Begin typing your search above and press return to search.
proflie-avatar
Login

ബൈലൈൻ

ബൈലൈൻ
cancel

‘‘ഓരോന്നും കേൾക്കുമ്പോൾ പേടി തോന്നുന്നു. പിതാവ് മകളെ പീഡിപ്പിക്കാ, പിന്നെ പണത്തിനായി മറ്റുള്ളവർക്കു കാഴ്ചവയ്ക്കാ, ഒടുവിൽ പെൺവാണിഭ സംഘത്തിനു വിൽക്കാ... ഉള്ളതു പറയാലോ, ഇന്നത്തെ പത്രം വായിച്ചിട്ട് മോളുടെ മുഖത്തു നോക്കാൻപോലും പറ്റുന്നില്ല. അപമാനഭാരത്താൽ തലതാഴുന്നു. ബന്ധങ്ങൾക്കു വിലയില്ലെന്നു നമ്മൾ കരുതുന്ന ആണും പെണ്ണും മദിച്ചു ജീവിക്കുന്ന പാശ്ചാത്യ രാജ്യങ്ങളിൽപോലും ഇങ്ങനെയൊന്നു കേൾക്കാൻ കഴിയില്ല. എന്താ ഞാൻ പറഞ്ഞതു സത്യമല്ലേ?’’ സർക്കുലേഷനിലെ ക്ലർക്ക് രാമകൃഷ്ണൻ ചേട്ടൻ ഒരു മറുപടി പ്രതീക്ഷിച്ചെന്നവണ്ണം എന്നെ നോക്കിക്കൊണ്ടിരുന്നു. എ​ന്റെ നിശ്ശബ്ദത കണ്ട് അദ്ദേഹം...

Your Subscription Supports Independent Journalism

View Plans

‘‘ഓരോന്നും കേൾക്കുമ്പോൾ പേടി തോന്നുന്നു. പിതാവ് മകളെ പീഡിപ്പിക്കാ, പിന്നെ പണത്തിനായി മറ്റുള്ളവർക്കു കാഴ്ചവയ്ക്കാ, ഒടുവിൽ പെൺവാണിഭ സംഘത്തിനു വിൽക്കാ... ഉള്ളതു പറയാലോ, ഇന്നത്തെ പത്രം വായിച്ചിട്ട് മോളുടെ മുഖത്തു നോക്കാൻപോലും പറ്റുന്നില്ല. അപമാനഭാരത്താൽ തലതാഴുന്നു. ബന്ധങ്ങൾക്കു വിലയില്ലെന്നു നമ്മൾ കരുതുന്ന ആണും പെണ്ണും മദിച്ചു ജീവിക്കുന്ന പാശ്ചാത്യ രാജ്യങ്ങളിൽപോലും ഇങ്ങനെയൊന്നു കേൾക്കാൻ കഴിയില്ല. എന്താ ഞാൻ പറഞ്ഞതു സത്യമല്ലേ?’’

സർക്കുലേഷനിലെ ക്ലർക്ക് രാമകൃഷ്ണൻ ചേട്ടൻ ഒരു മറുപടി പ്രതീക്ഷിച്ചെന്നവണ്ണം എന്നെ നോക്കിക്കൊണ്ടിരുന്നു. എ​ന്റെ നിശ്ശബ്ദത കണ്ട് അദ്ദേഹം ഒരു നെടുവീർപ്പിട്ടു.

‘‘ആ, നീ വിവാഹമൊക്കെ കഴിച്ച് കുടുംബവും രണ്ടു പെൺമക്കളുമൊക്കെയാകുമ്പോൾ ഇതി​ന്റെ ആധി നിനക്കു മനസ്സിലാകും.’’

അതും പറഞ്ഞ് വിളറിയ മുഖത്തോടെ അദ്ദേഹം എന്നെ ഉപേക്ഷിച്ച് എഴുന്നേറ്റുപോയി. ഇതു കലികാലമാണെന്നോ, ലോകത്തിനു വഴിപിഴച്ചെന്നോ, ബന്ധങ്ങളുടെ മുഖത്തുന്നുതിർന്നു വീണ ശിരോവസ്​ത്രമാണ് ഈ സംഭവമെന്നോ മറുപടിയായി വെറുതേ പറയാമായിരുന്നുവെന്നു തോന്നി.

ഇപ്പോൾ ഞാൻ ഇങ്ങനെയൊക്കെയാണ്. പലരോടും മറുപടി പറയാൻ വൈകിപ്പോകുന്നു. മറുപടികൾ ബോധമണ്ഡലത്തിൽനിന്ന് ഉയർന്നുവരുമ്പോഴേക്കും ചോദ്യകർത്താവ് ഉത്തരംകിട്ടാതെ സ്​ഥലംവിട്ടിരിക്കും. ഒരു ചർച്ചക്കുള്ള വിശദമായ ആരോഗ്യം ഇപ്പോഴെനിക്കില്ല. ഒരാഴ്ച പനിപിടിച്ചു കിടന്നതി​ന്റെ ക്ഷീണം മാറിയിട്ടില്ല. കൺപോളകളിൽ കനം തോന്നുന്നുണ്ട്. കഴുത്തിലും കൈയിന്റെയും കാലി​ന്റെയും സന്ധികളിലും വിയർപ്പു പൊടിയുന്നു.

തലക്കു മുകളിൽ ഭയാനക ശബ്ദത്തിൽ കറങ്ങുന്ന ഫാനി​ന്റെ ശബ്ദം അലോസരപ്പെടുത്തുന്നു. അലങ്കോലമായി കിടക്കുന്ന എ​ന്റെ മൊത്തം ജീവിതത്തി​ന്റെ അടയാളംപോലെ അലക്ഷ്യമായി എറിഞ്ഞുകളഞ്ഞ പത്രറിലീസുകളും എഴുതിവെട്ടിക്കളഞ്ഞ പേപ്പറുകളും ബ്യൂറോയിൽ ചിതറിയ നിലയിൽ.

ഓഫീസിൽ സീനിയർ റിപ്പോർട്ടർ ജയചന്ദ്രനും സ്​പെഷൽ കറസ്​പോണ്ടന്റ് ആർ. ഹരിയും ലീവായിരുന്നു. ജയചന്ദ്രന് ഭാര്യയുടെ പ്രസവത്തിന്റെ തിരക്ക്. ഹരി കേരളത്തിലെ വർധിക്കുന്ന ലഹരി ഉപയോഗത്തെക്കുറിച്ച് പരമ്പരക്കു വിവരങ്ങൾ ശേഖരിക്കാൻ പോയിരിക്കുന്നു. കൂടെ ആകെയുള്ള ഫോട്ടോഗ്രാഫർ അനന്തഗോപനും. ആലോചിച്ചിരിക്കെ പെട്ടെന്ന് മൊബൈലിൽ ബ്യൂറോ ചീഫ് രവി മേനോന്റെ നമ്പർ തെളിഞ്ഞു. എന്തിനാണാവോ അദ്ദേഹം വിളിക്കുന്നത്?

2

ഓഫിസിൽനിന്ന് ഇറങ്ങിയശേഷം വരുന്ന മേലധികാരികളുടെ ഫോൺകോൾ ഭയക്കേണ്ടവയാണ്. ഒരു നൈറ്റ് ബ്യൂറോ റിപ്പോർട്ടറെ കാത്തിരിക്കുന്നത് പെട്ടെന്നുണ്ടാകുന്ന ഒരു തീപിടിത്തമോ കൊലപാതകമോ മോഷണമോ അടിപിടിയോ റെയ്ഡോ സ്​ത്രീപീഡനമോ ആണെങ്കിൽ ആ രാത്രി ദുഷ്കരമായിരിക്കും. രാവിലെ മറ്റു പത്രങ്ങളിൽ നമ്മൾ എഴുതിയതിനേക്കാൾ ഒരു പോയന്റ് കൂടുതലുണ്ടായാൽ മതി ആ നഷ്ടമായ പോയന്റ് എല്ലാ അധ്വാനത്തിന്റെയും വില കളയും. ബ്യൂറോ ചീഫ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയാണെന്നു റോഡിലൂടെ ചീറിപ്പായുന്ന വാഹനങ്ങളുടെ ശബ്ദം വെളിപ്പെടുത്തി.

‘‘പനിമാറി നീ വന്നത് ഒരു നശിച്ച ദിവസമാണല്ലോടാ’’ എന്ന ഒരു ദുഃസൂചന നൽകിയാണ് അദ്ദേഹം സംസാരം തുടങ്ങിയത്.

കരുതലുകൾ ശരിയായതി​ന്റെ ഞെട്ടലിലായി ഞാൻ.

‘‘അതേ, സെൻട്രൽ ഡെസ്​കിൽനിന്നു വിളിച്ചിരുന്നു. ഡൽഹിയിൽ പാർലമെന്റിനരികിൽ ബോംബ് സ്​ഫോടനമുണ്ടായിട്ടുണ്ട്. മൂന്നു സുരക്ഷാഭടന്മാർ മരിച്ചെന്നാണ് അറിയുന്നത്. നാളത്തെ റിപ്പബ്ലിക് ഡേയുടെ പശ്ചാത്തലത്തിൽ ഈ ആക്രമണത്തിനു വളരെയധികം പ്രാധാന്യമുണ്ടെന്നറിയാമല്ലോ?’’

ഞാൻ മൂളിക്കേട്ടു.

‘‘നമ്മുടെ കഷ്​ടകാലത്തിനു അതിലൊരാൾ കൊച്ചിക്കാരനാണ്. തമ്മനം സ്വദേശി. നീ ഒന്ന് ആ പയ്യ​ന്റെ വീട്ടിൽ പോകണം. പോയാൽമാത്രം പോരാ. ഒരു നല്ല വികാരതീവ്രമായ ഐറ്റവുമെടുക്കണം. ഒരു തലപ്പടവും സംഘടിപ്പിക്കണം. പയ്യ​ന്റെ പേര് കൃഷ്ണകുമാർ എന്നാണ്. ആർമിയുടെ രേഖകളിൽ പയ്യൻ പാലക്കാട്ടാണ് താമസം. ഇവിടേക്ക് പയ്യ​ന്റെ കുടുംബം താമസത്തിനെത്തിയിട്ട് മാസങ്ങളേയായിട്ടൊള്ളൂ. വാടകവീടാ. മറ്റു പത്രക്കാർക്ക് വിവരം കിട്ടാൻ അൽപം ബുദ്ധിമുട്ടും.’’ ഒന്നു നിർത്തി ബ്യൂറോ ചീഫ് ജാഗ്രതയോടെ പറഞ്ഞു. ‘‘ സീരിയസാട്ടോ... ഇതായിരിക്കും നമ്മുടെ പത്രത്തി​ന്റെ നാളത്തെ പ്ലസ്​.’’

ആ വലിയ ഉദ്യമം ഏറ്റെടുക്കാൻ ആരോഗ്യപരമായും മാനസികപരമായും ഞാൻ ശക്തനല്ലായിരുന്നു.

ഞാൻ പറഞ്ഞു: ‘‘ഒരു യാത്രചെയ്യാനുള്ള ആരോഗ്യം എനിക്കില്ല സാറെ...’’

ബ്യൂറോചീഫ് ഇടക്ക് കയറി. ‘‘എടാ ഇതൊക്കെ ഒരു അവസരാ. മെയിൻ വാർത്ത എഴുതാൻ ഞാൻ നിന്നെ ഗൈഡ് ചെയ്യാം. വായനക്കാരുടെ ഹൃദയത്തെ നൊമ്പരപ്പെടുത്തുന്ന, അക്ഷരങ്ങൾ കണ്ണുനിറക്കുന്ന രണ്ട് ഫീച്ചറും എഴുതണം. പിന്നെ ഒരു ഓഫർ ഞാൻ തരാം.’’

എനിക്കൊന്നും മനസ്സിലായില്ല.

ഞാൻ സംശയത്തോടെ ചോദിച്ചു.

‘‘ഓഫറോ?’’

