ഇടമലയിലെ യാക്കോബ്
മരിക്കുമ്പോൾ ശാന്തമായിരുന്നു അപ്പന്റെ മുഖം. പുൽത്തുമ്പിൽനിന്ന് അവസാന മഴത്തുള്ളിയും വെയിലിൽ അലിഞ്ഞു പോയതുപോലെ നിശ്ശബ്ദമായിരുന്നു മരണവും. കിടക്കവിരിയിലെ ചുളിവു നിവർത്തുന്നത്ര എളുപ്പത്തിൽ. പ്രാർഥനാ ശുശ്രൂഷകൾക്കുശേഷം അധികം വൈകാതെ അപ്പൻ ഞങ്ങളുടെ കുടുംബക്കല്ലറയിലേക്ക് എടുക്കപ്പെട്ടു. ശവഘോഷയാത്രയിൽ നാട്ടിലെ ജനം മുക്കാലുമുണ്ടായിരുന്നു. അല്ലാത്തവർ വീട്ടുജനാലകൾ തുറന്നിട്ടു. വേലികൾക്ക് പിന്നിലും മുന്നിലുമായി നിരന്നു. ശവവണ്ടി കടന്നുപോകുമ്പോൾ ആളുകളിൽ പലരും കണ്ണുകൾ തുടക്കുന്നത് ഞാൻ കണ്ടു. കല്ലറയിലേക്ക് പെട്ടിയിറക്കുമ്പോൾ ആരൊക്കെയോ ഉറക്കെക്കരഞ്ഞു. എൺപതാണ്ടുകളുടെ ജീവിതത്തിന്റെ വെട്ടംകെടുത്തി അപ്പൻ ഇരുട്ടിലേക്ക് പോയി. അപ്പൻ ചെയ്ത സദ്പ്രവൃത്തികളുടെ ഫലമെന്നോണം എല്ലായിടത്തും ചൂടില്ലാത്ത തെളിവെയിൽ പരന്നുനിന്നു.
ഒരാഴ്ചയോളം സന്ദർശകരുടെ തിരക്കായിരുന്നു. പലരും അപ്പനുമൊത്തുള്ള ഓർമകൾ പങ്കുവെച്ചു. വീടിനുള്ളിൽ അപ്പന്റെ മുറി, കസേര, വായിച്ചടയാളം വെച്ച വേദപുസ്തകം, കണക്കുകളെഴുതിയിരുന്ന പഴയ ഡയറി എല്ലാം അനങ്ങാതെയിരുന്നു. ചെരിപ്പുകൾക്കരികിൽ തന്നെ ചുമരിൽചാരിവെച്ച ഊന്നുവടിയുടെ പിടിയിൽ അപ്പന്റെ ഉള്ളംകയ്യിലെ ചെറുചൂടുണ്ടോയെന്ന് ഞാൻ തൊട്ടുനോക്കി. അപ്പന്റെ കസേരയിൽ ഞാനൊന്നിരുന്നു. പിറകിൽനിന്ന് അപ്പനെന്നെ പൂണ്ട്കെട്ടിപ്പിടിച്ചതുപോലെതോന്നി.
തികഞ്ഞ ദൈവവിശ്വാസമായിരുന്നു അപ്പന്റെ ഏറ്റവും വലിയ ഗുണം. ദൈവം തൊട്ടടുത്തുണ്ടെന്ന് തോന്നുംവിധം അഗാധവും നിഷ്കളങ്കവുമായിരുന്നു അപ്പന്റെ പ്രാർഥനകൾ. കാരുണ്യവും ക്ഷമയും വിശ്വാസവുമില്ലെങ്കിൽ മനുഷ്യന്റെ ജീവിതം പാഴാണെന്ന് അദ്ദേഹമെന്നെ ഇടക്കിടെ ഓർമിപ്പിക്കുമായിരുന്നു. പാതിരാവുകളിൽ മുറിവാതിൽ തുറന്നുവന്ന് കിടക്കക്കരികിലിരുന്ന് അപ്പനെന്റെ നെറ്റിയിൽ തലോടുമായിരുന്നു. പുതപ്പ് എന്റെ നെഞ്ചിലേക്ക് വലിച്ചിട്ട് ശബ്ദമുണ്ടാക്കാതെ പോകും. എവിടെയും അപ്പന്റെ സാന്നിധ്യം ഞാനറിഞ്ഞിരുന്നു. അങ്ങാടിയിലോ വഴിയരികിലോ വലിയ ഓഫിസുകളിലോ അപ്പന്റെ പേരുകേൾക്കുമ്പോൾ ആളുകൾ ബഹുമാനത്തോടെ കണ്ണുകൾ വിടർത്തുന്നതു കാണാം. അപ്പന്റെ മരണസർട്ടിഫിക്കറ്റ് തയ്യാറാക്കിത്തന്ന ഉദ്യോഗസ്ഥൻ കൈപിടിച്ച് എന്നെ നോക്കിപ്പറഞ്ഞു.
‘‘അദ്ദേഹമില്ലായിരുന്നെങ്കിൽ ഞാനിവിടെ ഉണ്ടാകുമായിരുന്നില്ല.’’
മരണ സർട്ടിഫിക്കറ്റ് കയ്യിൽ വാങ്ങി തിരിച്ചുമടങ്ങുമ്പോൾ ഇതൊരു തുടർച്ചയാണെന്നെനിക്കു തോന്നി. എന്റെ ജനന സർട്ടിഫിക്കറ്റ് വാങ്ങിയത് അപ്പനാണ്. മരണ സർട്ടിഫിക്കറ്റ് ഞാനും. എന്റെ മകന്റെ ജനന സർട്ടിഫിക്കറ്റ് ഞാൻ വാങ്ങി, ഇനി എന്റേത് അവൻ വാങ്ങുമായിരിക്കും.
അപ്പൻ കണക്കുകളെഴുതിയിരുന്ന ഡയറി ഞാൻ പരിശോധിച്ചു. കിട്ടാക്കടങ്ങൾ ഒരുപാടുണ്ട്. എല്ലാം വലിയ വലിയ സംഖ്യകൾ. സംഖ്യകൾക്കുനേരെ വാങ്ങിയവരുടെ പേരുവിവരങ്ങളുണ്ട്. ആവർത്തിച്ച് വാങ്ങിയവരുണ്ട്. കൗതുകമതല്ല. എല്ലാ കണക്കുകളും എഴുതി അവസാനിപ്പിച്ചതിനുശേഷം എന്നെ അഭിസംബോധന ചെയ്ത് രണ്ട് വാചകങ്ങളുണ്ട്. ‘‘മകനേ, ഈ കടമെല്ലാം തിരിച്ചുകിട്ടുന്നതിനുവേണ്ടി ആരെയും ബുദ്ധിമുട്ടിക്കരുത്. അവരെല്ലാം പാവങ്ങളാണ്.’’ ആയിരം കിളികൾ ചേക്കേറിയിരുന്ന വലിയ തണൽമരം ഇല്ലാതായതുപോലെ എന്റെ മനസ്സ് പെട്ടെന്ന് വേനലിലാണ്ടു. കണ്ണുകളിൽനിന്ന് തുള്ളികളടർന്നു. തല കുമ്പിട്ടിരുന്നു കരഞ്ഞ എന്റെ നേർക്ക് ജനൽകടന്ന് നേരിയ ഒരു കാറ്റുവന്നു. അപ്പന്റെ വിരലുകൾപോലെ അതെന്റെ മുടിയിഴകളിൽ തലോടി.
