ഫ്രോഡ്
കാലത്ത് പിള്ളേര് രണ്ടും എണീറ്റ് വരും മുന്നേ പണികള്‍ തീര്‍ക്കുന്ന ശീലമാണ് ജീനയ്ക്ക്. എനിക്കാണേ, അടുക്കളയില്‍ നിന്നുള്ള തട്ടുംമുട്ടും കാരണം ഒരുസമയം കഴിഞ്ഞാപ്പിന്നെ ഉറക്കം കിട്ടത്തില്ല. അടുത്ത വീട്ടില്‍ പാല് സപ്ലൈക്കുവേണ്ടി വരുന്ന പെട്ടി ഓട്ടോയുടെ ഒച്ചകൂടി ആയാല്‍ എണീക്കും. പല്ലുതേച്ച് മുഖം മോറി വരുമ്പഴേക്ക് ജീന ചായയിടും. പത്രക്കാരന് പയ്യന് ഗേറ്റില്‍ ബോക്സില്‍ ഇട്ടുവച്ച മലയാള മനോരമയും ന്യൂ ഇന്ത്യന്‍ എക്സ്പ്രസും എടുത്തുകൊണ്ടുവന്ന് വിശേഷങ്ങള്‍ നോക്കും....
Your Subscription Supports Independent Journalism
View Plansകാലത്ത് പിള്ളേര് രണ്ടും എണീറ്റ് വരും മുന്നേ പണികള്‍ തീര്‍ക്കുന്ന ശീലമാണ് ജീനയ്ക്ക്. എനിക്കാണേ, അടുക്കളയില്‍ നിന്നുള്ള തട്ടുംമുട്ടും കാരണം ഒരുസമയം കഴിഞ്ഞാപ്പിന്നെ ഉറക്കം കിട്ടത്തില്ല. അടുത്ത വീട്ടില്‍ പാല് സപ്ലൈക്കുവേണ്ടി വരുന്ന പെട്ടി ഓട്ടോയുടെ ഒച്ചകൂടി ആയാല്‍ എണീക്കും. പല്ലുതേച്ച് മുഖം മോറി വരുമ്പഴേക്ക് ജീന ചായയിടും. പത്രക്കാരന് പയ്യന് ഗേറ്റില്‍ ബോക്സില്‍ ഇട്ടുവച്ച മലയാള മനോരമയും ന്യൂ ഇന്ത്യന്‍ എക്സ്പ്രസും എടുത്തുകൊണ്ടുവന്ന് വിശേഷങ്ങള്‍ നോക്കും. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് വരുത്തുന്നത് ആല്‍വിനെ ഉദ്ദേശിച്ചാണ്.
അവനിപ്പോ പത്താം ക്ലാസിലായി. ഇളയവന് ആറേലും. അത്യാവശ്യം തന്നത്താന്‍ കാര്യങ്ങള്‍ നോക്കാനൊക്കെയായി. പക്ഷേ, ജീന സമ്മതിക്കുകേല. എ മുതല്‍ ഇസെഡ് വരെ എല്ലാം ചെയ്തുകൊടുക്കും. ബുക്കിന് ചട്ടയിടുന്നതുതൊട്ട് തുണി ഇസ്തിരി ഇടുന്നതുവരെ എല്ലാം. പതിനാറുകൊല്ലമായി ഇതുതന്നെ സ്ഥിതി. അഞ്ചു മണിക്ക് എണീക്കുമ്പോത്തൊട്ട് ഇങ്ങനെ യന്ത്രത്തെക്കൂട്ട് പണിയെടുക്കും അവള്. എന്നിട്ട് ജോലിക്കും പോകും. എന്നാക്കൊറച്ച് കാര്യങ്ങള്‍ ഞാന്‍ ചെയ്യാമെന്ന് പറഞ്ഞാല്‍ പുച്ഛമാണ്.
‘‘ഒന്നുപോയേ, ഫ്ലാസ്കില്‍ ചായയിരിപ്പുണ്ട്, പത്രോം വന്ന് കെടപ്പുണ്ടാകും’’ എന്നേപറയൂ.
പക്ഷേ, ഫ്ലാസ്കിലൊഴിച്ചുവച്ച ചായ എനിക്ക് പിടിക്കത്തില്ലെന്ന കാര്യം ഒടനേതന്നെ ഓര്‍മവരും.
‘‘അയ്യോ, അത് പിള്ളേരെ ഓര്‍ത്ത് പറഞ്ഞതാ, ഞാനിപ്പോ ഇടാമേ’’, എന്നാകും പിന്നെ.
ഇത്രേം ആത്മാര്‍ഥമായി ഭര്‍ത്താവിനെ നോക്കുന്ന ഭാര്യയെക്കുറിച്ച് പൂപ്പാറേലെ കുഞ്ഞ പറഞ്ഞത്, ‘‘നിന്നെ എന്നാത്തിന് കൊള്ളാം ജോണീ, സിമ്പതി വാങ്ങിവച്ച് നിന്നെ വശത്താക്കുവാ അവള്.. ഇല്ലാത്തതായിട്ടിപ്പോ എന്താ ഒള്ളേ? മിക്സി തൊട്ട്, വാഷിങ് മെഷീന് തൊട്ട് ഏസി വരെ എല്ലാമൊണ്ട്... ഇതെക്ക ഒള്ളപ്പോ പെണ്ണുങ്ങള് അടുക്കളേല് പെരുമാറുന്നതാണോ ഇത്രം വലിയ പണി?’’ എന്നായിരുന്നു.
ഞാന്‍ പക്ഷേ അതൊന്നും കാര്യമായെടുക്കത്തില്ല. കുഞ്ഞ ഇന്നാള് കണ്ടപ്പഴും കുറേ കഷ്ടപ്പാടൊക്കെ പറഞ്ഞ് കാശുപിടുങ്ങിയതാ. സിമ്പതി അവരാ മുതലെടുക്കുന്നത്. അവരുടെ വീട്ടീക്കേറിച്ചെന്നാലൊടനേ മോന്റെ പെണ്ണുമ്പിള്ളയെ വിളിച്ച് ഓര്‍ഡര്‍ ചെയ്യുന്നത് കേള്‍ക്കാം.
‘‘എടിയേ, നീയാ മിക്സി ഓണ്‍ ചെയ്ത് ഒരു ഗ്ലാസ് ഓറഞ്ഞ് ജൂസ് കലക്കി ജോണിക്കൊച്ചിന് കൊട്. മധുരം കൊറയ്ക്കണ്ട. നിന്റെ കെട്ടിയോനെപ്പോലല്ല, ജോണിക്കിപ്പ ഷുഗറിന്റെ കേടൊന്നുവില്ല.’’
