Begin typing your search above and press return to search.
proflie-avatar
Login

തപോമയിയുടെ അച്ഛൻ

തപോമയിയുടെ അച്ഛൻ
cancel

അപ്പോള്‍ മഴക്കു നേരിയ തോര്‍ച്ചയുണ്ടായിരുന്നു. പക്ഷേ, ആശ്വസിക്കാനൊന്നുമില്ല. മേഘാവൃതമാണ് ആകാശം. അതു മാത്രമല്ല, പോയ രണ്ടു ദിവസങ്ങളിലെ മഴ മലകളില്‍ നീരുറവകള്‍ സൃഷ്ടിച്ചിരിക്കണം. ആ വെള്ളംകൂടി ഒഴുകിയെത്തുമ്പോള്‍ ഇനിയും ജലനിരപ്പുയരാനാണ് സാധ്യത. ആ ദ്വീപില്‍ ഇരുഭാഗങ്ങളിലായി ഞങ്ങള്‍ക്കു നാലു തോണികളുണ്ടായിരുന്നു. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ആ തോണിക്കാര്‍ കൂടിവന്നു. അവരുടെ തോണികളില്‍ ഏറക്കുറെ നിറച്ചും ആളുകളുണ്ടായിരുന്നു. എന്നിട്ടും ചിലര്‍കൂടി അവയിലേക്കു കയറി. തോണികള്‍ നീങ്ങിത്തുടങ്ങി.‘‘ആ തോണി ഒരുതവണ പോയി വന്നതാണ്’’, ആളുകള്‍ പറഞ്ഞു. അതു തിരിച്ചുവന്നത് വലിയ ആശ്വാസമായി. ഏതോ സുരക്ഷിതമായ...

Your Subscription Supports Independent Journalism

View Plans

അപ്പോള്‍ മഴക്കു നേരിയ തോര്‍ച്ചയുണ്ടായിരുന്നു. പക്ഷേ, ആശ്വസിക്കാനൊന്നുമില്ല. മേഘാവൃതമാണ് ആകാശം. അതു മാത്രമല്ല, പോയ രണ്ടു ദിവസങ്ങളിലെ മഴ മലകളില്‍ നീരുറവകള്‍ സൃഷ്ടിച്ചിരിക്കണം. ആ വെള്ളംകൂടി ഒഴുകിയെത്തുമ്പോള്‍ ഇനിയും ജലനിരപ്പുയരാനാണ് സാധ്യത. ആ ദ്വീപില്‍ ഇരുഭാഗങ്ങളിലായി ഞങ്ങള്‍ക്കു നാലു തോണികളുണ്ടായിരുന്നു. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ആ തോണിക്കാര്‍ കൂടിവന്നു. അവരുടെ തോണികളില്‍ ഏറക്കുറെ നിറച്ചും ആളുകളുണ്ടായിരുന്നു. എന്നിട്ടും ചിലര്‍കൂടി അവയിലേക്കു കയറി. തോണികള്‍ നീങ്ങിത്തുടങ്ങി.

‘‘ആ തോണി ഒരുതവണ പോയി വന്നതാണ്’’, ആളുകള്‍ പറഞ്ഞു. അതു തിരിച്ചുവന്നത് വലിയ ആശ്വാസമായി. ഏതോ സുരക്ഷിതമായ കര കണ്ടെത്തിയിരിക്കുന്നു. കുറച്ച് ഉയരത്തില്‍ പാറക്കെട്ടുകള്‍ നിറഞ്ഞ പ്രദേശമാണതെന്ന് തിരിച്ചുവന്ന തോണിക്കാരന്‍ അറിയിച്ചു. അയാള്‍ അവിടെയെത്താനുള്ള ദിശ വിളിച്ചുപറഞ്ഞു. ആ ദിശയിലുള്ള, അയാള്‍ പറഞ്ഞ പ്രദേശം എനിക്കും അറിയാം. അവിടെനിന്നും കുന്നിറങ്ങിച്ചെല്ലുന്ന കടവില്‍ മരംകൊണ്ടുള്ള പഴയൊരു പാലമുണ്ട്.

ചിലപ്പോഴെല്ലാം തോണി കരയോടടുപ്പിച്ച് കെട്ടിനിര്‍ത്തിയ ശേഷം ഞാന്‍ ആ കുന്നു കയറിപ്പോയിട്ടുണ്ട്. അങ്ങാടികളിലേക്കുള്ള കാളവണ്ടികള്‍ അവിടെനിന്നും പുറപ്പെടുന്നു. അവിടെയെത്തിയാല്‍ മറ്റൊരു ഗ്രാമത്തിലേക്കോ പട്ടണത്തിലേക്കോ പോകാന്‍ സാധിക്കും. തോണിക്കാരനായി ജീവിക്കുന്ന കാലത്ത് അവിടെയെല്ലാം ചുറ്റിത്തിരിയുകയായിരുന്നു എന്‍റെ വിനോദം.

കുറച്ചു ചെറുപ്പക്കാര്‍ കൂടെ വന്ന് എന്നോടൊപ്പം തോണി ചെരിച്ചുയര്‍ത്തി അതിലെ വെള്ളം ഒഴുക്കിക്കളയാന്‍ സഹായിച്ചു. റാന്തലുകളുടെ വെളിച്ചത്തിന് ഭേദിക്കാന്‍ കഴിയാത്തവിധം കനമേറിയ ഇരുട്ടാണ് ചുറ്റുപാടും. വിസ്തൃതമായ നദിയില്‍ മാത്രം ആകാശത്തിന്‍റെ പ്രതിഫലനമെന്നതുപോലെ വിളറിയ വെളിച്ചം തങ്ങിനിൽക്കുന്നു. കോപാകുലമായ ഒഴുക്കിന്‍റെ ഒച്ച നിലക്കുന്നതേയില്ല. നദിയില്‍ കുറച്ചു ദൂരെയായി നീങ്ങുന്ന മറ്റൊരു തോണിയിലെ മിനുങ്ങുവെളിച്ചം.

ഞാന്‍ തോണിയിറക്കി. ആദ്യം സ്ത്രീകളെയും കുട്ടികളെയും കയറ്റി. എന്നെ സഹായിക്കാന്‍ രണ്ടു ചെറുപ്പക്കാര്‍കൂടി കരയില്‍ നിന്നു. അവര്‍ കരയില്‍നിന്നും ഭാണ്ഡങ്ങളും വീട്ടുപകരണങ്ങളുമെല്ലാം എടുത്തുകയറ്റി. കുറച്ചു കഴിഞ്ഞപ്പോള്‍ ആളുകള്‍ക്കുതന്നെ ഇരിക്കാന്‍ സാധിക്കാത്ത വിധത്തില്‍ തോണിയുടെ ഉള്‍ഭാഗം നിറഞ്ഞു. മാത്രവുമല്ല, തോണിയുടെ ഒരു ഭാഗം ഭാരം തൂങ്ങി വെള്ളത്തിലേക്കു ചാഞ്ഞുനിൽക്കുന്നതായി തോന്നി.

‘‘ആദ്യം ആളുകള്‍ കയറട്ടെ, സ്ഥലമുണ്ടെങ്കില്‍മാത്രം മതി സാധനങ്ങള്‍’’, ഞാന്‍ പറഞ്ഞു. സ്ത്രീകളുടെ ഭാഗത്തുനിന്നും നെടുവീര്‍പ്പുകളുയര്‍ന്നു.

