Begin typing your search above and press return to search.
proflie-avatar
Login

ടു കേരള

ടു കേരള
cancel

ഒരു മനോഹര സ്വപ്നവും പുണർന്ന് ഉറങ്ങുകയായിരുന്നു കൗതുക്. സ്വന്തം കരവിരുതിൽ നിർമിച്ചെടുത്ത ടൈറ്റാനിക് കടലിലൂടെയങ്ങനെ നീങ്ങിക്കൊണ്ടിരിക്കുകയാണ്... കടൽ ടൈറ്റാനിക്കിനോട് സല്ലപിക്കുകയാണ്. കടലിൽ മുഴുക്കെ ആഹ്ലാദത്തിന്റെ തിരകൾ അലയടിച്ചുകൊണ്ടിരിക്കുന്നു. കപ്പലിനുള്ളിലും അങ്ങനെതന്നെ. കടൽ അത്ഭുതത്തോടെ ടൈറ്റാനിക്കിനോട് ചോദിച്ചു, ‘‘ഹാ ഹാ നീ അസ്സലായിരിക്കുന്നല്ലോ? ആരാ നിന്റെ നിർമാതാവ്..?’’ ടൈറ്റാനിക് അഭിമാനത്തോടെ തന്റെ യാത്രികരെ കടലിനു പരിചയപ്പെടുത്തി. ‘‘ഇതാണ് കൗതുക്. എന്നെ രൂപപ്പെടുത്തിയ കലാകാരൻ. കണ്ടില്ലേ എന്നെ നോക്കി നിർവൃതിപ്പെട്ടിരിക്കുന്നത്. എന്നെ പോലെ കൗതുകമുണർത്തുന്ന...

Your Subscription Supports Independent Journalism

View Plans

ഒരു മനോഹര സ്വപ്നവും പുണർന്ന് ഉറങ്ങുകയായിരുന്നു കൗതുക്.

സ്വന്തം കരവിരുതിൽ നിർമിച്ചെടുത്ത ടൈറ്റാനിക് കടലിലൂടെയങ്ങനെ നീങ്ങിക്കൊണ്ടിരിക്കുകയാണ്...

കടൽ ടൈറ്റാനിക്കിനോട് സല്ലപിക്കുകയാണ്. കടലിൽ മുഴുക്കെ ആഹ്ലാദത്തിന്റെ തിരകൾ അലയടിച്ചുകൊണ്ടിരിക്കുന്നു. കപ്പലിനുള്ളിലും അങ്ങനെതന്നെ.

കടൽ അത്ഭുതത്തോടെ ടൈറ്റാനിക്കിനോട് ചോദിച്ചു,

‘‘ഹാ ഹാ നീ അസ്സലായിരിക്കുന്നല്ലോ?

ആരാ നിന്റെ നിർമാതാവ്..?’’

ടൈറ്റാനിക് അഭിമാനത്തോടെ തന്റെ യാത്രികരെ കടലിനു പരിചയപ്പെടുത്തി.

‘‘ഇതാണ് കൗതുക്. എന്നെ രൂപപ്പെടുത്തിയ കലാകാരൻ. കണ്ടില്ലേ എന്നെ നോക്കി നിർവൃതിപ്പെട്ടിരിക്കുന്നത്. എന്നെ പോലെ കൗതുകമുണർത്തുന്ന ധാരാളം കലാസൃഷ്ടികളുണ്ട് ഇവരുടെ ‘കൂട്ടിൽ’!”

കപ്പൽ ഒന്നു നെഗളിച്ചുകൊണ്ടു തുടർന്നു.

‘‘ആ ചുമലിൽ ചാഞ്ഞുകൊണ്ട് ആനന്ദത്തോടെയിരിക്കുന്നത് അദ്ദേഹത്തിന്റെ ഭാര്യ മേഘാറാണി. ഇനിയെന്റെ കപ്പിത്താനെ നോക്കൂ.

പേര് ജീവൻ. ‘കൂട്ടി’ലെ ഇളയവനാ...

അവന്റെ ആത്മവിശ്വാസം കണ്ട് അതിശയത്തോടെ ചിരിച്ചുകൊണ്ടിരിക്കുകയാണ് അവന്റെ ദീദിമാര് ഭൂമിയും നദിയും മിടുക്കികൾതന്നെ..!’’

മനോഹരമായ ആ സ്വപ്നം പാതിയിൽ മുറിച്ചുകൊണ്ട് ഉറക്കം അയാൾക്കു സുല്ലിട്ടു. എങ്കിലും ആ സ്വപ്നത്തിലെ വരികളോർത്ത് ചുണ്ടിൽ ഒരു ചെറു ചിരിയുമായി അയാൾ അൽപനേരം കണ്ണു തുറന്നു കിടന്നു. കൗതുകിന്റെ സ്വപ്നവും ഉറക്കവും പാതിയിൽ മുറിഞ്ഞതറിഞ്ഞിട്ടെന്നപോലെ അപ്പോഴേക്കും മേഘാറാണിയും ഉണർന്നു. അല്ലെങ്കിലും നേരിയ ഒരു അനക്കം മതി മേഘാറാണിക്ക് ഉണരാൻ. പുതപ്പ് കഴുത്തോളം വലിച്ചിട്ട് തിരിഞ്ഞു കിടക്കുന്നതിനിടയിൽ മേഘ കൗതുകിനെ ശാസിച്ചു.

‘‘കൗതുക് വളരെ വൈകിയല്ലേ എല്ലാരും കിടന്നത്. കുട്ടികളും നല്ല ഉറക്കത്തിലാകും. ഇപ്പോൾ ടൈറ്റാനിക്കിന്റെ പണിക്ക് പോവല്ലേ... ട്ടോ...’’

അങ്ങനെ പറഞ്ഞെങ്കിലും കൗതുകിന് ഇനി ഉറക്കം വരില്ലെന്നും ടൈറ്റാനിക്കിന്റെ പണിയെടുക്കേണ്ടിവരുമെന്നും റാണിക്ക് അറിയാവുന്നതാണ്.

മേഘാറാണി പിന്നെയും ഉറക്കംപിടിച്ചു.

പെട്ടെന്നുണരാനും അത്രയും പെട്ടെന്നു തന്നെ ഉറങ്ങാനും മേഘാറാണിക്ക് കഴിയും.

