പാരിജാതം
‘‘ഷീജേ പാരിജാതപ്പൂവുണ്ടോ അവിടെ?’’ മീര വഴിയരികിലേക്ക് ചാഞ്ഞുനിന്ന ചെടികളിലേക്ക് കണ്ണോടിച്ച് വീട്ടുകാരിയോട് ഉറക്കെ ചോദിച്ചു. ‘‘ഇല്ല... മീരാന്റി, മീരാന്റിക്കിപ്പോൾ എന്തിനാ പാരിജാതപ്പൂ...’’ ഷീജ മീരയുടെ കാഴ്ചവട്ടത്തിലേക്ക് വന്നു. ‘‘ഒന്നുമില്ല മോളേ... ചെറിയരാവശ്യം. ഇവിടെ തഴച്ചുനിന്ന പാരിജാതച്ചെടിയുണ്ടായിരുന്നല്ലോ, അതോർത്താണ് ഞാൻ വന്നത്.’’ മീര അഴിഞ്ഞുവീണ നരകയറിയ മുടി വാരിക്കുത്തി അടുത്ത പറമ്പുകളിലെ ചെടിത്തലപ്പുകളിലേക്ക് കണ്ണോടിച്ചു....
Your Subscription Supports Independent Journalism
View Plans‘‘ഷീജേ പാരിജാതപ്പൂവുണ്ടോ അവിടെ?’’
മീര വഴിയരികിലേക്ക് ചാഞ്ഞുനിന്ന ചെടികളിലേക്ക് കണ്ണോടിച്ച് വീട്ടുകാരിയോട് ഉറക്കെ ചോദിച്ചു.
‘‘ഇല്ല... മീരാന്റി, മീരാന്റിക്കിപ്പോൾ എന്തിനാ പാരിജാതപ്പൂ...’’
ഷീജ മീരയുടെ കാഴ്ചവട്ടത്തിലേക്ക് വന്നു. ‘‘ഒന്നുമില്ല മോളേ... ചെറിയരാവശ്യം. ഇവിടെ തഴച്ചുനിന്ന പാരിജാതച്ചെടിയുണ്ടായിരുന്നല്ലോ, അതോർത്താണ് ഞാൻ വന്നത്.’’ മീര അഴിഞ്ഞുവീണ നരകയറിയ മുടി വാരിക്കുത്തി അടുത്ത പറമ്പുകളിലെ ചെടിത്തലപ്പുകളിലേക്ക് കണ്ണോടിച്ചു. ‘‘അത് മുറിച്ചുകളഞ്ഞില്ലേ ആന്റി. ഇടവഴി മാറി റോഡായപ്പോൾ തന്നെ അത് മുറിച്ചുകളഞ്ഞിരുന്നു.’’
‘‘ഓ... ഞാൻ കരുതിയത് അതിപ്പോഴും ഇവിടെയുണ്ടെന്നാണ്. എന്റെയൊരു കാര്യം...’’ മീര ധൃതിയിൽ പാരിജാതപ്പൂ തിരഞ്ഞ് നടന്നു.
ഷീജക്ക് സങ്കടംതോന്നി. എങ്ങനെ നടന്ന സ്ത്രീയായിരുന്നു. ഇപ്പോൾ നോക്ക്, ചപ്രതലമുടിയും നരച്ചു ചുക്കിച്ചുളിഞ്ഞ സാരിയും ബ്ലൗസുമിട്ട്... അവർ കണ്ണിൽനിന്നും മറയുന്നതുവരെ ഷീജ അവരിൽ തറച്ചുനിന്നു.
പാരിജാതപ്പൂവുമായാണ് മീര വീട്ടിലേക്ക് കയറിവന്നത്. തുറന്നിട്ട ജാലകത്തിന്റെ ഒരു പാളിയിലൂടെ അകത്തേക്ക് നോക്കി. ശബ്ദമുണ്ടാക്കാതെ പൂട്ടിയിട്ട ഉമ്മറവാതിൽ തുറന്ന് പൂക്കളുമായി അകത്തുകയറി. സാരിയഴിച്ചിട്ട് നിലക്കണ്ണാടിക്കു മുന്നിലേക്ക് നിന്നു. ഇത് ആരാണ് എന്ന് ചോദിക്കുന്നതുപോലെ കണ്ണാടി ഒന്നു പകച്ചുവോ. മുഖത്ത് അങ്ങിങ്ങായി കറുത്ത പാടുകൾ.
കുഴിയിലേക്ക് എന്നോ ഇറങ്ങിപ്പോയ കണ്ണ്, ഒട്ടിയ കവിളുകൾ, തലയിൽ എഴുന്നുനിൽക്കുന്ന വെള്ളിമുടി നാരുകൾ. അവ നെറ്റിയിലേക്ക് ഊർന്നിറങ്ങിയിരിക്കുന്നു. ഉള്ളംകൈ വെച്ച് കൺതടങ്ങളിലെ നിരാശയെ തുടച്ചുനീക്കാൻ വൃഥാശ്രമം നടത്തി ഒന്നുചിരിച്ചു. എന്നെക്കൊണ്ട് സാധിക്കും. ആത്മവിശ്വാസം നിറയുന്നു.
കുളിമുറിയിലെ ജാലകഭിത്തിയിലെ പാത്രത്തിൽനിന്നും രാവിലെ തേച്ചുബാക്കിെവച്ച ഡൈയും ബ്രഷുമെടുത്ത് കണ്ണാടിക്കു മുന്നിലേക്ക് മടങ്ങിയെത്തി. ശ്രദ്ധയോടെ വെളുത്തുനീണ്ട ചുരുൾമുടിയിലേക്ക് കറുപ്പ് തേച്ചുതുടങ്ങി. തല മുഴുവനായും കറുത്തപ്പോൾ തന്നെ ഒരു പത്ത് വർഷം പിന്നിലേക്ക് പോയതുപോലെ. ഇപ്പോൾ ചിരിക്കുമ്പോൾ പഴയ താൻ പകുതി മടങ്ങിയെത്തിയതുപോലെയുണ്ട്.
