ഇലവ്
ഒരാഴ്ചയോളം/ നീണ്ടുനിന്ന/ മഴക്കു ശേഷം/പകലൊന്നു തെളിഞ്ഞപ്പോൾ/ ഇടിമിന്നലേറ്റ ഇലവുമരം/കാണാൻപോയി/ ഞാൻ.
എന്റെ വാസസ്ഥലത്തുനിന്നും പല തിട്ടുകളിറങ്ങി, കൽക്കൂട്ടങ്ങൾ മറികടന്ന്, ഒരു ഒറ്റത്തടിപ്പാല കയറി ഇലവിനു ചുവടെ ചെന്നുനിന്ന എന്നെ, കുറേ കാലം കഴിഞ്ഞു വീണ്ടുമിതു വായിക്കുമ്പോൾ കാണാനായേക്കും എന്ന തോന്നലിലാണ് ഞാനീ വാചകം മുറിച്ചുമുറിച്ചെഴുതിയത്. അതിരിക്കട്ടെ. ആ പ്രഭാതത്തെ പൂർണമായും വിസ്മരിച്ച ദിവസമപ്പോൾ, വലിയ പ്രതീക്ഷയോടെ ഉച്ചയെ ചേർത്തുപിടിക്കാൻ ആരംഭിച്ചിരുന്നു. ആ ആശ്ലേഷത്തിന്റെ പ്രസരിപ്പ് അന്തരീക്ഷത്തിൽ ഒരു മുന്നറിയിപ്പ് പോലെ തങ്ങിനിന്നു.
മനുഷ്യരേക്കാൾ, മനുഷ്യർ രൂപം നൽകിയ ചില വസ്തുക്കൾ കുറേ കാലം കൂടി ജീവിച്ചേക്കും എന്ന പാഠം വീണ്ടും ഓർത്തുകൊണ്ട് ഈർപ്പം നിറഞ്ഞ വെയിലിലൂടെ ഞാൻ നടന്നു. ആദ്യമായിട്ടല്ല ഞാനീ വഴി വരുന്നത്. എത്രയോവട്ടം സന്തോഷിച്ചും സങ്കടപ്പെട്ടും ഞാനിതുവഴി നടന്നിരിക്കുന്നു. അപ്പോഴെല്ലാം ഇലവുമരം അവിടെ ഉണ്ടായിരുന്നു. അതിന്റെ വേരുകളിൽ കോർത്തുകിടക്കുന്ന ഒരു ജലപാതം വേർപിരിയാൻ മടിച്ചുകൊണ്ട് താഴേെക്കാഴുകി. കുറ്റബോധത്താൽ തലകുനിച്ചതുപോലെ നിൽക്കുന്ന അതിന്റെ കൈവരികളിൽ തൊട്ടുകൊണ്ട് താഴേക്കു നോക്കി നിൽക്കാൻ എനിക്കിഷ്ടമായിരുന്നു. താഴെ, ഇലവിന്റെ അടുത്തെത്തുമ്പോൾ മാത്രം ഒഴുക്ക് കുറയുന്ന ജലം എന്നെയും പാലത്തെയും ലോഭമില്ലാതെ പ്രതിഫലിപ്പിക്കുന്നത് കാണാനും ഞാനിഷ്ടപ്പെട്ടു. എങ്കിലും ഇലവ് കാണാൻവേണ്ടി മാത്രമായി ഞാനൊരിക്കലും പുറത്തിറങ്ങിയിരുന്നില്ല.
ഇടിമിന്നലിന്റെ ചുംബനം ഏറ്റുവാങ്ങിയ നിമിഷം ജീവിതം കൈവിട്ട ഇലവിനെ ഞാൻ ഏറെനേരം നോക്കിനിന്നു. കരിഞ്ഞ ശിഖരങ്ങളിൽ, ഇലകളിൽ, നെടുകേ പിളർന്ന തടിയിൽ, ചറമൊലിക്കുന്ന മുറിവുകളിൽ അതിതീവ്ര വിഷാദം ഞാൻ തൊട്ടെടുത്തു. മരിച്ചിട്ടും തുറന്നിരിക്കുന്ന കണ്ണുകൾപോലെ ഇലവിന്റെ നിൽപ് ഞാനൊരിക്കലും മറക്കില്ലെന്നും തീർച്ചപ്പെടുത്തി.
അതിന്റെ ചുവട്ടിലൂടെ ഒഴുകിമറയുന്ന കൈത്തോടും ഇലവിന്റെ പടുതിയിൽ വ്യസനിക്കുന്നുണ്ടായിരുന്നു. കുന്നുകളിൽനിന്നുള്ള വെള്ളം നിറഞ്ഞു കവിഞ്ഞിട്ടും കലങ്ങിയൊഴുകി അതതിന്റെ ഉത്കണ്ഠകളിൽ പരവശപ്പെട്ടു. കാറ്റാകട്ടെ അദൃശ്യമായൊരു ശവക്കച്ചപോലെ ഇലവിനെ പൊതിഞ്ഞു. മടങ്ങാനായി പാലമിറങ്ങുമ്പോൾ ദൂരെനിന്നും ലതയും കുട്ടിയും നടന്നുവരുന്നത് കണ്ടു. ഞാൻ ജോലിചെയ്യുന്ന നെയ്ത്തുശാലയുടെ ഭാഗമായുള്ള ചിരട്ടകൊണ്ടുള്ള ചെറുശിൽപ നിർമാണ യൂനിറ്റിൽ ലതയുമുണ്ട്. കാഴ്ചയില്ലാത്ത ലത കുട്ടിയുടെ ചുമലിൽ പിടിച്ചാണ് നടന്നിരുന്നത്. അവധി ദിവസമായതിനാൽ അവർ മറ്റെങ്ങോ പോവുകയാകും. അടുത്തെത്തിയപ്പോൾ കുട്ടി അവളോടായി പറഞ്ഞു: ‘‘അമ്മേ മിനിച്ചേച്ചി.’’
