ശങ്കരാടിയും പപ്പുവും ജഗതിയുമില്ലാതെ ഈ പട്ടിക പൂർണ്ണമാകില്ല -മധുപാൽ
text_fieldsപ്രേക്ഷകൻ എന്ന നിലയിൽ പത്ത് കഥാപാത്രം മാത്രം തെരഞ്ഞെടുക്കാൻ പ്രയാസമാണ്. ഓർമയിൽ നിൽക്കുന്ന ആയിരക്കണക്കിന് കഥാപാത്രങ്ങൾ സിനിമയിലുണ്ട്. ചെറിയ വേഷങ്ങളിൽ പോലും അമ്പരപ്പിച്ച കുറേ നടീ-നടൻമാർ മലയാളത്തിലുണ്ട്.
അറേക്കാട്ട് അമ്പാടി തമ്പാൻ, പ്രേംനസീറിന്റെ മാസ്റ്റർപീസ്
പടയോട്ടം സിനിമയിൽ പ്രേംനസീർ അവതരിപ്പിച്ച അറേക്കാട്ട് അമ്പാടി തമ്പാൻ എന്ന കഥാപാത്രം മറക്കാൻ കഴിയില്ല.അതുവരെ ഉണ്ടായിരുന്ന പ്രേംനസീർ കഥാപാത്രങ്ങളെ മറികടക്കുന്നതായിരുന്നു അറേക്കാട്ട് അമ്പാടി തമ്പാൻ.
ഉയർച്ച താഴ്ച്ചകളെ കൃത്യമായി ചിത്രീകരിക്കാൻ ആ കഥാപാത്രത്തിനാവുന്നുണ്ട്. പ്രേംനസീറിന്റെ മാസ്റ്റർപീസ് വർക് തന്നെയാണത്. വീണ്ടും വീണ്ടും കാണണമെന്ന് തോന്നുന്ന കഥാപാത്രം കൂടിയാണ് പ്രേംനസീറിന്റെ അറേക്കാട്ട് അമ്പാടി തമ്പാൻ.
കഥാപാത്രം: അറേക്കാട് അമ്പാടിത്തമ്പാൻ
അഭിനേതാവ്: പ്രേംനസീർ
ചിത്രം: പടയോട്ടം (1982)
സംവിധാനം: ജിജോ
ഭാർഗവീനിലയത്തിലെ നോവലിസ്റ്റ്
ഭാർഗവീനിലയത്തിലെ സാഹിത്യകാരനായി വന്ന മധുവിന്റെ കഥാപാത്രം എടുത്ത് പറയേണ്ടതാണ്. ഒരുസിനിമ തുടങ്ങി പകുതി വരെ ഒരു കഥാപാത്രത്തെ മാത്രം ആശ്രയിച്ച് മുന്നോട്ട്കൊണ്ടുപോകുക എന്ന പരീക്ഷണമായിരുന്നു അത്.
മധുവിന്റെ അഭിനയവും ആ കഥാപാത്രത്തിന്റെ സ്വഭാവവുമാണ് ഇന്നും നോവലിസ്റ്റ് പ്രേക്ഷക മനസിൽ നിലനിൽക്കുന്നത്. ഒറ്റക്കുള്ള നോവലിസ്റ്റിന്റെ സംസാരം പ്രേക്ഷകരോടാണെന്ന് തോന്നും. എന്നും ഓർക്കുന്ന കഥാപാത്രമാണ് ഭാർഗവീനിലയത്തിലെ സാഹിത്യകാരൻ.
കഥാപാത്രം: നോവലിസ്റ്റ്
അഭിനേതാവ്: മധു
ചിത്രം: ഭാർഗവീനിലയം (1964)
സംവിധാനം: എ. വിൻസെന്റ്
കുഞ്ഞോനാച്ചനാണ് അരനാഴികനേരത്തിലെ ഹീറോ
'അരനാഴിക നേരം' എന്ന ചിത്രത്തിൽ കൊട്ടാരക്കര ശ്രീധരൻനായർ അവതരിപ്പിച്ചത് കുഞ്ഞോനാച്ചൻ എന്ന കഥാപാത്രത്തെയാണ്. കെ.എസ് സേതുമാധവന്റെ ചിത്രങ്ങളിൽ കൊട്ടാരക്കര അഭിനയിക്കുമ്പോഴുള്ള ഊർജം ആ സിനിമ കാണുമ്പോൾ തന്നെ മനസിലാകും.
