വിട്ടുമാറാത്ത വേദന സമ്മാനിച്ച ഓർമ്മയാണ് വൈശാലി - ഫാദർ. പത്രോസ്
text_fieldsപഠനകാലത്തിന്റെ തുടക്കത്തിൽ ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്ത് മാവടി എന്ന ഗ്രാമത്തിലായിരുന്നു താമസം. അവിടെ നിന്ന് തിയറ്ററിലേക്ക് പോകാൻ നീണ്ട ദൂരം സഞ്ചരിക്കണമായിരുന്നു. അതിനാൽ സ്വാഭാവികമായും സിനിമ കാണാൻ പോകാറുണ്ടായിരുന്നില്ല.
വൈദ്യുതി പോലും ഇല്ലാത്ത നാടായിരുന്നു അന്ന് മാവാടി. സ്കൂളിൽ പ്രൊജക്ടറിൽ മാത്രമാണ് അന്ന് സിനിമ കണ്ടിരുന്നത്. അത് തന്നെ ചിലപ്പോൾ രണ്ട് മാസത്തിൽ ഒരിക്കൽ മാത്രമായിരുന്നു. ഞങ്ങൾ തന്നെയായിരുന്നു സ്കൂളിൽ തിയറ്റർ സെറ്റ് ചെയ്തത്. ഓടിട്ട സ്ഥലത്ത് പച്ചിലയൊക്കെ വെച്ച് മറച്ച്, 15 എം.എം സ്ക്രീൻ ഒക്കെ വെച്ച് പ്രൊജക്ടറിൽ സിനിമ കാണും. അതാണ് ആ കാലത്തെ സിനിമാ കാഴ്ച്ച.
വിട്ടുമാറാത്ത വേദന സമ്മാനിച്ച വൈശാലി
പഠനകാലത്ത് ആദ്യം കണ്ട സിനിമ വൈശാലിയായിരുന്നു. ഋഷ്യശൃംഗനും വിഭാണ്ഡകനുമൊക്കെയുണ്ടെങ്കിലും മനസിൽ പതിഞ്ഞത് വൈശാലിയുടെ രൂപമായിരുന്നു. ഒരു നാടിന് വേണ്ടി ഇറങ്ങിത്തിരിച്ച് മരണത്തിലേക്ക് വീണുകൊടുക്കുന്ന ഒരു സ്ത്രീയുടെ കഥയാണ് ഞാൻ കാണുന്ന വൈശാലി.
ഋഷ്യശൃംഗൻ നാട്ടിലെത്തി അവിടെ അദ്ദേഹത്തിെൻറ സാന്നിധ്യം കൊണ്ട് മഴ പെയ്യുന്നു. പക്ഷെ അതിന് കാരണമായ വ്യക്തി ആ സ്ത്രീയായിരുന്നു. അവർ മരണത്തിലേക്ക് വീഴുകയാണ്. രാജാവിന് അവരെ സ്വീകരിക്കാൻ നിർവാഹമില്ല. അവരെ സ്വീകരിച്ചാൽ രാജാവിന് പേരുദോഷമാകും. അതുകൊണ്ട് വൈശാലി മരിക്കുന്നു. ആ കഥാപാത്രം വിട്ടുമാറാത്ത വേദന സമ്മാനിച്ച ഓർമ്മയാണ്.
കഥാപാത്രം: വൈശാലി
അഭിനേതാവ്: സുപർണ്ണ
ചിത്രം: വൈശാലി (1988)
സംവിധാനം: ഭരതൻ
വാറുണ്ണിയും നായും
ചെറുപ്പകാലത്തിന് വളരെ മുമ്പ് ഇടുക്കി ജില്ലയുടെ പ്രാന്തപ്രദേശങ്ങൾ വനമായിരുന്നുവെന്നും അവിടെ ആനയും പുലിയുമൊക്കെയുണ്ടായിരുന്നു എന്നുമൊക്കെ പറഞ്ഞുകേട്ടിരുന്നു. ആ കേൾവിയുടെ അടിസ്ഥാനത്തിൽ വനങ്ങളോട് എനിക്ക് പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് മമ്മൂട്ടി അഭിനയിച്ച മൃഗയ എന്ന സിനിമ വരുന്നത്.
