അടികൊണ്ട സഖാവ്
‘വിളിച്ചാൽ വിളി കേൾക്കുന്ന ദൈവം’ എന്ന പരസ്യവാചകമുള്ള പോസ്റ്റർ കണ്ടപ്പോൾ അടികൊണ്ട സഖാവിന് അത്ഭുതം അടക്കാനായില്ല. ആശ്ചര്യമായിരിക്കുന്നു! പറ്റിക്കാൻ പറയുന്നതായിരിക്കുമോ? അങ്ങനെ വരില്ല. ഇത്രേം വലിയ നുണ പരസ്യപ്പെടുത്താൻ ആർക്കാണ് ധൈര്യം വരിക. അതും നമ്മുടെ തുടർഭരണം നടക്കുന്ന ഈ കൊച്ചു കേരളത്തിൽ. സത്യത്തിൽ വലിയ കേരളമാണ്. കൊച്ചു ക്യൂബ എന്ന് കേട്ട് കേട്ട് കൊച്ചിനെ വെറുതെ ഇട്ടതാണ്. ഊരും പേരും ഇല്ലാത്ത നോട്ടീസ് അല്ല. വിലാസവും ഫോൺനമ്പരും ഒക്കെ ഉണ്ട്....
Your Subscription Supports Independent Journalism
View Plans‘വിളിച്ചാൽ വിളി കേൾക്കുന്ന ദൈവം’ എന്ന പരസ്യവാചകമുള്ള പോസ്റ്റർ കണ്ടപ്പോൾ അടികൊണ്ട സഖാവിന് അത്ഭുതം അടക്കാനായില്ല. ആശ്ചര്യമായിരിക്കുന്നു! പറ്റിക്കാൻ പറയുന്നതായിരിക്കുമോ? അങ്ങനെ വരില്ല. ഇത്രേം വലിയ നുണ പരസ്യപ്പെടുത്താൻ ആർക്കാണ് ധൈര്യം വരിക. അതും നമ്മുടെ തുടർഭരണം നടക്കുന്ന ഈ കൊച്ചു കേരളത്തിൽ. സത്യത്തിൽ വലിയ കേരളമാണ്. കൊച്ചു ക്യൂബ എന്ന് കേട്ട് കേട്ട് കൊച്ചിനെ വെറുതെ ഇട്ടതാണ്. ഊരും പേരും ഇല്ലാത്ത നോട്ടീസ് അല്ല. വിലാസവും ഫോൺനമ്പരും ഒക്കെ ഉണ്ട്.
നമ്മുടെ ഗ്രാമത്തിൽ ധാരാളം ദേവതകൾ ഉണ്ട്. മാടൻ, മറുത, കാളി, ത്രിപുരസുന്ദരി, ഭുവനേശ്വരി, ഭൈരവി, ദുർഗ, പശുപതി, വീരഭദ്രൻ, ശ്രീവല്ലഭൻ, പത്മാവതി, പരശുരാമൻ, വിരൂപാക്ഷൻ, കടുത്തസ്വാമി, കുബേരൻ,ചാമുണ്ഡി, ദക്ഷൻ, മാരിയമ്മൻ. പക്ഷേ അവരാരും വിളിച്ചാൽ വിളികേൾക്കുന്നതായി പറഞ്ഞു കേട്ടിട്ടില്ല. പരസ്യവും കണ്ടിട്ടില്ല. വിളികേൾക്കുന്ന ദൈവത്തിന്റെ അമ്പലം മുപ്പത്തഞ്ചു കിലോമീറ്റർ ദൂരെയാണ്. ഒന്നര മണിക്കൂർ ബസിലിരുന്ന് കുലുങ്ങിയാലും വേണ്ടില്ല; വിളി കേൾപ്പിച്ചിട്ട് തന്നെ കാര്യം.