ജീവൻ നടുവിലും ഭൂമിയും നദിയും ഇരുവശങ്ങളിൽനിന്നും അവനെ കെട്ടിപ്പിടിച്ചും കിടന്നുറങ്ങുകയാണ് ടൈറ്റാനിക് മുറിയിൽ. കുട്ടികളുറങ്ങുന്ന മുറിയിൽ ടൈറ്റാനിക്കിന്റെ നിർമാണം തുടങ്ങിയതു മുതൽക്കാണ് ആ മുറിയെ അങ്ങനെ വിളിച്ചു തുടങ്ങിയത്. കൗതുക് ശബ്ദമുണ്ടാക്കാതെ ലൈറ്റ് ഓൺ ചെയ്തു. നദിയാണ് ആദ്യം ഉണർന്നത്.

‘‘എടാ ബാബ വന്നു. ടൈറ്റാനിക് പണിയാൻ.’’ പാതിരാത്രിയിലുള്ള ബാബയുടെ വർക്ക് മൂഡ് അവർക്ക് പുതുമയുള്ളതായിരുന്നില്ല.

പുതപ്പും തലയിണയും വാരിയെടുത്ത് എല്ലാവരും മമ്മയുടെ അടുത്തേക്കോടി.

ബാക്കിയുറക്കം അവിടെയാണ്.

കൗതുക് ഡ്രില്ല് ചെയ്യുന്നതും തട്ടുന്നതും മുട്ടുന്നതുമൊന്നും അവിടെയാരുടെയും ഉറക്കം കെടുത്താറില്ല. മാത്രവുമല്ല. അതൊരു സംഗീതംപോലെ അവർ ആസ്വദിക്കുകയും ചെയ്യും.

ജീവന് പിന്നെ ഉറക്കം വന്നില്ല. അവൻ നദിയെ തൊട്ടു വിളിച്ചു.

‘‘നദി ദീദി ഞാൻ ബാബയെ

ഹെൽപ് ചെയ്യാൻ പോവാ...

മമ്മയോട് പറയണ്ടാട്ടോ...’’

നദി അവളുടെ നദിയൊഴുകുപോലുള്ള തലമുടി ഒന്നു വാരിക്കെട്ടി ഒരു കാൽ ഭൂമിയുടെ വയറ്റത്തേക്ക് കേറ്റിവച്ചിട്ട് പിന്നെയും ഉറക്കം പിടിച്ചു.

‘‘എനിക്കറിയാമായിരുന്നു ജീവാ നീ എഴുന്നേറ്റ് വരുമെന്ന്.’’

‘‘അതിന് ഞാൻ ഉറങ്ങിയതേയില്ല ബാബാജി.’’

‘‘അതന്ത്യേ?’’

ഒരു അലുമിനിയം തകിട്

ബാബ പറഞ്ഞുകൊടുത്ത അളവിൽ മീറ്റർ സ്കേലുപയോഗിച്ച് മാർക്ക് ചെയ്തു കൊടുത്തിട്ട് ജീവൻ പറഞ്ഞു.

‘‘ഇന്നലത്തെ ഭൂമിദീദിയുടെ പാരാജംപിലെ സൂപ്പർ പെർഫോമൻസിന്റെ ഹാങ് ഓവറിൽ ആയിരുന്നു ഞാൻ.’’

‘‘നിനക്ക് പേടി തോന്നിയിരുന്നോ?’’

‘‘ഏയ്... ദീദിയത് ഭംഗിയായി ചെയ്യുമെന്ന് എനിക്കറിയാമായിരുന്നു.’’ എൻ.സി.സി ക്യാമ്പിലെ സാഹസിക ഇനമായ പാരാജംപിങ്ങിലെ ഭൂമിയുടെ പ്രകടനം കാണാൻ പോയതായിരുന്നു തലേന്ന് എല്ലാവരും കൂടി.

‘‘ബാബാജി ഈ ടൈറ്റാനിക്കിന്റെ പണി എന്നാ പൂർത്തിയാവാ?’’ ജീവൻ അക്ഷമയോടെ ബാബയെ നോക്കി.

‘‘ഇതൊക്കെ നമ്മുടെ ഒരു പാഷനുവേണ്ടി ചെയ്യുന്നതല്ലേ ജീവാ... തീരുമ്പം തീരട്ടേ... എന്നാലും ഈ വർഷത്തെ മുസ്സിരിസ് ബിനാലേയിൽ നമുക്കിവനെ പ്രദർശിപ്പിക്കാനാവണം.’’

രാവിലെ എഴുന്നേറ്റ ഉടനെതന്നെ ഭൂമി ലാപ്ടോപ് ഓൺ ചെയ്തു നോക്കി. എന്നിട്ട് എല്ലാവരും കേൾക്കെ ഉറക്കെ വിളിച്ചു പറഞ്ഞു,

‘‘മമ്മാ... ഇന്ന് ഹോം സ്റ്റേയിലെ രണ്ടു മുറികളിലേക്കും ബുക്കിങ് ഉണ്ട്.’’ ഹോം സ്റ്റേയിലേക്ക് ടൂറിസ്റ്റുകളെ അക്കമഡേറ്റ് ചെയ്യുന്നത് ഇപ്പോൾ ഭൂമിയാണ്. ഫ്രഞ്ചുകാരാണ് ഇന്നത്തെ കസ്റ്റമേഴ്സ്. പക്ഷേ, അവർക്ക് കേരള മീൽ മതിയെന്ന്. നോണും വെജ്ജും ചേർന്നുള്ള ഒരു സങ്കരയിനം ഫുഡ്.

കൗതുകിന്റെ സ്വന്തം കരകൗശലബുദ്ധിയിൽനിന്നുണ്ടാക്കിയതാണ് ചോലയോട് ചേർന്നുള്ള പറമ്പിന്റെ ഭാഗത്ത് രണ്ടു മുറികൾ. ചുമരുകളെല്ലാം ഇളം മഞ്ഞ നിറത്തിലുള്ള ബാമ്പൂ വെട്ടി കീറി അടുക്കിവെച്ചുണ്ടാക്കിയതാണ്. റൂഫ് പണിതിട്ടുള്ളത് വെള്ളച്ചാട്ടത്തിന് സമീപത്തുനിന്ന് വെട്ടിയെടുത്ത ഒരുതരം പുല്ലുപയോഗിച്ചാണ്.

