Begin typing your search above and press return to search.
proflie-avatar
Login

വ്യക്തിത്വമുള്ള ഒരു മൃഗവൈദ്യൻ

വ്യക്തിത്വമുള്ള ഒരു മൃഗവൈദ്യൻ
cancel

യഥാർഥത്തിൽ നിങ്ങൾ കരുതുംപോലെ ഞാനത്ര ഭീരുവൊന്നുമല്ല. അതെ, നിങ്ങൾ കരുതുംപോലെ. കഴിഞ്ഞ ദിവസം ഞാൻ ഓഫീസിൽ ഒരു ഫയൽ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. കൃത്യനിർവഹണത്തിൽ എനിക്കുള്ള ശുഷ്കാന്തി എ​ന്റെ മേലധികാരി എത്രവട്ടം ശ്ലാഘിച്ചിട്ടുള്ളതാണെന്ന് നിങ്ങൾക്കും അറിവുള്ളതാണല്ലോ. അതുകൊണ്ട് എത്ര പ്രയാസമുള്ള ടാസ്കും അദ്ദേഹം എന്നേ തന്നെയാണ് ഏൽപിച്ചിരുന്നത്. എത്ര വൈകി ജോലിചെയ്യേണ്ടിവന്നാലും ഞാനത് തീർത്തേ എ​ന്റെ ഫ്ലാറ്റിലേക്ക് മടങ്ങാറുള്ളൂ. അപ്പോൾ നിങ്ങൾ പറയും എനിക്ക് എ​ന്റെ മേലധികാരിയെ ഭയമാണ് എന്ന്. അതെ, നിങ്ങൾ അങ്ങനെതന്നെ പറയും. എന്നാൽ ഞാനോ, എന്നെ ഏൽപിക്കുന്ന ഏത് ജോലിയും കാര്യക്ഷമതയോടെയും...

Your Subscription Supports Independent Journalism

View Plans

യഥാർഥത്തിൽ നിങ്ങൾ കരുതുംപോലെ ഞാനത്ര ഭീരുവൊന്നുമല്ല. അതെ, നിങ്ങൾ കരുതുംപോലെ. കഴിഞ്ഞ ദിവസം ഞാൻ ഓഫീസിൽ ഒരു ഫയൽ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. കൃത്യനിർവഹണത്തിൽ എനിക്കുള്ള ശുഷ്കാന്തി എ​ന്റെ മേലധികാരി എത്രവട്ടം ശ്ലാഘിച്ചിട്ടുള്ളതാണെന്ന് നിങ്ങൾക്കും അറിവുള്ളതാണല്ലോ. അതുകൊണ്ട് എത്ര പ്രയാസമുള്ള ടാസ്കും അദ്ദേഹം എന്നേ തന്നെയാണ് ഏൽപിച്ചിരുന്നത്. എത്ര വൈകി ജോലിചെയ്യേണ്ടിവന്നാലും ഞാനത് തീർത്തേ എ​ന്റെ ഫ്ലാറ്റിലേക്ക് മടങ്ങാറുള്ളൂ. അപ്പോൾ നിങ്ങൾ പറയും എനിക്ക് എ​ന്റെ മേലധികാരിയെ ഭയമാണ് എന്ന്. അതെ, നിങ്ങൾ അങ്ങനെതന്നെ പറയും. എന്നാൽ ഞാനോ, എന്നെ ഏൽപിക്കുന്ന ഏത് ജോലിയും കാര്യക്ഷമതയോടെയും സമയബന്ധിതമായും പൂർത്തിയാക്കണമെന്ന് നിർബന്ധമുള്ളയാളാണ്.

ഞാൻ എ​ന്റെ മേലധികാരിയെ ഭയപ്പെടുകയോ അയാൾ എ​ന്റെ മുഖത്ത് ആട്ടുമെന്നോ എന്നോട് കയർത്തും ക്ഷോഭിച്ചും സംസാരിക്കുമെന്നോ മറ്റുള്ളവരുടെ മുന്നിൽ വെച്ച് ഫാ...നാറീ എന്നു വിളിച്ച് അധിക്ഷേപിക്കുമെന്നോ ആശങ്കപ്പെടുന്ന ആളുമല്ല. എന്തുപറയാൻ, ഇതെല്ലാം എനിക്ക് നിങ്ങളോട് വിശദീകരിക്കേണ്ടിവരുന്നു. സത്യത്തിൽ അത് കഷ്ടംതന്നെ. ഞാൻ നിങ്ങളെപ്പോലെയല്ല. ഞാനൊരവിവാഹിതനാണ്. എനിക്ക് പ്രത്യേകിച്ച് എന്തെങ്കിലും നേരമ്പോക്കുകളുമില്ല. അതുകൊണ്ട് എനിക്കു വേണമെങ്കിൽ യഥേഷ്ടം സമയം ഓഫീസിൽ ചെലവഴിക്കാവുന്നതേയുള്ളൂ. ബെല്ലടിക്കുമ്പോൾ പുസ്തക​ക്കെട്ടുകളുമായി പുറത്തേക്കോടുന്ന സ്കൂൾ കുട്ടികളെപ്പോലെ ക്ലോക്കിൽ അഞ്ച് മണി മുഴങ്ങുമ്പോൾ നിങ്ങളെല്ലാവരും പുറത്തേക്കോടുന്നത് ഞാൻ കണ്ടിട്ടുണ്ട്. എപ്പോഴെങ്കിലും നിങ്ങളോട് ഞാനതേക്കുറിച്ച് ചോദിച്ചിട്ടുണ്ടോ? എ​ന്റെ വിധിയെ ഓർത്ത് ഞാൻ പരാതിപ്പെട്ടിട്ടുണ്ടോ? ഇല്ല.

എത്ര അച്ചടക്കത്തോടെയാണ് ഞാൻ ജീവിക്കുന്നതെന്ന് എ​ന്റെ വീട്ടുടമസ്ഥനോട് ഒന്ന് ചോദിച്ചുനോക്കൂ. അഞ്ചാം തീയതിതന്നെ ഞാൻ വാടക ഒടുക്കുന്നു. ഉടമ്പടിപ്രകാരം വർഷാവർഷം അയാൾ വാടക കൂട്ടുന്നുണ്ട്. ഞാനതിൽ ഇതുവരെ പരിഭവിച്ചിട്ടില്ല. വൈദ്യുതി ബില്ല്, വെള്ളക്കരം എന്നിവ ഫൈൻ കൂടാതെ അടക്കുന്നു. രാത്രി പത്തു മണിക്കുശേഷം ഞാൻ താമസിക്കുന്ന ഫ്ലോറിലെ എല്ലാ വിളക്കുകളും ഞാൻതന്നെ മുൻകൈയെടുത്ത് ഓഫ് ചെയ്യുന്നു. ഇതൊന്നും അയാളുടെ നിർദേശപ്രകാരമല്ല. നിങ്ങൾ പറയും, എന്റെ വീട്ടുടമസ്ഥനെ എനിക്ക് ഭയമാണെന്ന്. ശരിയാണ്, അയാളുടെ വസൂരിക്കല നിറഞ്ഞ മുഖവും കപ്പടാ മീശയും ചെവിക്കു മീതേ തിങ്ങി വളർന്നുനിൽക്കുന്ന രോമങ്ങളും ഉണ്ടക്കണ്ണുകളും ഹൊ... ആരേയും ഭയപ്പെടുത്തുന്നതുതന്നെ.