അപ്പന്റെ ഒരേയൊരു ഫോട്ടോ മാത്രമേ കയ്യിലുണ്ടായിരുന്നുള്ളൂ. വളരെ പണ്ടത്തേതാണ്. മുഖം ചുളിവിലേക്ക് കയറിയിട്ടില്ല. ശാന്തമായ ചിരി കണ്ണുകളിലുണ്ട്. ഫോട്ടോ ഇനിയും പഴകിയാൽ ഒരുപക്ഷേ തെളിച്ചം കുറയാൻ സാധ്യതയുണ്ട്. ഫോട്ടോ വരപ്പിക്കണമെന്ന് ഞാനാലോചിച്ചു. ഇടക്കിടക്ക് അങ്ങാടികളിലും തെരുവുകളിലും പ്രത്യക്ഷപ്പെട്ട് മതിലുകളിലും ചുവരുകളിലും പലതരം കളർച്ചോക്കുകൾകൊണ്ട് ചിത്രം വരച്ചിരുന്ന ഒരാളെ എനിക്കോർമ വന്നു. ഇവിടെ അടുത്താണ് ആ ചിത്രകാരന്റെ താമസവും. ഒരിക്കൽ ചുമടെടുത്തിരുന്ന ഒരു വയസ്സൻ തൊഴിലാളിയുടെ ചിത്രം അയാൾ ചന്തത്തെരുവിലെ ചുമരിൽ വരച്ചു. അതേപടിയെന്ന് പറയേണ്ടതില്ല. കണ്ടവരൊക്കെ ചിത്രത്തിനുമുന്നിൽ അത്ഭുതംകൂറി നിന്നു. ആ ചിത്രം കണ്ട സമയത്ത് കെട്ടിക്കിടക്കുന്ന വെള്ളംപോലെയുള്ള തൊഴിലാളിയുടെ നിഴലിനെയാണ് ഞാൻ ശ്രദ്ധിച്ചത്. അയാളെങ്ങനെയാണാ നിഴൽ വരച്ചുചേർത്തിട്ടുണ്ടാവുകയെന്ന് ഞാൻ അത്ഭുതം കൂറി. പിന്നീട് ആ വയസ്സൻ തൊഴിലാളി മരിച്ചപ്പോൾ ചിത്രത്തിനുതാഴെ പൂക്കളും ചെണ്ടുകളുമെല്ലാം കുന്നുകൂടിയിരുന്നുവെന്നും ചുവർ പൊളിക്കുന്നതുവരെ അത് തുടർന്നുവെന്നും കേട്ടിട്ടുണ്ട്.
അപ്പന്റെ ഫോട്ടോ വരക്കാൻ ഞാനയാൾക്ക് മുൻകൂർ പണം നീട്ടി. പുറമ്പോക്കിലെ കിളിക്കൂടു പോലുള്ള ഒറ്റമുറി വീട്ടിലായിരുന്നു ചിത്രകാരൻ താമസിച്ചിരുന്നത്. സിമന്റടർന്ന നിലത്ത് പലതരം ചോക്കുകൾ ചിതറിക്കിടന്നു. നീണ്ട കഴുത്തും സ്ഥിരതയില്ലാത്ത കണ്ണുകളുമായി അയാളെന്റെ മുന്നിലിരുന്നു. ഫോട്ടോകൾ വരക്കാറില്ല എന്നുപറഞ്ഞെങ്കിലും ഞാൻ നീട്ടിയ പണത്തെ ആശയോടെ നോക്കി. കെട്ടുപോയ ഒരു മുറിബീഡി ചുണ്ടിന്റെ രണ്ടു കോണുകളിലേക്കും നിർത്താതെ ചലിച്ചുകൊണ്ടിരുന്നു. പെട്ടെന്ന് ചുണ്ടിന് നടുവിൽ അതുനിന്നു. അയാൾ പണത്തിനുവേണ്ടി കൈനീട്ടി. ഞാൻ പണവും ഫോട്ടോയും ഒപ്പംനീട്ടി.
പിന്നീടുള്ള ദിവസങ്ങളിൽ എനിക്ക് ഒട്ടും ക്ഷമയില്ലായിരുന്നു. പലതവണ ഞാൻ ചിത്രകാരനെ വിളിച്ചെങ്കിലും അയാൾ ഫോണെടുത്തതേയില്ല. മഴ പെയ്തുകൊണ്ടിരുന്നു. ചാടിത്തുള്ളുന്ന മഴയത്ത് വീണ്ടും വീണ്ടും ഞാനയാളെ തേടിച്ചെന്നു. ചിത്രകാരൻ മുറുക്കിക്കെട്ടിയ പനമ്പുവാതിൽ തുറന്നതേയില്ല. പലവട്ടം കാത്തുനിന്ന് ഞാൻ മടങ്ങിപ്പോന്നു.
മഴ പെയ്തുകൊണ്ടിരുന്നു. മണ്ണട്ടികളെ അലിയിച്ച് ഭൂമിയിലൂടെ വെള്ളമൊഴുകുന്ന ശബ്ദം ഞാൻ കേട്ടുകിടന്നു. അപ്പനും ഇങ്ങനെ ചെയ്യുമായിരുന്നെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. കാതോർത്താൽ പല ദിക്കുകളിൽനിന്നും ചെറിയ ഉറവകളുടെ തനിച്ചുള്ള ശബ്ദങ്ങൾ കേൾക്കാം. സ്വസ്ഥമായ ഉറക്കത്തിൽ ദൈവത്തിന്റെ ദുരൂഹമായ ഇടപെടൽപോലെ ഒരു സ്വപ്നം കണ്ടു. പതിവുപോലെ അപ്പനെത്തന്നെയാണ് കണ്ടത്. ഞങ്ങളുടെ മുറ്റത്ത് പണ്ടുണ്ടായിരുന്ന പനിനീർച്ചെടിയുടെ അരികിൽ പൂവിനെ താലോലിച്ചുകൊണ്ട് അപ്പൻ നിൽക്കുന്നു. അപ്പന്റെ മുഖവും പൂവുപോലെ വിടർന്നിട്ടുണ്ട്. അവിടെയെല്ലാം ഇളവെയിൽ പരന്നിട്ടുണ്ട്.
നേരം വൈകിയാണ് എഴുന്നേറ്റത്. വെളിയിൽ ആരോ വന്നിട്ടുണ്ടെന്ന് എനിക്കുതോന്നി. വാതിൽ തുറന്നപ്പോൾ ചിത്രകാരൻ പുറത്തുനിൽപ്പുണ്ട്. ദീർഘചതുരത്തിലുള്ള ഒരു ഫ്രെയിം പുറത്തെ ഭിത്തിയിൽ ചാരിവെച്ചിരിക്കുന്നു. ചാരനിറമുള്ള കടലാസുകൊണ്ടയാൾ ചിത്രം മുഴുവൻ മറച്ചിരുന്നു. അപ്പനെ വരച്ചതു കാണാൻ വീട്ടിലുള്ള എല്ലാവരും പുറത്തേക്കുവന്നു. ജീവനുള്ള അപ്പനല്ലല്ലോ ഇതെന്ന സങ്കടത്തിൽ ഞാൻ ആ കടലാസു മറ കീറിയെടുത്തു. എല്ലാവരുടെയും ആശ്ചര്യശബ്ദങ്ങൾക്കും ദുഃഖസീൽക്കാരങ്ങൾക്കുമിടയിൽ ഞാനൊരു മൂടലോടെയാണ് അപ്പന്റെ ചിത്രം നോക്കിയത്. പതുക്കെ പതുക്കെ ചിത്രത്തിൽ ഇളവെയിൽ തെളിഞ്ഞുവന്നു. ദാ... ഞങ്ങളുടെ മുറ്റത്ത് പണ്ടുണ്ടായിരുന്ന പനിനീർച്ചെടിയുടെ അരികിൽ പൂവിനെ തലോടിക്കൊണ്ടു നിൽക്കുന്ന അപ്പന്റെ ചിത്രം. ഞാൻ ആശ്ചര്യത്തോടെ ചിത്രകാരനെ നോക്കി. അയാൾ പറഞ്ഞു.
