരു മനുഷ്യന് കുറേ കന്നാസുകളുമെടുത്തു വരുന്നു. എല്ലാം കയര്‍കൊണ്ടു കെട്ടിയിട്ടുണ്ട്. പ്രത്യേകതരത്തില്‍ ആണ് കെട്ടിട്ടിരിക്കുന്നത്.
“ഓനാ, രാജന്”, സതിയേച്ചി പറയുന്നത് അവള് കേട്ടു. മരണസൂര്യന്റെ അവസാനത്തെ ആളല്‍ അയാളുടെ മുഖത്ത് തട്ടി തെറിച്ചു. ചുരുണ്ട മുടി അയാള്‍ പരത്തി ഇട്ടിരിക്കുന്നു. നടക്കുന്ന വഴിയാകെ അയാള്‍ കുളം നോക്കിക്കൊണ്ടിരുന്നു. ഇടയ്ക്ക് അയാളുടെ മുഖത്ത് ഒരു ചിരി മിന്നിമറിഞ്ഞു. “അടാ, സൂക്ഷിച്ചു...” അയാള്‍ കുതറി മറിയുന്ന ഒരു കുഞ്ഞനെ നോക്കി വിളിച്ചു പറഞ്ഞു. അയാളുടെ പല്ലുകള്‍ മിക്കവാറും പൊട്ടിയിരുന്നു. അയാള്‍ ചിരിക്കുമ്പോള്‍ പേക്ഷ ലോകത്തിലെ കാരുണ്യം മുഴുവന്‍ അയാളുടെ കണ്ണില്‍ നിറഞ്ഞൊഴുകി. ഈ ദൂരത്തുനിന്നുപോലും അയാളുടെ ചിരി അവളെ വന്നു തൊട്ടു.
“അല്ല രാജാ നീ ഏടെ പോയതെനൂ?” സതിയേച്ചി ഇരുന്നിടത്ത് നിന്നു എണീറ്റു.
“ഞാനീ കേനെടുക്കാന് പോയതേനു. ഈടെ ഒന്നും തെകയൂല്ലാന്നു. ആരല്ലാ വെരാന്നു മ്മക്ക് മുന്നേ അറിയൂല്ലപ്പാ. ഞായിതെല്ലാം ആടെ വെച്ചിനേനു. എടുക്കാമ്പോയതാ.”
അയാള്‍ ഒരു നിമിഷം കുളത്തിലേക്കു പിന്നേം കണ്ണു പായിച്ചു. ഒറ്റ തോര്ത്താണുടുത്തിരിക്കുന്നത്. മെല്ലിച്ച കൈകളില്‍ ഒന്ന് രണ്ടു കന്നാസുകളെടുത്തു അയാള്‍ കുളത്തിലേക്ക് നടന്നു.
“ഞാപ്പോ വരേ. ഇതൊന്നാടെ കൊടുക്കട്ടെക്കി,” അയാള്‍ പറഞ്ഞു.
അയാള്‍ പോയ വഴിയേ നോക്കിക്കൊണ്ടു സതിയേച്ചി അവളോടു തുടര്‍ന്നു, “ഇന്നേ മംഗലം കൈച്ചോണ്ടന്നപ്പോ ഈ കൊളത്തിന്റെ കോലം എന്തേനു. ഓര്‍മ്മയിണ്ടാ? നറച്ചും ചമ്മി ആയിര്ന്ന്. ഈ വഴിയൊന്നും ഒരു കൊണും ഇല്ലേനു. ഇനിക്കൊര്മ്മ ഇണ്ട?” അവള് ഇല്ലെന്നു തലയാട്ടി. “ഈലൂട്ടിയാ നമ്മള് നടന്ന് വന്നിന് പിറ്റേന്ന് കാവില്‍ പോകാന്‍... ഓര്‍മ്മല്ല?”
അവള് പിന്നേയും തല കുലുക്കി, “എനക്കോര്മ്മയില്ല.”
“എന്തേനു ഒരു ചളി. ഒരൂസം രാജന് ഈടെ മുയോനും വൃത്തിയാക്കി. ഒന്ന് രണ്ടു പിള്ളറ പഠിപ്പിക്കാന്‍ തൊടങ്ങി. പിന്നെ ഓറ കൂടെ വര്ന്ന അമ്മമാരോടൊക്കെ ങ്ങക്കും പടിച്ചൂടെന്നു ചോയിച്ചു ഓരേം ഇറക്കി... ഇപ്പൊ കണ്ടാ... എത്ര ആള്‍ക്കാരാന്ന്?”
അവള് അയാളെ നോക്കി. കുളത്തിന്റെ പടവിനടുത്ത് പേടിച്ച് നില്ക്കുന്ന ഒരു ചെറിയ ആണ്‍കുട്ടിയെ അയാള്‍ പറഞ്ഞു മനസ്സിലാക്കുകയാണ്. അവന് വെള്ളത്തിലേക്ക് ഇറങ്ങുവാന്‍ കൂട്ടാക്കുന്നതേയില്ല. അയാള്‍ അവനെ അടുത്തു ചേര്‍ത്ത് നിര്‍ത്തി എന്തോ പറയുന്നു. മറ്റ് കുട്ടികളെ ചൂണ്ടിക്കാണിക്കുന്നുണ്ട്. കുറച്ചു വെള്ളം എടുത്തു മുകളിലേക്കെറിയുന്നുണ്ട്. അവസാനം എല്ലാം പറഞ്ഞു സമ്മതിച്ചതുപോലെ ആ കുട്ടി മെല്ലെ വെള്ളത്തിലേക്ക് ഇറങ്ങി. അയാളും അവനൊപ്പം കുറച്ചുനേരം അവിടെ നിന്നു. പിന്നെ കൂടെ വന്ന മറ്റാരെയോ അവനെ ഏൽപിച്ചു തിരികെ വന്നു. അപ്പോഴേക്കും അവന്റെ മുഖത്ത് ചിരി വന്നിരുന്നു.
“എന്തേനു സതീയേച്ചി ങ്ങള് വന്നേ? ഇദാരാ?”
“ഇനിക്കിവളെ അറീല്ലെടോ? എന്റെ മാമന്റെ മോനില്ലേ രാജേഷ്? ഓന്റെ ഓളാ. ഇഞ്ഞി കണ്ടിറ്റില്ലേ?”
“ഇല്ലപ്പാ. ഞമ്മള് ആടേം ഈടേം പാച്ചലല്ലേ? അയിന്റെടെല് എല്ലാരേം അറിയണ്ടെന്ന്? എല്ലപ്പാ ഇങ്ങളെന്തിനാ വന്നിന്?”
