എട്ട് മിന്നൽക്കഥകൾ
1. മനുഷ്യൻനദിക്കരയിൽ ഒരു വൃക്ഷച്ചുവട്ടിലിരിക്കുകയായിരുന്ന അയാളോട് നദി പറഞ്ഞു: ‘‘ഞാനെന്റെ വെള്ളം കുടിക്കാറില്ല. അത് ഞാൻ നിനക്ക് തരുന്നു.’’ വൃക്ഷം പറഞ്ഞു: ‘‘ഞാനെന്റെ പഴങ്ങൾ ഭക്ഷിക്കാറില്ല. കിളികൾക്ക് മാത്രമല്ല അത് നിനക്ക് കൂടിയുള്ളതാണ്.’’ അയാൾ നദിയിലെ വെള്ളം കുടിക്കുകയും കനികൾ ഭക്ഷിക്കുകയും ചെയ്തശേഷം നദിയെ കഴുത്ത് ഞെരിച്ചുകൊന്ന് വൃക്ഷം അറുത്തുമാറ്റി...
Your Subscription Supports Independent Journalism
View Plans1. മനുഷ്യൻ
നദിക്കരയിൽ ഒരു വൃക്ഷച്ചുവട്ടിലിരിക്കുകയായിരുന്ന അയാളോട് നദി പറഞ്ഞു:
‘‘ഞാനെന്റെ വെള്ളം കുടിക്കാറില്ല. അത് ഞാൻ നിനക്ക് തരുന്നു.’’
വൃക്ഷം പറഞ്ഞു:
‘‘ഞാനെന്റെ പഴങ്ങൾ ഭക്ഷിക്കാറില്ല. കിളികൾക്ക് മാത്രമല്ല അത് നിനക്ക് കൂടിയുള്ളതാണ്.’’
അയാൾ നദിയിലെ വെള്ളം കുടിക്കുകയും കനികൾ ഭക്ഷിക്കുകയും ചെയ്തശേഷം നദിയെ കഴുത്ത് ഞെരിച്ചുകൊന്ന് വൃക്ഷം അറുത്തുമാറ്റി മരുഭൂമിയിലേക്ക് നടന്നു.
2. ആഹ്ലാദസൂര്യൻ
ആയിരം നക്ഷത്രങ്ങൾക്കിടയിൽ ഒറ്റക്കായിട്ടും സന്തോഷംകൊണ്ട് തിളച്ച് മറിയുകയാണ് സൂര്യൻ.
3. സങ്കടമഴ
ഭൂമിയുടെ നിശ്വാസം കുമിഞ്ഞുകൂടി ആവിയായി മേൽപോട്ട് പോയി പെയ്യുന്ന സങ്കടമഴയാണ് പ്രളയമുണ്ടാക്കുന്നത്.
4. വേരും ചിറകും
കുട്ടിയെ സ്കൂൾ യൂനിഫോം അണിയിച്ച്, ബാഗൊരുക്കി, കാറിൽ കയറ്റുംനേരം മുറ്റത്തെ മൂവാണ്ടൻ മാവ് പറഞ്ഞു:
‘‘ഇവന് ഇത്തിരി വേരുകൾ ഉണ്ടാവുന്നത് നല്ലതാണ്.’’
മാവിൻ ശിഖരത്തിലെ ഒരു കിളി കൂട്ടിച്ചേർത്തു.
‘‘ചിറകുകളും.’’
5. പ്രതീക്ഷ
ജീവൻ തൂക്കിയിടാനാണ് അയാൾ മരക്കൊമ്പിൽ കയർ കെട്ടിയത്.
മരം പറഞ്ഞു:
‘‘എന്റെ ഇലകളത്രയും കൊഴിഞ്ഞുപോയത് നീ കാണുന്നില്ലേ? വീണ്ടും ഇലകൾ തളിർക്കുമെന്ന് നിനക്കറിയില്ലേ?’’
അയാൾ കയറഴിച്ചു.
6. ഒളിപ്പിച്ചുവെച്ചത്
വിരിഞ്ഞു ചിരിച്ചുനിൽക്കുന്ന പൂവിനെത്തേടി ചെന്നതായിരുന്നു.
ദൂരെ പറന്ന് നടക്കുന്ന പൂമ്പാറ്റ പറഞ്ഞു:
‘‘വേണ്ട. അടുത്ത് പോവേണ്ട. പൂവിനുള്ളിൽ ബോംബുകളും തോക്കുകളും ഒളിപ്പിച്ച് വെച്ചിട്ടുണ്ട്.’’
7. ചുമലിൽ ഒരു കൈ
നാം നിശ്ശബ്ദരായി നമ്മുടെ വേദനകളോട് തന്നെ സംസാരിക്കുമ്പോൾ,
അടുത്ത് വന്നു നിന്ന് ആരും കാണാതെ ദൈവം അത് കേൾക്കുന്നു.
ഇപ്പോൾ നമ്മുടെ ചുമലിൽ ഒരു കൈ.
8. പ്രകൃതിയിൽ ഒരു നടത്തം
ഇളംവെയിലിന്റെ നൃത്തത്തോടൊപ്പം ചേരുക.
അപ്പോൾ സൂര്യൻ നഖം കൂർപ്പിച്ച് നിങ്ങളെ മുറിവേൽപിക്കില്ല.
മഴനാരുകളുടെ ഉടുപ്പണിഞ്ഞ്
പതുക്കെ നടക്കുക.
ആകാശത്തിന്റെ കവാടങ്ങൾ തള്ളിത്തുറന്ന് വന്ന് മഴമേഘങ്ങൾ നിങ്ങളുടെ മേൽ ഉരുണ്ടു വീഴില്ല.