അയ്യൻകാളി
01 വെയിൽ പടിഞ്ഞാറു അമർന്നുതാണപ്പോൾ കുനിഞ്ഞുനിന്ന ഇരുപത്തിയേഴ് നട്ടെല്ലുകൾ നിവർന്നു മാനത്തേക്ക് നോക്കി. അന്നു പകലോളം മനുഷ്യരുടെ തണ്ടെല്ലുകളെ കരിഞ്ഞ ചേമ്പിൻതണ്ടുപോലെ കണ്ടിരുന്ന സൂര്യൻ മേഘങ്ങൾക്കിടയിലിരുന്ന് കണ്ണ് ചിമ്മി. മാല പറഞ്ഞു. ‘‘കേറാം. നേരം മോന്തിയായി.’’ മറ്റുള്ളവരും തലകുലുക്കി. ഞാറുനട്ട കണ്ടത്തിലൂടെ ഇരുണ്ട ചെളിവെള്ളം തുഴഞ്ഞ് ഇരുപത്തിയേഴ് പെണ്ണുങ്ങൾ കരയിലേക്ക് നടന്നു. ഒരുനാഴിക നേരം വൈകിയാൽപ്പോലും പറയില്ലാത്ത, എന്നാൽ അരനാഴിക...
Your Subscription Supports Independent Journalism
View Plans01
വെയിൽ പടിഞ്ഞാറു അമർന്നുതാണപ്പോൾ കുനിഞ്ഞുനിന്ന ഇരുപത്തിയേഴ് നട്ടെല്ലുകൾ നിവർന്നു മാനത്തേക്ക് നോക്കി. അന്നു പകലോളം മനുഷ്യരുടെ തണ്ടെല്ലുകളെ കരിഞ്ഞ ചേമ്പിൻതണ്ടുപോലെ കണ്ടിരുന്ന സൂര്യൻ മേഘങ്ങൾക്കിടയിലിരുന്ന് കണ്ണ് ചിമ്മി. മാല പറഞ്ഞു.
‘‘കേറാം. നേരം മോന്തിയായി.’’
മറ്റുള്ളവരും തലകുലുക്കി. ഞാറുനട്ട കണ്ടത്തിലൂടെ ഇരുണ്ട ചെളിവെള്ളം തുഴഞ്ഞ് ഇരുപത്തിയേഴ് പെണ്ണുങ്ങൾ കരയിലേക്ക് നടന്നു. ഒരുനാഴിക നേരം വൈകിയാൽപ്പോലും പറയില്ലാത്ത, എന്നാൽ അരനാഴിക നേരത്തേ പണി മതിയാക്കിയാൽ എവിടെനിന്നെങ്കിലും ഓടിപ്പിടഞ്ഞെത്തുന്ന ഇട്ടിപ്പിള്ളയെ ഇലകൾക്കിടയിൽ കണ്ടില്ല. മാലയുടെ അടിവയറ് വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു. ചിലപ്പോൾ രാത്രിതന്നെ മാസമുറ തുടങ്ങിയേക്കും. തുടങ്ങിക്കിട്ടിയാൽ സമാധാനമായി. അന്ന് അധ്വാനത്തിനിറങ്ങാതെ പകലിരുട്ടു പുതച്ച് കിടക്കാൻ മാലയ്ക്ക് തോന്നാതിരുന്നില്ല. പക്ഷേ, പണിക്കിറങ്ങാതിരിക്കാനാവില്ല. അറിയാം, അടിമകളാണെന്ന്.
സമുദായ ജീവികളുടെ അഭിമാനവും സ്വാതന്ത്ര്യവും കഴുകിക്കലക്കിയപോലെ തഴപ്പൊന്തകൾക്കിടയിലൂടെ പതുങ്ങിയൊഴുകുന്ന തോട്ടിലേക്ക് മാലയും കൂട്ടരുമിറങ്ങി. വരാലും പരലും നീന്തുന്ന തോട്ടിലെ തണുത്ത വെള്ളത്തിൽ നിർവികാരതയോടെ കൈയും കാലും കഴുകി. അപ്പോൾ അവരുടെ അടയാളങ്ങളായ ഇരുമ്പുചിറ്റുകൾ കാതിലിളകി. അതിൽ നൂറ്റാണ്ടിന്റെ പഴക്കമുള്ള വിദൂരദേശങ്ങളിലെ അടിമകളുടെയും അടിയാളരുടെയും ചരിത്രത്തിന്റെ തുരുമ്പ് കേറിയിട്ടുണ്ടായിരുന്നു.
അത് വായുവിലൂടെയും അനാദിയായ ജലത്തിലൂടെയും അനന്തമായ ആകാശത്തിലൂടെയും നിഗൂഢമായ ഭൂമിയിലൂടെയും കാട്ടുനാട്ടുതീയിലൂടെയും മാലയുടെ ത്വങ്മാംസരക്താസ്ഥികളിലേക്കെത്തി. അവളുടെ കഴുത്തിലെ കല്ലുമാലകൾ വെള്ളം നനഞ്ഞ് തിളങ്ങി. പെണ്ണുങ്ങളിൽ ചിലർ കൈതപ്പൊന്തയുടെ നേരെതിരിഞ്ഞ് അരയിലുടുത്തിരുന്ന ഒറ്റമുണ്ട് അഴിച്ചുടുത്തു. മനുഷ്യദേഹത്തിലെ മറ്റൊരു കൈതക്കൂട്ടത്തെ ആ സസ്യസമൂഹവും കണ്ടുകാണണം. മാല വെള്ളം വായിലേക്കെടുത്ത് നീട്ടിത്തുപ്പി. തുപ്പേൽക്കേണ്ടുന്ന വെളുത്ത മുഖങ്ങൾ ഇരുട്ടിൽ നിൽപ്പുണ്ടെന്നപോലെ.
ഇരുളിലൂടെ മാലയും കൂട്ടരും ചെറുവർത്തമാനങ്ങളും പറഞ്ഞ് ദൂരെക്കാണുന്ന കുടികളിലേക്ക് നടന്നു. അപ്പോളേക്കും രാവ് മൂടിത്തുടങ്ങിയിരുന്നു.
02
‘‘ഇതിനെന്ത് വെല?’’
ഇരുണ്ടു കറുത്ത ദൃഢബാഹുവായ യുവാവ് ചോദിച്ചു. നാഗർകോവിലിലെ വണ്ടിക്കച്ചവടക്കാരൻ യുവാവിനെ അടിമുടി നോക്കി. അവിടെ പലരും വണ്ടി വാങ്ങാൻ വരാറുണ്ട്. പക്ഷേ ഇത്രയും കരുത്തനായ ഒരുവൻ ആദ്യായിട്ടാണ്.
‘‘എവിട്ന്ന്..?’’
‘‘തിരുവിതാങ്കോട്.. വെങ്ങാനൂര്ന്നാണ്.’’
‘‘കാള ഉണ്ടാ.?’’
‘‘ഇല്ല. അതും വാങ്ങിക്കണം.. വാങ്ങിക്കും.’’
‘‘വണ്ടി ഓട്ടിക്കാനറിയാമോ..?’’
‘‘അതക്ക അറിയാം. പഠിച്ചിറ്റൊണ്ട്...’’
കടക്കാരൻ കൊണ്ടുപോയത് സാധാരണ കാളവണ്ടികളുടെ ചക്രവും തട്ടുമിരിക്കുന്ന ഒരിടത്തേക്കാണ്. പക്ഷേ ആഗതൻ ഉറച്ച സ്വരത്തിൽ പറഞ്ഞു.
‘‘ഇതല്ല, ദോണ്ട അവിട മുമ്മശത്ത് ഇരിക്കണല്ലീ, അതാണ് വേണ്ടത്..’’
വിൽപനക്കാരൻ ഉറക്കെ ചിരിതുടങ്ങി. പിന്നെ പറഞ്ഞു.
‘‘എട, നെനക്കൊന്നും അത് വിക്കാമ്പറ്റൂല, നിന്നക്കൊണ്ടന്നും അത് വാങ്ങിക്കാനും പറ്റൂല. അത് നാട്വാഴിക്കും മേലാളമ്മാരിക്കും മാത്രം ഒള്ളതാണ്. കണ്ടിറ്റില്ലേ വില്ലുവണ്ടി അങ്ങനെ രാജപാതയിലൂടെ പോകുന്നത്..?’’
യുവാവ് വിൽപനക്കാരന്റെ കണ്ണുകളിലേക്ക് നോക്കി. വിൽപനക്കാരൻ അവിടെ തീക്ഷ്ണമായ ലക്ഷ്യം കണ്ടു. ഒരു ചുവടുപോലും തെറ്റാതെ ലക്ഷ്യത്തിലേക്ക് നീങ്ങാനുറച്ചിട്ടുള്ള ഒരുവന്റെ മിഴികൾ. ഒരുപക്ഷേ രാജഭടനാവാം എന്നുപോലും വിൽപനക്കാരൻ സംശയിച്ചുപോയി.