“ഞമ്മളെ പിള്ളറെ നാളെ മുതല്‍ ഇങ്ങ് വിട്ന്ന്ണ്ടു. ഇഞ്ഞി നോക്കിക്കോളണേ...”
“അയ്നെന്താപ്പാ.” ഒന്നു ചിരിച്ചു അയാള്‍ തിരക്കിലേക്ക് തിരിഞ്ഞു.
“എന്റെനേം കൂടി വിടേനു സതീയേച്ചി”, തിരിച്ചു നടക്കുമ്പോള്‍ അവള് പറഞ്ഞു.
“രാജേശ് എടങ്ങേറാക്വാ?”
“ഇല്ലപ്പാ, ഓറോടു ഞാ പറഞ്ഞോളാ.”
“എന്നാ പിന്നെ ഇനിക്കും പടിച്ചൂറെനോ? നീ ഓനോട് ചോയിക്ക്. ഞാനും വെരാ.”
അങ്ങനെ രണ്ടു ദിവസം കഴിഞ്ഞു അവള് കുളത്തില്‍ പോകാന്‍ തുടങ്ങി. സ്കൂള്‍ വിട്ടാല്‍ മക്കളെയും സതിയേച്ചിയുടെ വീട്ടിലെ കുട്ടികളെയും കൂട്ടി, കാപ്പികുടിയും കഴിഞ്ഞു കുളത്തിലേക്ക്. മക്കളൊക്കെ വേഗംതന്നെ വെള്ളത്തിലിറങ്ങി. രണ്ടാം ദിവസവും അവള് ഇറങ്ങാതെനില്ക്കുന്നത് കണ്ടപ്പോള്‍ അയാള്‍ അടുത്തേക്ക് വന്നു, “എന്തേനൂ, കീയുന്നില്ലേ?” എന്നു ചോദിച്ചു. അവളുടെ മുഖത്തെ സംശയം കണ്ടു അയാള്‍ പതിഞ്ഞ ശബ്ദത്തില്‍ മെല്ലെ പറഞ്ഞു. “കീഞ്ഞു നോക്ക്. എന്നിറ്റല്ലേ പേടിയാന്നോന്നറിയ?” അവള് പിന്നേയും ശങ്കിച്ചു. “ഇഞ്ഞി പിള്ളറ നോക്ക്യാട്ടെ. ജോറാക്ക്ന്ന കണ്ടാ. നമ്മള ഉള്ളിലും ഇല്ലേ വെള്ളത്ത് കളിക്കാന്‍ ആശേള്ള കുഞ്ഞിയോള്. ഓളെ എറക്കി വിട്, കുഞ്ഞീ.” ഒരു നിമിഷം മിന്നലേറ്റപോലെ അവള് തറഞ്ഞു നിന്നു. അവളുടെ കാതില്‍ അലകളായി അയാള്‍ പറഞ്ഞത് വന്നു വീണുയര്ന്നുകൊണ്ടേയിരുന്നു. “ഓളെ എറക്കി വിട്, കുഞ്ഞീ.”
വെള്ളത്തിന് അവളെ ഏല്ക്കാന് സമയം വേണ്ടിവന്നില്ല. അവിടന്നിങ്ങോട്ട് മക്കള്‍ പോകാതിരുന്ന ദിവസങ്ങളിലും അവള് പോയി. അവള്‍ക്കു പോകാനാവാത്ത ദിവസങ്ങളില്‍ എരിപൊരികൊണ്ടു. ഇരുട്ടിന്റെ ഇളം കറുപ്പ് രാശി കുളത്തിനുമേല്‍ വീണു കിടക്കുന്ന ഒരു നാള്. അവസാനത്തെ കുട്ടിയും അമ്മയും നടന്നു കഴിഞ്ഞപ്പോള്‍ അവള് പടവുകളില്‍ ഒന്നില്‍ ഇരുന്നു. ഇന്നിപ്പോ പോയിട്ടു തിരക്കില്ല. മക്കള്‍ അവളുടെ വീട്ടിലാണ്. രാജേഷ് വരാന്‍ ഇനിയും ഇരുട്ടും. നേര്‍ത്ത കള്ളിന്റെ മണവുമായി, ചുണ്ടില്‍ മൂളിപ്പാട്ടുമായി കയറിവന്നാലുടന് അയാള്‍ വരാന്തയില്‍ മലര്‍ന്ന് കിടക്കും.
ചൂട് വെള്ളം വച്ചു എന്നു വിളിച്ച് പറയുംവരെ അവിടെ കിടക്കും. പിന്നെ കിണറ്റിങ്കരയിലേക്ക് നടക്കും. വെള്ളം ശരീരത്തിലേക്ക് കോരി ഒഴിക്കുന്ന ശബ്ദം കേള്‍ക്കാം. കറിക്ക് വറുത്തിടുമ്പോളേക്കും അയാള്‍ മേശപ്പുറത്ത് വന്നിരിക്കും. രാത്രി ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ പിന്നെ കിടക്കയിലേക്ക് ചരിഞ്ഞു കൂര്‍ക്കംവലിയാണ്. ചിലപ്പോള്‍ അവളുടെ ശരീരത്തിലേക്ക് ഉറക്കത്തില്‍ വലിഞ്ഞു കയറുകയും, ഉറക്കത്തില്‍തന്നെ തിരിച്ചിറങ്ങുകയും ചെയ്യും. നീറിപ്പുകഞ്ഞു ഉറക്കത്തെ കാത്തു അവള് എത്രയോ രാത്രികള്‍ വെളുപ്പിച്ചിരിക്കുന്നു. ഓരോ ദിവസങ്ങളുടെയും ചക്രങ്ങളെക്കുറിച്ച് അവളോര്‍ത്തു. ആകാശത്തേക്ക് നിഴലുപോലെ വെളിച്ചം വരുമ്പോള്‍ പുളിച്ച കണ്ണുകളുമായി മുടി വാരിക്കെട്ടി, സാരി വലിച്ചു ചുറ്റി, കാലുകളുടെ ഉപ്പൂറ്റിയില്നിന്നുയരുന്ന വേദന കേട്ടില്ലെന്ന് വച്ച്, മുന്‍വശത്തെ വാതില്‍ തുറക്കുന്നു.