പോരാത്തതിന് അയാൾ ഒരു മുൻകോപിയുമാണ്. അയാളോട് വഴക്കിട്ട് അയാളുടെ ഭാര്യ പിണങ്ങിപ്പോയിരിക്കുകയാണ്. ഒരുനാൾ ചിലപ്പോൾ അയാൾ ഒരു ഇരുമ്പ് വടികൊണ്ട് അയാളുടെ പൂച്ചകളെയെല്ലാം തല്ലിക്കൊല്ലുമായിരിക്കും. അതൊന്നും പക്ഷേ എന്നെ ബാധിക്കുന്ന കാര്യങ്ങളല്ല. ഒരുദിവസം അയാൾ എന്നെ കഴുത്തിന് പിടിച്ച് പുറത്താക്കുമെന്ന് ഞാൻ ഭയപ്പെടുന്നതായി നിങ്ങൾ അനുമാനിക്കുന്നുണ്ടാകാം. എന്നാൽ, അതങ്ങനെയല്ല. എ​ന്റെ അച്ചടക്കപൂർണമായ ജീവിതത്തെ ഒരു ദയയുമില്ലാതെ നിങ്ങൾ തള്ളിക്കളയുകയാണ്.

അതുപോകട്ടെ, ഓഫീസ് വിട്ട് വീട്ടിലെത്തിയാൽ ഞാൻ ഒരു ചായയുണ്ടാക്കും. ആ ചായയുമായി ഇരിപ്പുമുറിയിൽ ഇരുന്ന് ഏതെങ്കിലും ദുരൂഹ കഥകൾ വായിക്കും. അതെ, ദുരൂഹ കഥകൾ. സ്ഥിരമായി ഞാൻ ബുക്കുകൾ വാങ്ങുന്ന ഒരു കടയുണ്ട്. അവിടത്തെ ജീവനക്കാർക്കെല്ലാം എന്നോട് എത്ര ആദരവാണെന്നോ. അവരെനിക്കായി അതിദുരൂഹവും ഭീതിജനകവുമായ കഥാപുസ്തകങ്ങൾ തിരഞ്ഞ് കണ്ടെത്തുന്നു. ചില ഭീകര കഥകൾ ഞാൻ ആവർത്തിച്ച് വായിച്ചു എന്നറിയുമ്പോൾ അവരെന്നെ കെട്ടിപ്പിടിച്ച് അഭിനന്ദിക്കാറുപോലുമുണ്ട്. ഒരിക്കൽ സന്തോഷം സഹിക്കവയ്യാതെ ആ കടയുടമ എനിക്കൊരു ചോക്കലേറ്റ് സമ്മാനിക്കുകപോലും ചെയ്തു.

വഴിയിലൂടെ സൂക്ഷിച്ച് നടക്കണമെന്നും വാഹനങ്ങളൊക്കെ ഒരു നിയന്ത്രണവുമില്ലാതെ ചീറിപ്പായുകയാണെന്നും ആ കടയുടമ എന്നോട് പറഞ്ഞു. അതിൽ പിന്നീട് ഞാൻ അക്കാര്യത്തിൽ പ്രത്യേകമായ ഒരു കരുതൽ തന്നെയെടുത്തുപോന്നു. വാഹനങ്ങളെ ഒഴിഞ്ഞുമാറി വളരെ സാവധാനത്തിൽ ഞാൻ വഴി നടന്നു. അപ്പോൾ ചില ദുർനടപ്പുകാരായ ട്രക്ക് ഡ്രൈവർമാർ എന്നെ കൃതാർഥരായി നോക്കി. അവരിൽ ചിലർ സ്നേഹത്തോടെ എ​ന്റെ തൂവെള്ള ഷർട്ടിലേക്ക് മുറുക്കി തുപ്പുകപോലും ചെയ്തു. അവരിലൊരാൾ നായീ​ന്റെ മോനേ, നടപ്പു ദീനമാണോടാ എന്നു ചോദിച്ചത് എത്രമാത്രം കാരുണ്യമുള്ളതുകൊണ്ടാണ്.

നിങ്ങൾ പറയുന്നു, എല്ലാവരും വേഗത്തിൽ ഓടുകയും വേഗത്തിൽ നടക്കുകയും ചെയ്യുമ്പോൾ ഞാൻ മാത്രം ഇഴഞ്ഞു നീങ്ങുകയാണെന്ന്. എനിക്ക് വാഹനങ്ങളെ ഭയമാണെന്ന്. അതുകൊണ്ടാണ് കമ്പനി എല്ലാവർക്കും വായ്പാ അടിസ്ഥാനത്തിൽ ഇരുചക്ര വാഹനങ്ങൾ നൽകുന്ന പദ്ധതിയിൽ ഞാൻ പങ്കാളിയാകാതിരുന്നത് എന്ന്. സുഹൃത്തേ, നാമെല്ലാവരും സ്വന്തം ഉടമസ്ഥതയിലുള്ള വാഹനങ്ങളിൽ സഞ്ചരിച്ചാൽ നമ്മുടെ പൊതു ഗതാഗത സംവിധാനത്തിന് എന്ത് സംഭവിക്കുമെന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ.

ശരി, നമുക്ക് എ​ന്റെ അപ്പാർട്മെന്റിലേക്ക് തന്നെ മടങ്ങിയെത്താം. നോക്കൂ... ഞാൻ ആ നേരം എ​ന്റെ വീട്ടിൽ ഒറ്റക്കാണ്. പുറത്ത് രാത്രിയാണ്. ഓഫീസിൽനിന്നും ഒന്നര മണിക്കൂർ യാത്ര ചെയ്താണ് ഞാൻ എ​ന്റെ അപ്പാർട്മെന്റിലെത്തുന്നത്. അപ്പാർട്മെന്റ് ഒരു കുന്നിനു മുകളിലാണ്. ഞാനത് പ്രത്യേകമായി തിരഞ്ഞെടുത്തതു തന്നെ. ജോലി കിട്ടി ഈ നഗരത്തിൽ വന്നപ്പോൾ ഞാനാദ്യം പരിചയപ്പെട്ടത് ഒരു കൂട്ടിക്കൊടുപ്പുകാരനെയായിരുന്നു. അത് മനപ്പൂർവമായിരുന്നില്ല. അങ്ങനെ സംഭവിച്ചുപോയതാണ്. രാത്രിയിൽ ബസിറങ്ങിയ എനിക്ക് താമസിക്കാൻ ഒരു ലോഡ്ജ് കണ്ടെത്തണമായിരുന്നു. അത് തിരഞ്ഞ് നടക്കുമ്പോഴാണ് അയാൾ അടുത്തുകൂടിയത്.

