കാര്‍ണിവല്‍ നഗരിയില്‍
ജാലം
കുന്നു കയറുന്നതിനിടയിൽ നാലിടത്തു റോബർട്ടച്ചൻ കിതച്ചുനിന്നു. ദേവദാരുവിന്റെ ചില്ലകൾക്കിടയിലൂടെ പതിനൊന്നുമണിയുടെ വെയിൽ വാടിവീണു. കാറ്റ്, അച്ചന്റെ ളോഹയിലെ കടുംകെട്ടിൽ കുടുങ്ങി. കുന്നിൻചരുവിൽ മദിച്ചുകൊണ്ടിരുന്ന നാൽക്കാലികൾ നാലുതവണയും നിശ്ചലചിത്രമായി.
പ്രഭാതനടത്തം കഴിഞ്ഞു മടങ്ങുകയായിരുന്നു, അച്ചൻ. പതിവില്ലാത്തതാണ്, ക്ഷീണം. അദ്ദേഹം, കുന്നുകോട്ടയിലെ വികാരിയായി സ്ഥാനമേറ്റിട്ട് ദിവസങ്ങളെ ആയിട്ടുള്ളൂ. അയ്യായിരം കുടുംബങ്ങളുള്ള ഇടവകയിൽനിന്നും അമ്പത്തിയൊന്ന് കുടുംബങ്ങൾ മാത്രമുള്ള പഴഞ്ചൻ പള്ളിയിലേക്ക് മാറ്റം ചോദിച്ചു വാങ്ങുകയായിരുന്നു.
സഭയെ സംബന്ധിച്ചിടത്തോളം അതൊരു അനുഗ്രഹമായി. കാരണം, വരുമാനമൊന്നുമില്ലാത്ത പള്ളിയിൽ ദൈവവിളി ഒടുക്കാൻ ഒരുവിധപ്പെട്ട അച്ചന്മാരാരും തയാറല്ലായിരുന്നു. എന്നാലോ, വിശ്വസ്തതയോടെ ഏൽപിക്കുന്ന ഉത്തരവാദിത്വങ്ങളിൽനിന്നു ഒരുകാരണവശാലും തിരിഞ്ഞു നടക്കരുതെന്നു സഭാനേതൃത്വം റോബർട്ടച്ചനെ ശട്ടംകെട്ടി. ബഹളങ്ങളിൽനിന്നും വിട്ടുനിൽക്കാൻ ആഗ്രഹിച്ചിരുന്ന അച്ചനാകട്ടെ ഇതിലും വലിയൊരു അവസരം വീണുകിട്ടാനില്ലെന്നു മനസ്സുകൊണ്ട് ഒരുങ്ങിക്കഴിഞ്ഞിരുന്നു… തിരുവസ്ത്രങ്ങളടങ്ങിയ തോൾസഞ്ചിക്കൊപ്പം അപ്പന്റെ ഓർമക്കായി സൂക്ഷിച്ചുപോരുന്ന ട്രങ്കുപെട്ടിയും കൂടെ കരുതി. ട്രെയിനിലും ബസിലുമായി കുന്നുകോട്ടയിലെത്തുമ്പോൾ സമയം സന്ധ്യമയങ്ങി. കുരിശടിയിൽ ഒരു മനുഷ്യൻ കാത്തുനിൽപുണ്ടായിരുന്നു. ശിമയോനെന്നു സ്വയം പരിചയപ്പെടുത്തിയ അയാൾ ടോർച്ചുവെട്ടം നീട്ടി. മഷിത്തണ്ടുകൾ മായ്ച്ചുകളഞ്ഞ നടവഴികൾ തെളിഞ്ഞുവന്നു.
ഒതുക്കുകല്ലുകൾ കയറി പള്ളിമുറ്റത്തെത്തുമ്പോഴേക്കും ടോർച്ചിന്റെ ആയുസ്സൊടുങ്ങി. കാർമേഘക്കാടുകളെ ചുമക്കുന്ന മണിമാളികയുടെ പടിക്കെട്ടിൽ ചെന്നിരുന്ന് ശിമയോൻ ദോശപ്പൊതിയഴിച്ചു. പുളിമണമുള്ള ദോശക്കും ചമ്മന്തിക്കുമൊപ്പം വിളമ്പിയ കഥകളും ആ രാത്രിക്കു അനുയോജ്യമായി തോന്നി. സങ്കീർത്തിയോട് ചേർന്നുള്ള കുടുസ്സുമുറിയിലേക്കു ശിമയോനെയും അച്ചൻ ഉറങ്ങാൻ ക്ഷണിച്ചു. വേണ്ടെന്നു കൈയാംഗ്യം കാണിച്ച് അയാൾ പള്ളിമുറ്റത്തെ ഇരുട്ടിലേക്ക് മാഞ്ഞുപോയി. മണിമാളികയുടെ കിളിവാതിലിൽ പിടിപ്പിച്ചിട്ടുള്ള കോളാമ്പിയുടെ മുഴക്കത്തിനൊപ്പം നേരം വെളുത്തുവരികയായിരുന്നു...
