ഇരുട്ടിന്റെയും വെളിച്ചത്തിന്റെയും പര്യായങ്ങൾ
കഴിഞ്ഞ കുറെ ദിവസങ്ങളായി ഞങ്ങൾ –ഞാനും കല്യാണിയും എലിസബത്തും സുനീതിയുടെ പിന്നാലെയായിരുന്നു. സുനീതിയെ ഏതെങ്കിലും വിധത്തിൽ ദ്രോഹിക്കണമെന്ന ഒരുദ്ദേശ്യവും ഞങ്ങൾക്കുണ്ടായിരുന്നില്ല. മറിച്ച്, അവളെ ചൂഴ്ന്നുനിൽക്കുന്ന ഒരു രഹസ്യം പുറത്തുകൊണ്ടുവരണമെന്നും അവളുടെ അപഥസഞ്ചാരങ്ങൾക്കു തടയിടണമെന്നും മാത്രമേ ഞങ്ങൾ ആഗ്രഹിച്ചുള്ളൂ. മറ്റുള്ളവരുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ കൈകടത്തുന്നത് തെറ്റാണെന്നറിഞ്ഞിട്ടും ഞങ്ങൾ സുനീതിയെ നിരീക്ഷിച്ചത് അവൾ...
Your Subscription Supports Independent Journalism
View Plansകഴിഞ്ഞ കുറെ ദിവസങ്ങളായി ഞങ്ങൾ –ഞാനും കല്യാണിയും എലിസബത്തും സുനീതിയുടെ പിന്നാലെയായിരുന്നു. സുനീതിയെ ഏതെങ്കിലും വിധത്തിൽ ദ്രോഹിക്കണമെന്ന ഒരുദ്ദേശ്യവും ഞങ്ങൾക്കുണ്ടായിരുന്നില്ല. മറിച്ച്, അവളെ ചൂഴ്ന്നുനിൽക്കുന്ന ഒരു രഹസ്യം പുറത്തുകൊണ്ടുവരണമെന്നും അവളുടെ അപഥസഞ്ചാരങ്ങൾക്കു തടയിടണമെന്നും മാത്രമേ ഞങ്ങൾ ആഗ്രഹിച്ചുള്ളൂ. മറ്റുള്ളവരുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ കൈകടത്തുന്നത് തെറ്റാണെന്നറിഞ്ഞിട്ടും ഞങ്ങൾ സുനീതിയെ നിരീക്ഷിച്ചത് അവൾ ഞങ്ങളുടെ ആദിനാഥന്റെ ഭാര്യയായതുകൊണ്ടാണ്. സുനീതി ആദിനാഥനെ വഞ്ചിക്കുകയാണോയെന്ന വേവലാതിയിലായിരുന്നു ഞങ്ങൾ.
കല്യാണി ഇന്നലെയും മിനിഞ്ഞാന്നും അവളുടെ പഴഞ്ചൻ ആക്ടിവയിൽ സുനീതിയെ പിന്തുടർന്നു. സുനീതി ആ താടിക്കാരനൊപ്പം പാരഡൈസ് റെസ്റ്റാറന്റിലെ ഒരു ഒഴിഞ്ഞ കോണിൽ ഏറെസമയം ചെലവഴിക്കുന്നെന്നും കഴിഞ്ഞ ദിവസത്തെപ്പോലെ ഇപ്പോഴും അവർ ഒരു കോഫി മാത്രമാണ് കുടിച്ചതെന്നും കല്യാണി എനിക്ക് വോയ്സ് മെസേജയച്ചു. താടിക്കാരന്റെ, അത്രയൊന്നും വ്യക്തമല്ലാത്ത ഒരു ചിത്രം ദേഷ്യപ്പെടുന്ന ഇമോജിക്കൊപ്പം അവൾ എനിക്ക് അയച്ചുതന്നു. ഞാനത് അപ്പോൾത്തന്നെ എലിസബത്തിനു ഫോർവേഡ് ചെയ്തു.
കല്യാണിയുടെ നിർദേശമനുസരിച്ച് ഉടൻതന്നെ ഞാനും എലിസബത്തും പാരഡൈസ് റെസ്റ്റാറന്റിലേക്കു പാഞ്ഞെത്തി. കാര്യങ്ങൾക്ക് ഇന്നെങ്കിലും ഒരു വ്യക്തത വരുത്തണം –ഞാൻ മനസ്സിലുറപ്പിച്ചു. സുനീതിയുടെ ചുറ്റിക്കളി ഇന്നത്തോടെ അവസാനിപ്പിക്കണം. അതിനുവേണ്ടി ഞാൻ താലൂക്ക് ഓഫീസിലെ എന്റെ താൽക്കാലിക ജോലിയിൽനിന്നും ഹാഫ്ഡേ ലീവെടുത്തു. കല്യാണി അവളുടെ ഇരട്ടക്കുട്ടികളുടെ സംരക്ഷണച്ചുമതല അമ്മായിയമ്മയെ ഏൽപിച്ചിട്ടാണ് വന്നത്. ഞങ്ങളെ സംബന്ധിച്ച് ആദിനാഥന്റെ ജീവിതം ഞങ്ങളുടേതുപോലെതന്നെ പ്രധാനപ്പെട്ടതായിരുന്നു.
‘‘നിങ്ങൾക്ക് ഈ സി.ഐ.ഡിപ്പണി നിർത്താൻ സമയമായില്ലേ പെണ്ണുങ്ങളേ?” ഇന്നലെ ഞങ്ങളെ ടൗണിൽെവച്ചു കണ്ടപ്പോൾ സുനീതി പരിഹസിച്ചു. കല്യാണിയും ഞാനും കല്യാണിയുടെ ആക്ടിവയിൽ സുനീതിയെ പിന്തുടരുകയായിരുന്നു.
ഇന്ന് സുനീതിയും താടിക്കാരനും ബീച്ചിലേക്ക് പോയിരിക്കുന്നുവെന്ന് എലിസബത്ത് ഞങ്ങൾക്ക് രഹസ്യവിവരം തന്നു. ഞാനും കല്യാണിയും ബീച്ചിലെത്തിയപ്പോൾ സന്ധ്യയാകാറായിരുന്നു.
‘‘ഷമീനാ, ദാ അവിടെ.’’ ദൂരെയായി മണൽപ്പരപ്പിൽ അവരുടെ ബൈക്ക് നിർത്തിയിട്ടിരിക്കുന്നത് എലിസബത്ത് എനിക്ക് കാണിച്ചുതന്നു.
ബീച്ചിൽ തിരക്ക് തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. ഇടക്കിടെ വീശുന്ന വരണ്ട കാറ്റിനെ വകവെക്കാതെ ആളുകൾ മണൽപ്പരപ്പിലൂടെ നടന്നുനീങ്ങുന്നുണ്ടായിരുന്നു. തിരയിൽ ഇറങ്ങിക്കളിക്കുന്ന യുവാക്കളും കുട്ടികളും ഉച്ചത്തിൽ കൂകിവിളിക്കുന്നത് കേൾക്കാമായിരുന്നു.
‘‘ഓ... നിങ്ങൾ ഇവിടെയുമെത്തിയോ?’’
ഞങ്ങളെ കണ്ടപ്പോൾ സുനീതി വീണ്ടും പരിഹസിച്ചു. ഒപ്പമുള്ള താടിക്കാരൻ അവളോട് എന്തോ ആംഗ്യം കാട്ടിയതിനുശേഷം കുറച്ചു ദൂരത്തേക്ക് ബൈക്കോടിച്ചുപോയി.
‘‘എല്ലാം ആദിനാഥനുവേണ്ടിയാണ്.’’ കല്യാണി ഈർഷ്യയോടെ പറഞ്ഞു.
‘‘അല്ലാതെ നിന്റെ പിന്നാലെ നടക്കേണ്ട കാര്യമൊന്നും ഞങ്ങൾക്കില്ല.’’
‘‘ഓ... ഒരു ആദിനാഥൻ!’’ അപ്പോഴാണ് അവൾ പുച്ഛത്തോടെ ആ ചോദ്യം ചോദിക്കുന്നത്.
‘‘ആദിനാഥൻ നിങ്ങളുടെ ആരാണ്? ഭർത്താവോ? കാമുകനോ? സഹോദരനോ? അതോ മകനോ?’’
ഞങ്ങൾ ഒരു നിമിഷം സ്തബ്ധരായി. ഈ ചോദ്യത്തിനു മറുപടി പറയേണ്ട ഒരു സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ലായിരുന്നു. ഞങ്ങൾ നിശ്ശബ്ദരായി നിന്നപ്പോൾ സുനീതി വാശിയോടെ ആവർത്തിച്ചു.
‘‘മറുപടി പറയൂ… നിങ്ങളുടെ ആരാണ് ആദിനാഥൻ?’’
ഞങ്ങൾ പരസ്പരം നോക്കി. ആദിനാഥനെ പരിചയപ്പെടുന്നതിനു മുമ്പുള്ള ജീവിതം ഞങ്ങളെ സംബന്ധിച്ച് അപ്രസക്തമായിരുന്നു.
