യു.പിയിൽ മുതിർന്ന പൊലീസ് ഓഫിസറുടെ മകൾ ഹോസ്റ്റലിൽ മരിച്ച നിലയിൽ
text_fieldsലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ മുതിർന്ന പൊലീസ് ഓഫിസറുടെ മകളായ നിയമ വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. റാം മനോഹർ ലോഹ്യ നാഷണൽ ലോ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥിനിയായ 19കാരി അനിക രസ്തോഗിയാണ് മരിച്ചത്. ശനിയാഴ്ച രാത്രി മുറിയുടെ തറയിൽ അബോധാവസ്ഥയിൽ കിടക്കുന്ന നിലയിൽ അനികയെ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അനിക മരിച്ചതെന്ന് രാം മനോഹർ ലോഹ്യ ആശുപത്രി പ്രസ്താവനയിൽ അറിയിച്ചു.
മഹാരാഷ്ട്ര കേഡറിലെ 1998 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ സഞ്ജയ് റസ്‌തോഗിയുടെ മകളാണ് മൂന്നാം വർഷ ബി.എ എൽ.എൽ.ബി വിദ്യാർഥിനിയായ അനിക. സഞ്ജയ് റസ്‌തോഗി നിലവിൽ ദേശീയ അന്വേഷണ ഏജൻസിയിൽ ഇൻസ്പെക്ടർ ജനറലായി സേവനമനുഷ്ഠിക്കുന്നു.
ഹൃദയാഘാതം മൂലം ഇന്നലെ രാത്രി അന്തരിച്ച മൂന്നാം വർഷ ബി.എ എൽ.എൽ.ബി (ഓണേഴ്സ്) വിദ്യാർത്ഥിനിയായ അനിക റസ്തോഗിയുടെ വിയോഗം അഗാധമായ ദുഃഖത്തോടെ അറിയിക്കുന്നു. അവളുടെ ആകസ്മിക വിയോഗത്തിൽ ആർ.എം.എൽ കുടുംബം മുഴുവനും ദുഃഖിക്കുന്നു. ഈ വേളയിൽ അനിക രസ്തോഗിയുടെ കുടുംബത്തോടൊപ്പം സർവകലാശാല നിലകൊള്ളുന്നു. ഞങ്ങളുടെ അനുശോചനവും പ്രാർത്ഥനയും അവളുടെ കുടുംബത്തോടൊപ്പമുണ്ട് -റാം മനോഹർ ലോഹ്യ ആശുപത്രി പ്രസ്താവനയിൽ പറഞ്ഞു.
അനികയുടെ ശരീരത്തിൽ മുറിവുകളൊന്നും ഉണ്ടായിരുന്നില്ലെന്നും വസ്ത്രങ്ങൾക്ക് കേടുപാടുകൾ ഒന്നുമില്ലെന്നും പോലീസ് പറഞ്ഞു. ഹോസ്റ്റൽ മുറി അകത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നുവെന്നും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്നും പോലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും മരിച്ച പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ഇതുവരെ പോലീസിൽ പരാതി നൽകിയിട്ടില്ലെന്നും പോലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.