ജീന വല്ലാതെ കഷ്ടപ്പെടുന്നുണ്ട്. അവള് ചോദിക്കുന്നതൊക്കെ സാധിക്കുമെങ്കില്‍ വാങ്ങിക്കൊടുക്കേണ്ടത് എന്റെ കടമയാണ്. അത് കുഞ്ഞയൊക്കെ കാണുന്നത് മാത്രവല്ല, അതിലൊക്കെ വളരെ കൂടുതലാ.
ഞങ്ങടെ രണ്ടുപേരുടേം ജോലിക്കാര്യം പറഞ്ഞില്ലല്ലോ. ജീന ഒരെച്ചാര് കമ്പനിയിലാണ്. രവിപുരത്ത്. ഇപ്പോ മാനേജര്‍ പോസ്റ്റിലാണ്. വരുന്ന മേയില്‍ സീനിയറാകും. ഞാനാണേ, നല്ലകാലത്ത് കാര്‍ന്നോമ്മാരുടെ ഗുരുത്വംകൊണ്ട് ഉണ്ടാക്കിയ നാലുകാശിന്റെ ബലത്തില്‍ ചെറിയ ബിസിനസൊക്കെയായി നീങ്ങുന്നു. ജീന റബര്‍ ട്രേഡിങ് കമ്പനി കളമശേരി മെട്രോ സ്റ്റേഷന്റെ അരക്കിലോമീറ്റര്‍ പടിഞ്ഞാറോട്ടായി വരും. കൈക്കാരെ ശട്ടംകെട്ടി വീട്ടീക്കെടന്നൊറങ്ങുന്ന ശീലമില്ലാത്തതുകൊണ്ട് എല്ലാദിവസവും കമ്പനിയില്‍ പോകും. ഞങ്ങള്‍ രണ്ടാളും പിന്നെ മക്കള്‍ രണ്ടാളും. നിത്യച്ചെലവിന് മുട്ടില്ല, അത്യാവശ്യം സമ്പാദ്യവും ഉണ്ട്. വലിയ അല്ലലൊന്നുമില്ലാത്ത ജീവിതമെന്ന് പറയാം. പ്രത്യേകിച്ച് മക്കളുടെ കാര്യമാണിനി പ്രധാനം.
‘‘ആല്‍വിക്ക് ഇന്നലെ കൊറച്ച് കോഫ് ആന്‍ഡ് ഹെഡേയ്ക്ക്...’’ കിടപ്പുമുറിയില്‍നിന്ന് ഇലക്ട്രിക് ഇന്‍ഹേലര്‍ എടുത്തുകൊണ്ടുവന്ന് മേശേടെ മേലെ വച്ചുകൊണ്ടു ജീന പറഞ്ഞു. ‘‘ഇതില്‍ നിക്കുവോന്ന് നോക്കാം. ചുക്കുകാപ്പിയും കൊടുത്തുനോക്കാം.’’
മാറിയില്ലേല്‍ ഡോക്ടറെ കാണിക്കേണ്ടിവരുമെന്നാണ് പറഞ്ഞതിന്റെ പൊരുള്‍.പത്താം ക്ലാസിലെ പരീക്ഷയ്ക്ക് സ്റ്റേറ്റ് സിലബസ് പോലെയല്ല സി.ബി.എസ്.ഇയുടെ കാര്യം. ഫുള്‍ എ പ്ലസ് കിട്ടാന്‍ വലിയ പാടാണ്. ടേം എക്സാമിലൊക്കെ അവന് നന്നായി പെര്‍ഫോം ചെയ്തെങ്കിലും പതിവുപോലെ മാത് സിന് എ-ടു ആയി. വൈകീട്ട് കണക്കിന്റെ ട്യൂഷനുള്ളത് മുടങ്ങാതെ നോക്കണം. അതുകൊണ്ട് ഇന്ന് ക്ലാസീപ്പോകാതിരിക്കുന്നതായിരിക്കും നല്ലത്.
‘‘അവനിന്ന് വീട്ടിലിരിക്കട്ടെ. കുറവില്ലേല് വൈകീട്ട് സെബാസ്റ്റ്യന്റടുത്ത് പോകാം.’’ ഇതുപറഞ്ഞ് ഞാന്‍ ഷേവിനായി കുളിമുറിയിലേക്കും ജീന ഇളയവന് അബിനെ വിളിക്കാന്‍ മോളിലോട്ടും പോവുകയായിരുന്നു.
പെട്ടെന്ന് അടുക്കളേന്ന് ഘോരമായൊരു കടകടാ ശബ്ദം. ജീന ഓടി താഴെവന്നു. ഒച്ച നിക്കുന്നില്ല. അടുക്കളേടെ പിന്നിലെത്തി നോക്കിയപ്പോഴാണ്, വാഷിങ് മെഷീന് വെളിച്ചപ്പാട് ഉറയുംപോലെ നിന്ന് തുള്ളുന്നു. ഡ്രയര്‍ വര്‍ക്ക് ചെയ്തുതുടങ്ങിയപ്പോഴാണ് ഈ ഉറയല് തുടങ്ങിയത്. അടിയിലെ പ്ലാറ്റ്ഫോമില്‍നിന്ന് അതിപ്പോ ചാടിയിറങ്ങുമെന്ന് തോന്നിയപ്പോള്‍ ജീന അതേല് ബലത്തില്‍ പിടിച്ചു. പക്ഷേ ഡ്രയറിന്റെ വര്‍ക്ക് തീരുംവരെ വെളിപാട് നീണ്ടു. വാങ്ങിയിട്ട് അഞ്ചു വര്‍ഷമായിട്ടുണ്ടാകും. എന്നാലും മികച്ച കമ്പനിയുടെ പ്രോഡക്ടാണ് ഈ വാഷിങ് മെഷീന്. എന്താവോ സംഭവിച്ചതെന്ന് ജീന ആശങ്കപ്പെട്ടു.
‘‘ഡ്രയറിന് പ്രശ്നെന്തോ ഉണ്ട്’’, അലക്കിക്കഴിഞ്ഞ തുണി പുറത്തെടുത്ത് അയേ വിരിക്കുമ്പോള്‍ അവള് പറഞ്ഞു.‘‘സര്‍വീസില്‍ വിളിക്കണം.’’
കമ്പനിയില്‍ കാലത്തൊരു ക്ലയന്റ് മീറ്റിങ് ഉണ്ട്. ഒമ്പതരയ്ക്ക് അവിടെ എത്തിയേ തീരൂ. വാഷിങ് മെഷീന് സര്‍വീസിന് കൊടുക്കുന്ന കാര്യം ഏറ്റാല്‍ എനിക്കത് നടക്കില്ല.
‘‘നീയൊന്ന് വിളിച്ച് ഏര്‍പ്പാടാക്ക് ജീനേ. ഞാനങ്ങോട്ട് ചെന്നയുടനേ ബിസിയാകും.’’
