മലമുകളിലേക്കുള്ള വഴികൾ (തെറ്റുന്നതും തെറ്റാത്തതും)
പല തവണ വഴി തെറ്റിത്തെറ്റി മഹേഷ് വണ്ടി കൊണ്ടുചെന്നു നിർത്തിയത് ഉരുണ്ടു താഴെവീഴാൻ വെമ്പിനിൽക്കുന്ന രണ്ടു ഭീമൻ പാറകൾക്കു ചുവട്ടിലാണ്. ഉണങ്ങിയ പുല്ലും എവിടെനിന്നോ പറന്നുവന്നു ചിതറിക്കിടക്കുന്ന കരിയിലകളും അവിടവിടെയായി മഞ്ഞച്ചു നിൽക്കുന്ന പൊന്തക്കാടുകളും മാത്രമുള്ള പ്രദേശം. മൂളി വീശുന്ന കാറ്റിൽ വീഴാതെ പിടിച്ചുനിൽക്കാൻ ആ പാറകൾ പെടാപ്പാടു പെടുന്നുണ്ടെന്ന് തോന്നും.
വണ്ടി നിന്നതും വാതിൽ വലിച്ചു തുറന്ന് പുറത്തിറങ്ങിയ സേവ്യർ ഡ്രൈവിങ് സീറ്റിൽനിന്ന് മഹേഷിനെ വലിച്ചു താഴെയിറക്കി. മേലാൽ ഈ സീറ്റിൽ കയറിയാൽ നിന്റെ കൈ ഞാൻ വെട്ടും, മനസ്സിലായോടാ...
സേവ്യർ, മുജീബ്, രാമൻകുട്ടി, മഹേഷ്. അതിരാവിലെ തുടങ്ങിയ യാത്രയാണ്.
മലയുടെ ചുറ്റും നീണ്ടുകിടക്കുന്ന പ്രധാനപാതയിൽനിന്നു തിരിയുന്ന ഏതോ ഒരു ചെറിയ വഴിയാണ് മലമുകളിലേക്കുള്ള പാത. ആ പാതയേതെന്ന് പക്ഷേ ആർക്കും തിട്ടമില്ല. ഓടിക്കൊണ്ടിരിക്കേ പെട്ടെന്നു കാണുന്ന ഏതെങ്കിലും ഇടവഴിയിലേക്ക് മഹേഷ് വണ്ടി തിരിക്കും.
ഇതാണോ വഴി എന്ന് ആരെങ്കിലും സംശയിക്കുകയേ വേണ്ടൂ, എന്നെയാരും വഴി പഠിപ്പിക്കാൻ വരല്ലേ എന്നവൻ ചീറും...
ഒരുതവണ വഴി തെറ്റിയെത്തിയത് നിറയെ മുളങ്കൂട്ടങ്ങൾ പടർന്നു പന്തലിച്ചുനിൽക്കുന്ന ഒരു കാടിനു നടുവിലാണ്. മുന്നോട്ടൊരു ചവിട്ടടിപ്പാത പോലുമില്ലാത്ത അവിടെ വണ്ടിനിർത്തി പുറത്തിറങ്ങി ഇടവും വലവും നോക്കി എന്തോ ആലോചിക്കുന്ന നാട്യത്തിൽ നിന്ന മഹേഷിനടുത്തേക്ക് വന്ന മുജീബിനെ നോക്കി അവൻ പറഞ്ഞു.
ഇതു തന്നെയായിരുന്നു വഴി. പണ്ട് ഞാനീ വഴി പോയിട്ടുള്ളതാണെന്നേ...
ആ വഴി പിന്നെവിടെപ്പോയി..?
രാമൻകുട്ടി നിഷ്കളങ്കമായി ചോദിച്ചു.
അതാ ഞാനും ആലോചിക്കുന്നത്.
അടുത്ത വഴിതെറ്റൽ അതിലും കേമമായിരുന്നു. ഏതോ മഴക്കാലത്ത് രൂപപ്പെട്ട് ഇപ്പോഴും ശേഷിക്കുന്ന ചാലുകളിലൂടെ ഓടുന്ന വണ്ടിയുടെ ചുവട്ടിൽനിന്ന് ഇടക്ക് ലോഹം കല്ലിലുരയുന്ന പല്ലു കോച്ചുന്ന ശബ്ദം കേൾക്കാം. ചാടിയും നിരങ്ങിയും എത്തിനിന്നത് അടുപ്പുകല്ലുകൾപോലെ ചേർന്നുനിൽക്കുന്ന കുറേ വീടുകളുടെ നടുവിൽ...
ഒറ്റ നോട്ടത്തിൽ ഒരു മനുഷ്യനെയും കണ്ടില്ല...
മരിച്ചു പോയവരുടെ കോളനിയായിരിക്കും.
രാമൻകുട്ടിക്ക് അങ്ങനെയാണ് തോന്നിയത്.
പക്ഷേ നിമിഷങ്ങൾക്കകം മുറുക്കിച്ചുവപ്പിച്ച ചുണ്ടുകളും വലിച്ചു വാരിയുടുത്ത പലവർണച്ചേലകളും പാതിമയങ്ങിയ കണ്ണുകളുമായി വീടുകളിൽനിന്ന് പുറത്തിറങ്ങി വന്ന പെണ്ണുങ്ങളുടെ കൂട്ടം കണ്ടതോടെ പേടിച്ചുപോയ മഹേഷ് വണ്ടി വട്ടം തിരിച്ച് വന്ന വഴി തിരികെ പാഞ്ഞു.
നമുക്കു തിരിച്ചുപോകാം... നമ്മളിതെത്ര കണ്ടിരിക്കുന്നു എന്ന നിസ്സംഗഭാവം അഭിനയിച്ച് മഹേഷ് പറഞ്ഞത് സേവ്യറിനെ കൂടുതൽ ക്ഷുഭിതനാക്കി.
ഇവിടിട്ട് വെട്ടിക്കൊല്ലണം നിന്നെ... അയാൾക്ക് കലി അടങ്ങുന്നതേയില്ല...
വണ്ടി നിന്നതിന്റെ നേരെ മുകളിലായി പാറകൾക്കു മേലെ നിന്ന് എത്തിനോക്കുന്ന രണ്ടു മനുഷ്യരെ അപ്പോഴാണ് മുജീബ് കണ്ടത്.
അവൻ ചൂണ്ടിയ വിരലിനോടൊപ്പം എല്ലാവരും മുകളിലേക്ക് നോക്കി.
സൂര്യാസ്തമനത്തിന്റെ ചുവന്ന വെളിച്ചത്തിൽ ആകാശത്തിനും ഭൂമിക്കുമിടയിലെ തൂണുകൾപോലെ രണ്ടുപേർ...
ആരാ... എന്താ അവിടെ ചെയ്യുന്നത്..?
അവർ ഉച്ചത്തിൽ വിളിച്ചു ചോദിച്ചു.
വഴിതെറ്റി വന്നതാ...
