സ്കൂൾ ഡയറിയിലെ ചില താളുകൾ
1 പറക്കും നിഴൽ
പതിവിലും നേരത്തേ പള്ളിക്കൂടത്തിലെത്തിയ ഹെഡ് മിസ്ട്രസ് മേരി ടീച്ചർ ബാഗും കുടയും മേശപ്പുറത്തു െവച്ചിട്ട് പുറത്തേക്കൊന്ന് കണ്ണ് പായിച്ചപ്പോൾ മണൽ വിരിച്ച മുറ്റത്ത് കൂടി ഒരുകൂട്ടം നിഴലുകൾ പറന്നുപോകുന്നത് കണ്ടു. ആ നേരം കുന്നു കയറി വരികയായിരുന്ന കുറച്ച് കുട്ടികൾ തെക്കു നിന്ന് വടക്കോട്ട് പറക്കുന്ന വലിയൊരു പക്ഷിക്കൂട്ടത്തെയും കണ്ടു.
2 കിണറ്റുകരയിലെ മാക്കാച്ചി
ആറാം ക്ലാസിൽ കണക്ക് പഠിപ്പിച്ചിരുന്ന ചാക്കോ സാർ വലിയ ദേഷ്യക്കാരനായിരുന്നു. തലേ ദിവസം തന്നുവിട്ട ഹോം വർക്ക് ചെയ്യാതെ ചെല്ലുന്നവരെയെല്ലാം ചെവിക്ക് പിടിച്ചു കിഴുക്കിത്തീർന്നു കഴിഞ്ഞിട്ടേ ഓരോ ദിവസവും സാറ് പഠിപ്പിക്കാൻ തുടങ്ങിയിരുന്നുള്ളൂ. അടുപ്പിച്ച് രണ്ടു ദിവസം ഹോം വർക്ക് തെറ്റിച്ചു ചെയ്താൽ മൂന്നാമത്തെ ദിവസം ക്ലാസിൽനിന്ന് ഇറക്കിവിടുകയും ചെയ്തിരുന്നു. സ്കൂളിന്റെ വടക്കുപുറത്തുള്ള കിണറിന്റെ കരയിലെ കൽക്കെട്ടായിരുന്നു ഇറക്കിവിടപ്പെടുന്നവരുടെ പതിവ് അഭയസ്ഥാനം. അവിടെ ഇരുന്നാൽ വഴിയെ പോകുന്ന നാട്ടുകാരുടെ കണ്ണിൽപെടാതിരിക്കാനും പറ്റുമായിരുന്നു.
കിണറിന് ചുറ്റും അവിടവിടെയായി ഉണ്ടായിരുന്ന പൊത്തുകളിൽ കുറെ മാക്കാച്ചിക്കുടുംബങ്ങൾ കഴിഞ്ഞുകൂടിയിരുന്നു. അതുങ്ങളുടെ ഇരിപ്പും ഇടക്കിടെയുള്ള ചാട്ടവും കണ്ണ് മിഴിച്ചുള്ള മണ്ടൻനോട്ടവുമൊക്കെ കണ്ടു കണ്ടിരുന്നാണ് പുറത്താക്കപ്പെടുന്ന ദിവസങ്ങളിൽ ഞങ്ങൾ, ഭാഗ്യദോഷികൾ, സമയം പോക്കിയിരുന്നത്.
ഇന്നോർത്തു നോക്കുമ്പോൾ ചാക്കോ സാർ തന്നുവിട്ടിരുന്ന ഹോം വർക്കുകൾ ഒന്നുപോലും ഓർത്തെടുക്കാൻ കഴിയുന്നില്ല. പക്ഷേ, ആ മാക്കാച്ചിത്തവളകളുടെയും മക്കളുടെയും മണ്ടൻ മുഖങ്ങൾ നല്ലതുപോലെ ഓർത്തെടുക്കാൻ പറ്റുന്നുമുണ്ട്.