ബസിറങ്ങിയപ്പം മണി പതിനൊന്നരയായി. പത്തിരുപത്തഞ്ചു വാനുകൾ, കാക്കത്തൊള്ളായിരം കാറുകൾ, തോനെ ഓട്ടോറിക്ഷകൾ, പീപ്പിയും പൊട്ടും വിൽക്കുന്ന കടകൾ, ജിലേബിയുടെ അനിയനും ചേട്ടനും കുഞ്ഞമ്മയും ഒക്കെ ആണെന്ന് തോന്നുന്ന തേനുറുഞ്ചി പലഹാരങ്ങളുടെ എക്സ് ക്ലൂസിവ് ഷോറൂമുകൾ, പിച്ചക്കാർ, ലോട്ടറിക്കാർ എന്നിവ താണ്ടി പുറംമതിലിൽ എത്തിയപ്പോൾ ഇരുമ്പഴിക്കൂട്ടിൽ ഏതാനും കാലൻകോഴികൾ. ഒന്നിനും മിണ്ടാട്ടമില്ല. വിളിച്ചാൽ ആരും വിളി കേൾക്കാനില്ലാത്ത നമ്മുടെ അയലുവക്കത്തെ പൂവന്മാർ നെലോളിച്ച് ചെവിതല കേൾപ്പിക്കത്തില്ല.
കോൺഗ്രസുകാരനും പണ്ണേരുമായ ത്രിവിക്രമൻ സാറ് കപ്പ നട്ടിരിക്കുന്ന പറമ്പിൽ എലിവിഷം െവച്ചിട്ട് നമ്മുടെ രാജൻ സഖാവിന്റെ നാല് പൂവൻകോഴികൾ ചത്ത സംഭവത്തിലാണ് ആദ്യമായി അടികൊണ്ടത്. രാജന്റെ പെണ്ടാട്ടിയെയും വിളിച്ച് മട്ടുപ്പാവിന്റെ ഗേറ്റ് ചവിട്ടിത്തുറന്ന് ചത്ത കോഴികളെ തുളസിത്തറയിലേക്ക് വലിച്ചെറിഞ്ഞിട്ട് ‘‘പുഴുങ്ങിത്തിന്നെടാ നാറീ” എന്നലറി. ലങ്ങേരെ ഭാര്യയാണ് കതകു തുറന്നത്. പെട്ടെന്ന് രാജന്റെ പെണ്ടാട്ടി ചീല പൊക്കിക്കാണിച്ചു കളഞ്ഞു. അത് പാർട്ടി പ്ലീനത്തിൽ പറഞ്ഞിട്ടുള്ളതല്ല.
പക്ഷേ, അന്നൊക്കെ നാട്ടുമ്പുറത്ത് വഴക്ക് കൂടുമ്പം പെണ്ണുങ്ങൾ ചീല പൊക്കുന്നത് പതിവുള്ളത് തന്നെ! പിന്നെ കേസായി. സ്റ്റേഷനായി. എൽ.സി സെക്രട്ടറി വന്ന് കേസീന്ന് ഊരിയെങ്കിലും എസ്.ഐ കടുവ രാഘവൻ തിരിച്ചും മറിച്ചും കവാലത്തിൽ രണ്ട് അടി അടിച്ചുകളഞ്ഞു. മൂന്നാംമാസം പിള്ളേര് അതിന് പകരം വീട്ടി. കമ്പ്യൂട്ടർ സമരത്തിൽ കടുവ രാഘവന്റെ മുട്ടുകാല് അടിച്ച് പപ്പടമാക്കിക്കളഞ്ഞു. കമ്പിപ്പാരക്ക് ഏഴ് കമ്പ്യൂട്ടറുകൾ അടിച്ചു തകർത്തിട്ട് നിൽക്കുമ്പോഴാണ് കടുവ എടേൽ വന്ന് കേറിയത്.
അടികൊണ്ട സഖാവിന് കമ്പ്യൂട്ടറിനോട് ദേഷ്യമോ സ്നേഹമോ ഒന്നുമില്ല. കറകളഞ്ഞ സഖാവ് എന്ന നിലക്ക് പാർട്ടി എന്ത് പറഞ്ഞാലും അനുസരിക്കും എന്നേ ഉള്ളൂ. ‘‘നമ്മള് കുടുംബപരമായിട്ട് പണ്ടേ ചെമപ്പാണ്’’ എന്നാണ് പുള്ളി പറയുന്നത്. ഡി.വൈ.എഫ്. ഐയുടെ ഏരിയ സമ്മേളനത്തിൽ എന്തരോ ഫോം ഫിൽ ചെയ്യാൻ നേരം ‘‘തന്നെ പ്രചോദിപ്പിച്ച മഹത്തായ സംഭവം എന്താ?’’ എന്നോ മറ്റോ ഇത്തിരിയില്ലാത്ത ചെക്കൻ ചോദിച്ചു. “മൂപ്പിലാന്മാരുടെ കാലംതൊട്ടേ നമ്മൾ ചെമപ്പാണ്’’ എന്ന് പറഞ്ഞപ്പോൾ അടുത്തിരുന്ന ചെറുക്കൻ ‘‘മനുഷ്യച്ചങ്ങല എന്നെഴുതുത്’’ എന്ന് പിറുപിറുത്തു.
