‘സിനിമാസ്കോപ്പ്’
പതിനാലാം നിലയിലെ ആ വലിയ ഫ്ലാറ്റിന്റെ ജനലിലൂടെ ത്രികോണാകൃതിയിൽ വെണ്ണക്കഷ്ണംപോലെ വീണുകിടക്കുന്ന വെയിലിനെ തുണ്ടംതുണ്ടമാക്കി ഭക്ഷിക്കാൻ ആഗ്രഹമേതുമില്ലാതെ അപരിചിത ഭീതിയോടെ അവർ രണ്ടുപേരും ആ അടഞ്ഞ മുറിയുടെ വാതിലിലേക്ക് നോക്കിയിരുന്നു. ഇനിയൊരുപക്ഷേ അവർക്കങ്ങനെ ഭക്ഷിക്കാൻ തോന്നിയാൽപോലും ആ ഫ്ലാറ്റിന്റെ ഉടമയായ മാർട്ടിൻ എന്ന പ്രശസ്ത ചലച്ചിത്രസംവിധായകന് ലഭിച്ച അവാർഡ് ഫലകങ്ങൾക്കോ ശിൽപങ്ങൾക്കോ നടുവിൽ വെണ്ണ പുരട്ടി കഴിക്കാൻ ഒരു കഷ്ണം ബ്രെഡുണ്ടായിരുന്നില്ല. അതുകൊണ്ട് അപരിചിതത്വം മറികടക്കാനായി അവർ രണ്ടു പേരും ഇടക്കിടക്ക് പുഞ്ചിരി പൊഴിച്ചു.
പുതിയൊരു സിനിമക്കുവേണ്ടി തിരക്കഥയെഴുതുവാൻ മാർട്ടിൻ വിളിപ്പിച്ചതാണ് അവർ രണ്ടുപേരെയും. മുമ്പ് വൈറലായ രണ്ട് വെവ്വേറെ ഹ്രസ്വചിത്രങ്ങൾക്കു വേണ്ടി തിരക്കഥ നിർവഹിച്ച് പ്രശസ്തരാണ് കാസിമും കണ്ണനും. ഇത് ആദ്യമായിട്ടാണ് അവർ നേരിൽ കാണുന്നതും ഒരു മുഴുനീള സിനിമക്കുവേണ്ടി പ്രവർത്തിക്കാൻ ഒരുങ്ങുന്നതും. മാർട്ടിൻ അവരോട് കഥ പറഞ്ഞ് തുടങ്ങിയതായിരുന്നു.
അപ്പോഴാണ് ഒരു അടിയന്തര ഫോൺകോൾ വന്ന് ആ അടഞ്ഞ മുറിയിലേക്ക് അയാൾ അപ്രത്യക്ഷനായത്. അൽപനേരത്തിനകം ഒരേ കഥയുടെ കെണിയിലകപ്പെടേണ്ടവരാണെന്ന ബോധ്യമുള്ളതിനാൽ മാസം നവംബറാണെന്നോ തൊട്ടു നോക്കിയാൽ വെയിലിന് തണുപ്പുണ്ടാവുമെന്നോ അവർ ശ്രദ്ധിച്ചതേയില്ല. പകരം ആശങ്കയോടെ അവരുടെ നോട്ടം മാത്രം ആ അടഞ്ഞ വാതിലിനെ തൊട്ടുകൊണ്ടിരുന്നു. അതിശയമെന്നേ പറയേണ്ടൂ; സ്പർശനമേറ്റ വിളക്കിൽനിന്നെന്നപോലെ കഥയുടെ ഭൂതം പുറത്തേക്ക് ചാടി.
‘‘ഇത് രണ്ട് പേരുടെ ഈഗോ ക്ലാഷിന്റെ കഥയാണ്’’, മാർട്ടിൻ തന്റെ വിശാലമായ 14 E ഫ്ലാറ്റിന്റെ കൗച്ചിലിരുന്ന് അവരോട് പറഞ്ഞു. വൈകീട്ടത്തെ ചെന്നൈ ൈഫ്ലറ്റ് മിസ്സാകാതിരിക്കാൻ വേഗം കഥ പറഞ്ഞ് തീർക്കണമെന്ന് അയാൾ മനസ്സിൽ കരുതി.
‘‘ഒരാൾ ജോർജ്, മറ്റേയാൾ കൗശിക്ക്’’, മാർട്ടിൻ പറഞ്ഞു.
ജോർജൊരു തൊഴിൽരഹിതനാണ്. സ്ഥിരവരുമാനമാകുന്നത് വരെ രാത്രികാലങ്ങളിൽ ഫുഡ് ഡെലിവറിയും മറ്റും ചെയ്താണ് ആ ചെറുപ്പക്കാരൻ ജീവിക്കുന്നത്. കൗശിക്കാണെങ്കിലോ താൻ ജോലിചെയ്യുന്ന അന്താരാഷ്ട്ര കമ്പനിയുടെ അമിതമായ തൊഴിൽ സമ്മർദം കാരണം വീർപ്പുമുട്ടുന്ന ചെറുപ്പക്കാരനും. അവർ രണ്ടുപേർക്കും ഏകദേശം ഒന്ന് തന്നെയാണ് പ്രശ്നം. ഒരാൾക്ക് തൊഴിലുണ്ട്. മറ്റെയാൾക്ക് അതില്ല. ഒരാൾക്ക് ഉള്ളതിന്റെ പ്രശ്നം, മറ്റേയാൾക്ക് ഇല്ലാത്തതിന്റെ പ്രശ്നം.
‘‘മനസ്സിലായല്ലോ?’’ മാർട്ടിൻ തുടർന്നു.
ജോർജും കൗശിക്കും ആ നശിച്ച സമയത്ത് കണ്ടുമുട്ടുന്നതോടെയാണ് എല്ലാ കുഴപ്പങ്ങളും തുടങ്ങുന്നത്. ഒരു നിസ്സാരകാര്യം അവരെ നിരന്തര ശത്രുക്കളാക്കിയെന്നു വേണമെങ്കിൽ പറയാം. മിക്കപ്പോഴും നമുക്ക് ശത്രുക്കളുണ്ടാവുന്നത് അങ്ങനെയൊക്കെയാണല്ലോ. വളരെ അവിചാരിതമായി.
‘‘എന്താ അങ്ങനെയല്ലേ?’’ മാർട്ടിൻ അവരുടെ നേർക്ക് ചോദിച്ചു. കാസിമും കണ്ണനും മറുപടിയൊന്നുമില്ലാതെ അയാളെ നോക്കിയിരുന്നു.
ജോർജ് അന്നേ ദിവസം ആ മാസത്തെ തന്റെ പതിനാലാമത്തെ ഇന്റർവ്യൂവിലും അതിദാരുണമായി പരാജയപ്പെട്ട് കമ്പനിയിൽനിന്ന് കലിപ്പോടെ ഇറങ്ങിയതായിരുന്നു. അവസാന റൗണ്ട് വരെ പൊരുതിയെങ്കിലും ജോർജിന് ജോലി നേടാനായില്ല. എല്ലാത്തിനും കാരണം ആ മാദകറാണിയെപ്പോലെ അവസാന റൗണ്ട് വരെ കടന്നുകൂടിയ പെണ്ണാണെന്ന് അവൻ ഓർത്തു. തനിക്ക് പകരം ജോലി നേടിയ അവളെ അവൻ പ്രാകി.