ചെറുപ്പക്കാര്‍ വീണ്ടും സഹായിച്ചു. ഭാണ്ഡങ്ങള്‍ കുറച്ചെല്ലാം തിരിച്ചിറക്കി. എല്ലാം നനഞ്ഞുകുതിര്‍ന്ന് കൂടുതല്‍ ഭാരമാർജിച്ചിരുന്നു. ആടുകളെയും പശുക്കളെയും മറ്റു മൃഗങ്ങളെയും കരയില്‍ നിര്‍ത്തിയിരിക്കുകയാണ്. തോണിയുമായി പോയി തിരിച്ചുവരാന്‍ സാധിക്കുകയാണെങ്കില്‍ മാത്രം അവയെ കൊണ്ടുപോകാം എന്നുപറഞ്ഞു. പക്ഷേ, അങ്ങനെ വരാന്‍ കഴിയുമോ? തോണി അതിനകംതന്നെ നിറഞ്ഞിരുന്നു. ഇത്രയേറെ ഭാരവുമായി അതു മുന്നോട്ടുപോവുകയില്ല. അപ്പോള്‍ തോണിയില്‍നിന്നും ശ്യാമള്‍ ബറുവ ഇറങ്ങുന്നതു കണ്ടു.

‘‘ഗോപാല്‍, നീ പോയി വാ. ഞാന്‍ ഇതെല്ലാം നോക്കി ഇവിടെ നിൽക്കാം’’, അയാള്‍ കരക്കിറങ്ങിയ ശേഷം എന്നോടു പതുക്കെ പറഞ്ഞു. പിന്നെ കെട്ടിപ്പൂട്ടി​െവച്ചിരിക്കുന്ന വലിയ ഭാണ്ഡങ്ങളിലേക്കു ചൂണ്ടി: ‘‘എല്ലാ സാധനങ്ങളും ഇവിടെ വിട്ടിട്ടുപോകുന്നതു ശരിയല്ല. ആരുമില്ലാതെ ഒറ്റക്കു നിന്നാല്‍ മൃഗങ്ങള്‍ പേടിക്കും.’’

‘‘അയ്യോ ദാദാ, അപകടമാണ്. ഇവിടെ നിന്നാല്‍ വെള്ളം കേറില്ലേ?’’ കൂട്ടത്തിലുള്ളവര്‍ ചോദിച്ചു.

‘‘അതിനൊക്കെ സമയമെടുക്കും. നിങ്ങള്‍ സംസാരിച്ചു നേരം കളയാതെ വേഗം പോകൂ.’’ അയാളുടെ വാക്കുകള്‍ ദൃഢമായിരുന്നു. അവ ആദ്യമായി നിലക്കാതെ ഒഴുകി.

‘‘വേഗം പോകൂ, ഗോപാല്‍’’, അദ്ദേഹം തുടര്‍ന്നു, ‘‘എന്നാല്‍ വേഗം തിരിച്ചെത്താനും കഴിയും. ഇനി തീരെ നിവൃത്തിയില്ലെങ്കില്‍ ഞാന്‍ അതിനു മുകളില്‍ കയറി കാത്തിരിക്കും.’’ പാറയുടെ ഭാഗത്തേക്കു ചൂണ്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു.

ഞാന്‍ അപ്പോള്‍ പറഞ്ഞു: ‘‘ശ്യാമള്‍ ദാ, നിങ്ങള്‍ കൂടെ പോരൂ. അവിടെയെത്തിയ ശേഷം ഞാന്‍ തിരിച്ചുവരാം. ഈ ഭാണ്ഡങ്ങളെയും മൃഗങ്ങളെയും അപ്പോള്‍ എളുപ്പത്തില്‍ കൊണ്ടുപോകാന്‍ സാധിക്കും. ഇവിടെ നിൽക്കുന്നത് അപകടമാണ്.’’

അതു സാരമില്ലെന്നായി ശ്യാമള്‍. അയാള്‍ അക്കാര്യത്തില്‍ തീരുമാനിച്ചു കഴിഞ്ഞതുപോലുണ്ടായിരുന്നു. ‘‘വേഗത്തില്‍ പോയാല്‍ നിനക്ക് ഒരു മണിക്കൂറിനകംതന്നെ ഇവിടെ തിരിച്ചെത്താന്‍ കഴിയും. അല്ലെങ്കില്‍ മുമ്പുപോയ തോണി തിരിച്ചുവന്നാലും മതിയല്ലോ.’’

സുമന പറഞ്ഞു: ‘‘എന്നാല്‍ ഞാനും കൂടെ നിൽക്കാം. ഗോപാല്‍ പോയിവരട്ടെ.’’

ശ്യാമള്‍ സമ്മതിച്ചില്ല. സ്ത്രീകളും കുഞ്ഞുങ്ങളും വയസ്സു ചെന്നവരും ആദ്യം പോവുക എന്നതായിരുന്നു തുടക്കംമുതലുള്ള ധാരണ. അപ്പോള്‍ തോണിയുടെ ഒരറ്റത്തായി നിന്നിരുന്ന ശ്യാമള്‍ദായുടെ പട്ടി കടവിലേക്കു ചാടി. അതുവരെ അതിനെ ആരും ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല.

അതു കുരക്കുകയോ ശബ്ദമുണ്ടാക്കുകയോ ചെയ്തില്ല. അല്ലെങ്കിലും ആ ജന്തു കുരക്കുന്നത് ആരും കേട്ടിട്ടില്ലെന്നല്ലേ മുമ്പൊരിക്കല്‍ തേനെടുക്കാന്‍ പോയ സ്ത്രീകള്‍ പറഞ്ഞത്? പക്ഷേ, ഞാന്‍ അതിന്‍റെ കുര കേട്ടിട്ടുണ്ടായിരുന്നുവല്ലോ. ഏതായാലും അതൊരു അടയാളംപോലെ തോന്നി. ആ സാധുമൃഗം ഓടിവന്ന് തന്‍റെ യജമാനനോടൊപ്പം നിശ്ശബ്ദനായി നിന്നു. ശ്യാമള്‍ കുനിഞ്ഞുനിന്ന് അതിനെ തടവി. ‘‘എന്നാല്‍ ഇവന്‍കൂടി നിന്നോട്ടെ.’’ ഒരു ഒത്തുതീര്‍പ്പെന്ന നിലയില്‍ അയാള്‍ പറഞ്ഞു.

ഇരുട്ടില്‍, നദിയിലൂടെ തോണി നീങ്ങി. അപ്പോള്‍ത്തന്നെ അതില്‍ ഭാരം കൂടുതലായിരുന്നു. ഇരുവശത്തേക്കുമായി അത് ഉലയുന്നുണ്ടായിരുന്നു. അതിനെ സമനിലയില്‍ നിര്‍ത്താന്‍ ഞാന്‍ വല്ലാതെ വിഷമിച്ചു. കരയില്‍നിന്നു വിട്ട് മധ്യഭാഗത്തെത്തിയപ്പോള്‍ കുറച്ചുകൂടി ലാഘവം അനുഭവപ്പെട്ടു. ഒന്നുകില്‍ ജലം കുറച്ചുകൂടി സമതുലിതമായി ഒഴുകുന്നുണ്ടാവാം, അവിടെ. അല്ലെങ്കില്‍ ആളുകള്‍ ഉലയുന്ന ഒരു തോണിയില്‍ കുറേക്കൂടി ഉത്തരവാദിത്തത്തോടുകൂടി ഇരിക്കാന്‍ ശീലിച്ചിരിക്കാം. മുന്നില്‍ പോയ തോണി എവിടെയെത്തി എന്നറിഞ്ഞുകൂടാ. ഒട്ടും വെളിച്ചം കാണാനില്ല. ആകാശം ഇരുണ്ടുതന്നെ നിൽക്കുന്നുണ്ടായിരുന്നുവെങ്കിലും തെല്ലുനേരം മഴ മാറിയിരുന്നു.