മുറികളിലെ കട്ടിൽ, മേശ, കസേര, അലമാര എന്നിവയെല്ലാം തന്നെ പാഴ്‌വസ്തുക്കളിൽനിന്ന് മനോഹരമായി മെനഞ്ഞെടുത്തതാണ്. മുൻവശത്തെ ചെറിയ വരാന്തയിൽ ഇരുറൂമുകാർക്കും കാഴ്ചകൾ കണ്ടിരിക്കാനായി ഓരോ വട്ടമേശയും കുഷ്യൻ ചെയറുകളും ഒരുക്കിയിരിക്കുന്നു. അതും പഴയ ടയറുകളും ട്യൂബുകളും ഉപയോഗിച്ചാണ് ഉണ്ടാക്കിയിട്ടുള്ളത്. ചോലയിൽനിന്നുള്ള കുളിർജലം ഹോസിലൂടെ ടാങ്കുകളിൽ ശേഖരിച്ചാണ് താമസക്കാർക്കായി നൽകുന്നത്. കുറുവ നദിയിൽനിന്ന് വയറു നിറയെ വെള്ളം കുടിച്ചെത്താറുള്ള ഒരു കിഴക്കൻ കാറ്റ് അവിടെ എപ്പോഴും ഒരു ശീതളിമ പരത്തി ചുറ്റിക്കറങ്ങിക്കൊണ്ടേയിരിക്കും. മരച്ചില്ലകൾ അതേറ്റു വാങ്ങി അവിടം സംഗീതസാന്ദ്രമാക്കും.

ഭൂമിയുടെ അറിയിപ്പ് കേട്ടതോടെ എല്ലാവരും അവരവരുടെ ചുമതലകളിലേക്ക് റെഡിയായി.മമ്മക്ക് നാളികേരം ചിരകി വറുത്തുകൊടുക്കുക, ഇറച്ചിയോ മീനോ പച്ചക്കറികളോ എന്താണ് ആവശ്യമുള്ളതെന്ന് വെച്ചാൽ മുറിച്ച്‌ ഒരുക്കി കൊടുക്കുക എന്നെതെല്ലാം ഭൂമിയുടെ ജോലിയാണ്. നദി പെട്ടെന്നുതന്നെ ഹോം പാർക്കിലെ റൂമുകൾ അടിച്ചു തുടച്ചു വൃത്തിയാക്കി സ്കൂളിലേക്കു പോവാനായി ഒരുങ്ങി.




 


കൂജകൾ കഴുകി കുടിവെള്ളം നിറച്ച് വെക്കുകയും പൂത്താലങ്ങളിൽ പൂക്കൾ ഒരുക്കി വെക്കുകയും ചെയ്തിട്ട് ജീവൻ നീലനെ നീട്ടി വിളിച്ചു. ടൂറിസ്റ്റുകൾ വരാന്തയിൽ വിശ്രമിക്കാനെത്തുമ്പോഴാണ് നീലൻ അവന്റെ ഡാൻസുമായെത്തുക.

‘‘ടാ ഇന്നു നന്നായി പെർഫോം ചെയ്യ്’’, ജീവൻ നീലന്റെ പുറത്തു തട്ടി.

മേഘ റാണിക്കാണ് രണ്ടു വർഷം മുമ്പ് ചോലയുടെ കരയിൽനിന്നും നീലനെ കിട്ടിയത്. അന്നവൻ മുട്ടക്കുള്ളിലായിരുന്നു. പിന്നെ കോഴിമുട്ടകൾക്കൊപ്പം ഇൻകുബേറ്ററിൽ വെച്ചാണ് അവനെ വിരിയിച്ചെടുത്തത്.

ഹോം ​േസ്റ്റയിലെത്തുന്ന ടൂറിസ്റ്റുകൾക്ക് താൽപര്യമെങ്കിൽ ഡിന്നർ കൗതുകിനോടും കുടുംബത്തോടുമൊപ്പമാവാം.

അതല്ലെങ്കിൽ ഭക്ഷണം അങ്ങോട്ട് എത്തിച്ചുനൽകുകയും ചെയ്യും.

അവരുടെ ആതിഥേയത്വം കാണുമ്പോൾ മിക്കവരും ആദ്യത്തേതാണ് തിരഞ്ഞെടുക്കാറുള്ളത്.

‘‘നിങ്ങളുടേയും കുട്ടികളുടേയും പേരുകളെന്താ ഇങ്ങനെയൊക്കെ...’’

വെറ്റിലപ്പാറയിൽനിന്ന് കുരുമുളകും മറ്റു മലഞ്ചരക്കുകളും കച്ചവടം ചെയ്യാനെത്തിയ വർഗീസ് അച്ചായന്റേതായിരുന്നു ചോദ്യം.

ചോലയ്ക്കു മുകളിൽ കൗതുക് കെട്ടിയുണ്ടാക്കിയ ഏറുമാടം കൗതുകത്തോടെ നോക്കി കാണുകയായിരുന്നു അയാളപ്പോൾ. മറുപടിയായി കൗതുക് ഒരു ചെറു ശ്ലോകം ചൊല്ലി.

‘‘വെൺമേഘ റാണിയിൽനിന്ന് പെയ്തിറങ്ങി,

ഒരു നദിയായൊഴുകി,

ഭൂമിയെ തരളിതവും

ജീവസ്സുറ്റതുമാക്കുന്നൊരു

കൗതുകമാണീ ‘കൂട്.’ ’’

മനസ്സിലായിട്ടോ മനസ്സിലാവാഞ്ഞിട്ടോ എന്തോ വർഗീസ് തന്റെ കുരുമുളകു നിറമുള്ള ഉരുണ്ട ശരീരം കുലുക്കിയൊന്നു പൊട്ടിച്ചിരിച്ചു.

ഈ ചോദ്യം ഇതിനു മുമ്പും കൗതുകിനോട് പലരും ചോദിച്ചിട്ടുള്ളതാണ്. ഇനിയും ചോദിക്കാനിരിക്കുന്നതുമാണ്. ഹോം സ്റ്റേയിലെത്തുന്നവർക്കും അല്ലാത്തവർക്കും കൂടിനെ കുറിച്ച് ചിലതെല്ലാം അറിയണമായിരുന്നു.

നിങ്ങൾ എവിടുത്തുകാരാണ്?

നിങ്ങൾ ഏതു മതക്കാരാ?

ജാതി?

കൂട്ടിലുള്ളവരുടെ വേഷഭാഷാദികളിൽനിന്നൊന്നും തന്നെ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഊഹിക്കാൻ ആർക്കും കഴിഞ്ഞില്ല എന്നതായിരിക്കണം കാരണം. ഇവക്കുള്ള ഉത്തരങ്ങൾക്കായി പലരും അവരെ പാർത്തും പേർത്തും നോക്കാറുണ്ട്.

