കാഴ്ചകളുടെ സ്വപ്നഭൂമിയായി പെട്ടിമുടി
text_fieldsഅടിമാലി: കൊച്ചി-മധുര ദേശീയപാതയോരെത്ത കൂമ്പൻപാറ പെട്ടിമുടി ഹിൽ ടോപ് വ്യൂ പോയൻറ് മൺസൂൺ സഞ്ചാരികളുടെ സ്വപ്നഭൂമിയാകുന്നു. പുറത്തുനിന്ന് സഞ്ചാരികൾക്ക് നിയന്ത്രണം ഉണ്ടെങ്കിലും സമീപപ്രദേശങ്ങളിൽനിന്ന് നിരവധി പേരാണ് എത്തുന്നത്. കൂമ്പൻപാറയിൽനിന്ന് രണ്ട് കി.മീ. മാത്രം അകലെ സമുദ്ര നിരപ്പിൽനിന്ന് 4000 അടി ഉയരത്തിലാണ് ഈ സാഹസിക വ്യൂ പോയൻറ്. ഏതാണ്ട് ഒരുവർഷമേ ആയിട്ടുള്ളൂ ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങിയിട്ട്.
ദേശീയപാതയിൽനിന്ന് അര കി.മീ. മാത്രം ചെറുവാഹന യാത്ര. അതിനുശേഷം നടന്നു വേണം ഹിൽ ടോപ്പിൽ എത്താൻ. ഒരാൾ പൊക്കമുള്ള വലിയ ഇഞ്ചപ്പുല്ലുകൾക്കും കുറ്റിക്കാടുകൾക്കും ഇടയിലൂടെ കുത്തനെ ഉള്ള രണ്ടുമല കയറിയിറങ്ങിയാൽ പെട്ടിമുടി ഹിൽ ടോപ്പിൽ എത്താൻ സാധിക്കും. യാത്രയുടെ ക്ഷീണവും പ്രയാസവും മുകളിൽ ചെന്നാൽ ഒരു ഓർമ മാത്രമായി തീരുന്ന വിധത്തിലാണ് കാഴ്ച.
കോടമഞ്ഞ് എപ്പോഴുമുണ്ട്. പലമടക്കുകളായി കാണപ്പെടുന്ന മൂന്നാർ മലനിരകൾ, നിരവധി വെള്ളച്ചാട്ടങ്ങൾ, പെരിയാർ പുഴ, ഒന്നിലേറെ ഡാമുകൾ എന്നിവ പെട്ടിമുടിയിലെ കാഴ്ചകളാണ്. സൂര്യോദയ-അസ്തമയ കാഴ്ചകൾക്കുള്ള ഏറ്റവും ഭംഗിയുടെ ഇടമാണ് പെട്ടിമുടി. കുളിരുന്ന കാറ്റും പിന്നെ താഴെ പരന്നുകിടക്കുന്ന ജില്ലയിലെ ചെറു ഗ്രാമങ്ങളും നിരവധി ജലസേചനപദ്ധതികളും ഡാമുകളും ഏതൊരു സഞ്ചാരിയെയും ആകർഷിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.