Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2017 1:56 PM IST Updated On
date_range 10 Aug 2017 1:56 PM ISTസ്വാതന്ത്ര്യം @ 70
text_fieldsbookmark_border
ഒല്ലൂർ: ചർക്കയും തക്കിളിയും ഉപയോഗിച്ച് നൂൽനൂൽക്കാനും ഖദർ ധരിച്ച് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാനുള്ള ഗാന്ധിയൻ സന്ദേശം തൃശൂർ ജില്ലയിലും പുറത്തും പ്രചരിപ്പിക്കുന്ന ദൗത്യം ഏറ്റെടുത്ത് അതിനായി ചാടിപ്പുറപ്പെട്ട യുവാവ്. സ്വാതന്ത്ര്യത്തിനുശേഷവും മരണം വരെയും തികഞ്ഞ ഗാന്ധിയനായി ജീവിച്ചതാണ് വി.ആർ. കൃഷ്ണനെഴുത്തച്ഛനെ സമകാലീന രാഷ്ട്രീയക്കാരിൽനിന്ന് വ്യത്യസ്തനാക്കുന്നത്. 1925ൽ ഏഴാംക്ലാസിൽ പഠിക്കുമ്പോൾത്തന്നെ സ്വാതന്ത്ര്യസമരത്തിലും ഗാന്ധിജിയുെട പ്രവർത്തനങ്ങളിലും ആകൃഷ്ടനായി പൊതുപ്രവർത്തനത്തിലേക്ക് എടുത്തുചാടുകയായിരുന്നു. തുടർന്ന് വിദ്യാർഥിജീവിതത്തോടൊപ്പംതന്നെ സ്വാതന്ത്ര്യസമര പ്രവർത്തനങ്ങളിലും വ്യാപൃതനായി. അവിണിശ്ശേരി എന്ന കൊച്ചുഗ്രാമത്തിൽനിന്ന് കേരളത്തിെൻറ മുക്കിലും മൂലയിലും സ്വാതന്ത്ര്യസമര സന്ദേശങ്ങൾ പ്രചരിപ്പിച്ചുകൊണ്ടും സ്വദേശി പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ടും പ്രവർത്തിച്ചു. വിദേശവസ്ത്രങ്ങൾ ബഹിഷ്കരിക്കാനും സ്വയം നെയ്ത ഖാദി ഉപയോഗിക്കാനുമുള്ള ഗാന്ധിജിയുടെ സന്ദേശത്തിെൻറ ചുവടുപിടിച്ച് 1938ൽ അവിണിശ്ശേരിയിൽ ഖാദി കേന്ദ്രം സ്ഥാപിച്ചു. ഖദർ ധരിക്കുകയും ഇന്ത്യക്കാരൻ എന്നതിൽ അഭിമാനിക്കുകയും വേണം എന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. യാത്രകളിലെല്ലാം ഒരു തക്കിളി കൂെട കൊണ്ടുനടന്ന് നൂൽ നൂൽക്കുമായിരുന്നു. സർക്കാർ ഉദ്യോഗസ്ഥർ ഖദർ ധരിക്കാൻ ഭയപ്പെടുന്ന കാലത്ത് അവിണിശ്ശേരിയിലെ നിരവധി വീട്ടമ്മമാരെയും സാധാരണക്കാരെയും നൂൽ നൂൽക്കാനും സ്വയം വസ്ത്രം നിർമിക്കാനും പര്യാപ്തമായ പ്രവർത്തനങ്ങളാണ് അദ്ദേഹം കാഴ്ചവെച്ചത്. ഖാദി പ്രവർത്തനങ്ങളെ കുറിച്ച് അനുഭവങ്ങൾ പങ്കുവെക്കുന്നതിനിടെ മഹാത്മാ ഗാന്ധി തനിക്കയച്ച പോസ്റ്റ് കാർഡിനെ കുറിച്ചും അദ്ദേഹം പറയാറുണ്ടായിരുന്നു. തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന നൂൽനൂൽപ് കേന്ദ്രം പ്രവർത്തകർ വി. ആറിെൻറ ഖാദി പ്രവർത്തനങ്ങൾ തങ്ങളുടെ കച്ചവടത്തെ ബാധിക്കുന്നതായി ഗാന്ധിജിയെ ധരിപ്പിച്ചിരുന്നു. ഇതിന് മറുപടിയായി ഗാന്ധിജി എഴുതി 'കൃഷ്ണൻ എഴുത്തച്ഛൻ ഖാദി പ്രവർത്തനമേഖല തൃശൂരിലെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കണം'. ഗാന്ധിജിയുടെ കത്ത് ആഹ്ലാദത്തേക്കാൾ ആത്മവിശ്വാസമാണ് പകർന്നതെന്നും പിന്നീട് ആമ്പല്ലൂരിലെ അളഗപ്പ ചെട്ടിയാരുമായി സഹകരിച്ച് കൂടുതൽ മികച്ച പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞതായും അദ്ദേഹം പറയാറുണ്ട്. ഖാദിക്കുവേണ്ടി സ്വന്തം അംഗീകാരങ്ങൾ വരെ പണയപ്പെടുത്തിയ കഥയും വി.