ആന്‍റണി ഗോണ്‍സാല്‍വസിന്‍റെ വീട്ടിലെ അതിഥി
The unconscious is structured like a language.”-Jacques Lacan ഒന്ന്: ആന്‍റണി ഗോണ്‍സാല്‍വസ് നവവത്സരത്തലേന്ന് ടെലിവിഷന്‍ ചാനലില്‍ സംപ്രേഷണം ചെയ്തുകൊണ്ടിരുന്ന തന്‍റെ അഭിമുഖം കണ്ടുകൊണ്ടിരിക്കുകയായിരുന്നു യുവ എഴുത്തുകാരനും അക്കാദമി അവാര്‍ഡ് ജേതാവുമായ ആന്‍റണി ഗോണ്‍സാല്‍വസ്. അയാള്‍ ആദ്യമായി തിരക്കഥ എഴുതിയ സിനിമ റിലീസ് ചെയ്യാനിരിക്കുകയാണ്. അതിന്‍റെ പ്രമോഷന്‍റെ ഭാഗമായുള്ളതാണ് ഇന്‍റര്‍വ്യൂ. സുന്ദരിയായ ഒരു പുതിയ ആങ്കറാണ് ചോദ്യമെല്ലാം ചോദിച്ച് പരിപാടി മുന്നോട്ടുകൊണ്ടുപോവുന്നത്. പരിചയക്കുറവ് പരിഹരിക്കാനെന്നോണം അവള്‍ ഇടക്കിടക്ക് അനാവശ്യമായി നിര്‍ത്താതെ ചിരിക്കുന്നുമുണ്ട്. ചിരിക്കുമ്പോള്‍ അവളുടെ കോന്ത്രപ്പല്ല് പുറത്തു...
Your Subscription Supports Independent Journalism
View PlansThe unconscious is structured like a language.”-Jacques Lacan
ഒന്ന്: ആന്‍റണി ഗോണ്‍സാല്‍വസ്
നവവത്സരത്തലേന്ന് ടെലിവിഷന്‍ ചാനലില്‍ സംപ്രേഷണം ചെയ്തുകൊണ്ടിരുന്ന തന്‍റെ അഭിമുഖം കണ്ടുകൊണ്ടിരിക്കുകയായിരുന്നു യുവ എഴുത്തുകാരനും അക്കാദമി അവാര്‍ഡ് ജേതാവുമായ ആന്‍റണി ഗോണ്‍സാല്‍വസ്. അയാള്‍ ആദ്യമായി തിരക്കഥ എഴുതിയ സിനിമ റിലീസ് ചെയ്യാനിരിക്കുകയാണ്. അതിന്‍റെ പ്രമോഷന്‍റെ ഭാഗമായുള്ളതാണ് ഇന്‍റര്‍വ്യൂ.
സുന്ദരിയായ ഒരു പുതിയ ആങ്കറാണ് ചോദ്യമെല്ലാം ചോദിച്ച് പരിപാടി മുന്നോട്ടുകൊണ്ടുപോവുന്നത്. പരിചയക്കുറവ് പരിഹരിക്കാനെന്നോണം അവള്‍ ഇടക്കിടക്ക് അനാവശ്യമായി നിര്‍ത്താതെ ചിരിക്കുന്നുമുണ്ട്.
ചിരിക്കുമ്പോള്‍ അവളുടെ കോന്ത്രപ്പല്ല് പുറത്തു വരും. അപ്പോളവളൊരു വാംപയറിനെപ്പോലെ ഭീകരിയാണല്ലോ എന്നോര്‍ത്തതേയുള്ളൂ അയാള്‍. അന്നേരം ഒരു കടുത്ത ചോദ്യം അവള്‍ അയാള്‍ക്കു നേരെ തൊടുത്തുവിട്ടു: “മിസ്റ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ്, ജീവിതഗന്ധിയാണ് താങ്കളുടെ കഥകളോരോന്നും. യഥാർഥ ജീവിതവുമായി താങ്കള്‍ എഴുതുന്ന കഥകള്‍ക്ക് എന്ത് ബന്ധമാണുള്ളത്? പ്രത്യേകിച്ചും ദുരിതപൂർണമായ കോവിഡ് കാലമൊക്കെ താങ്കളുടെ ചില കഥകളില്‍ പ്രതിഫലിച്ചിരിക്കുന്നത് കാണുന്നുണ്ടല്ലോ...”
അയാളൊന്ന് പതറി. അതു പുറത്തു കാണിക്കാതെ, ഒന്നു മുരടനക്കി, അൽപം ബുദ്ധിജീവിനാട്യത്തോടെ, സാവകാശം മറുപടി പറഞ്ഞു: “യഥാർഥ ജീവിതവുമായി എന്‍റെ കഥകള്‍ക്ക് യാതൊരു ബന്ധവുമില്ല. കഥ വേറെ, ജീവിതം വേറെ. കഥക്ക് അതിന്‍റേതായ ഒരു ലോജിക്കുണ്ട്. ഫിക്ഷന്‍റെ ലോജിക്. അതിന് ജീവിതവുമായി ബന്ധമില്ല. ജീവിതത്തില്‍നിന്ന് കഥക്ക് വേണ്ട ഊർജമുള്‍ക്കൊള്ളാം. പക്ഷേ, ചരിത്രമെഴുത്തല്ല കഥ. കോവിഡ് എന്‍റെയൊരു കഥയില്‍ പശ്ചാത്തലമാകുന്നുണ്ട്. ബട്ട്... അത് അത്രയേയുള്ളൂ... അത് വെറും കഥയാണ്...”
“എങ്കില്‍ കഥയില്‍നിന്നും ജീവിതത്തിന്, വായനക്കാരന്, പ്രേക്ഷകന് എന്താണ് ലഭിക്കുന്നത്?” അവള്‍ വിടാനുള്ള ഒരുക്കമില്ല.
ഒന്നു നിവര്‍ന്നിരുന്ന്, ഒട്ടും ആത്മവിശ്വാസക്കുറവ് തോന്നിക്കാത്തവിധം അയാള്‍ ഉറച്ച ശബ്ദത്തില്‍തന്നെ പറഞ്ഞു: “ആനന്ദം. അനാദിയായ ആനന്ദം. അതല്ലാതെ മറ്റൊന്നുമില്ല. ഒന്നുകില്‍ നിങ്ങള്‍ക്കത് കിട്ടി. അല്ലെങ്കില്‍ കിട്ടിയില്ല. ശരിയോ തെറ്റോ, നല്ലതോ ചീത്തയോ എന്നൊന്നും കഥയിലില്ല.”
അവതാരകയും വാശിയിലായിരുന്നു. അവള്‍ അയാളെയൊന്ന് കുത്തിനോവിക്കുമാറ് വീണ്ടും ചോദ്യശരമെയ്തു: “ഈ ലോകത്തോട് കഥാകൃത്തിന് ഒന്നും പറയാനില്ലെന്നാണോ?”
“അങ്ങനെ വ്യാഖ്യാനിക്കേണ്ടതില്ല... എനിക്ക് ഈ ലോകത്തില്‍ വലിയ പ്രതീക്ഷയൊന്നുമില്ല. ഫിക്ഷനിലാണ് സാധ്യത ബാക്കിയുള്ളത്. അതുകൊണ്ടാണ് എഴുതുന്നത്...”
അയാള്‍ക്ക് അവളോട് അല്‍പം സഹതാപമൊക്കെ തോന്നി. പെട്ടെന്ന് അവള്‍ വിഷയം മാറ്റി.
“എന്നാ നമുക്കിനി കുസൃതിച്ചോദ്യങ്ങളിലേക്ക് കടക്കാം. താങ്കളുടെ പേരില്‍നിന്നുതന്നെ തുടങ്ങാം...”
അയാള്‍ക്ക് അതൊരു പുതുമ അല്ലാതായിക്കഴിഞ്ഞിരുന്നു. പരിചയപ്പെടുന്നവര്‍ക്കെല്ലാം അറിയേണ്ടത് ആരാണ് ഇത്തരമൊരു രസികന്‍ പേര് അയാള്‍ക്കിട്ടത് എന്നായിരുന്നു. ഇപ്പോള്‍ ഈ സുന്ദരിക്കോതക്കും അതാണറിയേണ്ടത്. പോരാത്തതിന് അതവള്‍ ഒരു കുസൃതിച്ചോദ്യമായി ചോദിച്ചും കഴിഞ്ഞു.
“എന്‍റെ തന്ത!” അയാള്‍ പതിയെ മനസ്സില്‍ പറഞ്ഞു.
“സാര്‍ എന്താ, എന്താ സാറ് പറഞ്ഞത്?”
അയാള്‍ പിറുപിറുത്തത് അവള്‍ കേട്ടുവെന്ന് തോന്നുന്നു. പുതുതലമുറ ആംഗര്‍മാരുടെ ചൊരുക്കോടെ അവള്‍ വീണ്ടും കുത്തിക്കുത്തി ചോദിച്ചു: “എന്താ എന്താ...?”
“എന്‍റെ തന്ത! പേരിട്ടത് എന്‍റെ തന്തയാണ്,” അയാള്‍ ഉച്ചത്തില്‍ അലറി.
