Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മലയാള സിനിമയിൽ അമ്മക്ക്​ സ്​ഥാനമില്ല -ദീദി ദാമോദരൻ
cancel
Homechevron_rightMarakkillorikkalumchevron_rightArticleschevron_rightമലയാള സിനിമയിൽ...

മലയാള സിനിമയിൽ അമ്മക്ക്​ സ്​ഥാനമില്ല -ദീദി ദാമോദരൻ

text_fields
bookmark_border

ഞാനൊരു പെണ്ണായതുകൊണ്ടും പെൺപക്ഷത്ത്​ നിലകൊള്ളുന്നതായി സ്വയം വിശ്വസിക്കുന്നതുകൊണ്ടും മലയാള സിനിമ മാത്രമല്ല ചുറ്റുമുള്ള എന്തിനെയും അങ്ങനെയൊരു കാഴ്ചപ്പാടിലൂടെയേ എനിക്ക്​ കാണാൻ കഴിയൂ. അതുകൊണ്ടുതന്നെ ആഘോഷിക്കപ്പെട്ട സിനിമയിലെ സ്​ത്രീ കഥാപാത്രങ്ങളല്ല എന്‍റെ ചോയ്​സ്​. സിനിമയിലെ കരുത്തയായ സ്​ത്രീ കഥാപാത്രം എന്നു പറയുന്നത്​ എന്ത്​ കാഴ്ചപ്പാടിലാണെന്ന്​ ഞാൻ ആലോചിക്കാറുണ്ട്​. മഞ്​ജുവാര്യരെപോലുള്ളവർ അവതരിപ്പിക്കുന്ന ശക്​തമായ കഥാപാത്രങ്ങളെ നോക്കുക. തുടക്കത്തിൽ നമ്മ​ൾ കരുതും വലിയ പ്രോ വുമൺ ആയ കഥാപാത്രമായിരിക്കും അത്​ എന്നാണ്​. പക്ഷേ, പാതിദൂരം പിന്നിടുമ്പോഴും സിനിമ അവസാനിക്കു​മ്പോഴും കൃത്യമായി ഒരു പാട്രിയാർക്കിയുടെ ഏജന്‍റായി അത്തരം കഥാപാത്രങ്ങൾ മാറുന്നത്​ കാണാം. അങ്ങനെയല്ലാത്ത 10 കഥാപാത്രങ്ങളെയാണ്​ ഞാൻ ആലോചിച്ചത്​. അതിൽ അഞ്ചുപേർ യാഥാർത്ഥ ജീവിതത്തിൽ നിന്ന്​ സിനിമയിലെ കഥാപാത്രങ്ങളായി വന്നവരാണ്​.

1 - ജീവിതം റദ്ദായ നായിക

രാഷ്​ട്രപിതാവ്​ മാത്രമുള്ള, രാഷ്​ട്ര മാതാവില്ലാത്ത ഒരു രാജ്യത്താണ്​ നമ്മൾ ജീവിക്കുന്നത്​. അതുകൊണ്ട്​ മലയാള സിനിമക്കും അമ്മയില്ല. അതുകൊണ്ട്​ പി.കെ. റോസിയെ നമുക്ക്​ ഓർക്കേണ്ട കാര്യമില്ല. നമ്മൾ ഇപ്പോഴും ജെ.സി. ഡാനിയലിന്‍റെ പേരിലാണ്​ ഏറ്റവും വലിയ സിനിമ പുരസ്​കാരം കൊടുക്കുന്നത്​.

