Begin typing your search above and press return to search.
proflie-avatar
Login

മൊന

മൊന
cancel

1. ചോരപ്പുതപ്പോടെ കേറി വന്നവര്‍അപ്‌സര തിയറ്ററില്‍നിന്നിറങ്ങി, കിഴക്കെ ടിക്കറ്റ് കൗണ്ടറിനോട് ചേര്‍ന്ന ഇടുങ്ങിയ നെരത്തും കടന്ന്, ഉച്ചവേശ്യകളുടെ ചോപ്പിച്ച ചിരിയും നോട്ടവും തെറിച്ചുവീഴുന്ന സബ്‌വേക്കടുത്തുള്ള പാളയം ബസ് സ്റ്റാൻഡിലേക്ക് നടക്കുകയായിരുന്നു ഞാന്‍. അന്നേരത്താണ് ജി.പി. സതീശനോടുള്ള പക പൊകഞ്ഞുതൊടങ്ങിയത്. സതീശനെ തട്ടണം എന്ന വിചാരത്തിലേക്ക് അത് അതിവേഗം പരാവര്‍ത്തനം ചെയ്തു. കരിവിളക്ക് കത്തുന്ന മണം മാതിരി എന്തോ ഒന്ന് മൂക്കിലും, ചിലമ്പിന്റെ തെറിച്ചൊച്ച മാതിരി കാതിലും ഇരമ്പി.എത്ര പെട്ടെന്നാണ് ഒരു കൊലയാളിയുടെ ഭാവത്തിലേക്ക് മനസ്സ് മാറ്റപ്പെട്ടത്. ശരിക്കും ഞാന്‍ കൊലയാളിയെയും മരണത്തെയും...

Your Subscription Supports Independent Journalism

View Plans

1. ചോരപ്പുതപ്പോടെ കേറി വന്നവര്‍

അപ്‌സര തിയറ്ററില്‍നിന്നിറങ്ങി, കിഴക്കെ ടിക്കറ്റ് കൗണ്ടറിനോട് ചേര്‍ന്ന ഇടുങ്ങിയ നെരത്തും കടന്ന്, ഉച്ചവേശ്യകളുടെ ചോപ്പിച്ച ചിരിയും നോട്ടവും തെറിച്ചുവീഴുന്ന സബ്‌വേക്കടുത്തുള്ള പാളയം ബസ് സ്റ്റാൻഡിലേക്ക് നടക്കുകയായിരുന്നു ഞാന്‍. അന്നേരത്താണ് ജി.പി. സതീശനോടുള്ള പക പൊകഞ്ഞുതൊടങ്ങിയത്. സതീശനെ തട്ടണം എന്ന വിചാരത്തിലേക്ക് അത് അതിവേഗം പരാവര്‍ത്തനം ചെയ്തു. കരിവിളക്ക് കത്തുന്ന മണം മാതിരി എന്തോ ഒന്ന് മൂക്കിലും, ചിലമ്പിന്റെ തെറിച്ചൊച്ച മാതിരി കാതിലും ഇരമ്പി.

എത്ര പെട്ടെന്നാണ് ഒരു കൊലയാളിയുടെ ഭാവത്തിലേക്ക് മനസ്സ് മാറ്റപ്പെട്ടത്. ശരിക്കും ഞാന്‍ കൊലയാളിയെയും മരണത്തെയും ഒക്കെ ഭയക്കുന്ന പേടിത്തൂറി ആയിരുന്നു. പേടി കാരണം ദുര്‍മരണം നടന്നയിടങ്ങളിലൊന്നും പോകാറില്ല. എന്നാല്‍, അങ്ങനെയുള്ള മൂന്ന് ശവശരീരങ്ങള്‍ അവിചാരിതമായി കാണേണ്ടിവന്നിട്ടുണ്ട്. അതും കൊലകഴിഞ്ഞ് ചൂടാറുംമുമ്പെ. പെണ്ണൊരുത്തി, ജാരന്റെ ഒത്താശയോടെ, ഉറങ്ങിക്കെടന്ന കെട്ട്യോന്റെ തലയ്ക്കുമേല്‍ അമ്മിയിട്ട് കൊന്നതായിരുന്നു ആദ്യത്തേത്. രണ്ടാമത്തേത് രണ്ടും മൊതല് തര്‍ക്കത്തിലുള്ള കുത്ത്‌ കൊലകളായിരുന്നു.

ആ സംഭവങ്ങള്‍ക്കു ശേഷം, മരിച്ചുപോയ മൂവരും എന്റെ രാത്രിയുറക്കിലേക്ക് ചോരപ്പുതപ്പോടെ കേറിവരികയും ആഴ്ചകളോളം ഉറങ്ങാന്‍ പറ്റാത്ത വിധത്തില്‍ എന്നെ ഭയപ്പെടുത്തുകയും ചെയ്തു. അങ്ങനെയുള്ള പരമസാധുവായ എന്നെ ഒരു കൊലയാളിയുടെ പരുവത്തിലേക്ക് കൊണ്ടുചെന്നെത്തിച്ചത് സംവിധായകന്‍ ജി.പി. സതീശനാണ്. മനുഷ്യര്‍ക്ക് മനസ്സിലാകുന്ന വിധത്തില്‍ പറഞ്ഞാല്‍ ഞാന്‍ നേരിട്ടനുഭവിച്ച, കാലങ്ങളെടുത്ത് എഴുതി തയ്യാറാക്കിയ സമാനമായ കഥയില്‍ അയാള്‍ സിനിമയെടുത്തു.

സ്റ്റാൻഡില്‍നിന്ന് ഫൈവ്സ്റ്റാര്‍ ബസ് പുറത്തേക്കെടുക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ നടത്തത്തിന് വേഗത കൂട്ടി. വീട്ടിനടുത്തുള്ള അങ്ങാടി കേറിപ്പോകുന്ന ബസാണ്. കാലുകള്‍ ശരിക്കും നെലത്ത് തൊടാതെ ബസിലേക്ക് തൂങ്ങിപ്പിടിച്ച് കേറി, ഇടത് വശത്ത് ഒഴിഞ്ഞുകെടന്നിരുന്ന സീറ്റില്‍ പോയിരുന്നു. എന്നാല്‍ ആ കുതിപ്പ് ഇരുനൂറ് മീറ്റര്‍പോലും നീങ്ങിയില്ല.

വൈറ്റ്‌ലൈന്‍ ഹോട്ടലിന് അടുത്തെത്തിയപ്പം ഒര് നിപ്പ്. വാഹനങ്ങളോരോന്നായ് കോര്‍ത്തുകോര്‍ത്തു നിപ്പ് തുടങ്ങിയപ്പഴാണ് പ്രധാനമന്ത്രി വിശ്വനാഥ് പ്രതാപ്‌ സിങ് വരുന്ന കാര്യം ഓര്‍ത്തത്. ആ നേരത്ത് പുഷ്പ ലൈറ്റ് ആൻഡ് സൗണ്ട്‌സില്‍നിന്നും ബാബുക്കയുടെ ‘‘തളിരിട്ട കിനാക്കള്‍തന്‍ താമരമാല വാങ്ങാന്‍/ വിളിച്ചിട്ടും വരുന്നില്ല/ വിരുന്നുകാരന്‍ -നിന്റെ/ വിരുന്നുകാരന്‍...’’ എന്ന പാട്ട് ഒഴുകിവന്ന് ബസ് നെറഞ്ഞു. ചിന്തയിലാകെ സതീശന്‍ പൊകഞ്ഞുനിന്നത് കാരണം എനിക്കതിന് താളംപിടിക്കാന്‍പോലും തോന്നിയില്ല.

2. പുലി

ചന്തക്കടവ് സ്‌കൂളില് പഠിക്കുമ്പം വസൂരി വന്ന് കൊല്ലപ്പരീക്ഷ എഴുതാന്‍ പറ്റാതെ രണ്ടാം കൊല്ലവും ഏഴിലെ ലാസ്റ്റ് ബെഞ്ചില്‍ തന്നെയിരുന്ന്, ചങ്ങായിമാരെല്ലാം പഠിച്ചും ചാക്കീരിപ്പാസിലും ഗണപതി സ്‌കൂളില്‍ ചേര്‍ന്നതില്‍ വ്യസനപ്പെടാതെ, സ്‌കൂളിലെ ‘കലിക’ കയ്യെഴുത്ത് മാസികയില്‍ കഥകളെഴുതി വലിയൊരു സാഹിത്യകാരനായി വെലസുന്ന കാലത്താണ്, നാട്ടില് പുലിയിറങ്ങുന്നത്.

തീപ്പെട്ടിക്കൂടും പ്ലൈവുഡ് പലകകളും ഉണ്ടാക്കുന്ന നാട്ടിലെ കുഞ്ഞുകുഞ്ഞു കമ്പനികളിലേക്ക് നട്ടപ്പാതിരാക്ക്, മരത്തടികള്‍ നെറച്ച തടിയന്‍ ലോറികള്‍ മെലിഞ്ഞ ചെമ്മണ്‍നെരത്ത് നെറഞ്ഞ് ഒച്ച് മാതിരി ഇഴഞ്ഞിയഴഞ്ഞ് വരുന്ന കാലമായിരുന്നു അത്.

അങ്ങനെ കാടുമുറിച്ചു കടന്നുവന്ന ലോറിയില്‍ മരയട്ടിയിൽചേര്‍ന്നുകെടന്നാണ് പുലി നാട്ടിലിറങ്ങിയതെന്നും ചാലിയാര്‍ പുഴയിലൂടെ കെട്ടുപൊട്ടി ഒഴുകിപ്പരന്ന ചങ്ങാടം കേറിയാണ് പുലിയുടെ വരവെന്നും രണ്ട് തര്‍ക്കങ്ങളുണ്ടായിരുന്നു നാട്ടില്‍. എന്നാല്‍, ഏറ്റവും പ്രചാരം ഒന്നാമത്തെ തര്‍ക്കത്തിനായിരുന്നു. അതുകൊണ്ടുതന്നെ കൂടുതലാളുകളും അത് തന്നെ വിശ്വസിച്ചു. വെളുപ്പിന് തൂറാന്‍ തൊടിയിലിറങ്ങിയ മീങ്കാരന്‍ ബിച്ചയാണ് പുലിയെ ആദ്യം കണ്ടത്. അമ്പരപ്പോടെ കണ്ണു തിരുമ്പിത്തുറന്നപ്പോഴേക്കും ഇലമറകള്‍ക്കിടയില്‍ പുലിയൊളിച്ചു. ബിച്ചയില്‍നിന്നാണ് പുലിമുരള്‍ച്ച നാടുമുഴുവന്‍ ഒഴുകിപ്പരന്നത്. കൂട് പൊളിച്ചും ആലകേറിയും ആടുകളെയും പൈക്കളേയും കൊന്ന് പുലി പള്ള നെറയ്ക്കാന്‍ തൊടങ്ങി. പെണ്ണുങ്ങള്‍ അടുക്കളയില്‍നിന്ന് പൊറത്തേക്ക് പാരുന്ന *മീന്‍ച്ചെള്‍ക്ക തിന്നാന്‍ പൂച്ചകളില്ലാതെയായി. വസൂരിക്കാലത്തും കോളറക്കാലത്തും ഉശിര്കാണിച്ച മുതിര്‍ന്നവരിലേക്ക് വരെ പുലിപ്പേടി പതിഞ്ഞു കേറി.