അവിടെത്തന്നെ നിൽക്ക്... ഞങ്ങൾ താഴേക്കു വരാം.
വീശിയടിക്കുന്ന കാറ്റിൽ വാക്കുകൾ പാറി വന്നു.
മറുപടിക്ക് കാക്കാതെ അവർ പാറകൾക്കു പിന്നിൽ മറഞ്ഞു.
നമുക്ക് സ്ഥലം വിട്ടാലോ..? മുജീബ് സേവ്യറച്ചായനോട് ചോദിച്ചു.
അല്ല, വരുന്നവർ ആരാന്നോ എന്താന്നോ അറിയാതെ...
പേടിയുണ്ടോ..? സേവ്യർ ചോദിച്ചത് എല്ലാവരോടുമായാണ്.
എനിക്കില്ല... എന്നും പറഞ്ഞ് മഹേഷ് അടുത്തു കണ്ട പൊന്തക്കു നേരെ തിരിഞ്ഞ് മൂത്രമൊഴിച്ചു.
പേടിക്കേണ്ടവരെ പേടിക്കുക തന്നെ വേണം. അറിയാത്ത ശത്രുവിനോട് ഏറ്റുമുട്ടുന്നതിനേക്കാൾ നല്ലത് പലായനം തന്നെയാണ്.
എന്നാലും അവരാരായിരിക്കാനാണ് സാധ്യത..? സേവ്യർ മുജീബിനോട് ചോദിച്ചു.
പല സാധ്യതകളുണ്ട്. അടുത്തെങ്ങും ഒരു മനുഷ്യജീവിയില്ലാത്ത കാട്ടുപ്രദേശം. ഒരുതരത്തിലും വണ്ടികൾക്കെത്തിപ്പറ്റാൻ കഴിയാത്ത സ്ഥലം. അതിനും പുറമേ എപ്പോഴും അവർ മുകളിലാണ് എന്ന ആനുകൂല്യം.
ഹയ്യോ... രാമൻകുട്ടിയുടെ ചങ്കിൽനിന്നാണ് ശബ്ദം.
സേവ്യർ അവനെ തറപ്പിച്ചു നോക്കി.
അച്ചായാ... അവര് വല്ല മാവോയിസ്റ്റുമാണെങ്കിലോ..?
ആയിക്കൂടായ്കയില്ല... വേറെന്തൊക്കെ സാധ്യതകളുണ്ട്..?
അയാൾ മുജീബിനെ നോക്കി.
മാർക്കറ്റിൽ പ്രതിസന്ധികളുണ്ടാവുമ്പോൾ കമ്പനിയും മുജീബിനെയാണ് നോക്കിയിരുന്നത്. ഒരാൾക്കും പ്രവചിക്കാൻ സാധിക്കാത്ത സാധ്യതകൾ അയാൾ കണ്ടെത്തും. സിറ്റ്വേഷൻ അനാലിസിസിൽ മുജീബിനെ വെല്ലാൻ ആരുമില്ലെന്നായിരുന്നല്ലോ സഹപ്രവർത്തകരുടെ ഇടയിലെ അഭിപ്രായം.
ഒരിക്കൽ പട്ടികൾക്കുള്ള ബിസ്കറ്റിന്റെ മാർക്കറ്റ് പെട്ടെന്ന് ഇടിയാൻ തുടങ്ങിയപ്പോൾ മുജീബ് നടത്തിയ രക്ഷാദൗത്യം കമ്പനിയുടെ വെബ്സൈറ്റിൽ പുതിയ ജീവനക്കാർക്ക് പഠിക്കാനുള്ള പാഠമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
മുജീബിന്റെ വിശകലനസംഘം കണ്ടെത്തിയ സാധ്യതകൾ അയാൾ മാനേജ്മെന്റിനു മുന്നിൽ അവതരിപ്പിച്ചു.
നമ്മുടേതിനു തുല്യമായ ഒരു ഉൽപന്നം വിപണിയിലുണ്ട്. അത് വിപണിയുടെ വലിയൊരു വിഹിതം പിടിച്ചെടുക്കുന്നു.
അതിനെതിരെ നമുക്കെന്തു ചെയ്യാനാവും? ചെയർമാൻ ചോദിച്ചു.
ഒന്നും ചെയ്യാനാവില്ല. ഏതുൽപ്പന്നം വിപണിയിലിറക്കാനും ആർക്കും അവകാശമുണ്ട്...
പിന്നെ നമ്മളെന്തു ചെയ്യും...
മുജീബ് വളരെ നാടകീയമായി പറഞ്ഞു.
പട്ടികളെ വളർത്തുന്ന എല്ലാവരും ഒപ്പം ഒരു പേടിയും വളർത്തുന്നുണ്ട്. റാബീസ് ഉണ്ടായേക്കുമോ എന്ന ഭീതി. നോക്കൂ. സർവേയിൽ പങ്കെടുത്ത നാലിൽ മൂന്നു പേർക്കും ഈ ഭീതിയുണ്ട്.
അതായത് സർ, അയാൾ ചെയർമാന്റെ അടുത്തെത്തി പറഞ്ഞു.
നമ്മൾ ഒരു മാസം ഉൽപാദനം നിർത്തിെവക്കുന്നു. ഇപ്പോൾ മാർക്കറ്റിലുള്ള നമ്മുടെ ഉൽപന്നം മുഴുവൻ തിരിച്ചെടുക്കുകയും വേണം.
എന്നിട്ട്...
ഇപ്പോൾ വിപണിയിലുള്ള ബിസ്കറ്റിന്റെ ഫോർമുലയിൽ ചില കുഴപ്പങ്ങളുണ്ടെന്നും നായ്ക്കളിലെ രോഗബാധക്ക് കാരണമതാണെന്നും നമ്മൾതന്നെ പറയും.
ഒരു പതിനഞ്ചു ദിവസം കഴിഞ്ഞ് പുതിയ കവറിൽ പഴയ ബിസ്കറ്റുതന്നെ നമ്മൾ വീണ്ടുമിറക്കുന്നു. നമ്മുടെ ബിസ്കറ്റിൽ റാബീസ് ഇല്ല എന്നൊരു വാചകം ചേർത്ത് ഒരു പുതിയ പരസ്യവും. അത്രേ വേണ്ടൂ...
മാനേജർക്ക് അതത്ര ബോധിച്ചില്ലെങ്കിലും എതിർത്തൊന്നും പറഞ്ഞില്ല. പക്ഷേ കടകളിൽനിന്ന് ബിസ്കറ്റ് തിരിച്ചെടുക്കാൻ തുടങ്ങിയതോടെ എതിരാളിയുടെ നേർക്കുണ്ടായ ജനരോഷം കണ്ടപ്പോൾ കമ്പനി മുജീബിന്റെ വിശകലനശേഷിയെ പ്രകീർത്തിക്കുകതന്നെ ചെയ്തു.