പി.കെ. റോസിയുടെ ജീവിതത്തെ ആധാരമാക്കി എടുത്ത സിനിമയാണ്​ 'സെല്ലുലോയ്​ഡ്​'. ആ സിനിമയെ കുറിച്ച്​ നമ്മൾ ഗൂഗിൾ ചെയ്​തുനോക്കിയാൽ പ്രധാന നടിയായി ലഭിക്കുന്നത്​ മംമ്​ത മോഹൻദാസിന്‍റെ പേരാണ്​. ചരിത്രം പറയുമ്പോൾ നമ്മൾ മറന്നുപോകാൻ പാടില്ലാത്ത പേരായ പി.കെ. റോസിയെ അവതരിപ്പിച്ച ആ കുട്ടിയുടെ പേര്​ നമ്മൾ അ​ന്വേഷിച്ച്​ കണ്ടുപിടിക്കേണ്ടിവരും. എങ്ങനെയാണോ പി.കെ. റോസിയെ മലയാള സിനിമ മാറ്റിനിർത്തിയത്​ ഏതാണ്ട്​ അതുപോലെ തന്നെയാണ്​ ആ വേഷം ചെയ്​ത ചാന്ദ്​നി എന്ന നടിയോടും നമ്മൾ മാറ്റി നിർത്തിയത്​. പി.കെ. റോസിയോട്​ ആ സിനിമ നീതി ചെയ്​തോ എന്നത്​ രണ്ടാമത്തെ ചോദ്യമാണ്​. ഇത്രകാലങ്ങൾക്കു ശേഷമാണെങ്കിൽ പോലും പി.കെ. റോസിയെ ആ സിനിമ ഒാർമപ്പെടുത്തിയെന്ന എന്ന സേവനം ആ സിനിമ ചെയ്​തു എന്ന കാരണത്താൽ 'സെല്ലുലോയ്​ഡ്​' എന്ന സിനിമയിലെ പി.കെ. റോസി എന്ന കഥാപാത്രം എന്‍റെ പ്രിയ കഥാപാത്രമാകുന്നു.

ഡാനിയൽ മലയാള സിനിമക്ക്​ ചെയ്​തത്​ വലിയ സംഭാവനയാണ്​. അതിന്‍റെ പേരിൽ വൻ സാമ്പത്തിക നഷ്​ടം അദ്ദേഹത്തിനുണ്ടായി. പക്ഷേ, ആ സിനിമയോടെ പി.കെ. റോസിക്ക്​ ജീവിതം തന്നെയാണ്​ ഇല്ലതായിപ്പോയത്​. ഒരൊറ്റ സിനിമയോടെ ജീവിതം തന്നെ റദ്ദായിപ്പോവുകയായിരുന്നു. 93 വർഷം മലയാള സിനിമ പിന്നിടുമ്പോൾ ആദ്യം ഓർക്കേണ്ടത് പി.കെ. റോസിയെയാണ്​.

കഥാപാത്രം: പി.കെ. റോസി
അഭിനേതാവ്​: ചാന്ദ്​നി ഗീത
ചിത്രം: സെല്ലുലോയ്​ഡ്​ (2013)
സംവിധാനം: കമൽ

2 - ഇപ്പോഴും പ്രസക്​തയായ സഖാവ്​ സേതുലക്ഷ്​മി

സാംസ്​കാരികമായും വിദ്യാഭ്യാസപരമായും മുന്നിട്ടുനിൽക്കുന്നു എന്ന്​ ഊറ്റം കൊള്ളുന്നവരാണ്​ കേരളീയർ. പക്ഷേ, ഇത്രയും കാലമായിട്ടും ഒരു സ്​ത്രീയെ മുഖ്യമന്ത്രിയാക്കാൻ കഴിഞ്ഞിട്ടില്ല എന്നോർക്കണം. സ്​ത്രീകൾക്ക്​ മത്സരിക്കാൻ സീറ്റുകൾ നൽകുന്ന കാര്യത്തിൽ പോലും രാഷ്​ട്രീയ പാർട്ടികൾ കാണിക്കുന്ന വിമുഖത നമുക്കറിയാം. ഏറെ പുരോഗമനപരമെന്ന്​ കരുതുന്ന കമ്മ്യൂണിസ്​റ്റ്​ പാർട്ടിക്ക്​ ഇക്കാര്യത്തിൽ എന്തു സംഭവിച്ചു എന്നറിയാൻ 'ലാൽസലാം' എന്ന സിനിമ സഹായിക്കുന്നു. കേരളത്തിലെ കമ്മ്യൂണിസ്​റ്റ്​ പാർട്ടിയുടെ ചരിത്രത്തി​െൻറ ഭാഗമായിരുന്ന വർഗീസ്​ വൈദ്യ​െൻറ മകൻ ചെറിയാൻ കൽപ്പകവാടിയാണ്​ അതി​െൻറ തിരക്കഥ എഴുതിയിരിക്കുന്നത്​. വേണു നാഗവള്ളി സംവിധാനം.