മാന്തിപ്പറിച്ച തലയും ഉടലും മണ്ണിലൊഴുകിപ്പരന്ന ചോരയും ഉറക്കത്തില്‍ കണ്ട് ചിലര്‍ നെലവിളിച്ചു. രാത്രി വെളിയിലിറങ്ങി തൂറാനും പാത്താനും പേടിയായി. ഫോറസ്റ്റുകാര്‍ പലയിടങ്ങളിലായി ജീവനുള്ള കുട്ടിയാടിനെ ഇരകൊളുത്തി. നാടു മുഴുവന്‍ ഭയത്തിന്റെ കുന്തമുനയില്‍ കുരുക്കി, കൂടുവെച്ചയിടങ്ങള്‍ മാറി പുലി നടന്നു. നാരായണേട്ടന്റെ ഇരുമ്പാലയില്‍നിന്ന് ഉലയൂതി കൂര്‍പ്പിച്ച കുന്തങ്ങളുമായി കളരി പഠിച്ച ചെറുപ്പക്കാര്‍ പുലിയെ തേടി ഫോറസ്റ്റുകാരോടൊപ്പം ചേര്‍ന്നു. ചിലര്‍ ഉറങ്ങാതെ പന്തവെളിച്ചത്തില്‍ വഴികളത്രയും തപ്പുകൊട്ടി ഒച്ചവെച്ചു.

പുലിയുടെ കാലമര്‍ത്തുകള്‍ പാടവരമ്പത്തും ഇടവഴിമണ്ണിലും പതിഞ്ഞു. ഇരുട്ടിയാല്‍ പൊറത്തിറങ്ങുന്നതും പൊറത്ത് വിളക്ക് കത്തിക്കുന്നതും ഫോറസ്റ്റുകാര്‍ വിലക്കി. ഇശാ നിസ്‌കാരത്തിനും സുബ്ഹിക്കും *സ്രാമ്പ്യയില്‍ ആളു കൊറഞ്ഞു. പാതിരാ വരെ *കേരംസ് കളിച്ചിരുന്ന ആര്‍ട്‌സ് ക്ലബില്‍ ഇരുട്ടായി. പ്രീതിയിലും ബാലകൃഷ്ണ ടാക്കീസിലും സെക്കൻഡ്ഷോ നിര്‍ത്തിവെച്ചു. ഒടിയന്മാര്‍ ഒടിമറയാന്‍ പറ്റാതെ മൂക്കറ്റം റാക്ക് കേറ്റി പൊരക്കകത്ത് കൂനിക്കുടി കെടന്ന് പെമ്പ്രോത്തികളെ തെറിയെറിഞ്ഞു അരിശം തീര്‍ത്തു.

3. മലയാളം പാഠാവലി ഏഴാം ക്ലാസ്

‘‘നേരം വളരെ വൈകിയാണെങ്കിലും കോടതി പിരിഞ്ഞിട്ടില്ല. ജീന്‍വാല്‍ജീനെതിരെയുള്ള കേസിന്റെ വിചാരണ നടക്കുന്നു. അടിയന്തരമായി വേറൊരു കേസ് വിചാരണക്കു വന്നതുകൊണ്ട് സന്ധ്യക്കു ശേഷമാണ് ജീനിന്റെ കേസെടുത്തത്. അന്നു തന്നെ വിചാരണ മുഴുവിച്ച് വിധി പറയണമെന്ന് പ്രധാന ജഡ്ജിക്ക് നിര്‍ബന്ധമുണ്ടായിരുന്നു.

കെട്ടിടത്തിന്റെ മുകള്‍ നിലയിലുള്ള വിശാലമായ ശാലയില്‍ അഭിഭാഷകരും കാണികളും തിങ്ങിക്കൂടിയിട്ടുണ്ട്. മേയര്‍ കോണിപ്പടികള്‍ കയറി വിചാരണ മുറിയുടെ വാതില്‍ക്കലെത്തി. വാതില്‍ അടച്ചിരിക്കുന്നു. ഒരു പൊലീസുകാരന്‍ അതിന്റെ മുന്നില്‍ കാവല്‍ നില്‍ക്കുന്നുണ്ട്. മേയര്‍ അകത്തേക്ക് കടത്തി വിടണമെന്ന് അപേക്ഷിച്ചു. പൊലീസുകാരന്‍ പറഞ്ഞു: നിവൃത്തിയില്ല. അകത്ത് സൂചികുത്താന്‍ പോലും സ്ഥലം ഒഴിവില്ല...’

‘‘ഡാ... ഇസ്‌കുളിലെ ബുക്കെട്ക്കാതെ കതാപൊസ്തകം വായിച്ചോണ്ടര്‌ന്നോ... അട്ത്തകൊല്ലോം ഏയാം ക്‌ളാസീ തന്നെ കുത്തിര്ക്ക്യാ അനക്ക്...’’ മലയാളപാഠാവലിയിലെ *‘ആത്മാഹുതി’ എന്ന പതിനേഴാം പാഠം അച്ചിപ്പായില്‍ കമിഴ്ന്ന്‌കെടന്ന് വായിക്കുമ്പോള്‍, വല്ലിമ്മ ചായ്പില്‍നിന്നും കൂര്‍പ്പിച്ചുവിട്ട വാക്കുകള്‍ കപീശന്റെ വാലുമാതിരി കുതിച്ചുവന്ന് കാതു തുളച്ചു.

‘‘ഞാന് ഇസ്‌കുള്‌ത്തെ പാഠാ വായ്ക്കണത്.’’

അത് വല്ലിമ്മ കേട്ടോ എന്നറിയില്ല.

‘‘...മേയറുടെ ഹൃദയം വീണ്ടും പോര്‍ക്കളമായി. ആഴം കാണാത്ത ഒരു ഗര്‍ത്തത്തിന്റെ വക്കത്താണ് താന്‍ നില്‍ക്കുന്നതെന്ന് നടുക്കത്തോടെ അദ്ദേഹം ഓര്‍ത്തു...’’ ഞാന്‍ വീണ്ടും പാഠം വായിക്കാന്‍ തൊടങ്ങിയ നേരത്താണ്, വലിയ ശബ്ദത്തോടെ അടുക്കളവാതിൽ അടക്കുന്നത് കേട്ടത്. പുസ്തകം മടക്കിവെച്ച് ഞാന്‍ വാതിലിനടുത്തേക്ക് ചെന്നു. ജനാലപ്പുറത്തേക്ക് കണ്ണുകള്‍ തൊറന്ന് നിന്ന് വല്ലിമ്മ പറഞ്ഞു, ‘‘പൊറത്ത് പുലിയെപ്പൊലെ എന്തോ ഒന്ന്...’’

ഇശാ നിസ്‌കാരത്തിന് വുളു ചെയ്യാന്‍ കെണറ്റുകരയിലേക്ക് പോയതായിരുന്നു വല്ലിമ്മ. കെണറിന്റെ പടിഞ്ഞാറ് ചേനയും ചേമ്പും തഴച്ചു വളര്‍ന്നിരുന്ന പൊന്തയില്‍ ഒരനക്കം. നിലം പൊതച്ചുകിടക്കുന്ന നിലാവെളിച്ചത്തില്‍ ആ അനക്കം പതിയെ നടന്നകലുന്നത് വല്ലിമ്മ കണ്ടു. വുളു പൂര്‍ത്തിയാക്കി വല്ലിമ്മ അകത്തേക്ക് കേറി.

‘‘എവ്‌ടെമ്മച്ചീ... ഇയ്ക്ക് കാണണം...’’ ഞാന്‍ വാതിലിനടുത്തേക്ക് വന്നപ്പം മൊളിലെ ചീപ്പ് താഴ്ത്തിയിട്ട,് മൊഖത്ത് ചെതറിക്കിടന്ന ഉളുവിന്റെ വെള്ളം നീലപ്പൂക്കള്‍ വിടര്‍ന്നുനിന്ന തട്ടത്തില്‍ തൊടച്ച് വല്ലിമ്മ നിസ്‌കാരപ്പായിലേക്ക് നടന്നു.

വല്ലിമ്മയുടെ മൊഖത്ത് പേടിയോ ആശങ്കയോ ഉണ്ടായിരുന്നില്ല. അതൊന്നും വല്ലിമ്മയുടെ കിത്താബിലേ ഇല്ലായെന്നെനിക്കറിയാം. കോളറക്കാലത്ത് വീടുകള്‍ കേറിയിറങ്ങി രോഗികളെ പരിചരിച്ച് ആളുകളെ അമ്പരപ്പിച്ചിട്ടുണ്ട്. പായയില്‍ പൊതിഞ്ഞനിലയില്‍ ബന്ധുക്കള്‍ ഇട്ടേച്ചു പോയവരെ, വല്ലുപ്പ മോയുട്ടി വൈദ്യര്‍ ഉണ്ടാക്കിയെടുത്ത പച്ചമരുന്നു കൊടുത്ത്, മേത്ത് തൈലം തേച്ച് പിടിപ്പിച്ച് അവര്‍ക്കാശ്വാസമായി ഓടിനടന്നയാളാണ്. കോളറ കാരണം അനാഥരായ കുട്ടികളെ മേരിക്കുന്നിലെ യതീംഖാനയില്‍ കൊണ്ടു ചേര്‍ത്തിയതും വല്ലിമ്മയാണ്.

പൂമ്പാറ്റപ്പുസ്തകത്തിലെ ‘പീലു’വിന്റെ കഥ വായിക്കുമ്പോഴൊക്കെ പെര്ത്ത പൂതി ഇണ്ടായിരുന്നു പുലിയെ ജീവനോടെ ഒന്നു കാണാന്‍. ഇപ്പം ദാ... അടുക്കളമുറ്റത്ത് വന്ന് കണ്ടോ... കണ്ടോന്ന് പറഞ്ഞ് നിക്ക്ണ്... നിസ്‌കാരത്തിന് നിക്ക്ണ വല്ലിമ്മക്ക് നേരെ മൊഖം കോട്ടി ഞാന്‍ പാഠപുസ്തകം മടക്കിവെച്ചു.