അതൊക്കെ ഒരു കാലം. പിരിച്ചുവിട്ടുകൊണ്ടുള്ള അറിയിപ്പിൽ കമ്പനി അതിനൊക്കെയുള്ള നന്ദി പ്രത്യേകം രേഖപ്പെടുത്തിയിരുന്നു. കമ്പനിയുടെ നിസ്സഹായാവസ്ഥയും എന്നെങ്കിലും ഒരു മുന്നേറ്റം കമ്പനിക്കുണ്ടായാൽ തീർച്ചയായും തിരികെ വരണം എന്ന അപേക്ഷയും.
മറ്റൊരു സാധ്യത അവരവിടെ എന്തെങ്കിലും കൃഷിചെയ്യുന്നുണ്ടാവാം എന്നതാണ്... മുജീബ് സേവ്യറിന്റെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.
കഞ്ചാവ്, ചന്ദനം..?
ഉരുളക്കിഴങ്ങ്, മഞ്ഞൾ, വേപ്പ്, ആടലോടകം, കുറുന്തോട്ടി...
മുജീബ് പാറയുടെ മുകളിലേക്കു തന്നെ സൂക്ഷിച്ച് നോക്കി.
കാഴ്ചയിൽ ഉണക്കപ്പുല്ലല്ലാതെ പച്ചപ്പിന്റെ ഒരു മിന്നായംപോലുമില്ല. അതുകൊണ്ടുതന്നെ കൃഷിയുണ്ടാവാനുള്ള സാധ്യത ഇല്ലാന്നുതന്നെ കൂട്ടാം.
പിന്നെ..?
മുജീബിന്റെ ഉത്തരത്തിന് മുമ്പേ മുകളിൽ കണ്ട രണ്ടു പേരും അവർക്കരികിലെത്തി. സേവ്യർ നിന്നതിന്റെ നേരെ പിന്നിലായുള്ള ആ ചവിട്ടുവഴി അതുവരെ ആരും കണ്ടില്ലല്ലോ എന്ന് മഹേഷ് താടിയിൽ വലതുകൈയുടെ ചൂണ്ടുവിരലൂന്നി ആശ്ചര്യപ്പെട്ടു.
മെലിഞ്ഞ രണ്ടു മനുഷ്യർ, ഒരാൾ പച്ചനിറത്തിൽ പൂക്കളുള്ള കൈലിമുണ്ടാണ് ഉടുത്തിട്ടുള്ളത്. അപരൻ കാവിമുണ്ട് മടക്കിക്കുത്തിയിരിക്കുന്നു. ആദ്യത്തെയാൾ ചുവന്ന നിറമുള്ള ഒരു തോർത്ത് തലേക്കെട്ടാക്കിയപ്പോൾ രണ്ടാമന്റെ കാവിനിറമുള്ള രണ്ടാം മുണ്ട് ചുമലിലിട്ടിരിക്കുകയാണ്. അയാളുടെ കഴുത്തിൽ കറുത്ത ചരടിൽ കോർത്ത ഒറ്റ രുദ്രാക്ഷമുണ്ട്.
നിങ്ങളവിടെ എന്തെടുക്കുകയായിരുന്നു? സേവ്യർ തന്റെ ശബ്ദം ഇത്തിരി കനത്തിലാക്കി ചോദിച്ചു.
ആദ്യം ആക്രമിക്കുന്നവനാണല്ലോ യുദ്ധത്തിൽ മേൽക്കൈ. വന്നവരിൽ കാവിയുടുത്തവൻ അച്ചായന്റെ ചുമലിൽ കൈ െവച്ചു.ഞങ്ങളെന്തു ചെയ്യുന്നു എന്നല്ലല്ലോ നിങ്ങളെന്തിനാണ് ഇവിടെ വന്നത് എന്നല്ലേ ആദ്യം പറയേണ്ടത്? ചുമലിൽ അമരുന്ന കൈകളുടെ ബലം സേവ്യറിന് താങ്ങാവുന്നതിലേറെയുണ്ടെന്ന് അയാളുടെ കവിളിന്റെയും നെറ്റിയുടെയും ചലനങ്ങളിൽനിന്ന് മുജീബിന് മനസ്സിലായി. ശരിക്കും ഞങ്ങളീ മലയുടെ മുകളിലേക്ക് പുറപ്പെട്ടതാണ്. സേവ്യർ ചുമലിലെ കൈ എടുത്തുമാറ്റി അൽപ്പം വിട്ടുനിന്നുകൊണ്ട് പറഞ്ഞു. പലവഴികൾ തെറ്റിത്തെറ്റി ഒടുവിൽ ഇവിടെയാണ് എത്തിച്ചേർന്നത്. മലമുകളിലേക്ക് പോകാൻ ഈ വഴി വരേണ്ട ഒരുകാര്യവുമില്ലല്ലോ... വന്നവർക്ക് സംശയം തീരുന്നില്ല. എല്ലാത്തിനും ഇവനൊരുത്തനാ കാരണം... സേവ്യർ തലകുനിച്ചുനിൽക്കുന്ന മഹേഷിനെ നോക്കി.. മുകളിലേക്കുള്ള വഴി ഞങ്ങൾ കാണിച്ചുതരാം. അയാൾ കൂട്ടുകാരനെ നോക്കി ചിരിച്ചു. പക്ഷേ, ഇത്ര വൈകിയ സ്ഥിതിക്ക് ഇന്നിനി മുകളിലേക്ക് പോവാതിരിക്കുന്നതാവും നല്ലത്.
തലയിൽ കെട്ടിയ തോർത്ത് അഴിച്ചെടുത്ത് മുഖവും കഴുത്തും തുടച്ച് പച്ച കൈലിയുടുത്തയാൾ പറഞ്ഞു.
എന്റെ പേര് സുരേന്ദ്രൻ, ഇവൻ സദ്ദാം ഹുസൈൻ. ഇന്ന് നിങ്ങൾക്ക് ഞങ്ങളോടൊപ്പം കൂടാം.
സുരേന്ദ്രനും സദ്ദാം ഹുസൈനും മലയിടുക്കിലേക്ക് തിരിച്ചു നടക്കാൻ തുടങ്ങിയപ്പോൾ മഹേഷ് അനിവാര്യമായ ആ ചോദ്യം ചോദിച്ചു.
അപ്പോ നമ്മടെ വണ്ടിയോ?
അതവിടെ കിടക്കട്ടെന്നേ... സുരേന്ദ്രനാണു പറഞ്ഞത്...
ഇനി ഇവിടെ ആകെ ഒരു യക്ഷിയും ഗന്ധർവനുമാണ് വരാനുള്ളത്. പാതിരാത്രിയെപ്പോഴെങ്കിലും അവർ വന്നു പൊയ്ക്കോളും.
അവർ വണ്ടിക്ക് കേടൊന്നും വരുത്തില്ലായിരിക്കും ല്ലേ...
രാമൻകുട്ടിയുടെ ചോദ്യം കേട്ട് തിരിഞ്ഞുനോക്കിയ സുരേന്ദ്രൻ മറുപടിയൊന്നും പറയാതെ മുകളിലേക്ക് നടന്നു.
