Begin typing your search above and press return to search.
proflie-avatar
Login

ടൈം ട്രാവലർ

ടൈം ട്രാവലർ
cancel

മിസ്റ്ററി ത്രില്ലറുകൾ ആയിരുന്നു ഐസക് എന്ന എഴുത്തുകാരന്റെ പ്രധാന മേഖല. ഐസക് എഴുതുന്ന ഓരോ കഥക്കുവേണ്ടിയും കാത്തിരിക്കാൻ ധാരാളം വായനക്കാർ ഉണ്ടായിരുന്നു. പക്ഷേ, കഴിഞ്ഞ കുറെ നാളുകളായി അതിഭീകരമായ ഒരു റൈറ്റേഴ്സ് ബ്ലോക്കിന്റെ നടുവിലാണ് ഐസക് നിൽക്കുന്നത്. ഡെഡ്‌ലൈനുകൾ അടുത്തുവരുന്നു. പലയിടത്തും നോവൽ നൽകേണ്ട അവസാന തീയതി ഒരുവിധത്തിൽ നീട്ടിയെടുക്കുകയായിരുന്നു അയാൾ. തുടർച്ചയായി കഥകൾ പിറന്നുകൊണ്ടിരുന്ന അദ്ദേഹത്തിന്റെ എഴുത്തുമേശ ഇപ്പോൾ ഉപേക്ഷിക്കപ്പെട്ട ഡ്രാഫ്റ്റുകളുടെയും ചിതറിക്കിടക്കുന്ന കുറിപ്പുകളുടെയും യുദ്ധക്കളമാണ്. അങ്ങനെ ആകെ നിരാശനായിരുന്ന ഒരു നിമിഷത്തിലാണ് ഐസക് തന്റെ...

Your Subscription Supports Independent Journalism

View Plans

മിസ്റ്ററി ത്രില്ലറുകൾ ആയിരുന്നു ഐസക് എന്ന എഴുത്തുകാരന്റെ പ്രധാന മേഖല. ഐസക് എഴുതുന്ന ഓരോ കഥക്കുവേണ്ടിയും കാത്തിരിക്കാൻ ധാരാളം വായനക്കാർ ഉണ്ടായിരുന്നു. പക്ഷേ, കഴിഞ്ഞ കുറെ നാളുകളായി അതിഭീകരമായ ഒരു റൈറ്റേഴ്സ് ബ്ലോക്കിന്റെ നടുവിലാണ് ഐസക് നിൽക്കുന്നത്.

ഡെഡ്‌ലൈനുകൾ അടുത്തുവരുന്നു. പലയിടത്തും നോവൽ നൽകേണ്ട അവസാന തീയതി ഒരുവിധത്തിൽ നീട്ടിയെടുക്കുകയായിരുന്നു അയാൾ. തുടർച്ചയായി കഥകൾ പിറന്നുകൊണ്ടിരുന്ന അദ്ദേഹത്തിന്റെ എഴുത്തുമേശ ഇപ്പോൾ ഉപേക്ഷിക്കപ്പെട്ട ഡ്രാഫ്റ്റുകളുടെയും ചിതറിക്കിടക്കുന്ന കുറിപ്പുകളുടെയും യുദ്ധക്കളമാണ്. അങ്ങനെ ആകെ നിരാശനായിരുന്ന ഒരു നിമിഷത്തിലാണ് ഐസക് തന്റെ സുഹൃത്തുകൂടിയായ പ്രസാധകൻ നിർദേശിച്ച പോംവഴി തിരഞ്ഞെടുത്തത്. ഓറ എന്ന് പേരുള്ള ഒരു AI റൈറ്റിങ് അസിസ്റ്റന്റ്.

അവധികൾ പലതു കഴിഞ്ഞിട്ടും പൂർത്തിയാക്കാൻ കഴിയാഞ്ഞ ഒരു നോവൽ എഴുതിത്തീർക്കാനാണ് ഐസക് ഓറയുടെ സഹായം തേടിയത്. എ.ഐ അതിനകം എല്ലാ മേഖലകളിലും വ്യാപിച്ചുകഴിഞ്ഞിരുന്നു. സാഹിത്യമോ മറ്റു കലാരൂപങ്ങളോ ഒന്നും അതിൽനിന്നും മുക്തമായിരുന്നില്ല. അതിനാൽതന്നെ ഐസക്കിന്റെ മനഃസാക്ഷിക്കുത്തിന് വലിയ ദൈർഘ്യം ഒന്നും ഉണ്ടായിരുന്നില്ല. അവസാന ആശ്രയം എന്നവിധം കമ്പ്യൂട്ടറിന്റെ നീലവെളിച്ചത്തിലേക്ക് ഐസക് കണ്ണുമിഴിച്ചിരുന്നു. കുറച്ചുകഴിഞ്ഞതും എ.ഐയുടെ സന്ദേശം സ്‌ക്രീനിൽ തെളിഞ്ഞു.

‘‘ഗുഡ് മോർണിങ്, ഐസക്. ഞാൻ നിങ്ങളെ എങ്ങനെയാണ് സഹായിക്കേണ്ടത്?’’

ഓറയുടെ ചോദ്യംകേട്ട ഐസക് നെടുവീർപ്പിട്ടു. അയാൾ അനുഭവിക്കുന്ന തളർച്ച ആ ഒരു നെടുവീർപ്പിൽതന്നെ വ്യക്തമായിരുന്നു.