സമയം എത്രയായി എന്ന് ഒരു പിടിയുമില്ലായിരുന്നു. ആകാശത്ത് നക്ഷത്രങ്ങളൊന്നും കാണാനായില്ല. ആര്‍ക്കും സ്വന്തമായി വാച്ചുകളുമില്ലായിരുന്നു. ആരോ കൈസഞ്ചിയില്‍ സൂക്ഷിച്ച ഒരു ക്ലോക്കിന്‍റെ മണിക്കൂറിടവിട്ടുള്ള നാദവും ദൂരെ ചില ദ്വീപുകളില്‍നിന്നും കേള്‍ക്കുന്ന ബാങ്കുവിളികളുമായിരുന്നു ഞങ്ങളുടെ സമയം.

കുറച്ചു നേരംകൂടി കഴിഞ്ഞപ്പോള്‍ വളരെ അകലെ, കുറെ ഉയരത്തില്‍ ഒരു വെളിച്ചം കാണാനായി. ആ വെളിച്ചം ഇളകുന്നു. ആരോ ക്ഷണിക്കുന്നതുപോലെയായിരുന്നു അതിന്‍റെ ചലനങ്ങള്‍. ഞാന്‍ അങ്ങോട്ടു തിരിച്ചു. ഒഴുക്കില്‍നിന്നും കുറച്ചു പ്രയാസത്തോടെ തുഴയേണ്ടിയിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന യുവാക്കള്‍ തുഴയാന്‍ എന്നെ സഹായിക്കാമെന്നു പറഞ്ഞു. പക്ഷേ, അത്ര പരിചയമില്ലാത്തവര്‍ക്ക് ഈ വെള്ളത്തില്‍ തുഴയാനാവുകയില്ല. ക്ഷീണമുണ്ടെങ്കിലും ഞാന്‍ അതു കാര്യമാക്കിയില്ല. വെളിച്ചം കൂടുതല്‍ വ്യക്തമായിത്തുടങ്ങി. ചൂട്ടുപോലെ എന്തോ ചിലതു കത്തിച്ചിട്ടാണ് ആളുകള്‍ ഞങ്ങള്‍ക്കുനേരേ കാണിച്ചിരുന്നത്.

സാവധാനം ഞങ്ങള്‍ അവിടേക്കടുത്തു. കുറച്ച് ഉയരമുള്ള പ്രദേശം. മരങ്ങള്‍ അധികമില്ലാത്ത പാറക്കെട്ടുകളായിരുന്നു അധികവും. ഞങ്ങള്‍ക്കു മുന്നേ പോയ ഒരു തോണി അവിടെ അടുപ്പിച്ചുനിര്‍ത്തിയിരുന്നു. അതിന്‍റെ തുഴക്കാരന്‍ തുഞ്ചത്തിരുന്ന് കൈവീശിക്കാണിച്ചു. ഞാന്‍ അയാളുടെ സമീപത്തേക്കു തുഴഞ്ഞു.

‘‘തിരിച്ചുപോണ്ടേ?’’ ഞാന്‍ അയാളോടു ചോദിച്ചു.

‘‘എനിക്കു തീരെ വയ്യ, രണ്ടു തവണയായിരിക്കുന്നു. ഇനി നീ പോയാല്‍ മതി’’, അയാള്‍ പറഞ്ഞു. പിന്നെ നദിയിലേക്കു നോക്കിക്കൊണ്ടു തുടര്‍ന്നു: ‘‘അവിടെ ഇനി ആരാണവശേഷിക്കുന്നത്?’’

‘‘ശ്യാമള്‍ദാ. കുറച്ചു കന്നുകാലികള്‍. എല്ലാവരുടെയും വസ്തുവഹകള്‍.’’

‘‘കന്നുകാലികളും മറ്റും പോവട്ടെ’’, തോണിക്കാരന്‍ തളര്‍ന്ന സ്വരത്തില്‍ പറഞ്ഞു, ‘‘അയാള്‍, ആ ശ്യാമള്‍ നീന്തുമോ?’’

‘‘പ്രയാസമാണ്. അദ്ദേഹത്തിന് കാല് സുഖമില്ല.’’

‘‘ഉം, അഥവാ നീന്തിയാലും ഈ നദിയില്‍ ഒരാള്‍ എത്രദൂരം പോകും?’’ അയാള്‍ ആലോചിച്ചുകൊണ്ടു പറഞ്ഞു. പിന്നെ എന്തോ പിറുപിറുത്തുകൊണ്ട് പതുക്കെ തുഴഞ്ഞ് നദിയുടെ മധ്യത്തിലേക്കു നീങ്ങി.

കരയില്‍ ഒരിടത്തു തീ കത്തുന്നുണ്ട്. ഞങ്ങള്‍ ഇറങ്ങിയപ്പോള്‍ സ്ത്രീകള്‍ ചായ പകര്‍ന്നുതന്നു. നദി കുറേക്കൂടി വിസ്തൃതമായി ഒഴുകുന്ന ഇടമായിരുന്നു അത്. പുറപ്പെട്ട ദ്വീപിനടുത്തുള്ളതിനേക്കാള്‍ കുത്തൊഴുക്കു കുറവാണ്. ഞാന്‍ കരയില്‍, ഒരു പാറക്കു മുകളില്‍ നിവര്‍ന്നു കിടന്നു. അറിയാതെ ഉറങ്ങിപ്പോയി. ഉറക്കത്തില്‍ ആരോ കുലുക്കിവിളിക്കുന്നു. കണ്ണുതുറന്നു നോക്കിയപ്പോള്‍ സുമനയാണ്. അവള്‍ ഒറ്റക്ക് എന്നെ അന്വേഷിച്ചു വന്നിരിക്കുന്നു.

‘‘തിരിച്ചു പോകൂ’’, അവള്‍ പറഞ്ഞു. ‘‘ശ്യാമള്‍ ദാ കാത്തിരിക്കുന്നു.’’

‘‘മറ്റേ തോണി പോയല്ലോ?’’ ഞാന്‍ ചോദിച്ചു.

‘‘അയാള്‍ പോയിട്ടു കുറേ നേരമായി കാണുന്നില്ല. ഇനി ദിശ തെറ്റിയിരിക്കുമോ എന്നാണ് എന്‍റെ പേടി.’’

‘‘ഏയ്. നല്ല പരിചയമുള്ള ആളല്ലേ?’’

പെട്ടെന്ന് മഴ ആര്‍ത്തലച്ചുവന്നു. ദേഹം മുഴുവന്‍ നനയുന്നു. ഞാന്‍ എഴുന്നേറ്റിരുന്നു. ഈ മഴയില്‍ തിരിച്ചുപോകുന്നതെങ്ങനെ? പക്ഷേ, പോകാതെ വയ്യ. ശ്യാമള്‍ദായും മൃഗങ്ങളും ഭാണ്ഡങ്ങളുമെല്ലാം അവിടെയാണ്. പക്ഷേ, എങ്ങനെ അവിടെവരെ തുഴയും? ഒഴുക്കിനെതിരെ തുഴയുക എന്നതുതന്നെ കഠിനമാണ്. ഇപ്പോള്‍ കുത്തിയൊലിക്കുന്ന ഈ നദിയിലൂടെ എങ്ങനെ പോകും?