അടുത്ത പരിപാടികൾ ഒരിക്കൽകൂടി മനസ്സിൽ ആസൂത്രണംചെയ്‌ത്, കറുപ്പ് മുടിയിൽ പിടിക്കുന്നതുവരെ ബെഡ്‌റൂമിൽ തലങ്ങുംവിലങ്ങും നടന്നു. ഇടക്കിടെ അകത്തേക്ക് ചെവികൂർപ്പിച്ചു. ചെറിയ ശബ്ദംപോലുമില്ല. ഒരു മണിക്കൂർകൂടിയേയുള്ളൂ. കുളിമുറിയിൽ കയറും മുമ്പ് അലമാര തുറന്ന് ഉടുക്കാനുള്ള ചുവപ്പിൽ വെള്ളപ്പൂക്കളുള്ള സാരിയും ചുവന്ന ബ്ലൗസും എടുത്തുെവച്ചു. തല നന്നായി ആറ്റിത്തുടച്ച് ഇടിഞ്ഞുതൂങ്ങിയ നെഞ്ചിനെ ബ്രായ്‌ക്കകത്താക്കി, ബ്ലൗസെടുത്തിട്ടു. പാകമല്ല. മറ്റാരുടെയോ എന്നപോലെ ബ്ലൗസ് അകന്നുനിന്നു. അപ്പോഴാണ് രണ്ടുവർഷംകൊണ്ട് താൻ എത്ര മെലിഞ്ഞുവെന്ന് മീര ആലോച്ചിച്ചത്.
പിന്നെടുത്ത് നെഞ്ചിന്റെയും വയറിന്റെയും ഭാഗത്ത് കുത്തി ഒരുവിധം ബ്ലൗസ് പാകമാക്കി. പൗഡറിട്ട്, കണ്ണെഴുതി, ചുവന്ന വട്ടപൊട്ടും കുത്തിയപ്പോൾ പിന്നെയും ഒരു പത്തു പതിനഞ്ച് വയസ്സു കുറഞ്ഞുവോ. മീരയുടെ കണ്ണുകൾ തിളങ്ങി. ഇപ്പോഴൊരു ഇരുപത്തിയഞ്ച്, മതി. ഇനിയിപ്പോൾ ഒരു നാലഞ്ച് വയസ്സിന്റെ കുറച്ചേ വേണ്ടൂ. അവൾക്ക് സന്തോഷമായി. സാരിയുടുത്ത്, മുടി നന്നായി മെടഞ്ഞിട്ട്, കൊണ്ടുെവച്ച പാരിജാതപ്പൂ തലയിൽ കുത്തിെവച്ചു കണ്ണാടിയിൽ ഒന്നുകൂടി നോക്കി.
പാതിചാരിയ വാതിൽ തള്ളിത്തുറന്ന് അകത്തു കയറിയതും കട്ടിലിൽ ഉറങ്ങിക്കിടന്ന മനുഷ്യൻ എഴുന്നേറ്റിരുന്നു. മീര ലൈറ്റിട്ടു. പ്രകാശവെട്ടത്തിൽ ഒന്നു പതറിയ കണ്ണുകൾ അടച്ചുതുറന്ന് അയാൾ അവളെ തുറിച്ചുനോക്കി. അയാളുടെ മൂക്കിൽ പ്രിയപ്പെട്ട മണം. ‘‘മീരാ... നീ വന്നോ... ഞാൻ എത്ര നേരായി കാത്തിരിക്കുന്നു.’’ അതു കേട്ടതും അവൾ ദീർഘമായൊന്നു നിശ്വസിച്ചു. വേഷംകെട്ടൽ ഫലിച്ചു. ഒരാഴ്‌ചയായുള്ള ആവശ്യം സാധിച്ചുകൊടുക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിൽ കണ്ണുകൾ നിറഞ്ഞു. കൺമഷി കലങ്ങി മുഖത്തേക്ക് പടരുമെന്നൊർത്ത് അവൾ സാരിത്തലപ്പുകൊണ്ട് കണ്ണുതുടച്ചു.
‘‘പുറത്ത് എന്താ ആളനക്കം. സ്‌കൂൾ വിട്ടിട്ടും എല്ലാവരും പോയിട്ടില്ല അല്ലേ.’’ അയാൾ ചാടിയെഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ കാൽ തെന്നി. മീര ഓടിച്ചെന്ന് അയാളെ വീഴാതെ നോക്കി. ‘‘വേഗം വാ നമുക്ക് പോകാൻ നോക്കാം.’’ മീര അയാളുടെ മുണ്ടഴിപ്പിച്ചു. പൂർണനഗ്നനായി നിന്ന അയാൾ അവളെ ചേർത്തുപിടിച്ചു. ആ ഹൃദയത്തിന്റെ ചൂടിൽ നിമിഷങ്ങളോളം പൊള്ളിനിന്ന അവൾ അയാളെ പതുക്കെ തന്നിൽനിന്നും അടർത്തി. ‘‘ഇങ്ങനെ നിന്നാൽ വീട്ടിലെത്താൻ നമ്മള് ഇനിയും വൈകും. വേഗം ഡ്രസ് മാറാം. ആ വലതുകാലൊന്നു ഉയർത്തിപ്പിടിച്ചെ...’’ അവൾ അയാളെ ജട്ടിയിടീച്ചു. അയേൺ ചെയ്തുെവച്ച പാന്റും ഷർട്ടും ധരിപ്പിച്ചു.
