ഏത് മമ്മൂട്ടിയെ തെരഞ്ഞെടുക്കും...? ഏത് മോഹൻലാലിനെ തെരഞ്ഞെടുക്കും...?
text_fields'മറക്കില്ലൊരിക്കലും' എന്ന പേര് അർഥമാക്കുന്നത് പോലെ തന്നെ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരുപാട് കഥാപാത്രങ്ങളെ ഞാൻ സിനിമകളിൽ കണ്ട് മനസിൽ സൂക്ഷിച്ചിട്ടുണ്ട്. അതിൽ കുഞ്ഞുനാൾ മുതൽ കണ്ട കഥാപാത്രങ്ങൾ വരെയുണ്ട്. അവയിൽ നിന്ന് പത്ത് കഥാപാത്രങ്ങളെ മാത്രം തെരഞ്ഞെടുക്കുക എന്ന് പറയുന്നത് വളരെ ദുഷ്കരമായ കാര്യമാണ്. അതിനാൽ, നടൻമാരെ കേന്ദ്രീകരിച്ചുകൊണ്ട് 'ഒരു നടൻ ഒരു കഥാപാത്രം' എന്ന രീതിയിൽ ആ പത്തുപേരെ ഞാൻ ലിമിറ്റ് ചെയ്യുകയാണ്.
ഇന്നും മറക്കാത്ത പളനി
പത്തുപേരിൽ ആദ്യത്തേത് വളരെ ചെറുപ്പത്തിൽ കണ്ട ചെമ്മീൻ എന്ന സിനിമയിലെ സത്യൻ മാഷ് ചെയ്ത പളനി എന്ന കഥാപാത്രമാണ്. ഞാനൊരിക്കലും സത്യൻ മാഷിനെ നേരിട്ട് കണ്ടിട്ടില്ല. എന്തുകൊണ്ടാണ് പളനി എന്‍റെ മനസ്സിൽ കയറിക്കൂടിയത് എന്ന് ചോദിച്ചാൽ വ്യക്തമായ ഉത്തരവുമില്ല, പക്ഷേ, അന്ന് ചെമ്മീൻ എന്ന സിനിമ ഒരു അദ്ഭുതവും ആഘോഷവുമായിട്ടാണ് ഞാൻ കണ്ടത്. സത്യൻ മാഷ് പളനിയായി സ്ക്രീനിലേക്ക് വരുന്ന ആ രംഗം ഇന്നലെ കണ്ടത് പോലെ ഓർക്കുകയാണ്.
കൊട്ടാരക്കരയുമായി മത്സരിച്ച് വഞ്ചി തുഴഞ്ഞുകൊണ്ടായിരുന്നു സത്യൻ മാഷിന്‍റെ എൻട്രി. വളരെ ചെറുതായിരുന്നു ഞാനന്ന്, ആ രംഗം വന്ന സമയത്ത് വളരെ ത്രില്ലടിച്ചുപോയ അനുഭവമായിരുന്നു. തകഴിയുടെ തൂലികയിൽ പിറന്ന പളനി, എന്‍റെ പത്ത് കഥാപാത്രങ്ങളിൽ ഇന്നും മനസ്സിൽ സൂക്ഷിക്കുന്ന ഏറ്റവും മികച്ച കഥാപാത്രം തന്നെയാണ്.
കഥാപാത്രം: പളനി / സത്യൻ
സിനിമ: ചെമ്മീൻ
വർഷം: 1965
സംവിധാനം: രാമു കാര്യാട്ട്
കുഞ്ഞോനാച്ചൻ എന്ന കരുത്തൻ
രണ്ടാമതായി എന്‍റെ മനസ്സിലേക്ക് ഓടിയെത്തുന്നത്, പ്രശസ്ത സാഹത്യകാരൻ പാറപ്പുറത്തിന്‍റെ 'അരനാഴിക നേരം' എന്ന നോവൽ സിനിമയാക്കിയപ്പോൾ അതിൽ അഭിനയ ചക്രവർത്തിയായ കൊട്ടാരക്കര ശ്രീധരൻ നായർ അവതരിപ്പിച്ച കുഞ്ഞോനാച്ചനാണ്. ഞാൻ ഓർമയിൽ എന്നും സൂക്ഷിക്കുന്ന കഥാപാത്രമാണത്. എന്‍റെ രണ്ടാമത്തെ പ്രിയപ്പെട്ട കഥാപാത്രം. വളരെ ചെറുപ്പത്തിൽ കണ്ട സിനിമയാണെങ്കിലും ഇന്നും ആ രൂപവും ആ സിനിമയിലെ രംഗങ്ങളും ഞാൻ മറന്നിട്ടില്ല. അതാണ് ആ കഥാപാത്രത്തിന്‍റെ ശക്തി.
