ഗ്രാന്മ
കുന്നിൻ മുകളിലെ റോഡിൽനിന്നായിരുന്നു ആ കാതടപ്പിക്കുന്ന ശബ്ദം കേട്ടത്. എന്തോ പൊട്ടിത്തകരുന്ന, ഉള്ളുലയ്ക്കുന്ന ഒരു ഒച്ച! ഗ്രാന്മ ഞെട്ടിയുണർന്നു. മുറിയിലെ ലൈറ്റ് തെളിയിച്ച് ജനാലയിലൂടെ പുറത്തേക്ക് നോക്കി. നല്ല ഇരുട്ടുള്ള ഒരു രാത്രിയായിരുന്നു അത്. പേരിനുപോലും ഒരു നക്ഷത്രം ആകാശത്തുണ്ടായിരുന്നില്ല. അവർക്ക് പിന്നെ ഉറങ്ങാൻ കഴിഞ്ഞില്ല. കിടക്കയിൽ കുറേനേരം അനങ്ങാതെ കിടന്നു. കറുപ്പും വെളുപ്പും ഇടകലർന്ന അനവധി ദൃശ്യങ്ങൾ ഓർമകളിലൂടെ കടന്നുപോയി....
Your Subscription Supports Independent Journalism
View Plansകുന്നിൻ മുകളിലെ റോഡിൽനിന്നായിരുന്നു ആ കാതടപ്പിക്കുന്ന ശബ്ദം കേട്ടത്. എന്തോ പൊട്ടിത്തകരുന്ന, ഉള്ളുലയ്ക്കുന്ന ഒരു ഒച്ച! ഗ്രാന്മ ഞെട്ടിയുണർന്നു. മുറിയിലെ ലൈറ്റ് തെളിയിച്ച് ജനാലയിലൂടെ പുറത്തേക്ക് നോക്കി. നല്ല ഇരുട്ടുള്ള ഒരു രാത്രിയായിരുന്നു അത്. പേരിനുപോലും ഒരു നക്ഷത്രം ആകാശത്തുണ്ടായിരുന്നില്ല. അവർക്ക് പിന്നെ ഉറങ്ങാൻ കഴിഞ്ഞില്ല.
കിടക്കയിൽ കുറേനേരം അനങ്ങാതെ കിടന്നു. കറുപ്പും വെളുപ്പും ഇടകലർന്ന അനവധി ദൃശ്യങ്ങൾ ഓർമകളിലൂടെ കടന്നുപോയി. ഒന്നുംതന്നെ വ്യക്തമായിരുന്നില്ല. ഇപ്പോൾ അത് പതിവാണ്. ഉറക്കം തീരെ കുറവ്. കുറച്ചു കഴിഞ്ഞപ്പോൾ ആരോ വിളിക്കുന്ന പോലെ! തോന്നലല്ല. ആരോ വിളിക്കുകയാണ്. ഗ്രാന്മക്ക് ഒട്ടും പേടി തോന്നിയില്ല. വല്ലപ്പോഴുമൊക്കെ ഇത്തരം അനുഭവങ്ങൾ രക്ഷക്കായി വന്നുമുട്ടാറുണ്ട്. വഴിതെറ്റിയവരോ ആക്സിഡന്റ് പറ്റിയവരോ ആകാം! അവർ കതക് തുറന്നു. ഊഹം തെറ്റിയില്ല. രക്തത്തിൽ കുളിച്ച് ഒരു ചെറുപ്പക്കാരൻ! അവൻ തിണ്ണയിൽ കിടന്ന് ഞരങ്ങുന്നു. പാന്റ്സും ഷർട്ടും കീറിയിരിക്കുന്നു. മുറ്റത്ത് അവന്റെ ബുള്ളറ്റ് മറിഞ്ഞുകിടപ്പുണ്ട്. കൂടെ ഒരു വലിയ ബാഗും.
ഗ്രാന്മ അടുക്കളയിൽനിന്നും ഒരു കപ്പിൽ നിറയെ വെള്ളം കൊണ്ടുവന്നു. മുഖത്തു തളിച്ചു. മെല്ലെ അവനെ ചാരിയിരുത്തി കുറച്ച് വെള്ളം കൊടുത്തു. അകത്തുനിന്നും പഴകിയ ഒരു ടേബിൾ ഫാൻ തിണ്ണയിലേക്ക് എടുത്തുവെച്ചു. കാറ്റടിച്ചപ്പോൾ വല്ലാത്ത ആശ്വാസം... തുണികൊണ്ട് ചോരതുടച്ചു. വസ്ത്രങ്ങൾ അഴിച്ചെടുത്തു. ഒരു പുതപ്പിനാൽ കീഴ്ഭാഗം മറച്ചു.
