പല ഉടുപ്പുകൾ
‘‘അമ്മാ, അച്ഛൻ പുളീടെ മൂട്ടിൽ വന്നിരിക്കണ്’’, കൊച്ചനി വന്ന് പറഞ്ഞപ്പോൾ തങ്കി അരി അടുപ്പത്തിടുകയായിരുന്നു. എന്നും ഒരുപിടി അധികമിടും. ‘‘അച്ഛനാ?’’ തിളച്ചവെള്ളം തങ്കിയുടെ കയ്യിലേക്ക് തെറിച്ചു. ചൂട്ട് അടുപ്പിന്റെ വെളിയിലേക്ക് നീട്ടിയിട്ട് അവർ ഇട്ടിരുന്ന മാക്സിയിൽ ഇറങ്ങിയോടി. ‘‘അച്ഛനെ പോലെ.’’ കൊച്ചനി പുറകേന്ന്...
Your Subscription Supports Independent Journalism
View Plans‘‘അമ്മാ, അച്ഛൻ പുളീടെ മൂട്ടിൽ വന്നിരിക്കണ്’’, കൊച്ചനി വന്ന് പറഞ്ഞപ്പോൾ തങ്കി അരി അടുപ്പത്തിടുകയായിരുന്നു. എന്നും ഒരുപിടി അധികമിടും. ‘‘അച്ഛനാ?’’ തിളച്ചവെള്ളം തങ്കിയുടെ കയ്യിലേക്ക് തെറിച്ചു. ചൂട്ട് അടുപ്പിന്റെ വെളിയിലേക്ക് നീട്ടിയിട്ട് അവർ ഇട്ടിരുന്ന മാക്സിയിൽ ഇറങ്ങിയോടി. ‘‘അച്ഛനെ പോലെ.’’ കൊച്ചനി പുറകേന്ന് വിളിച്ച് പറഞ്ഞത് അവൾ കേട്ടില്ല.
സുതൻ പോയിട്ട് ഇന്നേക്ക് വർഷം രണ്ടും മാസം ആറും ചില്ലറ ദിവസങ്ങളുമായി. പുറപ്പെട്ട് പോകുന്ന ശീലമുണ്ടെങ്കിലും ഇത്രയധികം കാലം ഒന്നിച്ച് മാറിപ്പോയ ഒന്ന് ഓർമയിലില്ല. അയാളിനി തിരിച്ച് വരില്ലെന്ന് നാട്ടുകാർ മുഴുവനും പറഞ്ഞു. അയൽ വീട്ടുകാർ അതിന് കൂട്ടുനിന്നു. തങ്കി മാത്രം അത് മനസ്സിലേക്കെടുത്തില്ല. അവൾ പറയാത്ത നേർച്ചകളില്ല. വിളിക്കാത്ത ദൈവങ്ങളില്ല. മുടുക്ക് വഴിയോടുമ്പോൾ അവൾക്ക് കിതപ്പ് പുതഞ്ഞുവന്നു. ദൂരെനിന്നേ അവൾ അയാളെ കണ്ടു. ഒറ്റനോട്ടത്തിൽ അവളുടെ രക്തം തിളച്ചു. ശരീരം തളർന്നു. ശബ്ദം കുഴഞ്ഞു. തളർന്നതുപോലെ അവൾ നിലത്ത് കൂനിയിരുന്നു.
സുതൻ ആളാകെ മാറിയിട്ടുണ്ട്. കുറച്ചാളുകൾ വിവരമറിഞ്ഞ് പുളീടെ മൂട്ടിൽ കൂടിനിൽപ്പുണ്ട്. അവർ നാല്ചുറ്റും നിന്ന് അയാളെ നല്ലവണ്ണം നോക്കി. പോയ സുതനല്ല തിരിച്ച് വന്നിരിക്കുന്നത്. ഇത് ഏതോ പുതിയൊരാൾ. ജരാനരകൾ പിടിച്ചിട്ടുണ്ട്. ചുക്കിച്ചുളിഞ്ഞിരിക്കുന്നു. കാലുകൾ ചുള്ളിക്കമ്പ് പോലെയായിട്ടുണ്ട്. കണ്ണുകൾ അണഞ്ഞുപോയിരുന്നു. ആളുകൾ അയാളെ കാണാൻ വന്നുംപോയുമിരുന്നു. ‘‘വീട്ടിൽ വിളിച്ചോണ്ട് പോയി ചോറ് കൊടുക്ക്. നന്നായിട്ടൊന്ന് കിടന്ന് ഉറങ്ങട്ട്. ഇപ്പൊ ഒന്നും ചോദിക്കണ്ട.’’
തങ്കിയെ ആരോ പിടിച്ചെഴുന്നേൽപ്പിച്ചു. അവൾ കൂനിക്കൂടി സുതന്റെ മുന്നിൽ ചെന്നു. ‘‘വാണ്ണാ... വീട്ടിപ്പോവാം. ചോറുണ്ണാം. ഒഴിച്ചുകൂട്ടാൻ മാങ്ങാക്കറിയൊണ്ട്...’’ അയാൾ പീള കെട്ടിയ കണ്ണുകൾകൊണ്ട് തങ്കിയെ നോക്കി. മങ്ങി കത്തുന്ന ഒരു ചെരാത്. ഒരിക്കൽ ഒന്നിച്ച് ഒരേ കട്ടിലിൽ കിടന്ന ആളാണ് മുമ്പിൽ വന്നതെന്ന് അറിയാത്തതുപോലെ അയാൾ മൊഴിഞ്ഞു. ‘‘ഞാനിനി മുതൽ കിടപ്പ് ഇവിടെയാണ്. കുറച്ച് വെള്ളം മൊന്തയിൽ കൊണ്ട് വച്ചാൽ മതി.’’ വെള്ളം എന്ന് പറഞ്ഞപ്പോൾ അയാൾ ദാഹിക്കുന്നതുപോലെ ഉമിനീരിറക്കി. ഉടുത്തിരിക്കുന്ന വേഷം കീറിയിട്ടുണ്ട്. നിലത്ത് ജമുക്കാളം വിരിച്ച് അയാൾ പുളീടെ മൂട്ടിൽ ചുരുണ്ടുകൂടി കിടന്നു.
നടപ്പിൽ കാലിന് ബലം പോരാ. കൂന് കുറുക്കിൽ മല പണിഞ്ഞിട്ടുണ്ട്. കണ്ണിന് ചുറ്റും കറുത്ത കടൽ. കാലിൽനിന്നും ചെതുമ്പല് പുറ്റ് പോലെ അടർന്നു പോകുന്നുണ്ട്. അഴുക്കും പൊടിയും പുരണ്ട് ശരീരം അലങ്കോലമായിട്ടുണ്ട്. മുടിയുടെ കുരുക്കു കൂടി ജട കെട്ടിയിട്ടുണ്ട്. വെള്ളം കാണാത്ത ശരീരം നാറുന്നുമുണ്ട്. തങ്കിയുടെ പിറകേയിറങ്ങി ഓടിവന്ന കൊച്ചനി മുടി വളർന്ന, നഖം വളർത്തിയ ആ രൂപത്തെ കണ്ട് അമ്മയുടെ കൈ ചേർത്ത് പിടിച്ചു.
‘‘അച്ഛനല്ലേ അമ്മാ അത്?’’
‘‘ഉം...’’ തങ്കി അമർത്തി മൂളി.
അച്ഛന്റെ കയ്യിൽ തുണിക്കടയുടെ കവറ് വല്ലതുമുണ്ടോ എന്ന് അവൻ എത്തിവലിഞ്ഞ് നോക്കി. ഒരു കീറിപ്പറിഞ്ഞ സഞ്ചിയല്ലാതെ പുളീടെ മൂട്ടിൽ മറ്റൊന്നുമില്ല.
‘‘ഉറങ്ങുമ്പോ വിരിപ്പ് വേണ്ടേ അച്ഛന്?’’
ചളി പിടിച്ച ഒരു തോർത്താണ് മേല് മൂടിയിട്ടിരിക്കുന്നത്. കിടന്നപാടെ അയാൾ ഉറങ്ങിപ്പോയി. കൂർക്കം വലിക്കാനും തുടങ്ങി. വരാന്തയിലെ ദൃഷ്ടിക്കോലം കണക്ക് തങ്കി അവിടെതന്നെയിരുന്നു.