കുട്ടികള്‍ തലേന്ന് വച്ച് മറന്ന കളിപ്പാട്ടത്തെ ആദ്യമായി കാണുന്നതുപോലെ തോന്നുന്നത്രയും ക്ഷീണം അവളിലുണ്ട്. ആ ചുവന്ന കളിപ്പാട്ടത്തെ കയ്യിലെടുത്തു, തലയിലെ പെരുപ്പത്തിലേക്ക് തണുത്ത വെള്ളമൊഴിച്ചു, ഒരു ദിവസത്തേക്കുള്ള തീ ഊതി തെളിച്ചു അവള് ഉയരുന്ന സൂര്യനെ ഒരു മാത്ര നോക്കുന്നു. അതിന്റെ ചുവപ്പു രാശിയില്‍ നേരത്തെയുള്ള കളിപ്പാട്ടത്തെ വീണ്ടും ഓര്‍ത്തവള്‍ ഒന്നുകൂടി പുക ഉയരുന്ന കണ്ണുകള്‍ തുടക്കുന്നു. രണ്ടടുപ്പും ആളിക്കത്തുമ്പോള്‍ ഗ്യാസ് അടുപ്പും കത്തിച്ച് രണ്ടു നേരത്തേക്കുള്ള ഭക്ഷണം തയാറാവുന്നു.
വീടുണരുവാന് നിമിഷങ്ങള്‍ ബാക്കി ഉള്ള സമയത്ത് ജനലോരത്ത് കൂടെ വര്‍ണച്ചിറകുള്ള ഒരു പക്ഷിയുടെ തൂവല്‍ തെന്നിയോ എന്നു സംശയിച്ചു ഒരു വട്ടം തിരിഞ്ഞു നോക്കുന്നതിനിടയില്‍ ചോറു തിളച്ചു ഗ്യാസ് കെട്ടുപോവുന്നു. തിരക്കില്‍ വീണ്ടും അടുപ്പ് കത്തിക്കുന്നതിനിടെ കൈ പൊള്ളി ഒരു മിനിറ്റ് ശരീരത്തിലൂടെ ഒരു കുഞ്ഞാന്തല് മാറിപ്പോകുന്നു.
പിന്നെ മക്കളെ വിളിച്ചുണര്‍ത്തി പല്ലുതേപ്പിച്ചു കുളിപ്പിച്ചു ഊട്ടി വസ്ത്രമിടീച്ചു വണ്ടിയില്‍ കയറ്റി വിട്ടു, രാജേഷിനെയും വിട്ടതിനുശേഷം മുന്നിലേക്കാളുന്ന നീണ്ട മാളത്തെ എന്തു ചെയ്യണമെന്നറിയാതെ നോക്കി നിൽക്കുന്നു. ഓരോ ദിനവും പകല്‍ രാത്രികളുടെ നൈരന്തര്യത്തിന്റെ അത്രയും വിരസമായവ. അവളോര്‍ത്തു, ഉണര്‍വുകള്‍ക്ക് ഒരേ മുഖമാണ്. ഒരേ എഴുന്നേല്പ്പുകള്, ഒരേ പുകയും കാഴ്ചയിലേക്ക് എത്തുന്നതിന് മുന്നേ മറയുന്ന പക്ഷിത്തൂവലും.
ഉച്ചവെയിലേക്ക് വഴുതിവീഴുന്ന പകലുകളും വൈകുന്നേരത്തിരക്കുകളിലേക്ക് കൂപ്പുകുത്തുന്ന രാത്രികളും. രാവിലെ പതിനൊന്നു മണിയോടെ എത്തുന്ന സൈതലവി അന്നത്തെ മീനിനെ വര്ണിക്കുമ്പോള്, ചുറ്റും കൂടി നിന്നു വിശേഷങ്ങള്‍ പറയുന്ന കമലയും, സതിയേച്ചിയും, കുല്‍സുവും. പിറ്റേന്നത്തുക്കുള്ള തേങ്ങ പൊതിക്കലും, വിറകുണ്ടാക്കലും, അന്നത്തെ തുണിയലക്കലും. ഇതിനിടയില്‍ എവിടെയോ ഒറ്റയടിപ്പാതകള്ക്കപ്പുറത്ത് ഒറ്റത്തലയന് പനകള്‍ തലവിരിച്ചാടുന്നു. അതേതു ദേശമാണ്? എവിടെയാണ് മുളങ്കാടുകള്‍ക്കിടയില്‍ കാറ്റ് ഇഴഞ്ഞുകൊത്തുന്നത്? എവിടെയാണ് പാടങ്ങള്‍ നിറഞ്ഞു കവിഞ്ഞു മേഘങ്ങള്‍ക്കിടയില്‍ മലനിരകള്‍ ഉയരുന്നത്? ഏത് ദേശമാണതു? ഉറക്കത്തിലും ഉണര്‍വിലും അറിയാതെ ആഴങ്ങളില്‍നിന്നും ഉയര്‍ന്നുയരുന്ന ജീവവായു ഏതാണ്? അതിന്റെ തിരകളില്‍പ്പെട്ടു ഇരുപ്പുറയ്ക്കാതെ, ശ്വാസം കിട്ടാതെ, ഇതെത്ര കാലങ്ങള്‍.
ചുറ്റുമുള്ള മനുഷ്യരെയും, നിറങ്ങളെയും ഒരു പുകമറയ്ക്കപ്പുറം മാത്രമാണ് കാണാനാവുന്നത്. അവര്‍ക്കും അവള്‍ക്കുമിടയില്‍ അവള് കാണാതെ കാണുന്ന മയില്നൃത്തങ്ങളും കാവടികളും വിയര്പ്പുണങ്ങാതെ നടന്നകലുന്ന മുടിവടിച്ചെറിഞ്ഞ വൃദ്ധകളും. അവരവളെ നോക്കി പല്ലില്ലാത്ത മോണകള്‍ കാട്ടി ചിരിക്കുന്നു. അവരുടെ കാല്പാദങ്ങള് നടന്നുനടന്നു വിണ്ടു കീറിയിരിക്കുന്നു. മണ്ണിന്റെ നിറത്തില്‍ അന്തിവെയിലില്‍ അവയുടെ തിളക്കം അവള്‍ക്ക് കാണാം.