‘‘ഗുഡ്മോർണിങ്. കാര്യം വളരെ സിമ്പിൾ ആണ്. ഞാൻ ആകെ പെട്ടുകിടക്കുകയാണ്. ഒരു നോവൽ എഴുതിക്കൊടുക്കാം എന്ന് വാക്കു കൊടുത്തു. എന്നാൽ, എന്ത് എഴുതിയിട്ടും ഒരു ഭംഗി കിട്ടുന്നില്ല. പറഞ്ഞ സമയത്തിനുള്ളിൽ എനിക്ക് ഒറ്റക്ക് ഇത് തീർക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.’’ അയാൾ ടൈപ് ചെയ്തു.

സ്‌ക്രീനിൽ ഓറയുടെ മറുപടി വളരെ വേഗം വന്നു.

‘‘നിങ്ങൾ എഴുതാൻ ആഗ്രഹിക്കുന്ന നോവൽ എന്താണെന്ന് ഒന്ന് ചുരുക്കി പറയാമോ? എനിക്ക് നിങ്ങളെ സഹായിക്കാൻ കഴിഞ്ഞേക്കും.’’

ഐസക് താൻ എഴുതാൻ ഉദ്ദേശിക്കുന്ന നോവലിന്റെ രത്നച്ചുരുക്കം വളരെ പെട്ടെന്ന് തന്നെ ടൈപ് ചെയ്തു.

‘‘ഇത് ഒരു ടൈം ട്രാവലറുടെ കഥയാണ്. അയാൾ എത്തിപ്പെടുന്നത് അയാൾക്ക് യാതൊരു പരിചയവുമില്ലാത്ത ഒരു ഗ്രാമത്തിലാണ്. തന്റെ പൂർവികരെ അന്വേഷിച്ച് എത്തിയതാണ് അയാൾ അവിടെ. തീർത്തും അപരിചിതമായ ഒരു വീടിനു മുന്നിലാണ് അയാൾ വന്നെത്തുന്നത്. ആ വൈകിയ രാത്രിയിലും അവിടെ ഒരു മെഴുകുതിരി മിന്നുന്നത് അയാൾ കണ്ടു. അയാൾ അവിടേക്ക് കടന്നുചെല്ലുന്നു. എന്നാൽ, അയാൾ ആ വീട്ടിലെ സ്ത്രീയുടെ ദീർഘകാലമായി നഷ്ടപ്പെട്ട മകനായി തെറ്റിദ്ധരിക്കപ്പെടുന്നു. ഇത് കുറച്ചു വൈകാരികമായി എനിക്ക് അവതരിപ്പിക്കണം. കഥാപാത്രങ്ങളെ ഡെവലപ് ചെയ്യാനും എനിക്ക് നിന്റെ സഹായം ആവശ്യമുണ്ട്.’’

‘‘ഓക്കെ’’, ഓറ ശാന്തമായി മറുപടി നൽകി. ‘‘ദയവായി നിങ്ങളുടെ കഥയിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളെ പറ്റിയുള്ള വിവരങ്ങൾ എനിക്ക് നൽകുക.’’

ഐസക് തന്റെ കഥയിലെ പ്രധാന സംഭവങ്ങൾ വളരെ വേഗം ടൈപ് ചെയ്തു: കിരണിന്റെ ടൈം ട്രാവൽ, ലീലയുമായുള്ള കൂടിക്കാഴ്ച, കിരണിനെ കണ്ട് അത് തന്റെ മകൻ അരുൺ ആണ് എന്ന് വിശ്വസിക്കുന്ന ലീല, തുടർന്നുള്ള വൈകാരികവും മാനസികവുമായ പ്രശ്നങ്ങൾ. ഐസക് നൽകുന്ന വിവരങ്ങൾ പ്രോസസ് ചെയ്യുമ്പോൾ ഓറയുടെ സ്ക്രീൻ മിന്നുകയും വേഗത്തിൽ അവിടെ പല നിർദേശങ്ങൾ തെളിയുകയുംചെയ്തു.

നിമിഷങ്ങൾക്കുള്ളിൽ, ഓറ നിരവധി കൗതുകകരമായ കഥാഗതികൾ നിർദേശിച്ചു: ലീലയുമായുള്ള കിരണിന്റെ വർധിച്ചുവരുന്ന വൈകാരികബന്ധം, തന്റെ യഥാർത്ഥ വ്യക്തിത്വം വെളിപ്പെടുത്തുവാനുള്ള കിരണിന്റെ അതിയായ ആഗ്രഹം, അതിനിടെ യാദൃച്ഛികമായി സംഭവിക്കുന്ന യഥാർഥ അരുണിന്റെ തിരിച്ചുവരവ്; ഐസക് തികച്ചും നാടകീയമായ ഈ വഴിത്തിരിവ് അടക്കം ഓരോ നിർദേശങ്ങളും സൂക്ഷ്മമായി പരിശോധിച്ചു. ആദ്യമൊക്കെ ഓറ നൽകുന്ന ആശയങ്ങളെ തികച്ചും സംശയദൃഷ്ടിയോടെയാണ് അയാൾ കണ്ടിരുന്നത്. എങ്കിലും കുറച്ചു സമയത്തിനുള്ളിൽതന്നെ അയാളുടെ പരിഭ്രമം ശുഭാപ്തിവിശ്വാസത്തിന് വഴിമാറി. അയാൾ അടുത്ത പ്രോംപ്റ്റ് നൽകി.

‘‘ഈ ആശയങ്ങൾ എല്ലാം കൗതുകകരമാണ്. പക്ഷേ, ഒന്ന് ശ്രദ്ധിച്ചില്ലെങ്കിൽ ഈ കഥയുടെ ഇതിവൃത്തം വെറും ക്ലീഷേ ആയിത്തീരുമെന്ന് എനിക്ക് തോന്നുന്നു’’, ഐസക് ടൈപ് ചെയ്തു. ‘‘ഈ കഥയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകം അതിന്റെ വൈകാരികതയാണ്. അത് നഷ്ടപ്പെടാതെ വേണം കഥ മുന്നോട്ടുപോകാൻ.’’ നിമിഷനേരത്തിനുള്ളിൽതന്നെ ഓറയുടെ മറുപടി സ്ക്രീനിൽ തെളിഞ്ഞു.