സ്കൂളിൽ വെച്ച് തന്നെയാണ് ആ ചിത്രം കണ്ടത്. മൃഗയ സിനിമയിൽ മമ്മൂട്ടി വരുന്നത് നാട്ടിൽ അപകടമുണ്ടാക്കുന്ന പുലിയെ പിടിക്കാനാണ്. വാറുണ്ണി എന്ന തനി നാടൻ വേട്ടക്കാരനായിട്ടായിരുന്നു മമ്മൂട്ടിയുടെ വരവ്. കറപിടിച്ച് പൊന്തിവന്ന പല്ലുകളൊക്കെയുള്ള രൂപം.
ആ സിനിമയുമായി ബന്ധപ്പെട്ട് മനസിൽ ഏറെ ആകർഷിച്ച കാര്യം വാറുണ്ണിയുടെ കൂടെ ഒരു നായുണ്ട്. ആ നായ അവസാനം ഇദ്ദേഹത്തിെൻറ മുന്നിൽ വന്ന് കുരക്കുന്ന രംഗമുണ്ട്. നാട്ടുകാരെല്ലാം ചേർന്ന് അതിനെ അടിക്കുകയാണ്. വല്ലാതെ മർദിക്കുന്ന സമയത്ത് വാറുണ്ണി പറയും, 'അതിനെ ഇങ്ങനെയാണോ ഉപദ്രവിക്കുന്നത്, നിർത്തെടാ..' എന്ന്. പിന്നാലെ നായെ മമ്മൂട്ടി വെടിവെച്ച് കൊല്ലുന്ന ഒരു കാഴ്ച്ചയുമുണ്ട്. സ്നേഹത്തിെൻറ ആധിക്യത്തിലും ഇനി ആ ജീവി വേദനിക്കരുത് എന്ന ആഗ്രഹത്തിലുമാണ് വാറുണ്ണി അതിനെ വെടിവെക്കുന്നത്, അതിന് ശേഷം നോക്കുമ്പോഴാണ് വീടിന് മുകളിൽ പുലിയിരിക്കുന്നത് കാണുന്നത്.
പുലിയെ കൊല്ലുന്നതിനേക്കാൾ വേദനിപ്പിച്ച കാഴ്ച്ച ആ നായെ കൊല്ലുന്നതായിരുന്നു. സ്നേഹത്തിെൻറ വേർപാടിെൻറ കഥയാണ് വാറുണ്ണിയുടെ മൃഗയ എന്ന സിനിമ.
കഥാപാത്രം: വാറുണ്ണി
അഭിനേതാവ്: മമ്മൂട്ടി
ചിത്രം: മൃഗയ (1989)
സംവിധാനം: െഎ.വി ശശി
ഭൂതക്കണ്ണാടിയിലെ വിദ്യാധരൻ
ഗൃഹനാഥനെ കേന്ദ്ര കഥാപാത്രമായി കൊണ്ടുവരുന്ന സിനിമകളിൽ മമ്മൂട്ടിയുടെ ഒരു പ്രത്യേക സാന്നിധ്യമുണ്ട്. ഒരു പക്ഷെ മമ്മൂട്ടിയേക്കാൾ അതിൽ മികച്ച് നിൽക്കുന്ന നടൻമാരും കുറവാണ്. ഭൂതക്കണ്ണാടി എന്ന സിനിമയിൽ നായകനെന്നതിനേക്കാൾ ഒരു ഗൃഹനാഥനായി മമ്മൂട്ടി ജീവിക്കുകയായിരുന്നു.
ലോഹിതദാസിെൻറ ആദ്യത്തെ സംവിധാനത്തിലുള്ള ആ സിനിമ എെൻറയുള്ളിൽ ഉണ്ടാക്കിയ ഒരു വേവലാതിയുണ്ട്. തെൻറ കുടുംബ ജീവിതം, അത് എങ്ങനെ മുന്നോട്ട് പോകും..? മകൾ എങ്ങനെ വളരും..? എന്ന ആകുലത, ഇതെല്ലാം ചേർത്തുവെച്ചിട്ടാണ് വിദ്യാധരനെന്ന മമ്മൂട്ടി കഥാപാത്രം ജീവിക്കുന്നത്.