കമ്മ്യൂണിസ്​റ്റ്​ പാർട്ടി ഗൗരിയമ്മ എന്ന സ്​ത്രീയോട്​, ​നേതാവിനോട്​ എന്ത്​ വലിയ അനീതിയാണ്​ കാണിച്ചത്​ എന്ന്​ ഗൗരിയമ്മയ്​ക്ക്​ തുല്ല്യയായ സഖാവ്​ സേതുലക്ഷ്​മി എന്ന കഥാപാത്രത്തിലൂടെ വ്യക്​തമാകുന്നുണ്ട്​. എല്ലാത്തരം നെഗറ്റീവ്​ ഷേഡോടെ ആ കഥാപാത്രത്തെ കാണിച്ചിട്ടും അവരെ മായ്​ച്ചുകളയാൻ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. നെട്ടൂരാൻ വിളിച്ചത്രയും മുദ്രാവാക്യമൊന്നും സേതുലക്ഷ്​മി വിളിച്ചിട്ടില്ലെന്ന്​ പറഞ്ഞ്​ അവരെ അടിച്ചിരുത്താനാണ്​ നായകകഥാപാത്രം ശ്രമിക്കുന്നത്​. ചരിത്രത്തിലെ നായികയല്ല ചിത്രത്തിൽ. മോഹൻലാൽ അവതരിപ്പിക്കുന്ന നെട്ടൂരാ​െൻറ ഭാര്യയായ ഉർവശിയുടെ അന്നമ്മയാണ്​ നായിക.

കോവിഡ്​ സാഹചര്യത്തെ ഭംഗിയായി കൈകാര്യം ചെയ്​ത ഒരു വനിത മുഖ്യമന്ത്രിയാവാതെ പോകുന്നത്​ നമ്മൾ കാണുന്നുണ്ട്​. എങ്ങനെയാണ്​ സ്​ത്രീകൾ രാഷ്​ട്രീയത്തിൽനിന്ന്​ ഇല്ലാതാവുന്നതെന്ന്​ കൂടുതൽ ബോധ്യമാവുന്ന സാഹചര്യത്തിൽ സേതുലക്ഷ്​മിയുടെ കഥാപാത്രം കൂടുതൽ പ്രസക്​തമാവുന്നുണ്ട്​.

കഥാപാത്രം: സഖാവ്​ സേതുലക്ഷ്​മി
അഭിനേതാവ്​: ഗീത
ചിത്രം: ലാൽസലാം (1990)
സംവിധാനം: വേണു നാഗവള്ളി

3 - സിനിമ മറച്ചുവെച്ച കാഞ്ചനമാല

എല്ലാ ജീവചരിത്രങ്ങളും സെലക്​ടീവായ, ഒരു ഭാഗം മാത്രം പറയുന്നതാണ്​. നമുക്ക്​ ഇഷ്​ടമുള്ളതിനെമാത്രം ഉയർത്തിക്കാണിക്കുന്നതാണ്​ അതി​െൻറ രീതി. അങ്ങിനെ ചെയ്യുമ്പോൾ തിരസ്​കരിക്കപ്പെടുന്ന ഒരുപാട്​ യാഥാർഥ്യങ്ങളു​ണ്ട്​. ഞാൻ തെരഞ്ഞെടുക്കുന്ന 10 സ​ത്രീകളിൽ അഞ്ചുപേർ ജീവിതത്തിൽ നമുക്ക്​ അറിയാവുന്നവരാണ്​. 'എന്ന്​ സ്വന്തം മൊയ്​തീൻ' എന്ന സിനിമയിലെ കാഞ്ചനമാല അങ്ങനെയൊരാളാണ്​. എ​െൻറ അമ്മയുടെ ചേച്ചിയാണവർ. കുട്ടിക്കാലം മുതൽ ഞാൻ കാണുന്നതാണവരെ. ഫെമിനിസത്തി​െൻറ ആദ്യപാഠങ്ങൾ ഞാൻ പഠിച്ചത്​ അവരിൽനിന്നാണ്​.