കഥാപാത്രം: കുഞ്ഞോനാച്ചൻ/ കൊട്ടാരക്കര ശ്രീധരൻ നായർ
സിനിമ: അരനാഴിക നേരം
വർഷം: 1970
സംവിധാനം: കെ.എസ് സേതുമാധവൻ
തീരാത്ത വേദനയായി ജോസ്
ഞാൻ കുഞ്ഞുനാൾ മുതലേ നസീർ സാറിന്‍റെ ഭയങ്കര ആരാധകനാണ്. എന്നുവെച്ച് മറ്റ് താരങ്ങളുടെ സിനിമകൾ കാണാതിരിക്കുകയോ അവരോട് ഇഷ്ടക്കുറവോ ഉണ്ടായിരുന്നില്ല. പക്ഷേ, നസീർ സാറിന്‍റെ എല്ലാ സിനിമകളും ആദ്യ ദിവസം തന്നെ കാണുമായിരുന്നു. അദ്ദേഹത്തിന്‍റെ സിനിമകൾ വരാനായി കാത്തിരുന്നിട്ടുണ്ട്. നസീർ സാറിന്‍റെ ഒരുപാട് കഥാപാത്രങ്ങളെ ഇഷ്ടമാണ്. പലതും ഗംഭീരവുമായിരുന്നു. പക്ഷേ എന്‍റെ മനസ്സിൽ എന്നും നിലനിൽക്കുന്നതും എപ്പോഴും വേദനോടെ ഓർക്കുന്നതും അല്ലെങ്കിൽ വളരെ അടുപ്പം തോന്നിയതുമായ ഒരു കഥാപാത്രമുണ്ട്, പണി തീരാത്ത വീട് എന്ന സിനിമയിലെ ''ജോസ്''.
അദ്ദേഹത്തിന്‍റെ മറ്റ് പല കഥാപാത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇതൊരു വലിയ കഥാപാത്രമാണെന്ന് പറയാൻ കഴിയില്ല. അതുപോലെ അത്രത്തോളം ജനപ്രിയവുമായിരുന്നില്ല. എന്നാൽ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. അവസാനം പട്ടാളത്തിലേക്ക് പോകുന്ന ജോസ് എന്ന കഥാപാത്രം ഇന്നും ഓർമയിൽ നിന്ന് മാഞ്ഞിട്ടില്ല. എന്‍റെ പ്രിയപ്പെട്ട മൂന്നാമത്തെ കഥാപാത്രമായി ഞാൻ നസീർ സാറിന്‍റെ ജോസിനെ ചേർത്തുവെക്കുന്നു.
കഥാപാത്രം: ജോസ് / പ്രേം നസീർ
സിനിമ: പണി തീരാത്ത വീട്
വർഷം: 1973
സംവിധാനം: കെ.എസ് സേതുമാധവൻ
താറാവുകാരൻ പൈലി
ഇനി കുട്ടിക്കാലം കഴിഞ്ഞ് സ്കൂൾ - കോളജ് കാലഘട്ടത്തിൽ ഞാൻ കണ്ട സിനിമകളിലെ പ്രിയ കഥാപാത്രങ്ങളിലേക്ക് പോവുകയാണ്. അവയിൽ ഇന്നും മനസ്സിൽ സൂക്ഷിക്കുന്ന മധു സാറിന്‍റെ ഒരുപാട് ഇഷ്ടമുള്ള കഥാപാത്രങ്ങളുണ്ട്. അതിൽ ഞാൻ തെരഞ്ഞെടുക്കുന്ന ഒരു കഥാപാത്രം പത്മരാജൻ സാറിന്‍റെ തിരക്കഥയിൽ ഐ.വി. ശശി സംവിധാനം ചെയ്ത 'ഇതാ ഇവിടെ വരെ' എന്ന ചിത്രത്തിലെ താറാവ് പൈലി എന്ന കഥാപാത്രമാണ്. പൈലി ആ സിനിമയിലെ നായകനല്ല, പക്ഷെ ആ കഥാപാത്രമാണ് ആ സിനിമയുടെ ഏറ്റവും വലിയ ശക്തി എന്ന് എനിക്ക് തോന്നുന്നു. മധു സാർ അഭിനയിച്ചതിൽ എനിക്ക് ഏറ്റവും പ്രിയം തോന്നിയ കഥാപാത്രവും താറാവുകാരൻ പൈലിയാണ്.