അന്ന് വല്ലിമ്മ കഥകളൊന്നും പറഞ്ഞില്ല. കുട്ടികള്‍ കിസ്സകള്‍ക്ക് കൊതിച്ച് നിൽക്കണ രാവുനേരത്ത്, കഥ പറയാന്‍ മടിപിടിച്ച് ഉമ്മമാര്‍ ഉറക്കത്തിലേക്ക് തലകുത്തി വീഴുകയാണെങ്കില്‍ അന്നേരം ആകാശത്തുനിന്ന് ജിന്നുകള്‍ ഭൂമിയിലേക്ക് ഇറങ്ങിവരുമെന്നും ജിന്നുകളുടെ കിസ്സകള്‍ കേട്ടാണ് നേരം പൊലരുക എന്നും പറഞ്ഞുതന്നത് വല്ലിമ്മ തന്നെയാണല്ലോ എന്ന് വ്യസനത്തോടെ ഞാനോര്‍ത്തു.

4 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ മരണം

കൊടക്കല്ലുപറമ്പും ചുടലക്കാടും അച്ഛങ്കുളവും നടന്ന് അടിവാരത്തെ പൊളിഞ്ഞു കെടന്ന കള്ളുഷാപ്പിനകത്ത് പുലി കേറി. ഷാപ്പിന്റെ കെഴക്ക് കാടാണ്. അപ്പുട്ടി നായര്‌ടെ തരിശായി കെടന്ന വലിയ പറമ്പ് കാലാന്തരത്തില്‍ കാടായി രൂപപ്പെട്ടതാണ്.

അതിരാവിലെ ഡ്രില്ലിന് പോണ ജനസംഘം നാരായണനാണ് ഷാപ്പിന്റെ പൊളിഞ്ഞ ജനാലയില്‍ വള്ളി മാതിരി എന്തോ ഒന്ന് കീപ്പോട്ട് തൂങ്ങി കെടക്കുന്നത് കണ്ടത്. കാക്കിട്രൗസറിന്റെ പെരുത്ത കീശയിലേക്ക് തള്ളിവെച്ചിരുന്ന എവറഡി ടോര്‍ച്ചെടുത്ത് ഒന്നടിച്ചതേ ഓര്‍മയുള്ളൂ. പിന്നെ ഒരു നെലവിളിയും വീഴ്ചയുമായിരുന്നു. നാരായണന് ബോധം തെളിയുമ്പഴേക്കും പുലി ഷാപ്പില്‍ കേറിയത് നാടുമുഴുവനറിഞ്ഞു.

സ്‌കൂളില് പോണവഴി പുലിയെ നേരിട്ടു കാണാന്‍ ചങ്ങായ്മാരുടെ കൂടെ അടിവാരത്തേക്ക് വെച്ചുപിടിച്ചു. പലയിടങ്ങളിലായി ആളുകള്‍ തടിച്ചുനിൽക്കുന്നു. പിന്നെയും ജനം പെരുകുകയാണ്. പുലി ശാപ്പിട്ട പൈക്കളുടെയും ആടുകളുടെയും പോറ്റുകാര്‍, ‘ഇത്ര നേരായിട്ടും പൊലീസും ഫോറസ്റ്റും എവിടേന്ന്’ പിറുപിറുത്തു.

ഷാപ്പിനകത്ത് നിന്ന് ചെറിയൊരു മുരള്‍ച്ചപോലും കേള്‍ക്കുന്നില്ല. ആളുകളുടെ കണ്ണില്‍പെടാതെ ഇലമറകള്‍പറ്റി പുലി മറ്റൊരു ദേശത്തേക്ക് രക്ഷപ്പെട്ടിരിക്കുമെന്ന് എനിക്ക് വെറുതെ തോന്നിയ നേരത്ത്തന്നെ പൊലീസ് ജീപ്പെത്തി. മുന്‍സീറ്റില്‍ നിന്നിറങ്ങിയ എം.എസ്.പി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജനത്തെ വകഞ്ഞുമാറ്റി ഷാപ്പിന്റെ അമ്പത് മീറ്റര്‍ അകലെനിന്ന്, ഷാപ്പും ചുറ്റിലെ കാടും അടിമുടിയൊന്ന് നോക്കി. അഞ്ചാറ് പൊലീസുകാരുമുണ്ട്. പുലിയെ പുറത്തേക്ക് വന്നാല്‍ വെടിവെച്ച് വീഴ്ത്തുക എന്നതായിരുന്നു ധാരണ.

ഏറെനേരം കാത്തിരുന്നിട്ടും പുലി പുറത്തേക്ക് വന്നില്ല. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രണ്ട് മൂന്ന് ഉണ്ടകള്‍ മുകളിലേക്ക് തൊടുത്തു. വെടിയൊച്ച കേട്ട് പുലി പൊറത്തു ചാടും. കണ്ണുകള്‍ ഷാപ്പിലേക്ക് കൂര്‍പ്പിച്ച് എല്ലാവരും ശ്വാസമടക്കിപ്പിടിച്ചു.

അന്നേരത്ത് സ്‌കൂളില്‍നിന്നും ബെല്ലടി കേട്ടു. അടിവാരത്തെ രണ്ടാം വളവിലാണ് സ്‌കൂള്‍. പുലിയെ കാണാന്‍ പറ്റാത്ത വ്യസനത്തോടെ സ്‌കൂളിലേക്ക് നടന്നു. ക്ലാസിലിരിക്കുമ്പം മനസ്സിലൊട്ടാകെ പുലി മേഞ്ഞുകൊണ്ടിരുന്നു. പുലി പുറത്തേക്ക് ചാടിയതും ഇന്‍സ്‌പെക്ടറുടെ വെടിയേറ്റ് പുലി ചത്തുവീണതും ചത്തുമലച്ച പുലിയെ തൊട്ടുനോക്കാന്‍ ആളുകള്‍ തെരക്ക് കൂട്ടുന്നതും... അങ്ങനെ പലതും ആലോചിച്ചുകൂട്ടി.

എന്നാല്‍, അതൊന്നുമല്ല സംഭവിച്ചത്. പുലി പൊറത്തേക്ക് തലയിട്ടത് പിന്നെയും ഏറെനേരംകഴിഞ്ഞാണ്. അന്നേരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മേല്‍ക്കൂരയിലേക്ക് ഉന്നം തിരിച്ചു. ചുറ്റും പടര്‍ന്നുനിൽക്കുന്ന ആളുകളിലേക്ക് പുലി ഒന്നു ചീറ്റി, പുലിയുടെ നെറ്റിക്കും കഴുത്തിനുമിടയില്‍ ഇന്‍സ്‌പെക്ടര്‍ ഉന്നമുറപ്പിച്ചു.

‘‘ഒരുണ്ടമതി അവന്റെ ചങ്ക് പൊളിക്കാന്‍.’’ അയാള്‍ പൊലീസുകാരോട് പറഞ്ഞു. മണ്ടത്തരം കാണിക്കല്ലേ എന്ന ഭാവത്തില്‍ പുലി ഇന്‍സ്‌പെക്ടറുടെ കണ്ണുകളിലേക്കൊരു നോട്ടം തുറിച്ചിട്ടു.

പൊലീസുകാര്‍ ജാഗരൂകരായി. ഇന്‍സ്‌പെക്ടര്‍ തോക്കില്‍ പിടുത്തം മുറുക്കി. വിരലുകള്‍ കാഞ്ചിയിലമര്‍ന്നു. ഉണ്ട ഉന്നംതെറ്റി പാഞ്ഞു. പുലിയുടെ ജമ്പിങ് തെറ്റിയില്ല. കഴുത്തോളം പുലിയുടെ കൈപ്പിടിയിലായി. ഇന്‍സ്‌പെക്ടര്‍ നെലത്ത് പെടഞ്ഞു. അയാളുടെ നെലവിളി പുലിയുടെ മുരള്‍ച്ചയില്‍ കുടുങ്ങിക്കിടന്നു. ചോര തെറിച്ചു. ആള്‍ക്കൂട്ടം ഒച്ചയിട്ടു ചിതറി. എന്ത് ചെയ്യണമെന്നറിയാതെ കോണ്‍സ്റ്റബിള്‍ തോക്കെടുത്തു. വെപ്രാളം പിടിച്ച നേരത്ത് തെറിച്ച ഉണ്ട ഇന്‍സ്‌പെക്ടറുടെ തലതുളച്ചു. ഫാറൂഖ് കോളജില്‍ പാറാവ് നിന്നിരുന്ന മിൽ​ട്രി ഹംസഭായ് കോണ്‍സ്റ്റബിളുടെ വെറച്ച കൈകളില്‍നിന്ന് തോക്ക് പിടിച്ചുവാങ്ങി. ജനം ശ്വാസം അടക്കിപ്പിടിച്ചു. ഭായ് ഒരു ഉണ്ടയെ എടുത്തുള്ളൂ. പനവെട്ടിയിട്ടതുമാതിരി പുലി ചത്തുമലര്‍ന്നു.

 

5. മൂര്‍ച്ചയുള്ളൊരു കത്തിവേണം

രാത്രി ഉറക്കം വന്നില്ല. അകപ്പക പൊകഞ്ഞു. കൊലയുടെ രൂപങ്ങള്‍ പലവിധമായി കനപ്പെട്ടുകൊണ്ടിരുന്നു. പിറ്റേന്ന് രാവിലെ വായനശാലയില്‍ വെച്ച് ചിത്രഭൂമിയില്‍ ജോലിയുള്ള നാട്ടുകാരന്‍ ടി.എച്ച് പറഞ്ഞതറിഞ്ഞ് പടത്തിന്റെ ഷൂട്ടിങ് നടക്കുന്ന തലശ്ശേരിയിലേക്ക് പോകാന്‍ തീരുമാനിച്ചത്.

റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴി വായനശാലക്ക് അടുത്താണ് ചേക്കൂന്റെ ഇറച്ചിക്കട. നേരെ ചേക്കൂന്റെ കടയിലേക്ക് നടന്നു. ഓനാണ് അടുത്ത ചങ്ങായി. ബാപ്പാന്റെ അറവുകടയിലെ പണിക്കാരന്‍ ബിച്ചാപ്പു പേര്‍ഷ്യയിലേക്ക് പോയ ഒരു നോമ്പ് മാസത്തിലാണ് എട്ടാം ക്ലാസില്‍ ചേക്കു പഠിപ്പ് നിര്‍ത്തിയത്. അതില്‍ പെരുത്ത് വ്യസനമുണ്ടായിരുന്നു ഓന്. ‘‘പഠിക്കുന്ന കുട്ടിയാണോന്... പത്ത് വരെങ്കിലും പോട്ടെ’’യെന്ന് അബ്ദുറഹ്മാന്‍ മുന്‍ഷി പറഞ്ഞിട്ടും ചേക്കൂന്റെ ബാപ്പ സമ്മതിച്ചില്ല.

ചേക്കൂന് കുത്ത്‌റാത്തീബിന്റെ ബയ്ത്തുകള്‍ കാണാപ്പാഠമറിയാം. സ്‌കൂളില്ലാത്ത ദെവസങ്ങളില്‍ ദര്‍സില്‍ പോയാണ് ഓനത് ചൊല്ലിപ്പഠിച്ചത്. പോത്തിന്റെയും കാളയുടെയും തോല് കത്തിമൊനയില്‍ വലിച്ചുകീറുമ്പോള്‍ ഓന്‍ റാത്തീബിന്റെ ബയ്ത്തുകള്‍ ഉറക്കെച്ചൊല്ലി. ബാപ്പയോടുള്ള ഈറ, അങ്ങനെയാണ് ഓന്‍ തീര്‍ത്തത്.

വേണ്ടാത്തോട്ത്ത് ബയ്ത്ത് ചൊല്ലിയാല്‍ പടച്ചോന്റട്ത്ത്ന്ന് കുറ്റം കീട്ടുംന്ന് ബയ്ത്ത് കേട്ട് ആരോ പറഞ്ഞപ്പം ‘‘ഈറവരുമ്പോള്‍ മനസ്സിനെ തണ് പ്പിക്കാന്‍ നല്ലതാണ് ബയ്ത്ത്’’ എന്നാണ് ഓന്‍ മറുപടി പറഞ്ഞത്.

പണി പഠിച്ചതോടെ മരക്കാരിന് കൊടുത്ത കൂലി ചേക്കൂനും കിട്ടി. ഓന്‍ ബയ്ത്ത് മറന്നു. പഠിക്കാനുള്ള കൊതിയും തണുത്തു.

ഞാന്‍ കടയിലേക്ക് കേറി.

‘‘മൂര്‍ച്ചയുള്ളൊരു കത്തിവേണം.’’

ചേക്കു എന്റെ മൊഖത്തേക്ക് വലിയൊരു നോട്ടം കൂര്‍പ്പിച്ചു.

‘‘വീട്ടീ പോറ്റുന്ന കോഴിയെ അറ്ക്കണം. മൂര്‍ച്ചള്ള കത്തികൊണ്ടറുത്താലെ ഹലാലാവൂ...’’

കട്ടിയുള്ള ശീലയില്‍ പൊതിഞ്ഞുവെച്ച കത്തിക്കൂട്ടങ്ങളില്‍ ചെറിയൊരു കത്തി ഓന്‍ വലിച്ചൂരി. ‘‘നാളെതന്നെ തിരിച്ച് കൊണ്ടേരണം...’’

കത്തി നല്ലോണം പൊതിഞ്ഞ് വായനശാലയില്‍ വെച്ചിരുന്ന തോള്‍സഞ്ചിയില്‍ തിരുകി. നേരെ ഫറോക്ക് റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു.

തലശ്ശേരി മെയിന്‍ റോഡിലാണ് സിനിമയുടെ ഷൂട്ടിങ്. ഔട്ട്‌ഡോര്‍ യൂനിറ്റ് ബസില്‍ മമ്മൂട്ടിയുടെ വലിയ ഫോട്ടോയുണ്ട്. കെട്ടിടങ്ങളുടെ മൊകളിലും വലിയമരത്തിന്റെ കൊമ്പുകളിലും കാമറകള്‍ വവ്വാലുമാതിരി തൂങ്ങിക്കിടന്നു.

മമ്മൂട്ടിയെ കാണാന്‍ തടിച്ചുകൂടിയ ആളുകള്‍ക്കിടയിലൂടെ സതീശന്‍ ഇരിക്കുന്ന ഭാഗത്തേക്ക് പോവുക അത്ര എളുപ്പമല്ല. ഷൂട്ടിങ് തീരുമ്പം അയാള്‍ ഒറ്റക്കാവും. അതുവരെ സുരക്ഷിതമായൊരിടത്ത് ഇരുപ്പുറപ്പിക്കണം. കൃഷ്ണാ ജ്വല്ലറിയുടെ എതിര്‍വശത്തെ പഴയൊരു കെട്ടിടത്തിന്റെ മൊകളിലേക്ക് ഞാന്‍ കേറി. പാതി മുറിഞ്ഞ ഒരു ചൊമരു ചാരി താഴെ നടക്കുന്നത് വൈഡ് ഷോട്ടില്‍ ഞാന്‍ നിരീക്ഷിച്ചു.

‘‘സമാധാനജാഥ -സർവമത ഐക്യം ജയിക്കട്ടെ’’, ചെമപ്പും നീലയും ചേര്‍ത്ത് വെള്ളയിലെഴുതിയ ബാനറുപിടിച്ച് ഒരു ജാഥ അന്നേരം റോഡിലൂടെ കടന്നുവന്നു. രണ്ടു മൂന്ന് ടേക്കിലാണ് ആ ഷോട്ടുകള്‍ ഒാകെ ആയത്. ആ സീനില്‍ മമ്മൂട്ടി ഇല്ലായിരുന്നെങ്കിലും ആളുകളുടെ തള്ളിക്കയറ്റംകൊണ്ട് ഷൂട്ടിങ് മുടങ്ങുമെന്ന് തോന്നി.

പൊലീസെത്തി ലാത്തിച്ചാര്‍ജ് നടന്നു. റോഡ്‌ നിറഞ്ഞവര്‍ പലഭാഗത്തേക്കും ചിതറി. ആ സമയത്ത് മരത്തിനു മുകളിലെ കാമറകള്‍ താഴേക്ക് കണ്ണ് തൊറന്ന് പിടിച്ചു. ഇത് ഷൂട്ടിങ്ങിന്റെ ഭാഗമാണെന്നത് ആരും അറിഞ്ഞില്ല. പൊലീസുകാര്‍ക്കിടയില്‍ ഇന്‍സ്‌പെക്ടറുടെ വേഷത്തില്‍ മമ്മൂട്ടിയുണ്ട് എന്ന് പലരും വിളിച്ചുപറഞ്ഞെങ്കിലും വ്യക്തമായി കാണാന്‍ കഴിഞ്ഞില്ല. കെ.എല്‍ 01 7157 നമ്പര്‍ പൊലീസ് ബസിനരികെ അടുത്ത സീനിലേക്ക് തയ്യാറായി നിൽക്കുന്ന കുഞ്ചനെയും ജഗദീഷിനേയും കണ്ടു.

ഭീമന്‍ രഘുവും പരിചയമില്ലാത്ത രണ്ടുപേരുംകൂടി ഓടിവന്ന് അടച്ചിട്ട കൃഷ്ണ ജ്വല്ലറിയുടെ ഷട്ടര്‍ തൊറന്ന് അകത്തുകയറിയത് ഒറ്റ ടേക്കില്‍തന്നെ ഒാകെയായി. ഒരു തടിച്ച ബാഗുമായി അവര്‍ തിരിച്ചുവന്നത് രണ്ട് ടേക്കെടുക്കേണ്ടി വന്നു. ആ നേരത്ത് മഞ്ഞയും പച്ചയും നീലയും നിറത്തില്‍ ഫ്രോക്കിട്ട ഉർവശിയും ഓടിവന്ന് ജ്വല്ലറിയുടെ അകത്തേക്ക് കേറി.

പെട്ടെന്ന് വാഹനങ്ങളെല്ലാം റോഡില്‍നിന്ന് അപ്രത്യക്ഷമായി. മരത്തില്‍ കെട്ടിയ കാമറകള്‍ അഴിക്കുന്ന ചില ടെക്‌നീഷ്യന്‍മാര്‍ മാത്രമാണ് അവശേഷിച്ചത്. സതീശനെ കൊല്ലാന്‍ മറ്റൊരു ചാന്‍സ് കിട്ടും. പ്രതീക്ഷവിടാതെ റോഡില്‍ ചിതറിക്കിടന്ന ചെരിപ്പുകള്‍ക്കിടയിലൂടെ ഞാന്‍ റെയിൽവേ സ്റ്റേഷനിലേക്ക് പതിയെ നടന്നു.

6. പൊറാട്ടയും പോത്ത് കറിയും

ഫറോക്കില്‍ വണ്ടിയിറങ്ങിയപ്പോള്‍തന്നെ ചേക്കുവിനെ കണ്ടു. ബെസ്റ്റോട്ടലിലേക്ക് നടക്കുകയാണ് ഓന്. കത്തി തിരിച്ചു കൊടുക്കണം. പോയകാര്യം വിശദീകരിച്ച് പറയണം മറ്റെന്തെങ്കിലും ഐഡിയ ഓന്റെടുത്ത് കാണും. ദിനേന കൊല്ലല് തന്നെയാണല്ലോ ഓനും ചെയ്യ്ണത്.

‘‘ചായ കുടിക്ക്‌ണേ പോര്.’’ ഓന്‍ എന്റെ നേരെ കൈ ഉയര്‍ത്തിക്കാണിച്ചു.

ബീരാന്‍ക്കയുടെ പത്രവായനയിലേക്കാണ് ഞങ്ങള്‍ കേറിച്ചെന്നത്. ‘‘ബെര്‍ലിൻ മതിലിന്റെ അവശിഷ്ടങ്ങള്‍ ലോകത്തിന്റെ പലഭാഗത്തേക്കും ആളുകള്‍ കടത്തിക്കൊണ്ടുപോകുന്നു... ആ മതില് വെറുമൊരു മതില്‍ മാത്രമായിരുന്നില്ല. ഇരുപത്തിയെട്ടു വര്‍ഷങ്ങള്‍ ഒരു ജനതയെ രണ്ടായി വേര്‍തിരിച്ച ഇരുമ്പുമറയായിരുന്നു അത്. ജനാധിപത്യവും പൗരാവകാശവും നിഷേധിക്കുന്ന സ്റ്റാലിന്‍ ചിന്തയാണ് മതില്‍ പൊളിച്ചതോടെ തകര്‍ന്നുവീണത്.

