ശങ്കരൻ കുട്ടി ഇപ്പോൾ ഇല്ലാതായി, തൊമ്മി ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു...
text_fieldsഞാൻ തെരഞ്ഞെടുത്ത പത്ത് കഥാപാത്രങ്ങളും പ്രഗദ്ഭരായ നടീനടന്മാർ തന്നെയാണ് അവതരിപ്പിച്ചതെങ്കിലും അവരുടെ താരപ്രഭകൊണ്ടല്ല ഈ കഥാപാത്രങ്ങളെ നമ്മൾ ഓർമിക്കുന്നത്. മറിച്ച് ഈ കഥാപാത്രങ്ങളുടെ ജീവിതപ്രഭാവം കൊണ്ടാണ്.
1 - വിശ്വാസങ്ങൾ നഷ്ടപ്പെട്ട വെളിച്ചപ്പാട്
ആ പത്ത് കഥാപാത്രങ്ങളിൽ എന്നെ ഇന്നും ഹോണ്ട് ചെയ്യുന്നത് നിർമാല്യത്തിലെ വെളിച്ചപ്പാടാണ്. പി.ജെ. ആന്‍റണി തീർത്തും ഈ കഥാപാത്രമായി പരണമിക്കുയായിരുന്നു.
എല്ലാ വിശ്വാസങ്ങളും നഷ്ടപ്പെട്ട ഒരു വെളിച്ചപ്പാട്. ദൈവത്തിലും ഭാര്യയിലും സമൂഹത്തിലും അവനവനിലും വിശ്വാസം നഷട്പ്പെട്ട ഒരു കഥാപാത്രത്തിന്‍റെ അതിതീവ്രമായ ആവിഷ്കാരമാണ് നിർമാല്യത്തിലെ വെളിച്ചപ്പാടിന്‍റെത്.
കഥാപാത്രം: വെളിച്ചപ്പാട്
അഭിനേതാവ്: പി.ജെ. ആന്‍റണി
ചിത്രം: നിർമ്മാല്ല്യം (1971)
സംവിധാനം: കെ.എസ്. സേതുമാധവൻ
2 - അതിജീവനമറിയാത്ത കുട്ട്യേടത്തി
സൗന്ദര്യത്തെക്കുറിച്ച് അക്കാലത്തുണ്ടായിരുന്ന എല്ലാ നോംസുപ്രകാരം വിരൂപയായ ഒരുവൾ അതിജീവിക്കാനാവാതെ ആത്മഹത്യ ചെയ്യേണ്ടിവന്ന കഥയാണ് കുട്ട്യേടത്തിയിലെ നായിക കഥാപാത്രം. അവൾ ഒരു പുരുഷനായിരുന്നുവെങ്കിൽ പ്രശംസനീയങ്ങളായ ഗുണങ്ങളുള്ളയാളായി അവളെ വാഴ്ത്തുമായിരുന്നു. അവൾ വളരെ ബുദ്ധിമതിയായിരുന്നു. അന്ധവിശ്വാസങ്ങളുണ്ടായിരുന്നില്ല. സാഹസിക പ്രവർത്തികൾക്ക് തുനിയുന്നവളുമായിരുന്നു. എല്ലാവരോടും സ്നേഹവും നന്മയുമുള്ളവളായിരുന്നു. അക്കാലത്തിന്‍റെ ഒരു സൗന്ദര്യബോധം ബുദ്ധിയില്ലാത്ത കേവലശരീരഭംഗി മാത്രമുള്ള ഒരാളെയാണ് സുന്ദരിയായി അംഗീകരിച്ചിരുന്നത്. അതിൽ നിന്ന് വളരെ വിപീരതമായതിനാൽ ജീവിതം അസാധ്യമായ ഒരുവളുടെ കഥയാണ് വിലാസിനി ഒനാന്തരമായി അവതരിപ്പിച്ച കുട്ട്യേടത്തി എന്ന കഥാപാത്രം. മറ്റ് അധികം കഥാപാത്രങ്ങളെയൊന്നും അവതരിപ്പിക്കാൻ വിലാസിനിക്കായില്ല. അധികവും അവർ പിന്നെ നാടകങ്ങളിലായിരുന്നു. പക്ഷേ, ഇന്നും അവർ ഈ കഥാപാത്രത്തിന്‍റെ പേരിലറിയപ്പെടുന്നു. ആ കഥാപാത്രത്തിന്‍റെ പുതുമ ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു.