‘‘നിനക്ക് ഇതുവരെ ബൈലൈൻ കിട്ടിയിട്ടില്ലല്ലോ?’’

‘‘ഇല്ല.’’

‘‘ഇന്ന് ഞാൻ ഷുവറായും ബൈലൈൻ വാങ്ങിത്തരും. പറ്റിയാൽ ഒന്നാം പേജിൽതന്നെ. നീ മടിയനാണെന്ന മേലധികാരികളുടെ ചിന്ത ഇന്ന് ഞാൻ മാറ്റിമറയ്ക്കും. പിന്നെ ഓർത്തോ, രണ്ടു വർഷത്തെ പത്രപ്രവർത്തക െട്രയ്നിങ് പൂർത്തിയാക്കിയിട്ടും നിന്നെ ജോലിയിൽ സ്​ഥിരപ്പെടുത്താത്തത് അത്ര ശുഭലക്ഷണമല്ലാട്ടോ?’’

ബ്യൂറോചീഫി​ന്റെ വാക്കുകളിൽ ഒരു താക്കീതുണ്ടായിരുന്നു.

ഞാൻ നിശ്ശബ്ദനായി കേട്ടുനിന്നു. എന്നിൽനിന്ന് മറുപടി ലഭിക്കാത്തതുകൊണ്ടാകും അദ്ദേഹം പിന്നെ ആശ്വാസത്തി​ന്റെ വാക്കുകൾ വിതറി.

‘‘കരാർ വ്യവസ്​ഥയിൽ ജോലിചെയ്യുന്നവർക്ക് ബൈലൈൻ നൽകില്ലെന്ന എഡിറ്റോറിയൽ പോളിസി ഇന്ന് നി​ന്റെ എഴുത്തിന്റെ യോഗ്യത മാർക്ക് കാട്ടി ഞാൻ പൊളിച്ചെഴുതിക്കും. ഇതൊക്കെ അവിചാരിതമായി മാത്രം കിട്ടുന്ന അവസരാട്ടോ? ആരെയും കാത്തുനിൽക്കില്ല... ആർക്കും കിട്ടില്ല...’’

ബ്യൂറോചീഫ് മോഹനവാഗ്ദാനംകൊണ്ട് എന്നെ മൂടി. എന്തുചെയ്യാം, പറ്റില്ലെന്നു പറയാൻ കഴിയില്ലല്ലോ? ജോലി ആയിപ്പോയില്ലേ. ബ്യൂറോ ചീഫ് സംസാരം തുടർന്നു.

‘‘പിന്നെ, പയ്യ​ന്റെ വീട്ടിൽ അറിഞ്ഞിട്ടില്ല. നീ വല്ല നുണയും പറഞ്ഞുവേണം കാര്യം നേടാൻ. അല്ലാതെ മണ്ടത്തരമൊന്നും കാണിക്കരുത്. മരണവീട്ടിലേക്കാണു പോകുന്നതെന്ന ഭാവമേ വേണ്ട. പറഞ്ഞതുകേട്ടല്ലോ?’’ എന്നിൽനിന്ന്........ മറുപടി കിട്ടാത്തതുകൊണ്ടു ബ്യൂറോചീഫ് ദേഷ്യത്തോടെ പറഞ്ഞു, ‘‘എന്താ നീ യാതൊന്നും പറയാത്തത്?’’

ഞാൻ പതർച്ച പുറത്തുകാട്ടാതെ പറഞ്ഞു, ‘‘ഉവ്വ്, കേൾക്കുന്നുണ്ട്.’’

പനി കഴിഞ്ഞു വന്ന് ആദ്യം എഴുതേണ്ടിവന്നതു മരണമാണല്ലോ എന്നോർത്തപ്പോൾ ഭയം തോന്നി. പഴയ ആവേശം നഷ്​ടപ്പെട്ടിരിക്കുന്നു. ആവേശത്തി​ന്റെ ചങ്ങാടം ലക്ഷ്യമില്ലാതെ ദൂരേക്ക് അകന്നുപൊയ്ക്കൊണ്ടിരിക്കുന്നു.

3

വിടപറയാൻ വെമ്പിനിൽക്കുന്ന അസ്​തമയ സൂര്യൻ. പ്രപഞ്ചം ഇരുട്ടി​ന്റെ കറുത്തവസ്​ത്രം ധരിക്കാനുള്ള ഒരുക്കത്തിൽ. ചിറകുവിടർത്തി ആകാശവിതാനത്തിലൂടെ പക്ഷികൾ കൂട്ടമായി പറക്കുന്നു. പരിസരമാകെ കണ്ണോടിച്ചു. നാട്ടിൻപുറത്തി​ന്റെ യാതൊരു നന്മകളും ആ പ്രദേശത്തിനില്ലെങ്കിലും നഗരമെന്നു വിളിക്കാനും കഴിയില്ലായിരുന്നു. കൊതുകുകൾ കാനകളിൽ മൂളിപ്പറക്കുന്നു. തോട്ടിൽ കരിഓയിലി​ന്റെ നിറമുള്ള കൊഴുത്തവെള്ളം. അവിടെനിന്നുയർന്ന ദുർഗന്ധം ശ്വാസംമുട്ടിച്ചു. കുറെ കുട്ടികൾ അവിടെ ചൂണ്ടയിടുന്നു. ബൈക്ക് നിർത്തി ആ കുട്ടികളോട് വഴിചോദിച്ചു.

പണി തീരാത്ത കുറെ ഫ്ലാറ്റുകൾ കാടുകയറിയ നിലയിൽ. ആ ഫ്ലാറ്റുകൾക്ക് അപ്പുറമായിരുന്നു കൃഷ്ണകുമാറി​ന്റെ വീട്. മണിക്കൂറുകൾ ഒത്തിരി കഴിയുമ്പോൾ ക്ഷണിക്കപ്പെടാത്ത അതിഥിയെപ്പോലെ ആ വീട്ടിലേക്കു മരണവിളിയെത്തുമല്ലോ എന്ന ചിന്തയിലായി ഞാൻ. ഓരോന്നോർത്തപ്പോൾ അസ്വസ്​ഥത അസ്​ഥിയുടെ മജ്ജയോളം തുളച്ചുകയറി. ഒരു ഇരുമ്പ് ഗേറ്റ്. വൃത്തിയുള്ള മുറ്റം. ഒരു പുല്ലോ കരിയിലയോ കടലാസോ പോലും ആ മുറ്റത്ത് അലക്ഷ്യമായി കിടന്നിരുന്നില്ല.

ഗേറ്റ് തുറന്ന് ഞാൻ മുറ്റത്തേക്ക് കയറിയയുടനെ കാൽപെരുമാറ്റം കേട്ട് ചങ്ങലയിൽ കിടന്ന പട്ടി ഭീകരമായ ശബ്ദത്തിൽ കുരച്ചു. അതോടെ അവിടമാകെ അലസതയിൽനിന്ന് ഉണർന്നു. ആ വീടി​ന്റെ ജനാലകൾ അടഞ്ഞുകിടക്കുകയായിരുന്നു. പ്രധാന വാതിലും അങ്ങനെതന്നെ. അകത്തുനിന്നു ഫുട്ബാൾകളിയുടെ ആരവങ്ങൾ ടി.വിയിൽനിന്നുയർന്ന് പുറത്തേക്കൊഴുകി. പെട്ടെന്ന് ഒരു വൃദ്ധൻ വാതിൽ തുറന്ന് പുറത്തേക്കുവന്നു. ഒരു കൈലിയും ബനിയനുമാണ് ധരിച്ചിരുന്നത്. വൃദ്ധൻ ചോദിച്ചു.

‘‘ആരാ, എന്തുവേണം?’’ വാക്കുകളിൽ അപരിചിതത്വത്തിന്റെ ഉദ്വേഗം.

‘‘കൃഷ്ണകുമാറി​ന്റെ അച്ഛനല്ലേ? ചന്ദ്രസേനൻ...’’

അത്ഭുതം കേട്ട മാതിരി ആ വൃദ്ധ​ന്റെ മുഖം വികസിച്ചു.

‘‘അതെ, ആരാ?’’

‘‘പറയാം. ആദ്യം അകത്തേക്ക് വരട്ടെ?’’

വൃദ്ധനൊപ്പം അകത്തേക്ക് നടന്നു. ടി.വിയിൽ അർജന്റീനയും ബ്രസീലും തമ്മിലുള്ള മരണക്കളി. ലോകകപ്പിനുശേഷമുള്ള സൗഹൃദമത്സരമാണ്. പക്ഷേ, കളിയിൽ ആ സൗഹൃദമില്ല. ഒരുകാലത്ത് ഫ്രാൻസിലെ പി.എസ്​.ജി ക്ലബിനുവേണ്ടി തോളോടു തോൾചേർന്ന് പോരാടിയ മെസ്സിയും നെയ്മറും രാജ്യത്തിനുവേണ്ടി പരസ്​പരം യുദ്ധംചെയ്യുന്നു. അരമണിക്കൂർ കഴിഞ്ഞെങ്കിലും ആരുമാരും ഗോളടിച്ചിട്ടില്ല.

പനി തളർത്തിയെങ്കിലും പുലർകാലത്ത് നടന്ന കളി ഞാൻ മൊബൈലിൽ കണ്ടിരുന്നു. അതി​ന്റെ ഉറക്കക്ഷീണവും ബാക്കിയാണ്. മധ്യനിരയിൽനിന്നും ബോളുമായി ഒറ്റക്ക് മുന്നേറിയ മെസ്സിയെ ബ്രസീൽ ഡിഫൻഡർ തിയാഗോ സിൽവ ക്രൂരമായി ഫൗൾചെയ്തതിന് കിട്ടിയ ഫ്രീകിക്ക് മെസ്സി തന്നെ എടുത്തെങ്കിലും സൈഡ് ബാറിനെ ചുംബിച്ച് ബോൾ പുറത്തേക്ക് പോയി. ഗാലറി ആർത്തുവിളിച്ചത് വെറുതെയായി.

അടുത്തനിമിഷം മെസ്സിയുടെ ചീറ്റപ്പുലിയുടെ വേഗതയുള്ള കുതിപ്പിന് കാസിമെറോ പിന്നിൽനിന്ന് ചവിട്ടിവീഴ്ത്തി. റഫറി അത് കണ്ടഭാവം നടിച്ചില്ല. ഗാലറി ഫൗളെന്ന് ആർത്തുവിളിച്ചു. റഫറിയുടെ തീരുമാനത്തിൽ തൃപ്തനല്ലാതെ മെസ്സി വീണിടത്തു കിടന്ന് രണ്ടു കൈകളും മൈതാനത്ത് അടിച്ച് പ്രതിഷേധിച്ചു. റഫറിക്ക് ചുറ്റും കലാപക്കൊടിയുയർത്തി അർജന്റീനിയൻ താരങ്ങൾ വെരുകിനെപ്പോലെ മുരണ്ടുനടന്നു.

എ​ന്റെ ശ്രദ്ധ ടി.വി സ്​ക്രീനിൽ ആണെന്നറിഞ്ഞപ്പോൾ വൃദ്ധൻ പറഞ്ഞു, ‘‘ഒരു മഞ്ഞകാർഡിനുള്ള വകുപ്പുണ്ട്. ചില റഫറിമാര് വല്ലാത്ത അലവലാതികളാ. പക്ഷം പിടിക്കും.’’

ഒന്നുനിർത്തി വൃദ്ധൻ ചോദിച്ചു, ‘‘ഫുട്ബോൾ കളി ഇഷ്​ടമാണോ?’’

ഞാൻ പറഞ്ഞു. ‘‘ഇടയ്ക്ക് കാണാറുണ്ട്.’’

വൃദ്ധൻ ആവേശത്തോടെ പറഞ്ഞു.