കണ്ടവർ കണ്ടവർ പറഞ്ഞു കേട്ട് കൂടുതൽ കൂടുതൽ ആളുകൾ സുതനെ കാണാൻ വന്നു. പിറ്റേന്ന് വെട്ടം വരുന്നതുവരെ തങ്കി അയാളുടെ കാലിന്റെ മൂട്ടിൽ കൂനിക്കൂടിയിരുന്നു. കൊച്ചനി വിശന്നും കരഞ്ഞും അവിടെ തന്നെയിരുന്ന് ഉറങ്ങിപ്പോയി. നേരം പരപരാന്ന് വെളുത്തപ്പോൾ കിളികൾക്കൊപ്പം സുതനും ഉണർന്ന് വന്നു. ആറ്റിൽ പോയി കുളിച്ച് ഈറനിൽ തിരിച്ചുവന്ന് വീണ്ടും പുളീടെ മൂട്ടിൽ ഇരിപ്പായി. ആരും അയാളെ തൊടാൻ ധൈര്യപ്പെട്ടില്ല. ആരും പേര് വിളിച്ച് കുശലം ചോദിച്ചില്ല. അയാളുടെ മുഖത്ത് പണ്ടില്ലാത്ത ഒരു ഗൗരവം കറപിടിച്ച് കിടന്നു. ആരോ ഒരു കൂജയിൽ കൊണ്ടുെവച്ച വെള്ളം കുടിച്ച് അയാൾ വിദൂരത്തിലേക്കു തന്നെ നോക്കിയിരുന്നു. അയാൾ ആരെയും കണ്ടില്ല. ആരും തന്നെ കുറിച്ച് പറയുന്നത് കേട്ടില്ല. അങ്ങനെ ഒരൊറ്റ ഇരിപ്പ് ഒരു രാത്രിയും പകലുമിരുന്നു. മേലിൽ കാറ്റും വെയിലും വന്നു വീണു. എല്ലാ വീടുകളിൽനിന്നും ആളുകൾ അയാളെ കാണാനെത്തി.
അത്ഭുതവാർത്ത തീപോലെ ആ കൊച്ചു ഗ്രാമത്തിൽ പടർന്നു. കുട്ടികൾ അന്ന് കളിക്കാൻ പോയില്ല. മതിലിന് അപ്പുറമിപ്പുറം നിന്ന് സ്ത്രീകൾ അയാളെക്കുറിച്ച് പറഞ്ഞു. ആറ്റിൻകരയിൽ വളഞ്ഞിരുന്ന് ആണുങ്ങൾ സുതന്റെ പണ്ടത്തെ കഥകൾ പറഞ്ഞു. തങ്കി വീട്ടിൽ പോയി കട്ടിലിൽ വീണ് കിടന്ന് പുതപ്പ് തലവഴി വാരിമൂടി ഏങ്ങിയേങ്ങിക്കരഞ്ഞു. കരച്ചിൽ പുറത്താരും കേൾക്കാതിരിക്കാൻ നേര്യത് ചുരുട്ടി വായിൽ തിരുകി. പൊടിക്കൊച്ചായിരുന്നപ്പോൾ വിട്ട് പോയ അച്ഛൻ തിരിച്ച് വന്നിട്ടും സന്തോഷിക്കാനാവാതെ കൊച്ചനി അമ്മയുടെ കട്ടിലിന്റെ തലക്ക് പോയി കാവൽ നിന്നു. അച്ഛൻ വരുമ്പോൾ പുതിയ ഉടുപ്പ് കൊണ്ടുവരുമെന്ന് പറഞ്ഞാണ് തങ്കി ഓരോ ഓണത്തിനും കൊച്ചനിയെ ആശ്വസിപ്പിക്കാറുള്ളത്. കോടി കിട്ടാത്തതിന് ഒരിക്കൽ അവൻ കിണറ്റിലെടുത്ത് ചാടാൻ പോയി. മരമണ്ടയിൽ വലിഞ്ഞ് കേറി ഇപ്പൊ ചാടുമെന്ന് ഭീഷണി മുഴക്കി തങ്കിയെ മുൾമുനയിൽ നിർത്തി. പുതിയ ഉടുപ്പ് വേണമെന്ന് പറഞ്ഞ് ഒറ്റക്കാലിൽ നിന്നു. അവസാനം തങ്കി സുല്ലിട്ടു.
സുതൻ പുറപ്പെട്ട് പോയ ദേഷ്യത്തിൽ കൊണംതെറ്റി തങ്കി അയാളുടെ ഉടുപ്പുെവച്ചിരുന്ന അലമാര പുറെത്തടുത്തിട്ട് തീകൊളുത്തി. അതുണ്ടായിരുന്നെങ്കിൽ അളവ് വെട്ടി തയ്ച്ച് ചെറുക്കനെ പറ്റിക്കാമായിരുന്നു. കീറിയ ഉടുപ്പിട്ട് വെളിയിലിറങ്ങാൻ വയ്യാതെ അവൻ പൊരപ്പുറത്തും പണയിലും പോയിരുന്നിട്ടുണ്ട്. അന്നെല്ലാം അച്ഛൻ ഉടുപ്പും പലഹാരവും വാങ്ങിച്ച് ഒരു ദിവസം വീടിന്റെ കതകിൽ വന്ന് തട്ടി വിളിക്കുമെന്നൊരു കഥ തങ്കി കൊച്ചനിയുടെ വായിൽ ചോറുരുളപോലെ തിരുകി കേറ്റി.
നാട്ടിലെങ്ങും സുതനെപ്പറ്റി പലതരം കഥകൾ പടർന്നു. ദിവ്യനായോ സിദ്ധനായോ സാമിയായോ ആണ് സുതൻ തിരിച്ച് വന്നിട്ടുള്ളത്. ഒരു വാക്ക് പോയി മറുവാക്ക് വന്നപ്പോൾ അയാൾ ആളാകെ മാറിയിരിക്കുന്നു. സുതൻ വന്നിരുന്ന പുളീടെ മൂട്ടിൽ ഉത്സവത്തിന്റെ തിരക്കായി. ബലൂൺ കച്ചവടക്കാരും ഐസ് ക്രീം വിൽപനക്കാരും അവിടെ നങ്കൂരമടിച്ചു. സോഡാ നാരങ്ങ വെള്ളമടിക്കുന്ന ഒരാൾ അവിടെ ഒരു കട തന്നെ തുടങ്ങി. രണ്ട് മൂന്ന് ഭിക്ഷക്കാർ അങ്ങോട്ട് മാറി ഇരിപ്പുറപ്പിച്ചു. കപ്പലണ്ടിവണ്ടി തള്ളി ആരോ അവിടെ കൊണ്ടുവന്നിട്ടു. സുതൻ മാത്രം ഒന്നും ആരോടും മിണ്ടിയില്ല. ആരെങ്കിലും കൊണ്ടുവെക്കുന്ന ആഹാരം കഴിച്ച് പാത്രം കഴുകിെവച്ചു.
ഒരു വൈകുന്നേരം അയാളെ കാണാൻ കൊച്ചനി ചെന്നു. ദൂരെ നിന്നൊന്ന് നോക്കുകയെന്ന് മാത്രമായിരുന്നു അവന്റെ മനസ്സിൽ. അയാൾ അവനെ കൈകാട്ടി അടുത്തേക്ക് വിളിച്ചു. ചായക്കടയിൽ കൂട്ടിക്കൊണ്ട് പോയി. തങ്കി പിറകേ പോയി താണ് വീണ് കരഞ്ഞു. ‘‘കൊച്ചിനെ കൊണ്ട് പോകല്ലണ്ണാ.’’ അയാൾ അത് കേട്ടില്ലാന്ന് നടിച്ചു. അയാൾ ചെറുക്കനെ പിറകേ വരാൻ പറഞ്ഞിട്ട് കാറ്റ് പോലെ നടന്ന് പോയി.
അയാൾ പോയവഴിയിൽ ആള് കൂടി. പരിചയക്കാർ പഴയ അടുപ്പം െവച്ച് ചിരിച്ചു.