പ്രഭാതകർമങ്ങൾക്കുശേഷം ഉണർവോടെ അൾത്താരയിലെത്തിയ അച്ചന് മദ്ബഹയിൽ കൈയൂന്നി ഒരു നിമിഷം കണ്ണടച്ചുനിന്നു. ശൂന്യമായ പള്ളിയകത്തിന്റെ ഇരുപള്ളകളിലെയും ജനാലപ്പടികളിൽ കുറുകിക്കൊണ്ടിരുന്ന പ്രാവുകൾ പൊടുന്നനെ നിശ്ശബ്ദരായി അച്ചനിലേക്കു ശ്രദ്ധതിരിച്ചു. തെല്ലു പതറിയെങ്കിലും, ഇങ്ങനെയൊക്കെ സംഭവിക്കേണ്ടിയിരിക്കുന്നെന്ന യാഥാർഥ്യം ഉൾക്കൊണ്ടുകൊണ്ട് അദ്ദേഹം പിതാവിനും പുത്രനും വരച്ച് കുർബാന ആരംഭിച്ചു. തുടക്കത്തിലെ കൗതുകം ഒടുക്കംവരെ നിലനിർത്താൻ പ്രാവുകൾക്കായില്ല. അവർ പഴയപടി സ്വന്തം കാര്യത്തിലേക്ക് കൊക്കുകളും ചിറകുകളും വിടർത്തി…
വെളിച്ചം നല്ലപോലെ വീണുതുടങ്ങിയിരുന്നു. ശിമയോനെ പ്രതീക്ഷിച്ചു സങ്കീർത്തിയിൽത്തന്നെ തുടരുകയായിരുന്നു, അച്ചൻ. പെട്ടെന്നാണ് ബോധോദയം ഉണ്ടായത്. ധൃതിയിൽ മുറിയിലേക്കു കടന്നു. അപ്പന്റെ ട്രങ്കുപെട്ടിയെടുത്ത് കട്ടിൽപ്പടിയിൽവെച്ച് തുറന്നുനോക്കി. കുന്തിരിക്കം ഉരുക്കിയുണ്ടാക്കിയ മൂന്ന് ആൾരൂപങ്ങളിൽ ഒരെണ്ണം കാണാനില്ല.
അപ്പന്റൊരു കാര്യം! പെട്ടി അമർത്തിയടക്കുമ്പോൾ അച്ചന്റെ ചുണ്ടിൽ പൈതൽച്ചിരിയുണർന്നു. ആ ദിവസം അങ്ങനെയങ്ങു കടന്നുപോയി. പിറ്റേന്ന് മുതൽ വീടുകൾ വെഞ്ചിരിക്കാൻ ഇറങ്ങി. ദിവസേന പത്തു വീടെന്ന കണക്കിൽ അമ്പതു വീടുകളിൽ ആനാംവെള്ളം തളിച്ച് വിശുദ്ധമാക്കി. അവസാനത്തെ വീടാകട്ടെ പിടികൊടുക്കാതെ മാറിനിന്നു.
ഏദൻ വില്ല!
നീളന്‍പുല്ലുകളും കുറ്റിച്ചെടികളും തോന്നിവാസികളായ വന്‍മരങ്ങളുമുള്ള വലിയ പറമ്പ്. അതിന്റെ നടുക്ക്, നരബാധിച്ച കൂറ്റന്‍ ചുമരുകളും വലിയ ജാലകങ്ങളുമുള്ള ഒറ്റനില വീട്. അവിടെ താമസിക്കുന്ന വൃദ്ധദമ്പതികളെക്കുറിച്ച് നാട്ടുകാർക്കും കാര്യമായ അറിവില്ല. അവർ അങ്ങനെ പുറത്തേക്കൊന്നും ഇറങ്ങാറില്ല. ആരോടും മിണ്ടാറില്ല. കൂട്ടായ്മകളിൽ പങ്കെടുക്കാറില്ല. ആഘോഷങ്ങളെല്ലാം വറ്റിപ്പോയ, അടിമുടി ദുരൂഹത പേറുന്ന രണ്ടു ജീവിതങ്ങൾ. അവരെ വിട്ടേക്ക് അച്ചോ... പലരും ഉപദേശിച്ചു.
പക്ഷേ, കൂട്ടംതെറ്റിപ്പോയ കുഞ്ഞാടിനെ അന്വേഷിച്ചു കണ്ടെത്തിയ നല്ലിടയന്റെ ആവർത്തനമെന്നോണം റോബർട്ടച്ചൻ എല്ലാ പ്രഭാതത്തിലും ഏദൻ വില്ലയിൽ കയറിയിറങ്ങി; കമാനാകൃതിയിലുള്ള ബോഗൻവില്ലയിൽ തൂങ്ങിക്കിടക്കുന്ന ഓട്ടുമണി മുഴക്കിയും ദൈവനാമത്തിൽ അപേക്ഷിച്ചും പരാജിതനായി.
പതിവുപോലെ ഇന്നും ഏദൻ വില്ലയുടെ കോട്ടവാതിലിനു മുന്നിൽ ഏറെനേരം ഏകനായിനിന്നു. നിരാശയോടെ മടങ്ങിപ്പോകാൻ തുടങ്ങുമ്പോഴാണ് വാതിൽപാളികൾ ഞെരിയുന്ന ശബ്ദം കേട്ടത്. പ്രതീക്ഷയോടെ തിരിഞ്ഞുനോക്കി. സുന്ദരിയായ ഒരു വൃദ്ധയുടെ തലവെട്ടം കണ്ടു. എന്തെങ്കിലും ചോദിക്കാനോ പറയാനോ ഉള്ള സാവകാശം നൽകാതെ അവർ വാതിൽ കൊട്ടിയടച്ചു.
