കണ്ണൂര്‍ വിമാനത്താവളം: ഏറ്റെടുക്കുന്ന ഭൂമിയില്‍ അനധികൃത കെട്ടിടങ്ങള്‍ ഉയരുന്നു
text_fieldsമട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആദ്യവിമാനം പറന്നിറങ്ങാന്‍ ഇനി 57 ദിവസം മാത്രം അവശേഷിക്കേ സര്‍ക്കാറിനെ വഞ്ചിച്ചു ഭൂമിതട്ടാന്‍ ചിലരുടെ ഗൂഢശ്രമം. ഇതിന്‍െറ ഭാഗമായി പദ്ധതി പ്രദേശത്തിനരികില്‍ ആലകളും കൂടകളുമായി നിരവധി കെട്ടിടങ്ങള്‍ ഉയരുന്നതായി ആരോപണം. നാലാംഘട്ടത്തില്‍ ലൈറ്റ് അപ്രോച്ചിനായി ഏറ്റെടുക്കാന്‍ സാധ്യതയുള്ള സ്ഥലത്താണ് വ്യാപകമായി ഒന്നും രണ്ടും മുറി കെട്ടിടങ്ങള്‍ ഉയരുന്നത്.
ഭൂമി വിമാനത്താവളത്തിന് ഏറ്റെടുത്താല്‍ പുനരധിവാസത്തിന് 10 സെന്റ് സൗജന്യമായി പതിച്ചുകിട്ടും എന്നതാണ് അനധികൃത കെട്ടിടങ്ങള്‍ പണിയാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്.
നിലവില്‍ വീടുകളുള്ള പറമ്പില്‍നിന്ന് മക്കളുടെയും മരുമക്കളുടെയും പ്രിയപ്പെട്ടവരുടെയും പേരില്‍ അഞ്ചും 10ഉം സെന്റ് സ്ഥലം എഴുതിവെച്ച് അവിടെയാണ് അനധികൃത കെട്ടിടം പണിയുന്നത്. കണ്ണൂര്‍ വിമാനത്താവള പദ്ധതിക്കായി രണ്ടും മൂന്നും ഘട്ടങ്ങളില്‍ വീടുകള്‍ ഏറ്റെടുക്കപ്പെട്ട കുടുംബങ്ങള്‍ക്ക് പുനരധിവാസത്തിനായി 10 സെന്റ് സ്ഥലം വീതം സൗജന്യമായി ലഭിച്ചിരുന്നു.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നുള്ള അനുമതി ഇല്ലാതെയാണ് കെട്ടിട നിര്‍മാണം. നിര്‍മിച്ച ശേഷം കെട്ടിടത്തിന് നമ്പര്‍ ആവശ്യപ്പെട്ട് മാപ്പപേക്ഷയുമായി മട്ടന്നൂര്‍ നഗരസഭാ ഓഫിസില്‍ നിരവധി പേരാണ് എത്തുന്നത്. വിമാനത്താവളത്തിനു പോകുമെന്നറിഞ്ഞിട്ടും ആ സ്ഥലത്ത് നിര്‍മിച്ച കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്കാന് മട്ടന്നൂര്‍ നഗരസഭ തയാറായിട്ടില്ല.
ഏറ്റെടുക്കുന്ന സ്ഥലത്ത് നിര്‍മാണത്തിന് അനുമതി നല്‍കിയിട്ടില്ളെന്നും ദുരുദ്ദേശ്യപരമായി നിര്‍മിച്ച കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കില്ളെന്നും മുനിസിപ്പല്‍ സെക്രട്ടറി വ്യക്തമാക്കി. കീഴല്ലൂര്‍ പഞ്ചായത്തില്‍ ഇത്തരം അനധികൃത കെട്ടിട നിര്‍മാണം ശ്രദ്ധയില്‍പ്പെട്ടിട്ടില്ളെന്നും നാലാംഘട്ടത്തില്‍ ഏറ്റെടുക്കുന്ന സ്ഥലം ഏതാണെന്നുള്ള വിവരം പഞ്ചായത്തിനു ലഭിച്ചിട്ടില്ളെന്നും കീഴല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കി.മട്ടന്നൂരില്‍ മൂന്ന് ലാന്‍ഡ് അക്വിസിഷന്‍ സ്പെഷല്‍ തഹസില്‍ദാര്‍ ഓഫിസുകള്‍ പ്രവൃത്തിക്കുന്നുണ്ടെങ്കിലും മൂന്നു സ്ഥലത്തും നാലാംഘട്ട ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച് വ്യക്തത കൈവന്നിട്ടില്ല.
മൂന്നിടത്തും അടുത്തിടെ വന്ന തഹസില്ദാര്മാരാണുള്ളത്. ഇവിടെ ഇപ്പോള്‍ മൂന്നാംഘട്ട ഭൂമി ഏറ്റെടുക്കല്‍ നടപടിയാണ് തുടരുന്നത്. സര്‍ക്കാറിനെയും കിയാലിനെയും വഞ്ചിച്ച് 10 സെന്റ് വീതം ഭൂമി തട്ടാനുള്ള ചിലരുടെ ശ്രമത്തിനെതിരെ നാട്ടുകാരില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.ഇതിനിടെ, നിര്‍മാണ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തുന്നതിന്‍െറ ഭാഗമായി വിമാനത്താവള പദ്ധതി പ്രദേശത്ത് വിവിധ കേന്ദ്രങ്ങളിലായി കാലാവസ്ഥാ നിരീക്ഷണത്തിനും ശബ്ദ ദൈര്‍ഘ്യ പരിശോധനക്കുമായി വൈവിധ്യമാര്‍ന്ന ഉപകരണങ്ങള്‍ സ്ഥാപിച്ചു. കാലാവസ്ഥ വ്യതിയാനം, അന്തരീക്ഷ താപനില, പദ്ധതി പ്രദേശത്തിനു ചുറ്റുമുള്ള ശബ്ദ പരിശോധന എന്നിവ വിലയിരുത്തുന്നതിനാണ് വിവിധ കേന്ദ്രങ്ങളില്‍ ഇത്തരം ഉപകരണങ്ങള്‍ സ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.