കഥാപാത്രം: കുേട്ട്യടത്തി
അഭിനേതാവ്: വിലാസിനി
ചിത്രം: കുേട്ട്യടത്തി (1971)
സംവിധാനം: പി.എൻ. മേനോൻ
3 - ശങ്കരൻകുട്ടി ഇപ്പോൾ ഇല്ലാതായി
കൊടിയേറ്റത്തിലെ ശങ്കരൻ കുട്ടി ഇപ്പോൾ കേരളത്തിൽ ഇല്ലാതായിക്കഴിഞ്ഞ ഒരു പ്രതിഭാസമാണ്. 50 - 60-70 കളിൽ കേരളത്തിലെ ഏത് ഉത്സവപ്പറമ്പുകളിലും സുലഭമായിരുന്ന ഒരാളെ വളരെ സൂക്ഷ്മാമായി നിരീക്ഷിച്ചാണ് അടൂർ ഗോപാലകൃഷ്ണൻ ശങ്കരൻ കുട്ടിയെ സൃഷ്ടിച്ചത്. അസാധാരണമായ മികവോടെ ഗോപി ആ വേഷം അനശ്വരമാക്കി. ആ കഥാപാത്രത്തിന്‍റെ നിൽപ്പും നടപ്പും ഇരുപ്പുമെല്ലാം മലയാളികളുടെ മനസ്സിൽ പതിഞ്ഞുകിടക്കുന്നു.
കഥാപാത്രം: ശങ്കരൻ കുട്ടി
അഭിനേതാവ്: ഗോപി
ചിത്രം: കൊടിയേറ്റം (1978)
സംവിധാനം: അടൂർ ഗോപാലകൃഷ്ണൻ
4 - അവനവനിലേക്ക് ഒതുങ്ങിയ ഉണ്ണി
അവനവനിലേക്ക് ഒതുങ്ങിയ ഒരു കഥാപാത്രമാണ് എലിപ്പത്തായത്തിലെ ഉണ്ണി എന്ന കേശവൻ കുഞ്ഞ്. മഹാ ഭീരുവായ ഒരാൾ. ഇടത്തരക്കാരന്‍റെ സുരക്ഷിതം വിട്ടു പുറത്തുപോകാതിരുന്ന ഒരാൾ. മധ്യവർഗത്തിന്‍റെ ഒരു ക്രോസ് സെക്ഷനായിരുന്നു ഈ കഥാപാത്രം. എണ്ണയിൽ കുളിച്ചിരിക്കുന്ന ആ കഥാപാത്രം നമ്മുടെ മനസ്സിൽ നിന്നു പോകില്ല.
കഥാപാത്രം: ഉണ്ണി (കേശവൻ കുഞ്ഞ്)
അഭിനേതാവ്: കരമന ജനാർദ്ദനൻ നായർ
ചിത്രം: എലിപ്പത്തായം (1982)
സംവിധാനം: അടൂർ ഗോപാലകൃഷ്ണൻ
5 - തൊമ്മി ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു
കൊടിയേറ്റത്തിലെ ശങ്കരൻകുട്ടി സമൂഹത്തിൽ ആവർത്തിക്കുന്നില്ല. പക്ഷേ, തൊമ്മിയുടെ കഥ അങ്ങനെയല്ല. അത് ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. ഓരോ രാഷ്ട്രീയ പാർട്ടിയിലും നിരവധി തൊമ്മികളുണ്ട്. അതിലെ നേതാക്കളാവട്ടെ അതിനു മീതെയുള്ള നേതാക്കൾക്കു മുന്നിൽ തൊമ്മികളാണ്. ഇങ്ങനെ തൊമ്മി കേരളത്തിന്‍റെ സമസ്ത മേഖലയിലും വളരുകയാണ്. ഈ തൊമ്മിയെ അനശ്വരമാക്കിയ എം.ആർ. ഗോപകുമാറിനെ മറക്കാനാവില്ല.
കഥാപാത്രം: തൊമ്മി
അഭിനേതാവ്: എം.ആർ. ഗോപകുമാർ
ചിത്രം: വിധേയൻ (1994)
സംവിധാനം: അടൂർ ഗോപാലകൃഷ്ണൻ
6 - ഫാസിസ്റ്റുകാലത്ത് ചെറിയാച്ചൻ ഓർമപ്പെടുത്തുന്നത്
പോലീസ് ഭയം എന്നത് ഭരണകൂടത്തിന്‍റെ ഒരുപായമാണ്. ഫാസിസ്റ്റ് ഭരണകൂടം നിലനിൽക്കുന്ന ഇന്നത്തെ ഇന്ത്യൻ അവസ്ഥയിൽ അതിനു വലിയ അർത്ഥമുണ്ട്. ജോൺ എബ്രഹാമിന്‍റെ 'ചെറിയാച്ചന്‍റെ ക്രൂരകൃത്യങ്ങളിൽ' എല്ലാ താരപരിവേഷവും മാറ്റിവെച്ച് അടൂർ ഭാസി പൂർണമായും ചെറിയാച്ചൻ എന്ന കഥാപാത്രമായി മാറുകയായിരുന്നു. ആ വേഷം പുതിയ ഒരു തീക്ഷ്ണതയോടെ നമ്മുടെ ഒാർമയിൽ നിൽക്കുന്നു.