ലത ചിരിച്ചു: ‘‘എവിടെ പോയതാ..?’’
‘‘ഇലവ് കാണാൻ.’’
‘‘അതെന്തിന്?’’
‘‘ആ മരത്തിന് മിന്നലേറ്റു...’’
അവളുടെ മുഖത്തു ഭാവഭേദമൊന്നും കണ്ടില്ല. കാഴ്ചയുറക്കാത്ത കണ്ണുകൾ പ്രത്യേക രീതിയിൽ ചലിപ്പിച്ച് അവൾ ചോദിച്ചു: ‘‘അതിൽ പക്ഷിക്കൂടുകൾ ഉണ്ടായിരുന്നോ?’’
‘‘അറിയില്ല.’’
അവൾ ഒട്ടൊരു വൈഷമ്യത്തോടെ പറഞ്ഞു: ‘‘ഉണ്ടായിരിക്കും. അവയും കരിഞ്ഞുകാണും.’’ തുടർന്ന് അവളേയും കുട്ടിയേയും ഒറ്റത്തടിപ്പാലം കടക്കാൻ സഹായിക്കണമെന്ന് അപേക്ഷിച്ചു. ഞാനാദ്യം കുട്ടിയെ എടുത്ത് മറുകര എത്തിച്ചു. പിന്നെ ലതയുടെ കൈപിടിച്ച് സാവധാനം പാലത്തിൽ കയറിനിന്നു. കൈവരികളില്ലാത്ത പാലത്തിലൂടെ അവളെങ്ങനെ നടക്കുമെന്ന് ഭയന്നെങ്കിലും എന്റെ കൈ പിടിച്ചുകൊണ്ട് ലത മറുകരയിലേക്ക് പിച്ചെവച്ചു. അപ്പുറത്തെത്തിയശേഷം പാലത്തിൽനിന്നും താഴെയിറങ്ങി ആദ്യ ചുവടുവെക്കെ അവൾ വേച്ചുപോയി. വീഴാതെ ഇരു കൈകളും നിവർത്തിനിന്ന എന്റെ ചുമലിലേക്ക് അവളപ്പാടെ ചാഞ്ഞുവന്നു. ഒരു ഞൊടി. ഞങ്ങളിരുവരും ഒരാലിംഗനത്തിൽ ചേർന്നുനിന്നു. ആ അപ്രതീക്ഷിതത്വത്തെ കുടഞ്ഞുകളഞ്ഞുകൊണ്ട് അവൾ പറഞ്ഞു: ‘‘ക്ഷമിക്കണേ...’’
അവളെ എന്നിൽനിന്നും വിടർത്തിമാറ്റി ഞാനും ഉരുവിട്ടു: ‘‘സാരമില്ല.’’ ആ രാത്രിയിൽ ഉറക്കംവരാതെ കിടക്കുമ്പോൾ ആത്മഹത്യ ചെയ്ത എന്റെ അച്ഛനെയും അമ്മയെയും ഓർത്തു. ഒരു ചോദ്യം ഉള്ളിൽ വിങ്ങിവിങ്ങിവന്നു: ‘‘തീർത്തും അനാഥമായ കഴിഞ്ഞ മുപ്പത് വർഷങ്ങളെ നീ എങ്ങനെ സംഗ്രഹിക്കും? സ്വന്തമെന്ന് പറയാൻ നിനക്കാരാണുള്ളത്?’’ വിരസവും ശൂന്യവുമായ ധാരാളം വാക്കുകളും വാചകങ്ങളും കണ്ടെത്തി ഞാൻ സ്വയം നിർവചിക്കാൻ ശ്രമിച്ചെങ്കിലും അവയൊന്നും കൃത്യമാകാതെ എന്നിൽനിന്നും വഴുതിപ്പോയി. ലത എന്നോട് ചേർന്നുനിന്ന ആ നിമിഷം പൊടുന്നനെ മനസ്സിൽ തെളിഞ്ഞു. അവളെന്റെ ആരുമല്ലല്ലോ എന്ന നിരാശയോടെ കണ്ണടച്ചു കിടന്നപ്പോൾ എനിക്ക് ഇലവുമരം ഓർമവന്നു. അതിൽനിന്നും താഴേക്കു നോക്കുമ്പോൾ വെള്ളത്തിൽ തെളിയുന്ന എന്നെയും.
ഞാൻ നിശ്ശബ്ദം കരഞ്ഞു: ഋതുക്കൾ കൈവിട്ട ഇലവേ... ഇലവേ...