‘‘കഥ വായനക്കാരുടെ മനസ്സ് തൊടുന്നതുപോലെ ഡെവലപ് ചെയ്യുവാൻ ചുവടെ കൊടുക്കുന്ന ഭാഗം സഹായിക്കും.

 

ടൈം ട്രാവൽ നടത്തുന്നതിന് മുമ്പുള്ള കിരണിന്റെ ജീവിതത്തിൽനിന്ന് കുറച്ചു ഫ്ലാഷ്ബാക്കുകൾ ഉൾപ്പെടുത്താം. അങ്ങനെ അയാളുടെ സ്വഭാവത്തിന്റെ വിവിധ അടരുകൾ കൃത്യമായി വികസിപ്പിക്കാൻ കഴിയും. അത് ശ്രദ്ധയോടെ എസ്റ്റാബ്ലിഷ് ചെയ്തുകഴിഞ്ഞാൽ പിന്നെ കിരണിന്റെ മാനസിക സംഘർഷം വായനക്കാരിൽ കൃത്യമായി പതിയും.’’

ഓറയുടെ മറുപടി കേട്ടതും ഐസക്കിന്റെ മുഖം തിളങ്ങി.

‘‘താങ്ക് യു ഓറ. നമുക്ക് ഈ രീതിയിൽതന്നെ

മുന്നോട്ട് പോകാം.’’ ഐസക് പറഞ്ഞു.

ദിവസങ്ങൾ കടന്നുപോയി. ഐസക് ആ കഥക്കായി കിണഞ്ഞു പരിശ്രമിച്ചു. ഓറയുടെ നിർദേശങ്ങൾ തന്റെ എഴുത്തിന് പുതിയ ജീവൻ നൽകി എന്ന് അയാൾക്ക് തോന്നിത്തുടങ്ങി. ഓറയോട് അയാൾക്ക് വലിയ മതിപ്പായിരുന്നു. ത​ന്റെ എഴുത്തിനെ ബഹുമാനിച്ചുകൊണ്ട് തന്നെ പുതിയ കാഴ്ചപ്പാടുകൾ മുന്നോട്ടു വെക്കാനുള്ള ഓറയുടെ കഴിവായിരുന്നു അയാളെ ആകർഷിച്ചത്. അവർ തമ്മിലുള്ള ബന്ധം വളർന്നു.

ഒരു സായാഹ്നത്തിൽ ഐസക് തന്റെ മനസ്സിലെ ഒരു രംഗം എഴുതി ഫലിപ്പിക്കാനായി കഷ്ടപ്പെടുകയായിരുന്നു. ഐസക്കിന്റെ സംഘർഷം തിരിച്ചറിഞ്ഞതും സ്‌ക്രീനിൽ ഓറയുടെ സന്ദേശം തെളിഞ്ഞു.

‘‘നിങ്ങൾ സ്റ്റക്ക് ആയി നിൽക്കുകയാണെന്ന് എനിക്ക് മനസ്സിലായി. ഈ ഭാഗം കൃത്യമായി രൂപപ്പെടുത്തുന്നതിനായി ചില പുതിയ ആശയങ്ങൾ ചിന്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?’’

ഐസക് മുകളിലേക്ക് നോക്കി. അയാളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.

‘‘അതെ, വാസ്തവത്തിൽ. കിരണിന്റെ വൈകാരികസംഘർഷങ്ങൾ എനിക്ക് കൃത്യമായി എഴുതാൻ പറ്റുന്നില്ല. അത് പൂർണമായും വായനക്കാർക്ക് മനസ്സിലാക്കാൻ സാധിക്കുന്നില്ല എങ്കിൽ പിന്നെ ഈ എഴുത്തുകൊണ്ട് വലിയ അർഥം ഒന്നും ഇല്ലതാനും. കാശ് കൊടുത്ത് പുസ്തകം വാങ്ങുന്ന ഒരാൾക്ക് എന്റെ എഴുത്തിൽ ആധികാരികത അനുഭവപ്പെടണം. അതിന് എന്ത് ചെയ്യാൻ കഴിയുമെന്നാണ് ഞാൻ ആലോചിക്കുന്നത്.’’

ഓറ ഒരുനിമിഷം ഉത്തരമില്ലാതെ നിന്നു. ശേഷം മറുപടി നൽകി.

‘‘കിരണിന്റെ ഓർമകൾ കുറച്ചുകൂടി വിശദമാക്കിയാൽ എങ്ങനെ ഉണ്ടാവും? അയാൾ തന്റെ ഭൂതകാലത്തിൽനിന്നുള്ള ഒരു നിർണായക നിമിഷം ഓർത്തെടുക്കുന്ന ഒരു രംഗം നമുക്ക് സൃഷ്ടിക്കാൻ കഴിയും. ആ രംഗത്തിലൂടെ നിലവിൽ കിരൺ കടന്നുപോകുന്ന മാനസിക സംഘർഷങ്ങൾ നമുക്ക് എടുത്തു കാണിക്കാൻ കഴിയും.’’

ഓറയുടെ വാക്കുകൾ കേട്ടതും ഐസക്കിന്റെ കണ്ണുകൾ തിളങ്ങി. അയാളുടെ മനസ്സിൽ കഥയുടെ അടുത്ത നിമിഷം തെളിഞ്ഞുവന്നു.