മതിലിന്റെ ആദ്യത്തെ കല്ല് ചുറ്റികകൊണ്ട് പൊളിച്ചെടുത്ത പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം ഷാവോസയിക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് ലോകത്തിന്റെ പലഭാഗത്തുനിന്നും ജനാധിപത്യ സ്‌നേഹികള്‍ മുന്നോട്ടു വരുന്നുണ്ട്...’’ തൊട്ടപ്പുറത്ത് പാര്‍ട്ടി പത്രത്തില്‍ കണ്ണുനട്ടിരിക്കുന്ന സഖാവ് മാനുകുട്ടേട്ടന്റെ ചെവിക്കുറ്റിക്ക് നേരെയാണ് മനോരമയുടെ നടുപ്പേജ് ബീരാന്‍ക്ക ഉറക്കെ വായിക്കുന്നത്.

‘‘മ്പ്‌ള്... ജര്‍മനീക്കൊന്നും പോണ്ടഡോ.. ഇവ്ട്‌ത്തെ കാര്യം തന്നെ പറയാ...ബാബരി പള്ളീന്റെ കാര്യത്തില് നിങ്ങടെ നെലപാടെന്താ.. പള്ളീന്റെ ഭൂമീല് രാമക്ഷേത്രത്തിന് കല്ലിടാന്‍ വിശ്വഹിന്ദു പരിഷത്തിന് അനുമതി കൊടുത്തത് ആരാ? കമ്യൂണിസ്റ്റാരനല്ല. കഴിഞ്ഞ മാസം വരെ മ്പ്‌ളെ പ്രധാനമത്രിയായ്‌ര്ന്ന രാജീവാ...’’ സഖാവ് പത്രത്തില്‍നിന്ന് കണ്ണെടുക്കാതെതന്നെയാണ് അത്രയും പറഞ്ഞത്.

ചേക്കൂനോട് പറയാന്ണ്ടായിര്ന്ന കാര്യങ്ങള്‍ ബര്‍ലിന്‍ മതിലിന്റെയും ബാബരിപ്പള്ളിയുടെയും ഇടയില്‍ കെടന്ന് ചത്തപോലെയായി.

മൂന്ന് പൊറാട്ടയും പോത്ത് കറിയും ഓഡര്‍ ചെയ്ത് ചേക്കു എന്നെ നോക്കി: ‘‘അനക്ക് വേണ്ടതെന്താന്ന് വെച്ചാ പറ്‌ഞ്ഞോ കായ് ഞാങ്കൊടുത്തോളാ...’’

വാക്കുകള്‍ അമ്പുപോലെ അങ്ങോട്ടുമിങ്ങോട്ടും എടുത്തിട്ട് അവസാനം രണ്ടുപേരും ജയിക്കാതെ വന്നപ്പം മാനുകുട്ടേട്ടന്റെ ചായപ്പൈസകൂടി കൊടുത്ത് ബീരാന്‍ക്ക ലീഗാപ്പീസിലേക്ക് കേറിപ്പോയി.

ഞാനൊരു *മാല്‍പൊരിയും വെള്ളച്ചായയും പറഞ്ഞു.

പൊറാട്ടയുടെ അടരുകള്‍ മാന്തിപ്പറിച്ച് പോത്ത്കറിയില്‍ കൊഴച്ച് തൊള്ളയിലേക്ക് കുത്തിത്തിരികി ചേക്കു എന്നെ നോക്കി. എന്തോ ചോദിക്കാനാണ് ആ നോട്ടം. ‘‘കോഴ്‌നെ അറ്‌ത്തോ?’’ അരഞ്ഞ്‌കൊഴഞ്ഞ പൊറാട്ട മുഴുവനും കൊല്ലിയിലൂടെ പള്ളയിലേക്ക് ഇറങ്ങിച്ചെന്ന ശേഷമാണ് ചേക്കു ചോദിച്ചത്. ഇല്ല്യാന്ന് പറഞ്ഞ മറുപടി കേട്ട്, ‘‘അറ്ക്കാന്‍ ബെച്ച കോഴി മേപ്പട്ട് പറന്നോന്ന്’’ ഓനൊരു തമാശ പൊട്ടിച്ചു.

‘‘ഞാന്‍ കത്തി വാങ്ങ്യേത് ഒരാളെ കൊല്ലാനാ...’’

‘‘കൊല്ലാനോ.’’

പൊറാട്ട കൊല്ലിയില് കുടിങ്ങിയോ എന്ന് ചേക്കുവിന് തോന്നി.

ജഗ്ഗില്‍നിന്ന് പച്ചവെള്ളം വായിലേക്ക് കമിഴ്ത്തി. പിന്നെ രണ്ട് മൂന്ന് നെടുവീര്‍പ്പുകള്‍ക്കു ശേഷം ജഗ്ഗ് താഴ്ത്തിവെച്ചു. വീണ്ടും പൊറാട്ടയും പോത്തും നെരതെറ്റിയ പല്ലുകള്‍ക്കിടയില്‍ കെടന്ന് അരഞ്ഞുകൊണ്ടിരുന്നു.

‘‘ആരെ?’’ ഓന്റെ ചെവികള്‍ കൂര്‍ത്തു.

ഞാന്‍ പേര് പറഞ്ഞു. ചേക്കു ഒരു ചിരിയായിരുന്നു. പെരുത്ത തമാശ കേട്ട മാതിരിയുള്ള ചിരി. പോത്തിന്‍ച്ചാറില്‍ കുഴഞ്ഞ പൊറാട്ടയുടെ അടരുകള്‍ നീരോടെ പുറത്തേക്ക് തെറിച്ചു.

തലശ്ശേരിയില്‍ പോയ കാര്യം ഞാന്‍ പറഞ്ഞു.

ചേക്കു മൊഖം കറുപ്പിച്ച് എന്റെ കണ്ണിലേക്ക് നോക്കി, ചാറായ കയ്യോടെ കത്തി പിടിച്ചു വാങ്ങി.

‘‘അയാള് അന്റാരാ കൊന്നദ്.’’

ഞാന്‍ തോള്‍സഞ്ചിയില്‍നിന്ന് കടലാസ്‌ കെട്ടുകള്‍ പുറത്തേക്കെടുത്തു.

‘‘കൊല്ലങ്ങളെടുത്ത് ഞാനെഴ്തി പൂര്‍ത്തിയാക്കിയ സിനിമാക്കഥയാ അയാള്...’’

കടലാസുകെട്ടിലേക്ക് നോക്കുകപോലും ചെയ്യാതെ ഓന്‍ വീണ്ടും കുലുങ്ങിച്ചിരിച്ചു.

‘‘കൊല്ല്... ചെന്ന് കൊല്ല്... ജയില്‌പോയാ... പുത്യേ കൊറെ കതകളെഴ്താ... വല്യവല്യ ആളുകളൊക്കെ ജയിലീന്നാ വല്യവല്യ പുസ്തകങ്ങളെഴുതിയത്.’’

ചേക്കു ചിരിച്ചുകൊണ്ടേയിരുന്നു.

കൈയില്‍ പറ്റിയ മാല്‍പ്പൊരിയുടെ എണ്ണ മുറിച്ചുവെച്ച പത്രക്കടലാസില്‍ തൊടച്ച് ഞാന്‍ പൊറത്തേക്കെറിഞ്ഞു.

ബെസ്റ്റില്‍നിന്നിറങ്ങുമ്പം വെയില്‍ ആറി തൊടങ്ങിയിരുന്നു. മന്ത്രി ടി.കെ. ഹംസയ്ക്ക് പേട്ട മൈതാനിയില്‍ ഗംഭീരസ്വീകരണം നൽകുന്ന വിവരം വിളിച്ചുപറഞ്ഞ് മൈക്ക് കെട്ടിയ കടുംനീലക്കളര്‍ ജീപ്പ് ഞങ്ങള്‍ക്ക് മുന്നിലൂടെ കടന്നുപോയി. ജീപ്പില്‍നിന്നും പുറത്തേക്കെറിഞ്ഞ ​േനാട്ടീസുകള്‍ കുട്ടികള്‍ പൊറുക്കിയെടുത്തു. ചിലത് അപ്പൂപ്പന്‍താടി മാതിരി ആകാശം പറന്ന് പലയിടങ്ങളിലായി മൂക്കു കുത്തിവീണു. ചേക്കു ചോദിച്ചു. ‘‘അനക്കയാളെ കൊല്ലാന്‍ കയ്യോ?’’

സങ്കീര്‍ണമായ ഇത്തരം കൊലപാതകങ്ങള്‍ ചെയ്യുമ്പോള്‍, ചിന്തയും സമയമെടുത്തുള്ള ആസൂത്രണവും തെളിവുനശിപ്പിക്കാനുള്ള കൂര്‍മബുദ്ധിയും വേണം. അതെനിക്കില്ല എന്നതാണ് ഓന്‍ പറഞ്ഞിന്റെ പൊരുളെന്ന് മനസ്സിലായി. പത്ത് പതിനാല് കൊല്ലങ്ങള്‍ക്കിടയില്‍ എഴുപതില്‍ കൂടുതല്‍ സിനിമകള്‍ സംവിധാനംചെയ്ത, ജി.പി. സതീശന്‍ എന്ന പേരും പ്രശസ്തിയും ഉള്ള ഒരാളെ വധിക്കുക എന്നത് അത്ര എളുപ്പം നടത്താവുന്ന കാര്യമല്ല.

‘‘കുറ്റം തെളിഞ്ഞാ മരിക്ക്ണത് വരെ ജയിലീ കെടക്കേണ്ടി വരും. അല്ലെങ്കീ... അന്നെ തൂക്കിക്കൊല്ലും.’’

ഞാനൊന്നും മിണ്ടിയില്ല.

ചേക്കു ഒന്നയഞ്ഞു.

‘‘അയാളോട്ള്ള ഈറ തീറ്ത്താപ്പോരെ... പുത്യപാലത്തിന്റെ മുന്നില് ഒട്ടിച്ച ഓന്റെ സിനിമന്റെ പോസ്റ്റര്‍...’’

നെഞ്ചിലൊരു കുത്തേറ്റമാതിരി തോന്നി. ഒരു പ്രതികാരകൊലയെ പോസ്റ്ററ് കീറലില്‍ ഒതുക്കി നിസ്സാരമാക്കിയതിലുള്ള അനിഷ്ടം ഞാന്‍ പ്രകടിപ്പിച്ചില്ല. പറ്റിയ അവസരം കിട്ടാതിരിക്കില്ല. പ്രതികാരത്തിന്റെ ആദ്യഘട്ടം എന്ന നിലക്ക് ചേക്കുവിന്റെ ഐഡിയ എനിക്കും ബോധിച്ചു.