അപ്പോഴൊക്കെ അയാൾ അവളുടെ മുഖത്തുതന്നെ തുറിച്ചുനോക്കി. സിബ് കയറ്റിയിട്ട് നേരെനിന്ന അവളുടെ നെറ്റിയിൽ അയാൾ ഉമ്മെവച്ചു. വാച്ചും കണ്ണടയും കെട്ടിക്കൊടുത്ത് മുടിചീകി. ഒരിക്കൽകൂടി മീര അയാളുടെ മുഖത്ത് നോക്കി. രാവിലെ ഗുളിക കൊടുത്ത് ഉറക്കാൻ കിടത്തും മുമ്പ് കറുപ്പുതേച്ച മീശയിൽ കഴുകിയിട്ടും ഒട്ടിനിന്ന കറുപ്പ് തോർത്തുകൊണ്ട് ശ്രദ്ധാപൂർവം തുടച്ച് അവൾ അയാളുടെ മുഖത്ത് പൗഡറിട്ടു. ‘‘അമ്മച്ചിയും ചാച്ചനും..?’’ അയാൾ ഷർട്ടിന്റെ കോളർ നേരെയാക്കി. ‘‘എനിക്ക് ജോലി കിട്ടിയിട്ടും അമ്മച്ചിയും ചാച്ചനും പാടത്ത് പണിക്കു പോകുന്നത് എന്തിനാ...’’ അയാൾക്ക് ദേഷ്യംവന്നു. ‘‘അതിപ്പോൾ അവരോട് നമ്മൾ... നൂറ് വട്ടം പറഞ്ഞതല്ലേ. കേൾക്കണ്ടേ...’’ മീര അയാളുടെ കൈപിടിച്ച് മെല്ലേ നടന്നു.
ഹാളിലെ ഭിത്തിയിൽ തൂക്കിയിട്ട മൺമറഞ്ഞ അച്ഛന്റെയും അമ്മയുടെയും ഫോട്ടോക്ക് മുന്നിലൂടെ ഉമ്മറവാതിൽ തുറന്നു. ഉള്ളിലെവിടെയോ വേദനയുടെ കടച്ചിൽ. അവൾ അയാളെ ഷൂ ഇടീച്ച് കാറിലേക്ക് കയറ്റി മുൻസീറ്റിലിരുത്തി സീറ്റ് ബെൽറ്റിട്ടു. തിടുക്കത്തിൽ ഉമ്മറവാതിൽ അടച്ചിട്ട് മുറ്റത്ത് അങ്ങിങ്ങായി കിടന്ന പാത്രങ്ങളും ബക്കറ്റുമെടുത്ത് പിന്നാമ്പുറത്തേക്ക് െവച്ചു. ഈ അണ്ണാച്ചികളെക്കൊണ്ട് വലിയ ശല്യമാ. അടച്ചിട്ട വീടാന്ന് കണ്ടാൽ എല്ലാം എടുത്തുകൊണ്ടുപോകും, അവൾ പിറുപിറുത്തുകൊണ്ട് ഉമ്മറത്തേക്ക് ഓടി.
കാറിന്റെ ഡ്രൈവർ സീറ്റിലിരുന്ന്, കണ്ണടച്ച് ആഴത്തിലുള്ള ശ്വാസമെടുത്ത് അവൾ സ്‌റ്റാർട്ടാക്കി. അയാൾ അവളുടെ തലയിലെ പാരിജാതപ്പൂവിലേക്ക് കൈനീട്ടി. അതിലോലമായ അതിന്റെ വെള്ള ഇതളുകൾ. അയാളുടെ മുഖംവിരിഞ്ഞു. കാർ പോർച്ചിൽനിന്നും റോഡിലേക്ക് ഇറങ്ങി. പുറത്തുള്ള കാഴ്‌ചകളിൽ കണ്ണുനട്ടിരിക്കുന്ന അയാളിൽ മീര പഴയ ഡേവിഡിനെ തെരഞ്ഞു.
‘‘നമ്മൾ എവിടേക്കാണ് പോകുന്നതെന്നറിയാമോ?’’ മീര മൃദുവായി ചോദിച്ചു. അവളുടെ കണ്ണുകളിൽ പൂക്കൾ നിറയുന്നതും അവളുടെ തലയിലെ പാരിജാതപ്പൂക്കളിൽനിന്ന് പൂമ്പാറ്റകൾ പറക്കുന്നതും കണ്ടപ്പോൾ അയാൾക്ക് ചിരിവന്നു. ആ ചാരക്കണ്ണുകൾക്ക് പഴയതുപോലെ തിളക്കമില്ല. മീര ഓർത്തു. പക്ഷേ, മീര പുഞ്ചിരിച്ചപ്പോൾ ആ കണ്ണുകൾ തിളങ്ങിയോ. പ്രകാശം തന്റെ ഹൃദയത്തെ കുളിർപ്പിക്കുന്നതായി മീരക്കു തോന്നി. ആ പുഞ്ചിരിക്കു വേണ്ടിയാണ് ഇന്നീ വേഷം കെട്ടിയത്. മീരയെ അന്വേഷിക്കാൻ തുടങ്ങിയിട്ട് കുറച്ചുദിവസങ്ങളായി. അടച്ചിട്ട മുറിയിൽ ഇടക്കിടെ ജാലകത്തിലൂടെ പുറത്തേക്ക് നോക്കി അവൾ ഇപ്പോൾ വരുമെന്ന് പറയും. ഇടക്ക് കരയും.
