ദി മെറ്റമോർഫോസിസ്

‘‘നിങ്ങൾക്കിനിയും നാലു ജന്മങ്ങൾകൂടി ഭൂമിയിൽ ബാക്കിയുണ്ടാവും. വരും ജന്മം…’’ചിത്രഗുപ്തൻ പറയാനറച്ചു. നിറയെ പീലികളുള്ള അവളുടെ കണ്ണുകളിലേക്ക് ചുഴിഞ്ഞുനോക്കിയപ്പോഴേക്കും അയാളുടെ വാക്കുകൾ നിന്നുപോയി. അവൾ കണ്ണു ചിമ്മി അയാളെ നോക്കി. പുതിയ ജന്മത്തെ ചൊല്ലിയുള്ള ആവലാതികളോ ആകാംക്ഷയോ ഇല്ലാതെ ശാന്തമായിരുന്നു അവളുടെ മുഖം. മരിച്ചതിന്റെ 43ാം ദിനം കാലപുരത്തിലെ ഒരു തണുത്ത ശിലാതൽപത്തിൽ മയങ്ങുകയായിരുന്ന വിനീതയെ ചിത്രഗുപ്തൻ തന്റെ ദൂതൻ വഴി ഓഫീസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഒരു ആംഗലേയ അധ്യാപികക്ക് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നിട്ടുകൂടി അയാളുടെ ഓഫീസ് വാതിലിനു...
Your Subscription Supports Independent Journalism
View Plans‘‘നിങ്ങൾക്കിനിയും നാലു ജന്മങ്ങൾകൂടി ഭൂമിയിൽ ബാക്കിയുണ്ടാവും. വരും ജന്മം…’’
ചിത്രഗുപ്തൻ പറയാനറച്ചു. നിറയെ പീലികളുള്ള അവളുടെ കണ്ണുകളിലേക്ക് ചുഴിഞ്ഞുനോക്കിയപ്പോഴേക്കും അയാളുടെ വാക്കുകൾ നിന്നുപോയി. അവൾ കണ്ണു ചിമ്മി അയാളെ നോക്കി. പുതിയ ജന്മത്തെ ചൊല്ലിയുള്ള ആവലാതികളോ ആകാംക്ഷയോ ഇല്ലാതെ ശാന്തമായിരുന്നു അവളുടെ മുഖം.
മരിച്ചതിന്റെ 43ാം ദിനം കാലപുരത്തിലെ ഒരു തണുത്ത ശിലാതൽപത്തിൽ മയങ്ങുകയായിരുന്ന വിനീതയെ ചിത്രഗുപ്തൻ തന്റെ ദൂതൻ വഴി ഓഫീസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഒരു ആംഗലേയ അധ്യാപികക്ക് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നിട്ടുകൂടി അയാളുടെ ഓഫീസ് വാതിലിനു മുന്നിൽ എഴുതിപ്പിടിപ്പിച്ചിരുന്ന ‘പുഷ്’ എന്ന വാക്ക് അവളെ കുഴക്കി. വലിക്കണോ തള്ളണോ എന്ന ചിന്തയാൽ ഒരു നിമിഷം പതറിനിന്നു. കോളേജിൽ പ്രിൻസിപ്പലിന്റെ മുറിക്കു മുന്നിലും ഡിപ്പാർട്ട്മെന്റ് ഹെഡിന്റെ റൂമിനു മുന്നിലും ഇതേ ആശയക്കുഴപ്പം അവൾക്ക് പതിവായിരുന്നു.
ആദ്യം വലിച്ചുവെങ്കിലും രണ്ടാമത്തെ തള്ളലിലാണ് വാതിൽ തുറന്നത്. പണ്ടു കണ്ടിരുന്ന സിനിമകളിലെ മാന്ത്രിക ഗുഹപോലെ, നാവു നീട്ടി, കണ്ണു തുറിച്ച ശൂലധാരികളായ ദേവീ ചിത്രങ്ങളാലും തലയോട്, ശൂലം, കാട്ടുപോത്തിൻ തല, ചുവന്ന പട്ട്, പല വർണമഷികളാൽ എഴുതപ്പെട്ട കളങ്ങൾ എന്നിവയാൽ അലങ്കരിക്കപ്പെട്ട ചുവരുകളും ചുവപ്പും പച്ചയും നീലയും നിറമുള്ള പ്രകാശം പുറപ്പെടുവിക്കുന്ന ബൾബുകളുംകൊണ്ട് നിഗൂഢവത്കരിക്കപ്പെട്ട ഗുഹാസമാനമായ മുറിയായിരുന്നു വിനീതയുടെ സങ്കൽപത്തിലെ ചിത്രഗുപ്തന്റെ ഓഫീസ്. പക്ഷേ, ഉണ്ണിത്താൻ ഡോക്ടറുടെ പരിശോധനാമുറി പോലെ അത് പ്രസന്നമായിരുന്നു. വെളുത്ത ചുവരുകളും ഒാഫ് വൈറ്റ് കർട്ടനുകളും ഉചിതമായി ക്രമീകരിക്കപ്പെട്ട കാപ്പിപ്പൊടിയുടെ നിറമുള്ള മേശയും കമ്പ്യൂട്ടറും കസേരകളുമുള്ള അടുക്കും ചിട്ടയുമുള്ള മുറിയായിരുന്നു ചിത്രഗുപ്തന്റെ ഓഫീസ് മുറി. അതിന്റെ ചുവരുകൾ ഭംഗിയുള്ള പോർട്രയിറ്റുകൾകൊണ്ട് അലങ്കരിക്കപ്പെട്ടിരുന്നു. തലമുടി വശങ്ങളിലേക്ക് ചീകിെവച്ച, നേർത്ത െഫ്രയിമുള്ള കണ്ണട െവച്ച, വെട്ടി വൃത്തിയാക്കിയ മീശയുള്ള, ഷേവു ചെയ്ത് തുടുത്ത മുഖമുള്ള, സുമാർ 40 വയസ്സു തോന്നിക്കുന്ന സുന്ദരനായിരുന്നു ചിത്രഗുപ്തൻ.
ഹൊ! ചിത്രകാരൻമാർ വരച്ചതും കഥാകാരൻമാർ എഴുതിപ്പെരുപ്പിച്ചതും തന്റെ നിനവും തെറ്റിപ്പോയല്ലോ എന്ന് ചിന്തിച്ചുകൊണ്ട് ഉള്ളിൽ വന്ന പരിഹാസത്തെ ഒതുക്കിയെടുത്ത് മന്ദസ്മിതത്തോടെയാണ് അവൾ ചിത്രഗുപ്തന്റെ മുന്നിൽ നിന്നത്. അയാൾ അവളെ അടിമുടി നോക്കി. പിന്നെ തന്റെ കസേരയിൽനിന്നും എണീറ്റ് അവളുടെ അടുത്തേക്കു ചെന്നു. അവളെ ആലിംഗനംചെയ്യുകയും കവിളിൽ അമർത്തി ചുംബിക്കുകയുംചെയ്തു. ആഫ്റ്റർ ഷേവിന്റെ പതഞ്ഞുപൊങ്ങിയ മണം അവളെ പൂർവ ജന്മ സ്മൃതികളുടെ പതപ്പെരുക്കത്തിലേക്ക് തള്ളിയിട്ടു.