‘‘വാറന്റിയൊക്കെ കഴിഞ്ഞേക്കണതാ. കമ്പനിക്കാരുടെ സൗകര്യത്തിനു നിന്നാ ഒടനൊന്നും ചെയ്തുകിട്ടത്തില്ല. പ്രൈവറ്റുകാര്‍ ആരെങ്കിലും കാണുവോ നല്ലത്?’’
‘‘ഏയ്, മണ്ടത്തരം കാണിക്കല്ലേ. കമ്പനി സര്‍വീസ് തന്നെ മതി. കാശ് ശകലം പോയാലും അതേ വിശ്വസിക്കാനൊക്കത്തുള്ളൂ.’’
ഇന്‍ഹേല്‍ ചെയ്തിട്ടും ആല്വിന് വലിയ ആശ്വാസമൊന്നും കണ്ടില്ല. കഫം കുറച്ച് കട്ടിയായിട്ടുണ്ട്. എന്തായാലും വിശ്രമിക്കട്ടെ. പത്തുമണിക്ക് സോഫി വരും. നാലുമണിവരെ അവളു കാണും. ജീന സോഫിയെ വിളിച്ച് കൊച്ചിെന്റസുഖവിവരം പറഞ്ഞ്, അവന് ചുക്കുകാപ്പിയുണ്ടാക്കിക്കൊടുക്കേണ്ട കാര്യമൊക്കെ പറഞ്ഞുകൊടുത്ത് ഏര്‍പ്പാടാക്കി എട്ടരയായപ്പോ അബിനെയും കൊണ്ട് ഇറങ്ങി. ഞാന്‍ ഒമ്പതേകാലിനും ഇറങ്ങി.
ഓഫീസിലെത്തി ക്ലയന്റ് മീറ്റിങ് തുടങ്ങും മുമ്പേ തന്നെ ജീനേടെ വിളി വന്നു.
‘‘സര്‍വീസിന് ഇപ്പത്തന്നെ ആളുവരും. വീട്ടില്‍ മോനൊണ്ടല്ലോ.’’
ഓകെയല്ലേ എന്നാണ് അറിയേണ്ടത്. ഞാന്‍ മൂളി.
മീറ്റിങ് കഴിഞ്ഞ് സൂപ്പര്‍വൈസറുടെ കൂടെ ഡിസ്കഷനിലിരുന്നപ്പോള് വീണ്ടും കോള്‍.
‘‘അതിന്റെ ഡ്രം പോയെന്നാ പറേണത്. മാറ്റണ്ടിവരും. അവര്‍ കൊണ്ടുപോയി ശരിയാക്കി കൊണ്ടുവരും. ഒരെണ്ണായിരം ഇപ്പോ കൊടുക്കണം.’’
കൂടുതല്‍ ആലോചിക്കാനൊന്നും നിന്നില്ല. വാഷിങ് മെഷീന് പണിയെടുത്തില്ലെങ്കില്‍ ജീനേടെ കാര്യം പോക്കാവും. തുണിയലക്കലോട് തുണിയലക്കലാകും. എണ്ണായിരം അവള്‍ക്ക് ജി പേ ചെയ്തു. പിന്നൊന്നും അന്വേഷിക്കാന്‍ സമയം കിട്ടിയില്ല.
വൈകുന്നേരം വീട്ടില്‍ ജീനയും ആല്വിനുംകൂടി എന്തോ തമാശ പറഞ്ഞിരിക്കുന്ന രംഗത്തേക്കാണ് ചെന്നുകയറിയത്. അബിനും ചിരിയില്‍ അവന് പറ്റുന്ന വിധം പങ്കെടുക്കുന്നുണ്ട്.
‘‘എന്താപ്പൊ വലിയ ചിരി?’’
വാഷിങ് മെഷീന് എടുക്കാന്‍ വന്നയാളുകളുടെ പെരുമാറ്റത്തെക്കുറിച്ച് പറയുകയായിരുന്നു ആല്വിനെന്ന് ജീന പറഞ്ഞു. ഒരു പാവം മനുഷ്യനെപ്പോലെ തോന്നിയെങ്കിലും പറയുന്നതിനും ചെയ്യുന്നതിനുമൊന്നും ഒരു ബന്ധവുമുണ്ടായിരുന്നില്ല. ഒരു മാരുതി ഓമ്നി വാനിലാണ് അവര്‍ രണ്ടുപേര്‍ വന്നത്. രണ്ടാമത്തേത് ആല്വിനേക്കാള് അല്പംകൂടി മാത്രം പ്രായമുള്ള പയ്യന്. രണ്ടാളും കൂടി മെഷീനില്‍ എന്തൊക്കെയോ നോക്കി. ഒടുവില്‍ മെഷീന്റെ ഡ്രമ്മിന് കുഴപ്പമാണെന്നും അത് മാറ്റണമെന്നും ആല്‍വിനോട് പറഞ്ഞു. ഇതിനിടയില്‍ തനിക്കൊന്ന് മൂത്രമൊഴിക്കണമെന്ന് പറഞ്ഞ് പ്രായമുള്ളയാള്‍ വാഷ് റൂം എവിടെയെന്ന് ചോദിച്ചു. ആല്വിന് കാണിച്ചുകൊടുത്തു. അയാള്‍ വാഷ്റൂമിലിരുന്ന് ആരോടോ സംസാരിക്കുന്നുണ്ടായിരുന്നു.
അയാള്‍ മൂത്രമൊഴിച്ച് വന്നശേഷം ആല്‍വിനോട് പറഞ്ഞു, എണ്ണായിരം രൂപ വേണം, മെഷീന് കൊണ്ടുപോയി ശരിയാക്കി തിരിച്ചുകൊണ്ടുവരാമെന്ന്. ആല്വിന് അമ്മയെ വിളിച്ചു. ജീന തന്നെ വിളിച്ചു, പൈസ കൈമാറി, അവര്‍ വാഷിങ് മെഷീനും കൊണ്ട് പോവുകയുംചെയ്തു. വാഷിങ് മെഷീന് വണ്ടിയില്‍ കയറ്റാന്‍ അവര്‍ നല്ല പാടുപെട്ടെന്ന് ആല്വിന് പറഞ്ഞു.
‘‘അപ്പോ കമ്പനി സര്‍വീസല്ലേ വിളിച്ചത്?’’
എന്റെ ചോദ്യത്തിലെ ആകാംക്ഷ ജീനയ്ക്ക് പെട്ടെന്ന് പിടികിട്ടി.
‘‘ആന്നേ. കമ്പനീന്ന് വന്ന ആളുകള്ടെ കാര്യാ ഇപ്പറേന്നേ.’’