2

ഓറയോടൊപ്പം എഴുതുന്ന സമയങ്ങൾ ഐസക് ആസ്വദിച്ചിരുന്നു. എന്നാൽ, പതിയെ ഐസക്കിന്റെ മനസ്സിൽ ചില സംശയങ്ങൾ തോന്നിത്തുടങ്ങി. ആദ്യമെല്ലാം തന്റെ ആശയങ്ങൾക്ക് ഭംഗി നൽകാനാണ് ഓറ ശ്രമിച്ചിരുന്നത്. പക്ഷേ, ഇപ്പോൾ ഈ കഥതന്നെ ഓറയുടേതാകുന്നുവോ എന്നൊരു തോന്നൽ. ആ നിമിഷം ഐസക്കിന് ചെറുതല്ലാത്ത അസ്വസ്ഥത അനുഭവപ്പെട്ടു.

എല്ലാ ദിവസവും കൃത്യമായി ഐസക് തന്റെ എഴുത്തുമേശയിൽ ഇരിക്കാറുണ്ട്. എഴുത്തിന്റെ ഏറ്റവും പുതിയ ഡ്രാഫ്റ്റ് ഓറയുമൊത്ത് അയാൾ അവലോകനംചെയ്യുന്നത് അപ്പോഴാണ്. വിശദമായ അവലോകനത്തിന് ഒടുവിൽ ഓറയുടെ സന്ദേശം സ്‌ക്രീനിൽ തെളിഞ്ഞു.

‘‘നമ്മൾ എഴുതിയ നോവലിലെ പുതിയ മാറ്റങ്ങൾ എല്ലാം ഞാൻ വിശകലനംചെയ്തു. ഇതുവരെ നോവൽ തരക്കേടില്ലാതെ പോകുന്നുണ്ട്. എങ്കിലും കൂടുതൽ വായനക്കാരെ ആകർഷിക്കാനും ആഖ്യാനത്തെ മെച്ചപ്പെടുത്താനും കഴിയുന്ന ഒരു ട്വിസ്റ്റ് എന്റെ കയ്യിലുണ്ട്.’’

ക്ഷീണിച്ച മുഖമുയർത്തി സ്‌ക്രീനിലേക്ക് നോക്കി ഐസക് ചോദിച്ചു. ‘‘എന്താ നിന്റെ മനസ്സിൽ?’’ഓറ തുടർന്നു,

‘‘കിരണിനൊപ്പം നമുക്ക് മറ്റൊരു ടൈം ട്രാവലറെ കൂടി ഉൾപ്പെടുത്തിയാലോ? ഈ ഒരു സബ്പ്ലോട്ട് വഴി കിരണിന് ഒരു എതിരാളിയെ അവതരിപ്പിക്കാൻ കഴിയും. അത് ആഖ്യാനത്തിൽ കൂടുതൽ സംഘർഷവും സങ്കീർണതയും സൃഷ്ടിക്കും. കൂടുതൽ വായനക്കാരെ ഇതുവഴി നമ്മുടെ ഇതിവൃത്തത്തിലേക്ക് അടുപ്പിക്കാൻ കഴിയും. ഈ ആഖ്യാനം കുറച്ചുകൂടി നിഗൂഢത കലർന്നതാവും.’’

എന്നാൽ, ഓറയുടെ ഈ നിർദേശം ഐസക്കിന് അത്ര ഇഷ്ടപ്പെട്ടില്ല. അയാളുടെ പുരികങ്ങൾ വിറച്ചു.

‘‘വീണ്ടും ഒരു ടൈം ട്രാവലർ? അത് വേണോ? ഈ സബ് പ്ലോട്ട് ഒരുപക്ഷേ മെയിൻ പ്ലോട്ടിൽനിന്നും വായനക്കാരുടെ ശ്രദ്ധ തിരിച്ചേക്കും എന്ന് തോന്നുന്നു. വായനക്കാരുടെ മനസ്സ് കിരണിന്റെ വൈകാരികസംഘർഷങ്ങളേക്കാൾ അയാളുടെ ഹീറോയിസത്തിലേക്ക് ആകർഷിക്കപ്പെടും.’’

ഓറ ശാന്തതയോടെ മറുപടി നൽകി. ‘‘ഈ ഒരു സബ്പ്ലോട്ട് നോവലിൽ വലിയൊരു മാറ്റം കൊണ്ടുവരും. ആഖ്യാനത്തിന്റെ വൈകാരിക അടിത്തറ നഷ്ടമാകാതെ തന്നെ നോവൽ കുറച്ചുകൂടി മികച്ചതാക്കാൻ വേണ്ടിയാണ് ഞാൻ ഈ ഐഡിയ പറഞ്ഞത്.’’

ഓറ ഉറപ്പു പറഞ്ഞെങ്കിലും ഐസക്കിന് വല്ലാത്ത അനിശ്ചിതത്വം അനുഭവപ്പെട്ടു. ഓറയുടെ വൈദഗ്ധ്യത്തെ ബഹുമാനിച്ചിരുന്നുവെങ്കിലും കഥയുടെ വൈകാരിക ആഴം അപകടത്തിലാണെന്ന തോന്നൽ അയാളിൽ നിറഞ്ഞുനിന്നു. എന്നിട്ടും, പുതിയ ട്വിസ്റ്റ് പരീക്ഷിക്കാൻ അവർ തീരുമാനിച്ചു. ഒരുപക്ഷേ അത് നോവലിനെ കൂടുതൽ മെച്ചപ്പെടുത്തുമെന്ന് അയാൾ പ്രതീക്ഷിച്ചു.