‘അവൾ ബ്ലൗസൂരി കാണിച്ചുകാണും’, ജോർജ് വൈസറില്ലാത്ത ഹെൽമറ്റ് ധരിക്കുന്നതിനിടക്ക് ഉച്ചത്തിൽ ആലോചിച്ചു.
ഇന്റർവ്യൂ കഴിഞ്ഞ് ജോർജ് തന്റെ ഫുഡ് ഡെലിവറിക്ക് ഉപയോഗിക്കുന്ന ആക്ടിവായുമായി ദേഷ്യത്തോടെ പാഞ്ഞു. തുടർന്ന് ഇൻഫോ പാർക്ക് മുതൽ വാഴക്കാല വരെയുള്ള നാല് സിഗ്നലിലും അവൻ അവസാനമെത്തി പരാജയപ്പെട്ടു. മുന്നിൽ കിടക്കുന്ന അസംഖ്യം വാഹനങ്ങൾക്കു നേരെ തുടരെത്തുടരെ ഹോണുകളടിച്ചും സിനിമയിലുള്ളതിനേക്കാൾ ബീപ്പ് ശബ്ദങ്ങൾ പുറത്തേക്ക് വിട്ടും അയാൾ ദേഷ്യം പ്രകടിപ്പിച്ചു. അവസാനം ഒരുവിധം വാഴക്കാല സിഗ്നൽ കഴിഞ്ഞ് വലത്തോട്ട് കയറുമ്പോഴാണ് മുന്നിലെ ബാറിൽനിന്ന് കൗശിക്ക് ആടിക്കുഴഞ്ഞ് ഇറങ്ങിവന്നത്.
മാസാവസാനമായിട്ടും ടാർഗറ്റ് മീറ്റ് ചെയ്യാത്തതിൽ താരതമ്യേന തന്നെക്കാൾ ചെറുപ്പക്കാരനായ ബോസിന്റെ കയ്യിൽനിന്ന് കണക്കിന് കിട്ടിയതിന്റെ അരിശം അവന്റെ തൊണ്ടക്കുഴിയിൽ കിരുകിരുത്ത് കിടന്നിരുന്നു. കുടിച്ചിട്ടും മാറാത്ത ആ പ്രതിസന്ധി ഒട്ടും വൈകാതെ തന്നെ അവൻ തൊണ്ടയനക്കി ഇടത്തോട്ട് കാർക്കിച്ച് തുപ്പി. വൈസറില്ലാത്ത ഹെൽമറ്റുമായി പാഞ്ഞ് വരുന്ന ജോർജിന്റെ മുഖത്തേക്ക് അത് കൃത്യം പതിച്ചു. വലിയ തോൽവികളോടെ പാഞ്ഞു വന്ന ജോർജിന് അത് സഹിക്കാൻ കഴിഞ്ഞില്ല.
നിരന്തരം പരാജയപ്പെടുന്ന തന്റെ ജീവിതത്തിന് നേരെയുള്ള ലോകത്തിന്റെ തീർപ്പായി ജോർജ് അതിനെ കണ്ടു. അവൻ വണ്ടിയുപേക്ഷിച്ച് ഹെൽമറ്റൂരി ലോകത്തോട് പൊരുതാൻ കൗശിക്കിനു നേരെ പാഞ്ഞു. അപ്രതീക്ഷിതമായി ഹെൽമറ്റുകൊണ്ട് പ്രഹരമേറ്റ് താഴേക്ക് വീണ കൗശിക്ക് ഒരു മിന്നായംപോലെ ജോർജിനെ നോക്കി. ഒന്നോ രണ്ടോ നക്ഷത്രങ്ങളെണ്ണിയെങ്കിലും സകല വീറോടെയും തന്നെ നോക്കുന്ന ഫോർമൽ വസ്ത്രധാരിയായ ജോർജിൽ തനിക്ക് അരിശമുള്ള മാനവരാശി മൊത്തമുള്ളതായി കൗശിക്കിന് തോന്നി. കാരണമെന്തെന്ന് ചോദിക്കുകപോലും ചെയ്യാതെ അവൻ ചാടിയെഴുന്നേറ്റ് ജോർജിന്റെ നാഭിക്ക് തൊഴിച്ചു. ജോർജ് വേദനകൊണ്ട് പുളഞ്ഞു.
പിന്നീട് നടന്നത് കഥയെ വെല്ലുന്ന ചരിത്രമോ ചരിത്രത്തെ വെല്ലുന്ന കഥയോ ആയിരുന്നു. പരിസരബോധമില്ലാതെ ചീറിയടുത്ത ആ രണ്ടുപേരും കാളക്കുട്ടന്മാരെപ്പോലെ കൂട്ടിമുട്ടി. പരസ്പരം മാരകമായി മുറിപ്പെടുത്തുന്ന ഉപകരണങ്ങളായി അവരുടെ അവയവങ്ങൾ മാറി. നഖം, പല്ല് മുതലായവ ആയുധങ്ങളെക്കാളും പ്രഹരശേഷിയോടെ അവർക്കിടയിൽ പ്രവർത്തിച്ചു. അടി തെറ്റിയപ്പോൾ കെട്ടിപ്പിണഞ്ഞ് പേയിളകിയ നായകളെപ്പോലെ അവർ പരസ്പരം മുറിപ്പെടുത്തി. എഴുന്നേറ്റപ്പോൾ ദിശയില്ലാതെ കറങ്ങുന്ന ചുഴലിക്കാറ്റിനെപ്പോലെ അവർ നീങ്ങി. കൈകാലുകളുടെ വേഗത കണ്ടുനിന്നവരെപ്പോലും അത്ഭുതപ്പെടുത്തി.
സാധാരണ മനുഷ്യർക്ക് ഇത്ര സാധിക്കില്ലെന്ന് ആരോ ഒരാൾ അതിശയം പറഞ്ഞു. നടപ്പാത കടന്ന് അവർ നടുറോഡിൽ എത്തിയപ്പോൾ ചീറിപ്പാഞ്ഞിരുന്ന വാഹനങ്ങൾ ഭയത്തോടെ നിന്നു. മൂന്ന് നാല് സെക്കൻഡുകൾക്കുള്ളിൽ ചില വണ്ടികളുടെ കണ്ണാടികൾ തകർന്നു. പലരും വണ്ടികൾ ഉപേക്ഷിച്ച് നടപ്പാതയിലേക്ക് ഭയന്നോടി. തടയാൻ ചെന്ന ചിലരുടെ മുഖം അഞ്ചോ പത്തോ വിരലുകളുടെ അടയാളംകൊണ്ട് നിറഞ്ഞു. അവസാനം വിവരമറിഞ്ഞെത്തിയ ഒരു മുഴു ബറ്റാലിയൻ പോലീസ് സംഘം അരമണിക്കൂർ അതിസാഹസികമായി പണിപ്പെട്ട് അവരെ കീഴ്പ്പെടുത്തി. ഇതിനോടകം പൂരപ്പറമ്പിനേക്കാൾ തടിച്ചുകൂടിയ ജനം ഒരേ സ്വരത്തിൽ നിശ്വസിച്ചു. പൊടിപടലങ്ങൾ ഉയർന്ന് എല്ലാവരുടെയും കാഴ്ച നഷ്ടപ്പെട്ടു.