‘‘എന്ത് വേണം? വാങ്ങിച്ച് തിന്നോ. ഞാനിന്ന് നിനക്ക് കാമത്തെ പറ്റി ഒരു കഥ പറഞ്ഞ് തരാം.’’ ചായക്കടയിൽ കേറി ഒരു ബെഞ്ചിൽ അയാൾ ഇരിപ്പുറപ്പിച്ചു. ചെറുക്കന് കഥയെന്ന് കേട്ടാലേ കലിയെളകും. പച്ചക്കള്ളം. പിന്നെ, കാമമെന്നും തീറ്റയെന്നും കേട്ടപ്പോൾ അവന് ചൊടിവന്നു. കേട്ടവർ കേട്ടവർ കണ്ണ് തള്ളി. ചിലർ ഊറിച്ചിരിച്ചു. ചിലർ കൊതിയിറക്കി. ചിലർ മൂക്കത്ത് വിരൽ െവച്ചു. ‘‘കൊച്ചുങ്ങൾക്ക് കേൾക്കാൻ കൊള്ളാവുന്നതാണോ?’’ കൊച്ചനിയുടെ ദേഹത്ത് ഒരു നൂറ്റാണ്ടിന്റെ വിശപ്പ് കെട്ടിക്കിടപ്പുണ്ടായിരുന്നു. കരുവാടും പുളിങ്കറിയും പഴിഞ്ഞിയും കൊടുത്ത് തങ്കി അവനെ പറ്റിച്ചുകൊണ്ടിരുന്നു. ജനിച്ച് പന്ത്രണ്ട് വർഷങ്ങൾക്കിടയിൽ ഇങ്ങനെയൊരു വിശപ്പ് അവന് ഇന്നേ വരെ പിടിച്ചിട്ടില്ല. അവൻ പൊറോട്ടയും മുട്ടക്കറിയും പറഞ്ഞു. പൊക്കിൾ വഴിയാണ് സന്തോഷമെന്ന് വിചാരിച്ച് താൻ നടന്നോണ്ടിരുന്ന കാലത്തെ പറ്റിയാണ് സുതൻ പറഞ്ഞ് തുടങ്ങിയത്. ജനിച്ചത് ആ വള്ളിയിലൂടെയാണല്ലോ. പോയി പോയി നടന്ന് നടന്ന് വാഹനങ്ങളിൽ കേറി കേറി പലയിടങ്ങളിലെത്തിയ കാര്യം അയാൾ പറഞ്ഞപ്പോൾ ആരൊക്കെയോ നെടുവീർപ്പിട്ടു.
കഥ കേട്ട് കതകിൽ ചാരിനിന്ന ലത ബ്ലൗസിന്റെ കുടുക്ക് വലിച്ചൂരി. ആളുകൾ ചിരിച്ചുകൊണ്ടിരുന്നു. കഥ കേട്ട മനുഷ്യർ ഹാലിളകി ചോദ്യങ്ങൾ ചോദിക്കാനാഞ്ഞു. കഥയിൽ ചോദ്യമില്ലെന്ന് ചായക്കട നടത്തിപ്പുകാരിയായ ആ വൃദ്ധയോട് കിളവനായ അവരുടെ ഭർത്താവ് ചുണ്ടിൽ വിരൽ ചേർത്ത് പറഞ്ഞു. മുതുക്കാൻ കാലത്ത് അവർ അവരുടെ ചുക്കിച്ചുളിഞ്ഞ വരണ്ട കൈകൾ ചേർത്തുപിടിച്ചു. അവൾക്ക് ഒന്ന് കൂടെ ജനിച്ച് ജീവിച്ച് കാമിച്ച് നടക്കാൻ കൊതി വന്നു. കഥ കേട്ട മനുഷ്യർ വിയർത്ത്പോയി. എരിവും പുളിയും കൊതിയും നുണയുമിട്ടിളക്കി ഇവരിത് ഇന്ന് വഴിനീളെ വിളമ്പും.
ഏതോ നാട്ടിലെ ചന്ത കാണാൻ പോയപ്പോൾ സുതനൊരു സുന്ദരിയുടെ പിറകേ പോയി. പോയി പോയി അവരുടെ നാട്ടിലും വീട്ടിലും മുറിയിലുമെത്തി. അവളുടെ മുഖം തേച്ചുമെഴുക്കിയ പാത്രം. ‘‘ഷർട്ട് അവിടെ ഞാത്തിയിട്ട് ഞാനിറങ്ങി പോയപ്പോ പിറകിലൊരു ശൂന്യത’’ എന്ന് സുതൻ കഥ പറഞ്ഞ് നിർത്തിയപ്പോൾ വാലിട്ട് കണ്ണെഴുതിയ കാഞ്ചന വിയർത്തു. കഥ മുഴുക്കഥയാക്കാതെ നിർത്തിയതിൽ രണ്ടാമത് ചായ പറഞ്ഞവർക്ക് ദേഷ്യമായി. രാഷ്ട്രീയം പറഞ്ഞ് തേഞ്ഞുപോയ അവരുടെ നാക്കും വായും ഇക്കഥ കേൾക്കാൻ തുടിച്ചു. പൊറോട്ടയുടെ അവസാന അടരും നക്കിത്തീർത്ത് ചിറിയിലെ കറിയുടെ അരപ്പും തുടച്ച് കഥയുടെയും മുട്ടക്കറിയുടെയും എരിവ് മുഴുവൻ ചങ്കിൽ വാരിവലിച്ച് കേറ്റി ചെറുക്കൻ വീട്ടിലേക്കോടി. മുട്ടക്കറിയുടെ ചാറ് വീണ് ഉടുപ്പ് ചീത്തയായത് വയറ് നിറഞ്ഞ സന്തോഷത്തിൽ അവൻ കാര്യമാക്കിയില്ല.
ഓർമയും ഭാവനയും മങ്ങിപ്പോയതുകൊണ്ടാണോ ഭാഷ തീർന്നുപോയതുകൊണ്ടാണോ എന്നറിയില്ല സുതനും ചായക്കടയിൽനിന്നുമിറങ്ങി പോയി. സുതൻ തിരിച്ച് വന്നത് കഥപറയാനായി മാത്രമാണ് എന്ന് അങ്ങനെയാണ് ചിലർ കണ്ടുപിടിച്ചത്.
അക്കാലത്ത് മഴ കുത്തിയൊലിച്ച് പെയ്തു. പെയ്ത്തോട് പെയ്ത്ത്. തോടുകൾ നിറഞ്ഞു കവിഞ്ഞൊഴുകി. ഈർപ്പം പിടിച്ച ബനിയനുമിട്ട് സുതൻ ആറ്റ് വക്കത്ത് പോയിരുന്നു. എവിടെനിന്നോ അയാളെ കുറിച്ച് കേട്ട കാര്യം ചില കള്ളുകുടിയന്മാർ ഭാര്യമാരോട് വന്ന് പറഞ്ഞു. അയാൾ ഇങ്ങനെയൊരിരുപ്പ് വേറെ ഏതൊക്കെയോ നാട്ടിലും ഇരുന്നിട്ടുണ്ട്. തുണി മാറാതെ. തല നനക്കാതെ. നഖം വെട്ടാതെ. മഴ ഏതേതോ ഇടങ്ങളിൽനിന്നും അഴുക്കും ചപ്പും ചവറും മണ്ണും കോരിക്കൊണ്ട് വന്നു. ചത്ത് മലച്ച ജീവികൾ വീർത്ത് വന്നു. ഊരണത് വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. പൂച്ചികൾ ഈർപ്പത്തിലൊട്ടി പിടിച്ച് കിടന്നു. ഈച്ചകൾ അയാളുടെ ഉടുപ്പിലും വിരിച്ചിട്ട ജമുക്കാളത്തിലും പറ്റിപ്പിടിച്ചിരുന്നു. കുറ്റീച്ചകൾ അടർന്ന് വീണ ആത്തിച്ചക്കയിൽ ചേർന്നിരുന്നു.
കാലം ഒഴുകി. നാട്ടിൽ ചൊറിയും ചിരങ്ങും വന്നു. പനി വന്നു. സുതന്റെ കയ്യിൽനിന്നു കുറേ പേർ നൊങ്ക് വാങ്ങിച്ച് തിന്നു. അവർക്ക് സൗഖ്യം കിട്ടി. അയാൾ വൈദ്യനായിട്ടാണ് തിരിച്ചുവന്നത് എന്നൊരു വാർത്ത ആരൊക്കെയോ ചേർന്ന് പറഞ്ഞുപരത്തി. ‘ഏതെടുത്താലും പത്ത് രൂപ’ എന്നൊരു ബോർഡ് തൂക്കി സോപ്പ്, ചീപ്പ്, കർചീഫ്, പിൻ, ഒട്ടിപ്പൊട്ട്... വിൽപനക്കാർ പുളീടെ മൂട് വളഞ്ഞു. തങ്കിയും ആ വാർത്ത കേട്ടു. ഉളുക്കിനും ഒടിവിനും നീരിനും അയാളുടെ അടുത്ത് മരുന്നുണ്ടെന്ന് ആളുകൾ പറഞ്ഞ് നടന്നു.