അന്നേരം റെയിൽവേ സ്റ്റേഷനു പിന്നിലെ അവളുടെ വീടിനു മുന്നിലൂടെ 11.10ന്റെ രാത്രിവണ്ടി മൃദുതാളത്തിൽ കൂകിപ്പായാൻ തുടങ്ങുകയും, അത് വേഗമാർജിക്കുകയും പിന്നെ പതിഞ്ഞ വേഗത്തിലോടി ഒരു കിതപ്പോടെ പാളത്തിൽ യാത്രയവസാനിപ്പിക്കുകയുംചെയ്തു. ആ തീവണ്ടിയോർമകളിൽ തരളിതയായ അവൾക്ക് ഒന്നുകൂടി പെറാൻ തോന്നി. മുഖത്തു പൊടിഞ്ഞ വിയർപ്പിനെ കൈകൊണ്ടു വടിക്കാൻ തുടങ്ങുമ്പോൾ ചിത്രഗുപ്തൻ വെളുത്ത ടിഷ്യൂ എടുത്ത് അവൾക്കു നേരെ നീട്ടി. മുഖം അമർത്തി തുടച്ച് തുടുത്ത മുഖത്തോടെ തന്നെ നോക്കിയ വിനീതയോട് പുഞ്ചിരിയും മണവും തുളുമ്പുന്ന വാക്കുകൾ നിരത്തിയിട്ട് ചിത്രഗുപ്തൻ പറഞ്ഞു:
‘‘നാണിച്ചു പോയല്ലേ... ഇത് ഇവിടത്തെ രീതിയാണേ.’’
‘‘ഏയ്...’’ അവൾ തല കുലുക്കി.
അയാൾ തന്റെ കസേരയിൽ ഇരിപ്പുറപ്പിച്ചുകൊണ്ട് ലാപ്പ്ടോപ്പെടുത്തു നിവർത്തിപ്പിടിച്ചു. കണ്ണട മൂക്കിനോട് കൂടുതൽ അടുപ്പിച്ചുകൊണ്ട് മുന്നിലെ കസേരയിൽ ഇരിക്കാൻ ആംഗ്യം കാട്ടി. അവളിരുന്നു. അവൾക്ക് പരിചിതരും അപരിചിതരുമായ മനുഷ്യരുടെ ഫോട്ടോകൾകൊണ്ട് അയാൾക്കു പിന്നിലെ ചുവര് അലങ്കരിച്ചിരുന്നു. ‘‘നാഹീ…’’
അവൾ ചുവരിലേക്ക് വിരൽ ചൂണ്ടി അതിശയത്തോടെ ചിത്രഗുപ്തനെ നോക്കി.
‘‘കെ പോപ്പ് ഗായിക നാഹിയല്ലേ അത്...’’
‘‘അതെ... കാലപുരത്തെ പാട്ടു പാടി ആനന്ദിപ്പിക്കുന്നവൾ... യു നോ ഹെർ...’’
കുറച്ചു നാൾ മുമ്പ് കോളേജിലെ മ്യൂസിക് ബാൻഡ് നാഹിക്കായി ഒരു ട്രിബ്യൂട്ട് ഒരുക്കിയിരുന്നു. ഒരുപാടു പേരുടെ ഫേസ്ബുക്ക് വാളിലും വാട്സ്ആപ് കൂട്ടായ്മയിലും അതിന്റെ പോസ്റ്ററുകളും പോഡ്കാസ്റ്റും അവളും കണ്ടിരുന്നു. അങ്ങനെ കണ്ടില്ലായിരുന്നുവെങ്കിൽ അവർ നാഹിയെ ഒരിക്കലും തിരിച്ചറിയില്ലായിരുന്നു. കാരണം, അടുത്ത കാലത്തായി അവൾ ന്യൂസ് പേപ്പറുകൾ വായിക്കുകയോ ഓൺലൈൻ വാർത്തകൾ കാണുകയോ ചെയ്യുന്ന പതിവ് ഉപേക്ഷിച്ചിരുന്നു.
തലയാട്ടലോടെ അറിയാം എന്ന മറുപടി ചിത്രഗുപ്തന് നൽകിക്കൊണ്ട് അവൾ സ്മൃതികളെ ഉണ്ണിത്താൻ ഡോക്ടർക്ക് കൊടുത്തു.
ഉണ്ണിത്താൻ ഡോക്ടറുടെ മുറിയുടെ ചുവരുകളും ഇങ്ങനെയായിരുന്നു. പോർട്രയിറ്റുകളും പോസ്റ്ററുകളുംകൊണ്ട് അലങ്കരിച്ചിരുന്നു. മിക്ക പോസ്റ്ററുകളിലും അഗ്രം പിണച്ചുെവച്ച ലാവണ്ടർ നിറത്തിലുള്ള ഒരു റിബൺ ഉണ്ടായിരുന്നു. അത്തരത്തിലുള്ള ഒരു പോസ്റ്ററിനു കീഴെ എഴുതിയിരുന്നത്, വായിച്ച് വായിച്ച് മനഃപാഠമാക്കിയിരുന്ന ഒന്ന്, അവൾ ഓർത്തെടുത്തു. Human spirit is stronger than anything that can happen to it.
കഴിഞ്ഞ മേയ് മാസത്തിൽ അദ്ദേഹത്തെ കാണാൻ പോയപ്പോൾ ലാവണ്ടർ നിറമുള്ള പോസ്റ്ററുകൾ അദ്ദേഹം ഒഴിവാക്കിയിരുന്നു. ആ സ്ഥാനം ബ്രിട്ട്നി സ്പിയേഴ്സും എം.എസ്. സുബ്ബലക്ഷ്മിയും കരസ്ഥമാക്കിയിരുന്നു. ഒരറ്റം ശാന്തവും മറ്റേ അറ്റം പ്രക്ഷുബ്ധവുമായ സംഗീതത്തിന്റെ ഒരു കടൽകൂടി അവർക്കിടയിലെ ചുവരിൽ വരച്ചുചേർത്താൽ നന്നായിരുന്നേനെ എന്നും അനുപമയെക്കൊണ്ട് അത് വരപ്പിച്ച് ഡോക്ടർക്ക് സമ്മാനിക്കണമെന്നും അവൾ കരുതിയിരുന്നതാണ്. അത് ഡോക്ടറോട് പറയണമെന്നും.
‘‘ഡോക്ടർ, നിങ്ങളേതു രാഗത്തിന്റെ വഞ്ചിയേറിയാണ് സംഗീതത്തിന്റെ ഈ കടലറ്റങ്ങളെ താണ്ടിയത്’’ എന്ന ചോദ്യം കുസൃതിയോടെ ഡോക്ടറോട് ചോദിക്കാനാഞ്ഞതുമായിരുന്നു. ചോദ്യത്തിന് കാവ്യഗുണം കൂടിപ്പോയെന്ന ശങ്കയാൽ ആ ചോദ്യം എഡിറ്റ് ചെയ്യേണ്ടതുണ്ടെന്നു കരുതുകയും പിന്നത്തേക്കതിനെ മാറ്റിവെക്കുകയുംചെയ്തു. പിന്നീട് ഉണ്ണിത്താൻ ഡോക്ടറെ കാണാൻ പോയ ഒരോർമ അവൾക്കുണ്ടായിരുന്നില്ല.
‘‘വിനീതാ… ഇവിടെ ശ്രദ്ധിക്കൂ… നിങ്ങളുടെ മൂന്നാം ജന്മം...’’ അയാൾ ആദ്യവാചകം വീണ്ടും പറയാൻ തുടങ്ങി. അത് മുഴുമിപ്പിക്കുന്നതിനുള്ള അയാളുടെ തത്രപ്പാടു കണ്ടപ്പോൾ അവൾക്കു ചിരി വന്നു.
മറ്റൊരു ചുഴിഞ്ഞുനോട്ടത്തിന്റെ ഓർമപ്പെരുക്കത്തിൽ ചിരിയൊതുക്കി അവൾ പറഞ്ഞു:
‘‘പാറ്റ...’’ അയാൾ അവിശ്വാസത്തോടെ അവളെ നോക്കി.