‘‘ഇനിയാണ് ട്വിസ്റ്റ്’’, മാർട്ടിൻ പറഞ്ഞു.
ഒരുവിധം പോലീസിൽനിന്ന് എല്ലാം തീർപ്പായ ശേഷം അവർ രണ്ടുപേരും സ്വന്തം സ്ഥലങ്ങളിലേക്ക് മടങ്ങി. രണ്ട് ദിവസം ലോക്കപ്പിൽ കിടന്നതിന്റെയും ശരീരത്തിലുണ്ടായ തുന്നിക്കെട്ടുകളുടെയും വേദനമൂലം നൂറ്റാണ്ടുകൾ പഴക്കംചെന്ന വൃദ്ധശരീരങ്ങളെപ്പോലെ ഞൊണ്ടി ഞൊണ്ടിയാണ് അവർ ഓട്ടോറിക്ഷ പിടിച്ചത്. ഇനിയൊരിക്കലും കാണരുതെന്ന് തീരുമാനിച്ചാൽപോലും ജീവിതാവസാനംവരെ നീളുന്ന പബ്ലിക് നുയിസൻസ് കേസ് അവർക്കിടയിൽ മൂർച്ചയുള്ള വാളായി തൂങ്ങിയാടുന്നുണ്ടായിരുന്നു. ഭാഗ്യത്തിന് പൊട്ടിപ്പൊളിഞ്ഞ വാഹനങ്ങൾക്കും മറ്റുമായുള്ള നഷ്ടപരിഹാരം ഇൻഷുറൻസ് കമ്പനികൾ തീർപ്പാക്കി. വാഴക്കാലയിൽ നടന്നത് ഒരു പ്രകൃതിദുരന്തമായി സർക്കാർ പ്രഖ്യാപിച്ചതായിരുന്നു അതിന് കാരണം.
ഓട്ടോ ജോർജ് താമസിക്കുന്ന ഹോസ്റ്റലിന്റെ മുന്നിൽ വന്ന് നിന്നു. വിധിയുടെ വിളയാട്ടമെന്നേ പറയേണ്ടൂ; പിന്നാലെ വന്ന ഓട്ടോയിൽനിന്ന് കൗശിക്കും പുറത്തേക്കിറങ്ങി. അവർ രണ്ട് പേരും ഒരേ വർക്കിങ് ഹോസ്റ്റലിൽതന്നെയാണ് താമസം. പകൽ മുഴുവൻ ജോലി അന്വേഷിക്കുന്ന ജോർജിനോ രാവിലെതന്നെ ജോലിക്ക് പോയിരുന്ന കൗശിക്കിനോ ഇതുവരെ പരസ്പരം കണ്ടുമുട്ടാനുള്ള യോഗമുണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും വിധി മറ്റൊന്നാകുമായിരുന്നു.
‘‘ഹോസ്റ്റൽ വേറെ നോക്കണോ?’’ ജോർജ് ഒരുനിമിഷം ആലോചിച്ചു. ‘‘ഇവന്റെയൊക്കെ മോന്ത കണ്ട് എങ്ങനെ ജീവിക്കും?’’
‘‘വേണ്ട’’, കൗശിക്ക് ആലോചിച്ചു. ‘‘താനെന്തിന് മാറണം വേണമെങ്കിൽ അവൻ തന്നെ മാറട്ടെ’’, കൗശിക്കും തീരുമാനിച്ചു.
അവർ രണ്ടുപേരും പതിയെ മുഖംകൊടുക്കാതെ അവരവരുടെ മുറികളിലേക്ക് നീങ്ങി. അവർക്കൊരിക്കലും ഇനി പഴയൊരു ജീവിതം സാധ്യമാകുമായിരുന്നില്ല. ഒരിക്കലും ചേരാത്തവിധം വൈരാഗ്യത്തിന്റെ സ്മരണകൾ പേറുന്ന രണ്ട് ശത്രു രാജ്യങ്ങളെപ്പോലെ അവർ മാറിക്കഴിഞ്ഞിരുന്നു.
‘‘ഇനിയാണ് എനിക്ക് നിങ്ങളുടെ ആവശ്യം’’, മാർട്ടിൻ കാസിമിനോടും കണ്ണനോടുമായി പറഞ്ഞു. ‘‘ഇനി അവർ തമ്മിൽ നടക്കുന്ന ശീതയുദ്ധം നിങ്ങളെഴുതണം.’’ മാർട്ടിൻ വാച്ചിലേക്ക് നോക്കി. ചെന്നൈ ൈഫ്ലറ്റിന് അധിക സമയമില്ല. വെണ്ണക്കഷ്ണം അപ്പോഴേക്കും ഉരുകി തീർന്നിരുന്നു. ആവിയായി തീരാത്തവ അങ്ങിങ്ങ് പതഞ്ഞ് കിടപ്പുണ്ട്.
‘‘ഒരു കാര്യംകൂടി നിങ്ങളെ ഓർമിപ്പിക്കാം’’, മാർട്ടിൻ വളരെ ഗൗരവത്തോടെ തുടർന്നു. ‘‘നമുക്ക് വേണ്ടത് അവരുടെ നല്ല വശങ്ങളല്ല, കാരണം, അവർ അന്ത്യമില്ലാത്ത യുദ്ധത്തിലാണ്, പരസ്പരം പകയോടെ മുറിപ്പെടുത്തുക മാത്രമാണ് അവരുടെ ലക്ഷ്യം, മാനസികമായും ശാരീരികമായും. അതുകൊണ്ട് അതിനനുസരിച്ച് വേണം അവരുടെ അടുത്ത ചലനങ്ങൾ പ്ലാൻ ചെയ്യാൻ.’’ മാർട്ടിൻ എഴുന്നേറ്റു. നേരത്തേ ഒരുക്കിെവച്ചിരുന്ന ലഗേജുകൾ തട്ടി നോക്കി. എല്ലാം ഭദ്രമല്ലേയെന്ന് ഉറപ്പുവരുത്തി.
‘‘രണ്ട് മാസം കഴിഞ്ഞാൽ എന്റെ ഷൂട്ട് തീരും.’’ മാർട്ടിൻ ലഗേജുകളുമായി ലിഫ്റ്റിന്റെ അടുത്തേക്ക് നീങ്ങുമ്പോൾ വീണ്ടും പറഞ്ഞു, ‘‘നിങ്ങൾക്ക് വേണ്ടതെല്ലാം ഇവിടെ ഏർപ്പാട് ചെയ്തിട്ടുണ്ട്. സമയം പാഴാക്കാതെ എഴുതി തീർത്താൽ ഞാൻ വന്നതും നമുക്ക് ഇത് തുടങ്ങാം.’’ ലിഫ്റ്റ് തുറന്നപ്പോൾ അയാൾ ലഗേജുകൾ അകത്തേക്ക് െവച്ചു. കഥയുടെ വലിയൊരു കനം അതിൽ കുറവുള്ളതായി അയാൾ ശ്രദ്ധിച്ചില്ല.