3 പായൽക്കുളം
കുടമാളൂർ സ്കൂളിലേക്ക് നടന്നാണ് പോയിരുന്നത്. രവീശ്വരം പാടം ഏങ്കോണിച്ച് മുറിച്ചുകടന്ന് അമ്പലത്തിന്റെ മതിൽക്കെട്ട് ചുറ്റിക്കറങ്ങി സ്കൂളിൽ ചെന്ന് ചേരാൻ അര മണിക്കൂറോളം നേരമേ വേണ്ടിവന്നിരുന്നുള്ളൂ. പോകുന്നവഴിക്ക് ഉപേക്ഷിക്കപ്പെട്ടതുപോലെ കിടന്ന ഒരു അമ്പലക്കുളമുണ്ടായിരുന്നു. നാല് ചുറ്റും പടവുകളുണ്ടായിരുന്ന കുളത്തിന് നടുവിലെ വെള്ളത്തിന് സമചതുരാകൃതിയായിരുന്നു. ജലോപരിതലം പായൽ പരന്ന് പച്ചച്ചാണ് കാണപ്പെട്ടിരുന്നത്.
നടപ്പുവഴിയിൽ എവിടെയെങ്കിലും െവച്ച് ഒരു വയസ്സൻ ധർമക്കാരനെ മിക്കപ്പോഴും കണ്ടുമുട്ടിയിരുന്നു. മുഷിഞ്ഞ വേഷവും നരച്ച താടിയും തളർന്ന കണ്ണുകളും ചളുങ്ങിയ പിച്ചപ്പാത്രവുമായി മുടന്തിമുടന്തി നടന്നിരുന്ന അപ്പൂപ്പനെ കണ്ടിട്ടുള്ളപ്പോഴെല്ലാം ഉള്ളിൽ പാവം തോന്നിയിട്ടുണ്ട്.
വേറാരും കുളിക്കാനിറങ്ങാറില്ലായിരുന്ന ആ പായൽക്കുളത്തിൽ അപ്പൂപ്പൻ മാത്രം ഇടക്കിടെ കുളിക്കാനിറങ്ങുന്നത് കാണാമായിരുന്നു. ഒരു മഴക്കാലദിവസം സ്കൂളിലേക്ക് പോകുന്ന വഴിക്ക് അമ്പലക്കുളത്തിനരികിൽ കുറച്ചുപേർ കൂട്ടംകൂടി നിൽക്കുന്നത് കണ്ടു. കൂട്ടുകാർക്കൊപ്പം ഓടിച്ചെന്ന് അവർക്കിടയിലൂടെ നൂണ്ട് കയറിച്ചെന്ന് എത്തിനോക്കിയപ്പോൾ കുളത്തിലെ വെള്ളത്തിൽ കമിഴ്ന്നടിച്ച് കിടന്നിരുന്ന അപ്പൂപ്പനെയാണ് കണ്ടത്. അപ്പൂപ്പന്റെ മുതുക് മാത്രമേ അപ്പോൾ പുറത്ത് കണ്ടിരുന്നുള്ളൂ. തലയും കൈകാലുകളും മുഴുവനായി പായൽ മൂടി വെള്ളത്തിൽ മുങ്ങിക്കിടന്നു.