ഇരുട്ടിൽ ഒരിണയെ തിരഞ്ഞ് നടക്കുകയാണ് ഞാൻ എന്ന് അയാൾക്ക് തോന്നിയിട്ടുണ്ടാകാം. അപരിചിതമായ ഈ നഗരത്തിൽ അന്ന് രാത്രിയിൽ അയാൾ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സുഹൃത്തായിരുന്നു. ആ സൗഹൃദം ദാ... ഇപ്പോഴും തുടരുന്നു. അയാളാണ് ഈ അപ്പാർട്മെന്റ് എനിക്ക് ഏർപ്പാടാക്കിത്തന്നത്. ഒറ്റ ഡിമാൻഡേ എനിക്കുണ്ടായിരുന്നുള്ളൂ. വീടിന് അത്ര ദൂരത്തിലല്ലാതെ ഒരു സെമിത്തേരി ഉണ്ടായിരിക്കണം. എത്ര സൗകര്യം കുറഞ്ഞാലും കുഴപ്പമില്ല, വീടി​ന്റെ ജനാലയിലൂടെ നോക്കിയാൽ എനിക്ക് ആ സെമിത്തേരി കാണണം. ഞെട്ടി, നിങ്ങൾ ഇപ്പോൾ ശരിക്കും ഞെട്ടി. ആ സെമിത്തേരിയിലേക്ക് നോക്കിനിൽക്കുമ്പോൾ എനിക്ക് എത്രമാത്രം മനഃസമാധാനമാണ് കിട്ടുക എന്ന് നിങ്ങൾക്കറിയാമോ? ആറടിമണ്ണിൽ അവസാനിക്കുന്ന ഒരു ജീവിതമാണ് നമ്മുടേതെന്ന് എല്ലാ രാത്രികളിലും അതെന്നോട് പറഞ്ഞുകൊണ്ടിരുന്നു.

കുന്നിനു മുകളിൽ എപ്പോഴും കൊടുങ്കാറ്റാണ്. കാറ്റിൽ എ​ന്റെ ഇരിപ്പുമുറിയുടെ ജനാലകളിലെ തിരശ്ശീലകൾ ഇളകുന്നുണ്ടാകും. എ​ന്റെ അപ്പാർട്മെന്റിന് തൊട്ടടുത്ത് ഒരു വൃദ്ധദമ്പതികളാണ് താമസിക്കുന്നത്. അവർക്ക് കാവലായി ഒരു നായയുണ്ട്. ചുവന്ന കണ്ണുകളും നീണ്ട നാവുമുള്ള ഒരു ബലവാനാണവൻ. വാതിലിന് മുന്നിൽ ആരുടെയെങ്കിലും കാൽപ്പെരുമാറ്റം കേട്ടാൽ മതി അവൻ ഉച്ചത്തിൽ കുരക്കും.

ഞാൻ രാവിലെ പുറത്തേക്കിറങ്ങും മുമ്പ് സ്വീകരണമുറിയുടെ വാതിൽ അൽപം മാത്രം തുറന്ന് ഒന്ന് പാളിനോക്കും. എന്തിനാണെന്നോ, ആ വൃദ്ധദമ്പതികളുടെ വീടി​ന്റെ മുൻവാതിൽ അടച്ചിട്ടിരിക്കുകയാണോ എന്ന് അറിയാനാണ്. അത് അടച്ചിട്ടിരിക്കുകയാണെങ്കിൽ എനിക്ക് ഭയംകൂടാതെ പുറത്തേക്കിറങ്ങാം. അല്ലാത്തപക്ഷം ആ നായ എന്നെ കടിച്ചുകീറും. നിങ്ങൾ ഇപ്പോൾ പറയും, ഞാനൊരു ഭീരുവാണെന്ന്. ഒരു മനുഷ്യൻ ത​ന്റെ മാംസത്തെ ഒരു നായക്ക് സ്വയം വലിച്ചെറിഞ്ഞുകൊടുക്കുന്നതിലെ അയുക്തികതയേക്കുറിച്ച് നിങ്ങളെന്താണ് ആലോചിക്കാത്തത്. കുരച്ചു ചാടാൻ നിൽക്കുന്ന ഒരു നായയെ ആരാണ് ഭയക്കാത്തത്. അതുപോകട്ടെ, നമുക്ക് ദുരൂഹകഥകളിലേക്ക് വരാം.

ഞാൻ പാതിരാവോളം ദുരൂഹ കഥകൾ വായിക്കുമ്പോൾ ഈ നായ ഇടക്കിടെ കുരച്ചുകൊണ്ടിരിക്കും. ഇരുട്ട്, കൊടുങ്കാറ്റ്, കാറ്റിലിളകുന്ന തിരശ്ശീലകൾ, ഏകാന്തത, നായയുടെ കുര, അൽപമകലെ ഒരു സെമിത്തേരി, ദുരൂഹ കഥ... ഇതാണ് ഏറക്കുറെ അപ്പാർട്മെന്റിലെ എ​ന്റെ രാത്രികാല ജീവിതം. ഒരു ധൈര്യശാലിക്കല്ലാതെ ഇപ്രകാരം ഒരു ജീവിതം കഴിച്ചുകൂട്ടാനാകുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ. അങ്ങനെ ഏകാന്തവും അതിലേറെ ഭയാനകവുമായ രാത്രിജീവിതത്തിനു ശേഷമാണ് ഞാൻ ഓരോ ദിവസവും ഈ ഓഫീസിലേക്കെത്തുന്നത് എന്ന് നിങ്ങളോർക്കണം. ഈ സമയം ഞാൻ ഫയൽ നോക്കിക്കൊണ്ടിരിക്കെ എ​ന്റെ പിന്നിലെ അലമാരയുടെ വാതിൽ ആരോ ശക്തമായി ഒന്നു തുറന്നടച്ചു. ആ ശബ്ദത്തിൽ ഞാനൊന്ന് ഞെട്ടി എന്നത് ശരിയാണ്.

അത് എ​ന്റെ കേൾവിശക്തിയുടെയും പ്രതികരണശേഷിയുടെയും ഉത്തമ ഉദാഹരണമാണ്. ഞാൻ ഒരു ബധിരനായിരുന്നു എങ്കിൽ ആ ശബ്ദം എന്നിൽ ഒരു പ്രതികരണവുമുണ്ടാക്കുമായിരുന്നില്ല. നിങ്ങളും ഞാനും എ​ന്റെ കേൾവിശക്തിയെ ഉറപ്പിച്ചത് ഈ സംഭവത്തോടെയായിരുന്നല്ലോ. ഞാൻ ആരോടും ഒന്നും മിണ്ടുന്നില്ല എന്നും ചിലപ്പോഴെങ്കിലും എനിക്ക് ചുറ്റും നടക്കുന്നതൊന്നും ഞാനറിയുന്നില്ല എന്നും ഞാനൊരു പൊട്ടനായിരിക്കുമെന്നും നിങ്ങളിൽ ചിലർ അടക്കംപറഞ്ഞിരുന്നല്ലോ. ഇപ്പോൾ എന്തുപറയുന്നു. അലമാരയുടെ ആ ഭീകരശബ്ദത്തിൽ ഞാൻ ഞെട്ടിയില്ലേ? അതൊരിക്കലും ഞാനൊരു ഭീരുവായതുകൊണ്ടല്ല. ഞാനൊരു പരിസരജീവിതന്നെയാണെന്ന് ഇപ്പോഴെങ്കിലും നിങ്ങൾ സമ്മതിക്കുമല്ലോ.