മുട്ടുവിൻ തുറക്കപ്പെടും എന്ന ദൈവവചനം മനസ്സിലുരുവിട്ട് കുന്നുകയറുകയായിരുന്നു, അച്ചൻ. പതിവിനു വിപരീതമായി വല്ലാത്തൊരു ക്ഷീണം അനുഭവപ്പെട്ടു. മൂന്നു സ്ഥലത്തു കിതപ്പോടെ നിന്നുപോവുകയും നാലാംസ്ഥലത്തെ ദേവദാരുവിന്റെ ചോട്ടിൽ തീർത്തും അവശനായി വീണുപോവുകയുമായിരുന്നു…
കണ്ണു തുറക്കുമ്പോൾ സങ്കീർത്തിയിലെ ചാരുകസേരയുടെ അരികിൽ ഒരു പെൺകുട്ടി കാവലിരിക്കുന്നു. ആയാസപ്പെട്ട് എഴുന്നേൽക്കാൻ ശ്രമിക്കുന്ന അച്ചനെ അവൾ സ്നേഹപൂർവം തടഞ്ഞു. നാവു തൊണ്ടയിലേക്ക് ഒട്ടിപ്പോയതുകൊണ്ട് അച്ചന്റെ കണ്ണുകളാണ് തുടർന്നു സംസാരിച്ചത്. അതുപ്രകാരം കുടിക്കാനുള്ള വെള്ളം എടുത്തുകൊടുക്കവേ അവൾ സ്വയം പരിചയപ്പെടുത്തി. പേര്, വെറോനിക്ക. കുന്നുകോട്ടയുടെ മറുകരയിലാണ് വീട്.
അവൾ വളർത്തുന്ന പശുക്കളായിരുന്നു കുന്നിൻചരുവിൽ മദിച്ചുനടന്നിരുന്നത്. കൂട്ടത്തിലൊന്നു മുടന്തുന്നതു കണ്ടാണ് അങ്ങോട്ടേക്കു ഓടിപ്പാഞ്ഞെത്തിയത്. ആകാശം പുൽമേട്ടിലേക്കു ചാഞ്ഞുമയങ്ങുകയായിരുന്നു. മുടന്തിപ്പശുവിന്റെ താട തലോടി കുന്തുകാലിലിരിക്കുമ്പോഴാണ് കണ്ടത്, ദേവദാരുവിന്റെ ചില്ലകളെ ഞെരിച്ചുകൊണ്ട് ആരോ ഒരാള്‍ വീഴുന്നത്…
റോബർട്ടച്ചൻ നെഞ്ചില്‍ കൈവെച്ച് നന്ദി പറഞ്ഞു. തികഞ്ഞ അഭിമാനത്തോടെ വെറോനിക്ക അതു സ്വീകരിക്കുകയും അച്ചനെ വിശ്രമിക്കാൻ അനുവദിച്ച് കുശിനിയിൽ കയറി ചോറും കറിയും ഉണ്ടാക്കിക്കൊടുകയുംചെയ്തു. കൂടെ കഴിക്കാൻ എത്ര നിർബന്ധിച്ചിട്ടും അവൾ കൂട്ടാക്കിയില്ല. പശുക്കളുടെ കാര്യം കഴിഞ്ഞുകാണാമെന്നു വാക്കുകൊടുത്ത് കുന്നിറങ്ങിപ്പോയി.
ഉച്ചമയക്കം കഴിഞ്ഞു എഴുന്നേറ്റപ്പോഴും അച്ചൻ വെറോനിക്കയെക്കുറിച്ച് ആലോചിച്ചു. നരുന്തുപോലത്തെ പെണ്ണ്. ഒറ്റക്ക്, തന്നെ ചുമന്ന് പള്ളിമേടയിലെത്തിച്ചിരിക്കുന്നു. സാമാന്യബുദ്ധിക്കു വിശ്വസിക്കാൻ കഴിയുന്നില്ല. ഉണർവിനും ഉറക്കത്തിനുമിടയിലുള്ള മയക്കത്തിലാണ് തിരിമറി നടന്നിരിക്കുന്നത്.
അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധന്റെ നാമധേയത്തിൽ അറിയപ്പെട്ടിരുന്ന അപ്പന്റെ ദിവ്യമുഖമാണ് പെട്ടെന്ന് ഓർമവന്നത്. ഓടിച്ചെന്ന് ട്രങ്കുപെട്ടി തുറന്നുനോക്കി.
ഭാഗ്യം! ബാക്കിയായ രണ്ടു രൂപങ്ങളും അവിടെത്തന്നെയുണ്ട്. അതിന്റെ അരികിലായി വട്ടത്തൊപ്പിയും മാന്ത്രികദണ്ഡും. കൈയുറയും കാൽച്ചട്ടയും ഏറക്കുറെ ദ്രവിച്ചുകഴിഞ്ഞു.
പഴക്കമേറുന്തോറും തിളക്കമേറുന്ന ഓർമകളെപ്രതി ദീർഘനിശ്വാസമെടുത്ത് അച്ചൻ വരാന്തയിലേക്കു കടന്നുനിന്നു. തണലും വെയിലും ഒളിച്ചുകളിക്കുന്ന മറുകരയിലെ പുല്ലുവഴിയിലൂടെ നടന്നുവരുന്ന വെറോനിക്കയെ കണ്ടപ്പോൾ അച്ചന്റെ നുണക്കുഴികൾ തെളിഞ്ഞു. കാറ്റാടികൾക്കൊപ്പം അവളും കൈവീശി കാണിച്ചു. ചൂരൽകെട്ടിയ ടീപ്പോയിക്ക് അപ്പുറമിപ്പുറമായി റോബർട്ടച്ചനും വെറോനിക്കയും വരാന്തയിൽ ഇരിപ്പുറപ്പിച്ച നേരം വെയിൽ പതിയെ പിൻവാങ്ങി… തണുത്ത കാറ്റും ഇണപ്രാവുകളും അവിടവിടെ പമ്മിനിന്നു…
പതിവില്ലാതെ മഴ വന്നു…
അച്ചന് സമ്മാനിക്കാൻ കൊണ്ടുവന്ന കാപ്പിക്കുരുവിന്റെ സവിശേഷതകളെപ്പറ്റി പറയുകയായിരുന്നു, വെറോനിക്ക. അച്ചന്റെ മനസ്സാകട്ടെ ഏദൻവില്ലയിലും.