നിന്റെ മീര ഞാനാണെന്ന് നൂറുവട്ടം പറഞ്ഞിട്ടും അയാൾ വിശ്വസിച്ചില്ല. ഒടുവിൽ പഴയ മീരയിലേക്ക് എനിക്ക് പാരിജാതപ്പൂവ് ചൂടി വരേണ്ടിവന്നു. റിട്ടയർമെന്റ് ആകുന്നതിന്റെ ഒരു വർഷം മുമ്പാണ് ഡേവിയുടെ ഓർമപ്പാളികളിൽ കറുപ്പ് പതിഞ്ഞുതുടങ്ങിയത്. ഒരു രാത്രി പേഴ്‌സിൽ പണം മടക്കിെവച്ചുകൊണ്ടിരുന്നു. മണിക്കൂറുകളോളം അതുതന്നെ തുടർന്നപ്പോൾ ആദ്യം ചിരിയാണ് വന്നത്. നിങ്ങൾക്കെന്താ വട്ടായോ എന്നു ചോദിച്ചിട്ടും ഭാവവ്യത്യാസമുണ്ടായില്ല.
വീണ്ടും ഉറക്കത്തിലേക്ക് വീണ ഞാൻ പുലർച്ചെ എഴുന്നേറ്റപ്പോഴും പേഴ്‌സിൽ പൈസ മടക്കിവെക്കുകയും വീണ്ടും നിവർത്തിവെക്കുകയും ചെയ്യുകയായിരുന്നു ഡേവി. എന്തുപറ്റി ഡേവി എന്നു ശക്തിയിൽ കുലുക്കി ചോദിച്ചപ്പോൾ സ്വബോധത്തിലേക്ക് എന്നപോലെ ഞെട്ടിവീണ് ഒന്നുമില്ല എന്നുപറഞ്ഞ് പേഴ്‌സ് മേശയിൽവച്ച് എന്നെ കെട്ടിപ്പിടിച്ചു കിടന്നു. പിറ്റേദിവസം പതിവുപോലെ എനിക്കൊപ്പം ഡേവിയും സ്‌കൂളിലേക്ക് വന്നു. രണ്ടുദിവസം പ്രശ്‌നമൊന്നുമുണ്ടായില്ല.
ഒരുദിവസം മീൻവാങ്ങാൻ പോയ ആൾ വെറുംകയ്യോടെ തിരികെ വന്നു. മീനെവിടെ എന്നു ചോദിച്ചപ്പോൾ പരുങ്ങിനിന്നു. പുറത്തു കോളിങ് ബെൽ കേട്ടു തുറന്നപ്പോൾ ഓട്ടോഡ്രൈവർ. ‘‘ഈ അച്ചായന്റെ ഒരു കാര്യം... മീൻ ഓട്ടോയിൽ െവച്ചു മറന്നു. ഞാൻ തിരിച്ചു ടൗണിലെത്തിയപ്പോഴാണ് കണ്ടത്.’’ മീൻകൂട് ഏൽപ്പിച്ച് ഡ്രൈവർ മടങ്ങി. അന്ന് എന്റെ നോട്ടത്തിന് ദയനീയമായ മറുനോട്ടമായിരുന്നു മറുപടി. ഒന്നും മിണ്ടാതെ അടുക്കളത്തിണ്ണയിൽ ഞാൻ മീൻമുറിക്കുന്നതും കൂട്ടാൻ വെക്കുന്നതും ചപ്പാത്തി പരത്തുന്നതും നോക്കിയിരുന്നു.
ഫോണിൽ ലണ്ടനിൽനിന്നും മകൻ വിളിച്ചപ്പോഴും സംസാരിക്കാൻ വലിയ താൽപര്യം കാണിച്ചില്ല. സാധാരണ കോൾ വരുമ്പോൾ പേരക്കുട്ടി കുഞ്ഞൂട്ടനെ അന്വേഷിക്കുകയും അവന്റെ കലപില കേട്ട് ചിരിക്കുകയും ചെയ്‌തിരുന്ന ആൾ നിന്റെ മക്കളെവിടെ എന്നാണ് ചോദിച്ചത്. കുഞ്ഞൂട്ടൻ എന്ന പേര് മറന്നിരിക്കുന്നു. ഒരുദിവസം മതി എല്ലാം മറക്കാൻ! ഇനി പപ്പയെ തനിച്ച് പുറത്തുവിടല്ലേ എന്നു ചട്ടംകെട്ടി മകൻ നഗരത്തിലെ വലിയ ആശുപത്രിയിൽ കൊണ്ടുപോകാൻ പറഞ്ഞു. ഡോക്ടർ കാര്യങ്ങൾ പറഞ്ഞപ്പോൾ തന്മാത്ര എന്ന സിനിമയാണ് ഓർമവന്നത്.
അതിലെ മോഹൻലാലായി ഡേവി മാറുകയാണോ എന്ന ചിന്ത, ഭയം നിറച്ചു. വളന്റിയറി റിട്ടയർമെന്റ് എടുക്കാൻ സ്‌കൂൾ ഹെഡ്‌മാഷ് പറഞ്ഞെങ്കിലും ഒരു വർഷംകൂടിയല്ലേയുള്ളൂ എന്നുകരുതി ഞാൻ കാറു പഠിച്ച് സ്കൂളിലെത്തിച്ചു. രണ്ടുപേരും ഇംഗ്ലീഷ് മെയിൻ ആയതിനാൽ ഡേവിയുടെ ക്ലാസുംകൂടി ഞാനെടുത്തു. സ്‌കൂളിലെത്തിയാൽ ഒരു കുഞ്ഞിനെ പോലെ എനിക്കുചുറ്റും ഡേവി ചുറ്റിപ്പറ്റി. ഞാൻ ക്ലാസുകളിലേക്ക് പോകുമ്പോൾ ഏതെങ്കിലും അധ്യാപകനെ കൂട്ടിരുത്തി. അവരോടെല്ലാം ചിരിക്കുക മാത്രംചെയ്‌ത് എവിടെയെങ്കിലും കൂനിക്കൂടിയിരുന്നു.