‘‘ഞാൻ കുത്തിയിരുന്ന് കാണൂട്ടോ. പുലർക്കാലമൊന്നും നോക്കാറില്ല. പക്ഷേ, ഇന്നലെ പണിപാളി. കുറച്ചുദിവസമായി നല്ല പനിയായിരുന്നു. ആശുപത്രിയിൽ പോകണ്ടാന്ന് കരുതീതാ. ആ രമ കണ്ടുപിടിച്ചതുകൊണ്ട് നിർബന്ധിച്ച് കൊണ്ടുപോയി. ആന്റിബയോട്ടിക്കുണ്ട്. കഴിച്ചാ നമ്മൾ പോലുമറിയാത്ത ഉറങ്ങിപ്പോകും. ഇന്നലെ കളികാണാൻ ഇരുന്നതാ. പക്ഷേ, ഉറങ്ങിപ്പോയി.’’

ഞാൻ തലയാട്ടി. ഇതാ പുതിയൊരു കഥാപാത്രം കടന്നുവന്നിരിക്കുന്നു. രമ. പക്ഷേ, അതാരാണെന്ന് ഞാൻ ചോദിച്ചില്ല. രമ സംഭാഷണ മധ്യേ ഇനിയും കടന്നുവരും. ക്ഷമയോടെ കാത്തിരുന്നേ തീരൂ. വൃദ്ധൻ തുടർന്നു.

‘‘അതുകൊണ്ട് ആര് ജയിച്ചെന്നറിയാൻ മനഃപൂർവം വാർത്ത കണ്ടില്ല. പുനഃസംേപ്രഷണം ലൈവായി കളി കാണുന്നതുപോലെ കാണുകയായിരുന്നു. വിജയി ആരാണെന്നു അറിയാത്തതുകൊണ്ട് ആകാംക്ഷക്ക് ഒരു ശതമാനംപോലും കുറവില്ലാട്ടോ. ചെറുപ്പത്തിൽ ഞാനും തരക്കേടില്ലാത്ത കളിക്കാരനായിരുന്നു. ഈ കൊയ്ത്ത്കഴിഞ്ഞ നെൽപ്പാടത്ത് സെവൻസ്​. ആ അതൊക്കെ ഒരുകാലം.’’ വൃദ്ധൻ സ്വയം പറഞ്ഞുകൊണ്ടിരുന്നു.

‘‘മോൻ കൃഷ്ണകുമാറിന് ഫുട്ബോളെന്നു പറഞ്ഞാൽ ജീവനാണ്. ഞാൻ അർജന്റീനയുടെ ആരാധകനാ. ഇമ്മ്ടെ മറഡോണയിലൂടെ ജനിച്ച ആരാധന. ഇപ്പോൾ മെസ്സിയുടെയും ആരാധകനാ. കൃഷ്ണകുമാറ് ബ്രസീൽ േപ്രമിയാ. ഈ ന്യൂജനറേഷൻ പിള്ളേരൊക്കെ ബ്രസീലാ. നെയ്മറി​ന്റെ ഒക്കെ മുടിവെട്ട് എല്ലാം പുതുതലമുറയെ ആകർഷിപ്പിക്കുന്നു. ഞാനും കൃഷ്ണകുമാറും ഇന്നലെ ബെറ്റ് വെച്ചിട്ടുണ്ട്. ഞാൻ അർജന്റീന ജയിക്കുമെന്നും കൃഷ്ണകുമാറ് ബ്രസീൽ ജയിക്കുമെന്നും. ലോകകപ്പിൽ നമ്മൾ കണ്ടതല്ലെ അർജന്റീനയുടെ ഉശിര്.’’

ഞാനത് കേട്ടിരുന്നു. ഞാൻ കളികണ്ടവനാ. ആരാണ് ജയിച്ചതെന്നറിയാം. പറഞ്ഞാൽ ആ ട്വിസ്​റ്റ് ഇപ്പോൾ പൊളിയും. വേണ്ട. വൃദ്ധൻ ആവേശത്തോടെ തുടർന്നു: ‘‘കളിവിവരം ചോദിച്ച് രാത്രി കൃഷ്ണ​ന്റെ ഫോൺ വരും. അവനോട് കൂടുതൽ സംസാരിക്കാൻ വേണ്ടി ഒന്നു കണ്ണുചിമ്മാതെ ഞാൻ കളി മുഴുവൻ കാണും.’’

സ്​ക്രീനിൽ നെയ്മറിന്റെ മുന്നേറ്റം. അർജന്റീനിയൻ പ്രതിരോധനിരയെ വെട്ടിച്ച് ചടുലമായ നീക്കം പ്രതീക്ഷിച്ചെങ്കിലും പക്ഷേ, ബോൾ ഡിമരിയ റാഞ്ചിയെടുത്തു.

ഞാൻ പറഞ്ഞു. ‘‘നെയ്മർ ഫോമിലല്ല. ലക്ഷ്യം തെറ്റിയ േക്രാസുകളും മിസ്​ പാസിങ്ങും പിഴച്ച ഹെഡിങ്ങും നെയ്മർ ആവർത്തിക്കുകയാണ്.’’

അതുകണ്ട് വൃദ്ധൻ പറഞ്ഞു, ‘‘നെയ്മറിനൊന്നും പക്വതയില്ല. പയ്യന് ഇപ്പോഴും ഇരുത്തം വന്നിട്ടില്ല.’’

ഞാൻ ഇടക്കു കയറി. ‘‘ചെറുപ്പമല്ലെ. പക്വതയെല്ലാം വരും.’’

വൃദ്ധൻ പ്രവാചകനെപ്പോലെ പറഞ്ഞു. ‘‘ചെറുപ്പോ? ഫുട്ബോൾ കളിയുടെ നല്ലകാലം ഈ പ്രായാ.’’

ഞാൻ അർജന്റീന േപ്രമിയായിരുന്നിട്ടും വൃദ്ധനെ വാചാലനാക്കാൻ ഞാൻ പറഞ്ഞു, ‘‘മെസി ക്ലബ് ഫുട്ബോളിൽ തകർക്കുന്നുവെന്ന് കരുതി രാജ്യത്തി​ന്റെ ജേഴ്സിയിൽ അത്ര പോരാട്ടോ. ക്ലബിന് കളിക്കുമ്പോൾ മുഖത്തൊരു പ്രകാശമുണ്ട്. രാജ്യത്തിന് കളിക്കുമ്പോൾ മുഖത്ത് എന്നുമൊരു നിരാശ എനിക്ക് ഫീൽചെയ്യാറുണ്ട്. ഈ ലോകകപ്പ് നേടിയത് നമുക്ക് മാറ്റിനിർത്താം.’’

വൃദ്ധൻ ഇടക്കു കയറി.

‘‘ഓ ഇത് മെസ്സിക്ക് നേരെ എന്നും വിമർശകർ ഉയർത്തുന്ന ആരോപണാ. ക്ലബിൽ ഒപ്പം കളിക്കുന്നതേ പുലികളാ. പിന്നെ വർഷങ്ങളായി അവര് എന്നും പ്രാക്ടീസ്​ ചെയ്ത് ഒരേ മന​സ്സോടെ നീങ്ങുന്നവരാ. ഇപ്പോഴും ബോളുകിട്ടിയാൽ ഒരു നൃത്തക്കാര​ന്റെ മെയ് വഴക്കത്തോടെ ബോളുമായി പായുന്ന മെസ്സിയല്ലാതെ മറ്റൊരാളുടെ പേര് പറയാമോ?’’

ഞാൻ ആലോചനയോടെ പറഞ്ഞു.

‘‘ഓ മെസ്സിയിലേക്ക് ഫുട്ബോൾ ലോകത്തെ ഒതുക്കാൻ ഞാൻ ഇല്ല. നല്ല കളി കളിക്കുന്നവനെയൊക്കെ ഞാൻ ആരാധിക്കും. എംബാപ്പയും എ​ന്റെ ഫേവറേറ്റാ.’’

വൃദ്ധൻ തിരിച്ചടിച്ചു. ‘‘അത് വേഗതമാത്രം. പിന്നെ പൊക്കത്തി​ന്റെ ഗുണവുമുണ്ട്. ഇമ്മ്ടെ മെസ്സി ഒരു കുറിയ മനുഷ്യനാ. പറന്ന് ഹെഡ് ചെയ്യാൻ പരിമിതിയുണ്ട്. വായുവിൽ അഭ്യാസം കാട്ടാനും. ഒറ്റയാൻ ഗിമ്മിക്കുകൾ മെസ്സിക്കില്ല. ഗോളടിക്കാൻ സ്വാർഥനുമല്ല.’’ വൃദ്ധനെ ദേഷ്യംപിടിപ്പിക്കാൻ ഞാൻ പറഞ്ഞു.

‘‘മെസ്സി സ്വാർഥനല്ലെന്നോ? ഞാൻ വിശ്വസിക്കില്ല. പണക്കൊതിയനാ മെസ്സി. കോടികളുടെ കിലുക്കം കണ്ടപ്പോൾ പി.എസ്​.ജി വിട്ട് അമേരിക്കയിലെ ഇന്റർ മിയാമിയിലേക്ക് ചേ​ക്കേറിയതുതന്നെ തെളിവ്. അവിടെ ശക്തരായ പ്രതിഭകളില്ലല്ലോ? വിലസാം. പ്രായവും ഏറിവരുന്നു. മെസ്സി മാത്രമല്ല... റൊണാൾഡോയും നെയ്മറുമെല്ലാം, ബെൻസിമയും കാന്റേയുമെല്ലാം സൗദിയിലേക്ക് പോയത് പണം മാത്രം മോഹിച്ചാ... ഇവർക്കൊന്നും എത്ര കിട്ടിയാലും മതിയാകില്ല. ആർത്തിപ്പണ്ടാരങ്ങൾ...’’

ഒന്നുനിർത്തി ഞാൻ തുടർന്നു, ‘‘മെസീടെ കാലം കഴിഞ്ഞാൽ അർജന്റീനയുടെ ടീം തകർന്ന് തരിപ്പണമാകും.’’

വൃദ്ധൻ അതിന് മറുപടി പറഞ്ഞില്ല.

ടി.വിയുടെ ശബ്ദം കുറച്ച് വൃദ്ധൻ എന്റെ നേരെ തിരിഞ്ഞു.

‘‘അല്ല ഫുട്ബോൾ സംസാരത്തിനിടയിൽ ആരാന്ന് ചോദിക്കാൻപോലും മറന്നു... ആരാ..? എന്താ വിശേഷിച്ച്? ചോദിക്കാൻ വൈകിയതിൽ ക്ഷമിക്കൂ?’’

ഇതാണ് എ​ന്റെ ജോലിയുടെ വെല്ലുവിളി നിറഞ്ഞ അവസരം. പറയാൻ ഞാൻ കരുതിവെച്ച നുണ നാവിൻ തുമ്പിൽ കളിയാടി. ചുണ്ടനക്കാതെ ഒരാവർത്തി ആ വാക്കുകൾ മനസ്സിൽ ഉച്ചരിച്ചു. ഇല്ല, പതർച്ചയോ തപ്പലോ തടയലോ ഇല്ല.

‘‘ആദ്യമേ ഒരു അഭിനന്ദനം നേരുന്നു. എ​ന്റെയും പത്രത്തി​ന്റെയും വക...’’

വൃദ്ധൻ നെറ്റിചുളിച്ചു.

സംഭാഷണം വളരെ സ്വാഭാവികമായിരിക്കാൻ ഞാൻ വളരെയേറെ ശ്രദ്ധിച്ചു.

‘‘കേരളത്തിൽനിന്ന് കൃഷ്ണകുമാറിനാണ് റിപ്പബ്ലിക് ഡേയോടനുബന്ധിച്ച് രാഷ്ട്രപതി മികച്ച ജവാൻമാർക്ക് ഏർപ്പെടുത്തിയിട്ടുള്ള സദ്സേവനാ പുരസ്​കാരം. ഇന്ത്യയിൽ മൊത്തം പത്തു പേർക്കുണ്ട്. ഞങ്ങളുടെ പത്രത്തി​ന്റെ മേലധികാരിക്ക് ഒരു കേന്ദ്രമന്ത്രിയുമായുള്ള ബന്ധം വഴി രഹസ്യമായി അറിഞ്ഞതാ. ഔദ്യോഗിക അനൗൺസ്മെന്റ് വരാൻ വൈകും. കേട്ടയുടനെ ഞാൻ ഇവിടേക്ക് പോരുകയായിരുന്നു.’’