പിറ്റേന്ന് നന്നേ പുലർച്ചെ ഉണർന്നെങ്കിലും എഴുന്നേൽക്കാൻ തോന്നിയില്ല. പുറത്ത് കോടമഞ്ഞിൽ പുതഞ്ഞുനിൽക്കുന്ന മരങ്ങൾ, അവയുടെ മുറിവുകളിൽ മെല്ലെ ഊതുന്ന ശബ്ദം കേട്ടു. കൈനീട്ടി ജനാലയുടെ കൊളുത്ത് വിടർത്തിയപ്പോൾ ശരീരം നിറയെ രോമങ്ങളുള്ള നായ്ക്കുട്ടിയുടെ അരുമയോടെ ശീതം പുതപ്പിനുള്ളിലേക്ക് ഇഴഞ്ഞെത്തി. നെയ്ത്തുശാലയുടെ ഉയർത്തിക്കെട്ടിയ മതിലിനു മുകളിൽ, പ്രഭാതങ്ങളുടെ വിസ്മയവുമായി മഴക്കുടിയന്മാർ തല ഉയർത്തി നിൽപ്പുണ്ടാകും എന്നോർത്തു. വെയിൽ വീണു തുടങ്ങിയാൽ അവ താനേ കുമ്പിട്ടു പോകും.
മുറ്റത്തെ വേപ്പുമരത്തിൽ എന്നും കാണാറുള്ള മൂങ്ങ നിശ്ചലം ഇരിപ്പുണ്ട്. ദൂരെയെങ്ങാനും കാക്കകളുടെ കലമ്പലോ വെള്ളാർക്കൊട്ടന്റെ ചിറകൊച്ചയോ കേട്ടാൽ അതുടനേ അപ്രത്യക്ഷമാകും. എല്ലാത്തിനോടുമുള്ള ഭയമാണ് അതിനെ നയിക്കുന്ന വഴിയും പൊരുളും എന്ന് തോന്നുന്നു. ഒരുപക്ഷേ അങ്ങനെയല്ലെന്നും വരാം. ആർക്കറിയാം പക്ഷികളുടെ മനോനില?
സർക്കാർ നിയന്ത്രണത്തിലുള്ള ഈ നെയ്ത്തുശാലയിലേക്ക് നിയമിതയായി എത്തുമ്പോൾ ഞാനും ഒരുതരം ഭ്രമത്തിലായിരുന്നു. ഈ ജോലി വേണോ... വേണോ... എന്ന് ഞാനും പലവട്ടം സംശയിച്ചു. എന്നിട്ടും ഒരിടത്തും വഴിതെറ്റാതെ ഞാനിവിടെത്തന്നെ എത്തി. താക്കോലും ഫയലുകളും കൈമാറുമ്പോൾ എനിക്ക് മുമ്പ് നെയ്ത്തുകേന്ദ്രത്തിന്റെ ചുമതല വഹിച്ചിരുന്നയാൾ പറഞ്ഞു:
‘‘ഒറ്റയ്ക്കാണ്. സൂക്ഷിക്കണം...’’
ഞാൻ ചിരിച്ചു. അയാൾ തുടർന്നു:
‘‘അവിവാഹിതരായ അമ്മമാരുടെ സംരക്ഷണത്തിനായി സർക്കാർ ആലോചിച്ച പദ്ധതിയാണിത്. ആ പേരിലൊരു പിശകില്ലേ. അതുകൊണ്ട് ആളുകൾ എതിർത്തു. അങ്ങനെയാ പേരും പദ്ധതിയും വടക്കെങ്ങോ നടപ്പാക്കി. ഇതിപ്പോ വെറും വനിതാ വികസന നെയ്ത്തുശാല മാത്രം.’’
വനിതാ വികസന നെയ്ത്തുശാലക്ക് മുന്നിൽ അയാൾ ‘വെറും’ എന്ന് പ്രയോഗിച്ചത് എന്നെ അൽപമൊന്നു വിഷമിപ്പിച്ചു. പത്തോളം സ്ത്രീകളുടെ പകൽ മുഴുവൻ നീളുന്ന അധ്വാനം നിസ്സാരമല്ല. കൂലി ചെറുതായതിനാൽ ജോലിയും ചെറുതാകുമോ? എന്തായാലും പോകുംമുമ്പ് അയാൾ അവരെയെല്ലാം എനിക്ക് പരിചയപ്പെടുത്തി. എല്ലാവരും ചിരിക്കാൻ മറന്നവർ. എന്നും രാവിലെ അതിർത്തിയിലുള്ള ഗ്രാമത്തിൽനിന്നും നടന്നുനടന്ന് അവർ നെയ്ത്തുശാലയിലെത്തുന്നു. വൈകീട്ട് അതേ പാതയിലൂടെ മടങ്ങുന്നു. അവർ പരസ്പരം സംസാരിക്കുന്നത് തന്നെ അപൂർവമെന്ന് എനിക്ക് പലപ്പോഴും തോന്നി.
എനിക്കറിയാം: പരസ്പരം സംസാരിക്കാൻ മടിക്കുന്ന മനുഷ്യർ എന്തോ മറക്കാൻ ശ്രമിക്കുകയാണ്.