“വരയ്ക്കുമ്പോൾ ഞാൻ കൈകളെ സ്വതന്ത്രമായി വിടും. അവ പുതിയതെന്തെങ്കിലും കണ്ടെത്തും. ചിലപ്പോളൊരു നിഴൽ. അല്ലെങ്കിലൊരു പനിനീർപൂവ്. അതിലത്ഭുതമൊന്നുമില്ല.”
അപ്പന്റെ ചിത്രം വീടിനകത്ത് പ്രധാനപ്പെട്ട ഒരിടത്തുതന്നെ സ്ഥാപിച്ചു. ചിത്രത്തിനടുത്തെത്തുമ്പോൾ എല്ലാവരും നിശ്ശബ്ദരായി. വഴക്കിടുന്നത് ചിത്രത്തിലുള്ള അപ്പൻ കേൾക്കാതിരിക്കാൻപോലും ശ്രദ്ധിച്ചു. കാറ്റടിക്കുമ്പോൾ അപ്പന്റെ മുടിയിഴകൾ ഇളകുന്നുണ്ടെന്നെനിക്കു തോന്നി. നിശ്ശബ്ദമായി വളരെ നിശ്ശബ്ദമായി അപ്പന്റെ ചിത്രം വീടിനെ നിയന്ത്രിച്ചു. ആ രക്ഷിതവലയത്തിൽ ഞങ്ങൾ സുഖമായുറങ്ങി.
അപ്പനില്ലാത്ത വീട് അതിന്റെ താളത്തിലേക്ക് തിരിച്ചുവന്നുതുടങ്ങിയിരുന്നു. ഒരുദിവസം പോസ്റ്റ്മാൻ വീടിന്റെ ഗേറ്റ് കടന്നുവന്നു. അപ്പന് പലയിടത്തുനിന്നും കത്തുകളും കാർഡുകളും വരാറുണ്ടായിരുന്നു. ഫോണോ മറ്റ് വിനിമയ സംവിധാനങ്ങളോ അപ്പൻ അവസാനകാലം വരെ ഉപയോഗിച്ചിരുന്നില്ല. ഇടമലയിൽനിന്ന് ഒരു യാക്കോബിന്റേതായിരുന്നു അപ്പോൾ വന്ന കാർഡ്. മൂന്നോ നാലോ വാചകങ്ങൾ മാത്രമുള്ള ക്ഷേമാന്വേഷണത്തിൽ, ഒരു പ്രത്യേക വരിയിലുടക്കി ഞാൻ നിന്നു. ഇത്തവണ അവൾ നേരത്തേ എത്തുമെന്നും കാർഡ് കിട്ടിയാലുടൻ ഇടമലയിലേക്ക് വരണമെന്നുമായിരുന്നു അത്. ഇടമലയിലെ യാക്കോബ് എന്നെഴുതി ഒപ്പിട്ട പോസ്റ്റ്കാർഡ് കാരണമില്ലാതെ എന്റെ കയ്യിലിരുന്ന് വിറച്ചു.
അടുത്തദിവസം ഇടമലയിലേക്കുള്ള ബസിലിരിക്കുമ്പോൾ കത്തുകളടുക്കിവെക്കുന്ന അപ്പന്റെ പെട്ടിയെക്കുറിച്ച് ഞാനാലോചിച്ചു. ആദ്യമായിട്ടായിരുന്നു ഞാനാ പെട്ടിയുടെ അകം കണ്ടത്. അപ്പോൾ വന്ന ഇടമലയിലെ യാക്കോബിന്റെ കാർഡ് നിക്ഷേപിക്കാൻ തുറന്നതാണ്. കുറേയധികം കത്തുകളുണ്ടായിരുന്നു പെട്ടിയിൽ. എസ്റ്റേറ്റ് മാനേജരായിരുന്ന അപ്പന് പഴയ തൊഴിലാളികളയച്ച കത്തുകളായിരുന്നു പലതും. വിശേഷം തിരക്കിയുള്ളതും അത്യാഹിതങ്ങളോ സന്തോഷങ്ങളോ അറിയിക്കുന്നതുമായ കത്തുകൾ. മാനേജർക്ക് പഴയ തൊഴിലാളികൾ കത്തയക്കുന്ന അപൂർവമായ കരുതലിനെയോർത്ത് അപ്പനോടെനിക്ക് അസൂയ തോന്നി. ഒപ്പം അഭിമാനവും.
ഇതുപോലെ അപ്പനും ബസിന്റെ സൈഡ്സീറ്റിലിരുന്ന് ഇടമലയിലേക്ക് യാത്ര ചെയ്തിട്ടുണ്ടെന്നാലോചിച്ചപ്പോൾ അപ്പോൾ കാണുന്ന മരങ്ങളോടും എടുപ്പുള്ള കുന്നുകളോടും തട്ടുതട്ടായിക്കിടക്കുന്ന തോട്ടങ്ങളോടുമെല്ലാം എനിക്ക് സ്നേഹം തോന്നി. ഇതെല്ലാം അപ്പൻ കണ്ടതാണ്. ചിലപ്പോൾ ഇതേ ബസിൽ ഈ സീറ്റിലിരുന്നുതന്നെയാകും അപ്പനവിടേക്ക് പോയിട്ടുണ്ടാവുക. ഇടമലയിലെ യാക്കോബിനെ കാണാനാണ് അപ്പനവിടേക്ക് പോയിരുന്നത്. ആ വിവരം പറയാൻ ഒരു കാർഡിട്ടാലും മതിയാകും. പക്ഷേ, പെട്ടിയിലുണ്ടായിരുന്ന യാക്കോബിന്റെ കത്തുകളും കാർഡുകളും എല്ലാറ്റിനുമൊടുവിൽ ഇടമലയിലെ യാക്കോബ് എന്ന ഒപ്പും എന്നെ അവിടേക്ക് പോകാനുള്ള തീരുമാനമെടുപ്പിച്ചു. എന്തൊരു വിചിത്രമായ തുടർച്ചയാണിതെന്ന് എനിക്കുതോന്നി.
അപ്പൻ വീട്ടിൽനിന്ന് കുറേയധികം മാറിനിന്നതായോ യാത്ര ചെയ്തിട്ടുള്ളതായോ എനിക്കോർമയില്ല. നട്ടുച്ചക്കും കോടയിറങ്ങുന്ന ഈ വഴികളിലൂടെ ഇത്രദൂരം എന്തിനായിരിക്കും അപ്പൻ വന്നിട്ടുണ്ടാവുക? വലിയൊരു മലയുടെ മുകളിൽ ഉയർന്നുനിന്ന ഒരു കുരിശ് എന്റെ കണ്ണിൽപ്പെട്ടു. മൂടൽമഞ്ഞിനിടയിലും അതിടക്കിടെ കാഴ്ച തന്നുകൊണ്ടിരുന്നു. ദൈവസാന്നിധ്യമുള്ള ഇടമാണിതെന്ന് എനിക്കുതോന്നി. അങ്ങനെയൊരിടത്തേക്ക് അപ്പനെങ്ങനെ വരാതിരിക്കും?