ഒാരോ കുടംബത്തിലും ആ കാലത്ത് പെൺ മക്കൾ വളരുന്നതിെൻറ വേദനകളും ചിത്രം അവതരിപ്പിക്കുന്നുണ്ട്. വിദ്യാധരൻ ഭ്രാന്തമായ ജീവതകാലഘട്ടത്തിലേക്ക് കടന്നുവരുന്നത് തെൻറ കുടുംബ ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകും എന്നുള്ള പേടികൊണ്ടാണ്. എങ്ങനെയാണ് ഭാവിയിൽ ആ ജീവിതം നിലനിർത്താൻ കഴിയുക..? തെൻറ മകൾ എങ്ങനെയാണ് വളരുക..? തുടങ്ങിയ വേദന ഒരു അച്ഛനെന്ന നിലയിൽ അദ്ദേഹം അനുഭവിക്കുമ്പോൾ സമൂഹത്തിെൻറ വേദനയാണ് അയാളിലൂടെ പ്രതിഫലിക്കുന്നതെന്ന് നാമറിയും.
കഥാപാത്രം: വിദ്യാധരൻ
അഭിനേതാവ്: മമ്മൂട്ടി
സിനിമ: ഭൂതക്കണ്ണാടി
വർഷം: 1997
സംവിധാനം: ലോഹിതദാസ്
കാലാപാനിയിലെ കരുത്തയായ പാർവതി
മലയാള സിനിമയുടെ വളർച്ചാ കാലഘട്ടത്തിൽ സ്ത്രീ കഥാപാത്രങ്ങളെ ശക്തരല്ലെന്ന ആരോപണങ്ങൾ നേരിടുേമ്പാഴും ഒളിഞ്ഞും തെളിഞ്ഞും ശക്തരായ അത്തരം കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമകളുണ്ടായിരുന്നു. കാലാപാനി എന്ന സിനിമയിൽ നായകന്മാരായി മോഹൻലാലും പ്രഭുവും ഒക്കെയുണ്ടെങ്കിലും അതിനിടയിൽ അതിശക്തയായ ഒരു കഥാപാത്രമുണ്ട്, അത് തബു അവതരിപ്പിച്ച 'പാർവതി'യാണ്.
ഗോവർധൻ എന്ന മോഹൻലാൽ ചെയ്ത കഥാപാത്രത്തിെൻറ ഭാര്യയാണ് പാർവതി. സിനിമയിൽ സ്വന്തം ഭർത്താവിനെ ബ്രിട്ടീഷുകാർ പിടിച്ചുകൊണ്ടുപോയി ജയിലിടച്ചിരിക്കുകയാണ്. എന്നാൽ, ഗോവർധെൻറ വാക്കുകളിൽ നിന്ന് പ്രചോദനമുൾകൊണ്ട് പാർവതി വിദ്യാഭ്യാസമില്ലാത്ത തെൻറ സമൂഹത്തിന് അക്ഷരാഭ്യാസം നൽകാനും അവരെ പ്രബുദ്ധരാക്കാനും ഇറങ്ങിപ്പുറപ്പെടുന്നുണ്ട്.
അവരുടെ നീണ്ട കാലത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാനും സ്വന്തം ഭർത്താവിന് മോചനം ലഭിക്കാനും ബ്രിട്ടീഷുകാർ ഇന്ത്യയിൽ നിന്ന് പോകണം എന്ന് മനസിലാക്കുന്ന പാർവതി ജനങ്ങളിലേക്ക് ഇറങ്ങിത്തിരിക്കുകയാണ്. സ്ത്രീയെ ഭാര്യയെന്ന നിലക്ക് ഒതുക്കിയിടാൻ ശ്രമിച്ചിരുന്ന അന്നത്തെ കാലത്ത് പാർവതി ശക്തയായി സമൂഹത്തിലേക്ക് ഇറങ്ങിത്തിരിക്കുകയാണ്. സിനിമയിലെ പാർവതിയെന്ന സ്ത്രീയുടെ കാഴ്ച്ച ശക്തവും മനോഹരവുമായ ഒന്നായിരുന്നു.