കുടുംബത്തിലെ കാരണവരായ മനുഷ്യന്റെ ജീവിതമാണ് ആ കഥാപാത്രം വരച്ചുകാണിക്കുന്നത്. ആ സിനിമയിൽ സത്യനും പ്രേംനസീറുമുണ്ടെങ്കിലും കുഞ്ഞോനാച്ചനാണ് ചിത്രത്തിന്റെ നെടുംതൂൺ. റഫറൻസായി വരെ കുഞ്ഞോനാച്ചൻ എന്ന കഥാപാത്രത്തെ പിന്നീട് ഉപയോഗിക്കാവുന്നതാണ്.
കഥാപാത്രം: കുഞ്ഞോനാച്ചൻ
അഭിനേതാവ്: കൊട്ടാരക്കര ശ്രീധരൻ നായർ
ചിത്രം: അരനാഴികനേരം (1970)
സംവിധാനം: കെ.എസ്. സേതുമാധവൻ
പട്ടേലരും ചന്തുവും മാടനും ചേരുന്ന മമ്മൂട്ടി
ഭാസ്കരപട്ടേലർ, ചന്തു, പൊന്തൻമാട എന്നീ കഥകൾ സിനിമയാക്കിയപ്പോൾ മമ്മൂട്ടിയാണ് ഈ വേഷങ്ങളെല്ലാം അവതരിപ്പിച്ചത്. ഭാസ്കരപട്ടേലരും ചന്തുവും പൊന്തൻമാടയുമൊക്കെ ചെയ്യുമ്പോഴുള്ള വ്യത്യാസങ്ങൾ ആ നടനിൽ പ്രതിഫലിക്കുന്നുണ്ട്.
ഒരു ശ്രേണിയിൽപെട്ടതും എന്നാൽ അതിന്റെ വിരുദ്ധമായ വഴികളിലേക്ക് പോകുന്ന കഥാപാത്രങ്ങളാണിവ. ഈ മൂന്ന് കഥാപാത്രങ്ങളും ചേർത്ത് നിർത്തിയതാണ് മമ്മൂട്ടിയുണ്ടാകുന്നത്. മമ്മൂട്ടിയുടെ പല കഥാപാത്രങ്ങളും ആവർത്തിക്കുന്നുവെങ്കിലും ചന്തു എന്ന കഥാപാത്രം പിന്നീടുണ്ടാകുന്നില്ല. ഭാസ്കരപട്ടേലർ, ചന്തു, പൊന്തൻമാട എന്നീ കഥാപാത്രങ്ങളെ എന്നും നിലനിൽക്കുന്ന തലത്തിലേക്ക് മാറ്റാൻ മമ്മൂട്ടി എന്ന നടന് കഴിഞ്ഞു.
കഥാപാത്രങ്ങൾ: പട്ടേലർ, ചന്തു, മാട
അഭിനേതാവ്: മമ്മൂട്ടി
ചിത്രം: വിധേയൻ (1994), ഒരു വടക്കൻ വീരഗാഥ (1989) പൊന്തൻമാട (1994)
'ചോറു'കളെ പിടിക്കാൻ 'പ്രചോദൻ' ചോദിക്കുന്ന ഗൂർഖ രാംസിങ്
സാധാരണക്കാരനായ കുറേ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് മോഹൻലാൽ. ആ കഥാപാത്രങ്ങളിൽ എപ്പോഴും ഓർക്കുന്ന ഒരു കഥാപാത്രമാണ് ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റിലെ ഗൂർഖ രാംസിങ്.
നിസ്സഹായനായ ആ കഥാപാത്രം കള്ളത്തരത്തിലൂടെ ഗൂർഖയായി മാറുന്നു. നാടകീയമായ ആ കഥാപാത്രത്തെ നാടകീയത മറികടക്കുന്ന തരത്തിലേക്ക് മോഹൻലാൽ മാറ്റി. മറ്റു മോഹൻലാൽ കഥാപാത്രങ്ങളേക്കാൾ മികച്ചതെന്ന് തോന്നിയത് ഗൂർഖ രാംസിങ് ആണ്.