ലത പക്ഷേ, അങ്ങനെയല്ല. അവൾ സംസാരിക്കും. ചോദിക്കുന്നതിന് വ്യക്തമായ മറുപടികൾ പറയും. ചില ചോദ്യങ്ങൾ നമുക്ക് നേരേയും ഉണ്ടാകും. നമ്മൾ പറയുന്ന ഉത്തരത്തിലൂടെ അവളൊരു രൂപം നിർമിച്ചെടുക്കാൻ ശ്രമിക്കുന്നപോലെ തോന്നും. ചിരട്ടകൾ ഉരച്ചുമിനുക്കുന്ന ജോലിയാണ് അവൾ ചെയ്യുക. അല്ലെങ്കിൽ പനമ്പ് നെയ്യാനുള്ള അളികൾ ചീകി ഉണ്ടാക്കും. ചിലപ്പോൾ വാർണീഷ് പുരട്ടി ചിരട്ടകൾ മിനുക്കി. അവളുടെ കാഴ്ച പരിമിതി കാരണം അതിസൂക്ഷ്മത വേണ്ട നെയ്ത്തും ചിരട്ടകൾ ഒട്ടിച്ചുള്ള ശിൽപനിർമാണവും മറ്റാരെങ്കിലും ഏറ്റെടുത്തു.
പരിചയപ്പെട്ട ആദ്യദിവസം പേര് ചോദിച്ചപ്പോൾ അവൾ പറഞ്ഞു:
‘‘ആശാലത. എനിക്കങ്ങനെ ആശകളൊന്നും ഇല്ലാട്ടോ. എന്നെ ലത എന്ന് വിളിച്ചാൽ മതി.’’
ജോലിക്കാരോട് പറയാറുള്ള ഒരു സാധാരണ വാചകം ഞാൻ അവളോടും പറഞ്ഞു.
‘‘നിങ്ങൾക്കിവിടെ വരാനും ജോലി ചെയ്യാനും എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ പറയണം.’’
‘‘എനിക്കൊരു ബുദ്ധിമുട്ടുമില്ല. രാവിലെ മകളെന്നെ ഇവിടെ കൊണ്ടാക്കും. വൈകീട്ട് വന്നു കൊണ്ടുപോകും.’’
‘‘അവൾ പഠിക്കുന്നില്ലേ?’’
‘‘ഉണ്ട്. അഞ്ചാം തരത്തിൽ.’’
ഞാനപ്പോൾ ഓർക്കുകയായിരുന്നു. കാഴ്ചയില്ലാത്ത അവൾ എന്തു ജോലി ചെയ്യാനാണ്? ആരുടെയെങ്കിലും സഹതാപം മൂലം അവളിവിടെ ജോലിക്കെത്തുന്നു എന്നായിരുന്നു ഞാൻ കരുതിയിരുന്നത്. എന്നാൽ, അതങ്ങനെ ആയിരുന്നില്ല. അവളുടെ ഭാവനയിലാണ് ചിരട്ടകൾ അവയുടെ ശിൽപരൂപം കണ്ടെത്തിയിരുന്നത്. പനമ്പുകളുടെയും പായകളുടെയും നിർമിതിയിലും ലതയുടെ തീരുമാനംതന്നെ നടപ്പിലായി.
അവളുടെ കൃത്യത സന്ദേഹങ്ങളില്ലാതെ മറ്റുള്ളവർ അംഗീകരിച്ചിരുന്നു. അതാകട്ടെ ഒരിക്കലും പിഴച്ചുമില്ല. ഈറ്റകൾ, മുളകൾ, തഴകൾ, കാട്ടുവള്ളികൾ, ചിരട്ടകൾ എന്നിങ്ങനെ നെയ്ത്തുകേന്ദ്രത്തിലേക്കുള്ള അസംസ്കൃത വസ്തുക്കൾ എത്തിക്കുന്ന ട്രക്ക് ഡ്രൈവർമാർക്കും അവൾതന്നെ നിർദേശം നൽകി. അവൾ പറയുന്നത് കേട്ടെഴുതിെവച്ചാൽ മാത്രം എന്റെ ജോലി തീരുമെന്ന് എനിക്ക് പലപ്പോഴും തോന്നി.
ചില ഉച്ചനേരങ്ങളിൽ അവൾ ചൂളംകുത്തിക്കൊണ്ട് മുറ്റത്തിന്റെ ഇറമ്പിൽ പോയി നിൽക്കുന്നതു കാണാം. അന്തരീക്ഷത്തിൽ നിന്നും എന്തോ പിടിച്ചെടുക്കാൻ ശ്രമിക്കുംപോലെ മുഖം തെല്ലുയർത്തിയുള്ള നിൽപ് പലവട്ടം ശ്രദ്ധയിൽപെട്ടപ്പോൾ ഞാൻ തിരക്കി:
‘‘ലത എന്താണ് അന്വേഷിക്കുന്നത്?’’
‘‘ഇന്ന് ഓലക്കൊടിയൻ വന്നില്ല.’’
‘‘അതാരാണ്?’’
‘‘ഒരു കിളി.’’
‘‘എന്നും വരുമോ?’’
‘‘വിളിച്ചാൽ വരും.’’
പിന്നീടുള്ള ദിവസങ്ങളിൽ എനിക്ക് മനസ്സിലായി. ലത ചൂളം കുത്തുന്നതല്ല. പക്ഷികളുടെ ശബ്ദം അനുകരിക്കുകയാണ്. അനുകരണമാണല്ലോ കല. ആ കലയിൽ ലതക്ക് പ്രാവീണ്യം ഉണ്ട്. അതിനാലാകാം അവൾ വിളിച്ചപ്പോൾ നെയ്ത്തുശാലയുടെ ജനാലപ്പടികളിലും ചാരുബെഞ്ചിലും ഞാനന്നോളം കണ്ടിട്ടില്ലാത്ത പക്ഷികൾ വിരുന്ന് വന്നു. അവയെ ഒന്നൊന്നായി അവളെനിക്ക് പരിചയപ്പെടുത്തി. വെന്താലിക്കിളി, ഞാറുപൊട്ടൻ, ഇലക്കുരുവി, മഞ്ഞച്ചിന്നൻ...