അടുത്തിടെ നമ്മുടെ ഒരു സഹപ്രവർത്തക മരിച്ചപ്പോൾ അവരുടെ മൃതദേഹം കാണാനോ അന്തിമോപചാരം അർപ്പിക്കാനോ ഞാൻ വന്നിരുന്നില്ല എന്നത് ശരിയാണ്. അതിന് കാരണം ഞാൻ മൃതദേഹങ്ങൾ കാണാൻ ഇഷ്ടപ്പെടുന്നില്ല എന്നത് മാത്രമാണ്. കുട്ടിക്കാലത്ത് എനിക്ക് വളരെ അടുപ്പമുണ്ടായിരുന്ന ആളാണ് എ​ന്റെ മുത്തശ്ശി. അവർ മരിച്ചപ്പോഴും ഞാനെ​ന്റെ മുറിക്ക് പുറത്തേക്ക് ഇറങ്ങിയിരുന്നില്ല. മരിച്ച അവരുടെ മുഖമായിരിക്കും എപ്പോഴും എ​ന്റെ ഓർമകളിൽ. അത് ഞാനിഷ്ടപ്പെടുന്നില്ല. അതെന്നെ വല്ലാതെ അലട്ടിക്കൊണ്ടിരിക്കും. ഈ സഹപ്രവർത്തകയുണ്ടല്ലോ… അവരൊരിക്കൽ എ​ന്റെ അപ്പാർട്മെന്റിലേക്ക് വരാമെന്ന് പറഞ്ഞതാണ്. എന്തിനാണെന്നോ… ഇണചേരാൻ. ഞാനത് നിരസിച്ചപ്പോൾ അവർ എന്നെ അവരുടെ വീട്ടിലേക്ക് ക്ഷണിച്ചു.

അങ്ങനെ ഒരിക്കൽ ഞാനവിടെ പോവുകയുംചെയ്തു. ബോഗൻവില്ലകൾ നിറഞ്ഞ തൊടിയിൽ ഏകാന്തമായി നിൽക്കുന്ന ഒരു വീടായിരുന്നു അത്. പോരാത്തതിന് അതൊരു വേനൽക്കാലവുമായിരുന്നു. സത്യത്തിൽ ചൂടുള്ള പകൽ ഇണചേരലിന് പറ്റിയ ഒരു കാലാവസ്ഥയല്ല. മരിച്ചൊരാളെക്കുറിച്ച് കുറ്റം പറയുകയാണെന്ന് കരുതരുത്. നമ്മുടെ സഹപ്രവർത്തകക്ക് എപ്പോഴും വിയർപ്പി​ന്റെ നാറ്റമായിരുന്നു. എന്നാൽ അങ്ങനെയൊരാൾക്കും ഇണചേരാൻ അർഹതയുണ്ട് എന്ന കാര്യം ഞാൻ സമ്മതിക്കുന്നു. അവരടുത്തെത്തിയപ്പോൾ ശരിക്കും എനിക്ക് ശ്വാസംമുട്ടി. ഞാൻ പുറത്തേക്കോടി. അതിൽ പിന്നീട് ഞാനൊരു ഭീരുവാണെന്ന് അവർ പറഞ്ഞുനടന്നു. സാരമില്ല.

 

ഈ നാട്ടിൽ എനിക്കിപ്പോഴും സൗഹൃദമുള്ളത് ആ കൂട്ടിക്കൊടുപ്പുകാരനുമായി മാത്രമാണ്. പൊതുവെ ഇത്തരം തൊഴിലുകൾ തിരഞ്ഞെടുക്കുന്നവർ മികച്ച വ്യക്തിത്വങ്ങൾക്ക് ഉടമകളായിരിക്കും. ഈ പ്രയോഗം സത്യത്തിൽ ഞാൻ കടമെടുത്തതാണ് കേട്ടോ. ഞാനൊരു മികച്ച വ്യക്തിത്വത്തി​ന്റെ ഉടമയായിത്തീരണം എന്നു നിർദേശിച്ചത് എ​ന്റെ തുന്നൽക്കാരനാണ്. എന്തുകൊണ്ടാണ് അയാൾ അങ്ങനെ പറഞ്ഞതെന്ന് ഞാൻ നേരിട്ടുതന്നെ ചോദിച്ചു. സത്യത്തിൽ എന്താണ് വ്യക്തിത്വം, അത് എപ്രകാരമാണ് മികച്ചതോ കുറവുള്ളതോ ആകുന്നത് എന്നതൊന്നും എനിക്കറിയില്ലായിരുന്നു. അത്തരം പാഠങ്ങൾ ആരും എനിക്ക് പറഞ്ഞുതന്നിരുന്നില്ല. ചിലതെല്ലാം നമ്മെ പഠിപ്പിക്കാൻ ഈ സമൂഹത്തിന് ബാധ്യതയുണ്ടെന്ന് കരുതുന്ന ഒരാളാണ് ഞാൻ. ഉദാഹരണത്തിന് എ​ന്റെ ജീവിതത്തെ തന്നെ വഴിമാറ്റിയ ഒരു സംഭവം പറയാം.

വിദൂര ഗ്രാമത്തിൽ ഒരിടത്ത് ചെമ്പിനെ സ്വർണമാക്കുന്ന വിദ്യ അഭ്യസിപ്പിക്കുന്ന ഒരിടമുണ്ട് എന്നും അവിടെ പോയി ആ ചെപ്പടിവിദ്യ സ്വായത്തമാക്കിയാൽ അതിവേഗം നമുക്ക് സമ്പന്നരാകാം എന്നും പറഞ്ഞത് എ​ന്റെ അയൽവാസികൂടിയായ സുഹൃത്തായിരുന്നു. എന്നാൽ മകനേ… ആൽക്കെമി ഒരു ദുർവൃത്തിയാണെന്ന് എ​ന്റെ അച്ഛൻ പറഞ്ഞു. പിന്നീട് ഞാനാവഴിക്ക് ചിന്തിച്ചതു തന്നെയില്ല. അതോടെ അയൽവാസിയായ എ​ന്റെ സുഹൃത്ത് നല്ല വ്യക്തിത്വം അല്ല എന്ന് ആ സമയംതന്നെ എനിക്ക് ബോധ്യപ്പെട്ടു. ആയതിനാൽ അയാളുമായുള്ള സൗഹൃദം ഞാൻ പാടേ ഉപേക്ഷിക്കുകയുംചെയ്തു. പക്ഷേ എന്താണ് മികച്ച വ്യക്തിത്വം? അതെനിക്ക് മനസ്സിലായിരുന്നില്ല. എന്നാൽ ആ തുന്നൽക്കാരൻ അതെനിക്ക് വ്യക്തമാക്കിത്തന്നു.

ഉന്നതരായ എല്ലാ വ്യക്തിത്വങ്ങളും അവരുടെ വീടുകളിൽ രഹസ്യമായി പാമ്പുകളെ വളർത്തിയിരുന്നു എന്ന അറിവ് ആ തുന്നൽക്കാരനാണ് എനിക്ക് സമ്മാനിച്ചത്. ആ അറിവ് അയാൾ എന്നിലേക്ക് പകരുമ്പോൾ ലേശംപോലും തുളുമ്പി പോകാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. മനുഷ്യർ നമുക്കായി ചില നന്മകൾ ചെയ്യുമ്പോൾ അവരോട് നാം ശ്രദ്ധാലുക്കളും കൃതഘ്നരുമായിരിക്കണം. പാമ്പുകളുമായി ചങ്ങാത്തമുള്ളവർക്ക് സൂക്ഷ്മബുദ്ധി വികസിക്കുമെന്നും ഒരു ശബ്ദംപോലും കേൾക്കാതെ അവ ഈ ലോകത്ത് അധിവസിക്കുന്നതും അതിജീവിക്കുന്നതും അസാമാന്യമായ ഗ്രഹണപടുത്വമുള്ളതുകൊണ്ടാണെന്നും തുന്നൽക്കാരൻ പറഞ്ഞു. അപ്രകാരം രഹസ്യമായി പാമ്പുകളെ വളർത്താൻ ഞാൻ തീരുമാനിക്കുകയുംചെയ്തു.