അന്നേരം എവിടെയോ കുടുങ്ങിക്കിടന്നിരുന്ന നോട്ടീസ് കാറ്റില്‍ പറന്ന് ഞങ്ങളുടെ മുന്നില്‍ വന്നുവീണു. ചേക്കു നോട്ടീസ് കയ്യിലെടുത്ത് തിരിച്ചുംമറിച്ചും നോക്കി.

‘‘പോസ്റ്ററ് പൊഴേല് കീറിയെറിയാന് പറ്റിയ അവസരാ. ബാക്കി കാര്യം നാളെപ്പറയാം.’’ വാക്ക് പൂര്‍ത്തിയാക്കാതെ, റോഡുവക്കത്തെ ശീമക്കൊന്ന മരങ്ങള്‍ക്കിടയില്‍ വളഞ്ഞുനീണ്ടുപോകുന്ന പാടവരമ്പിലൂടെ ചേക്കു, ഓന്റെ പൊരയിലേക്ക് നടന്നു.

7. അറബിക്കടലില്‍ കട്ടായം

ഒരു തിരക്കഥ രൂപപ്പെടുത്തിയാണ് പിറ്റേന്ന് രാവിലെ ചേക്കു വന്നത്. പേട്ടയുടെ വടക്കുവശം ചുള്ളിപ്പറമ്പില്‍നിന്ന് പാര്‍ട്ടിയുടെ ജാഥവരുന്നു, അതിന്റെ ഏറ്റവും പൊറകില്‍ നമ്മള്‍ രണ്ടുപേരും. മഗ്‌രിബ്‌ ബാങ്ക് സമയത്ത് മൈതാനത്തെ ആള്‍ത്തിരക്കിലേക്ക് ജാഥ ചെന്നുചേരുന്നു. കടല വിക്കുന്ന കുട്ടികളില്‍നിന്ന് അഞ്ചു പൈസന്റെ ഒരു പൊതി കടല വാങ്ങി, പഞ്ചായത്ത് വക റേഡിയോ ബൂത്തിനടുത്തെ ബദാംമരച്ചോട്ടിലേക്ക് നടക്കുന്നു.

‘‘ഏതാനും നിമിഷങ്ങള്‍ക്കകം ബഹുമാനപ്പെട്ട മന്ത്രി എത്തുമെന്ന്’’ സംഘാടകര്‍ മൈക്കിലൂടെ വിളിച്ചുപറയുന്നു. മന്ത്രിയെ കാത്തുനിൽക്കാതെ തന്നെ യോഗം തൊടങ്ങുന്നു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സഖാവ് സ്വാഗതപ്രസംഗത്തിന് എഴുന്നേറ്റു നിൽക്കുന്നു. ജില്ലാ കമ്മിറ്റി നേതാക്കളുടെ പ്രസംഗങ്ങള്‍ തീരുംമുമ്പ് മന്ത്രി എത്തുന്നു.

ആളുകള്‍ മന്ത്രിയെ കാണാനും കേള്‍ക്കാനും മൈതാനത്തേക്കിറങ്ങുന്നു. സ്റ്റേഷനിലെ പൊലീസുകാരത്രയും മൈതാനത്ത് നിരന്ന് നിൽക്കണ നേരത്ത് നമ്മള്‍ പതിയെ പുതിയപാലത്തിനടുത്തേക്ക് നടക്കുന്നു.

ഒറ്റവീര്‍പ്പിന് ചേക്കു പറഞ്ഞത് പലതരം ഷോട്ടുകളായി ഞാന്‍ മനസ്സില്‍ ഓര്‍ത്തുനോക്കി.

‘‘ഗതികിട്ടാത്ത റൂഹ് മാതിരി സതീശന്റെ സിന്മാപോസ്റ്റര്‍ ചാലിയാര്‍ പൊഴയിലൂടേ ഒഴ്കി നടക്കട്ടെ,’’ ചേക്കു ചിരിച്ചു. പിന്നെ ആകാശത്തേക്ക് മുഷ്ടി ചുരുട്ടി ഓന്‍ വിളിച്ചു.

‘‘ജി.പി സതീശാ സൂക്ഷിച്ചോ

അക്കളിയിക്കളി സൂക്ഷിച്ചോ.

പേട്ടയിലൊട്ടിച്ച സിന്മാപോസ്റ്ററ്

അറബിക്കടലില്‍ കട്ടായം.

ഇങ്കുലാബ് സിന്ദാബാദ്...’’

8. പൊലീസ്‌ തൊപ്പിയിലെ കൂര്‍ത്ത ചൊമന്ന മൊന

പൊലീസ്‌ സ്റ്റേഷന്റെ വടക്കുപടിഞ്ഞാറ് മൊയ്തീന്‍ ഹാജിയുടെ നെടുങ്ങന്‍ കെട്ടിടത്തിന്റെ കുമ്മായം തേക്കാത്ത തെക്കേ ചൊമരിലെ പോസ്റ്ററുകള്‍ പാലം കടന്നുവരുന്ന വാഹനങ്ങളുടെ വെളിച്ചത്തിലേക്ക് തെറിച്ചുനിൽക്കുകയായിരുന്നു. പാലത്തിന്റെ കൈവരിയോട് ചാരി രണ്ടോ മൂന്നോ പേര്‍ പുഴയിലേക്ക് ഇരകോര്‍ത്ത് മീനനക്കത്തിന് കണ്ണുനട്ടിരിക്കയാണ്.

രണ്ടോ മൂന്നോ പേര്‍ വരുന്നുണ്ട്. അവര്‍ പാലംകടന്ന് പോകുന്നതും കാത്ത്, ചൊമരിന് താഴെ അന്ത്രുസായിവിന്റെ കാളവണ്ടിയുടെ മറവില്‍ ഞങ്ങളിരുന്നു. കൊല്ലവസാനം വന്നുവീഴുന്ന തണുപ്പ,് ചെരിപ്പ് തൊളച്ച് ഞെരിയാണി കേറി ദേഹമാസകലം പടര്‍ന്നു. ചേക്കു രണ്ട്‌ കൈകളും കൂട്ടിത്തിരുമ്മി ചൂട് പിടിപ്പിച്ചു.

‘രാജന്‍ പറഞ്ഞ കഥ’യുടെ നരച്ചു നിറംകെട്ട പോസ്റ്റർ ചൊമരിന്റെ ഏറ്റവും മൊകളില്‍ പൊള്ളയിട്ടു കെടന്നിരുന്നു. ഉയരത്തിലായതു കാരണമാണ് പിന്നീടൊന്നും അതിനുമേല്‍ വന്നു പതിയാതിരുന്നത്. പത്ത് വര്‍ഷമെങ്കിലും പഴക്കമുണ്ടാകും ആ പോസ്റ്ററിന്. ‘അടിയന്തരാവസ്ഥ എന്ന പേരില്‍ ഭരണകൂടത്തെ കാക്കിയുടുപ്പിച്ച് പുരോഗമന ശക്തികള്‍ക്കെതിരെ പൊലീസ് നടത്തിയ ഭീകര മർദനങ്ങളുടെ പശ്ചാത്തലത്തില്‍ നിര്‍മിച്ച ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ സിനിമ’, പോസ്റ്ററിന്റെ മൊകളില്‍ എഴുതിയത് ഞാന്‍ വായിച്ചു.

ഇരുപത്തിയഞ്ച് ദെവസം പിന്നിട്ട ‘മഴവില്‍ക്കാവടി’യില്‍ ജയറാമിന്റ ഫോട്ടോയുടെ താഴെ ഇന്നസെന്റും സിതാരയും ഉര്‍വശിയും. തൊട്ടടുത്ത് ചേര്‍ന്നുനിൽക്കുന്നത് ഒരാഴ്ച മുമ്പെ റിലീസായ ‘ഉത്സവപ്പിറ്റേന്നാ’ണ്. മോഹല്‍ലാലും പാർവതിയും ക്ലോസപ്പില്‍ ചിരിക്കുന്നു. അതിനു താഴെ മമ്മൂട്ടിയുടെ 'വടക്കന്‍ വീരഗാഥ'യോട് തൊട്ടുരുമ്മി ദിനേശന്റെ സിനിമയുടെ നാലഞ്ച് പോസ്റ്ററുകള്‍.

‘‘എന്നാപ്പം ജ് ഒര് സിനിമ പിടിക്കുക?’’ ചേക്കു പതിയെ ചോദിച്ചു.

അതിനുത്തരം ഞാന്‍ മനസ്സിലൊന്ന് പറഞ്ഞുനോക്കി: പഠനം, ഒരുക്കം, കാത്തിരിപ്പ് തുടങ്ങിയവ ഏതൊരു സംവിധായകന്റെയും ജീവചരിത്രത്തിലുണ്ടാകും. ഐ.വി. ശശി ‘ഉത്സവം’ പിടിക്കുമ്പഴും ലോഹിതദാസന്‍ ‘തനിയാവര്‍ത്തന’ത്തിന് തിരക്കഥ എഴുതുമ്പഴും വയസ്സ് മുപ്പത് കഴിഞ്ഞിരുന്നു. പാലവും പരിസരവും നിശ്ശബ്ദതയിലേക്ക് വീണു.

ചേക്കു കാളവണ്ടിയുടെ ചക്രങ്ങള്‍ക്കിടയിലൂടെ തല പുറത്തേക്കിട്ടു ചുറ്റും നോക്കി. ‘‘എത്രയും പെട്ടെന്ന് കാര്യം സാധിച്ച് വീടെത്തണം.’’ ഓന്റെ തൊള്ളേന്ന് വെളുത്ത ആവി പൊറത്തേക്ക് പൊകഞ്ഞു. ചേക്കു വീണ്ടും ചുണ്ടുകള്‍ കോട്ടിപ്പിടിച്ചു. പൊക പിന്നെയും പിന്നെയും ഊതിക്കൊണ്ടേയിരുന്നു.

പരിസരത്ത് ആരുമില്ലെന്നത് ഞാനൊന്നുകൂടി ഉറപ്പുവരുത്തി.

‘‘മറ്റ് പോസ്റ്ററ്കള്‍ക്കൊന്നും കേട്പറ്റണ്ട...’’ ചേക്കു പറഞ്ഞു.