‘‘നിങ്ങള് കൊട്ടാരത്തീന്നാണാ..?’’
‘‘അതേ... മനുഷമ്മാര് വാഴാമ്പോണ കൊട്ടാരത്തീന്ന്...’’
‘‘അതെന്ത്, നാട് വാഴണ ഒടേതമ്പുരാൻ മനുഷ്യനല്ലേ. നീ ആളക്കളിയാക്കാതെ പോയീൻ. നെനക്ക് വണ്ടീം ഇല്ല ഒര് കോപ്പും ഇല്ല.’’
യുവാവ് ക്രൂരമായിട്ടല്ലാതെ ചിരിക്കുകയും ശാന്തമായി കണ്ണുകളിലെ തീയണക്കുകയും ചെയ്തു. എന്നിട്ട് ചോദിച്ചു.
‘‘നിങ്ങക്ക് വിക്കാൻ വച്ചേക്കണ മൊതലിനൊള്ള കായി കിട്ടിയാപ്പോരേ... ആര് ഏതിലേ ഓട്ടിച്ചാ നിങ്ങക്കെന്ത്...’’
കുറച്ചുനേരത്തെ ആലോചനക്കുശേഷം വിൽപനക്കാരൻ സമ്മതിച്ചു. പക്ഷേ അയാളുടെ കണ്ണുകളിൽനിന്നും ഭയമൊഴിഞ്ഞുപോയിരുന്നില്ല. സംശയവും. പക്ഷേ കാശിനൊരു ഗുണമുണ്ട്. അത് താൽക്കാലികമായി ഭയത്തെയും നീതിബോധത്തെയും ഉത്തരവാദിത്തങ്ങളെയും കടമകളെയും മറക്കാൻ സഹായിക്കും. ഇവിടെ കടമയോ നീതിബോധമോ ഉത്തരവാദിത്തമോ പാലിക്കേണ്ടതുണ്ടായിരുന്നില്ലെങ്കിലും.
അയാൾ താൻ പുതിയതായി ഉണ്ടാക്കിെവച്ച വണ്ടികൾ കാണിച്ചുകൊടുത്തു. ഇരുമ്പുപട്ടയടിച്ച മരച്ചക്രങ്ങൾ. കുടമണി. നിറം പിടിപ്പിച്ച ചീട്ടിത്തുണി കെട്ടിമറച്ച പിൻഭാഗം. പ്ലാവിന്റെ കാതലിൽ തീർത്ത വണ്ടിത്തണ്ട്. യുവാവ് അനായാസം വണ്ടിത്തണ്ടിൽ പിടിച്ചുയർത്തി. ഇരുമ്പുപട്ടയടിച്ച ചക്രങ്ങളുള്ള വണ്ടിയെ സ്വന്തം കൈകൊണ്ട് വലിച്ച് തെരുവിലൂടെ ഉരുട്ടി. അത് സാധാരണക്കാർക്ക് സാധിക്കുന്ന കാര്യമായിരുന്നില്ല. ആരോഗ്യമുള്ള രണ്ടു കാളകൾക്കു സാധിക്കുന്ന കാര്യമാണത്. പ്രദേശവാസികൾ നോക്കിനിന്നു. ചിലർ അതാരാണെന്ന് വണ്ടിക്കാരനോട് ചോദിച്ചു.
‘‘അറിഞ്ഞൂടാ, വണ്ടി വാങ്ങിക്കാൻ വെങ്ങാനൂര്ന്ന് വന്നതാണ്.’’
‘‘വെങ്ങാനൂരാ, അതൊര് കാട്ട്മുക്കല്ലേ. അവിട കാളവണ്ടി കിട്ടീറ്റ് എന്തെരിന്..? ഓ ചെലപ്പം ആറാലുമ്മൂട് ചന്തേല് ഇട്ട് ഓട്ടിക്കാൻ ആയിരിക്കും.’’
ചോദിച്ചയാൾ തന്നെ സമാധാനവും കണ്ടെത്തി. അപ്പോഴേക്കും യുവാവ് ഒരു ചുറ്റ് വലിച്ചുനോക്കിയശേഷം വണ്ടിയുമായി തിരിച്ചെത്തിയിരുന്നു. അയാളുടെ നീണ്ട മൂക്കിൻതുമ്പിലേക്ക് വിയർപ്പ് ഇറങ്ങിയിട്ടുണ്ട്. അത് എറ്റിക്കളഞ്ഞിട്ട് യുവാവ് പറഞ്ഞു.
‘‘നിങ്ങള് വെല പറയീ...’’
വണ്ടിക്കാരൻ വലിയ വില പറയാൻ പോയില്ല. പണം കൊടുക്കുമ്പോൾ ചോദിച്ചു.
‘‘നിന്റെ പേരെന്തരെടാ..?’’
യുവാവ് പറഞ്ഞു.
‘‘കാളി.’’
തിരുവിതാംകൂറിലെ ഒന്നരലക്ഷത്തിലധികം വരുന്ന അടിമകൾക്കുള്ള സാധാരണമായ ഒരു പേരായിരുന്നു അത്. അതിനാൽ കച്ചവടക്കാരൻ തൽക്ഷണം അത് മറന്നുകളയുകയും ചെയ്തു.
03
‘‘നീയെന്തേരിനെടാ കാളേ വാങ്ങിച്ചത്, പൂട്ടാൻ പോവാൻ തന്നേ..?’’
കഴക്കൂട്ടത്തുള്ള ചെറുപ്പക്കാരെ കാളി വിളിച്ചുകൂട്ടിയിരുന്നു. ചിലതെല്ലാം അവരോട് പറയണമെന്ന് വിചാരിച്ചിട്ടായിരുന്നു യോഗം. എന്നാൽ, കാളി കാളകളെ മാത്രമല്ല ഒരു വണ്ടിയും വാങ്ങിയിട്ടുണ്ടെന്ന കാര്യം ചോദിച്ചയാൾ അറിഞ്ഞിരുന്നില്ല.
കാളിയുടെ പോരാട്ടം അറിയാവുന്ന ഒരാൾ സ്നേഹത്തോടെ പറഞ്ഞു.
‘‘അല്ലങ്കിത്തന്ന ജമ്മിമാർക്കും തമ്പുരാക്കന്മാരിക്കും നിന്ന കണ്ണെടുത്താ കണ്ടൂട. നിനക്ക് അവരോടന്നും ഒര് ബെഹുമാനോം ഇല്ല. നീ വാ തൊറന്നാ തണ്ടിന് തുണ്ട് പറച്ചിലാണ് എന്നെക്കേണ് അവര് പറഞ്ഞോണ്ട് നടക്കണത്.’’
കാളി ചിരിയോടെ പറഞ്ഞു.
‘‘അവനോന് ബോധിക്കാത്ത ഉത്തരോണ് തർക്കുത്തരം. ബോധിക്കണ ഉത്തരം മാത്രം കേക്കാൻ ജീവിക്കണോര്ക്ക് ഇന്നിയൊള്ള കാലം നിരാശപ്പെടാനേ ഒക്കൂ...’’
കേട്ടയാൾക്ക് മുഴുവനും മനസ്സിലായില്ലെങ്കിലും കാളിയെ ഉപദേശിക്കാതിരുന്നില്ല.
‘‘നീയിനി കാളവണ്ടീം ഓട്ടിച്ചോണ്ട് ചെന്നാ അവന്മാർക്ക് നിന്റുടി ഒള്ള വൈരാഗ്യങ്ങള് കൂടേ ഒള്ള്. നിന്റ ഒള്ള പണീങ്കൂടി പോയിക്കിട്ടും.’’
അതോടെ കാളി ഗൗരവം ഭാവിച്ച് എല്ലാവരെയും നോക്കി. മനുഷ്യജന്മത്തിന്റെ നിസ്സഹായതകൾപോലെ നിഴലുകൾ പറമ്പിലെമ്പാടും വീണുകിടന്നിരുന്നു.
‘‘നിങ്ങളോട് ഇഞ്ഞോട്ട് വരാമ്പറഞ്ഞത് അത് സംബന്ധിച്ച് ചെല കാര്യങ്ങള് പറയാനാണ്. എന്തരായാലും നിങ്ങളായിറ്റ് തന്ന തൊടങ്ങിവച്ചത് നന്നായി.’’
മുപ്പത്തിനാല് പേരുണ്ടായിരുന്നു അവർ. കഴക്കൂട്ടത്തുനിന്നും ബാലരാമപുരത്തുനിന്നും വന്നെത്തിയവർ. നേരം സന്ധ്യ കഴിഞ്ഞ് ഇരുണ്ടുതുടങ്ങിയിരുന്നു.
‘‘നമ്മളക്ക ആരാണ്?’’