വിചാരിച്ചരീതിയിൽ വലിയ മുറിവുകളില്ല. ഗ്രാന്മ ആശ്വസിച്ചു. വലത്തേ തുടയിലെ മുറിവ് ഇത്തിരി ആഴത്തിലുള്ളതാണ്. അലമാരയിൽനിന്ന് ഫസ്റ്റ് എയ്ഡ് ബോക്സ് എടുത്തുകൊണ്ടുവന്നു. ഫോർസെപ്സ് കൊണ്ട് ഒരു ഡോക്ടറിന്റെ സൂക്ഷ്മതയോടെ മുറിവുകൾ ചികഞ്ഞു. കഴുകിവൃത്തിയാക്കിയതിനു ശേഷം ഓയിന്റ്മെന്റ് പുരട്ടി. പഞ്ഞിയും പ്ലാസ്റ്റർ ടേപ്പും ചേർത്ത് മുറിവുകൾ പൊതിഞ്ഞുകെട്ടി. കുറച്ചുകൂടി വെള്ളം അവൻ ആവശ്യപ്പെട്ടു. അത് കുടിച്ച് കുറച്ചുനേരം മയങ്ങി.
നവംബറിന്റെ ശൈത്യം താഴ് വരയെ പൊതിയുവാൻ തുടങ്ങി. അവൻ വിറക്കുന്നുണ്ടായിരുന്നു. കൂടുതൽ നേരം വെളിയിൽ കിടക്കുന്നത് അത്ര ബുദ്ധിയല്ല! ഗ്രാന്മ തട്ടിയുണർത്തി.
‘‘വരൂ... അകത്ത് കിടക്കാം. എഴുന്നേൽക്കാൻ പറ്റുമോ?’’
അവൻ മെല്ലെ എഴുന്നേറ്റു. അൽപനേരം ചുമരിൽ ചാരിയിരുന്നു. പിന്നെ മുളന്തൂണുകളിൽ പിടിച്ച് മുറിക്കുള്ളിൽ പ്രവേശിച്ചു. അവന്റെ ട്രോളിബാഗ് കയറ്റുന്നതിനിടയിലാണ് ഗ്രാന്മയുടെ കണ്ണിലതുപെട്ടത്. ബാഗിൽ ഒരു തുള!
‘‘മോനേ, നീ ഈ കിടക്കയിലോട്ട് കിടന്നാട്ടെ, ഞാനിത്തിരി ചൂട് ബാർലിക്കഞ്ഞി കൊണ്ടുവരാം. ക്ഷീണമങ്ങ് മാറട്ടെ.’’
ഗ്രാന്മ സ്പൂണിൽ കഞ്ഞി കോരി അവന്റെ ചുണ്ടിലേക്ക് വെച്ചു. വിശപ്പിന്റെ ആധിക്യത്താലോ, ഗ്രാന്മയുടെ സ്നേഹത്താലോ എന്നറിയില്ല. ബാർലിക്കഞ്ഞിക്ക് വല്ലാത്ത രുചി തോന്നി. അവനത് മുഴുവനും കുടിച്ചു. ചിലപ്പോഴോക്കെ അവന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. ചുണ്ടിൽ പറ്റിയിരിക്കുന്ന വറ്റുകളും ഈർപ്പവും തോർത്തിയെടുക്കുന്നതിനിടയിൽ ഗ്രാന്മ അന്വേഷിച്ചു.
‘‘നിന്നെ ആരാണ് വെടിവെച്ചത്?’’
അവൻ അതിന് മറുപടി പറഞ്ഞില്ല. ജനലഴികളിലൂടെ പുറത്തേക്ക് കണ്ണുകൾ പായിച്ചു. ഖനികളിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ കൂടാരങ്ങളിൽ വെളിച്ചപ്പൊട്ടുകൾ കാണാം.
‘‘നിന്റെ ബാഗിൽ വെടിയുണ്ടയുടെ തുളയുണ്ട്!’’
അവൻ കിടക്കയിലേക്ക് ചരിഞ്ഞു. കഞ്ഞികുടിച്ചപ്പോൾ ഒരാശ്വാസമായി. എങ്കിലും മുറിവ് വലിയുന്നതിന്റെ നല്ല നീറ്റലുണ്ട്. ഗ്രാന്മ അടുത്തുവന്നിരുന്നു. അവന്റെ നീളമുള്ള കോലൻമുടികളിലൂടെ വിരലുകളോടിച്ചു. നെറ്റിത്തടത്തിൽ മൃദുവായി തലോടിക്കൊണ്ടിരുന്നു. അവൻ മെല്ലെ കണ്ണുകളടച്ചു. ആകാശനീലയിലുള്ള ടീ ഷർട്ടും ഷോർട്സുമണിഞ്ഞ് ഒരു ഏഴു വയസ്സുകാരൻ അമ്മയുടെ കൈ പിടിച്ച് ഗോതമ്പുപാടങ്ങൾക്കിടയിലൂടെ പോകുന്ന മനോഹരമായ സ്വപ്നത്തിലേക്ക് അവൻ നടന്നുപോയി. അവൻ രാത്രിയിലെപ്പോഴോ ഉണർന്നു. ഒരു ദുഷിച്ച സ്വപ്നം! അതോ ഓർമയോ!