നിരപ്പായ റോഡുവിട്ട് ബസ് മുകളിലേക്ക് കയറിത്തുടങ്ങിയപ്പോൾ പരിസരം കൂടുതൽ ഇരുണ്ടുവന്നു. തണുപ്പുകൂടി. സൂര്യവെളിച്ചത്തെ തടഞ്ഞുവെക്കുന്ന വലിയ മരങ്ങളിൽ കുരങ്ങുകൾ കയറുകയും ഇറങ്ങുകയും ചെയ്തുകൊണ്ടിരുന്നു. ബസ് നിർത്തിയതിന്റെ എതിർവശത്ത് നീളത്തിലുള്ള ഓടിട്ട കെട്ടിടം കണ്ടു. നിരപ്പലകയിട്ട മുറികളെല്ലാം അടഞ്ഞുകിടക്കുന്നു. കെട്ടിടത്തിനു മുന്നിൽ തിന്നുനിറഞ്ഞ മൃഗത്തെപ്പോലെ പഴയൊരു ജീപ്പ് കിടക്കുന്നുണ്ട്. അടഞ്ഞ കടവരാന്തകളിൽ പലയിടത്തായി കുന്തിച്ചിരുന്ന് ആളുകൾ പുകവലിച്ചുകൊണ്ടിരുന്നു. മഞ്ഞുമൂടിയ ആ പഴയ കെട്ടിടവും ആളുകളും ജീപ്പും ഒരു കലണ്ടർ ചിത്രംപോലെ തോന്നി.
ഇടമലയിലെ യാക്കോബിനെക്കുറിച്ചുള്ള സംശയങ്ങളോ ചോദ്യങ്ങളോ എനിക്ക് തടഞ്ഞുവെക്കാനായില്ല. പോകുന്ന വഴിയിൽ ജീപ്പ് ഡ്രൈവറോട് എന്തൊക്കെയോ ചോദിച്ചുകൊണ്ടിരുന്നു. ആനയിറങ്ങുന്ന വഴിയാണെന്നും ശബ്ദമുണ്ടാക്കരുതെന്നും മാത്രമാണ് അയാൾ പറഞ്ഞത്. ഏലക്കാടിന് നടുവിലൂടെയുള്ള ചെറിയ പാതയിലൂടെ ജീപ്പ് മുകളിലേക്ക് കയറിക്കൊണ്ടിരുന്നു. ഒടുവിൽ, കാടിനുള്ളിൽ തന്നെയെന്നു പറയാവുന്ന വിധത്തിൽ താഴെയുള്ള സമതലങ്ങളെ നോക്കിനിൽക്കുന്ന പഴയൊരു ബംഗ്ലാവിനു മുന്നിൽ അയാളെന്നെ ഇറക്കി. ഉദ്ദേശം െവച്ചുകൊടുത്ത പണം നോക്കുകപോലും ചെയ്യാതെ പോക്കറ്റിലിട്ട് അപ്പോൾത്തന്നെ ജീപ്പോടിച്ച് തിരികെപ്പോവുകയും ചെയ്തു.
ബംഗ്ലാവിന്റെ മുൻവാതിൽ തുറന്നുകിടപ്പായിരുന്നു. പോർച്ചിൽ പഴയൊരു വില്ലീസുജീപ്പ് പൊടിപിടിച്ച് കിടപ്പുണ്ട്. വിശാലമായ പൂമുഖത്തെ വലിയ തടിവാതിലിനു മുകളിൽ ചുമർ തുളച്ചെന്നപോലെ എന്നെ നോക്കുന്ന വലിയൊരു കാട്ടുപോത്തിൻ തലയാണ് ആദ്യം കണ്ണിൽപ്പെട്ടത്. തലയുടെ ഉടൽ ബംഗ്ലാവാണെന്ന് പെട്ടെന്ന് തോന്നിപ്പോകും. പുറത്ത് തൂക്കിയിട്ടിരിക്കുന്ന പഴയ ഓട്ടുമണിയുടെ വള്ളിയിൽ പിടിച്ചുവലിച്ചപ്പോൾ കനത്ത നിശ്ശബ്ദതയിലാണ്ട ലോകം ഞെട്ടിയുണർന്നതുപോലെ തോന്നി. ണാം ണാം എന്ന ആ ശബ്ദം താഴ്വരയിലേക്ക് അകന്നകന്നുപോയി. അൽപസമയത്തിനുശേഷം മൂങ്ങയുടെ മുഖമുള്ള കുറിയ ഒരാൾ അകത്തുനിന്ന് വന്നു. മുണ്ടും നരച്ച കാക്കിഷർട്ടുമായിരുന്നു അയാളുടെ വേഷം. അയാൾ സംശയത്തോടെ എന്നെ നോക്കിക്കൊണ്ടുനിന്നു. ഞാൻ കാർഡ് കാണിച്ചപ്പോൾ അയാളതിലേക്ക് നോക്കി. വാതിൽപ്പടിയിൽനിന്ന് നീങ്ങി അകത്തേക്കുവരാൻ ആംഗ്യം കാണിച്ചു.
വലിയൊരു അകത്തളത്തിലേക്കാണ് ഞാൻ പെട്ടെന്ന് കടന്നത്. മുകൾനിലയിലേക്ക് പോകുന്ന കോണിപ്പടികൾ തളത്തിന്റെ വലതുവശത്തുണ്ടായിരുന്നു. തേക്കിലും ഈട്ടിയിലും ഉണ്ടാക്കിയ ഇരിപ്പിടങ്ങൾക്കെല്ലാം മൃഗരൂപമുണ്ടെന്നുതോന്നി. വലിയ വാതിലുകളുള്ള വിശാലമായ മുറികൾ ധാരാളം. ചെറുമേശകളും തടിയലമാരികളും കൊത്തുപണികളുള്ള വലിയ കട്ടിലുകളും ചില മുറികളിൽ മൃഗത്തലകളും. വലിയൊരു മുറി പരിചാരകനെനിക്ക് കാണിച്ചുതന്നു. ആൾപ്പൊക്കമുള്ള കണ്ണാടി കട്ടിലിനെതിർവശത്തെ ചുമരിനോട് ഘടിപ്പിച്ചിട്ടുണ്ട്. എന്നെ മുഴുപ്പോടെ ഞാനതിൽ കണ്ടു. വലിയ പഞ്ഞി മെത്തയിലേക്ക് ഞാൻ പതുക്കെ ഇരുന്നു. അന്തരീക്ഷം പൊതുവെ തണുത്തതായിരുന്നുവെങ്കിലും പരിചാരകൻ ഫാനിന്റെ സ്വിച്ചിട്ടു. പുരാതനമായ ഒരു ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് പങ്കകൾ കറങ്ങി. യജമാനൻ രാത്രിയെത്തുമെന്ന് പരിചാരകൻ എന്നോട് പറഞ്ഞു.
രണ്ട് ചെറുപുഴകളെ മുകളിലേക്ക് വലിച്ചുകെട്ടിയതുപോലെയുണ്ടായിരുന്ന ജനൽവിരികൾ ഞാൻ ഇരുവശത്തേക്കും വകഞ്ഞു. കുറച്ചകലെയായി കാട് തുടങ്ങുന്നു. അയാളെവിടെയായിരിക്കുമെന്ന് ഞാനാലോചിച്ചു. ദൂരേനിന്ന് വെടിശബ്ദം കേട്ടപോലെ തോന്നി. മലകളുടെ മുകളിൽ മഞ്ഞ് കട്ടപിടിച്ച് നീങ്ങുന്നത് ഏറെനേരം നോക്കിനിന്നു. അൽപമാത്രമുണ്ടായിരുന്ന വെളിച്ചത്തിലേക്ക് ഇരുട്ട് പതുക്കെ കലർന്നുതുടങ്ങി. കുളിമുറിയിൽ കയറി പാമ്പിൻതല പോലിരിക്കുന്ന പൈപ്പ് കുളിത്തൊട്ടിയിലേക്ക് തിരിച്ചു. തണുത്ത വെള്ളമാണ് പ്രതീക്ഷിച്ചതെങ്കിലും വെള്ളത്തിന്റെ ഇളംചൂട് എന്നെ ഉത്സാഹപ്പെടുത്തി.