പ്രണയത്തിനു വേണ്ടി ജീവിതം സമർപ്പിച്ച്​ നിലകൊണ്ടു എന്നതായിരിക്കും ആ സിനിമയിൽ ഒരു സാധാരണ പ്രേക്ഷകന്​ ചിലപ്പോൾ കാണാൻ കഴിയുക. ആ കുടുംബത്തെ എനിക്ക്​ നന്നായി അറിയാവുന്നതാണ്​. പ്രണയത്തെ ഒരു മതമായി കാണുകയും അവസാനം വരെ അതിനായി പോരാടുകയും ചെയ്യുക എന്നത്​ ഞാൻ നേരിട്ട്​ കണ്ടതാണ്​. കാമുകനു വേണ്ടി കാത്തിരിക്കുന്ന ഒരു സ്​ത്രീയല്ല എനിക്ക്​ കാഞ്ചന. ഒരു പോരാളിയാണ്​. ഒരു സമരമാണ്​ അവർ നടത്തുന്നത്​.

എ​​െൻറ അമ്മ മരിക്കുമ്പോൾ പറഞ്ഞേൽപ്പിച്ചത്​ 'എവിടെയെങ്കിലും അവർ വീണു മരിച്ചു എന്നു കേൾക്കാൻ ഇടവരരുത്​. വല്ല്യമ്മയോട്​ (കാഞ്ചനമാലയോട്​) വലിയ ഉത്തരവാദിത്തം നിങ്ങൾക്കുണ്ട്​..' എന്നാണ്​. സിനിമ മറച്ചുവെച്ചെങ്കിലും ഏറ്റവും ശക്​തമായ ഫെമിനിസ്​റ്റ്​ ജീവിതമാണ്​ അവരുടെത്​. ആ സിനിമയിലെ കാഞ്ചനയായിട്ടല്ല, ജീവിതത്തിലെ മുഴുവൻ കാഞ്ചനയായി​ട്ടേ കാണാൻ പറ്റൂ... ഇത്രയും പാട്രിയാർക്കലായി ആങ്ങളമാർക്കിടയിൽ ​ഫൈറ്റ്​ ചെയ്​തുനിൽക്കുന്ന ഒരു പോരാളിയാ​യിട്ട്​, ഒരു ഫെമിനിസ്​റ്റായി​ട്ടേ എനിക്കവരെ കാണാൻ പറ്റൂ..

കഥാപാത്രം: കാഞ്ചനമാല
അഭിനേതാവ്​: പാർവതി തെരുവോത്ത്​
ചിത്രം: എന്നു നി​െൻറ മൊയ്​തീൻ (2015)
സംവിധാനം: ആർ.എസ്​. വിമൽ

