ബസ് ജീവനക്കാരുടെ ജീവിതം ‘ബ്രേക്ക് ഡൗണിലേക്ക്’
text_fieldsകോട്ടയം: സർവിസ് പുനരാരംഭിച്ച സ്വകാര്യബസുകൾ ഓരോ ദിനവും വരുമാനം കുറഞ്ഞ് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നു. ലോക്ഡൗൺ ഇളവുണ്ടായതോടെ ജില്ലയിൽ 300ൽ അധികം ബസുകൾ സർവിസ് നടത്തിയിരുന്നിടത്ത് ഇപ്പോൾ നൂറിനടുത്തായി. കനത്ത നഷ്ടം തുടരുന്നതിനാൽ അടുത്ത ദിവസങ്ങളിൽ സർവിസുകൾ നിലക്കുന്ന സാഹചര്യമാണ് ഉള്ളതെന്ന് ബസുടമകൾ പറയുന്നു. കിഴക്കൻ മേഖലകളിൽ കോവിഡ് വ്യാപനമുണ്ടാവുകയും ലോക്ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കുകയും ചെയ്തതതോടെ ഈ മേഖലയിൽ യാത്രക്കാരില്ലാത്ത സ്ഥിതിയാണ്.
ഏറെപ്പേരും ബസ് യാത്ര ഒഴിവാക്കുകയോ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുകയോ ചെയ്യുകയാണ്. 1200ഓളം സ്വകാര്യ ബസുകളുള്ള ജില്ലയിൽ തിങ്കളാഴ്ച 150ൽ താഴെ മാത്രമാണ് സർവിസ് നടത്തിയത്. നടത്തുന്നവ ഏറെയും ട്രിപ്പുകൾ വെട്ടിക്കുറക്കാനും നിർബന്ധിതരാകുന്നു. 200 സ്വകാര്യ ബസുകളുള്ള കെ.കെ റോഡിൽ 25 എണ്ണമാണ് ഓടിയത്. കോട്ടയം-വൈക്കം, കോട്ടയം-ചേർത്തല റൂട്ടിൽ സർവിസ് ഏറെക്കുറെ നിലച്ചു. ശരാശരി 6000 രൂപ വരുമാനം ലഭിച്ചാൽ മാത്രമേ നിലവിൽ സർവിസ് നടത്താനാകൂവെന്ന് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ജില്ല സെക്രട്ടറി കെ.എസ്. സുരേഷ് പറഞ്ഞു.
മിക്ക സ്വകാര്യ ബസുകൾക്കും 2000 രൂപയിലും താഴെയാണ് ദിവസവരുമാനം. ട്രിപ്പുകൾ കുറച്ച് ഓടുമ്പോഴും ദിവസം കുറഞ്ഞത് 50 ലിറ്റർ ഡീസൽ വേണം. ഇതിന് നാലായിരത്തോളം രൂപ ചെലവുവരും. ജീവനക്കാരുടെ ദിവസവേതനവും റോഡ് നികുതിയും ഇൻഷുറൻസും ബാങ്ക് പലിശയും വർക്ഷോപ് ചെലവുകളും ഉൾപ്പെടെ വലിയ സാമ്പത്തിക ബാധ്യതയാണ് ഉടമകൾക്കുണ്ടാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.