ഒരിക്കൽ ഞാൻ ചോദിച്ചു:
‘‘ലതക്ക് ഇവറ്റയെ എങ്ങനെ അറിയാം?’’
‘‘ശബ്ദം കേട്ടാലറിയാം.’’
‘‘ലത ഇതെല്ലാം എങ്ങനെ പഠിച്ചു?’’
‘‘താനേ പഠിച്ചു.’’
ലതയുടെ വീട്ടിൽ ആരൊക്കെയുണ്ട് എന്ന ചോദ്യത്തിന് അവൾ മറുപടി പറഞ്ഞില്ല. വീട്ടിലിപ്പോൾ ഞാനും മോളും മാത്രമെന്ന് സൂചിപ്പിച്ചു. ഒരുപക്ഷേ ഉറ്റവരെല്ലാം മരിച്ചുപോയിക്കാണും. മരിച്ചവരെക്കുറിച്ച് ചോദിക്കുമ്പോൾ മനുഷ്യർ പൊടുന്നനെ നിശ്ശബ്ദരാകുന്നതെന്തിനാണ്? സ്നേഹത്തെ വ്യാഖ്യാനിക്കുമ്പോൾ അത് മരണത്തെക്കുറിച്ചും ആകുമോ?
‘‘പക്ഷികൾക്ക് ആരോടും സ്നേഹമൊന്നുമില്ല.’’
മറ്റൊരിക്കൽ ലത പറഞ്ഞു. വൈകുന്നേരമായിരുന്നു. ഞങ്ങളിരുവരും അവളുടെ മകൾ സ്കൂൾ വിട്ടുവരാനായി നെയ്ത്തുശാലയുടെ പടിക്കെട്ടുകളിൽ കാത്തിരിക്കുകയായിരുന്നു. മറ്റുള്ളവരെല്ലാം പൊയ്ക്കഴിഞ്ഞിരുന്നു.
ഞാൻ ലതയെ ചൊടിപ്പിച്ചു: ‘‘അത് പക്ഷികൾ സമ്മതിച്ചു തരില്ല.’’
അവൾ ശബ്ദമില്ലാതെ ചിരിച്ചു.
മകൾ വരുന്ന ദിശയിലേക്കു നോക്കി ഞാൻ ചോദിച്ചു: ‘‘നമുക്ക് മുന്നോട്ട് നടന്നാലോ?’’
അവൾ കൈനീട്ടി: ‘‘എന്റെ കൈപിടിക്കണം.’’
ചിരട്ടയിൽ ഉരസിയുരസി ലതയുടെ കൈകൾ പരുക്കനായിരുന്നു. അവ തൊട്ടപ്പോൾ എനിെക്കന്റെ കൈ തരിച്ചു. പതുക്കെ ആയിരുന്നു ഞങ്ങളുടെ നടപ്പ്. എന്നിട്ടും നടന്നുകൊണ്ട് സംസാരിക്കാൻ ലത മടിച്ചു. എന്തെങ്കിലുമൊന്ന് ചോദിക്കുമ്പോൾ അതിനു മറുപടി പറയാൻ അവൾ അൽപനേരം നിന്നു. ഞാനതിന്റെ കാരണം ചോദിച്ചപ്പോൾ അവൾ പറഞ്ഞു: ‘‘നടക്കുമ്പോൾ എനിക്ക് മിണ്ടാൻ വയ്യ. ശ്രദ്ധ മാറിപ്പോകും. ഞാൻ വീഴും.’’
വഴിയുടെ ഇരുവശങ്ങളിലും വലിയ നാട്ടുമാവുകൾ പന്തലിച്ചു നിന്നിരുന്നു. അവക്കിടയിലൂടെ വൈകുന്നേരത്തിന്റെ വെയിൽ ലതയുടെ മുടിയിഴകളിൽ വീണ് പതിച്ചു.
ഞാനവളെ പ്രശംസിച്ചു: ‘‘ലത സുന്ദരിയാണ്.’’
അവൾ പറഞ്ഞു: ‘‘ഞാനെന്റെ അമ്മയെപ്പോലെയാകും.’’
‘‘അമ്മ?’’
‘‘മരിച്ചുപോയി.’’
‘‘അച്ഛനോ?’’
‘‘അച്ഛനും.’’
വഴി വീണ്ടും തിരിയുന്നിടത്തെത്തിയപ്പോൾ ഞാനവളെ പിടിച്ചുനിർത്തി.
‘‘നമുക്കിവിടെ നിൽക്കാം. മോൾ വരുമ്പോൾ നമ്മളെ കണ്ടുകൊള്ളും.’’
അവളതു ശരിെവച്ചു. മാവിന്റെ വേരുകളിൽ ചാഞ്ഞിരുന്നുകൊണ്ട് അവളെന്തോ ഓർക്കുകയാണെന്നു തോന്നി. അൽപനേരം കഴിഞ്ഞപ്പോൾ ലത പറഞ്ഞു: ‘‘ഞാനൊന്നും മറന്നിട്ടില്ല.’’