4 - ആണിൽ ചായാത്ത ഉണ്ണിമായ

മലയാളിയുടെ സാമൂഹിക ചരിത്രത്തിൽ മറക്കാൻ പ്രയാസമുള്ള ഒരു സ്​​ത്രീയാണ്​ താത്രിക്കുട്ടി. അവ​രെ കഥാപാത്രമാക്കിയ 'പരിണയ'ത്തിൽ ഉണ്ണിമായ എന്നാണ്​ അവരുടെ പേര്​. ഹരിഹരൻ സാർ സംവിധാനം ചെയ്​ത ആ ചിത്രത്തിൽ മോഹിനിയാണ്​ ആ വേഷം ഭംഗിയാക്കിയത്​. ഔട്ട്​ ഒാഫ്​ ദി ബോക്​സായ ഒരു സ്​ത്രീയാണവർ. സഹനത്തി​െൻറ അങ്ങേയറ്റത്ത്​ നിന്ന്​ അവർ എടുക്കുന്ന തീരുമാനമാനത്തിൽ അവർ തിരിച്ചുവരുന്നത്​ ഏതെങ്കിലും ആൺസുരക്ഷയുടെ കീഴിലേക്കല്ല. അവരുടെ കുഞ്ഞിന്​ അച്ഛനില്ലെന്ന്​ പ്രഖ്യാപിച്ചുകൊണ്ട്​ ഒരു​ പുരുഷ​െൻറ കീഴിലേക്ക്​ സന്തോഷപര്യവസായിയായി ഒതുങ്ങാതെ ഫെമിനിസ്​റ്റ്​ കാഴ്​ചയോട്​ സത്യസന്ധത പുലർത്തുന്ന കഥാപാത്രമാണ്​ ഉണ്ണിമായ.

കഥാപാത്രം: ഉണ്ണിമായ
അഭിനേതാവ്​: മോഹിനി
ചിത്രം: പരിണയം (1994)
സംവിധാനം: ഹരിഹരൻ

5 - പുരോഗമന നാട്യങ്ങൾക്കു പുറത്തെ ചിത്ര​ലേഖ

വാളയാറിലെ കുട്ടികളുടെ അമ്മ പോലെ എല്ലാ പുരോഗമന നാട്യങ്ങളുടെയും പുറത്ത്​ ഒട്ടും ദഹിക്കാതെ കിടക്കുന്ന, നമ്മളെ തുറിച്ചുനോക്കുന്ന ഒരാളാണ്​ കണ്ണൂരിലെ ചിത്രലേഖ. അവരെ കാരിക്കേച്ചർ ചെയ്​തുകൊണ്ട്​ ജയൻ ചെറിയാൻ ചെയ്​ത സിനിമയാണ്​ 'പാപ്പിലിയോ ബുദ്ധ'. ആ കഥാപാത്രത്തി​െൻറ പേര്​ മഞ്​ജുശ്രീ എന്നാണ്​. സരിത കു​ക്കുവാണ്​ ആ വേഷം ചെയ്​തത്​. കൂട്ട ബലാൽസംഗത്തിനിരയാകു​മ്പോഴുള്ള അവരുടെ കരച്ചിൽ മ്യൂട്ട്​ ചെയ്യണമെന്നാണ്​ സെൻസർബോർഡ്​ ആവശ്യപ്പെട്ടത്​. ഒന്നു കരയാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുന്ന മനുഷ്യർ. നിരവധി കട്ടുകൾ വേണമെന്നും അവർ ആവശ്യപ്പെട്ടു. ഒ​ട്ടേറെ നിയമപ്പോരാട്ടങ്ങൾ വേണ്ടിവന്ന സിനിമകൂടിയാണത്​. 93 വയസ്സായ മലയാള സിനിമയെക്കുറിച്ച്​ ഓർക്കുമ്പോൾ ആ കഥാപാത്രത്തെ എന്നെപ്പോലൊരാൾക്ക്​ മറക്കാൻ കഴിയില്ല.

കഥാപാത്രം: മഞ്​ജു
അഭിനേതാവ്​: സരിത കുക്കു
ചിത്രം: പാപിലിയോ ബുദ്ധ (2013)
സംവിധാനം: ജയൻ കെ. ചെറിയാൻ

