ഫഹദ് ഫാസിലിനെപ്പോലൊരു 'കള്ളനെ' കണ്ടിട്ടേയില്ല.....
text_fieldsസിനിമയും കഥാപാത്രങ്ങളും രണ്ടുവിധത്തിലാണ് നമ്മളെ സ്വാധീനിക്കുന്നത് എന്നാണ് എനിക്കു തോന്നുന്നത്. കൗമാര യൗവന കാലങ്ങളിൽ ആവേശപൂർവം കണ്ട സിനിമകളിലെ കഥാപാത്രങ്ങൾ നമ്മളെ സ്വാധീനിക്കാറുണ്ട്. ആ രീതിയിലായിരിക്കില്ല സിനിമയെ ഗൗരവമായി കാണുന്ന പിൽക്കാലത്തെ സ്വാധീനം. ഇൗ രണ്ട് സമീപനത്തിനും അപ്പുറം അഭിനേതാവും നമ്മുടെ ആ ഇഷ്ടത്തെ സ്വാധീനിക്കുന്ന ഘടകമാണ്. അങ്ങനെ സ്വാധീനിച്ച ഇഷ്ടപ്പെട്ട കുറേ കഥാപാത്രങ്ങളുണ്ട്. അത് കൃത്യമായ ഒരു കാലക്രമത്തിൽ പറഞ്ഞുപോകാവുന്നതല്ല. ഇഷ്ടത്തിന്റെ ക്രമത്തിലുമല്ല ആ തെരഞ്ഞെടുപ്പ്. ഓർമകളിൽനിന്ന് പുറത്തേക്ക് വരുന്നുവെന്നു മാത്രം.
1 - മമ്മൂട്ടിയില്ലാത്ത ഭൂതക്കണ്ണാടി
ഭൂതക്കണ്ണാടിയിലെ വിദ്യാധരനെ പോലെ ചിലരെ വ്യക്തിപരമായി അറിയാവുന്നതുകൊണ്ടായിരിക്കാം ആ കഥാപാത്രത്തോട് വല്ലാത്തൊരു ഇഷ്ടമുണ്ട്. എനിക്ക് പരിചിതമായ ചുറ്റുവട്ടത്തായിരുന്നു ആ ചിത്രത്തിന്‍റെ ഷൂട്ടിങ് നടന്നത്. ലോഹിതദാസിന്‍റെ കഥാപാത്രങ്ങളിൽ ഏറ്റവും മികച്ചതായി എനിക്ക് അനുഭവപ്പെട്ടതും വിദ്യാധരനാണ്. ആ സിനിമ കണ്ടിറങ്ങുമ്പോൾ നെഞ്ചിൽ അനുഭവപ്പെടുന്ന ഒരു വിങ്ങലുണ്ട്. അതുതന്നെയാണ് എന്തുകൊണ്ട് വിദ്യാധരൻ പ്രിയപ്പെട്ടതാകുന്നു എന്ന ചോദ്യത്തിന്‍റെ ഉത്തരം.
ആ കഥാപാത്രം ഇഷ്ടപ്പെടാൻ മറ്റൊരു കാരണം മമ്മൂട്ടി എന്ന നടൻ തന്നെയാണ്. ഏതൊരു നടന്‍റെയും ആത്മാംശം കലർന്നതായിരിക്കും അവർ അവതരിപ്പിക്കുന്ന വേഷങ്ങൾ. എന്നാൽ, വിദ്യാധരനെ അവതരിപ്പിക്കുമ്പോൾ ഒരു ശതമാനം പോലും മമ്മൂട്ടിയെ നമുക്കതിൽ കാണാനാവില്ല. പകരം, വിദ്യാധരൻ മാത്രമേയുള്ളു.