യാത്രയുടെ ക്ഷീണംകൊണ്ടാവാം കുളികഴിഞ്ഞ് ഞാൻ അഗാധമായ ഉറക്കത്തിലേക്ക് പോയി. പർവതങ്ങളുടെ മുകളിലൂടെ ഒഴുകിക്കൊണ്ടിരുന്ന മഞ്ഞുമേഘങ്ങളെ സ്വപ്നം കണ്ടു. ഒരുവേള ഞാനും അതിനുള്ളിലായിപ്പോയി. മേഘത്തിനുള്ളിൽനിന്ന് തലനീട്ടിനോക്കുമ്പോൾ താഴെയുള്ള ബംഗ്ലാവും ഞാൻ കിടക്കുന്ന മുറിയും കണ്ടു. എത്ര ശാന്തമാണ് എന്റെ ഉറക്കം. ഉറങ്ങിക്കിടന്ന എന്റെ അടുത്തേക്ക് പൊടുന്നനെ ആരോ വരുന്നതുകണ്ടു. അത് അപ്പനാണ്! പതിവുപോലെ പുതപ്പ് വലിച്ചിടാനോ നെറ്റിയിൽ തലോടാനോ ഉള്ള വരവാണ്. പക്ഷേ, എനിക്കുതെറ്റി. മുറിയിൽ കിടന്നിരുന്ന മരക്കസേരയിലേക്ക് അപ്പനിരുന്നു. ചാരിനിരുവശവും മാൻകൊമ്പ് ഘടിപ്പിച്ച കസേരയിലിരുന്ന് അപ്പനെന്നെ സൂക്ഷിച്ചുനോക്കുന്നു. ആ നിമിഷം ഞാൻ ഉറക്കത്തിൽ നിന്നുണർന്നു. സ്വപ്നത്തിൽനിന്നുപോകാതെ അപ്പനിതാ മുന്നിലിരിക്കുന്നു. കണ്ണുകളെ തിരുമ്മിയുടച്ച് ഞാൻ സൂക്ഷിച്ചുനോക്കി. പതിവിന് വിപരീതമായി അപ്പൻ ധരിച്ചിരിക്കുന്നത് വിദേശച്ചുവയുള്ള ഒരു രാത്രിവസ്ത്രമാണ്. മാത്രമല്ല, അപ്പന്റെ കണ്ണുകളിലുണ്ടായിരുന്ന ശാന്തസൗമ്യത കാണാനേയില്ല. പകരം വല്ലാത്തൊരു മുറുക്കമാണ്. ഞാൻ ചുണ്ടുകളനക്കാൻ തുടങ്ങിയപ്പോഴേക്കും അപ്പൻ സംസാരിക്കാൻ തുടങ്ങി.
“പരിഭ്രമിക്കണ്ട. ഞാൻ നിന്റെ അപ്പനല്ല, അയാളെപ്പോലെയിരിക്കുന്ന മറ്റൊരാൾ. ഇടമലയിലെ യാക്കോബ്.”
കൈകൾ നീട്ടിയപ്പോൾ യാന്ത്രികമായി ഞാനും നീട്ടി. തൊട്ടപ്പോൾതന്നെ കയ്യിലെ മാർദവമില്ലായ്മ മനസ്സിലായി. ചൂണ്ടുവിരലിലെ ‘കാഞ്ചിത്തഴമ്പും’ കൈവെള്ളയിലെ ‘പാത്തിത്തഴമ്പും’ എനിക്കപരിചിതമാണ്. എങ്കിലും അപ്പന്റെ രൂപമുള്ള മറ്റൊരാളെക്കുറിച്ച് ഞാൻ ചിന്തിച്ചിട്ടേയില്ല.
‘‘പോളച്ചൻ പോയി അല്ലേ?’’ അയാൾ ചോദിച്ചു.
ഞാൻ പാവയെപ്പോലെ തലയാട്ടി. ഏതോ മൃഗം മുരളുന്നതുപോലെയുള്ള ആ ശബ്ദമല്ല അപ്പോഴെനിക്ക് അലോസരമുണ്ടാക്കിയത്. അപ്പനെ ആരും പേരെടുത്ത് വിളിക്കുന്നത് ഞാൻ കേട്ടിട്ടേയില്ല.
“പോളച്ചനു പകരം നിന്നെക്കണ്ടപ്പോൾ അവൻ മരിച്ചുവെന്ന് എനിക്കു മനസ്സിലായി. ഞങ്ങൾ പഴയ ചങ്ങാതിമാരാണ്. കണ്ടാൽ ഇരട്ടകളാണെന്ന് തോന്നുമെങ്കിലും.’’
അയാൾ തടസ്സമില്ലാതെ സംസാരിച്ചുകൊണ്ടിരുന്നു. പണ്ടെപ്പോഴോ ഒരെസ്റ്റേറ്റിൽ വെച്ച് അപ്പനെ പരിചയപ്പെട്ടതും ഒരുമിച്ച് കുറേക്കാലമുണ്ടായിരുന്നതും പിന്നീട് പിരിഞ്ഞിട്ടും വർഷാവർഷം സന്ധിക്കാറുണ്ടായിരുന്നതുമെല്ലാം. അപ്പോഴൊക്കെ ഞാൻ ശ്രദ്ധിച്ചുകൊണ്ടിരുന്നത് അപ്പന്റെ മുടിയിഴകളാണ്. അപ്പന്റെ നെറ്റിയാണ്. ആ കവിളുകളാണ്. അപ്പനെന്നെ പറ്റിക്കുകയാണെന്ന് എനിക്കുതോന്നി. മരിച്ചുപോയതായി നടിച്ചിട്ട് ഇതാ മറ്റൊരു പേരിൽ, വേറൊരു സ്ഥലത്ത് ജീവിക്കുന്നു. കൂടെക്കൂടെ പൈപ്പ് കത്തിച്ചുവലിച്ചുകൊണ്ടിരുന്നതു മാത്രമാണ് ആകെയുള്ള വ്യത്യാസം.
വർത്തമാനമേറിയേറി അയാൾ നായാട്ടുകഥകൾ പറയാൻ തുടങ്ങി. അപ്പനുമയാളും ഒരുമിച്ചു നായാടിയ കഥകൾ. മൃഗങ്ങളെയും മനുഷ്യനെയും ഒരുപോലെ. ഒരിക്കൽ ഗർഭിണിയായ ഒരു മാനിനെ അപ്പൻ വെടിവെച്ചിട്ട കഥ. ഇല്ല. ഇതൊക്കെ കള്ളമാണ്. വെടികൊണ്ടുവീണയുടനെ ആ മാൻ പ്രസവിച്ചുവത്രേ. ഇപ്പോഴയാളിരിക്കുന്ന കസേരയുടെ ചാരിലുള്ള കൊമ്പുകൾ ആ മാനിന്റേതാണുപോലും. എനിക്കാകെ ഭ്രാന്തുപിടിച്ച മട്ടായി. നോട്ടംകൊണ്ടുപോലും ആർക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത മനുഷ്യനായിരുന്നു എന്റെ അപ്പൻ. എസ്റ്റേറ്റിനു താഴെയുള്ള തൊഴിലാളികളുടെ വീടുകളിൽ കയറിയിറങ്ങാറുള്ള കഥകളായി പിന്നീട്. അപ്പനുമയാളും തോക്കുചൂണ്ടി പലവട്ടം... അതുകൂടി കേട്ടപ്പോൾ ക്ഷോഭം അടക്കാനാവാതെ ഞാൻ പൊട്ടിത്തെറിച്ചു. എന്റെ ദേഷ്യം കണ്ട് അയാൾ ഭാവവ്യത്യാസമില്ലാതെ ചിരിച്ചുകൊണ്ടിരുന്നു.