കഥാപാത്രം: താറാവ് പൈലി / മധു
സിനിമ: ഇതാ ഇവിടെവരെ
വർഷം: 1977
സംവിധാനം: ഐ വി ശശി
തിലകന്‍റെ പെരുന്തച്ചൻ
അഞ്ചാമത്തെ കഥാപാത്രമായി ഞാൻ തെരഞ്ഞെടുക്കുന്നത് പെരുന്തച്ചൻ എന്ന ചിത്രത്തിലെ തിലകൻ ചെയ്ത രാമൻ പെരുന്തച്ചൻ എന്ന കഥാപാത്രത്തെയാണ്. എം.ടിയുടെ കഥാപാത്രമായിരുന്നു അത്. തോപ്പിൽ ഭാസിയുടെ മകൻ അജയനായിരുന്നു സിനിമയുടെ സംവിധാനം. ഞാൻ വളരെയധികം ഇഷ്ടപ്പെടുന്ന സിനിമയും കഥാപാത്രവുമാണത്.
കഥാപാത്രം: പെരുന്തച്ചൻ/ തിലകൻ
സിനിമ: പെരുന്തച്ചൻ
വർഷം: 1990
സംവിധാനം: അജയൻ
മമ്മൂക്കയുടെ ചന്തു
മമ്മൂട്ടി - മോഹൻലാൽ, ഇരുവരുടെയും കഥാപാത്രങ്ങളിൽ ഏത് തെരഞ്ഞെടുക്കും എന്നതായിരുന്നു ഏറ്റവും ദുഷ്കരമായ മാറിയത്. ഇവർ ചെയ്ത കഥാപാത്രങ്ങളിൽ എനിക്ക് ഇഷ്ടപ്പെട്ട ഒരുപാടെണ്ണമുണ്ട്. അവയിൽ തന്നെ ഏതാണ് ഏതിനേക്കാൾ മികച്ചത് എന്ന് പറയാൻ കഴിയാത്ത വിധം ഗംഭീരമായ പല കഥാപാത്രങ്ങളെയും ഇരുവരും അനശ്വരമാക്കിയിട്ടുണ്ട്.
എങ്കിലും മമ്മൂക്ക ചെയ്തതിൽ എനിക്ക് മാനസികമായി ഏറ്റവും അടുപ്പമുള്ള ഒരു കഥാപാത്രം വടക്കൻ വീരഗാഥയിൽ അദ്ദേഹം അവതരിപ്പിച്ച 'ചന്തു'വാണ്. ആ കഥാപാത്രത്തെ ഇഷ്ടപ്പെടാൻ ഒരുപാട് കാരണങ്ങളുണ്ട്. മമ്മൂക്കയുടെ രൂപവും ശബ്ദവും ഗാംഭീര്യവും ഒപ്പം അദ്ദേഹത്തിന്‍റെ അഭിനയത്തികവും കൂടി ആ കഥാപാത്രത്തെ അതിഗംഭീരമാക്കി മാറ്റി.
കഥാപാത്രം: ചന്തു/ മമ്മൂട്ടി
സിനിമ: ഒരു വടക്കൻ വീരഗാഥ
വർഷം: 1989
സംവിധാനം: ഹരിഹരൻ
കിരീടത്തിലെ സേതുമാധവൻ
മോഹൻലാലിന്‍റെ കഥാപാത്രങ്ങളുടെ കാര്യത്തിലും ഏത് തെരഞ്ഞെടുക്കണം ഏതിനെ മാറ്റി നിർത്തണം എന്ന ആശയക്കുഴപ്പമുണ്ട്. ഏറ്റവും ഒടുവിലാണ് എനിക്ക് ഒരുപാട് ഇഷ്ടമുള്ള കഥാപാത്രം 'കിരീട'ത്തിലെ സേതുമാധവനാണെന്ന് ഞാൻ തിരിച്ചറിയുന്നത്. മോഹൻലാൽ ചെയ്ത ഒരുപാട് കഥാപാത്രങ്ങളിൽ എനിക്ക് ഏറ്റവും മികച്ചതായി തോന്നിയത് സേതുമാധവനെയാണ്.