6 - ഇന്നും പ്രചോദിപ്പിക്കുന്ന വിമല

ഇനി പറയാനുള്ള കഥാപാത്രങ്ങൾ ജീവചരിത്രത്തി​െൻറ ഭാഗമായതല്ല. കഥയും കഥാപാത്രങ്ങളും ഭാവനയിൽ നിന്ന്​ പിറക്കുന്നതാണെങ്കിലും അത്​ പൂർണമാ​യും ഭാവന മാത്രമായിരിക്കില്ല, സത്യത്തി​െൻറ അംശങ്ങൾ ഉണ്ടാകുമെന്നത്​ അച്ഛനുമൊത്തുള്ള തിരക്കഥാ യാത്രയിൽനിന്ന്​ ബോധ്യമായ കാര്യമാണ്​. അച്ഛ​െൻറ പാതിയിലധികം തിരക്കഥകൾക്ക്​ പകർത്തിയെഴുത്തുകാരിയായി ഇരുന്ന അനുഭവമുണ്ട്​. അത്​ എഴുതുമ്പോൾ തന്നെ വല്ലാതെ പ്രചോദിതമായ നിരവധി സ്​ത്രീ കഥാപാത്രങ്ങളുണ്ട്​. അതിൽതന്നെ അവസാനം വരെ നീതി പുലർത്തിയ ക്യാരക്​ടറായി ​തോന്നിയിട്ടുള്ളത്​ ഐ.വി. ശശി സംവിധാനം ചെയ്​ത 'ഇന്നല്ലെങ്കിൽ നാളെ' എന്ന ചിത്രത്തിൽ സീമ അവതരിപ്പിച്ച അഡ്വക്കറ്റ്​ വിമല എന്ന കഥാപാത്രമാണ്​. ഇന്നും ഔട്ട്​​ ഡേറ്റഡ്​ ആവാതെ വിമല എ​െൻറ കൂടെയുണ്ട്​. അവർ പറയുന്ന ഡയലോഗുകളും അവരുടെ നിലപാടുകളും എ​െൻറ കാഴ്​ചപ്പാടുക​ളോട്​ ചേർന്നു നിൽക്കുന്നു.

കഥാപാത്രം: അഡ്വ. വിമല
അഭിനേതാവ്​: സീമ
ചിത്രം: ഇന്നല്ലെങ്കിൽ നാളെ (1982)
സംവിധാനം: ഐ.വി. ശശി

7 - യാത്ര ചെയ്യാൻ പഠിപ്പിച്ച റാണി

എല്ലാവർക്കും സ്​പേസ്​ കൊടുത്ത്​ സിനിമ ചെയ്യുന്നൊരാളാണ്​ ആഷിക്​ അബു എന്ന സംവിധായകൻ. എല്ലാവരും സെലിബ്രേറ്റ്​ ചെയ്​ത '22 ഫീമെയിൽ കോട്ടയം' അല്ല എ​െൻറ ചോയ്​സ്​. 'റാണി പത്​മിനി'യിലെ റാണിയാണ്​. പത്​മിനി അവസാനം ഭർത്താവിൽ ചെന്നെത്തുക എന്ന 'വലിയൊരു കാര്യം' ചെയ്യുമ്പോൾ സമാന്തരമായി യാത്ര ചെയ്യുകയും യാത്ര ചെയ്യേണ്ടതുണ്ടെന്ന്​ പറയുകയും ചെയ്യുന്ന ഒരു കഥാപാത്രം. ഇതുവരെ കാണാത്ത ശരീരഭാഷ പ്രയോഗിച്ചാണ്​ റിമ കല്ലിങ്കൽ ആ കഥാപാത്രത്തെ അവതരിപ്പിച്ചത്​. കഥാപാത്രത്തി​െൻറ സൂക്ഷ്​മാംശത്തിൽ വരെ ആ ശരീരഭാഷ നിലനിർത്തിക്കൊണ്ടാണ്​ റിമ അത്​ ചെയ്​തത്​.