അവളുടെ മൂന്നാം ജന്മം പാറ്റയായിരിക്കുമെന്ന് പാർഥി ലക്ഷ്മൺ സ്വാമിയാണ് പറഞ്ഞത്. എരിഞ്ഞ എള്ളിന്റെയും നാളികേരത്തിന്റെയും മണമുള്ള വൈത്തീശ്വരത്തെ തണുത്ത കൽത്തറയിലിരുന്ന് അവളുടെ പീലിത്തഴപ്പാർന്ന കണ്ണുകളിലേക്ക് നോക്കി പാർഥിലക്ഷ്മൺ സ്വാമി അങ്ങനെ പറഞ്ഞനേരം അവൾക്ക് കരയണമെന്നു തോന്നി. അറപ്പോടെയും വെറുപ്പോടെയും നെല്ലു മണത്ത പത്തായത്തിലും തേങ്ങാപുരയിലും പഴയ ഉടുപ്പുകളും പേപ്പറുകളും കൂട്ടിയിട്ട ചായ്പിലും ചവിട്ടിയും അടിച്ചും കൊന്ന പാറ്റകളെപ്പറ്റി അവൾ ഓർത്തു. റെയിൽവേ സ്റ്റേഷനു പിന്നിലെ പുതിയ വീട്ടിലെ വാർഡ്റോബുകളിൽ മരുന്നു തളിച്ച് കൊന്നവയെ ഓർത്തു. സുവോളജി ലാബിലെ ഡിസക്ഷൻ ടേബിളിൽ മാൽപീജിയൻനാളി കണ്ടെത്തുന്നതിനായി കൊന്നു മലർത്തിക്കിടത്തിയവയെ ഓർത്തു. ചത്തുപോയ പാറ്റകളുടെ വട്ടക്കണ്ണുകൾ അവളെ തുറിച്ചുനോക്കി. അവളുടെ ഓർമകളിൽ പൊറ്റപിടിച്ചു.
അരികിലിരുന്ന സന്തോഷിന്റെ മുഖത്തേക്ക് നോക്കിയെങ്കിലും മുറ്റത്ത് ഓടിക്കളിക്കുന്ന കുട്ടികളുടെ താറിനു പിന്നിലെ കോണകവാലിലേക്ക് നോക്കി ചിരിച്ചുകൊണ്ടിരുന്ന അയാളുടെ മുഖം പല കാഴ്ചത്തുണ്ടുകളായി ചിതറിപ്പോയി. ഞെട്ടലോടെ കാഴ്ചയെ വലിച്ചെടുത്ത് പാർഥി ലക്ഷ്മൺ സ്വാമിയെ നോക്കിയപ്പോൾ അയാളും ബഹുദർശനങ്ങളുടെ ഭിന്നരൂപമാർജിച്ചു കഴിഞ്ഞിരുന്നു.
വൈത്തീശ്വരത്തുനിന്നും മടങ്ങിയെത്തിയതിനുശേഷവും ഇടക്കിടക്ക് അവളുടെ കാഴ്ചകൾ മൊസേക്കുപോലെ ചിതറിപ്പോയി. അവൾക്ക് വിശക്കാതായി. ഉറക്കം വരാതായി. പാറ്റഗുളികകൾ സൂക്ഷിച്ചിരുന്ന വെളുത്ത ഡബ്ബയെടുത്ത് വെളിയിലേക്കെറിയുകയും ഹിറ്റിന്റെ കാനുകളും പാറ്റകളെയും പല്ലികളെയും ഉന്മൂലനാശം ചെയ്യുന്നതിനായി ഓൺെലെനിൽ വരുത്തിയ മരുന്നുകളും വാരി കുഴിയിലെറിയുകയുംചെയ്തു അവൾ.
ലെക്ചർ നോട്ടുകൾ തയാറാക്കിയില്ല. തയാറാക്കിയപ്പോഴോ ബെർണാഡ് ഷായുടെ പ്രൊഫൈലിലേക്ക് ഇബ്സനും ഷേക്സ്പി യറും കടന്നുവന്നു. ഷെല്ലിയുടെ കവിതകളിലേക്ക് കീറ്റ്സിന്റെ വരികളും വേർഡ്സ് വർത്തിന്റെ വരികളും മറിച്ചും കയറിവന്നു. കോളേജിൽ പോക്ക് വല്ലപ്പോഴുമായി. പോയാൽത്തന്നെ ലൈബ്രറിയിലോ കാന്റീനിലോ ഒറ്റക്കിരുന്ന് സമയം നീക്കി.
അടുക്കളയിലെ പുകക്കറ പിടിച്ച് മഞ്ഞളിച്ചുപോയ ക്ലോക്കിലെ സൂചികളായിരുന്നു പ്രഭാതങ്ങളിലെ അവളുടെ എതിരാളികൾ. പാചകം കഴിഞ്ഞ് പല പാത്രങ്ങളിലായി അതിനെ വിളമ്പിെവച്ച് അടുക്കളയൊതുക്കുമ്പോഴേക്കും ചെറിയ സൂചി എട്ടിനും ഒമ്പതിനുമിടയിൽ സ്ഥാനംപിടിക്കുകയും വലിയ സൂചി എട്ടു കടക്കുകയും ചെയ്തിട്ടുണ്ടാവും. എത്ര വേഗത്തിൽ പണിയെടുത്താലും എത്ര രാവിലെ ഉണർന്നാലും സൂചികൾ അവളെ തോൽപിച്ച് ഓടിക്കൊണ്ടിരുന്നു. അടുക്കളയിൽനിന്നിറങ്ങുമ്പോൾ കോളേജ് ബസ് പോയിട്ടുണ്ടാവും. ഓടിപ്പിടഞ്ഞ് കോളേജിലെത്തുമ്പോൾ ഒന്നാം പീരിയഡിന്റെ പകുതി കഴിഞ്ഞിട്ടുണ്ടാവും.
വൈത്തീശ്വരത്തുനിന്നും മടങ്ങിവന്നതിനുശേഷം ഒരുനാൾ അവൾ ക്ലോക്കിലെ ബാറ്ററി ഊരിയെടുത്ത് വേസ്റ്റ് ബോക്സിലിട്ടുകൊണ്ട് സൂചികളെ നിശ്ചലരാക്കി. എട്ടിനു പിന്നിൽ െവച്ച് ഓട്ടം മതിയാക്കിയ സൂചികളെ തോൽപിച്ച ആശ്വാസത്തിൽ വീട്ടിനു മുന്നിലിറങ്ങി കോളേജ് ബസിനെ കാത്തുനിന്നു. ബസ് പോയി എന്ന് പലതവണ അനു ഓർമിപ്പിച്ചിട്ടും അത് വിശ്വസിക്കാൻ കൂട്ടാക്കാതെ വീട്ടുപടിക്കൽ ഉച്ചവരെ നിന്നു. ഒടുവിൽ വീട്ടിലേക്കു മടങ്ങി. പിന്നെ കോളേജിൽ പോയില്ല. ലിവിങ് റൂമിലെ സെറ്റിയിലോ സ്റ്റോർ റൂമിലെ കാലൊടിഞ്ഞ പഴയ കട്ടിലിന്റെ ഓരത്തോ വെറുതെ ചുരുണ്ടുകൂടി.
‘‘അമ്മയ്ക്കെന്താ പ്രശ്നം. വല്ല കിറുക്കു സ്വാമിമാരും പറേണ കേട്ട്…’’ സാങ്കു മുഖം ചുളിച്ചു. ‘‘ഒന്നൂല്ലേലും ഒരു ടീച്ചറല്ലേ അമ്മ... ഒര് പാറ്റ ജന്മം... അമ്മേ ഹിറ്റിൽ കുളിപ്പിക്കണം’’, അവൻ കളിയാക്കി.
ഉറക്കമില്ലാതായ രാത്രിയിൽ എണീറ്റു ചെന്ന് ലിവിങ് റൂമിലെ പുസ്തക അലമാരയിൽ പരതുമ്പോൾ പിന്നിൽ അനു വന്നു ചോദിച്ചു:
‘‘അമ്മാ മേ ഐ ഹെൽപ് ഊ…’’
‘‘ഓ നീ ഉറങ്ങിയിരുന്നില്ലേ…’’
‘‘നൈറ്റ് ഷിഫ്റ്റല്ലേ. അമ്മ മറന്നോ. ശബ്ദം കേട്ടു വന്നതാ...’’