രാത്രി ഏറിയപ്പോൾ അയാളെന്നെ അത്താഴത്തിന് ക്ഷണിച്ചു. നീളൻ അത്താഴമേശയിലേക്ക് മോഹവലയത്തിൽപെട്ടതുപോലെ ഞാൻ നടന്നു. കുറിയ മൂങ്ങാമനുഷ്യൻ തീന്മേശയിൽ ഓരോന്നും ഒരുക്കിക്കൊണ്ടിരുന്നു. പഴക്കമുണ്ടെങ്കിലും ഭംഗിയുള്ള ഒരു തോൽസഞ്ചിയിൽനിന്ന് രണ്ടു കോപ്പയിലേക്ക് ചോരനിറമുള്ള ദ്രാവകം പകർന്ന് ഒന്നെന്റെ നേരേ നീട്ടി. ഞങ്ങളുടെ തലക്കുമുകളിൽ ഷാൻഡ്ലിയറിൽനിന്നുള്ള വെളിച്ചം പരന്നുകിടന്നു. പരിചാരകൻ ആദ്യം സൂപ്പുവിളമ്പി. ചുട്ടുപഴുപ്പിച്ച മധുരക്കിഴങ്ങും വറുത്ത പച്ചക്കറികളും വിളമ്പി.
കാട്ടുകോഴിയുടെ ഇറച്ചിയും ഉരുളക്കിഴങ്ങും നിറച്ച ചുറ്റടകളും വെണ്ണയും പച്ചക്കറികളും ചേർത്ത് മൊരിച്ചെടുത്ത പക്ഷിമുട്ടകളും സുഗന്ധക്കൂട്ടുകളും ഉരുളക്കിഴങ്ങും നിറച്ച സമോസകളും വിരൽ നീളത്തിൽ ഇറച്ചി അരിഞ്ഞെടുത്ത് പൊരിച്ചതുമെല്ലാം എന്റെ മുമ്പിൽ നിരന്നു. കുരുമുളകിട്ടു വേവിച്ച ആട്ടിറച്ചിയുടെ മണത്തിൽ നാവിനടിയിൽനിന്ന് പ്രത്യേക ഉറവയുണ്ടായി. കാണാൻ കൗതുകമുള്ള വലിയ ഒരു പാത്രം അയാളെന്റെ നേരെ തുറന്നു. ഇന്നു വെടിവെച്ചു പിടിച്ച മുയലാണതെന്ന് അയാൾ പറഞ്ഞു. വൈകുന്നേരം വെടിയൊച്ച കേട്ടത് എനിക്കോർമവന്നു. പൊന്തയിൽനിന്ന് മുയൽ ചാടിയോടുന്നതുപോലെയൊരു കിടിലം ഉള്ളിൽനിന്നുണ്ടായി. ആ പാത്രത്തിനുനേരെ ഞാൻ മുഖംതിരിച്ചു. പക്ഷേ, അയാളതെന്റെ പാത്രത്തിലേക്കു വിളമ്പി. കഴിച്ചുതുടങ്ങിയപ്പോൾ രുചി എന്റെയുള്ളിലെ മറ്റുവിചാരങ്ങളെ ഇല്ലാതാക്കി. വെണ്ണയിൽ മൊരിച്ച മീൻമുട്ടകൾ കഴിച്ചപ്പോൾ ഞാൻ കൃതജ്ഞതയോടെ പരിചാരകനെ നോക്കി.
വിശദമായ അത്താഴത്തിനുശേഷം അയാളെന്നെ മുകൾനിലയിലെ മുറിയിലേക്ക് കൊണ്ടുപോയി. ആയുധങ്ങളുടെ കലവറയായിരുന്നു ആ മുറി. ചുവരിൽ തൂക്കിയിട്ടിരിക്കുന്ന വലിയൊരു തോക്കെടുത്ത് അയാളെന്റെ നേരെ ഉന്നംപിടിച്ചു. ഞാൻ പതറിയെന്ന് തോന്നിയപ്പോൾ ബാരൽ താഴ്ത്തി. ‘എലഫന്റ് ഗൺ’ എന്നുവിളിക്കുന്ന ആ തോക്ക് അയാളുടെ മുത്തച്ഛന്റേതാണെന്നയാൾ പറഞ്ഞു. പട്ടാളക്കാരനായിരുന്ന മുത്തച്ഛൻ രണ്ടാമത്തെ ലോകയുദ്ധത്തിൽ അതുപയോഗിച്ചിട്ടുണ്ട്. ആ മുറിയിൽത്തന്നെ സൂക്ഷിച്ചിരുന്ന വലിയ രണ്ട് ആനക്കൊമ്പുകൾ ഇതേ തോക്കുകൊണ്ട് മുത്തച്ഛൻ കൊന്ന ആനയുടേതാണ്.
രണ്ട് ട്രിഗറുകളുള്ള പഴയൊരു ഇരട്ടക്കുഴൽ മുറിയുടെ മൂലയിൽനിന്നയാൾ പൊക്കിയെടുത്തു. ഒന്നിനോടനുബന്ധമായി രണ്ടാമത്തെ കാഞ്ചിയും വലിക്കാവുന്നത്. ഇരയെ ഒരിക്കലും രക്ഷപ്പെടാനനുവദിക്കാത്തത്. എന്റെ അപ്പന്റെ ഇഷ്ട ആയുധം അതാണെന്നയാൾ പറഞ്ഞു. അതുകൊണ്ടാണ് അപ്പൻ മാനിനെ വെടിവെച്ചിട്ടത്. വിശ്വാസം വരാതെ ഞാനതിലൊന്നു തൊട്ടു. ചെറുതും വലുതുമായ പലതരം തോക്കുകൾ പിന്നെയും മുറിയിലുണ്ടായിരുന്നു. വലിയൊരു ഇരുമ്പുപെട്ടി തുറന്ന് പലതരം കഠാരകൾ കാണിച്ചുതന്നു. കൂർത്തതും വളഞ്ഞതും എല്ലുകൊണ്ടുപിടിയിട്ടതും. വെള്ളി, ഉരുക്ക്, കൽപ്പിടികളുള്ളതുമായ കഠാരകൾ. ചോര കാത്തിരിക്കുന്നവ. യുദ്ധത്തിനു തയ്യാറെടുക്കുന്ന പട്ടാളത്തലവനെപ്പോലെ അപ്പന്റെ രൂപത്തിൽ അയാളെന്റെ മുമ്പിൽനിന്നു.