നോക്കുന്നവരോടും ചോദിക്കുന്നവരോടുമെല്ലാം കൗതുക് അച്ചായനോടു ചൊല്ലിയതുതന്നെ ചൊല്ലും. അങ്ങനെ ‘കൂടും’ കൂട്ടിലുള്ളവരും സ്നേഹപൂർവം വരുന്നവരേയും വരാനിരിക്കുന്നവരേയും അസൂയയോടെ അതിശയപ്പെടുത്തി പോന്നു. കൂട്ടിലെ കുട്ടികളെ കുറിച്ച് എല്ലാവർക്കും ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ.


 



‘‘എത്ര സമർഥരാണിവർ!’’

പുലർച്ചെ തന്നെ കൗതുക് അണ്ടർ ഗ്രൗണ്ടു മുറിയുടെ പണിക്കായി ഇറങ്ങിയിരുന്നു. ടൈറ്റാനിക്കിന്റെ നിർമാണത്തോടൊപ്പം കൗതുകിന്റെ മറ്റൊരു അത്ഭുത നിർമിതിയായിരുന്നു അത്. അതിനായി പത്തടി താഴ്ചയും പന്ത്രണ്ടടി നീളവും വീതിയുമുള്ള ഒരു കുഴി വെട്ടിയെടുത്ത് വശങ്ങൾ കോൺക്രീറ്റിട്ടു ​െവച്ചിരുന്നു. അറ്റാച്ച്ഡ് ബാത്ത്റൂമോടുകൂടിയ മുറിയിലേക്കിറങ്ങാനായി പടികളും കെട്ടിക്കഴിഞ്ഞിരുന്നു. മുറിയിൽനിന്നും വിശാലമായ പൂന്തോട്ടത്തിലേക്ക് ഒരു വഴി വെട്ടിയൊരിക്കിയിട്ടുണ്ട്. കോൺക്രീറ്റിനു താഴെയുള്ള വാർക്കഷീറ്റുകൾ ശ്രദ്ധാപൂർവം അടർത്തിമാറ്റുകയായിരുന്നു കൗതുക്. അപ്പോഴാണ് ആ വിചിത്ര ജീവിയെ കണ്ടത്.

തുരപ്പൻ!!

തുരപ്പൻ തന്നെയോ?

അതിന്റെ കണ്ണുകളിൽനിന്നും വെൽഡിങ് മെഷീനിൽനിന്നെന്ന പോലെ തീ ചിതറി.

അടർത്തിയെടുത്ത വാർക്ക പലക കൗതുകിന്റെ കൈവിട്ട് പോയി.

പെരുച്ചാഴികളും കൗതുകും തമ്മിൽ ഒരു അലിഖിത കരാർ നിലവിലുണ്ടായിരുന്നു.

കൗതുകിന്റെ കോൺക്രീറ്റു സ്ലാബുകളിൽ അവർ കൈവെക്കില്ല.

മൺത്തിട്ടകളിൽ അവർക്ക് യഥേഷ്ടം തുരന്ന് കൂട്ടാം.

എന്നിട്ടിവൻ??

കൗതുകിന്റെ സംശയത്തിനു മുമ്പിൽ

അവനൊന്നു ഞെളിഞ്ഞു.

പിന്നെ,

മുരണ്ടു.

‘‘ഞാൻ അവരിൽപെട്ടവനല്ല.

ആരാണെന്ന് നീ അറിയാനിരിക്കുന്നതേയുള്ളൂ’’

അതു പറയുമ്പോൾ അതിന്റെ താടി നീണ്ടുവളരാൻ തുടങ്ങി. ചുണ്ടിന്റെ വശങ്ങളിലേക്കു മാത്രമല്ല

മുഖത്തിന്റെ നാല് അതിരുകളിലേക്കും അത് ഞൊടിയിടെ പടർന്നുപിടിച്ചു.

കൗതുക് കൈ വീശിക്കൊണ്ട് ശ്... എന്ന് ശബ്ദിച്ചു.

അപ്പോൾ കൗതുകിനു നേരെ തീ തുപ്പിക്കൊണ്ട് ‘‘നമുക്കിനിയും കാണാം അല്ലെങ്കിൽ കാണേണ്ടിവരും’’! എന്നൊരു നോട്ടത്തിനുശേഷം ആ ജീവി അപ്രത്യക്ഷനായി. അപ്പോൾ മുതൽ കൗതുകിന്റെ ഉള്ളിലെന്തോ എരിയാൻ തുടങ്ങി.

അന്നു പിന്നെ അയാൾക്ക് ജോലിയൊന്നും ചെയ്യാനായില്ല. നദിയും ജീവനും സ്കൂളിൽനിന്നും ഭൂമി ഒരു പാട്ടുമൂളിക്കൊണ്ട് അവളുടെ സ്കൂട്ടിയിൽ കോളേജിൽനിന്നും വന്നതു കണ്ടപ്പോഴാണ് അയാളുടെ ഉള്ളൽപം തണുത്തത്.

ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന പ്രകൃതിപഠന ക്യാമ്പിലേക്കുള്ള ഭക്ഷണം തയാറാക്കി നൽകാമെന്ന് ഏറ്റിരുന്നതിനാൽ കൗതുകും മേഘാറാണിയും അടുക്കളയിൽ തിരക്കിലായിരുന്നു. അതിനിടയിലാണ് അലിയുടെ​ െമസേജ് കണ്ടത്.

‘‘ഒന്നു കാണേണ്ടിയിരുന്നു കൗതുക് ഭായ്...’’

ഞായറാഴ്ചയായത് കാരണം ടൂറിസ്റ്റുകൾ കൂടുതലായതുകൊണ്ട് അലിക്ക് നല്ല തിരക്കായിരുന്നു. കൗതുകിനെ കണ്ടെങ്കിലും സംസാരിക്കാൻ അവർക്കു സമയം കിട്ടിയില്ല. പാവകളെ രണ്ട് കൈകളിലും ഉയർത്തിപ്പിടിച്ചുകൊണ്ട് അയാൾ അവയുടെ വില വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുകയാണ്.

എത്ര സമർഥമായാണ് അലി വിൽപന നടത്തുന്നത്..?

ഒരു മാസം മുമ്പ് കണ്ടപ്പോൾ കൗതുക് അലിയുടെ പാവകളെ നോക്കി ഇങ്ങനെ കമന്റ് ചെയ്തിരുന്നു.