‘‘ഓ… ഐ ഫർഗറ്റ് ഡിയർ… നീ പൊയ്ക്കോ അമ്മയ്ക്കൊരു പുസ്തകം വേണം… ഞാനെട്ക്കാം യൂ ഗോ…’’
സ്റ്റെയർകേസിന്റെ താഴെയുള്ള അറയിലെ പഴയ പുസ്തകങ്ങൾ വാരി നിറച്ചിരുന്ന ചാക്കുകെട്ടുകളിലേക്ക് അന്വേഷണം നീണ്ടപ്പോഴേക്കും എന്നോ ഉപേക്ഷിക്കപ്പെട്ട ആ പുസ്തകം കിട്ടി. ഒട്ടും സമയം കളയാതെ വാരിവലിച്ചിട്ട പുസ്തക കൂമ്പാരത്തിനു മേലെയിരുന്ന് അവൾ വായിക്കാൻ തുടങ്ങി.
‘‘എന്താ ഇത്ര വായിക്കാൻ?’’ സന്തോഷിന്റെ ചോദ്യത്തിന് പുസ്തകം ഉയർത്തിക്കാട്ടി ചിരിയോടെ വിനീത മറുപടി പറഞ്ഞു.
‘‘കാഫ്ക, ദ മെറ്റമോർഫോസിസ്...’’ വേർപെടുത്തിയെടുക്കാനാവാത്തവിധം മനുഷ്യന്റെ ഉടലിനോട് ഇഴുകിച്ചേർന്നുപോയ പാറ്റയുടെ പടമായിരുന്നു അതിന്റെ കവർ പേജിൽ.
‘‘ഒരമ്മ പാറ്റ’’, സാങ്കേത് ചിരിയോടെ കോളേജിലേക്കിറങ്ങി. അവൻ മടങ്ങിവന്നപ്പോഴും വായന അവസാനിച്ചിരുന്നില്ല.
‘‘ഇതിതുവരെ തീർന്നില്ലേ…’’ അവൾ ചിരിച്ചതല്ലാതെ മറുപടി പറഞ്ഞില്ല.
അന്നു രാത്രി പുസ്തകങ്ങൾക്കു നടുവിലിരുന്ന് വായിക്കുന്ന പാറ്റയുടെ വലിയ ചിത്രം വരച്ച് നിറം പിടിപ്പിച്ച് ‘മദർ പാറ്റ’ എന്ന ടൈറ്റിലും കൊടുത്ത് ഊണുമേശക്കു മുന്നിലെ ചുവരിൽ അനു ഒട്ടിച്ചു െവച്ചു.
‘‘മദർ പാറ്റ, ലുക്ക് ദേർ...’’
കഴിക്കാനിരിക്കുമ്പോൾ അനു അതിനു നേരെ വിരൽ ചൂണ്ടി.
‘‘സുന്ദരിപ്പാറ്റയല്ലേ... അമ്മാ…’’ അവൾ കുണുങ്ങിച്ചിരിച്ചു.
‘‘നിന്റെ അമ്മയും സുന്ദരിയല്ലേ…’’ അത് പറഞ്ഞ് വിനീതയും ചിരിച്ചതായിരുന്നു. സന്തോഷും സാങ്കുവും ഒപ്പം ചിരിക്കാൻ ചേർന്നു. ചുവരിൽ പുസ്തകം വായിച്ചുകൊണ്ടിരുന്ന പാറ്റ വായന അവസാനിപ്പിച്ച് ചിറകു വിടർത്തി പറന്നുയരുന്നതായും മുന്നിലെ കറിപ്പാത്രത്തിൽ വീണ് പിടഞ്ഞതായും വിനീതക്കു തോന്നി. ആ തോന്നലിൽ ചിരിക്കാഴ്ച പലതായി പിരിഞ്ഞു. മുന്നിലെ ബൗൾ താഴെ വീണ് ചിതറി. ദേഷ്യത്തോടെ പാറ്റയുടെ ചിത്രം അവൾ വലിച്ചുകീറുകയും കറിപ്പാത്രമെടുത്ത് അനുവിനു നേരെ എറിയുകയുംചെയ്തു. ഏറെ താമസിയാതെ അടക്കം വന്നെങ്കിലും അന്ന് രാത്രി 11.10ന്റെ തീവണ്ടി ചൂളംകുത്തി പാഞ്ഞോടിയപ്പോൾ അവൾ തലയണയിലേക്ക് മുഖം പൂഴ്ത്തി കരയാൻ തുടങ്ങി. സന്തോഷ് തല ഉയർത്തി നോക്കിയിട്ട് ലാപ്പുമെടുത്ത് പുറത്തേക്കു പോയി. കുറെനേരത്തിനൊടുവിൽ കിടക്കക്കരികിൽ ഒരു കാലൊച്ച അവസാനിച്ചതായും ഒരു നിഴൽ തനിക്കു മീതെ നീണ്ടുവരുന്നതായും വിനീതക്കു തോന്നി.
‘‘അമ്മാ…’’ ആ നിഴൽ ചോദിച്ചു. ‘‘എന്താമ്മാ ഇങ്ങനെ...’’ വിനീത ഒന്നും മിണ്ടിയില്ല. നിഴൽ മഞ്ഞുപോലെ പൊഴിഞ്ഞു. പിന്നെ പിൻവലിഞ്ഞു.
‘‘നമുക്കൊരിടംവരെ പോയാലോ?’’
രാവിലെ സന്തോഷ് ശാന്തനായി ചോദിച്ചു. പിറ്റേന്ന് അയാൾ ഓഫീസിൽ അവധി പറഞ്ഞിരുന്നു.
‘‘പോവാം.’’
ഡോക്ടർ മാർത്താ മെഹ്ശായിയുടെ കടൽക്കരയിലുള്ള ക്ലിനിക്കിലേക്ക് പോകണമെന്ന് അവളും കരുതിയതായിരുന്നു.
‘‘ഇതിൽ പേടിക്കാനൊന്നുമില്ല. മെനോേപാസിന്റെ സമയത്ത് സാധാരണയായി സ്ത്രീകൾക്ക് ഉണ്ടാകുന്ന ഒരു സാധാരണ പ്രശ്നം മാത്രമാണിത്. യു നീഡ് റ്റു അഡ്ജസ്റ്റ് സന്തോഷ്.’’
എന്ന വാചകത്തോടെ അവർ ഒ.പി ടിക്കറ്റിൽ ചില വൈറ്റമിൻ ഗുളികകൾ എഴുതിച്ചേർത്തു. യാത്രപറയാൻ നേരം ഡോക്ടർ അവളോടു പറഞ്ഞു:
‘‘വിനീതാ യു ഷുഡ് പ്രാക്ടീസ് യോഗ… രാവിലെ ആറു മണിയാകുമ്പോൾ ഇങ്ങോട്ടു പോന്നോളൂ… ദാറ്റ് വുഡ് ഹെൽപ് യൂ.’’
സന്തോഷ് എത്ര നിർബന്ധിച്ചിട്ടും അവൾ പോയില്ല. അതിരാവിലെ എണീറ്റ് രാത്രികളിൽ വീടിന്റെ പലയിടങ്ങളിലായി വിതറിയിട്ട ബിസ്കറ്റിന്റെയും പഴത്തിന്റെയും തുണ്ടുകളിലെ പാറ്റത്തുളകൾ പരിശോധിക്കുകയും ബാക്കിവന്നതിനെ പേപ്പറിൽ പൊതിഞ്ഞെടുത്ത് പിറ്റന്നത്തേക്ക് കരുതിവെക്കുകയുംചെയ്തു. മനുഷ്യരുടെ താഡനവും പാറ്റയെക്കൊല്ലി മരുന്നുകളുമില്ലാത്ത വീട്ടിൽ അവൾ വിളമ്പിെവച്ച ബിസ്കറ്റും പഴവും കഴിച്ച് പാറ്റകൾ കൊഴുത്തു. അവ രമിക്കുകയും വംശം വർധിപ്പിക്കുകയുംചെയ്തു.