‘‘വർഗം?’’ എന്ന് ചോദിച്ചപ്പോൾ ഒള്ളത് പോലെ ജനിച്ച സ്വജാതി അങ്ങ് പറഞ്ഞു. ‘‘തൊഴിലാളി’’ എന്ന് മറ്റേ ചെറുക്കൻ തിരുത്തി. പള്ളിക്കൂടത്തിൽ പോവാത്തോണ്ട് അടികൊണ്ട സഖാവിന് ഇങ്ങനത്തെ വലിയ വലിയ കാര്യങ്ങൾ ഒന്നും അറിയില്ല. പക്ഷേ കുഴി കുത്താനും കൊടിമരം നാട്ടാനും എന്നും മുമ്പിൽ കാണും. ഒരിക്കൽ ബസ് സ്റ്റോപ്പിന്റെ സൈഡിൽ നമ്മള് നട്ട് നനച്ച് കൊടികെട്ടി വളർത്തുന്ന മുള്ളുമുരിക്കിന്റെ ചോട്ടിൽ രായ്ക്ക് രാമാനം ആർ.എസ്.എസുകാര് ഇലവിൻതൈ നട്ട് കാവിക്കൊടി കെട്ടിക്കളഞ്ഞു. വെളുപ്പാൻകാലം വെറ്റ് ചായ കുടിക്കാൻ പോകുമ്പോഴാണ് അടികൊണ്ട സഖാവ് ഇത് കണ്ടത്.
തൽക്ഷണം വലിച്ചുപൂച്ച് അയ്യത്തെറിഞ്ഞു. വലുതാവുമ്പം രണ്ടു മരങ്ങളും കൂടി ഞെരുങ്ങും എന്ന് മനസ്സിലാവാൻ ബി.എ വരെയൊന്നും പഠിക്കണ്ടല്ലോ. വെയിലുകൊണ്ട് നരയ്ക്കുമ്പം കളറ് തമ്മിൽ തിരിച്ചറിയാനും പാടായിരിക്കും. (ബസ്സ്റ്റോപ്പിന്ന് മാറ്റിയെങ്കിലും അവന്മാര് അത് പൈപ്പിന്റെ ചോട്ടിൽകൊണ്ട് നട്ട് കിളിപ്പിച്ചു കളഞ്ഞു!) ട്രെയിൻ തടയൽ സമരത്തിൽ ലാത്തിക്ക് മുതുകിന് അടികിട്ടി രണ്ടാഴ്ച ആയുർവേദ കോളേജിൽ കിടന്നിട്ടുണ്ട്. അന്നു മുതലാണ് ‘അടികൊണ്ട സഖാവ്’ എന്ന പേര് വീണത്. അതിൽ പുള്ളിക്ക് അഭിമാനമാണ്. കോഴി ചത്ത കേസിൽ രണ്ടടി കൊണ്ടത് അധികമാർക്കും അറിയില്ല. അത് നന്നായതേ ഉള്ളൂ.
രസീത് കൗണ്ടറിൽ ക്യൂനിന്ന് കമ്പ്യൂട്ടറിനു മുമ്പിലിരിക്കുന്ന രാഖി കെട്ടിയ ചേട്ടനരികിലെത്തിയപ്പോൾ “വിളിച്ചാൽ വിളി കേൾക്കുന്ന ദൈവത്തെ കാണാൻ” എന്നു പറഞ്ഞു. ചേട്ടൻ ആദ്യം ഒന്ന് ചെറഞ്ഞെങ്കിലും ‘രക്തചാമുണ്ഡിയുടെ നടതുറപ്പ്’ എന്നെഴുതിയ രസീത് പ്രിന്റെടുത്തു നൽകി നൂറ് രൂപ വാങ്ങി.