കാളി ചോദിച്ചു. യുവാക്കൾ ഒന്നിച്ചുപറഞ്ഞു.
‘‘അടിമകള്.’’
കാളി ഒന്നും പറഞ്ഞില്ല. അയാൾക്കറിയാമായിരുന്നു, അതായിരിക്കും ഉത്തരമെന്ന്. തമ്പ്രാനെന്നും തമ്പ്രാട്ടിയെന്നും വിളിക്കുന്നവരുടെ പാടങ്ങളിലും പറമ്പുകളിലും നേരം പുലരും മുതൽ ഇരുളാകും വരെ പണിയെടുക്കാൻ നിയോഗിക്കപ്പെട്ട ജന്മങ്ങൾക്ക് മറ്റെന്ത് പേരാണുള്ളത്. നാട് വാഴുന്ന രാജാവുപോലും തങ്ങളെ കാണുന്നത് അടിമകളായിട്ടാണ്. സ്വന്തമായി അഭിപ്രായമില്ലാത്ത അടിമകൾ. വാങ്ങാനും വിൽക്കാനും മറ്റുള്ളവർക്ക് അധികാരമുള്ള അടിമകൾ.
കാളി കേട്ടത് സമുദ്രാതിർത്തികൾക്കപ്പുറത്തുനിന്നും പുറപ്പെടുന്ന മനുഷ്യരുടെ ദീനവിലാപമാണ്. കുട്ടികളുടെ... അമ്മമാരുടെ... യുവതികളുടെ... വൃദ്ധരുടെ... വിശക്കുന്ന, അവകാശങ്ങൾ നിഷേധിക്കപ്പെട്ട മനുഷ്യക്കൂട്ടത്തിന്റെ ശബ്ദം. താനെങ്ങനെയാണ് അതു കേൾക്കുന്നതെന്ന് ആദ്യമൊക്കെ കാളി അതിശയിക്കാതിരുന്നില്ല. തന്റെ കാതുകൾക്ക് ഇരട്ടിയോളം നീളമുണ്ടെന്നോ ശ്രവണശേഷിക്ക് നായ്ക്കളുടെ കാതോളം കരുത്തുണ്ടെന്നോ അന്വേഷിക്കാൻ കാളി തുനിഞ്ഞില്ല. അയാൾ എല്ലായ്പോഴും അലയടിച്ചെത്തുന്ന ശബ്ദങ്ങളെ കേൾക്കുകമാത്രം ചെയ്തു. അപ്പോളൊക്കെ നെഞ്ച് നൊന്ത് വിലപിക്കുകയും ചെയ്തു.
മനുഷ്യർ കരയാതിരുന്നെങ്കിൽ...
പിന്നെ അയാൾ പ്രപഞ്ചത്തോട് ചോദിച്ചു.
അധികാരവും പണവും വിദ്യാഭ്യാസവുമില്ലാത്ത, അതൊക്കെ നേടുന്നതിന് അനുവാദമില്ലാത്ത കോടിക്കണക്കിന് നിസ്വരിലൊരാളാണ് ഞാൻ. എനിക്കൊരാളുടെ കണ്ണീരൊപ്പാൻ കഴിഞ്ഞിരുന്നെങ്കിൽ...
കാളി വീറോടെ ഉണർത്തിച്ചു.
‘‘നമ്മളന്നും അടിമകളല്ല. നമ്മളും മനുഷ്യമ്മാര് തന്ന. നമുക്ക് മനുഷ്യന്മാരാവണോങ്കി അല്ലറച്ചില്ലറ അഭ്യാസങ്ങളക്ക പഠിക്കണം.’’
ആർക്കും ഒന്നും മനസ്സിലായില്ല. യുവാക്കളുടെ സംഘം തേനീച്ചപ്പാട്ടുപോലെ ഇരമ്പി. കാളി അതുകേട്ടത് പടഹധ്വനിപോലെയാണ്. കാലാൾപ്പടയും കുതിരപ്പടയും ഗജസേനയും രഥപ്പോരാളികളും ഒന്നിച്ചിരമ്പുന്നതിന്റെ കാഹളം തന്നെ. ഇനി വ്യൂഹങ്ങളൊരുക്കണം. ക്രൗഞ്ചവ്യൂഹം മുതൽ മത്സ്യവ്യൂഹം വരെ. ആകാശത്തോളം പോന്ന വലുപ്പത്തിലേക്കുയരാൻ വെമ്പി കാളി നിവർന്നു. ചന്ദ്രരശ്മിയുടെ തരികൾ വിരിഞ്ഞ മാറിലും നെറ്റിത്തടത്തിലും വീണു ചിതറി. കാളി ഉറച്ച സ്വരത്തിൽ വ്യക്തമാക്കി.
‘‘വർക്കലേന്ന് ഒര് പയൽവാൻ വരും. നിങ്ങള് കുറേ അടീം തടേക്ക പഠിച്ചെട്ക്കണം.’’
‘‘എന്തേരിനാണ്..?’’
‘‘നിങ്ങളെ മേത്ത് കലപ്പ വെച്ച് കെട്ടണ മേലാളന്മാര തിരിച്ച് അടിക്കാൻ. ചാട്ട അടിച്ച് ത്വോല് ഉരിച്ചെട്ക്കണ തമ്പുരാക്കന്മാര വർമ്മത്ത് തന്ന തിരിച്ച് കുത്താൻ. പിടികിട്ടിയോ...’’
ആൾക്കൂട്ടത്തിലുണ്ടായിരുന്നത് യുവാക്കളായിരുന്നെങ്കിലും അവർപോലും തരിച്ചിരുന്നുപോയി. തിരിച്ചുതല്ലുക എന്നത് ചിന്തിക്കാറില്ല. അടിച്ച മുറിവായിടങ്ങളിൽ വീണ്ടും തല്ല് വീഴരുതെന്നേ വിചാരിക്കാറുള്ളൂ. ഇപ്പോൾ കാളി പറയുന്നു, തിരിച്ചടിക്കണമെന്ന്. തിരിച്ചടിക്കാൻ കൈ ഉയരുമോ... അവരങ്ങനെയാണ് ചിന്തിച്ചത്.
‘‘ഭയം, പ്വേടി. പ്വേടിയാണ് മനുഷ്യര അടിമകളാക്കണത്. നമ്മള അനുസരണേണ് അവന്മാര ജയം.’’
കാളി പറഞ്ഞത് കൂടിനിന്നവർക്ക് മനസ്സിലായില്ല. കാളി പറഞ്ഞതെല്ലാം ആവർത്തിച്ച് വിശദീകരിച്ചു. അങ്ങനെ വീണ്ടും വീണ്ടും ക്ഷമയോടെ വിശദീകരിക്കേണ്ടിവരുമെന്ന് കാളിക്കറിയാമായിരുന്നു.
‘‘അവര് നമ്മള പ്വേടിപ്പെട്ത്തുന്നു. നമ്മള് പ്വേടിക്കുന്നു. ഇന്നി നമ്മള് തിരിച്ചവര പ്വേടിപ്പെടുത്തിത്തൊടങ്ങണം. പിന്നവര് നമ്മള ചൊൽപ്പടിക്ക് കീഴ നിക്കും. രാജാക്കന്മാര് രാജ്യങ്ങള് വെട്ടിപ്പിടിക്കണത് പ്വേടിപ്പെടുത്തീറ്റാണ്. പ്വേടി സമ്മാനിക്കണത് ഉത്തരവ്കളാണ്. നാള പെലച്ച തൊട്ട് നമ്മക്കാര്ക്കും കൂലിയില്ലന്ന് അവന്മാര് പറഞ്ഞാ നമ്മള് പ്വേടിക്കും. പക്ഷേ നമ്മള് പ്വേടിക്കാതിര്ന്നാ അവന്മാര്ക്ക് വഴങ്ങിത്തരണ്ടിവരും.’’
‘‘അവര് നമ്മള കൊല്ലൂലേ?’’
‘‘കൊന്നന്നക്ക വരും. ചാവാതിരിക്കാൻ നമ്മള് നോക്കണം. അതിന് ഒരുമിച്ച് നിക്കണം. ഒരാള പത്തുപേര് എതിരിട്ടാ ഒരാള് തോറ്റുപോവേ ഒള്ള്. ആ പത്ത് പേര എതിരിടാൻ നമ്മള് ഇരുപത് പേര സംഘടിപ്പിച്ച് വയ്ക്കണം. അതാണ് പോരാട്ടരീതി.’’
കാളി പറഞ്ഞു.
‘‘എല്ലാരുങ്കൂടി വളഞ്ഞിട്ട് ഒരാള അക്രമിക്കല്ല്. അതാണ് യുദ്ധനിയമം. അത് തെറ്റിക്കുന്നോമ്മാരാണ് തമ്പ്രാക്കന്മാര്. അവര വിചാരം ഇത് യുദ്ധമല്ല, അവര്ടെ അധികാരോം ആനന്ദോമാണെന്നാണ്. എന്നാ നമ്മക്കിത് യുദ്ധം തന്നേണ്. അവന്മാര് തെറ്റിച്ചാ നമ്മക്കും യുദ്ധനിയമങ്ങള് തെറ്റിക്കാം.’’