അതു പറഞ്ഞതിനു ശേഷമാണ് താന്‍ സ്റ്റുഡിയോയിലിരുന്ന് അലറുകയാണല്ലോ ചെയ്തത് എന്ന് അയാളോര്‍ത്തത്. പെട്ടെന്ന് എല്ലാവരും നിശ്ശബ്ദരായി. “കട്ട്,” പറഞ്ഞ് പ്രൊഡ്യൂസര്‍ അയാളുടെ അടുത്തേക്ക് ഓടിവന്നു. ആംഗര്‍ ഉടന്‍തന്നെ അയാളോട് “സോറി” പറഞ്ഞു.
“സാര്‍ എന്തെങ്കിലും..?” പ്രോഗ്രാം പ്രൊഡ്യൂസര്‍ അയാള്‍ക്കു മുന്നില്‍നിന്നു പരുങ്ങി.
അതൊന്നും സംപ്രേഷണംചെയ്ത അഭിമുഖസംഭാഷണത്തിനൊപ്പം ഇല്ലായിരുന്നു. എങ്കിലും അവിടെ എത്തിയപ്പോള്‍ ടെലിവിഷന്‍ പോസ് ചെയ്ത് അയാള്‍ എന്തോ ആലോചനയില്‍ മുഴുകി.
നവവത്സരാഘോഷത്തിനായുള്ള ഭക്ഷണമെല്ലാം ഒരുക്കിവെച്ച്, ന്യൂ ഇയര്‍ ഗ്രീറ്റിങ്സും പറഞ്ഞ് ജോലിക്കാരി മറിയേച്ചി ഇറങ്ങിയതേയുള്ളൂ. അപ്പോഴാണ് കോളിങ് ബെല്ലടിച്ചത്. ന്യൂ ഇയര്‍ പാര്‍ട്ടിക്ക് വരുന്നവര്‍ ട്രാഫിക്കില്‍പെട്ടു കിടക്കുകയാണെന്ന് മെസേജ് ലഭിച്ചതേയുള്ളൂ. പിന്നെ ആരായിരിക്കും എന്നാലോചിച്ചാണ് എഴുന്നേറ്റ് വാതില്‍ക്കലേക്ക് നടന്നത്.
അറിയാതെ അയാളുടെ കൈ കൊണ്ടിട്ടെന്നപോലെ പെട്ടെന്ന് ടെലിവിഷന്‍ ഓണായി. ആങ്കര്‍ അതേ ചോദ്യം ആവര്‍ത്തിച്ചു: “സാര്‍ സാറിന് ഈ പേരിട്ടത് ആരാണ്?”
വാതില്‍ക്കലേക്ക് നടക്കുന്നതിനിടയില്‍ ഒന്നു തിരിഞ്ഞുനോക്കുകപോലും ചെയ്യാതെ അയാള്‍ മനസ്സില്‍ പറഞ്ഞു: “തന്ത, എന്‍റെ തന്ത!”
രണ്ട്: ചെത്തുകാരന്‍ മണി
മണി എന്നായിരുന്നു ആന്‍റണി ഗോണ്‍സാല്‍വസിന്‍റെ അച്ഛന്‍റെ പേര്. ചെത്തുകാരന്‍ മണി എന്ന് നാട്ടുകാര്‍ വിളിച്ചു. മണിയേട്ടാ എന്ന് അടുപ്പമുള്ളവരും ബന്ധുക്കളും. അന്തിക്കള്ള് ചെത്തിയെടുക്കുന്നത്ര ഭംഗിയോടെ കള്ളുകുടിച്ച് പാടാനും ഡെസ്കി ല്‍ കൊട്ടാനും മിടുമിടുക്കനായിരുന്നു നാട്ടുകാരുടെ മണിച്ചേട്ടന്‍. ഹിന്ദി സിനിമയായിരുന്നു മണിച്ചേട്ടന്‍റെ ഹരം. പ്രത്യേകിച്ചും അമിതാഭ് ബച്ചന്‍റെ സിനിമകള്‍. ബച്ചനെപ്പോലെ മുടിവെട്ടി, ബെല്‍ബോട്ടം പാന്‍റ്സും ധരിച്ചാണ് വിശേഷ അവസരങ്ങളിലൊക്കെ മണിയെ കാണാന്‍ പറ്റുക. പറ്റുമെങ്കില്‍ ചെത്താന്‍ തെങ്ങില്‍ കയറുമ്പോള്‍ വരെ മണി ബച്ചനെപ്പോലെ ബെല്‍ബോട്ടം പാന്‍റ്സിടുമെന്ന് നാട്ടുകാര്‍ കളിയായി പറയാറുണ്ട്.
മണിയും കൂട്ടുകാരും ചേര്‍ന്നുള്ള ഒരു സിനിമാസംഘമുണ്ട് നാട്ടില്‍. ഹിന്ദി, തമിഴ് സിനിമകള്‍ കൂട്ടംകൂടി കണ്ട് ആടിപ്പാടുക, അതിലെ നായകനെപ്പോലെ മുടി വെട്ടി, ഫാഷന്‍ അനുകരിച്ച് നടക്കുക, നായികയെ കാമിക്കുക, അതേപ്പറ്റിയൊക്കെ കടത്തിണ്ണയിലും വഴിവക്കിലും കുത്തിയിരുന്ന് ചര്‍ച്ച ചെയ്യുക, ബീഡി വലിക്കുക, ചീട്ട് കളിക്കുക, കള്ള് കുടിക്കുക, മശ പെണ്ണുങ്ങളെ കൊണ്ടുവന്ന് പാടത്തിന്‍റെ കരക്കിട്ട് ഭോഗിക്കുക ഇതൊക്കെയായിരുന്നു സംഘത്തിന്‍റെ പ്രധാന വിനോദങ്ങള്‍.
കല്യാണം കഴിപ്പിച്ചു വിട്ടതിനു ശേഷമെങ്കിലും മണി നന്നാവുമെന്നാണ് നാട്ടുകാരും വീട്ടുകാരും കരുതിയത്. അതിന് കൂട്ടുകാര്‍ സമ്മതിച്ചിട്ടുവേണ്ടേ? കല്യാണത്തിന്‍റന്ന് വൈകീട്ട് ചെക്കന്‍റെ വീട്ടിലെ റിസപ്ഷന് മുറ്റത്ത് കെട്ടിയുണ്ടാക്കിയ മണ്ഡപത്തില്‍ വിയര്‍പ്പില്‍ കുളിച്ചു നില്‍ക്കുമ്പോള്‍ കൂള്‍ഡ്രിങ്സാണെന്നും പറഞ്ഞ് കൂട്ടുകാര്‍ മണിയെ കുടിപ്പിച്ചത് പട്ടച്ചാരായമാണ്. ഒന്നു മണത്തതും മണിക്ക് കാര്യം പിടികിട്ടി. ഒരു മോന്തു മോന്തീട്ട് അയാളത് അവര്‍ക്ക് തന്നെ തിരികെ കൊടുത്തു. കല്യാണപ്പെണ്ണിനെയും അത് കുടിപ്പിക്കാനുള്ള ശ്രമത്തിലായി കൂട്ടുകാര്‍. ഒന്നുമാറി കൈകൊണ്ട് ചാരായക്കുപ്പി തട്ടിപ്പറിച്ചെടുത്ത് ഒറ്റമോന്തിന് മണി കുപ്പി കാലിയാക്കി.
നാട്ടില്‍ രണ്ടു സിനിമാ തിയറ്ററുകളാണുണ്ടായിരുന്നത്. ഹരിഹരസുബ്രഹ്മണ്യ അയ്യരുടെ ആണ്ടവര്‍ തിയറ്ററും മുറ്റിച്ചൂക്കാരന്‍ അന്തോണിയുടെ ഡേവീസൺ ടാക്കീസും. ആണ്ടവറില്‍ തമിഴ് സിനിമയും ഡേവീസണില്‍ ഹിന്ദി സിനിമയും മുടങ്ങാതെ കളിച്ചു. ചന്തക്കടുത്ത് പോളി സ്റ്റോഴ്സും കഴിഞ്ഞുള്ള മറവിലാണ് കള്ളുഷാപ്പ്. ഷാപ്പിന്‍റെ പിന്നിലെ മുള്‍വേലിയൊന്ന് മറുകണ്ടം ചാടി വന്നാല്‍ ഡേവീസൺ തിയറ്ററായി. സിനിമയിലേക്കുള്ള കുടിയന്മാരുടെ പ്രവേശന കവാടം.
ആന്‍റണിയെ സതി പ്രസവിച്ചു കിടക്കുമ്പോള്‍ ഡേവീസൺ തിയറ്ററില്‍ ‘അമര്‍ അക്ബര്‍ ആന്‍റണി’ എന്ന ഹിറ്റ് ഹിന്ദി സിനിമയും കണ്ടുകൊണ്ട് തിരികെ വരികയായിരുന്നു മണി. സൈക്കിളില്‍നിന്നുമിറങ്ങി വഴിവക്കത്ത് കുന്തിച്ചിരുന്ന് മൂത്രമൊഴിച്ച്, ഒരു ബീഡിയും കത്തിച്ച് പുകവിട്ട്, ‘‘മൈ നെയിം ഈസ് ആന്‍റണി ഗോണ്‍സാല്‍വെസ്’’ പാട്ടും പാടി കാറ്റുംകൊണ്ട് ആലോചനാമഗ്നനായി നില്‍ക്കുകയായിരുന്നു. അളിയന്‍ ബാഹുലേയന്‍ സൈക്കിളില്‍ തന്നെത്തേടി പാഞ്ഞുവരുന്നത് കണ്ട് മണിയൊന്ന് അന്ധാളിച്ചു.