അപ്പോള്‍ ഞാനവളുടെ മുഖത്തേക്ക് ഉറ്റുനോക്കിക്കൊണ്ടു ചോദിച്ചു: ‘‘പോണോ, സുമന?’’

അവള്‍ എന്‍റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി. കരകവിഞ്ഞൊഴുകുന്ന ഒരു നദിയേക്കാളും പ്രക്ഷുബ്ധമാണ് അവയെന്ന് എനിക്കപ്പോള്‍ തോന്നി. ഞാന്‍ തെറ്റുചെയ്ത കുട്ടിയെപ്പോലെ മുഖം കുനിച്ചു.

‘‘പോകൂ ഗോപാല്‍, ദൈവത്തെയോര്‍ത്ത്. എനിക്കു പേടിയാവുന്നു’’, അവള്‍ കരഞ്ഞുകൊണ്ടു പറഞ്ഞു. അവള്‍ തന്‍റെ നനവുള്ള കൈകള്‍കൊണ്ട് എന്നെ സ്പര്‍ശിച്ചു. എന്‍റെ നനഞ്ഞ മുടിയിഴകളിലൂടെ അവളുടെ വിരലുകള്‍ സഞ്ചരിക്കുന്നു. ആ ചുണ്ടുകള്‍ എന്‍റെ ശിരസ്സില്‍ ചുംബിക്കുന്നു. ഞാന്‍ മുഖമുയര്‍ത്തി. അവള്‍ എന്‍റെ മുഖത്തേക്കുതന്നെയാണ് നോക്കുന്നത്. യാചിക്കുന്നതുപോലെ, ആ കണ്ണുകള്‍. ഞങ്ങള്‍ കുട്ടികളായിരുന്നപ്പോള്‍ അവളില്‍ ഈ മുഖഭാവമായിരുന്നു. ആ കണ്ണുകളെ ഞാന്‍ സ്നേഹിച്ചിരുന്നു. എന്നല്ല, അപ്പോഴും കൂടുതല്‍ അടുപ്പത്തോടെ, കൂടുതല്‍ ആഴത്തില്‍ സ്നേഹിക്കുന്നുണ്ട്. അവളുടെ കരച്ചില്‍ കണ്ടുനിൽക്കാനുള്ള കരുത്ത് എനിക്കുണ്ടായില്ല.

എന്തും വരട്ടെ, ഞാന്‍ വീണ്ടും തോണിയില്‍ കയറി. പതുക്കെ അതിനെ ഒഴുക്കിനുനേരെ തിരിച്ചു. കിഴക്കന്‍ ആകാശത്തില്‍ ഉണര്‍ന്നുവരുന്ന ചെമപ്പിനെ ലക്ഷ്യമാക്കി തുഴയെറിഞ്ഞു മുന്നേറി. സജലങ്ങളായ രണ്ടു കണ്ണുകളായിരുന്നു അപ്പോള്‍ എനിക്കു ദിശകാട്ടിയിരുന്നത്. ആകാശത്തെ ശൂന്യതയില്‍ അപ്പോള്‍ രണ്ടു പരുന്തുകള്‍ പ്രത്യക്ഷപ്പെടുന്നത് ഞാന്‍ കണ്ടു. എവിടെ നിന്നാണ് അവ വന്നത്? ഒട്ടുയരത്തിലെത്തിയ ശേഷം അവ വട്ടം ചുറ്റി താഴേക്കു പറക്കുന്നു. പിന്നേയും ഉയരം തേടിപ്പോകുന്നു. അൽപനേരം കഴിഞ്ഞപ്പോള്‍ പരുന്തുകളുടെ കാഴ്ച ഇല്ലാതായി. മഴ ഇടക്കിടെ ഒന്നു നിലക്കും, തെല്ലുനേരം കഴിഞ്ഞ് കൂടുതല്‍ തീവ്രതയോടെ വീണ്ടും പെയ്യാന്‍ തുടങ്ങും.

ആദ്യം പോയ തോണിക്കാരന്‍ തിരിച്ചുവരുന്നതു കണ്ടു. അയാള്‍ ഉറക്കെ പറഞ്ഞു: ‘‘മടങ്ങിപ്പോകൂ, ചങ്ങാതീ. മലവെള്ളം വരുന്നുണ്ട്. അതിന്‍റെ ഒഴുക്കില്‍ നമുക്കിനി പിടിച്ചുനിൽക്കാനാവില്ല. ഈ കുത്തൊഴുക്കിനെതിരെ പോകാന്‍ എനിക്കു വയ്യ. ഞാന്‍ വീണുപോകും.’’

ഞാന്‍ കുഴഞ്ഞു. എന്തുചെയ്യണം? കൂടുതല്‍ അപകടത്തിലേക്കു പോകാതെ അയാള്‍ പറഞ്ഞതുപോലെ മടങ്ങിയാലോ? അതായിരിക്കും വിവേകം.

–അപ്പോള്‍ എനിക്ക് സുമനയുടെ മുഖം ഓർമ വന്നു. യാചിക്കുന്ന ആ കണ്ണുകള്‍. എന്നേക്കാള്‍ അതിന്‍റെ ആഴമറിഞ്ഞിട്ടുള്ള മറ്റാരുണ്ട്?

 

* * *

അത്രയും എഴുതിയശേഷം ഗോപാല്‍ ബറുവ വീണ്ടും കുറച്ചു ചിത്രങ്ങളാണ് വരച്ചു​െവച്ചിരുന്നത്. എന്താണ് സംഭവിച്ചത്? ഗോപാല്‍ദാ മടങ്ങിപ്പോയോ? അല്ലെങ്കില്‍ ശ്യാമള്‍ ബറുവയുടെ അടുത്തേക്കു ചെന്നോ? പോയാല്‍ത്തന്നെ എന്തു സംഭവിച്ചു?

അതിനൊന്നും മറുപടിയില്ല. പിടിതരാത്ത കുറച്ചു ചിത്രങ്ങള്‍ മാത്രം. ആ ചിത്രലിപികള്‍ കൊണ്ടു നിറച്ച നാലഞ്ചു താളുകള്‍. അതു മനസ്സിലാക്കാനാവാതെ ഞാന്‍ കുഴഞ്ഞു.

എന്നാല്‍, അടുത്ത താളില്‍ സാധാരണ ഭാഷയിലേക്കു തിരിച്ചുവന്ന വിവരണത്തില്‍നിന്നും അദ്ദേഹം അങ്ങനെയെഴുതാനുള്ള കാരണം എനിക്കു തെളിഞ്ഞു.