ഡേവിക്ക് യാത്രയയപ്പ് സമ്മേളനം വേണ്ട എന്നായിരുന്നു എന്റെ തീരുമാനം. അന്നു രാത്രി ഉറക്കംവന്നില്ല. നാളെ മുതൽ ഡേവിയെ എല്ലാ ദിവസവും സ്‌കൂളിൽ കൊണ്ടുപോകാൻ കഴിയില്ല. എന്ത് ചെയ്യും? മകൻ കൊച്ചിയിൽ മറ്റോ ഐ.ടി കമ്പനിയിലേക്ക് ജോലി മാറിയാൽ ഒരാശ്വാസമാകുമല്ലോ. അപ്പോൾ തന്നെ അവനെ വിളിച്ചു. ‘‘മമ്മയെന്താ പറയുന്നേ, ഇത്രയും സാലറി അവിടെ കിട്ടുമോ? ആനിക്കും ഇവിടെയല്ലേ ജോലി. കുഞ്ഞൂട്ടനെ അടുത്തവർഷം ഇവിടെ നഴ്‌സറിയിൽ വിടാം എന്നാ കരുതുന്നത്.
മാത്രമല്ല, നമ്മുടെ രാജ്യം ജീവിക്കാൻ അത്ര സേഫ് അല്ല. അവിടുത്തെ ചാണകംനിറഞ്ഞ വായുവിൽ ശ്വാസംമുട്ടും. പണമുള്ളവരെല്ലാം കുറ്റിയും പറിച്ച് യൂറോപ്പിലേക്കും ഇവിടേക്കും വരികയാണ്.’’ ഈ ചോദ്യം എന്നേ പ്രതീക്ഷിച്ചതുപോലെ വിഷ്‌ണു ലാഘവത്തോടെ ഉത്തരമെറിഞ്ഞു. പിന്നെ അവനോട് ഒരാവശ്യവും പറഞ്ഞിട്ടില്ല. ലൗ മാരേജ് ആയതുകൊണ്ട് തന്റെ വീട്ടിൽനിന്നും ഒരു സഹായവും കിട്ടില്ല.
പത്തു മുപ്പത്തിയഞ്ച് വർഷമായിട്ടും നേരെയായിട്ടില്ല. ഡേവിയുടെ വീട്ടുകാരും അങ്ങനെതന്നെ. ഹോംനേഴ്‌സിനെ വെച്ചാൽ ശരിയാകില്ല. അവരുടെ കണ്ണുതെറ്റിയാൽ എവിടേക്ക് എങ്കിലും ഇറങ്ങി പോയാലോ? അത്തരം അനുഭവങ്ങൾ പലരും പറഞ്ഞുകേട്ടിട്ടുണ്ട്. പിറ്റേദിവസം ഡേവിസിനെ കാറിൽ സ്‌കൂളിലെ ഗ്രൗണ്ടിലിരുത്തി ഹെഡ്‌മാസ്‌റ്ററുടെ മുറിയിലെത്തി. എഴുതിെവച്ച കുറിപ്പ് നൽകി. ഒരു ഞെട്ടലോടെ കണ്ണെടുത്ത ഹെഡ്‌മാസ്‌റ്റർ അതുവേണോ മീര എന്ന ചോദ്യമെറിഞ്ഞു. ‘‘നിനക്ക് ഇനിയും നാലഞ്ച് വർഷം സർവീസ് ഉള്ളതല്ലേ. എന്തിനാ ഇപ്പോൾ...’’ ഹെഡ്‌മാഷ് കണ്ണട നേരെയാക്കി. മറുപടിയായി ഒരു ചെറുചിരിയെറിഞ്ഞ് മടങ്ങുകയായിരുന്നു.
മീര കാർ പൊരിവെയിലിലൂടെ ഓടിച്ചു. തീരദേശ റോഡിലെത്തിയപ്പോൾ അയാൾ പുറംകാഴ്‌ചകളിൽ തലെവച്ചിരുന്നു. കടലും കടൽതീരവും ആളുകളും. തണലുള്ള ഭാഗത്ത് കാർ ഒതുക്കി മീര അയാളുടെ തണുത്ത വിരലുകളിൽ പിടിച്ചു. അയാൾ അപ്പോഴും പുറംകാഴ്‌ചകളിലായിരുന്നു. ‘‘ഡേവി...’’ അവൾ വിളിച്ചെങ്കിലും അയാൾ മറ്റേതോ ലോകത്തായിരുന്നു.
‘‘നമുക്ക് ഒന്ന് നടന്നാലോ?’’ അവൾ കാറിന്റെ ഡോർ തുറന്ന് പുറത്തിറങ്ങി. സീറ്റ് ബെൽറ്റിൽനിന്നും അയാളെ സ്വതന്ത്രനാക്കി കൈപിടിച്ച് എഴുന്നേൽപ്പിച്ചു.
‘‘നമ്മൾ എവിടേക്കാണ്?’’ അയാൾ അവളുടെ കൈയിൽ മുറുകെ പിടിച്ചു.
‘‘നിങ്ങൾക്ക് ഇഷ്‌ടമുള്ളിടത്ത്.’’ അവൾ ദുർബലമായ ആ തോളിൽ ചാരാൻ വെറുതെ മോഹിച്ചു. പള്ളിക്കു മുന്നിലൂടെയുള്ള നീണ്ട മണൽത്തിട്ടയിലൂടെ അവർ ബീച്ചിലേക്ക് നടന്നു. അയാളുടെ മെല്ലെയുള്ള നടത്തത്തിനനുസരിച്ച് അവളുടെ കാലുകളും പതിയെ മണൽത്തിട്ടയിൽ പതിഞ്ഞു.