കഥാപാത്രം: വിദ്യാധരൻ
അഭിനേതാവ്: മമ്മൂട്ടി
ചിത്രം: ഭൂതക്കണ്ണാടി (1997)
സംവിധാനം: എ.കെ. ലോഹിതദാസ്
2 - കണ്ണുനനയിച്ച് മുരളി
നാടകീയമായാണ് ഒരു കഥാപാത്രം സിനിമയിൽ വരുന്നതെങ്കിലും നമ്മൾ അതിനെ സ്വീകരിക്കുക പലപ്പോഴും നമ്മുടെ പരിചയവും അനുഭവവുമായി ചേർത്തുവെച്ചുകൊണ്ടായിരിക്കും. ചിരിപ്പിച്ചു കൊണ്ടു കടന്നുവരികയും തിരികെ പോരുമ്പോൾ കണ്ണിൽ ഒരു നനവുപടർത്തുകയും ചെയ്യുന്ന എന്‍റെയൊരു ബന്ധുവിനെയാണ് 'വരവേൽപ്പ്' എന്ന സിനിമയിലെ മുരളിയെ കാണുേമ്പാൾ ഓർമ വരുന്നത്. പ്രണയം പോലും വളരെ സൂക്ഷ്മമായി പറയുകയും അപ്പോഴും അതിന്‍റെ തീക്ഷ്ണത നമ്മിലേക്ക് പകരുകയും ചെയ്യുന്നുണ്ട് മുരളിയിലൂടെ മോഹൻലാൽ. ഗൾഫിൽ നിന്നെത്തി ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട, എനിക്കറിയാവുന്ന എന്‍റെയൊരു ബന്ധുവിലൂടെയാണ് ആ മോഹൻലാൽ കഥാപാത്രത്തെ ഞാൻ കാണുന്നത്. അതുകൊണ്ടായിരിക്കാം വരവേൽപ്പിലെ ആ കഥാപാത്രം എനിക്ക് ഏറെ പ്രിയപ്പെട്ടതായി തീരുന്നത്.
കഥാപാത്രം: മുരളി
അഭിനേതാവ്: മോഹൻലാൽ
ചിത്രം: വരവേൽപ്പ് (1989)
സംവിധാനം: സത്യൻ അന്തിക്കാട്
3 - നോവായി നോട്ടമായി ചാക്യാർ
ഞാൻ അഞ്ചിലോ ആറിലോ ആയിരിക്കുമ്പോഴാണ് എന്‍റെ കസിൻ ചാക്യാർകൂത്ത് പഠിക്കുന്നത്. യൂത്ത്ഫെസ്റ്റിവലിന് മുമ്പുള്ള ഒരു അവധിക്കാലമാണത്. പൈങ്കുളം നാരായണ ചാക്യാർ എന്ന് പറയുന്ന നാരായണേട്ടനാണ് പഠിപ്പിക്കാൻ വന്നിരുന്നത്. അയാൾ കസിനെ പഠിപ്പിക്കുന്നത് ഞാൻ കാണുന്നുണ്ട്. പക്ഷേ, അദ്ദേഹത്തിലേക്ക് എന്നെ അടുപ്പിച്ചത് ചാക്യാർ കൂത്തായിരുന്നില്ല. അദ്ദേഹം നന്നായി ക്രിക്കറ്റ് കളിക്കുന്നൊരാളായിരുന്നു. ക്രിക്കറ്റിനെ കുറിച്ചുള്ള സംസാരമാണ് ഞങ്ങളെ അടുപ്പിച്ചത്. അതുകൊണ്ടായിരിക്കണം പെർഫോം ചെയ്തില്ലെങ്കിലും ചാക്യാർ കൂത്തിലെ കുറച്ചുഭാഗം അദ്ദേഹം എന്നെ പഠിപ്പിക്കുകയും ചെയ്തു. ആ അനുഭവം ഉള്ളതുകൊണ്ടായിരിക്കണം 'നോട്ടം' എന്ന ചിത്രത്തിൽ നെടുമുടി വേണുച്ചേട്ടൻ അവതരിപ്പിച്ച വാസുദേവ ചാക്യാരുടെ വേഷം എനിക്ക് ഏറെ പ്രിയപ്പെട്ടതായത്. അരങ്ങിന് പുറത്തെ ജീവിതത്തിലെ ഒരു സന്ദർഭത്തെ ഒരു ചാക്യാർ എങ്ങനെയാണ് അഭിമുഖീകരിക്കുക എന്ന് ആ കഥാപാത്രത്തിലൂടെ വേണുച്ചേട്ടൻ വിസ്മയിപ്പിച്ചു കാണിച്ചു.