‘‘അപ്പോൾ ശരി.’’ ലിഫ്റ്റ് അടയുമ്പോൾ അയാൾ അവസാനമായി വീണ്ടും പറഞ്ഞു, ‘‘വേഗം തീർക്ക് ന്യൂയറിന് കാണാം.’’
മാർട്ടിൻ മാഞ്ഞതും അവർ മുഖത്തോട് മുഖം നോക്കി. ഇതാ കഥയിലകപ്പെട്ട രണ്ടുപേർ. ഇനിയെന്ത് ചെയ്യും? കൂടുതൽ ആലോചിക്കാൻ കഴിയാതെ അവർ നിശ്ശബ്ദരായി ഫ്ലാറ്റിലേക്ക് മടങ്ങി. കഥയുടെ കടുത്ത ഭിത്തിക്കുള്ളിൽ സ്വയം കൊട്ടിയടക്കുമ്പോഴും മാർട്ടിൻ പോയ വഴിയേ വെയിൽ ചവിട്ടിപ്പോയ കാൽപ്പാടുകൾ അവർ ശ്രദ്ധിച്ചതേയില്ല.
ആദ്യ ദിവസം മുതൽ കാസിമും കണ്ണനും തിരക്കഥയുടെ ജോലികൾ തുടങ്ങി. ഒരു വലിയ ഫ്ലാറ്റും ഓരോ മുറികളും ഭക്ഷണത്തിനും മറ്റുമായി മാർട്ടിൻ നേരത്തേ ഏൽപിച്ച വലിയ തുകയും കൈമാറിക്കിട്ടിയ കഥയുടെ സമ്മർദം കാരണം അവർക്ക് ആസ്വദിക്കാൻ സാധിച്ചില്ല. ജോർജിന്റെയും കൗശിക്കിന്റെയും അടുത്ത നീക്കങ്ങൾ ആ നവംബർ ആദ്യവാരം മുഴുക്കെ അവർ ആലോചിച്ചു. മുമ്പ് ചെയ്ത ഹ്രസ്വചിത്രങ്ങളുടെ പ്രവൃത്തിപരിചയമൊന്നും ആ അപരിചിതരായ തിരക്കഥാകൃത്തുക്കളെ സഹായിച്ചില്ല. ജോർജിന്റെയും കൗശിക്കിന്റെയും അടുത്ത നീക്കങ്ങളെക്കുറിച്ച് കൂടുതൽ ആലോചിക്കുന്തോറും അവർ കൂടുതൽ സംശയത്തിലായി. അവർ കണ്ടുമുട്ടാൻ സാധ്യതയുള്ള ഇടുങ്ങിയ കോറിഡോറുകൾ, വസ്ത്രം അലക്കിയുണക്കാൻ ഉപയോഗിക്കുന്ന പൊതു ഇടങ്ങൾ, ഹോസ്റ്റൽ ഭക്ഷണത്തിനുവേണ്ടി വരിനിൽക്കുന്ന ഒഴിവാക്കാൻ പറ്റാത്ത സാഹചര്യങ്ങൾ അങ്ങനെ പല സന്ദർഭങ്ങളിലേക്കും അവർ കഥാപാത്രങ്ങളെ കൊണ്ടുവന്നുവെച്ചു.
എന്നാൽ, അവരുടെ കൃത്യമായ പ്രതികരണം എന്താവുമെന്ന് ഊഹിക്കാൻ കാസിമിനോ കണ്ണനോ സാധിച്ചില്ല. മാത്രമല്ല ഈ കഥയിൽ ആര് വില്ലനാവണം, ആര് നായകനാവണം എന്നതുപോലും തീരുമാനിക്കാൻ കഴിയാത്ത പ്രഹേളികയായി അവർക്കിടയിൽ തുടർന്നു. അവസാനം കഥാപാത്രങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാവാതെ അവരുടെ അടുത്ത നീക്കങ്ങളെക്കുറിച്ച് പ്രവചിക്കുക അസാധ്യമാണെന്ന് അവർ കണ്ടെത്തി. അതുകൊണ്ട് ജോർജിനും കൗശിക്കിനും വ്യക്തമായൊരു വ്യക്തിത്വം സൃഷ്ടിക്കേണ്ടതിന്റെ അനിവാര്യത അവർ തിരിച്ചറിഞ്ഞു. ഏത് നാട്ടുകാരനാവണം, എങ്ങനെയുള്ള പ്രകൃതമാവണം, എന്ത് വരെ പഠിച്ചു, എന്തൊക്കെ ജീവിതാനുഭവങ്ങളുണ്ട് തുടങ്ങി ജോർജിന്റെയും കൗശിക്കിന്റെയും പിന്നാമ്പുറക്കഥകളെല്ലാം സൃഷ്ടിച്ചാൽ മാത്രമേ കഥയുടെ മുന്നോട്ടു പോക്ക് എളുപ്പമാവുകയൊള്ളൂ എന്ന് അവർ കണ്ടെത്തി.
ഏതൊരു വ്യക്തിയും അവരുടെ ജീവിതത്തിനനുസരിച്ചാണല്ലോ പെരുമാറുകയെന്നത് എഴുത്തുകാരായ അവർക്ക് അറിയാമായിരുന്നു. അങ്ങനെ ജോർജിനെ കാസിമും കൗശിക്കിനെ കണ്ണനും ഏറ്റെടുക്കട്ടേയെന്ന് അവർക്കിടയിൽ ധാരണയായി. ഒരുമിച്ചിരുന്നാൽ ഒരുപക്ഷേ ഈ സമയപരിധിക്കുള്ളിൽ ഒരിക്കലും കഥ പൂർത്തിയാവില്ലെന്ന് അവർ ഭയപ്പെട്ടു. മാത്രവുമല്ല സൃഷ്ടിപ്പിൽ ദൈവം ഒറ്റക്കായിരുന്നുവെന്ന് ഈ കഴിഞ്ഞ ഒന്നരയാഴ്ചക്കിടെ തന്നെ അവിശ്വാസികളായ അവർ മനസ്സിലാക്കിയിരുന്നു. ഓഹ് ഗോഡ്. അല്ലാത്തപക്ഷം ഇത്രയേറെ കണിശതയോടെ കാര്യങ്ങൾ നടക്കില്ലെന്ന് കൈകൾ കൂപ്പി അവർ സമ്മതിച്ചു.
