കുരങ്ങുപനി: ജില്ലയില്‍ അടുത്തമാസം വൈറോളജി ലാബ് തുടങ്ങും
text_fieldsകല്‍പറ്റ: കുരങ്ങുപനി രോഗനിര്‍ണയത്തിലെ കാലതാമസം ഒഴിവാക്കുന്നതിനായി ജില്ലയില്‍ വൈറോളജി ലാബ് തുടങ്ങുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. പി. ശശിധരന്‍ അറിയിച്ചു. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ പ്രത്യേക ലാബ് ഡിസംബര്‍ മാസം ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തനം തുടങ്ങും. കുരങ്ങുപനി രോഗം തടയുന്നതിനും മരണം ഒഴിവാക്കുന്നതിനും ഊന്നല്‍ നല്‍കിയുള്ള കര്‍മപദ്ധതിക്ക് ജില്ലാതലത്തില്‍ രൂപം നല്‍കി. രോഗം തടയുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ചുള്ള ബോധവത്കരണവും വാക്സിനേഷനും കാര്യക്ഷമമായി നടപ്പാക്കുന്നതോടൊപ്പം മരണം കുറക്കുന്നതിനായി കിടത്തിച്ചികിത്സയുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും വിംസ് മെഡിക്കല്‍ കോളജിലും കുരങ്ങുപനി ചികിത്സക്ക് സജ്ജീകരണം ഒരുക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ നടത്തിയ യോഗ തീരുമാനത്തിന്‍െറ തുടര്‍ച്ചയായി കഴിഞ്ഞവര്‍ഷം കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്ത പൂതാടി, ബത്തേരി, പുല്‍പള്ളി, മുള്ളന്‍കൊല്ലി ആരോഗ്യകേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച് അവലോകന യോഗങ്ങളും നടത്തി.
പ്രതിരോധ കുത്തിവെപ്പിനായി 4000 ഡോസ് വാക്സിന്‍ ജില്ലയില്‍ ലഭ്യമാക്കി പുല്‍പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. ആവശ്യമുള്ള ആരോഗ്യസ്ഥാപനങ്ങള്‍ പുല്‍പള്ളിയില്‍നിന്നും ഇവ ശേഖരിക്കണം. ഈ വര്‍ഷത്തെ വാക്സിനേഷന്‍ നവംബര്‍ 16ന് ചെതലയം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നടക്കും.
കഴിഞ്ഞ വര്‍ഷം ഒന്നാം ഡോസ് 3471 പേര്‍ക്കും, രണ്ടാം ഡോസ് 1478 പേര്‍ക്കും നല്‍കി. രണ്ടും മൂന്നും ഡോസുകള്‍ നല്‍കാനാണ് ഈ വര്‍ഷം ഊന്നല്‍ നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം 102 പേര്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചിരുന്നു. 11 പേര്‍ മരണപ്പെട്ടു. ജനുവരി മുതല്‍ ജൂണ്‍ വരെയാണ് ജില്ലയില്‍ ഈ കേസുകള്‍ ഉണ്ടായത്. ആരോഗ്യ ബോധവത്കരണം കാര്യക്ഷമമാക്കുന്നതിന് ആരോഗ്യവകുപ്പ് ജില്ലയില്‍ തയാറാക്കിയ ഡോക്യുമെന്‍ററി സി.ഡി എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാക്കിയിട്ടുണ്ട്. വനാതിര്‍ത്തി, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, കോളനികള്‍, പൊതുജന ശ്രദ്ധാകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സ്ഥിരം ബോര്‍ഡുകള്‍ സ്ഥാപിച്ചു.
ഇത്തവണ ആദിവാസി കോളനികള്‍, സ്കൂളുകള്‍, വിവിധ സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവ കേന്ദ്രീകരിച്ച് ബോധവത്കരണം നടത്തും. കുരങ്ങ് ചത്താല്‍ ഉടന്‍ ആരോഗ്യ വകുപ്പ് അധികൃതരെ വിവരം അറിയിക്കണമെന്ന് ഡി.എം.ഒ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.