ഇത്തിരി വെള്ളം കുടിക്കാൻ കിട്ടിയിരുന്നെങ്കിൽ! മുറിയിൽ അരണ്ടവെളിച്ചമുണ്ടായിരുന്നു. ഗ്രാന്മ ഉറങ്ങിയിട്ടില്ല. അവർ ടി.വി കണ്ടുകൊണ്ടിരിക്കുകയാണ്. കുറച്ച് ദൂരെയായി, ഒരു ചെറിയ, പതിനാല് ഇഞ്ചിന്റെ ടി.വി. അതിൽ ഏതോ ഘോഷയാത്ര നടക്കുന്നു. സൂക്ഷിച്ചുനോക്കിയാൽ മാത്രമേ എന്താണെന്ന് അറിയാൻ പറ്റൂ!
‘‘കുറച്ച് വെള്ളം താ മുത്തശ്ശി!’’
ഗ്രാന്മ ഒരു ഗ്ലാസിൽ വെള്ളം പകർന്നുനൽകി.
‘‘എന്തുവാ മുത്തശ്ശി റ്റീവിയിൽ..?’’
‘‘ഫിദൽ പോയി..!’’
മുത്തശ്ശിയുടെ ശബ്ദം ശോകസാന്ദ്രമായിരുന്നു.
‘‘ഫിദൽ കാസ്ട്രോയോ?’’
‘‘അതെ..!’’
കുട്ടിക്കാലത്ത് പുസ്തകഷെൽഫിൽനിന്നും അച്ഛൻ ‘മോട്ടോർസൈക്കിൾ ഡയറി’ വായിക്കുവാൻ നൽകിയപ്പോഴാണ് അവൻ ആദ്യമായി ഫിദൽ കാസ്ട്രോയെക്കുറിച്ചു കേൾക്കുന്നത്. അവൻ അന്ന് ചെഗുവേരയുടെ ഫാനായിരുന്നു. പക്ഷേ, അച്ഛന് ഫിദലിനെയായിരുന്നു പ്രിയം. ചരിത്രത്തിലെ ദാവീദ് എന്നായിരുന്നു ഫിദലിനെ അച്ഛൻ വിശേഷിപ്പിച്ചിരുന്നത്.
വെള്ളം കുടിച്ചതിനുശേഷം ഗ്ലാസ് മടക്കി നൽകികൊണ്ട് അവൻ ടി.വിയിലേക്ക് ഉറ്റുനോക്കി. വിലാപയാത്ര അപ്പോൾ ചത്വരം കടന്നിരുന്നു. ആയിരങ്ങൾ വാഹനവ്യൂഹത്തെ അനുഗമിക്കുന്നു.
‘‘ഒരിടത്ത് ഒരു ഫിദൽ അസ്തമിക്കുമ്പോൾ മറ്റൊരിടത്ത് ഒരു ഫിദൽ ഉദിക്കുന്നു.’’
അവൻ പകുതി തമാശയായും പകുതി ഗൗരവത്തിലും പറഞ്ഞു.
‘‘നിന്റെ പേരും ഫിദലെന്നാണോ..?’’
അവൻ അതിന് അതെയെന്നോ അല്ലെന്നോ മറുപടി പറഞ്ഞില്ല. കുസൃതിയോടെ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.
ഗ്രാന്മ പറഞ്ഞു:
‘‘എന്തായാലും ഞാൻ നിന്നെ ഫിദലെന്ന് വിളിക്കാൻ പോകുവാ.’’
‘‘ഓ... ശരി, അങ്ങനെയാകട്ടെ!’’
‘‘മുത്തശ്ശി വിപ്ലവകാരിയോ അതോ ഡോക്ടറോ?’’
ടി.വിയിലെ കാഴ്ചയിൽനിന്നും കണ്ണെടുക്കാതെ തന്റെ ജീവിതത്തെ ഒറ്റവരിയിൽ ഗ്രാന്മ സംഗ്രഹിച്ചു.
‘‘മനുഷ്യസ്നേഹിയായ ഒരു ഡോക്ടറുടെ ഭാര്യ!’’
അവനത് കേട്ടപ്പോൾ കൗതുകമായി.
‘‘മുത്തശ്ശി എന്തിനാണ് ഈ താഴ് വരയിൽ ഒറ്റയ്ക്ക് താമസിക്കുന്നത്. അടുത്തെങ്ങും ഒറ്റ വീടുപോലുമില്ല.’’
‘‘എന്റെ അശോക് നാഥിനുവേണ്ടി. അദ്ദേഹത്തെ വിട്ട് ഞാനെവിടെ പോകാനാണ്?’’
‘‘എനിക്കൊന്നും മനസ്സിലാകുന്നില്ല. പറ്റുമെങ്കിൽ തെളിച്ച് പറയൂ...’’
ടി.വിയിലെ കാഴ്ചകളിൽ തേനീച്ചകൾ ഇരമ്പുവാൻ തുടങ്ങി. മരങ്ങളുടെ ഇലമ്പലുകൾ ഇളകുന്ന ഒച്ച. ജനലഴികളിലൂടെ കാറ്റ് വീശിയടിച്ചു. കറന്റ് പോയി. ഗ്രാന്മ തപ്പിത്തടഞ്ഞ് റാന്തൽ കത്തിച്ചുവെച്ചു. നേരിയ വെളിച്ചം പരന്നു. പുറത്ത് ചെറിയ ചാറ്റൽമഴ പെയ്യുവാൻ തുടങ്ങി.