താഴെ നിന്ന് നോക്കുമ്പോൾ കാണുന്നതിനേക്കാൾ എത്രയോ വിസ്തൃതമാണ് മുകൾപ്പരപ്പ്. സഹസ്രാബ്ദങ്ങളുടെ ഉരഞ്ഞു തീരലിൽ മിനുമിനെ മിനുത്ത കരിമ്പാറയിൽ പോക്കുവെയിലിന്റെ നേർത്ത ചൂട് ബാക്കിയുണ്ട്.
പുല്ലുമേഞ്ഞ ഒരു ചെറിയ കുടിൽ... അതിനപ്പുറം ഒരു ചെറിയ കുളം... അതിനുമപ്പുറത്തേക്കുള്ള കാഴ്ചകളിലേക്ക് ഇരുട്ട് പെയ്തു വീണു കഴിഞ്ഞിരുന്നു.
സേവ്യർ പാറപ്പുറത്ത് നീണ്ടു നിവർന്നുകിടന്നു. മുജീബ് രണ്ടു കാലും നീട്ടി കൈ രണ്ടും പിന്നിലേക്ക് കുത്തി ഇരുന്നു. രാമൻകുട്ടിയും മഹേഷും പാറയുടെ വിളുമ്പിൽ പോയി താഴേക്ക് നോക്കുകയാണ് ആദ്യം ചെയ്തത്.
സൂക്ഷിക്കണേ... താഴേക്കുവീണാൽ പെറുക്കിയെടുക്കാൻപോലും ഒന്നും കിട്ടില്ല.
സദ്ദാം ഹുസൈൻ വിളിച്ചുപറഞ്ഞു.
ഇവിടെ നിന്നാൽ കാണാൻ പറ്റുമോ? രാമൻകുട്ടി ചോദിച്ചു.
ആരെ..?
അല്ല നിങ്ങൾ പറഞ്ഞില്ലേ... രാത്രി യക്ഷി വരുമെന്ന്... ഞാനിതുവരെ യക്ഷിയെ നേരിട്ടു കണ്ടിട്ടില്ല.
സദ്ദാം ഹുസൈൻ അവന്റെ അടുത്തേക്കു വന്നു.
എന്താ സംശയം..? നമുക്കിന്നവളെ കാണാം..
അയാളവന്റെ ചുമലിൽ കൈയിട്ടു പിന്നാക്കം പിടിച്ചു കൊണ്ടുപോയി.
കഴുത്തിൽ കയറിട്ടു കെട്ടിയ മൂന്നു കുപ്പികളും ഈറ്റത്തണ്ടിൽ മണ്ണെണ്ണയൊഴിച്ചു തിരിയിട്ടു കത്തിച്ച പന്തംപോലുള്ള വിളക്കും സുരേന്ദ്രൻ പാറപ്പുറത്ത് എത്തിച്ചുകഴിഞ്ഞു. ഒരു പാള നിറയെ മസാലയിൽ വേവിച്ചെടുത്ത മാംസവും ചെറിയ മുളങ്കുറ്റികളും കൂടി എടുത്തു കൊണ്ടുവന്ന് അയാൾ അവരുടെ കൂടെ ഇരുന്നു.
അജ്ഞാതരായ സഞ്ചാരികൾക്കു സ്വാഗതം. വഴിതെറ്റി വന്നവരാണെങ്കിലും ഞങ്ങൾക്കു നിങ്ങൾ വിശിഷ്ടാതിഥികൾ. ഞങ്ങളുടെ കയ്യിലുള്ള മാംസവും വീഞ്ഞും പങ്കിട്ട് നമുക്കീ രാത്രി അവിസ്മരണീയമാക്കുക.
കണ്ണടച്ച് കിടന്ന സേവ്യർ അമ്പരന്ന് കണ്ണു മിഴിച്ച് സുരേന്ദ്രനെ നോക്കി. സുരേന്ദ്രനാകട്ടെ കുപ്പിയിലെ തീത്തൈലം മുളങ്കുറ്റികളിലേക്ക് പകരുകയായിരുന്നു. അയാൾ പാതിനിറച്ച പാനപാത്രങ്ങൾ ഓരോരുത്തർക്കും കൈമാറി.
ജീവനിലേക്ക് ഒരു തീനാളം പടരുന്നതുപോലെ തോന്നി സേവ്യറിന്...
ഗൾഫിൽ എവിടെയായിരുന്നു..? അയാൾ സുരേന്ദ്രനോട് ചോദിച്ചു..
ഞാനല്ല... സുരേന്ദ്രൻ സദ്ദാംഹുസൈനെ ചൂണ്ടി.
സൗദിയിൽ... അയാൾ സേവ്യറിനെ നോക്കി.
സുരേന്ദ്രൻ തന്റെ മുളംകുറ്റി പിന്നെയും നിറച്ചു. പ്ലേറ്റിൽനിന്ന് രണ്ടു വിരലുകൾകൊണ്ട് ഒരു കഷ്ണം മാംസം സൂക്ഷ്മമായി എടുത്ത് വായിലേക്കിട്ടു.
എണ്ണപ്പാടത്ത് റിഗിലായിരുന്നു സദ്ദാം ഹുസൈന് ജോലി... അതു പറഞ്ഞപ്പോഴാ. അവന്റെ പേര് സദ്ദാം ഹുസൈൻ എന്നൊന്നുമല്ല. വെറും ഹുസൈൻ. കോയാക്കാന്റകത്ത് വല്യ പോക്കറിന്റെ രണ്ടാമത്തെ മകൻ. ഹുസൈൻ പോക്കർ പാസ്പോർട്ട് നമ്പർ ഇ 4689794.
സേവ്യർ സദ്ദാം ഹുസൈനെത്തന്നെ നോക്കിയിരുന്നു. അവൻ അയാളുടെ അടുത്തേക്ക് വരികയും അയാളുടെ പാത്രത്തിലേക്ക് അൽപംകൂടി മദ്യം പകരുകയുംചെയ്തു. എപ്പോഴും തീയാളുന്ന എണ്ണപ്പാടം. ലോകത്തെ ഏറ്റവും സുന്ദരമായ എണ്ണ പ്ലാറ്റ്ഫോമാണ് അത്. മരുഭൂമിയുടെ നടുക്ക്. കമ്പനി ജോലിക്കാരല്ലാതെ ആരുമില്ലാത്ത നാട്. വാറ്റിത്തുടങ്ങിയത് സ്വന്തം ആവശ്യത്തിനായിരുന്നു. പിന്നെ ചില ഓഫീസർമാർക്കു കൊടുത്തു. നമുക്കൊന്നു താഴെ പോയിട്ടു വന്നാലോ..? രാമൻകുട്ടി മുജീബിനോടു ചോദിച്ചു.
എന്തിനാ..?
വെറുതെ...