ഞാൻ ചോദിച്ചു: ‘‘എന്താണ്... എന്താണ്... മറക്കാൻ കഴിയാത്തത്?’’
കൊടിയ വേദന അനുഭവിക്കുംപോലെ മുഖം ചുളിച്ചുകൊണ്ട് ലത പറഞ്ഞു:
‘‘പക്ഷികൾ... പക്ഷികൾ... അവ കൂട്ടത്തോടെ ചിറകടിക്കുന്ന ശബ്ദം... ഹോ...’’
അപ്പോൾ വഴിയുടെ അങ്ങേയറ്റത്ത് അവളുടെ മോൾ നടന്നു വരുന്നത് കണ്ടു.
ഞാൻ എഴുന്നേറ്റു: ‘‘മോൾ വരുന്നുണ്ട്...’’
അവരിരുവരും യാത്ര പറഞ്ഞു പോയിട്ടും ഞാൻ വഴിയരികിൽതന്നെ നിന്നു.
പിന്നെ രണ്ടു ദിവസത്തേക്ക് ലതയെ കണ്ടില്ല. അവൾക്ക് സുഖമില്ലെന്ന് മറ്റു ജോലിക്കാർ പറഞ്ഞു. നെയ്ത്തുസാധനങ്ങൾ കൊണ്ടുവരുന്ന ട്രക്കുകാരുടെ സമരം കാരണം പിന്നെയും കുറച്ചു ദിവസം ജോലി മുടങ്ങി. ഞായറും പൊതു അവധിയും കൂടിയായപ്പോൾ ദിവസങ്ങൾ വീണ്ടും നീണ്ടു. ലതയെ വീട്ടിൽ പോയി കാണാൻ ഞാൻ തീരുമാനിച്ചു. നിറയെ കശുമാവുകളുള്ള ഒരു പറമ്പിലൂടെ നടന്നുനടന്നു ചെല്ലുന്നിടത്താണ് വീടെന്ന് ഞാൻ ചോദിച്ചു മനസ്സിലാക്കിയിരുന്നു. വേലിയിൽ മഞ്ഞക്കോളാമ്പികൾ തുറ്റിട്ടു വളർന്ന വീടിന്റെ ഒതുക്കുകളിറങ്ങിയപ്പോൾ തന്നെ കണ്ടു. വരാന്തയിലിരുന്ന് മുടി വേർപെടുത്തുകയാണ് ലത. മോൾ മുറ്റത്ത് വട്ടു കളിക്കുന്നു.
എന്നെക്കണ്ട് കുട്ടി പറഞ്ഞു: ‘‘ദേ മിനിച്ചേയി വരണു...’’
എന്നെ രേഖപ്പെടുത്താൻ കഴിയാതെ ലതയുടെ കണ്ണുകൾ പലദിശ തിരിഞ്ഞു. ഞാനവളുടെ കൈപിടിച്ചുകൊണ്ട് അടുത്തിരുന്നു. കുട്ടി ഞങ്ങളെ രണ്ടുപേരെയും നോക്കിനിന്നിട്ട് വീണ്ടും കളിയിലേക്ക് തിരിഞ്ഞു. അടുത്ത വീടുകളിലെ രണ്ടു സ്ത്രീകൾ ആരാണ് വിരുന്നുകാർ എന്ന ചോദ്യവുമായി വന്നു. അവരെനിക്ക് ചായയിട്ടു തന്നു. അതു കുടിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ അവരിരുവരും മടങ്ങി.
ലതയെനിക്ക് വീടിന്റെ അകം പരിചയപ്പെടുത്തി. കുറച്ചു പാത്രങ്ങൾ. അവളുടെയും കുട്ടിയുടെയും വസ്ത്രങ്ങൾ. അങ്ങനെ ചിലതെല്ലാം. അവളുടെ കയ്യെത്തും ദൂരത്ത് ഓരോ സാധനങ്ങൾ അടുക്കിയടുക്കി െവച്ചിരിക്കുകയാണ്. ചെറിയ വീട്. ചെറിയ മുറികൾ. ചെറിയ ജീവിതം.
ഞാൻ അവളുടെ ചുമലിൽ ചേർത്തു പിടിച്ചുകൊണ്ട് പറഞ്ഞു:
‘‘ലതയുടെ പക്ഷിക്കൂട്.’’
അവളപ്പോൾ മേശവലിപ്പിൽ തപ്പിത്തപ്പി പഴകിമുഷിഞ്ഞ ഒരു നോട്ട് ബുക്കെടുത്തത് എനിക്ക് നീട്ടി.
‘‘ഇതു നോക്കൂ...’’
ഞാൻ നോക്കി. അതിൽ പലതരം പക്ഷിത്തൂവലുകൾ ഒട്ടിച്ചു െവച്ചിരിക്കുകയാണ്. എഴുത്തൊന്നുമില്ല.
ഞാൻ ചോദിച്ചു: ‘‘ലതയ്ക്ക് ഇത്രയേറെ തൂവലുകൾ എവിടെനിന്ന് കിട്ടി?’’
അവൾ പറഞ്ഞു: ‘‘അച്ഛൻ തന്നതാണ്.’’