* * *
ആട്ടവും പാട്ടും പഠനവും കളിചിരികളുമായി പുരോഗമിച്ച ഞങ്ങളുടെ കൗമാരത്തെ പിടിച്ചുകുലുക്കിയത് ആദിനാഥനായിരുന്നു. ടൗണിലെ ഇംഗ്ലീഷ് മീഡിയം സ്കൂളിൽനിന്നും ഞങ്ങളുടെ സർക്കാർ സ്കൂളിലേക്ക് പുതുതായെത്തിയ കുട്ടിയായിരുന്നു ആദിനാഥൻ. പറയത്തക്ക പ്രത്യേകതകൾ ഒന്നുമില്ലാതിരുന്ന ആദിനാഥൻ പെട്ടെന്നൊരുദിവസം ഞങ്ങളുടെ ശ്രദ്ധാകേന്ദ്രമായി മാറി. ക്ലാസിലെ ഒന്നാംസ്ഥാനക്കാരിയായ ജ്യോത്സ്നയോടുള്ള അസൂയ മൂത്ത ഞങ്ങൾ (ഞാൻ, കല്യാണി, എലിസബത്ത്) അവളുടെ കണക്ക് നോട്ടുബുക്ക് സ്കൂളിനു പിറകിലെ പൊന്തക്കാട്ടിലേക്കു വലിച്ചെറിഞ്ഞ ദിവസമായിരുന്നു അത്. ജ്യോത്സ്നയുടെ പരാതിപ്രകാരം കണക്കുമാഷ് സംഭവത്തെപ്പറ്റി വിശദമായ ഒരു അന്വേഷണത്തിന് ഒരുങ്ങിയപ്പോൾത്തന്നെ ഞങ്ങൾ സംശയത്തിന്റെ നിഴലിലായിരുന്നു. എന്തെങ്കിലും നുണ പറഞ്ഞ് അന്വേഷണത്തെ വഴിതിരിച്ചുവിടാനാകുമോ എന്നതായിരുന്നു ഞങ്ങളുടെ ആദ്യത്തെ ചിന്ത. അതു പാളിയപ്പോൾ മറ്റൊരു കുട്ടിയിൽ കുറ്റം ആരോപിക്കാനുള്ള ശ്രമമായി. അതും പരാജയപ്പെട്ടപ്പോൾ കുരുക്ക് മുറുകിക്കഴിഞ്ഞുവെന്ന് ഞങ്ങൾ ഉറപ്പിച്ചു.
അപ്പോഴാണ് കാണാതായ കണക്ക് നോട്ടുബുക്കുമായി ആദിനാഥൻ രംഗത്തെത്തുന്നത്. പേജുകളാകെ ചുളിഞ്ഞ നോട്ടുബുക്ക് പൊന്തക്കാട്ടിൽനിന്നും അവൻ കണ്ടെടുത്ത് കണക്കുമാഷിനെ ഏൽപിക്കുകയായിരുന്നു. ഞങ്ങളെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് സംഭവത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും അവൻ ഏറ്റെടുത്തു. മാഷിന്റെ തുടർചോദ്യങ്ങൾക്ക് മൗനമായിരുന്നു ആദിനാഥന്റെ മറുപടി. അവന്റെ കയ്യിൽപ്പതിഞ്ഞ ചൂരൽപ്പാടുകൾ ഞങ്ങളുടെ മനസ്സിലാണ് നീറിപ്പുകഞ്ഞത്. ഇന്നോളം കിട്ടിയ ശകാരങ്ങൾക്കും അടികൾക്കുമൊന്നും ഇത്രയും വേദനയില്ലായിരുന്നുവെന്ന് ഞങ്ങൾ അമ്പരപ്പോടെ തിരിച്ചറിഞ്ഞു.
അന്ന് വൈകുന്നേരം ആളൊഴിഞ്ഞ ക്ലാസ്റൂമിൽ ആദിനാഥനും ഞങ്ങളും മാത്രമായി.
‘‘കുട്ടി, എന്തിനാണ് വെറുതേ കുറ്റമേറ്റെടുത്തത്? ഞങ്ങൾ മൂന്നുപേരും കൂടിയാണ് നോട്ടുബുക്ക് കുറ്റിക്കാട്ടിലെറിഞ്ഞത്.’’ കല്യാണി വെളിപ്പെടുത്തി.
‘‘എനിക്കറിയാം.’’ ആദിനാഥൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
‘‘നിങ്ങൾ ചെയ്യുന്നതൊക്കെ ഞാൻ കണ്ടിരുന്നു.’’
‘‘പിന്നെന്തിന്?..’’ എന്റെ ചോദ്യം മുഴുമിക്കുംമുമ്പേ ആദിനാഥൻ പറഞ്ഞു.
‘‘നിങ്ങൾ ഇനിയും തെറ്റു ചെയ്യാതിരിക്കാൻ.’’ ഞങ്ങൾ നിശ്ശബ്ദരായി.
‘‘ആദ്യമായിട്ടാണോ നിങ്ങൾ ഇങ്ങനെയൊക്കെ ചെയ്യുന്നത്?’’ ആദിനാഥൻ ചോദിച്ചു.
‘‘അല്ല.’’ ഞങ്ങൾ സമ്മതിച്ചു.
‘‘പാടില്ല.’’ പതിമൂന്നുകാരൻ ആദിനാഥൻ പറഞ്ഞു.
‘‘ആരെയും ദ്രോഹിക്കരുത്.’’
ഞങ്ങൾ പകപ്പോടെ പരസ്പരം നോക്കി. ഞങ്ങളുടെ മനസ്സിലേക്ക് ആദ്യത്തെ പേമാരി പെയ്തിറങ്ങി. അന്നുവരെയുള്ള തെറ്റുകളൊക്കെ കഴുകിക്കളഞ്ഞ് ഞങ്ങൾ പൊടുന്നനെ വിശുദ്ധരായി. അന്നുമുതൽ ആദിനാഥനായിരുന്നു ഞങ്ങളുടെ വഴികാട്ടി, പ്രതിസന്ധികളിലെ ഊന്നുവടി, ഞങ്ങളുടെ എക്കാലത്തെയും പ്രത്യയശാസ്ത്രം.
സൗന്ദര്യത്തെയും ഗ്ലാമറിനെയും ആരാധിച്ച കൗമാരമായിരുന്നു ഞങ്ങളുടേത്. ക്രിക്കറ്റും ഹിന്ദി സിനിമകളുമായിരുന്നു ഞങ്ങളുടെ ദൗർബല്യങ്ങൾ. ഇഷ്ടതാരങ്ങളുടെ ഇരുന്നൂറിലധികം പടങ്ങൾ ഒട്ടിച്ചുെവച്ച നോട്ടുബുക്കുകൾ ഞങ്ങൾ ഓരോരുത്തർക്കും സ്വന്തമായുണ്ടായിരുന്നു. ജീവിതമെന്നത് ആ നോട്ടുബുക്കിലെ ചിത്രങ്ങളിലേതുപോലെ സൗന്ദര്യത്തിന്റെ മായക്കാഴ്ചകളാണെന്ന് ഞങ്ങൾ കരുതി. വലുതാകുമ്പോൾ ഒരു സുന്ദരനെ കല്യാണം കഴിക്കണമെന്നത് മാത്രമായിരുന്നു ഞങ്ങളുടെ ജീവിതാഭിലാഷം. ആദിനാഥന്റെ വരവോടെ എല്ലാം തകിടംമറിഞ്ഞു. പിന്നീട് ഞങ്ങളുടെ സംസാരമൊക്കെ ആദിനാഥനിൽ തുടങ്ങി അവസാനിക്കുന്നവയായി.
കാഴ്ചക്ക് പ്രത്യേകതകളൊന്നുമില്ലാതിരുന്ന ആദിനാഥൻ സുന്ദരനാണോ എന്നൊരു ചോദ്യം ഒരുദിവസം എങ്ങനെയോ ഞങ്ങൾക്കിടയിലേക്കു പാറിവീണു.
‘‘ആദിനാഥൻ സുന്ദരനാകേണ്ട കാര്യമുണ്ടോ?’’ പെട്ടെന്നുണ്ടായ തിരിച്ചറിവോടെ കല്യാണി ചോദിച്ചു.
‘‘മറിച്ച്, ആദിനാഥനെപ്പോലെയാകുന്നതല്ലേ സൗന്ദര്യം?’’
ഒരുദിവസം അതിരാവിലെ പപ്പയോടൊപ്പം പ്രഭാതസവാരിക്കിറങ്ങിയ എലിസബത്ത് വഴിയരികിൽ ആദിനാഥനെ കണ്ടുമുട്ടിയ കാര്യം പറഞ്ഞു. ബസ് സ്റ്റാൻഡിൽ അലഞ്ഞുനടക്കുന്ന ഭിക്ഷക്കാർക്കുള്ള ഭക്ഷണപ്പൊതിയുമായി അവൻ നേരം വെളുക്കുംമുമ്പേ അവിടെ എത്താറുണ്ടത്രെ. ആദിനാഥനും അവന്റെ അമ്മയുംകൂടി ഉറക്കമൊഴിച്ചിരുന്ന് തയാറാക്കുന്നതാണ് ആ ഭക്ഷണമെന്ന് പിന്നീട് ഞങ്ങളറിഞ്ഞു. ഒരുദിവസം തന്റെ കൈയിൽ ബാക്കിയായ ഒരേയൊരു പൊതിക്കെട്ടുമായി ആദിനാഥൻ ബസ് സ്റ്റാൻഡിൽ നിശ്ചലനായി നിൽക്കുന്നത് എലിസബത്ത് കണ്ടു. ആ ഭക്ഷണപ്പൊതിയുടെ അവകാശിയായ വൃദ്ധയാചകൻ ബസ് സ്റ്റാൻഡിനോട് ചേർന്ന വഴിയിൽ വെറുംനിലത്ത് മരിച്ചുകിടക്കുകയായിരുന്നു. ഏതാനും പേർ ചുറ്റിലും കൂട്ടംകൂടി നിൽപുണ്ടായിരുന്നു.
‘‘അയാളുടെയടുത്ത് നിറഞ്ഞ കണ്ണുകളോടെ അനക്കമറ്റ് നിൽക്കുകയായിരുന്നു ആദിനാഥൻ. അതു കണ്ടപ്പോൾ എനിക്കും സങ്കടം വന്നു.’’ എലിസബത്ത് ഞങ്ങളെ കെട്ടിപ്പിടിച്ചു കരഞ്ഞു.