വളരെ നേരം കഴിഞ്ഞ് എല്ലാവരുടേയും നെഞ്ചിടിപ്പുകൾ സാധാരണനിലയിലായെന്ന് ബോധ്യമായപ്പോൾ കാളി ചോദിച്ചു.
‘‘നമ്മള സമുദായക്കാര് എന്ന യജമാനൻ എന്നുവിളിക്കണത് എന്തുകൊണ്ടാണ്... നിങ്ങളാലോചിച്ച് നോക്കീറ്റൊണ്ടാ..?’’
തെങ്ങുകൾക്കു മുകളിലേക്ക് നിലാവുയർന്നു. കാളി വളരെ സ്വസ്ഥനായിരുന്നു. അയാൾ പറഞ്ഞു.
‘‘എന്റെ ചുറ്റുമുള്ളോർക്ക് ഞാൻ ധൈര്യം കൊടുക്കുന്നു. നമ്മള ധൈര്യത്തിന്റെ അടിസ്ഥാനം നമ്മക്കൊള്ള പ്രാധാന്യോണ്. നമ്മളാരും പണിക്കെറങ്ങാതിരുന്നാ മേലാളന്മാരും അവര വീട്ടിലൊള്ളോരും പട്ടിണിയാവും. ആ നെല തൊടർന്നോണ്ട് പോയാ രാജാവും കുടുമ്മോം പട്ടിണിയാവും. നമ്മള് എന്നും കുന്നും പണിയെടുക്കണോങ്കീ നമ്മക്ക് അവകാശങ്ങളൊന്നും തരാമ്പാടില്ല. അതോണ്ടാണ് നമ്മള് അടിമകളാവുന്നത്. നിങ്ങള ആരേം ആരും അടിമകളാക്കാതിരിക്കാൻ വേണ്ടിയാണ് ഞാൻ കഷ്ടപ്പെടണത്. അതോണ്ടാണ് നമ്മള സമുദായക്കാര് എന്ന യജമാനൻ എന്നുവിളിക്കണത്. എപ്പഴും ഒരു യജമാനൻ നമ്മക്ക് വേണം. അതായത് നേതാവ്. മറ്റാരുമില്ലങ്കീ ആ പദവി ഏറ്റെടുക്കാൻ ഞാൻ തയ്യാറാണ്. അതീ നശിച്ച അടിമത്തം അവസാനിപ്പിക്കാൻ വേണ്ടിയാണ്. ആ യജമാനത്തം ജന്മിത്തമല്ല.’’
കാളി ഒന്നുകൂടി പറഞ്ഞു.
‘‘മനുഷ്യര്ക്ക് നേതാവ് മാത്രം പോരാ. അനുസരിപ്പിക്കാനും ഒരാള് വേണം. മേലും കീഴേം ഓരോ ആളില്ലാതെ മനുഷ്യന് ജീവിക്കാൻ പറ്റൂല. അത് തൽക്കാലത്തേക്ക് നമ്മക്ക് നോക്കണ്ട. നമുക്കിപ്പം അനുസരിപ്പിക്കുന്നോരേം അടിമകളാക്കുന്നോരേം നേരെയാക്കാം.’’
എല്ലാവരോടും പിരിഞ്ഞു പൊയ്ക്കൊള്ളാൻ പറയുന്നതിനുമുമ്പ് കാളി ആദ്യത്തെ ചോദ്യത്തിന് ഉത്തരം പറഞ്ഞു.
‘‘ഞാൻ കന്നാലികള വാങ്ങിച്ചത് ഒര് വില്ലുവണ്ടീ കെട്ടാനാണ്. നെലം ഉഴാനല്ല.’’
04
ബാലരാമപുരത്ത് പത്മനാഭൻ തമ്പിയുടെ വീട്ടിലാണ് അന്നത്തെ ദിവസം അവരെല്ലാവരും ഒത്തുകൂടിയത്. ഏഴ് പ്രമാണിമാരുണ്ടായിരുന്നു. മേൽജാതിയിൽനിന്നുള്ള പല വിഭാഗക്കാരുണ്ടായിരുന്നു കൂട്ടത്തിൽ. പലരും പലതരം മേഖലകളിലുള്ളവരാണെങ്കിലും അന്നവർക്ക് ഒന്നിച്ചുനിന്ന് ചർച്ചചെയ്യാൻ ഒരു വിഷയമേ ഉണ്ടായിരുന്നുള്ളൂ. വെങ്ങാനൂരുനിന്നും വന്ന മുന്നൂറു പറ നിലത്തിന്റെ ഉടമ ശങ്കരൻപിള്ള ആദ്യമേ പറഞ്ഞു.
‘‘ഒള്ള നിമ്മതി ഇല്ലാതായീന്ന് പറഞ്ഞാമതിയല്ല. കുടുമ്മത്തും സമാധാനമില്ല നാട്ടിലും സമാധാനമില്ലാതായ എന്തേര് ചെയ്യും..?’’
‘‘നാട്ടില കൊഴപ്പങ്ങള് നമ്മക്കെല്ലാം അറിയാം. അത് സംസാരിക്കാനാണല്ല നമ്മളീ കൂടിയിരിക്കണത്. കുടുമ്മത്ത് എന്ത്ര് പ്രശ്നം... അത് പറയീ...’’
‘‘അവന അടിച്ച് ഒതുക്കാൻ വീട്ടിലിരിക്കണോള് സമ്മതിക്കണില്ല. അത് തന്ന കുടുമ്മത്തിലെ പ്രശ്നം.’’
‘‘അത് കൊള്ളാം. പെണ്ണുങ്ങള സമ്മതം വാങ്ങിച്ചിറ്റാണോ ഇതുവര താൻ വീട്ടുഭരണോം നാട്ടുഭരണോം നടത്തിക്കൊണ്ടിരുന്നത്. എന്നാപ്പിന്ന തന്റെ തലേലെഴുത്ത് തന്ന അനുഭവിച്ചോ.’’
‘‘നിങ്ങക്കത് പിടികിട്ടൂല. എനിക്കേ മൂന്നിടത്താണ് സംബന്ധം.’’
ഒരു കൂട്ടച്ചിരി തീരാനുള്ള സമയമെടുത്തിട്ട് പത്മനാഭൻ തമ്പി കാര്യം വ്യക്തമാക്കി.
‘‘പൊന്നു തമ്പുരാനെ ചെന്ന് മുഖം കാണിക്കണം. അവന പിടിച്ചുകെട്ടി തുറുങ്കിലടയ്ക്കാനുള്ള വഴി ച്വോദിക്കണം.’’
‘‘അതേ, അത് തന്നേണ് വേണ്ടിയത്. പക്ഷേ അവന്റെ കൂട ആളും പേരും ഉണ്ട്.’’
‘‘പൊന്ന്തമ്പുരാന്റെ പടേക്കാട്ട്ലും വല്താണാ അവന്റെ നാല് ശിങ്കിടികള്?’’
‘‘അവൻ പറയണത് കേട്ടിറ്റില്ലേ... വേല സ്വാതന്ത്ര്യമാണ്. കൂലി അവകാശമാണ് എന്നക്ക.’’
‘‘ഓ... കേട്ട് കേട്ട്. പക്ഷേ എവനേക്ക ആര് വകവയ്ക്കാൻ...’’
‘‘ഇഞ്ഞനെ പോയാ വകവയ്ക്കേണ്ടിവരൂല്ലേ. വടക്ക് ആലുവ വരെ ചെന്ന് അവൻ ആള്ളേ വിളിച്ച് കൂട്ടണെന്നാണ് പറഞ്ഞ് കേക്കണത്.’’
‘‘അങ്ങുന്ന് ചുമ്മാ പ്വേടിക്കാതിരിക്കണം.. നമുക്ക് മഹാരാജാവിനെ മുഖം കാണിക്കാം. വിവരങ്ങള് ഉണർത്തിക്കാം. അവിട്ന്ന് ഇതിനൊര് പരിഹാരം കാണാതിരിക്കൂലല്ല.’’
കൂട്ടത്തിലുണ്ടായിരുന്ന ഇരവിക്കുട്ടിപ്പിള്ള പറഞ്ഞു.
‘‘അത് തന്ന. പൊന്ന് തമ്പ്രാന് നിരീച്ചാ നിന്ന നിപ്പീ വേണോങ്കീ ചക്രം വര നിരോധിച്ച് കളയാമ്പറ്റും. ചക്രം നിരോധിച്ചാപ്പിന്ന നാട്ടില് എതിർക്കാൻ എവനെങ്കിലും ഉണ്ടാവോ... കായികള ബലത്തിലല്ലേ എതിരാളികള് ഓരോന്ന് ചെയ്യണത്. അപ്പപ്പിന്ന കളീല് ആര് ജയിക്കും. ചക്രം വര നിരോധിക്കാൻ പാങ്ങൊള്ള അധികാരി.’’