ഞാനവ ഓരോന്നും താളുതാളായി മറിച്ചുനോക്കി. ഏതോ കാലത്ത്, ഏതോ ദേശത്ത്, ഏതോ ദൂരങ്ങൾ വീശിവീശി പറന്ന ചിറകുകൾ. തൂവലുകൾ. അവയുടെ ഉടമസ്ഥർ എവിടെയാകും? അവൾ തുടർന്നു: ‘‘തൂവലുകൾ ദേഹത്ത് തൊടുമ്പോൾ അറിയണം, അതേത് കിളിയുടേതെന്ന്. അതായിരുന്നു അച്ഛനെനിയ്ക്ക് തന്ന ഉപദേശം. നഗരത്തിലെ ഏതോ ഫാക്ടറിയിൽ പണിയായിരുന്നു അച്ഛന്. ഞങ്ങൾക്കതുകൊണ്ട് ഉപകാരമൊന്നും ഉണ്ടായിരുന്നില്ല. അമ്മ എന്തൊക്കെയോ ജോലികൾ ചെയ്തിട്ടാണ് ഞങ്ങൾ ജീവിച്ചത്. ഇടക്കിടെ അമ്മയെ ഉപദ്രവിക്കാൻ മാത്രം വീട്ടിൽ വരുന്ന ഒരാൾ. അങ്ങനെയാണ് അച്ഛനെക്കുറിച്ചുള്ള എന്റെ ഓർമ.’’
കുട്ടി ഇടക്കിടെ മുറിക്കുള്ളിലേക്ക് ഓടിക്കയറി വരികയും അതേ വേഗത്തിൽ പുറത്തേക്ക് ഓടിപ്പോവുകയും ചെയ്യുന്നുണ്ടായിരുന്നു. ഓരോ തവണയും, ‘‘നീ വീഴും... നീ വീഴും...’’ എന്ന് ലത അവളെ ശാസിച്ചു.
ഞാൻ പറഞ്ഞു: ‘‘അവൾ കുട്ടിയല്ലേ. കളിപ്രായം. കളിക്കട്ടെ.’’
ലത ചിരിച്ചു:
‘‘ശരിയാണ്. കളിക്കട്ടെ. കളിചിരികളില്ലാത്ത കുട്ടിക്കാലം എന്തിനു കൊള്ളാം. എന്റേത് അങ്ങനെയൊന്നായിരുന്നു. ഞാനെപ്പോഴും ഈ തിണ്ണയിലിരുന്നു, ഒാരോർന്നോർത്തുകൊണ്ട്. അല്ലെങ്കിൽ ഓരോ വരവിലും അച്ഛനെനിക്ക് കൊണ്ടത്തന്ന കിളിത്തൂവലുകളിൽ തെരുപ്പിടിച്ചുകൊണ്ട്. ഓരോ തൂവലിലും തൊട്ടുതൊട്ട് ഓരോ കിളികളുടെ പേരു ഞാൻ ഉരുവിട്ട് പഠിച്ചു.’’
മറ്റൊരാളോട് പറയണോ എന്ന് സംശയിക്കുംപോലെ, വാക്കുകൾ പിന്നെയും വിങ്ങിവിങ്ങി ലതയിൽനിന്നും പുറത്തുവന്നു.
-സമരം കാരണം ഫാക്ടറി പൂട്ടിയിട്ടപ്പോൾ ഒരു മഴക്കാലത്ത് കുറച്ചധികം ദിവസങ്ങൾ അച്ഛൻ വീട്ടിൽ തങ്ങി. വഴക്കും ബഹളവുമായിരുന്നു എന്നും. അമ്മയെന്നും തല്ലുകൊണ്ടു. എന്നും പാത്രങ്ങൾ ഉടഞ്ഞു. വീട്ടിൽ അമ്മയില്ലെങ്കിൽ അച്ഛൻ എന്നോടും കലമ്പി. അങ്ങനെ ഒരുദിവസം ചോദിച്ചു:
‘‘കണ്ണുപൊട്ടീ ഞാൻ തന്ന തൂവലുകളെവിടെ?’’
ഞാൻ അവയെടുത്ത് കൊടുത്തു.
അപ്പോൾ അച്ഛൻ ഓർമിപ്പിച്ചു: ‘‘തൂവൽ തൊട്ടാൽ അപ്പഴറിയണം അതേത് കിളിയെന്ന്.’’
ഞാൻ പറഞ്ഞു: ‘‘എനിക്കറിയാം.’’
ഒരു തൂവലെടുത്ത് എന്റെ കാൽവണ്ണയിൽ ഉരസി അച്ഛൻ ഭേദ്യം തുടങ്ങി:
‘‘ഇതേത് കിളി?’’
പേടിയോടെ ഞാൻ പറഞ്ഞു: ‘‘തീക്കുരുവി.’’
അച്ഛൻ പറഞ്ഞു: ‘‘തെറ്റി. വണ്ണാത്തി.’’
അടുത്ത തൂവൽ കാൽമുട്ടിൽ തൊട്ടു: ‘‘പറയെടീ ഏതു കിളി?’’
ഞാൻ വിറച്ചു: ‘‘ചാരമുണ്ടി.’’
അച്ഛൻ: ‘‘അതും തെറ്റി.’’
തൂവൽ എന്റെ തുടയിൽ മുട്ടി: ‘‘ഇതോ?’’
ഞാൻ: ‘‘മഴക്കൊച്ച.’’
‘‘തെറ്റ്.’’
മറ്റൊരു തൂവൽ വയറിൽ ഇഴഞ്ഞു: ‘‘ഇതുപറ.’’