കഥാപാത്രം: വാസുദേവ ചാക്യാർ
അഭിനേതാവ്: നെടുമുടി വേണു
ചിത്രം: നോട്ടം (2006)
സംവിധാനം: ശശി പറവൂർ, എം.ആർ. രാജൻ
4 - ഇങ്ങനൊരു കള്ളനെ കണ്ടിട്ടേയില്ല
ഓരോ കാലഘട്ടത്തിലും സിനിമയുടെ ഭാവവും അഭിനയവുമൊക്കെ മാറിയിട്ടുണ്ട്. ജീവിതത്തിൽ അധികം കള്ളന്മാരെയൊന്നും നേരിട്ട് ഞാൻ കണ്ടിട്ടില്ല. കൂടുതലും സിനിമയിലാണ് കണ്ടത്. അങ്ങനെ കണ്ടതിൽ വെച്ച് എനിക്കേറ്റവും ഇഷ്ടമായ കള്ളൻ 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന സിനിമയിലെ ഫഹദ് ഫാസിൽ അവതരിപ്പിച്ച കള്ളനെയാണ്. അതിനു കാരണം ഫഹദിന്‍റെ അഭിനയം തന്നെയാണ്. അതിസൂക്ഷ്മമായ അഭിനയം തന്നെയാണ് ഫഹദിനെ വേറിട്ടു നിർത്തുന്നത്. ഒരു കോട്ടിട്ട് നിന്നാൽ ഒരു അംബാസഡറാകുന്ന അതേ വേഗത്തിൽ ആ കോട്ടഴിച്ച് ഒരു ഷർട്ടിടുമ്പോൾ മേക്കപ്പില്ലാതെ തന്നെ ഒരു കള്ളനായി മാറാനും അയാൾക്ക് അസാമാന്യമായി കഴിയുന്നുണ്ട്. അയാൾക്കൊരു പേരുപോലുമില്ല. അതുപോലും അയാൾ മോഷ്ടിച്ചതാണ്. ഒരുപാട് കള്ളന്മാരെ സിനിമയിൽ കണ്ടിട്ടുണ്ടെങ്കിലും അത് ഇത്രമാത്രം അനുഭവിപ്പിച്ച മറ്റൊരാളില്ല.
കഥാപാത്രം: പ്രസാദ്
അഭിനേതാവ്: ഫഹദ് ഫാസിൽ
ചിത്രം: തൊണ്ടിമുതലും ദൃക്സാക്ഷിയും (2017)
സംവിധാനം: ദിലീഷ് പോത്തൻ
5 സങ്കൽപ്പത്തിനപ്പുറത്തെ സമീറ
നമ്മുടെ ഈ കാലത്തെ അടയാളപ്പെടുത്തിയ, നാളെയെ അടയാളപ്പെടുത്താൻ പോകുന്ന ഒരു നടിയാണ് പാർവതി. വ്യക്തിപരമായി ഞാൻ പാട്ടെഴുതിയ സിനിമകൂടിയാണ് 'ടേക് ഓഫ്'. സംവിധായകൻ മഹേഷ് നാരായണൻ സംഗീത സംവിധായകൻ ഷാൻ റഹ്മാന്റെ വീട്ടിൽ വെച്ചാണ് ആദ്യമായി ആ സിനിമയുടെ കഥ എന്നോടു പറയുന്നത്. അന്നുതൊട്ട് മനസ്സിൽ കയറിയ ഒരു കഥാപാത്രം കൂടിയാണ് സമീറ. കഥ കേൾക്കുമ്പോൾ നമ്മൾ മനസ്സിൽ കണ്ടത്രയും ആകാതെ പോയ ഒേട്ടറെ കഥാപാത്രങ്ങളുണ്ട്. എന്നാൽ, സമീറയെ സങ്കൽപ്പിച്ചതിനെക്കാൾ വലിയ ഉയരത്തിൽ കൊണ്ടുപോയി നിർത്തുകയായിരുന്നു പാർവതി ചെയ്തത്. അത് ആ അഭിനേത്രിയുടെ മിടുക്കാണ്. ഒട്ടും അതിഭാവുകത്വമില്ലാതെയാണ് ആ കഥാപാത്രത്തെ അവർ ആവിഷ്കരിച്ചത്. പെൺമയുടെ പോരാട്ടത്തെക്കുറിച്ച് പറയാറുണ്ടെങ്കിലും അത് അനുഭവിപ്പിക്കാൻ പാർവതിക്കായി.