കുന്നിന് ചരുവിലാണ് ഗ്രാന്മയുടെ വീട്. വീടിന് ചുറ്റിനും മരങ്ങളും കുറ്റിക്കാടുകളുമാണ്. കുന്നിലേക്കുള്ള കയറ്റം ഏറിടുന്തോറും അത് കാടായി വിടരും. എങ്കിലും മുറ്റവും വീട്ടിലേക്കുള്ള ഇടവഴിയും ചെത്തിവെടിപ്പാക്കി ഗ്രാന്മ സൂക്ഷിച്ചിരുന്നു. വള്ളിച്ചെടികളാല്‍ രൂപപ്പെട്ടതാണ് ഇടവഴിയുടെ കവാടം. പാതയുടെ അതിരുകളില്‍ വയലറ്റ് നിറത്തിലുള്ള കമ്മൽച്ചെടികൾ പൂവിട്ടുനില്ക്കും. അപരിചിതനായ ഒരു അതിഥിയെ പ്രതീക്ഷിച്ച് നില്ക്കുംപോലെ.
ഗ്രാന്മയുടെ ഭര്‍ത്താവ് അശോക് നാഥ് സാഹക്ക് കുന്നിന് ചരിവിലുള്ള ഗ്രാമവാസികള്‍ നിർമിച്ചുനല്‍കിയതായിരുന്നു കുന്നില്തന്നെയുള്ള പാറയും ഉരുപ്പടികളാലും തീര്‍ത്ത ആ കുഞ്ഞുവീട്. അടുക്കളയും അതിനോടു ചേര്‍ന്ന രണ്ടു കൊച്ചുമുറികളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. അക്കാലത്ത് അത് തന്നെ അവിടെ വലിയ ആഡംബരമായിരുന്നു. അശോക് നാഥ് സാഹ ഒരു ഡോക്ടറായിരുന്നു.
കുന്നിന് താഴെ ഒരു പ്രാഥമികാരോഗ്യ ആശുപത്രിയുണ്ട്. നിരവധി സമരങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും ശേഷം അനുവദിച്ചുകിട്ടിയത്. പക്ഷേ, സ്ഥിരമായി ഡോക്ടര്‍മാരോ സ്റ്റാഫുകളോ അവിടെ സേവനമനുഷ്ഠിക്കാറില്ല. വാഹനസൗകര്യമോ താമസസൗകര്യമോ ഇല്ലാത്ത കാട്ടുമൂലയില് ആരുവന്നു നില്‍ക്കാനാണ്. പോരാത്തതിന് മാവോയിസ്റ്റ് സാന്നിധ്യവും!
പണിഷ്െമന്റ് ട്രാന്‍സ്ഫറിലോ പുതിയ അപ്പോയിൻമെന്റിലോ ആരെങ്കിലും വന്നാല്‍തന്നെ അവര്‍ ആരുടെയെങ്കിലും കാലോ കൈയോ പിടിച്ച് സ്ഥലം കഴിച്ചിലാക്കും. ആശുപത്രിയുണ്ട്, പക്ഷേ ചികിത്സയില്ല എന്നതായിരുന്നു അവസ്ഥ. അങ്ങനെയിരിക്കെയാണ് അശോക് നാഥ് സാഹ ആശുപത്രിയിലെത്തുന്നത്. അയാള്‍ അത് ചോദിച്ചു വാങ്ങുകയായിരുന്നത്രേ.
രാജ്ദൂത് ബൈക്കില്‍ വെള്ള പാന്റ്സും ഷര്‍ട്ടുമണിഞ്ഞ് കറുത്ത കണ്ണടയുമിട്ട് ഒരു നേര്‍ത്ത പുഞ്ചിരിയുമായ് കടന്നുവരുമ്പോഴേ പകുതി അസുഖം മാറും. മനോഹരമായ കാഴ്ചകള്‍ അനുഭവിക്കുന്നത് തന്നെ ഒരു ചികിത്സയാണെന്ന് ഡോക്ടര്‍ ഓർമിപ്പിക്കും. യാത്രാഭാരം കൂടിവന്നപ്പോള്‍ അശോക് നാഥ് പട്ടണത്തിലെ ലോഡ്ജ് മുറിയിലേക്ക് പോകാതെയായി. ഓഫിസിനോടു ചേര്‍ന്നുതന്നെ കിടക്കുവാനുള്ള സൗകര്യമുണ്ടാക്കി. അത് ഗ്രാമീണര്‍ക്ക് ഒരു വലിയ അനുഗ്രഹമായി. രാത്രികാലത്താണ് മിക്ക ദീനങ്ങളും അതിന്റെ ശൗര്യം കാട്ടുന്നത്.
വിവാഹനിശ്ചയം കഴിഞ്ഞപ്പോഴാണ് അശോക് നാഥ് ഗ്രാമത്തില്‍തന്നെ വീട് നോക്കിയത്. വാടകക്ക് വീട് കിട്ടുക ബുദ്ധിമുട്ടാണ്. ആകെ അമ്പതോ അറുപതോ വീടുകള്‍ കാണും. എല്ലാം കൊച്ചുകുടിലുകള്‍. അതില്‍തന്നെ ആളുകള്‍ ശ്വാസംമുട്ടിയാണ് ജീവിക്കുന്നത്. ഗ്രാമത്തിന്റെ മൂപ്പനായ ഭോഝിബാബ ഡോക്ടറെ സ്നേഹപൂർവം നിര്‍ബന്ധിച്ചു.