കഥാപാത്രം: പാർവതി
അഭിനേതാവ്: തബു
ചിത്രം: കാലാപാനി
വർഷം: 1996
നായക കഥാപാത്രത്തെ അതിജീവിച്ച കല്ലൂർ രാമനാഥൻ
നായക കഥാപാത്രങ്ങളിലൂടെയാണ് മലയാള സിനിമയിൽ കഥകൾ വളരുന്നത് എന്ന് പൊതുവെ പറയാറുണ്ട്. എങ്കിലും നായക കഥാപാത്രങ്ങളെ അതിജീവിച്ച് നിൽക്കുന്ന മറ്റ് കഥാപാത്രങ്ങളുണ്ട്. ലോഹിതദാസ് എഴുതി സിബി മലയിൽ സംവിധാനം ചെയ്ത 'ഭരതം' എന്ന സിനിമയിൽ രണ്ട് കഥാപാത്രങ്ങളും ഒന്നിച്ച് പോകുേമ്പാഴും വികാര തീവ്രമായ കഥാപാത്ര അവതരണത്തിലൂടെ നമ്മെ പിടിച്ചുകുലിക്കിയ നടനായിരുന്ന നെടുമുടി വേണു. അദ്ദേഹം അടുത്ത സുഹൃത്ത് കൂടിയായിരുന്നു.
സംഗീതരംഗത്ത് അനുജെൻറ വളർച്ചയിൽ ഒരേസമയം സന്തോഷിക്കുകയും താൻ താഴേക്ക് പോകുന്നുണ്ടോ എന്ന ചെറിയ അപകർഷതാ ബോധവുമുള്ള രാമനാഥൻ എന്ന ജ്യേഷ്ഠ കഥാപാത്രത്തെയാണ് ഭരതത്തിൽ നെടുമുടി അവതരിപ്പിക്കുന്നത്. സഹോദരനെന്ന നിലയിൽ സന്തോഷവും കലാകാരൻ എന്ന നിലയിലുള്ള അപകർഷതാ ബോധവും ഒരുമിച്ച് കാണാൻ കഴിയുന്ന കഥാപാത്ര സൃഷ്ടി. അത് അങ്ങേയറ്റം തന്മയത്വത്തോടെ അദ്ദേഹം ചെയ്ത് ഫലിപ്പിച്ചു.
കഥാപാത്രം: കല്ലൂർ രമനാഥൻ
അഭിനേതാവ്: നെടുമുടി വേണു
സിനിമ: ഭരതം (1991)
സംവിധാനം: സിബി മലയിൽ
അതിഥിയായെത്തി മനം കവർന്ന ശിവാജി
നായക കഥാപാത്രങ്ങളല്ലാതെയും ശ്രദ്ധനേടുന്ന കഥാപാത്രങ്ങളുണ്ട് എന്ന് പറഞ്ഞല്ലോ.. മലയാളത്തിൽ അതിഥി താരമായി വന്ന് ഹൃദയം കവർന്ന് പോയ ഒരു ചെറിയ കഥാപാത്രമുണ്ടായിരുന്നു. ഒരു യാത്രാ മൊഴി എന്ന സിനിമയിൽ 'കാക്കാല കണ്ണമ്മാ കൺ മിഴിച്ച് പാടമ്മാ' എന്ന് പാടിക്കൊണ്ട് വന്ന ശിവാജി ഗണേശൻ.