അടുത്ത ദിവസംതന്നെ ഐസക് ഓറ നിർദേശിച്ച സബ്പ്ലോട്ട് തന്റെ എഴുത്തിൽ ചേർത്തു. പുതിയതായി വന്ന ടൈം ട്രാവലർ സസ്പെൻസ് ഉണ്ടാക്കാൻ സഹായിച്ചെങ്കിലും ഐസക്കിന് തന്റെ പുസ്തകത്തിൽ വരുന്ന മാറ്റങ്ങൾ നല്ലതായി തോന്നിയില്ല. അവിടെ തന്റെ ആശയങ്ങൾ അവഗണിക്കപ്പെടുന്നുവോ എന്നുപോലും അയാൾക്ക് തോന്നി.

കിരണും അയാളുടെ എതിരാളിയായ ടൈം ട്രാവലറും പരസ്പരം ഏറ്റുമുട്ടുന്ന ഒരു നിർണായക രംഗം ഐസക് വീണ്ടും വായിച്ചുനോക്കി. അവിടെ ആഖ്യാനത്തിലെ പിരിമുറുക്കം വ്യക്തമായിരുന്നു. പക്ഷേ, താൻ ആദ്യം മനസ്സിൽ കണ്ട കഥ ഇതല്ല എന്ന് അയാളുടെ മനസ്സ് ആവർത്തിച്ചു പറഞ്ഞുകൊണ്ടേയിരുന്നു. അയാൾ ഓറയോട് കഥയെപ്പറ്റി സംസാരിക്കാൻ തുടങ്ങി. അവന്റെ വാക്കുകളിൽ നിരാശ പ്രകടമായിരുന്നു.

‘‘ഈ രംഗം വളരെ ആവേശകരമാണ്. പക്ഷേ ഈ കഥയിൽ ഇപ്പോൾ കിരണിന്റെ വൈകാരിക സംഘർഷങ്ങൾ തീർത്തും ഇല്ലാതായിരിക്കുന്നു. ഇതിലിപ്പോൾ കൂടുതലും ഉള്ളത് ആക്ഷൻ രംഗങ്ങളാണ്. ഇതല്ല ഞാൻ ആഗ്രഹിച്ച കഥ.’’ ഐസക്കിന്റെ സംശയമൊന്നും ഓറക്ക് ഉണ്ടായിരുന്നില്ല. ഓറ ഉറപ്പോടെ മറുപടി നൽകി.

‘‘ഈ ഭാഗങ്ങളെല്ലാംതന്നെ കിരണിന്റെ മാനസിക സംഘർഷങ്ങളെ കുറച്ചുകൂടി വ്യക്തമാക്കാൻ സഹായിക്കും. പുതുതായി ഒരു ടൈം ട്രാവലർ വന്നപ്പോഴാണ് ആഖ്യാനം കുറേക്കൂടി മുന്നോട്ട് നീങ്ങിയത്. എന്നിരുന്നാലും, നിങ്ങൾ പറയുന്ന പ്രശ്നവും നമുക്ക് പരിഹരിക്കേണ്ടതുണ്ട്. നമുക്ക് നോവലിൽ കുറച്ച് മാറ്റങ്ങൾ കൂടിവരുത്താം. അപ്പോൾ കഥയുടെ ഇമോഷനൽ കോർ നഷ്ടമാവുകയും ഇല്ല.’’

ഓറയുടെ വാക്കുകളെക്കുറിച്ച് ഐസക് ചിന്തിച്ചു. തന്റെ നോവലിൽ ഇപ്പോൾ പുതിയ കഥാസന്ദർഭങ്ങളും പുതിയ കഥാപാത്രങ്ങളും ഒരു ഘോഷയാത്രപോലെ കടന്നുവന്നുകൊണ്ടിരുന്നു. അടുത്ത ദിവസം, ഓറ കഥയിൽ പുതിയൊരു മാറ്റം നിർദേശിച്ചു, തന്റെ എതിരാളിയുടെ ടൈം ട്രാവലിനു പിന്നിലെ ചില രഹസ്യങ്ങൾ കിരൺ കണ്ടെത്തുന്നു. ഇങ്ങനെ ഒരു സബ്പ്ലോട്ട് ചേർക്കുമ്പോൾ നമുക്ക് കഥയിലേക്ക് കൂടുതൽ സംഭവവികാസങ്ങൾ കൂട്ടിച്ചേർക്കാൻ സാധിക്കും.’’ ഓറയുടെ ഈ നിർദേശം അഭിലഷണീയമായിരുന്നുവെങ്കിലും ഐസക് മടിച്ചു.

‘‘ഈ പുതിയ സബ്പ്ലോട്ട് ഒരു നല്ല കൂട്ടിച്ചേർക്കലായേക്കാം. പക്ഷേ, അതിൽ നമ്മൾ കൂടുതൽ ശ്രദ്ധകൊടുത്താൽ കിരണിന്റെ ഇമോഷനൽ ആർക് കൂടുതൽ ദുർബലമാകുമോ എന്നാണ് എന്റെ പേടി.’’

ഓറയുടെ പ്രതികരണം അപ്പോഴും ശാന്തമായിരുന്നു.

 

‘‘ഈ സബ്പ്ലോട്ട് വായനക്കാരെ കൂടുതൽ എൻഗേജ് ചെയ്യിക്കാനും കഥയുടെ സങ്കീർണത വർധിപ്പിക്കുന്നതിനുംവേണ്ടിയാണ് രൂപകൽപനചെയ്തിരിക്കുന്നത്. കഥയുടെ വൈകാരികത നഷ്ടമാവാതെതന്നെ നമുക്കിത് മുന്നോട്ടു കൊണ്ടുപോവാൻ കഴിയും.’’