ഓട്ടോക്കാർ അന്യനാടുകളിൽനിന്നും അയാളുടെ അടുത്തേക്ക് ആളുകളെ എത്തിച്ചുകൊടുത്തു. സുതൻ പോയത് സുതനായിട്ടാണ്. തിരിച്ച് വന്നത് ആരായിട്ടാണ്? മനുഷ്യശരീരം പുഴുവും കൃമിയും പഴുപ്പുമായി തീരുന്നതിനെപ്പറ്റി അയാളൊരു പാട്ട് പാടി. കഫവും പീളയുമായി തീരാനായി അയാൾ അതുവഴി ഒഴുകുന്ന മനുഷ്യരെ നോക്കിക്കിടന്നു. വെളുത്ത ബനിയൻ കരിമ്പനടിച്ചു. നാട് പുഴുത്തുനാറി. അയാളുടെ നഖം പുഴകണക്ക് വളർന്നിരുന്നു. പൂച്ചാണ്ടി... പൂച്ചാണ്ടി... ചോറ് തിന്നാത്ത പിള്ളേരെ പേടിപ്പിക്കാൻ അമ്മമാർ അവർക്ക് അയാളെ കാണിച്ചുകൊടുത്തു. കുട്ടികൾ പേടിച്ചില്ല. അവർ പൊട്ടിച്ചിരിച്ചു.
ചുട്ട കോഴിയെ പറപ്പിക്കും. ആയിരമാളെ ഒരുമിച്ചൂട്ടും. നടക്കാപ്പിള്ളയെ നാട് മുഴുവൻ ഇട്ടോടിക്കും. പെറാത്ത പെണ്ണിന് നൂറ് സന്തതികൾ പിറക്കും. തേമല് പോലെ ഈ കഥകൾ നാട്ടിൽ പകർന്നു. എവിടെനിന്നോ മേയാൻ വന്ന എരുമ കുമ്പളങ്ങ തിന്ന് പോയി. കുട്ടികൾ ചൂണ്ടുവിരൽ കൊണ്ട് കുഴിച്ച കുഴികളിൽനിന്നും കുഴിയാനകൾ പൊങ്ങിവന്നു. സുതന്റെ ഒരു ഫ്ലെക്സ് ആരോ ഇടവഴിയിലെ ട്യൂട്ടോറിയലിന്റെ മുന്നിൽ കൊണ്ടുെവച്ചു. കൊച്ചനി പിന്നെ കുറേക്കാലം പുളീടെ മൂട്ടിലോട്ട് പോയില്ല. മനുഷ്യശരീരത്തെ കുറിച്ച് അന്ന് ചായക്കടയിലിരുന്ന് കേട്ടതിനുശേഷം കൊച്ചനി വല്ല്യനിയായി. അവൻ അമ്മയോട് വഴക്കടിച്ച് ഒറ്റക്ക് കിടക്കാൻ തുടങ്ങി.
സ്ത്രീകളുടെ ശരീരത്തിൽ വരുന്ന മറുകുകൾ, കാക്കപ്പുള്ളികൾ, നുണക്കുഴികൾ, പൊക്കിൾച്ചുഴി ഇവയെ കുറിച്ചൊക്കെ അവൻ ചിന്തിക്കാൻ തുടങ്ങി. അതുവരെ കണ്ണെന്നാൽ കണ്ണീര് അടച്ച് െവച്ച ഡാം, ചെവി ചെവിക്കായം മൂടിയ അറ, പൊക്കിള് കുളിസോപ്പിട്ട് കഴുകിയില്ലെങ്കിൽ നാറുന്ന ഒരു കുഴി... അത് മാത്രമായിരുന്നു അവന്. തുണിയില്ലാത്ത പെണ്ണുങ്ങളുള്ള ഒരു മാസിക പൊടിമീശയുള്ള ശബ്ദം മാറി തുടങ്ങിയ ഒരുത്തൻ സ്കൂളിൽ െവച്ച് അവന് കാണിച്ച് കൊടുത്തിരുന്നു. വീട്ടിൽ ഒറ്റക്കിരുന്ന് ആ മാസിക തുറന്നപ്പോൾ അവൻ വിയർത്ത് കുളിച്ചു.
തങ്കി അപ്പോഴും ഇടക്കിടക്ക് സുതനെ കാണാൻ പോയി. കുത്തുവാക്കുകൾ മുള്ളൻപന്നിയുടെ കുറ്റികൾപോലെ അവളുടെ മനസ്സിൽ തറക്കാൻ തുടങ്ങി. പേ പിടിച്ച നായകൾ അതിലേയും ഇതിലേയും അലഞ്ഞുനടന്നു. വേറെ ഏതോ നാട്ടിൽ െവച്ച് പൊടിമീശയുള്ള ഒരു സ്ത്രീയെ സുതൻ മീശ വടിച്ചിട്ട് ഒരു മുറിയിലിട്ടടച്ചു. അവര് തമ്മിൽ സ്നേഹമായിരുന്നു. അയാൾ അവരുടെ മീശയിൽ എന്നും ഉമ്മ െവക്കുമായിരുന്നു. മടുക്കുമ്പോൾ അവരുടെ മീശ പിച്ചാത്തികൊണ്ട് വടിച്ച് കളയും. പുതിയ മീശ കിളിർക്കുന്നത് വരെ അവരെ മുറിയിലിട്ടടക്കും. ഇക്കഥയാണ് ഒടുവിൽ ആ നാടാകെ ആളുകൾ പാടിനടന്നത്.
കാലം പിന്നെയും മാറി. മനുഷ്യർക്ക് നര വന്നു. മഞ്ഞപ്പനി വന്നു. മഞ്ഞപ്പനി പിടിച്ച ഒരാൾ മറ്റൊരാളെ തൊട്ടാൽ അയാൾക്കും മഞ്ഞനിറമായി. കാണുന്ന വസ്തുക്കളിലെല്ലാം മഞ്ഞനിറം ഒട്ടിപ്പിടിച്ച് കിടന്നു. തോടുകൾ മഞ്ഞനിറത്തിലൊഴുകി. മഞ്ഞപ്പൂക്കൾ ചെടികളിൽ തലപൊക്കി നിന്നു. ആളുകൾക്ക് പേടി തട്ടി. അവർ ജീവനുമള്ളി കയ്യിൽ പിടിച്ച് കതകടച്ച് വീടുകൾക്കുള്ളിലിരുന്നു. താഴെ െവച്ചാൽ ഉറുമ്പരിക്കും. തലയിൽ െവച്ചാൽ പേനരിക്കും. ആളുകൾക്ക് വെപ്രാളം കേറി. ആധികൊണ്ട് ചിലർ പേടിച്ച് വിറച്ചു. വ്യാധികളെ ഓർത്ത് ചിലർ നെഞ്ചുപൊട്ടി കരഞ്ഞു. മരണം പതുക്കെ നടന്നുവരുന്നത് അവരും കണ്ടു.
ശരീരത്തിന്റെ സൗന്ദര്യം കാത്തു സൂക്ഷിച്ചിരുന്നവർക്ക് വിഷമം വന്നു. അവർ കണ്ണാടി നോക്കാതായി. പൊട്ട് കുത്താതായി. കണ്മഷി എഴുതാതായി. കാതിൽ പൂവ് ഇടാതായി. മോഹങ്ങൾ ഡയറിയിലും മനസ്സിലും എഴുതി സൂക്ഷിച്ചിരുന്നവർ അവ പെെട്ടന്ന് നടത്തിയെടുക്കാനായി നെട്ടോട്ടമോടി. കടം കൊടുത്തവർ അക്കാര്യം മറന്നു. കടം വാങ്ങിയവർ അതെങ്ങനെ തിരിച്ചുകൊടുക്കും എന്നോർത്ത് നീറിപ്പുകഞ്ഞു. അയൽക്കാർ തമ്മിൽ തമ്മിൽ തെറ്റ് പൊറുത്തു. മണ്ണിനും മതിലിനും മരത്തിനും പൊന്നിനും പെണ്ണിനും വേണ്ടി വൈരാഗ്യവും വിരോധവും മനസ്സിൽ കൊത്തിെവച്ച ഒരുപാട് മനുഷ്യർ ആ നാട്ടിലുമുണ്ടായിരുന്നു. അവർ പരസ്പരം നോക്കി ചിരിച്ചു. പാറ്റ ഗുളികയും എലിക്കെണിയും കൊതുകുതിരിയും മാറ്റി അവർ വീടുകൾ ജീവികൾക്കായി തുറന്നുകൊടുത്തു.