അദ്ദേഹം എഴുതി:

എന്‍റെ മടക്കം

ശൂന്യമായ തോണിയുമായി ഞാന്‍ തിരിച്ചുവരുന്നു. എന്‍റെ മനസ്സ് വിങ്ങുന്നുണ്ടായിരുന്നു. സുമനയോട് എന്തുപറയും? നേരം നന്നായി പുലര്‍ന്നുകഴിഞ്ഞു. ആ കടവും തോണിപ്പുരയും നാലു വര്‍ഷംകൊണ്ടു കെട്ടിപ്പടുത്ത ആ ഗ്രാമവുമെല്ലാം നദിക്കടിയിലായി. അടയാളങ്ങള്‍ ഒന്നും അവശേഷിച്ചിരുന്നില്ല. വനവൃക്ഷങ്ങളില്‍ ചിലതിന്‍റെ അടയാളം ​െവച്ചാണ് ഞാന്‍ സഞ്ചരിച്ചിരുന്നത്. മരങ്ങള്‍ ജലത്തിനടിയില്‍നിന്നും തെല്ലിടമാത്രം ഉയര്‍ന്നുനിൽക്കുന്നതു കണ്ടു. നദി കൂടുതല്‍ പരപ്പാര്‍ന്നിരിക്കുന്നു.

അത് വഴിമാറിയൊഴുകി, ഒഴിഞ്ഞുപോയ ഇടങ്ങളില്‍ ചെളിമണ്ണിന്‍റെ കൂനകള്‍. ചതുപ്പുനിലങ്ങള്‍. ഒന്നും അവശേഷിച്ചിരുന്നില്ല. ഒരുപക്ഷേ, മുമ്പും അങ്ങനെത്തന്നെയായിരുന്നിരിക്കാം. ഞങ്ങള്‍ വന്നുചേരുന്നതിനു മുമ്പെപ്പോഴോ അവിടെ ജീവിച്ചിരുന്ന ഒരു ജനത ഒഴിഞ്ഞുപോവുകയോ അല്ലെങ്കില്‍ മുങ്ങിപ്പോവുകയോ ചെയ്തുകാണണം. അവര്‍ അവശേഷിപ്പിച്ച കെട്ടുകളും പുരകളും ഞങ്ങള്‍ പുതുക്കി, വഴികള്‍ വെട്ടുകയും വയലുകള്‍ നിർമിക്കുകയുംചെയ്തു. ഇനി ചിലപ്പോള്‍ വര്‍ഷങ്ങള്‍ക്കു ശേഷം മറ്റൊരു കൂട്ടം മനുഷ്യര്‍ എവിടെനിന്നോ വന്ന് വീണ്ടും അവിടെത്തന്നെ പാര്‍ത്തെന്നു വരാം. ചക്രം തിരിയുന്നതുപോലെയാണ് ജീവിതം.

തോണിയുമായി തിരിച്ചുവരുമ്പോള്‍ എന്‍റെ ചെവിയില്‍ ആ നായയുടെ കരച്ചില്‍ ഇടക്കിടെ മുഴങ്ങുന്നു. തിരിഞ്ഞുനോക്കി. ഒന്നുമില്ല, ഒന്നുമില്ല. തിരിഞ്ഞു മുന്നോട്ടു നോക്കുമ്പോള്‍ പിന്നേയും ഒന്നുരണ്ടു തവണ അത് ആവര്‍ത്തിക്കുന്നു. തോന്നലാവുമോ? പെണ്‍കടുവയില്‍നിന്നും രക്ഷപ്പെട്ടു പോരുമ്പോള്‍ തോണിയില്‍ ​െവച്ച് ദൂരെ വനാന്തരത്തില്‍നിന്നും ഒരു മുരള്‍ച്ച കേട്ടത് ഞാനപ്പോള്‍ ഓർമിച്ചു. അതുപക്ഷേ, മറ്റാരും കേട്ടില്ലല്ലോ.

ഇവിടേയുമതേ, ആ സാധുമൃഗം വിലപിക്കുന്നമട്ടില്‍ ഓലിയിടുന്നത് ഞാന്‍ കേട്ടതാണ്. ആ കരച്ചിലും പതിവുള്ളതല്ല. ഒരിക്കല്‍ക്കൂടി തിരിഞ്ഞുനോക്കി. പെയ്തുതോര്‍ന്ന മഴയില്‍ മൂടിപ്പോയ ഗ്രാമത്തിന്‍റെ അടയാളങ്ങളൊന്നുമില്ല. ജലമൊഴുകുന്നതിന്‍റെ ശബ്ദം മാത്രം. കുറേ നേരം ഒഴുക്കിലൂടെ നീങ്ങിയപ്പോള്‍ ദൂരെ നിന്നും പുക പൊന്തുന്നതു കണ്ടു. പാറക്കെട്ടുകളുടെ രേഖാരൂപം. ഞാന്‍ തിരിച്ചെത്തുകയാണ്. പൊയ്പോയ ഒരു ജീവിതത്തിന്‍റെ സൂചനകളൊന്നും ബാക്കിവെക്കാതെ... തീര്‍ത്തും ഏകാകിയായി.

മൂന്നു നാള്‍ക്കുശേഷം മഴ പൂര്‍ണമായും നിലച്ചു. ചിലര്‍ തോണിയില്‍ കയറി പഴയ സ്ഥലത്തേക്കു പോയി അന്വേഷിച്ചു തിരിച്ചുവന്നു. ആ ഒരു ദ്വീപോ, ദ്വീപിനുള്ളിലുണ്ടായിരുന്ന ജീവിതമോ ഇനിയെങ്ങും കാണാനാവാത്തവിധം അവസാനിച്ചിരിക്കുന്നു. മാറിയൊഴുകിയ നദി നിശ്ശബ്ദമായി അതിനുമേല്‍ ഒഴുകി. അപൂര്‍വം ചിലയിടങ്ങളില്‍ നിലംപൊത്തിയ മരങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടു. ഇനിയെന്തു ചെയ്യണം എന്ന വലിയ ചോദ്യചിഹ്നം ബാക്കിയായി.

കുന്നിറങ്ങി അപ്പുറത്തെത്തിയപ്പോള്‍ അടുത്തുള്ള അങ്ങാടികളിലേക്കു ചരക്കിറക്കാന്‍ പോകുന്ന കാളവണ്ടികള്‍ കണ്ടു. അങ്ങാടികളുടെ അടുത്തുനിന്നും അപൂര്‍വമായി നഗരങ്ങളിലേക്കു വാഹനസൗകര്യമുണ്ടായിരുന്നു. എന്നാല്‍, വിശപ്പടക്കാന്‍പോലും പണമില്ലാത്ത മനുഷ്യര്‍ എങ്ങനെ കാളവണ്ടികള്‍ വാടകക്കെടുക്കും? കാളവണ്ടിക്കാര്‍ ചിലര്‍ അതിനു വഴി പറഞ്ഞുതന്നു. അപൂര്‍വം ചിലരുടെ കൈയിലുള്ള ചെമ്പുകലങ്ങളും സ്വര്‍ണക്കമ്മലുകളും അവര്‍തന്നെ വിലയ്ക്കെടുത്തു. വൈകുന്നേരത്തോടെ കാളവണ്ടികള്‍ തയാറായി. വണ്ടികള്‍ക്കു താഴെ തൂക്കിയ റാന്തലുകളുടെ വെളിച്ചം വീതി കുറഞ്ഞ പാതയില്‍ നിഴലുകള്‍ സൃഷ്ടിച്ചുകൊണ്ടു മുന്നേറി.

* * *

അടുത്ത ഖണ്ഡികയില്‍ ഗോപാല്‍ ബറുവ തന്‍റെ ഗൂഢലിപികളിലേക്കു തിരിച്ചുവന്നു: ഇത്തവണ കണക്കുകളിലായിരുന്നു എഴുത്ത്. അക്ഷരങ്ങള്‍ക്കു പകരം അവയെ പ്രതിനിധാനം ചെയ്യുന്ന സംഖ്യകള്‍. ഒരൽപനേരത്തെ പരിശ്രമത്തിനുശേഷം അതിന്‍റെ താക്കോല്‍ എനിക്കു കിട്ടി.