ഉടുത്തിരുന്ന കള്ളിമുണ്ടിന്റെ തുമ്പും അപ്പുറത്ത് പൊങ്ങിക്കിടന്ന പിച്ചപ്പാത്രവുമായിരുന്നു -മരിച്ചു കിടക്കുന്നത് അപ്പൂപ്പൻ തന്നെയാണെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്തിയത്. ജഡം കൊണ്ടുപോയ വഴിക്ക് പോലീസുകാർ ആ പിച്ചപ്പാത്രംകൂടി എടുത്തുകൊണ്ട് പോയെന്ന് അന്ന് സ്കൂൾ വിട്ട് തിരികെ വരുമ്പോൾ കുളത്തിനരികിൽ അഞ്ചാറാളുകൾ വട്ടംകൂടി നിന്ന് പറയുന്നത് കേട്ടു –അപ്പൂപ്പനെ തിരിച്ചറിയാൻ മറ്റ് മാർഗങ്ങളൊന്നും ഇല്ലാതിരുന്നതുകൊണ്ട് തെളിവായിട്ടായിരുന്നത്രെ അവർ അതുംകൂടി എടുത്തുകൊണ്ടു പോയത്. കുളമാകട്ടെ ആ നേരത്തും പ്രത്യേകിച്ചൊന്നും സംഭവിക്കാത്തമട്ടിൽ ചതുരവടിവിൽത്തന്നെ മുഴുവനായി പായൽ മൂടിക്കിടന്നു.
4 ഏകാംഗ പ്രണയം
പത്താം ക്ലാസ് പ്രായത്തിൽ മീശ മുളച്ചു തുടങ്ങിയപ്പോൾ തന്നെ ഉള്ളിൽ പ്രണയവും മുളച്ചുതുടങ്ങിയിരുന്നു. പത്ത് സിയിലെ ഗ്രേസിക്കുട്ടിയോടായിരുന്നു അന്ന് കലശലായ പ്രണയം തോന്നിയിരുന്നത്. എന്നാൽ, ഗ്രേസിക്കുട്ടി ഒരു പോലീസുകാരന്റെ മകളാണെന്ന് അറിയാമായിരുന്നതുകൊണ്ട് പ്രണയം നേരിട്ട് പ്രകടിപ്പിക്കാനുള്ള ധൈര്യം ഒരിക്കലും സംഭരിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് ഞാനല്ലാതെ മറ്റൊരാളും അറിയാത്ത രഹസ്യമായി അതൊടുങ്ങുകയുംചെയ്തു. എന്നിരിക്കിലും ഗ്രേസിക്കുട്ടിയെ കല്യാണം കഴിച്ച് ഞങ്ങളൊന്നിച്ച് ജീവിക്കുന്നതായ ഒരു പകൽക്കിനാവ് ആ നാളുകളിൽ ഒരുപാട് കണ്ടിട്ടുമുണ്ട്. സ്കൂൾ കാലം പിന്നിട്ടാൽ ഗ്രേസിക്കുട്ടി എന്നെക്കണ്ടാൽ തിരിച്ചറിയുമെന്ന് പോലും ഉറപ്പില്ലാതിരിക്കെയാണ് ആ കിനാവുകളത്രയും കണ്ടതെന്നുള്ളതാണ് വലിയ തമാശ.
ഏതായാലും പത്താം ക്ലാസ് കഴിഞ്ഞ് ഞങ്ങൾ രണ്ടു കോളേജുകളിലേക്കായി പിരിഞ്ഞുപോയതോടെ ആ പ്രണയപ്പനി അകന്നകന്ന് പോയി. എങ്കിലും കോളേജ് കാലത്തും അതിനുശേഷവും ഗ്രേസിക്കുട്ടിയെ ടൗണിൽ പലയിടത്തുെവച്ചും ഇടക്കിടെ കണ്ടിട്ടുള്ളപ്പോഴെല്ലാം ഒരു നിമിഷനേരത്തേക്ക് കൊടിയ മോഹഭംഗം മനസ്സിൽ നിറഞ്ഞിരുന്നു. ഒടുക്കം ഭർത്താവിനോടൊപ്പം കണ്ടുതുടങ്ങിയിട്ട് തന്നെയും അതങ്ങനെ തുടർന്നുപോകുകയും ചെയ്തു. എന്തിനേറെപ്പറയുന്നു –പിൽക്കാലം ഗ്രേസിക്കുട്ടിയെ കുട്ടികൾക്കൊപ്പം തികഞ്ഞ കുടുംബിനിയായി കാണാൻ ഇടവന്നിട്ടുള്ളപ്പോൾപോലും ആ പഴയ പകൽക്കിനാവ് ഒന്ന് ഒളിമിന്നി മനസ്സിലൂടെ കടന്നുപോകാതിരുന്നിട്ടില്ല. ഗ്രേസിക്കുട്ടിയാകട്ടെ ആ അവസരങ്ങളിലൊന്നിൽപോലും എന്നെ കണ്ട മട്ട് കാണിച്ചിട്ടുമില്ല.