മുൻവിധികളൊന്നുമില്ലാതെ അവർ വേഗത്തിൽ പണി തുടങ്ങി. തങ്ങളുടെ കഥാപാത്രങ്ങൾ ചരിത്രപുരുഷന്മാരോ യുദ്ധയോദ്ധാക്കളോ അല്ലാത്തതുകൊണ്ട് കാസിമിനും കണ്ണനും അധികം കഷ്ടപ്പെടേണ്ടിവന്നില്ല. അവർ രണ്ടുപേരും വെവ്വേറെ മുറികളിലിരുന്ന് സ്വന്തം ജീവിതപരിസരങ്ങൾതന്നെ യഥേഷ്ടം കഥാപാത്രങ്ങൾക്ക് നൽകി.
ജോർജ് പശ്ചിമഘട്ടത്തിൽ ജനിച്ചുവളർന്ന ആളാണെന്ന് കാസിം എഴുതി. കൗശിക്കാകട്ടെ തീരപ്രദേശത്തുനിന്നുള്ള ആളാണെന്ന് കണ്ണനും എഴുതി. ജോർജിന് സ്വന്തമായി ഒരു കാമുകിയോ പറയത്തക്ക സുഹൃത്തുക്കളോ ഇല്ലെന്ന് കാസിം കണ്ടെത്തി. കൗശിക്കിന് മുമ്പൊരു കാമുകി ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ പ്രേമമൊന്നും ഇല്ലെന്ന് കണ്ണനും കണ്ടെത്തി. സുന്ദരനും സുമുഖനുമായ ചെറുപ്പക്കാരനാണ് ജോർജെന്ന് എഴുതിയപ്പോൾ മാത്രം കാസിം ചിരിച്ചു. തന്റെ വിരൂപമെന്ന് പറയാൻ കഴിയുന്ന മുഖവും ത്രികോണാകൃതിയിലുള്ള തലയും കഥയിലെങ്കിലും മാറ്റിയെഴുതാൻ സാധിച്ചതിൽ കാസിം ആനന്ദിക്കുകയായിരുന്നു.
ഇതേ ആനന്ദം കണ്ണനുമുണ്ടായി. നഖം തിന്നുന്ന ദുശ്ശീലംപോലുമില്ലാത്ത ആളാണ് കൗശിക്ക് എന്നെഴുതിയപ്പോഴായിരുന്നു അത്. തന്റെ തടുക്കാൻ കഴിയാത്ത നഖക്കൊതിയെ കഥയിലെങ്കിലും മാറ്റിയെഴുതാൻ സാധിച്ചതിലുള്ള തൃപ്തി അവനെയും സന്തോഷിപ്പിച്ചു. അങ്ങനെ തിരിച്ചറിയാനുള്ള കാക്കപ്പുള്ളികൾ, വിദ്യാഭ്യാസം, തിരിച്ചറിയൽ രേഖയുടെ നമ്പർ, അച്ഛനമ്മമാർ, കൂട്ടുകാർ, ബന്ധുമിത്രാദികൾ തുടങ്ങി അവർക്കുള്ളതെല്ലാം കഥാപാത്രങ്ങൾക്ക് അവർ നൽകി.
കഥയുടെ കൃപയെന്ന് വേണം കരുതാൻ. അവസാനം വെയിലിനുപോലും തണുക്കുന്ന നവംബറിന്റെ ആദ്യ പകുതി കഴിയുമ്പോഴേക്ക് ജോർജിനെയും കൗശിക്കിനെയും അവർ കണ്ണാടിയിലെന്നപോലെ മനസ്സിലാക്കിയെടുത്തു. പഴുതുകളില്ലാതെ കഥാപാത്രങ്ങളെ മനസ്സിലാക്കിയതിലെ സന്തോഷം അവർക്കുണ്ടായി. ഇനി കഥാപാത്രങ്ങളെ മനസ്സിലാക്കുന്നതിൽ ലോകത്ത് വല്ല മത്സരവും സംഘടിപ്പിച്ചാൽ അവർക്കായിരിക്കും ലോകത്തിൽ തന്നെ ഫസ്റ്റ്. ഉദാഹരണത്തിന് ജോർജിന്റെ ആദ്യത്തെ അരിപ്പല്ല് പിഴുതെടുത്ത സ്കൂൾ മാഷിന്റെ പേരെന്താണെന്ന് കാസിമിനോട് ആരെങ്കിലും ആ മത്സരത്തിൽ ചോദിച്ചാൽ അത് പത്മനാഭൻ എന്നാണെന്ന് കാസിം കൂസലില്ലാതെ മറുപടി പറയും. ഇനി കൗശിക്ക് അഞ്ചു വയസ്സുള്ളപ്പോൾ കുഴിച്ചിട്ട രണ്ട് രൂപയുടെ മുട്ടനെവിടെയെന്ന് ചോദിച്ചാൽ റഡാറില്ലാതെ തന്നെ കണ്ണന് സ്ഥലം കാണിച്ച് കൊടുക്കാനാവും. അത്രയേറെ അവരുടെ പണിയിൽ അവർ തൃപ്തരായിരുന്നു.
നേരത്തേ തീരുമാനിച്ചതുപോലെ ദിവസങ്ങൾക്കുശേഷം മാർട്ടിൻ കഥപറഞ്ഞ സ്ഥലത്ത് അവർ വീണ്ടും മുഖാമുഖം ഇരുന്നു. തിരക്കഥയുടെ ബാക്കി എഴുതുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽ അനിർവചനീയമായ എന്തോ ഒന്ന് അവർക്കിടയിൽ സംഭവിച്ചതായി തോന്നിയതുകൊണ്ടോ എന്തോ പരസ്പരം മുഖം കൊടുക്കാതെ അവർ ആ മുറിയിലെ രണ്ട് വ്യത്യസ്ത വസ്തുക്കളിലേക്ക് നോട്ടം നിക്ഷേപിച്ചു. ഒന്ന് മാർട്ടിന് ലഭിച്ച ചലച്ചിത്ര അക്കാദമിയുടെ ബഹുമാനപ്പെട്ട ശിൽപമാണ്. രണ്ട് അസഹ്യമായ കമ്പ്യൂട്ടറിന്റെ ചതുരവടിവും.
ഒന്നിൽ ജോർജിന്റെ ജോലി തട്ടിയെടുത്ത താടകയുടെ ബ്ലൗസൂരി പ്രദർശിപ്പിക്കുന്ന രൂപം കണ്ട് കാസിം ഞെട്ടി. രണ്ടിൽ കൗശിക്കിന്റെ ടാർഗറ്റുകൾ ഓർമപ്പെടുത്തുന്ന ചതുരവടിവിലുള്ള ഇ-മെയിൽ ഭീഷണികളുടെ രൂപം കണ്ട് കണ്ണനും ഞെട്ടി. അധികനേരം അവർക്ക് അതിലേക്ക് നോക്കിനിൽക്കാൻ കഴിഞ്ഞില്ല. അവസാനം അവർ മുഖത്തോട് മുഖം നോക്കി. ഒരു നിമിഷം- കൂടിപ്പോയാൽ അര നിമിഷം- അത്രമാത്രമേ അവർക്ക് പരസ്പരം നേരിടാൻ കഴിഞ്ഞൊള്ളൂ. ശക്തമായ വെറുപ്പും അവജ്ഞയും പരസ്പരം പ്രസരിക്കുന്നത് കണ്ട് അവർ വേഗം മുഖങ്ങൾ താഴ്ത്തി. തന്റെ മുന്നിലിരിക്കുന്നത് കൗശിക്കല്ലേയെന്ന് കാസിമിന് തോന്നി.