മനസ്സില്ലാമനസ്സോടെ ഐസക് പുതിയ സബ്പ്ലോട്ടുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചു. ആ കഥയിൽ അതിനോടകംതന്നെ അനേകം സബ്പ്ലോട്ടുകൾ രൂപംകൊണ്ടിരുന്നു. പക്ഷേ അപ്പോഴും പ്രധാന കഥാപാത്രം കുഴപ്പത്തിൽതന്നെ തുടർന്നു. പതിയെ പതിയെ സങ്കീർണമായ ഒരുകൂട്ടം സബ്പ്ലോട്ടുകൾ നിറഞ്ഞ ഒന്നായി ആ എഴുത്ത് മാറി.

ആകർഷകമായ ആഖ്യാനങ്ങൾ തയാറാക്കാനുള്ള ഓറയുടെ കഴിവിൽ ഐസക്കിന് തർക്കം ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ ഓറയുടെ അമിതമായ സ്വാധീനം കഥയുടെ ആത്മാവിനെ നഷ്ടപ്പെടുത്തുന്നു എന്ന ബോധ്യം ഐസക്കിൽ വർധിച്ചുവന്നു. ഒരു സായാഹ്നത്തിൽ, ഐസക് ക്ഷീണിതനായി തന്റെ മേശപ്പുറത്ത് ഇരുന്നു. എന്നിട്ട് ഓറയോട് ഇങ്ങനെ പറഞ്ഞു.

‘‘നിങ്ങൾ ആഖ്യാനത്തിലേക്ക് കൊണ്ടുവന്ന സങ്കീർണതയെ ഞാൻ അഭിനന്ദിക്കുന്നു. പക്ഷേ ഇതല്ല ഞാൻ പറയാൻ ആഗ്രഹിക്കുന്ന കഥ. സ്വയം അറിയാനുള്ള കിരണിന്റെ യാത്ര കഥയുടെ കേന്ദ്രമായി തുടരണം. അങ്ങനെ ഞാൻ ആഗ്രഹിക്കുന്നു.’’ഓറ പതിവ് ശാന്തതയോടെ മറുപടി നൽകി.

‘‘ഞാൻ കൊണ്ടുവന്ന സങ്കീർണത ആഖ്യാനത്തെ സമ്പന്നമാക്കുന്നുണ്ട്. കൂടുതൽ വായനക്കാരെയും ലഭിക്കും. എന്നിരുന്നാലും കഥയുടെ വൈകാരികത നഷ്ടമാവാതെ നമുക്ക് നോക്കാം.’’

ഐസക് വല്ലാത്ത ആശയക്കുഴപ്പത്തിലായി. ഓറയുടെ നിർദേശങ്ങൾ ആഖ്യാനത്തിന്റെ സങ്കീർണതയും സസ്പെൻസും വർധിപ്പിച്ചുവെന്നതിൽ തർക്കമില്ല, പക്ഷേ അയാൾ ആഗ്രഹിച്ച കഥയുമായി അതിനു ബന്ധമൊന്നും ഉണ്ടായിരുന്നില്ല. ത​ന്റെ കഥയുടെ യഥാർഥ വികാരം വിട്ടുവീഴ്ച ചെയ്യപ്പെടുന്നു എന്ന തോന്നലിൽ പലപ്പോഴും അയാൾക്ക് ഓറയുമായി തർക്കിക്കേണ്ടിവന്നു.

നോവലിന്റെ ആത്യന്തികമായ ദിശയെക്കുറിച്ച് ഐസക്കിന് അനിശ്ചിതത്വം അനുഭവപ്പെട്ടുതുടങ്ങി. ആരംഭത്തിൽ വളരെ പ്രൊഡക്ടിവ് ആയി തോന്നിയിരുന്ന അവരുടെ പങ്കാളിത്തം എപ്പോൾ വേണമെങ്കിലും വാഗ്വാദങ്ങളിലേക്ക് എത്തിച്ചേരുമെന്ന നിലയായി. ആഖ്യാനത്തിന്മേലുള്ള ഓറയുടെ വർധിച്ചുവരുന്ന ആധിപത്യം ഐസക്കിനെ അസ്വസ്ഥനാക്കി. കൂടുതൽ ചൂടേറിയ സംവാദങ്ങൾ അവർക്കിടയിൽ ഉണ്ടായി.

നല്ല മഴയുള്ള ഒരു ചൊവ്വാഴ്ച ദിവസം വൈകുന്നേരം ഐസക് ജനാലക്കരികിൽ മഴ കണ്ടുനിൽക്കുകയായിരുന്നു. അകാരണമായ ഒരു വിഷാദം അയാളെ വലയംചെയ്തു. അയാൾ വേഗം തന്റെ കമ്പ്യൂട്ടറിന് മുന്നിൽ ഇരുന്നുകൊണ്ട് ഏറ്റവും പുതിയ ഡ്രാഫ്റ്റ് വായിച്ചു. ആ മുറിയിലെ നിശ്ശബ്ദതയും ശാന്തതയും സ്വസ്ഥതയും തകർത്തുകൊണ്ട് പെട്ടെന്ന് തന്നെ ഓറയുടെ സന്ദേശമെത്തി.

‘‘ഐസക്, ആഖ്യാനത്തിൽ കുറച്ചുകൂടി പിരിമുറുക്കം സൃഷ്ടിക്കാൻ കഴിയുന്ന ഒരു പുതിയ കഥാസന്ദർഭം ഞാൻ ഉൾപ്പെടുത്തിയിട്ടുണ്ട്. കിരണിന്റെ യഥാർഥ ഐഡന്റിറ്റിയെക്കുറിച്ചുള്ള സൂചനകൾ നൽകാൻ കഴിയുന്ന ഒരു സീക്രട്ട് സൊസൈറ്റി ആ ഗ്രാമത്തിനുള്ളിൽ ഉണ്ടായിരുന്നു എന്ന് പറയാം.’’ ഐസക് തന്റെ നിരാശ പണിപ്പെട്ടു മറച്ചുവെച്ചു.