മഹേഷ് രാമൻകുട്ടിയെ അവന്റടുത്തിരുത്തി.
അവരിൽനിന്ന് കേട്ടറിഞ്ഞാണ് ചിലർ അന്വേഷിച്ച് വന്നത്... ഹുസൈൻ തുടർന്നു.
അങ്ങനെ പറഞ്ഞും കേട്ടും പലരും വന്നു. കച്ചവടം പൊടിപൊടിച്ചു.
ഓർമയിലെവിടെയോ പരിചിതമായ അതേ നീറ്റൽ, അതേ ഊഷ്മാവ്... ഓരോ ദേശത്തിനും അതിന്റേതായ ഒരു മദ്യ ദേശീയതയുമുണ്ടല്ലോ എന്ന് തോന്നി സേവ്യറിന്.
സേവ്യർ അന്ന് സൗദി എയർവേസിൽ പൈലറ്റാണ്. ഹൂതികളുടെ മിസൈലുകളെ പേടിച്ച് വഴിമാറിയും നിർത്തിയും പലതവണ യാത്രാസമയം മാറ്റിയും ടെഹ്റാനിൽനിന്നുള്ള ഒരു വിമാനം ദോഹയിലിറക്കി ഡ്യൂട്ടി മതിയാക്കി മുറിയിലെത്തിയതേയുള്ളൂ. ബ്രിട്ടീഷുകാരനായ സുഹൃത്ത് അനുവാദം ചോദിക്കാതെ അകത്തുവന്നു.
Are you tired? (ചത്തോ..?)
Terribly tired. (രണ്ടു വട്ടം ചത്തു)
I have a surprise for you. (ലേശം വാട്ടീസടിച്ചാലോ?)
അയാൾ പിറകിൽ പിടിച്ച കൈ മുന്നിലേക്കാക്കി കുപ്പി മേശമേൽ പ്രതിഷ്ഠിച്ചു.
ചങ്ങാതി ഒരു സ്വകാര്യ വിമാനത്തിന്റെ ഡ്രൈവറാണ്. അന്ന് പറന്നിടത്തു നിന്നൊരാൾ സമ്മാനിച്ചതാണ് കരളുരുക്കി...
സുഹൃത്തിനെ പിണക്കരുതല്ലോ. പ്രത്യേകിച്ച് ബ്രിട്ടീഷുകാരെ...
അന്നത്തെ അതേ രുചി, മണം... സേവ്യർ സദ്ദാം ഹുസൈനെ നോക്കി.
എന്നിട്ടെന്തുണ്ടായി..?
എന്തുണ്ടാവാൻ... ഹുസൈൻ അൽപംകൂടി നീങ്ങി സുരേന്ദ്രന്റെയടുത്തിരുന്നു.
കമ്പനിയിൽ രണ്ടു പാക്കിസ്ഥാനികളുണ്ടായിരുന്നു. ഞങ്ങൾ മൂന്നും ഒരു മുറിയിലായിരുന്നു പൊറുതി.
മെല്ലെ മെല്ലെ അവന്മാർ പണി പഠിച്ചു. അവർക്കവരുടെ കസ്റ്റമേഴ്സ്. നമുക്ക് നമ്മടെ കസ്റ്റമേഴ്സ്... അങ്ങനെ സുഖമായി പോകുന്നതിനിടക്കാണ് ഒരുദിവസം ഉച്ചക്ക് സൂപ്പർവൈസറുടെ വിളി.
ഇവർക്ക് നിന്റെ മുറിയൊന്നു പരിശോധിക്കണമെന്ന്. സൂപ്പർവൈസർ രണ്ടു മുട്ടാളൻമാരെ നോക്കി പറഞ്ഞു...
പൊലീസാണ്. മുറി പരിശോധിച്ചാൽ തീർന്നു. ഒരു വെള്ളിയാഴ്ച ജുമുഅ നമസ്കാരം കഴിഞ്ഞാൽ തെരുവിൽ പരസ്യമായി ശിരഛേദം.
സൂപ്പർവൈസറും മലയാളിയാണ്. പോരാത്തതിന് സ്ഥിരം കസ്റ്റമറും.
എന്റെ പരുങ്ങൽ കണ്ട അദ്ദേഹത്തിന് കാര്യം മനസ്സിലായി. പൊലീസുകാരെ അകത്തേക്ക് വിളിച്ച് അദ്ദേഹം എന്താണ് കൊടുത്തത് എന്നറിയില്ല... ചോദിച്ചിട്ടുമില്ല.
ചിലപ്പോ ഞാൻ വാറ്റിയ അതേ ചാരായമായിരിക്കും അവർക്ക് കൊടുത്തിട്ടുണ്ടാവുക. എന്തായാലും മൂന്നാം ദിവസം കമ്പനി നമ്മളെ പുറത്താക്കി. കമ്പനിക്ക് പേരുദോഷം വരുത്തി എന്നായിരുന്നു കുറ്റം.
അവൻമാർ ഒറ്റിയതാണ്. എവിടെച്ചെന്നാലും പാകിസ്ഥാനി ഇന്ത്യക്കാരന് പണി തന്നിരിക്കും. ഹുസൈൻ ഒരു കൈ നിറയെ ഇറച്ചി വാരി വായിലിട്ട് ചവച്ചു...
ഉറപ്പായിട്ടും ഇന്ത്യ പാകിസ്ഥാനോട് യുദ്ധം ചെയ്യണം.
ഹുസൈൻ വീണ്ടും ഒഴിക്കാൻ തുടങ്ങിയപ്പോൾ സുരേന്ദ്രൻ തടഞ്ഞു.
യുദ്ധം തുടങ്ങിയാലുടനെ സദ്ദാം ഹുസൈൻ പോയി പട്ടാളത്തിൽ ചേരും. നേരെ യുദ്ധമുന്നണിയിലേക്ക് ചെല്ലും. എന്നിട്ട് ഒരു തോക്ക് വലിച്ചെടുത്ത് ചറപറാ വെടി െവക്കും.. കുറേ പാകിസ്ഥാനികളെ കാലപുരിക്കയക്കും.
സൂരേന്ദ്രൻ ഇറച്ചി പ്ലേറ്റ് നീക്കിെവച്ചു.
എന്നിട്ടോ ഹുസൈനേ..? അയാൾ ഹുസൈനെ നോക്കി..
എന്നിട്ട് ഞാൻ വീരമൃത്യു വരിക്കും. ഹുസൈൻ എഴുന്നേറ്റ് അറ്റൻഷനിൽനിന്ന് സല്യൂട്ടടിച്ചു. ഇതിനകം രണ്ടുതവണ പാത്രം കാലിയാക്കിയ രാമൻകുട്ടി ഹുസൈനെയും സല്യൂട്ട് ചെയ്തു. എന്നിട്ട് ചോദിച്ചു.
അവരിപ്പോ വന്നിട്ടുണ്ടാവ്വോ?
ആര്..?
യക്ഷി...
വാ പോയി നോക്കാം.