തിരിച്ചുപോകേണ്ട മാട്ടുമ്മല്‍വഴി ചേക്കുവാണ് നിശ്ചയിച്ചത്. പുഴയിലേക്ക് ചുരുണ്ടുകിടന്ന ആ ചെറുവഴി, പട്ടയടിച്ച് മുച്ചീട്ടെറിയാന്‍ പോകുന്നോരുടെ ചവിട്ടമര്‍ന്ന് രൂപപ്പെട്ടതാണ്. കരിമ്പട്ടയും നവസാരവും ചേര്‍ത്ത് വീര്യംകൂട്ടിയ പട്ടച്ചാരായത്തിന്റെ കന്നാസുകള്‍ മാട്ടുമ്മലെ പൊന്തയില്‍നിന്ന് എക്‌സൈസ് പൊലീസുകാര്‍ തപ്പിയെടുത്ത് കൊണ്ടുപോകുന്നത് ഞാനോര്‍ത്തു.

ഒറ്റക്കിതപ്പിന് പോസ്റ്ററിന്റെ പകുതിയോളം ചേക്കൂന്റെ കയ്യിലേക്ക് പോന്നു. അതിന്റെ ബാക്കി വലിച്ചുകീറാന്‍ നോക്കുമ്പയാണ് ‘‘എന്താടാ അവ്‌ടെ’'ന്നൊരു ഇടിമുഴക്കം പൊറകില്‍നിന്നും വന്നുവീണത്. മാന്തിപ്പറിച്ചവ കാളവണ്ടിയുടെ അകത്തേക്കെറിഞ്ഞ് ചേക്കു മാട്ടുമ്മല്‍ വഴി മുറുക്കിപ്പാഞ്ഞു. ‘‘പോലിസിനെ കണ്ടാ ന്‌യ്ക്ക് ബേജാറ് കേറും തൂറാംമുട്ടും,’’ ചന്തി അമര്‍ത്തിപ്പിടിച്ച് പായുമ്പോള്‍ ഓന് വിളിച്ചുപറഞ്ഞു.

ഞാന്‍ തിരിഞ്ഞുനോക്കി.

ഒരു പൊലീസുകാരന്‍.

9. പുല്ലിലയില്‍ ഗംഗാധരക്കുറുപ്പ്

‘‘എസ്.ഐ വരട്ടെ... അത്‌വരെ ഇവ്‌ടെ അനങ്ങാതെ നിൽക്ക്...’’ പൊലീസ് സ്റ്റേഷന്റെ നീളമുള്ള വരാന്തയുടെ കിഴക്കെ മൂലയില്‍ ചേര്‍ത്തുനിര്‍ത്തി പൊലീസുകാരന്‍ അധികാരച്ചൊവ ചുരത്തി. തൊട്ടപ്പുറത്തെ ഇരുണ്ട് കറപിടിച്ച മരബെഞ്ചില്‍ മൂന്നാളുകള്‍ ഇരിക്കുന്നുണ്ട്. പരാതിപറയാന്‍ വന്നതുകൊണ്ടാവാം അവര്‍ ഇരിക്കുന്നത്.

പൊരയെ പറ്റി ഞാനോര്‍ത്തു. പൊതുയോഗത്തിന്റെ സമയം കഴിഞ്ഞാല്‍ വല്ലിമ്മ. അന്വേഷിക്കും. പതിനഞ്ചു വയസ്സുവരെ വല്ലിമ്മയുടെ കോന്തല പിടിച്ച്, കണ്‍വെട്ടത്ത് വളര്‍ന്ന എനിക്ക് അനുവദിച്ചുതന്ന സമയത്തിന്റെ നീളം മഗ്‌രിബ്‌ ബാങ്ക് വരെ ആയിരുന്നു. പതിനെട്ടു കഴിയേണ്ടിവന്നു പത്ത് മണിയിലേക്ക് അത് നീട്ടിക്കിട്ടാന്‍. മുള്ളാശ്ശേരിക്കാവിലെ ഉത്സവത്തിനും പുലരി ആര്‍ട്‌സ് ക്ലബിന്റെ വാര്‍ഷികത്തിനും സെവന്‍സ്റ്റാറിന്റെ ഗാനമേളക്കും പോകാന്‍ തൊടങ്ങിയത് അതോടെയാണ്.

സബ് ഇന്‍സ്‌പെക്ടര്‍ വൈകിയാണെത്തിയത്. പരാതിക്കാര്‍ അയാളുടെ മുറിയിലേക്ക് കടന്നു. ചകിതമായ ആ നിൽപിനിടയിലാണ് പുല്ലിലയില്‍ ഗംഗാധര കുറുപ്പ് കേറിവന്നത്. മൂന്നിലോ നാലിലോ പഠിക്കുമ്പം അമ്മാവന്‍ പറഞ്ഞുതന്ന കുറുപ്പിന്റെ കഥ കാലങ്ങളായി മനസ്സില്‍ പതിഞ്ഞുകെടക്കുകയാണ്. കോഴിക്കോട് ആര്‍.ഇ.സിയിലെ കാന്റീന്‍ പാചകക്കാരനായിരുന്ന പുല്ലിലയില്‍ ഗംഗാധര കുറുപ്പിനെ പൊലീസ് അറസ്റ്റുചെയ്യുന്നത് ജോലിസ്ഥലത്തുവെച്ചായിരുന്നു.

കായണ്ണ പൊലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ പങ്കെടുത്തു എന്നൊരു പച്ചനുണയില്‍, മുണ്ടും കുപ്പായവും പൊലീസ് കീറിയെറിഞ്ഞു. ആമംവെച്ച കൈകള്‍കൊണ്ട് അടിവസ്ത്രത്തില്‍ അമര്‍ത്തിപ്പിടിച്ച കുറുപ്പിനെ കോളജ് മൈതാനം പലതവണ വലയം വെപ്പിച്ചു. ഓടിപ്പോകാതിരിക്കാന്‍ പേരാമ്പ്ര സി.ഐ മോഹനന്റെ റിവോള്‍വര്‍ കുറുപ്പിന്റെ നെഞ്ചോട് ചേര്‍ന്നുകെടന്നിരുന്നു.

കുന്ദമംഗലം സ്റ്റേഷനില്‍ എത്തിയപ്പോഴാണ് കുറുപ്പ്, എസ്.ഐ പുലിക്കോടന്‍ നാരായണനെ ആദ്യമായി കാണുന്നത്. ഒരിരയെ കിട്ടിയ പുലിയെപ്പോലെ പുലിക്കോടനൊന്ന് ഗർജിച്ചു. കുറുപ്പ് കിതച്ച് കൈകൂപ്പി. കൈമുട്ടുകൊണ്ട് നാല് താങ്ങ്. കുറുപ്പ് തറയിലേക്ക് കുഴഞ്ഞു. പൊലീസ് സ്റ്റേഷന്റെ ചൊമരില്‍ തൂങ്ങിക്കിടന്നിരുന്ന ഇന്ദിര, ബോധമറ്റു കിടക്കുന്ന കുറുപ്പിനെ കടുപ്പിച്ചൊന്നു നോക്കി.

കുറുപ്പിന്റെ നീളത്തിനനുസരിച്ചുള്ള മരബെഞ്ചു വന്നു. പൊലീസുകാര്‍ അയാളെ വാരിയെടുത്ത് ബെഞ്ചില്‍ മലര്‍ത്തി. കൈ പിറകോട്ട് കെട്ടിമുറുക്കി. ചെറുബോധത്തില്‍ കുറുപ്പൊന്നു ഞരങ്ങി. നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പ് തൊടച്ചെടുത്ത് പുലിക്കോടന്‍ കുറുപ്പിനുനേരെ നിവര്‍ന്നു. ഒച്ച കുറഞ്ഞ ഞരക്കത്തിനുമേലെ ഉലക്ക ഉരുളാന്‍ തൊടങ്ങി...

അതെല്ലാം ഓര്‍ത്തുകൊണ്ട് ഞാന്‍ ചൊമര് ചാരി നിന്നു. ആ നിൽപിന് ഏറെ നീളം തോന്നി. രണ്ടുമൂന്ന് വവ്വാലുകള്‍ ചിറകടിയൊച്ചയുണ്ടാക്കി തലക്കു മുകളിലൂടെ പുറത്തെ ഇരുട്ടിലേക്ക് പറന്നു. പരാതിക്കാര്‍ പൊറത്തിറങ്ങിയപ്പം പൊലീസുകാരന്‍ എന്നെ വിളിച്ചു. ഇന്‍സ്‌പെക്ടര്‍ക്ക് മുന്നില്‍ ഞാന്‍ നിശ്ശബ്ദനായി നിന്നു. കാര്യങ്ങള്‍ വിശദീകരിച്ച് പറഞ്ഞതെല്ലാം പൊലീസുകാരനായിരുന്നു.

‘‘എന്തിനാടോ പോസ്റ്റര്‍ കീറിയത്?’’ അധികാരത്തിന്റെ ഒച്ച കാതില്‍ തറച്ചു.

പത്ത് വര്‍ഷങ്ങള്‍ക്കു മുമ്പത്തെ പുലിയുടെ വരവും എം.എസ് .പി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പത്മനാഭ നായര്‍ വെടിയേറ്റ് മരിച്ചതും അതിന്റെ പശ്ചാത്തലത്തില്‍ ഞാനൊരു തിരക്കഥ എഴുതിയതും. ആ വിഷയത്തില്‍ ജി.പി. സതീശന്‍ സിനിമ എടുത്തതും വര്‍ഷങ്ങളായുള്ള എന്റെ കാത്തിരിപ്പ് വെറുതെ ആയതും ഒറ്റവീര്‍പ്പിന് ഞാന്‍ പറഞ്ഞുതീര്‍ത്തു.

ഇന്‍സ്‌പെക്ടറുടെ മൊഖത്ത് കോപം നുരഞ്ഞുപൊങ്ങുന്നതും മുഴുത്ത രണ്ടു മൂന്ന് തെറികള്‍ ഉച്ചത്തില്‍ പറയുന്നതും തൂക്കിയെടുത്ത് ലോക്കപ്പിലിടാന്‍ പൊലീസിനോട് ആജ്ഞാപിക്കുന്നതും കാത്ത് ഞാന്‍ അയാള്‍ക്കു മുമ്പില്‍ തലകുനിച്ചു നിന്നു.

അതിനു പകരം ഡേറ്റ് ഓഫ് ബര്‍ത്താണ് അയാളെന്നോട് ചോദിച്ചത്.

‘‘ഇരുപത്തിരണ്ടു വയസ്സ്.’’

സബ്ഇന്‍സ്‌പെക്ടര്‍ കൗതുകത്തോടെ എന്നെ നോക്കി.

‘‘ചെയ്ത കാര്യത്തിന് ശിക്ഷ എന്താണെന്നറിയാമോ?’’ ഒരു തടിച്ച ബുക്ക് തൊറന്നുകൊണ്ട് അയാള്‍ ചോദിച്ചു.