അദ്ദേഹത്തിെൻറ ഇൗ സിനിമയിലേക്കുള്ള രംഗപ്രവേശത്തിൽ സ്വന്തം മകനാണെന്ന് മനസിലാക്കാതെ മോഹൻലാൽ ചെയ്ത ഗോവിന്ദൻകുട്ടി എന്ന കഥാപാത്രത്തിനൊപ്പം ആദ്യം ഇടപഴകുന്ന പെരിയവർ പിന്നീട് അത് കണ്ടെത്തുകയാണ്. പിന്നാലെ, അമ്മയെയും തന്നെയും ഉപേക്ഷിച്ചതിന് അജ്ഞാതനായ പിതാവിനെ കൊല്ലാനാണ് അവൻ നടക്കുന്നതെന്നും അദ്ദേഹം മനസിലാക്കുന്നു. ഞാനാണ് നിെൻറ അച്ഛനെന്ന് പറയാൻ അദ്ദേഹം അതിയായി ആഗ്രഹിക്കുന്നുണ്ട്. പിതാവിനെ കൊല്ലണോ വേണ്ടയോ എന്ന് കടുത്ത തീരുമാനമെടുക്കാൻ ഗോവിന്ദൻകുട്ടിയും ബുദ്ധിമുട്ടുകയാണ്.
ആ അച്ഛൻ കഥാപാത്രം അനുഭവിക്കുന്ന വികാര തീവ്രത അതി ഗംഭീരമായി ആ സിനിമയിൽ അവതരിപ്പിച്ച നടനാണ് ശിവാജി ഗണേശൻ. അദ്ദേഹത്തിെൻറ മുഴുനീള കഥാപാത്രമായിരുന്നില്ലെങ്കിൽ കൂടി അതൊരു സംഭവമായിരുന്നു. സിനിമയിൽ ഇടക്ക് വരുന്ന കഥാപാത്രങ്ങൾക്കും സ്ഥാനമുണ്ട്, പ്രാധാന്യമുണ്ട് എന്ന് തെളിയിക്കുന്ന സിനിമയാണ് 'ഒരു യാത്രാ മൊഴി'
കഥാപാത്രം: പെരിയവർ
അഭിനേതാവ്: ശവാജി ഗണേശൻ
ചിത്രം: ഒരു യാത്രാമൊഴി (1997)
സംവിധാനം: പ്രതാപ് പോത്തൻ
മോഹൻലാലിെൻറ അഭിനയ സാധ്യതകളെ ചൂഷണം ചെയ്ത കമലദളം
മലയാള സിനിമയിൽ വില്ലൻ കഥാപാത്രമായി വന്ന് നായകൻമാരായ നടൻമാരുണ്ട്. അതിൽ എടുത്തുപറയേണ്ടയാൾ മോഹൻലാൽ തന്നെയാണ്. സിബി മലയിൽ ലോഹിതദാസ് കൂട്ടുകെട്ടിൽ മനോഹര ചിത്രമാണ് കമലദളം. അതിൽ മോഹൻലാലിെൻറ അഭിനയ സാധ്യതകളെ എത്രമാത്രം ഉപയോഗിച്ചിട്ടുണ്ടെന്ന് തിരിച്ചറിയാൻ പറ്റും.
നൃത്തം പഠിക്കാത്ത ഒരാൾ ഇത്രയും ക്ലാസിക്കൽ കലാരൂപത്തെ എങ്ങനെ അവതരിപ്പിക്കുന്നു എന്ന് അതിശയിച്ച് പോകും. അഗ്നിയുടെ മധ്യത്തിൽ നിന്ന് നൃത്തം ചെയ്യുന്ന ഒരു രംഗമുണ്ട്, മനസിൽ നിന്ന് വിട്ടുപോകില്ല ആ കാഴ്ച്ച. നർത്തകനായുള്ള ചിത്രത്തിലെ മോഹൻലാലിെൻറ വേഷം അത്രയും ഹൃദ്യമായിരുന്നു. മോഹൻലാൽ എന്ന മനുഷ്യെൻറ അഭിനയ സാധ്യതകളുടെ പാരമ്യത്തിലാണ് ആ നടനം കാഴ്ച്ചവെച്ചിട്ടുള്ളത്.