എല്ലാവരും അതോർത്ത് പുളകപ്പെട്ട് ചിരിച്ചു.
‘‘അത് തന്നെ, നാട് വാഴണ തമ്പ്രാൻ ദൈവത്തിനക്കണക്ക് തന്നങ്കി ആ തമ്പ്രാൻ ഉള്ളകാലം വരെക്കും നമ്മളും ദൈവങ്ങള് തന്നെ. അതോണ്ട് മഹാരാജാവ് തന്ന കൽപ്പിച്ച് ഒരു തീർപ്പുണ്ടാക്കട്ട്.’’
‘‘വേണം, പെലയനും പറയനും പഠിക്കാൻ അവൻ കെട്ടിയ കുടിപ്പള്ളിക്കൂടം നമ്മള് കത്തിച്ചപോലെ അവനേം നമ്മള് പച്ചയ്ക്ക് ചുട്ടെരിക്കണം.’’
‘‘അത് തന്ന. ആ എന്തരവന്റെ നടപ്പ് കണ്ടിറ്റില്ലേ. കസവ് വച്ച തലപ്പാവ്. ശീമക്കാരപ്പോലത്തെ കോട്ട്. നെറ്റീ ചന്ദനപ്പൊട്ട്. ഇതിനക്ക ആര് അധികാരം കൊടുത്ത്?’’
‘‘അധികാരം കൊടുത്തിറ്റൊന്നും അല്ല. പേടി ഇല്ലെങ്കി പിന്നെന്ത് ചെയ്യും. അവന തടുക്കാൻ ചെന്നാ പറ്റോ. മദം പൊട്ടിയ ആനേക്കണക്ക് നിക്കേ അല്ലേ. ആറടിപ്പൊക്കോം അതിനൊത്ത തടീം. അടിക്കാൻ ചെന്നോരിക്കക്ക കിട്ടിയേന് കയീം കണക്കും ഇല്ല.’’
‘‘താനിപ്പ അവന്റെ കേമത്തം വെളമ്പാനാണാ ഇങ്ങോട്ട് കെട്ടിയെട്ത്തത്?’’
‘‘അല്ല, ഒള്ള കാര്യം പറഞ്ഞതാ. ആദ്യം അവന്റെ വാൽകള തല്ലി ഓട്ടിക്കണം. പിന്നവന വളഞ്ഞിട്ട് പിടിക്കണം. വന്ന് വന്ന് അവന്റെ കൂട്ടത്തിലെ പെണ്ണുങ്ങള് വര അവൻ പറയണത് കേട്ട് തലയെട്ത്ത് തൊടങ്ങിയെന്നാണ് പറഞ്ഞ് കേക്കണത്.’’
ശങ്കരൻപിള്ള ശങ്കിച്ച് ചോദിച്ചു.
‘‘അപ്പോ അവുത്തുങ്ങള പെമ്പുള്ളര്ക്ക് തൊട്ടൂടാതായാ ഇന്നിത്തൊട്ട് നമുക്ക് കിട്ടൂലന്നാണാ?’’
‘‘കിട്ടീലങ്കീ പിടിച്ചുവാങ്ങിക്കും.’’
ഇരവിക്കുട്ടിപ്പിള്ള രോഷത്തോടെ പറഞ്ഞു.
‘‘അവന്റെ പഷം പിടിക്കണ കഴ്പ്പണം കെട്ട നായമ്മാര് നമ്മള കൂടേം ഒണ്ടന്ന കാര്യം മറക്കണ്ട.’’
പത്മനാഭപിള്ള അതു പറഞ്ഞതോടെ കുറച്ചുനേരം അവിടെ നിശ്ശബ്ദതയായി. മുറ്റത്തും തണലിലുമായി അവരോടൊപ്പം വന്ന അമാലന്മാരും അനുയായികളും കാത്തുനിൽപ്പുണ്ടായിരുന്നു. കൂട്ടത്തിൽ മൂന്നുപേരും വന്നത് പല്ലക്കിലാണ്. എല്ലാവരും ഭൃത്യസമേതമായിരുന്നു. മൗനം മുറിച്ചുകൊണ്ട് പത്മനാഭപിള്ള അറിയിച്ചു.
‘‘ഉണ്ണാറായെങ്കി ഇരുന്നാലാ?’’
‘‘ങാ, പിന്നെന്ത്. ഇരിക്കാം. കുറേ നേരായി നെയ്യില് കടു വറുത്തിടണ മണം പിടിക്കണ്. അന്നവിചാരം മുന്നവിചാരം എന്നാണല്ല.’’
ഏഴുപേരും ശേഷം ഇലയുടെ മുന്നിൽ ഉണ്ണാനിരുന്നു. മാറുമറയ്ക്കാത്ത വിളമ്പുകാരികൾ കുനിഞ്ഞ് വിളമ്പിത്തുടങ്ങി. എല്ലാം നോക്കി അകത്തമ്മമാരായ മൂന്നുനാലു സ്ത്രീകൾ കതകിനടുത്ത് നിന്നു. അവർക്കും മേൽക്കുപ്പായമുണ്ടായിരുന്നില്ല. എല്ലാവരും നെറ്റിയിൽ ചന്ദനം വരച്ചിരുന്നു. അതിഥികളെല്ലാവരും വിളമ്പുകാരികളുടെ ഉറച്ച മേനിയിൽ നോക്കിയിട്ടേ വിഭവങ്ങളിലേക്ക് നോക്കിയുള്ളൂ. വിളമ്പുകാരികൾ പിൻവാങ്ങിയപ്പോൾ അതിലൊരാൾ പതുക്കെ പറഞ്ഞു.
‘‘തിരണ്ടുവരണ നല്ല മണി മണി പോലത്ത കിടാത്തികളെ കിട്ടാതായാ മനസ്സിനൊര് വിഷമോണ്. എല്ലാരുങ്കുടി അയിനൊര് പരിഹാരം കാണണം. കേട്ടല്ല.’’
ഇരവിക്കുട്ടിപ്പിള്ളയുടെ വർത്തമാനം കേട്ട് കൂട്ടത്തിലുള്ളവരെല്ലാം ചിരിച്ചുമറിഞ്ഞെങ്കിലും പത്മനാഭപിള്ളയുടെ മറ്റൊരു വെളിപ്പെടുത്തൽ കേട്ടപ്പോൾ ചിരിക്കാൻ പറ്റാതെ വിഷമിക്കുകയുംചെയ്തു.
‘‘നെലം വിക്കുമ്പം കൂട കൊടുത്തിരുന്ന അടിമപ്പണിക്കാരമ്മാര ഇനി അങ്ങനെ കൊടുക്കാമ്പറ്റൂലന്ന് അവൻ വലിയ ഉത്തരവിറക്കീറ്റൊണ്ടന്നും കേട്ട്.’’
‘‘വക വച്ച് കൊട്ക്കര്ത്.’’
അതു പറയുമ്പോ വന്ന വിറയലിൽ ആതിഥേയൻ കൈയ്ക്ക് തട്ടിനീക്കിയത് മുന്നിലിരുന്ന പിച്ചളച്ചരുവമാണ്. അതിലുണ്ടായിരുന്ന കുറുക്കുകാളൻ മെഴുകിയ നിലത്ത് നീളെ പരന്നലിഞ്ഞു. അകത്തുണ്ടായിരുന്നവർ ഓടിവന്നു. അവർ സ്തംഭിച്ചുനിന്നു. അതിഥികളും. ഭാവിയെക്കുറിച്ചുള്ള ആ വിറയൽ എല്ലാവരിലുമുണ്ടായിരുന്നു.
05
‘‘പെലയരുടെ അടിയായ്മ, കമ്മാളക്കുടിയാളന്മാരുട കുടിയായ്മ, കാരാളുട കാരാമ, ഈരാളന്മാരുട ഈരാമ, നാടുവാഴിയുടെ മേൽക്കോയ്മ... ഇവിടെ നടക്കണ വ്യവസ്ഥിതി അതാണ്..’’
കാളി പറഞ്ഞു.
‘‘ഇതിന തകർക്കണം. അതിന് നമുക്ക് വിദ്യാഭ്യാസം കിട്ടിയാ മാത്രം പോര. പ്രജാസഭയിലും പൊതുഭരണരംഗത്തും സ്ഥാനോം നല്ല തൊഴിലും കിട്ടണം. നാടുവാഴിത്തത്തിന് കുറച്ചൂടി കഴിയുമ്പം അറ്തി വരും. പലദിക്കിലും ശക്തമായിറ്റ് പ്രക്ഷോഭങ്ങള് നടന്ന് വരേണ്. നമ്മളക്ക ജനിച്ചടത്ത് തന്നെ കിടന്ന് പണിയെടുത്ത് മരിച്ച് മണ്ണടിയണതുകൊണ്ട് അറിയാത്തതാണ്. അതല്ല വെളിലോകം.’’