അതു കൊള്ളാവല്ലോ എന്നെനിക്കും തോന്നി. കമ്പനിയില്‍ നിന്ന് വിടുന്ന ആളുകള്‍ ഒരു തലയും വാലും പിടികിട്ടാത്തപോലെ പെരുമാറുമോ?
‘‘മെഷീന് എപ്പ കൊണ്ടുത്തരൂന്നാ പറഞ്ഞേ?’’ ഞാന്‍ ഷൂസ് അഴിച്ചുകൊണ്ട് ആല്‍വിനോട് ചോദിച്ചു.
‘‘ഹീ ഡിഡിന്റ് ടെല്‍ എക്സാക്റ്റ്ലി പപ്പ, മൂന്നാലൂസം എടുക്കുവാരിക്കും,’’ ആല്വിന് കമ്പ്യൂട്ടറില്‍നിന്ന് തലയെടുക്കാതെ പറഞ്ഞു.
അപ്പോഴാണ് ആല്‍വിന്റെ കഫക്കെട്ടിന്റെ കാര്യമോര്‍ത്തത്. ഡോക്ടറെ കാണിക്കുന്ന കാര്യമേ മറന്നുപോയതായിരുന്നു.
അയ്യോ, ആല്‍വിനെ ഡോക്ടറുടടുത്ത് കൊണ്ടുപോയോ ജീനേ...
സെബാസ്റ്റ്യനെ കാണിച്ചെന്നും ചെറിയൊരു ഇന്ഫെക്ഷന് ഉണ്ടെന്ന് പറഞ്ഞെന്നും ജീന പറഞ്ഞു. അതുകൊണ്ട് മാത് സ് ട്യൂഷന് വിട്ടില്ല. ‘‘ഇപ്പഴത്തെ ചെറിയ ഇന്ഫെക്ഷന്പോലും ശ്രദ്ധിക്കണം’’, ഞാന്‍ കിടക്കാന്നേരം ജീനയോട് പറഞ്ഞു.
മൂന്നുനാലു ദിവസം വാഷിങ് മെഷീനെക്കുറിച്ച് ചിന്തയുണ്ടായില്ല. വേറെ ഏതാണ്ടൊക്ക ബിസിനസ് കാര്യങ്ങളില്‍ ഞാനങ്ങ് മുങ്ങിപ്പോയി. വീണ്ടുമൊരു ദിവസം വെളുപ്പിന് ജീന ഡ്രസെല്ലാമെടുത്ത് കൈകൊണ്ട് തിരുമ്മുന്നത് കണ്ടപ്പോഴാണ് കാര്യം ഓര്മ വന്നത്.
‘‘മെഷീന് കൊണ്ടോയവര് വിളിച്ചില്ലേ ജീനേ... നാലുദിവസവായല്ലോ.’’
‘‘എന്നെയെങ്ങനെ വിളിക്കാനാ. ഞാന്‍ ചേട്ടന്റെ നമ്പരല്ലായോ അവിടെ കൊടുത്തേക്കണേ.’’
‘‘ആഹാ. എന്നിട്ട് അവമ്മാര് എന്നേം വിളിച്ചില്ലല്ലോ.’’
‘‘വിളിക്കുവാരിക്കും. നോക്കാം.’’
ജീന അതില്‍ വലിയ ഉത്കണ്ഠയൊന്നും കാണിച്ചില്ല. എനിക്ക് പക്ഷേ എന്തോ പന്തികേട് മണത്തു. നല്ല വിലയുള്ള മെഷീന്. വന്നവരെക്കുറിച്ച് ആല്വിന് പറഞ്ഞ കാര്യങ്ങള്‍ കേട്ടപ്പോഴേ എന്തോ ഒരിത് തോന്നുകയും ചെയ്തു. ഞാന്‍ ഓഫീസിലെത്തി സെറ്റിലായശേഷം കമ്പനിയുടെ സര്‍വീസ് വിഭാഗത്തിന്റെ നമ്പര്‍ തപ്പിയെടുത്ത് വിളിച്ചു. എന്റെ നമ്പരോ പേരോ ഒന്നും പറഞ്ഞിട്ടും അവര്‍ക്ക് അങ്ങിനെയൊരു സര്‍വീസ് കോള്‍ രജിസ്റ്റര്‍ ചെയ്തതായി കാണുന്നില്ല.
തട്ടിപ്പ് തന്നെ. ഞാനുറപ്പിച്ചു.
ജീനയെ വിളിച്ചു.
‘‘ഗൂഗിളില്‍ സെര്‍ച്ച് ചെയ്തപ്പ കിട്ടിയ നമ്പരാണ്. വിളിച്ചപ്പ കമ്പനിയുടെ പേര് പറഞ്ഞുതന്നെയാ ചോദിച്ചത്. അവര്‍ ഓകെ പറഞ്ഞു. നമ്പരും അഡ്രസും കൊടുത്തു’’, ഒരു സങ്കോചവുമില്ലാതെ അവള് പറഞ്ഞു.
ചില കാര്യങ്ങളില്‍ ജീനേടെ നിഷ്കളങ്കത സഹിക്കാവുന്നതിനും അപ്പറത്താണ്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാ അപ്പടി അതങ്ങ് വിശ്വസിച്ചുകളയും. ഒരു ക്രോസ് ചെക്കും ചെയ്യില്ല. ഇതുപോലെ എത്രയോ തവണ പറ്റിക്കപ്പെട്ടിട്ടുണ്ട്. എന്നാലും പഠിക്കില്ല. പൂപ്പാറേലെ കുഞ്ഞ പറയുന്നത് അതും അവളുടെ തട്ടിപ്പാണ് എന്നാണ്. നിഷ്കളങ്കത കാണിക്കാനുള്ള അടവാണത്രേ.
ഇതിപ്പോ ശരിക്കും കുടുങ്ങി.
ജീനയുടെ ഫോണില്‍നിന്ന് അന്നുവിളിച്ച നമ്പര്‍ തപ്പിയെടുത്ത് ഞാന്‍ വിളിച്ചു. ഫോണ്‍ എടുത്തപ്പോത്തന്നെ എനിക്ക് ശ്വാസംവീണു.
‘‘ഹലോ, ഇത് ബോഷ് കമ്പനിയുടെ സര്‍വീസ് സെന്ററാണോ?’’
ആ ചോദ്യത്തിന് മറുപടി കിട്ടാന്‍ ഒരു സെക്കന്‍ഡ് എടുത്തു. സ്വാഭാവികം.
‘‘എന്താ കംപ്ലെയിന്റ് സര്?’’
‘‘ഇത് ബോഷിന്റെ സര്‍വീസ് സെന്ററാണോ?’’
‘‘സര്. എല്ലാ കമ്പനിയുടെയും സര്‍വീസ് ചെയ്യും സര്.’’