‘‘ങേ, എന്ത്?..’’ വൃദ്ധന് ആശ്ചര്യം.

‘‘അതേ സത്യം.’’

‘‘ഇന്നലെയും അവൻ വിളിച്ചതാണല്ലോ. ഒരു വാക്കുപോലും പറഞ്ഞില്ല.’’ പെട്ടെന്ന് വൃദ്ധൻ ഉറക്കെ ചുമച്ചപ്പോൾ വാക്കുകൾ മുറിഞ്ഞുപോയി.

ഞാൻ ഉത്തരമായി പറഞ്ഞു, ‘‘കൃഷ്ണകുമാറ് പോലും ചിലപ്പോൾ ഈ വാർത്ത അറിഞ്ഞുകാണില്ല.’’

‘‘ഈ അഭിമാനം നിറഞ്ഞ വാർത്തയറിയിച്ചതിനു നന്ദി.’’ നെഞ്ചു തടവുന്നതിനിടെ വൃദ്ധൻ പറഞ്ഞു.

ആഗമ​നോദ്ദേശ്യം വെളിപ്പെടുത്താൻ സമയമായിരിക്കുന്നു. ഇനി കാത്തിരുന്നാൽ ശക്തി ചോർന്നുപോയേക്കാം. പ്രവർത്തനങ്ങളിലും വാക്കുകളിലും സ്വാഭാവികത നഷ്​ടമായേക്കാം.

ഞാൻ ജോലിചെയ്യുന്ന പത്രത്തിന്റെ പേരു പറഞ്ഞപ്പോൾ വൃദ്ധൻ ഇടക്കു കയറി.

‘‘ആ... നിങ്ങളുടെ പത്രം, ഇവിടെ വരുത്തുന്നില്ലെങ്കിലും വായനശാലയിൽനിന്നു വല്ലപ്പോഴും വായിക്കാറുണ്ട്...’’

വൃദ്ധൻ ഞങ്ങളുടെ പത്രം വായിക്കാറില്ലെന്നും വെറുതെ ഔപചാരികമായി പറയുന്നതാണെന്നും തോന്നി.

‘‘നാളെ റിപ്പബ്ലിക് ഡേ പരേഡ് കഴിഞ്ഞ് രാഷ്ട്രപതി അവാർഡ് കൃഷ്ണകുമാറിന് സമ്മാനിക്കും. കൃഷ്ണകുമാറി​ന്റെ കുട്ടിക്കാലവും യൗവനവും എങ്ങനെ പട്ടാളത്തിലെത്തിയെന്നതുമെല്ലാം പത്രത്തിൽ എഴുതാൻ വേണ്ടിയാണു ഞാൻ വന്നത്.’’

വൃദ്ധൻ എന്നെതന്നെ ശ്രദ്ധിക്കുകയായിരുന്നു. നിശ്ശബ്ദതയുടെ ഇടവേള.

പെട്ടെന്ന് മൊബൈൽ അടിച്ചു. മറുതലക്കൽ റാം. മുംബൈയിൽ ഇംഗ്ലീഷ് പത്രത്തിൽ ജോലിനോക്കുന്ന ജേണലിസം സഹപാഠി. ഞാൻ ആ കോൾ ഗൗനിച്ചില്ല.

4

കാലം നിറഭേദം വരുത്തിയ ചുമരുകളിൽ കൃഷ്ണകുമാറി​ന്റെ വിവിധ പ്രായത്തിലുള്ള ചിത്രങ്ങൾ തൂക്കിയിരുന്നു. പ്രായക്രമമനുസരിച്ച് തൂക്കിയിട്ടിരുന്ന ചിത്രത്തിലേക്ക് ഞാൻ ശ്രദ്ധയോടെ നോക്കി. കുട്ടിക്കാലത്തെ നിഷ്കളങ്കത വളർച്ചയുടെ പാതയിൽ നഷ്​ടമാകുന്നതു ശ്രദ്ധിച്ചു. അവസാന ചിത്രങ്ങളിലെല്ലാം കൃഷ്ണകുമാർ പട്ടാളവേഷത്തിലുള്ളതായിരുന്നു. ഞാൻ വൃദ്ധനെ നോക്കി. സംഭാഷണം തുടങ്ങുന്നതിനുമുമ്പ് ഒരു തുടക്കം കിട്ടാൻ വൃദ്ധൻ വിഷമിക്കുന്നുണ്ട്.

‘‘നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് കൃഷ്ണ​ന്റെ ജിവിതത്തെ പാടെ മാറ്റിയ ആ സംഭവമുണ്ടായത്. അടുത്ത വീട്ടിലെ രമയെന്ന പെൺകുട്ടി പാടവരമ്പിലൂടെ സ്​കൂളിൽ പോകുമ്പോൾ അമ്പലക്കുളത്തിൽ കാൽവഴുതി വീണു. അന്നു കൃഷ്ണകുമാറിന് നീന്തൽ അത്രവശമൊന്നുമില്ല. അമ്പലക്കുളത്തിലാണെങ്കിൽ നിറയെ പായലും പാമ്പും. കൃഷ്ണകുമാർ ആ പ്രായത്തിൽ അത്ര ധൈര്യശാലിയൊന്നുമായിരുന്നില്ല. പാമ്പിനെ കണ്ടാൽ ഇപ്പോഴും അവന്റെ നെഞ്ചുപിടയ്ക്കും. ഇതിനു മുമ്പും അവൻ പാമ്പിനെ കണ്ട് ഓടിയ പല കഥകളുമുണ്ട്. പിന്നെ ഉറക്കത്തിൽ പാമ്പ് കൊത്താൻ വരുന്നതും സ്വപ്നം കണ്ട് എത്ര രാത്രികളാണ് അവൻ ഞെട്ടിയുണർന്നിരുന്നത്.

കാഴ്ചബംഗ്ലാവിൽപോലും പോയാൽ അവൻ പാമ്പിനെ നോക്കാറില്ല.’’

ഒന്നു ചുമച്ചശേഷം ആ വൃദ്ധൻ തുടർന്നു.

‘‘ഇവിടെ അടുത്ത് പാമ്പിനെ കൊല്ലാൻ പ്രത്യേക കഴിവുള്ള ഒരാളുണ്ട്. നമ്മുടെ വറീത്. പുണ്യാള​ന്റെ കഴിവാ പുള്ളിക്ക്. കണ്ടാൽ വാലും ചുരുട്ടി ഓടും. കൊന്ന പാമ്പിനെ വേവിച്ചു തിന്നുന്നവനാ വറീത്...’’

വൃദ്ധൻ കൃഷ്ണകുമാറി​ന്റെ ജീവിതത്തെ പട്ടാളത്തിലേക്ക് നയിച്ച അനുഭവങ്ങളുടെ കഥ പറയുന്നതിനിടെ പാമ്പിലേക്ക് വഴുതിപ്പോകുന്നതറിഞ്ഞിട്ടും ഞാൻ അക്ഷമനാകാതെ റൈറ്റിങ് പാഡിൽ പേനകൊണ്ട് വെറുതെ വരച്ചുകൊണ്ടിരുന്നു. സംഭാഷണത്തിൽ കയറി അനാവശ്യമായി ഇടപെട്ടാൽ വൃദ്ധന് ഇപ്പോഴുള്ള താൽപര്യം നഷ്​ടപ്പെട്ടുപോകുമെന്നു ഞാൻ സംശയിച്ചു. മിനിറ്റുകൾ കടന്നുപോയിട്ടും വൃദ്ധൻ പാമ്പി​ന്റെ കഥകളിൽനിന്നു മോചിതനായില്ല. വീണ്ടും വൃദ്ധനെ അമ്പലക്കുളത്തിൽ രമ കാൽവഴുതി വീണ സംഭവത്തിലേക്കു കൂട്ടിക്കൊണ്ടു വന്നേ മതിയാകൂ. ഇടക്ക് ബ്യൂറോ ചീഫി​ന്റെ മൊബൈലിൽനിന്നു മിസ്​ഡ്കോൾ വന്നുകൊണ്ടിരുന്നു. എന്തായി കാര്യമെന്ന വലിയ ചോദ്യമാണ് അവ ഉയർത്തിയത്.

പാമ്പി​ന്റെ കഥകൾ അപ്പോഴും വൃദ്ധ​ന്റെ നാവിൻതുമ്പിൽനിന്നു ധാരയായി ഒഴുകി. പല പുതിയ കഥാപാത്രങ്ങളും കഥകളിലേക്ക് കടന്നുവന്നു. പെട്ടെന്നു ചുമരിലെ ക്ലോക്ക് പുതിയൊരു മണിക്കൂറിനെ വാരിപ്പുണർന്ന് ഉറക്കെ കരഞ്ഞു. സമയം അതി​ന്റെ പതിവുവേഗത്തിൽ കടന്നുപോവുകയാണ്. വൈകിയാൽ ... അതുണ്ടാക്കുന്ന പ്രശ്നങ്ങളോർത്തപ്പോൾ ഒടുവിൽ ഞാൻ ഇടക്കു കയറാൻതന്നെ തീരുമാനിച്ചു.

‘‘അമ്പലക്കുളത്തിലേക്ക് കൃഷ്ണകുമാർ എടുത്തുചാടുകയായിരുന്നോ?’’

‘‘പിന്നെ ചാടാതെ....’’

വൃദ്ധ​ന്റെ വാക്കുകളിൽ കാഠിന്യമുണ്ടായിരുന്നു. എ​ന്റെ പെട്ടെന്നുള്ള ചോദ്യം ഇഷ്​ടപ്പെട്ടില്ലെന്നു വ്യക്തം. മുറ്റത്തു ചങ്ങലയിൽക്കിടന്ന പട്ടി അമർഷത്തോടെ അപ്പോഴും മുരളുന്നുണ്ട്. വൃദ്ധൻ എ​ന്റെ നോട്ടം പട്ടിയുടെ ചലനങ്ങളിലാണെന്നു തിരിച്ചറിഞ്ഞപ്പോൾ പറഞ്ഞു.

‘‘ടൈഗറ് അങ്ങനെയാ, അപരിചിതർ വന്നാൽ അവർ മടങ്ങുന്നതുവരെ കുരയ്ക്കും. ഇങ്ങനെയൊന്നുമല്ല കുര. ഇത് ഇപ്പോൾ നമ്മുടെ സൗഹൃദം തിരിച്ചറിഞ്ഞതി​ന്റെ സ്​നേഹപ്രകടനാ.’’

ഞാൻ മൂളി. ഭാഗ്യം, വൃദ്ധൻ പെട്ടെന്നുതന്നെ കൃഷ്ണകുമാറി​ന്റെ ജീവിതകഥ പറയാൻ തുടങ്ങി.

‘‘കൃഷ്ണ​ന്റെ അമ്പലക്കുളത്തിലേക്കുള്ള ചാട്ടം പെട്ടെന്നായിരുന്നു. പലവട്ടം മുങ്ങിത്താഴ്ന്ന രമയുമായാണ് അവൻ കുളത്തിൽനിന്നു പൊങ്ങിയത്.

സ്​കൂളിൽ പോയ മറ്റു കുട്ടികൾ വിളിച്ചുകൂവിയതുകേട്ട് അപ്പോഴേക്കും കുളത്തി​ന്റെ പരിസരം ജനസമുദ്രമായി.’’

വൃദ്ധൻ പെട്ടെന്ന് ഉറക്കെ ചുമച്ചു. മിനിറ്റുകൾ നീണ്ടുനിൽക്കുന്ന ചുമ, കണ്ണുകൾ തുറിച്ചുവരുകയും നെഞ്ചിൻകൂട് ഉയർന്നുതാഴുകയും ചെയ്തു. തുടർന്ന് വൃദ്ധൻ കുറെനേരം നന്നായി കിതച്ചു.