നിന്റെ പെൺപാവകളുടെ കണ്ണുകൾക്ക് ഇപ്പോൾ മുമ്പത്തേക്കാൾ തിളക്കമുണ്ടല്ലോ അലീ...’’

‘‘അതെ ഭായ് ഇപ്പോൾ ഇവർക്ക് കണ്ണുകൾ തുന്നുന്നത് എന്റെ റസിയ ബീഗമാണ്. കൗതുക് ഭായിയുടെ മക്കളുടെ കണ്ണുകളിലെ ആത്മവിശ്വാസം വേണം എല്ലാ പെൺകുട്ടികൾക്കും എന്ന് പറയാറുണ്ട് റസിയ...’’

കൗതുകിന്റെ ചുണ്ടിൽ അപ്പോൾ അഭിമാനം നിറഞ്ഞ ഒരു ചിരി വിടർന്നു.

കൗതുക് അലിയോട് സുഖാന്വേഷണം നടത്തി.

‘‘റസിയ സുഖമായിരിക്കുന്നോ..?’’

ഗർഭാലസ്യം കൂടുതലായുണ്ടോ?

‘‘ഏയ് അവൾ ഹാപ്പിയായിട്ടിരിക്കുന്നു.

റാണി ദീതി കൊടുത്തുവിടാറുള്ള ലീപ്സയും പോളയുമെല്ലാം അവൾക്ക് വലിയ ഇഷ്ടമാണ്.’’

അലിയുടെ കച്ചവടത്തിരക്ക് ഒഴിയാൻ കാത്തുനിൽക്കുമ്പോൾ കൗതുക് ആലോചിച്ചുകൊണ്ടിരുന്നത് അലിക്ക് എന്തായിരിക്കും പറയാനുള്ളത് എന്നതിനെ കുറിച്ചായിരുന്നില്ല. മറിച്ച് അലി എങ്ങനെ അത്രമേൽ പ്രിയപ്പെട്ടവനും വേണ്ടപ്പെട്ടവനുമായി എന്നതായിരുന്നു.

പത്തു വയസ്സു തോന്നുമായിരുന്ന ഒരു പയ്യൻ. അവശനായി വഴിയരികിൽ തളർന്നിരിക്കുകയായിരുന്നു.

തോളിൽ തട്ടി എഴുന്നേൽപ്പിച്ച് കൂടെ കൂട്ടിയത് സഹതാപം കൊണ്ടായിരുന്നില്ല സ്നേഹംകൊണ്ടു തന്നെയായിരുന്നു. വൈകാതെ തന്നെ അവന്റെ കലാവൈഭവം തിരിച്ചറിയുകയുംചെയ്തു... പിന്നെ എന്തിനും ഏതിനും അലി കൂടെയുണ്ടായിരുന്നു. അലിയോടുപോലും പറയാതെയാണ് അന്ന് മേഘാറാണിക്കൊപ്പം നാടുവിടാനൊരുങ്ങിയത്.

മേഘാറാണി തന്നെയാ പറഞ്ഞത്.

‘‘അലി ചെറുപ്പമല്ലേ നമ്മളെ സഹായിച്ചു എന്നറിഞ്ഞാൽ ഗ്രാമക്കാര് അവനേയും വെറുതെ വിടില്ല.’’

ഗാസിയാബാദ് റെയിൽവേ സ്റ്റേഷനിലെ സിമന്റ് ബെഞ്ചിൽ ഒരു എത്തുംപിടിയുമില്ലാതെ തളർന്നിരുന്നു അന്ന് രണ്ടുപേരും.

ഉള്ളു നിറയെ ആർത്തിരമ്പിവരുന്ന ആയിരം തീപ്പന്തങ്ങളുടെ കൊലവിളിയായിരുന്നു.

തണുപ്പുള്ള ഒരു കൈ തോളിൽ പതിഞ്ഞതും ഞെട്ടിത്തിരിഞ്ഞു നോക്കി.

‘‘അലി!!

അലീ... നീ എങ്ങനെ... ഇവിടെ... എന്തിന്?’’

‘‘ഞാനും വരുന്നു നിങ്ങൾക്കൊപ്പം...’’ കൗതുകിന്റെ ചുമലിൽ തല ചായ്ച്ചിരിക്കുകയായിരുന്ന മേഘാറാണി ദുപ്പട്ട നേരെയിട്ട് തലയുയർത്തി. അലിയെ കണ്ടതും അവൾ തളർച്ചയോടെ സ്വരം താഴ്ത്തി.

‘‘അരുത് അലി, നിനക്കറിയാലോ ഞങ്ങൾ ഒരേ മതക്കാരല്ല. ഗ്രാമക്കാരെ പേടിച്ച് ഓടി പോന്നതാണ്. അവരിപ്പോൾ തീപ്പന്തങ്ങളുമായി ഞങ്ങളെ അന്വേഷിച്ച് ഇറങ്ങിയിട്ടുണ്ടാവും. പെട്ടെന്ന് തിരിച്ചുപോകൂ.’’

അലി തിരിച്ചുപോയില്ല.

‘‘ഞാനെന്തായാലും നിങ്ങളോടൊപ്പം വരുന്നു. എന്തുവന്നാലും നമുക്കൊരുമിച്ചു നേരിടാം...’’

കൗതുക് അലിയുടെ കൈ കവർന്നു.

‘‘അലീ എവിടെ പോവണമെന്നോ എന്തു ചെയ്യണമെന്നോ ഞങ്ങളിത് വരെ തീരുമാനിച്ചിട്ടില്ല. നീ ചെറുപ്പമാണ് രക്ഷപ്പെടൂ അലി... അല്ലെങ്കിൽ അവർ നിന്നെയും..!’’

‘‘അപ്പോൾ പൈജാമയുടെ പോക്കറ്റിൽനിന്ന് മൂന്ന് ട്രെയിൻ ടിക്കറ്റുകളെടുത്ത് അലി നീട്ടി കാണിച്ചു.

‘‘നമ്മൾ കേരളത്തിലേക്കു പോവുന്നു.’’

കൗതുകും റാണിയും അയാളെ അന്തിച്ചുനോക്കി.

ഇരുപതു വയസ്സുള്ള അലിക്ക് അപ്പോൾ പ്രായത്തിൽ കൂടുതൽ വലുപ്പം വെച്ചതുപോലെ തോന്നിച്ചു.

