ആനുകൂല്യങ്ങൾ നൽകിയില്ല; സ്കൂൾ ബസ് ഡ്രൈവർമാർ പെരുവഴിയിൽ
text_fields
കൽപറ്റ: കോവിഡിനെ തുടർന്ന് ജില്ലയിലെ സ്കൂൾ ഡ്രൈവർമാർ പ്രതിസന്ധിയിൽ. കഴിഞ്ഞ നാലുമാസമായി ഇവർക്ക് ശമ്പളമോ മറ്റു ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല. ജില്ലയിൽ സർക്കാർ, എയ്ഡഡ് മേഖലകളിലായി സ്കൂൾ ബസുകളിൽ 400ഓളം ഡ്രൈവർമാരും ആയകളും ജോലി ചെയ്തിരുന്നു. കോവിഡിെൻറ പശ്ചാത്തലത്തിൽ മാർച്ചിൽ സ്കൂളുകൾ അടച്ചതോടെ ഇവരുടെ ജീവിതവും പെരുവഴിയിലായി.
ഒന്നോ രണ്ടോ എയ്ഡഡ് സ്കൂളുകൾ മാത്രമാണ് ഇതിനിടെ ഡ്രൈവർമാർക്ക് പേരിനെങ്കിലും ശമ്പളം നൽകിയത്. കോവിഡിെൻറ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ തൊഴിൽ മേഖലകളിലുള്ളവർക്കും സർക്കാർ അടിയന്തര ധനസഹായം അനുവദിച്ചിരുന്നു. എന്നാൽ, സ്കൂൾ ഡ്രൈവർമാർക്കും ആയമാർക്കും ഒരു ആനുകൂല്യവും നൽകിയില്ല. ചെറിയ ശമ്പളത്തിലാണ് ഇവർ പണിയെടുക്കുന്നത്. പ്രയാസമേറിയ ജോലികൾ ചെയ്യാൻ സാധിക്കാത്തവരാണ് ബസ് ഡ്രൈവർമാരിൽ ഭൂരിഭാഗമെന്നും അതുകൊണ്ടുതന്നെ ഇവരുടെ കുടുംബങ്ങൾ പട്ടിണിയിലാണെന്നും കേരള സ്റ്റേറ്റ് സ്കൂൾ ബസ് ഓപേററ്റേഴ്സ് യൂനിയൻ (കെ.എസ്.എസ്.ബി.യു) ജില്ല സെക്രട്ടറി സി.സി. ജിഷു പറഞ്ഞു.
തങ്ങളുടെ ദുരിതം മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും ശ്രദ്ധയിൽപെടുത്തിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും ഇവർ പറയുന്നു. സ്കൂളുകളുമായി ബന്ധപ്പെടുമ്പോൾ മാനേജ്മെൻറ് പണമില്ലെന്നുപറഞ്ഞ് മടക്കുകയാണ്. സർക്കാർ സ്കൂളുകളിൽ അധ്യാപകരും പി.ടി.എയും സഹായിച്ചാണ് ശമ്പളം നൽകിയിരുന്നത്. ആകെയുണ്ടായിരുന്ന വരുമാനവും മുടങ്ങിയതോടെ എന്തു ചെയ്യണമെന്നറിയാതെ നിസ്സഹായാവസ്ഥയിലാണ് പലരും. നേരത്തെ, വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസിൽനിന്ന് സ്കൂൾ ബസ് ഡ്രൈവർമാരുടെ ലിസ്റ്റ് തയാറാക്കാൻ നിർദേശം നൽകിയെങ്കിലും നാലുമാസമായിട്ടും പൂർത്തിയാക്കാനായിട്ടില്ല.
വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെ അലംഭാവമാണ് തൊഴിലാളികൾക്ക് ആനുകൂല്യം ലഭിക്കുന്നതിന് തടസ്സമായതെന്നും ഡ്രൈവർമാർ കുറ്റപ്പെടുത്തി. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് ഡ്രൈവർമാർക്ക് ശമ്പളം നൽകുന്നതിനുള്ള നടപടി സ്വീകരിക്കണം.
അല്ലാത്തപക്ഷം ശക്തമായ സരമപരിപാടികളുമായി മുന്നോട്ടുപോകുമെന്നും കെ.എസ്.എസ്.ബി.യു ഭാരവാഹികൾ അറിയിച്ചു. വാർത്തസമ്മേളനത്തിൽ ജില്ല ട്രഷറർ എം.എ. സിനു, കെ.എസ്. ഷാജുമോൻ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.