പമ്പ വരണ്ടു, കിണറുകളും വറ്റി; ചൂടിലുരുകി റാന്നി
text_fieldsറാന്നി: കടുത്ത ചൂടിൽ റാന്നി മേഖല പൊരിയുന്നു. കടുത്ത ചൂടിൽ വരണ്ടുണങ്ങുന്ന നാട്ടിൽ ജല ലഭ്യത ഉറപ്പുവരുത്താൻ ഇടപെടണമെന്നതാണ് ഇപ്പോഴത്തെ പ്രധാന ആവശ്യം. പ്രളയശേഷമുള് ള ആദ്യ വേനലിൽ മനുഷ്യനും ജീവജാലങ്ങളും വേവുമ്പോൾ വെള്ളത്തിന് നെട്ടോട്ടത്തിലാണ് നാട്ടുകാർ. റാന്നിയുടെ പ്രധാന ജലസ്രോതസ്സാണ് പമ്പാനദി. ഇക്കഴിഞ്ഞ പ്രളയത്തിൽ പ്രളയജലം നദീനിരപ്പിെനക്കാൾ ആറ് ആൾ ഉയരത്തിൽ എത്തിയിരുന്നു. ചില കയങ്ങളിലൊഴികെ ഇപ്പോഴുള്ളത് പാദം മുങ്ങാൻ വെള്ളം മാത്രമാണ്. പമ്പാനദിയെ ആശ്രയിച്ചാണ് റാന്നി താലൂക്കിലെ അറയാഞ്ഞിലിമൺ, കുരുമ്പൻ മൂഴി, കൊല്ലമുള, വെച്ചൂച്ചിറ, കുടമുരുട്ടി, പെരുനാട്, അടിച്ചിപ്പുഴ, വടശ്ശേരിക്കര, റാന്നി, ഐത്തല, അങ്ങാടി, പുതമൺ-നാരങ്ങാനം, അയിരൂർ എന്നീ ജലവിതരണ പദ്ധതികളുള്ളത്. അനിയന്ത്രിത മണൽവാരലും പ്രകൃതിചൂഷണവും മൂലം പമ്പാനദിയുടെ അടിത്തട്ട് താഴുകയും ജലനിരപ്പ് കുറയുകയും ചെയ്തു.
പ്രളയകാലത്തെ വെള്ളത്തിെൻറ കുത്തൊഴുക്കും പിന്നീടുള്ള നിശ്ചലാവസ്ഥയും ജലം ഉൾവലിയുന്നതിന് ആക്കം കൂട്ടിയതായും വിലയിരുത്തുന്നു. പ്രളയത്തിനു മുമ്പ് മുക്കാൽ ഭാഗത്തോളം വെള്ളമുണ്ടായിരുന്ന കിണറുകളിൽ ശേഷം ആഴ്ചകൾക്കുള്ളിൽ ജലവിതാനം പകുതിയിൽ താഴെയായി. മഴക്കാലം നിലച്ചപ്പോൾ കിണറിെൻറ അടിത്തട്ടിലേക്ക് താഴുകയും ചെയ്തു. തീരദേശവാസികളും വെള്ളം വില കൊടുത്തു വാങ്ങേണ്ട സ്ഥിതിയിലാണ്. റാന്നി ടൗൺ മേഖലയിൽ മാത്രമല്ല, പഴവങ്ങാടി, അങ്ങാടി, റാന്നി പെരുനാട്, നാറാണംമൂഴി, വടശ്ശേരിക്കര, വെച്ചൂച്ചിറ, അയിരൂർ പഞ്ചായത്തുകളിലും കുടിവെള്ള പ്രതിസന്ധി രൂക്ഷമാണ്. ജലവിതരണ പദ്ധതികളിൽ പമ്പിങ്ങിന് വെള്ളമില്ല. വാഹനങ്ങളിലെത്തിക്കുന്ന കുടിവെള്ളം വൻ വില കൊടുത്തു വാങ്ങിയാണ് ആളുകൾ ഉപയോഗിക്കുന്നത്. ഇപ്പോഴുള്ള ജല സ്രോതസ്സുകളെയോ ജലവിതരണ പദ്ധതികളെയോ മാത്രം ആശ്രയിച്ച് നാട്ടിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ കഴിയില്ല. ദീർഘവീക്ഷണത്തോടെ പദ്ധതികൾക്ക് രൂപംനൽകുകയും പമ്പാനദി ഉറവിടം മുതൽ സംരക്ഷിക്കപ്പെടുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.