വാർഡ് റോബിൽ മടക്കിെവച്ചിരുന്ന സന്തോഷിന്റെ പുതിയ ഷർട്ടിൽനിന്നും പാറ്റക്കുഞ്ഞുങ്ങൾ ഊർന്നുവീഴുകയും ഷർട്ടിൽ പാറ്റത്തുളകൾ കാണുകയുംചെയ്ത അന്ന് അവളുടെ വിലക്കുകളെയും സങ്കടഭാവത്തെയും അവഗണിച്ച് അയാൾ ഒരു പാറ്റ വേട്ടക്കാരനിലേക്ക് പരകായ പ്രവേശംചെയ്തു. കറുത്ത മാസ്ക് വലിച്ചുകെട്ടിയ മുഖവുമായി വാർഡ് റോബിന്റെയും സ്റ്റോർ റൂമിന്റെയും മുക്കും മൂലയും അരിച്ചുപെറുക്കി. സാങ്കുവും അനുവും അയാളോടൊപ്പം ചേർന്നു. മലർന്നുവീണ് രക്ഷപ്പെടാനായി പിടഞ്ഞ പാറ്റകളെക്കണ്ട് അവൾ കണ്ണുപൊത്തി. ഹിറ്റിന്റെ മണം സഹിക്കാനാവുന്നില്ലെന്നു പറഞ്ഞ് മൂക്കു പൊത്തി.
തനിക്കാരുമില്ലെന്ന് ആവർത്തിച്ചു പറഞ്ഞുകൊണ്ട് കരഞ്ഞു. നിലവിളിച്ചു. ചത്തുകിടന്ന പാറ്റകളുടെ കണ്ണുകളിൽ തട്ടി അവളുടെ കാഴ്ചയും ചിതറി. സന്തോഷും അനുവും സാങ്കുവും നിറങ്ങളില്ലാത്ത അസംഖ്യം കാഴ്ചത്തുണ്ടുകളായി മാറി. വർണരഹിതമായ കാഴ്ചപ്പെരുക്കങ്ങളുടെ ശൽക്കങ്ങളടർന്നു വീണ് അവളുടെ മസ്തിഷ്‍കം കുഴഞ്ഞു. ഓർമകൾ കീഴ്മേൽ മറിഞ്ഞുവീണു. അവളും.
ഓർമകളെ തിരികെ കിട്ടുമ്പോൾ ഉണ്ണിത്താൻ ഡോക്ടറുടെ ക്ലിനിക്കിലെ കട്ടിലിൽ കിടന്നുകൊണ്ട് എതിരെയുള്ള ചുവരിലെ ലാവണ്ടർ നിറത്തിലുള്ള പോസ്റ്ററിലെ മോട്ടിവേഷനൽ ക്വാട്ടിനെ വായിക്കുകയായിരുന്നു അവൾ. Human spirit is stronger than any thing that can happen to it.
‘‘വിനീത...’’ ചിത്രഗുപ്തൻ മേശമേൽ തട്ടി ഒച്ചയുണ്ടാക്കി അവളെ വിളിച്ചു.
‘‘അതെങ്ങനെ മനസ്സിലായി... എങ്ങനെ മനസ്സിലായി…’’
‘‘എന്ത്..?’’
‘‘അടുത്ത ജന്മം പാറ്റയാണെന്ന്…’’
‘‘ഓ അതോ… വൈത്തീശ്വരത്തെ പാർഥിലക്ഷ്മണ സ്വാമി പറഞ്ഞു.”
ജന്മങ്ങളെ ഗണിച്ചറിയാനുള്ള മനുഷ്യന്റെ കഴിവിലുള്ള അസൂയയാലോ അതോ താൻ വിനീതക്കായി തീർത്ത സസ്പെൻസ് പൊളിഞ്ഞതിലുള്ള നിരാശയാലോ ചിത്രഗുപ്തന്റെ ചിരികൊണ്ട് തുടുത്ത മുഖം വിളറിപ്പോയി.
‘‘നിങ്ങൾ മനുഷ്യൻമാർ കേമൻമാർതന്നെ’’ എന്നു പറഞ്ഞുകൊണ്ട് അയാൾ ലാപ്ടോപ്പിലേക്ക് ശ്രദ്ധ തിരിച്ചു. അയാളുടെ വിരലുകൾ കീബോർഡിലൂടെ ധൃതിപിടിച്ച് ചലിച്ചു.
‘‘ഇപ്പോ എനിക്കൊരാഗ്രഹൊണ്ട് പറയട്ടെ...’’ വിനീത ചോദിച്ചു.
അയാൾ അവളെ നോക്കി.
‘‘പറയൂ…’’ അയാൾ കണ്ണടയമർത്തി െവച്ചു.
‘‘എന്നെ പാറ്റയാക്കുമ്പോ എന്റെ വീട്ടി വിടുവോ.’’
അയാൾ ചിരിച്ചു: ‘‘എന്തിനാ..? അവിടെ നിങ്ങളെ ആരും തിരിച്ചറിയില്ല വിനീത.’’
‘‘എനിക്കു പോണം.’’ അവൾ കാർക്കശ്യത്തോടെ പറഞ്ഞു.അയാൾ മറുപടി പറയാൻ മെനക്കെടാതെ ‘‘അവിടെ നിങ്ങളെ ഒരാളും തിരിച്ചറിയില്ലായെന്ന വാചകം ആവർത്തിച്ചുകൊണ്ട് ലാപ്പിൽനിന്നും പരതിയെടുത്ത ചില വിവരങ്ങൾ അവളെ കേൾപ്പിച്ചു.
‘‘കഴിഞ്ഞ മാസം ലോകത്താകെയും നാലു ലക്ഷത്തി എൺപതിനായിരത്തി തൊണ്ണൂറ്റി എട്ട് പാറ്റകളാണ് ചത്തത്. ഇതിൽ പ്രായപൂർത്തിയെത്തി മരിച്ചത് വെറും 175 എണ്ണം മാത്രമാണ്. മനുഷ്യന് തീരെ ഇഷ്ടമില്ലാത്ത ജീവിയാണ് പാറ്റ. മനുഷ്യന്റെ തല്ലുകൊണ്ടോ പാറ്റയെക്കൊല്ലുന്ന മരുന്നടിച്ചോ ചാവുന്നതാണ് അധികവും.’’
‘‘പേക്ഷ... എനിക്കു പോണം.’’
‘‘അതെന്തിനാണ്?’’
‘‘എനിക്കൊരൂട്ടം കണ്ടെടുക്കണം, ജീവിച്ചിരുന്നപ്പോൾ ഞാൻ ഏറെ തെരഞ്ഞതാണ്.’’
‘‘എന്താണത്?’’
‘‘ഒരു കവിതയാണത്.’’
‘‘എന്ത് കവിത, നിങ്ങൾക്ക് കവിതയെഴുതാനറിയുമോ..?’’
‘‘ഒരൊറ്റക്കവിത മാത്രമേ ഞാൻ എഴുതിയിട്ടുള്ളൂ… വരികൾ എനിക്കോർമയില്ല.’’
‘‘പിന്നെ...’’
‘‘എന്റെ അമ്മ മരിച്ച് നാലാം ദിനമാണ് ഞാനത് എഴുതിയത്. എനിക്കന്ന് പതിനാല് വയസ്സായിരുന്നു.’’ അവൾ തുടർന്നു.