കഥാപാത്രം: ചെറിയാച്ചൻ
അഭിനേതാവ്: അടൂർ ഭാസി
ചിത്രം: ചെറിയാച്ചന്‍റെ ക്രൂരകൃത്യങ്ങൾ (1979)
സംവിധാനം: ജോൺ എബ്രഹാം
7 - തമ്പിയുടെ നീറ്റൽ
സ്നേഹാധിക്യത്തിന്റെയും സങ്കടത്തിന്‍റെയും പല ഭാവങ്ങളുള്ള ഒരു വൃദ്ധന്‍റെ ജീവിതം ഗംഭീരമായാണ് തിലകൻ 'മൂന്നാംപക്ക'ത്തിൽ അവതരിപ്പിച്ചത്. തമ്പി എന്ന ഇൗ പത്മരാജൻ കഥാപാത്രം നമ്മുടെ മനസ്സിൽ ഒരു നീറ്റലായി അങ്ങനെ നിൽക്കുകയും ചെയ്യും.
കഥാപാത്രം: തമ്പി
അഭിനേതാവ്: തിലകൻ
ചിത്രം: മൂന്നാംപക്കം
സംവിധാനം: പത്മരാജൻ (1988)
8 - ആഘോഷിക്കപ്പെടാത്ത കൈമൾ
മലയാളത്തിൽ എന്നെ ഏറ്റവും അധികം ഡിസ്റ്റർബ് ചെയ്ത കഥാപാത്രം 'മറ്റൊരാളി'ലെ കൈമൾ ആണ്. കെ.ജി. ജോർജെന്ന സംവിധായകന്‍റെ അദ്ഭുതകരമായ പ്രതിഭ കാണാവുന്ന ഒരു സിനിമകൂടിയാണത്. വേണ്ടത്ര ആഘോഷിക്കപ്പെടാതെ പോയ ഒരു സിനിമകൂടിയാണത്. കരമന ജനാർദനൻ നായർ ചെയ്ത കൈമൾ അത്രയും ഗംഭീരമായ ഒന്നാണ്.
കഥാപാത്രം: കൈമൾ
അഭിനേതാവ്: കരമന ജനാർദ്ദനൻ നായർ
ചിത്രം: മറ്റൊരാൾ (1988)
സംവിധാനം: കെ.ജി. ജോർജ്
9 - സങ്കടത്തിലാഴ്ത്തിയ സേതുമാധവൻ
മോഹൻലാലിന്‍റെ ഏറ്റവും മികച്ച വേഷമായി എനിക്കു തോന്നിയിട്ടുള്ളത് ലോഹിതദാസ് സൃഷ്ടിച്ച 'കിരീട'ത്തിലെ സേതുമാധവൻ തന്നെയാണ്. കുട്ടികളെയും മുതിർന്നവരെയുമെല്ലാം സങ്കടത്തിലാഴ്ത്തിയ മറ്റൊരു മോഹൻലാൽ കഥാപാത്രവുമില്ല.ഒരു കൊമേഴ്സ്യൽ സിനിമയുടെ വഴികളൊക്കയാണങ്കിലും ആ കഥാപാത്രത്തെ നമുക്ക് വിസ്മരിക്കാൻ സാധ്യമല്ല.
കഥാപാത്രം: സേതുമാധവൻ
അഭിനേതാവ്: മോഹൻലാൽ
ചിത്രം: കിരീടം (1989)
സംവിധാനം: സിബി മലയിൽ
10 - തനിയാവർത്തനമായ ഇന്ത്യൻ അടുക്കള
ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലെ ഭാര്യ കഥാപാത്രം അതേ അനുപാതത്തിലല്ലെങ്കിലും കേരളത്തിലെ വീടുകളിൽ ആവർത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഒരു സബ് ഹ്യൂമൻ ആയ കഥാപാത്രമാണ് സ്ത്രീ. എല്ലാ ജോലികളും അവളാണ് ചെയ്യേണ്ടത്. സമൂഹത്തിലെ 90 ശതമാനം ജോലിയും ചെയ്യുന്ന സ്ത്രീക്ക് ഒരു പ്രതിഫലവുമില്ല. പക്ഷേ, പുരുഷനാകട്ടെ പ്രതിഫലവുമുണ് വിസിബിലിറ്റിയുമുണ്ട്. അധികാരവുമുണ്ട്. അങ്ങനെ അധികാരമില്ലാത്ത, അകത്ത് പുറത്താക്കപ്പെട്ട ഈയൊരു കഥാപാത്രത്തെ രൂപപ്പെടുത്തുന്നതിൽ വളരെ സൂക്ഷ്മമായ നിരീക്ഷണമുണ്ട്. ആ കഥാപാത്രത്തോട് നീതിചെയ്യാൻ നിമിഷ സജയൻ എന്ന നടിക്ക് കഴിഞ്ഞു. സമീപകാലത്ത് മലയാള സിനിമയിൽ ഞാൻ കണ്ട ഏറ്റവും പ്രഗദ്ഭയായ നടിയും നിമിഷയാണ്. പൂർണമായി കഥാപാത്രമായി മാറാൻ കഴിയുന്ന നടിയാണവർ. മുൻ സിനിമകളിലും അതവർ തെളിയിച്ചിട്ടുണ്ട്.
കഥാപാത്രം: വീട്ടമ്മ
അഭിനേതാവ്: നിമിഷ സജയൻ
ചിത്രം: ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ (2021)
സംവിധാനം: ജിയോ ബേബി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.