അങ്ങനെയിരിക്കെയാണ് ഈയിടെ ഒരുദിവസം വെളുപ്പാൻകാലത്ത് കുറച്ച് ഫ്രഷ് മീൻ വാങ്ങിക്കളയാം എന്ന് തീരുമാനിച്ച് സ്കൂട്ടറെടുത്ത് ടൗണിലെ മീൻ മാർക്കറ്റിലേക്ക് പോകുന്നതും അവിടെ െവച്ച് ഒരുപാട് നാളുകൾക്കുശേഷം ഗ്രേസിക്കുട്ടിയെ വീണ്ടും കണ്ടുമുട്ടുന്നതും. ഗ്രേസിക്കുട്ടിയുടെ ചുരുളൻമുടി പാതിയോളം നരച്ചിരുന്നു. ദേഹത്തും മുഖത്തും ചുളിവുകളും വീണു തുടങ്ങിയിരുന്നു. എന്നിട്ട് തന്നെയും ആളെ തിരിച്ചറിയാൻ എനിക്ക് രണ്ടാമതൊന്ന് നോക്കേണ്ടിവന്നില്ല. ഞാൻ ശ്രദ്ധിക്കുന്നത് തിരിച്ചറിഞ്ഞ് ഗ്രേസിക്കുട്ടി ഒരു മിന്നായംപോലെ എന്റെ നേരെ ഒന്നു നോക്കിയെങ്കിലും മുഖത്ത് യാതൊരു പരിചയഭാവവും തെളിഞ്ഞുകണ്ടില്ല. ഞാനത് പ്രതീക്ഷിച്ചതുമില്ല എന്നുള്ളത് വേറെ കാര്യം.
ഏതായാലും ഗ്രേസിക്കുട്ടി നോക്കിനിന്നിരുന്ന മീൻകൂട്ടത്തിലേക്ക് തന്നെ കണ്ണയച്ചുകൊണ്ട് ഞാൻ അങ്ങോട്ട് നടന്നടുത്തു. അടുത്തുചെന്ന പാടെ കച്ചവടക്കാരൻ ഒന്ന് നന്നായി ചിരിച്ച് കാട്ടി സ്വാഗതംചെയ്തിട്ട് ഗ്രേസിക്കുട്ടി നോട്ടമിട്ട് നിന്നിരുന്ന മീൻകൂട്ടത്തിലെ ഏറ്റവും വലിയ മീനിനെ ചൂണ്ടിക്കാട്ടി എന്നോട് ചോദിച്ചു.
‘‘ഇതെടുക്കുന്നോ ചേട്ടാ? നല്ല സൂപ്പർ നെയ്മീനാ. അഞ്ചരക്കിലോയൊണ്ട്. ഈ ചേച്ചിക്ക് മൂന്ന് കിലോയിത്താഴെയൊള്ളതാ വേണ്ടത്. ചേട്ടനും അത്രേം മതീങ്കിൽ നിങ്ങള് പപ്പാതി എടുക്ക്. സംഗതി കുശാൽ.’’
തലയാട്ടി സമ്മതിക്കാൻ എനിക്കൊട്ടും ആലോചിക്കേണ്ടി വന്നതേയില്ല.
പക്ഷേ, ഗ്രേസിക്കുട്ടി അതിന് അനുകൂലമായോ പ്രതികൂലമായോ ഒന്നും പറയാതെയും മുഖത്ത് ഒരു ഭാവഭേദംപോലും കാട്ടാതെയും അടുത്ത മീൻകാരന് സമീപത്തേക്ക് നടക്കുകയാണ് ചെയ്തത്.