 

‘‘ചെറുപ്പത്തിൽ പാടത്തും പറമ്പിലും ഒരുപാട് ആരോഗ്യകരമായി കഷ്​ടപ്പെട്ടിട്ടുണ്ട്. പണ്ട് ഭാര്യ ലക്ഷ്മിയും കൂട്ടുണ്ടായിരുന്നു. അവള് ക്യാൻസർ വന്ന് ചത്തതോടെ കുറച്ചുനാൾ മദ്യത്തിന് കീഴ്പ്പെട്ടുപോയി. പിന്നെ സിഗരറ്റ് വലിയും. കാമ്പുള്ള പല അവയവങ്ങളും കേടായിട്ടുണ്ട്.’’

പറഞ്ഞ വാക്കിൽ തെറ്റുകടന്നുകൂടിയതുപോലെ വൃദ്ധൻ പെട്ടെന്നു തിരുത്തി.

‘‘ചെറുപ്പത്തിൽ മാത്രമല്ല, ദേ, ഈ ഇന്നലെ സന്ധ്യവരെ പാടത്ത് പണിയുണ്ടായിരുന്നു. ഒരു നിമിഷം വെറുതേയിരിക്കാൻ തോന്നില്ല. ഭാര്യ മരിച്ചശേഷം വെറുതേയിരിക്കുന്ന നേരത്തെല്ലാം അവളുടെ ഓർമകൾ ഇങ്ങനെ കടന്നുവരും. ഓർമകളെ ആട്ടിപ്പായിക്കാൻ ഈ അധ്വാനം നല്ല ഔഷധാ...’’

വൃദ്ധൻ പിന്നെയും കൃഷ്ണകുമാറിന്റെ ചെറുപ്പത്തിലെ കഥ പറയാതെ കാടുകയറുകയാണെന്നു ഞാൻ ഭയന്നു. എന്നാൽ, ഇത്തവണ വൃദ്ധൻ കൃഷ്ണകുമാറിലേക്ക് വേഗം മടങ്ങിവന്നു.

‘‘നാട്ടുകാർ കൃഷ്ണകുമാറിനെയെടുത്ത് ഈ നാടു മുഴുവൻ ചുറ്റി. സ്​കൂളിൽ സ്വീകരണം, വിവിധ സംഘടനകളുടെ അവാർഡുകൾ, എല്ലായിടത്തും പരിഗണന. അന്നുമുതൽ കൃഷ്ണകുമാറിന്റെ അച്ഛനെന്ന നിലയിൽ ദേ, ഇന്നുവരെ എനിക്ക് അഭിമാനിക്കാൻ ഏറെ അവൻ സമ്മാനിച്ചു.’’

ഞാൻ ഇടയ്ക്കു കയറി.

‘‘പട്ടാളക്കാരനാകണമെന്ന് എപ്പോഴാണ് പിന്നെ തോന്നുന്നത്?’’

‘‘സ്​കൂളിൽ എൻ.സി.സിയിൽ ചേർന്നു പ്രവർത്തിക്കാൻ തുടങ്ങിയതോടെയാണ് അവ​ന്റെ ജീവിതം മാറിയത്. സുധാകരൻ മാഷിനായിരുന്നു എൻ.സി.സിയുടെ ചുമതല. കൃഷ്ണ​ന്റെ പൊക്കവും തടിമിടുക്കും കണ്ട മാഷാണ് അവനെ പട്ടാളത്തിലയക്കാൻ നിർബന്ധിച്ചത്. കായികമായ എല്ലാ കാര്യങ്ങളിലും അവനെവെല്ലാൻ ആ കാലത്ത് ഞങ്ങളുടെ നാട്ടിലാരുമുണ്ടായില്ല. എല്ലാത്തിനും ഒരു നിയോഗമുണ്ട്. രമ അമ്പലക്കുളത്തിൽ വീണതുകൊണ്ടാണല്ലോ ഇതെല്ലാം സംഭവിച്ചത്.’’

വൃദ്ധനൊരു നെടുവീർപ്പിട്ടു.

‘‘ആ പിന്നെ... അടുത്ത ലീവിൽ കൃഷ്ണകുമാറി​ന്റെ കല്യാണമാണ്. വധു ആരെന്നറിയേണ്ടേ? നമ്മുടെ രമ. അവളിപ്പോൾ വലിയ പെണ്ണായി.’’

വൃദ്ധൻ തുടർന്നു.

‘‘പ്രീഡിഗ്രി പഠനം കഴിഞ്ഞതോടെ അവൻ പട്ടാളക്കാരനാകാൻ പോയി. അന്നുമുതൽ ഞാൻ തനിച്ചാണ്. രേഖയിൽ രമ മരുമകളല്ലെങ്കിലും അവൾ ഒരു മരുമകളുടെ സ്​ഥാനത്തുനിന്ന് എന്നെ നോക്കുന്നുണ്ട്.’’

അൽപനേരം കഴിഞ്ഞ് വൃദ്ധൻ എഴുന്നേറ്റ് കളി എന്താവോയെന്ന് പിറുപിറുത്ത് ടി.വിയിലേക്ക് നോക്കി.

എ​ന്റെ മൊബൈൽ അടിച്ചു. പിന്നെയും പിന്നെയും അടിച്ചു. റാം ആണ് മറുതലക്കൽ.

5

മെസ്സിക്ക് തൊട്ടതെല്ലാം പിഴച്ച ദിവസം. നെയ്മർ പരിക്കേറ്റ് പുറത്തായി. കളി വിരസമായി മുന്നേറിക്കൊണ്ടിരുന്നു.

വൃദ്ധൻ പറഞ്ഞു. ‘‘ഒരു ചത്തകളി ആയിപ്പോയല്ലോ ഇന്നത്തെ. മെസ്സിയുടെ പതിവ് ഡ്രിബ്ലിങ്ങോ, പന്തടക്കമോ ഒന്നുമില്ല. കളി സമനിലയിലേക്കാണെന്ന് തോന്നുന്നു. തോറ്റാൽ മെസ്സിയെ എല്ലാവരും ക്രൂശിക്കും. എല്ലാം മെസ്സിയുടെ തലയിലാകും.’’

ഞാൻ പറഞ്ഞു, ‘‘ഫുട്ബോളല്ലെ... ഒന്നും പ്രവചിക്കാൻ കഴിയില്ല. ഒരു സെക്കൻഡുമതി കളിയാകെ മാറാൻ. എല്ലാം പ്രവചനാതീതമാണ്.’’

വൃദ്ധൻ പറഞ്ഞു, ‘‘അത് നൂറുശതമാനം ശരിയാണ്. ഇന്ന് പക്ഷേ എനിക്ക് വലിയ പ്രതീക്ഷയില്ല. ഇന്ന് സമനില തന്നെ.’’

സമനിലയല്ലെന്നും കളിയിൽ വൈകാതെ ഞെട്ടിക്കുന്ന ട്വിസ്​റ്റുണ്ടാകുമെന്നും പറയാൻ മനസ്സ്​ വെമ്പിയെങ്കിലും ഞാൻ പിടിച്ചുനിന്നു.

കളി വിരസമായതി​ന്റെ നിരാശയിൽ വൃദ്ധൻ ചാനൽ മാറ്റുമോയെന്ന് ഞാൻ ഭയന്നു. അങ്ങനെയെങ്കിൽ ഈ സമയം ന്യൂസ്​ ചാനലിൽ പാർലമെന്റിനു മുന്നിൽ ബോംബ് സ്​ഫോടനം നടന്ന വാർത്തയും ദൃശ്യങ്ങളും കാണാനിടയുണ്ട്. ഇരുന്ന ഇരിപ്പിൽ ഞാൻ വെന്തുരുകി.

പതർച്ച പുറത്തുകാട്ടാതെ ചോദിച്ചു.

‘‘ഈ പ്രായത്തിലും കളി ആസ്വദിക്കാൻ കഴിയുന്നത് മനസ്സി​ന്റെ ചെറുപ്പമാണു കാട്ടുന്നത്.’’

പ്രശംസയിൽ വൃദ്ധൻ മയങ്ങി. വൃദ്ധൻ പ്രസരിപ്പോടെ പറഞ്ഞു.

‘‘ആ, കളി മാത്രമേ കാണാറുള്ളൂ. വാർത്താചാനലുകളൊന്നും നോക്കാറേയില്ല. വാർത്തയിലെ ദൃശ്യങ്ങൾ കണ്ടാൽ ബി.പി കൂടും. ഇന്നിനി കൃഷ്ണകുമാറ് വിളിക്കുമ്പോൾ ഞാൻ എന്തു പറയാനാ. മോനുമായി സംസാരിച്ചിരുന്നതുകൊണ്ട് കളിയിലെ നിർണായക മുഹൂർത്തങ്ങളൊന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. ആവേശത്തോടെ പറയാനും ഒന്നുമില്ല. ആ... ഇന്നു പിന്നെ അവാർഡി​ന്റെ സന്തോഷ വാർത്തയുള്ളതുകൊണ്ട് എല്ലാം മറക്കാൻ കഴിയുമെന്നു പ്രതീക്ഷിക്കാം.’’

ഒന്നുനിർത്തി എന്തോ ആലോചിച്ച് വൃദ്ധൻ പറഞ്ഞു.

‘‘സംസാരിച്ചിരുന്ന് ഒരു ചായതരാൻപോലും മറന്നു.’’

വേണ്ടെന്ന് ഞാൻ പറഞ്ഞെങ്കിലും വൃദ്ധനത് ഗൗനിച്ചില്ല.

വൃദ്ധൻ ഉടനെ അകത്തേക്ക് പോയി. അടുക്കളയിൽ പാത്രത്തിൽ വെള്ളമൊഴിക്കുന്നതിന്റെ ശബ്ദം. അൽപം കഴിഞ്ഞ് വൃദ്ധൻ രണ്ടു ഗ്ലാസ് ചായയുമായി വന്ന് ഒരു ഗ്ലാസ്​ എനിക്ക് നീട്ടി.

ഞാൻ ചായ കുടിക്കുന്നതിനിടെ പട്ടി മുറ്റത്തുനിന്ന് ഉറക്കെ കുരച്ചു. പെട്ടെന്നുതന്നെ ആ കുര ഒരു അനുസരണയുള്ള വാലാട്ടായി. ഒരു പാദസരത്തി​ന്റെ കിലുക്കം അരികിലേക്കു വന്നു.

‘‘വാ, രമ മോളെ.’’

അത്രയൊന്നും മോഡേണല്ലാത്ത ഒരു പെൺകുട്ടി. നെറ്റിയിൽ ചന്ദനം. നീട്ടിയെഴുതിയ കൺമഷി. അമ്പലത്തിൽനിന്നു വരുന്നതാണെന്ന് ഒറ്റനോട്ടത്തിൽ വ്യക്തം. കൃഷ്ണകുമാറിന് സദ്സേവന പുരസ്​കാരം ലഭിച്ച കാര്യം വൃദ്ധൻ രമയോട് അഭിമാനത്തോടെ പറഞ്ഞശേഷം എന്നെ പരിചയപ്പെടുത്തി.

‘‘രമേ, ഇതു കൃഷ്ണകുമാറിന് അവാർഡ് കിട്ടിയതുമായി ബന്ധപ്പെട്ടു വിവരങ്ങൾ ശേഖരിക്കാൻ വന്ന പത്രപ്രവർത്തകനാ.’’

ആ പെൺകുട്ടി നാണത്തോടെ ചിരിച്ചു. ആ കണ്ണുകളിൽ ശക്തമായ പ്രണയത്തി​ന്റെ നിഴൽ. ആനന്ദം ആ മിഴികളിൽ പൊട്ടിവിടർന്നു. ഞാനുമൊരു ചിരി തിരികെ നൽകി. ആ പെൺകുട്ടിയുടെ കണ്ണുകൾ വജ്രമുന​പോലെ തിളങ്ങുന്നു. അവൾ ഒരു നിമിഷം എന്തോ സംശയിച്ചുനിന്ന ശേഷം ചോദിച്ചു.