അദ്ദേഹം എഴുതി: സുമന എവിടെയാണെന്ന് ഞാന്‍ അന്വേഷിച്ചുകൊണ്ടിരുന്നു. തൊട്ടുമുന്നില്‍ പോകുന്ന വാഹനത്തില്‍ അവള്‍ കാണും. എങ്കിലും അവളെ അഭിമുഖീകരിക്കാനുള്ള കെൽപുണ്ടായിരുന്നില്ല. അവളുടെ നഷ്ടം എനിക്കു മനസ്സിലാവുന്നുണ്ട്. ഒരു പക്ഷേ, ശ്യാമള്‍ദാ എല്ലാവരുടെയും കൂടെ എങ്ങനെയെങ്കിലും ആ തോണിയില്‍ കയറിപ്പോന്നിരുന്നെങ്കില്‍! ആ നിമിഷങ്ങളുടെ വേദന അവളില്‍നിന്നും മാഞ്ഞുപോവുകയില്ല. അപ്പോഴും ഒരു സംശയം എന്നെ ഉലച്ചിരുന്നു. എന്നോടൊപ്പം കളിച്ചു ചിരിച്ചു വളര്‍ന്നവള്‍, ഒന്നിച്ചു നടന്നവള്‍, എന്‍റെ പ്രണയം, എന്‍റെ ബാല്യവും യൗവനവും: എല്ലാമായിരുന്ന അവളെങ്ങനെ ഇത്രയെളുപ്പം ഒട്ടും ചേര്‍ച്ചയില്ലാത്ത ഒരു മനുഷ്യനെ ഇത്രമേല്‍ സ്നേഹിക്കുന്നു? ആദ്യമെല്ലാം എത്ര വെറുപ്പോടെയാണ് അവള്‍ അയാളെ നോക്കിക്കണ്ടിരുന്നത്! തന്‍റെ അമ്മയോട് അയാള്‍ ഇടപഴകുന്നതുപോലും അവള്‍ക്ക് അക്കാലത്തു സഹിക്കാന്‍ സാധിക്കുമായിരുന്നില്ല.

നാലു വര്‍ഷത്തെ ദ്വീപുവാസമായിരിക്കുമോ അവളെ മാറ്റിയെടുത്തത്? അപ്പോഴെല്ലാം അവള്‍ക്കു വേണ്ടി ഞാന്‍ കാത്തിരിക്കുകയായിരുന്നില്ലേ? എങ്ങനെയാണ് അവള്‍ക്ക് എന്നെ മനസ്സിലാക്കാന്‍ സാധിക്കാതിരിക്കുന്നത്? മുമ്പെല്ലാം അതു മറ്റുള്ളവരെ ബോധ്യപ്പെടുത്താനാവും എന്നു ഞാന്‍ ആശ്വസിച്ചിരുന്നു. എന്നാല്‍ അങ്ങനെയല്ല, അവള്‍ ശരിക്കും ശ്യാമള്‍ദായെ സ്നേഹിച്ചിരുന്നു. അയാളുടെ തിരോധാനം അവള്‍ക്കു സഹിക്കാനാവുമെന്നു തോന്നുന്നില്ലല്ലോ.

ഞാന്‍ എന്‍റെ ജീവിതത്തെ പഴിച്ചു

പുലര്‍ച്ചയോടെ കാളവണ്ടികള്‍ ചന്തകളുടെ പരിസരത്ത് എത്തിച്ചേര്‍ന്നു. ചന്തകള്‍ ഉണര്‍ന്നുവരുന്നുണ്ടായിരുന്നു. വലിയ പെട്രോമാക്സ് വിളക്കുകള്‍ കത്തിച്ചു​െവച്ചുകൊണ്ട് തൊഴിലാളികള്‍ തള്ളുവണ്ടികളില്‍നിന്നും ചരക്കുകള്‍ ഇറക്കി​വെക്കുകയും ചെറിയ ചാക്കുകളിലേക്ക് പകര്‍ത്തുകയും ചെയ്തുകൊണ്ടിരുന്നു. തട്ടുകളിലായി നിരത്തി​െവച്ച കായ്കനികള്‍, ഫലങ്ങള്‍. തലേ ദിവസങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട പഴങ്ങളുടെയും പച്ചക്കറികളുടെയും ചീഞ്ഞ ഗന്ധം. ഒരു വലിയ ലോറി പുറകോട്ടെടുക്കുന്നു. അതിന് ദിശ പറഞ്ഞുകൊടുക്കുന്നവരുടെ ശബ്ദങ്ങള്‍... രാവിലെ ആറു മണിയോടെ അവിടെനിന്നും കൊല്‍ക്കത്തയിലേക്ക് ബസ് പോകുന്നതായി അറിഞ്ഞു. എല്ലാവരും അതു കാത്തുനിന്നു.

കൊല്‍ക്കത്തയിലെത്തിയപ്പോള്‍ പൊലീസ് ഞങ്ങളെ തടഞ്ഞു. നീണ്ട പരിശോധനകളുണ്ടായി. ആരുടെ കൈയിലും രേഖകളില്ലായിരുന്നു. അതു ഗുണവും ദോഷവുമാണ്. രേഖകള്‍ നിങ്ങള്‍ ഒരു രാജ്യത്തിന്‍റെ പൗരന്മാരാണെന്നു തെളിയിക്കും. നിയമത്തിന് വേണമെങ്കില്‍ അവരെ അതതു സ്ഥലങ്ങളിലേക്കു തിരിച്ചയക്കാം. അതേസമയം, രേഖകളില്ലാത്തവര്‍ പ്രത്യേക രാജ്യത്തിന്‍റെ പ്രജകളല്ല. അവരെ എവിടേക്കു പറഞ്ഞുവിടും?

സ്ത്രീകളെയും വയസ്സുചെന്നവരെയും കുട്ടികളെയും അവര്‍ ഒരു ക്യാമ്പിലേക്കു പറഞ്ഞുവിട്ടു. ​െകാല്‍ക്കത്തയില്‍ അത്തരം അനേകം ക്യാമ്പുകളുണ്ടായിരുന്നു. നാൽപതുകളുടെ പാതി മുതൽക്കേയുള്ള അഭയാർഥി പ്രവാഹങ്ങള്‍. അക്കാലത്തൊന്നും ഭരണകൂടമല്ല ക്യാമ്പുകള്‍ നിർമിച്ചിരുന്നത്. നാടുവിട്ടുപോന്ന മനുഷ്യര്‍ വെളിമ്പ്രദേശങ്ങളിലും അനാഥമായി കിടക്കുന്ന കെട്ടിടങ്ങളിലും രായ്ക്കുരാമാനം കേറി പാര്‍പ്പുറപ്പിച്ചു. ആരുടെ ഭൂമിയാണ്, കെട്ടിടമാണ് എന്നതൊന്നും പ്രശ്നമായിരുന്നില്ല.