‘‘സാബ്... അങ്ങ് ഇവിടെ ഒരു വീട് വയ്ക്കൂ, ഭൂമി ഞാന്‍ തരത്തിന് ഒപ്പിച്ചുതരാം. വീട് ഞങ്ങളുടെ വക...’’ സമ്മതത്തിനായി ആ സാത്വികനായ മനുഷ്യന് പ്രതീക്ഷയോടെ കാത്തുനിന്നു.
‘‘മടുക്കുമ്പോള്‍ പൊയ്ക്കോളൂ... ഭൂമി ഞാന്‍ വിറ്റുതരും... അതുവരെയെങ്കിലും...’’
ബാബയുടെ ശബ്ദം ഇടറി. ബാബയ്ക്കറിയാം ഇനി ഇതുപോലൊരു ഡോക്ടറെ തങ്ങള്‍ക്ക് ലഭിക്കില്ലെന്ന്.
അരയേക്കര്‍ ഭൂമിവാങ്ങി. വില വളരെ തുച്ഛമാണ്. ഭോഝിബാബയുടെ ഉത്സാഹത്തില്‍ വീട് എളുപ്പത്തില്‍ പൂര്‍ത്തിയായി. കിണറും കുത്തി. കുറച്ചു തുക പൊതിഞ്ഞ് അദ്ദേഹത്തെ ഏൽപിച്ചെങ്കിലും അത് സ്നേഹപൂർവം നിരസിച്ചു.
‘‘വീടുകേറി താമസത്തിന്റെയന്ന് എല്ലാവര്ക്കും വയറുനിറച്ച് ആഹാരവും ചാരായവും നല്‍കൂ സാബ്... അതുമതി സന്തോഷത്തിന്.’’
ക്രിസ്മസ് അവധിക്ക് അശോക് നാഥ് നാട്ടില്‍ പോയി. പുതുവര്‍ഷത്തില്‍ തിരികെയെത്തുമ്പോള്‍ കൂടെ ഗ്രാന്മയുമുണ്ടായിരുന്നു. വെളുത്ത് കൊലുന്നനെയുള്ള ഒരു ഇരുപതുകാരി. വലിയ ആഘോഷത്തോടെയായിരുന്നു പുരവാസ്തുബലി നടന്നത്. ശരിക്കും ഒരു ഉത്സവം. വേണ്ടുന്ന ഏര്‍പ്പാടുകളൊക്കെ ഭോഝിബാബ ചെയ്തിരുന്നു. അന്ന് രാത്രി ഏറെ താമസിച്ചാണ് ഉറങ്ങുവാൻ കിടന്നത്. രണ്ടുമൂന്ന് മണിയായി കാണും ആരോ കതകിൽ വന്നുമുട്ടുന്നു. നല്ല ഒച്ചയിലാണ്. ഒരുപക്ഷേ വാതിൽ പൊളിച്ചു കളയുന്നമാതിരി. അശോക് നാഥ് ഓടിച്ചെന്നു കതകുതുറന്നു.
രക്തത്തിൽ കുളിച്ചൊരാൾ! അയാളുടെ ദേഹത്ത് വെടിയേറ്റിരുന്നു. പലയിടങ്ങളിൽനിന്നും ചോരയൊഴുകുന്നു. അശോക് നാഥ് അടുത്തെത്തിയപ്പോഴേക്കും അയാളുടെ ബോധം പോയിരുന്നു. ഒരു പക്ഷിക്കുഞ്ഞിനെപ്പോലെ പിടഞ്ഞ് തോളിലേക്ക് വീണു. അശോക് നാഥ് അയാളെ ചുമന്നുകൊണ്ട് ആശുപത്രിയിലേക്കോടി. അവിടെ ചെന്നപ്പോഴേക്കും മരിച്ചിരുന്നു. പ്രഭാതത്തിൽ ആളെ വിട്ട് പൊലീസിനെ വിവരമറിയിച്ചു. അവർ മൃതശരീരം കൊണ്ടുപോയി. പക്ഷേ അതിനുശേഷമായിരുന്നു പൊല്ലാപ്പുകൾ തുടങ്ങിയത്.
ഡോക്ടറിനെതിരെ അന്വേഷണമുണ്ടായി. വീട്ടിൽനിന്നും ചില കയ്യെഴുത്തുപ്രതികളും പ്രസിദ്ധീകരണങ്ങളുമൊക്കെ കണ്ടെടുത്തു. അതൊക്കെ അദ്ദേഹം വായിക്കുന്നതോ സൂക്ഷിക്കുന്നതോ ഗ്രാന്മ കണ്ടിരുന്നില്ല. പിന്നെ എങ്ങനെയാണ് പൊലീസുകാർക്ക് വീടിനുള്ളിൽനിന്നും അവയെല്ലാം കണ്ടെത്താനായത്? ടൗണിൽ വെച്ച് അശോക് നാഥിനെ അറസ്റ്റുചെയ്തു. ഭോഝി ബാബയുടെ നേതൃത്വത്തിൽ സബ്ജയിലും കലക്ടറേറ്റുമൊക്കെ ഉപരോധിച്ചു.