‘‘അപ്പോ ബോഷിന്റെ ഒഫീഷ്യല്‍ സര്‍വീസ് സെന്ററല്ലേ?’’
‘‘സര്. എല്ലാ കമ്പനിയുടെയും സര്‍വീസ് ചെയ്യും സര്.’’
എന്റെ ചോദ്യത്തിനല്ല അയാളുടെ മറുപടി എന്ന് ഉറപ്പിച്ചു. അതിനയാള്‍ മറുപടി പറയില്ല.
‘‘ശരി. കലൂരീന്ന് ഒരു വാഷിങ് മെഷീന് സര്‍വീസിന് എടുത്തിട്ടില്ലേ?’’
‘‘ഉണ്ട് സര്.’’
‘‘അത് സര്‍വീസ് കഴിഞ്ഞോ?’’
‘‘ഇന്ന് കഴിയും സര്.’’
‘‘നാലുദിവസംകൊണ്ട് തീരുമെന്ന് പറഞ്ഞിട്ടിപ്പോ ദിവസം അഞ്ചായല്ലോ.’’
‘‘ഡ്രം കിട്ടാന്‍ സമയമെടുത്തു സര്.’’
‘‘ഓകെ. ഇന്ന് വൈകുന്നേരത്തിനുള്ളില്‍ സാധനം എത്തിക്കണം.’’
‘‘ശരി സര്.’’
വാഷിങ് മെഷീന് തിരികെ കിട്ടുക എന്നതാണ് മുഖ്യം. ബാക്കിയെല്ലാം പിന്നീട്. ഫോണ്‍ ഓട്ടോമാറ്റിക് കോള്‍ റെക്കോഡിങ് മോഡില്‍ ആയതുകൊണ്ട് പേടിക്കാനുമില്ല. പക്ഷേ ഒരു കാര്യം ശ്രദ്ധിച്ചത്, അയാളുടെ എല്ലാ മറുപടികള്‍ക്കും മുന്നില്‍ ഒരു സെക്കന്‍ഡ് താമസമുണ്ടായിരുന്നു.
അന്ന് വൈകുന്നേരം തീരെ പ്രതീക്ഷിക്കാതെ വീട്ടിലേക്ക് പൂപ്പാറേലെ കുഞ്ഞ വന്നു. ജീനയാണ് വിളിച്ചുപറഞ്ഞത്. വീട്ടിലെത്തിയപ്പോഴേക്ക് കുഞ്ഞ പിള്ളേരെ രണ്ടാളെയും സ്നേഹിച്ചുകൊണ്ടിരിക്കുകയായിരുന്നു. ജീന അടുക്കളയിലാണ്. വാഷിങ് മെഷീന് കാണാനില്ലാത്തത് കുഞ്ഞ അതിനകം തന്നെ ശ്രദ്ധിക്കുകയും ജീന അതിന്റെ കഥ പറഞ്ഞുകൊടുക്കുകയും ചെയ്തിരുന്നു.
അതിനാല്‍ ഞാനെത്തിയപ്പോ തന്നെ കുഞ്ഞയ്ക്ക് എന്റെ ആശങ്ക മുഴുവന്‍ ചൂഴ്ന്നെടുക്കാന്‍ ധൃതിയായി. മോനേ ജോണീ ഞാന്‍ വന്നിട്ട് ഒരു രണ്ടു മണിക്കൂറായി, നീ അവരെ വിളിച്ചോ, എന്താ പറഞ്ഞേ, തട്ടിപ്പുകാര്‍ തന്നെയാ അല്ലേ, വിടരുതവരെ, പൊലീസിനെ അറിയിക്കണം, അല്ലാ ഇങ്ങനുണ്ടോ ഒരു തട്ടിപ്പ്, അതിനെങ്ങനാ ശ്രദ്ധയില്ലാതെ ജീനമോളും അവരെ വിളിച്ചിട്ടല്ലായോ ഈ പൊല്ലാപ്പൊക്കെ ഉണ്ടായേ എന്നെല്ലാമായി കുഞ്ഞ രംഗം കൊഴുപ്പിക്കാന്‍ തുടങ്ങി.
‘‘കുഞ്ഞ എന്താ ഒന്ന് വിളിക്കപോലും ചെയ്യാതെ? അവിടെല്ലാര്‍ക്കും സുഖവാന്നോ?’’
ഞാന്‍ അതിന്റെ മുറുക്കം കുറയ്ക്കാന്‍ ഒരു വള്ളി മുറിക്കുംപോലെ മൃദുവായി ചോദിച്ചു. കുഞ്ഞ എന്തൊക്കെയോ പറയുന്നതിനിടയില്‍ ഞാന്‍ കുളിക്കാന്‍ കയറി.
സമയം ആറുമണിയായിരുന്നു. അവര്‍ വന്നില്ലല്ലോ എന്ന് സോപ്പ് തേക്കുമ്പോള്‍ ആലോചിച്ചു. പോട്ടെ, നാളെ കുഞ്ഞ പോയശേഷം മതി ഇനി അതിനെക്കുറിച്ചുള്ള ചര്‍ച്ച എന്നുവച്ചു. പിറ്റേന്ന് ബ്രേക് ഫാസ്റ്റ് കഴിഞ്ഞ് മക്കളും ജീനയുമൊക്കെ പോയിക്കഴിഞ്ഞ് ഓഫിസീപ്പോകാന് ഞാനും ഇറങ്ങാന്നേരം കുഞ്ഞ അടുത്തുവന്നു.
‘‘ജോണി മോനേ, നടുവിന് ഏതുനേരത്തും ഒരു പിടിത്തം. തൊടുപുഴേലേതാണ്ടൊരു വൈദ്യന് നട്ടെല്ലേ നല്ല ചികില്‍സ ചെയ്യുന്നുണ്ടെന്നാ പറേന്നേ. കാശ് കൊറച്ചാകും. മോനോടല്ലേ കുഞ്ഞയ്ക്ക് ചോദിക്കാനൊക്കത്തൊള്ളൂ.’’
‘‘ശരി കുഞ്ഞേ. ഞാന്‍ നോക്കട്ടെ’’ എന്നുപറഞ്ഞ് കാറില്‍ കയറി. ബസ് സ്റ്റാന്ഡീ വിടാന്‍ ഓട്ടോക്കാരന് ബേസിലിനോട് പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു. വണ്ടി ഇടയ്ക്കുവച്ച് സൈഡാക്കി കുഞ്ഞയുടെ അക്കൗണ്ടില്‍ അയ്യായിരം ഗൂഗിള്‍ പേ ചെയ്തു. ഇടയ്ക്കിങ്ങനെ തനിച്ച് വന്ന് ഓരോ ആവശ്യം പറഞ്ഞ് വാങ്ങും. ബന്ധത്തില്‍ ആകെയുള്ളത് അവരായതുകൊണ്ട് തട്ടിമാറ്റാനും കഴിയില്ല.