ഞാന്‍ മിണ്ടാതെ നിന്നു.

‘‘വ്യക്തിവിദ്വേഷം, അപരമുതല് നശിപ്പിക്കല്‍, ആവിഷ്‌കാരസ്വതന്ത്രത്തില് കൈകടത്തല്‍... പലവിധ വകുപ്പുകളില്‍ അകത്ത് കിടക്കാനുള്ള കേസുണ്ട്.’’

ഉടലാകെ വെയര്‍ത്തു. മൊകളിലേക്ക് നോക്കി. പങ്ക കറങ്ങുന്നില്ല. ഞാനാണ് കറങ്ങുന്നത്. കൈ ചൊമരില്‍ താങ്ങി, കാലുകള്‍ ബലമായി നിലത്തുറപ്പിച്ചു. ഇന്‍സ്‌പെക്ടര്‍ ഒന്നിരിക്കാന്‍ പറഞ്ഞെങ്കില്‍ എന്ന് ഞാന്‍ മോഹിച്ചു. അയാളുടെ മുന്നിലെ കസേര ആര്‍ക്കും ഇരിക്കാന്‍ ഉള്ളതല്ലായെന്ന് എനിക്ക് ബോധ്യമായി.

 

‘‘പോസ്റ്ററ് കീറിയാല്‍ പ്രശ്‌നത്തിന് പരിഹാരമാകുമോ?’’

കൊല്ലാനാണ് ഉദ്ദേശിക്കുന്നതെന്നും ആദ്യശ്രമം പരാജയപ്പെട്ടതാണെന്നും ഞാന്‍ പറഞ്ഞില്ല.‘‘ഇനി അയാളെ കൊല്ലാന്ള്ള പരിപാടി വല്ലതുമുണ്ടോ?’’ ഇന്‍സ്‌പെക്ടര്‍ കുലുങ്ങിച്ചിരിച്ചു.

എന്റെ മനസ്സൊന്നു കാളി? മനസ്സു വായിക്കാന്‍ കഴിവുള്ള പൊലീസുകാര്‌ണ്ടെന്ന് കേട്ടിട്ടുണ്ട്. തെളിയാത്ത കേസുകള്‍ക്ക് തുമ്പുണ്ടാക്കുന്നത് ഓരാ...

ബെഞ്ചില്‍ കേറിനിൽക്കുക. എന്നതായിരുന്നു വിധിച്ച ശിക്ഷ.

‘‘എത്രനേരം നിൽക്കണം.’’ ഞാന്‍ പൊലീസുകാരനോട് ചോദിച്ചു. ‘‘നേരം പൊലരും വരെ നില്‍ക്കണം.’’ വരാന്തയിലെ മരബെഞ്ച് കാണിച്ച് അയാള്‍ പറഞ്ഞു.

നീല ബാറുള്ള ഫിഷര്‍ ഹവായ്‌ച്ചെരുപ്പ് അഴിച്ചുവെച്ച,് കൈ മൊകളിലേക്ക് പൊക്കി മരബെഞ്ചില്‍ നിവര്‍ന്നുനിന്നു. ആ നേരത്ത് പത്തില്‍ കണക്ക് പഠിപ്പിച്ച നമ്പൂരിസാറിനെ ഓര്‍മ വന്നു. അന്നെനിക്ക് പതിവായി കേറി നിൽക്കാന്‍ സ്‌കൂളിന്റെ വരാന്തയില്‍ ഒരു മരബെഞ്ചുണ്ടായിരുന്നു. കുറച്ചുനേരം നിന്നപ്പോഴേക്കും കൈ കടയാന്‍ തൊടങ്ങി. ഒന്നു താഴ്ത്തിപൊക്കാന്‍ പോലും അനുവാദമില്ല.

പൊലീസുകാരന്‍ അടുത്തുണ്ട്. ആ നേരത്താണ് വലിയമ്മാവന്‍ സ്റ്റേഷനിലേക്ക് കേറിവന്നത്. ജില്ലാ കോടതിയില്‍ സൂപ്രണ്ടാണ് അമ്മാവന്‍. കൃത്യതയും കണിശതയും ഉള്ള ആള്‍. സ്വന്തം അധികാരം ഉപയോഗിച്ച് അതിരുകടന്നൊന്നും ചെയ്യില്ല. പലവട്ടം ഡിപ്പാര്‍ട്മെന്റില്‍നിന്ന് ഗുഡ് സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടുണ്ട്.

സിനിമ പോസ്റ്റര്‍ വലിച്ചുകീറിയതിനാണ് കേസെന്ന് പറഞ്ഞാല്‍ എന്തായിരിക്കും അമ്മാവന്റെ പ്രതികരണം. ഇക്കാര്യത്തില്‍ അമ്മാവന്‍ എനിക്ക് വേണ്ടി വക്കാലത്ത് പറയാന്‍ സാധ്യതയില്ല.

അമ്മാവനെ കണ്ടപ്പം പൊലീസുകാരന്‍ അടുത്തേക്ക് തിടുക്കപ്പെട്ട് ചെന്നു: ‘‘സാറെന്തെ ഇവ്‌ടെ?’’

ബെഞ്ചില്‍ കുത്തനെ നിൽക്കുന്ന എന്നെ അമ്മാവനൊന്നു നോക്കി: ‘‘സിസ്റ്ററുടെ മകനാണ്...’’

അമ്മാവനും പൊലീസുകാരനും ഇന്‍സ്‌പെക്ടറുടെ മുറിയിലേക്ക് കേറി. അധികനേരമെടുക്കാതെ പൊലീസുകാരന്‍ മാത്രം പൊറത്തിറങ്ങി. ‘‘സാറിന്റെ അനന്തരവനായത് നിന്റെ ഭാഗ്യം. താഴെയിറങ്ങ്... മേലാല്‍ ഇതാവര്‍ത്തിക്കരുത്...’’

സംഭവിച്ചതൊക്കെ ചേക്കു പറഞ്ഞതാവണം. പോസ്റ്റര്‍ നശിപ്പിച്ചതിന് അമ്മാവന്‍ എന്തെങ്കിലും പറയും. എങ്ങനെ ആയിരിക്കും അത് പ്രകടിപ്പിക്കുക എന്നത് പറയാനാവില്ല. എല്ലാറ്റിനും തയ്യാറായി ഞാന്‍ അമ്മാവനെ നോക്കി. എന്നോടുള്ള സ്‌നേഹവും വാത്സല്യവും ഈ സംഭവത്തോടെ അമ്മാവനിൽനിന്ന് ഒലിച്ചിറങ്ങി​േപ്പാകുമോ എന്നൊരു പേടി എനിക്കുണ്ടായിരുന്നു.

കുറച്ചുനേരം എന്നെ ചേര്‍ത്തുപിടിച്ചു. അമ്മാവന്‍ ഒന്നും ചോദിച്ചില്ല. ആ കണ്ണുകള്‍ നെറയുന്നത് ഞാന്‍ കണ്ടു. മരിച്ചുപോയ പെങ്ങളായിരുന്നു ആ നേരത്ത് അമ്മാവന്റെ മനസ്സുനിറയെ എന്നെനിക്കറിയാമായിരുന്നു.

ഒരു കിലോമീറ്ററിലധികം വഴിയുണ്ട് വീട്ടിലേക്ക്. പേട്ട ജുമുഅത്ത് പള്ളിക്ക് വടക്കുള്ള നേരിയ മഞ്ഞിറങ്ങിയ നിരത്തിലൂടെ അമ്മാവന്റെ പൊറകിലായ് ഞാന്‍ നടന്നു. രാമേട്ടന്റെ മക്കാനിമുറ്റത്ത് ചാപ്പില കൂട്ടി ആളുകള്‍ തീ കായുന്നുണ്ട്. മക്കാനിയുടെ തേക്കാത്ത ചൊമരില്‍ ഒട്ടിച്ചിരുന്ന ‘മൃഗയ’ പോസ്റ്ററിന്റെ പകുതിഭാഗവും കീറിയിരിക്കുന്നു. ചാപ്പിലക്ക് തീപിടിപ്പിക്കാന്‍ കീറിയതായിരിക്കണം അത്. കുറച്ചങ്ങ് നടന്നപ്പോള്‍ അമ്മാവന്‍ ഒന്നു ചൊമച്ചു. എന്തോ ഒന്ന് പറയാനുള്ള ചൊമയാണ​െതന്ന് എനിക്ക് മനസ്സിലായി. തോന്നല്‍ തെറ്റിയില്ല.

‘‘നല്ലൊരു കാര്യത്തിന് സ്റ്റേഷനി കേറിയതാണെങ്കില്‍ അഭിമാനിക്കായ്‌ര്ന്നു. ദ്പ്പം...’’ അമ്മാവന്‍ നടക്കുന്നതിനിടയില്‍ പറഞ്ഞു.

പതിനാല്‌ കൊല്ലങ്ങള്‍ക്കു മുമ്പ് എമര്‍ജന്‍സി കാലത്ത് ലോക്കപ്പിലും ജയിലിലും അനുഭവിച്ച യാതനകള്‍ അഭിമാനത്തോടെ പലവട്ടം അമ്മാവന്‍ പറഞ്ഞതാണ്. ഓരോ തവണയും അവ പുതിയ കഥകളായാണ് ഞാന്‍ കേട്ടുകൊണ്ടിരുന്നത്. അക്കാലം വീണ്ടും പറഞ്ഞുതൊടങ്ങുകയാണ്. പുതിയതൊന്ന് കേള്‍ക്കുംപോലെ ഞാനതിന് ചെവി കൂര്‍പ്പിച്ചു. തണുപ്പ് മെല്ലെവിട്ടിറങ്ങി. കത്തുന്ന ചാപ്പിലയുടെ ചുടുകാറ്റ് ശരീരമാസകലം പടര്‍ന്നുകേറി. തോക്ക് ചീറ്റിയ ചോരയുടെ തിരകളില്‍ കറുത്ത കടലിരമ്പുകയായിരുന്നു.

===========

*മൊന - മുന

*മീന്‍ച്ചെള്‍ക്ക - മത്സ്യം മുറിക്കുമ്പോള്‍ വരുന്ന വേസ്റ്റ്

*കേരംസ് - കാരംസ്.

*ആത്മാഹുതി - 1979ലെ ഏഴാംതരം

മലയാള പാഠാവലി പതിനേഴാം പാഠം

*മാല്‍പൊരി -മലബാറിലെ ഒരു പലഹാരം.

News Summary - weekly literature story