“മണിച്ചേട്ടാ മണിച്ചേട്ടാ സതി...,” ബാഹുലേയന്‍ കിതച്ചു. കുടിച്ച കള്ള് നിന്നനില്‍പ്പിന് ആവിയായിപ്പോയതുപോലെ തോന്നി മണിക്ക്.
“എന്തൂട്ടാണ്ടാ ന്‍റെ സതിക്ക് പറ്റീത്?”
മണി ബാഹുലേയനെ പിടിച്ചു കുലുക്കി. മണിയെ നോക്കി സന്തോഷത്താല്‍ ആര്‍ത്തുചിരിച്ചുകൊണ്ട് അയാള്‍ പറഞ്ഞു: “പെറ്റു! ആങ്കുട്ട്യാ...”
“ങേ...”
മണിയൊന്ന് മനസ്സില്‍ കണക്കുകൂട്ടി നോക്കി. മാസം തികഞ്ഞ് പേറിനുള്ള ദിവസമായ കാര്യം വയറ്റാട്ടി പറഞ്ഞത് സിനിമാപ്രാന്ത് തലക്ക് കയറിയപ്പോള്‍ മണി മറന്നുപോയിരുന്നു. സമനില വീണ്ടെടുത്ത്, സന്തോഷംകൊണ്ട് മതിമറന്ന് തുള്ളിച്ചാടിക്കൊണ്ട് മണി ബാഹുലേയനെ കെട്ടിപ്പിടിച്ചു. എന്നിട്ട് ഉച്ചത്തില്‍ പാടി: “മൈ നെയ്മീന്‍ ആന്‍റണി ഗോണ്‍സാല്‍വസ്...”
“എന്തൂട്ട്?” ബാഹുലേയനത് മനസ്സിലായില്ല.
“ആടാ ബാഹൂ... ന്‍റെ മോന്‍റെ പേര്. ആന്‍റണി ഗോണ്‍സാല്‍വസ്! അവനെന്‍റെ അമിതാബ് ബച്ചനാണ്‍ട്റാ...”
അങ്ങനെയാണ് മണിയുടെയും സതിയുടെയും മകനായ അയാള്‍ക്ക് ആന്‍റണി ഗോണ്‍സാല്‍വസ് എന്ന പേര് വന്നത്.
മൂന്ന്: ജിനചന്ദ്രന്‍
കുറേ നേരം കോളിങ് ബെല്ലടിച്ചിട്ടും ആരും വാതില്‍ തുറന്നില്ല. തിരിച്ചു പോകുവാന്‍ തിരിഞ്ഞതായിരുന്നു. അപ്പോഴാണ് പയ്യെ വാതില്‍ തുറന്ന് മഞ്ഞവെളിച്ചത്തില്‍ പാതി മറഞ്ഞു നിന്ന് അയാള്‍ പുറത്തേക്ക് നോക്കിയത്. ആന്‍റണി ഗോണ്‍സാല്‍വസ്!
“ഗോണ്‍സാല്‍വസ് സാര്‍...,” ആകാംക്ഷ മറച്ചുവെക്കാതെ ജിനചന്ദ്രന്‍ വിളിച്ചു.
“ആരാ? എന്താ?” ഒട്ടും താൽപര്യം ഇല്ലാതെ അയാള്‍ ചോദിച്ചു.
“സാര്‍ ഞാന്‍ ജിനചന്ദ്രന്‍. സാറിന്‍റെ വലിയ ഫാനാ. സാറെഴുതിയതെല്ലാം വായിച്ചിട്ടുണ്ട്.”
കണ്ണാടിയില്‍ തെളിയുന്ന തന്‍റെ പ്രതിബിംബത്തിലേക്ക് നോക്കുന്നതുപോലെയാണ് ഗോണ്‍സാല്‍വസിനു തോന്നിയത്. എന്നിട്ടും അത് തെല്ലും ഗൗനിക്കാതെ അയാള്‍ നിന്നു.
“സോറി സാര്‍. ഈ ന്യൂ ഇയറിന്‍റന്ന് സാറിനെ ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കണം. പക്ഷേ എനിക്ക് സാറിനെ കണ്ടേ പറ്റൂന്ന് വന്നപ്പഴാ വീടന്വേഷിച്ച് ഇറങ്ങീത്... സാറിനു ബുദ്ധിമുട്ടായില്ലല്ലോ അല്ലേ?” അയാള്‍ കിതച്ചു.
“വരൂ,” വാതില്‍ തുറന്നു പിടിച്ചുകൊണ്ട് ആന്‍റണി ഗോണ്‍സാല്‍വസ് അയാളെ അകത്തേക്ക് ക്ഷണിച്ചു.
നാല്: നവവത്സരത്തലേന്ന്
നവവത്സരത്തലേന്ന് യുവസാഹിത്യകാരന്‍ ആന്‍റണി ഗോണ്‍സാല്‍വസിനെ സ്വവസതിയില്‍ മരിച്ചനിലയില്‍ കാണപ്പെട്ടു എന്ന വാര്‍ത്തയാണ് പുതുവര്‍ഷം പിറന്നപ്പോള്‍ പത്രങ്ങളുടെ സിറ്റി എഡിഷന്‍റെ മുന്‍പേജിലെ മൂന്നു കോളം വാര്‍ത്ത. വൈകി കിട്ടിയ വാര്‍ത്തയായതിനാല്‍ മറ്റു എഡിഷനുകളില്‍ ആ വാര്‍ത്ത അന്നുണ്ടായിരുന്നില്ല. ചാനലുകളായ ചാനലുകളിലൊക്കെ ബ്രേക്കിങ് ന്യൂസായി അത് സ്ക്രോള്‍ ചെയ്തുകൊണ്ടിരുന്നു. സാംസ്കാരികലോകം ഞെട്ടലോടെയാണ് മരണവാര്‍ത്തയോട് പ്രതികരിച്ചത്.
മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികളുടെ യുവജന സംഘടനക്കാര്‍ നഗരത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. പ്രതികളെ ഉടന്‍ പിടികൂടുമെന്നും അതിനായി സ്പെഷല്‍ സ്ക്വാഡ് രൂപീകരിച്ചു കഴിഞ്ഞെന്നും ഡി.ജി.പി പത്രക്കാരോട് പറഞ്ഞു.
അഞ്ച്: സ്ക്വാഡ്
“സിനിമായ്ക്കു പറ്റിയ കഥയാണ്..,” എസ്.ഐ കിഷോര്‍ സാര്‍ സ്ക്വാഡിലെ മുതിര്‍ന്ന ഹെഡ്കോണ്‍സ്റ്റബിള്‍ ശശി സാറിനോട് പറഞ്ഞു.
“അവന്മാരെ പിടിച്ചൊന്നു കുടഞ്ഞാല്‍ മണിമണിപോലെ പറഞ്ഞേനെ,” ശശി സാറിന്‍റെ കലിപ്പ് മാറിയിരുന്നില്ല.
“എന്നിട്ട്? തൂങ്ങാനാ? ചത്തവന്‍റെ ദേഹത്ത് ഒരു പോറല്‍ പോലുമില്ല. അവന്മാരടെ ആരുടേങ്കിലും വിരലടയാളം ബോഡീന്ന് കിട്ട്യാ? കാശുള്ള വീട്ടിലെ പിള്ളേരാ... നമ്മളെപ്പോലെ സല്യൂട്ടടിച്ച് ജീവിക്കുന്നോരല്ല. തെളിവ് വേണ്ടേ? എട്ടുകാലീനെ കണ്ടൂന്ന് പറഞ്ഞതുകേട്ട് അതിന്‍റെ വിഷം കണ്ടെത്താന്‍ ഫോറന്‍സിക്കിനയച്ചിട്ടും ഒന്നുമില്ലെന്നല്ലേ റിപ്പോര്‍ട്ട്!”
“രണ്ടെണ്ണം കൊടുത്താ തെളിയാത്ത ഏത് സത്യാള്ളേ?” ശശി സാര്‍ പഴയ പോലീസായി.
“ശശിസാറേ, രണ്ടെണ്ണം വീശി മനസ്സമാധാനത്തോടെ കെടന്നുറങ്ങാന്‍ പറ്റണേല്‍ മുന്നുംപിന്നും നോക്കണം. വല്ല അപ്പാവികളേം പിടിച്ചോണ്ടു വന്ന് കൈത്തരിപ്പും കുത്തിക്കഴപ്പും തീര്‍ക്കണപോലെ ഇവന്മാരെ പെരുമാറിയാ കാക്കിയില്‍ മാറാല പറ്റും!”