മറ്റൊരിക്കൽ സ്കൂളിലേക്ക് തിടുക്കപ്പെട്ടു നടന്നുവരുകയായിരുന്ന ഞങ്ങൾ സ്കൂളിന്റെ മുന്നിലെ തിരക്കുള്ള റോഡിൽ ആദിനാഥനെ കണ്ടു. കൈയിൽ ഊന്നുവടിയുമായി ബദ്ധപ്പെട്ടു നടക്കുകയായിരുന്ന ഒരു വൃദ്ധയെ റോഡ് മുറിച്ചുകടക്കാൻ സഹായിക്കുകയായിരുന്നു അവൻ. പിന്നീട് ഒരുദിവസം ഒരു അന്ധന്റെ കൈപിടിച്ച് വളരെ സാവകാശം അവൻ റോഡ് ക്രോസ് ചെയ്യുന്നതും കണ്ടു. കടന്നുപോകുന്ന സമയത്തെപ്പറ്റിയോ ക്ലാസിൽ താമസിച്ചെത്തുന്നവർക്ക് കിട്ടാൻപോകുന്ന അടിയെപ്പറ്റിയോ അവന് ഉത്കണ്ഠകളേയില്ലെന്നു തോന്നി. സ്വയം ശിക്ഷ വിധിക്കാൻപോലും കെൽപുള്ള ഒരുവനാണ് ആദിനാഥനെന്ന് ഞങ്ങൾ അന്നേരം ഓർമിച്ചു.
ആദിനാഥനെ അനുകരിച്ചാകണം കല്യാണി ഞങ്ങളുടെ ക്ലാസിലെ, ഉച്ചഭക്ഷണം കൊണ്ടുവരാത്ത ചില കുട്ടികൾക്ക് ചോറുപൊതികൾ കൊണ്ടുവരാൻ തുടങ്ങി. വിശപ്പും പട്ടിണിയുമായി സമരസപ്പെട്ടു കഴിഞ്ഞിരുന്ന അവർ തുടക്കത്തിൽ അത് നിരസിച്ചുവെങ്കിലും അവൾ പിന്മാറിയില്ല. ആദിനാഥന്റെ കണ്ണിൽ നല്ല കുട്ടികളാകാനുള്ള ഞങ്ങളുടെ ശ്രമം വൈകിയാണെങ്കിലും ഫലം കണ്ടു. ആദിനാഥൻ ഞങ്ങളുടെ ഉറ്റ ചങ്ങാതിയായി മാറി.
ക്രിക്കറ്റിന്റെയും സിനിമയുടെയും ബാധകൾ എന്നെന്നേക്കുമായി ഞങ്ങളെ വിട്ടൊഴിഞ്ഞുപോയപ്പോൾ ഇഷ്ടതാരങ്ങളുടെ ചിത്രങ്ങൾ പതിപ്പിച്ച നോട്ടുബുക്കുകൾ ഞങ്ങൾക്ക് ആവശ്യമില്ലാതെയായി. കല്യാണി അവളുടെ ചിത്രപുസ്തകം ഇതിനകംതന്നെ കീറിക്കളഞ്ഞിരുന്നു. ഞാനും എലിസബത്തും ഞങ്ങളുടെ നോട്ടുബുക്കുകൾ ‘ആവശ്യക്കാർക്ക്’ കൈമാറാൻ തീരുമാനിച്ചു. അവക്കുവേണ്ടി കടിപിടികൂട്ടുന്ന കൂട്ടുകാരികളെ നോക്കി എലിസബത്ത് സഹതപിച്ചു.
‘‘ഇതൊക്കെ എന്തൊരു ജന്മങ്ങൾ!’’
ഒരിക്കൽ ആദിനാഥന്റെ വീട്ടിൽ പോയപ്പോൾ ഞങ്ങൾ അവന്റെ അച്ഛനെയും അമ്മയെയും സഹോദരിയെയും നേരിൽ കണ്ടു. ആദിനാഥന്റെ വാക്കുകളിലൂടെ ഞങ്ങൾ അവർക്കു സുപരിചിതരായിരുന്നു. ആദിനാഥനോടൊപ്പം ഞങ്ങൾ അവിടമാകെ ചുറ്റിനടന്നു കാണാൻ തുടങ്ങി. കൃഷ്ണന്റെയും ശിവന്റെയും എണ്ണഛായാചിത്രങ്ങൾ നിറഞ്ഞ ചുവരുകളിലേക്ക് ഞങ്ങൾ കൗതുകത്തോടെ കണ്ണോടിച്ചു. ആദിനാഥന്റെ മുറിയിൽ പുസ്തകങ്ങളുടെ വലിയൊരു ശേഖരംതന്നെയുണ്ടായിരുന്നു. വിശാലമായ അകത്തളങ്ങളും ഇരുട്ടും വെളിച്ചവും കയറിയിറങ്ങുന്ന ഗോവണികളുമുള്ള പുരാതനമായൊരു വീടായിരുന്നു അത്. അതിനകത്തെ പ്രശാന്തത എലിസബത്തിന്റെ മനസ്സിൽ ഭക്തിപോലെയുള്ള ഏതോ ഒരു വികാരമാണു നിറച്ചതെന്ന് അവൾ പിന്നീട് ഞങ്ങളോട് പറഞ്ഞു. അവളുടെ ഇടവകപ്പള്ളിയുടെ അകവശമാണത്രെ എലിസബത്തിനപ്പോൾ ഓർമവന്നത്. ആ ഓർമയുടെ തുടർച്ചയാലാകണം അവൾ ഇക്കാലത്തിനിടയിൽ ചെയ്ത ചെറുതും വലുതുമായ സകല തെറ്റുകളും ആദിനാഥനോടു കുമ്പസാരിച്ചു.
ആദിനാഥന്റെ വീട്ടിലെ ഭീമൻ തടിയലമാരയുടെ ഇരുവശത്തുമായി നിൽക്കുകയായിരുന്നു ഞങ്ങൾ. തുറന്നിട്ട ജനൽപ്പാളികളിലൂടെ കടന്നുവന്ന ഉച്ചവെയിൽ ആദിനാഥന്റെ തലയുടെ പിന്നിൽ ഒരു പ്രഭാവലയം തീർത്ത് അവനെ ഒരു പുണ്യാളനാക്കുന്നത് ഞങ്ങൾ അതിശയത്തോടെ നോക്കിനിന്നു. പള്ളിയിലെ കുമ്പസാരത്തെക്കാളും മനഃസമാധാനം കിട്ടിയതായി എലിസബത്ത് വെളിപ്പെടുത്തുകയുംചെയ്തു. പിന്നീട് എക്കാലത്തും ആദിനാഥന്റെ വീടിന്റെ വാതിലുകൾ ഞങ്ങളുടെ മുന്നിൽ തുറന്നു കിടന്നു. അവിടത്തെ കൂറ്റൻ തടിയലമാരയായിരുന്നു ഞങ്ങളുടെ കുമ്പസാരക്കൂട്.
പത്താം ക്ലാസിലെയും പ്ലസ് ടുവിലെയും പൊതുപരീക്ഷാക്കാലത്ത് ആദിനാഥന്റെയും പെങ്ങളുടെയും പഠനമുറി ഞങ്ങൾക്ക് ട്യൂഷൻ സെന്ററായി. ഞങ്ങൾ പഠനത്തിൽ പിന്നാക്കമായിരുന്നില്ലെങ്കിലും ആദിനാഥന്റെ ബുദ്ധിശക്തി ഞങ്ങളെ എല്ലാ വിഷയങ്ങളിലും ബഹുദൂരം പിന്നിലാക്കി. സ്കൂളിൽ ഒന്നാമനായിട്ടാണ് അവൻ എല്ലാ പരീക്ഷകളും പാസായത്. ഞങ്ങളുടെ അസൂയകളും അഭിനന്ദനങ്ങളും അവനെ തൊട്ടുതലോടി കടന്നുപോയി. മറന്നാലും മറക്കില്ലെന്നുറപ്പുണ്ടായിരുന്നതിനാൽ ഞങ്ങൾ ഇക്കാലത്തെ ഒരു ഓട്ടോഗ്രാഫിലും പകർത്തിെവച്ചില്ല.
കോളേജിൽ ഡിഗ്രിപഠനത്തിന് ആദിനാഥൻ ഫിസിക്സ് തിരഞ്ഞെടുത്തപ്പോൾ ഞങ്ങൾ പ്രതിസന്ധിയിലായി. എനിക്കും കല്യാണിക്കും ഫിസിക്സ് എക്കാലത്തെയും പേടിസ്വപ്നമായിരുന്നു. എലിസബത്താണെങ്കിൽ ഫിസിക്സിൽ ശരാശരിക്കാരിയും. എന്നാൽ ആദിനാഥനോടൊപ്പം ഒരേ ക്ലാസിൽ മൂന്നു വർഷം പഠിക്കാനുള്ള ആഗ്രഹം ഏതു ഭയത്തെയും അതിജീവിക്കുന്നതായിരുന്നു. അതുകൊണ്ടുമാത്രം ഒരു ചാവേർ പോരാളിയുടെ ധീരതയോടെ ജയിക്കാനും തോൽക്കാനും തയ്യാറായി ഞങ്ങളും ഫിസിക്സ് തിരഞ്ഞെടുത്തു.