‘‘നിങ്ങളീ വെയിലത്ത് എന്തിനാ?’’ തട്ടുകടയിൽ പാത്രങ്ങൾ കഴുകുകയായിരുന്ന സ്‌ത്രീ വിളിച്ചു.
‘‘ഞങ്ങൾ ഈ കടൽക്കാറ്റ് കൊള്ളാൻ...’’ മീര മണൽതിട്ടയിൽ കാൽ കുതറിപ്പോയ അയാളെ ചേർത്തുപിടിച്ചു. സ്ത്രീ പുഞ്ചിരിച്ചു.
നട്ടുച്ചയിലും കടൽ മനോഹരമായിരുന്നു. ഇരുട്ടും തണലുമായി എത്രവർഷമായി ആ വീട്ടിൽ. ഈ വെയിൽ ഇപ്പോൾ ആശ്വാസമാണ്. പള്ളിയുടെ മേൽക്കൂരയിലെ ഭീമാകാരമായ യേശുദേവന്റെ പ്രതിമയിൽ ഇരുന്ന് പ്രാവുകൾ കുറുകുന്നു. അവർ ഭിത്തിയിലൊരുക്കിയ ഷെൽഫുപോലുള്ള സെമിത്തേരിക്ക് സമീപത്തുകൂടി നടന്നു. അയാൾ ഒരുനിമിഷം നിശ്ചലനായി.
മീര ഭിത്തികളിൽ നോക്കി. ഭിത്തിയിലേക്ക് തള്ളിെവച്ച ഓരോ വലിപ്പുകൾക്കു മുകളിലും മരിച്ചവരുടെ പേരും ജനനവിവരവും മരണവിവരവും. ചിലതിൽ മാലയിട്ട് അലങ്കരിച്ചിരിക്കുന്നു. മെഴുകുതിരി കുത്തിയൊലിച്ച പാടുകൾ. ഉള്ളിലെന്തോ അസ്വസ്ഥത കുമിഞ്ഞപ്പോൾ അവൾ അയാളുടെ കൈപിടിച്ചു വലിച്ച് ബീച്ചിലേക്ക് നടന്നു. മറ്റാരുമില്ല. കത്തുന്ന വെയിലിലും വർണാഭമായ തിരകളെ തേടി. പണ്ട് കോളേജ് പഠനകാലത്ത് ഡേവിസ് ഇഷ്‌ടം പറഞ്ഞതിന്റെ പിറ്റേന്നാണ് ഈ ബീച്ചിൽ ആദ്യമായി വന്നത്. ജീവിതത്തിൽ പല നിർണായക തീരുമാനങ്ങൾക്കും സാക്ഷിയായ കടൽ. ഉച്ചക്കാറ്റിൽ തലമുടി പാറാൻ തുടങ്ങി. ബാഗിൽ സൂക്ഷിച്ച സൺഗ്ലാസെടുത്ത് അയാളുടെ മുഖത്തെ കണ്ണട മാറ്റി.
‘‘താങ്ക്യു മീര’’, അയാൾ അവളുടെ മുടി ഒതുക്കി. ‘‘നീ എത്ര സുന്ദരിയാണ്.’’ ഒരു വെളിപാടുപോലെ അയാളുടെ വാക്കുകൾ, മീരക്ക് ആഹ്ലാദത്താൽ ശ്വാസംമുട്ടി. അയാൾ സാരിത്തലപ്പെടുത്ത് അവളുടെ തലയിലേക്കിട്ടപ്പോൾ അവളുടെ കണ്ണു നിറഞ്ഞു.
‘‘നിങ്ങൾക്ക് ശരിക്കും എന്നെ അറിയാമോ?’’ പാതിശബ്ദം മുറിഞ്ഞ് അവൾ ഡേവിസിന്റെ കണ്ണുകളിലേക്ക് നോക്കി. അയാൾ തലയാട്ടി. ‘‘എനിക്ക് നിങ്ങളെ എങ്ങനെ അറിയാം?’’ മറുചോദ്യമുന്നയിക്കുമ്പോൾ അവൾ കത്തുന്ന സൂര്യനെ അഭിമുഖീകരിച്ചു.
‘‘ഞാൻ നിങ്ങളുടെ ഭാര്യയാണ്.’’ അയാളുടെ പുരികങ്ങൾ ചോദ്യചിഹ്നമായി. ‘‘റിയലി?’’ “റിയലി?” മീര തറപ്പിച്ചു. പൊടുന്നനെ അട്ടിമാറിയപോലെ അയാളുടെ ചോദ്യം, ‘‘എന്താണ് നിങ്ങളുടെ പേര്?’’ ദീർഘമായ ഒരു നിശ്വാസത്തോടെ അവൾ പേര് പറഞ്ഞു. ‘‘എന്റെ പേര് മീര.’’
‘‘മീര?’’ അയാൾ ഉരുവിട്ടു. ‘‘മീര ആരാണ്?’’ മറുചോദ്യമെറിഞ്ഞുകൊണ്ട് അവളുടെ മുഖത്ത് നോക്കി. കണ്ണുകൾ കലങ്ങിയിരുന്നു. ‘‘ഞാൻ ആരാണ്?’’ ചുണ്ടുകൾ വിറച്ചു.