‘‘എങ്ങനേണ് എജമാനാ, നമ്മള് തമ്പ്രാക്കമ്മാര എതിരിടണത്. അവര് നമ്മള കൊന്ന് കളയൂലേ..?’’
‘‘തണ്ടും തടീം ഇല്ലേ. കൈക്കരുത്തില്ലേ. പകലന്തിയോളം ചത്ത് പണിയെടുക്കണ നിങ്ങക്കെന്ത് ഒരാള എതിരിടാനുള്ള ആരോഗ്യമില്ലേ?’’
ആരും മിണ്ടിയില്ല. ഒരാൾ പതിയെപ്പറഞ്ഞു.
‘‘ഉയ്യയ്യോ, എങ്ങന എജമാനാ കൈ പൊങ്ങണത്...’’
‘‘കഷ്ടം തന്നല്ല. എന്നാണടേ നിങ്ങളക്ക ഇനി ആത്മാവില് ഭീരുത്വമില്ലാത്തോമ്മാരാവണത്..!’’
കാളിയുടെ ശകാരം കുറേത്തുടർന്നപ്പോൾ അവർ പതിയെപ്പറഞ്ഞു.
‘‘നമ്മള് നമ്മക്ക് വേണ്ടിയത് കേക്കാം. പ്വേടിക്കാതെ കേക്കാം.’’
രാത്രി അപ്പോൾ വളരെ വളർന്നിരുന്നു. പല കുടിലുകളിലും കൊട്ടെണ്ണവിളക്കുകൾ മുനിഞ്ഞു മുനിഞ്ഞു കത്തി. രാജാവിനും നാടുവാഴികൾക്കും പോകാൻ അധികാരമുണ്ടായിരുന്ന വീഥികളിൽ ചില്ലുപൊതിച്ചിലുള്ള എണ്ണവിളക്കുകൾ പ്രകാശം ചൊരിഞ്ഞുനിന്നു. ദരിദ്രർക്കും അധഃകൃതർക്കും നടക്കാൻ അനുവാദമുണ്ടായിരുന്ന വഴികളിൽ ഇരുൾ കട്ടപിടിച്ചു. ചൂട്ടുകറ്റകളുടെ വെളിച്ചം വിജനവഴികളെ താണ്ടി നീങ്ങി. രാത്രി അനന്തമായി കിടന്നു. പിറ്റേന്ന് സന്ധ്യക്ക് രാജവീഥികളെ വെളിച്ചമണിയിക്കാൻ തോളിൽ ഏണിയും വിളക്കുചില്ല് തുടയ്ക്കാനുള്ള തുണിയും എണ്ണയുമായി ഒരാൾ വരും. പക്ഷേ സാധാരണക്കാരന്റെ വഴിയിലേക്ക് വെളിച്ചവുമായി വരാൻ രാജാവ് നിയോഗിച്ച ഒരുദ്യോഗസ്ഥനുണ്ടായിരുന്നില്ല.
06
വെങ്ങാനൂരിൽ കാളിയുടെ കാളവണ്ടി തയാറായി. മിടുക്കന്മാരായ കാളകളെ തന്നെയാണ് കാളി തന്റെ വണ്ടിയിൽ കെട്ടാൻ തെരഞ്ഞെടുത്തത്. വണ്ടിക്ക് വേണ്ട അലങ്കാരപ്പണികൾ നടത്തി. അതൊരു വില്ലുവണ്ടിയായി അതിന്റെ പ്രതാപം ജനിപ്പിച്ചതോടെ കൂട്ടാളികൾ വിറയ്ക്കാൻ തുടങ്ങി.
‘‘എജമാനാ, ഇത് തീക്കളിയാണ്. ഇത് വര നമ്മള് തമ്പ്രാക്കന്മാരുടെണ് കളിച്ചോണ്ടിരുന്നത്. ഇത്തവണ മഹാരാജാവിന്റുടേണ് കളിക്കണത്.’’
‘‘തന്ന. ചെറിയ കളികള് ടക്കന തീരും. പിന്ന വലിയ കളികളേ ഹരം പകരാൻ മിച്ചം കാണൂ. വലിയ കളി തീരമ്പം കളിക്കളത്തിൽ എതിരാളികളൊന്നും കാണൂല. കളിക്കളത്തി അപ്പം ആരിക്കും കളിക്കാൻ പറ്റും. ആരിക്കും എറങ്ങി കളിക്കാമ്പറ്റണ കളിക്കളമാണ് നമ്മള സ്വപ്നം.’’
അതുകേട്ട് കേഡി ഭാനു തന്റെ ശരീരത്തിന്റെ വലുപ്പം ആഗ്രഹിക്കുന്ന ശബ്ദത്തിൽ കൂടിനിൽക്കുന്നവരോട് പറഞ്ഞു.
‘‘നിങ്ങളാരും പേടിക്കണ്ട. എജമാന്റെ വില്ലുവണ്ടി ആറാലുംമൂട് ചന്തയിലും എത്തും. വെങ്ങാനൂര് തിരിച്ച് വരേം ചെയ്യും. ഞാനുണ്ട് കൂട.’’
വില്ലുവണ്ടി നമുക്കുള്ളതല്ലെന്ന് പിന്നെയും പലരും പറഞ്ഞു. സാധാരണ കാളവണ്ടികളാണ് സാധാരണക്കാർക്കുള്ളത്. വില്ലുവണ്ടി നാടുവാഴികൾക്കും ഉയർന്ന പ്രമാണിമാർക്കുമുള്ളതാണ്. പക്ഷേ കാളി ആ യാത്ര തീരുമാനിച്ചുകഴിഞ്ഞിരുന്നു. അതിനെ തടയാൻ ഉൾഭയമുണ്ടായിരുന്നെങ്കിലും അവർക്കാർക്കും കഴിഞ്ഞില്ല. കാളി പറഞ്ഞു.
‘‘മന്ഷ്യര് നടക്കണ വഴിക്ക് ജാതീം മതോം അയിത്തോം കൽപ്പിക്കാൻ പാടില്ല. എല്ലാര്ക്കും കുടി ഉള്ളതാണ് എല്ലാ വഴീം.’’
‘‘അത് തന്നെ.’’
പയറുമൂട് കൊച്ചാപ്പിയും ചാർളിയും ഇൻട്രി ആശാനും അത് സമ്മതിച്ചു. അവരായിരുന്നു കാളിക്ക് ശക്തമായ പിന്തുണ നൽകിയിരുന്നവർ. വാർത്ത വെങ്ങാനൂരിലും ആറാലുംചന്തയിലും മാത്രമായി ഒതുങ്ങിയില്ല. അത് ബാലരാമപുരവും കഴക്കൂട്ടവും കണിയാപുരവും കടന്ന് തിരുവനന്തപുരത്തേക്ക് നീങ്ങി.
07
‘‘ഒര് പൊലയൻ വില്ലുവച്ച വണ്ടീ കേറിയാപ്പിന്ന അവനും നമ്മളും തമ്മിലെന്തര് വ്യത്യാസം?’’
പ്രമാണിമാരുടെ സംഘങ്ങൾ പല ദിക്കിലായി സമ്മേളിച്ച് ചോദ്യങ്ങൾ പരസ്പരം ചോദിച്ചു.
‘‘ഇത് കൈക്കരുത്ത് വച്ച് ഒതുക്കാമ്പറ്റോന്ന് തോന്നണില്ലാ. അവന്റെ പിറകി ചെറുമക്കളെല്ലാരും ഉണ്ട്. അതൊരു വലിയ സംഘമാവേണ്... അല്ലെങ്കീ എവനിത്ര ധൈര്യം കിട്ടോ...’’
‘‘ആറാലുംമൂട് ചന്ത വര അവന്റെ ഒറ്റക്കാളപോലും പോവാൻ പാടില്ല. അതിനൊള്ള വഴി ആലോയിച്ച് നോക്കീൻ.’’
‘‘എന്തര് ആലോചിക്കാൻ. ചട്ടമ്പി ഭാനു അവന്റെ കൂടത്തന്ന കാണും. അതുപോലയൊള്ള വേറെ കുറേ അവന്മാരും.’’
‘‘എന്നാപ്പിന്ന ആ യാത്ര ചന്ത വരെ എത്തൂലാ. വില്ലുവണ്ടീം അവനും ഇതോട തീരും. ഇനിയൊരുത്തരും ഇതുപോലത്ത അത്യാഗ്രഹങ്ങളുമായി തല പൊക്കൂല്ല. പൊക്കല്ല്.’’