കോളേജ് ജീവിതം ഞങ്ങളുടെ മനസ്സിലേക്ക് പുതിയ സന്തോഷങ്ങളും നൈമിഷികഭ്രമങ്ങളും അസൂയകളും അപകർഷതകളും കൊണ്ടുവന്നു. ഇക്കാലയളവിലെ വേണ്ടാവിചാരങ്ങൾ കാരണം ഞങ്ങൾക്ക് ഓരോ ആഴ്ചയിലും ആദിനാഥന്റെ വീട്ടിലെ തടിയലമാരയുടെ മുന്നിൽ ഊഴമിട്ടു കുമ്പസാരിക്കേണ്ടിവന്നു. ഓരോ തവണയും അവൻ കാട്ടിയ ക്ഷമയും സഹാനുഭൂതിയും ഞങ്ങളെ അബദ്ധങ്ങളിൽനിന്നും കരകയറ്റി. ആദിനാഥനോടുള്ള ഞങ്ങളുടെ ആരാധന ഏതു ഭ്രമങ്ങൾക്കും അപ്പുറമായിരുന്നു. ഞങ്ങൾ പരിചയപ്പെടുന്ന പുതിയ ആളുകളെ വിലയിരുത്താനായി ഞങ്ങളുടെ മനസ്സിലുള്ള ഏകകമായിരുന്നു ആദിനാഥൻ. ഒരു ആൺകുട്ടിയെ കാണുമ്പോൾ അവന് ആദിനാഥന്റെ പ്രകൃതമായിരിക്കുമോ എന്നു ചിന്തിക്കുന്നതായിരുന്നു ഞങ്ങളുടെ ശീലം.
പരീക്ഷയടുത്തതോടെ തോൽവിയുടെ ഭീതി നിഴലുപോലെ ഞങ്ങളെ പിന്തുടർന്നു. രാത്രിയും പകലും പാഠപുസ്തകങ്ങൾക്കു മുന്നിൽ പൊരുതിത്തോറ്റ ഞങ്ങൾക്കുവേണ്ടി തൊട്ടടുത്ത ട്യൂട്ടോറിയലിൽ നൈറ്റ്ക്ലാസ് തുടങ്ങി. ക്ലാസ് കഴിയുമ്പോൾ ഞങ്ങളെ സുരക്ഷിതമായി വീട്ടിലെത്തിക്കാനുള്ള ചുമതല ആദിനാഥൻ സ്വയം ഏറ്റെടുത്തു. വിരൽത്തുമ്പുവരെ മാന്യനായ ആദിനാഥൻ കൂടെയുള്ളതിനാൽ മാത്രം ഞങ്ങളുടെ നൈറ്റ്ക്ലാസിനെ വീട്ടുകാർ എതിർത്തില്ല. ആദിനാഥൻ ഞങ്ങളെ സ്കൂട്ടറിന്റെ പിന്നിലിരുത്തി വീട്ടിൽ കൊണ്ടുവിട്ടതിന്റെ സന്തോഷം വർണിക്കാൻ ഞങ്ങൾക്ക് പിറ്റേദിവസത്തെ പകൽ മതിയാകുമായിരുന്നില്ല. പഠിക്കാൻ മണ്ടികളായിരുന്നതിനാൽ മാത്രമാണ് ഞങ്ങൾക്ക് ഈ ഭാഗ്യം കിട്ടിയതെന്ന് കല്യാണി ഓർമിപ്പിച്ചു. അതിബുദ്ധിമാനായ ആദിനാഥന് പരീക്ഷക്കുവേണ്ടി പഠിക്കേണ്ട ആവശ്യമേയില്ലെന്നു ഞങ്ങൾ വിശ്വസിച്ചു. പുസ്തകങ്ങൾ വെറുതേ കൈയിലെടുത്ത് ഒന്നു മറിച്ചുനോക്കിയാൽത്തന്നെ അവന് എല്ലാം ഹൃദിസ്ഥമാകും.
ആദിനാഥനോടുള്ള ആരാധന ആദ്യം പ്രകടിപ്പിച്ചത് കല്യാണിയാണ്. കല്യാണി അവളുടെ പേര് ഗസറ്റിൽ കൊടുത്ത് ആദിഷ എന്നു മാറ്റി.
‘‘കല്യാണി എന്ന പേര് എത്ര പഴയതാണ്! എന്റെ അമ്മൂമ്മയുടെ പേരാണ് അത്.’’ ആദിഷയായി മാറിയ കല്യാണി വല്ലാത്തൊരു വ്യഗ്രതയോടെ എല്ലാവരോടും വിശദീകരിച്ചു.
‘‘ആദിഷയാണ് പുതിയത്.’’ ഞങ്ങൾ തല കുലുക്കി. എന്നിട്ടും അവളുടെ എതിർപ്പിനെ മറികടന്ന് ഞങ്ങൾ അവളെ കല്യാണി എന്നുതന്നെ വിളിച്ചുപോന്നു.
ഏറെക്കാലം കഴിയും മുമ്പേ കല്യാണി ആദിനാഥനോട് അവളുടെ മനസ്സ് തുറക്കുകയും ചെയ്തു.
‘‘നിങ്ങളെ മൂന്നുപേരെയും കളിക്കൂട്ടുകാരികളായി മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ.’’ കല്യാണിയുടെ പ്രണയാഭ്യർഥന നിരസിച്ചുകൊണ്ട് ആദിനാഥൻ പറഞ്ഞു.
‘‘എല്ലാക്കാലത്തും അതങ്ങനെ തന്നെയായിരിക്കും.’’
അതറിഞ്ഞ നിമിഷത്തിൽ ഞങ്ങളുടെ മനസ്സും പെട്ടെന്ന് ഇടിഞ്ഞുതാണു. പിന്നീട് എനിക്കും എലിസബത്തിനും ഞങ്ങളുടെ പ്രണയം അവനോടു വെളിപ്പെടുത്തേണ്ട കാര്യമില്ലായിരുന്നു. കല്യാണിക്കു കിട്ടിയ അതേ മറുപടിതന്നെ ഞങ്ങൾക്കും പ്രതീക്ഷിക്കാമായിരുന്നു.
‘‘ഇനി ഈ ജന്മം എനിക്കൊരു പ്രണയമുണ്ടാകില്ല.’’ അന്നു വൈകുന്നേരം കല്യാണി കരഞ്ഞുകൊണ്ടു പ്രസ്താവിച്ചു. എലിസബത്ത് അവളുടെ മുഖം നെഞ്ചിലേക്കു ചേർത്തുെവച്ച് മുടിയിൽ തലോടി ആശ്വസിപ്പിച്ചുകൊണ്ടിരുന്നു. ആദിനാഥനെ കുട്ടിക്കാലം തൊട്ടേ മനസ്സിൽ കൊണ്ടുനടന്നതിനാലാകണം അവനെപ്പോലെ കുറ്റങ്ങളും കുറവുകളുമില്ലാത്ത ഒരാളെ മാത്രമേ പ്രേമിക്കാൻ പറ്റൂ എന്ന് കല്യാണി പരിതപിച്ചു.
‘‘വെറും ഒരു സാധാരണ മനുഷ്യനെ ഞാൻ എന്തിനു പ്രണയിക്കണം?’’ അവൾ ഞങ്ങളോടു ചോദിച്ചു.
പി.ജി പഠനം പൂർത്തിയാകുംമുമ്പേ ആദിനാഥന് ഗവണ്മെന്റ് ജോലി കിട്ടി. ഞങ്ങൾക്കതിൽ അതിശയമേതും തോന്നിയില്ല. ഇതിനോടകം എഴുതിയ എല്ലാ പൊതുപരീക്ഷകളുടെയും റാങ്ക് ലിസ്റ്റുകളിൽ അവൻ ഇടം നേടിയിരുന്നു.
‘‘എനിക്ക് ഇപ്പോൾ ഈ നാട് വിട്ടുപോകാൻ തോന്നുന്നില്ല.’’ നിയമന ഉത്തരവിലേക്കു നിർമമതയോടെ നോക്കിക്കൊണ്ട് ആദിനാഥൻ പതിയെ പറഞ്ഞു. ഉള്ളിൽ പതഞ്ഞുപൊന്തിയ ആഹ്ലാദം അമർത്തിെവച്ചുകൊണ്ട് ഞങ്ങൾ അവനെ അനുകൂലിച്ചു. ആദിനാഥന്റെ ഈ തീരുമാനം അവൻ ഞങ്ങളോടു കാട്ടിയ ഒരു പരിഗണനയായി എലിസബത്ത് വ്യാഖ്യാനിക്കുകയും ചെയ്തു. എന്നാൽ, നാട്ടിലെ ചില സാമൂഹികസംഘടനകളുമായി ചേർന്നുനടത്തുന്ന ജീവകാരുണ്യപ്രവർത്തനങ്ങൾ പാതിവഴിയിൽ ഉപേക്ഷിക്കാൻ കഴിയാത്തതാവണം ആദിനാഥന്റെ മനംമാറ്റത്തിനു പിന്നിലെന്ന് കല്യാണി ഊഹിച്ചു.
പഠനം കഴിഞ്ഞതോടെ ഞങ്ങൾക്ക് ഒത്തുചേരാനുള്ള അവസരങ്ങളും കുറഞ്ഞു. എങ്കിലും ഫോൺ വിളികളും മെസേജുകളുമായി ഞങ്ങളുടെ സൗഹൃദം ആഴത്തിൽ വേരുപടർത്തി വളർന്നുകൊണ്ടിരുന്നു. അതിന്റെ തണലിലേക്ക് ഞങ്ങൾ ഓരോ പ്രതിസന്ധിഘട്ടത്തിലും വിവശതയോടെ പാഞ്ഞുചെന്നുകൊണ്ടിരുന്നു. ഫോണിൽ ആദിനാഥന്റെ മെസേജുകൾ കാണാത്ത ദിവസങ്ങളിൽ കാരണമില്ലാത്തൊരു ആശങ്ക ഞങ്ങളെ ഉലച്ചു. ഇതിനിടയിലും ജീവിതത്തിലെ ചെറിയ തെറ്റുകളും കുറ്റങ്ങളും ഞങ്ങളെ ആദിനാഥന്റെ വീട്ടിലെ കുമ്പസാരക്കൂട്ടിലേക്കു നയിച്ചുകൊണ്ടിരുന്നു. ഓരോ തവണയും പിഴവുകൾ അവന്റെ മുന്നിൽ ഏറ്റുപറഞ്ഞ് ഞങ്ങൾ പരിശുദ്ധകളായി. വീട്ടിലെ മുതിർന്നവരുമായുള്ള അഭിപ്രായവ്യത്യാസങ്ങളും വാക്തർക്കങ്ങളുമായിരുന്നു പ്രധാനമായും കുമ്പസാരവിഷയമായത്. സമവായങ്ങൾ തോൽവികളല്ല, മഹത്തായ വിജയങ്ങളാണെന്ന് ആദിനാഥൻ ഞങ്ങളെ ബോധവത്കരിച്ചു.