അകത്തമ്പലത്തിന്റെ നട കടന്ന് അരയിൽ ചെമപ്പ് തുണി കെട്ടിയ വൈതാളികനോട് ചോദിച്ചപ്പോൾ രസീത് വാങ്ങിയിട്ട് നടയടഞ്ഞു കിടക്കുന്ന ഉപദേവതയുടെ മുമ്പിൽ പോയി നിൽക്കാൻ പറഞ്ഞു. പേര് വിളിക്കും എന്നും. ഇത്തിരി നേരം കഴിഞ്ഞപ്പോൾ പൂജാരി വന്ന് പേര് വിളിച്ചു. അനന്തരം പൂജാരി അടച്ചിട്ടിരുന്ന സാൻക്റ്റം സാൻക്റ്റോറത്തിന്റെ (sanctum sanctorum) വാതിൽ തുറന്ന് അകത്തു കയറി. കലമാനിന്റെ കൊമ്പുമായി വിരാജിക്കുന്ന കലയുള്ള ദേവതയെ ഒരു നോക്ക് കണ്ടു. വാതിൽ അടഞ്ഞു.
അടികൊണ്ട സഖാവ് കണ്ണുകൾ അടച്ചു. മണിനാദം കേട്ട വാറേ “അമ്മേ ദേവീ!” എന്ന് ആഞ്ഞു വിളിച്ചു. “എന്താ മക്കളേ?!” എന്ന് വിളി കേട്ടേക്കും എന്ന് പ്രതീക്ഷിച്ചു. പക്ഷേ “അമ്മേ ദേവീ മഹാമായേ!” എന്നൊരു സ്ത്രീശബ്ദമാണ് മുഴങ്ങിയത്! നോക്കുന്നവന്റെ രൂപം തിരികെ കാട്ടിത്തരുന്ന കണ്ണാടിപ്രതിഷ്ഠ പോലെ വല്ല ‘എക്കോപ്രതിഷ്ഠ’യും ആയിരിക്കുമോ എന്നോർത്ത് കണ്ണ് തുറന്നു നോക്കി. കമ്പിയുടെ അപ്പുറത്തു നിൽക്കുന്ന ഒരു പരട്ട കിളവിയുടെ ശബ്ദം ആയിരുന്നു അത്. ആരെങ്കിലും പൈസ കൊടുത്ത് നട തുറപ്പിക്കുകയാണെങ്കിൽ ഓസിലേ കാണാൻ അവിടെ പതുങ്ങി നിന്നതാണെന്ന് തോന്നുന്നു. ഇരുപതു രൂപ ദക്ഷിണ കൊടുത്ത് വാഴയിലയിൽ കുങ്കുമവും വാങ്ങി മടങ്ങുമ്പോൾ ‘‘ദേവി എന്താ വിളി കേൾക്കാത്തത്?!’’ എന്ന് വൈതാളികനോട് ചോദിക്കാതിരിക്കാനുള്ള വിവേകം അടികൊണ്ട സഖാവിനുണ്ടായി.
തിരിച്ചിറങ്ങി പാർക്കിങ് ലോട്ടിലെ അസംഖ്യം കാറുകൾക്കിടയിലൂടെ നടക്കുമ്പോൾ പണ്ട് ഏരിയ സമ്മേളനത്തിൽ സഖാവ് രാജേഷ് മാരുതി കാറിൽ വന്ന കാര്യം വിവാദമായത് ഓർമവന്നു. “സഖാവ് എങ്ങനെയാണ് മാരുതി കാറിൽ വന്നത്?!” എന്നാണ് ഓരോ യൂനിറ്റ് പ്രതിനിധിയും ചോദിച്ചത്. ട്രെയിൻ ലേറ്റായിപോയതുകൊണ്ടും റെയിൽവേ സ്റ്റേഷനിൽനിന്നും ബസ് കിട്ടാൻ വൈകും എന്നതിനാലും അംബാസഡർ ടാക്സിയെക്കാളും മാരുതിക്കാറിന് വാടക കുറവായതുകൊണ്ടും അതിൽ വന്നതാണെന്ന് സഖാവ് രാജേഷ് ആവർത്തിച്ചു പറഞ്ഞെങ്കിലും ആരും അതത്ര മുഖവിലക്കെടുത്തില്ല.
