എ.ബി.സി സെൻററിൽ നിന്ന് കരിമ്പുക; ശ്വാസം മുട്ടി നാട്ടുകാർ
text_fieldsകോഴിക്കോട്: നഗരസഭയുടെ കീഴിലുള്ള പൂളക്കടവിലെ ആനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) ആശുപത്രിയിൽ നിന്ന് ദുർഗന്ധത്തോട് കൂടിയ കരിമ്പുക ഉയർന്നതിനെ തുടർന്ന് നാട്ടുകാർക്ക് ശ്വാസതടസ്സവും അസ്വസ്ഥതയും അനുഭവപ്പെട്ടു. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. ശക്തമായ പുക പരിസരങ്ങളിലാകെ പടർന്നതോടെ പ്രദേശവാസികൾക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. കുട്ടികളും പ്രായമായവരുമാണ് ഏറെ പ്രയാസപ്പെട്ടത്.
ഒാൺലൈൻ ക്ലാസ് നടക്കുന്ന സമയമായതിനാൽ കുട്ടികളുടെ പഠനം തടസ്സപ്പെട്ടതായി അയൽവാസി സബിത പയിങ്ങാളിൽ പറഞ്ഞു. ഒരു മണിക്കൂറിലേറെ പുക അന്തരീക്ഷത്തിൽ തങ്ങി നിന്നു. പരിസരവാസികൾ ചേവായൂർ പോലിസിൽ വിവരമറിയിച്ചു. ഇൻസിനറേറ്ററിെൻറ തകരാറ് മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.
അതേസമയം, ഇവിടെ നിന്നുള്ള പുക അസ്വസ്ഥതയുണ്ടാക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്നും പരിസ്ഥിതി മലിനീകരണം സംബന്ധിച്ച് പൊലൂഷൻ കൺട്രോൾ ബോർഡിനെ കൊണ്ട് പരിശോധിപ്പിക്കണമെന്നും കടവ് റസിഡൻസ് അസോസിയേഷൻ സെക്രട്ടറി എൻ.കെ. ഇസ്മായിൽ ആവശ്യപ്പെട്ടു.
ആശുപത്രിയിലെ ജൈവമാലിന്യങ്ങളാണ് ഇവിടെ സംസ്കരിക്കുന്നത്. സാധാരണ ആശുപത്രികളിൽ ചെയ്യുന്നത് പോലെ ഇത്തരം മാലിന്യം സംസ്കരിക്കാൻ പുറത്തെ ഏജൻസിക്ക് കൈമാറണമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.