കഥാപാത്രം: റാണി
അഭിനേതാവ്​: റിമ കല്ലിങ്കൽ
ചിത്രം: റാണി പത്​മിനി (2005)
സംവിധാനം: ആഷിക്​ അബു

8 - സ്വാതന്ത്ര്യമുള്ളവരാണ്​ യക്ഷികൾ

സ്​ത്രീ കഥാപാത്രങ്ങൾക്ക്​ ഏറ്റവും കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുന്നത്​ ഹൊറർ ചിത്രങ്ങളിലാണ്​ എന്നു തോന്നുന്നു. രാത്രി റോഡിലൂടെ നടക്കാം. പാട്ടുപാടാം. ആളുകൾക്ക്​ അവരെ പേടിയാണ്​. ഏറ്റവും സ്വതന്ത്രരായി തോന്നിയിട്ടുള്ളതും ഈ പ്രേതങ്ങളെയാണ്​. പക്ഷേ, സിനിമ അവസാനിക്കുമ്പോൾ ഗംഗ മാത്രമല്ല, എ​െൻറ പേര്​ ഗംഗാ നകുലനാ​ണെന്ന്​ നോർമലാക്കി കളയും. അങ്ങനെ നോർമലാകാത്ത പ്രേതങ്ങളെയാണ്​ എനിക്കിഷ്​ടം. അവരിപ്പോഴും അവിടെയുണ്ടെന്ന്​ തോന്നിപ്പോകാറുണ്ട്​. മിക്കവാറും അനീതിയെ ചോദ്യം ചെയ്യുന്നവരായിരിക്കും അവർ. അവ​രെ റേപ്​ ചെയ്​തു കൊന്നതായിരിക്കും. പ്രതികാരം ചെയ്യാൻ വരുന്ന അവരെ പ​ട്രിയാർക്കലായ മന്ത്രവാദികളും സൈക്യാട്രിസ്​റ്റുകളും തിരക്കഥാകൃത്തുക്കളും സംവിധായകരും ചേർന്ന്​ കുപ്പിയിലാക്കിക്കളയും. അങ്ങനെ അല്ലാതെ നിന്നൊരാളാണ്​ 'ലിസ' എന്ന സിനിമയിലെ ലിസ. അവരെ ആവാഹിക്കാൻ വലിയ ശ്രമങ്ങളൊക്കെ നടത്തിയെങ്കിലും സിനിമ അവസാനിക്കുമ്പോൾ ലിസ പുറത്തുതന്നെയുണ്ട്​. അവരുടെ കാമുകനെയും കൊണ്ടാണ്​ അവർ പോകുന്നത്​. ഭവാനി എന്ന യാഥാസ്​ഥിതികയായ ഒരു സ്​ത്രീയുടെ ശരീരത്ത്​ കടന്നുകയറിയിരിക്കുന്നത്​ വള​രെ ലിബറേറ്റഡ്​ ആയ ലിസയാണ്​. സീമ ചേച്ചിയാണ്​ ലിസയുടെ റോൾ ചെയ്​തത്​. അവരോട്​ കുറ്റം ചെയ്​തവരെ മുഴുവൻ കൊന്നിട്ടാണ്​ അവർ പോകുന്നത്​.

കഥാപാത്രം: ലിസ
അഭിനേതാവ്​: സീമ
ചിത്രം: ലിസ (1978)
സംവിധാനം: ബേബി

9 - ബിരിയാണി തീറ്റിച്ച ഖദീജ

ഇന്നത്തെ സാഹചര്യത്തിൽ ഏറെ സെലിബ്രേറ്റ്​ ചെയ്യുന്ന ഒരു സിനിമയാണ്​ ബിരിയാണി. ഖദീജ എന്ന​ റോൾ ചെയ്​തിരിക്കുന്നത്​ കനിയാണ്​. അവ​രെ എനിക്കറിയാവുന്ന ക്യാരക്​ടറാണ്​. ആ സിനിമയിൽ കനിക്ക്​ അഭിനയിക്കേണ്ടിവരുന്നില്ല. കാരണം, വളരെ സ്വതന്ത്രയായ ഒരു വ്യക്​തിത്വവും കാഴ്​ചപ്പാടുമുള്ളയാളാണ്​ കനി. അതുകൊണ്ടുതന്നെ അതുപോലൊരു ക്യാരക്​ടർ ചെയ്യാൻ കനിക്ക്​ അനായാസം കഴിയുന്നു. ​പുരുഷ നിർമിതമായ എല്ലാ സ്​ഥാപനങ്ങൾക്കും എതിരെ നിൽക്കുന്ന ഒരു കഥാപാത്രം. അവ​രെക്കൊണ്ട്​ താൻ ഉണ്ടാക്കിയ ബിരിയാണി കഴിപ്പിച്ചതുപോലെ മലയാളി ആണത്വത്തിന്​ അത്തരം ബിരിയാണികൾ കഴിക്കേണ്ട ആവശ്യമുണ്ടെന്ന്​ ഓർമപ്പെടുത്തിയ ഒരു കഥാപാത്രമാണത്.