ഓഫീസിലെത്തിയ ഉടന്‍ തലേന്നത്തെ നമ്പരെടുത്ത് വിളിച്ചു.
‘‘സാറേ, ഇന്നലെ കൊണ്ടുവരാനിരുന്നതാ സാറേ. ഡ്രം ഫിറ്റ് ചെയ്ത് എല്ലാം ശരിയാക്കി വരുവാരുന്നു. അപ്പ ദേണ്ടെ ഒരു മിന്നല്‍ വന്ന് കറന്റങ്ങ് പോയി.’’
എനിക്ക് നല്ല അരിശം കേറി.
‘‘ഞങ്ങടവിടൊന്നും മിന്നല്‍ വരുവോ കറന്റ് പോവോ ഒന്നും ചെയ്തില്ലല്ലോ. നിങ്ങക്ക് മാത്രം ഇതെന്താ ഒരുകറന്റ് പോകല്‍?’’
‘‘അത് കലൂരല്ലേ സാറേ. ഇതിങ്ങ് ദേശത്താ. ഇവിടങ്ങനാ. കറന്റ് പോവാനൊക്കെ എന്തേലുമൊരു കാരണം മതി.’’
ദേശമോ? ഞാനന്തംവിട്ടു. ആലുവ കഴിഞ്ഞും പോകണം. അവിടുന്നാണോ വന്ന് മെഷീന് കൊണ്ടുപോയിരിക്കുന്നത്! ഇവിടെ മെട്രോ നഗരത്തില്‍ ഇത്രയധികം സൗകര്യങ്ങളുണ്ടായിട്ടും! ജീന ചെയ്തുവച്ച ഒരു പൊല്ലാപ്പെന്ന് ഉള്ളില്‍ പറയാതെ പറഞ്ഞു. പക്ഷേ മെഷീന് തിരിച്ചുകിട്ടുന്നതുവരെ പാലിക്കേണ്ട ക്ഷമ ഞാന്‍ കൈവെടിഞ്ഞില്ല.
‘‘എന്നിട്ടിപ്പോ പണികഴിഞ്ഞോ, ഇന്ന് കൊണ്ടുവരുമോ?’’
‘‘കൊണ്ടുവരും സര്. എത്ര മണിക്ക് കൊണ്ടുവരണം?’’
‘‘ആറു മണിക്ക് എത്തിച്ചാല്‍ മതി.’’
‘‘ഓ ശരി സാര്‍. ആറു മണിക്ക് എത്തിക്കാം.’’
ഞാന്‍ ജീനയോടും വിളിച്ചുപറഞ്ഞു. പക്ഷേ അന്നും അയാള്‍ വന്നില്ല. വിളിച്ചിട്ടൊന്നും ഫോണും എടുത്തില്ല. അടുത്തദിവസം രാവിലെ അയാള്‍ തിരിച്ചുവിളിച്ചു. ഞാന്‍ ഫോണെടുത്താല്‍ പൊട്ടിത്തെറിക്കും എന്ന് മനസ്സിലാക്കിയ ജീന ഫോണെടുത്തു.
‘‘അയാളുടെ അടുത്ത വീട്ടിലൊരു മരണം നടന്നു. അതാ ഫോണെടുക്കാമ്പോലും പറ്റാതിരുന്നത്’’, ഫോണ്‍ െവച്ചുകൊണ്ട് ജീന പറഞ്ഞു.
‘‘ഇന്ന് ഉറപ്പായിട്ടും വരും. വൈകീട്ട് ആറുമണിക്ക്.’’
ഞാന്‍ ആറുമണിക്ക് മുമ്പുതന്നെ എത്തി റെഡിയായി നിന്നു. സമയമായിട്ടും ലക്ഷണമൊന്നും കണ്ടില്ല. ആറേ കാലിന് വിളിവന്നു. ജീന എടുത്തു.
‘‘മാഡം, വന്നുകൊണ്ടിരിക്കുവാ. അങ്കമാലീലെ ബ്ലോക്കീന്ന് ഇപ്പോ ഊരിക്കിട്ടിയതേ ഉള്ളൂ.’’
വിശ്വസിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. ഏഴരക്ക് മുറ്റത്ത് ഒരു ഓമ്നി വാനിന്റെ ശബ്ദമെന്ന് കരുതാവുന്ന ഒരൊച്ചക്കാറ്റ് വന്നലച്ചുനിന്നു.
ജീന പോയി വാതില്‍ തുറന്ന് മാറിനിന്നു. ആല്വിന് പഠിക്കുന്നിടത്ത് നിന്ന് ഒന്നെത്തി നോക്കി വന്നോ എന്ന് ചോദിച്ചു.
‘‘എന്തൊരു ബ്ലോക്കാ മാഡം.’’
ഇതുവരെ ഫോണില്‍ കേട്ട ശബ്ദം ഓമ്നി വാനില്‍ നിന്നിറങ്ങി ചെറുപ്പക്കാരനായ ഡ്രൈവറുടെ സഹായത്തോടെ വാഷിങ് മെഷീന് താങ്ങിപ്പിടിച്ച് പടിക്കെട്ടിലെത്തി ഏന്തിവലിയുന്നത് ഞാന്‍ സോഫയിലിരുന്ന് കേട്ടു. വാതില്‍ മുഴുവനായി തുറന്നുകൊണ്ട് അവര്‍ രണ്ടാളും തന്നെ അത് ആവുംവിധം പൊക്കി നിലത്തിട്ട് വലിക്കാതെയും സൈഡിലൊന്നും മുട്ടാതെയും കിച്ചന്റെ മൂലയ്ക്ക് അത് മുന്നേ ഇരുന്ന സ്ഥലത്ത് എത്തിച്ചു.
അയാള്‍ക്ക് എഴുപതിനുമേല്‍ പ്രായമുണ്ട്.
‘‘എല്ലാം ശരിയായിട്ടുണ്ട് മാഡം.’’
‘‘ഓഹോ. എന്ത് ശരിയായീന്ന്?’’, ഞാന്‍ സോഫയില്‍നിന്ന് എഴുന്നേറ്റു.
എന്റെ ശബ്ദം മാറിയെന്ന് മനസ്സിലാക്കിയ ചെറുപ്പക്കാരന് ഡ്രൈവര്‍ പതിയെ വലിഞ്ഞു.
അയാള്‍ ചുവരിനോട് ചേര്‍ന്നുനിന്നു. ഞാനയാളെ രൂക്ഷമായി നോക്കി. സാമാന്യം നല്ലൊരു അകലത്തുനിന്നിട്ട് പോലും എനിക്ക് വിയര്‍പ്പ് നാറ്റം അടിച്ചു.