ഒന്നോ രണ്ടോ ദിവസംകൊണ്ടുതന്നെ തമ്പടിച്ച ഭൂമി സ്വയം വിഭജിച്ച് താല്‍ക്കാലികമായ കൂരകളുണ്ടാക്കി അവര്‍ അവിടെ താമസിക്കാന്‍ തുടങ്ങി. സ്ഥലത്തിന്‍റെ ഉടമകള്‍ക്കോ പോലീസിനു പോലുമോ അവരെയാരെയും ഒഴിപ്പിക്കാന്‍ എളുപ്പമായിരുന്നില്ല. അക്കാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സഹായമായിരുന്നു അഭയാർഥികളുടെ വലിയ മൂലധനം. പില്‍ക്കാലത്ത് പല ക്യാമ്പുകളും വലിയ ആവാസകേന്ദ്രങ്ങളായി മാറി. സ്കൂളുകളും ആരാധനാലയങ്ങളും അവയോടു ചേര്‍ന്നുവന്നു. കാലം കഴിഞ്ഞപ്പോള്‍ അവ ചെറിയ പട്ടണങ്ങളായി, വലിയ കെട്ടിടങ്ങള്‍ അവിടെയെല്ലാം ഉയര്‍ന്നുവന്നു.

ശവമടക്കിയിരുന്ന ഒരു പള്ളിപ്പറമ്പിലാണ് അത്തരമൊരു ക്യാമ്പുയര്‍ന്നത്. നഗരത്തിന്‍റെ തെക്കുഭാഗത്ത് ധാക്കൂറിയ എന്ന പ്രദേശത്തായിരുന്നു ആ പറമ്പ്. അഭയാർഥികള്‍ മരിച്ചവര്‍ക്കു മേല്‍ കുടില്‍കെട്ടി. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ക്യാമ്പ് നീളത്തിലുള്ള ഒരു ഷെഡ് ആയി മാറി. നിരന്തരം പ്രവഹിച്ചുകൊണ്ടിരുന്ന മനുഷ്യരെ അതു സ്വീകരിച്ചു. പലരും അവിടെനിന്നും നഗരത്തിന്‍റെ മറ്റു കേന്ദ്രങ്ങളിലേക്കു മാറിപ്പോവുകയും പുതിയ മനുഷ്യര്‍ വന്നുചേരുകയും ചെയ്തു.

ദ്വീപിലുള്ളവര്‍ ആ ക്യാമ്പിലേക്കാണ് പോയത്. അപ്പോള്‍ത്തന്നെ ഉള്‍ക്കൊള്ളാനാവുന്നതിലും എത്രയോ ഇരട്ടി ആളുകള്‍ ഉണ്ടായിരുന്നു അവിടെ. സ്വാഭാവികമായും അസ്വാരസ്യങ്ങളും കലഹങ്ങളും മുളപൊട്ടി. സ്ത്രീകളെയും കുട്ടികളെയും വയോജനങ്ങളെയും അവിടെ നിര്‍ത്തിയിട്ട് പുരുഷന്മാര്‍ തൊഴിലന്വേഷിച്ചുപോയി. അധികമാര്‍ക്കും തൊഴിലൊന്നും കിട്ടിയില്ല. അല്ലെങ്കില്‍ ഭക്ഷണത്തിനുവേണ്ടി ജോലി ചെയ്യേണ്ടിവന്നു. വെറുംകൈയുമായി തിരിച്ചുപോയിട്ട് എന്തു പ്രയോജനം? പലരും ക്യാമ്പിലേക്കു വരാതായി. തെരുവോരങ്ങളില്‍ ഉറങ്ങി.

ഞാനാകട്ടെ, സന്താനം സാറിനോടൊപ്പമുള്ള എന്‍റെ രഹസ്യജോലിയിലേക്കു മടങ്ങിപ്പോയി. പക്ഷേ, അവിടെ ജോലി ചെയ്യുമ്പോഴും എന്‍റെ മനസ്സില്‍ ആ ഒരൊറ്റ മുഖം മാത്രമായിരുന്നു. അവളെക്കുറിച്ചുള്ള ചിന്തകളായിരുന്നു.

അഭയാർഥി ക്യാമ്പ്

ഒരവധി ദിനത്തില്‍ ഞാന്‍ ധാക്കൂറിയയിലെ ക്യാമ്പിലേക്കു പോയി. അത്തരമൊരു ക്യാമ്പ് ആദ്യമായി കാണുകയായിരുന്നു. പരമദയനീയമായിരുന്നു അവിടത്തെ അവസ്ഥ. അനാഥരെപ്പോലെ ശൂന്യതയിലേക്കു നോക്കിയിരിക്കുന്ന സ്ത്രീകള്‍. ഉച്ചത്തിലുള്ള ശകാരങ്ങള്‍, കലഹങ്ങള്‍. നിലത്തു വിരിച്ച കീറത്തുണികളില്‍ തളര്‍ന്നുറങ്ങുന്ന കുട്ടികളും വൃദ്ധരും. പുറത്തെ കാനയില്‍ കറുത്തു കട്ടികൂടിയ അഴുക്കുവെള്ളം കെട്ടിക്കിടക്കുന്നു. അതോ ഒഴുകുകയോ? അസുഖകരമായൊരു ഗന്ധം എമ്പാടും കെട്ടിനിൽക്കുന്നു. മരിച്ചവരുടെ ശവങ്ങള്‍ അടക്കിയതിനു മുകളില്‍ ഉയര്‍ന്നുവന്ന ആ ക്യാമ്പില്‍ ജീവിച്ചിരിക്കുന്നവരെ അടക്കിയിരിക്കുകയാണെന്നു തോന്നും.

എന്‍റെ കണ്ണുകള്‍ സുമനയെ അന്വേഷിച്ചു. ആ തളര്‍ന്ന രൂപങ്ങള്‍ക്കിടയില്‍ എവിടെയാണ് അവള്‍? അൽപനേരം കാത്തുനിന്നപ്പോള്‍ ഇരുണ്ട, ഗുഹപോലുള്ള ഒരു മുറിയില്‍നിന്നും അവള്‍ വന്നു. പക്ഷേ, അതവളായിരുന്നില്ല, അരണ്ട പ്രകാശത്തില്‍ അവശേഷിച്ച ഒരു നിഴല്‍... ആ കണ്ണുകള്‍ കുഴിഞ്ഞുപോയിരിക്കുന്നു. ചുണ്ടുകള്‍ വരണ്ടുപൊട്ടിയിരിക്കുന്നു. എണ്ണമയമില്ലാത്ത മുടിയിഴകള്‍ മുഖത്തേക്കു വീണുകിടക്കുന്നു. മുഷിഞ്ഞ, കീറിയ വസ്ത്രങ്ങള്‍. സുമന എന്‍റെ മുഖത്തേക്കു നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല. അവളുടെ കണ്ണുകളിലെ അപരിചിതഭാവം എന്നെ അമ്പരപ്പിച്ചു.

‘‘എന്‍റെ കൂടെ വരൂ’’, ഞാന്‍ ക്ഷണിച്ചു. അവള്‍ പ്രതികരിച്ചില്ല.

ഞാന്‍ എന്‍റെ കാര്യങ്ങള്‍ പറഞ്ഞു. ചെറിയ തൊഴില്‍, പക്ഷേ പട്ടിണി കിടക്കാതെ ഈ നഗരത്തില്‍ ജീവിക്കാം. ഭൂതകാലത്തില്‍ കഴിയുന്നതുകൊണ്ട് എന്തു പ്രയോജനം? വിധിയെന്നു കരുതി സമാധാനിക്കുക.

‘‘എന്‍റെ വിധി...’’ അവള്‍ തലകുനിച്ച് ആ വാക്കുകള്‍ ആവര്‍ത്തിച്ചു. പിന്നെ പതുക്കെ പറഞ്ഞു; ‘‘ഗോപാല്‍ പൊയ്ക്കോളൂ, ഞാനില്ല.’’