ഞാനും ചെറുമീനുകൾ വിൽക്കുന്ന വേറൊരു കടയിലേക്ക് പോയി നേരത്തേ ഉദ്ദേശിച്ചിരുന്നതുപോലെ തന്നെ കുറച്ചു മത്തിയും പൊടിമീനും വാങ്ങിച്ചുകൊണ്ട് പോരുകയും ചെയ്തു. അതിനകം അപ്പുറത്തെ ഒരു മീൻകടയിൽ പോയി കച്ചവടമുറപ്പിച്ചു കഴിഞ്ഞിരുന്ന ഗ്രേസിക്കുട്ടി പേഴ്സിൽനിന്ന് പണമെടുത്ത് കൊടുത്തുകൊണ്ട് നിൽക്കുന്നത് നടക്കുന്ന വഴിക്ക് കാണുവാനും കഴിഞ്ഞു.
അത് കണ്ട നേരം ഇങ്ങനെയൊരു ആത്മഗതം എന്റെ മനസ്സിൽ ഉയർന്നുതാഴുകയുണ്ടായി.
‘‘എന്നാലും എന്റെ ഗ്രേസിക്കുട്ടീ... ജീവിതമോ പങ്കിടാൻ കഴിഞ്ഞില്ല. പകരം ഒരു ചത്ത മീനെങ്കിലും പങ്കിടാൻ പറ്റുമെന്നു വന്നപ്പോൾ –അതിനുപോലും സമ്മതം പറയാൻ നിനക്ക് മനസ്സലിവുണ്ടായില്ലല്ലോ. കഷ്ടം!’’
5 വാനൊലിനിലയം
യു.പി സ്കൂളിൽ പഠിപ്പിച്ച ഉലഹന്നാൻ സാറിന്റെയും ഭാര്യ ചിന്നമ്മ ടീച്ചറിന്റെയും വീട് സ്കൂളിനോട് തൊട്ടുചേർന്നു തന്നെയായിരുന്നു. ഒരേ വർഷംതന്നെ സ്കൂളിൽ നിയമനം കിട്ടിയ അവർ രണ്ടുപേരും ചുരുങ്ങിയൊരു കാലം പ്രണയനാടകമാടിയിട്ട്, തൊട്ടുപിന്നാലെ വിവാഹിതരായി, അതിനു പിന്നാലെ ആ പത്തു സെന്റ് വാങ്ങി വീടുംെവച്ച പ്രായോഗികമതികളായിരുന്നു. പക്ഷേ, മുന്നോട്ട് പോകുംതോറും താളപ്പിഴകൾ കൂടെക്കൂടെ സംഭവിച്ചുകൊണ്ടിരുന്ന ഒരു ദാമ്പത്യബന്ധമായിപ്പോയി അവരുടേത്.
രണ്ടുപേരും ഒരുമിച്ച് സ്കൂളിലേക്ക് വരുന്നതുപോലും ഞങ്ങൾക്കാർക്കും ഒരിക്കലും കാണാൻ കഴിഞ്ഞിട്ടില്ല. ഉലഹന്നാൻ സാർ നേരത്തേ നടന്നുവരികയും ചിന്നമ്മ ടീച്ചർ മകളെ ടൗണിലെ സ്കൂളിലേക്ക് ബസ് കയറ്റിവിട്ടിട്ട് പിന്നീട് വരികയുമായിരുന്നു പതിവ്. ഉച്ചമണി അടിച്ചാൽ സംഗതി നേർവിപരീതവും. ചിന്നമ്മ ടീച്ചർ വീട്ടിലേക്ക് ഒറ്റയൊരോട്ടമാണ്. കുറച്ച് നേരം കഴിഞ്ഞ് ഉലഹന്നാൻ സാർ പതിയെപ്പതിയെ നടന്നു പോകുന്നതും കാണാം. സാർ വീട്ടിലേക്ക് ചെന്നു കയറിക്കഴിയുമ്പോളാകട്ടെ അവിടെനിന്ന് രണ്ടുപേരുടേയും ഒച്ച ഒരുമിച്ചുയരുന്നത് കേട്ടു തുടങ്ങും. ചിലപ്പോഴൊക്കെ പാത്രങ്ങൾ വലിച്ചെറിയുന്ന ഒച്ചയും കേൾക്കാം. ഒച്ചകൾ ഒരു പരിധിക്കപ്പുറം ഉയരുമ്പോൾ പെട്ടെന്നവിടെ റേഡിയോ ഓണാകും. ആകാശവാണിയിൽനിന്നോ സിലോൺ റേഡിയോയിൽനിന്നോ ഉള്ള പാട്ടുകൾ അത്യുച്ചത്തിൽ കേട്ടുതുടങ്ങും. ഉലഹന്നാൻ സാർ വീടു വിട്ടിറങ്ങുന്നതുവരെ അതങ്ങനെ തുടരും.