‘‘എന്റെ ഡേവി, ഡേവിഡ്, നിങ്ങളാണ് എന്റെ ഭർത്താവ്.’’ ഇനിയൊരു ചോദ്യം വേണ്ടെന്ന് ഉറപ്പിച്ച് അവൾ മുഖംതിരിച്ചു. ഭീതിയോടെയും അവിശ്വാസത്തോടെയും അയാൾ ശൂന്യതയിലേക്ക് എന്നപോലെ അവളെ നോക്കി. ‘‘എന്തുകൊണ്ടാണ് എനിക്കൊന്നും ഓർമയില്ലാത്തത്?’’ വിറയലോടെ അയാൾ മീരയുടെ കൈവിരലുകളിൽ കോർത്തു.
‘‘അതു സാരമില്ല, നിങ്ങൾ എന്നെയും നമ്മുടെ മകനെയും, സഹോദരങ്ങളേയും അമ്മച്ചിയേയും ചാച്ചനേയും അവർക്ക് വേണ്ടാഞ്ഞിട്ടും പൊന്നുപോലെ നോക്കി, നിങ്ങൾക്ക് ഓർക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു. ഇന്നിപ്പോൾ നിങ്ങളുടെ ഓർമകൾകൂടി എനിക്കുണ്ടല്ലോ...’’ മീര അയാളുടെ കൈവിരലുകൾ മുറുക്കിപ്പിടിച്ചു. അയാൾ തലയാട്ടി. ‘‘പക്ഷേ എനിക്ക് നിന്നെ അറിയില്ല.’’ അതു കേട്ടതും മീര കൈവിരലുകൾ സ്വതന്ത്രമാക്കി മുന്നോട്ടുനടന്നു.
ഒരുനിമിഷം താൻ മുങ്ങിപ്പോകുന്ന ഏകാന്തതയുടെ ചുഴി മീര കുടഞ്ഞെറിഞ്ഞു. ഇന്ന് മനോഹരമായ ഒരു ദിവസമാക്കണം എന്നുറപ്പിച്ചാണ് വീട്ടിൽനിന്ന് ഇറങ്ങിയത്. വഴിതെറ്റിയ ഒരു കൊച്ചുകുട്ടിയെ പോലെ അയാൾ ചുറ്റിലും നോക്കി. അവൾ ഒരുനിമിഷം കണ്ണുകൾ അടച്ച് ശാന്തയായി. അയാളുടെ അടുത്തേക്ക് മടങ്ങി. കൈപിടിച്ച് തിരികെ നടന്നു. കാറിന്റെ ഡോർ തുറന്ന് മുൻസീറ്റിൽ പിടിച്ചിരുത്തി.
കാർ മടങ്ങി വീട്ടിലെത്തുമ്പോഴേക്കും മകന്റെ വിളി വന്നിരുന്നു. എടുക്കാൻ തോന്നിയില്ല. അവനിപ്പോൾ പപ്പയെ ഔട്ടിങ്ങിന് കൊണ്ടുപോയപ്പോഴുള്ള വിശേഷങ്ങൾ ചോദിക്കും. പപ്പ കടൽ കാണുന്നതും നടക്കുന്നതും ഫോട്ടോ ആയും വീഡിയോ ആയും പകർത്തണമെന്ന് ചട്ടംകെട്ടിയിരുന്നു.
ഒന്നും എടുത്തിട്ടില്ല. മുഖംവീർപ്പിക്കാൻ അതുമതി. കാറിൽനിന്നും പുറത്തിറങ്ങി വാതിൽ തുറന്ന് അയാളെ വീടിനകത്താക്കി മീര വാതിലടച്ചു. ഫോണെടുത്ത് ഭക്ഷണത്തിന് ഓർഡർചെയ്‌തു വസ്‌ത്രങ്ങൾ അഴിച്ചുമാറ്റി. തലയിലെ പാരിജാതപ്പൂ എടുത്തുമാറ്റാൻ തുടങ്ങിയെങ്കിലും വീണ്ടും അത് അവിടെതന്നെ െവച്ചു. അവൾ അയാളുടെ മുറിയിലേക്ക് നടന്നു. കട്ടിലിൽ അടുത്തിരുന്ന് ട്രൗസറും ടീഷർട്ടും ധരിപ്പിച്ചു. അയാളുടെ നര കയറിയ നെഞ്ചിൽ അവൾ കുരിശു വരച്ചു. അവിടെ മുഖമാഴ്‌ത്തി ഏറെ നേരം കിടന്നു.
‘‘നമുക്ക് കുട്ടികളുണ്ടോ?’’ അയാളുടെ ചോദ്യത്തിൽ പതറി അവളുടെ ഹൃദയം തകർന്നു. ‘‘ഒരു മകനില്ലേ വിഷ്‌ണു. അവന്റെ മകനില്ലേ കുഞ്ഞൂട്ടൻ’’, അവൾ പിടഞ്ഞു. കുഞ്ഞൂട്ടൻ... കുഞ്ഞൂട്ടൻ... അയാളുടെ മുഖം വിടർന്നു. കുഞ്ഞൂട്ടൻ ആരാ? അയാളുടെ മുഖം ഇരുണ്ടു. പുറത്തു കോളിങ് ബെൽ... മീര എഴുന്നേറ്റ് ഭക്ഷണവുമായി എത്തുന്ന പയ്യനെ പ്രതീക്ഷിച്ച് ഉമ്മറത്തേക്ക് നടന്നു. ഭക്ഷണം വാരിക്കൊടുത്ത്, ഉച്ചക്കത്തെ മരുന്ന് കൊടുത്ത്, ഡേവിയെ കട്ടിലിൽ കിടത്തി. അവൾ പതിവുപോലെ അയാൾക്ക് ഏറ്റവും ഇഷ്‌ടമുണ്ടായിരുന്ന, അയാൾ എപ്പോഴും മൂളിക്കൊണ്ടിരുന്ന പാട്ടു പാടി.