‘‘ആ ചുവര് വൃത്തികേടാക്കാതെ ഇങ്ങോട്ട് മാറിനിക്ക് ചേട്ടാ. നിങ്ങള്‍ എന്ത് വിചാരിച്ചാ ഇക്കാണിച്ചതൊക്കെ?’’
‘‘സാറേ. ഒരു കൊഴപ്പൂല്ല. ഡ്രം മാറ്റിയതുകൊണ്ട് ഇനി ഒന്നും പേടിക്കാനില്ല. ധൈര്യായിട്ട് ഓടിച്ചോ.’’
‘‘നിങ്ങള്‍ ചോദിച്ചതിന് ഉത്തരം പറയില്ലല്ലേ. എവിടാ നിങ്ങടെ സര്‍വീസ് സെന്ററ്?’’
‘‘ദേശത്താ സാറേ. എന്തൊരു ബ്ലോക്കാ. സാറ് മാഡത്തോട് പറയണം, ഇനി വാഷ് ചെയ്യുമ്പോ ആദ്യം ശകലം തുണി മാത്രവിട്ട് ഒന്ന് ട്രൈ ചെയ്യാന്‍. സംഗതി കണ്ടീഷനാ സാറേ. എന്നാലും.’’
‘‘നിങ്ങടെ പേരെന്താ?’’
‘‘അയ്യപ്പന്. ഇനി അഞ്ചു കൊല്ലത്തേക്ക് ഇവന് കൊഴപ്പം വരൂല’’, അയാള്‍ വാഷിങ് മെഷീനില്‍ അഭിമാനത്തോടെ തൊട്ടുകൊണ്ടിരുന്നു.
‘‘മാറ്റിയിരിക്കുന്ന ഡ്രം ഒറിജിനലാണോ?’’
‘‘ആണ് സാറേ. നല്ല പുത്തനാ. ബോഷിന് അതിന്റെ കമ്പനീടെ തന്നെ ഡ്രമ്മേ ഫിറ്റാവൂ. അതാ വൈകീത്.’’
‘‘അതിന്റെ ബില്ലെവിടെ? വാറന്റി കാര്‍ഡും വേണം.’’
അയാള്‍ ഒരു ചെറിയ ബാഗില്‍നിന്ന് ഒരു കടലാസ് എടുത്തുതന്നു. ഡ്രമ്മിന്റെ വിലയും ചെറിയ ചില ലോക്കുകളുടെ വിലയും സര്‍വീസ് ചാര്‍ജുമെല്ലാം അതില്‍ കൈകൊണ്ടെഴുതിയിരുന്നു. ആകെ ഏഴായിരത്തി അഞ്ഞൂറ്. ബാക്കി അഞ്ഞൂറു രൂപയും അയാള്‍ പോക്കറ്റില്‍നിന്ന് എടുത്തുതന്നു. എനിക്കങ്ങ് പ്രാന്ത് വന്നു.
‘‘ഇതില്‍ ഡ്രമ്മിന്റെ ബില്ലെവിടെ?’’
‘‘ബില്ലാണ് സര് ഇത്.’’
‘‘ഡ്രമ്മിന്റെ ഒറിജിനല്‍ ബില്ലെവിടെ?’’
‘‘ഒറിജിനല്‍ ഡ്രം ആണ് സര്. അതിന് അയ്യായിരത്തി മുന്നൂറായി.’’
‘‘ഡ്രമ്മിന്റെ ബില്ലെവിടെടോ’’ എന്ന് ഷൗട്ട് ചെയ്തുകൊണ്ട് ഞാനയാളുടെ കോളറീക്കേറി പിടിച്ചു.
‘‘താനെന്നെ പൊട്ടന് കളിപ്പിക്കാമെന്ന് വിചാരിച്ചോ? ഞാനാരാന്ന് ഇപ്പ കാണിച്ച് തരാം കേട്ടോ.’’
ഞാനയാളുടെ പിടിവിട്ട് ശ്രീകാന്തിന്റെ നമ്പര്‍ ഡയല് ചെയ്തു. ഇയാള്‍ വരുന്ന സമയത്ത് മിസ്ഡ് കോള്‍ ഇടാമെന്ന് ഞാനവനോട് പറഞ്ഞിരുന്നു. സ്റ്റേഷനീക്കൊണ്ടുപോയി വിരട്ടിയാലിയാള് തത്ത പറയുംപോലെ പറയും എല്ലാം.
അയാള്‍ നിന്ന് വിറച്ചു.
‘‘ഒറിജിനലാണ് സര്.’’ അയാളുടെ ശബ്ദം അയാളേക്കാള്‍ ഭയന്നു.
‘‘എവിടുന്നാ താന്‍ ഡ്രം വാങ്ങിയത്?’’
‘‘സാറ് ക്ഷമിക്കണം.’’
വിരട്ടല്‍ ഏറ്റു. അയാള്‍ ചിലതൊക്കെ പറയാന്‍ പോവുകയാണ്. വിരട്ടലേ ഇത്തരക്കാരോട് ശരിയാകൂ.
‘‘പറ.’’
അയാള്‍ കുറച്ചുനേരംകൂടി മിണ്ടാതെ നിന്നു.
‘‘ഒറിജിനലാണ് സര്. പാലായിലെ ജോസഫച്ചായന്റെ കടേന്ന് പാര്‍ട്സ് വാങ്ങിച്ചാണ് ഞാന്‍ സര്‍വീസ് ചെയ്യുന്നേ. അവിടുന്ന് കൊണ്ടരാന്‍ സ്ഥിരമായി കിട്ടുന്ന വണ്ടി കിട്ടാതെയൊക്കെ ഇച്ചിരി താമസിച്ചു. അതാ. മാഡം വിഷമിക്കരുതല്ലോന്ന് കരുതിയാ ഞാന്‍ ചെറിയ നൊണയൊക്കെ പറഞ്ഞ് നിന്നത്. ഇനി ഈ ബോഷ് മെഷീന് കൊഴപ്പവൊന്നും ഉണ്ടാവത്തില്ല. ഒറിജിനലാണ് സര്.’’
‘‘ആ കടയിലെ ആരുടെയെങ്കിലും നമ്പരുണ്ടോ?’’
അയാള്‍ നമ്പര്‍ തന്നു.