അവരുടുത്ത ചുവന്ന പരുത്തി സാരി പഴകി നരച്ചിരിക്കുന്നു. സമയത്തിന്റെ നാഡി അവരില്‍ നീലിച്ചു കിടക്കുന്നതു കണ്ടു അവള്‍ക്ക് അത് കൈയെത്തി തൊടണം എന്നു തോന്നി. എത്ര ശ്രമിച്ചിട്ടും അവളുടെ കൈകള്‍ നീളുന്നില്ലല്ലോ. എത്രയേറെ നീട്ടിയും അവളിലേക്കാ നദി ഒഴുകുന്നുമില്ല. എവിടേക്കുമില്ലാത്ത യാത്രകള്‍ അവളില്‍ കനച്ചു കിടന്നമറി. അവള്‍ക്ക് പെെട്ടന്നു ഉള്ളില്‍നിന്നും ഒരു മരവിപ്പ് തലയിലേക്ക് പടരുന്നതുപോലെ തോന്നി. ഇതാവുന്നില്ല. ഇതിനാവുന്നില്ല. ഇല്ല.
“എന്താ ഈടെ ഇരിക്കുന്ന്? പോകാനായിറ്റില്ലേ?” ഇരുട്ട് മുറിച്ചൊരു ശബ്ദം കേട്ടപ്പോള്‍ അവള് ഞെട്ടിപ്പോയി. അയാളുടെ കണ്ണുകളുടെ വെള്ള മാത്രം കാണാം. അവള് ഒന്നും മിണ്ടാനാവാതെ അയാളെ നോക്കി. അയാളിലേക്ക് തിരിച്ചുവച്ച അവളുടെ മുഖത്ത് അപ്പോളുയര്ന്ന നിലാവില് അന്ധാളിപ്പും പിന്നെ ആദ്യം തോന്നിയ നിസ്സഹായതയും വിങ്ങിനിറഞ്ഞു. അവളുടെ അടുത്ത പടവില്‍ ഇരുന്നു അയാള്‍ പതിഞ്ഞ സ്വരത്തില്‍ വീണ്ടും ചോദിച്ചു, “എന്തെനൂ കുഞ്ഞീ?” ആ വിളിയിലൊരു നിമിഷം അവള് വീണ്ടും പകച്ചുപോയി.
പിന്നെ അവള്ക്കടുത്തിരിക്കുന്ന മെല്ലിച്ച മുഖത്തേക്ക് സൂക്ഷിച്ചുനോക്കി. ആ കണ്ണുകളില്‍ കണ്ട ആകാശത്തിനു അസ്തമയ സൂര്യന്റെ ഇളംനിറമാണെന്നവള്ക്ക് തോന്നി. അതിലുള്ള അലിവ് പണ്ടെങ്ങോ കുട്ടിക്കാലത്ത് കണ്ടു മറന്നപോലെ. അവള്‍ക്കുള്ളില്‍ ഒരില മെല്ലെയനങ്ങി. പറയുവാനെന്തോ ശ്രമിച്ചു വായ തുറന്നു. എന്നാല്‍ ശബ്ദമൊന്നും പുറത്തേക്ക് വന്നില്ല. തൊണ്ടയിലേക്കിറങ്ങിയ ഉമിനീരവള് പണിപ്പെട്ടിറക്കി. “എന്താന്നു പറഞ്ഞോ. എല്ലാത്തിനും വഴിയുണ്ടാവൂല്ലേ.”
“ഒന്നൂല്ലപ്പാ.”
“ഒന്നൂല്ലാണ്ടാ ഈ ഇരുട്ടത്തു ഈടെ ഒറ്റക്കിരുന്നു കരീന്നു?” അപ്പോഴാണ് തന്റെ കവിളിലേക്ക് അരിച്ചിറങ്ങിയ കണ്ണീരിനെ കുറിച്ചു അവള്‍ക്കു ബോധം ഉണ്ടായത്. “ഒന്നൂല്ലപ്പാ”, അവള് പണിപ്പെട്ടു പറഞ്ഞൊപ്പിച്ചു. എണീറ്റ് പോകണമെന്ന് അവള്‍ക്കു തോന്നി. പക്ഷേ എന്തോ അവിടെ തന്നെ ഇരുന്നുപോയി. ഇളംകാറ്റില്‍ തണുപ്പനുഭവപ്പെട്ടു. അപ്പോളാണ് കുളത്തില്‍നിന്നു കയറിയപാടെ ഉള്ള ഇരിപ്പാണെന്ന് ഓര്‍ത്തത്. അയാളപ്പോള്‍ കുളത്തിന്റെ ചെറിയ അലകളിലേക്ക് നോക്കി ഇരുന്നുകൊണ്ട് കയ്യിലുള്ള കന്നാസിലേക്ക് കയര്‍ കെട്ടി അളവ് പരിശോധിക്കുകയായിരുന്നു.
“രാജേഷ് ഇന്നേ കലമ്പുന്ന്ണ്ടാ കുഞ്ഞീ?” അയാളുടെ വിളിയില്‍ പിന്നേയും നിലാവലിവിറങ്ങി.
“ഇല്ല.”
“മക്കക്കൊന്നും...”
“അയ്യോ ഇല്ലപ്പാ. ഓര് ഒരായ്ച്ചക്കു എന്റെ ആമ്മേന്റാടെ പോയിന്.”
“ഓന് പൈശ തരൂല്ലേ വീട്ടിലേക്ക്?”
“ആപ്പാ...”
“പിന്നെന്ത്ന്നാ”
“പിന്നെ...”
പിന്നെന്താണ്. പിന്നെന്താണെന്ന്. ഉള്ളിലുള്ള ആന്തലിന്റെ പേരെന്താണ്. അതിന്റെ നിറമെന്താണ്. പറയുവാനാഞ്ഞു ഓരോ വട്ടവും തട്ടിത്തടഞ്ഞു നിന്നിടത്ത് തന്നെ എത്തുന്നു. കല്യാണം കഴിക്കാന്‍ ആളു വന്നപ്പോ എല്ലാം ഒത്തുവന്ന സന്തോഷം ആയിരുന്നു വീട്ടുകാര്‍ക്ക്. എന്നാല്‍, അവള്‍ക്കുള്ളില്‍ ഇരുട്ടിന്റെ ഒരു ചീന്ത് നീറിപ്പുകഞ്ഞു. മങ്ങിയ കോണുകളിലൂടെ ദൂരേക്ക് അകലുന്ന ദേശങ്ങളും അവയെ കുറിച്ചു സംസാരിക്കുവാന്‍ കരുതിവച്ച വാക്കുകളും അവളെ ഉള്ളില്‍നിന്നും കൊളുത്തിവലിച്ചു.