‘‘അവർ തന്നുവിട്ടതാണ്.’’ വെറോനിക്ക പറഞ്ഞു.
‘‘ആര്?’’ അച്ചൻ ആകാംക്ഷയോടെ അവളെ നോക്കി.
‘‘ഏദൻ വില്ലയിലെ വൃദ്ധദമ്പതികൾ.’’
‘‘ഓഹ്! ജീസസ്.’’
വലതുകൈ ഇടനെഞ്ചിലേക്കു ചേര്‍ത്ത്, വെറോനിക്കയോട് അനുവാദം ചോദിച്ച് കുരിശുമണി കൊട്ടാൻ പോയ അച്ചൻ കുശിനിയിൽ കയറി ഒരിറക്ക് കരിങ്ങാലിവെള്ളം കുടിച്ചതിനുശേഷമാണ് മടങ്ങിയെത്തിയത്. കുന്നുകോട്ടയുടെ കാതുകളിലപ്പോഴും ഓട്ടുമണിയുടെ മുഴക്കം വറ്റിയിട്ടില്ലായിരുന്നു…
‘‘അവരുമായിട്ടെങ്ങനെ?’’ അച്ചൻ ചോദിച്ചു.
‘‘കുറച്ചുകാലം അവർ മറുകരക്ക് അപ്പുറത്തുള്ള ഒരു തുരുത്തിൽ താമസിച്ചിരുന്നു.’’ വെറോനിക്ക ആ ബന്ധം ഓർത്തെടുത്തു.
അന്ന് ഇത്രക്കൊന്നും മൂടിക്കെട്ടിയിട്ടില്ല. ഒരിക്കെ, പശുക്കൾക്കുള്ള പുല്ല് തേടി തുരുത്തുകൾക്കിടയിലൂടെ കൊട്ടവഞ്ചി തുഴയുകയായിരുന്നു. മുന്നോട്ടു മുന്നോട്ടു പോകുന്തോറും ഇരുട്ട് പിന്നാലെ പമ്മിവരുന്നത് അറിഞ്ഞതേയില്ല. ആവശ്യത്തിൽ കൂടുതൽ പുല്ല് കിട്ടിയിട്ടും മടങ്ങിപ്പോകാൻ കൂട്ടാക്കാഞ്ഞത് അബദ്ധമായി. ചുഴിയിലകപ്പെട്ട് കൊട്ടവഞ്ചിയൊന്നു താളംതുള്ളി. പുല്ലുകെട്ടുകൾ തകിടംമറിഞ്ഞു. തുഴ, കൈയിൽനിന്നും ഊർന്നുപോയി. ഉച്ചത്തിൽ നിലവിളിച്ചെങ്കിലും ചുറ്റുവട്ടത്തൊന്നും ആരുമില്ലായിരുന്നു. വഞ്ചി അതിന്റെ ഇഷ്ടത്തിന് ഒഴുകി. കുളക്കോഴികളും താറാക്കൂട്ടങ്ങളും പരക്കംപാഞ്ഞു. ചാറ്റൽമഴ വളർന്നു. കാറ്റ്, കലിതുള്ളി. ഒടുക്കം, വഞ്ചി, മലക്കംമറിഞ്ഞു.
അടിത്തട്ടിൽ മുട്ടുകുത്തി, ശ്വാസമെടുത്ത്, മുകളിലേക്ക് പൊന്തിവന്നെങ്കിലും അടിയൊഴുക്കിൽ പിന്നെയും നിലതെറ്റി. വീണ്ടും മുങ്ങിത്താഴ്ന്നു. ഹൃദയത്തിൽ ജലഭാരം നിറഞ്ഞു. കണ്ണുകളും കാതുകളും അടഞ്ഞു. പതിയെപ്പതിയെ നീണ്ടനിദ്രയിലേക്ക് ചുരുണ്ടുകൂടി…
ജീവിതത്തിലേക്കോ മരണത്തിലേക്കോ എന്നറിയാതെ കണ്ണുതുറക്കുമ്പോൾ അരികിൽ, നനഞ്ഞൊട്ടിയ ഒരു പട്ടിക്കുട്ടിയുണ്ടായിരുന്നു.
അന്നാണ് ആദ്യമായി അവരെ കാണുന്നത്. ആ വൃദ്ധദമ്പതികളെ.
ഒരുമിച്ച് ഒരു വീട്ടിലാണ് കഴിയുന്നതെങ്കിലും മനസ്സുകൊണ്ട് അവർ പണ്ടേ അകന്നുകഴിയുന്നവരാണെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലായി. അങ്ങനെയല്ലെന്നു മറച്ചുപിടിക്കാനുള്ള ശ്രമങ്ങളോ പെരുമാറ്റത്തിലെ നാട്യങ്ങളോ അവരുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നുമില്ല.
ഒരാഴ്ച കഴിഞ്ഞ് വീണ്ടും അതുവഴി പോയി. കൈയിൽ ഒരു ഭരണിനിറയെ വെണ്ണ കരുതിയിരുന്നു.