ആറിനുണ്ട്. 1932ൽ ബി.എ ധനതത്വ ശാസ്ത്രത്തിൽ ഒന്നാംറാങ്ക് നേടിയതിന് ലഭിച്ച സ്വർണമെഡൽ ചേർപ്പിലെ തട്ടാന് പണയം വെച്ചാണ് ഖാദി കേന്ദ്രത്തിെൻറ പ്രവർത്തനഫണ്ട് കണ്ടെത്തിയത്. കേരളത്തിലെ സ്വാതന്ത്ര്യസമര പ്രവർത്തനങ്ങൾക്കുവേണ്ടി കൊച്ചി രാജ്യപ്രജാമണ്ഡല രൂപവത്കരണത്തിലെ യോഗാധ്യക്ഷനും ആദ്യ ജനറൽ സെക്രട്ടറിയും വി.ആർ ആയിരുന്നു. ആ കാലത്ത് വന്ന സാമൂഹിക ദുരന്തമായ കൊടുങ്കാറ്റിലും വസൂരിയിലും ജനങ്ങൾക്ക് താങ്ങും തണലുമായി പ്രവർത്തിച്ചത് വി.ആറിെൻറ നേതൃത്വത്തിൽ പ്രജാമണ്ഡലത്തിെൻറ സേവനങ്ങൾ ആയിരുന്നു. സാമൂഹിക പ്രവർത്തനങ്ങൾക്കൊപ്പം സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവമായി. സ്വാതന്ത്ര്യ സമരത്തിന് ശക്തിപകർന്ന് 1946ൽ ദീനബന്ധു ദിനപത്രം വന്നു. ആദ്യം വാരികയായി പ്രസിദ്ധീകരിക്കുമ്പോൾത്തന്നെ തെൻറ എഴുത്തിെൻറ ശക്തി കേരള ജനതയുടെ മനസ്സിൽ രാഷ്ട്ര സ്നേഹത്തിെൻറയും സ്വാതന്ത്ര്യസമര ചിന്തകളുടെയും വിത്തുപാകി. അന്നത്തെ ലേഖനങ്ങളും പ്രവർത്തനങ്ങളും ഭരണകർത്താക്കൾക്ക് തലവേദനയായി. പ്രജാമണ്ഡലത്തിെൻറ ഒന്നാം വാർഷികം സർക്കാർ നിരോധിച്ചു. അദ്ദേഹം ഒളിവിൽ പോയി. പക്ഷേ, ദേശസ്നേഹത്തിൽ കത്തിനിൽക്കുന്ന അദ്ദേഹത്തിന് ഒളിവുജീവിതം സഹിക്കാൻ കഴിഞ്ഞില്ല. ഒറ്റപ്പാലത്ത് അറസ്റ്റിലായി. നാളുകൾക്കുശേഷം ജയിൽ മോചിതനായെങ്കിലും വീണ്ടും ആഗസ്റ്റ് സമരത്തിലേക്ക്. അവിടെയും അദ്ദേഹം അറസ്റ്റിലായി. പത്ത് മാസം വിയ്യൂർ ജയിലിൽ കഴിഞ്ഞു. ജയിലിൽനിന്ന് പുറത്തുവന്ന അദ്ദേഹം പത്രമാരണ നിയമങ്ങൾക്കെതിരെയും ഭൂപരിഷ്കരണ നിയമത്തിനുവേണ്ടിയും സമരരംഗത്ത് വന്നു. സ്വാതന്ത്ര്യം തെൻറ ജന്മാവകാശമാണെന്ന് ഉറച്ചുവിശ്വസിക്കുകയും, സ്വാതന്ത്ര്യത്തിെൻറ ശുദ്ധവായു ശ്വസിക്കുന്നതുവരെ അതിനുവേണ്ടി ഓടിനടന്ന് പ്രവർത്തിക്കുകയും ചെയ്തു. സ്വാതന്ത്ര്യാനന്തരം ഖാദിക്കുവേണ്ടിയും സഹകരണ പ്രസ്ഥാനങ്ങൾക്കുവേണ്ടിയും ജീവിതം മാറ്റിവെച്ച മനുഷ്യ സ്നേഹിയായ വി.ആർ. കൃഷ്ണനെഴുത്തച്ഛൻ നമ്മുടെ സ്വാതന്ത്ര്യസമര സ്മരണകളിൽ കത്തിനിൽക്കുന്ന പ്രകാശ ഗോപുരമാണ്. തത്വദീക്ഷയില്ലാത്ത സമകാലീന രാഷ്ട്രീയക്കാർക്ക് പഠിക്കാനുള്ള ഒരു പുസ്തകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story