അവളെ നോക്കാതെ ചായ ഊതിക്കുടിച്ച മുണ്ടുടുത്ത ചെറുപ്പക്കാരനോട് എല്ലാ ദിവസവും എന്തു പറയുമെന്നും, അയാളുടെ നാട്ടില്‍ മറ്റ് നാടുകളിലേക്കുള്ള വഴികള്‍ ഉണ്ടാകുമോ എന്നും ഒക്കെ ഓര്‍ത്ത് അവള്‍ക്കു സമാധാനം കിട്ടിയില്ല. കല്യാണത്തിനുശേഷം അധികമൊന്നും സംസാരിക്കാനില്ലാത്ത, അവള് പറയുവാനാഞ്ഞ വാക്കുകള്‍ക്ക് ചെവിയോര്‍ക്കാതെ മുന്നിലുള്ള ചോറുവാരിത്തിന്നു ഉറക്കത്തിലേക്കോ, പുറത്തേക്കോ ഇറങ്ങിപ്പോകുന്ന മനുഷ്യനെ അവള് ഒന്നോ രണ്ടോ വട്ടം തിരികെ വിളിക്കുവാന്‍ ശ്രമിച്ചു. അവള് പറയുവാനാഞ്ഞ വാക്കുകള്‍ പൂച്ചക്കുഞ്ഞുങ്ങളെ പോലെ പതുങ്ങിവിറച്ചു മെല്ലെ തിരിഞ്ഞു നടന്നു.
ചുറ്റുമുള്ള പെണ്ണുങ്ങളുടെ ചിരികളില്‍, അവരുടെ ഒരുക്കങ്ങളില്‍, ഓട്ടപാച്ചിലിലും, നിശ്വാസങ്ങളിലും ഒന്നും അവള് തട്ടിത്തടഞ്ഞു നിന്നില്ല. വൈകുന്നേരങ്ങളില്‍, മെലിഞ്ഞുപോയ സൂര്യപ്രകാശത്തില്‍ കാവിലേക്കു തിരിയുന്ന വഴിയിലുള്ള കലുങ്കിലിരുന്നു മറഞ്ഞൊഴുകുന്ന ആകാശത്തേക്ക് നോക്കി ഇരിക്കുവാന് അവള്‍ക്കു തോന്നിക്കൊണ്ടിരുന്നു. ഒരിക്കല്‍ കല്യാണം കഴിച്ചു രണ്ടോ മൂന്നോ മാസം കഴിഞ്ഞ ഒരുദിവസം പെറന്നാളിന്റന്നു കാവില്‍ പോയി തിരിച്ചുവരുന്ന വഴി അവള് മെല്ലെ രാജേഷിനോടു കുറച്ചുനേരം കലുങ്കിലിരുന്നു സംസാരിക്കാം എന്നു ചോദിച്ചു. “ഇനിക്കെന്താ പിരി എളഗീനാ?” എന്നയാള്‍ ദേഷ്യം പിടിച്ച് ചോദിച്ചു. അന്നു പണിക്ക് പോയ വഴിയില്‍ അയാള്‍ സതിയേച്ചിയോട് അവളെ കുറിച്ച് പറഞ്ഞു, “ഈടേ ഒന്ന്വല്ല ഓളെ മനസ്സ്. ഓള് പറീന്ന്യന്താന്നു എനക്കു തിരീന്നില്ല. കൊറേ പണ്യേടുത്താ ചിന്തിക്കാന്‍ കൂടെ പറ്റൂല്ലാ പോലു. എന്ത്ന്നാ ഓക്കീ ആലോയിക്കാന്‍. പൊരെലാളില്ലാന്നു പറഞ്ഞു മംഗലം കൈച്ചിറ്റ് ഇപ്പോ എല്ലം കൂടി എടങ്ങേറായ പോലെയാന്ന്. ഓക്ക് എല്ലാ ആയ്ച്ചയും കടല്‍ കാണാമ്പോണം.
ഞാ പൊവൂല്ലെങ്കി ഒറ്റക്ക് പോയിക്കോളാപ്പാ ന്ന് പറീന്നു. ഇങ്ങലിദ് ഏടെയെങ്കിലും കെട്ടിനാ സതിയേച്യെ?.. ഇങ്ങള് ഓളെ അമ്മേനെ വിളിച്ച് പറഞ്ഞെക്കി...” സതീയേച്ചി അയാളെ നോക്കി. “അല്ല രാജേഷെ, മംഗലം കയിഞ്ഞിറ്റു ഇത്രയല്ലേ ആയിറ്റുള്ളൂ. ഇനിക്കൊന്നു ക്ഷമിച്ചൂടെ?” “കയ്യിന്നില്ലാന്നു. കൊറേ പടിപ്പും പത്രാസൂം ണ്ടെങ്കി ഓളീ കാട്ട്ന്നേനു അർഥം ണ്ട്ന്നു പറയാ. ഇദ് പത്താങ്ക്ളാസും ഗുസ്തീ.” അയാളുടെ മുഖം പുച്ഛംകൊണ്ട് കോടി. കുറെ ദിവസങ്ങള്‍ക്ക് ശേഷം അവളുടെ അമ്മയും അമ്മാമനും വന്നു രാജേഷിനോടു ക്ഷമ ചോദിച്ചു, അവളെ പറഞ്ഞു മനസ്സിലാക്കാം എന്നു ഉറപ്പ് കൊടുത്തു.
അവളോടു വീട്ടിലുള്ള പട്ടിണിയുടെയും പ്രാരബ്ധത്തിന്റെയും കഥ പറഞ്ഞമ്മ കരഞ്ഞു. രാജേഷിനെ കിട്ടിയതു ഭാഗ്യമാണ് എന്നു അമ്മാമനും. വീട്ടിലുള്ള കാര്യം നല്ലവണ്ണം നോക്കണമെന്നും വേറെ ഒന്നും ചിന്തിക്കരുതെന്നും അവര്‍ ചോറും മീനും കൂട്ടി ഉണ്ണുമ്പോള്‍ ഓര്‍മിപ്പിച്ചു. എല്ലാം കേട്ടവള്‍ തുറന്നേക്കാമായിരുന്നു എന്നു കരുതിയ ഒാരോ ജനാലകള്‍ക്ക് കുറുകെ വീണ്ടും വീണ്ടും ആണി വന്നു തറയുന്നതറിഞ്ഞു. ഉള്ളില്‍ മഞ്ഞിന്റെ തണുപ്പും, രാത്രിയുടെ ഘനവും ഉറഞ്ഞുകൂടി. എല്ലാം തികട്ടി വന്നതിന്റെ തള്ളിച്ചയില്‍ അവള് കവിഞ്ഞുപോയി. അയാളുടെ നിഴല്‍രൂപം അപ്പോഴും അടുത്തുണ്ടോ എന്നു നോക്കി അവള് പറഞ്ഞു.