അതിമോഹങ്ങൾ എന്ന് പലതിനേയും അതിരിടുന്നത് ചരിത്രത്തിലെ ഒരു തമാശക്കാര്യം മാത്രമാണ്. മോഹങ്ങളും അതിമോഹങ്ങളും നിലനിൽക്കുന്നത് സമൂഹത്തിന്റെയും വ്യക്തിയുടേയും അവസ്ഥകൾക്കനുസരിച്ചാണ്. അതിനാൽ, തിരുവിതാംകൂറിലെ സമ്പന്നവർഗത്തിന്റെ പട കാത്തിരുന്നത്, വില്ലുവണ്ടി വരുന്ന വരവിൽ അതിനെ തല്ലിയൊതുക്കാനാണ്. ആവേശഭരിതരായ അനുയായികളുടെ അകമ്പടിയോടെ കാളി വില്ലുവണ്ടിയിൽ യാത്ര ചെയ്തു. അതുവരെ എലിയും പാമ്പും ആമയും ജീവിക്കുന്നതുപോലെ, ആളനക്കം കാണുമ്പോൾ പൊത്തുകളിലേക്ക് തലവലിച്ചും ആളനക്കമില്ലാത്തപ്പോൾ പതുങ്ങിയും കിട്ടുന്നതുകൊണ്ട് വിശപ്പടക്കിയും അർധപട്ടിണി കിടന്നും ജീവിച്ച ഒരു ജനത വിശ്വാസം വരാതെ ആ കാഴ്ച നോക്കിനിന്നു.
ഭയം വിടാതെയാണെങ്കിലും യജമാനൻ വണ്ടിയിലുണ്ടെന്ന ധൈര്യത്തിൽ കൂടെ നടന്നു. വില്ലുെവച്ച കാളവണ്ടിയിൽ തങ്ങളുടെ യജമാനനൻ കൂസലില്ലാതെ പൊന്നുതമ്പുരാനെപ്പോലെ സവാരി ചെയ്യുന്നു. മുണ്ടും മേൽമുണ്ടും കുപ്പായവും ധരിച്ച്, കസവ് െവച്ച തലപ്പാവും ചൂടി നെഞ്ചുവിരിച്ച് വണ്ടിയിൽ നിന്ന കാളി പാതക്ക് സമീപത്ത് തടിച്ചുകൂടിയവരെ നോക്കി അഭിവാദ്യംചെയ്തു. ആ ഘോഷയാത്ര നീങ്ങവേ, വണ്ടിക്കു മുന്നിലേക്ക് ഇരച്ചുവന്ന എതിരാളികളുടെ നേരെ എളിയിൽനിന്നും കത്തിയെടുത്ത് കാളി നിവർത്തി. പക്ഷേ, വണ്ടിയിൽനിന്നും താഴെയിറങ്ങിയില്ല. ഉറച്ച സ്വരത്തിൽ വിളിച്ചുപറഞ്ഞു.
‘‘ഇത് പെരുങ്ങാറ്റുവിള അയ്യൻ മകൻ കാളിയാണ്. എന്റേ എന്റെ കാളകളെയാ തടഞ്ഞാ, ആ കത്തിയിൽ വീഴാമ്പോണ ചോരയ്ക്ക് കയീം കണക്കും കാണൂല...’’
പക്ഷേ, അക്രമം നടക്കുക തന്നെ ചെയ്തു. അടിതടയും കൈയേറ്റവും ശക്തമായി. അവർണവിഭാഗത്തിലുള്ളവർ മടിച്ചുമടിച്ചാണെങ്കിലും തിരിച്ചടിക്കാനും തുടങ്ങി. അതോടെ കാളി നയിച്ച കാളകൾ കൂടുതൽ കരുത്തോടെ ആറാലുംമൂടിലേക്ക് നീങ്ങി.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക. അധികാരം തന്നിലേക്ക് നിലനിർത്താനും തന്നിൽ ഭയം ജനിപ്പിക്കാനുമായി ഒരു ഭരണാധികാരി ചെയ്യേണ്ടത് അതാണ്. ജനങ്ങളുടെ മനസ്സിലേക്ക് പരമാവധി വിദ്വേഷവും സംശയവും തെറ്റിദ്ധാരണയും കുത്തി നിറയ്ക്കുക. ക്രമേണ കാളിയെ അവന്റെ കൂട്ടാളികൾതന്നെ അവിശ്വസിക്കാൻ തുടങ്ങും.
പ്രമാണിവർഗം തീരുമാനമെടുത്തത് അങ്ങനെയാണ്.
അതിനുശേഷം നേതാവിനെ ഇല്ലാതാക്കുക. അതോടെ അണികൾ ചിതറും.
പക്ഷേ, അതെങ്ങനെയെന്ന് ഗൂഢാലോചന നടത്തിയവർക്കും വ്യക്തമായില്ല. എന്നാൽ, ചില സാഹചര്യങ്ങൾ അവർക്കായി ഒത്തുവരാതിരുന്നില്ല.
08
ആറാലുംമൂട് ചന്തയിൽ വില്ലുവണ്ടിയെത്തി. കാളി അവിടെയുള്ള ജനങ്ങളോട് ഏവർക്കും വേണ്ട സഞ്ചാരസ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിച്ചു. അന്നുവരെ പറയാത്ത ആധുനിക മലയാളത്തിൽ.
ഞാൻ കാര്യങ്ങൾ മനസ്സിലാക്കുന്നത് സൂക്ഷ്മനിരീക്ഷണങ്ങളിലൂടെയും വസ്തുതകളെ വിശകലനംചെയ്തിട്ടുമാണ്. എനിക്ക് വിദ്യാഭ്യാസമില്ല. പക്ഷേ വകതിരിവുണ്ട്. മനുഷ്യത്വത്തിന് പ്രാധാന്യമുണ്ടാകുന്ന കാലം വരുമെന്നുമറിയാം. ആ ലക്ഷ്യത്തിനുവേണ്ടിയാണ് എല്ലാ വഴികളിലൂടെയും നമ്മൾ ധീരമായി നടന്നുകയറണമെന്ന് ഞാൻ പറയുന്നത്. ദയവായി നിങ്ങൾ ധീരന്മാരാകുക. ഏകാധിപതികളായ നാടുവാഴികളേയും അവരുടെ ജാത്യാചാരങ്ങളും അന്ധവിശ്വാസങ്ങളും നിലനിർത്തിയുള്ള ഭരണത്തേയും എതിർക്കുക. അവർ തുടർച്ചയായി അധികാരത്തിലിരുന്നേക്കാം. പക്ഷേ അവരുടെ ജനവിരുദ്ധമായ ഭരണത്തിന് ഒരുനാൾ അറുതിവരുമെന്ന് നാം മനസ്സിലാക്കണം.
അർധനഗ്നരും പട്ടിണിക്കാരുമായ അടിമകൾ, നിസ്സംശയം പറയാം, മൃഗങ്ങളെപ്പോലെ അധികാരിവർഗം പരിഗണിച്ചിരുന്ന അടിമകൾ, കാളിയുടെ വാക്കുകൾക്ക് കാതു കൊടുക്കുകയും ‘‘യജാമാനാ...’’ എന്ന് ആദരവോടെ വിളിക്കുകയുംചെയ്തു.
കാളി പറഞ്ഞു.
തിരിച്ചുപോവുന്നത് പദയാത്രയായിട്ടു മതി. പട്ടുവസ്ത്രം തുന്നാൻ മഹാരാജാവ് കുടിയിരുത്തിയ ചാലിയന്മാരുടെ ഇടയിലൂടെ, പരുക്കൻ അരവസ്ത്രം മാത്രമുള്ള നമുക്ക് യാത്ര ചെയ്യാം. രാജാവിന്റെ പല്ലക്ക് ചുമക്കുന്ന അമാലന്മാരുടെ വായ്ത്താരിയല്ലാതെ നമ്മുടെ ദീനം പിടിച്ച ചുമകളും വരത്തന്മാരായ ചാലിയന്മാർ കേൾക്കട്ടെ.
കാളി തീരുമാനിച്ചതങ്ങനെയാണ്.
ആ പദയാത്രയെക്കുറിച്ച് കേട്ടറിഞ്ഞവർ നിമിഷം വൈകാതെ ചാലിയത്തെരുവിലേക്ക് പുറപ്പെട്ടു. അവരുടെ കാൽപാദങ്ങൾക്ക് പുഷ്പകവിമാനത്തേക്കാൾ വേഗത കൈവന്നിരിക്കണം. നെയ്ത്തുകാരായ ചാലിയന്മാർ കൊട്ടാരത്തിലേക്കുള്ള വിശേഷവസ്ത്രങ്ങളുടെ നിർമാണത്തിലായിരുന്നു. അവരുടെ തറികളിൽ പട്ടുനൂലുകൾ ഈടും പാവുമിട്ടു. രാജസേവകന്മാർ തെരുവുകളിലുണ്ടായിരുന്നു. പ്രധാനപ്പെട്ട കൊട്ടാരം ഉദ്യോഗസ്ഥർ വിവിധ നെയ്ത്തുകാരുടെ സമീപങ്ങളിലും. അവർക്കിടയിലേക്കാണ് ചാരസംഘം ഓടിയെത്തിയത്. അവർ ഉണർത്തിച്ചു.