കഥാപാത്രം: സേതുമാധവൻ/ മോഹൻലാൽ
സിനിമ: കിരീടം
വർഷം: 1989
സംവിധാനം: സിബി മലയിൽ
എല്ലാറ്റിനും മുകളിൽ തബലിസ്റ്റ് അയ്യപ്പൻ
മഹരഥൻമാരായ നടൻമാരെ കുറിച്ചാണ് നമ്മൾ പറഞ്ഞുവരുന്നത് അക്കൂട്ടത്തിലെ മറ്റൊരു മഹാനായ പ്രതിഭയും നടനുമാണ് അന്തരിച്ചുപോയ ഭരത് ഗോപി. അദ്ദേഹം അപാരമായി ചെയ്ത ഒരുപാട് കഥാപാത്രങ്ങളുണ്ട്. പലരും അതിൽ നിന്ന് പല കഥാപാത്രങ്ങളെയും തെരഞ്ഞെടുത്തിട്ടുണ്ടാവാം. പക്ഷെ ഞാൻ തെരഞ്ഞെടുക്കുന്നത് അദ്ദേഹം ഒരു സിനിമയിൽ ചെയ്ത വലിയ പ്രാധാന്യമൊന്നുമില്ലാത്ത കഥാപാത്രത്തെയാണ്.
ഗോപിച്ചേട്ടന്‍റെ സാന്നിധ്യം കാരണം ഒരു കഥാപാത്ര സൃഷ്ടി എത്രത്തോളം മുകളിലേക്ക് പോകുന്നു എന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ആ കഥാപാത്രം. കെ.ജി ജോർജ് സംവിധാനം ചെയ്ത യവനിക എന്ന ചിത്രത്തിലെ തബലിസ്റ്റ് അയ്യപ്പൻ എന്ന കഥാപാത്രത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്. എസ്.എൽ പുരം സദാനന്ദനായിരുന്നു ചിത്രത്തിന്‍റെ തിരക്കഥ.
കഥാപാത്രം: അയ്യപ്പൻ/ഭരത് ഗോപി
സിനിമ: യവനിക
വർഷം: 1982
സംവിധാനം: കെ.ജി ജോർജ്
എവിടെയോ കണ്ടുമറന്ന ചെല്ലപ്പനാശാരി
നെടുമുടി വേണു ചെയ്ത 'തകര'യിലെ ചെല്ലപ്പനാശാരിയാണ് എന്‍റെ ഒമ്പതാമത്തെ പ്രിയ കഥാപാത്രം. ഭരതൻ സംവിധാനം ചെയ്ത, പത്മരാജന്റെ തൂലികയിൽ പിറന്ന ചെല്ലപ്പനാശാരി.
ചെല്ലപ്പനാശാരിയെ നമ്മൾ മുമ്പ് കണ്ടിട്ടില്ല. ഒരു സിനിമയിലും ഇങ്ങനൊരു കഥാപാത്രം മുമ്പ് വന്നിട്ടുമില്ല. എങ്കിലും എവിടെയോ കണ്ടുമറന്ന അല്ലെങ്കിൽ ശരിക്കും ഒരു ആശാരിയുടെ രൂപ ഭാവങ്ങളും ചലനങ്ങളും നെടുമുടി വേണു എന്ന മികച്ച നടനിലൂടെ നമ്മൾ കണ്ടു. എന്‍റെ ഏറ്റവും പ്രിയ കഥാപാത്രങ്ങളിലൊന്ന് എന്ന സംശയം കൂടാതെ പറയാവുന്നതാണ് വേണുച്ചേട്ടന്‍റെ ചെല്ലപ്പനാശാരി.
കഥാപാത്രം: ചെല്ലപ്പനാശാരി/നെടുമുടി വേണു
സിനിമ: തകര
വർഷം: 1979
സംവിധാനം: ഭരതൻ
അദ്ഭുതപ്പെടുത്തിയ കുട്ടൻ തമ്പുരാൻ
എം.ടിയുടെ തൂലികയിൽ പിറന്ന ഹരിഹരൻ സംവിധാനം ചെയ്ത 'സർഗം' എന്ന സിനിമയിലെ കുട്ടൻ തമ്പുരാൻ എന്ന കഥാപാത്രത്തെയാണ് ഞാൻ പത്താമതായി തെരഞ്ഞെടുക്കുന്നത്. മനോജ് കെ. ജയനായിരുന്നു ആ കഥാപാത്രത്തെ അനശ്വരമാക്കിയത്. അന്നൊരു പുതുമുഖ നടനായിരുന്നു അദ്ദേഹം. നമ്മളെ അദ്ഭുതപ്പെടുത്തുന്ന പ്രകടനമായിരുന്നു മനോജിന്‍റേത്. പ്രകടനത്തിനൊപ്പം ആ കഥാപാത്ര സൃഷ്ടിയുടെ മികവും കൂടി പരിഗണിക്കേണ്ടതുണ്ട്.
കഥാപാത്രം: കുട്ടൻതമ്പുരാൻ/മനോജ് കെ. ജയൻ
സിനിമ: സർഗം
വർഷം: 1992
സംവിധാനം: ഹരിഹരൻ
തയ്യാറാക്കിയത്: അമീർ സാദിഖ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.