പരസ്യപ്രചാരണം ഇന്ന് സമാപിക്കും; കലാശക്കൊട്ട് ഗംഭീരമാക്കാന്‍ പാര്‍ട്ടികള്‍
text_fieldsപത്തനംതിട്ട: പരസ്യപ്രചാരണത്തിന് സമാപനം കുറിച്ച് ഇന്ന് കലാശക്കൊട്ട്. തിങ്കളാഴ്ച ജില്ലയിലെങ്ങും പ്രചാരണം സജീവമായിരുന്നു. കാതടപ്പിക്കുന്ന മൈക്ക് അനൗസ്മെന്‍റുകള്‍ കൊണ്ട് നാടും നഗരവും ശബ്ദമുഖരിതമായി. വാഹന പ്രചാരണത്തില്‍ ഇരുമുന്നണികളും ബി.ജെ.പിയും മത്സരിക്കുക തന്നെയായിരുന്നു. വോട്ട് കൂട്ടാനുള്ള എല്ലാ തന്ത്രങ്ങളും മൈക്ക് അനൗണ്‍സ്മെന്‍റിലൂടെ നേടാന്‍ ശ്രമിക്കുന്നുണ്ട്. അനൗണ്‍സ്മെന്‍റിലൂടെ പുത്തന്‍ തന്ത്രങ്ങളും അവസാനനിമിഷം ചിലര്‍ പുറത്തെടുത്തു. അതില്‍ കൊച്ചുകുട്ടികളുടെ പാരഡി ഗാനങ്ങള്‍ വരെ ഉള്‍പ്പെടുത്തി ജനശ്രദ്ധ ആകര്‍ഷിക്കാനാണ് ശ്രമം.
നഗര-ഗ്രാമ തലങ്ങളില്‍ ഇതിനകം സ്ഥാനാര്‍ഥികള്‍ ആറ് റൗണ്ട് വരെ വോട്ടര്‍മാരെ കണ്ടിട്ടുണ്ട്. സ്ഥാനാര്‍ഥികളുടെ സ്വീകരണയോഗങ്ങള്‍ ഞായറാഴ്ച കൊണ്ട് പൂര്‍ത്തിയായി. തിങ്കളാഴ്ച മൈക്ക് അനൗണ്‍സ്മെന്‍റിനാണ് പാര്‍ട്ടികള്‍ പ്രാധാന്യം നല്‍കിയത്. ഇന്ന് മുക്കിലും മൂലയിലും ശബ്ദകോലാഹലത്താല്‍ നിറയും. വോട്ടര്‍മാരെ ആകര്‍ഷിക്കുന്ന പാരഡികളാണ് പ്രധാനമായും ഉപയോഗിച്ചിട്ടുള്ളത്.
പുതുതലമുറയെ വശത്താക്കാന്‍ വാട്സ്ആപ്, ഫേസ്ബുക് പ്രചാരണങ്ങളും അവസാന നിമിഷം ശക്തമായിട്ടുണ്ട്. ചാഞ്ഞുനില്‍ക്കുന്ന വോട്ടര്‍മാരുടെ വോട്ട് ഉറപ്പിക്കാന്‍ ഇന്നും നാളെയും തീവ്ര ശ്രമങ്ങള്‍ നടക്കും. പുറത്ത് ജോലിചെയ്യുന്ന വോട്ടര്‍മാരെ നാടുകളില്‍ എത്തിക്കാനും ഊര്‍ജിത നീക്കങ്ങളാണ് നടക്കുന്നത്.
ഉച്ചക്കുശേഷം പ്രധാന കേന്ദ്രങ്ങളില്‍ കലാശക്കൊട്ടും ആരംഭിക്കും. ഇത് കൊഴുപ്പിക്കാന്‍ മുന്നണികള്‍ തയാറെടുത്തുകഴിഞ്ഞു. കലാശക്കൊട്ടിനിടെ സംഘര്‍ഷം ഒഴിവാക്കാന്‍ കൂടുതല്‍ പൊലീസിനെയും പ്രധാന കേന്ദ്രങ്ങളില്‍ നിയോഗിച്ചിട്ടുണ്ട്. ബുധനാഴ്ച നിശ്ശബ്ദ പ്രചാരണമായിരിക്കും. വോട്ട് ഉറപ്പാക്കാനുള്ള എല്ലാ തന്ത്രങ്ങളും ബുധനാഴ്ച പുറത്തിറക്കും.
ഇരുമുന്നണികളിലും ബി.ജെ.പിയിലെയും സംസ്ഥാന നേതാക്കളുടെ പര്യടനവും തിങ്കളാഴ്ചയോടെ പൂര്‍ത്തിയായി. യു.ഡി.എഫില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, വി.എം. സുധീരന്‍, എന്‍.കെ. പ്രേമചന്ദ്രന്‍, എല്‍.ഡി.എഫില്‍ കോടിയേരി ബാലകൃഷ്ണന്‍, പിണറായി വിജയന്‍, കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍, ബി.ജെ.പി നേതാക്കളായ വി. മുരളീധരന്‍, പി.കെ. കൃഷ്ണദാസ്, എം.ടി. രമേശ് എന്നിവരും പ്രചാരണ പരിപാടികളില്‍ പങ്കെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.