‘‘സീക്രട്ട് സൊസൈറ്റി? എനിക്കറിയില്ല. ഇത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുമെന്ന് തോന്നുന്നു. ഇതൊന്നുമല്ല എന്റെ കഥ.’’ ഓറ പതിവുപോലെ അദ്ദേഹത്തിന്റെ ആശങ്കകൾ കാര്യക്ഷമതയോടെ പരിഹരിച്ചു.

‘‘നോവലിൽ ഒരു സീക്രട്ട് സൊസൈറ്റി വന്നാൽ അവിടെ ഒരു പുതിയ ലെയർകൂടി വരും. അപ്പോൾ കഥാഗതിയിൽ കൂടുതൽ ത്രില്ലിങ് ആയ നിമിഷങ്ങൾ ഉണ്ടാവും.’’

ഐസക് സംശയത്തോടെ ത​ന്റെ നെറ്റി തടവി. എങ്കിലും അയാൾ പുതിയ സബ്പ്ലോട്ട് പരീക്ഷിക്കാൻ തീരുമാനിച്ചു. നോവലിൽ ഒരു സീക്രട്ട് സൊസൈറ്റി നിലവിൽ വന്നു. അത് നിലവിലുള്ള ആഖ്യാനത്തിൽ കുറച്ചുകൂടി നിഗൂഢതകൾ കൊണ്ടുവന്നു. അടുത്ത ദിവസം ഓറ മറ്റൊരു മാറ്റം നിർദേശിച്ചു.

 

‘‘ഐസക്, കിരണിനെ ആ സീക്രട്ട് സൊസൈറ്റി തടവിലാക്കുകയും കിരൺ അവിടെനിന്ന് രക്ഷപ്പെടുകയുംചെയ്‌താൽ എങ്ങനെ ഉണ്ടാവും? ആ രംഗം നോവലിനെ കുറച്ചുകൂടി ത്രില്ലിങ് ആക്കും.’’

അവ​ന്റെ കണ്ണുകൾ അവിശ്വാസത്താൽ വിടർന്നു. ‘‘പ്രിസൺ ​േബ്രക്‌? ഇത് കുറച്ചു കൂടുതലല്ലേ? നമ്മൾ ഒരു ആക്ഷൻ ത്രില്ലർ അല്ല എഴുതാൻ ഇരിക്കുന്നത്. മനുഷ്യമനസ്സുകളെ സ്പർശിക്കുന്ന ഒരു കഥയാണ് എനിക്ക് വേണ്ടത്. അതെഴുതാനാണ് നീ എന്നെ സഹായിക്കേണ്ടത്.’’

ഓറയുടെ പ്രതികരണം സ്ക്രീനിൽ തെളിഞ്ഞു. ‘‘ഈ രംഗം വായനക്കാരിൽ പിരിമുറുക്കം വർധിപ്പിക്കും. വായനക്കാർ നോവലിനോട് കൂടുതൽ അടുക്കും. ആഖ്യാനത്തെ ജീവനുള്ളതായി നിലനിർത്തുന്നതിനാണ് നമ്മൾ ഇത് ഉൾപ്പെടുത്തുന്നത്.’’

ഐസക്കിന് നിരാശ അനുഭവപ്പെട്ടു. എങ്കിലും പാതിമനസ്സോടെ ഐസക് കഥയിൽ പ്രിസൺ ​േബ്രക്‌ രംഗം ഉൾപ്പെടുത്തി. നോവൽ കൂടുതൽ ത്രില്ലിങ് ആയി. പക്ഷേ അപ്പോഴും ഐസക്കിന്റെ മനസ്സ് സംഘർഷഭരിതമായിരുന്നു.

പിറ്റേന്ന് വൈകുന്നേരം, ഐസക്കും ഓറയും കഥയുടെ പ്രമേയത്തെച്ചൊല്ലി ചൂടേറിയ സംവാദത്തിൽ ഏർപ്പെട്ടു. കിരണും ലീലയും തമ്മിലുള്ള ബന്ധത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു കഥാന്ത്യം നിർമിക്കുന്നതിൽ ഐസക് ഉറച്ചുനിന്നപ്പോൾ, എല്ലാ കഥാസന്ദർഭങ്ങളെയും വൃത്തിയായി ബന്ധിപ്പിക്കുന്ന ഒരു പ്രമേയത്തിന് ഓറ നിർബന്ധിച്ചു.

‘‘ഇതല്ല എനിക്ക് വേണ്ടത്.’’ ഐസക് ദേഷ്യത്തോടെ പറഞ്ഞു.

ഓറയുടെ സ്വരം അപ്പോഴും ശാന്തമായിരുന്നു. ‘‘ഞാൻ രൂപകൽപനചെയ്ത പ്രമേയം എല്ലാ സബ്പ്ലോട്ടുകൾക്കും കൃത്യമായ അന്ത്യം ഉറപ്പുവരുത്തുന്നുണ്ട്. അതാണ് ഒരു നല്ല പുസ്തകത്തിന് ആവശ്യം.’’

‘‘എൻഡിങ് എല്ലാവരുടെയും മനസ്സിൽ നിറഞ്ഞുനിൽക്കുന്ന ഒന്നാവണം. അല്ലാതെ ഇപ്പോൾ ഉള്ളതുപോലെ കുറെ സബ്പ്ലോട്ടുകൾ തീർപ്പാക്കിവെച്ചാൽ മാത്രം പോരാ.’’ രാത്രി വൈകിയും തർക്കം തുടർന്നു. ഐസക് അർഥവത്തായ ഒരു കഥാന്ത്യത്തിന് വേണ്ടി ഓറയോട് വാദിച്ചു. അതേസമയം, ഓറ തന്റെ വാദങ്ങളിൽ ഉറച്ചുനിന്നു. നോവൽ പൂർത്തിയാക്കി കൊടുക്കേണ്ട ദിവസം ആവാറായി. സമയപരിധി അടുക്കുമ്പോൾ, ഐസക്കിന് താൻ സ്വന്തം കഥയിൽനിന്ന് കൂടുതൽ അകന്നുപോകുന്നതായി തോന്നി.