നീലാകാശത്തിനു കീഴെ വിരിച്ചിട്ട പച്ചപ്പരവതാനിയിൽ പന്തു തട്ടിക്കളിച്ചുകൊണ്ടിരുന്ന പട്ടിക്കുട്ടിക്കൊപ്പം ആ സ്ത്രീയുമുണ്ടായിരുന്നു. വെണ്ണ കൈമാറുമ്പോൾ അവർ ചിരിക്കാൻ ശ്രമിച്ചു. എത്രയോ കാലമായി ഉള്ളുകൊണ്ട് വേവുന്ന ഒരാളുടെ വരണ്ട ചിരിയായി അതുമാറി. പൊടുന്നനെ നീലാകാശം ഇരുണ്ടുകൂടി. ശക്തമായ ഇടികുടുക്കങ്ങൾക്കു പിറകെ കാറ്റിന്റെ ഭ്രാന്ത്…
കാപ്പിക്കുരു ഉള്ളംകൈയിലിട്ട് തിരുമ്മി പൊടിക്കുന്നതിന്റെ മണം വീടാകെ നിറഞ്ഞു. പതിഞ്ഞ ശബ്ദത്തിൽ ആരോ പാടുന്നു, മരണത്തെക്കുറിച്ച്. അവനുണ്ടായിരുന്നെങ്കിൽ… ആ സ്ത്രീ വിതുമ്പി. ചുളിവുകൾ നിറഞ്ഞ കവിളുകൾ വിറച്ചു. പെയ്തൊഴിയാന്‍ വെമ്പുന്ന മാനംകണക്കെ അവര്‍ വീര്‍പ്പുമുട്ടി. ഞങ്ങളുടെ ഒരേയൊരു മകൻ. ഈസ. കാപ്പിക്കപ്പ് കൈമാറുമ്പോൾ അവർ പറഞ്ഞു.
ആറുവയസ്സുള്ളപ്പോഴാണ് അവനെ ഞങ്ങൾക്ക് നഷ്ടമായത്. കാർണിവൽ നഗരിയിൽവെച്ച്. ജനസാഗരത്തിനിടയിലെവിടെയോ അവനെ കൈവിട്ടുകളഞ്ഞു. നാശം. എന്നത്തേയുംപോലെ അവന്റെ അപ്പേടെ മാത്രം അശ്രദ്ധ. അതിനുശേഷം ഞങ്ങൾ തമ്മിൽ മിണ്ടിയിട്ടില്ല. ജീവിതത്തിലെ ആനന്ദങ്ങളും ആഘോഷങ്ങളും ഒന്നൊന്നായി വറ്റിപ്പോയ ഇരുപത്തിയേഴു വർഷങ്ങൾ…
മഴ തോർന്നിരുന്നു…
‘‘ഞാൻ പോണച്ചോ… നേരം പോയത് അറിഞ്ഞില്ല.’’ വെറോനിക്ക, മൂട്ടിൽ പറ്റിയ ഈർപ്പം തട്ടിക്കുടഞ്ഞ് എഴുന്നേറ്റു. മരബെഞ്ചിലേക്കു തെറിച്ചുവീണ വെള്ളത്തുള്ളിയിൽനിന്നും ഇരുണ്ടൊരു തുരുത്ത് രൂപപ്പെട്ടുവരുന്നത് കണ്ട് അച്ചൻ താളത്തിൽ തലയാട്ടി.
“എന്റെ മാതാവേ, ഈ രാത്രിയൊന്നു കടന്നുകിട്ടിയിരുന്നെങ്കിൽ.” അത്താഴത്തിനു മുമ്പായി അച്ചൻ വ്യാകുലമാതാവിന്റെ മുമ്പിൽ മുട്ടുകുത്തി പ്രാർഥിച്ചു. അന്തിക്കൂട്ടിനു ശിമയോനെ വിട്ടുതരാമോയെന്നു അപ്പനോടു യാചിച്ചു; ശേഷിക്കുന്ന രണ്ടു കുന്തിരിക്ക രൂപങ്ങളെപ്രതി മനസ്സുരുക്കി.
നേരം വെളുത്തിട്ടും അന്തരീക്ഷം മൂടിക്കെട്ടിനിന്നു. പതിവുപോലെ ശൂന്യതയിലേക്കുനോക്കി അച്ചന് കുർബാന ചൊല്ലിത്തീർത്തു. മഴയൊഴിയാൻ കാത്തുനിൽക്കാതെ മഴക്കോട്ടും തൊപ്പിയും ധരിച്ച് കുന്നിറങ്ങി.
പുതുമഴയിൽ പുതുക്കപ്പെട്ട മരങ്ങള്‍ക്കൊപ്പം ഏദന്വില്ലയും തെളിഞ്ഞുനിന്നു. ജലഭാരത്താല് കൂമ്പിനിൽക്കുന്ന ബോഗൻവില്ലയുടെ ചോട്ടിലേക്കു കടന്നുനിന്ന്, ധ്യാനാത്മകമായ വിശുദ്ധിയോടെ ഓട്ടുമണിയിൽ തൊട്ടു.
ജലമർമരങ്ങൾക്കൊപ്പം മണിമുഴക്കം...
കുന്നുകോട്ടയിൽ എത്തിയതിനുശേഷം പരിശുദ്ധ കുർബാനക്കൊപ്പം മുടങ്ങാതെ ചെയ്യുന്ന ഒരേയൊരു കർമം. അത്തരം ആവർത്തനങ്ങളെ ഏറ്റവും നിർമലമായിത്തന്നെ കണ്ടിരുന്നതുകൊണ്ട് നിരാശ കൂടുകെട്ടാത്ത മനസ്സോടെ പിന്തിരിഞ്ഞുനടന്നു.