‘‘കൃഷ്ണേട്ടനെക്കുറിച്ചുള്ള റിപ്പോർട്ട് നാളെ പത്രത്തിലുണ്ടാകുമോ?’’

ഞാൻ പതിയെ പറഞ്ഞു. ‘‘ഉണ്ടാകും.’’

നിശ്ശബ്ദതയുടെ ഇടവേള. എന്റെ വാക്കുകളെല്ലാം ഏതോ അന്യലോകത്തേക്കു പിൻവാങ്ങിക്കഴിഞ്ഞിരുന്നു. ചുമരിലെ ക്ലോക്കിലേക്ക് നോക്കിയപ്പോഴാണ് ഞാനിപ്പോൾതന്നെ വൈകിയെന്നറിയുന്നത്. സൈലന്റിൽ കിടന്ന മൊബൈലിൽ ബ്യൂറോ ചീഫി​ന്റെ ഏഴു മിസ്​ഡ് കോൾ.

ഞാൻ ഇറങ്ങാനുള്ള ഒരുക്കത്തിലായി.

അവസാന ചോദ്യങ്ങൾ ചോദിക്കാനുള്ള സമയമായി.

ഞാൻ റൈറ്റിങ് പാഡ് മടക്കുന്നതിനിടയിൽ യാതൊന്നും അറിയാത്തമട്ടിൽ ചോദിച്ചു.

‘‘ഇത് സ്വന്തം വീടാണോ?’’

‘‘ഏയ്...അല്ല...ഇത് കൃഷ്ണ​ന്റെ കൂടെ പട്ടാളത്തിലുള്ള കൂട്ടുകാരന്റെ വീടാ. എനിക്ക് നാലുമാസം മുമ്പ് ചെറിയൊരു നെഞ്ചുവേദന വന്നു.’’

രമ ഇടക്ക് കയറി പെട്ടെന്ന് തിരുത്തി.

‘‘അത്ര ചെറുതല്ലാട്ടോ. ഹാർട്ട് അറ്റാക്കായിരുന്നു. ഭാഗ്യംകൊണ്ടാ രക്ഷപ്പെട്ടത്. ഇവിടെ കൊച്ചിയിൽ നല്ല ഡോക്ടർമാരും ആശുപത്രിയുമുള്ളതുകൊണ്ടാ താമസം ഇവിടേക്ക് മാറ്റിയത്. ഞാൻ പഠിക്കാനും അതുകൊണ്ട് ഇവിടം തെരഞ്ഞെടുത്തു.’’

ഞാൻ ചോദിച്ചു. ‘‘രമ എന്തിന് പഠിക്കുന്നു?’’

രമ ഒരു ചോദ്യം കേൾക്കാൻ കാത്തിരിക്കുകയായിരുന്നുവെന്ന് തോന്നി.

‘‘ബി.എഡിന്. ഇവിടെതന്നെ കോളേജിൽ പിഎച്ച്.ഡി ഭാവിയിൽ ചെയ്യാൻ പദ്ധതിയുണ്ട്. ഇപ്പോൾ ലേഡീസ്​ ഹോസ്​റ്റലിലാ താമസം. മിക്കദിവസവും ഇവിടേക്കു വരും. എന്തെങ്കിലും വായയ്ക്ക് രുചിയുള്ളത് വച്ചുണ്ടാക്കിയിട്ടേ പോകു. ആക്ടീവ ഓടിക്കാനറിയാവുന്നതുകൊണ്ട് പറന്നുവരും. അതുപോലെ തന്നെ പോകും.’’

ഈ സമയം പഴയ ആൽബങ്ങൾ തപ്പിയെടുത്ത് രമ കൃഷ്ണകുമാറിന്റെ വളർച്ചയുടെ വിവിധ കാലങ്ങളിലെ ചിത്രങ്ങൾ എനിക്ക് നീട്ടി.

പുറത്ത് പെട്ടെന്ന് ശക്തമായ കാറ്റും ആർത്തലച്ച് മഴയുമെത്തി. അന്തരീക്ഷം ആകെ മാറി. ആകാശത്ത് ഇടിമിന്നൽ വളഞ്ഞുപുളഞ്ഞ് പാഞ്ഞു.

ഞാൻ പറഞ്ഞു, ‘‘എന്ത് പെ​െട്ടന്നാണ് മഴ വന്നത്? കാറ്റും.’’

ആലോചനയോടെ വൃദ്ധൻ പറഞ്ഞു. ‘‘ഓ കാലാവസ്​ഥയ്ക്ക് അങ്ങനെ വകതിരിവൊന്നുമില്ല. പിന്നെ, അടുത്തമാസം കൃഷ്ണൻ ലീവിൽ വരുമ്പോൾ കല്യാണാ ഇവരുടെ. മോൻ എന്തായാലും വരണം. പതിനേഴാം തീയതി. ഇവിടെ ശിവക്ഷേത്രത്തിൽ വച്ചാകും. ആദ്യ ക്ഷണം മോനെ തന്നെയാകട്ടെ.’’

ഞാൻ എന്തുപറയണമെന്നറിയാതെ പകച്ചു.

വൃദ്ധൻ പറഞ്ഞു, ‘‘വരില്ലെ?’’

ഞാൻ തലയാട്ടി.

രമ അകത്തുപോയി ഒരു കാർഡുമായി വന്നു.

‘‘ഇത് കല്യാണക്കുറിയാ.’’

രമയത് എനിക്കു നീട്ടി. ഞാനത് വാങ്ങി.

പെട്ടെന്ന് കറന്റുപോയി. അയ്യോ കറന്റുപോയല്ലോ. ഇന്നിനി വരുന്ന ലക്ഷണമൊന്നുമില്ലെന്ന് പിറുപിറുത്ത് വൃദ്ധനും രമയും എമർജൻസി ലാംപ് എടുക്കാൻ അകത്തേക്ക് പോയി.

ഏറെനേരം ഇരുട്ടിലേക്ക് ഞാൻ നോക്കിനിന്നു. കറന്റ് വന്നില്ലെങ്കിൽ ഒരിക്കലും വൃദ്ധൻ ടി.വി കാണില്ല. ഒരുതരത്തിലും വാർത്ത അറിയാനും പോകുന്നില്ല. വൃദ്ധൻ രമയോട് ഇന്നിനി ഹോസ്​റ്റലിൽ പോകണ്ട, ഇവിടെ താമസിക്കാം, ഹോസ്​റ്റലിലേക്ക് വിളിച്ചുപറയാൻ പറയുന്നതും ഞാൻ കേട്ടു.

കുറച്ചുകഴിഞ്ഞ് എമർജൻസി കത്തിച്ച് വൃദ്ധനും രമയും വന്നു.

വൃദ്ധൻ സ്വയം പറഞ്ഞു.

‘‘കളി എന്തായാവോ? സമനിലയ്ക്ക് തന്നെയാണ് സാധ്യത. മെസ്സി ഗോളടിക്കുമെന്ന് ഞാൻ കൃഷ്ണനോട് ബെറ്റ് വച്ചതാ. പൈസ പോയി.’’

രമ ചിരിയോടെ പറഞ്ഞു.

‘‘മോനോടല്ലെ. കുഴപ്പമില്ല.’’

വൃദ്ധൻ പക്ഷേ ഗൗരവത്തിലായിരുന്നു.

‘‘ഫുട്ബോൾ കളിയാവേശത്തിന് ബന്ധങ്ങൾക്ക് വലിയ സ്​ഥാനമില്ല. അതിൽ അവൻ എ​ന്റെ ശത്രുവാ.’’ അതും പറഞ്ഞ് വൃദ്ധൻ ചിരിച്ചു.

നിരാശനിറഞ്ഞ മനസ്സുമായി ഞാനവരോട് യാത്ര പറഞ്ഞു.

‘‘ഞാൻ പോകട്ടെ. ഇനി ഓഫീസിൽ ചെന്നിട്ടുവേണം ഇതെല്ലാം എഴുതാൻ. സംസാരത്തിനിടയിൽ ഫുട്ബോൾ കളി കടന്നുവന്നതുകൊണ്ട് സമയം പോയതറിഞ്ഞില്ല.’’

വൃദ്ധൻ ഇടക്കു കയറി. ‘‘മോ​ന്റെ പേരുവച്ചാണോ വാർത്ത വരുന്നത്.’’

ഞാൻ പറഞ്ഞു, ‘‘അതേ. പത്രഭാഷയിൽ ഞങ്ങളതിനെ ബൈലൈൻ എന്നുവിളിക്കും.’’

വൃദ്ധൻ തലയാട്ടി. ‘‘നാളെ പത്രം വരാൻ ഞാൻ ഇന്ന് ഉറങ്ങാതെ കാത്തിരിക്കും. എ​ന്റെ മോൻ രാജ്യത്തിന് അഭിമാനമായല്ലോ.’’

ഞാൻ മറുപടി പറഞ്ഞില്ല. ഞാൻ ബൈക്കിൽ കയറാൻ തുടങ്ങുന്നതിനിടയിൽ വൃദ്ധൻ എന്തോ ആലോചിച്ച് പിന്നെയും അരികിലേക്ക് വന്നു.

‘‘അയ്യോ, ചോദിക്കാൻ മറന്നു. എന്താ മോ​ന്റെ പേര്?’’

ഞാൻ പറഞ്ഞു, ‘‘ഇത്ര സംസാരിച്ചിട്ടും പറയാനും മറന്നു... വിനയൻ..’’

വൃദ്ധൻ തലയാട്ടി. ‘‘വാർത്ത വായിച്ചിട്ട് ഞാൻ വിളിക്കാം. അയ്യോ, അതും മറന്നു. മോ​ന്റെ നമ്പർ തരുമോ?’’

ഞാൻ പോക്കറ്റിൽനിന്ന് വിസിറ്റിങ് കാർഡ് എടുത്ത് നീട്ടി.

പിന്നെ ബൈക്ക് സ്​റ്റാർട്ടാക്കി. പുറത്ത് രാത്രി കനത്തു തുടങ്ങി.

കൂട്ടിൽ കിടന്ന പട്ടി ഉച്ചത്തിൽ അപ്പോഴും കുരക്കുകയും മുരളുകയും ചെയ്തുകൊണ്ടിരുന്നു.

6

ഓഫീസിൽ എത്തിയ ഉടനെ വേഗം വാർത്തയെഴുതി നൽകണമെന്നും സെൻട്രൽ ഡെസ്​കിൽനിന്നു രണ്ടുവട്ടം വിളിച്ചെന്നും ബ്യൂറോ ചീഫ് അറിയിച്ചു. ജവാൻമാർ റിപ്പബ്ലിക് ദിനത്തലേന്നു തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വാർത്ത ചാനലുകളിലെ വാർത്ത വായനക്കാർ ഭാഷാഭേദമില്ലാതെ പതിവിൽ കവിഞ്ഞ ശബ്ദത്തോടെ വിളിച്ചുകൂവി. ഒരാൾ മലയാളി യുവാവ്, പാലക്കാട് സ്വദേശി കൃഷ്ണകുമാറാണെന്ന് അവർ മത്സരിച്ച് പറഞ്ഞു. ആരും കൊച്ചിയിലേക്ക് താമസം മാറ്റിയത് അറിഞ്ഞിട്ടില്ല. ആക്രമണം നടന്നിടത്തെ ചിതറിത്തെറിച്ച രക്തം. സ്​ഫോടനത്തിൽ തകർന്ന വാഹനങ്ങൾ. ചില്ലുകളുടെ കൂമ്പാരങ്ങൾ. പടരുന്ന തീ. പൊട്ടിത്തെറിയുടെ കനത്ത ശബ്ദത്തിനു പിന്നാലെ തീ പിടിച്ച ഒരു ശരീരം ആളിക്കത്തുന്നു.

അതു കൃഷ്ണകുമാറാണോ..?

