പൊലീസുകാരെൻറ കണ്ണിൽ കറിയൊഴിച്ച് പ്രതി രക്ഷപ്പെട്ടു
text_fieldsകൊച്ചി: ഭക്ഷണത്തോടൊപ്പം നൽകിയ കറി പൊലീസുകാരെൻറ കണ്ണിൽ ഒഴിച്ചശേഷം പ്രതി സ്റ്റേഷനിൽനിന്ന് രക്ഷപ്പെട്ടു. എറണാകുളം സെൻട്രൽ സ്റ്റേഷനിൽ ബുധനാഴ്ച പുലർച്ച 3.30ഓടെയാണ് സംഭവം. നിരവധി മോഷണക്കേസുകളിൽ പ്രതിയായ പൊന്നാനി സ്വദേശി തഫ്സീർ ദർവേഷാണ് (21) രക്ഷപ്പെട്ടത്.
നഗരത്തിൽ മാർക്കറ്റ് റോഡിലും മറ്റും നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് പൊന്നാനി സ്വദേശികളായ തഫ്സീറിനെയും മുഹമ്മദ് അസ്ലമിനെയും (19) ചൊവ്വാഴ്ച സെൻട്രൽ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. ചാലക്കുടി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മറ്റൊരു മോഷണക്കേസിൽ റിമാൻഡിലായിരുന്നു ഇവർ. ബുധനാഴ്ച പുലർച്ച അസ്ലമിനെ പുറത്തുകൊണ്ടുപോയി തിരികെ കൊണ്ടുവരുന്ന സമയത്ത് സെല്ല് തുറന്നപ്പോൾ അകത്ത് നിന്ന തഫ്സീർ പൊടുന്നനെ ആക്രമിക്കുകയായിരുന്നു. തലേദിവസം നൽകിയ ചപ്പാത്തിയോടൊപ്പമുണ്ടായിരുന്ന കടലക്കറി പാറാവ് നിന്ന പൊലീസുകാരനായ പ്രമോദിെൻറ കണ്ണിലേക്ക് ഒഴിക്കുകയായിരുന്നു.
തുടർന്ന് തഫ്സീറും അസ്ലമും പുറത്തേക്ക് ഓടി. അസ്ലമിനെ പ്രമോദ് കീഴ്പ്പെടുത്തിയെങ്കിലും തഫ്സീർ ഒാടി രക്ഷപ്പെട്ടു. മറ്റു പൊലീസുകാരടക്കം ഓടിയെത്തി ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പ്രതി രക്ഷപ്പെടുന്നതിെൻറ സി.സി ടി.വി ദൃശ്യം പുറത്തുവിട്ടു. പ്രതിയുടെ പിന്നാലെ രണ്ട് പൊലീസുകാർ ഓടിയെങ്കിലും തൊട്ടടുെത്ത വളവിൽ എത്തിയതോടെ ഇരുട്ടിൽ മറയുകയായിരുന്നു. ബസ് സ്റ്റാൻഡ്, റെയിൽേവ സ്റ്റേഷൻ, നഗരത്തിെൻറ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങൾ പൊലീസ് അരിച്ചുപെറുക്കിയെങ്കിലും പ്രതിയെ പിടികൂടാനായില്ല.
ഇയാൾ കൂടുതൽ ദൂരേക്ക് പോകാൻ സാധ്യതയില്ലെന്നും ഉടൻ പിടികൂടാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും പൊലീസ് പറഞ്ഞു. നല്ല ഉയരവും ഇരുനിറവുമുള്ള പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9037085388, 9497962079, 9497980427, 04842 394500 നമ്പറുകളിൽ അറിയിക്കണമെന്ന് സെൻട്രൽ പൊലീസ് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.