നാലുചുവട് വെച്ചതും, ഒരുപറ്റം ദേശാടനക്കിളികള്‍ ആകാശംമുറിച്ചുവന്ന് ഏദന്വില്ലയിലെ മരങ്ങളിലേക്കു പൂത്തിറങ്ങി. ആ കാഴ്ചയില്‍ മയങ്ങിനിൽക്കവേ ഒട്ടും പ്രതീക്ഷിക്കാതെ ഏദൻവില്ലയുടെ കിളിവാതിലുകളിലൊന്ന് തുറക്കപ്പെട്ടു.
‘‘അകത്തേക്കു വരൂ…’’ വാത്സല്യത്തോടെ വൃദ്ധൻ ചുണ്ടനക്കി. കോട്ടും തൊപ്പിയും വരാന്തയിലുപേക്ഷിച്ച് അച്ചൻ അകത്തേക്കുള്ള വാതിൽ തിരഞ്ഞു.
‘‘ഇതിലേ…’’ ഇത്തവണ, വൃദ്ധയുടെ അലിവുള്ള ശബ്ദം. അവരെ പിന്തുടർന്ന്, നടുമുറി കടന്ന്, ഒന്നുരണ്ടു ഇടനാഴികൾ പിന്നിട്ട്, ഏകാന്തതയുടെ അങ്ങേയറ്റമെന്നൊക്കെ പറയാവുന്ന ഒരു കുടുസ്സുമുറിയിൽ എത്തിച്ചേർന്നു.
‘‘വന്ന കാര്യം പറഞ്ഞിട്ട് വേഗം പൊയ്ക്കോളൂ…’’ ജനാലയോടു ചേർന്നുള്ള ചാരുപടിയിലിരുന്ന് വൃദ്ധൻ സൗമ്യമായി പറഞ്ഞു.
‘‘ഏറെ പറയാനുണ്ടായിരുന്നു. പക്ഷേ, ഇപ്പോൾ ഒന്നേ പറയാൻ തോന്നുന്നുള്ളൂ. ഞാൻ നിങ്ങളുടെ മകൻ ഈസയാണ്.’’ വാൾമുനയുടെ തിളക്കം ഓർമിപ്പിക്കുന്ന ഒരു മിന്നൽ കിളിവാതിൽ പഴുതിലൂടെ കടന്നുവന്നു.
‘‘അച്ചന്റെ നല്ലമനസ്സിനു നന്ദി.’’ യാതൊരു ഞെട്ടലും കൂടാതെ വൃദ്ധ പറഞ്ഞു.
‘‘സത്യമായിട്ടും ഞാൻ നിങ്ങളുടെ മകനാണ്.’’ അച്ചൻ ആണയിട്ടു. വാലുമുറിഞ്ഞ ഒരു പല്ലി ജനാലപ്പാളികൾക്കിടയിലൂടെ കടന്നുപോയി. വൃദ്ധന്റെ നോട്ടം അതിനെ പിന്തുടർന്നു. വൃദ്ധയാകട്ടെ, കുനിഞ്ഞിരുന്ന് കാൽനഖം വെട്ടുന്ന തിരക്കിലും.
‘‘എനിക്കെല്ലാം ഓർമയുണ്ട്’’, അച്ചൻ തുടർന്നു: ‘‘കാശുരൂപങ്ങൾ വിൽക്കുന്ന കടയുടെ മുന്നിൽ നിൽക്കുകയായിരുന്നു നമ്മൾ. എന്തൊരു തിരക്കായിരുന്നു. തിരവന്നു മറയുന്നതുപോലായിരുന്നു ആളുകളുടെ വരവും പോക്കും.
നോക്കിനിൽക്കേ അപ്പേടെ വിരൽത്തുമ്പിൽനിന്നും ഞാൻ ഊർന്നുപോയി.
ചിറകുകളിൽ മഴവില്ല് ഒളിപ്പിച്ച ഒരു പ്രാവായിരുന്നു എല്ലാത്തിനും കാരണം. കാർണിവൽ കവാടംതൊട്ട് അത് നമ്മുടെ പിറകെയുണ്ടായിരുന്നു. പക്ഷേ, ഞാൻ മാത്രമേ കണ്ടിരുന്നുള്ളൂ.
എന്നെ നിങ്ങളിൽനിന്നും അകറ്റുക എന്ന ഉദ്ദേശ്യത്തോടെ, സാന്താക്ലോസിന്റെ അരികിലായി ഉയർത്തിക്കെട്ടിയ സ്റ്റേജിലേക്ക് പ്രാവ് പറന്നിറങ്ങി. അവിടെ അതിന്റെ നാഥനുണ്ടായിരുന്നു. അയാളുടെ തൊപ്പിയുടെയുള്ളിലൂടെ പ്രാവ് അപ്രത്യക്ഷമായി. കാഴ്ചക്കാർ കൈയടിച്ചു. അടുത്തത് ഈ ബാലനെയാണ്. അയാൾ എന്നെ തിരഞ്ഞെടുത്തുകൊണ്ട് പറഞ്ഞു. ആളുകൾ അപ്പോഴും കൈയടിച്ചു.