ഞാൻ: ‘‘പേനക്കാക്ക...’’
‘‘തെറ്റ്.’’
തൂവലുകൾ പിന്നെയും ഇഴഞ്ഞു. നെഞ്ചിൽ, കഴുത്തിൽ, കവിളിൽ, നെറ്റിയിൽ. ഞാൻ പറഞ്ഞതൊക്കെയും തെറ്റിപ്പോയി. അച്ഛനപ്പോൾ ദേഷ്യംകൊണ്ടു വിറയ്ക്കുന്നതായി തോന്നി. ഒരു മഴ ഞങ്ങളുടെ വീടിനു മേലേക്ക് ഇരച്ചുവരുന്ന ഒച്ച കേട്ടു. എന്നെ ഇരുകൈകൾകൊണ്ടും അമർത്തുന്ന അച്ഛനെ വെടിമരുന്ന് മണത്തു. എനിക്ക് വേദനിച്ചു. ഉത്തരങ്ങൾ തെറ്റായി പറഞ്ഞതിന് അച്ഛനെന്നെ ശിക്ഷിക്കുകയാണെന്ന് എനിക്ക് തോന്നി. കൊടും മഴയത്ത് ദിക്കുതെറ്റിയ പക്ഷികളത്രയും ഞങ്ങളുടെ വീടിനു ചുറ്റും അകത്തും ചിറകടിക്കുന്ന ഒച്ചയായി കാതിൽ.
എന്റെ ബോധം മറഞ്ഞുപോയി. ഉണരുമ്പോൾ തൂവലുകൾ ഒന്നൊന്നായി പറിച്ചെടുത്ത പക്ഷിക്കുഞ്ഞിനെ പോലെ കിടന്ന എന്നെ വാരിയെടുത്ത് കരയുന്ന അമ്മയുടെ ശബ്ദം ഞാൻ കേട്ടു. അമ്മ പറഞ്ഞു: ‘‘ആരും അറിയരുത്. ആരോടും പറയരുത്.’’ കുറേക്കാലത്തേക്ക് അച്ഛൻ പിന്നെ വീട്ടിൽ വന്നതേയില്ല. അടുത്തതവണ വന്നപ്പോൾ അമ്മയാകട്ടെ സാധാരണപോലെ പെരുമാറി. സ്നേഹത്തോടെ സംസാരിച്ചു. രാത്രി അച്ഛനു ചോറു വിളമ്പി. ഞങ്ങളെല്ലാം ഒന്നിച്ചിരുന്ന് കഴിച്ചു. ഊണ് കഴിഞ്ഞു കൈകഴുകുമ്പോൾ അച്ഛൻ ചോദിച്ചു: പൊലയാടീ, നീയിതിൽ മുളകോ വിഷമോ ചേർത്തത്. എന്തൊരെരിച്ചിൽ. തളർന്ന ഒച്ചയിൽ അമ്മ പറഞ്ഞു: ‘‘വിഷം.’’ കേട്ടതും അച്ഛനോടി. ഛർദിച്ചുകൊണ്ടോടി. ഇടിമിന്നലേറ്റ ഇലവില്ലേ. അതിന്റെ ചുവടുവരെ ഓടി. അവിടെ വീണു. ആ രാത്രി അമ്മയും ഒരു കഷണം കയർ ചെലവാക്കി. ഞാനൊറ്റക്കായി. എനിക്കന്ന് പതിനഞ്ചു വയസ്സായിരുന്നു.’’
കുട്ടിയപ്പോൾ മുറിയിലേക്ക് വീണ്ടും ഓടിക്കയറി വന്നു. ലതയെ ചുറ്റിപ്പിടിച്ചു.
ലത പറഞ്ഞു: ‘‘എന്റെ അച്ഛനാണ് എന്റെ മകളുടേയും അച്ഛൻ.’’
ഒന്നുനിർത്തി അവൾ ചോദിച്ചു: ‘‘ഇനിപ്പറയൂ. പക്ഷികൾ സ്നേഹമുള്ളവരാണോ?’’
ആ നിമിഷം ഞാനവളുടെ മുഖം കൈകളിലെടുത്തു.
ഇരുൾ കൂടുകെട്ടിയ ആ കണ്ണുകളിൽ ഞാനെന്നെ കണ്ണാടി നോക്കി.
‘‘ലതേ, പക്ഷികളെക്കുറിച്ച് നമ്മൾ മനുഷ്യർക്കെന്തറിയാം?’’
തിരികെ പോരുമ്പോൾ ഞാൻ ഓർക്കുകയായിരുന്നു:
ഇടിമിന്നലേറ്റ ഇലവിന്റെ ശിഖരങ്ങളിൽ ലത സംശയിച്ചപോലെ ഒരു പക്ഷിക്കൂട് ഉണ്ടായിരുന്നുവോ? എങ്കിൽ അതേത് പക്ഷിയായിരിക്കും? അതിന്റെ തൂവലൊരെണ്ണം കണ്ടെത്തണമെന്ന് ഞാൻ ഉറപ്പിച്ചു. ഈ വാചകവും മുറിച്ചുമുറിച്ചു തന്നെ ഞാൻ എഴുതട്ടെ:
അവധി കഴിഞ്ഞ്/ അവൾ വരുമ്പോൾ/ തൂവൽതൊട്ടു/തെറ്റാതെ പറയും/ ആ പക്ഷിയുടെ പേര്.