അതുകേട്ടപ്പോള്‍ ശശിസാറൊന്ന് അടങ്ങി. മുന്നിലിരുന്ന ഗ്ലാസിലെ ബ്രാണ്ടി ഒറ്റവലിക്ക് മോന്തിയിട്ട് ചിറി തുടച്ചെഴുന്നേറ്റു: “ഒന്നു മുള്ളീട്ട് വരാ...”കിഷോര്‍ സാര്‍ ചിന്തയില്‍ മുഴുകി. മരിച്ചു കിടന്ന ആന്‍റണി ഗോണ്‍സാല്‍വസിന്‍റെ വായ്ക്കുള്ളില്‍നിന്നുമൊരു വലിയ എട്ടുകാലി പുറത്തിറങ്ങി പയ്യെ ചുമരിലൂടെ കയറിയിറങ്ങി എങ്ങോ പോയ്മറഞ്ഞതായി ന്യൂ ഇയര്‍ ആഘോഷിക്കുവാനായി വീട്ടിലെത്തിയ അയാളുടെ സുഹൃത്തുക്കള്‍ പോലീസിനു മൊഴി കൊടുത്തിരുന്നു. മൃതശരീരത്തിന്‍റെ വായക്കും ചെവിക്കും ഉള്ളില്‍ക്കൂടി ശരീരത്തിനുള്ളിലൂടെ ചിലന്തിവലകള്‍ കെട്ടുപിണഞ്ഞു നീണ്ടുകിടന്നു.
“പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊല്ലിക്കുന്ന കഥയൊക്കെ കേട്ടിട്ടുണ്ട്. ഇതിപ്പോ എട്ടുകാലി? സംഗതി ഹൊററാണ് ഹൊറര്‍!” ഒരു പെഗ്ഗ് കൂടി വലിച്ചുകേറ്റി കിഷോര്‍ സാര്‍ പിച്ചുംപേയും പറഞ്ഞു.
ആറ്: ‘എട്ടുകാലി’
ജിനചന്ദ്രന്‍ എന്ന യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. അയാളുടെ ഡയറിക്കുള്ളില്‍നിന്നും ഇങ്ങനൊരു കത്ത് പോലീസ് കണ്ടെടുത്തു.
മാന്യ മിത്രമെ,
താങ്കള്‍ അയച്ചുതന്ന ‘എട്ടുകാലി’ എന്ന കഥ വായിച്ചു. പ്രസിദ്ധീകരണയോഗ്യമല്ലെന്ന് സാദരം അറിയിക്കുന്നു. ദുരൂഹതകളില്‍ മുങ്ങിപ്പോയ കഥക്കിടയില്‍ അങ്ങിങ്ങ് എഴുതാനുള്ള കഴിവിന്‍റെ മിന്നലാട്ടം കാണുന്നുണ്ട്. അതുകൊണ്ട് തുടര്‍ന്നെഴുതുക.
സ്നേഹപൂർവം,
എഡിറ്റര്‍
ഇതല്ലാതെ വേറൊന്നും പോലീസിനു കണ്ടെടുക്കാനായില്ല. ഈ കത്തിനെ പറ്റി സൂചിപ്പിച്ചപ്പോള്‍ അയാളുടെ അമ്മ പിറുപിറുത്തു: “കഥയോ? ജിനനോ?” നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും പോലും അത് വിശ്വസിക്കുവാനായില്ല.
ഏഴ്: ചിലന്തിവലകളുടെ കോള്‍പ്പാടം
എഴുത്തുകാരനാണെന്ന ചിന്തയില്‍നിന്നുണ്ടായ അഹന്തയെല്ലാം മനസ്സില്‍നിന്നും പോയ്മറഞ്ഞിരുന്നു. “മൈ നെയ്മീൻസ് ആന്‍റണി ഗോണ്‍സാല്‍വസ്...” എന്ന് അച്ഛന്‍ ചെത്തുകാരന്‍ മണി കുട്ടിക്കാലത്ത് പാട്ടുപാടി വിളിക്കുന്നതു കേട്ടാണ് ഉണര്‍ന്നെഴുന്നേറ്റത്. ചിലന്തിവലകള്‍ കെട്ടുപിണഞ്ഞു കിടക്കുന്ന കൊയ്ത്തൊഴിഞ്ഞൊരു കോള്‍പ്പാടത്തിന്‍റെ നടുവിലാണ് അയാള്‍ കിടന്നിരുന്നത്. നട്ടുച്ച വെയിലാണ്. മുഖത്തേക്ക് തീക്ഷ്ണമായി സൂര്യപ്രകാശം അടിച്ചുകൊണ്ടിരുന്നു. ചൂടേറ്റ് തൊലി പൊള്ളി. ശരീരം വെന്തുനൊന്തു.
ദുഃസ്വപ്നമാണോ അതോ മരണാനന്തര കാഴ്ചയോ? അന്നേരം ഫോണ്‍ ബെല്ലടിച്ചു. ഉപയോഗിക്കാതെ കിടക്കുന്ന ലാന്‍ഡ് ലൈന്‍ ഫോണാണ്. എന്തെങ്കിലും സാങ്കേതിക തകരാര്‍ ആയിരിക്കുമെന്നു കരുതി. ഫോണ്‍ വീണ്ടും ശബ്ദിച്ചു. ആരോ വാതിലില്‍ മുട്ടിവിളിക്കുംപോലെ. ഇക്കാലത്ത് ലാന്‍ഡ് ലൈനിലൊക്കെ ആര് വിളിക്കാനാണ്? ഇങ്ങനൊരു ഫോണ്‍നമ്പറുണ്ടെന്നു പോലും ആര്‍ക്കും അറിയില്ല.
തെല്ല് കൗതുകത്തോടെയും എന്നാല്‍ അല്‍പം ഭയത്തോടെയുമാണ് ഫോണെടുത്തത്. ഏതോ ജീവിയുടെ ശീല്‍ക്കാരംപോലെയാണ് ആദ്യം തോന്നിയത്. മറുതലക്കല്‍നിന്നും വ്യക്തമല്ലാത്ത രീതിയിലുള്ള സംസാരം. ആരോ തന്നോടുതന്നെ സംസാരിക്കുന്നതുപോലെ. പിറുപിറുക്കുകയാണോ അതോ പ്രാർഥിക്കുകയോ?
“ഹലോ, ഇത് ആന്‍റണി ഗോല്‍സാല്‍വസാണ്. താങ്കള്‍ ആരാ?”
വല്ലാത്തൊരു ശീല്‍ക്കാരം മാത്രം. തുരങ്കത്തിനുള്ളില്‍നിന്നും ശക്തിയായി കാറ്റു വീശിയടിക്കുംപോലെ. അച്ഛന്‍റെ അവസാനത്തെ നിലവിളിപോലെയാണത് അയാള്‍ക്കു തോന്നിയത്.
കുടിച്ചു മത്തുകെട്ട് കോള്‍പ്പാടത്തിന്‍റെ കരയില്‍ കിടക്കുകയായിരുന്നു അച്ഛന്‍. ആരൊക്കെയോ പറഞ്ഞതനുസരിച്ച് ഓടിച്ചെല്ലുമ്പോള്‍ ശ്വാസമുണ്ടായിരുന്നു. ഞരങ്ങുന്നുമുണ്ട്. “അച്ഛാ,” എന്നു തൊട്ടുവിളിച്ചപ്പോള്‍ “ആന്‍റണീ,” എന്നാര്‍ത്തലച്ചു വിളിച്ചുകൊണ്ട് രക്തംതുപ്പി അച്ഛന്‍ മരിച്ചുവീണു. അച്ഛനു ചുറ്റും ചിലന്തിവലകള്‍ കാട്ടുപൊന്തകെട്ടി പാര്‍ത്തു. ശരീരത്തിലൂടെ ചിലന്തികള്‍ കയറിയിറങ്ങി പരക്കം പാഞ്ഞു.
ആ ഓർമയൊരു മരണത്തിന്‍റെ തണുത്ത സ്പര്‍ശമായി അയാളെ പുല്‍കി. ഇരുട്ട് ശവക്കച്ച കെട്ടിയ ശീല്‍ക്കാരം ചിലന്തിവലകളായി അയാളിലേക്ക് പടര്‍ന്നു. തലച്ചോറാകെ വരിഞ്ഞു ചുറ്റിപ്പിണയുന്ന ചിലന്തിവലകള്‍. എഴുത്തുകാരന്‍ എന്ന പീഠത്തില്‍നിന്നും അയാള്‍ നിലത്തേക്ക് ഉരുണ്ടുപിരണ്ടു വീണു. പിന്നെ ചിലന്തിവലയില്‍ കുടുങ്ങിയ ഇരയുടെ നിസ്സഹായാവസ്ഥയോടെ മരണം കാത്തുകിടന്നു.