ഹുസൈൻ രാമൻകുട്ടിയെ ചുമലിൽ കൈകോർത്ത് കൂട്ടിക്കൊണ്ടുപോയി.
വന്നിട്ടുണ്ടെങ്കിൽ വിളിക്കണേ. സുരേന്ദ്രൻ പിന്നിൽനിന്ന് ഓർമിപ്പിച്ചു.
ഇതെന്തിന്റെ മാംസമാണെന്ന് പറയാമോ? സുരേന്ദ്രൻ ഒരു വെല്ലുവിളിയുടെ ശബ്ദത്തിൽ ചോദിച്ചു.
ഒരു പിടിയുമില്ല... സേവ്യർ ആദ്യമേ സുല്ലിട്ടു.
ആർക്കെങ്കിലും..? സുരേന്ദ്രൻ മറ്റുള്ളവരെ നോക്കി.
അച്ചായനറിയില്ലെങ്കിൽ പിന്നെ നമ്മളെന്ത് എന്ന ഭാവത്തോടെ മുജീബും മഹേഷും പോരാടാതെ തന്നെ കീഴടങ്ങി.
ഇന്നോളം തിന്നിട്ടില്ലാത്ത ഒന്നാണ്... മുജീബ് തീർത്തുപറഞ്ഞു.
മാൻ, മുയൽ, പന്നി, കുരങ്ങ് മുതൽ മലമ്പാമ്പുവരെയും കാക്ക, കൊറ്റി, മയിൽ, മുതൽ വവ്വാൽ വരെയും അവന്റെ നാവിൻ തുമ്പിലൂടെ കടന്നുപോയി.
ഏയ് അതൊന്നുമല്ല... അവൻ തല കുടഞ്ഞു.
യക്ഷി വന്നോ... സുരേന്ദ്രൻ ഉറക്കെ വിളിച്ചു ചോദിച്ചു.
എവിടെ..? നിങ്ങളതൊക്കെ വെറും പുളൂസ് അടിക്കണതല്ലേ..? രാമൻകുട്ടി അയാളുടെ നിരാശ മറച്ചുെവച്ചില്ല.
ഇത് എന്തിന്റെ മാംസമാണെന്ന് അച്ചായന് പിടികിട്ടണില്ലാന്ന്... നീയതൊന്ന് പറഞ്ഞ് കൊടുക്ക് ഹുസൈനേ...
ഹുസൈൻ പ്ലേറ്റിൽനിന്ന് ഒരു കഷണം കൂടിയെടുത്തു ചവച്ചു.
നാലു ദിവസം ഉറക്കം കളഞ്ഞ് കാത്തിരുന്നിട്ടാ അവനെ ഒന്നടുത്ത് കിട്ടിയത്. ഒന്ന്... രണ്ട്... മൂന്നാമത്തേതിൽ അവൻ വീണു. കൃത്യം തലയിലാണ് വെടി കൊണ്ടത്. കൂടെയുണ്ടായിരുന്നവ ഓടിപ്പോയിട്ടും കാത്തിരുന്നു കുറേ നേരം. പോയവ മടങ്ങിവന്നാലോ..? ചെന്നായ്ക്കളങ്ങനെയാണ്. കൂട്ടമായേ നടക്കൂ. അതിൽനിന്ന് ഒറ്റക്കൊന്നിനെ പിടിക്കുക വലിയ പാടാണ്...
ഹുസൈൻ അച്ചായനെ നോക്കി ചിരിച്ചു. ഒന്നും മിണ്ടാതെ തിന്നുകയും കുടിക്കുകയും ചെയ്യുന്ന മഹേഷിന് വയറ്റിൽനിന്ന് ഒരു കിതപ്പ് ഉയരുന്നതുപോലെ തോന്നി. പുറത്തേക്ക് തുപ്പാനാഞ്ഞ പാതി ചവച്ച ഇറച്ചിക്കഷ്ണത്തെ അവൻ അകത്തേക്കുതന്നെ ഇറക്കിവിടുകയും തികട്ടി വന്ന ചെന്നായ്ക്കിതപ്പ് ആരും കേൾക്കാതിരിക്കാൻ വലംകൈകൊണ്ട് വായ പൊത്തിപ്പിടിക്കുകയുംചെയ്തു.
ദിക്കുകളെട്ടിലും ഇരുട്ട് കനത്തുനിൽക്കുന്നു.
വീശി വന്ന ഒരു കാറ്റിൽ പന്തത്തിന്റെ വെളിച്ചം ഒന്നു ചായുകയും വീണ്ടും തെളിയുകയും ചെയ്തു. അപ്പോഴേക്ക് രാമൻകുട്ടി കരയാൻ തുടങ്ങിയിരുന്നു.
മദ്യം സിരകളിലൂടെ ഒരു പര്യടനം നടത്തിക്കഴിയുമ്പോൾ രാമൻകുട്ടിക്ക് സങ്കടങ്ങൾ ഉണ്ടായി വരും. പിന്നെ പതംപറഞ്ഞ് കരയും.
മുജീബേ... അല്ലെച്ചാൽ നീ പറ ഞാൻ പറയുന്നത് തെറ്റാണോന്ന്...
അവൻ മുജീബിന്റെ ചുമലിൽ പിടിച്ചു.
നമ്മളൊക്കെ ചെറിയ മനുഷ്യർ, നമ്മളെയൊക്കെ പറഞ്ഞു പറ്റിച്ചോട്ടെ... സാരല്ലാന്നു വക്കാം... പക്ഷേ അങ്ങനെയാണോ നമ്മുടെ അച്ചായനെ..?
അതിനിപ്പോ ആര് ആരെ പറ്റിച്ചൂന്നാണ്..?
ഇവര് രണ്ടാളും നമ്മടച്ചായനോട് ഇങ്ങനെ ചെയ്യരുതായിരുന്നു. എനിക്ക് നല്ല സങ്കടം ണ്ട്...
രാമൻകുട്ടി സേവ്യറിന്റെ നേരെ തിരിഞ്ഞു.
അച്ചായാ... ഇവർ യക്ഷിയെ കാണിച്ചു തരാംന്ന് വെറുതെ പറഞ്ഞതാ... നമുക്ക് താഴേക്ക് പോകാം... ഇപ്പോതന്നെ പോകാം.
പോകുന്നതൊക്കെ കൊള്ളാം. പക്ഷേ ഇയാളാണ് വണ്ടിയോടിക്കുന്നതെങ്കിൽ നിങ്ങടെ കൂടെ ഞാനില്ല...
മഹേഷ് ചാടിയെണീറ്റ് ഉറക്കെപ്പറഞ്ഞു.
അതെന്താ അച്ചായൻ വണ്ടിയോടിച്ചാൽ..? ചോദിച്ചത് സദ്ദാംഹുസൈനാണ്.
ഈ സേവ്യറച്ചായൻ വിമാനം പറത്തുന്ന പൈലറ്റായിരുന്നു എന്ന് നമ്മൾ നേരത്തേ പറഞ്ഞത് എല്ലാവർക്കും ഓർമയുണ്ടാവുമല്ലോ...