തന്റെ മുന്നിലിരിക്കുന്നത് ജോർജ് തന്നെയെന്ന് കണ്ണനും ഉറപ്പിച്ചു. കാർക്കിച്ച് തുപ്പിയ തുപ്പലുമായാണ് താൻ അവന്റെ മുന്നിലിരിക്കുന്നതെന്ന് കാസിമിന് അനുഭവപ്പെട്ടു. കരണം പുകച്ച തല്ലുമായാണ് താൻ അവനെ എതിരിടുന്നതെന്ന് കണ്ണനും തോന്നി. ആരും അവർക്കിടയിൽ സംഭവിക്കുന്നതിന്റെ ആഴം മനസ്സിലാക്കിയില്ല. ഒരുവേള മനസ്സിലാക്കിയാൽ തന്നെയും അതിനെ മറികടക്കുക അസാധ്യമായിരുന്നു. കാരണം, ജോർജും കൗശിക്കും ഒരു അപകടംപോലെ നിത്യശത്രുക്കളായതാണെങ്കിൽ കാസിമിനും കണ്ണനും സംഭവിച്ചത് അതിനേക്കാൾ വലിയ അപകടമായിരുന്നു. പ്രഹരശേഷി മനസ്സിലാക്കാതെ മാർട്ടിനിൽനിന്ന് അവർ സ്വീകരിച്ചതും അത് തന്നെ. ലോകത്തെ ഏറ്റവും വലിയ അപകടം. കഥ!!! സ്വന്തം ജീവിതംകൂടി കഥയിൽ വെച്ചുമാറിയതോടെ രക്ഷപ്പെടാനാവാത്ത വലിയൊരു കെണിയിലാണ് അവർ അകപ്പെട്ടത്. കുറച്ച് നേരംകൂടി കഴിഞ്ഞപ്പോൾ പരസ്പര സാമീപ്യം അസഹ്യമായതോടെ അവർ വേഗം വലിയ കാൽവെപ്പുകളോടെ സ്വന്തം മുറികളിലേക്ക് രക്ഷപ്പെട്ടു.
സ്വാഭാവികമായും പിന്നീടുള്ള ദിവസങ്ങൾ പിരിമുറുക്കത്തിന്റേതായിരുന്നു. സമാധാനം പുലരാത്ത രണ്ട് ശത്രുരാജ്യങ്ങളെപ്പോലെ അലിഖിതമായ നയതന്ത്ര അതിർത്തികൾ അവർക്കിടയിൽ രൂപപ്പെട്ടു. ഒരാളുടെ ഇഷ്ടങ്ങൾ മറ്റൊരാളുടെ അനിഷ്ടങ്ങളായി മാറി. ഒരാൾക്ക് ചായയെങ്കിൽ മറ്റെയാൾക്ക് കാപ്പിയെന്നായി. ഒരാൾ സസ്യാഹാരിയാവുമ്പോൾ മറ്റെയാൾ മാംസാഹാരിയായി മാറി. ഉപയോഗിക്കുന്ന വസ്തുക്കളിലെല്ലാം അവർ ഉപരോധം സൂക്ഷിച്ചു. കഴിക്കുന്ന പാത്രങ്ങൾപോലും മാറിപ്പോകാതിരിക്കാൻ അവക്കെല്ലാം പ്രത്യേകം പ്രത്യേകം അടയാളങ്ങൾ നൽകി. ഒരാൾ ചവിട്ടിയ ടൈൽസിൽപോലും മറ്റെയാൾ ചവിട്ടില്ലെന്നായി.
ദിവസങ്ങൾ കഴിഞ്ഞപ്പോൾ അനുരഞ്ജനം സാധ്യമല്ലാതെ വേർപിരിഞ്ഞ കാമുകീ കാമുകന്മാരെപ്പോലെയായി അവരുടെ പെരുമാറ്റം. ഒരേ ഫ്ലാറ്റിൽ കഴിയുമ്പോഴും ഒരിക്കലും കണ്ടുമുട്ടാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിച്ചു. ഇനി അഥവാ കണ്ടുമുട്ടിയാൽതന്നെ ഇല്ലാത്ത ഒരു ഫോൺകോൾ ഉണ്ടാക്കി ശത്രുവിനെക്കാൾ സന്തോഷം അഭിനയിച്ചു. ഒഴിവുസമയങ്ങളിൽപോലും ശത്രുവിനെ കൂടുതൽ അറിയാൻ ചുമരുകളിൽ കാതുവെച്ച് നിരീക്ഷിച്ചു. കാസിമിന്റെ ഉമ്മ നിരന്തരം പൈസ ചോദിച്ച് ശല്യംചെയ്യുന്ന തള്ളയാണെന്നറിഞ്ഞപ്പോൾ കണ്ണൻ സന്തോഷിച്ചു. രാത്രികാലങ്ങളിൽ തന്നെ ചതിച്ച കാമുകിയെ ഫോൺ വിളിച്ച് തെറി പറയുന്ന ആളാണ് കണ്ണനെന്നറിഞ്ഞപ്പോൾ കാസിമിന് ജീവിതം കൂടുതൽ സന്തോഷകരമാണെന്ന് തോന്നി.
നിരീക്ഷണം സോഷ്യൽ മീഡിയയിലേക്ക് വ്യാപിച്ചതോടെ ശത്രുത കൂടുതൽ വർധിച്ചു. ഫേക് ഐഡികൾ ഉപയോഗിച്ച് ആത്മവിശ്വാസം കെടുത്തുന്ന കമന്റുകൾ യഥേഷ്ടം നൽകി. രണ്ടു മൂന്ന് സിനിമാ വിമർശനത്തിനിടക്ക് അവരുടെ പ്രശസ്തമായ ഹ്രസ്വചിത്രങ്ങൾ വിമർശിക്കപ്പെട്ടു. തങ്ങളെ അംഗീകരിക്കാത്ത സുഹൃത്തുക്കളെ അവർ കാരുണ്യമില്ലാതെ ബ്ലോക്കി. സ്വയം നിരീക്ഷിക്കുമ്പോഴും മറ്റൊരാളാൽ നിരീക്ഷിക്കപ്പെടുകയാവാം എന്ന തിരിച്ചറിവുണ്ടായതോടെ അവർ ചുവടുകൾ മാറ്റിപ്പിടിച്ചു.