എട്ട്: പ്രേതഭാഷണം
പ്രേതരൂപമണിഞ്ഞ എനിക്ക് മാത്രമേ ഈ കഥ ഇനി പൂരിപ്പിക്കുവാനാവുകയുള്ളൂ. പോലീസല്ല, ആരൊക്കെ തലകുത്തി മറിഞ്ഞ് പരിശ്രമിച്ചാലും ഒന്നും വെളിയില്‍ വരില്ല. ജിനചന്ദ്രന്‍ എന്ന ഞാന്‍ അല്ല ആന്‍റണി ഗോണ്‍സാല്‍വസിന്‍റെ മരണത്തിനുത്തരവാദി. അയാള്‍ തന്നെയാണ് അയാളുടെ മരണകാരണം. തെളിവോ? അതേപ്പറ്റിയൊക്കെ പണ്ടേക്കു പണ്ടേ പണ്ഡിതര്‍ പറഞ്ഞുവെച്ചിട്ടുണ്ട്. ഇല്ലെങ്കില്‍ റൊളാന്‍ഡ് ബാത് സിനോട് ചോദിച്ചുനോക്കൂ. എന്നാല്‍ അതൊന്നും വകവെച്ചു തരാന്‍ ഗോണ്‍സാല്‍വസ് സാര്‍ ഒരുക്കമായിരുന്നില്ല.
“നോക്കൂ നീ എന്നെ ചോദ്യംചെയ്യാനൊന്നും വളര്‍ന്നിട്ടില്ല. എനിക്ക് തോന്നുന്നപോലെ ഞാനെഴുതും. നീയാരാ ചോദിക്കാന്‍?” കോപാകുലനായാണ് സാര്‍ പ്രതികരിച്ചത്.
“സാര്‍, ഞാന്‍ സാറിന്‍റെ ഒരു ആരാധകനാണ്.”
“അതിന്? ഞാന്‍ പറഞ്ഞോ നിന്നോട് എന്‍റെ ആരാധകനാവാന്‍?”
“സാര്‍. ദേഷ്യപ്പെടല്ലെ. ഞാന്‍ സാറിനെയൊന്ന് കാണാന്‍ മാത്രം വന്നതാ...”
“എന്നിട്ടാണോ നീ എന്നെ ഭീഷണിപ്പെടുത്തുന്നത്?”
“ഇല്ല സാര്‍. ഭീഷണിയല്ല. എന്‍റെ സംശയം മാത്രാണ്.”
“എന്ത് സംശയം? ഞാന്‍ എഴുതിയ കഥകളൊക്കെ നിന്നെപ്പറ്റിയാണെന്നോ?’’
“അതെ സാര്‍. ഒന്നല്ല, രണ്ടല്ല, എന്‍റെ ഈ വരവടക്കം വരുന്ന നാല് കഥകള്‍. അവയെല്ലാം എന്‍റെ ജീവിതമാണ്.”
സാര്‍ എന്നെ നോക്കി ഒന്നും മിണ്ടാതെ കുറേനേരം അങ്ങനെ നിന്നു. പിന്നെ തലയാട്ടിക്കൊണ്ട്, മേശപ്പുറത്തിരുന്ന പുസ്തകങ്ങളെല്ലാം തട്ടിത്തെറിപ്പിച്ചുകൊണ്ട് അലറി: “ബുള്‍ഷിറ്റ്!”
“സാര്‍ ഞാന്‍ പറയുന്നത് വിശ്വസിക്കണം. എന്‍റെ കയ്യില്‍ തെളിവുണ്ട്.”
“തെളിവോ? എന്ത് തെളിവ്? ഞാന്‍ ഭാവനയില്‍ കണ്ടെഴുതിയ കഥകള്‍ക്ക് നിന്‍റെ കയ്യിലോ തെളിവ്? കഥക്ക് എന്ത് തെളിവ്? ഫോര്‍ ഗോഡ്സ് സേയ്ക്ക് പ്ലീസ്... ഈ റബ്ബിഷും കൊണ്ടു വന്നെന്‍റെ ന്യൂ ഇയര്‍ നശിപ്പിക്കല്ലേ…”
സാറിനു ദേഷ്യം വരുന്നുണ്ടായിരുന്നു. അദ്ദേഹം മുന്നോട്ടുവന്ന് എന്‍റെ കവിളില്‍ ആഞ്ഞടിച്ചു. ഉന്തിനിലത്തിട്ട് വയറ്റത്ത് ആഞ്ഞു ചവിട്ടി. അന്നേരം കോളിങ് ബെല്ലടിക്കുന്ന ശബ്ദം കേട്ടു. പെട്ടെന്ന് എന്തോ ആവേശത്തില്‍ ഞാന്‍ സാറിന്‍റെ കാലില്‍ പിടിച്ച് നിലത്തേക്ക് വലിച്ചിട്ടു. തലയടിച്ച് സാര്‍ വീണു. ചത്തില്ല.
സാറിനെ വലിച്ചിഴച്ച് ഒരു വശത്തേക്ക് കിടത്തിയശേഷം പിടഞ്ഞെണീറ്റ് ഞാന്‍ വാതില്‍ക്കലേക്ക് പതുങ്ങിച്ചെന്നു. വാതില്‍സുഷിരത്തിലൂടെ നോക്കിയപ്പോള്‍ സുന്ദരിയായൊരു യുവതിയാണ് പുറത്തു കാത്തുനില്‍ക്കുന്നത്. ഞാന്‍ മെല്ലെ വാതില്‍ തുറന്നു. അവള്‍ സന്തോഷത്തോടെ എന്‍റെ മേലേക്ക് ചാടിവീണു.
“സാര്‍ ഞാന്‍ വന്നു!” അവള്‍ മതിമറന്ന് വിളിച്ചു.
അവളെന്നെ ഗോണ്‍സാല്‍വസ് സാറായി തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന് എനിക്കു മനസ്സിലായി. ഞാന്‍ അവളുടെ വായ പൊത്തിപ്പിടിച്ചു. കൈ രണ്ടും പുറകിലേക്ക് ബലമായി തിരിച്ചു പിടിച്ചടുപ്പിച്ചു. കഴുത്തില്‍നിന്നും ഊര്‍ന്നുവീണുകൊണ്ടിരുന്ന ഷാള്‍ അവളുടെ വായില്‍ കുത്തിത്തിരുകിയ ശേഷം വലിച്ചിഴച്ച് അടുക്കളയിലേക്ക് കൊണ്ടുപോയി.
അവളെ നിലത്ത് കിടത്തി മൃദുവായ അവളുടെ ശരീരത്തിനു മേലെ കയറിയിരുന്ന് ബലമായി അമര്‍ത്തിപ്പിടിച്ചു. കയ്യില്‍ കിട്ടിയ തുണികൊണ്ട് അവളുടെ കൈ രണ്ടും പിന്നില്‍കെട്ടി ചന്തിക്കൊരു ചവിട്ടും കൊടുത്ത് ഞാനെണീറ്റു. അവളെന്നെ ഭയന്നു വിറച്ചുകൊണ്ട് തുറിച്ചുനോക്കി. ഞാന്‍ അവളുടെ അടുത്ത് കുന്തിച്ചിരുന്നു: “പേടിക്കണ്ട. ഞാനൊന്നും ചെയ്യില്ല. ഇത് എന്‍റെ സുരക്ഷക്ക് വേണ്ടി മാത്രാണ്.”
അടുക്കളയില്‍നിന്നുമൊരു ഗ്ലാസ് വെള്ളം ഞാന്‍ തപ്പിപ്പിടിച്ച് കൊണ്ടുവന്നു, ഒപ്പമൊരു വെട്ടുകത്തിയും.
“ബഹളംവെച്ചാ നിന്നെ ഞാനീ വെട്ടുകത്തികൊണ്ട് വെട്ടിവെട്ടിക്കൊല്ലും. വെള്ളം വേണോ? പറ...”
അവള്‍ വേണമെന്ന് തലയാട്ടി. ഞാന്‍ അവള്‍ക്ക് അരികിലിരുന്ന് മെല്ലെ ഷാളിന്‍റെ തുമ്പൊന്ന് മാറ്റി. അവള്‍ ബഹളമൊന്നുമുണ്ടാക്കിയില്ല. ഞാന്‍ അവളെ എണീപ്പിച്ച് ചുമരിനോട് ചേര്‍ത്ത് ഇരുത്തി. എന്നിട്ട് അവളുടെ വായിലേക്ക് വെള്ളം കുറേശ്ശെ ഒഴിച്ചുകൊടുത്തു. അവളൊന്ന് ശാന്തയായി എന്നു തോന്നിയപ്പോള്‍ ഷാള്‍ പൂർണമായും മാറ്റി.
“എന്തിനാ എന്നെ കെട്ടിയിട്ടിരിക്കുന്നേ? സാറിനെ നിങ്ങളെന്ത് ചെയ്തു?” അവള്‍ മെല്ലെ വിക്കിവിക്കി ചോദിച്ചു.
“ഞാനും നിന്നെപ്പോലെ സാറിനെ കാണാന്‍ വന്നതാ. എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു. പക്ഷേ സാറത് കേള്‍ക്കാന്‍ തയ്യാറായില്ല.”
“നിങ്ങളെന്നെ റേപ്പ് ചെയ്യാന്‍ പോവാണാ?” അവള്‍ ഭയന്നുവിറച്ചുകൊണ്ട് ചോദിച്ചു. “...സാറിന്‍റെ അവസാന കഥയിലെ പോലെ...,” അവളൊന്ന് നിര്‍ത്തി ആലോചിച്ചു.