ആദിനാഥന്റെ അച്ഛൻ പെൻഷനായപ്പോൾ കിട്ടിയ പണംകൊണ്ട് അവന്റെ വീട് പുതുക്കിപ്പണിതിരുന്നു. പഴയ ഗൃഹോപകരണങ്ങളുടെ സ്ഥാനത്ത് പുതിയവ ഇടംപിടിച്ചിരുന്നു. എങ്കിലും ദ്രവിച്ചുതുടങ്ങിയ പഴയ തടിയലമാരക്കുമാത്രം സ്ഥാനമാറ്റമുണ്ടായില്ല. അത് ഞങ്ങളുടെ കുമ്പസാരക്കൂട് ആയതിനാലാണ് അതിനെ ഇപ്പോഴും വൃത്തിയാക്കി, ചായം തേച്ചു സംരക്ഷിക്കുന്നതെന്ന് ആദിനാഥന്റെ അമ്മ ചിരിയോടെ പറഞ്ഞു. അവിടെ പുതിയ പെയിന്റിന്റെ ഗന്ധത്തോടെ തിളങ്ങിനിൽക്കുന്നത് ഞങ്ങളുടെ ഭൂതകാലംതന്നെയാണെന്ന് എനിക്കു തോന്നി.
ഏതാനും വർഷങ്ങൾക്കകം ആദിനാഥന് നാട്ടിൽത്തന്നെ ഉയർന്ന തസ്തികയിൽ ജോലി കിട്ടി. ഞങ്ങളുടെ പ്രദേശത്തുനിന്നും ഏറെ ദൂരെയായിരുന്നില്ല അവിടമെങ്കിലും ഞങ്ങൾക്കത് മറികടക്കാനാകാത്ത അകലമായിത്തന്നെ തോന്നി. ജോലിസ്ഥലത്തുനിന്നും നേരത്തേയെത്തുന്ന ദിവസങ്ങളിലും വാരാന്ത്യങ്ങളിലും ഞങ്ങൾ ആദിനാഥനെ ടൗണിൽെവച്ച് കണ്ടുമുട്ടി. നാട്ടിലെ ഒരു സാമൂഹികസംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി അവൻ രാത്രിയെന്നോ പകലെന്നോയില്ലാതെ ഓടി നടക്കുകയായിരുന്നു. ഒരു ഉദ്യോഗസ്ഥന്റെ പകിട്ടിൽ ആദിനാഥനെ സങ്കൽപിച്ച ഞങ്ങൾക്ക് വീണ്ടും പിഴച്ചു.
‘‘ഷമീനാ, ശരിക്കും ആദിനാഥൻ ആരാണ്?’’
അക്കാലത്ത് ഞങ്ങൾ പതിവായി ഒത്തുചേരാറുണ്ടായിരുന്ന കോഫി ഹൗസിലിരിക്കുമ്പോൾ കല്യാണി ചോദിച്ചു.
‘‘നമ്മൾ ആഗ്രഹിക്കുന്ന ജീവിതം ജീവിക്കുന്ന ഒരാൾ.’’ അവൾ തന്നെ പൂരിപ്പിക്കുകയും ചെയ്തു.
‘‘നമ്മൾ സ്വപ്നം കാണുന്നു, അവനത് നടപ്പാക്കുന്നു.’’ ഞാൻ കൂട്ടിച്ചേർത്തു.
തൊട്ടടുത്ത വർഷംതന്നെ ആദിനാഥന്റെ വിവാഹം നിശ്ചയിച്ചു. ബയോകെമിസ്ട്രിയിൽ പി.ജി കഴിഞ്ഞ അലീനയായിരുന്നു അവന്റെ വധു. ഈ വാർത്ത ആദ്യമായി കേട്ടപ്പോൾ നെഞ്ചിൽ മുള്ള് തറച്ചുകയറുന്നതുപോലെയുള്ള ഒരു വേദന ഞങ്ങളോരോരുത്തരും അനുഭവിച്ചു. പതിയെ ആ നീറ്റൽ കെട്ടടങ്ങി.
‘‘ആദിനാഥന്റെ നല്ല ജീവിതമാണ് നമ്മുടെ സന്തോഷം.’’ പരസ്പരം കൈകോർത്തു പിടിച്ചുകൊണ്ടു സ്വയം ഉറപ്പിക്കുന്നമട്ടിൽ ഞങ്ങൾ പറഞ്ഞു. അവനുള്ള വിവാഹസമ്മാനം വാങ്ങാനായി ഞങ്ങൾ ടൗണിലെ ഏഴു കടകളിലെങ്കിലും കയറിയിറങ്ങി. എന്നാൽ, ഒരു സമ്മാനത്തിനും നമ്മുടെ മനസ്സിനെ പകർത്തിെവക്കാനാവില്ലെന്ന് ഒടുവിൽ ഞങ്ങൾ നിരാശയോടെ തിരിച്ചറിഞ്ഞു.
വൈകാതെ ഞങ്ങളും വിവാഹിതരായി. എന്റെയും കല്യാണിയുടെയും വരന്മാർ തൊട്ടടുത്ത പ്രദേശങ്ങളിൽത്തന്നെയുള്ളവരായിരുന്നു. മറ്റൊരു ജില്ലയിലേക്കു കല്യാണം കഴിഞ്ഞുപോയ എലിസബത്ത് തുടർപഠനത്തിനായി പലപ്പോഴും അവളുടെ വീട്ടിൽത്തന്നെ തങ്ങി. അതിനാൽ വിവാഹശേഷവും ഞങ്ങൾക്കു മൂവർക്കും തമ്മിൽ കാണാനുള്ള അവസരങ്ങളുണ്ടായി.
മുമ്പത്തേതുപോലെ കോഫി ഹൗസിന്റെ നിശ്ശബ്ദതയിലിരുന്ന് ഞങ്ങൾ പുതിയ ജീവിതത്തിന്റെ വിശേഷങ്ങൾ പങ്കുെവച്ചു. ജീവിതപങ്കാളിയുമായുള്ള പൊരുത്തക്കേടുകൾ പലപ്പോഴും ഞങ്ങളുടെ മുഖ്യ ചർച്ചാവിഷയമായി. ഞങ്ങളുടെ സംസാരത്തിലേക്ക് എപ്പോഴുമെന്നതുപോലെ ആദിനാഥൻ കടന്നുവന്നു. അവനെപ്പോലെ ആയില്ല ഞങ്ങളുടെ ഭർത്താക്കന്മാർ എന്നതിൽ ഞങ്ങൾ ഖേദിച്ചു. സങ്കൽപവും യാഥാർഥ്യവും തമ്മിലുള്ള വ്യത്യാസം ഞങ്ങളെ അസ്വസ്ഥരാക്കി. ഞങ്ങളുടെ കൂട്ടത്തിൽ ഏറക്കുറെ ആദിനാഥന്റെ സ്വഭാവഗുണങ്ങളുള്ള ഭർത്താവിനെ ലഭിച്ചത് കല്യാണിക്കു മാത്രമായിരുന്നു. എന്നിരുന്നാലും ആദിനാഥനുമായുള്ള ഒരു താരതമ്യപഠനത്തിൽ അയാളും പിന്നാക്കംപോയി. വല്ലപ്പോഴുമുള്ള മദ്യപാനവും അലസതയുമാണ് അയാൾക്ക് വിനയായത്.
വിവാഹജീവിതത്തിനിടയിലുണ്ടായ പാളിച്ചകളും പിഴവുകളും ഞങ്ങളെ വീണ്ടും ആദിനാഥന്റെ വീട്ടിലെ കുമ്പസാരക്കൂട്ടിലേക്കു നയിച്ചു. രണ്ടുതവണ എലിസബത്തും ഒരുതവണ കല്യാണിയുടെ സ്കൂട്ടറിന്റെ പിന്നിലിരുന്ന് ഞാനും അവനെക്കാണാൻ പോയി. ആദിനാഥന്റെ വീട് എല്ലായ്പോഴും ഞങ്ങളെ സ്വാഗതംചെയ്തു. അവന്റെ മാതാപിതാക്കളോ സഹോദരിയോ ഞങ്ങളെ തടഞ്ഞില്ല –അവന്റെ ഭാര്യ അലീനയും. എന്നിരുന്നാലും അലീനക്ക് ഈയിടെയായി എന്തൊക്കെയോ മാറ്റങ്ങളുണ്ടെന്ന് കല്യാണി സൂചിപ്പിച്ചു.
‘‘ഞാൻ കുമ്പസാരിച്ചു തീരുന്നതുവരെ അവൾ മുറിയുടെ വെളിയിൽ അനക്കമില്ലാതെ, ഒരു കാവൽക്കാരിയെപ്പോലെ നിൽക്കുകയായിരുന്നു.’’ കല്യാണി പറഞ്ഞു.
‘‘ഞാനവിടെ ചെന്നപ്പോഴും അതായിരുന്നു അവസ്ഥ.’’ എലിസബത്ത് ഓർമിച്ചു.