അങ്ങനെയിരിക്കെ ഒരു ദിവസം ഓഫീസിൽനിന്നും ഞാൻ വീട്ടിലേക്കുള്ള മടക്കയാത്രയിലായിരുന്നു. കുന്നിനു മുകളിലേക്കുള്ള വളവുകളിലൂടെ ബസ് മുന്നോട്ടു കുതിക്കവെ വൃദ്ധയായ ഒരു സ്ത്രീ ഞാനിരിക്കുന്ന സീറ്റിലേക്ക് വന്നു. അവർ എ​ന്റെ അടുത്ത് തന്നെയിരുന്നു. എനിക്കവരെ പരിചയമുണ്ട്. അവർ ആ തുന്നൽക്കാര​ന്റെ അമ്മയായിരുന്നു. അവരുടെ കൈയിൽ ഒരു ചൂരൽക്കുട്ടയുണ്ടായിരുന്നു. ഒരു കൗതുകത്തിന് എന്താണ് അതിനുള്ളിൽ എന്ന് ഞാനന്വേഷിച്ചു. അതിൽ ഏതാനും പാമ്പുകളാണ് എന്നവർ പറഞ്ഞു. അത് വിൽപനക്കാണോ എന്നുകൂടി ഞാനന്വേഷിച്ചു. അല്ല എന്നും വേണമെങ്കിൽ അങ്ങനെ ആലോചിക്കാമെന്നും അവർ പറഞ്ഞു.

ഞങ്ങളിരുവരും അടുത്ത സ്റ്റോപ്പിൽ ഇറങ്ങി. അപ്പോഴേക്കും ഇരുട്ട് വീണിരുന്നു. ബസ് സ്റ്റോപ്പിനടുത്തുള്ള ഒരു പൊന്തക്കാട്ടിലേക്ക് അവരെന്നെ കൂട്ടിക്കൊണ്ടുപോയി. അവിടെവെച്ച് ആ ചൂരൽക്കുട്ട അവർ തുറന്നു കാണിച്ചു. അതിൽ മൂന്ന് പാമ്പുകളുണ്ടായിരുന്നു. അതിലൊരുവൻ എനിക്കു നേരേ ഒന്ന് ചീറ്റി. അടങ്ങിക്കിടക്കടാ എന്നു പറഞ്ഞ് ആ വൃദ്ധ അതി​ന്റെ കഴുത്തിൽ അമർത്തിപ്പിടിച്ചു. അവരാവശ്യപ്പെട്ട പ്രകാരം ഞാനൊരു തുക നൽകി ആ പാമ്പുകളെ സ്വന്തമാക്കി. പിരിയുമ്പോൾ അവരെന്നോട് ഇണചേരാൻ താൽപര്യമുണ്ടോ എന്നു ചോദിച്ചു.

ഇരുട്ടിൽ ഒരു പൊന്തക്കാട്ടിനരികെ അതൊരു സാധ്യതയായിരുന്നെങ്കിലും അവരുടെ മുഖത്തെ ചുളിവുകൾ തീർത്തും അനാകർഷകമായിരുന്നു. ആയതിനാൽ ഞാൻ പാമ്പുകളുമായി എ​ന്റെ അപ്പാർട്മെന്റിലേക്കു തന്നെ പോന്നു. ഇപ്പോൾ എനിക്കൊപ്പം അവ കഴിയുന്നു. പാലും പഴവും കൊടുത്ത് ഞാനവയെ വളർത്തിപ്പോരുന്നു. ഓഫീസിലിരിക്കുമ്പോൾ നിങ്ങൾ ശ്രദ്ധിച്ചിരിക്കുമല്ലോ, ഞാൻ ചിലപ്പോഴൊക്കെ അസ്വസ്ഥനാകാറുണ്ട്. അത് പാമ്പുകൾ ഭക്ഷണം കഴിച്ചിട്ടുണ്ടാകുമോ എന്ന് ആകുലപ്പെടുന്നതുകൊണ്ടാണ്.

എന്തുമാകട്ടെ അതിനുശേഷം എ​ന്റെ വ്യക്തിത്വം തന്നെ മാറിപ്പോയി. ആദ്യമൊക്കെ ഞാൻ വീട്ടിലും പിന്നീട് ഓഫീസിലും കൈകൾ നിലത്തുകുത്തി മുട്ടിലിഴയാൻ തുടങ്ങി. എ​ന്റെ മേലധികാരിക്ക് അതൊരു നല്ല ലക്ഷണമായി തോന്നി. കഴിഞ്ഞതവണ നിങ്ങൾക്കെല്ലാവർക്കും ശമ്പളം വർധിപ്പിച്ചപ്പോൾ എനിക്കുമാത്രം അയാൾ ശമ്പളം കൂട്ടി തന്നില്ല. അത് സാരമില്ല. പക്ഷേ, അതിന് നിങ്ങൾ പറഞ്ഞ കാരണം ഞാൻ മുട്ടിലിഴയുന്ന ഒരുത്തനാണ് എന്നതാണല്ലോ. ഒരിഴജന്തു എന്ന് നിങ്ങൾ എന്നെ പരിഹസിച്ചു. ചില സഹവാസങ്ങൾ നമ്മെ പുതുതായി പലതും പരിശീലിപ്പിക്കും. ഞാനതിൽ കണ്ടെത്തുന്ന ആനന്ദം നിങ്ങൾക്ക് മനസ്സിലാകില്ല.

മനസ്സിലാകണമെങ്കിൽ നിങ്ങൾ പാമ്പിനെ വളർത്തണം. ചുരുക്കത്തിൽ ഞാനൊരു വിചിത്ര വ്യക്തി തന്നെ എന്ന് ഇപ്പോഴെങ്കിലും നിങ്ങൾ സമ്മതിക്കുമല്ലോ. സുഹൃത്തേ, വ്യക്തിത്വനിർമാണമെന്നത് ഒട്ടുംതന്നെ അനായാസമല്ല. അതിനായി നമ്മൾ എവിടെയും ഇഴഞ്ഞുനടന്നു തന്നെ ശീലിക്കണം. ആ മേലധികാരി എ​ന്റെ നടുവിന് ചവിട്ടി രസിക്കുകയാണ് എന്നുപോലും നിങ്ങൾ പറയുന്നു. അയാൾ ക്രൂരതയിൽ ആനന്ദം കണ്ടെത്തുന്ന ആളാണ് എന്ന് എനിക്ക് നിങ്ങളേക്കാൾ നന്നായി അറിയാം. ഒരുദിവസം അയാളുടെ മുറിയിൽ വെച്ച് അയാൾ എ​ന്റെ നഖത്തിന് താഴെ സൂചികൊണ്ട് കുത്തി മുറിവേൽപിച്ചു. അത്രമാത്രമേ നിങ്ങൾക്കറിയൂ.