“നീയും സാറിന്‍റെ കഥകളുടെ ഫാനാണോ?”
അവള്‍ അതെ എന്നു തലയാട്ടി. അയാള്‍ അവളെ നോക്കി പുഞ്ചിരിച്ചു.
“ഞാനും സാറിന്‍റെ വലിയ ഫാനാ... സാറെഴുതുന്നതെല്ലാം എന്‍റെ ജീവിതമാ. അതുപറയാനാ ഞാന്‍ വന്നത്. എനിക്കത് എന്തിനെന്ന് അറിയണമായിരുന്നു... പിന്നെ നീ പറഞ്ഞത്... ഞാനത് ഒരിക്കലും ചെയ്യില്ല. നീ സുന്ദരിയാണ്. നിന്‍റെ ചുണ്ട് കാണുമ്പോള്‍ ഉമ്മ വെക്കാനൊക്കെ തോന്നുന്നുണ്ട്. പക്ഷേ ഞാനത് ചെയ്യില്ല.”
“എനിക്ക് ആണുങ്ങളെയൊന്നും വിശ്വാസമില്ല!”
“എന്നിട്ടാണോ നീ സാറ് തനിച്ചു താമസിക്കുന്നിടത്തേക്ക് തനിച്ചുവന്നത്?”
“അത്... അത്...,” അവള്‍ വിക്കി.
“അത്?”
“അത് സാറ് പറഞ്ഞിട്ടാ വന്നത്. കാണാന്‍ തോന്നുമ്പോ എപ്പ വേണേലും വന്നോന്ന് സാറ് പറഞ്ഞിരുന്ന്...”
“നിന്നോടോ?”
“അതേ... വാട്ട്സ് ആപ്പില്... ഞാന്‍ സാറിനു മെസേജ് അയക്കാറുണ്ട്.”
“അതിനിന്നു വരാന്‍ സാറ് പറഞ്ഞിരുന്നോ?”
“ഇല്ല.”
“പിന്നെ?”
“അത്... സാറെഴുതിയ പുതിയ കഥ വായിച്ചപ്പോ എനിക്ക് സാറിനെ കാണണമെന്നു തോന്നി. എന്നെ എനിക്ക് പിടിച്ചുനിര്‍ത്താന്‍ പറ്റിയില്ല.”
“അതെന്താ?”
“ആ റേപ്പ് സീന്‍. എനിക്കത് വായിച്ചപ്പോള്‍...”
“വായിച്ചപ്പോള്‍?”
“അത് എന്‍റെ ഫാന്‍റസിയാ...”
“റേപ്പ് ജോക്ക് പോലെ റേപ്പ് ഫാന്‍റസിയോ?”
“അതങ്ങനെ അല്ല. നിങ്ങക്ക് പെണ്ണുങ്ങടെ മനസ്സൊന്നും അറിയില്ല. പക്ഷേ സാറിനറിയാ...”
ഞാന്‍ അവളെ ഒട്ടും മനസ്സിലാകാത്തതുപോലെ നോക്കി.
“ആദ്യം കണ്ടപ്പോ നിങ്ങളെ ഞാന്‍ സാറാന്നാ വിചാരിച്ചേ... നിങ്ങക്ക് സാറിന്‍റെ നല്ല ഛായേണ്ട്...”
“ഒരു എഴുത്തുകാരന്‍ ആവണമെന്നായിരുന്ന് എന്‍റേം മോഹം. നടന്നില്ല. വായനക്കാരനായി. ഒരു നല്ല എഴുത്തുകാരന്‍ നല്ല വായനക്കാരന്‍കൂടിയാണല്ലോ.”
“വായനക്കാരില്ലെങ്കില്‍ എഴുത്തുകാര്‍ ഇല്ലാതാകുമോ?” അവളത് ചോദിച്ചപ്പോള്‍ ഞാനൊരു നിമിഷമൊന്ന് തരിച്ചിരുന്നു. വായനയാണോ എഴുത്തിന്‍റെ ജീവന്‍? വായനക്കാരനാണോ എഴുത്തുകാരനെ ജീവിപ്പിച്ചു നിര്‍ത്തുന്നത്?
“ഈ ചോദ്യം ഞാനും സാറിനോട് ചോദിച്ചതാ. സാറെന്താ പറഞ്ഞേന്ന് അറിയ് വോ?’’
“ഇല്ല, പറ,” അവള്‍ ഉത്സുകയായി.
“നിനക്കൊന്നും വേണ്ടിയല്ല ഞാന്‍ എഴുതുന്നത്. ഓതര്‍ ഈസ് ഡെഡ് എന്നതുപോലെ തന്നെ സത്യം ആണ് ദി റീഡര്‍ ഡസ് നോട്ട് മാറ്റര്‍ എന്നതും. പറഞ്ഞത് മനസ്സിലായോ? എഴുത്തിന്‍റെ നിമിഷത്തില്‍ വായനക്കാരനെ പറ്റിയൊന്നും ഞാനാലോചിക്കാറില്ല. ദി റീഡര്‍ ഈസ് ഡെഡ് ഫോര്‍ മീ!”
“സാറങ്ങനെ പറയില്ല. എനിക്ക് സ്വീറ്റ് മെസേജസാണല്ലാ തിരിച്ചയക്കാറ്!”
“അത് നിന്‍റെ പഞ്ചാരയടിക്കായിരിക്കും?”
“ആ... അതുശരിയാ...,” അവള്‍ നാണിച്ച് ചിരിച്ചു.
“ഞാന്‍ ആലോചിക്ക്യാര്‍ന്നൂ. നമ്മള്‍ വായനക്കാര്‍ ഇല്ലെങ്കിലും എഴുത്ത് സംഭവിക്കുമെങ്കില്‍ പിന്നെ നമുക്കെന്താണ് പ്രസക്തി?”
“ഇങ്ങനൊന്നും ഞാനാലോചിച്ചിട്ടില്ല.”
“നമ്മള്‍ വെറും മാര്‍ക്കറ്റ് മാത്രാണോ? പുസ്തകം വിറ്റഴിക്കാനുള്ള മാര്‍ക്കറ്റ്?”
“ആയിരിക്കും..!”
“അതാണ് എന്നെ കുഴക്കുന്നത്.”
അവളെന്നെയൊന്ന് തറപ്പിച്ചുനോക്കി. പിന്നെ അല്‍പം ശങ്കിച്ചുകൊണ്ട് ചോദിച്ചു: “നിങ്ങളെന്തിനാ സാറിനോട് നുണ പറഞ്ഞത്?”
“എന്ത് നുണ?”
“നിങ്ങടെ ജീവിതാണ് സാറെഴുതുന്നതെന്ന്...”
“അത് സത്യാണ്... സാറെഴുതുന്ന കഥകളെല്ലാം എന്‍റെ ജീവിതാണ്!”
എനിക്ക് കടുത്ത ദേഷ്യം വന്നു. അവളത് കണ്ട് ഭയന്നു. ഞാനൊന്ന് അടങ്ങി.
“നീ പേടിക്കണ്ട. ഞാന്‍ നിന്നെയൊന്നും ചെയ്യില്ല. എനിക്കങ്ങനൊന്നും പറ്റില്ല. നിന്നോടെന്നല്ല ആരോടും.”
“നിങ്ങള്‍ സാറിനെ എന്തുചെയ്തു?” അവള്‍ മടിച്ചുമടിച്ച് ചോദിച്ചു.
“സാര്‍ ആ മുറിയിലുണ്ട്. ഭയക്കണ്ട. നീ ഞാന്‍ പറയുന്നതൊന്ന് കേട്ടാ മതി. എന്‍റെ ജീവിതകഥ! പിന്നെ കെട്ടഴിച്ചു വിട്ടേക്കാം.”
“എന്നാ പറ. എനിക്ക് പണ്ടേ കഥ കേള്‍ക്കാന്‍ വല്യ ഇഷ്ടാ...,” അവളൊന്ന് ഉലഞ്ഞിരുന്നു.
കഥാപ്രസംഗക്കാരനെപ്പോലെ തൊണ്ടയൊന്ന് കാറിക്കൊണ്ട് ഞാന്‍ പറഞ്ഞുതുടങ്ങി.
“സാറിന്‍റെ ആ കഥയില്ലേ... ആത്മഹത്യ ചെയ്യുവാന്‍ പലവട്ടം ശ്രമിച്ചിട്ടും പരാജയപ്പെട്ടു പോകുന്ന യുവാവിന്‍റെ കഥ. അത് എന്‍റെ കഥയാണ്.”
“അതിപ്പോ... അങ്ങനെ എത്രയോ പേര്‍ കാണും? നിങ്ങള്‍ മാത്രാണോ ആത്മഹത്യക്ക് ശ്രമിച്ച് പരാജയപ്പെടുന്നത്?”
“നിനക്ക് ഞാന്‍ പറയുന്നതില്‍ വിശ്വാസമില്ലേ?”
“അതല്ല... പക്ഷേ... അല്ലാ നിങ്ങളെന്തിനാ ആത്മഹത്യ ചെയ്യാന്‍ നോക്കീത്?”
“അത് സാറെഴുതിയ മറ്റൊരു കഥയാണ്.”