പി. പത്മരാജന്റെ ‘ഇന്നലെ’ എന്ന സിനിമയിൽ സുന്ദരനായ ജയറാം സുന്ദരിയായ ശോഭനയുമായി മാരുതി 800 കാറിൽ ചെത്തി നടക്കുന്ന രംഗമായിരുന്നു അപ്പോൾ അടികൊണ്ട സഖാവിന്റെ മനസ്സിൽ. അന്നൊക്കെ കൊത്തന്റെ കയ്യാളായി പോകുമ്പോൾ കിട്ടുന്ന ശമ്പളം മിച്ചംപിടിച്ച് ഞായറാഴ്ചകളിൽ സരിത ടാക്കിസിൽ സിനിമക്ക് പോകലുണ്ടായിരുന്നു.
ഇന്നത്തെ പൈലുകൾക്ക് കയ്യാളായി പോകുന്നതിന് തൊള്ളായിരവും ആയിരവും വരെ ശമ്പളം ഉണ്ട്. സിസിയിട്ട് ബൈക്കൊക്കെ വാങ്ങാൻ പറ്റും. പക്ഷേ ആലിപ്പഴം പഴുക്കുമ്പം കാക്കക്ക് വാപ്പുണ്ണ് എന്നു പറഞ്ഞപോലെ ശമ്പളം കൂടി വന്ന വാക്കിനാണ് കരിങ്കല്ലു വീണ് കാൽപത്തി പകുതി അറ്റുപോയത്. പുറമടിച്ചു വീണ കാരണം നട്ടെല്ലിനും പ്രശ്നമുണ്ട്. പിള്ളേര് വലുതായി.
ഒരുത്തൻ ടൈൽസിന്റെ പണിക്കും മറ്റവൻ കമ്പി കെട്ടാനും പോകുന്ന സ്ഥിതിക്ക് തള്ളേടെ ശാപ്പാടും മരുന്നും അവര് നോക്കിക്കോളും. ആണൊരുത്തൻ വീട്ടിൽ കുത്തിയിരുന്നാൽ നോക്കാൻ അവർക്കും മടുപ്പുതന്നെ. പണ്ടത്തെ പോലെ നാട്ടിൽ ബീഡിതെറുപ്പും മറ്റും ഉണ്ടായിരുന്നെങ്കിൽ അപ്പനെ അതിന് കൊണ്ടാക്കാമായിരുന്നു എന്ന് മൂത്തവൻ ഈയിടെ പറഞ്ഞതേയുള്ളൂ.
ശരീരംകൊണ്ട് ആവതില്ലാത്തവന് പറ്റിയ എന്തെങ്കിലും ജോലി കിട്ടുമോ എന്നറിയാനാണ് ബി.എ. കുട്ടപ്പൻ സാറിന്റെ വീട്ടിൽ ചെന്നത്. സാറ് പുലിയാണ്. പാർട്ടി മീറ്റിങ്ങിൽ ഞായറാഴ്ച വൻ പ്രസംഗമാണ്. ചെക്കോസ്ലോവാക്യയിൽ എന്ത് സംഭവിച്ചു? ഗാട്ടും ഡങ്കലും എന്താണ്? ലോകബാങ്കിന്റെ സാമ്രാജ്യത്വ അധിനിവേശം തുടങ്ങി പല വലിയ കാര്യങ്ങളും സാറിൽനിന്നാണ് അടികൊണ്ട സഖാവ് കേട്ടത്. സാറ് ചുവരെഴുതാനും ജാഥയിൽ നടക്കാനും ഒന്നും വരത്തില്ല. പുസ്തകം കക്ഷത്ത് ഇടുക്കി പഠിക്കാൻ പോകും. പാർട്ടിക്ക് ബുദ്ധിജീവികളെയും വേണമല്ലോ. ഇപ്പോൾ കോളേജിൽ മാഷായിട്ട് പോകുന്നു. യു.ജി.സി ഒക്കെ ഉണ്ട്. മാഷ് കൊല്ലങ്കോണത്ത് തൂക്കത്തിന് പോയിരിക്കുന്നു എന്നാണ് മാഡം പറഞ്ഞത്. മാഡവും യു.ജി.സി തന്നെ. കയ്യോടെ ഓട്ടോ പിടിച്ച് കൊല്ലങ്കോണത്ത് എത്തി.