സുതനെ ഒന്നുമൊന്നും ബാധിച്ചില്ല. അയാൾ വീടുതോറും കേറിയിറങ്ങി. എല്ലാ വീടിന്റെയും കതകിൽ മുട്ടി. യാത്രപോയ കാലത്തെ കഥകൾ തിണ്ണയിലിരുന്ന് പറഞ്ഞു. സരളമായി, ലളിതമായി. ഒരു സാധാരണക്കാരന് തിരിയുന്ന കാര്യങ്ങൾ. ജീവിതത്തെയും മരണത്തെയും അതിനിടയിലെ പ്രയാണത്തെയും അയാൾ വ്യാഖ്യാനിക്കുന്നത് തുണിയലക്കിക്കൊണ്ടും മീൻ മുറിച്ചുകൊണ്ടും ആ നാട്ടിലെ മുഴുവൻ സ്ത്രീകളും കേട്ടു.
സുതന്റെ പഴയ കൂട്ടുകാർ അവരൊന്നിച്ച് ചെയ്തുകൂട്ടിയ വേണ്ടാതീനങ്ങൾ മറന്നു. ‘‘അങ്ങേരെ അങ്ങേരാക്കിയത് ഈ സർക്കീട്ടാണ്. സിദ്ധനും ബുദ്ധനുമൊന്നുമല്ല. യാത്രികൻ’’, തലയിണമന്ത്രംപോലെ സുധി അത് നിർമലയോട് പറഞ്ഞു. അവളത് നാട് മുഴുവനും അവളുണ്ടാക്കുന്ന ബോളിയും പൂന്തിയുംപോലെ വിളമ്പി. സുതന്റെ വീരസാഹസിക കഥകൾ ആളുകൾ പറഞ്ഞറിഞ്ഞ് മറ്റ് ഗ്രാമങ്ങളിൽനിന്നും ആളുകൾ അയാളെ കാണാനെത്തി. ഉറങ്ങുമ്പോൾ കൊച്ചുങ്ങൾ അയാളെ വന്ന് തൊട്ടിട്ട് ഓടിപ്പോയി. ആനവാലുപോലെ അയാളുടെ ഒരു രോമം കയ്യിൽ കെട്ടി നടക്കാൻ അവർ കൊതിച്ചു. അയാൾ പുളീടെ മൂട് വിട്ട് എങ്ങോട്ടും പോയില്ല.
ഒരുദിവസം ഗ്രാമത്തിലെ കുട്ടികളെ കൂട്ടിക്കൊണ്ടു പോയി നക്ഷത്രങ്ങളെ നോക്കി ഗുണിക്കാൻ പഠിപ്പിച്ചു. കുട്ടികൾ അയാളുടെ പിറകേ തോട്ടുവക്കിലേക്ക് പോകുന്നത് കൊച്ചനി ദൂരെനിന്ന് കണ്ടു. തിളക്കമുള്ള ഒരുടുപ്പാണ് ഇന്ന് അയാൾ ഇട്ടിരിക്കുന്നത്. ‘‘അത് എനിക്ക് പാകമാകും. ഈ കാലമാടൻ വീട്ടിൽ വന്നിരുന്നെങ്കിൽ അടിച്ച് മാറ്റാമായിരുന്നു.’’ അവൻ മനസ്സിൽ പിറുപിറുത്തു. ഒരിക്കലൊരു കിളവനെ കണ്ട കാര്യം സുതൻ കൂടെ നടന്ന കുട്ടികളോട് പറഞ്ഞു. കാര്യമായാലും കഥയായാലും കൊള്ളാം, അതിൽ ആശയും നിരാശയും ഇഴുകിച്ചേർന്നിരുന്നു. ഈ കഥ കുട്ടികൾ കേട്ടത് ആ ഗ്രാമത്തിലെ ചുടുകാടിന് പുറത്തിരുന്നാണ്. ചുടുകാട്ടിൽ ജഡം കത്തുന്ന മണം ഇല്ലായിരുന്നു. എങ്കിലും എല്ലാരും ആ മണം ചുറ്റുമുള്ളതായി സങ്കൽപിച്ചു. ശരീരം മണ്ണിലേക്ക് ഇഴുകിച്ചേരുന്നതും അവർ മനസ്സിലോർത്തു. മനുഷ്യർ വലുതാകുന്നതും പലപല ഉടുപ്പുകൾ മാറിമാറിയിട്ട് വയസ്സാവുന്നതും അവർ മനസ്സിൽ കണ്ടു.
മഴ പോയി. വേനൽ വന്നു. പഴങ്ങൾ വിണ്ടുകീറി നീറി. മുതുക്കൻ കട്ടിലിൽ കിടന്ന് ഭൂമിയെ ചവിട്ടി. അയാൾ ഈ ഭൂമിയിലെ കോടിക്കണക്കിന് വരുന്ന വൃദ്ധരിൽ ഒരാൾ മാത്രമായിരുന്നു. ആയുസ്സിനെ അയാൾ പ്രാകി. ഭൂമിക്ക് ഭാരം കൂടും മുമ്പേ തന്നെ ഒഴിപ്പിച്ച് കൊടുക്കാൻ ഭൂമിയോട് കെഞ്ചി. കട്ടിലിന്റെ തലക്കൽ ഒരു മൂത്രത്തൊട്ടിയും കാൽക്കൽ ഒരു തുപ്പൽ കോളാമ്പിയും അയാൾ െവച്ചിരുന്നു. ഒരു ചെവിതോണ്ടിയും പുറംമാന്തിയും നഖംവെട്ടിയും അയാളുടെ തലയിണയുടെ താഴെ ഉറങ്ങി.
നൂൽബന്ധമില്ലാതെ ചുമച്ചും തുമ്മിയും ഛർദിച്ചും അവശത വരുമ്പോൾ അയാൾ ജീവിതത്തെ ഒരു പേരിട്ട് വിളിക്കാൻ ആഗ്രഹിച്ചു. അയാളുടെ അനുഭവം െവച്ചേ അയാൾക്ക് പേരിടാനാവൂ. കുമിള... തൊട്ടാൽ ഉടനെ പൊട്ടുന്ന ഒരു കുമിള... ആ പേര് കൊള്ളാമെന്ന് അയാൾ വിചാരിച്ചു. സുതൻ അയാളുടെ കട്ടിലിന്റെ താഴെയിരുന്ന് ജീവിതത്തെ വിശദീകരിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടു. മണലിന്റെ ഒരുതരി എന്നുമാത്രം പറഞ്ഞ് ഇറങ്ങിപ്പോയി. അക്കഥ കേട്ട കുട്ടികൾ അന്തംവിട്ടു. കാക്കയും പൂച്ചയും അമ്പിളി അമ്മാവനുമില്ലാത്ത ഒരു കഥ അവരാദ്യം കേൾക്കുകയായിരുന്നു. ഇക്കഥ കേട്ട കുട്ടികൾ പെെട്ടന്ന് വൃദ്ധരായി. അവരയാളെ ആശാനേന്ന് നീട്ടിവിളിച്ചു. വേനല് എല്ലാരേം ഉരുക്കിക്കൊണ്ടിരുന്നു.