“ഏത് കഥ?”
“രണ്ടെണ്ണം. ‘പഴയ കാമുകി’യും ‘വ്ലോഗറും’. ആദ്യത്തേത് ഞാന്‍ കൊച്ചീല് മാര്‍ക്കറ്റിങ്ങില് ജോലി ചെയ്യുന്ന കാലത്ത് നടന്നതാ. ഒരുദിവസം എന്‍റെ പഴയ കാമുകി ഫേസ്ബുക്കില്‍ മെസേജ് അയച്ചു. അവള്‍ക്കെന്നെ കാണണമെന്ന്. എന്‍റൊപ്പം കിടക്കണമെന്ന്... അത് അവളുടെ നടക്കാതെ പോയ ആഗ്രഹമായിരുന്നെന്ന്... അവളെന്നെ തേച്ചിട്ട് വേറെ കെട്ടിയതാ. ഞാന്‍ അവളെ ആത്മാർഥമായാണ് പ്രേമിച്ചത്. ഞാന്‍ കരുതി അവള്‍ എല്ലാം ഉപേക്ഷിച്ച് എന്നെത്തേടി വരികയാണെന്ന്.
ഞങ്ങള്‍ മറൈന്‍ഡ്രൈവിനടുത്തുള്ള ഹോട്ടലില്‍ മുറിയെടുത്തു. രാത്രി ഏറെ വൈകുംവരെ കയ്യില്‍ കൈകോര്‍ത്ത് മറൈന്‍ ഡ്രൈവിലൂടെ നടന്നു. മഴവില്‍ പാലത്തില്‍ കെട്ടിപ്പിടിച്ചുനിന്ന് ചുംബിച്ചു. രാത്രി മുഴുവന്‍ ഞങ്ങള്‍ രമിച്ചു. അവളെ തിരിച്ചുകിട്ടിയ സന്തോഷത്തില്‍ ഞാന്‍ മതിമറന്നുറങ്ങി. രാവിലെ എണീറ്റപ്പോള്‍ അവള്‍ അരികിലുണ്ടായിരുന്നില്ല. ഒരു കത്തെഴുതി വെച്ചിട്ട് അവള്‍ വീണ്ടും എന്നെ വഞ്ചിച്ചുകൊണ്ട് പോയി...”
ഞാനൊന്ന് നെടുവീര്‍പ്പിട്ടു. എന്‍റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. ഞാന്‍ അവളെയൊന്ന് പാളിനോക്കി. പുച്ഛം കലര്‍ന്നൊരു ചിരി അവളുടെ ചുണ്ടിന്‍റെ കോണില്‍ തെളിഞ്ഞൊളിച്ചിരുന്നു.
“എന്നിട്ട്..?”
“ഞാനവളെ തേടി അലഞ്ഞു. അവള്‍ എന്നെ ഫോണിലും ഫേസ്ബുക്കിലും ഇൻസ്റ്റായിലുമെല്ലാം ബ്ലോക്കാക്കിയിരുന്നു...”
“ആ കത്തിലെന്താ എഴുതിയിരുന്നത്?” അവള്‍ ചോദിച്ചു. “അല്ലെങ്കില്‍ വേണ്ട ഞാന്‍ പറയാ... ആ കഥ ഞാനും വായിച്ചിട്ടുള്ളതാ...,” അവള്‍ ഓർമയില്‍ ചികഞ്ഞു.
“നെന്നെയൊന്ന് ഭോഗിക്കണമെന്നത് പണ്ടേയുള്ള എന്‍റെ മോഹമാ. ഇപ്പഴാ അതിനുള്ള ധൈര്യമുണ്ടായത്. സോറി. അത്രേയുള്ളൂ. ഇനി ഞാനെന്‍റെ വിവാഹജീവിതത്തിലേക്ക് തിരിച്ചുപോട്ടെ!”
അവളതും പറഞ്ഞ് പൊട്ടിപ്പൊട്ടിച്ചിരിച്ചു. ഞാന്‍ അവളെ ക്രുദ്ധനായി നോക്കി. അവളെ കൊല്ലാനുള്ള ദേഷ്യമെനിക്ക് വരുന്നുണ്ടായിരുന്നു. അതു മനസ്സിലാക്കിയെന്നോണം അവള്‍ ചിരിയടക്കി.
“അടുത്ത കഥയില്‍ ഞാനൊരു വ്ലോഗറാണ്. കോവിഡ് കാലത്തെ വിരസത മാറ്റുവാനും ജോലി പോയതിന്‍റെ ദുഃഖം കുറയ്ക്കാനുമായാണ് ഞാന്‍ വ്ലോഗിങ് തുടങ്ങിയത്. അങ്ങനെയാണ് അവളെ കണ്ടുമുട്ടിയത്. ഹേമ. ഞങ്ങള്‍ തമ്മില്‍ പെട്ടെന്നടുത്തു. അവളെ കല്യാണം കഴിക്കണമെന്നായിരുന്നു എന്‍റെ ആഗ്രഹം. അവള്‍ക്കും നഗരത്തിലെ ഒരു കോഫിഷോപ്പില്‍ പാചകജോലിയുണ്ടായിരുന്നു. എന്‍റെ വ്ലോഗുകളുടെ ഫാനായിരുന്ന സുധാമാഡത്തെ ഞാന്‍ കണ്ടത് ഹേമക്കൊരു ഗിഫ്റ്റ് വാങ്ങുവാനായി പോയപ്പോഴാണ്. മാഡം എന്നെ അവരുടെ വയനാട്ടിലെ എസ്റ്റേറ്റിലേക്ക് ക്ഷണിച്ചു...”
“ഇനി ഞാന്‍ പറയാം. നിങ്ങള്‍ പോയി. രണ്ടാളും തമ്മില്‍ ഡിങ്കോള്‍ഫി നടന്നു. ഹേമ അതറിഞ്ഞു. പൊസസീവായ അവള്‍ നിങ്ങളാണ് മരണത്തിനുത്തരവാദി എന്നെഴുതിവെച്ച് ആത്മഹത്യ ചെയ്തു. നിങ്ങള്‍ അറസ്റ്റിലായി. വയസ്സായ അച്ഛന്‍ നിങ്ങളെ ജാമ്യത്തിലെടുക്കാനായി നെട്ടോട്ടമോടി. ജാമ്യം കിട്ടിയപ്പോഴേക്കും ആറു മാസം പിന്നിട്ടിരുന്നു. അതിനിടെ അച്ഛന്‍ ഹൃദയംപൊട്ടി മരിച്ചു. അതിന്‍റെ മാനസികാഘാതത്താല്‍ നിങ്ങള്‍ തളര്‍ന്നു. പിന്നെ...?”
“ഡിങ്കോള്‍ഫിയൊന്നും നടന്നില്ലായിരുന്നു. എനിക്ക് ആഗ്രഹമുണ്ടായിരുന്നു. മാഡം അത് മനസ്സിലാക്കി എന്നെ തടഞ്ഞു പറഞ്ഞുവിട്ടു... പക്ഷേ ആ സംഭവം എന്നെ വല്ലാതെ ബാധിച്ചു. ജയിലില്‍ വെച്ച് പുറത്തുപറയാന്‍ കൊള്ളാത്തതൊക്കെ എനിക്ക് അനുഭവിക്കേണ്ടിവന്നു. അതെന്നെ കടുത്ത നിരാശയിലേക്ക് തള്ളിവിട്ടു. പിന്നെ സാറെഴുതിയ ‘ആത്മഹത്യകള്‍’ എന്ന കഥയിലെ പോലെ ഒന്നിനു പുറകെ മറ്റൊന്നായി ആത്മഹത്യാ ശ്രമങ്ങള്‍. എല്ലാം പരാജയപ്പെട്ടു... അതുചോദിക്കാനാ ഞാന്‍...”
“അതും സാറെഴുതിയ കഥയാണോ?”
“അതെ. അതുപോലും അയാളെഴുതി വെച്ചിട്ടുണ്ട്. ‘നവവത്സരത്തലേന്ന്’ എന്ന കഥയില്‍!”
“അതുകൊണ്ടാണോ നിങ്ങള്‍ സാറിനെ കാണാന്‍ വന്നത്?”
“പിന്നെ വരണ്ടേ? ജീവിതത്തില്‍ ഞാനനുഭവിച്ച ദുരിതങ്ങളെയാണ് സാറ് കഥയാക്കിയത്! സാറത് എങ്ങനെ അറിഞ്ഞു? എന്തിനത് കഥയാക്കി? എന്നെ മലയാള സാഹിത്യത്തിലൊരു കോമാളിയായി അടയാളപ്പെടുത്തിയില്ലേ? ജീവിതത്തില്‍ അമ്പേ പരാജയപ്പെട്ടവനാണ് ഞാന്‍. അതില്‍നിന്നും കരകയറാനാണ് സാഹിത്യം വായിക്കാന്‍ തുടങ്ങീത്. അവിടേം എന്നെ എതിരേറ്റത് അതേ അപമാനിക്കപ്പെട്ട നിമിഷങ്ങളാണേപ്പിന്നെ... അത് ചോദിക്കാന്‍ തന്നാ ഞാന്‍ വന്നത്...”