തെളിഞ്ഞ പ്രഭാതത്തിലേക്കാണ് പിറ്റേന്ന് കണ്ണുതുറന്നത്. അയാൾ നടക്കാൻ പോയതായി പരിചാരകൻ അറിയിച്ചു. നല്ല തണുപ്പുണ്ടെങ്കിലും പുറത്തിറങ്ങാൻ എനിക്കും ഉത്സാഹം തോന്നി. തിങ്ങിനിറഞ്ഞ ഏലച്ചെടികൾക്ക് നടുവിലൂടെയുള്ള വഴിയിലൂടെ ഞാൻ നടന്നു. തൊട്ടരികിൽ നീർച്ചാലിന്റെ ശബ്ദം കേട്ടു. ചാലിനരികിൽ കാലിനു മുറിവുപറ്റിയ ഒരു പക്ഷിയുമായി അയാൾ ഇരിക്കുന്നുണ്ടായിരുന്നു. അതൊരു പ്രാപ്പിടിയനായിരുന്നു. മുറിവ് വെച്ചുകെട്ടുന്നതിനിടയിൽ പ്രാപ്പിടിയന്റെ ഇറച്ചി ബഹുകേമമാണെന്നയാൾ പറഞ്ഞു. എങ്കിൽപ്പിന്നെ മുറിവ് ശുശ്രൂഷിക്കുന്നതെന്തിനാണെന്ന് ഞാൻ മനസ്സിൽ ചോദിച്ചു. അപ്പോഴേക്കും അയാൾ ജോലി തീർത്തിരുന്നു. അയാളാ പക്ഷിയെ കൈവെള്ളയിൽ ഉയർത്തിപ്പിടിച്ചു. ചെറിയ ശിരസ്സ് ഇടംവലം വെട്ടിച്ച് പെട്ടെന്നത് ചിറകടിച്ച് ആകാശത്തേക്കുയർന്നു. കെട്ടിവെച്ച കാലുതുഴഞ്ഞ് ഒന്ന് ആയാസമെടുത്തെങ്കിലും അന്തരീക്ഷത്തിലൊന്നു നിന്ന് വഴി ഉറപ്പുവരുത്തി നേർദിശയിൽ പറന്നുപോയി. പ്രാണൻ കയ്യിൽ കിട്ടിയതുകൊണ്ടാകാം കാഴ്ചയുടെ പൊട്ടുപോലുമവശേഷിപ്പിക്കാതെ അത് അന്തരീക്ഷത്തിൽ മാഞ്ഞുപോയത്. വിടുതലിന്റെ അർഥം അറിയുന്നത് ഒരുപക്ഷേ പ്രാപ്പിടിയന് മാത്രമാകും എന്നെനിക്കു തോന്നി.
വിചിത്രമായ പല ചിന്തകളുമായി പകൽ മുഴുവൻ കഴിച്ചുകൂട്ടി. അയാൾ പുറത്തെവിടെയോ ആയിരുന്നു. ജീപ്പെടുത്തിട്ടില്ലാത്തതുകൊണ്ട് ദൂരെയെവിടെയും പോയിട്ടുണ്ടാകില്ലെന്നുറപ്പിച്ചു. ബംഗ്ലാവിലെ മുറികളെല്ലാം ഞാൻ വീണ്ടും വീണ്ടും കയറിയിറങ്ങി. മുകൾനിലയിലെ ബാൽക്കണികളിൽ പക്ഷിത്തൂവലുകളും കാഷ്ഠവും ചിതറിക്കിടന്നു. ചില മുറികളിൽ ചെറുകൂടുകൾ കണ്ടു. ബാൽക്കണിയിലെ കൈവരികളിൽ അണ്ണാന്മാർ ചിലച്ചുകൊണ്ടോടി നടക്കുന്നു. ഒട്ടുമിക്ക മുറികളിലും ഏതെങ്കിലുമൊരു മൃഗത്തിന്റെ അവശിഷ്ടമുണ്ട്.
മനുഷ്യരെക്കൊന്ന് മാംസം ചുരണ്ടിയെടുത്ത് ചുമരിൽ വെക്കുന്ന കാലം കടന്നുപോയിരിക്കാമെന്ന് ഉൾക്കിടിലത്തോടെ ഞാൻ ചിന്തിച്ചു. എന്തൊക്കെ ഇടപെടലുകളാണ് മനുഷ്യരിൽ ജീവിതം നടത്തുന്നത്. സ്വന്തം കാര്യം തന്നെയെടുക്കാം. എന്റെ അപ്പനെപ്പോലെ ഞാൻ വേറൊരാളെ കണ്ടുമുട്ടുന്നു. തോക്കുമായി നടക്കുന്ന ഒരാളെ. ഇപ്പോൾ ഞാൻ കാണുന്നത് പനിനീർച്ചെടിയുടെ അരികിൽ നിൽക്കുന്ന അപ്പനെയല്ല. പക്ഷേ, ഞാനറിയുന്ന എന്റെ അപ്പന് തോക്കെന്താണെന്നറിയില്ല. അപ്പന്റെ രൂപത്തിൽ വന്ന് ദൈവമെന്നോട് കളവ് പറയുകയാണ്. ദൈവമെന്തിനാണ് അപ്പനെയിങ്ങനെ അപമാനിക്കുന്നത്?
തലചിതറിപ്പോയ ഒരു കാട്ടുപൂച്ചയെയും തൂക്കിപ്പിടിച്ചാണ് അയാൾ വൈകുന്നേരം വന്നത്. സാമാന്യത്തിലധികം വലിപ്പമുണ്ടായിരുന്നു അതിന്. ഇടതുകയ്യിലുണ്ടായിരുന്ന തോക്ക് ഉയർത്തിക്കാട്ടി ഇറ്റാലിയൻ ‘ല്യുപാര’യാണതെന്ന് അയാൾ പറഞ്ഞു. പൂച്ചയെ പരിചാരകൻ ഒരു കുഞ്ഞിനെയെന്നപോലെ ഏറ്റുവാങ്ങി. പോക്കറ്റിൽനിന്ന് തൂവാലയെടുത്ത് അയാൾ കയ്യിലെ ചോരക്കറ തുടച്ചുകളഞ്ഞു. എന്റെ കണ്ണുകളിലേക്ക് നോക്കി സൗമ്യഭാവത്തോടെ പറഞ്ഞു. “ഇന്നുരാത്രി അവളെത്തും. നമ്മുടെ അതിഥി.”
കനത്ത വിഷാദം മൂടിയതുപോലെ താഴ്വരയിലെങ്ങും മഞ്ഞ് പുതഞ്ഞുനിന്നു. ബംഗ്ലാവിന്റെ അടുക്കളയിൽനിന്ന് ഇറച്ചിവെട്ടുന്ന ശബ്ദം കുറേനേരം കേട്ടു. വരുന്നവൾ ആരായിരിക്കാം? വഴിവിട്ട ഒരു കാര്യവും എന്റെ അപ്പൻ ചെയ്യുന്നത് ഞാനിതുവരെ കണ്ടിട്ടില്ല. അപ്പന്റെ രൂപത്തിലിവിടെയുള്ളത് സാത്താനാണ്. അയാൾ നടക്കുമ്പോൾ കാലുകൾ നിലത്തുമുട്ടുന്നുണ്ടോയെന്ന് ഞാൻ പരിശോധിച്ചു. രാത്രി ഭക്ഷണത്തിനിരിക്കുമ്പോൾ ചുമരിൽ നിഴൽ പതിയുന്നുണ്ടോയെന്ന് നോക്കി. ഉണ്ട്. എല്ലാം കൃത്യമാണ്. കാട്ടുപൂച്ചയുടെ ഇറച്ചി കഴിക്കില്ലെന്ന് ഞാൻ തീരുമാനിച്ചുറപ്പിച്ചിരുന്നു. പക്ഷേ, ഒരു മുഴുത്ത കഷ്ണമെടുത്ത് അയാളെന്റെ പാത്രത്തിലേക്കിട്ടു. അതിന്റെ അസാധാരണ രുചികൊണ്ട് വീണ്ടും വീണ്ടും കൈ പാത്രത്തിലേക്ക് നീണ്ടു.