കഥാപാത്രം: ഗൂർഖ രാംസിങ്
അഭിനേതാവ്: മോഹൻലാൽ
ചിത്രം: ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്
സംവിധാനം: സത്യൻ അന്തിക്കാട്
വിരൽവരെ അഭിനയിച്ച ഭരത് ഗോപിയുടെ ദുശ്ശാസനകുറുപ്പ്
കെ.ജി ജോർജ് സംവിധാനം ചെയ്ത 'പഞ്ചവടിപ്പാലം' എന്ന ചിത്രത്തിൽ ദുശ്ശാസനകുറുപ്പിന്റെ കഥാപാത്രത്തെ ഭരത് ഗോപിയാണ് അവതരിപ്പിച്ചത്. പല സിനിമകളിലായി പലതരത്തിലുള്ള വേഷങ്ങൾ പലരീതിയിൽ ഭരത്ഗോപി ചെയ്തിട്ടുണ്ട്. എന്നാൽ ഒരു നടൻ വളരെ നാടകീയമായി ശരീരത്തെ മുഴുവൻ അഭിനയിപ്പിച്ച കഥാപാത്രമാണ് ദുശ്ശാസനകുറുപ്പ്.
പ്രതിമ ഉണ്ടാക്കിയ ശേഷം അതിനെ തൊട്ട് നോക്കുന്ന ആ ഒരൊറ്റ രംഗം തന്നെ അതിന് ഉദാഹരണമാണ്. ആ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ മറികടന്നുകൊണ്ട് മുന്നിട്ട് നിൽക്കുന്നത് ദുശ്ശാസനകുറുപ്പാണ്.
കഥാപാത്രം: ദുശ്ശാസന കുറുപ്പ്
അഭിനേതാവ്: ഭരത് ഗോപി
ചിത്രം: പഞ്ചവടിപ്പാലം (1984)
സംവിധാനം: കെ.ജി. ജോർജ്
താണുപിള്ളയും മല്ലൻപിള്ളയുമായി അമ്പരപ്പിച്ച് ലാൽ
ഞാൻ സംവിധാനം ചെയ്ത ഒഴിമുറി എന്ന ചിത്രത്തിൽ താണുപിള്ള, മല്ലൻപിള്ള എന്നീ രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ലാൽ ആണ്. തെക്കൻ തിരുവിതാംകൂർ പശ്ചാത്തലത്തിലെ കഥാപാത്രം ചെയ്യാൻ പലപ്പോഴും അതേ ഭാഗങ്ങളിൽ നിന്നുള്ളവർക്കാണ് പ്രാധാന്യം ലഭിക്കുക.
എന്നാൽ കൊച്ചിയിൽ നിന്നുള്ള ഒരു നടന്, താണുപിള്ളയും മല്ലൻപിള്ളയുമായി പരകായപ്രവേശം നടത്താനായി എന്നത് എന്നെ അമ്പരപ്പിച്ചു. ഉള്ളിൽതട്ടിയ തരത്തിലുള്ള കഥാപാത്രങ്ങളായിരുന്നു അവ. താണുപിള്ളയെയും മല്ലൻപിള്ളയെയും ഞാൻ കൂടെ കൊണ്ടുനടക്കുന്ന കഥാപാത്രങ്ങളാണ്.
കഥാപാത്രം: താണുപിള്ള /മല്ലൻപിള്ള
അഭിനേതാവ്: ലാൽ
ചിത്രം: ഒഴിമുറി (2012)
സംവിധാനം: മധുപാൽ
തിരുവിതാംകൂറിലെ ശക്തയായ കാളിപ്പിള്ള
ഒഴിമുറിയിലെ തന്നെ ശ്വേതാ മേനോൻ ചെയ്ത കാളിപ്പിള്ള എന്ന കഥാപാത്രവും കൂടെവന്നതാണ്. പരിചയത്തിലുള്ള എന്റെ അമ്മ/അമ്മൂമ്മയാണ് ആ കഥാപാത്രമെന്ന് പറഞ്ഞ കുറേപേർ എന്നെ വിളിച്ചിട്ടുണ്ട്.
