വറുതിക്കാലത്ത് ‘ഉറുദി’യില്ലാതെ റമദാൻ
text_fieldsപടന്ന: കോവിഡ്കാലത്ത് ഒരു നേരത്തെ നമസ്കാരംപോലും സംഘടിതമായി പള്ളികളിൽ നമസ്കരിക്കാൻ കഴിയാത്തതിെൻറ വേദനയുമായാണ് പുണ്യ റമദാനിൽ വിശ്വാസികൾ നോമ്പനുഷ്ഠിക്കുന്നത്. ആരാധനകളടക്കം പല കാര്യങ്ങൾക്കും വൈറസ് തടസ്സമായപോലെ, റമദാൻകാലത്ത് പള്ളികളിലെ നമസ്കാരശേഷം ‘ഉറുദി’ എന്ന പേരിൽ അറിയപ്പെടുന്ന കൊച്ചുപ്രസംഗം നടത്തുന്ന പള്ളിദർസിൽ മതപഠനം നടത്തുന്ന വിദ്യാർഥികൾക്കും വലിയ ഒരു നഷ്ടമായിരിക്കുകയാണ്.
സഭാകമ്പം മാറി പ്രസംഗകലയിൽ നൈപുണ്യം നേടുക എന്നതാണ് ഇതിെൻറ പ്രഥമ ലക്ഷ്യം. നമസ്കാരശേഷം വിശ്വാസികൾക്കു മുന്നിൽ എഴുന്നേറ്റുനിന്ന് തുടങ്ങുന്ന പത്തോ പതിനഞ്ചോ മിനിറ്റ് നീളുന്ന ആ പ്രസംഗത്തിൽ ഉണ്ടാവുക പ്രവാചകാധ്യാപനങ്ങളും സാരോപദേശകഥകളും മാത്രമാണ്. പ്രാർഥനയോടെ പ്രസംഗം അവസാനിക്കുമ്പോഴേക്കും പള്ളിയുടെ ഒരു കൈകാര്യ കർത്താവ് പ്രസംഗകനുള്ള ചെറിയൊരു പിരിവ് പള്ളിക്കകത്ത് പൂർത്തിയാക്കിയിട്ടുണ്ടാകും.
എങ്കിലും റമദാൻ മുഴുവൻ ഓരോ നമസ്കാരസമയത്തും പള്ളികളിൽനിന്ന് പള്ളികളിലേക്ക് സഞ്ചരിച്ച് സ്വരുക്കൂട്ടുന്ന ആ കുഞ്ഞ് തുകകളാണ് തങ്ങളുടെ ഒരു വർഷത്തെ ആത്മീയ ഭൗതികപഠനത്തിനായുള്ള കിതാബുകൾക്കും നോട്ട്ബുക്കുകൾക്കും വസ്ത്രങ്ങൾക്കുംവേണ്ടിയുള്ള കരുതൽ ധനം. ഒപ്പം പിറകേ വരുന്ന സന്തോഷപ്പെരുന്നാളിന് സ്വന്തം വീട്ടിലെ മുഖങ്ങളിൽ ശവ്വാൽചിരി പരത്തുന്നതും ആ കൊച്ചു തുകകളാണ്. റമദാൻ തുടങ്ങുന്നതിന് മുമ്പുതന്നെ ഓരോ പള്ളിയിലെയും ഉത്തരവാദപ്പെട്ടവരെ കണ്ട് നമസ്കാരസമയത്തിനുശേഷമുള്ള ‘ഉറുദി’ സമയം ഇവർ ബുക്ക് ചെയ്ത് വെക്കും.
മഹല്ലിലെ സുഭിക്ഷതയിൽ അത്താഴത്തിനോ നോമ്പുതുറക്കോ അല്ലലില്ലാതെ മഹല്ല് നിവാസികളുടെ സ്നേഹകാരുണ്യത്തിൽ ശുഭ്രവസ്ത്രധാരികളായി പ്രസരിപ്പോടെ എവിടെയും കാണാൻ കഴിഞ്ഞിരുന്ന ആ ഉറുദിക്കൂട്ടങ്ങളെ ഈ റമദാനിൽ എവിടെയും കാണാനാവില്ല. സാമൂഹിക അകലം പാലിക്കലിൽ അടഞ്ഞുപോയ പള്ളികളും ലോക്ഡൗണിൽ കുടുങ്ങി സ്വന്തം വീട്ടകങ്ങളിൽ ഒതുങ്ങിപ്പോയ കൊച്ചു പ്രസംഗകരും ഓരോ മഹല്ല് നിവാസികളുടെയും മനസ്സിൽ ചെറിയ നോവോർമ പകരാതിരിക്കില്ല.
വർഷങ്ങളായുള്ള പരിചിത രീതികളിൽ തടസ്സമായി വന്ന അപ്രതീക്ഷിത രോഗം ഈ ഉറുദി പറച്ചിലുകാരിൽ ഉണ്ടാക്കുന്ന പ്രയാസങ്ങൾ ഒരു വർഷത്തോളം നീളുന്നവയാണ്. വെറും സാമ്പത്തികനഷ്ടക്കണക്കിൽ ഒതുങ്ങുന്നതല്ല അത്. ഒരു വിശിഷ്ടാതിഥിയുടെ പ്രൗഢിയോടെ സ്ഥിരം ചെല്ലുന്ന പരിചിത നാട്ടിലെ നഷ്ടനോമ്പിെൻറ നീറ്റൽകൂടി അതിൽ അടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.