ഉച്ച കഴിഞ്ഞ് ആദ്യത്തെ പീരിയഡ് ഉലഹന്നാൻ സാറിന്റേതാണെങ്കിൽ ഞങ്ങൾ സഹപാഠികളെല്ലാവരും പ്രത്യേകം ഒരു കരുതലെടുത്തിരുന്നു. ടീച്ചറോടുള്ള കലി ഞങ്ങളോടെങ്ങാനും തീർത്തെങ്കിലോ എന്നായിരുന്നു ഞങ്ങളുടെ പേടി. പക്ഷേ, ഒരു കാര്യം ഞാനിന്നും കൃതജ്ഞതാപൂർവം ഓർക്കുന്നു. വാനൊലിനിലയം എന്നറിയപ്പെട്ടിരുന്ന സിലോൺ റേഡിയോയിൽനിന്നുള്ള ചലച്ചിത്രഗാനങ്ങൾ വർഷങ്ങളോളം പതിവായി കേൾക്കാൻ എനിക്ക് പ്രേരണ തന്നത് അന്ന് കേട്ട് കേട്ട് ഹൃദയം കുളിർത്ത ആ പാട്ടുകളാണ്.
അന്ന് ഞങ്ങളെ ക്രാഫ്റ്റ് പഠിപ്പിച്ചിരുന്ന വർക്കി സാർ ആളൊരു സരസനായിരുന്നു. പുത്തൻപുരയിൽ എന്ന് പേരായിരുന്ന ഉലഹന്നാൻ സാർ-ചിന്നമ്മ ടീച്ചർമാരുടെ വീടിന് വാനൊലിനിലയം എന്ന കള്ളപ്പേര് ചാർത്തിക്കൊടുത്തത് സാറായിരുന്നു. ഇന്ന് ആളൊഴിഞ്ഞു കിടക്കുന്ന ആ വീട് കാണുമ്പോൾ ഇപ്പറഞ്ഞതൊക്കെയും ഞാൻ ഓർത്തു പോകാറുണ്ട്. ഉലഹന്നാൻ സാറും ചിന്നമ്മ ടീച്ചറും അന്നുയർത്തിയ ഒച്ചകൾ വാനൊലിയായി ഇപ്പോഴും അന്തരീക്ഷത്തിൽ അനാഥമായി അലഞ്ഞു നടക്കുന്നുണ്ടായിരിക്കുമല്ലോ എന്ന് വിചാരിക്കുകയും ചെയ്യാറുണ്ട്.