‘‘അങ്ങനെ പറയരുത്, ഇവിടെ നിനക്കാരാണുള്ളത്?’’ ഞാന്‍ ചോദിച്ചു.

അവള്‍ മുഖംപൊത്തി ശബ്ദമില്ലാതെ കരഞ്ഞു. പിന്നെ അവിടെനിന്നും അതേ ഇരുണ്ട മുറിയിലേക്കു തിരിച്ചുപോയി.

കുറേ നേരം അവിടെ നിന്നെങ്കിലും ആരും എന്നെ ശ്രദ്ധിക്കുന്നതായി തോന്നിയില്ല. ഞാന്‍ മടങ്ങി. അഗാധമായൊരു നിരാശയും വേദനയും എന്നെ ബാധിച്ചു. ജീവിക്കുക എന്നതു തന്നെ ദീര്‍ഘമായൊരു സമസ്യയായിരുന്നു. അല്ലെങ്കില്‍ എന്തിനു ജീവിക്കണം! ആര്‍ക്കുവേണ്ടി? നിശ്ചലമായി കിടക്കുകയാണ്, കാലം. ഒന്നും നീങ്ങുന്നില്ല. സൈന്യത്തിനുവേണ്ടി നിർമിക്കുന്ന, അഴിച്ചെടുക്കുന്ന ചിഹ്നങ്ങളെക്കാള്‍ എത്ര ദുരൂഹമാണ് എന്‍റെ ജീവിതം...

 

വീണ്ടും ധാക്കൂറിയയിലേക്കു പോകണമെന്നുണ്ടായിരുന്നു. അവളുടെ തണുത്ത പ്രതികരണം എന്നെ തളര്‍ത്തി. വീണ്ടും അവള്‍ അങ്ങനെത്തന്നെ പെരുമാറിയേക്കും എന്നു ഭയന്നു. അവള്‍ ആ നരകത്തില്‍ കിടന്നു മരിക്കാമെന്നാണോ കരുതിയിരിക്കുന്നത്? എന്‍റെയുള്ളില്‍ വേദന നിറഞ്ഞു. പക്ഷേ, അതവളുടെ തീരുമാനമാണ്. ഇനിയും അവിടെ ചെന്ന് ആ കണ്ണുകളെ നേരിടുക വയ്യ.

ഇനി പോകരുത് എന്നാണ് തീരുമാനിച്ചിരുന്നത് എന്നുണ്ടെങ്കിലും പത്തുദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ ക്യാമ്പിലേക്കു വീണ്ടും പോയി. അതൊരു ദുരന്തത്തിനു ശേഷമായിരുന്നു. ഒരു പത്രത്തിന്‍റെ താളുകളില്‍ അവിചാരിതമായി കണ്ട ഒരു വാര്‍ത്തയായിരുന്നു ആ യാത്രയുടെ പിന്നില്‍. ക്യാമ്പിലെ പുതുതായി വന്ന മനുഷ്യരെ രാത്രിയില്‍ ആരൊക്കെയോ ചേര്‍ന്നു മർദിച്ചു. സ്ത്രീകളെ പിടിച്ചുകൊണ്ടുപോയി പുറത്ത് ഉപേക്ഷിച്ചു. മാനഭംഗപ്പെടുത്തിയതിന്‍റേയും മുറിവേൽപിച്ചതിന്‍റേയും കഥകള്‍. പലരും ആദ്യം അവിടെയുണ്ടായിരുന്ന താമസക്കാരെ കുറ്റപ്പെടുത്തി. ചിലര്‍ പുറത്തുനിന്നുള്ള കുറ്റവാളികളുടെ സംഘത്തെ. ഇനിയും ചിലര്‍ കുറ്റവാളികളുടെ മറവില്‍ പോലീസുകാര്‍ ചെയ്തതാണെന്നു പ്രചരിപ്പിച്ചു.

അതെന്തായാലും ക്യാമ്പില്‍നിന്നും ആളുകളെ പിടിച്ചുകൊണ്ടുപോയി ചോദ്യംചെയ്യുക പോലീസിനു പതിവായി. സ്ത്രീകളില്‍ പലരും ആശുപത്രികളിലായി. ഇനിയും ആപത്തുകള്‍ സംഭവിക്കാതിരിക്കാനെന്നോണം കമ്യൂണിസ്റ്റുകാര്‍ ക്യാമ്പുകള്‍ക്കു കാവല്‍ നിൽക്കുന്നു.

ആശുപത്രിയില്‍ ചെന്നാണ് ഞാന്‍ സുമനയെ കണ്ടത്. വെറും നിലത്ത് വിരിച്ച ഒരു കീറത്തുണിയില്‍ കിടക്കുകയായിരുന്നു അവള്‍. ഞാന്‍ മടികൂടാതെ അവളുടെ അരികില്‍ ഇരുന്നു, എന്‍റെ കൂടെ വരണമെന്ന് വീണ്ടും ആവശ്യപ്പെട്ടു. അവള്‍ ഒന്നും പറഞ്ഞില്ല. വരണ്ട കണ്ണുകളോടെ അവള്‍ എന്നെ നോക്കുക മാത്രം. ചുറ്റുപാടുനിന്നും അസുഖകരമായൊരു ഗന്ധം എന്നെ ചൂഴ്ന്നു. കുറെ നേരം അവള്‍ക്കൊപ്പം ഇരുന്നശേഷം നിരാശിതനായി ഞാന്‍ എഴുന്നേറ്റ് ആശുപത്രിയുടെ പടികളിറങ്ങി തെരുവിലേക്കു നടന്നു. എന്താണ് സുമനക്കു സംഭവിച്ചത്? അതിന്‍റെ ആശങ്കകള്‍ എന്നെ ബാധിച്ചിരുന്നു. അറിയാതെ ആ വലിയ ആശുപത്രിക്കെട്ടിടത്തെ ഞാന്‍ തിരിഞ്ഞുനോക്കി.

അപ്പോഴതാ, പിറകില്‍ നിഴല്‍പോലെ അവളുടെ രൂപം. അതു ക്ഷീണിച്ച കാൽവെപ്പുകളോടെ എന്നെ അനുഗമിക്കുന്നു... സുമനയുടെ കൈയില്‍ ഒരു ചെറിയ കടലാസുപൊതി മാത്രമേ ഉണ്ടായിരുന്നുള്ളൂ. പില്‍ക്കാലത്ത് ഞാനതു തുറന്നുനോക്കിയിട്ടുണ്ട്. ആ പൊതിയില്‍ തോറ്റ പരീക്ഷാഫലമുള്ള അവളുടെ സര്‍ട്ടിഫിക്കറ്റുണ്ടായിരുന്നു. പിന്നെ, അവള്‍ തന്നെ മഷിയില്‍ വരച്ച ഒരു ചിത്രം. ഒരു ചെറിയ കുടിലും അതിനു മുന്നിലൂടെ ശാന്തമായി ഒഴുകുന്ന നദിയുമുണ്ടായിരുന്നു. –നദിയുടെ കരയില്‍ ചിരിച്ചുകൊണ്ടു നിൽക്കുന്ന മനുഷ്യന് ശ്യാമള്‍ദായുടെ ഛായയുണ്ടായിരുന്നു.

(തുടരും)

News Summary - weekly literature story