സ്വന്തം ആനന്ദമാണ് ശത്രുവിനെ കൂടുതൽ വേദനിപ്പിക്കുകയെന്ന് മനസ്സിലാക്കിയ അവർ സ്വന്തം സന്തോഷങ്ങൾ പ്രചരിപ്പിക്കാൻ തുടങ്ങി. വായിച്ച പുസ്തകങ്ങൾ, കണ്ട സിനിമകൾ, പണ്ട് പോയ യാത്രകൾ എല്ലാം ശത്രുവിനെതിരെയുള്ള ആയുധങ്ങളായി മാറി. താന്താങ്ങളിലെ കേമന്മാർ ആരാണെന്നുള്ള മത്സരം അവർക്കിടയിൽ മുറുകി. അതേസമയം, സ്വന്തം സുഹൃദ് വലയങ്ങളിൽ ഇതുപോലെ സോഷ്യൽ മീഡിയാ പ്രകടനം നടത്തുന്നവരെക്കുറിച്ചും അവർ ആലോചിച്ചു. അദൃശ്യരായ മറ്റു ശത്രുക്കൾക്കെതിരെയുള്ള ഒളിയമ്പുകളായിരിക്കുമോ ഇതെന്ന് അവർ സംശയിച്ചു.
അവസാനം എല്ലാ കഥയുടെയും പരിസമാപ്തിയെന്നപോലെ അവർക്കിടയിലും ആ ദിവസം വന്നെത്തി. മാർട്ടിൻ നൽകിയ അവധി തീരുന്ന ആ ദിവസവും പക്ഷേ അവരുടെ ശത്രുതക്ക് ഒരു കോട്ടവും സംഭവിച്ചിരുന്നില്ല. കഥയുടെ മുേമ്പാട്ട് പോക്കോ തിരക്കഥയെക്കുറിച്ചോ അവർ എന്നോ മറന്നുകഴിഞ്ഞിരുന്നു. ഇതിനിടക്ക് ഒരിക്കൽ മാത്രമാണ് അവർ ഒരുമിച്ച് ഒരേ സ്ഥലത്ത് നിന്നത്. അന്ന് പക്ഷേ അവർ പരസ്പരം തിരിച്ചറിഞ്ഞതുപോലുമില്ല. പ്രിയങ്കരനായ ക്രിസ്തുവിന്റെ ജന്മദിനത്തിന്റെയന്ന് പകലിൽ ബാൽക്കണിയിലെ മഞ്ഞവെയില് കായുമ്പോൾ സൂര്യരശ്മികളുടെ കനത്ത ഭിത്തി അവർക്കിടയിൽ കോട്ടപോലെ നിന്നതായിരുന്നു അതിന് കാരണം.
ഇന്നിപ്പോൾ അവർക്കിടയിൽ അത്തരം പ്രതിബന്ധങ്ങളൊന്നുമില്ല. ഇരുട്ടിനെപ്പോലും ആ ഫ്ലാറ്റ് പുറത്താക്കിക്കഴിഞ്ഞിരുന്നു. ഏത് നിമിഷവും ചാടിവീഴാൻ പാകത്തിന് ഫ്ലാറ്റിനെ ചുറ്റിപ്പറ്റി അത് കട്ടപിടിച്ച് നിൽക്കുന്നത് ആരും ഗൗനിച്ചില്ല. അവരുടെ ശ്രദ്ധമുഴുവൻ മത്താപ്പുകൾ കോറി വരഞ്ഞുകൊണ്ടിരുന്ന പുതുവർഷത്തിന്റെ ശൂന്യമായ ഹൃദയത്തിലേക്കായിരുന്നു. സ്വന്തം മുറികളിലിരുന്ന് തടുക്കാൻ കഴിയാത്ത ഇത്തരം ജനാലക്കാഴ്ചകൾ കണ്ടിരിക്കേ തങ്ങളും മനുഷ്യരാശിയുടെ ഭാഗമാണല്ലോയെന്ന് അവർക്ക് ഓർമ വന്നു. വെറുപ്പ് കാരണം ദിവസങ്ങളായി അവർ അതേക്കുറിച്ച് മറന്നിരിക്കുകയായിരുന്നു.
ലോകസന്തോഷത്തിന്റെ ഒരു വിഹിതം തങ്ങൾക്കും അവകാശപ്പെട്ടതാണല്ലോ എന്നോർത്തപ്പോൾ അവർക്കൊരു പാട്ട് കേൾക്കാൻ തോന്നി. അവർ ഒരുമിച്ച് സ്വന്തം മുറികൾ വിട്ട് പുറത്തേക്ക് വന്നു. ടി.വി തുറക്കുകയായിരുന്നു ലക്ഷ്യം. മൊബൈലിലോ മറ്റോ പാട്ട് കേട്ടാൽ മതിയായിരുന്നു. പക്ഷേ, മനുഷ്യരുടെ തോന്നലിനെ തടുക്കാൻ കഴിയുമോ. അവർ ഒരേപോലെ ഒരേ ലക്ഷ്യം ലാക്കാക്കി നടന്നു. നിർഭാഗ്യമെന്നേ പറയേണ്ടൂ; ആ ഫ്ലാറ്റിൽ ഒരു ടി.വിയും ഒരു റിമോട്ടും മാത്രമാണുണ്ടായിരുന്നത്. ഒരേ വേഗത്തിൽ ഒരേപോലെ ഒരേ വസ്തുക്കളിലേക്ക് അവരുടെ ലക്ഷ്യം നീങ്ങിയപ്പോൾ റിമോട്ടിൽ കൈകൾ തൊടുന്നതിന് മുന്നേ അവരുടെ തലകൾ കൂട്ടിയിടിച്ചു.
‘‘നിന്നെ കൊല്ലുമെടാ പട്ടീ...’’ അവർ ഒരേ സ്വരത്തിൽ അലറി. താന്താങ്ങളിലേക്ക് കുത്തിയൊഴുകുന്ന പുഴപോലെ അവർ വേഗം കൂട്ടിമുട്ടി. രണ്ട് ചില്ല് പാത്രമായിരുന്നു അവരെങ്കിൽ അതു മാത്രം മതിയായിരുന്നു തവിടുപൊടിയാവാൻ. പക്ഷേ അവർ മജ്ജയും മാംസവുമുള്ള മനുഷ്യരല്ലേ. രണ്ട് ഭാഗങ്ങളിലേക്ക് അവർ തെറിച്ച് പോയി. സടകുടഞ്ഞെഴുന്നേറ്റ അവർ വീണ്ടും നേർക്കുനേർക്കോടി. കയ്യിൽ കിട്ടിയ വസ്തുക്കളുമായി കുതിക്കുന്ന അവരെക്കണ്ടാൽ പുരാതന ഗോത്രത്തിലെ പുതിയ മനുഷ്യരെപ്പോലെ തോന്നും.