കടലിലേക്കിറങ്ങിച്ചെന്ന ആ എടുപ്പ്, ഒരു വലിയ പാറയാണോ മുനമ്പാണോ കടൽപ്പാലമാണോ അത്... എനിക്ക് നിശ്ചയമില്ലായിരുന്നു, ഞാനതിൽ ഒറ്റക്കായിരുന്നു. സ്വപ്നമായിരുന്നിരിക്കണം. എനിക്ക് ചുറ്റും കടൽ. നക്ഷത്രങ്ങളും ചന്ദ്രനും ഉണ്ടായിരുന്നില്ല. നാട്ടുവെളിച്ചത്തിൽ കറുത്ത സർപ്പങ്ങളെപ്പോലെ കടലലകൾ പുളഞ്ഞു. ചിലപ്പോഴൊക്കെ അവ ഉയർന്നുപൊങ്ങുകയും പത്തി ഉയർത്തുകയും അലറുകയുംചെയ്തു. എനിക്കു കരയണമെന്നു തോന്നി. ഞാനുറക്കെ നിലവിളിച്ചു. വഴുതുന്ന ഉടലുകളോടെ അവ എന്റെ മേലേക്ക് ഇഴഞ്ഞു. എന്നെ പൊതിഞ്ഞു. അപ്പോഴൊക്കെയും എന്റെ മേശവിളക്കിന്റെ പ്രകാശവട്ടത്തിൽ വിളറിയ പച്ചനിറമുള്ള ഒരു കടലാസ് കഷണം നിവർന്നുകിടന്നു. അതിൽ വളരെ സൂക്ഷിച്ചുമാത്രം നോക്കിയാൽ കാണാൻ കഴിയുന്ന നേർത്ത കറുത്ത വരകളുണ്ടായിരുന്നു.
എന്റെ കറുത്ത ഫൗണ്ടൻ പേന കടലാസിലേക്ക് ഓടിക്കയറി. അതിലെ മങ്ങിയ കറുത്ത വരകളെ ഗൗനിക്കാതെ മഷിയിറ്റിച്ചുകൊണ്ട് തലങ്ങും വിലങ്ങും അത് സഞ്ചരിച്ചു. എത്ര സഞ്ചരിച്ചിട്ടും തീരാത്തത്ര വിസ്താരമായിരുന്നു ആ കടലാസിന്. അന്നേരം കടലലർച്ചകൾക്ക് മീതെ എന്നവണ്ണം ഒരു തീവണ്ടി ചൂളംകുത്തി. പതിയെ... പതിയെ. പിന്നെ അതിന്റെ കൂകൽ ഉയർന്നുയർന്ന് ചെന്ന് അവസാനിച്ചു. അപ്പോഴേക്കും ഞാൻ കിതച്ചിരുന്നു. കടലാസിൽ പറ്റിക്കിടന്ന അക്ഷരങ്ങളെ കുറെ കാലത്തേക്ക് നോക്കാൻപോലും എനിക്കു തോന്നിയില്ല. പഴയ പുസ്തകങ്ങളും കളിപ്പാട്ടങ്ങളും സൂക്ഷിച്ചിരുന്ന വലിയ തുകൽപ്പെട്ടിയിലേക്കും അവിടെനിന്ന് പഴയതൊക്കെ കൂട്ടിയിടുന്ന അലമാരയുടെ അറയിലേക്കും അത് മാറ്റപ്പെട്ടു.
ചെറിയ സ്റ്റേഷനു പിന്നിലെ ആ വീട്ടിൽ വന്നതിനു ശേഷമുള്ള ഒരു ദിവസം 11.10ന്റെ ട്രെയിൻ കൂവിവിളിച്ച് പാഞ്ഞോടിയ നേരത്ത് ഇളംപച്ചയിലേക്കു പടർന്ന ആ അക്ഷരങ്ങളെ എനിക്കു വായിക്കണമെന്നു തോന്നി. വീട്ടിലെ പഴയ പുസ്തകങ്ങൾ കൂട്ടിയിട്ടിട്ടുള്ള സ്റ്റോറിന്റെ മൂലയിൽ, ടെറസിലെ പഴയ സാധനങ്ങൾ സൂക്ഷിക്കാനായി തയാറാക്കിയിട്ടുള്ള കമ്പിയഴികളിട്ട മുറിയിൽ വാർഡ് റോബുകളിൽ അങ്ങനെ അങ്ങനെ തെരഞ്ഞു തെരഞ്ഞ്... ഞാൻ വശം കെട്ടു... കിട്ടിയില്ല.’’
അവൾ നിർത്തി. അത്ര നേരവും അവളെ സാകൂതം കേട്ടുകൊണ്ടിരുന്ന ചിത്രഗുപ്തൻ കമ്പ്യൂട്ടറിലേക്ക് മുഖംതിരിച്ചു.
‘‘എത്ര ഓർമിച്ചിട്ടും വരികൾപോലും എനിക്ക് കണ്ടെത്താനായില്ല. ഞാനെത്ര നോക്കി.’’
അവളുടെ മുഖം മ്ലാനമായി.
അയാൾക്ക് ചിരിവന്നു മുട്ടി.
‘‘കുട്ടിയും ഇരുട്ടും കടലും സർപ്പങ്ങളും. കൊള്ളാം. നിങ്ങൾ മനുഷ്യർക്ക് ഭ്രാന്താണ്. വികാരജീവികൾ! sentimentalists.’’
അയാൾ സ്വന്തം വായ അമർത്തിപ്പിടിച്ചു. ചിരിയെ കൈക്കുമ്പിളിൽ ഒളിപ്പിച്ചു. അവൾ വിളറിയ പച്ചപ്പിലേക്ക് പടർന്ന വാക്കുകളെ ഓർത്തെടുക്കാൻ ശ്രമിച്ചുകൊണ്ട് ലാപ്പിലെ കീബോർഡിൽ അതിവേഗം ചലിച്ചുകൊണ്ടിരുന്ന അയാളുടെ വിരലുകളിൽ നോക്കിയിരുന്നു. ഒടുവിൽ അയാൾ എണീറ്റു. ചുവരിലെ മരയലമാരകളിലൊന്നു തുറന്നു. അതിൽനിന്നും ചുവപ്പും പച്ചയും നീലയും നിറമുള്ള ദ്രാവകങ്ങൾ ശ്രദ്ധയോടെ അളന്നെടുത്ത് ഒരു സ്ഫടികപ്പാത്രത്തിലേക്ക് ഒഴിച്ചു. ദ്രാവകങ്ങൾ പരസ്പരം കലർന്നു. സ്ഫടികപ്പാത്രത്തിന്റെ നിറം കൊഴുത്ത മഞ്ഞയായി.
അയാൾ വിളിച്ചു,
‘‘വിനീതാ വരൂ...’’ അവൾ എണീറ്റു.
അയാൾക്ക് പിന്നിലായി അടുത്ത മുറിയിലേക്ക് നടന്നു. ആ മുറിയിൽ നിലാവ് നീലിച്ചുകിടക്കുകയാണെന്ന് അവൾക്കു തോന്നി. ചിത്രഗുപ്തന്റെ മേൽ നീലവെളിച്ചം പറ്റിപ്പിടിച്ചു. അവളും നീലിച്ചു. അയാൾ മുറിയുടെ ചുവരിൽ ഘടിപ്പിച്ചിരുന്ന ലോഹ വളയങ്ങളിലൊന്നിനെ പിടിച്ചു തിരിച്ചു. നിരങ്ങിനീങ്ങിയ ചുവരിന്റെ പാളിക്കപ്പുറത്ത് മഞ്ഞയുടെ ഒരു കുഴൽപോലെ ഒരു തുരങ്കം നീണ്ടു. അയാളും അവളും അതിനകത്തേക്കു കയറി. രണ്ടു മഞ്ഞ മനുഷ്യരെപ്പോലെ അവർ നടന്നു. തണുപ്പ്, അവൾ കൈകൾകൊണ്ട് ശരീരത്തെ ചുറ്റിവരിഞ്ഞു.
‘‘വിനീതയ്ക്ക് തണുക്കുന്നുണ്ടോ…’’
‘‘ഊം…’’ അവൾ വിറപിടിച്ച ചുണ്ടുകൊണ്ടു നീട്ടി മൂളി.