ട്രെയിൻ പതിവിലും കൂടുതൽ ഉച്ചത്തിൽ കൂക്കിവിളിച്ചുകൊണ്ടാണ് അന്ന് സ്റ്റേഷനിലെത്തിയതും സ്റ്റേഷൻ വിട്ടതും. ‘‘ഇവർ പ്രണയിക്കുന്നവരാണ്. എന്ന് വെച്ചാൽ സ്നേഹമുള്ളവര്..! ഇങ്ങനെയുള്ളവരിൽനിന്നാണ് വംശവർധനവ് ഉണ്ടാവേണ്ടത്. അതുകൊണ്ട് ഞാനിവരെ കൊണ്ടുപോവുന്നു. കൊല്ലിക്കാനല്ല!! ഇനിയും ജീവിക്കാനും ഇനിയും പ്രണയിക്കാനും.!!’’ എന്നു ലോകത്തെ മുഴുവൻ വെല്ലുവിളിക്കുംപോലെയായിരുന്നു ആ നീട്ടി കൂവൽ...

വണ്ടിയിലിരിക്കുമ്പോൾ കൗതുക് ആശ്വാസത്തോടെ അലിയെ നോക്കി.

‘‘കേരളത്തിൽ നമുക്ക് എന്തെങ്കിലും ജോലി കിട്ടുമായിരിക്കും അല്ലേ അലീ’’, അന്നുവരെയില്ലാത്ത ഒരു ആത്മവിശ്വാസം അലിയുടെ കണ്ണുകളിൽ കത്തിച്ച് അലി പറഞ്ഞു.

‘‘നമ്മുടെ കയ്യിൽ കലയുണ്ടല്ലോ ഭായ്. പിന്നെന്തിന് പേടിക്കണം.’’

മേഘാറാണി അപ്പോഴേക്കും കൗതുകിന്റെ തോളിൽ ചാരിക്കിടന്ന് ഉറക്കംപിടിച്ചിരുന്നു. ഒരു നിയോഗംപോലെ ഈ കോഴിപ്പാറയിലെത്തി ഒരു തുണ്ട് ഭൂമി തരപ്പെടുത്തുമ്പോഴും ഈ കൂടുകൂട്ടുമ്പോഴുമൊക്കെ അലി കൂടെ തന്നെയുണ്ടായിരുന്നു.

പാവകളെ ടാർപോളിൻ ഷീറ്റുകൊണ്ട് മൂടിയിട്ട് അലി കൗതുകിനടുത്തേക്കു വന്നു.

‘‘ഇപ്പോൾ തിരക്ക് ഒഴിയുമെന്ന് തോന്നുന്നില്ല ഭായ്...

ഗേറ്റടക്കുന്ന സമയമാവുമ്പോഴേക്കും ഞാൻ കവലയിലെത്താം...’’

തിരിച്ച് കൂട്ടിലെത്തുമ്പോൾ മേഘാറാണി ഗൗരവത്തിലൊരു കാര്യം കൗതുകിനെ ഓർമപ്പെടുത്തി.

‘‘കൗതുക്...

അടുക്കളവാതിലിന്റെ ഉമ്മറപ്പടിയിലുള്ള ആ ദ്വാരം അടയ്ക്കണം കേട്ടോ...’’

തലേന്നാൾ പതിവില്ലാതെ രാത്രി മേഘക്ക് ഉറക്കത്തിൽ വല്ലാതെ തൊണ്ട വരണ്ടു. അടുക്കളയിലേക്കു ചെന്നു ലൈറ്റിടുന്നതിന് മുമ്പു തന്നെ വാതിലിന്റെ മൂലയിൽ എന്തോ എരിയുന്നതു കണ്ടു. ലൈറ്റിട്ടപ്പോൾ ആ താടിയും കണ്ടു. നദിയുടെ സാമൂഹ്യശാസ്ത്ര പുസ്തകത്തിലെ ഇന്ത്യാ ഭൂപടംപോലെ നാലു മൂലകളുള്ള ഒരു മുഖം. അത് ഒരേസമയം ഉള്ളോട്ടും പുറത്തേക്കും വളർന്നതുപോലെ.

ശ്...

വാർക്കപലക കയ്യിലെടുത്തുകൊണ്ട് കൗതുക് ശബ്ദിച്ചതുപോലെ ഒരു ശബ്ദം മേഘയും അപ്പോൾ അറിയാതെ ശബ്ദിച്ചുപോയി. ഒരു തീക്കട്ട മേഘയുടെ സൽവാറിലേക്ക് ഊതിയിട്ട് ആ ജീവി ടൈറ്റാനിക് മുറിയുടെ വാതിലിനരികിലേക്കു കുതിച്ചു. അടഞ്ഞുകിടക്കുന്ന വാതിൽക്കൽ വെച്ച് അത് അപ്രത്യക്ഷനായി.

പെട്ടെന്നു ഉറങ്ങി പോവാറുള്ള മേഘക്ക് അന്ന് പിന്നെ ഉറക്കം വന്നില്ല.

അലി പറഞ്ഞ സമയത്തുതന്നെ കൗതുക് വെള്ളച്ചാട്ടത്തിനടുത്തേക്കുള്ള പ്രവേശനകവാടത്തിനടുത്തെത്തിയിരുന്നു.

‘‘എന്താ അലി കാണണമെന്ന് പറഞ്ഞത്.’’

അലി കൗതുകിന്റെ തോളിൽ തട്ടി...

‘‘അത് ഭായ് നമ്മുടെ ഭൂമി?..’’

അലിക്ക് മുഴുവിക്കാനായില്ല.

കൗതുകിന്റെ നെഞ്ചിലൊരു തീപ്പൊരി ചിതറി.

‘‘എന്തുപറ്റി ഭൂമിക്ക്?’’

കുരിശുമലയുടെ മുകളിലുള്ള പാറക്കൂട്ടങ്ങൾക്കടുത്തു​െവച്ച് ഭൂമി ഒരാളുമായി സംസാരിക്കുന്നത് പലപ്രാവശ്യം അലി കാണുകയുണ്ടായി.

‘‘അതിനെന്തടാ

അവളുടെ കൂട്ടുകാരാരെങ്കിലുമാവും...’’

മാത്രമല്ല അവളൊരു ടൂറിസ്റ്റ് ഗൈഡുകൂടിയല്ലേ?’’

‘‘അങ്ങനെയായിരിക്കാം ഭായ്’’

എന്ന് അലി സമ്മതിച്ചെങ്കിലും അലിയുടെ ഉള്ളിലൊരു സംശയപ്പാമ്പ് ഇഴയുന്നത് കൗതുകിന് കാണാനായി.