മാറിമാറി ചാനലുകൾ ​െവച്ചു. എല്ലാ ചാനലുകളിലും ദൃശ്യങ്ങൾ ഒന്നുതന്നെയായിരുന്നു. കൊച്ചിബന്ധം മാത്രം ആ വാർത്തകളിലുണ്ടായിരുന്നില്ല. രാമകൃഷ്ണൻ ചേട്ടനും ഓഫീസിലെ പരസ്യ ഡിപ്പാർട്മെന്റിലെ കിഷോറും ടി.വിക്കു മുന്നിൽനിന്നു ചർച്ചകളിലാണ്. രാമകൃഷ്ണൻ ചേട്ടൻ അരികിലേക്കു വന്നു.

‘‘അറിഞ്ഞില്ലേ, തീവ്രവാദി ആക്രമണത്തെക്കുറിച്ച്. നാളെ റിപ്പബ്ലിക് ഡേയാണ്. അതി​ന്റെ തലേന്നുപോലും രാജ്യത്ത് ഒരു സുരക്ഷയുമില്ലെന്നു പറഞ്ഞാൽ കഷ്​ടമെന്നല്ലാതെ എന്തുപറയാനാ. അതും പാർലമെന്റിനു കിലോമീറ്ററുകൾമാത്രം അകലെയാണ് സ്​ഫോടനമുണ്ടായത്. നമ്മുടെ രാജ്യം ഈ വഴിയിലൂടെയാണ് മുന്നേറുന്നതെങ്കിൽ കാര്യം പോക്കാ. ആർക്കും എവിടെവെച്ചും എന്തും സംഭവിക്കാം. ആരും ചോദിക്കാനുണ്ടാകില്ല.’’

എന്റെ മറുപടിക്കായി അദ്ദേഹം കാത്തു.

രാമകൃഷ്ണൻ ചേട്ട​ന്റെ ഞരമ്പുകളിൽ ദേശഭക്തിയുടെ രക്തം തിളച്ചുമറിഞ്ഞു. എ​ന്റെ നിശ്ശബ്ദതയിൽ രാമകൃഷ്ണൻ ചേട്ടൻ അസ്വസ്​ഥനായി.

ഞാൻ മറുപടിയില്ലാത്തവനായി തല താഴ്ത്തി ബ്യൂറോയിലെ എന്റെ ഇരിപ്പിടത്തിലേക്ക് പോയി.

ഞാനാകെ അസ്വസ്​ഥനായിരുന്നു. ഞാൻ ബ്യൂറോ ചീഫിന്റെ ക്യാബിനിലേക്ക് ചെന്നു. ഞാനെ​െന്തങ്കിലും പറയും മുമ്പേ അദ്ദേഹം പറഞ്ഞു.

‘‘കണ്ണിൽപ്പെടുന്നതെല്ലാം നി​ന്റെ മനസ്സിനെ അലട്ടുന്നുണ്ടെന്നു തോന്നുന്നു. ഒരു പത്രപ്രവർത്തകൻ വികാരത്തിന് അടിമപ്പെടരുത് ഒരിക്കലും. അല്ലെങ്കിൽത്തന്നെ നി​ന്റെ ജോലിയുടെ നിലനിൽപ് തന്നെ ഭീഷണിയിലാ. ഉള്ളത് പറയാലോ നി​ന്റെ പെർഫോമൻസ്​ മോശമാണെന്നാണ് മേലധികാരികളുടെ വിലയിരുത്തൽ. ഞാൻമാത്രാ നിന്നെ സപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. സെൻട്രൽ ഡെസ്​ക്കിലെ എഡിറ്റർമാരുടെ ഗുഡ്ബുക്കിൽ കയറാൻ ഇത് ഒരു അവസരാ. ഏതുനേരവും ഇങ്ങനെ പനിപിടിച്ചിരുന്നിട്ടു കാര്യമില്ല. ഒന്നോർക്കുക, ഒരു പത്രപ്രവർത്തകൻ പലപ്പോഴും നിസ്സഹായനായിരിക്കും. അല്ലാതെ എ​ന്റെയും നി​ന്റെയും ഹൃദയം കല്ലൊന്നുമല്ല. മനഃസാക്ഷി മരിച്ചിട്ടൊന്നുമില്ല. ഇതു നമ്മുടെ ജോലിയാണ്.’’

ഞാൻ മൂളി. ആരുടെയെങ്കിലും വിധി മാറ്റാൻ കെൽപുള്ള ആരെങ്കിലും ഈ ഭൂഗോളത്തിൽ ജീവിച്ചിരിക്കുന്നുണ്ടോയെന്നു ചോദിക്കാൻ നാവുയർന്നതാണ്.

ബ്യൂറോ ചീഫി​ന്റെ മറുപടി എന്നിൽ ഒരു പ്രതികരണവുമുണ്ടാക്കുന്നില്ലെന്ന് അദ്ദേഹത്തിനു തോന്നിയിരിക്കാം. അദ്ദേഹം തുടർന്നു.

‘‘ഞാൻ പിന്നെയും പറയുന്നു. വിദ്യാർഥികളുടെ കോപ്പിയെഴുത്ത് പോലെയാകരുത് റിപ്പോർട്ടിങ്. നീയാണ് സ്​പോട്ടിൽ പോയത്. നീ അനുഭവിച്ച വികാരം ഉൾക്കൊണ്ടുവേണം എഴുതാൻ. നീ ഓരോ ദൃശ്യവും വായനക്കാർക്ക് പകർന്നുനൽകണം.’’

ഞാൻ തലയാട്ടി. വൃദ്ധനും രമയുമായുള്ള സംസാരം അവരറിയാതെ മൊബൈൽ വോയ്സ്​ റെക്കോഡറിൽ റെക്കോഡ് ചെയ്തത് ഞാൻ ബ്യൂറോ ചീഫിനെ കേൾപ്പിച്ചു. അദ്ദേഹമത് സസൂക്ഷ്മം കേട്ടു. പിന്നെ പറഞ്ഞു.

‘‘വിചാരിച്ചപോലെയല്ലല്ലോ. മിടുക്കൻ. സംഭാഷണമെല്ലാം എനിക്ക് ഇഷ്​ടപ്പെട്ടു. വിവരങ്ങളെല്ലാം അടിവേര് തുടങ്ങി പിഴുതെടുത്തിട്ടുണ്ട്. ഇനി എഴുതിയാൽ മതി. കുറച്ച് ആംഗിളുകൾ ഞാൻ പറഞ്ഞുതരാം. കൃഷ്ണൻ പട്ടാളത്തിലെത്താനുള്ള ബാക്ക്ഗ്രൗണ്ട് സ്​റ്റോറി, രമയും കല്യാണവും, അച്ഛ​ന്റെയും മകന്റെയും ഫുട്ബോൾ േപ്രമം, കൊച്ചിയിലേക്ക് താമസം മാറ്റിയ കാരണം ഇതെല്ലാം സൈഡ് സ്റ്റോറികളായി വേണം. കല്യാണത്തെക്കുറിച്ച് എഴുതുന്ന സ്​റ്റോറിയിൽ കല്യാണക്കുറിയുടെ ചിത്രവും നൽകാം. എങ്കിൽ എഴുത്ത് തുടങ്ങിക്കോ?’’

ഞാൻ വാച്ചിലേക്ക് നോക്കി. വാർത്തയുടെ ഗൗരവമുൾക്കൊണ്ട് വീട്ടിലേക്കു പോയ ബ്യൂറോ ചീഫ് എ​ന്റെ വാർത്ത ക്ലിയർചെയ്യാൻ തിരികെ ഓഫീസിലേക്കു വന്നിരിക്കുകയാണ്. അതി​ന്റെ അസ്വസ്​ഥത അദ്ദേഹത്തിലുണ്ട്. പതിയെപ്പതിയെ പനി കൂടിവരുന്നതുപോലെ തോന്നി. ശരീരത്തിനു നല്ല ചൂട്. ഞാൻ ഒരു ഡോളോയെടുത്ത് കഴിച്ചു. കമ്പ്യൂട്ടർ ഓണാക്കി. കൈകൾ വേഗത്തിൽ ചലിച്ചു. ഞാൻ എഴുതുന്നത് ഒന്നാം പേജിലേക്കാണെന്നു ബ്യൂറോ ചീഫ് തോളിൽത്തട്ടി പറഞ്ഞപ്പോൾ എന്റെ വിരലുകൾക്ക് വേഗതകൂടി. ഇതാ പത്രത്തിൽ ആദ്യമായി എ​ന്റെ പേര് അച്ചടിച്ചുവരുന്നു. ഞാൻ കാത്തിരുന്ന ബൈലൈൻ. കൃഷ്ണകുമാറും ആ അച്ഛനും രമയും ഫുട്ബോൾ കളിയും ബ്രസീലും അർജന്റീനയും പാമ്പുകളുമെല്ലാം പതിയെപ്പതിയെ കടന്നുവരാൻ തുടങ്ങി. ഞാൻ എഴുതിയ വാർത്ത വായിച്ച ബ്യൂറോചീഫി​ന്റെ കണ്ണുകൾ തിളങ്ങി.

‘‘എനിക്കറിയാമായിരുന്നു നിനക്ക് അതിനു കഴിയുമെന്ന്...’’

മൊബൈലിൽ റാമി​ന്റെ നമ്പർ പിന്നെയും പിന്നെയും തെളിഞ്ഞുവന്നു.

ഞാനത് മൈൻഡ് ചെയ്തില്ല.

7

രാവിലെ എഴുന്നേൽക്കാൻ വൈകി. ഉണർന്നയുടനെ ടി.വി ഓൺ ചെയ്തു. തീവ്രവാദ ആക്രമണത്തെ ഭയക്കാതെ ടി.വിയിൽ റിപ്പബ്ലിക് ദിന പരേഡ് ഹൃദയഹാരിയായി നടക്കുന്നു. മഞ്ഞിൽ മുങ്ങിയെങ്കിലും രാജ്യത്തിന്റെ തുടിക്കുന്ന സാംസ്​കാരിക ചരിത്രവും നാനാത്വത്തിൽ ഏകത്വമെന്ന പൈതൃകവും സൈന്യങ്ങളുടെ പൂർണസന്നാഹങ്ങളും തുറന്നുകാട്ടി രാജ്യം പുതിയൊരു റിപ്പബ്ലിക്ഡേ ആഘോഷിക്കുകയാണ്. രാജപാതയിലൂടെ നീങ്ങുന്ന സൈനികവ്യൂഹങ്ങളിൽനിന്ന് കര, നാവിക, വ്യോമസേനകളുടെ പരമോന്നത കമാൻഡറായ രാഷ്ട്രപതി സല്യൂട്ട് സ്വീകരിക്കുന്നു.

ത്രിവർണ പതാക ഉയർന്നു. തീവ്രവാദ സംഘടനകളുടെ ഭീഷണിയെത്തുടർന്ന് രാജ്യം മുഴുവൻ കനത്ത സുരക്ഷാവലയത്തിലാണെന്നും റിപ്പബ്ലിക് ദിനത്തിലെ കൂടുതൽ ചടങ്ങുകൾ വെട്ടിച്ചുരുക്കിയെന്നും ചാനലിൽ ഫ്ലാഷ് ന്യൂസ്​.

8

പെട്ടെന്ന് മൊബൈൽ അടിച്ചു. ബ്യൂറോ ചീഫി​ന്റെ നമ്പർ.

‘‘ശുഭദിനം... എടാ ഇന്നു നീ പത്രം കണ്ടോ?’’

ഞാൻ ഇല്ലെന്നു പറഞ്ഞു.

‘‘ഇന്നിറങ്ങിയ പത്രങ്ങളിൽ കൃഷ്ണകുമാർ സംഭവം ഏറ്റവും മികച്ചരീതിയിൽ നൽകിയത് നമ്മളാ. പിന്നെ...’’

ഞാൻ ചോദിച്ചു, ‘‘എന്തേ?’’

മുൻകൂർ ജാമ്യമെടുത്ത് ബ്യൂറോ ചീഫ് സംസാരിച്ചു.

