ചൂടും ചൂരുമില്ല; എല്ലാം ഉറപ്പിച്ച മട്ടില്‍ മലപ്പുറം നഗരസഭ
text_fieldsമലപ്പുറം: തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാറായിട്ടും ആവേശം മലപ്പുറത്തിന് പുറത്ത് വെച്ചിരിക്കുകയാണ് നഗരസഭക്കാര്‍. മുഖ്യമന്ത്രി ഉള്‍പ്പെടെ വിവിധ പാര്‍ട്ടികളുടെ സംസ്ഥാന നേതാക്കള്‍ പ്രചാരണത്തിനത്തെി. പക്ഷേ, അത്ര ചൂടൊന്നും ഇവിടെ കാണാനില്ല.
കഴിഞ്ഞ കൗണ്‍സിലില്‍ യു.ഡി.എഫിന് മൃഗീയ മേധാവിത്വവും മുസ്ലിം ലീഗിന് ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷവും ലഭിച്ച മലപ്പുറത്തിന്‍െറ കാര്യത്തില്‍ സംശയമേ ഉദിക്കുന്നില്ളെന്ന് മുന്നണി നേതൃത്വം ആണയിടുന്നു. ചെറുകക്ഷികളുടെയും സ്വതന്ത്രരെയും പിന്‍ബലത്തില്‍ 1995ലേതിന് സമാനമായ അട്ടിമറി സ്വപ്നം കണ്ടാണ് ഇടതുപക്ഷ നേതാക്കള്‍. 40ല്‍ 26 വാര്‍ഡില്‍ മത്സരിക്കുന്ന ലീഗിന് പാണക്കാട്, കള്ളാടിമുക്ക് വാര്‍ഡുകളില്‍ കനത്ത മത്സരമാണ്. രണ്ടിടത്തും വിമതരാണ് പാര്‍ട്ടിക്ക് ഭീഷണി ഉയര്‍ത്തുന്നത്. ഇടതു സ്വതന്ത്രനായി പാണക്കാട്ട് സ്ഥാനാര്‍ഥിക്കുപ്പായമിട്ട ചുണ്ടയില്‍ മുഹമ്മദലി എന്ന മുന്‍ ലീഗുകാരന് മുന്നണിക്ക് പുറത്തെ വിവിധ പാര്‍ട്ടികളുടെ പിന്തുണയുമുണ്ട്.
കള്ളാടിമുക്കും പ്രവചനത്തിന് പിടികൊടുക്കുന്നില്ല. ലീഗ് വിമതന്‍ കഴിഞ്ഞ തവണ വിജയിച്ച ആലത്തൂര്‍പടിയില്‍ ഇപ്രാവശ്യം ഭീഷണിയില്ളെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. 2010ല്‍ നഷ്ടമായ പടിഞ്ഞാറേമുക്കില്‍ സ്വതന്ത്രനായി ഇറങ്ങുന്ന മൊയ്തീന്‍കുട്ടിയും ലീഗ് പ്രതിനിധിയാണ്. ഇതോടെ 25ല്‍ നിന്ന് 27 ആയി അംഗബലം ഉയരുമെന്നാണ് പാര്‍ട്ടി മുനിസിപ്പല്‍ കമ്മിറ്റിയുടെ അവകാശവാദം.
കഴിഞ്ഞതവണ 14 സീറ്റില്‍ മത്സരിച്ച് ആറെണ്ണത്തില്‍ മാത്രം ജയിച്ച കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ എണ്ണത്തില്‍ ഇക്കുറി വര്‍ധനയുണ്ടാവുമെന്ന് ലീഗ് നേതൃത്വം അവര്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്. പകുതിയോളം വാര്‍ഡില്‍ മാത്രമേ സി.പി.എം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നുള്ളൂ. നിലവില്‍ എട്ട് അംഗങ്ങളുള്ള സി.പി.എം ഇത്തവണ രണ്ടക്കം കടക്കുമെന്ന് തറപ്പിച്ചു പറയുന്നു. ഐ.എന്‍.എല്ലിനെ മുന്‍നിര്‍ത്തി സ്വതന്ത്രരെയടക്കം കൂട്ടുപിടിച്ച് നടത്തുന്ന പരീക്ഷണം വിജയിക്കുമെന്നാണ് എല്‍.ഡി.എഫിന്‍െറ വിശ്വാസം.
അധ്യക്ഷ പദവി വനിതാ സംവരണമാണ്. മുന്‍ ചെയര്‍പേഴ്സന്‍ സി.എച്ച്. ജമീല കിഴക്കത്തേലയില്‍നിന്ന് ജനവിധി തേടുന്നുണ്ട്. മുന്‍ വൈസ് ചെയര്‍മാന്‍ കോണ്‍ഗ്രസിലെ പെരുമ്പള്ളി സെയ്തിന് വലിയവരമ്പില്‍ ലഭിച്ചിരിക്കുന്നത് ശക്തനായ എതിരാളിയെയാണ്. മുതിര്‍ന്ന സി.പി.എം കൗണ്‍സിലര്‍ പാലോളി കുഞ്ഞിമുഹമ്മദാണ് ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. നിലവിലെ വൈസ് ചെയര്‍പേഴ്സന്‍ കെ.എം. ഗിരിജ മണ്ണാര്‍ക്കുണ്ടിലും സ്ഥിരംസമിതി അധ്യക്ഷന്‍ പരി അബ്ദുല്‍ മജീദ് പാണക്കാട്ടും മത്സരിക്കുന്നു. ബി.ജെ.പി സാന്നിധ്യം ഇക്കുറിയും പേരിന് മാത്രമാണ്. ചില വാര്‍ഡുകളില്‍ നിര്‍ണായക സ്വാധീനമുള്ള വെല്‍ഫെയര്‍ പാര്‍ട്ടിക്ക് 11 സ്ഥാനാര്‍ഥികളുണ്ട്. ഒമ്പതിടത്ത് സ്വന്തം ചിഹ്നത്തിലും രണ്ടുപേര്‍ സ്വതന്ത്രരായുമാണ് രംഗത്തുള്ളത്. ശക്തി തെളിയിക്കാന്‍ എസ്.ഡി.പി.ഐയും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. നഗരസഭ നിലവില്‍ വന്ന ശേഷം ഒരു തവണമാത്രമാണ് ഇവിടെ ലീഗിന് ഭരണം നഷ്ടമായത്. 1995ലെ ഇടതു ഭരണത്തിന്‍െറ ആയുസ്സ് പക്ഷേ, ഒന്നര വര്‍ഷം മാത്രമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.