ആരവങ്ങള്‍ക്ക് സ്റ്റേഡിയം ഒരുങ്ങി
text_fieldsകോഴിക്കോട്: ഫെബ്രുവരി അഞ്ചിന് ആരംഭിക്കുന്ന നാഗ്ജി അന്താരാഷ്ട്ര ഫുട്ബാള്‍ ടൂര്‍ണമെന്‍റിനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍. കളി നടക്കുന്ന കോര്‍പറേഷന്‍ സ്റ്റേഡിയം, പ്രാക്ടീസിങ് ഗ്രൗണ്ടുകളായ മെഡിക്കല്‍ കോളജ്, ദേവഗിരി, ഫറോക്ക് എച്ച്.എസ്.എസ് എന്നിവിടങ്ങളിലെ നവീകരണ പ്രവൃത്തികള്‍ ഏതാണ്ട് പൂര്‍ത്തിയായി. കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ 105 മീറ്റര്‍ നീളത്തിലും 68 മീറ്റര്‍ വീതിയിലുമുള്ള പുല്ല് വെച്ചുപിടിപ്പിക്കല്‍ അവസാന ഘട്ടത്തിലാണ്്.ഇവിടെ 35,000 പേര്‍ക്കുള്ള സ്ഥിരം ഗാലറിക്ക് പുറമെ, 6000 പേര്‍ക്ക് ഇരിക്കാവുന്ന താല്‍ക്കാലിക ഗാലറിയുടെ നിര്‍മാണവും പൂര്‍ത്തിയായി. 2000 ലക്ഷം വാട്ട് വെളിച്ചം ലഭിക്കുന്ന ലൈറ്റ് ടവറുകളുടെ അറ്റകുറ്റപ്പണി മാത്രമാണ് ഇനി ബാക്കിയുള്ളത്. ഇതിന്‍െറ വൈദ്യുതി പരിശോധനകള്‍ പൂര്‍ത്തിയായെങ്കിലും കേടായ ബള്‍ബുകള്‍ മാറ്റിസ്ഥാപിക്കാനുള്ള പണിയാണ് ബാക്കിയുള്ളത്. ഇത് അടുത്ത ദിവസം പൂര്‍ത്തിയാകും. രണ്ട് ടീമുകള്‍ക്കുള്ള ഡ്രസിങ് റൂം, മീഡിയാ റൂം, ടൂര്‍ണമെന്‍റ് കമ്മിറ്റി ഓഫിസ്, പവലിയന്‍ എന്നിവയും സജ്ജമായി. ഇവിടങ്ങളില്‍ അവസാന വട്ട പെയിന്‍റിങ് പ്രവൃത്തികളാണ് ചൊവ്വാഴ്ച നടന്നത്. ബുധനാഴ്ച വൈകീട്ടോടെ പുല്ല് പിടിപ്പിക്കല്‍ പ്രവൃത്തി പൂര്‍ണമാകും. ഇതിനു പുറമെ, ഫാറൂഖ് കോളജ്, ഫാറൂഖ് എച്ച്.എസ്.എസ് ഗ്രൗണ്ട്, ദേവഗിരി സെന്‍റ് ജോസഫ്സ് കോളജ് ഗ്രൗണ്ട്, മെഡിക്കല്‍ കോളജ് സെക്കന്‍ഡ് ഗ്രൗണ്ട് എന്നിവിടങ്ങളിലും നവീകരണം പൂര്‍ത്തിയായി. ഓരോ സ്റ്റേഡിയത്തിനും 35 ലക്ഷം രൂപയാണ് ചെലവഴിച്ചത്. ഇതിനു പുറമെ, വാംഅപ് സ്റ്റേഡിയങ്ങളായി കല്ലായി ഗണപത് എച്ച്.എസ്.എസ് ഗ്രൗണ്ടും സാമൂതിരി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടും ഉപയോഗിക്കുന്നുണ്ട്. എല്ലാ സജ്ജീകരണങ്ങളും ഫിഫയുടെ നിബന്ധനകള്‍ക്ക് വിധേയമായാണെന്ന് കെ.ഡി.എഫ്.എ ഭാരവാഹികള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.