ആദ്യത്തെ കൂട്ടിമുട്ടലിൽതന്നെ പൂച്ചട്ടിയും റിമോട്ടും തകർന്ന് തരിപ്പണമായി. പോരാട്ടം മുറുകവേ ഫ്ലാറ്റിലുണ്ടായിരുന്ന ഓരോ വസ്തുക്കൾക്കും രൂപമാറ്റം സംഭവിച്ചു. ടി.വിയും മേശയും അതിന്റെ സ്വാഭാവിക ചതുരവടിവുകൾ ഉപേക്ഷിച്ചു. കസേരകൾക്ക് രണ്ട് കാലിലും നിൽക്കാമെന്നായി. ബഹുമാനപ്പെട്ട അക്കാദമിയുടെ ശിൽപം രണ്ട് പേർക്ക് നൽകിയതായി പ്രഖ്യാപിച്ചു. വലിയ നോവലുകൾ നിരവധി ചെറുകഥകളായി മാറി. സൗണ്ട് ബോക്സുകൾ ബാൽക്കണി വഴി പറന്ന് പോയി. അതുവഴി വന്ന വവ്വാൽ പുതിയ ഇണയാണെന്ന് കരുതി അതിനെ മണപ്പിച്ച് നടന്നു.
അടി മുറുകവേ ജോർജ് കൗശിക്കിനെയാണോ കാസിം കണ്ണനെയാണോ തല്ലുന്നതെന്നുപോലും അവർ മറന്നു. പകയുടെ ദുര മാത്രമാണ് അവർക്കിടയിൽ പ്രവർത്തിച്ചത്. എല്ലാ ശത്രുക്കളെയുംപോലെ ശത്രുതയുടെ തുടക്കംപോലും അവർ മറന്നിരുന്നു. പരസ്പരം ഉപദ്രവിക്കുക മാത്രമായിരുന്നു അവരുടെ ലക്ഷ്യം. അതിനായി കയ്യിൽ കിട്ടിയ വസ്തുക്കളുമായി അവർ ഫ്ലാറ്റ് മുഴുവൻ ഒഴുകിനടന്നു. വസ്തുക്കൾക്കെല്ലാം വേദനിപ്പിക്കുകയെന്ന മറ്റൊരു ഉപകാരമുള്ളത് ആദ്യമായി തിരിച്ചറിഞ്ഞതുപോലെയായിരുന്നു അവരുടെ പെരുമാറ്റം. തല്ലിത്തല്ലി അവസാനം അവർ ബാൽക്കണിയിലെത്തി. ഇനിയും ഇത് തുടരേണ്ട കാര്യമില്ലെന്ന് തീരുമാനിച്ച ഒരാൾ മറ്റെയാളുടെ കാല് വലിച്ച് താഴേക്കിട്ടു. അതിൽകൂടുതലൊന്നും അവന് ചെയ്യാനുണ്ടായിരുന്നില്ല. കൊന്നാലെങ്കിലും ഈ കലിപ്പ് അടങ്ങട്ടെയെന്ന് അയാൾ കരുതി. ഭാഗ്യവശാലോ നിർഭാഗ്യവശാലോ താഴേക്ക് വീണയാൾ പൂർണമായും താഴേക്കെത്തിയില്ല.
‘‘രക്ഷിക്കണേ... രക്ഷിക്കണേ...’’ ശത്രുതമാത്രം താഴേക്ക് വീണ് നിലംപതിച്ച ശബ്ദത്തോടൊപ്പം അയാൾ കമ്പികളിൽ തൂങ്ങി ജീവന് വേണ്ടി കേണു. ആ അപേക്ഷ കേട്ട് മറ്റേയാൾ പകച്ചു. താനെന്താണ് ചെയ്യുന്നതെന്ന് ആ നിമിഷം അയാൾക്ക് വീണ്ടുവിചാരമുണ്ടായി. ഒരു മനുഷ്യനെ കൊല്ലാൻ മാത്രം ഇവിടെ എന്ത് സംഭവിച്ചെന്ന് അയാൾ ഓർത്തു. ഈ തൂങ്ങിക്കിടക്കുന്ന മനുഷ്യൻ തന്നെപ്പോലെ ജീവിക്കാൻ അവകാശമുള്ള മനുഷ്യനല്ലേയെന്ന് ആ നിലവിളി അയാളെ ഓർമിപ്പിച്ചു. അയാൾ വേഗം മറ്റേയാൾക്ക് നേരെ കൈകൾ നീട്ടി മുകളിലേക്ക് വലിച്ച് കയറ്റി. ജീവിതത്തിൽ കരഞ്ഞുപോകുന്ന സന്ദർഭമായിരുന്നു അത്. വീണ്ടുവിചാരങ്ങൾക്കേറ്റ പ്രഹരത്തോടെ അയാൾ വാവിട്ട് കരഞ്ഞു.
‘‘സോറി. നിങ്ങളും എന്നെപ്പോലെ ജീവിക്കുകയാണെന്ന് ഞാൻ മറന്നുപോയി.’’ അയാൾ ക്ഷമാപണത്തോടെ രക്ഷപ്പെട്ടയാളെ കെട്ടിപ്പിടിച്ചു.
‘‘സാരമില്ല’’ അയാളും പറഞ്ഞു, ‘‘എന്നോടും ക്ഷമിക്കൂ ഞാനും മറന്നുപോയി.’’ അവർ പരസ്പരം സാന്ത്വനിപ്പിച്ചു. ഒരു അപകടത്തിൽ തുടങ്ങിയ കഥ മറ്റൊരു അപകടത്തോടെ അവസാനിച്ചതിന്റെ പൊരുൾ അവർക്ക് മനസ്സിലായില്ല. ഒരുപക്ഷേ ഇതിനെ കഥയുടെ അവസാനമെന്ന് പറയാൻ കഴിഞ്ഞേക്കില്ല. ചിലപ്പോൾ ഇത് മറ്റൊരു കഥയുടെ തുടക്കം മാത്രമായിരിക്കാം. മറ്റൊരു വിധത്തിലുള്ള ജൈവികതയോടെ അതിന്റെ ബീജം അവർക്കിടയിൽ വേറൊരു രീതിയിൽ വീണ്ടും പ്രവർത്തിച്ചേക്കം. അത് പക്ഷേ ശത്രുതയുടേത് മാത്രമാവണമെന്നില്ല. സ്നേഹത്തിന്റേതുമാവാം.
‘‘ഹാപ്പീ...’’ പൊടുന്നനെ വാതിൽ തള്ളിത്തുറന്ന മാർട്ടിന് ഛിന്നഭിന്നമായി കിടക്കുന്ന സ്വന്തം ഫ്ലാറ്റ് കണ്ട് ‘‘ന്യൂയിയർ’’ എന്ന് മുഴുമിപ്പിക്കാൻ സാധിച്ചില്ല. ഒരുവേള ഭൂമികുലുക്കമെങ്ങാനും ഉണ്ടായോ എന്ന് അയാൾ സംശയിച്ചു. പ്രകൃതിദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടവരെപ്പോലെ തോന്നിച്ച തന്റെ എഴുത്തുകാരോട് അയാൾ ‘‘എന്തുപറ്റി?..’’ എന്ന് അതിശയത്തോടെ ചോദിച്ചു. കഥയുടെ കെടുതികളിൽനിന്ന് രക്ഷപ്പെട്ട ആശ്വാസത്തോടെ പരസ്പരം നോക്കി പുഞ്ചിരിച്ചുകൊണ്ട് അവർ ഒരേ സ്വരത്തിൽ പറഞ്ഞു. ‘‘കഥ തീർന്നു...’’