അവിടെത്തിയ അടികൊണ്ട സഖാവ് ഞെട്ടിപ്പോയി. മാഷ് തൂങ്ങിനിൽക്കുന്നു. ഗരുഡൻ തൂക്കം. മുതുകിലെ മാംസം തുളച്ച് അതിൽ കമ്പികോർത്ത് മരത്തടിയിൽ തൂക്കി അതിനെ പത്താൾ പൊക്കത്തിൽ ഉയർത്തി നിർത്തിയിരിക്കുന്നു.
‘‘ബി.എ വരെ പഠിച്ച സാറിന് ഇതിലൊക്കെ വിശ്വാസമുണ്ടോ?”
അത്ഭുതം സഹിക്കാൻ വയ്യാതെയാണ് അവിടെ കണ്ട രവിചന്ദ്രൻ സഖാവിനോട് ചോദിച്ചത്. ബി.എ. കുട്ടപ്പൻ സാറിന്റെ സന്തതസഹചാരിയാണ് രവിചന്ദ്രൻ. അയ്യോ! ബി.എ എന്നത് സാറിന്റെ ഇനീഷ്യൽ ആണ്. പുള്ളി എം.എക്കാരനാണ്. ഡോക്ടറേറ്റും ഉണ്ട്. അതല്ലേ കോളേജിൽ ജോലി കിട്ടിയത്? കൊല്ലങ്കോണത്തു ദേവിയാണ് മാഷിന്റെ എല്ലാ ഐശ്വര്യത്തിനും പിന്നിൽ.
ജീവിതവിജയത്തിന് പിന്നിൽ ഇങ്ങനെയും ചില സമാന്തര വഴികൾ ഉണ്ടെന്ന് അന്നാണ് അടികൊണ്ട സഖാവിന് മനസ്സിലായത്. നിമിത്തംപോലെ വിളിച്ചാൽ വിളി കേൾക്കുന്ന ദേവിയുടെ പരസ്യം കാണുകയുംചെയ്തു. രണ്ടു ജോടി മുഷിഞ്ഞ വസ്ത്രങ്ങൾ ഒരു സഞ്ചിയിലാക്കി വീട്ടിൽനിന്നും ഇറങ്ങുമ്പോൾ ഒന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു. ആഹാരത്തിനും മരുന്നിനും ഉള്ള വക കണ്ടെത്താതെ ഇനി മടക്കമില്ല. മനുഷ്യരോടൊക്കെ തൊഴിൽ ചോദിച്ച് മടുത്തു. അറുപതാം വയസ്സിൽ ആര് ജോലി തരാനാണ്! ശരീരത്തിന് ആയാസം കുറഞ്ഞ ജോലി കിട്ടണമെങ്കിൽ വിദ്യാഭ്യാസം വേണം. എഴുത്തും വായനയും അറിയണം.
കമ്പ്യൂട്ടറും മറ്റും അറിഞ്ഞാൽ നല്ലത്. വിളിച്ചാൽ വിളി കേൾക്കുന്ന ദേവി സഹായിക്കാതിരിക്കില്ല എന്നാണ് പ്രതീക്ഷിച്ചത്. ചില ദേവിമാർ പാവങ്ങൾ വിളിച്ചാലൊന്നും വിളി കേൾക്കില്ലായിരിക്കും. ഇനി ഒരു പ്രതീക്ഷകൂടി ഉണ്ട്. പാല് കുടിക്കുന്ന ദൈവം! ആട്ടോ ഓടിക്കുന്ന അനിക്കുട്ടനാണ് പറഞ്ഞുതന്നത്. നമ്മൾ ഒരു കവർ മിൽമാപ്പാൽ വിഗ്രഹത്തിലേക്ക് ഒഴിക്കുന്നു. ഒരു തുള്ളി താഴെ കളയാതെ മുഴുവനും അത് കുടിക്കുകയാണെങ്കിൽ മനസ്സിൽ ആഗ്രഹിച്ച കാര്യം നടക്കും. കുറച്ചകലെയാണ്. രണ്ടു മണിക്കൂർ ബസിൽ ഇരിക്കണം.