‘‘ആയിരം കണ്ണുമായ്
കാത്തിരുന്നൂ നിന്നെ ഞാൻ
എന്നിൽനിന്നും പറന്നകന്നൊരു
പൈങ്കിളീ മലർ തേൻകിളീ
പൈങ്കിളീ മലർ തേൻകിളീ...’’
അവൾക്കൊപ്പം അയാളുടെ ചുണ്ടുകളും ഇളകിത്തുടങ്ങി. മീരയുടെ കണ്ണുകളിലേക്ക് നോക്കുമ്പോൾ അയാളുടെ ചാരക്കണ്ണുകൾ തിളങ്ങി.
‘‘തെന്നലുമ്മകളേകിയോ
കുഞ്ഞു തുമ്പി തംബുരു മീട്ടിയോ
ഉള്ളിലേ മാമയിൽ നീല പീലികൾ വീശിയോ
എന്റെ ഓർമയിൽ പൂത്തുനിന്നൊരു
മഞ്ഞ മന്ദാരമേ...
എന്നിൽനിന്നും പറന്നുപോയൊരു
ജീവചൈതന്യമേ...’’
പാട്ടിൽ ഉറക്കിലേക്ക് വഴുതിവീണ അയാളുടെ ചുളിഞ്ഞ നെറ്റിയിൽ മൃദുവായൊരു ഉമ്മ നൽകി മീര കുറേ നേരം കിടന്നു.
വൈകിട്ട് വീൽചെയറിൽ ലോക്കാക്കി അയാളെ ഉമ്മറത്തുകൊണ്ടിരുത്തി. റോഡിലേക്ക് ആരെയോ പ്രതീക്ഷിച്ച് അയാൾ കണ്ണുനട്ടു. വൈകിട്ട് കത്തിച്ചുവെക്കാനുള്ള നിലവിളക്കും പൂജാമുറിയിലേക്കുള്ള പുഷ്‌പങ്ങളും ഒരുക്കുമ്പോൾ അവൾ ഇടക്കിടെ അയാളെ പാളിനോക്കി.
മുറ്റമടിച്ചും ചെടിക്കു വെള്ളമൊഴിച്ചും കഴിഞ്ഞപ്പോൾ മീര അയാളുടെ അടുത്തേക്ക് വന്നു. ‘‘കൊല്ലൻ ചന്തുക്കുട്ടി എപ്പഴാ വരിക?’’ അയാൾ ചോദിച്ചു. ‘‘എന്തിനാണിപ്പോൾ ചന്തുക്കുട്ടി വരുന്നത്..?’’ അവൾ അടുത്തിരുന്നു. ‘‘അമ്മച്ചി രാവിലെ പോകുമ്പോൾ പറഞ്ഞതല്ലേ അരിവാളിനും വാക്കത്തിക്കും മൂർച്ചയില്ലെന്ന്. ചന്തുക്കുട്ടി വരുമ്പോൾ അത് അണച്ച് വെക്കണമെന്ന്, നീ അത് മറന്നോ?’’ അയാളുടെ ശബ്ദത്തിന്റെ മൂർച്ചയിൽ അവളുടെ കാതു തുളഞ്ഞു.
‘‘ചന്തുക്കുട്ടി വരുമ്പോൾ ഞാൻ വിളിക്കാം, ഇപ്പോൾ അകത്തേക്ക് പോകാം.’’ അവൾ വീൽചെയർ തള്ളി. ‘‘ചന്തുക്കുട്ടി... ചന്തുക്കുട്ടി...’’ അയാൾ പിറുപിറുത്തു. അന്ന് രാത്രി മുറിയുടെ ജാലകപാളി അടക്കാൻ അനുവദിച്ചില്ല. ‘‘ചന്തുക്കുട്ടി വരുന്നത് കാണില്ല. അത് അടക്കേണ്ട.’’ ഓരോ തവണ അടക്കാൻ തുടങ്ങുമ്പോഴും അയാൾ വലിയ ശബ്ദത്തിൽ തടസ്സംനിന്ന് പുറത്തെ ഇരുട്ടിൽ ചന്തുക്കുട്ടിയെ തേടി.
ഫോണടിച്ചു. മകൻ വിഷ്‌ണുവാണ്. മീര ഫോണെടുത്തു. ‘‘മമ്മാ ഔട്ടിങ് കഴിഞ്ഞ് എത്തിയിട്ട് എന്താ വിളിക്കാഞ്ഞത്..?’’ മീര ഒന്നും മിണ്ടിയില്ല. ‘‘പിന്നെ, പപ്പ കിടക്കുന്ന ജാലകത്തിന്റെ ഒരു പാളി അടച്ചിട്ടില്ല. ഗേറ്റിലെ ലൈറ്റിടാൻ മറക്കേണ്ട. അവിടത്തെ സി.സി ക്യാമറയിൽ ഒന്നും കാണുന്നില്ല.’’ അവൻ പറഞ്ഞതിനെല്ലാം ഒന്നു മൂളി മീര ഫോൺ കട്ടാക്കി. ‘‘ചന്തുക്കുട്ടി വന്നോ?’’ അയാൾ എഴുന്നേറ്റിരുന്ന് ജാലകത്തിന് പുറത്തേക്ക് നോക്കി. പത്തു പതിനഞ്ച് വർഷം മുമ്പ് മരിച്ച ചന്തുക്കുട്ടിയാകാൻ തനിക്ക് കഴിയുമോ എന്ന ആശങ്കയോടെ മീര മുറിയിലെ ലൈറ്റണച്ചു. മുറിയിൽനിന്ന് പാരിജാതത്തിന്റെ മണം തുറന്നിട്ട ജാലകംവഴി പുറത്തേക്ക് ഇറങ്ങി.