കഥാപാത്രം: സമീറ
അഭിനേതാവ്: പാർവതി തെരുവോത്ത്
ചിത്രം: ടേക് ഓഫ് (2017)
സംവിധാനം: മഹേഷ് നാരായണൻ
6 - ഉണ്ണിത്താൻ എന്ന വാസ്തവം
അധികാരത്തിന്‍റെ ചുറ്റുവട്ടങ്ങളിൽ പറ്റിക്കൂടി കഴിയുന്ന ചില മനുഷ്യരുണ്ട്. ഏതു തരത്തിലുള്ള ഭരണ, അധികാര സ്ഥാപനങ്ങളുടെയും ചുറ്റുവട്ടങ്ങളിൽ അവരെ കാണാം. ഒരു പഞ്ചായത്താഫീസിന്‍റെ ചുറ്റുവട്ടത്തുപോലും അത്തരക്കാരെ കാണാം. അവരുടെ കൈകളിലൂടെ കടന്നുപോകുന്നത് നിരവധി ജീവിതങ്ങളായിരിക്കും. അതിൽ പലരും വലിയവരായി വളരുമ്പോഴും അവർ ആ നിന്നിടത്തുതന്നെയുണ്ടാവും. അത്യാവശ്യം തന്ത്രങ്ങളും നിലനിൽപ്പിനു വേണ്ട സൂത്രങ്ങളുമൊക്കെയായി ആരുടെയും കണ്ണിൽപെടാതെ ചിലർ. അങ്ങനെ നമ്മൾ കണ്ടവരെയെല്ലാം ഒറ്റയടിക്ക് ഓർമിപ്പിക്കുകയാണ് 'വാസ്തവം' എന്ന സിനിമയിൽ ജഗതി ശ്രീകുമാർ അവതരിപ്പിച്ച ഉണ്ണിത്താനാശാൻ എന്ന കഥാപാത്രം. സെക്രട്ടറിയറ്റിൽ പോയവർക്കൊക്കെ പരിചയമുണ്ടാകും ഇൗ കഥാപാത്രത്തെ.
ഒരുപാട് കഥാപാത്രങ്ങളെ ഒരുപാട് തരത്തിൽ അവതരിപ്പിച്ചിട്ടുള്ള നടനാണ് ജഗതി. ബ്രയൻ ലാറ ഒരു ഷോട്ട് 12 തരത്തിൽ കളിക്കുമെന്നു പറഞ്ഞപോലെയാണ് ജഗതിച്ചേട്ടൻ. ഒരു വേഷം പലരീതിയിൽ ചെയ്യാൻ അദ്ദേഹത്തിനാകുമെന്ന് പല സംവിധായകരും പറഞ്ഞുകേട്ടിട്ടുണ്ട്. പക്ഷേ, അതിൽനിന്നെല്ലാം വേറിട്ട നിലയിൽ എനിക്കേറ്റവും ഇഷ്ടമായത് ഉണ്ണിത്താനാശാൻ എന്ന കഥാപാത്രമാണ്.