സ്റ്റേജിന്റെ ഒത്തനടുക്ക്, വീഞ്ഞപ്പലകൊണ്ട് നിർമിച്ച ഒരു പെട്ടി സ്ഥാപിച്ചിട്ടുണ്ടായിരുന്നു. ഞാൻ അതിന്റെ ഉള്ളിലേക്ക് കയറിയിരുന്നു. അയാൾ പുറത്തുനിന്നും വാതിലടച്ചു കുറ്റിയിടുകയും എന്തൊക്കയോ മന്ത്രങ്ങൾ ചൊല്ലിയതിനുശേഷം വാതിൽ തുറക്കുകയും ചെയ്തു. ആളുകൾ ആർത്ത് കൈയടിച്ചു. എന്നെ തിരഞ്ഞുനടന്ന നിങ്ങളും ആ കൂട്ടത്തിലുണ്ടായിരുന്നു. എനിക്ക് എല്ലാവരെയും കാണാമായിരുന്നു. പക്ഷേ, ആർക്കും എന്നെ കാണാൻ സാധിച്ചില്ല.
കൺകെട്ട് തുടർന്നു. ഇടങ്ങൾ മാറിക്കൊണ്ടിരുന്നു. ഗ്രാമങ്ങളിലൂടെ, മഹാനഗരങ്ങളിലൂടെ ഒരേ അലച്ചിൽ. ആൾക്കൂട്ടങ്ങളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന കളിലഹരിയിൽ സ്വയം മറന്നുള്ള പാച്ചിൽ. ഇതാ, ഇവിടെ വരെ.’’
ചലനമറ്റ നാലു കണ്ണുകളിൽ ആറു വയസ്സുകാരൻ ഓടിക്കളിക്കുന്നത് അച്ചൻ കണ്ടു.
‘‘പക്ഷേ…’’ കണ്ണുകൾ തുടരെ തുടരെ ചിമ്മിക്കൊണ്ട് വൃദ്ധന് പറഞ്ഞു: ‘‘എന്തൊക്കെ പറഞ്ഞാലും നിനക്ക് ഞങ്ങളുടെ ആറുവയസ്സുകാരൻ ഈസയാകാന് കഴിയില്ലല്ലോ.’’
‘‘മോന്റെ നല്ലമനസ്സിനു നന്ദി.’’ മഴയൊഴിഞ്ഞ ആകാശത്തിലേക്കു നോക്കി വൃദ്ധ പൂരിപ്പിച്ചു: “ഞങ്ങളുടെ ചെറുപ്പമാകട്ടെ ഇനി തിരിച്ചുകിട്ടാനും പോകുന്നില്ല.”
മറുപടിയായി അച്ചൻ ചിരിച്ചു. ആറു വയസ്സുകാരന്റെ നിഷ്കളങ്കത നിറഞ്ഞുതുളുമ്പുന്ന ചിരി.
ബോണ്‍ നത്താലെ
കുന്നുകോട്ടയുടെ നെറുകയിൽ പൂർണചന്ദ്രൻ അലങ്കാരമായുദിച്ച സന്ധ്യയിലാണ് കാര്‍ണിവലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായത്.
“ഇതുകൊണ്ടൊക്കെ എന്തെങ്കിലും മാറ്റമുണ്ടാകുമെന്നു തോന്നുന്നുണ്ടോ?” വെറോനിക്ക ചോദിച്ചു.
“ഓരോരോ ശ്രമങ്ങളല്ലേ...” അച്ചന് നിര്‍വികാരനായി പറഞ്ഞു.
‘‘അച്ചനിതെന്തിന്റെ കേടാണ്. സഭയ്ക്കു ചീത്തപ്പേരു കേൾപ്പിക്കാനായിട്ട്.’’ അരമനയിൽനിന്നും, ചുറ്റിക്കെട്ടുള്ള കുരിശുമുദ്രകൾ പതിപ്പിച്ച നിരവധി ചോദ്യങ്ങളുയർന്നു.
‘‘ആഘോഷങ്ങളിലൂടെ ആളുകളെ ദൈവത്തിലേക്ക് അടുപ്പിക്കാനുള്ള ശ്രമങ്ങളാണ് പിതാവേ.’’ വിനയത്തോടെ അച്ചൻ അറിയിച്ചു. അതു സത്യമായി ഭവിച്ചു. മുതിർന്നവരും കുട്ടികളും ഒരുപോലെ കാർണിവൽ നഗരിയിലേക്ക് ആകർഷിക്കപ്പെട്ടു. കുന്നുകോട്ടയെ സംബന്ധിച്ചിടത്തോളം ഇത്തരമൊരാഘോഷം ആദ്യമായിട്ടായിരുന്നു.
‘‘എന്തൊരു തിരക്കാണല്ലേ. ഇത്രേം മനുഷ്യർ ഈ നാട്ടിലുണ്ടായിരുന്നോ!’’ കാർണിവൽ നഗരിയുടെ പ്രവേശനകവാടത്തിൽവെച്ച് വെറോനിക്ക അത്ഭുതപ്പെട്ടു.
‘‘ഈ തിക്കിലും തിരക്കിലും ആളുകളെത്ര ഫ്രീയാണെന്ന് നോക്കൂ. അവർ ഈ നിമിഷം എല്ലാം മറന്ന് ജീവിതം ആഘോഷിക്കുകയാണ്’’, അച്ചൻ പറഞ്ഞു.
‘‘അപ്പനും അമ്മേം ഒഴിച്ച് എന്തും വാങ്ങാൻകിട്ടുമെന്ന് ആരോ പറയുന്നതു കേട്ടു.’’ വെറോനിക്ക ചിരിച്ചു. മൗനത്തോടെ ആ ചിരിയിൽ പങ്കുചേരുമ്പോഴും അച്ചന്റെ ഉള്ളം നൊന്തു. ആർക്കുവേണ്ടിയാണോ ഇതെല്ലാം ഒരുക്കിയത് അവർ മാത്രം ഇനിയും എത്തിയിട്ടില്ല. പക്ഷേ, അച്ചന് പ്രതീക്ഷ കൈവിടാതെ കാത്തിരുന്നു.