‘‘ബസ് മുമ്പോട്ട് കുതിക്കുമ്പോൾ ഓർമകൾ പുറകോട്ട് ചലിക്കും’’ എന്ന് അടികൊണ്ട സഖാവ് സിദ്ധാന്തമൊന്നും ആവിഷ്കരിച്ചില്ലെങ്കിലും അങ്ങനെ സംഭവിച്ചു. ഇ.എം.എസിന്റെ പ്രസംഗം കേൾക്കാൻ ഗാന്ധിപാർക്കിൽ പോയത് ഓർത്തപ്പോൾ രോമാഞ്ചം ഉണ്ടായി. തനിക്ക് ചെറിയൊരു വിക്കുള്ളതിൽ അഭിമാനവും തോന്നി. പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും സഖാവ് ഇ.എം.എസ് മാറി പകരം ഹർകിഷൻ സിങ് സുർജിത് വരുന്നു എന്ന വാർത്ത കേട്ട ദിവസം രാത്രി മുഴുവൻ ഉറക്കം വരാതെ കിടന്നു. അതെങ്ങനെ ശരിയാവും എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. പിറ്റേദിവസം എൽ.സി സെക്രട്ടറിയെ കണ്ട് അന്ധാളിപ്പ് അറിയിച്ചപ്പോൾ ‘‘പ്രസ്ഥാനമാണ് വലുത്, വ്യക്തിയല്ല’’ എന്ന മറുപടിയാണ് കിട്ടിയത്.
റോഡ് സൈഡിലെ തട്ടുകടയിൽ സമോവറിലിരുന്ന് വെള്ളം തിളക്കുന്നത് കണ്ടപ്പോൾ ഒരു ചായ കുടിച്ചിട്ട് കേറിയാൽ മതിയായിരുന്നു എന്നൊരു തോന്നൽ വന്നു. അനന്തരം പൈദാഹങ്ങൾ അകറ്റാൻ കണ്ണുകൾ അടച്ചു. ഇന്ദിരാഗാന്ധിയുടെ വീട്ടിൽ ബന്ധുക്കൾ വിരുന്നിന് വരുമ്പോൾ അലൂമിനിയം ചരുവത്തിൽ ചായവെള്ളം തിളപ്പിക്കാൻ ചൂട്ടിനും കൊതുമ്പിനും പകരം നൂറിന്റെ നോട്ടാണ് കത്തിക്കുന്നത് എന്ന് വത്സലൻ സഖാവ് പ്രസംഗിച്ചത് ഓർമ വന്നു. കെ. കരുണാകരൻ കരിക്കിൻവെള്ളത്തിൽ കുളിക്കുന്ന കാര്യവും സഖാവ് പറഞ്ഞിരുന്നു. ഇന്നാലോചിക്കുമ്പോൾ ചില പൊരുത്തക്കേടുകൾ തോന്നുന്നുണ്ട്. ഇന്ദിരാഗാന്ധിയുടെ അടുക്കളയിൽ ഗ്യാസ് അടുപ്പും മറ്റും ഉണ്ടായിരിക്കാൻ ഇടയില്ലേ എന്നൊരു സംശയം!
ബസിലെ കാറ്റടിച്ചപ്പോൾ ഇത്തിരി ഉറങ്ങിപ്പോയോ എന്നൊരു സംശയം ഉണ്ട്. ചെറിയൊരു വിശപ്പും ഇല്ലാതില്ല. കണ്ടക്ടർ കുലുക്കി വിളിച്ചപ്പോളാണ് ഇറങ്ങാനുള്ള സ്ഥലം എത്തി എന്നറിയുന്നത്. ഇറങ്ങി. ഒരു കവർ മിൽമപ്പാലും വാങ്ങി നടന്നു. പാല് കുടിക്കുന്ന ദൈവത്തിനരികിൽ വൻ തിരക്കാണ്. ക്യൂവിന്റെ പുറകിൽ നിന്നു. വളഞ്ഞുപുളഞ്ഞ ക്യൂ ആയതുകൊണ്ട് ദൈവത്തിന് മറ്റുള്ളവർ പാല് കൊടുക്കുന്നത് ക്ലോസപ്പിൽ കാണാൻ വിഷമം ഇല്ല. നാലഞ്ചു പേർ നൽകുന്നത് കണ്ടു. ഒഴിക്കുന്ന പാല് ഒലിച്ചുപോകുന്നതല്ലാതെ ഒന്നും ദേഹത്ത് പിടിക്കുന്നില്ല.