ജയിൽ മോചിതനായതോടെ അശോക് നാഥ് ആശുപത്രിയിൽനിന്നും രാജിവെച്ചു. ഗ്രാന്മയെ മാത്രമല്ല ഭോഝിബാബയെപ്പോലും ഞെട്ടിപ്പിക്കുന്ന ഒന്നായിരുന്നു അത്. അവിടം ഉപേക്ഷിച്ച് ഏതോ നഗരത്തിലേക്ക് പോകാനുള്ള ആലോചനയാണോയെന്നു വരെ ഭോഝി ബാബ സംശയിച്ചു. ഗ്രാന്മ ആഗ്രഹിച്ചു. പക്ഷേ ഗ്രാന്മയെ നിരാശപ്പെടുത്തുകയും ബാബയെ സന്തോഷിപ്പിക്കുകയും ചെയ്തുകൊണ്ട് ഡോക്ടർ ആ തീരുമാനമറിയിച്ചു.
‘‘ഞാനെങ്ങോട്ടും പോകുന്നില്ല. ഈ ഗ്രാമത്തിൽതന്നെ നിൽക്കും. ഈ വീട് ആശുപത്രിയാകും. മുഴുവൻ സമയ ആശുപത്രി!’’
ഭ്രാന്ത് എന്നല്ലാതെ എന്താണ് പറയുക ! അശോക് നാഥിന്റെ അച്ഛൻ ഒരിക്കൽ വന്നു നന്നായി ശകാരിച്ചു.
‘‘ഒരു അനാഥപ്പെണ്ണിനെ കെട്ടണമെന്ന് നീ വാശിപിടിച്ചു. അതും ഞാൻ സമ്മതിച്ചു. നിന്റെ എല്ലാ പിടിവാശിക്കും ഞാൻ കൂട്ടുനിന്നു. പക്ഷേ ഇനി അത് നടക്കില്ല...’’
നാട്ടിലേക്കു പോകുവാൻ വേണ്ടി ആവുന്നതും നിർബന്ധിച്ചു. പക്ഷേ ഡോക്ടർ കേട്ടില്ല. വിധി എന്ന് വിലപിച്ചു ആ പാവം വൃദ്ധൻ ഒടുവിൽ തലയിൽ കൈവെച്ചും കൊണ്ട് അവിടം വിട്ടുപോയി. പിന്നെ അശോക് നാഥിന്റെ മരണവാർത്തയറിഞ്ഞിട്ടുപോലും അയാൾ തിരിഞ്ഞു നോക്കിയില്ല. പുകഞ്ഞ കൊള്ളി പുറത്ത്!
അശോക് നാഥ് പട്ടണത്തിൽ പോയി വരുന്ന വഴിക്കായിരുന്നു ആ ബൈക്ക് ആക്സിഡന്റ് സംഭവിച്ചത്. കൊലപാതകമായിരുന്നെന്നു നാട്ടുകാർക്ക് സംശയമുണ്ടായിരുന്നു. ചില സമരങ്ങളൊക്കെ ഭോഝി ബാബയുടെ നേതൃത്വത്തിൽ നടന്നു. പെട്ടെന്നുതന്നെ അതെല്ലാം കെട്ടടങ്ങി. അപ്പോഴേക്കും ഖനിയുടെ പ്രശ്നം അവരുടെ തലക്കു മുകളിൽ വന്നുവീഴാൻ തുടങ്ങിയിരുന്നു. കിട്ടിയ വിലയ്ക്ക് ചിലർ വിറ്റുപോയി. പതിവുപോലെ ഭോഝി ബാബയും കൂട്ടുകാരും ചെറുത്തുനിന്നു.
എന്നാൽ, അദ്ദേഹത്തിന്റെ ആകസ്മികമായ മരണം പ്രതീക്ഷയുടെ തുരുത്തിനേക്കൂടി ഹനിച്ചുകളഞ്ഞു. ഒരു വെറും പനിയായിരുന്നു. നേതാവ് നഷ്ടമായതോടെ അണികൾ മെല്ലെ പിന്മടങ്ങാൻ തുടങ്ങി. പക്ഷേ ഗ്രാന്മ മാത്രം പോയില്ല. അവർക്കങ്ങനെ പോകാൻ കഴിയുമായിരുന്നില്ലല്ലോ. ജീവിതത്തിൽ സ്നേഹത്തിന്റെ ഉറവകൾ കാട്ടിത്തന്ന കൂട്ടുകാരൻ ഉറങ്ങുന്ന മണ്ണിൽ നിന്നെങ്ങനെയാണ് മറ്റൊരിടത്തേക്ക് ഒഴുകിപ്പോകാനാകുക? ഓർമകളുറങ്ങുന്ന ആ മണ്ണിൽ തന്നെ ഗ്രാന്മ തടംകെട്ടി കിടന്നു. പലവിധ പ്രലോഭനങ്ങളെയും പരാക്രമങ്ങളെയുമൊക്കെ ചെറുത്തുനിന്നുകൊണ്ട്..!