‘‘അലീന ഒന്നും പറഞ്ഞില്ലെങ്കിലും മുഴുവൻ സമയവും അവൾ ആ മുറിയുടെ മുന്നിൽ പതുങ്ങിനിൽപുണ്ടായിരുന്നു.’’
‘‘അലീനക്ക് നമ്മളെ സംശയമോ?’’ ഞങ്ങൾ വേദനയോടെ പരസ്പരം ചോദിച്ചു. അതിനുള്ള ഉത്തരം കണ്ടെത്താൻ ഞങ്ങൾക്കു ധൈര്യമില്ലായിരുന്നു.
‘‘നമ്മൾ ഇനിയങ്ങോട്ട് പോകണ്ട.’’ ഞാൻ പറഞ്ഞു.
‘‘ആദിനാഥന്റെ ജീവിതം ഒരു കുഴപ്പവുമില്ലാതെ മുന്നോട്ടുപോയാൽ മാത്രം മതി. അവനെ കാണണമെന്നോ സംസാരിക്കണമെന്നോ നമുക്ക് ഒരു നിർബന്ധവുമില്ല.’’
ഞങ്ങൾ പിന്നീട് ആദിനാഥന്റെ വീട്ടിലേക്കു പോയതേയില്ല. ഇടക്കെപ്പോഴെങ്കിലും ആദിനാഥനെ ടൗണിൽെവച്ചു കണ്ടാൽമാത്രം പരിചയം പുതുക്കി. അവനെ ഫോൺ വിളിക്കുന്നതുപോലും ഞങ്ങൾ അവസാനിപ്പിച്ചു. ഇടക്ക് എപ്പോഴെങ്കിലും ആദിനാഥൻ വിളിച്ചാൽമാത്രം പാതിമനസ്സോടെ സംസാരിച്ചു. മെസേജുകൾ വിശേഷദിവസങ്ങളിലെ ആശംസകളിലേക്കു മാത്രമായി ചുരുക്കി. അലീന അവന്റെ മൊബൈൽ പരിശോധിക്കുമോ എന്ന പേടിയായിരുന്നു ഞങ്ങൾക്ക്.
‘‘ഈയിടെയായി നിങ്ങൾ മൂന്നുപേരും എന്നിൽനിന്നും ഒഴിഞ്ഞുമാറുന്നുണ്ടല്ലോ. എന്താണ് ഷമീനാ, കാരണം?’’ അപ്രതീക്ഷിതമായി ഒരുദിവസം വായനശാലയുടെ മുന്നിൽെവച്ചു കണ്ടപ്പോൾ ആദിനാഥൻ എന്നെ തടഞ്ഞുനിർത്തി ചോദിച്ചു.
‘‘ഉം... ചിലതൊക്കെ എനിക്കു മനസ്സിലാകുന്നുണ്ട്.’’ എന്റെ മൗനത്തിനുള്ള മറുപടിയായി ആദിനാഥൻ പറഞ്ഞു. എന്താണ് അവനു മനസ്സിലായതെന്ന് ഞാൻ ചോദിച്ചില്ല.
എന്നിട്ടും–ഞങ്ങൾ എല്ലാ മുൻകരുതലുകളും എടുത്തിട്ടും ആദിനാഥന്റെ വിവാഹജീവിതം തകരുകതന്നെ ചെയ്തു. ഒരു വർഷംപോലും തികയുന്നതിനുമുന്പേ അലീന അവളുടെ വീട്ടിലേക്കു തിരിച്ചുപോയി. ഏറെ വൈകാതെ അവൾ വിവാഹമോചന ഹരജി കൊടുത്തെന്നും ഞങ്ങൾ കേട്ടു. ആദിനാഥൻ അതിൽ ഒപ്പുവെക്കാൻ തീരുമാനിച്ചെന്നും. തീർത്തും അവിശ്വസനീയമായിരുന്നു അത്. ഇതറിഞ്ഞയുടനെ ഞാനും കല്യാണിയും എലിസബത്തും ഭാരം തിങ്ങിയ മനസ്സോടെ ആദിനാഥന്റെ വീട്ടിലേക്കു പോയി. അവിടേക്കു ചെന്നിട്ട് കാലങ്ങളായെന്ന തോന്നലുണ്ടായി. നീണ്ട വരാന്തയും വിശാലമായ അകത്തളങ്ങളുമുള്ള ആ വീട് വെളിച്ചം മങ്ങി മൂകമായതുപോലെ തോന്നി.
‘‘സത്യമായും എന്താണു കാരണമെന്ന് എനിക്കറിയില്ല മക്കളേ’’, ആദിനാഥന്റെ അമ്മ എലിസബത്തിന്റെ കൈകളിൽ പിടിച്ചുകൊണ്ടു വിഷമത്തോടെ പറഞ്ഞു.
‘‘അലീന ഞങ്ങളോടൊന്നും പറഞ്ഞില്ല; ആദിനാഥനും. ചിലപ്പോൾ അവൻ നിങ്ങളോട് മനസ്സു തുറന്നേക്കും.’’
അതായിരുന്നല്ലോ എക്കാലത്തെയും പതിവ്. എന്നാൽ, പ്രതീക്ഷക്കു വിപരീതമായി ആദിനാഥൻ ഈ വിഷയത്തെപ്പറ്റി സംസാരിക്കാൻ താൽപര്യം കാട്ടിയില്ല.
‘‘അവനെ നിർബന്ധിക്കണ്ട.’’ കല്യാണിയോട് ഞാൻ പറഞ്ഞു.
‘‘അവന് ആരെപ്പറ്റിയും മോശമായി സംസാരിക്കാനാകില്ലെന്നു നമുക്കറിയാമല്ലോ. അലീന ആദിനാഥനെ അർഹിക്കുന്നില്ല. അത്രതന്നെ.’’
‘‘അതാണ് വാസ്തവം.’’ എലിസബത്ത് പറഞ്ഞു.
‘‘എന്നാലും എന്തിനാകും അലീന ഇങ്ങനെയൊരു തീരുമാനമെടുത്തത്?’’ ദേഷ്യവും സങ്കടവും അടക്കാൻപറ്റാതെ ഞാൻ വീണ്ടും ചോദിച്ചു.
‘‘അവൾക്ക് വേറെ ആരുമായിട്ടെങ്കിലും അടുപ്പമുണ്ടായിരിക്കും.’’ കല്യാണി ഉറച്ച ശബ്ദത്തിൽ പ്രസ്താവിച്ചു. ഞങ്ങൾ ഒന്നു ഞെട്ടിയിട്ട് അവളെ സംശയത്തോടെ നോക്കി.
‘‘അല്ലാതെ പിന്നെ?’’ കല്യാണി ചോദിച്ചു.
‘‘എന്തായാലും ആദിനാഥന്റെ ഭാഗത്തുനിന്ന് ഒരു പിഴവുമുണ്ടാകില്ലെന്നു നമുക്കറിയാമല്ലോ.’’
ആലോചിച്ചപ്പോൾ കല്യാണിയുടെ വാദത്തിൽ കഴമ്പുണ്ടെന്ന് ഞങ്ങൾക്കും തോന്നി. പിന്നീട് ഒരിക്കലും ഞങ്ങൾ അലീനയെപ്പറ്റി സംസാരിച്ചില്ല. ആദിനാഥന്റെ ജീവിതത്തിലെ ആ ഒരു അധ്യായം ഓർക്കാൻപോലും ഞങ്ങൾ ഇഷ്ടപ്പെട്ടില്ല.
താമസിയാതെ ആദിനാഥൻ വിവാഹമോചിതനായി. പിന്നീട് ജോലിയും ജീവകാരുണ്യ പ്രവർത്തനങ്ങളുമായി അവൻ ഊർജസ്വലതയോടെ മുന്നോട്ടുപോകുന്നതുകണ്ട് ഞങ്ങൾ ആശ്വസിച്ചു. ഞങ്ങൾക്കും ആദിനാഥനും പതിവുപോലെ ഒത്തുചേരാനും വിശേഷങ്ങൾ പങ്കുവെക്കാനുമുള്ള നിരവധി അവസരങ്ങളുണ്ടായി. പഴയതുപോലെ അവന്റെ മൊബൈലിൽ ഞങ്ങളുടെ സൗഹൃദം മുഴങ്ങിത്തുടങ്ങി. അവന്റെ വീട്ടിലെ കുമ്പസാരക്കൂട്ടിലേക്ക് തെറ്റുകളെ ഇറക്കിെവച്ച് ഞങ്ങൾ സ്വതന്ത്രരായി മടങ്ങി. ഓരോ തവണ ചെല്ലുമ്പോഴും തന്റെ മുറിയിലെ കൂറ്റൻ പുസ്തകക്കൂമ്പാരത്തിനു പിന്നിലിരുന്ന് ആദിനാഥൻ ഞങ്ങളെ സ്വാഗതം ചെയ്തു. ‘പുസ്തകക്കൂന ഇടിഞ്ഞുവീണ് യുവാവിന് പരിക്കേറ്റു’ എന്ന സാങ്കൽപിക പത്രവാർത്തയുണ്ടാക്കി കല്യാണി ഞങ്ങളെ ചിരിപ്പിച്ചു.
ഞങ്ങളുടെ ജീവിതം തിരക്കുകൾക്കും വ്യാകുലതകൾക്കുമിടയിൽ മുന്നോട്ടുനീങ്ങി. ഇടക്ക് എലിസബത്ത് അവളുടെ ഭർത്താവിനൊപ്പം കാനഡയിലേക്ക് പോയി. ഒരു വർഷത്തിനുശേഷം മടങ്ങിയെത്തിയപ്പോൾ അവൾ ആദിനാഥന്റെ ഒറ്റപ്പെട്ട ജീവിതത്തെപ്പറ്റി ആശങ്കപ്പെട്ടു. പ്രസവിച്ചു കിടക്കുന്ന കല്യാണിയെയും അവളുടെ ഇരട്ടക്കുട്ടികളെയും കാണാനായി കല്യാണിയുടെ വീട്ടിലെത്തിയതായിരുന്നു ഞങ്ങൾ.