കഥാപാത്രം: ഉണ്ണിത്താനാശാൻ
അഭിനേതാവ്: ജഗതി ശ്രീകുമാർ
ചിത്രം: വാസ്തവം (2006)
സംവിധാനം: എം. പത്മകുമാർ
7 - പെരുന്തച്ചൻറെ മുഖം
എന്‍റെ ചെറിയച്ചൻ കവിത ചൊല്ലുന്നയാളാണ്. അങ്ങനെ ചൊല്ലിക്കേട്ടാണ് കവിതയോട് എനിക്കും ഇഷ്ടമുണ്ടായത്. ചെറിയച്ചൻ ഉറക്കെ ചൊല്ലിയിരുന്ന ഒരു കവിതയായിരുന്നു ജി. ശങ്കരക്കുറുപ്പിന്‍റെ 'പെരുന്തച്ചൻ'. ആ കവിതയിലൂടെയാണ് ഉളിയന്നൂർ തച്ചൻ എന്ന ഇതിഹാസത്തെയും ഞാൻ ആദ്യമായി അറിയുന്നത്. അത് പഠിക്കുന്ന കാലത്തും കലോത്സവത്തിൽ ചൊല്ലുന്ന കാലത്തും പെരുന്തച്ചൻ എന്ന കഥാപാത്രത്തിന് മുഖമുണ്ടായിരുന്നില്ല. കൈയും ഉളിയും മാത്രമായിരുന്നു മനസ്സിലുണ്ടായിരുന്ന ചിത്രം. ആ കഥാപാത്രത്തിന് ഒരു മുഖം വന്നത്, ആ കഥാപാത്രത്തിന്‍റെ മനോവ്യഥകളെപ്പറ്റി ചിന്തിക്കാൻ എന്നെപ്പോലൊരാൾക്ക് തോന്നിച്ചത് 'പെരുന്തച്ചൻ' എന്ന സിനിമ കണ്ടതിനു ശേഷമാണ്. അതിനു പ്രധാന കാരണം, എം.ടി മെനഞ്ഞെടുത്ത പാത്രസൃഷ്ടി വൈഭവവും അജയൻ എന്ന സംവിധായകന്‍റെ മിടുക്കും സന്തോഷ് ശിവൻ എന്ന ക്യാമറമാന്‍റെ വൈദഗ്ധ്യത്തിനും ഒക്കെ അപ്പുറത്ത് തിലകൻ എന്ന നടൻ തന്നെയാണ്. ചെറിയച്ചൻ പറഞ്ഞുതന്ന പെരുന്തച്ചനെ തിലകന്‍റെ മുഖത്തിലൂടെയല്ലാതെ എനിക്കിപ്പോൾ ആലോചിക്കാനേ കഴിയില്ല. തിലകൻ അവതരിപ്പിച്ച ഒേട്ടറെ മികച്ച വേഷങ്ങളിൽ നിന്ന് പെരുന്തച്ചൻ എന്ന കഥാപാത്രം വേറിട്ടുതന്നെ മനസ്സിൽ വേരുപിടിച്ച് നിൽക്കുന്നു.
കഥാപാത്രം: പെരുന്തച്ചൻ
അഭിനേതാവ്: തിലകൻ
ചിത്രം: പെരുന്തച്ചൻ (1991)
സംവിധാനം: അജയൻ
8 - വി.പി. സത്യനെന്ന ദുരന്ത നായകൻ
ഫുട്ബാൾ ഇഷ്ടപ്പെടാത്തവരില്ല. പക്ഷേ, ഫുട്ബാളിൽ എല്ലാവരും ഓർക്കുക ഗോളടിച്ചവരെയാണ്. ഒരുകാലത്ത് ഐ.എം. വിജയൻ, കുരികേശ് മാത്യു, ഷറഫലി എന്നൊക്കെ കേരള ഫുട്ബാളിന്റെ പര്യായങ്ങളായി കേൾക്കാമായിരുന്നു. എന്നാൽ, ഫുട്ബാളിലെ നായകൻ എന്ന ഒരു ഫീൽ നമ്മുടെയുള്ളിലേക്ക് ആദ്യമായി പകർന്നുതന്നത് വി.പി. സത്യൻ എന്ന ഇന്ത്യൻ ടീമിന്‍റെ നായകനായിരുന്നു. അദ്ദേഹത്തിന്‍റെ കളി ഒരിക്കലും നേരിട്ടുകാണാൻ എനിക്ക് കഴിഞ്ഞിട്ടില്ല. പക്ഷേ, ടി.വിയിൽ കണ്ടിട്ടുണ്ട്. റേഡിയോയിൽ കമന്‍ററിയായി കേട്ടിട്ടുണ്ട്. കൗമാരകാലത്ത് പത്രക്കട്ടിങ്ങുകളിൽ നിന്ന് വെട്ടിയെടുത്ത ചിത്രങ്ങളിൽ വി.പി.സത്യനുണ്ട്. ആ മുഖമല്ല ജസൂര്യക്കുള്ളതെങ്കിലും അതിനുമപ്പുറം സത്യൻ എന്താണ് എന്നുള്ളത് നമ്മളെ അനുഭവിപ്പിക്കാൻ അറിയിപ്പിക്കാൻ 'ക്യാപ്റ്റൻ' എന്ന ബയോപിക്കിലെ വേഷത്തിലൂടെ ജയസൂര്യക്കായി. നമ്മുടെ ഉള്ളിലുള്ള സത്യനെയാണ് ജയസൂര്യയിലൂടെ കണ്ടത്. അതുകൊണ്ടുതന്നെ എന്‍റെ പ്രിയ കഥാപാത്രങ്ങളിൽ സത്യനുമുണ്ട്.