ജോസഫ് എന്നയാളുടെ മകനാണ് ഇപ്പോള്‍ പാലായിലെ ഈ സ്പെയര്‍ പാര്‍ട്സ് കട നടത്തുന്നത്. കൊച്ചിയില്‍നിന്ന് കമ്പനി സര്വീസുകാരല്ലാത്ത ഒരുപാട് പേരുവന്ന് ഇവിടുന്ന് പാര്‍ട്സ് വാങ്ങിക്കാറുണ്ടെന്ന് അയാള്‍ പറഞ്ഞു. അയ്യപ്പന് അവരുടെ പത്ത് നാല്പത് വര്‍ഷമായുള്ള കസ്റ്റമറാണ്. വാഷിങ് മെഷീന് മാത്രമല്ല, ഫ്രിഡ്ജും മിക്സിയും ഒക്കെ അയ്യപ്പന് സര്‍വീസ് ചെയ്യും. ചെറുപ്പത്തിലേ പഠിച്ച ഈ പണിവച്ചാണ് കുടുംബം പോറ്റിയത്.
‘‘ഇപ്പോ ഏത് പുതിയ മെഷീന്റേം ടെക്നോളജി അയ്യപ്പന് അങ്കിളിന് പുഷ്പംപോലെയാണ്. ചെറിയ പൈസയേ മൂപ്പര് എടുക്കുള്ളൂ. ആളുകളുടെ സാറ്റിസ്ഫാക്ഷനാ മൂപ്പരുടെ സന്തോഷം. ഇവിടുന്ന് പാര്‍ട്സ് വാങ്ങി ആലുവ ദേശത്ത് കൊണ്ടുപോയി സര്‍വീസ് ചെയ്യണെങ്കീ തന്നെ ചെലവ് ആലോചിച്ച് നോക്കിയേ.’’
ജോസഫ് എന്ന സ്പെയര്‍ പാര്‍ട്സ് കടക്കാരന്റെ മകന്റെ ഫോണ്‍ കട്ട് ചെയ്ത് ഞാന്‍ അയ്യപ്പനോട് പറഞ്ഞു: ‘‘ചേട്ടന് പൊക്കോ. എന്തേലും ഒണ്ടെങ്കി ഞാന്‍ വിളിക്കാം.’’
ശ്രീകാന്ത് ഏതു നിമിഷവും എത്തും.
മൂപ്പര് ആദ്യം ഇറങ്ങിപ്പോയി തിരിച്ചുവന്നു. കയ്യിലൊരു പ്ലാസ്റ്റിക് കൂടുംകൊണ്ട്. അതിലെന്തോ ഉണ്ട്.
‘‘മാഡം, പ്രയാസൂല്ലെങ്കീ ഒരു പ്ലാസ്റ്റിക്കിന്റെ പാത്രം തരാവോ. നിങ്ങള്‍ ഉപയോഗിക്കാത്തത് മതി.’’
എന്തിനാണെന്ന ചോദ്യത്തോടെ ജീന എന്നെ നോക്കി.
‘‘ഇത് ഒരു പാക്കറ്റ് ഐസ്ക്രീമാരുന്നേ. മോളടെ കൊച്ചിന്റെ പെറന്നാളാ. എത്ര വൈകീട്ടായാലും ഐസ് ക്രീം വാങ്ങിക്കൊണ്ടരണംന്ന് ഒരേ വിളിയായിരുന്ന്. ഇതിപ്പോ എല്ലാംകൂടി അലിഞ്ഞുപോയി. എന്തൊരു ബ്ലോക്കാ. ഒരു പാത്രത്തിലാണേ വെള്ളവായിട്ടാണേലും കൊച്ചിന് കുടിക്കാവല്ലോ. അത്രക്കിഷ്ടാ ഐസ്ക്രീം.’’
അയ്യപ്പന് വെളുക്കനെ ചിരിച്ചു.
ജീന കഴിഞ്ഞദിവസം പാഴ്സല്‍ കൊണ്ടുവന്ന ഒരു വട്ടപ്പാത്രം കഴുകി വൃത്തിയാക്കി കൊണ്ടുവന്ന് കൊടുത്തു.
‘‘ഐസ് ക്രീം വാങ്ങി നേരത്തേ ഫ്രിഡ്ജില്‍ വച്ചാപ്പോരായിരുന്നോ?’’, ജീന ചോദിച്ചു.
‘‘മതിയായിരുന്നു. പക്ഷേ അതിനാദ്യം ഫ്രിഡ്ജ് വാങ്ങണ്ടേ മാഡം?’’
അയ്യപ്പന് പിന്നെയും ചിരിച്ചു.
ശ്രീകാന്തിനെ ഞാന്‍ തിരിച്ചുവിളിച്ച് സംഗതി സെറ്റിലായി, വരേണ്ടെന്ന് പറഞ്ഞു.
രാത്രി ഒന്നിച്ച് ചപ്പാത്തി കഴിച്ചുകൊണ്ടിരുന്നപ്പോള്‍ നാലാളുടെയും ഇടയില്‍ എന്താപ്പൊ പറയ എന്നൊരു വിഷയം തങ്ങിനിന്നു. കൊച്ചുമോന് പിറ്റേന്ന് സ്കൂളീ ക്രിക്കറ്റ് ടീമിലേക്ക് സെലക്ഷനുള്ള കാര്യം പറഞ്ഞു. മൂത്തവന് ഇടയ്ക്ക് ഒന്ന് തൊണ്ട കുറുക്കുക മാത്രം ചെയ്തു. കഴിച്ചെഴുന്നേറ്റശേഷം ജീന വാഷിങ് മെഷീന്റെ ഡ്രയറില്നിന്ന് നേരത്തേ ഇട്ട തുണികള്‍ എടുത്ത് കിഴക്കുവശത്ത് അയയില്‍ വിരിച്ചിട്ടു.
ആരും മിണ്ടാനില്ലാത്തതുകൊണ്ട് മിണ്ടാത്തതാണോ അതോ, ആ മനുഷ്യനോട് ഞാന്‍ പെരുമാറിയത് കേട്ട് പേടിച്ചിട്ടാണോ എന്താണെന്ന് എനിക്ക് മനസ്സിലായില്ല. വാഷിങ് മെഷീന് നന്നായിക്കിട്ടിയതില് ജീനക്ക് സന്തോഷമുണ്ടാകേണ്ടതാണ്. ഞാനൊന്ന് ടോയ് ലറ്റില്‍ പോയിവന്ന സമയംകൊണ്ട് അവള് പുതപ്പുമൂടി കിടന്നുകഴിഞ്ഞു. പിന്നെ, വേറെയൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് ഞാനും കിടന്നു. വെളുപ്പിന് വലത്തേക്കവിളത്ത് എന്തോ പശപോലെ തോന്നി എഴുന്നേറ്റ് ബാത്ത് റൂമിലെ കണ്ണാടിയില്‍ പോയി നോക്കി. കട്ടിക്കഫത്തിന്റെ ഒരു ഗുളിക വലുപ്പമുള്ള ‘ത്ഫൂ’ അവിടെ പറ്റിപ്പിടിച്ചിരുന്നു.