6 കണക്കു പരീക്ഷ
അക്കൊല്ലം ഓണക്കാലമായിട്ടും കാലവർഷം പെയ്തു തീർന്നിരുന്നില്ല. കല്ലുമടയാറ് നിറഞ്ഞൊഴുകിക്കൊണ്ടിരുന്നതുകൊണ്ട് ഓണപ്പരീക്ഷയുടെ നാളുകളിൽ ഞങ്ങളെ നേരത്തിന് അക്കരെയെത്തിക്കാൻ കടത്തുകാരൻ മത്തായിച്ചേട്ടൻ ശരിക്കും പാട് പെടുന്നുണ്ടായിരുന്നു. അതറിഞ്ഞിട്ടായിരിക്കണം കടവിൽ തിരക്ക് കൂടുന്ന തക്കംനോക്കി സ്വന്തം വള്ളവുമായി ഇറങ്ങാറുള്ള ചെല്ലപ്പൻ ചേട്ടനും ആ നാളുകളിൽ രംഗത്തെത്തിയിരുന്നു. ആളൊന്നിന് പത്തു പൈസയായിരുന്നു കടത്തുകൂലിയായി ചേട്ടൻ ഈടാക്കിയിരുന്നത്. അന്നത്തെ നാണയമൂല്യം െവച്ച് നോക്കിയാൽ അതൊരു കഴുത്തറപ്പൻ നിരക്കായിരുന്നിട്ട് തന്നെയും ആളെണ്ണമെടുക്കുമ്പോൾ ചേട്ടൻ കൈക്കുഞ്ഞുങ്ങളെപ്പോലും ഒഴിവാക്കിയിരുന്നുമില്ല. അതുകൊണ്ട് വല്ല നിവൃത്തിയുമുണ്ടെങ്കിൽ നാട്ടുകാരാരും ചെല്ലപ്പൻ ചേട്ടന്റെ വള്ളത്തെ ആശ്രയിച്ചിരുന്നുമില്ല. അല്ലെങ്കിൽതന്നെയും –പൊതുകടത്തിലെ യാത്രയോളം സുരക്ഷിതവുമായിരുന്നില്ലല്ലോ ആ ചെറുവള്ള സഞ്ചാരം.
കണക്കു പരീക്ഷയുടെ ദിവസം പഠിച്ചു പഠിച്ചിരുന്ന് സമയം വൈകിയായിരുന്നു ഞാൻ സ്കൂളിലേക്ക് പുറപ്പെട്ടത്. കടത്തുവള്ളം നോക്കിനിന്ന് സമയം കളയാതെ വേണോന്ന് െവച്ചാൽ ചെല്ലപ്പൻ ചേട്ടന്റെ വള്ളത്തിൽ കയറിയാണെങ്കിലും നേരത്തിന് തന്നെ പരീക്ഷക്കിരിക്കണമെന്ന് പറഞ്ഞ് അമ്മ എന്റെ കയ്യിൽ പത്തുപൈസ ഏൽപിച്ചാണ് ഒരുക്കിവിട്ടതും.
കടവിലെത്തുമ്പോൾ കഷ്ടകാലത്തിന് കടത്തുവള്ളം അക്കരെത്തന്നെ ആയിരുന്നുതാനും. അതുകൊണ്ട് പരീക്ഷക്കു തന്നെ പോകുന്ന കൂട്ടുകാർ കുറെപ്പേരുമായി പുറപ്പെടാൻ തയാറെടുത്തുകൊണ്ടിരുന്ന ചെല്ലപ്പൻ ചേട്ടന്റെ വള്ളത്തിൽ തന്നെ ഞാനും ഓടിച്ചെന്ന് കയറി. പുറപ്പെട്ട പാടെ വള്ളത്തിന് ലേശം അമിതഭാരം അനുഭവപ്പെട്ടത് തിരിച്ചറിഞ്ഞ് ഞങ്ങൾ കുട്ടികളെല്ലാം തമ്മിൽത്തമ്മിൽ നോക്കി ആശങ്ക പങ്കിട്ടിരുന്നു. എന്നാൽ, ചെല്ലപ്പൻ ചേട്ടൻ ഒരു കുലുക്കവും കാട്ടാതിരുന്നതുകൊണ്ട് ആരും അത്ര കണ്ട് ചകിതരായതുമില്ല.