തങ്കിയുടെ തൊണ്ടയും കാലും നെഞ്ചും ചൂടുകൊണ്ട് നീറി. തിളച്ച് ചാവാതിരിക്കാൻ അവൾ കിണറ്റിൽനിന്നും വെള്ളം കോരി തലവഴി ഒഴിച്ചു. അടിപ്പാവാടയും ബ്രേസിയറും അഴിച്ചുെവച്ച് മാക്സി മുട്ടുവരെ കയറ്റിെവച്ച് കിടന്നുറങ്ങി. കുപ്പായമൂരിയപ്പോൾ അവൾക്ക് വേവ് കുറഞ്ഞു. ചെറുക്കൻ മുഴുവൻ കാളയായി അപ്പുറത്തെ മുറിയിൽ ഉറങ്ങാതെ കിടക്കുന്നത് അവളറിഞ്ഞില്ല. വേനൽ കഠിനമായിരുന്നു. പങ്ക കെട്ടിയും വിശറികൊണ്ട് വീശിയും ആളുകൾ ചൂടിനെ അടിച്ചോടിക്കാൻ നോക്കി.
അക്കാലത്ത് ഒരുദിവസം സുതൻ അളിയന്റെ കൈ പിടിച്ച് കുറ്റിക്കാടിനടുത്തേക്ക് പോയി. തങ്കിയുടെ ചങ്ക് പൊള്ളുന്നത് കണ്ടാണ് രമണി അളിയനെ പോയി കാണാൻ തീർച്ചപ്പെടുത്തിയത്. ‘‘എനിക്ക് കുറച്ച് സംസാരിക്കണം...’’ രമണി വിക്കി വിക്കി പറഞ്ഞു. അവർ നിന്നത് ഒരു കുറ്റിക്കാടിനടുത്താണ്. അവിടെ കറുപ്പിൽ സ്വർണനിറമുള്ള അട്ടകൾ ധാരാളമുണ്ടായിരുന്നു. അവർ ഒന്നിന് മീതെ ഒന്നായി ഒട്ടി ഗോപുരമുണ്ടാക്കി.
കുപ്പിച്ചില്ലും ഒഴിഞ്ഞ കുപ്പികളും ആ എച്ചിൽക്കുഴിയിൽ നിറഞ്ഞ് കിടന്നു. ചൊറിയണം അതിരുകളിൽ പൊടിച്ചുനിന്നു. മീൻമുള്ളും കീറത്തുണികളും ആരോ വാരിക്കൂട്ടിയിട്ടുണ്ട്. ചപ്പും ചവറും കരിയിലകളും കൂനകൂടി കിടപ്പുണ്ട്. ഉപയോഗിച്ച് തേഞ്ഞ ചെരിപ്പുകളും നിറം കുറഞ്ഞ ഉടുപ്പുകളും ആ നാട്ടുകാർ അവിടെ കൊണ്ട് തള്ളിയിട്ടുണ്ട്. ഒരു കെട്ട നാറ്റം അവിടമാകെ പടർന്നിരുന്നു. കൊതുക് മുട്ടകൾ ഒരു പാത്രത്തിൽ അവശേഷിക്കുന്ന വെള്ളത്തിൽ കൂത്താടിയായി മാറിയിട്ടുണ്ട്. കള്ളിമുൾച്ചെടി പൊടിച്ച് നിൽപ്പുണ്ട്. മുഞ്ഞ വന്ന ഒരു തെങ്ങ് അവിടെയുണ്ട്.
‘‘അളിയാ... അളിയൻ ശരിക്കും ആരാണ്? എന്താണ് പറ്റിയത്? തുറന്ന് പറ. തങ്കീടെ കരച്ചില് ചങ്കിലിരിക്കണ്.’’ അളിയനുമളിയനുമായി അവിടെയിരുന്ന് ചീട്ട് കളിക്കാനും പള്ള് പറയാനും അയാൾ ആഗ്രഹിച്ചു. പക്ഷേ അത് സുതനോട് പറയാനെന്തോ പേടി തോന്നി. ആർത്തിയെ കുറിച്ചും കൊതിയെ കുറിച്ചുമൊരു കഥയാണ് അന്ന് സുതൻ പറഞ്ഞത്. ആഹാരസമയത്ത് തീട്ടക്കുഴിയിൽ പോയി നോക്കുന്ന മനുഷ്യരെ കണ്ട കഥയായിരുന്നു അത്. രമണി സുതന്റെ വായ വലിച്ച് പൊത്തി. ‘‘ഉണ്ണാൻ പോവും നേരം ഇക്കാര്യം പറയാനാണാ അളിയൻ വലിച്ചിറക്കി കൊണ്ടുപോയത്? മലം തിന്നുന്ന മനുഷ്യരുണ്ടെന്നോ മനുഷ്യൻ മലമായി തീരുമെന്നോ? പൊന്നളിയാ... നാട്ടിൽ ചൊറിയും ചിരങ്ങും മൊണ്ടിനീരും പടരുന്നു. കരപ്പൻ വന്നപ്പോൾ അളിയനെനിക്ക് തിന്നാൻ വേണ്ടി നൊങ്ക് കൊണ്ട് തന്നത് ഓർമയുണ്ടോ?’’
‘‘നീയും ഞാനും വെറും അഴുക്ക്’’, സുതൻ അത് പറഞ്ഞിട്ട് പഴയ കാലത്തെ പോലെ പൊട്ടിച്ചിരിച്ചു.
നമ്മൾ വെറും കൃമികൾ, പുഴുക്കൾ, പഴുപ്പ്. രമണിയും വിട്ടു കൊടുത്തില്ല. വെറും എറുമ്പ്, ഈയൽ. അയാളും വായിൽ വന്നത് വിളിച്ച് പറഞ്ഞു. തലയിൽ പേനും മൂട്ടിൽ ചെള്ളും െവച്ച് ജീവിക്കുന്ന ഒരു മനുഷ്യനായിരുന്നു രമണി. അതുകൊണ്ടുതന്നെ ജീവിതത്തിന്റെ പങ്കപ്പാടുകളെ കുറിച്ച് വാ തോരാതെ പറയാൻ അയാൾക്ക് പറ്റുമെന്ന് സുതനും അറിയാം. പിന്നെ അവിടെയിരുന്ന് അവർ പൊടിയെന്നും ഭസ്മമെന്നും ജീവിതത്തിന് ഓമനപ്പേരുകളിട്ടു. ഏറ്റവും ചേരുന്ന ഒരു ഉപമ കിട്ടുന്നത് വരെ ആ കുറ്റിക്കാടിനടുത്ത് കൊതുകുകടി കൊണ്ടിരിക്കാമെന്ന് രണ്ടുപേരും തീർച്ചപ്പെടുത്തി. അപ്പൂപ്പൻതാടിയെന്നും കൊഴിഞ്ഞുപോകുന്ന ഇലയെന്നും അവർ ജീവിതത്തിന് പേരുകൾ ചാർത്തിക്കൊടുത്തു. ഏറെ നാളിനുശേഷമാണ് രണ്ടുപേരും രസമുള്ള ഒരു കളിയിലേർപ്പെടുന്നത്. പിന്നെയവർ മരണപ്പെട്ടവരെ ഓർത്തു. ജീവിക്കുമ്പോൾതന്നെ മരിച്ച് കഴിയുന്നവരെ കുറിച്ച് പറഞ്ഞു.
രമണിയുടെ കൈ വിടുവിച്ച് തോർത്തുടുത്ത് സുതൻ ആ കുറ്റിക്കാട്ടിലേക്കുതന്നെ നടന്നുപോയി. പാമ്പ് കാണും. കല്ലും മുള്ളും മണ്ണും കൂടിക്കുഴഞ്ഞു കിടക്കുന്നുണ്ട്. കാല് നോവും. ഈ എച്ചിൽതൊട്ടിയിൽ നിങ്ങൾ എന്തിനാണ് കേറി പോകുന്നത് മനുഷ്യാ... കോമാളി, ഭ്രാന്തൻ... എന്ത് പേരിട്ട് നിങ്ങളെയിനി വിളിക്കണം? അളിയാ എന്നുതന്നെ രമണി നെഞ്ച് കീറി തങ്കിക്കും കൊച്ചനിക്കും വേണ്ടി വിളിച്ചു. വീടുവിട്ട് പോകുന്ന ഒരാളെ പുറകിൽനിന്നും വിളിക്കാവുന്ന കൊളുത്തിവലിക്കുന്ന തരമൊരു വിളി. സുതനപ്പോൾ ഉടുപ്പിട്ടിരുന്നില്ല. തിരിഞ്ഞ് നടക്കുമ്പോൾ സുതന്റെ ശരീരം മുഴുവനും നരച്ച മുടികൾ പൊതിഞ്ഞിരുന്നു. അയാൾ ഒരു മൃഗമാണോന്ന് സംശയിച്ചുതന്നെയാണ് രമണി മനുഷ്യാന്ന് വിളിച്ചത്. രമണി തിരിച്ച് വീട്ടിൽ പോയി ഒടങ്കൊല്ലി മുളകിട്ട മീനും കൂട്ടി ജീവിതത്തെ കുറിച്ച് കനത്തോടെ എന്തൊക്കെയോ ചിന്തിച്ച് കിടന്നുറങ്ങി.