എന്നാലത് അയാൾ എങ്ങനെയാണ് നിർവഹിച്ചത് എന്ന് നിങ്ങൾക്കറിയാമോ. അയാളെന്നെ വാത്സല്യത്തോടെ അയാളുടെ മടിയിലിരുത്തി. എന്നിട്ട് എ​ന്റെ മുഖത്ത് ചുംബിച്ചു. പിന്നെ സാവധാനം എ​ന്റെ നഖങ്ങൾക്കടിയിലേക്ക് സൂചി കുത്തിയിറക്കി. എത്ര ഓമനത്തത്തോടെയാണ് അയാളത് ചെയ്തത്. എന്നിട്ട് അയാൾ ഇപ്പോൾ എവിടെയാണ്? ആശുപത്രിയിൽ. അയാൾ പറയുന്നത് എന്ന് നിങ്ങൾ പറയുന്നത് ഞാനാണ് അപ്രകാരം ചെയ്തത് എന്നാണ്. മറിച്ച് തെളിയിക്കാൻ എ​ന്റെ കൈകളിൽ മുറിവുകളൊന്നുമില്ല എന്നത് ശരിതന്നെ. അതിനർഥം ഞാനങ്ങനെ ചെയ്തു എന്നാണോ?

ഇടക്കൊന്ന് ചോദിക്കട്ടെ, നിങ്ങൾ പറഞ്ഞു എ​ന്റെ അയൽക്കാരായ ആ വൃദ്ധദമ്പതികൾ മരിച്ചു എന്ന്. എന്നെ സംബന്ധിച്ച് അത് ഒട്ടുംതന്നെ അസ്വാഭാവികമല്ല. കാരണം, അവർ മരണാസന്നരായിരുന്നു. അതുകൊണ്ടാണ് അവരുമായി ഞാനൊരു ചങ്ങാത്തത്തിന് ശ്രമിക്കാതിരുന്നത്. ഉടൻതന്നെ മരണപ്പെട്ടു പോകാനിരിക്കുന്നവരോട് എന്ത് സംസാരിക്കാനാണ്. ഏതൊരു മനുഷ്യബന്ധവും ദീർഘകാലാടിസ്ഥാനത്തിലുള്ള ഒരു പദ്ധതിയാണല്ലോ. എന്നാൽ ഒരിക്കൽ, അതെ ഏകദേശം മൂന്നോ നാലോ ദിവസം മുന്നെ ഞാനാ ഫ്ലാറ്റിന് മുന്നിൽ വരെ ഒന്നു പോയിരുന്നു.

അതിനൊരു കാരണമുണ്ട്. ഞാനൊരു സന്തോഷവാർത്ത പറയട്ടെ. എ​ന്റെ പാമ്പുകൾ പെറ്റുപെരുകിയിരിക്കുന്നു. ഒരുമുറി തന്നെ ഞാനവക്ക് സ്വന്തമായി നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അതിലൊരുവൻ കുളിമുറിയിലൂടെയാകണം അപ്പുറത്ത്, അതെ... ആ വൃദ്ധദമ്പതികളുടെ ഫ്ലാറ്റിലേക്ക് നുഴഞ്ഞ് കയറിക്കളഞ്ഞു. അവനെ തിരിച്ചുവിളിക്കാനാണ് ഞാനാ ഫ്ലാറ്റിനു മുന്നിൽ വരെ പോയത്. എന്നാൽ ആ ചുവന്ന കണ്ണുകളുള്ള നായയുണ്ടല്ലോ അവൻ എ​ന്റെ കാൽപ്പെരുമാറ്റം കേട്ട് ഉച്ചത്തിൽ കുരച്ചു. അതോടെ ഞാനാ ശ്രമം ഉപേക്ഷിച്ചു. എനിക്കറിയാമായിരുന്നു കുളിമുറിയിലൂടെ പുറത്ത് ചാടിയവൻ അതേവഴി തന്നെ മടങ്ങിയെത്തുമെന്ന്. അങ്ങനെതന്നെ സംഭവിക്കുകയും ചെയ്തു.

അപ്പോൾ എങ്ങനെയാണവർ മരിച്ചത്? എനിക്ക് അതിൽ ദുഃഖമുണ്ട്. പക്ഷേ, ഞാൻ പറഞ്ഞുവല്ലോ മൃതദേഹങ്ങൾ കാണുന്നത് എനിക്കിഷ്ടമല്ല. അതുകൊണ്ടാണ് ഞാൻ എ​ന്റെ മുറിയിൽ തന്നെ അടച്ചിരിക്കുന്നത്. അടുത്ത ദിവസങ്ങളിൽ എന്തോ അഴുകിയ ഗന്ധം ഇവിടെയൊക്കെ പരന്നിരുന്നു. അതേക്കുറിച്ച് ഞാനത്ര ആകുലപ്പെട്ടിരുന്നില്ല. ഇനിയിപ്പോൾ ഈ മൃതദേഹങ്ങളുടെ കാര്യത്തിൽ എന്താണ് തീരുമാനം. അടുത്തുതന്നെ ഒരു സെമിത്തേരിയുണ്ടല്ലോ. അതേതായാലും നന്നായി. ഒരു പൊലീസ് ഓഫീസർ വരുമെന്ന് പറഞ്ഞല്ലോ. എന്തിനാണ് അയാൾ എന്നേക്കാണാൻ വരുന്നത്. ദാ… അയാൾ വന്നല്ലോ…

“വരൂ സർ… ഇവിടെ ഇരുന്നുകൊള്ളൂ… ആ ഫ്ലാറ്റിലെ അഴുകിയ മൃതദേഹങ്ങളുടെ ഗന്ധം അങ്ങയെ അലോസരപ്പെടുത്തുന്നുണ്ടാകും. ഇവിടെ വിശ്രമിക്കാം. അതിരിക്കട്ടെ ഈ മരിച്ച വൃദ്ധദമ്പതികളും നമ്മുടെ നാട്ടിലെ നിയമവ്യവസ്ഥയുമായി എങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നത്. അവർ ഉന്നത വ്യക്തിത്വങ്ങളായിരുന്നോ? അങ്ങനെയെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു, അപ്രകാരം ഞാനവരെ ആദരിച്ചിട്ടില്ല.”

“അത് സാരമില്ല”, പൊലീസ് ഓഫീസർ തുടർന്നു. “താങ്കൾ എത്രകാലമായി ഇവിടെ താമസം തുടങ്ങിയിട്ട്?”

“ഏതാണ്ട് രണ്ട് വർഷമാകുന്നു.”

“ഇതിനിടെ എപ്പോഴെങ്കിലും നിങ്ങൾ ആ വൃദ്ധ ദമ്പതികളുടെ ഫ്ലാറ്റിൽ പോയിട്ടുണ്ടോ?”

“ഒന്നുരണ്ടു തവണ ഞാനപ്രകാരം ചിന്തിച്ചിരുന്നു. എന്നാൽ ആ ചുവന്ന കണ്ണുകളുള്ള നായയെ എനിക്ക് ഭയമായിരുന്നു. അതുകൊണ്ട് ഞാനാശ്രമം ഉപേക്ഷിച്ചു.”