‘‘ആദ്യം ആദിനാഥന്റെ മനസ്സിലെന്താണെന്നറിയണം.’’
അമ്മയോടൊപ്പമെത്തിയ ആദിനാഥൻ കുഞ്ഞുങ്ങൾക്കായി നൽകിയ സമ്മാനങ്ങൾ ഞങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചുകൊണ്ട് കല്യാണി അഭിപ്രായപ്പെട്ടു.
ഒരു വർഷം കഴിഞ്ഞപ്പോൾ ആദിനാഥൻ വീണ്ടുമൊരു വിവാഹത്തിന് സമ്മതം മൂളിയതായി ഞങ്ങളറിഞ്ഞു. ഒരു സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന സുനീതിയെയാണ് അവൻ വിവാഹം ചെയ്തത്. രജിസ്റ്റർ ഓഫിസിലെ ലളിതമായ ചടങ്ങുകൾക്കുശേഷം പ്രസരിപ്പാർന്ന മുഖഭാവത്തോടെ നിൽക്കുന്ന വധൂവരന്മാരെക്കണ്ട് ഞങ്ങൾ സന്തോഷിച്ചു.
പിന്നീട് കുറേക്കാലം ജീവിതപ്രാരബ്ധങ്ങൾക്കിടയിൽ ഞങ്ങൾക്ക് കൂടിക്കാഴ്ചകൾക്കുപോലും സമയം കിട്ടാതെയായി. ഇതിനിടയിൽ ഞാൻ താലൂക്ക് ഓഫീസിൽ താൽക്കാലിക ജോലിയിൽ പ്രവേശിച്ചു. എലിസബത്ത് മാത്രം ദിവസത്തിൽ ഒരുതവണയെങ്കിലും എല്ലാവരെയും വിളിച്ച് സംസാരിച്ചുകൊണ്ടിരുന്നു.
ഇത്തരമൊരു സംസാരത്തിനിടയിലാണ് ആദിനാഥന്റെ ഭാര്യ സുനീതി ഒരു താടിക്കാരനൊപ്പം ബൈക്കിൽ കറങ്ങിനടക്കുന്നു എന്ന വാർത്ത എലിസബത്ത് പങ്കുെവച്ചത്. ആരാണയാൾ? ഞങ്ങൾ പരസ്പരം ചോദിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ സമാനസംഭവത്തിന്റെ കൂടുതൽ തെളിവുകളെത്തി. ഞങ്ങൾ ജാഗരൂകരായി. ഇക്കാര്യം ആദിനാഥനോടു വെളിപ്പെടുത്തണമെന്ന കല്യാണിയുടെ അഭിപ്രായത്തിന് എതിർവാദങ്ങളുണ്ടായി. എന്നിട്ടും ഞങ്ങളൊരു ദിവസം ആദിനാഥനോടു സുനീതിയെപ്പറ്റി സംസാരിക്കാൻ ശ്രമിച്ചു. എന്നാൽ, മുഴുവൻ കേൾക്കും മുമ്പേ അവൻ അസ്വസ്ഥനാകുന്നത് ഞങ്ങൾ കണ്ടു. പറയാനുള്ള വാക്കുകൾ തൊണ്ടയിൽ തടഞ്ഞ് ഞങ്ങൾ നിസ്സഹായരായി.
‘‘അവൻ ഒന്നും കേൾക്കാൻ തയ്യാറാകുന്നില്ല.” പിറ്റേ ദിവസം എലിസബത്തും തോറ്റുമടങ്ങി.
‘‘കുമ്പസാരത്തിനിടയിൽ ഇക്കാര്യം അവതരിപ്പിച്ചാലോ? ആ സമയത്താണെങ്കിൽ ആദിനാഥൻ ക്ഷമയോടെ കേട്ടുകൊള്ളുമല്ലോ.’’ ഞാൻ പുതിയൊരു പദ്ധതി ആവിഷ്കരിച്ചെങ്കിലും നിർഭാഗ്യവശാൽ അതും നടപ്പായില്ല. സുനീതിയുടെ അപഥസഞ്ചാരങ്ങളെപ്പറ്റി പറഞ്ഞുതുടങ്ങിയപ്പോഴേ കുമ്പസാരക്കൂടിന്റെ നിശ്ശബ്ദതയിലും ആദിനാഥൻ പെട്ടെന്ന് അക്ഷമനാകുന്നത് ഞാൻ കണ്ടു.
‘‘ഷമീനാ, നിർത്ത്.’’ അവൻ കൈ ഉയർത്തി തടഞ്ഞു.
‘‘ഈ വിഷയത്തെപ്പറ്റി ഒന്നും പറയണ്ട.’’ ആദിനാഥൻ പെട്ടെന്ന് മുറിയിൽ നിന്നിറങ്ങിപ്പോയി. അവന്റെ ഭാവമാറ്റം കണ്ട് ഞാൻ അമ്പരന്നു.
‘‘ഇനി ആദിനാഥന് നമ്മളെ വിശ്വാസമില്ലെന്നു വരുമോ?’’ ഞാൻ സംശയിച്ചു നിർത്തി. ആരും അതിനു മറുപടി നൽകിയില്ല.
‘‘ആദിനാഥനെ അവൾ ചതിക്കാൻ പാടില്ല. ആ ഒരാഗ്രഹമേ ഉള്ളൂ എനിക്ക്.’’ എലിസബത്ത് ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
‘‘നമുക്ക് സത്യമെന്തെന്നു കണ്ടെത്തണം. അതിനുവേണ്ടി എത്ര ബുദ്ധിമുട്ടിയാലും വേണ്ടില്ല.’’
അങ്ങനെ ഞങ്ങൾ സുനീതിയെയും താടിക്കാരനെയും പിന്തുടരാൻ തീരുമാനിച്ചു!
* * *
‘‘മറുപടി പറയൂ.’’ സുനീതി ചോദ്യം ആവർത്തിക്കുകയാണ്.
‘‘നിങ്ങളുടെ ആരാണ് ആദിനാഥൻ?’’
ഞങ്ങൾ ഒരു സ്വപ്നത്തിൽനിന്നും ഞെട്ടിയുണർന്നതുപോലെ പരസ്പരം അന്തിച്ചുനോക്കി.
‘‘ഞങ്ങളുടെ ആത്മസൃഹൃത്ത്.’’ ഏതാനും നിമിഷങ്ങൾക്കുശേഷം കല്യാണി പറഞ്ഞു.
‘‘കുട്ടിക്കാലംതൊട്ടേയുള്ള ഞങ്ങളുടെ കൂട്ടുകാരൻ.’’ ഞാൻ മന്ത്രിച്ചു.
ബീച്ചിൽ തിരക്ക് കൂടിത്തുടങ്ങിയിരുന്നു. വൈകുന്നേരവെയിൽ മങ്ങിയതോടെ കച്ചവടക്കാരുടെ ഉന്തുവണ്ടികൾ അവിടവിടെയായി ഇടംപിടിച്ചിരുന്നു. ഐസ്ക്രീം കപ്പുകളുമായി ഓടിക്കളിക്കുന്ന കുട്ടികളുടെ ബഹളങ്ങൾ ഉയർന്നുകേട്ടു. സുനീതിയോടൊപ്പം വന്ന താടിക്കാരന്റെ ബൈക്ക് വളരെയകലെ ഒരു ചുവന്നപൊട്ടുപോലെ കാണാം.
ഞങ്ങളുടെ മറുപടി കേൾക്കുമ്പോഴും സുനീതിയുടെ നോട്ടം കടൽത്തിരകളിലായിരുന്നു. പാറക്കെട്ടുകളിൽ വീണുചിതറുന്ന തിരമാലകളുടെ സീൽക്കാരംപോലെ അവളുടെ ശ്വാസഗതി കനത്തുവന്നു.
‘‘എന്തിനാണ് നിങ്ങൾ എന്നെ പിന്തുടരുന്നത്?’’ അവൾ മുരണ്ടു.
‘‘നീ ഊഹിച്ച കാര്യത്തിനുതന്നെ.’’ താടിക്കാരനെ ലക്ഷ്യമാക്കി ദൂരേക്ക് കൈചൂണ്ടിക്കൊണ്ട് എലിസബത്ത് വാശിയോടെ പറഞ്ഞു.
‘‘നീയും അവനും തമ്മിലുള്ള ചുറ്റിക്കളി കണ്ടുപിടിക്കാൻ.’’
‘‘ആദിനാഥനെ വഞ്ചിക്കാൻ ഞങ്ങൾ നിന്നെ അനുവദിക്കില്ലെടീ.’’ കല്യാണിയുടെ ശബ്ദമുയർന്നു.
പരിഹാസത്തിന്റെ ഒരു ചിരി സുനീതിയുടെ ചുണ്ടുകളിൽ തെളിഞ്ഞു. ഇപ്പോൾ മാത്രമാണ് അവൾ ഞങ്ങളുടെ നേർക്കുനേർ നോക്കുന്നതെന്ന് ഞാൻ ശ്രദ്ധിച്ചു.
‘‘നിങ്ങൾക്കെന്തറിയാം ആദിനാഥനെക്കുറിച്ച്?’’
ബുദ്ധിപൂർവമായ ഒരു കരുനീക്കം നടത്തുന്നതുപോലെ സൂക്ഷ്മതയോടെയാണ് അവൾ ആ ചോദ്യം ഞങ്ങൾക്കു മുന്നിലെറിഞ്ഞത്. അപ്പോൾ ഒരു തിരമാലകൂടി പാറക്കെട്ടുകളിൽത്തട്ടി ചിതറിത്തെറിക്കുന്നത് ഞാൻ കണ്ടു.