അയാൾ അവളെ ചേർത്തുപിടിച്ചു. ദീർഘമായി ചുംബിച്ചു. അയാളുടെ ചുണ്ടിനും തണുപ്പായിരുന്നു. അയാളുടെ ചുണ്ടിൽ നിന്നും കൊഴുത്ത മഞ്ഞദ്രവം അവളുടെ കൂട്ടിപ്പിടിച്ച ചുണ്ടുകൾക്കിടയിലൂടെ വായിലേക്കിറ്റു വീണു. അവൾക്ക് ഓക്കാനം വന്നു. പക്ഷേ, വായ തുറക്കാനായില്ല. അവളുടെ വായയും തൊണ്ടയും നിറഞ്ഞു. അത് വയറ്റിലേക്ക് ഊർന്നിറങ്ങി. വയറു നിറഞ്ഞു. ഒടുവിൽ അവളും നിറഞ്ഞു. നിറഞ്ഞ് നിറഞ്ഞ് അത് അവളെക്കവിഞ്ഞൊഴുകി. തുരങ്കമാകെ മഞ്ഞദ്രാവകം നിറഞ്ഞു. തുരങ്കത്തിലെ വെളിച്ചം കൊഴുത്തു. അത് ജല്ലിപോലെ വഴുതി. അത് അവളെ വിഴുങ്ങിയെടുത്തു.
ഓർമ വരുമ്പോൾ ഒരു സ്ഫടിക തൽപത്തിൽ ഉടുതുണിയില്ലാതെ കമഴ്ന്നു കിടക്കുകയായിരുന്നു അവൾ. കൺപീലികൾ തുറക്കാനാവാത്തവിധം ഒട്ടിപ്പിടിച്ചിരുന്നു. എണീക്കാൻ ശ്രമിച്ചപ്പോൾ മഞ്ഞദ്രാവകത്തിന്റെ സ്നിഗ്ധതയിൽ വഴുതി. അവൾക്ക് ഇക്കിളിയായി. ഒരു തീവണ്ടി ദ്രുതവേഗത്തിൽ കൂകിപ്പാഞ്ഞു പോകുന്നൊരോർമയിൽ അവൾ കണ്ണാടിതൽപത്തിൽ മുഖമമർത്തിക്കിടന്നു. ആരോ കടന്നുവന്ന് അവളുടെ ഇടതു കൈയിനെ കവർന്നെടുത്തു. അതിൽ മൃദുലമായി ചുംബിച്ചു. പിന്നെ ചൂണ്ടുവിരലിലെ നഖങ്ങൾക്കിടയിലേക്ക് ഒരു സൂചി കുത്തിയിറക്കി. ദ്രാവകം ഞരമ്പുകളിൽനിന്നും ഞരമ്പുകളിലേക്ക് തള്ളിക്കയറി. മേലാകെ ഒഴുകി. അവൾ ചുവന്നു. കുറുകി. തൊലികൾ വരണ്ടു പൊറ്റപിടിച്ചു. അവളുടെ ഉടൽ ഖണ്ഡങ്ങളായി വിഭജിക്കപ്പെട്ടു.

അന്നേരം അവൾ പുസ്തകങ്ങൾക്കു നടുവിൽ കിടന്നുകൊണ്ട് കാഫ്കയുടെ മെറ്റമോർഫോസിസ് വായിക്കാൻ തുടങ്ങി. One Morning, as Gregor Samsa was waking up… വായന നീണ്ടു. ഗ്രെഗറിന്റെ ഉടൽ പല ഖണ്ഡങ്ങളായി ഭാഗിക്കപ്പെട്ടു. അതിൽനിന്നും ആറു കാലുകളിറങ്ങിവന്ന് ഭൂമിയെ തൊട്ടു. തൊലികൾ പുറംതോടുകളായി വരണ്ടുകുറുകി. പൊറ്റകളുടെ പുതപ്പിനുള്ളിൽ ചെറിയ തലച്ചോറുമായി അവൾ ചുരുങ്ങി. ആറ് കാലുകളുമുള്ള ഒരു പ്രാണിയായി പരിവർത്തനംചെയ്യപ്പെട്ടു. പിന്നെ കുറേക്കാലം അവൾക്ക് ചിന്തകളും സ്വപ്നങ്ങളും ഉണ്ടായില്ല.
ചിന്തകളും സ്വപ്നങ്ങളും മടക്കിക്കിട്ടുമ്പോൾ കാറ്റിനൊപ്പിച്ച് ആകാശത്തുകൂടി പറക്കുകയായിരുന്നു പാറ്റ. മൃദുലമായ ചിറകുകളെ താഴ്ത്തി അത് ഭൂമിയിലേക്കിറങ്ങി. ഭൂമി മുഴുവൻ ഇരുണ്ട് കിടന്നു. െറയിൽവേ സ്റ്റേഷനു പിന്നിലെ വീടും ഇരുട്ടിൽ പുതഞ്ഞു കിടന്നു. ചൂളംകുത്തി തീക്കണ്ണ് നീട്ടി ഒരു തീവണ്ടി പടിഞ്ഞാറേക്കു പാഞ്ഞു. പഴയ സാധനങ്ങൾ കുത്തിഞെരുക്കിയിട്ടിരുന്ന മരയലമാരിയുടെ മുകളിലത്തെ അറയിൽ അന്നേരം പാറ്റകളുടെ ഒരു യോഗം നടക്കുകയായിരുന്നു. പത്തിരുപത്തഞ്ച് വലിയ പാറ്റകളും അത്രത്തോളംതന്നെ കുട്ടിപ്പാറ്റകളും അവിടെക്കൂടിയിരുന്നു.
മൃദുലമായ ഒരു തുണിപ്പൊത്തിലായിരുന്നു അവ. ഈ ഭൂമി സകല ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണെന്നും മനുഷ്യൻ എല്ലായിടവും കൈയേറി മറ്റു ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയെ തകർക്കുകയാണെന്നും മറ്റു ജീവികളെ രാസായുധത്താലും കായികമായും ആക്രമിച്ച് കീഴടക്കുകയാണെന്നും ഈ പോക്കു പോയാൽ പാറ്റയെന്നത് വംശനാശം സംഭവിച്ചുപോകുന്ന ഒരു ജീവിവർഗമായി മാറുമെന്നും അതിനെതിരെ പ്രതികരിക്കണമെന്നും പ്രതിഷേധമെന്ന നിലയിൽ വീട്ടിലെ സകലമാന സാധനങ്ങളെയും കരണ്ടും തിന്നും നശിപ്പിക്കണമെന്നും ആഹ്വാനംചെയ്തുകൊണ്ട് അത് അവസാനിപ്പിച്ചപ്പോഴാണ് പാറ്റയെക്കണ്ടത്.
ഒരു നിമിഷം വാക്കുകൾക്ക് അവധി കൊടുത്ത് അത് പുതിയതായി എത്തിയ പാറ്റയെ ശ്രദ്ധിച്ചു. കൊമ്പുകൾ ഉയർത്തി അതിനെ അഭിവാദ്യംചെയ്തു. നേതാവിന്റെ പ്രഭാഷണം അവസാനിച്ചപ്പോഴേക്കും മറ്റു പാറ്റകൾ ആ തുണി മുക്കാലും കരണ്ടുതിന്നു കഴിഞ്ഞിരുന്നു. ചിതറിവീണ ചെറിയ തുണിച്ചുരുളുകളിൽനിന്നും പൂർവജന്മത്തിന്റെ ഉടൽഗന്ധമുയർന്നു.