കഥാപാത്രം: നന്ദഗോപാൽ
അഭിനേതാവ്: മോഹൻലാൽ
ചിത്രം: കമലദളം (1992)
സംവിധാനം: സിബി മലയിൽ
ദ്രോണയിൽ അദ്ഭുതപ്പെടുത്തിയ മനോജ് കെ. ജയൻ
നായക കഥാപാത്രങ്ങളെ പോലെ മലയാള സിനിമയിൽ പ്രതിനയാകൻമാരെ കേന്ദ്രീകരിച്ചുള്ള സിനിമകളും ഇറങ്ങിയിട്ടുണ്ട്. അതെല്ലാം കഥയുടെ നിലനിൽപ്പിന് ആധാരമായി മാറിയിട്ടുമുണ്ട്. മമ്മൂട്ടി ചിത്രമെന്ന് വിശേഷിപ്പിക്കുന്ന 'ദ്രോണ' എന്ന സിനിമയിലെ പ്രതിനായക കഥാപാത്രമായ ഗിരീഷനെ അവതരിപ്പിച്ചത് മനോജ് കെ. ജയനാണ്. ചിത്രത്തിെൻറ കഥയുടെ വളർച്ചയിൽ പ്രതിനായക കഥാപാത്രത്തെ എങ്ങനെയാണ് ആവിഷ്കരിക്കപ്പെടുന്നത് എന്ന് കണ്ടാൽ അദ്ഭുതം തോന്നും.
ഒരേസമയം, ഗിരീഷനെന്ന പുരുഷനായും അതേസമയം സാവിത്രിയെന്ന സ്ത്രീയായും ദ്വൈത കഥാപാത്രങ്ങളെയാണ് മനോജ് കെ. ജയൻ ദ്രോണയിൽ അവതരിപ്പിക്കുന്നത്. ദ്വൈത സ്വഭാവം മാത്രമല്ല നേരിട്ട് കഥാപാത്രങ്ങളിലൂടെ പരിവർത്തനം ചെയ്യുന്ന രീതിയാണ് അദ്ദേഹം ദ്രോണയിലൂടെ പിന്തുടരുന്നത്. ഒാരോ കാലഘട്ടത്തിലും മനോജ് കെ. ജയൻ ചെയ്തിട്ടുള്ള വിവിധ കഥാപാത്രങ്ങളിൽ ഇൗ കഥാപാത്രത്തിനുള്ള വ്യത്യസ്തത ഭാവത്തിെൻറ വ്യത്യാസവും സ്വഭാവത്തിെൻറ വ്യത്യാസവും നേരിട്ട് ഒരേ പ്രതലത്തിൽ അദ്ദേഹം അവതരിപ്പിച്ചു എന്നുള്ളതാണ്.
കഥാപാത്രം: മണിയേങ്കാട് ഗിരീഷൻ
അഭിനേതാവ്: മനോജ് കെ. ജയൻ
ചിത്രം: ദ്രോണ (2010)
സംവിധാനം: ഷാജി കൈലാസ്
മഞ്ജു വാര്യർ അനശ്വരമാക്കിയ വീരഭദ്ര
സിനിമയിൽ സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകുന്നത് അത്ര പ്രസക്തമല്ലാത്ത കാലത്താണ് കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമ വരുന്നത്. ടി.കെ രാജീവ് കുമാർ എഴുതി സംവിധാനം ചെയ്ത ആ സിനിമയിലെ നായിക മഞ്ജു വാര്യരായിരുന്നു.
സ്വന്തം അച്ഛനെ വയലിെൻറ കെട്ടിന് ഉറപ്പ് വരുത്തുന്നതിന് വേണ്ടി രക്തസാക്ഷിയാക്കിയ ജന്മിയോട് പകരം വീട്ടാനെത്തുന്ന മകളെയാണ് മഞ്ജു വാര്യർ അവതരിപ്പിച്ചത്. അവരുടെ ഒരു കഥാപാത്ര അവതരണമുണ്ട്, കുളിച്ച് തലമുടി വിടർത്തിയിട്ട് വലിയ ചുവന്ന പൊട്ടുംതൊട്ട് പ്രതികാരത്തിനിറങ്ങുന്ന ദുർഗയായ ഭദ്രയെന്ന കഥാപാത്രം. എത്രമാത്രം മികവോടെയാണ് ആ കഥാപാത്രം രംഗത്തേക്ക് വരുന്നത് എന്നറിയുമോ.. അതിെൻറ തീവ്രതയും ഭയവുമെല്ലാം പ്രേക്ഷകരിലേക്ക് പകർന്നുവരുന്നത് വ്യത്യസ്തമായ ഒരു അനുഭവമാണ്.