ദൈവത്തിന് കൊക്കൊപ്പുഴുവിന്റെ ഉപദ്രവം ഉണ്ടാവും എന്ന് ഒരു തമാശ ഉള്ളിൽ തികട്ടി. ‘‘ഒഴിക്കുന്നതിന്റെ ഒരംശം കക്ഷി കുടിക്കുന്നുണ്ട്... ബാക്കിയാണ് തറയിൽ വീഴുന്നത്’’ എന്നൊരു ഭക്തൻ പരസ്യമായി ആശ്വസിച്ചു. എല്ലാരിൽനിന്നും ഒരൽപം വീതം സ്വീകരിക്കുന്നതാണല്ലോ അതിന്റെ ഒരു ബഹുസ്വരത! ഇത് നടപടിയാവുന്ന ലക്ഷണം ഇല്ലെന്ന് ദിവാകരന് മനസ്സിലായി. പഴയൊരു സഖാവാണല്ലോ കക്ഷി.
വെറും സഖാവല്ല, അടികൊണ്ട സഖാവ്! മിൽമപ്പാൽ പാഴാക്കേണ്ട കാര്യം ഇല്ല. ദിവാകരൻ ക്യൂവിൽനിന്നിറങ്ങി അകലെക്കണ്ട ആൽത്തറയിലേക്ക് നടന്നു. പിച്ചക്കാരും കാളകളും നായകളും കാക്കയും കൊറ്റിയും ഒക്കെയുള്ള വിശാലമായ പറമ്പിലാണ് ആൽത്തറ. ശിഷ്ടകാലം ചിലവഴിക്കാൻ ഇവിടം കൊള്ളാം! ചാരിയിരിക്കാൻ മരത്തിന്റെ മൂന്നടി. കാല് നീട്ടാൻ മണ്ണിന്റെ മൂന്നടി. വിശാലമായ ആകാശം. ഇത്രയും സ്വാസ്ഥ്യം ഇടക്കാലത്തൊന്നും അനുഭവിച്ചിട്ടില്ല.
ആരോ ക്ഷൗരം ചെയ്ത് മിനുക്കിയ വിസ്താരമുള്ള ചിരട്ട കയ്യിൽ തടഞ്ഞു. കാലപ്പഴക്കംകൊണ്ട് കറുത്ത് സുന്ദരനായിട്ടുണ്ട്. ഓട്ടയുള്ള പാതിയല്ല. ആരോ പിഞ്ഞാണിയായി ഉപയോഗിച്ചതാണ് എന്ന് വ്യക്തം. തനിക്കായി കാലം കരുതിെവച്ചപോലെ ഉണ്ട്. ചിരട്ട കൈവെള്ളയിൽ എടുത്തപ്പോൾ അതിന്റെ ആദിമ ഉടമസ്ഥൻ ആത്മാവുകൊണ്ട് തന്നെ സ്പർശിച്ചതായി ദിവാകരന് തോന്നി. ഉടമയുടെ വിയോഗത്താൽ അനാഥമായ ചിരട്ട തന്നെ ഇവിടേക്ക് വരുത്തിയതും ആവാം! അയാൾ മിൽമപ്പാൽ പൊട്ടിച്ച് ഇത്തിരി അതിലേക്ക് ഒഴിച്ചു. അപ്പോഴേക്കും എല്ലുന്തിയ ഒരു നായ എങ്ങാണ്ടോ നിന്ന് ഓടിവന്ന് ആറടി അകലെ എത്തിയപ്പോൾ ബ്രേക്കിട്ടപോലെ നിന്നു.
“നായേ...” ദിവാകരൻ വിളിച്ചു.
“ആം!” നായ വിളി കേട്ടു.
അതെ! സത്യമായും വിളി കേട്ടു!
“ആം..!”
“വാ... വാ...”
അയാൾ ക്ഷണിച്ചു. നായ അടുത്ത് വന്നു.
“ഇതാ കുടിക്ക്...”
അയാൾ ചിരട്ട നായക്ക് നീട്ടി. അത്ഭുതം! അത് പാൽ കുടിക്കുന്നു. വിളിച്ചാൽ വിളി കേൾക്കുകയും പാല് കുടിക്കുകയും ചെയ്യുന്ന നായ!! ദിവാകരന്റെ കണ്ണു നിറഞ്ഞു. മിച്ചമുള്ള പാൽ ചിരട്ടയിലൊഴിച്ച് അയാളും കുടിച്ചു. ദൈവത്തിന് കഴിയാത്ത എന്തൊക്കെ അത്ഭുതങ്ങളാണ് നായക്ക് സാധിക്കുന്നത്!