ഞങ്ങൾക്കെല്ലാം ഓർമണ്ട്... സുരേന്ദ്രൻ മുജീബിനെ നോക്കി.
എല്ലാ കമ്പനികളും തൊഴിലാളികളെ പിരിച്ചുവിടുന്ന കാലം. അച്ചായന്റെ വിമാനക്കമ്പനി അയാളേയും പിരിച്ചുവിട്ടു. കമ്പനി കൊടുത്ത ഫ്ലാറ്റും ഒഴിഞ്ഞ് പ്രത്യേകിച്ച് പണിയൊന്നുമില്ലാതെയിരുന്ന അച്ചായന് ടാക്സിക്കമ്പനിയിൽ പണി വാങ്ങിക്കൊടുത്തത് ഈ മഹേഷാണ്.
അതു കൊള്ളാം... വിമാനം ഓടിക്കുന്നയാൾ ടാക്സിക്കാറു പറത്തുന്നത് രസമുള്ള ഏർപ്പാടു തന്നെയാണ്. സുരേന്ദ്രൻ ചിരിച്ചു.
എന്നിട്ടെന്തുണ്ടായീന്ന് പറ...
ഇയാൾ രാവിലെ വന്ന് ഓൺലൈനിൽ കിട്ടിയ ഒരു ബുക്കിങ്ങിന് ഓട്ടം പോയി... മഹേഷാണ് ബാക്കി പറഞ്ഞത്.
രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ എനിക്കൊരു വിളി... ഓപ്പറേറ്റിങ് മാനേജരുടെ ഓഫീസിൽനിന്ന്.
രണ്ടുപേരെ അവരുടെ വീട്ടിൽനിന്ന് കയറ്റിക്കൊണ്ടുവരാനാണ് ഞാൻ പോയത്. വലിയൊരു കാറായിരുന്നു അത്. യാത്രക്കാർ കയറി വാതിലൊക്കെയടച്ചപ്പോൾ സത്യം പറയാം. കാറാണെന്ന കാര്യം ഞാൻ മറന്നു.
സേവ്യർ ഓർത്തെടുത്തു.
ന്നിട്ട്... ന്നിട്ട്...
മുമ്പിൽ നീണ്ടു കിടക്കുന്ന റൺവേ. ചെവിയിൽ കൺട്രോൾ ടവറിൽനിന്നുള്ള ടേക്ക്ഓഫ് അനുമതി. അകലെ നല്ല തെളിഞ്ഞ ആകാശം... ഞാനാ റൺവേയിലൂടെ കുതിച്ചു. രണ്ടു കിലോമീറ്ററിനുള്ളിൽ ടേക്കോഫിനുള്ള വേഗമാർജിക്കണം...
ബോധം തെളിയുമ്പോൾ ആസ്പത്രിയിലാണ്...
സേവ്യർ മഹേഷിന്റെ ചുമലിൽ തട്ടി.
അങ്ങനെ എന്റെ മാത്രമല്ല, ഇവന്റെ പണിയും പോയി. അല്ല, അങ്ങനെ സംഭവിച്ചില്ലെങ്കിലും നമ്മുടെയൊക്കെ ജോലികൾ പോകാനുള്ളവ തന്നെയായിരുന്നു.
ഇറുന്നു വീണ നിശ്ശബ്ദതയിൽ സുരേന്ദ്രൻ എഴുന്നേറ്റു നിന്ന് രണ്ടു കൈയും നീട്ടി ഉറക്കെ പ്രഖ്യാപിച്ചു.
ആരും ഇപ്പോൾ എങ്ങോട്ടും പോകുന്നില്ല.
എന്നു പറഞ്ഞാലെങ്ങനെ ശരിയാവും? രാമൻകുട്ടി ഇപ്പോഴും അടങ്ങിയിട്ടില്ല.
നമുക്ക് ശരിയാക്കാമെന്നേ... ഒരു യക്ഷിയുടെ കാര്യമല്ലേയുള്ളൂ... സുരേന്ദ്രൻ അയാളെ സമാധാനിപ്പിച്ചു.
പക്ഷേ അച്ചായാ... അയാൾ സേവ്യറിനു നേരെ തിരിഞ്ഞു.
നിങ്ങളെങ്ങനെ കൃത്യമായി വഴി തെറ്റി ഇവിടെത്തന്നെയെത്തി എന്ന് ഇതുവരെ പറഞ്ഞില്ലല്ലോ...
ആകാശത്തുനിന്ന് ഒരു തീക്കഷ്ണം താഴേക്ക് പാഞ്ഞുവരികയും ഇടക്ക് െവച്ച് അപ്രത്യക്ഷമാകുകയുംചെയ്തു.
അല്ലെങ്കിൽതന്നെ ആരാണ് സുരേന്ദ്രാ ശരിയായ വഴിക്ക് യാത്രചെയ്യുന്നത്? മുജീബ് നീട്ടിയ കൈയിൽ പിടിച്ച് സേവ്യർ എഴുന്നേറ്റു.
പക്ഷേ, നിങ്ങൾ പറഞ്ഞത് മലമുകളിലേക്ക് പുറപ്പെട്ടവരാണെന്നാണ്.
അതെ... മലമുകളിലേക്കുള്ള വഴി തെറ്റിയാണല്ലോ ഞങ്ങളിവിടെ എത്തിയത്...
അല്ലേ അച്ചായാ എന്ന് മുജീബ് സേവ്യറിനെ നോക്കി.
അല്ല, നിങ്ങളേതെങ്കിലുമൊന്നിൽ ഉറപ്പിക്കിൻ... ഹുസൈന്റെ ശബ്ദത്തിൽ അക്ഷമ.
മലമുകളിലേക്ക് പോണോ, വേണ്ടേ..?
നിങ്ങളാരെങ്കിലും ഈ മലയുടെ ഏറ്റവും മുകളിൽ പോയിട്ടുണ്ടോ..? സേവ്യർ സുരേന്ദ്രനെ നോക്കി.
പോയിട്ടുണ്ടോന്ന് ചോദിച്ചാൽ പോയിട്ടുണ്ട്... സുരേന്ദ്രൻ പറഞ്ഞു.
ഏറ്റവും മുകളിലാണോ എന്നറിയില്ല... അവിടെനിന്നും ഒഴുകിത്തുടങ്ങുന്ന ഒരു പുഴയുണ്ട്. അയാൾ ഓർമിച്ചെടുത്തു.
ഒരു നീർച്ചാലായി തുടങ്ങി കുറച്ചുദൂരെ ചെന്ന് ചെങ്കുത്തായ ഒരു താഴ്ചയിലേക്ക് വീണ് അവിടെനിന്ന് പുഴയായി അത് താഴ് വാരങ്ങളിലൂടെ ഒഴുകിപ്പോകും. പുഴ താഴേക്ക് വീഴുന്നിടത്ത് നിന്നാൽ ദൂരെ ആകാശം അലക്കിത്തോരാനിട്ട മലകൾ കാറ്റത്തിളകുന്നതു കാണാം.