അങ്ങനെ കാര്‍ണിവലിന്റെ സമാപനദിവസമെത്തിച്ചേര്ന്നു. പകല്‍സമയം മുഴുവന്‍ സങ്കീര്‍ത്തിയില്‍ കഴിച്ചുകൂട്ടിയ അച്ചന്, വെയില് ചാഞ്ഞപ്പോള്‍ തന്റെ തിരുവസ്ത്രം ഉരിഞ്ഞുകളഞ്ഞ്, നഗ്നനായി നിലകണ്ണാടിയുടെ മുന്നില്‍ ചെന്നുനിന്നു. രോമാവൃതമായ ശരീരത്തിന്റെയുള്ളില്‍ ആറുവയസ്സുകാരന്റെ ആത്മാവ് വീര്‍പ്പുമുട്ടുന്നത് കണ്ണാടിയിൽ തെളിഞ്ഞു. ഉടനെത്തനെ മുറിയില്‍ച്ചെന്ന് അപ്പന്റെ ട്രങ്കുപെട്ടിയെടുത്തു. മായാജാലക്കാരനായി വേഷം മാറിയ അച്ചന്, പെട്ടിയില്‍ അവശേഷിച്ച കുന്തിരിക്കരൂപങ്ങളെ പട്ടുതുണിയില്‍ പൊതിഞ്ഞ് അള്ത്താരയില്കൊണ്ടുെവച്ചു.
ആകാശം താരകങ്ങളാല്‍ സമ്പന്നമായ സന്ധ്യ വിരിഞ്ഞു. കാര്‍ണിവലിന്റെ സമാപനറാലി കുന്നുകോട്ടയെ ചുവപ്പണിയിച്ച്, കുളിരണിയിച്ച് മന്ദം മന്ദം നീങ്ങിക്കൊണ്ടിരുന്നു. നക്ഷത്രവിളക്കേന്തിയ കുട്ടികള്‍ക്കൊപ്പം റോബര്ട്ടച്ചന് മുമ്പില്നടന്നു. പിറകേ അനേകായിരം സാന്താക്ലോസുകള്‍, മാലാഖമാര്‍, ബാൻഡുമേളക്കാര്‍, തെരുവുകച്ചവടക്കാര്‍...
ആഘോഷതിമിര്‍പ്പുകളോടെ റാലി ഏദന്വില്ലയെ പൊതിഞ്ഞു.
“ബെത്ലഹേമേ ഉണരുകാ...” അച്ചന് പറഞ്ഞു.
കാര്‍ണിവല്‍ നഗരിയില്‍ സമാപിക്കേണ്ട റാലിയെ എന്തിനാണ് ഏദന്‍ വില്ലയിലേക്കു വഴിതിരിച്ചുവിട്ടതെന്ന് ആളുകള്‍ ഒരുനിമിഷം സംശയിച്ചു.
“ബെത്ലഹേമേ... എന്റെ ഭവനമേ ഉണരുകാ...” മഞ്ഞുഭാരം ചുമക്കുന്ന ബോഗന്‍വില്ലയിലെ ഓട്ടുമണി തുടരത്തുടരെ മുഴക്കിക്കൊണ്ട് അച്ചന് ആഹ്വാനംചെയ്തു. നിഷ്കളങ്കരായ കുട്ടികള്‍ അതേറ്റുപാടി. ആ നിമിഷം ഏദന്‍ വില്ലയുടെ വാതില്‍ മലര്‍ക്കെ തുറക്കപ്പെട്ടു. ആകാംക്ഷമുറ്റിയ നാലു കണ്ണുകള്‍ ജനസാഗരത്തെക്കണ്ട് ഒരേസമയം അത്ഭുതപ്പെടുകയും ഭയപ്പെടുകയുംചെയ്തു.
ബാൻഡുമേളവും ആർപ്പുവിളികളും നൃത്തച്ചുവടുകളും മുറുകി. കുന്നിൻപുറങ്ങളിൽ വർണമഴ പെയ്തിറങ്ങി. കാർണിവൽ നഗരിയിൽ ഉയർത്തിയ അടയാളക്കൊടിയുടെ കാറ്റ് ഏദന്‍ വില്ലയിലേക്കു ആഞ്ഞുവീശി. വൃദ്ധദമ്പതികളെ മറികടന്ന് റോബര്ട്ടച്ചന് അകമുറിയിലേക്കു പ്രവേശിച്ചു. ഏതാനും നിമിഷങ്ങള്‍ക്കുശേഷം ഒരു തൊട്ടില് പൊക്കിക്കൊണ്ട് മുറ്റത്തേക്കു തിരിച്ചുവരികയുംചെയ്തു. ആള്‍ക്കൂട്ടം അപ്പോള്‍ ശാന്തരായി. അച്ചന് തന്റെ കൈയിലെ മാന്ത്രികദണ്ഡുകൊണ്ട് വായുവില്‍ ഒരു വട്ടംവരച്ചു. എന്നിട്ട് തൊട്ടിലില്‍ ചുരുണ്ടുകൂടിക്കിടന്നു. ശേഷം എല്ലാവരും കണ്ണ് ചിമ്മിത്തുറന്നത് ഇരുപത്തിയേഴു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കാര്‍ണിവല്‍ പ്രഭാതത്തിലേക്കായിരുന്നു. ആ ദിവസത്തിന്റെ നിറം വിഷാദമായിരുന്നു. മണം പുളിപ്പില്ലാത്ത അപ്പത്തിന്റെയും...