കഥാപാത്രം: വി.പി. സത്യൻ
അഭിനേതാവ്: ജയസൂര്യ
ചിത്രം: ക്യാപ്റ്റൻ (2018)
സംവിധാനം: പ്രജേഷ് സെൻ
9 - നമ്മൾ കണ്ട സരസ്വതിയമ്മ
മലയാളത്തിലെ മികച്ച 10 കഥാപാത്രങ്ങളെക്കുറിച്ച് ആരു പറഞ്ഞാലും അതിൽ ഒന്ന് ശാരദ അവതരിപ്പിച്ച ഏതെങ്കിലുമൊരു കഥാപാത്രമായിരിക്കുമെന്നുറപ്പാണ്. ഞാനൊക്കെ ജനിക്കുന്നതിനും മുമ്പ് ഉർവശി അവാർഡൊക്കെ നേടിയ വലിയ വലിയ കഥാപാത്രങ്ങളുണ്ടെങ്കിലും എന്നെപ്പോലുള്ളവരുടെ സിനിമാനുഭവത്തിൽ 'മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ട'ത്തിലെ സരസ്വതിയമ്മ എന്ന കഥാപാത്രമാണ് നിറഞ്ഞുനിൽക്കുന്നത്. േവണുച്ചേട്ടനുമൊത്തുള്ള കോമ്പിനേഷൻ സീനുകൾ അഭിനയത്തിന്റെ മത്സരവേദിയാവുന്നത് ആ സിനിമയിൽ നമുക്ക് കാണാം. നമ്മൾ എവിടെയൊക്കെയോ കണ്ട സ്ത്രീകളുടെ മുഖഛായയുണ്ട് ആ കഥാപാത്രത്തിന്. ശാരദ എന്ന നടിയുടെ അഭിനയമികവ് ഞങ്ങളുടെ തലമുറ കണ്ടറിഞ്ഞതും ആ സിനിമയിലൂടെയാണ്.
കഥാപാത്രം: സരസ്വതിയമ്മ
അഭിനേതാവ്: ശാരദ
ചിത്രം: ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടം (1987)
സംവിധാനം: ഭരതൻ
10 - അമ്മയല്ലാത്ത അമ്മയായി വനജ
ഒരിക്കലും വിട്ടുപോകാൻ പാടില്ലാത്ത ഒരു കഥാപാത്രമാണ് 'അച്ചുവിന്‍റെ അമ്മ'യിലെ ഉർവശി ചേച്ചിയുടെത്. അമ്മയല്ലാത്ത ഒരാൾ അമ്മയായി അനുഭവിപ്പിക്കുകയാണ്. മുഖംകൊണ്ടും കണ്ണുകൊണ്ടും സംഭാഷണം കൊണ്ടും അഭിനയിക്കുന്ന നിരവധിപേരുണ്ട്. എന്നാൽ, ശരീരചലനം കൊണ്ട് അഭിനയിക്കുന്നത് അപൂർവംപേർക്കുള്ള സിദ്ധിയാണ്. അതിലൊരു നടിയാണ് ഉർവശി. വളരെ പക്വതയോടെ ആ കഥാപാത്രത്തിലേക്ക് അവർ പരിണമിക്കുകയാണ്. സ്വതസിദ്ധമായ നർമവും അതിതീവ്രമായ അനുഭവവും ചേർന്ന അത്യപൂർവമായ ആ കഥാപാത്രത്തെ അസാമാന്യ മികവോടെ ഉർവശി സാർത്ഥകമാക്കി. അമ്മയെ സ്നേഹിക്കുന്ന ഏെതാരാൾക്കും പ്രിയപ്പെട്ടതാണ് അച്ചുവിന്‍റെ അമ്മയായ വനജ.
കഥാപാത്രം: വനജ
അഭിനേതാവ്: ഉർവശി
ചിത്രം: അച്ചുവിന്‍റെ അമ്മ (2005)
സംവിധാനം: സത്യൻ അന്തിക്കാട്
(തയാറാക്കിയത്: കെ.എ. സൈഫുദ്ദീൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.