ഇതെന്തൊരു ചോദ്യം? ഞങ്ങൾ അമ്പരന്നു.
‘‘എല്ലാം... എല്ലാം...’’ എലിസബത്ത് അവിശ്വസനീയതയോടെ പറഞ്ഞു.
‘‘എന്താണ് അവനെപ്പറ്റിയറിയാൻ ബാക്കിയുള്ളതെന്നു ചോദിക്ക് നീ.’’ കല്യാണി ആവേശത്തോടെ പ്രതികരിച്ചു.
‘‘ആദിനാഥൻ വളർന്നത് ഞങ്ങളുടെ കണ്മുന്നിലാണ്.’’ ഞാൻ പറഞ്ഞു.
‘‘അവന്റെ ജീവിതത്തിൽ ഞങ്ങളറിയാത്തതായി ഒന്നുംതന്നെയില്ല.’’
‘‘ഇല്ലേ?’’ സുനീതിയുടെ ശബ്ദം അസാധാരണമായി ഉയർന്നു. ഞങ്ങൾ അവളെ തുറിച്ചുനോക്കി.
‘‘ആദിനാഥന്റെ ആദ്യഭാര്യ അലീന പിണങ്ങിപ്പോയതെന്തിന്? നിങ്ങൾ അതന്വേഷിച്ചില്ലേ?”
ഞങ്ങൾ നിശ്ശബ്ദരായി പരസ്പരം നോക്കി. ഞങ്ങൾ അലീനയോട് അതിനെക്കുറിച്ച് തിരക്കിയിട്ടുണ്ടായിരുന്നില്ല. അലീനയെപ്പറ്റി ഓർക്കാൻപോലും ഞങ്ങൾ ഇഷ്ടപ്പെട്ടിരുന്നില്ല.
‘‘മറുപടിയില്ല അല്ലേ? എന്നാൽ ഇതാ ഇങ്ങോട്ടു നോക്കൂ.’’
സുനീതി അവളുടെ കവിളുകളിലേക്കു വീണുകിടന്ന ചെമ്പൻമുടി മാടിയൊതുക്കി. കഴുത്തിനെ മൂടിയ ദുപ്പട്ട വലിച്ചെടുത്തു മണലിലേക്കെറിഞ്ഞു. അമ്പരപ്പോടെ ഞങ്ങൾ അതു കണ്ടു. അവളുടെ വലതു കവിളിൽ അടിയേറ്റു തിണർത്ത അടയാളങ്ങൾ... കഴുത്തിലും കൈകളിലും ഉണങ്ങിത്തുടങ്ങാത്ത മുറിവുകളുടെ ചുവന്ന പാടുകൾ... വലതു നെറ്റിയോടു ചേർന്ന്...
‘‘കണ്ണ് നിറയെ കാണ്.’’ സുനീതി ആക്രോശിക്കുന്ന മട്ടിൽ പറഞ്ഞു.
‘‘നിങ്ങളുടെ ആദിനാഥൻ എന്നോടു ചെയ്തതാണ്.’’
‘‘ആദിനാഥൻ ഒരിക്കലും അങ്ങനെ ചെയ്യില്ല.’’ ഞാൻ വിക്കിവിക്കി പറഞ്ഞു.
‘‘ചെയ്യില്ല അല്ലേ?’’ അവൾ എന്നെ പേടിപ്പിക്കുന്ന മട്ടിൽ അലറി. ഞാൻ സ്തബ്ധയായി.
‘‘എന്നാൽ ഇതാ ഇതുകൂടി കാണ്.’’
സുനീതി അവളുടെ മൊബൈലെടുത്ത് അതിലെ ഒരു വീഡിയോ പ്ലേചെയ്ത് എന്റെ കൈയിൽ ബലമായി പിടിപ്പിച്ചു.
ഞാൻ ഒന്നേ നോക്കിയുള്ളൂ. ആദിനാഥന്റെ, ഞങ്ങൾ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഭീകരമായൊരു മുഖമായിരുന്നു അത്. ആദിനാഥൻ സുനീതിയെ ബെൽറ്റുകൊണ്ട് തലങ്ങുംവിലങ്ങും അടിക്കുന്നു. എന്റെ വിറക്കുന്ന കൈയിൽനിന്നും മൊബൈൽ നിലത്തുവീണു. എലിസബത്ത് കണ്ണുകൾ ഇറുക്കിയടച്ച് കുനിഞ്ഞുനിൽക്കുന്നതു കണ്ടു. കല്യാണിമാത്രം ശബ്ദമില്ലാതെ കരയുന്നുണ്ടായിരുന്നു.
‘‘ഇത് ഞാൻ ഇന്നലെ അയാളറിയാതെ റെക്കോഡ് ചെയ്ത വീഡിയോയാണ്.’’ സുനീതി ഒട്ടൊരു ശാന്തതയോടെ പറഞ്ഞു.
‘‘ഡിവോഴ്സിനായി കോടതിയിൽ ഹാജരാക്കാൻ എനിക്ക് തെളിവ് വേണമായിരുന്നു.’’ ഞാനൊന്നും മിണ്ടിയില്ല.
‘‘എന്തിന്, എന്തിനാണവൻ നിന്നെ അടിച്ചത്?’’ എലിസബത്ത് പതറിയ ശബ്ദത്തിൽ ചോദിക്കുന്നത് കേട്ടു.
‘‘അയാൾക്ക് ഉപദ്രവിക്കാതിരിക്കാനാകില്ല.’’ സുനീതി പറഞ്ഞു.
‘‘അതാണ് അയാളുടെ സന്തോഷം.’’ ഞങ്ങൾ നടുങ്ങി.
‘‘ഇതൊന്നും എന്റെ വീട്ടിൽ അറിയിക്കാതെ ഞാൻ മുന്നോട്ടുപോവുകയായിരുന്നു ഇതുവരെ.’’ സുനീതിയുടെ ശബ്ദം ആദ്യമായി ഇടറി.
‘‘ഇതൊക്കെയറിഞ്ഞാൽ എന്റെ അച്ഛനും അമ്മയും വിഷമിക്കും.’’
ആശ്വാസവാക്കുകളില്ലാതെ ഞങ്ങൾ നിശ്ശബ്ദരായിനിന്നു.
ഭാരമേറിയ നിമിഷങ്ങൾ ഒന്നൊന്നായി കടന്നുപോയി. ചുറ്റിലും ഇരുട്ടുവീണു തുടങ്ങിയിരുന്നു. തിരമാലകളെ നോക്കി അലസതയോടെ കടലകൊറിച്ചിരുന്ന സ്ത്രീപുരുഷന്മാരും മണലിൽ ഓടിക്കളിക്കുന്ന കുട്ടികളും ഉന്തുവണ്ടികളുമായിവന്ന കച്ചവടക്കാരും പോകാനുള്ള തയ്യാറെടുപ്പിലായി.
വാക്കുകൾ നഷ്ടപ്പെട്ട ഞങ്ങൾ അകലേക്കു ദൃഷ്ടി പായിച്ച് മൂകരായിനിന്നു. ഉടൽ പാതിയിൽ മുറിഞ്ഞുപോയ വലിയൊരു പാമ്പിനെപ്പോലെ കടൽ ഞങ്ങളുടെ മുന്നിൽ പുളഞ്ഞുമറിയുന്നതു കണ്ടു. അസ്തമയത്തിന്റെ ചുവപ്പ് ചോരപോലെ ചുറ്റിലും വാർന്നൊഴുകുന്നു.
സുനീതി മണലിൽവീണ മൊബൈൽ കുനിഞ്ഞെടുത്ത് ഏതോ നമ്പർ ഡയൽ ചെയ്തു. ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ താടിക്കാരൻ ബൈക്കുമായി അടുത്തെത്തിയിട്ട് അവളെ ചോദ്യഭാവത്തിൽ നോക്കി.
‘‘നിങ്ങൾ വിചാരിക്കുന്നതുപോലെ ഇവൻ എന്റെ കാമുകനല്ല.’’ സുനീതി അയാളെ നോക്കി മെല്ലെപ്പറഞ്ഞു.
‘‘ഇത് എന്റെ അടുത്ത സുഹൃത്താണ്. ഇവനോടു മാത്രമേ ഞാൻ ഇതുവരെ ഇക്കാര്യങ്ങളൊക്കെ സംസാരിച്ചിട്ടുള്ളൂ.’’
സുനീതി ഞങ്ങളോടു യാത്രപറഞ്ഞ് ബൈക്കിൽക്കയറി അകലേക്കു മറഞ്ഞു. ഞങ്ങൾ പരസ്പരം കെട്ടിപ്പിടിച്ചു കരഞ്ഞു. ആദിനാഥൻ എന്ന വിളക്കുമരം ഞങ്ങളുടെ മുന്നിൽ ഭീകരമായൊരു അലർച്ചയോടെ നിലംപതിച്ചു. ഞങ്ങൾ എന്നെന്നേക്കുമായി ഇരുട്ടിലായി. ദൈവത്തെ നഷ്ടപ്പെട്ട വിശ്വാസികളുടെ നിരാലംബത ഞങ്ങളെ പൊതിഞ്ഞു. ശരിതെറ്റുകളുടെ കുമ്പസാരക്കൂട് ഞങ്ങളുടെ മുന്നിൽ എന്നെന്നേക്കുമായി അടഞ്ഞുകിടന്നു. തിരുത്തപ്പെടാതെപോയ പിഴവുകളുടെ ഓർമകൾ പിന്നീടൊരിക്കലും ഞങ്ങളെ അലട്ടിയതേയില്ല.