“നിങ്ങൾ ഒരുപാട് ദുരൂഹ കഥകൾ വായിക്കാറുണ്ടല്ലേ?” പുസ്തക ഷെൽഫിലേക്കു നോക്കി അയാൾ ചോദിക്കുന്നു.

“അതെ. അവയൊന്നും നിരോധിക്കപ്പെട്ട പുസ്തകങ്ങളല്ലല്ലോ. ആ ബുക്ക് ഷോപ്പിന് നഗര കാര്യാലയത്തി​ന്റെ ലൈസൻസുമുണ്ട്. അങ്ങനെയാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത്. മാത്രവുമല്ല ഹരംകൊള്ളിക്കുന്ന ചില കഥകൾ ഞാൻ ആവർത്തിച്ചു വായിക്കാറുമുണ്ട്.”

“അത് നല്ലതുതന്നെ. താങ്കൾ പാമ്പുകളെ വളർത്താറുണ്ടോ? അത് വളരെ വിചിത്രമായ ഒരു ഹോബിയാണല്ലോ?”

“ഓഫീസർ... അതൊരു ഹോബിയായി താങ്കൾ ചുരുക്കി കാണരുത്. അതൊരു സഹവാസമാണ്. ഈ ഭൂമിയിൽ ഏത് മൃഗത്തോടൊപ്പം സഹവസിക്കണം എന്നത് നിങ്ങളുടെ ചോയ്സാണ്. ഒരു നായയുമായി ഒന്നിച്ചു ജീവിച്ച ആ വൃദ്ധദമ്പതികളുടെ സഹവാസത്തെ താങ്കൾ എന്തുകൊണ്ട് അസാധാരണമായി കാണുന്നില്ല. നിറയെ പൂച്ചകളുമായി സഹവസിക്കുന്ന എ​ന്റെ വീട്ടുടമസ്ഥ​ന്റെ ജീവിതത്തേയും നിങ്ങൾ അസാധാരണമായി കാണുന്നില്ല. പാമ്പുകളുമായി സഹവസിക്കാൻ ഒരാൾ തീരുമാനിച്ചാൽ അത് എപ്രകാരമാണ് നിയമവിരുദ്ധമാകുന്നത്?”

“ഒരിക്കലുമില്ല. അത് നിയമവിരുദ്ധമാണെന്ന് ആര് പറഞ്ഞു. മനുഷ്യരടക്കം ഏത് മൃഗവുമായി സഹവസിക്കണമെന്നത് നമ്മുടെ ചോയ്സാണ്. പാമ്പാകട്ടെ നമ്മുടെ രാജ്യത്ത് റിസർവ്ഡായ ഒരു ജീവിയുമല്ല. ഏതായാലും നമുക്ക് കൂടുതൽ സംഭാഷണങ്ങളിൽ ഏർപ്പെടേണ്ടതുണ്ട് എന്നു തോന്നുന്നു. വരൂ...” അയാൾ എഴുന്നേറ്റു.

“നമ്മൾ മടങ്ങിവരുമോ?” ഞാൻ ചോദിച്ചു.

“സാധ്യത കുറവാണ്’’, ഓഫീസർ പറഞ്ഞു.

“എങ്കിൽ ഈ ദുരൂഹ കഥകളെല്ലാം ആ ബുക്ക് ഷോപ്പിലേക്ക് തന്നെ മടക്കി കൊടുത്തേക്കൂ. പാമ്പുകളെയെല്ലാം സ്വതന്ത്രമാക്കിക്കോളൂ...” ഞാൻ പറഞ്ഞു. അപ്പോൾതന്നെ ആ ഓഫീസർ അയാളുടെ കീഴുദ്യോഗസ്ഥന് വേണ്ട നിർദേശം നൽകുകയും അയാൾ എല്ലാറ്റിന്റെയും കണക്കുകൾ ഒരു രജിസ്റ്ററിൽ രേഖപ്പെടുത്താൻ തുടങ്ങുകയും ചെയ്തു.

ഞങ്ങൾ ഒരുമിച്ചാണ് പുറത്തേക്കിറങ്ങിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി വീട്ടിൽതന്നെ അടച്ചിരുന്നതുകൊണ്ട് പുറത്തെ പ്രകാശം ആദ്യം എന്നെ അലോസരപ്പെടുത്തി. എന്നാൽ അതൊരു നല്ല പകലായിരുന്നു. ഗ്രീഷ്മത്തിലും ഇളം തണുപ്പുണ്ടായിരുന്നു. വൃദ്ധദമ്പതികളുടെ വീടിനു മുന്നിലായി അപ്പാർട്മെന്റിലെ അന്തേവാസികളെല്ലാം ദുഃഖഭരിതരായി നിന്നിരുന്നു. അവർ അപ്രകാരം വിഷമിക്കേണ്ടതില്ല. അങ്ങനെയൊരു ബന്ധം അവരിലാർക്കുംതന്നെ ഈ ദമ്പതികളുമായി ഉണ്ടായിരുന്നില്ല. പക്ഷേ, ആ ചുവന്ന കണ്ണുകളുള്ള നായ എന്നെ കണ്ട മാത്രയിൽതന്നെ കുരക്കാൻ തുടങ്ങി.

ആ പൊലീസ് ഓഫീസർ നായയുടെ അടുത്തേക്ക് ചെന്നു. കുറച്ചുനേരം അവരിരുവരും മാറിനിന്ന് സംസാരിച്ചു. എന്തായിരിക്കും ആ നായ ആ പൊലീസ് ഓഫീസറോട് പറഞ്ഞിട്ടുണ്ടാകുക. ഏതായാലും ഹ്രസ്വമായ സംഭാഷണത്തിനുശേഷം നായ ശാന്തനായി കാണപ്പെട്ടു. ഒരുപക്ഷേ, പൊലീസ് ഓഫീസർ ആ നായയെ എന്തെങ്കിലുമൊക്കെ പറഞ്ഞ് സാന്ത്വനിപ്പിച്ചിട്ടുണ്ടാകണം.

പോകുന്ന വഴി സെമിത്തേരിയിൽ ഒന്നിറങ്ങണമെന്ന് ഞാൻ അഭ്യർഥിച്ചു. ദയാലുവായ പൊലീസ് ഓഫീസർ അതിന് എന്നെ അനുവദിക്കുകയും ചെയ്തു. ഞാനാ സെമിത്തേരിയിലൂടെ അൽപനേരം നടന്നു. ഇക്കാലത്തിനിടെ ആദ്യമായാണ് ഞാനിവിടെ വരുന്നത്. സെമിത്തേരിയുടെ ഒരു വശത്ത് വലിയൊരു ഓക്ക് മരം നിന്നിരുന്നു. അതിന് താഴെ ആ വൃദ്ധദമ്പതികളെ സംസ്കരിക്കണമെന്ന് ഞാൻ ആ പൊലീസ് ഓഫീസറോട് അപേക്ഷിച്ചു. ശിഷ്ടകാലം അവരിവിടെ ഇളവേൽക്കട്ടെ.