“എനക്ക് പറയാനറിയൂല. എനക്ക് പടിക്കണം ന്ന്ണ്ടേനു. കയിഞ്ഞില്ല. വേറെ എല്ലാരിക്കും മംഗലം കയിക്കണം എന്നേനു ആശ. എനക്ക് തീരെ ഇഷ്ടല്ലെനൂ. എനക്ക് എപ്പലും ഏടെങ്ങിലും പോണംന്നു തോന്നും. ഞാ ഏടെയും പോയിറ്റോന്നുവല്ല. എല്ലാരും സംസാരിക്കുന്നെ കേക്കുമ്പോ ഇതൊന്നുവല്ല എനക്ക് സംസാരിക്കണ്ടെ എന്നു തോന്നും. വേറെ എന്തല്ലോ സംസാരിക്കാന്ണ്ടുന്ന് തോന്നും. രാജേശേട്ടന് ഞമ്മളെ സ്വന്തം ആവുമ്പോ ഓര്‍ക്കെല്ലാം മനസ്സിലാവും ന്ന് വിജാരിച്ച്. ഓര്‍ക്കും ഒന്നും മനസ്സിലായിന്ല്ല. മനസ്സിലാവാത്തപ്പോ പിരി ലൂസാന്ന് പറയാന്‍ എളുപ്പുണ്ടാവും.’’ അവള് പറഞ്ഞു നിര്‍ത്തി.
അയാള്‍ കുളത്തിലെ ചെറിയ ഓളങ്ങളില്‍നിന്നും കണ്ണെടുത്തിരുന്നില്ല. “എല്ലാ ദൂസൂം ഒരേ പോലെ ള്ള പോലെ തോന്നും. എന്ത്ന്നാ മാറ്റം? ഒന്നൂല്ല. എല്ലാരിക്കും ചുറ്റും ള്ള കാര്യങ്ങള്‍ മാത്രേ പറയാനുള്ളൂ. എനക്ക് ചെലെപ്പോ ശ്വാസം മുട്ടും. ഇവരിക്ക് പറയാന്‍ വേറൊന്നൂല്ലേ എന്നു തോന്നും. എന്നിറ്റും എനക്ക് പറയാന്ള്ള കാര്യം പറയാന്‍ വാക്കുകളും കൂറ്റും കിട്ടുവേം ഇല്ല. പിരാന്തു പിടിക്ക്ന്ന പോലെ തോന്നും.” അവള്‍ക്ക് നെഞ്ചില്‍ എന്തോ ഉരുണ്ട് കൂടി പിന്നെ ഒന്നും പറയാനായില്ല. അവള് പറഞ്ഞതെല്ലാം അയാള്‍ കേട്ടുവോ? കുളത്തിലേക്ക് തന്നെയാണ് ഇപ്പൊഴും അയാളുടെ നോട്ടം. കന്നാസില്‍ കയര്‍ കെട്ടിക്കഴിഞ്ഞിരിക്കുന്നു. അയാള്‍ മെല്ലെ എണീറ്റു.
“ഇഞ്ഞി പറീന്നത് എനക്കു തിരീന്ന്ണ്ട്. ഇനിക്ക് എന്താ പറ്റീന്നറിയോ? ഇഞ്ഞി ഇദ് എല്ലാരും കേക്കുംന്നും, മനസ്സിലാക്കുംന്നും വിജാരിച്ചു.” അയാള്‍ ഒന്നു നിര്‍ത്തി. “ദിവസോം… പറമ്പു ചെത്തീറ്റു വൈന്നേരം ഞാ ഇങ്ങ് ഓടി പെടഞ്ഞു വര്ന്നെന്തിനാന്ന് ഇനിക്ക് തിരിഞ്ഞിനാ. ഈടെ എത്ത്േമ്പാ ഞാ ഞാനാവും. അയിനിപ്പോ വേറെ ആരും പറയണ്ട. കേക്കൂം വേണ്ട. ഞാ മതി.’’ ഈ വട്ടം അയാള്‍ വെള്ളത്തില്‍നിന്നു കണ്ണെടുത്ത് അവളെ നോക്കി. “ഇനിക്ക് നീ തന്നെ മതി, എണേ. അദ് തിരിഞ്ഞാ നീ രക്ഷപ്പെട്ട്. കേട്ടിനാ?’’ ചാന്ദ്രവെളിച്ചം ഇപ്പോള്‍ രണ്ടുപേരെയും ചൂഴ്ന്നിറങ്ങി. “ലോകത്തിന് നമ്മളെ പോലെ ആവാമ്പറ്റൂല്ല. നമ്മക്ക് ലോകത്തിനെ പോലെയും. തിരിഞ്ഞാ? അങ്ങനെ ആവൂല്ല. ആവണ്ട. ഇഞ്ഞി ഇഞ്ഞിയും ലോകം ലോകവും ആയാ മതി. അദല്ലേ ബങ്ങി?” അയാള്‍ ചിരിച്ചപ്പോള്‍ പിന്നെയും നിലാവ് പരന്നു.
അന്ന് രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്നവള്‍ക്ക് ഉറക്കം വന്നില്ല. രാജേഷ് എപ്പോഴോ ഗാഢമായ ഉറക്കത്തിലേക്ക് വീണിരുന്നു. വര്‍ഷങ്ങളായി ഉള്ളില്‍ പെയ്യാന്‍ നിന്നിരുന്ന എന്തോ ചുരുള്‍ നിവരുന്നതവള് അറിഞ്ഞു. പകുതി തുറന്ന ജനാലക്കപ്പുറം മഴയുടെ നിഴലനക്കം. അതിന്റെ ചെറുകാല്വെപ്പുകളില് ഇലകള്‍ ഉണര്ന്നെണീറ്റതവള് കണ്ടു. “ഇപ്പ്ളാണ്. ഇപ്പോ...” അവളോടവ തലയാട്ടി. വാതില്‍ തുറന്നപ്പോള്‍ ഒരിക്കലവള്‍ രാജേഷിനെ തിരിഞ്ഞു നോക്കി. പിന്നെ ശബ്ദമുണ്ടാക്കാതെ പുറത്തേക്കിറങ്ങി.