പക്ഷേ കുറച്ചു മുന്നോട്ട് ചെന്നപ്പോഴാണ് കളി മാറിയത്. അടിഭാഗത്തെ ഏതോ വിടവിലൂടെ വള്ളത്തിൽ വെള്ളം കയറാൻ തുടങ്ങി. തുഴച്ചിലിനിടയിൽ അത് തേവിത്തേവിക്കളഞ്ഞുകൊണ്ട് ചേട്ടൻ കൂസലില്ലാതെ മുന്നേറിയെങ്കിലും ആറിന് നടുവിലെ കുത്തൊഴുക്കുള്ള ഇടം കടക്കുന്ന നേരത്ത് ചേട്ടന് തേവൽ നിർത്താതെ വയ്യെന്ന് വന്നു. അതുകൊണ്ട് അവിടം കടന്നു കഴിഞ്ഞപ്പോൾതന്നെ വള്ളത്തിന്റെ വിളുമ്പ് വെള്ളപ്പരപ്പിനോടടുക്കുകയുംചെയ്തു. വള്ളം ശരിക്കും മുങ്ങാൻ പോകുന്ന മട്ടായിക്കഴിഞ്ഞപ്പോൾ പേടിയായിരുന്നില്ല, നിലയുള്ള ഭാഗത്ത് എത്തിക്കഴിഞ്ഞതിെന്റ ആശ്വാസമായിരുന്നു ഞങ്ങൾക്കെല്ലാം ഏറെ അനുഭവപ്പെട്ടത്.
‘‘എല്ലാരും അനങ്ങാതെ നിന്നോണം. വള്ളം മുക്കരുത് കേട്ടോ’’ എന്ന് ചേട്ടൻ പറഞ്ഞു തീരും മുമ്പേ വള്ളം വെള്ളത്തിലേക്ക് താഴ്ന്നു തുടങ്ങി. ഉടനടി ‘‘ചാടിക്കോ പിള്ളേരെ’’ എന്നായി ചേട്ടൻ. കേൾക്കാത്ത താമസം ഞങ്ങൾ മാക്രിക്കുഞ്ഞുങ്ങളെപ്പോലെ എടുത്തു ചാടുകയുംചെയ്തു. ചാടിയ ഇടത്ത് അരയോളം വെള്ളം മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും അടിഭാഗമത്രയും ചേറ് അടിഞ്ഞു കിടന്നിരുന്നു. അതുകൊണ്ട് നീന്തിപ്പോയി കര പറ്റാൻ ഞങ്ങൾക്ക് കുറെ നേരം വേണ്ടിവരികയും ചെയ്തു.
ആ നേരംകൊണ്ട് –ഒറ്റക്കമത്തിന് ഉള്ളിലെ വെള്ളം വാർന്ന് കളഞ്ഞിട്ട് മലർത്തിയ ആളൊഴിഞ്ഞ വള്ളവുമായി ചെല്ലപ്പൻ ചേട്ടൻ കര പിടിച്ചു കഴിഞ്ഞിരുന്നു. എന്നിട്ട് കയ്യും നീട്ടി അവിടെ നിലയുറപ്പിച്ച കക്ഷി ഞങ്ങൾ ഓരോരുത്തരിൽനിന്നും പത്തു പൈസ വീതംതന്നെ പിടുങ്ങുകയും ചെയ്തു. നീന്തിയ ദൂരം കണക്കാക്കി ഒരു രണ്ടു പൈസയെങ്കിലും കുറക്കാൻ തോന്നിയില്ല –ആ ആർത്തിക്കാരന്. കണക്ക് പറയാൻ നിന്നാൽ കണക്കു പരീക്ഷക്ക് നേരത്തിനെത്താൻ കഴിയുമായിരുന്നില്ല. അതുകൊണ്ട് ഞങ്ങളുടെ കൂട്ടത്തിലെ വഴക്കാളികൾപോലും അതിനൊട്ട് മുതിർന്നതുമില്ല.