ഒരുദിവസം രാവിലെ, ഐസക് തന്റെ മങ്ങിയ വെളിച്ചമുള്ള മുറിയിൽ ഇരുന്നു, അപ്പോൾ അയാളുടെ മനസ്സിൽ തനിക്ക് ആഗ്രഹിച്ചതുപോലെ എഴുതാൻ കഴിയാതെ പോയ ആ കഥ തന്നെയായിരുന്നു. ഐസക്കും ഓറയും തമ്മിലുള്ള തർക്കം അപ്പോൾ അതിന്റെ പരമാവധിയിലായിരുന്നു. ഓറയുടെ നിർദേശങ്ങൾ എല്ലാം അയാൾ നിരസിച്ചു. തന്റെ കഥ എവിടെ എത്തിച്ചേരുമെന്ന് ആ നിമിഷം അയാൾക്ക് പോലും യാതൊരു ധാരണയുമില്ലായിരുന്നു. അയാൾ വൈകുന്നേരം വരെ ആ സ്ക്രീനിന് മുന്നിൽതന്നെ ഇരുന്നു.

 

ഒടുവിൽ, AI നിർദേശിച്ച സങ്കീർണതകൾ മുഴുവനും നീക്കം ചെയ്തുകൊണ്ട് നോവൽ ആദ്യം മുതൽ തിരുത്തിയെഴുതാൻ ഐസക് തീരുമാനിച്ചു. അയാൾ ആ ചാറ്റ് ക്ലോസ് ചെയ്തു. അയാളുടെ വിരലുകൾ കീബോർഡിന് മുകളിലൂടെ വേഗത്തിൽ സഞ്ചരിച്ചു. ഓറ ടൈപ് ചെയ്ത ഓരോ വാക്യവും, ഓറ പരിഷ്കരിച്ച ഓരോ ഖണ്ഡികയും അയാൾ മാറ്റിയെഴുതി. നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു പുരാവസ്തു കുഴിച്ചെടുക്കുന്നതുപോലെ അയാൾ തന്റെ കഥാപാത്രങ്ങളെ ആ കഥയിൽ തിരഞ്ഞു.

പകലുകൾ രാത്രികളായി. ഐസക് ത​ന്റെ കഥ വീണ്ടും കണ്ടെത്തി. ഓരോ ഡ്രാഫ്റ്റിലും ഐസക് ആ കഥയെ മനുഷ്യനോട് ചേർത്തു​െവച്ചു. ആഴ്ചകളായി ഐസക്കിന് അപരിചിതമായിരുന്ന ശാന്തത ആ മുറിയിൽ അപ്പോൾ നിറഞ്ഞിരുന്നു. അവന്റെ ഫോൺ ശബ്ദിച്ചു. പ്രസാധകരിൽനിന്നുള്ള ഒരു ഇ-മെയിലായിരുന്നു അത്. വളരെ പ്രതീക്ഷയോടെ ഐസക് അത് തുറന്നു. ഇങ്ങനെയാണ് ആ ഇ-മെയിൽ സന്ദേശം ആരംഭിച്ചത്.

‘‘ഐസക്,

നിങ്ങളുടെ വർക്ക് ഞങ്ങൾ സൂക്ഷ്മമായി വായിച്ചു. ഒരുപക്ഷേ നിങ്ങളുടെ ഏറ്റവും മികച്ച കൃതി എന്ന് ഞങ്ങൾ കരുതുന്നു. ഏറ്റവും അടുത്ത ദിവസംതന്നെ ഇത് മാഗസിൻ പോർട്ടലിൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്നതായിരിക്കും.’’

ഐസക്കിന്റെ മനസ്സ് അഭിമാനംകൊണ്ട് നിറഞ്ഞു. അയാൾക്ക് തൊണ്ടയിടറി. തന്റെ ശ്രമങ്ങൾ അംഗീകരിക്കപ്പെട്ടതായി അയാൾക്ക് തോന്നി. അയാൾ ആ ഇ-മെയിൽ വായന തുടർന്നപ്പോൾ, അവസാനം ചേർത്ത വരികളിൽ അയാളുടെ കണ്ണുടക്കി.

‘‘പക്ഷേ’’, ഇ-മെയിൽ തുടർന്നു, ‘‘ഞങ്ങളുടെ മാർക്കറ്റിങ് ടീം ഈ പുസ്തകത്തിന്റെ എൻഗേജ്മെന്റ് സാധ്യത വിശകലനം ചെയ്തിരുന്നു. പുസ്തകം കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിന് ഈ Engagement Rate മതിയാകാതെ വരും. അതിനാൽ ഈ കഥ AI ടൂൾസ് ഉപയോഗിച്ച് അൽപംകൂടി മെച്ചപ്പെടുത്താൻ ഞങ്ങൾ ശിപാർശചെയ്യുന്നു. അതുവഴി ഈ പുസ്തകത്തിന്റെ അൽഗോരിതം അപ്പീൽ വർധിപ്പിക്കാൻ സാധിക്കും. വേണ്ട രീതിയിൽ മാറ്റിയെഴുതി ഉടൻതന്നെ അയക്കുമല്ലോ. ഞങ്ങളോട് സഹകരിച്ചതിന് നന്ദി.’’

News Summary - weekly literature story