“നിങ്ങള്‍ പറയുന്നത് എനിക്ക് വിശ്വാസമാ... പക്ഷേ സാറത് അറിഞ്ഞുകൊണ്ട് ചെയ്തതാവില്ല...,” അവള്‍ പറഞ്ഞു. “ഞാനും നിങ്ങളെപ്പോലെ സാറിന്‍റെ വലിയൊരു ഫാനാ... ഈ കഥയൊക്കെ ഞാനും വായിച്ചതാ...”
അവള്‍ എന്നെ നോക്കി. ഞാന്‍ അവളേയും. ആന്‍റണി ഗോണ്‍സാല്‍വസിന്‍റെ രണ്ട് ആരാധകര്‍ തമ്മില്‍ കണ്ടുമുട്ടി പരസ്പരം തിരിച്ചറിഞ്ഞ നിമിഷം! ഞാനവളുടെ കയ്യിലെ കെട്ടുകള്‍ അഴിച്ചു. അവളെന്നെ ഇറുകെ പുണര്‍ന്നു. പിന്നെ ചുണ്ടില്‍ അമര്‍ത്തി ചുംബിച്ചു.
“ഇന്നുമുതല്‍ ഞാന്‍ നിങ്ങളുടെയും ഫാനാ...,” അവള്‍ അത്യുത്സാഹത്തോടെ പറഞ്ഞു.
“പണ്ട് ഞാന്‍ ‘എട്ടുകാലി’ എന്നൊരു കഥ എഴുതിയിട്ടുണ്ട്. എഡിറ്റര്‍ കുറിപ്പോടെ തിരിച്ചയച്ച കഥ. ബക്കറ്റിലെ വെള്ളത്തില്‍നിന്നും ഞാന്‍ രക്ഷിച്ചെടുത്ത ഒരു എട്ടുകാലിയുണ്ടായിരുന്നു. അതെന്നെ കാണുവാനായി എന്നും എന്‍റെ മുറിയില്‍ വരും. അതിനെന്നോട് പ്രണയമായിരുന്നു. അതേപ്പറ്റിയായിരുന്നു എന്‍റെ കഥ. അതെന്നെ ചുംബിക്കുന്നതായി ഞാന്‍ സ്വപ്നം കാണാറുണ്ട്. നീ ചുംബിച്ചപ്പോള്‍ എനിക്കാ ഓർമയാ വന്നത്!”
ഞാനത് പറഞ്ഞുതീര്‍ന്നതും അവളെന്‍റെ ചുണ്ടില്‍ വിരല്‍കൊണ്ട് തംബുരു മീട്ടി. എന്നിട്ട് അഴിഞ്ഞുലഞ്ഞ ഉടയാടകള്‍ നേരെയാക്കുവാന്‍പോലും മെനക്കെടാതെ എന്നില്‍നിന്നും, ആ വീട്ടില്‍നിന്നു തന്നെയൊരു കാറ്റായി വീശിയൊഴുകി പിറന്നപടിയെന്നോണം പുറത്തേക്കു നടന്നുപോയി. അവള്‍ നടന്നുപോയ വഴിത്താരയില്‍ ചിലന്തികള്‍ പൂമെത്ത തീര്‍ത്തു. പുഷ്പപാദുകങ്ങളായി അതവള്‍ക്കൊപ്പം സഞ്ചരിച്ചങ്ങനെ ഇരുട്ടില്‍ മറഞ്ഞു.
ആദ്യമായാണ് അതിസുന്ദരിയായൊരു യുവതി എന്നെ ചുംബിക്കുന്നത്. ഞാനങ്ങനെ തറഞ്ഞുനിന്നു. അതിനുശേഷം വീട്ടിലേക്ക് നടന്നുപോയി. അന്നു വീണുകിട്ടിയ ധൈര്യത്തിലാണ് ഞാന്‍ വിജയകരമായി ആത്മഹത്യ ചെയ്തത്.
ഞാന്‍ പറഞ്ഞത് സത്യം മാത്രമാണ്. മനുഷ്യര്‍ക്ക് പല നുണകളും പറയുവാന്‍ കാണും. മനുഷ്യനായി ജീവിച്ച കാലത്തും നുണകളുടെ ജീവനുള്ളയൊരു മാംസകൂമ്പാരം മാത്രമായിരുന്നു ഞാനും. മരണത്തിലൂടെ ഞാന്‍ നുണകളെ അതിജീവിച്ചു. ഇനി എനിക്ക് കഥകള്‍ വേണ്ട. മരിച്ച എനിക്ക് നുണ പറയേണ്ട കാര്യവുമില്ല.
ഒമ്പത്: കേസ് ഫയല്‍
തെളിവൊന്നും ലഭിക്കാതെ വന്നപ്പോള്‍ കേസ് അവസാനിപ്പിക്കുവാനുള്ള സ്ഥിരം തന്ത്രം തന്നെ എസ്.ഐ കിഷോര്‍ പുറത്തെടുത്തു. അദ്ദേഹം റിപ്പോര്‍ട്ടില്‍ എഴുതി:
ആന്‍റണി ഗോണ്‍സാല്‍വസ് എന്ന എഴുത്തുകാരന്‍ ഒറ്റപ്പെട്ട ജീവിതം നയിച്ചിരുന്ന വ്യക്തിയാണ്. നിരാശാഭരിതനായ അയാള്‍ ദുരൂഹമായ സാഹചര്യത്തില്‍ മരണപ്പെട്ടു. സ്വന്തം മരണത്തെപ്പോലും അയാള്‍ അങ്ങനെയൊരു കഥയാക്കി മാറ്റി.
സംഭവദിവസം ഒരു യുവാവും യുവതിയും വെവ്വേറെ സമയങ്ങളിലായി ആ വീട്ടിലെത്തിയിരുന്നു. യുവാവ് പിന്നീട് ആത്മഹത്യ ചെയ്തു. യുവതിയെ പറ്റിയുള്ള അന്വേഷണത്തില്‍ അവളൊരു ഒറ്റപ്പെട്ട വീട്ടിലാണ് താമസിച്ചിരുന്നതെന്ന് കണ്ടെത്തി. വീട്ടിലാരുംതന്നെ താമസമുണ്ടായിരുന്നില്ല. വിചിത്രമെന്നോണം ആന്‍റണി ഗോണ്‍സാല്‍വസിന്‍റെ വീട്ടിലെ പുസ്തകഷെല്‍ഫില്‍ നിന്നും പടര്‍ന്നുപിടിച്ച് മുറിയാകെ പരന്നുകിടന്നിരുന്ന ചിലന്തിവലകള്‍ അവളുടെ വീട്ടുമുറ്റത്തെ പൂന്തോട്ടമാകെ മൂടിക്കിടന്നിരുന്നു.
അതേ ചിലന്തിവലകളുടെ അംശമാണ് ജിനചന്ദ്രന്‍ എന്ന യുവാവിന്‍റെ ആത്മഹത്യാ കുറിപ്പിനെയും മൂടിപ്പൊതിഞ്ഞിരുന്നത്. ഇവര്‍ തമ്മിലുള്ള ബന്ധം എന്താണെന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ല. ആന്‍റണി ഗോണ്‍സാല്‍വസിന്‍റെ സുഹൃത്തുക്കള്‍ക്കൊന്നുംതന്നെ ഈ യുവാവിനേയും യുവതിയേയും തിരിച്ചറിയുവാന്‍ സാധിച്ചിട്ടില്ല. കേസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനുശേഷം നെടുവീര്‍പ്പിട്ടുകൊണ്ട് എസ്.ഐ കിഷോര്‍ ഒന്നു നടുനിവര്‍ത്തി.
വര്‍ഷങ്ങള്‍ക്കു ശേഷം, റിട്ടയേഡ് ഹെഡ് കോണ്‍സ്റ്റബിള്‍ ശശിസാര്‍ പറഞ്ഞുവിട്ട ഒരു സിനിമാക്കാരനുവേണ്ടി ഇതേ കേസ് ഫയല്‍ തപ്പി ചെന്നപ്പോള്‍ ആ മുറിയാകെ ചിലന്തിവലകള്‍ മൂടിക്കിടക്കുന്നതായി എസ്.ഐ കിഷോര്‍ കണ്ടു. അതെല്ലാം കഷ്ടപ്പെട്ട് വകഞ്ഞുമാറ്റി ഫയല്‍ തപ്പിപ്പിടിച്ചെടുത്തപ്പോള്‍ അതാകെ ചിലന്തിവലകള്‍കൊണ്ട് വരിഞ്ഞുമുറുക്കപ്പെട്ട് ഞെരിഞ്ഞിരിക്കുന്ന പരുവത്തിലായിരുന്നു. തൊട്ടതും അതു പൊടിഞ്ഞു കയ്യില്‍വരാന്‍ തുടങ്ങി. അതില്‍നിന്നും ചുറ്റിലെമ്പാടും നീരാളിക്കൈയുകളായി ചിലന്തിവലകള്‍ പാറിപ്പറന്നു പരന്നുകൊണ്ടിരിക്കുന്നതായി ഞെട്ടലോടെ എസ്.ഐ കിഷോര്‍ മനസ്സിലാക്കി.