മഴക്ക് പച്ചനിറമാണ്. ഇരുട്ടില്‍ തപ്പിത്തടഞ്ഞു അവള് നടക്കുമ്പോള്‍ പച്ചയുടെ വഴുപ്പ് അവളുടെ മുഖത്തിലൂടെ ചാലുകള്‍ കീറുന്നത് അവള് അറിഞ്ഞു. സാരിക്കിടയിലൂടെ അവളുടെ ഇടുപ്പില്‍ അവള് അമര്‍ത്തിപ്പിടിച്ചു. ഒറ്റയടിയാണ്. ചുറ്റും പൊന്തയും. ഇരുട്ടില്‍ കണ്ണു പിടിക്കുന്നില്ല. പാമ്പുകള്‍ ഓടി മുളയുന്നതു പലപ്പോഴും കണ്ടിട്ടുണ്ട്. അടുത്ത വീട്ടിലെ ശ്രീധരേട്ടന് നീലിച്ചു കിടക്കുന്നതു കണ്ടു കുളത്തില്‍നിന്നും അർധനഗ്നയായി ഓടി പാഞ്ഞു വന്ന ശാരദേടത്തിയെ ഓർമ വന്നപ്പോ തണുപ്പിന്റെ നേരിയ വിരലുകള്‍ അവളുടെ വയറ്റിലൂടെ ഇഴഞ്ഞുപോയി. ശാരദേടത്തിക്കു സംസാരിക്കാന്‍ ആവുന്നുണ്ടായിരുന്നില്ല. തൊണ്ടയില്‍ കുരുങ്ങി ചില ശബ്ദങ്ങള്‍ പുറത്തേക്ക് വരുത്തുവാന്‍ ശ്രമിച്ച് അവരുടെ കണ്ണുകള്‍ തുറിച്ചു പുറത്തേക്ക് വന്നു. അവയുടെ വെള്ളയെ മുറിച്ച് ചുവപ്പ് രേഖകള്‍ തികട്ടിവരുന്നുണ്ടായിരുന്നു.
അവരുടെ ചുറ്റും കുറച്ചാളുകള്‍ കൂടി വന്നു. എന്താണ് എന്താണ് എന്ന് അവരോടു ചോദിച്ചു. ആരോ അവരുടെ രണ്ടു കൈകളും പിടിച്ചുകൊണ്ട് അവരെ കുലുക്കി. പെെട്ടന്നവര്ക്ക് വെള്ളം ഇറ്റി വീഴുന്ന മുടിയും, ശരീരത്തില്‍നിന്നും ഊര്‍ന്ന് വീണുപോയ തോര്‍ത്തും ഓർമ വന്നു. മാറിന് മേലെ ൈക രണ്ടും ചേര്‍ത്ത് വച്ചുകൊണ്ടവര്‍ വിക്കി, “ആടെ, ശ്രീധരേട്ടന് കെടക്ക്ന്നു...’’ കൂട്ടത്തില്‍നിന്നൊരു സ്ത്രീ അവരുടെ മേലെ തോര്‍ത്തെടുത്തു പുതപ്പിച്ചുകൊണ്ടു അവരെ നടത്തിക്കൊണ്ട് പോകുമ്പോഴേക്കും ബാക്കി എല്ലാവരും അവര്‍ ചൂണ്ടിയ വഴിയേ ഓടിപ്പോയി. ശ്രീധരേട്ടന്റെ വായില്‍നിന്നും ചെറിയ നുര ഒലിച്ചിറങ്ങിയിരുന്നു.
ജീപ്പ് വന്നു ശ്രീധരേട്ടനെ കയറ്റിക്കൊണ്ടുപോകുമ്പോഴും മൂപ്പര് തിരിച്ചുവരും എന്നു ആരും കരുതിയില്ല. എന്നാല്‍ പിന്നേയും വിളറിയ ചിരിയുമായി ശ്രീധരേട്ടന് തിരികെ എത്തി. അന്ന് കടിച്ചത് മൂര്‍ഖന്‍ ആണെന്നും പൊന്തയിലൂടെ അതിനെ കണ്ടു എന്നും എല്ലാവരും പറഞ്ഞു. ഇതെല്ലാം ഒരു നിമിഷം മനസ്സിലൂടെ കടന്നുപോയി. ഇരുട്ടില്‍ ഒന്നും കാണുന്നുണ്ടായില്ല. പകലോര്മകളെ മുറുക്കെ പിടിച്ചവള് പതിയെ മുന്നോട്ടു നടന്നു. ഇരുളില്‍ മെല്ലെ കണ്ണുകള്‍ തെളിഞ്ഞപ്പോള്‍ നിഴല്‍പോലെ ഉങ്ങിന്റെ ശിഖരങ്ങള്‍ കണ്ടു. അതും കഴിഞ്ഞു ഒരു വളവ് തിരിഞ്ഞാല്‍ പിന്നെ കുളത്തിന്റെ വിശാലതയാണ്. ഇപ്പോള്‍ ചെറുതായി ഒരു അരണ്ട വെളിച്ചം ചുറ്റും പരക്കുന്നുണ്ട്.
വെള്ളത്തിന് ഇരുട്ടാണ്. അവള്‍ക്കു ചെറുതായി കുളിരുകോരി. രാത്രി കനത്ത ആകാശത്തിന് കീഴെ അവള് ഒറ്റക്ക്. അവള് മെല്ലെ സാരി ഉരിഞ്ഞെറിഞ്ഞു. അടിപ്പാവാട തുടകള്‍ക്ക് മീതെ ഊര്‍ന്നു താഴേക്കു വീണു. കാറ്റ് വീശുന്നുണ്ടായിരുന്നില്ല. എന്നിട്ടും അവളുടെ മുടി ഉലഞ്ഞു. അവള് മെല്ലെ ഒരടി മുന്നോട്ട് വച്ചു. മഴയുടെ നനവ് അവളെ നോവിക്കാതെ കടന്നുപോയി. കാലിനടിയില്‍ ചരല്‍ക്കല്ലുകള്‍ മെല്ലെയനങ്ങി. അവളുടെ കാലിനടിയില്‍നിന്നും ഒരു തരിപ്പു മുകളിലോട്ടുയര്‍ന്നു. അടുത്ത ചുവടു വച്ചപ്പോള്‍ നനുത്ത പുല്ലുകളുടെ തലോടലാണനുഭവപ്പെട്ടത്.