ജനം പിന്നീട് പിന്നീട് സുതനെ കണ്ടില്ലാന്ന് നടിക്കാൻ തുടങ്ങി. പെറ്റും പോറ്റിയും ഭൂമിയിലുള്ള എല്ലാ മനുഷ്യരുടെയും ജീവിതംപോലെയായി അവരുടേതും. ഒരുദിവസം രണ്ടും കൽപിച്ച് തങ്കി തന്നെ അയാളെ കാണാൻ ഇറങ്ങിത്തിരിച്ചു. അഴുകിപ്പോയ പഴങ്ങൾ അവിടെ കിടപ്പുണ്ട്. വെടിച്ച് പോയതും വേനലിൽ നീറി പൊട്ടിപ്പോയതുമുണ്ട്. തിരസ്കാരമുണ്ടായില്ല. അയാൾ അവളെ നോക്കി. അവളുടെ ചോരയും നീരും തുടിച്ചു. ഊളന്മാർ അടുത്ത കുന്നിൽനിന്നും ഓലിയിട്ടു. നിലാവ് വെളിച്ചമിട്ടിട്ടുണ്ട്. പുളീടെ മൂട്ടിലെ ഒരു ഉരുളൻകല്ലിൽ സുതൻ അവളെ പിടിച്ചിരുത്തി. അവൾ അതിൽ കേറി ഞെളിഞ്ഞിരുന്നു. ഉച്ചക്ക് വീട്ടിൽ ഒരു പരമ്പിൽ മുളകും പാവക്കയും പപ്പടവും ഉണക്കാൻ െവച്ചത് അവൾ മറന്നിരുന്നില്ല. കാക്കയോ പക്കിയോ വരാതിരിക്കാൻ ഒരു കണ്ണാടി പരമ്പിൽ ചാരിനിർത്തിയിരുന്നു. പണ്ട് ചെറുക്കൻ നിക്കറുമിട്ട് തെറ്റാലിയുമായി കൊത്തിെപ്പറക്കാൻ വരുന്ന കിളികളെ എറിഞ്ഞിടുമായിരുന്നു. ആ കാലം ഓർത്ത്കൊണ്ട് തങ്കി അയാൾക്ക് മുന്നിലിരുന്നു.
അയാൾ അവളുടെ വെടിച്ച കാലുകളിൽ തൈലം പുരട്ടി. സാരിയിൽ പറ്റിക്കിടന്ന ഓണപ്പുല്ല് ഇളക്കിമാറ്റി. ചെതുമ്പലിനെ വേപ്പില പുരട്ടി മയക്കി. നഖത്തിലെ അഴുക്ക് തോണ്ടി മാറ്റി. മുടിയിലെ ചെട എണ്ണ തടവി നീക്കി.‘‘തിരുപ്പൻ വച്ചിട്ടുണ്ടോ?’’ ‘‘ഇല്ലല്ല്’’ തങ്കി അയാളുടെ കണ്ണുകളിലേക്ക് നോക്കി. അവൾ കല്യാണരാത്രിയിലെ പോലെ നെറ്റിച്ചുട്ടി െവച്ചിട്ടുണ്ടോന്നും അയാൾക്ക് സംശയംതോന്നി. അവൾ ഭൂതകാലത്തെ നിമിഷങ്ങൾ ഓരോന്നായി കിള്ളിയിട്ടു. ഒരിണുക്ക് തരിപ്പ് കിണ്ടിയെടുത്തു. കുളിരിൽ പുതപ്പും വെറിയിൽ കുടയുമായി അയാൾ കൂടെവന്നത് അവൾ ഓർമിച്ചു. അവരുടെ കണ്ണുകൾ തമ്മിലുടക്കി. ഒരു കൂറ് സ്നേഹം. ഒരു കൂറ് വെറുപ്പ്. അവർ വീതം െവച്ചു.
രാത്രി ഒഴിഞ്ഞുമാറി. സൂര്യനുദിച്ചു. ചെടികളിൽ പൂക്കൾ വന്ന് പൂത്തു കൊഴിഞ്ഞു. മണ്ണിൽ പുതഞ്ഞ് അവ അഴുകി ഭൂമിയോടൊട്ടി. കൊടുങ്കാറ്റ് വരും. കര കടലെടുത്തു പോകും. കുത്ത് വാക്കുകൾ കേൾക്കും. നിസ്സാരന്മാരായ മനുഷ്യർ ജനിച്ച് മരിക്കുന്ന ലോകത്തെ അവർ പരസ്പരം കണ്ടറിഞ്ഞു. ഭൂമിയിൽ എവിടെ െവച്ചെങ്കിലും കാണാമെന്ന ഉറപ്പിൽ അയാൾ അവളെ യാത്രയാക്കി. പിഞ്ഞിക്കീറിയ കല്യാണസാരി ഉടുത്താണ് തങ്കി അന്ന് അയാളെ കാണാൻ പോയത്. മരിക്കുമ്പോൾ കുഴിയിൽ അവളെ അതുടുത്ത് കിടത്തണമെന്ന് അയൽവീട്ടുകാരോട് പറഞ്ഞേൽപിച്ചിരുന്നു. ദുരിതംപേറിയാണ് ആ സാരി അവളുടെ അമ്മ അവൾക്ക് വാങ്ങിച്ചുകൊടുത്തത്. ആ ദിവസവും കടന്നുപോയി.
കാറ്റിലൂടെയും വെള്ളത്തിലൂടെയും പടരുന്ന രോഗങ്ങൾ ആ നാട്ടിലും വന്നു. മൃഗങ്ങളിൽനിന്നും മനുഷ്യരിലേക്ക് രോഗങ്ങൾ പടർന്നു. എല്ലാ വീട്ടിലും കിണറിന്റെ കപ്പി കറങ്ങി. അമ്മിക്കല്ല് നിരങ്ങി. കരുവാട് നാറി. പാമ്പ് വാ തുറക്കുന്ന നാറ്റം അവിടെയുണ്ടെന്ന് ആരോ പറഞ്ഞു. ആ നാട്ടിലും വെളിവും തെളിച്ചവുമുള്ള ശിശുക്കൾ ജനിച്ചു. കടവും കടപ്പാടും കൂടി. ചായക്കടയിലെ പറ്റുപുസ്തകം ആരോ കീറിക്കളഞ്ഞു. കാലം നീങ്ങി.
‘‘നിന്റെ അച്ഛൻ കട്ടക്കാലിൽ ഒരു കുടില് കെട്ടി കിടപ്പുണ്ട്...’’ പത്താം ക്ലാസ് പരീക്ഷ തീരുന്ന ദിവസം വീടിനടുത്തുള്ള പയ്യൻ പറയുന്നത് കേട്ട് കൊച്ചനി ആ വഴി ഒന്ന് നടന്ന് നോക്കാമെന്ന് കരുതി. വളരെ ദൂരെ നിന്നേ അവൻ അച്ഛനെ കണ്ടു. ഉഷ്ണമാണ്. വയൽമണ്ണാണ് ചുറ്റിലും. കയ്യിലെടുത്താൽ പുതഞ്ഞു പോകും. ഒരു മരിച്ചീനിവേലിക്ക് താഴെ അവൻ കുനിഞ്ഞിരുന്നു. അവന്റെ ഇളിക്കൂട് വെട്ടിപ്പിടിച്ചു. കൂട്ടുകാരെല്ലാം അച്ഛന്മാരുടെ ഉടുപ്പ് മാറിമാറി ഇടാറായി. ഏതാണ്ട് അച്ഛന്മാരുടെ അത്രതന്നെ പൊക്കവും വണ്ണവും ക്ലാസിലെ എല്ലാർക്കുമുണ്ട്. മുടിവെട്ടാൻ പോകുമ്പോഴും പന്ത് കളിക്കാനിറങ്ങുമ്പോഴും അവർ അച്ഛന്മാരുടെ കുപ്പായമിട്ടിറങ്ങും. ഒരുടുപ്പ് അടിച്ചുമാറ്റി സ്ഥലം വിടാൻ അവൻ പദ്ധതിയിട്ടു. മോഷ്ടിക്കുന്നത് തെറ്റാണെന്ന് അവന് തോന്നിയതേയില്ല.