ഉപേക്ഷിക്കപ്പെട്ട ഒരു സമരപതാകയെപ്പോലെ ഗ്രാന്മ കുമ്പിട്ടിരുന്നു. അവർ കരയുകയാണെന്ന് തോന്നി. അവൻ ഗ്രാന്മയെ തന്റെ അടുത്തേക്ക് വിളിച്ചു. അവർ ഒരു കൊച്ചുകുട്ടിയുടെ ഉത്സാഹത്തോടെ അവന്റെയടുത്തേക്ക് ഓടിച്ചെന്നു. അവൻ ആ മൃദുലമായ കൈകളിൽ ചേർത്തുപിടിച്ചുകൊണ്ടു പറഞ്ഞു.
‘‘സമാധാനിക്കൂ മുത്തശ്ശീ... ഞാൻ എന്റെ ആകാംക്ഷകൊണ്ട് ചോദിച്ചുപോയതാണ്. വെറുതെ പഴയതെല്ലാം കുത്തിപ്പൊക്കി!’’ ‘‘ഓ... അതിനെന്താ. സ്വപ്നങ്ങളും ഓർമകളും കിഴിച്ചാൽ ബാക്കി എത്രയുണ്ടാകും ജീവിതം!’’
‘‘ഗ്രാന്മയോളം...’’ അവൻ ചിരിച്ചു. ഗ്രാന്മയും!
‘‘ഞാൻ ഒരു കാര്യം പറഞ്ഞാൽ വിഷമിക്കുമോ?’’
‘‘പറയൂ കുട്ടീ...’’
‘‘ജീവിതം കാഴ്ചബംഗ്ലാവിൽ സൂക്ഷിക്കേണ്ട ഒരു പുരാവസ്തുവല്ല. ഓർമ നമ്മൾക്ക് ഒരു നല്ല ഇന്ധനമാണ്. പക്ഷേ ആ ഇന്ധനം നമ്മളെ തന്നെയങ്ങ് ഇല്ലാണ്ടാക്കരുത്...’’
ഗ്രാന്മയുടെ മറുപടിക്ക് കാത്തുനിൽക്കാതെ ഫിദൽ പുതപ്പുമൂടി കിടന്നു.
പക്ഷേ ഗ്രാന്മക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. അവൻ പൊഴിച്ചിട്ട വാക്കുകൾ ഗ്രാന്മയിലേക്ക് മെല്ലെ അരിച്ചുകയറുവാൻ തുടങ്ങി. അത്, പലവിധ കെട്ടുപാടുകളിൽനിന്നും അഴിച്ചെടുക്കുന്നു...
ഒടുവിൽ സ്വയം ശാസിച്ചു.
ഒരു കൊച്ചുപയ്യന്റെ വാക്കുകളിൽ ഞാനെന്തിനാണ് വെറുതെ പതറിപ്പോകുന്നത്. പാകതയില്ലാതെയുള്ള പുലമ്പലുകൾക്ക് ഉത്തരം തേടുന്നതെന്തിനാണ്?
താഴ്വരയിൽ സൂര്യവെളിച്ചം പടരാൻ വൈകും. തണുപ്പിന്റെ അലകൾ മൂടിക്കിടന്നിരുന്നു. അവൻ മെല്ലെ എഴുന്നേറ്റു. വാച്ചിൽ നോക്കി. സമയം ഏഴുമണി കഴിഞ്ഞിരിക്കുന്നു. മേലനക്കാൻ പാടാണ്. എങ്കിലും പോയേ തീരൂ. അവൻ കൂജയിൽനിന്നും വെള്ളമെടുത്തു മുഖം കഴുകി. പ്രാഥമിക കൃത്യങ്ങൾക്കുശേഷം ബാഗിൽനിന്നും ഷർട്ടും ഷോർട്സും എടുത്ത് ധരിച്ചു. ഗ്രാന്മ അപ്പോഴേക്കും ഒരു കപ്പ് കട്ടൻചായ തയാറാക്കി അവന് നൽകി.
‘‘നീ രാവിലെതന്നെ പോകയാണോ... നിന്റെ മുറിവുകൾ ഉണങ്ങിയിട്ടില്ല.’’
‘‘മുറിവുകൾ ഉണങ്ങുന്നതും കാത്തുനിന്നാലേ മുന്നോട്ടു പോകാനാകില്ല.’’
അവൻ മൂടി ചീകിക്കൊണ്ട് ഗ്രാന്മയെ ശുണ്ഠി പിടിപ്പിച്ചു.
‘‘ഓഹോ... നീ ആള് കേമനാണാല്ലോ.’’
‘‘പിന്നല്ലാതെ... നിങ്ങടെ കൂട്ട് കെട്ടിക്കിടന്നു ഒള്ള ജീവിതം ഇല്ലാതാക്കാൻ പോകുകയല്ലേ ഞാൻ...’’
പിന്നെ സ്നേഹത്തോടെ ഗ്രാന്മയുടെ നെറുകയിൽ ചുംബിച്ചുകൊണ്ട് ചോദിച്ചു,
‘‘വരുന്നോ... എന്റെ കൂടെ..!’’