കാളിപ്പിള്ള മലയാളി സ്ത്രീകളുടെ നെടുംതൂണാണ്. തിരുവനന്തപുരത്ത് താമസിക്കുമ്പോൾ കണ്ടിരുന്ന ശക്തയായ അമ്മമാരെയാണ് ആ കഥാപാത്രം പ്രതിനിധീകരിക്കുന്നത്. തെക്കൻ തിരുവിതാംകൂറിൽ കാളിപ്പിള്ളമാരുണ്ടായിരുന്നു എന്ന് വരച്ചുചേർക്കാൻ കഴിഞ്ഞ കഥാപാത്രമാണത്.
കഥാപാത്രം: കാളിപ്പിള്ള
അഭിനേതാവ്: ശ്വേതാ മേനോൻ
ചിത്രം: ഒഴിമുറി (2012)
സംവിധാനം: മധുപാൽ
ഇന്നും മലയാള സിനിമയെ സജീവമാക്കുന്ന ശങ്കരാടി, പപ്പു, ജഗതി, ഒടുവിൽ ഉണ്ണികൃഷ്ണൻ
പ്രധാനവേഷങ്ങളിലല്ലാതെ ചെറിയ വേഷങ്ങളിലൂടെ അമ്പരപ്പിച്ച കുറേ കഥാപാത്രങ്ങളുണ്ട് മലയാള സിനിമയിൽ. സന്ദേശത്തിലെ ശങ്കരാടിയുടെ കഥാപാത്രം മലയാള സിനിമയിൽ എന്നെന്നും നിലനിൽക്കുന്നതാണ്. താഴ്വാരം എന്ന ചിത്രത്തിലെ ശങ്കരാടിയുടെ കഥാപാത്രവും എടുത്തുപറയേണ്ടതാണ്. ആൾകൂട്ടത്തിൽ തനിയെ, അങ്ങാടി, കിങ് എന്നീ ചിത്രങ്ങളിൽ കുതിരവട്ടം പപ്പുവും ഒടുവിൽ ഉണ്ണികൃഷ്ണന്റെയും ജഗതിയുടെയും മിക്ക കഥാപാത്രങ്ങളുമെല്ലാം ഇത്തരത്തിൽ എടുത്തുപറയേണ്ടതാണ്. അവരുടെ ആ ചെറിയ വേഷങ്ങളെല്ലാം പ്രേക്ഷകർ ഇപ്പോഴും ഓർക്കുന്നു. അതിനാൽ തന്നെ ഇവരുടെ കഥാപാത്രങ്ങൾ പറയാതെ ഈ ലിസ്റ്റ് പൂർണമാകില്ല.
സ്വയംവരത്തിലെ സീതയും യക്ഷിയിലെ രാഗിണിയും
സ്ത്രീ പ്രാധാന്യമുള്ള കഥാപാത്രങ്ങളായി പരിഗണിക്കേണ്ട കഥാപാത്രങ്ങളാണ് സ്വയംവരത്തിലെ സീതയും യക്ഷിയിലെ രാഗിണിയും. രണ്ട് കഥാപാത്രങ്ങളെയും അവതരിപ്പിച്ചത് ശാരദയാണ്.
ചെറിയ വേഷങ്ങൾ പോലും വ്യത്യസ്ത രീതിയിൽ ചെയ്ത് പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് ശാരദ. ഓരോ സിനിമയിലും രീതികൾ വ്യത്യസ്തമാണ്. സ്വയംവരത്തിലെ സീതയും യക്ഷിയിലെ രാഗിണിയും രണ്ട് മാനം ഉണ്ടാക്കാൻ പറ്റിയ കഥാപാത്രങ്ങളാണ്.
കഥാപാത്രം: സീത/രാഗിണി
അഭിനേതാവ്: ശാരദ
ചിത്രം: സ്വയംവരം(1972), യക്ഷി (1968)
തയാറാക്കിയത്: മുഹമ്മദ് ഷബിൻ കെ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.