കുപ്പിയുണ്ടോ കൈയിൽ; ഷിനോജ് മൊഞ്ചാക്കിത്തരും
text_fieldsഒഴിഞ്ഞ കുപ്പികളുണ്ടെങ്കിൽ വലിച്ചെറിയേണ്ട. ഇഷ്ടമുള്ള മുഖങ്ങളേയോ വസ്തുക്കളെയോ ഒന്ന് കാണിച്ചു കൊടുത്താൽ മതി. മനോഹരമായ പെയ്ൻറിങ്ങിലൂടെ അവ കുപ്പികളിൽ പതിപ്പിച്ചു തരും കോഴിക്കോട് ചേന്ദമംഗലൂർ മംഗലശ്ശേരി സ്വദേശി സി.കെ ഷിനോജ്.
ചെറുപ്പം മുതലെ വരക്കാൻ കഴിവുള്ള സി.കെ ഷിനോജ്, അലങ്കാര നിർമിതികൾ ഇന്നും കൂടക്കൂട്ടുകയാണ്. പാഴ്വസ്തുക്കളിലെല്ലാം തെൻറതായ നിറക്കാഴ്ച്ചകൾ നൽകി മനോഹരമാക്കി മാറ്റി വീടിനകത്ത് വെക്കാൻ പാകത്തിൽ ആകർഷകമാക്കിമാറ്റും. സിനിമാ താരം ഗിന്നസ് പക്രു, ഇരുവഴിപ്പുഴയുടെ കഥയിലെ നായകൻ ബി.പി മൊയ്തീനും കാഞ്ചന മാലയും ഡാൻസർ മൈക്കിൾ ജാക്സനുമെല്ലാം ഷിനോജിെൻറ കൈകളാൽ കുപ്പികളിൽ മനോഹരമായി ആലേഖനം ചെയ്യപ്പെടുകയാണ്.
ആർട്ടുവർക്കുകളെ സീര്യസായി ഈ ലോക്ഡൗൺ സമയത്താണ് ഷിനോജ് സമീപിക്കുന്നത്. ഉപയോഗശൂന്യമായ കുപ്പികളും മറ്റു പ്ലാസ്റ്റിക്കുകളും മനോഹര കലാസൃഷ്ടികളാക്കി ഈ യുവാവ് അനായാസം മാറ്റുന്നു. വൈവിധ്യമാര്‍ന്ന ചിത്രങ്ങളാണ് ഡ്രൈവിങ്ങ് പണിക്കിടയിലും ഓരോ കുപ്പികളിലും നിറയുന്നത്. ബോട്ടിൽ ആർട്ടിലൂടെ നാട്ടിലെ താരമാണ് ഇപ്പോള്‍ ഷിനോജ്.
പ്രത്യേക പരിശീലനമൊന്നുമില്ലാതെയാണ് ഷിനോജ് കലാസൃഷ്ടികള്‍ ഒരുക്കുന്നത്. താൻ ഏറെ ഇഷ്ടപ്പെട്ട ഡ്രൈവിങ് ജോലി കഴിഞ്ഞ് ലഭിക്കുന്ന ഒഴിവു സമയത്ത് ഒരു വിനോദമായാണ് ബോട്ടില്‍ ആര്‍ട്ട് പരീക്ഷിക്കാന്‍ തുടങ്ങിയത്. യൂട്യൂബിലെ പരിശീലന വീഡിയോകള്‍ വഴികാട്ടിയായിരുന്നു. പരീക്ഷണങ്ങള്‍ക്ക് ലഭിച്ച മികച്ച അഭിപ്രായത്തിനൊപ്പം വീട്ടുകാരുടേയും, അയല്‍ക്കാരുടേയും സുഹൃത്തുക്കളുടെയും പ്രോത്സാഹനവും ആത്മവിശ്വാസം നല്‍കി.
കേരളീയ കലാരൂപങ്ങളും, പ്രകൃതി ദൃശ്യങ്ങളുമെല്ലാം ഷിനോജിെൻറ കലാവിരുതില്‍ പലരൂപത്തിലായി പുനര്‍ജനിക്കും. ഫാബ്രിക്, അക്രെലിക് പെയിൻറുകള്‍ ഉപയോഗിച്ചാണ് ചിത്രരചന. ബോട്ടില്‍ ആര്‍ട്ടില്‍ കൂടുതല്‍ പരീക്ഷണങ്ങൾ നടത്തുകയെന്നതാണ് ഇനി ഷിനോജിെൻറ ലക്ഷ്യം. ഒപ്പം പേപ്പർ ക്രാഫ്റ്റും മറ്റു കലാവിരുതുകളും പരീക്ഷിക്കുന്നുണ്ട്.
കോവിഡ് കാലത്തെ പ്രതിസന്ധി മറികടക്കാൻ വാണിജ്യാടിസ്ഥാനത്തിൽ പെയ്ൻറിങ്ങുമായി മുന്നോട്ടു പോവാനാണ് ഷിനോജ് ശ്രമിക്കുന്നത്. വിവാഹ വാർഷികത്തിനും ബെർത്ത് ഡേക്കും മറ്റു ആഘോഷങ്ങൾക്കുമായി ഇത്തരത്തിൽ പെയ്ൻറിങ് വർക്കുകൾ ചെയ്ത് കൊടുക്കുന്നുണ്ട്. നിരവധി പേരാണ് ഇപ്പോൾ വരകൾക്കായി ഷിനോജിനെ തേടിയെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.