ഭൂമിക്ക് ഒത്തിരി കൂട്ടുകാരുണ്ടെന്ന് അലിക്കുമറിയാം. ‘‘അലിമാമ ഇതെന്റെ ഫ്രണ്ട്...

പേര്...

പഠിക്കുന്ന കോളേജ്, സബ്ജക്ട്’’

അങ്ങനെയെല്ലാം പറഞ്ഞ് കൂട്ടുകാരെയെല്ലാം അവൾ പരിചയപ്പെടുത്താറുള്ളതാണ്.

‘‘പറയൂ അലി ആരാ അവൻ...’’

കൗതുകിന് ക്ഷമകെട്ടിരുന്നു.

ഒരു താടിക്കാരനാണ്.

കൗതുകിന്റെ തൊണ്ടയിൽ അക്ഷരങ്ങൾ കുത്തിയൊലിച്ചു വന്ന് ചിറയിൽ ചപ്പുചവറുകൾ അടിഞ്ഞുകൂടിയതുപോലെ കുടുങ്ങി കിടന്നു.

‘‘അവന്റെ താടിക്കൊരു പ്രത്യേകതയുണ്ട് ഭായ്...’’ ഭയപ്പെട്ടത് എന്തോ കേൾക്കാനിരുന്നതുപോലെ കൗതുകിന് നെഞ്ചിടിച്ചു.

ഒരു കുത്തൊഴുക്കിൽനിന്നെന്നപോലെ ഒരു വാക്കിൻത്തുണ്ട് കൗതുകിന്റെ തൊണ്ടയിൽനിന്നും തെറിച്ചുവീണു.

എങ്ങനെയുള്ളതാ?

അലി സ്വന്തം താടിയിലേക്കു കൈകളുയർത്തി ഇന്ത്യാ ഭൂപടംപോലെയൊന്നു വരച്ചു കാണിച്ചു.

‘‘ഇതാ... ഇങ്ങനെ നാലു വശത്തേക്കും വളരുന്നതുപോലെ ... അതേപടി

ഉള്ളിലേക്കും...’’

‘‘അവന്റെ കണ്ണുകൾക്ക് എന്തെങ്കിലും പ്രത്യേകതയുണ്ടോ അലി...’’

‘‘ഉണ്ട്.’’

കൗതുകിനുള്ളിൽ പിന്നെയും തീപ്പൊരി ചിതറി.

മേഘാറാണിയുടെ വാക്കുകളും അലിയുടെ സംശയവും അണ്ടർ ഗ്രൗണ്ട് മുറിയുടെ കോൺക്രീറ്റു സ്ലാബിൽ കണ്ട രൂപവും എല്ലാം ചേർന്ന് കൗതുകിന്റെ തലയിൽ ഒരു വെള്ളച്ചാട്ടം ഇരമ്പാൻ തുടങ്ങി. ഇരമ്പുന്ന ദിവസങ്ങൾക്ക് പിന്നീട് ഒച്ചിന്റെ വേഗതയായിരുന്നു.

റേഷൻ വാങ്ങി കടയിൽനിന്നിറങ്ങുമ്പഴാണ് ട്രൈബൽ കോളനിയിലെ മധു കൗതുകിന്റെ കൈ പിടിച്ചത്. ഉൾക്കാട്ടിൽ തേനെടുക്കാൻ പോകുമ്പോ മധു ഇടക്കെല്ലാം ഒരു വരത്തനെ കാണാറുണ്ടത്രേ.

‘‘എന്തോ പന്തികേടുണ്ട് ഭായി. അവന്റെ താടി തേ.... ഇങ്ങനെ...’’

എങ്ങനെയാണ് കാണിക്കേണ്ടതെന്നറിയാതെ അയാൾ കൈ നീളത്തിലും വട്ടത്തിലും കറക്കി.

‘‘അവനിപ്പൊ ഭൂമി കൊച്ചിന്റെ കൂട്ടുകാരനാ...’’

സൗകര്യംപോലെ ഭൂമിയോട് എല്ലാം ചോദിച്ചറിയാമെന്ന് തീരുമാനിക്കുകയും അതിനായി പലതവണ ശ്രമിക്കുകയും ചെയ്തു കൗതുക്. അപ്പോഴെല്ലാം അന്നുവരെ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു അപരിചിതത്വം ഭൂമിയുടെ കണ്ണുകളിൽ കത്തിജ്ജ്വലിച്ചു. അതുകണ്ട് തുള വീണ ബലൂൺ കണക്കെ അയാൾ കാറ്റൊഴിഞ്ഞു ചുരുങ്ങി.

‘‘ഭൂമി ഇന്ന് പള്ളിയിലെ ഓഡിറ്റോറിയത്തിൽവെച്ചു നടക്കുന്ന ഗാനമേളയിൽ പാടാമെന്ന് ഏറ്റായിരുന്നല്ലോ....

പിന്നെ വരാൻ ഒക്കത്തില്ലെന്നും പറഞ്ഞിട്ട് മെസേജിട്ടായിരുന്നല്ലോ. എന്നാ പറ്റി അവൾക്ക് എന്നും പറഞ്ഞ് ട്രൂപ്പ് മാനേജർ ജോസൂട്ടി വിളിക്കുമ്പോ കൗതുക് കോഴികൾക്കും താറാവുകൾക്കും മുയലുകൾക്കും തീറ്റ കൊടുക്കുകയായിരുന്നു. ഭൂമീന്നും വിളിച്ചോണ്ട് അകത്തേക്കു കേറുമ്പോ ജീവൻ അവന്റെ സ്റ്റഡി ടേബിളിൽ ജീവൻപോയ കണക്ക് ഇരിക്കുകയായിരുന്നു.

‘‘ദീദി കിടന്നു

തലവേദനയാ...

ബാം പുരട്ടി കൊടുക്കാൻ ഞാൻ ചെന്നപ്പോൾ എന്റെ കൈ തട്ടിക്കളഞ്ഞു ബാബാ...’’

അതു പറഞ്ഞ് ജീവൻ വിതുമ്പി. ഭൂമി ഈയിടെയായി പലപ്പോഴും ഡൈനിങ് ടേബിളിലും എത്താറില്ല.

കൂട്ടിൽ അന്ന് ആരും ആരോടും ഉറക്കെയും പതുക്കെയും ഒന്നും സംസാരിച്ചില്ല. അവിടെ വെളിച്ചവും ശബ്ദവും തിരിതാഴ്ത്തി നിന്നു. നദി വിളമ്പിയത് മുഴുവൻ കഴിക്കാതെയാണ് ടൈറ്റാനിക് മുറിയിലേക്കുപോയത്.