ഓരോ ചുവടും മുന്നോട്ടു െവക്കുമ്പോള്‍ ശ്വാസം ശരീരത്തിലൂടെ ഒഴുകുന്നതായി അവള്‍ക്ക് തോന്നി. അടിവയറ്റില്‍നിന്നും പുറേത്തക്കൊഴുകുന്ന ശ്വാസവും രാത്രി നിറവും കൂടിക്കലരുന്നത് കണ്ണിന് മുന്നില്‍ കാണാമായിരുന്നു. കൈനീട്ടി തൊടുവാനാവുന്ന ദൂരത്തില്‍ പെെട്ടന്നാണ് നക്ഷത്രങ്ങള്‍ പൊട്ടിമുളച്ചത്. അവയോരോന്നും അവളുടെ കവിളുകളില്‍ നിലാവിരലുകള്കൊണ്ട് മെല്ലെ തൊട്ടു. തൊടുന്നിടമാകെ പൂത്തുമിന്നുന്നത് അവള്‍ക്കറിയുന്നുണ്ടായിരുന്നു. ആ വെളിച്ചത്തില്‍ മുന്നോട്ടുള്ള വഴി തെളിഞ്ഞുയരുന്നത് അവള് കണ്ടു. പിന്നീടുള്ള ഓരോ ചുവടും ഉറപ്പുള്ളതായിരുന്നു. പാദങ്ങള്‍ക്കടിയില്‍ ചരല്‍ക്കല്ലുകളും, തണുത്ത പുല്ലുകളും പതിഞ്ഞൊതുങ്ങി.
വെട്ടുകല്ലിന്റെ മതിലിനടുത്തെത്തിയപ്പോഴേക്കും അവളുടെ ശ്വാസം വേഗത്തില്‍ ഉയര്‍ന്നു താണു. മിന്നിത്തെളിയുന്ന വെളിച്ചത്തില്‍ അതിന്റെ പരുത്ത പ്രതലം രക്തവര്ണങ്ങളില് എഴുന്നുനിന്നു. നിറയെ കുഴികളും സമതലങ്ങളും നിറഞ്ഞ ആ മതില്മുഖത്ത് അവള് മെല്ലെ വിരലോടിച്ചു. ഇടക്കവളുടെ വിരലുകള്‍ മതില്മുഖത്തുടക്കിയപ്പോള് അവള് ഞെട്ടി അതിനെ സൂക്ഷിച്ചുനോക്കി. പിന്നെ മെല്ലെ ചാഞ്ഞ് മുഖം അതിന്റെ മുഖത്തുരസി. പരുപരുത്ത മുഖം ഏറ്റു അവളുടെ മുഖം നിറയെ പോറലുണ്ടായി. അതിന്റെ നീറ്റലില്‍ അവള് ചുണ്ടുകള്‍ അമര്‍ത്തി അതിന്റെ മുകളിലേക്കു കയറിക്കിടന്നു. പെെട്ടന്ന് ആകാശത്തിന്റെ ചീളുകള്‍ വഴിമാറി പൂര്ണചന്ദ്രന് ഉദിച്ചു. മതിലിനു മുകളില്‍ കിടക്കുന്ന അവള് മിഴിഞ്ഞുപോയി. കൈകള്‍ വിടര്‍ത്തി അവള് മതിലിനെ അള്ളിപ്പിടിച്ചതും അത് അവളിലേക്ക് ആഴ്ന്നിറങ്ങിയതും ഒരുമിച്ചായിരുന്നു.
വെള്ളിവെളിച്ചത്തില്‍ മതിലില്‍ ആണ്ടു കിടക്കുന്ന അവളുടെ ഞരക്കങ്ങളില് കാറ്റിനുന്മാദം പെയ്തു. വീശിയടിച്ച കാറ്റില്‍ പുളഞ്ഞൊഴുകിയവള് മെല്ലെ എഴുന്നേറ്റിരുന്നു. നെറ്റിത്തടത്തില്‍ മുറ്റിയ വിയര്പ്പിന് തുള്ളികള്‍ വിരലുകളാല്‍ വടിച്ചെറിഞ്ഞപ്പോള് നീറ്റല്‍കൊണ്ട് കണ്ണടച്ചു പോയി. പടികളിറങ്ങുമ്പോള്‍ വേച്ചുവീഴാന്‍ പോയ അവളെ മതില് താങ്ങി. ഒരിക്കല്‍കൂടി അതിലേക്കു ചായുവാന്‍ ആഞ്ഞ അവളെ അതിന്റെ കൂര്‍ത്ത അഗ്രംകൊണ്ടത് നുള്ളിവിട്ടു. ചെറുതായി ചിരിച്ചുകൊണ്ടവള്‍ അതിനെ തള്ളിമാറ്റി കുളത്തിന്റെ ഏറ്റവും അവസാനത്തെ പടവില്‍ ചെന്നു അലസയായിരുന്നു.
വെള്ളത്തില്‍ മുങ്ങിനിവർന്ന ഒരു കാറ്റ് അവളോടു കുളത്തിലേക്കിറങ്ങാന്‍ പറഞ്ഞു. ഒഴുകിയൊലിച്ചു കൊണ്ടവള്‍ കൈനീട്ടി അതിന്റെ വിരല്‍തുമ്പില്‍ തൊട്ടലിഞ്ഞു വെള്ളത്തിലേക്കമര്ന്നു. ഈ വട്ടം വെള്ളം അവള്‍ക്കു ചുറ്റും ഇതളുകള്‍ വിരിച്ച് വഴിമാറി. വെട്ടുകല്ലിന്റെ പരുപരുപ്പില്‍ ചോര പൊടിഞ്ഞ അവളുടെ തൊലിയിടുക്കുകളില് രാ തണുപ്പില്‍ വെന്ത വെള്ളം ഒഴുകി ഇറങ്ങി. ഒാരോ വട്ടം മുങ്ങിനിവര്‍ന്നു, വകഞ്ഞു മുറുകിയയഞ്ഞു വെള്ളത്തിന്റെ ഇഴകളിലൂടെ അവളുടെ ദേഹം തിരകള്‍ നെയ്തുകൊണ്ടിരുന്നു. വെള്ളം അവളുടെ ചുണ്ടുകളെ ഉരസിക്കൊണ്ട് ഉടലിനെ പൊതിഞ്ഞു ചുറ്റും ഇഴഞ്ഞു അലയടിച്ചു. അതിന്റെ കൊത്തേറ്റു അവള് പുളഞ്ഞുപോയി.
ജലലോകങ്ങളുടെ അനന്താകാശങ്ങള്‍ ചെറു അലകളായി, അവളായി, മഴത്തുള്ളികളായി, ഇളംപച്ച ഇലകളായി, ചെറു പ്രാണികളായി, മരുമർമരങ്ങളായി, നൂറ്റാണ്ടുകളുടെ പാട്ടലകളായി,
അവളായി,
അവളായി,
അവളായി.