മുകൾഭാഗം പരന്ന ഒരു പീഠം പോലെയാണവിടം. ഭൂമിയിൽനിന്ന് ആകാശത്തിലേക്ക് തള്ളിനിൽക്കുന്നതുപോലെ ഒരിടം...
അപ്പോൾ കാര്യങ്ങൾ എളുപ്പമായി. നിങ്ങൾ ഞങ്ങളോടൊപ്പം വരുന്നു, ആ സ്ഥലം കാണിച്ചുതരുന്നു.
മുജീബ് സുരേന്ദ്രന് നേരെ കൈ നീട്ടി.
ആ കൈ സ്വീകരിക്കാതെ അയാൾ സേവ്യറെ നോക്കി.
സമ്മതിക്ക് സുരേന്ദ്രാ... നമുക്കവിടെയൊക്കെയൊന്ന് വെറുതെ കണ്ടിട്ടുവരാമെന്നേ.
വെറുതെ പോയിട്ടു വരാൻ അവിടെന്താ വല്ല ദൈവവുമിരിക്കുന്നോ..?
ഇല്ല.. പക്ഷേ നമുക്കവിടെയൊരു ദൈവത്തെ ഉണ്ടാക്കിയാലെന്താ..?
സേവ്യർ ചിരിച്ചു.
അതായത് സുരേന്ദ്രാ... സേവ്യർ സുരേന്ദ്രനെ ചുമലിൽ പിടിച്ച് തനിക്കു നേരെ തിരിച്ചുനിർത്തി.
സേവ്യറിന്റെ കൈകളുടെ ഭാരം താങ്ങാനാവുന്നില്ലല്ലോ എന്ന് സുരേന്ദ്രന് തോന്നി.
ഞങ്ങടെ കൈയിൽ ഒരു ദൈവമുണ്ട്.
തെളിച്ചു പറയെന്റെ അച്ചായാ... ഹുസൈന് ആകാംക്ഷ.
നിലവിലുള്ള ദൈവങ്ങളെപ്പോലെയല്ല. ഇതു നമ്മുടെ സ്വന്തം ദൈവം. സന്തോഷത്തിന്റെയും രതിയുടേയും പ്രണയത്തിന്റേയും ദേവത.
മുജീബ് കുനിഞ്ഞ് അണയാറായ വിളക്കിന്റെ തിരി ഇത്തിരി പുറത്തേക്കു വലിച്ചു.
അൽപം സന്തോഷം വേണമെന്ന് തോന്നുമ്പോൾ വന്ന് ഇഷ്ടം പോലെ സന്തോഷിക്കാനുള്ള ദൈവസന്നിധി.
നടക്ക്വോ...
സുരേന്ദ്രന് സംശയം തീരുന്നില്ല.
നടക്കും സുരേന്ദ്രാ...
ദേവീദർശനത്തിനു വരുന്നവർക്ക് താമസിക്കാനും സ്വസ്ഥമായി വഴിപാടുകൾ നടത്താനും അമ്പലത്തിനു ചുറ്റും കുറച്ചു കോട്ടേജുകൾ, അടിവാരത്തെത്തുന്നവരെ മുകളിലും തിരിച്ചും എത്തിക്കാനുള്ള റോപ് വേ, വല്യ വി.ഐ.പികൾക്കൊക്കെ വന്നു പോകാൻ കുറച്ച് ആഡംബര വണ്ടികൾ...
ദേവീദർശനവും മൂന്നു ദിവസത്തെ കുളിച്ചുതൊഴലും ഒരു പാക്കേജായി അവതരിപ്പിച്ചാൽ സുരേന്ദ്രാ, മഹാനഗരങ്ങളിൽനിന്നു പോലും തീർഥാടകർ പറ്റംപറ്റമായി ഈ മലമുകളിലേക്ക് വരും.
ഏഴു ദിവസത്തെ ഹണിമൂൺ പാക്കേജ്, പത്തു ദിവസത്തെ സീനിയർ കപ്പിൾ സ്പെഷൽ പാക്കേജ്.. എന്റെ സുരേന്ദ്രേട്ടാ... പിന്നെ നിങ്ങൾക്കീ ചെന്നായപിടുത്തവും ചാരായം വാറ്റുമായി ഈ കാട്ടിൽ ഒറ്റക്കു കഴിയേണ്ടി വരുമോ..?
മുജീബ് സുരേന്ദ്രന്റെ കണ്ണുകളിലെ സംശയത്തെ തുടച്ചുകളഞ്ഞു.
ദേവിക്ക് ഏറ്റവും പ്രിയപ്പെട്ട രതിവഴിപാടിന് മുൻകൂർ ചീട്ടാക്കുന്നവർക്ക് രഹസ്യ ദർശനത്തിന് പ്രത്യേക സൗകര്യംകൂടി ഏർപ്പെടുത്തണം.
സുരേന്ദ്രന് കാര്യങ്ങൾ മനസ്സിലായിത്തുടങ്ങി.
നിങ്ങളീ കാട്ടിൽ വളർത്തുന്ന നിങ്ങളുടെ സ്വന്തം യക്ഷികളെയൊക്കെ നമുക്ക് ക്ഷേത്രത്തിലേക്കു മാറ്റിത്താമസിപ്പിക്കണം. വരുന്ന തീർഥാടകർ ഇഷ്ടംപോലെ തെരഞ്ഞെടുത്ത് ദേവിക്ക് വഴിപാട് നടത്തട്ടെ സുരേന്ദ്രാ...
സേവ്യറച്ചായൻ ശബ്ദമുയർത്തി ചിരിച്ചു.
അപ്പോൾ..?
സേവ്യർ വലതുകൈ മുന്നോട്ടു നീട്ടി.
സുരേന്ദ്രനും ഹുസൈനും ആ കൈയിൽ പിടിച്ചതും കാട്ടിനുള്ളിൽനിന്ന് ഏതു ജീവിയുടേതെന്നറിയാത്ത ഒരു ഗർജനം മുഴങ്ങിയതും ഒരുമിച്ചാണ്.
പക്ഷേ സുരേന്ദ്രാ... നിങ്ങളിതു വരെ ഞങ്ങൾക്കൊരു യക്ഷിയെ കാണിച്ചുതന്നില്ല.
കാണിച്ചുതരാം... ഇത്തിരി നടക്കേണ്ടിവരും.
ഈ കുറ്റാക്കുറ്റിരുട്ടത്തോ..?
അന്ധകാരം വെളിച്ചത്തിലേക്കുള്ള വഴിയല്ലേ... നിങ്ങള് വാ...
സുരേന്ദ്രനും ഹുസൈനും മുന്നിലും മറ്റുള്ളവർ പിന്നിലുമായി സംഘം കിഴക്കോട്ട് സഞ്ചരിച്ചു തുടങ്ങി.