നീലന്റെ പീലിയന്ന് വിടർന്നതേയില്ല. മുയൽക്കൂട്ടിലെ മുയലുകളും കോഴിക്കൂട്ടിലെ കോഴികളും അന്ന് ഇണ ചേർന്നില്ല. കൂട് മരവിച്ചുകിടന്നു.

ഇൻകുബേറ്ററിൽ കോഴിക്കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങുന്ന ദിവസമായിരുന്നതുകൊണ്ട് അവറ്റള് മാത്രം ‘‘എന്താ ഈ കൂട്ടിൽ ആരൂല്ലേ?’’ എന്നും ചോദിച്ചുകൊണ്ട് കിയ്, കിയ് ഒച്ചയുണ്ടാക്കിക്കൊണ്ടിരുന്നു.

‘‘ഈ ബാബ എന്താ ഇവനെയിപ്പൊ ഒട്ടും ശ്രദ്ധിക്കുന്നേയില്ലല്ലോ’’ എന്നും പരിഭവിച്ചുകൊണ്ട് ടൈറ്റാനിക്കിൽ പറ്റിപ്പിടിച്ചിരുന്ന പൊടി ഉണങ്ങിയ ഒരു തുണികൊണ്ട് ശ്രദ്ധാപൂർവം തട്ടിക്കൊണ്ടിരിക്കുകയായിരുന്നു നദി. അവിചാരിതമായാണ് ലാപ്ടോപ്പിലേക്ക് അവളുടെ നോട്ടമൊന്നു പാളിയത്.

ഹോം സ്റ്റേയിലേക്കുള്ള ആപ്ലിക്കേഷൻ സൈറ്റ് ഭൂമി റീ എഡിറ്റ് ചെയ്യുകയായിരുന്നു.

Name: -

Place: -

Relegion/ caste: -

പുറകുവശത്തൂടെ ഭൂമിയുടെ തോളിലേക്കു ചാഞ്ഞുകൊണ്ട് നദി ആശ്ചര്യത്തോടെ ചോദിച്ചു.

‘‘എന്തിനാ ദീദി നമ്മുടെ ഹോം പാർക്കിലെത്തുന്ന ഗസ്റ്റിന്റെ മതവും ജാതിയുമൊക്കെ ചോദിക്കുന്നത്?’’

ഭൂമി പെട്ടെന്ന് ഷട്ട് ഡൗൺ ചെയ്തു. പിടഞ്ഞെഴുന്നേറ്റിട്ട് കസേര ഒറ്റത്തട്ടിന് തെറിപ്പിച്ചു. ‘‘അതു ചോദിക്കാൻ നീ ആരാ’’ എന്ന മട്ടിൽ ഭൂമിയുടെ കണ്ണുകളിൽനിന്ന് രണ്ട് തീ ഗോളങ്ങൾ നദിയിലേക്കു ചിതറി.

നദിയതിൽ വെന്തു വറ്റി.

ബാബയോടും മമ്മയോടും പറഞ്ഞാലുണ്ടല്ലോ എന്ന ഭീഷണിയുള്ള രണ്ട് തീനാമ്പുകൾ അതിൽനിന്ന് ആകാശത്തോളം ആളി. അതുകണ്ട് നദി പുറത്തേക്കോടി അണച്ചു നിന്നു. കോഴിക്കൂടിനു ചുവട്ടിൽനിന്നും അപ്പോൾ രണ്ടു തീക്കണ്ണുകൾ അവളെ കണ്ടു.

അത് അവളോട് പല്ലിറുമ്മി.

അടുത്ത ഇരയെ കിട്ടിയ അത്യാർത്തിയോടെ...

‘‘എന്താ കൗതുക് നമ്മുടെ ഭൂമിക്ക് പറ്റിയേ, അവളിപ്പൊ നമ്മളോട് മിണ്ടുന്നേയില്ലല്ലോ?’’

അവളെയാരോ ട്രാപ്പ് ചെയ്യുന്നുണ്ടോ കൗതുക്?’’

മേഘാറാണി ആധിയോടെ കൗതുകിന്റെ കണ്ണുകളിലേക്കു നോക്കി.

കൗതുകിന് ഒന്നും പറയാനായില്ല.

ദിശ തെറ്റി വന്നൊരു ഭ്രാന്തൻകാറ്റ് കൂടിനെയൊന്ന് ഉലച്ചിട്ട് പോയി. മേഘ ഒന്നു നെഞ്ചുഴിഞ്ഞിട്ട് പിന്നെയും പറഞ്ഞു.

‘‘നാളെ ഞായറാഴ്ചയല്ലേ ഇന്ന് കുട്ടികൾ വന്നിട്ട് നമുക്കൊരു ഔട്ടിങ്ങിന് പോയാലോ?’’

ഇടക്കിടെ അത്തരം സാഹസിക യാത്രകൾ പതിവുള്ളതാണ്.

ദീർഘദൂരം നടക്കുക, പാറക്കെട്ടുകളുടെ മുകളിലേക്ക് ഓടിക്കയറുക അങ്ങനെയൊക്കെയുള്ളതായിരുന്നു, ‘കൂടു’കാരുടെ വിനോദയാത്രകൾ.

പോയിലിൽ ഇരുട്ടു കനംവെച്ചു തുടങ്ങിയിട്ടും ഭൂമി അന്ന് തിരിച്ചെത്തിയില്ല.

അവളുടെ ആക്ടിവയുടെ ശബ്ദത്തിനായി കൂട് കാതും കണ്ണും നട്ടിരുന്നു. നീലൻ പടിക്കൽനിന്നു മാറിയതേയില്ല. പോയിലിലെ മുഴുവൻ പക്ഷികളും മൃഗങ്ങളും മരങ്ങളും ഇലകളും കായ്കളും കാറ്റും ചീവീടുകളും ചോലയും വരെ ഭൂമീ... ഭൂമീ... എന്ന് വിലപിച്ചുകൊണ്ടേയിരുന്നു.

കൗതുകിനും മേഘക്കുമുള്ളിൽ ആ പഴയ ഗാസിയബാദിലെ തീപ്പന്തങ്ങളാളാൻ തുടങ്ങി. ഓരോ തീമുഖങ്ങളും കൂടിനു നേരെ പാഞ്ഞടുത്തു. ഓരോന്നിന്റെ തലയ്ക്കലും ആ ചോദ്യങ്ങൾ ആർത്തലച്ചു.

മതം?

ജാതി?

News Summary - weekly literature story