ആ ദമ്പതികൾക്ക് മക്കളില്ലല്ലോ. അവർക്ക് അന്ത്യവിശ്രമംകൊള്ളാൻ ഉചിതമായ ഒരിടം കണ്ടെത്തി നൽകാനായതിൽ ഞാൻ തെല്ല് ആനന്ദിക്കുകയും ചെയ്തു. ആ ഓഫീസർ അപ്പോൾതന്നെ ആ പ്രത്യേക ഇടം മാർക്ക് ചെയ്യാൻ ത​ന്റെ കീഴുദ്യോഗസ്ഥനോട് നിർദേശിച്ചു. പിന്നീട് അവിടെ കുഴിച്ച് നോക്കിയപ്പോൾ ആ തുന്നൽക്കാരന്റെയും വൃദ്ധയായ അയാളുടെ അമ്മയുടെയും അഴുകിയ മൃതദേഹങ്ങൾ അവിടെനിന്നും കണ്ടെത്തിയതായി ആരോ പറഞ്ഞു. സത്യത്തിൽ ഈ പൊലീസുകാർ എന്തിനാണ് ഈ മൃതദേഹങ്ങളെല്ലാം കുഴിച്ച് പുറത്തേക്കെടുക്കുന്നത്. അവർക്ക് അണക്കെട്ടുകൾ നിർമിക്കുകയോ നദികൾക്കു മീതേ പാലങ്ങൾ പണിതുയർത്തുകയോ ചെയ്തുകൂടേ.

നഗരത്തിൽനിന്ന് മാറി ഒഴിഞ്ഞൊരിടത്തേക്കാണ് ഞങ്ങൾ സഞ്ചരിച്ചിരുന്ന വണ്ടി പോയത്. വാഹനം ഒരു വലിയ കെട്ടിടത്തിനു മുന്നിൽ നിന്നു. അവിടെ ​െവച്ച് ഞാൻ കൈമാറ്റം ചെയ്യപ്പെട്ടു. ഓഫീസർ നാളെ വരാമെന്ന് പറഞ്ഞ് പിരിഞ്ഞു. പോകും മുന്നെ അയാൾ എ​ന്റെ കൈപിടിച്ച് ഒന്നു കുലുക്കി. അതെനിക്ക് ഒട്ടുംതന്നെ ഇഷ്ടമായില്ല. ഇത്തരം ഉപചാരങ്ങൾ എപ്പോഴും എനിക്ക് അലോസരം ഉണ്ടാക്കിയിരുന്നു. ഞാനിതുവരെ ആരെയും ആലിംഗനം ചെയ്തിട്ടില്ല. ഒരിക്കൽ ആ കൂട്ടിക്കൊടുപ്പുകാരൻ അതിന് ശ്രമിച്ചതാണ്. ഞാനതിന് അയാളെ അനുവദിച്ചില്ല. അതുപോകട്ടെ, എന്നെ മറ്റ് രണ്ടുപേർ ചേർന്ന് ഉള്ളിലേക്ക് ആനയിച്ചു. അതൊരു നെടുങ്കൻ കെട്ടിടമായിരുന്നു.

കെട്ടിടത്തിനു ചുറ്റും ഉയരത്തിൽ ഒരു മതിലുണ്ടായിരുന്നത് ഞാൻ കണ്ടിരുന്നോ എന്ന് അതിലൊരാൾ ചോദിച്ചു. സത്യത്തിൽ അതെ​ന്റെ ശ്രദ്ധയിൽപെട്ടിരുന്നില്ല. അതൊക്കെ ചാടിക്കടക്കാൻ വലിയ പ്രയാസമാണെന്നും അയാൾ പറഞ്ഞു. ഞാനതൊന്നും ഒട്ടും ഗൗരവത്തിൽ കാണുന്നില്ല. ഒരിടുങ്ങിയ മുറിയിലാണ് അവരെന്നെ എത്തിച്ചത്. അത് സാരമില്ല. എനിക്കിതൊക്കെ ധാരാളംതന്നെ. സത്യത്തിൽ കൂടുതൽ പ്രിയപ്പെട്ട ഒരിടത്തേക്ക് എത്തിച്ചേർന്നതി​ന്റെ ആഹ്ലാദത്തിലായിരുന്നു ഞാൻ.

അപ്പാർട്മെന്റ് തൽക്കാലം താമസയോഗ്യമല്ല. ആ വൃദ്ധദമ്പതികളുടെ മരണത്തി​ന്റെ ഗന്ധം അവിടെയൊക്കെ തങ്ങിനിൽപ്പുണ്ടാകുമല്ലോ. മാത്രവുമല്ല യജമാനരെ നഷ്ടപ്പെട്ട ആ നായ കൂടുതൽ അക്രമകാരിയായിരിക്കാൻ സാധ്യതയുമുണ്ട്. രാത്രിയിൽ കഴിക്കാൻ പ്രത്യേകമായി എന്തെങ്കിലും വേണോ എന്ന് അതുവരെ മിണ്ടാതെ എന്നെ പിന്തുടർന്ന ആൾ ചോദിച്ചു. പാലും പഴവും കിട്ടിയാൽ നന്ന് എന്ന് ഞാൻ പറഞ്ഞു. എ​ന്റെ സഹവാസികൾക്കൊപ്പം അതൊക്കെ എനിക്കും പ്രിയപ്പെട്ടതായിക്കഴിഞ്ഞിരുന്നു.

രാത്രിയിൽ ഭക്ഷണം കൊണ്ടുവന്നയാൾ പറഞ്ഞത് ചിലപ്പോൾ തൂക്കി കൊന്നേക്കുമെന്നാണ്. ഞാനതിലുള്ള എ​ന്റെ അതൃപ്തി അപ്പാടെതന്നെ അറിയിച്ചു. കാരണം അങ്ങനെയൊരു ധാരണ അപ്പാർട്മെന്റിൽനിന്നുമിറങ്ങുമ്പോൾ ആ ഓഫീസറുമായി ഉണ്ടായിരുന്നില്ല. എങ്കിലും അതി​ന്റെ നടപടിക്രമങ്ങളെക്കുറിച്ച് ഞാൻ വെറുതെ അയാളോട് ചോദിച്ചു.

 

ആ വൃദ്ധദമ്പതികളെ കൊന്നതുപോലെയോ ആ തുന്നൽക്കാരനെയും അയാളുടെ വൃദ്ധമാതാവിനെയും കൊന്നതുപോലെയോ വലിയ ആസൂത്രണമൊന്നും ആവശ്യമില്ല എന്ന് അയാൾ പറഞ്ഞു. ചില കാര്യങ്ങൾ പറയുന്നതിന് ചിലർ അനാവശ്യമായ ആമുഖം പറയാറുണ്ടല്ലോ. അത്ര മാത്രമേ ഞാൻ കരുതിയിട്ടുള്ളൂ. ആയതിനാൽ ഞാനത് വേണ്ടത്ര ശ്രദ്ധിച്ചില്ല. ചിലപ്പോൾ കറുത്ത തുണികൊണ്ട് മുഖം മൂടും. എന്നിട്ട് കഴുത്തിൽ ഒരു കയറിട്ട് കുടുക്കും. പിന്നെ ആ ലിവർ ഒന്ന് വലിക്കും. അത്രയേയുള്ളൂ. എതിർക്കാൻ ശ്രമിച്ചാൽ കൈകാലുകളും ബന്ധിക്കും. അതി​ന്റെയൊന്നും ആവശ്യം വരില്ല, ഞാൻ പറഞ്ഞു. പ്രഭാതമാകട്ടെ... കഴുമരം ധീരൻമാർക്കുള്ളതാണ്.

(തുടരും)

News Summary - weekly literature story