‘‘നാടിന്നാപത്ത് വരുന്നു. പൊന്നുതമ്പുരാനു നേരെ കാളി ആളുകളേയും കൂട്ടി വരുന്നു. വരുന്നത് ചാലിയത്തെരുവിലൂടെയാണ്. ചെറുക്കണം. അല്ലെങ്കിൽ നാടുണ്ടാവില്ല. ഇത് ദേശസ്നേഹത്തിന്റെ പ്രശ്നമാണ്.’’
ആളുകളേയും കൂട്ടി മഹാരാജാവിനെ ആക്രമിക്കാൻ കാളി എന്ന കരുത്തൻ വരുന്നു എന്ന വർത്തമാനം ചാലിയത്തെരുവിൽ പരന്നത് വളരെ പെട്ടെന്നാണ്. അതൊരു കലാപത്തിലേക്ക് നീങ്ങാൻ താമസമുണ്ടായില്ല. ആയുധസജ്ജരായ നെയ്ത്തുകാരും രാജാവിന്റെ ഉദ്യോഗസ്ഥരും കാളിയുടെ സംഘത്തെ കായികമായി നേരിട്ടു. കൈക്കരുത്ത് കൊണ്ട് കാളി ആ പോരാളികളെ നേരിടുകയും തുരത്തുകയും ചെയ്തെങ്കിലും അപവാദപ്രചാരണങ്ങളുടെ ചൂടിൽ തുടർച്ചയായ പ്രക്ഷോഭങ്ങൾ അതിനെത്തുടർന്ന് തിരുവിതാംകൂറിൽ ഉണ്ടായിക്കൊണ്ടേയിരുന്നു.
കാളിയുടെ സംഘത്തിനെതിരെ നിന്നത് തിരുവിതാംകൂർ എന്ന ഒരു രാജ്യം മാത്രമായിരുന്നില്ല. അനവധി നാട്ടുരാജ്യങ്ങൾ... സാമന്തന്മാർ... ചക്രവർത്തിമാർ... ഭരണകൂടങ്ങൾ... ജനാധിപത്യചേരികൾ... റിപ്പബ്ലിക്കുകൾ...
09
തന്റെ ഗ്രഹത്തിലെ സ്വന്തം രാജ്യത്തിനുമേൽ ബോംബുകൾ വർഷിച്ചശേഷം പ്രജാപതിയായ പൊന്നുതമ്പുരാൻ മുഖ്യസേനാപതിയെ വിളിച്ചു.
‘‘ഈ തമ്മിൽത്തല്ലെല്ലാം കണ്ടുനിൽക്കുന്നത് തെല്ല് രസകരം തന്നെ. അല്ലേ..?’’
‘‘അതെ തമ്പുരാനേ...’’
‘‘കൊട്ടാരത്തിലെ പ്രജകളും അവരുടെ ബന്ധുക്കളും സുരക്ഷിതരല്ലേ?’’
‘‘അതെ. ഒരു കാര്യം ഉണർത്തിക്കാതെ വയ്യ. നമ്മുടെ ബോംബുകൾക്ക് വകതിരിവുണ്ട്. അവ പട്ടിണിക്കാരും അധഃസ്ഥിതരുമായ പുരുഷന്മാരെയും കുട്ടികളെയും മാത്രമാണ് ഇല്ലാതാക്കുന്നത്. സ്ത്രീകളെ വെറുതെ വിടുന്നു.’’
‘‘ആ സ്ത്രീകൾ ഗ്രഹങ്ങൾതോറും അലഞ്ഞുനടന്ന് പെറ്റുപെരുകട്ടെ. വരുംകാലത്തെ ചക്രവർത്തിമാർക്ക് യുദ്ധം നടത്താൻ ദരിദ്രരും അതിദരിദ്രരും വേണം. നമ്മൾ ഭാവിക്ക് കളങ്കം ചാർത്തരുത്.’’
‘‘ശരിയാണ്. ആളുകളെ തമ്മിൽത്തല്ലിക്കുന്നതിനിടയിൽ അങ്ങയോട് മറ്റൊരു കാര്യം ഉണർത്തിക്കാൻ മറന്നു.’’
‘‘എന്താണത്..?’’
‘‘അങ്ങു ദൂരെയായി ഭൂമിയെന്ന ഗ്രഹത്തിൽ കാണുന്ന കല എന്താണെന്ന് നമ്മുടെ ശാസ്ത്രകാരന്മാർ കണ്ടുപിടിച്ചു.’’
‘‘എന്താണത്..?’’
‘‘ഒരമ്മയുടെയും മകന്റെയും കറുത്ത നിഴൽരൂപമാണ് ഭൂമിയുടെ മേൽ കാണുന്നത്.’’
അതു കേട്ടപ്പോൾ ജീവരാശികൾ പിച്ച നടക്കുന്ന ഗ്രഹങ്ങളിലെല്ലാമുള്ള കോടാനുകോടി കണ്ണുകളും യന്ത്ര ജ്ഞാനേന്ദ്രിയങ്ങളും ഭൂമിയുടെ മേലുള്ള ആ നിഴൽപാടിനെ ഉറ്റുനോക്കി.
10
കാളി ഇരുളിലേക്ക് നോക്കിയിരുന്നു. ദൂരെയായി ചന്ദ്രയാനങ്ങളുടെ വഴിത്താര കാണാം. ചന്ദ്രനിലും ഒരു മാല അവതരിക്കും. മാലക്കൊരു മകൻ പിറക്കും. അവൻ ചന്ദ്രനിലെ പ്രഭുക്കളോട് സ്ഥിതിസമത്വത്തിനുവേണ്ടി യുദ്ധം ചെയ്യും. വെളുത്തവന്റെയും കറുത്തവന്റെയും ഇടയിൽ സമാധാനം സ്ഥാപിക്കുന്നതിനുള്ള യുദ്ധങ്ങൾ അവസാനിക്കുകയേയില്ല.
കാളി തന്റെ പൂർവികരെ ഓർത്തുപോയി. ചേറിന്റെയും മണ്ണിന്റെയും മണം ഓർമ വന്നു. വെറും നിലത്ത് വിരിക്കാനൊരു പായ പോലുമില്ലാതെ കിടന്നുറങ്ങിയിരുന്ന ജനങ്ങളുടെ അടിമത്തം ഇനിയും അവസാനിച്ചിട്ടില്ല.
വിശ്വസിച്ചിരുന്ന ദൈവങ്ങൾപോലും നഷ്ടപ്പെട്ടുപോയ ജനതയാണത്. അരികിൽനിന്നും അവരുടെ ശ്വാസോച്ഛാസം. കാളി ആലോചിച്ചു. ഈ സാധുജനങ്ങളുടെ പരിപാലനം എന്നു വിജയമാകും. അയാൾ നെടുവീർപ്പിട്ടു. കാലം മാറിയാലും ഗ്രഹങ്ങൾ സമീപസ്ഥമായാലും യന്ത്രങ്ങൾ സർവപ്രതാപികളായാലും മനുഷ്യർക്ക് നടന്നുപോകാൻ രാജവീഥിയും ഗ്രാമവീഥിയും എന്നും ഉണ്ടായിക്കൊണ്ടേയിരിക്കും. പക്ഷേ, ഇതെല്ലാം യഥാർഥ വർഗസമരത്തിന്റെ ആരംഭംതന്നെയാണ്. അതെ, സമരങ്ങളുടെ ആരംഭം. അവസാനമില്ലാത്ത ആരംഭങ്ങൾ.
കാളി തന്റെ വിരിപ്പിലേക്ക് ചരിഞ്ഞുകിടന്നു. മാല മെല്ലെ തന്റെ മാറിലേക്ക് മകനെ ചേർത്തുകിടത്തി. പുറത്ത് നക്ഷത്രങ്ങളും നദികളും അനാദികാലത്തെ ലക്ഷ്യംെവച്ച് തിളങ്ങി. മനുഷ്യന്റെ ജന്മദോഷം കണ്ടറിയാൻ വിധിക്കപ്പെട്ട ഗ്രഹങ്ങളുടെ പറ്റങ്ങൾ ക്ഷീരപഥത്തിൽ നിലയില്ലാതെ ചുറ്റിക്കറങ്ങി.
===========
* സംഭാഷണങ്ങൾ പഴയ തിരുവിതാംകൂർ ഭാഷയിലേക്കാക്കിത്തന്നതിന് കടപ്പാടും നന്ദിയും എഴുത്തുകാരൻ അമലിന്.