നമ്മുടെ അതിഥി എത്താറായെന്ന് അയാളെന്നെ അറിയിച്ചു. തോട്ടത്തിലാണവൾ വരുന്നത്. ഇരുട്ടിൽ തെളിക്കാൻ നീളമുള്ള ടോർച്ച് അയാളെന്റെ കയ്യിൽതന്നു. ഒരു ഹെഡ് ലൈറ്റ് അയാളും തലയിലുറപ്പിച്ചു. തോക്കെടുത്തിരുന്നില്ല. മരങ്ങൾക്കിടയിലൂടെ ഞങ്ങൾ നടന്നു. ഇടക്കയാൾ വെളിച്ചം കെടുത്തി. മരങ്ങൾക്കിടയിൽ പലപ്പോഴും അയാളെ കാണാതായി. ഞാൻ ഭയന്ന് ടോർച്ച് തെളിക്കുമ്പോഴേക്കും അയാൾ മുന്നിൽ പ്രത്യക്ഷനായി. പണ്ട് അപ്പനുമായി ഒളിച്ചുകളിച്ചിരുന്നത് എനിക്കോർമ വന്നു.
ഒരു വലിയ പാറയുടെ മുകളിലേക്ക് കൽപ്പഴുതുകളിൽ ചവിട്ടി അയാൾ കയറി. പരിചയംകൊണ്ടാകാം കൈകൊണ്ട് പാറയിൽ പിടിക്കാതെയാണ് അയാൾ കയറിയത്. എനിക്കു പക്ഷേ, ഓരോ കല്ലിൽ ചവിട്ടുമ്പോഴും മുകളിലുള്ള കൂർപ്പുകളിൽ പിടിക്കേണ്ടിവന്നു. ഞങ്ങളിരുന്നതിനുശേഷം എവിടെനിന്നോ നിലാവ് പുറത്തുവന്നു. പാറയുടെ മുകളിലിരുന്നാൽ താഴ്വര മുഴുവൻ കാണാമായിരുന്നു. എത്രനേരം കടന്നുപോയെന്നറിഞ്ഞില്ല. എന്റെ അപ്പനിരിക്കാറുള്ള അതേ സ്ഥലത്താണ് ഞാനിരിക്കുന്നതെന്ന് അയാൾ പറഞ്ഞു. ദൂരെ തോട്ടത്തിൽ പണിയെടുക്കുന്നവരുടെ വാസസ്ഥലങ്ങളിൽ നേരിയ വെളിച്ചങ്ങൾ കാണാമായിരുന്നു.
അയാൾ കണ്ണടച്ചിരിക്കുകയായിരുന്നു. നേരിയ കാറ്റിന്റെ ശബ്ദം മാത്രമുണ്ട്. പെട്ടെന്ന് വളരെ നേർത്ത ഒരു കിളിസ്വരം കേൾക്കാൻ തുടങ്ങി. പതുക്കെ അത് ഉയർന്നും തെളിഞ്ഞും വന്നു. അപരിചിതമായ ഒരു സംഗീതോപകരണം ആരോ വായിക്കുന്നതുപോലെയായിരുന്നു അത്. ആകാശത്തിലേക്ക് പതുക്കെ ഉയർന്നു പൊങ്ങുന്നതുപോലെ എനിക്കു തോന്നി. നിശ്ചലവിശാലതയിൽ അന്തരീക്ഷത്തിലൊഴുകുന്ന ആ കിളിനാദത്തിൽ ഇല വെള്ളത്തിൽ നീങ്ങുന്നതുപോലെ ഞാൻ ഒഴുകിനടന്നു. അലഞ്ഞുനടന്ന കാറ്റ് മരങ്ങളിൽ കയറിക്കൂടി. ചന്ദ്രൻ കൂടുതൽ തെളിഞ്ഞു. എന്റെ കണ്ണുകൾ കൂമ്പിയടഞ്ഞു. എന്റെയുള്ളിലൂടെ കോടിക്കണക്കായ മനുഷ്യർ കടന്നുപോയി. ജനനമരണങ്ങളും യുദ്ധങ്ങളും വെറുപ്പും പ്രേമവും കാമവും സ്നേഹവും പകയും എല്ലാം കടന്നുപോയി. ഇപ്പോൾ ഭൂമിയിലില്ലാത്ത വിചിത്രമൃഗങ്ങളെയും പക്ഷികളെയും ശലഭങ്ങളെയും കണ്ടു. വലിയ പ്രളയങ്ങൾ കണ്ടു. സമുദ്രത്തിന്റെ അഗാധതയിൽ ഞാൻ നീന്തി. കൂറ്റൻ സ്രാവുകൾ എന്നെ ഉരുമ്മി നീങ്ങി. ചെറിയ മീനുകൾ എന്റെ കാൽവെള്ളയിൽ ഉമ്മവെച്ചു. ഞാൻ ജലോപരിതലത്തിൽ പൊന്തിക്കിടന്നു. ഭൂമിയിൽ പലതായി വീണ്ടും വീണ്ടും ജനിച്ചു. ഏറ്റവുമൊടുക്കം ഒരു പുഴുവായി.
പതുക്കെ പതുക്കെ ഞാൻ സ്ഥലകാലത്തിലേക്ക് തിരിച്ചുവന്നു. ഇതുവരെയില്ലാത്ത ഒരു സ്വാസ്ഥ്യം ഉള്ളിൽ വന്നുനിറഞ്ഞു. രണ്ടു കവിളുകളിലൂടെയും കണ്ണീരൊഴുകി. മണിക്കൂറുകളോളം ആ പക്ഷി പാടിക്കൊണ്ടിരുന്നു. എപ്പോഴാണത് നിലച്ചതെന്നറിയില്ല. അപാരമായ ശാന്തതയോടെയാണ് നേരം പുലർന്നത്. അന്നുതന്നെ ഞാൻ ഇടമലയിൽനിന്ന് പോന്നു. അടുത്തകൊല്ലവും അവൾ വരുമെന്നയാൾ പറഞ്ഞു. എന്റെയുള്ളിൽ പാട്ട് നിന്നിരുന്നില്ല. യാത്രയയക്കുമ്പോൾ അയാളുടെ കയ്യിലെ തോക്കിലേക്ക് ഞാൻ പാളിനോക്കി. എന്റെ നോട്ടത്തോടുള്ള മറുപടിയെന്നവണ്ണം അയാൾ പറഞ്ഞു.
‘‘എനിക്ക് വെടിയുണ്ടയും സംഗീതവും ഇഷ്ടമാണ്.’’
തിരികെയെത്തിയ ഞാൻ ചിത്രകാരനെ തേടിച്ചെന്നു. അയാൾ വരച്ച അപ്പന്റെ പടവും കയ്യിലുണ്ടായിരുന്നു. പനിനീർച്ചെടി മാത്രമുള്ള അപ്പന്റെ ചിത്രം പൂർണമല്ല എന്നെനിക്കുതോന്നി. ഞാനെന്തെങ്കിലും പറയുന്നതിനുമുമ്പ് എല്ലാം മനസ്സിലായതുപോലെ അയാൾ ചിത്രം വാങ്ങിച്ചു. അവിടവിടെ തുളവീണ വീടിന്റെ പനമ്പുവാതിൽ അയാൾ ചേർത്തടച്ചു.