‘‘എടാ നീ ഒന്നും വിചാരിക്കരുത്. വാർത്ത ഒന്നാം പേജിൽ വീശിവെച്ചിട്ടുണ്ടെങ്കിലും ബൈലൈൻ... ബൈലൈൻ ഇല്ല... കരാറു തൊഴിലാളികൾക്ക് ബൈലൈൻ കൊടുക്കാൻ ചട്ടപ്രശ്നമുണ്ടെന്ന്. നിനക്ക് തന്നാൽ നാളെ മറ്റുള്ളവർക്കും കൊടുക്കണമെന്ന്. ഓരോരോ നിബന്ധനകൾ...’’

ഒന്നുനിർത്തി ബ്യൂറോ ചീഫ് തുടർന്നു, ‘‘ആ പിന്നെ അതൊക്കെ ജോലിയുടെ ഭാഗാ. ഞാനൊക്കെ എത്ര സഹിച്ചേക്കുന്നു. എം.ഡി ഇന്ന് ഭയങ്കര ഹാപ്പിയാ. ഈ വിഷയം ഏറ്റവും മികച്ച രീതിയിൽ കൈകാര്യംചെയ്തത് നമ്മളാ. ഇമ്മ്ടെ ജോലിയ്ക്ക് പുറത്തുനിന്ന് കാണുന്ന പകിട്ടേയുള്ളൂവെന്ന് നമ്മൾക്ക് മാത്രമറിയാം അല്ലെ?’’

 

ഞാൻ മൂളി.

‘‘ദേ, ഇന്നും നിനക്കുതന്നെയാ നറുക്കുവീണിരിക്കുന്നത്. നിന്നെതന്നെ ഇന്നും റിപ്പോർട്ടിങ്ങിന് വിടണമെന്നാ ഡെപ്യൂട്ടി എഡിറ്റർ പറഞ്ഞത്. ഇന്നും നിനക്ക് തകർക്കാം...’’

ഞാൻ മറുപടി പറയാൻ തുടങ്ങുംമുമ്പേ ബ്യൂറോ ചീഫ് തുടർന്നു.

‘‘മറ്റൊരു കാര്യമറിഞ്ഞോ?’’

‘‘എന്ത് കാര്യം?’’

ശബ്ദംതാഴ്ത്തി ഒരു രഹസ്യം പറയുന്ന ജാഗ്രതയോടെ അദ്ദേഹം പറഞ്ഞു.

‘‘അതേ, കൃഷ്ണകുമാറി​ന്റെ മരണവാർത്തയറിഞ്ഞ് പിതാവ് കുഴഞ്ഞുവീണ് മരിച്ചെന്ന്. അറ്റാക്കാകും. ബോഡി ഇപ്പോൾ ആശുപത്രിയിലാ.’’

ഞാനത് കേട്ട് ഞെട്ടി. ‘‘എന്ത്?’’

ഞാൻ വെട്ടിവിയർത്തു. ശരീരമാകെ തളരുന്ന​പോലെ.

ബ്യൂറോ ചീഫ് പിന്നെയും സംസാരിച്ചു.

‘‘ആ വൃദ്ധന് അതൊക്കെ സഹിക്കാനാകുന്നതാണോ? അതും ഏകമകൻ. അടുത്തമാസം കല്യാണത്തിനുള്ള ഒരുക്കത്തിലായിരുന്നു. നീ വേഗം ഓഫിസിലേക്കു വാ. ഇന്ന് ചീഫ് എഡിറ്ററുടെ കാലുപിടിച്ചായാലും നിനക്ക് ഞാനിന്ന് വാർത്തക്ക് ബൈലൈൻ വാങ്ങിത്തരും. എന്താ, സന്തോഷമായോ?’’

മധുരം തേച്ച വാക്കുകൾകൊണ്ട് ബ്യൂറോ ചീഫ് എന്നെ ചുറ്റിവരിഞ്ഞു.

‘‘ആ വൃദ്ധൻ മരിച്ചെന്നോ?..’’ കേട്ടത് വിശ്വസിക്കാനായില്ല.

വാക്കുകൾ മുറിഞ്ഞു.

‘‘അതെ, മക​ന്റെ അവാർഡ് വാർത്തയാണല്ലോ വൃദ്ധൻ പ്രതീക്ഷിച്ചിരുന്നത്. കേട്ടത് മരണവാർത്ത... ആ ഷോക്കാകാം കാരണം.’’

പെട്ടെന്നു ഫോൺ കട്ടായി. ദൈവമേ, ഇതെന്തു പരീക്ഷണം? ഒരു പത്രപ്രവർത്തകനും സാധാരണ മനുഷ്യനും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു മനസ്സിൽ. ശരീരം നന്നായി വിയർത്തു. ആ വീട്ടിലേക്ക് ചെല്ലാനുള്ള കരുത്ത് എനിക്കില്ല. ചിന്തകളും ഓർമകളും ഭയപ്പെടുത്തി. ഞാനൊരു വേട്ടക്കാരനായിരുന്നു... വൃദ്ധൻ ഒരു ഇരയും... ഞാൻ പനി കൂടുതലാണെന്നു ബ്യൂറോ ചീഫിനെ മൊബൈലിൽ വിളിച്ചുപറയാൻ തീരുമാനിച്ചു. അതു പറഞ്ഞപ്പോൾ അദ്ദേഹം ദേഷ്യപ്പെട്ടു.

‘‘അത് ആ വൃദ്ധ​ന്റെയും മക​ന്റെയും വിധി. അതോർത്തു നീ ഇങ്ങനെ ഭീരുവായാലോ. ഇന്നു നീ വന്നേ മതിയാകൂ. അല്ലെങ്കിൽ നി​ന്റെ ജോലിയെക്കൂടി ബാധിക്കും. വൈകരുത്, നീ ആ വൃദ്ധ​ന്റെയും മക​ന്റെയും മരണത്തിൽ ദുഃഖിക്കാൻ പോകുന്നവനല്ല, റിപ്പോർട്ട് ചെയ്യാൻ പോകുന്നവനാണെന്ന ഓർമ വേണം. ’’

ആ വാക്കുകളിൽ താക്കീതി​ന്റെ മുന.

ഉള്ളിൽ വിങ്ങിപ്പൊട്ടിയ നെടുവീർപ്പും ക്ഷോഭവും ഉള്ളിൽത്തന്നെ തളച്ചുനിർത്തി കൃഷ്ണകുമാറി​ന്റെ വീട്ടിലേക്കു പോകാൻ ബൈക്ക് സ്​റ്റാർട്ടാക്കി. ഉള്ള ജോലികളയാനുള്ള സാഹചര്യം ഇപ്പോഴെനിക്കില്ല. അത്രയ്ക്ക് ഗതികെട്ട അവസ്​ഥയിലാണ് ജീവിതം. അപ്പോൾ ആ റോഡിലൂടെ തൊട്ടടുത്ത സ്​കൂളിൽനിന്നു വിദ്യാർഥികളുടെ റിപ്പബ്ലിക് ദിന പരേഡ് കടന്നുപോകുന്നുണ്ടായിരുന്നു. ശരീരം വിയർപ്പിൽ കുതിർന്നു. റോഡിലെ പൊടിപറത്തുന്ന കാറ്റിലൂടെ വിവിധ യൂനിഫോമുകളിൽ നീങ്ങുന്ന വിദ്യാർഥികളുടെ ബാൻഡുമേളത്തി​ന്റെ ശബ്ദം ഒരു വണ്ടിനെപ്പോലെ മുരണ്ടു. ആ ശബ്ദം പിന്നെ എ​ന്റെ കാതുകളിൽനിന്ന് അകന്ന്, അകന്ന്, അകന്ന് പോയി.

പെട്ടെന്ന് മൊബൈലടിച്ചു.മറുതലക്കൽ റാം.

കോളെടുത്തു. ‘‘നീ ഒരു മനുഷ്യനാണോടാ. എത്രതവണ വിളിച്ചു. എനിക്ക് നിന്നെ ഉപേക്ഷിക്കാൻ വയ്യല്ലോ? ആ ഹോസ്​റ്റൽകാലം ഇന്നും മനസ്സിലുണ്ട്. എത്രവട്ടം നി​ന്റെ അമ്മ ​െവച്ചുതന്നതു തിന്നിരിക്കുന്നു. എത്ര രാത്രി നി​ന്റെ വീട്ടിൽ വന്ന് കിടന്നിരിക്കുന്നു. എത്രയോ വസ്​ത്രങ്ങൾ നി​ന്റെ ഞാൻ സ്വന്തമാക്കിയിരിക്കുന്നു. അതൊക്കെ ഓർക്കുമ്പോൾ കൈവിടാൻ പറ്റുന്നില്ല.’’ ഞാൻ പറഞ്ഞു.

‘‘ഈ സെന്റിമെൽ ഡയലോഗടിക്കാതെ കാര്യം പറയ്. ഞാനാകെ വട്ടുപിടിച്ചിരിക്കാ. ഉപദേശമാണെങ്കിൽ വേണ്ട.’’

‘‘ഇപ്പോൾ എനിക്കായി കുറ്റം. എങ്കിലും പറയാം. നിനക്ക് നല്ലൊരു ന്യൂസുണ്ട്. ഞങ്ങളുടെ പത്രം കേരളത്തിൽ എഡിഷൻ തുടങ്ങാൻ തീരുമാനിച്ചു. ഒത്തിരി ഒഴിവുകളുണ്ട്. നീ ഒരു ബയോഡേറ്റ ഇപ്പോൾ തന്നെ മെയിൽ ചെയ്യ്. ഒപ്പം പത്രത്തിൽ വന്ന മികച്ചൊരു ബൈലൈൻ വാർത്തയുടെ കട്ടിങ്ങും. നല്ലൊരു അവസരാ. ഞാൻ റെക്കമെന്റ് ചെയ്യാം. ഇനി ഇതിന് മടി വിചാരിക്കരുത്. ശമ്പളം കേട്ടാൽ നീ ഞെട്ടും. സീനിയർ പോസ്​റ്റിലേക്കാ പരിഗണിക്കുന്നത്.’’

ഞാൻ മറുപടി പറഞ്ഞില്ല.

അവൻ സംസാരം തുടർന്നു.

‘‘എന്തേ നിനക്ക് താൽപര്യമില്ലേ?’’

ഞാൻ മൂളി. മുൻകൂർ ജാമ്യമെടുത്ത് പിന്നെ ഞാൻ പറഞ്ഞു. ‘‘ഒരു പ്രശ്നോണ്ട്. ബൈലൈൻ... ബൈലൈൻ ഇതുവരെ കിട്ടിയിട്ടില്ല. െട്രയ്നികൾക്കും കരാർ ജീവനക്കാർക്കും ബൈലൈൻ തരില്ലടാ. നിയമാവലിയാ.’’

‘‘നീ ഇപ്പോഴും െട്രയ്നിയാണോ? അതോ കരാർ ജീവനക്കാരനോ? വർഷം ഇത്രയായിട്ടും...’’ഞാൻ മറുപടി പറഞ്ഞില്ല.

‘‘ബൈലൈൻ മസ്​റ്റാട്ടോ. അല്ലാതെ നീ റിപ്പോർട്ടറായിരുന്നുവെന്നതിന് എന്താടാ തെളിവ്. വാർത്തകൾ എഴുതാൻ കഴിവുണ്ടെന്ന് ഇന്റർവ്യൂ ബോർഡ് എങ്ങനെയാണ് വിലയിരുത്തുക? ഇതുപോലൊരു അവസരം ഇനി ഒരിക്കലും കിട്ടില്ല. ആരെ കൊന്നിട്ടായാലും ഒരു ബൈലൈൻ ഒപ്പിക്കെടാ.’’

ശരിയെന്ന് പറഞ്ഞ് ഞാൻ ഫോൺ കട്ട്ചെയ്തു. ഞാൻ പിന്നെ ബൈക്ക് സ്​റ്റാർട്ടാക്കി. വഴികൾ മുന്നിൽ നീണ്ടുനിവർന്നുകിടന്നു...

News Summary - weekly literature story