പാറ്റ അതിന്റെ പൂർവജന്മത്തെ മണത്തെടുത്തു. ഇനിയും മാഞ്ഞു തീരാത്ത അവ്യക്തമായ സ്മൃതിപ്പെരുക്കങ്ങളിൽ അത് വിഷാദിച്ചു. തുണിപ്പൊത്തിൽനിന്നും അത് പുറത്തേക്കിറങ്ങി. പാറ്റകൾ തിന്നും തുപ്പിയും കാഷ്ഠിച്ചും ബാക്കിെവച്ച തുണികളുടെയും പേപ്പറുകളുടെയും തുണ്ടുകളിൽ മുഖം മുട്ടിച്ചു നടന്നു. പാറ്റ മുട്ടകളുടെ കട്ടിയുള്ള പുറംതോടുകളെ പകുത്ത് പാറ്റക്കിടാങ്ങൾ മീശത്തുമ്പുകൾ പുറത്തേക്കു നീട്ടി. അപാരമായ വാത്സല്യത്തോടെ പാറ്റ അവയെ തഴുകി. പിന്നെ ഓരോന്നും മണത്തു മുന്നോട്ടു നീങ്ങി. ഒടുവിൽ പഴയ കളിപ്പാട്ടങ്ങളും പുസ്തകങ്ങളും സൂക്ഷിച്ചിരുന്ന തുകൽപ്പെട്ടിയിൽ അത് മുട്ടിനിന്നു. പെട്ടിക്ക് പഴയ കറുപ്പ് ഉണ്ടായിരുന്നില്ല. പാറ്റകൾ കരണ്ട് അതിന്റെ അടിഭാഗം മുഴുവനും തുള വീണിരുന്നു. കീഴ്ഭാഗത്തെ പാറ്റത്തുളയിലൂടെ പെട്ടിയുടെ അകത്തേക്ക് കയറി. പൊടിഞ്ഞു വീണ കടലാസു കഷണങ്ങൾ... അക്ഷരങ്ങളുടെയും വാക്കുകളുടെയും പൊടികൾ. പാറ്റകളും കൂറകളും തിന്ന് ബാക്കിെവച്ചത്. പാറ്റ ആ പൊടിയിലൂടെ ആന്റിന മുട്ടിച്ചുെവച്ചു നടന്നു. മൊസേക്കുപോലെ ചിതറിപ്പോയ കാഴ്ചത്തുണ്ടുകളിലേക്ക് പറ്റിപ്പിടിച്ച അക്ഷരപ്പൊടികളെ അത് വായിക്കാൻ തുടങ്ങി. എഴുതി മറന്ന, കടൽത്തിരപോലെ ആർത്തലച്ചിറങ്ങിയ ഒറ്റക്കവിതയെ തിരഞ്ഞു. പക്ഷേ, പാറ്റക്കതിനെ മനസ്സിലാക്കാനായില്ല. കാലുകളിൽ പറ്റിപ്പിടിച്ച കടലാസ് പൊടികളെ വായിലേക്ക് കുടഞ്ഞിട്ട് അത് വീണ്ടും ഇഴഞ്ഞു. അടുക്കളയുടെ പുക ചുറ്റി മഞ്ഞച്ച ക്ലോക്കിലെ കറക്കമവസാനിച്ച സൂചിക്കു മീതെ അത് വാശിയോടെ കയറിയിരുന്നു.
‘‘അഹങ്കാരി, നിന്റെ ഓട്ടമവസാനിച്ചല്ലോ.’’ അത് പിറുപിറുത്തു.
സങ്കേതിന്റെ മുറിയിലെ വെളിച്ചത്തിലേക്കു ചെന്നു കയറുമ്പോൾ അവൻ ഉറങ്ങുകയായിരുന്നു. തുറന്നുകിടക്കുന്ന ലാപ്പിനും ഇംഗ്ലീഷ് ജേണലുകൾക്കുമിടയിൽ വായ തുറന്നുപിടിച്ചാണ് അവന്റെ ഉറക്കം. കമ്പി ഉപയോഗിച്ച് കെട്ടിെവച്ച അൽപം പൊങ്ങിയ അവന്റെ പല്ലുകൾക്കിടയിലൂടെ ശ്വാസം കയറിയും ഇറങ്ങിയും പൊയ്ക്കൊണ്ടിരുന്നു. അതിരറ്റ വാത്സല്യത്തോടെ പാറ്റ അവന്റെ കിടക്കയിലേക്ക് പറന്നിറങ്ങി. കവിളിൽ മൃദുവായി തൊട്ടു. പാറ്റക്കാലിന്റെ പരുപരുപ്പിൽ അലോസരപ്പെട്ട അവൻ കാലുകൾക്കിടയിൽ തിരുകിെവച്ചിരുന്ന കൈയിനെ വലിച്ചെടുത്ത് ആഞ്ഞടിച്ചു. പാറ്റ പറന്നുമാറി. അവൻ വീണ്ടും ഉറങ്ങിത്തുടങ്ങി.
പാറ്റ അനുവിന്റെ മുറി ലക്ഷ്യമാക്കി പറന്നു.
കോവിഡിനു ശേഷം വർക്ക് അറ്റ് ഹോം തെരഞ്ഞെടുത്ത് മുറിയിൽ ചടഞ്ഞുകൂടിയതാണ് അനുപമ. പുറംലോകത്തിനോട് തീരെ മമത കുറഞ്ഞ കുട്ടിയായിരുന്നു അവൾ. അച്ഛനും അമ്മയും സങ്കേതും കഴിഞ്ഞാൽ കുറെ പൂച്ചകളും നായ്ക്കളും ലൗബേർഡ്സും മാത്രമുള്ള ഒരു ലോകത്തിലേക്ക് ചുരുണ്ടു കിടക്കാനായിരുന്നു താൽപര്യം. അവളുടെ മുറിയിലെ ജനൽ കർട്ടന്റെ ഞൊറികൾക്കിടയിൽ അത് ഇരിപ്പുറപ്പിച്ചു. കമ്പ്യൂട്ടർ സ്ക്രീനിൽനിന്നിറങ്ങിച്ചെന്ന വെളിച്ചത്തിലേക്ക് മുഖം തിരിച്ചാണ് അവളിരുന്നിരുന്നത്. ചുരുണ്ടും നിവർന്നും തെന്നിമാറുന്ന സ്ക്രീൻ സേവറിന്റെ പ്രകാശ വ്യതിയാനങ്ങൾക്കനുസരിച്ച് അവളുടെ മുഖം മങ്ങുകയും തിളങ്ങുകയുംചെയ്തു. കണ്ണുകൾക്കായിരുന്നു ഏറെ തിളക്കം.
മേശമേൽ ഒരു േഡ്രായിങ് ഷീറ്റ് നിവർന്നു കിടന്നു. അതിലേക്കിറങ്ങിവന്ന പ്രകാശവിന്യാസത്തിലൂടെ അവളുടെ വിരലുകൾ അതിവേഗം നീങ്ങി. ഓടിക്കയറിയ ബ്രഷുകൾ പല വർണങ്ങളെ പടർത്തിയിട്ടു. അവളുടെ വിരലുകൾക്ക് അസാധാരണ വേഗവും താളവുമായിരുന്നു.
ഒരു െട്രയിനിന്റെ ചൂളംവിളി മൃദുവായി കേട്ടുതുടങ്ങുകയും അത് ഉയർന്നുയർന്ന് ഉച്ചസ്ഥായിയിലാവുകയും ഒടുവിൽ അടങ്ങുകയുംചെയ്തു. അവൾ തളർന്നു. ഒടുവിൽ നിലവിളിച്ചുകൊണ്ട് കിടക്കയിലേക്കു വേച്ചു വീണു. ജാലകവിരിയുടെ ഞൊറികൾക്കിടയിൽനിന്നും മൃദുലമായ ചിറകുവിടർത്തി പാറ്റ പറന്നുചെന്ന് കമ്പ്യൂട്ടറിന്റെ വെളിച്ചത്തിലിരുന്നു. േഡ്രായിങ് ഷീറ്റിന്റെ വെളുത്ത പ്രതലത്തിൽ അലയടിക്കുന്ന കറുത്തിരുണ്ട ഒരു കടലിലേക്ക് തള്ളിയിറങ്ങിയ മുനമ്പിൽനിന്ന് ഒരു പെൺകുട്ടി നിലവിളിക്കുന്നത് പാറ്റ കണ്ടു.