സുതൻ മണ്ണിൽ പുതഞ്ഞിരിക്കുന്നു. ഒരു ചാക്കുടുപ്പാണ് വേഷം. ഉറുമ്പുകൾ അയാൾക്കു മേൽ പറ്റിയിരിക്കുന്നു. കാക്കയും കുയിലും വന്നു. ഒരു കീരി അത് വഴി അതിന്റെ ദേശം തേടി പോയി. പുറകേ പാമ്പ് വരുമോ ചെങ്കീരി വരുമോ എന്ന് അവൻ അതിശയിച്ച് നോക്കി. കീരി മൂത്രമൊഴിച്ച് പാമ്പിനെ മയക്കിയിടുന്ന കഥ അവനും കൂട്ടുകാരും അന്നുച്ചക്ക് സ്കൂളിൽ പറഞ്ഞ് ചിരിച്ചു. എവിടെയോ തവളകൾ ഒളിച്ചിരിക്കുകയായിരിക്കും. ചൂട് ദേശം വിട്ടൊരു മയിലും അന്നേരം വന്നു. അവിടെ കുടങ്ങളിൽ വെള്ളം െവച്ചിരുന്നു. സുതൻ ധാന്യം ചിതറിയിട്ട് കൊടുക്കുന്നുണ്ടായിരുന്നു. മുടന്തി നടന്ന ഒരു നായയും അങ്ങോട്ട് വന്ന് കേറി. അടുത്ത് നിന്നെങ്ങോ ഒരു കോഴി കൊത്തിപ്പെറുക്കി നടന്നു. രാത്രിയിൽ കൂടെത്താൻ ആരോ അതിനെ നീട്ടി വിളിക്കുന്നുണ്ട്.
അമ്മ നോക്കിനോക്കി നിന്ന് പേടിക്കുമെന്ന് അവൻ മനസ്സിലോർത്തു. അമ്മ മനസ്സിൽ പറയും രാത്രിയായി... പൂതം വരും. പ്രേതം വരും. യക്ഷി മുടി അഴിച്ചിട്ട് നിലാവിലൂടെ ഭൂമിയിൽ കാല് കുത്താതെ നടക്കും. ഒറ്റക്ക് നടക്കുന്ന കൊച്ചനിയുടെ പിറകേ പോയി മുറുക്കാനുണ്ടോന്ന് ചോദിക്കും. ഇനി ഇവരാരും വന്നില്ലെങ്കിൽ ഇരുട്ടത്ത് മാടനും മറുതയും വരും. കാട്ടുമാക്കാൻ വഴി മുടക്കും. പറങ്കിമാവ് കല്ല് പൊഴിക്കും. മൂങ്ങയെ കാണും. വവ്വാലുകൾ തലകുത്തി നിന്ന് ആടും. അവരും വന്നില്ലെങ്കിൽ പിടിച്ചുപറിക്കാർ വരും. അല്ലെങ്കിൽ പിച്ചക്കാർ വന്ന് കൊച്ചുങ്ങളെ തട്ടിക്കൊണ്ടു പോയി കണ്ണ് കുത്തിപ്പൊട്ടിക്കും. ചെവി പൂളിയെടുക്കും. ഭൂമിയിൽ ഒരമ്മക്ക് മാത്രമുണ്ടാക്കാൻ കഴിയുന്ന ആ പേടിക്കഥകൾ കേട്ട് അവൻ കൊച്ചിലേ നിക്കറിൽ കൂടെ മൂത്രമൊഴിച്ചിട്ടുണ്ട്. കൊച്ചനി അതോർത്ത് ചിരിച്ചു. താൻ വളർന്നതും അച്ഛന്റെ ഉടുപ്പിടാൻ മനസ്സ് കൊണ്ടും ശരീരംകൊണ്ടും തയാറെടുക്കുന്നതും അമ്മ അറിഞ്ഞിട്ടേയില്ല.
പത്തിൽ ജയിച്ചാലും തോറ്റാലും ഒന്ന് രണ്ട് പുതിയ ഉടുപ്പ് എടുക്കാമെന്ന് അമ്മ ഏറ്റിറ്റുണ്ട്. ഇപ്പോഴതാ ഒരു പൂച്ച സുതന്റെ മടിയിൽ ചാടിക്കേറി. അയാൾ അതിനെ ഒരു കുഞ്ഞിനെ പോലെ തലോടിക്കൊണ്ടിരുന്നു. പൊട്ടിപ്പൊളിഞ്ഞ ഒരു വീടാണ് തൊട്ടടുത്തുള്ളത്. കൂടുതൽ കൂടുതൽ ജീവികൾ വരാൻ തുടങ്ങി. ആര് വിളിച്ചിട്ടാണോ അവരെല്ലാം വരുന്നത്? ആദ്യം വന്നത് കിളികളാണ്. പിന്നെ ജന്തുക്കൾ വന്നു. പിന്നാലെ ഇഴപ്രാണികൾ മണ്ണിലൂടെ വന്നു. പൊത്തുകളിൽനിന്നും മരച്ചില്ലകളിൽനിന്നും ജീവികൾ വന്നു. ഏറ്റവുമൊടുക്കം ഇരുകാലികളായ ചില മനുഷ്യരും അയാളെ തേടി വന്നു. അവർ അവിടെ മിണ്ടിയും പറഞ്ഞും നിന്നു. ബീഡി വലിച്ചും കിന്നാരം പറഞ്ഞും സമയംപോക്കി. ചിന്തകളുടെ അല്ലലില്ലാത്ത മനുഷ്യർ ഉടുപ്പിടാത്തവരെ കണക്ക് ഭാരമില്ലാത്തവരായി.
നേരം സന്ധ്യ നീങ്ങി രാത്രിയോടടുക്കുന്നുണ്ടായിരുന്നു. അസ്തമയത്തിൽ മനുഷ്യരോടും ജന്തുക്കളോടും മിണ്ടിയും പറഞ്ഞും സുതൻ നിന്നു. അയാൾ പ്രപഞ്ചവുമായി ഒന്നായി. അശയിൽ നനച്ച് വിരിച്ച അഞ്ചാറ് ഉടുപ്പുകൾ കൊച്ചനി നോട്ടമിട്ടു. പല വേഷങ്ങൾ കെട്ടുമ്പോൾ ഇന്ന് ഏതുടുപ്പിടുമച്ഛൻ? ആദ്യമായി നഗ്നത കണ്ട് ഭയന്നത് അവന്റെ മനസ്സിൽ ഓടിയെത്തി. കുപ്പായം മാറ്റുമ്പോഴത്തെ മനുഷ്യശരീരം കണ്ട് അന്നവൻ ഞെട്ടി. ആ കാലത്തെ കുട്ടിയെ പുതിയ ഉടുപ്പിട്ട് പറ്റിച്ച കാര്യം അവന്റെ മനസ്സിലുണ്ട്. അശയിൽനിന്നും ഏതെങ്കിലുമൊരു ഉടുപ്പെടുത്ത് അലക്ക് കല്ലിൽ ഇട്ടടിച്ച് കാരമിട്ടലക്കി ചൂട് വെള്ളത്തിൽ തിരുമ്മി കാറ്റും വെയിലും കൊണ്ടുണക്കി ശരീരത്തിലിടാൻ അവൻ അതിയായി കൊതിച്ചു.
രാത്രി കൊടുവാളെടുത്ത് വീടിനെയും പരിസരത്തെയും ആഞ്ഞു വെട്ടി. പാമ്പ് പടം പൊഴിക്കുന്നതുപോലെ ശരീരം പല കാലങ്ങളിൽ മാറുന്നതോർത്ത് മറ്റൊരു മനുഷ്യന്റെ ഉടുപ്പ് തനിക്കൊരിക്കലും പരുവമാവിെല്ലന്നറിഞ്ഞ് അവൻ തിരിഞ്ഞ് നോക്കാതെ നടന്നു.