അവർ നിഷേധഭാവത്തിൽ തലയാട്ടി. അവൻ ബുള്ളറ്റിന്റെ കിക്കറടിച്ചു. സ്റ്റാർട്ടാകുമോ എന്നൊരു ആശങ്കയുണ്ടായിരുന്നു. ഒരു വല്ലാത്ത വീഴ്ചയായിരുന്നല്ലോ ഇന്നലെ സംഭവിച്ചത്. പക്ഷേ, ബുള്ളറ്റ് നിരാശപ്പെടുത്തിയില്ല. അത് ഒരു പടക്കുതിരയെപ്പോലെ ചിനച്ചു. പുകതുപ്പി ഉഷാറായി. ഗ്രാന്മയുടെ ഓർമയിൽ പഴയ രാജ്ദൂത് ബൈക്ക് ചിറകുവിടർത്തുകയായിരുന്നു. കുന്നിൻ ചരിവുകളിലൂടെ എത്രയോ തവണ അശോക് നാഥിന്റെ പിന്നിലിരുന്നു സവാരി പോയിരിക്കുന്നു. അപ്പോഴൊക്കെ ഡോക്ടറുടെ ചുണ്ടുകളിൽ തത്തിക്കളിച്ചിരുന്ന വരികൾ ഓർമക്കൂടു പൊളിച്ച് ഗ്രാന്മയിലേക്ക് പറന്നിറങ്ങി.
‘‘തും ജോ മിൽ ഗയേ ഹോ,
തോ യേ ലഗ്താ ഹായ്,
കി ജഹാ മിൽ ഗയാ,
കി ജഹാ മിൽ ഗയാ...’’
ഒരിക്കൽകൂടി ഒരു സവാരി ചെയ്യാനൊരു കൊതി. ഗ്രാന്മ മടിച്ചുമടിച്ചാണ് പറഞ്ഞത്,
‘‘എന്നെ ഒരു റൈഡിന് കൊണ്ടുപോകാമോ...’’
‘‘ഓ... പിന്നെന്താ... വെൽക്കം മൈ ഡിയർ ഹീറോയിൻ.’’
ഗ്രാന്മ ഒരു വല്ലാത്ത ആവേശത്തോടെ ബുള്ളറ്റിന്റെ പിറകിൽ ചാടിക്കയറി.
‘‘പതുക്കെ... പതുക്കെ... എന്റെ പടക്കുതിരയുടെ നടു ഒടിച്ചു കളയുമല്ലോ...’’
അവൻ പൊട്ടിച്ചിരിച്ചു. കുറ്റിച്ചെടികൾക്കിടയിലൂടെ ബുള്ളറ്റ് മെല്ലെ ഇറക്കമിറങ്ങി. കുന്നിന്റെ ഇടതുഭാഗം പൂർണമായും തുരന്നെടുത്തു കഴിഞ്ഞിരുന്നു. അതിന്റെ ശേഷിപ്പ് വാ പിളർത്തി കണ്ണുമിഴിച്ച് നോക്കിയിരിക്കുന്നു. ഗ്രാന്മ എതിർദിശയിലേക്ക് തന്റെ ശ്രദ്ധയെ നാട്ടി. ഇലകളിൽ മഞ്ഞിൻകണങ്ങൾ പുഷ്പിച്ചു നിൽക്കുന്നു. വെയിൽത്തുമ്പുകൾ ജലകണികകളിൽ മഴവില്ലുകൾ വരക്കുന്നു. വൃക്ഷത്തലപ്പുകൾക്കിടയിൽനിന്നും കിളികളുടെ കൂജനങ്ങൾ. ഗ്രാന്മയുടെ ചുണ്ടുകളിൽ മുഹമ്മദ് റഫി തന്ത്രികൾ മീട്ടുന്നു...
അടിവാരത്തിലെത്തിയപ്പോൾ ഗ്രാന്മ ഒന്ന് തിരിഞ്ഞു നോക്കി. അമ്പരപ്പിക്കുന്ന ഒരു കാഴ്ച കണ്ടു. വാൻഗോഗിന്റെ ഗോതമ്പുപാടംപോലെ തന്റെ വീട് നിന്ന് കത്തുന്നു. ഗ്രാന്മ അറിയാതെ അവന്റെ തോളിലേക്ക് തല ചായ്ച്ചിരുന്നുപോയി.
=======
ഗ്രാന്മ: ഫിദൽ കാസ്ട്രോ, സഹോദരൻ റൗൾ കാസ്ട്രോ, ചെ ഗുവേര തുടങ്ങിയ ക്യൂബൻ വിപ്ലവത്തിൽ പങ്കെടുക്കാനുള്ള 82 വിമതസൈനികരെയുംകൊണ്ട് മെക്സികോയിൽനിന്നും ക്യൂബയിലേക്ക് കൊണ്ടുപോയ പായ് കപ്പൽ. ക്യൂബൻ വിപ്ലവത്തിന്റെ സ്മാരകമായി ഹവാനയിൽ ഇന്നും ഗ്രാന്മ എന്ന കപ്പൽ മ്യൂസിയത്തിൽ സൂക്ഷിക്കുന്നു.