കഥാപാത്രം: ഖദീജ
അഭിനേതാവ്​: കനി കുസൃതി
ചിത്രം: ബിരിയാണി (2019)
സംവിധാനം: സജിൻ ബാബു

10 - തോൽക്കാൻ മനസ്സില്ലാത്ത തുളസി

പത്​മരാജൻ സംവിധാനം ചെയ്​ത കരിയിലക്കാറ്റുപോലെ എ​െൻറ എക്കാലത്തെയും പ്രിയപ്പെട്ട സിനിമയാണ്​. അതിൽ ശ്രീപ്രിയ അവതരിപ്പിച്ച കഥാപാത്രത്തി​െൻറ പേര്​ തുളസി എന്നാണ്​. പെണ്ണിനോട്​ പ്രതികാരം ചെയ്യാൻ റേപ്​ ചെയ്​താൽ മതി എന്നു വിശ്വസിക്കുന്ന നായകന്മാർക്ക്​ ഇന്നും മലയാളസിനിമയിൽ കൈയടി കിട്ടുന്നുണ്ട്​. ഇന്ന്​ മലയാള സിനിമയിൽ നടക്കുന്ന ഭൂകമ്പങ്ങളൊക്കെയും അതി​െൻറ പേരിലുമാണെന്ന്​ ഓർക്കണം. മമ്മൂട്ടിയെപോലൊരു നായകനാണ്​ ശ്രീപ്രിയയുടെ കഥാപാത്രത്തെ റേപ്​ ചെയ്യുന്നത്​. 'എനിക്ക്​ നിന്നോട്​ ഒരു വികാരവുമില്ല... പക്ഷേ, നിന്നെ റേപ്​ ചെയ്യുന്നത്​ നിന്നെ തോൽപ്പിക്കാനാണ്​..' എന്ന്​ നായകൻ പ്രഖ്യാപിക്കുന്നുണ്ട്​. അതൊരു നിഷ്​കളങ്കമായ പ്രഖ്യാപനമല്ല. മലയാള സിനിമ സ്​ത്രീകളോട്​ നിരന്തരം പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യമാണ്​. പക്ഷേ, അതൊരു തോൽവിയല്ലെന്ന്​ ആ സ്​ത്രീ എടുക്കുകയാണ്​. തുളസി അയാളെ കൊല്ലാൻപോലും പോകുന്നുണ്ട്​. പക്ഷേ, അതിനു മുമ്പ്​ അയാൾ കൊല്ല​പ്പെട്ടുപോയി എന്നവർ പറയുന്നത്​ വളരെ ലാഘവത്തോടെയാണ്​. കൊല്ലപ്പെട്ടപ്പോൾ പോലും അയാളോട്​ തരിമ്പും ഇമോഷൻ കാണിക്കാത്ത തുളസിയാണ്​ എ​െൻറ ഫേവറിറ്റ്​ കഥാപാത്രം.

കഥാപാത്രം: തുളസി
അഭിനേതാവ്​: ശ്രീപ്രിയ
ചിത്രം: കരിയിലക്കാറ്റുപോലെ (1986)
സംവിധാനം: പത്​മരാജൻ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Deedi DamodaranMarakkillorikkalum
News Summary - marakkillorikkalum deedi damodaran
Next Story