തിലകൻ പോലും പറഞ്ഞിട്ടുണ്ട്, മഞ്ജു വാര്യരുടെ ആ അവതരണത്തിന് മുന്നിൽ തരിച്ചിരുന്ന് പോയെന്ന്. അത്രയും മഹത്തായ ആ കഥാപാത്രത്തെ വികാര തീവ്രമായ അവതരണത്തിലൂടെ ആവിഷ്കരിച്ച മഞ്ജു വാര്യരെ നമുക്ക് മറക്കാതിരിക്കാം.
കഥാപാത്രം: വീരഭദ്ര / ഗൗരി
അഭിനേതാവ്: മഞ്ജു വാര്യർ
ചിത്രം: കണ്ണെഴുതി പൊട്ടുംതൊട്ട് (1999)
സംവിധാനം: ടി.കെ രാജീവ് കുമാർ
അച്ഛെൻറയും തച്ചെൻറയും മുഖമായ പെരുന്തച്ചൻ
നായക കഥാപാത്രങ്ങൾ അത്ര പ്രസക്തമല്ല, നായകത്വവും അത്ര പ്രസക്തമല്ല എന്ന് തെളിയിക്കുന്ന പല കഥകളുമുണ്ട് സിനിമയിൽ, അങ്ങനെയുള്ള ഒരു സിനിമയാണ് പെരുന്തച്ചൻ. എം.ടി വാസുദേവൻ നായർ എഴുതി അജയൻ സംവിധാനം ചെയ്ത ചിത്രത്തിൽ പെരുന്തച്ചൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് തിലകൻ ചേട്ടനായിരുന്നു. അദ്ദേഹത്തിെൻറ അവതരണം ഒരു അഭിനയ ജീവിതം എന്ന് തന്നെ പറയാം.
സിനിമയിൽ മുകളിൽ നിന്ന് താഴേക്ക് പെരുന്തച്ചൻ ഉളിപിടിക്കുന്ന ഒരു കാഴ്ച്ചയുണ്ട്, ഉളിപിടിക്കുന്നത് തച്ചനായ തെൻറ ജോലി നിറവേറ്റാനല്ല, ഒരു കൊലപാതകം നടത്താനായിരുന്നു. അവിടെ അയാൾ നേരിടുന്ന വികാരം എന്ന് പറയുന്നത്, അച്ഛെൻറയും ഒരു തച്ചെൻറയും വികാരമാണ്. ഒരേ സമയം ദ്വൈത മുഖമുള്ള അഭിനയം.
അവിടെ അദ്ദേഹത്തിന് മുമ്പിലുള്ള ചോദ്യം തെൻറ പ്രൊഫഷനെ അതിജീവിക്കുന്ന മികവോടെ വരുന്ന മകനെ നിലനിർത്തണോ വേണ്ടയോ എന്നാണ് പ്രതിയോഗിയായി നിൽക്കുന്നത് മകനാണ്. അവസാനം അപകർഷതയുടെ പാരമ്യത്തിൽ അദ്ദേഹം മകൻ മരിക്കണം എന്നുള്ള തീരുമാനത്തിലെത്തുകയാണ്. ഉളി മകെൻറ കഴുത്തിന് നേരെ പിടിക്കുന്ന അച്ഛെൻറ ഭാവവും പ്രതിയോഗിയെ വധിക്കാൻ നിൽക്കുന്ന നിഗ്രഹിയായ ഒരു തച്ചെൻറ മുഖവും ഒരുമിച്ച കാണിക്കുന്ന തിലകൻ ചേട്ടെൻറ അഭിനയ പാടവം നമുക്ക് പെരുന്തച്ചനിൽ കാണാം.
കഥാപാത്രം: പെരുന്തച്ചൻ
അഭിനേതാവ്: തിലകൻ
ചിത്രം: പെരുന്തച്ചൻ (1990)
സംവിധാനം: അജയൻ
തയ്യാറാക്കിയത് - അമീർ സാദിഖ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.